Showing posts with label പൊന്നാനി. Show all posts
Showing posts with label പൊന്നാനി. Show all posts

Friday, March 20, 2009

പൊന്നാനിയിൽ തോമസ് ഐസക് കാണാത്ത പൊരുളുകൾ

പൊന്നാനിയിലെ തരംഗങ്ങള്‍ മലപ്പുറത്ത് ഒതുങ്ങാന്‍ പോകുന്നില്ലെന്നും കേരളത്തിലുടനീളം, പ്രത്യേകിച്ചും മലബാറില്‍, പൊന്നാനിയുടെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമായിരിക്കുമെന്നും ടി. എം. തോമസ് ഐസക് മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള ‘പൊന്നാനിയുടെ പൊരുള്‍’ എന്ന ലേഖനത്തില്‍ പറയുന്നു.

ഈ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ പൊന്നാനിയുടെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് അദ്ദേഹം കരുതുന്ന രീതിയിലാകുമെന്ന് ഞാന്‍ കരുതുന്നില്ല.

1960കളില്‍ അടവ് എന്ന നിലയില്‍ മുസ്ലിം ലീഗുമായുണ്ടാക്കിയ ബന്ധം പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പക്ഷെ അത് ദീര്‍ഘകാലം തുടര്‍ന്നപ്പോള്‍ പ്രശ്നങ്ങളുണ്ടായി. രണ്ട് പ്രശ്നങ്ങളാണ് അദ്ദേഹം എടുത്തുപറയുന്നത്. ഒന്ന്, അത് ലീഗിന്റെ സ്വാധീനം തിരു-കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. രണ്ട്, അത് മുസ്ലിങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് തടസ്സമായി.

ലീഗിനെ മന്ത്രിസഭയിലേക്ക് ആനയിക്കുക വഴി അതിന് വളരാനും അതിന്റെ പ്രവര്‍ത്തനം മലബാറിനുപുറത്തേക്ക് നീട്ടാനുമുള്ള സാഹചര്യം പാര്‍ട്ടി ഒരുക്കി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പിന്നീട്, യു.ഡി.എഫിന്റെ ഭാഗമായി മാറിയപ്പോഴും ആ സാഹചര്യം തുടര്‍ന്നു. എന്നാല്‍ തിരു-കൊച്ചി പ്രദേശത്ത് ഇന്നും ലീഗിന് വേരോട്ടം ഇല്ലെന്നതാണ് വാസ്തവം. മുന്നണിയുടെ ഭാഗമായി കൊച്ചിയിലും തിരുവിതാംകൂറിലും മത്സരിക്കാനും ജയിക്കാനും അവസരം ലഭിച്ചെങ്കിലും എവീടെയും ഒരു ശക്തിയാകാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ പ്രശ്നം ലീഗ് അധികാര രാഷ്ട്രീയത്തില്‍ ഇടം നേടിയതോടെ മുസ്ലിം യുവാക്കള്‍ അതിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുകയും മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതനിരപേക്ഷകക്ഷികളുടെ വളര്‍ച്ച നിലയ്ക്കുകയും ചെയ്തു എന്നതാണ്. ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് ലീഗ് ബന്ധത്തിന് തുടക്കമിട്ട ഇ.എം.എസ്. അത് തെറ്റായിരുന്നെന്ന് ഏറ്റുപറഞ്ഞതും പാര്‍ട്ടി ലീഗ് വിട്ടുവന്നവരുമായുള്ള ബന്ധം അവസാനിപ്പിച്ചതും.

ഒരു ചെറിയ ഇടവേളയ്ക്കുശേഷം സി.പി.എം. മുസ്ലിം വര്‍ഗീയ കക്ഷികളുമായി വീണ്ടും ബന്ധം സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് വിരുദ്ധ മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. ലീഗിനോടുള്ള അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം അത് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതാണ്.

സി.പി.എം ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളെ കാണുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള അടവായാണ്. മുസ്ലിം സംഘടനകള്‍ സി.പി.എമ്മിനോട് കൂട്ടുകൂടുന്നതും അടവായാണെന്ന് അത് മനസ്സിലാക്കുന്നില്ല. സി.പി.എമ്മും ലീഗും നടത്തിയ പരസ്പര അടവ് പ്രയോഗം കൊണ്ട് ലീഗിന് സി.പി. എമ്മിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ തീവ്രസ്വഭാവമുള്ള സംഘടനകളുമായി പാര്‍ട്ടി നടത്തുന്ന കൂട്ടുകച്ചവടവും പാര്‍ട്ടിയേക്കാള്‍ ലാഭം നല്‍കുന്നത് അവര്‍ക്കാകും.
പൊന്നാനിയിലെ അനുരണനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിനു പുറത്ത് ചെലുത്താന്‍ പോകുന്ന സ്വാധീനം വരെയെ തോമസ് ഐസക്കിന് കാണാന്‍ കഴിയുന്നുള്ളു. തെരഞ്ഞെടുപ്പ് കഴിഞ്ഞും അവയുടെ സ്വാധീനം നിലനില്‍ക്കും. ലീഗിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ ജയിക്കുന്നത് കമ്മ്യൂണിസവും മതനിരപേക്ഷതയുമാവില്ല, മതമൌലികവാദവും തീവ്രവാദവുമാകും.