Showing posts with label E-Coli. Show all posts
Showing posts with label E-Coli. Show all posts

Monday, March 22, 2010

ജല സൌഹൃദ സായാഹ്നത്തിൽ ലഭിച്ച പുതിയ അറിവുകൾ

ലോക വന ദിനം (മാർച്ച് 21) ലോക ജല ദിനത്തെ (മാർച്ച് 22) സന്ധിക്കുന്ന സന്ധ്യാവേളയിൽ തിരുവനന്തപുരത്തെ മ്യൂസീയം കോമ്പൌണ്ടിൽ സംഘടിപ്പിക്കപ്പെട്ട ജല സൌഹൃദ സായാഹ്ന പരിപാടി വേറിട്ടുള്ള അനുഭവമായി.

സദസ് ചെറുതായിരുന്നു. പക്ഷെ എല്ലാവരും ചെറുപ്പക്കാർ. മുൻഗാമികളിൽ നിന്ന് നമുക്ക് കിട്ടിയ ഈ ഭൂമി വലിയ കേടുപാട് കൂടാതെ നാം ഏൽപ്പിക്കേണ്ടത് ഈ ചെറുപ്പക്കാരടങ്ങുന്ന തലമുറയെയാണ്. ഇന്നത്തെ തലമുറ പരിസ്ഥിതി നശിപ്പിച്ചിട്ടു കടന്നുപോയാൽ അതിന്റെ ദുരന്തം അനുഭവിക്കേണ്ടത് അവരാണ്. മിക്ക ലോക രാജ്യങ്ങളിലും പരിസ്ഥിതി പ്രസ്ഥാനങ്ങൾ യുവജനപ്രസ്ഥാനങ്ങൾ കൂടിയാണ്. നമ്മുടെ യുവജന സംഘടനകൾ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലാകയാൽ പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ യുവജനസാന്നിധ്യം കുറവാണ്. അതുകൊണ്ട് ചടങ്ങിലെ ചെറുപ്പക്കാരുടെ സാന്നിധ്യം സന്തോഷപ്രദമാണെന്ന് ഞാൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അവരെക്കൂടാതെ നിരവധി പേർ ദൂരെ നിന്ന് ഉച്ചഭാഷിണിയിലൂടെ പ്രസംഗങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് മ്യൂസീയം കോമ്പൌണ്ടിൽ പതിവായി നടക്കാൻ വരുന്ന, പ്രായമുള്ള കുറെ ആളുകളും പ്രസംഗങ്ങൾ കേൾക്കാനെത്തി.

പ്രശസ്ത നിരൂപകനായ ഡോ കെ. എസ്. രവികുമാർ അധ്യക്ഷനായിരുന്നു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഡി. വിനയചന്ദ്രൻ, ജലവിഭവ വകുപ്പ് മുൻഡയറക്ടർ വി. സുഭാഷ് ചന്ദ്ര ബോസ്, ജല വകുപ്പിൽ സൂപ്രണ്ടിങ് ജിയോഹൈഡ്രോളജിസ്റ്റായ എം. ആർ. രമേശ്, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹീം എന്നിവരും സംസാരിച്ചു.

ഒരു പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. അത് മേയർ സി. ജയൻ ബാബു ഉത്ഘാടനം ചെയ്തു.

പ്രകൃതിസംരക്ഷണത്തിൽ താല്പര്യം കാട്ടുന്ന നെയ്യാറ്റിങ്കരയിലെ നിംസ് ഹാർട്ട് ഫൌണ്ടേഷനും റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

അവിടെ കേട്ട പ്രസംഗങ്ങളിൽ ഒരു മാധ്യമത്തിലും ഇതുവരെ വായിക്കാൻ കഴിയാഞ്ഞ രണ്ട് വിവരങ്ങളുണ്ടായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ കൂട്ടാക്കാത്തതുകൊണ്ട് അവയിലൂടെ ആ വിവരങ്ങൾ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. വിവരങ്ങൾ ഇതാണ്:

ഒന്ന്. ബഹുഭൂരിപക്ഷം പേരും പതിവായി കുടിക്കുന്ന വെള്ളത്തിൽ ഇ-കോളി എന്ന അണുവുള്ളതായി ഔദ്യോഗിക പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. അധികൃതർ ഇക്കാര്യം രഹസ്യമായി വെച്ചിരിക്കുകയാണ്.

രണ്ട്. കുടിവെള്ള പദ്ധതിക്ക് വിദേശ സഹായം നേടാൻ അധികൃതർ ഒപ്പ് വെച്ചിട്ടുള്ള കരാറിലെ ഒരു വ്യവസ്ഥ പ്രതിശീർഷ ജല ഉപഭോഗം പരിമിതപ്പെടുത്താൻ നടപടി എടുക്കണമെന്നതാണ്.