
കിനാലൂരിലെ കിരാതമായ പൊലീസ് നടപടിയുടെ രണ്ട് ദൃശ്യങ്ങൾ
ഇന്നലത്തെ തപാലിൽ എനിക്ക് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒരു കത്ത് കിട്ടി. രണ്ട് വർഷമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനമൈത്രി പൊലീസ് പരിപാടിയുടെ അവലോകനം അടങ്ങുന്ന “സ്മരണാർത്ഥപ്പതിപ്പിന്റെ കോപ്പി അയച്ചുകൊണ്ടും അതേക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ടും നിരവധി പേർക്കയച്ച ഒരു കത്തായിരുന്നു എനിക്കും കിട്ടിയത്.
സ്മരണാർത്ഥപ്പതിപ്പ് മറിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ സന്ദേശം കണ്ടു. അതിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു: “ഒരു ജനാധിപത്യ രാജ്യത്ത് പൊലീസിന്റെ പ്രവർത്തനശൈലി പൂർണ്ണമായും ജനാധിപത്യപരമായിരിക്കണം. എന്നാൽ നിർഭാഗ്യവശാൽ പലപ്പോഴും ഭരണകൂടത്തിന്റെ മർദ്ദനോപകരണമായി പ്രവർത്തിക്കുക വഴി പൊലീസ് ജനവിരുദ്ധമായി മാറുന്നു. ഈ പ്രവണത ഇല്ലാതാക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് പൊലീസിന്റെ സമൂഹ്യമായ ഇടപെടൽ വർദ്ധിപ്പിക്കുക എന്നതാണ്. കമ്മ്യൂണിറ്റി പൊലീസിങിന്റെ സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട്, ജസ്റ്റിസ് കെ. ടി. തോമസ് കമ്മിഷന്റെ ചുവട് പിടിച്ച് ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലമിതാണ്.“
ജനമൈത്രി സുരക്ഷാ പദ്ധതി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു എന്നാണ് ഇതു സംബന്ധിച്ച് സമൂഹത്തിന്റെ വിവിധതലങ്ങളിൽപ്പെട്ടവരുടെ പ്രരികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്” എന്ന് അദ്ദേഹം തുടർന്ന് പറയുന്നു.
വാർത്തയുടെ സമയമായതുകൊണ്ട് സ്മരണാർത്ഥപ്പതിപ്പ് മാറ്റിവെച്ചിട്ട് ടെലിവിഷൻ സ്വിച്ച് ഓൺ ചെയ്തു. അപ്പോൾ അവിടെ കിനാലൂരിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടു. ജനഹൃദയങ്ങളിൽ സ്ഥാനം അർഹിക്കുന്ന ഒരു സേനയിലെ അംഗങ്ങളായിരുന്നില്ല അവയിൽ.
മന്ത്രി എം. വിജയകുമാറിന്റെ വാക്കുകൾ വാർത്തയിൽ കേട്ടു. ആഭ്യന്ത്രര വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി എന്നാണ് ന്യൂസ് റീഡർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്ന്, എന്തിന് അദ്ദേഹത്തിന് ആ വകുപ്പിന്റെ ചുമതല നൽകിയെന്ന് റിപ്പോർട്ട് വ്യക്തമാക്കിയില്ല. കിനാലൂർ സംഭവത്തെക്കുറിച്ച് തനിക്ക് ഒരു വിവരവും കിട്ടിയിട്ടില്ല എന്നാണ് വിജയകുമാർ പറഞ്ഞത്.
പക്ഷെ വ്യവസായ മന്ത്രി എളമരം കരിമിന്റെ കയ്യിൽ ഒരുപാട് വിവരമുണ്ടായിരുന്നു. അവിടെ റോഡ് സർവ്വേ പരിപാടി തടസ്സപ്പെടുത്തിയത് പുറത്തുനിന്നു വന്നവരായിരുന്നു എന്ന് കരിം പറഞ്ഞു.
നാട്ടുകാരല്ലാത്തവർ പ്രതിഷേധിച്ചാൽ പൊലീസിന് അവരെ തല്ലിച്ചതക്കാമെന്ന ധാരണ ഈ മന്ത്രിക്കുണ്ടെന്ന് തോന്നുന്നു.
ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ധൃതിയിൽ നാലുവരി പാത ഉണ്ടാക്കാൻ ശ്രമിക്കുന്ന കരിമിന് ഇക്കാര്യത്തിലുള്ള താല്പര്യം വിശദമായ അന്വേഷണം അർഹിക്കുന്നു.
കിനാലൂരിലെ കിരാതമായ പൊലീസ് നടപടിയിൽ പ്രതിഫലിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ ജനമൈത്രിയിൽ പുതപ്പിച്ചു നിർത്തിയിരിക്കുന്ന പൊലീസിന്റെ വിശ്വരൂപമാണ്. പൊലീസ് പരിശീലന സംവിധാനത്തിന്റെ ദൌർബല്യം അവിടെ പ്രകടമായി. പൊലീസുകാർ പ്രകടനക്കാർക്കെതിരെ കല്ലേറ് നടത്തുമ്പോൾ അവർക്ക് ലഭിച്ച പരിശീലനം ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ്സ് തലത്തിനപ്പുറത്തേക്ക് വളരാൻ അവരെ സഹായിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.