Wednesday, August 26, 2015

അഴിമതി അന്വേഷണം പ്രഹസനമാകുമ്പോൾ

ബി ആർ പി ഭാസ്കർ

ജനയുഗം

പൂട്ടിയ ബാറുകൾ തുറക്കുന്നതിന്‌ ബാറുടമകളുടെ സംഘടന ധനമന്ത്രി കെ എം മാണിക്ക്‌ പണം നൽകിയെന്ന്‌ ബിജു രമേശ്‌ വിളിച്ചുപറഞ്ഞത്‌ എട്ടു മാസം മുമ്പാണ്‌. അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ പരിശോധിച്ചാൽ രാഷ്ട്രീയ കേരളം എങ്ങനെയാണ്‌ ഗുരുതരമായ അഴിമതി ആരോപണങ്ങളെ മറികടക്കുന്നതെന്ന്‌ മനസിലാക്കാനാകും.


ബാർ ഉടമയും കേരള ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്റുമായ ബിജു രമേശ്‌ മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി പറഞ്ഞത്‌ 418 ബാറുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന്‌ മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകിയെന്നുമാണ്‌. പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സംഘടനയുടെ നേതാവ്‌ മന്ത്രിക്കെതിരെ ഗുരുതരമായ ഒരാരോപണം പരസ്യമായി ഉന്നയിക്കുമ്പോൾ വിശ്വാസയോഗ്യമായ അന്വേഷണത്തിന്‌ ഉത്തരവിടുകയാണ്‌ മുഖ്യമന്ത്രി ചെയ്യേണ്ടത്‌. എന്നാൽ നവംബർ ഒന്നിന്‌ ഉമ്മൻചാണ്ടി ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ആവശ്യമില്ലെന്നും പ്രഖ്യാപിക്കുകയാണ്‌ ചെയ്തത്‌.


ആ പ്രഖ്യാപനം മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ ആവശ്യമായിരുന്നു. മാണി മന്ത്രിസഭയിലെ മുതിർന്ന അംഗവും യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിന്റെ പരമോന്നത നേതാവുമാണ്‌. ചെറിയ കക്ഷികളുടെ നേതാക്കൾക്കും മുഖ്യമന്ത്രിയാകാൻ കഴിഞ്ഞിരുന്ന 1970 കളിലാണ്‌ അദ്ദേഹം കോൺഗ്രസ്‌ വിട്ട്‌ കേരള കോൺഗ്രസിൽ പോയത്‌. കോൺഗ്രസിനും സിപിഎമ്മിനും മേൽക്കൈയുള്ള ഇരുമുന്നണി സംവിധാനം രൂപപ്പെട്ടിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്ന നേതാവാണ്‌. ഈ അന്ത്യഘട്ടത്തിൽ, കുറച്ചു നാളത്തേക്കെങ്കിലും, അദ്ദേഹം മുഖ്യമന്ത്രിയായി കാണണമെന്ന്‌ അനുയായികൾ, ഒരുപക്ഷെ അദ്ദേഹവും , ആഗ്രഹിച്ചു. ആ ആഗ്രഹം സഫലമാക്കാൻ സിപിഐ(എം) സഹായിച്ചേക്കുമെന്ന്‌ വാർത്ത പരന്നപ്പോഴാണ്‌ മാണിക്കെതിരായ ആരോപണം വന്നത്‌. മാണി മറുകണ്ടം ചാടിയാൽ നിയമസഭയിലെ യുഡിഎഫ്‌ ഭൂരിപക്ഷം ഇല്ലാതാവുകയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയല്ലാതാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബിജു രമേശിന്റെ ആരോപണത്തിനു പിന്നിൽ കോൺഗ്രസ്‌ പ്രേരണയുണ്ടെന്ന സംശയമുയർന്നു. അത്‌ ദൂരീകരിച്ച്‌ മാണിയെ യുഡിഎഫിൽ പിടിച്ചു നിർത്തേണ്ടത്‌ ഉമ്മൻചാണ്ടിയുടെ ആവശ്യമാണ്‌.


മാണിയുടെ ആദ്യ പ്രതികരണം കരുതലോടെയുള്ളതായിരുന്നു. തെരഞ്ഞെടുപ്പാവശ്യങ്ങൾക്ക്‌ പണം സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതോടെ പ്രശ്നത്തിന്റെ സ്വഭാവം മാറി. ബാറുടമകളിൽ നിന്ന്‌ പണം വാങ്ങിയതായി തെളിഞ്ഞാലും അത്‌ ബിജു രമേശ്‌ പറഞ്ഞതുപോലെ ബാർ തുറക്കാൻ വേണ്ടിയായിരുന്നോ അതോ തെരഞ്ഞെടുപ്പു ചെലവിനായിരുന്നോ എന്ന്‌ തീരുമാനിക്കേണ്ടി വരും. പണം കൊടുത്തത്‌ ബാർ തുറക്കാനാണെങ്കിൽ അത്‌ കോഴയാണ്‌, ക്രിമിനൽ കുറ്റമാണ്‌. നേരേമറിച്ച്‌ പണം തെരഞ്ഞെടുപ്പു ചെലവിനുള്ള സംഭാവനയാണെങ്കിൽ ഒരു കുറ്റകൃത്യവും നടന്നിട്ടില്ല. നിലവിലുള്ള സംവിധാനത്തിലെ സന്ദിഗ്ദ്ധത ഇവിടെ വെളിവാകുന്നു. കോഴ നൽകുകയും അത്‌ തെരഞ്ഞെടുപ്പ്‌ സംഭാവനയാക്കുകയും ചെയ്യാം. സംഭാവനയും പ്രത്യുപകാരവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുക എളുപ്പമല്ല.


ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനത്തോടെ പ്രശ്നം തീർന്നില്ല. വിജിലൻസ്‌ വകുപ്പിനോട്‌ പ്രാഥമികാന്വേഷണം നടത്താൻ പറഞ്ഞു. അന്വേഷണച്ചുമതല സത്യസന്ധരായ ഉദ്യ‍ോഗസ്ഥന്മാർക്കാണെന്ന്‌ വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. വിഷയം ഹൈക്കോടതിയിലുമെത്തി. അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. അതുവരെ 19 പേരെ ചോദ്യം ചെയ്തെന്നും എന്നാൽ പ്രഥമ വിവര റിപ്പോർട്ട്‌ (എഫ്‌ഐആർ) ഫയൽ ചെയ്യാൻ വേണ്ട തെളിവ്‌ ലഭിച്ചിട്ടില്ലെന്നും സർക്കാർ നവംബർ 19ന്‌ കോടതിയെ അറിയിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു.


ഡിസംബർ രണ്ടാം വാരത്തിൽ വിജിലൻസ്‌ വകുപ്പ്‌ മാണിക്കെതിരെ പ്രഥമ വിവര റിപ്പോർട്ടു ഫയൽ ചെയ്തു. ബാർ ലൈസൻസ്‌ പുതുക്കുന്നതിന്‌ കോഴയായി മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും മാർച്ച്‌ 20നും ഏപ്രിൽ 3നും ഇടയ്ക്ക്‌ ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പാലായിലെ വീട്ടിലും തിരുവവനന്തപുരത്തെ ഔദ്യ‍ോഗിക വസതിയിലും വെച്ച്‌ ഒരു കോടി രൂപ നൽകിയെന്നും അതിൽ പറയുന്നു. അസോസിയേഷൻ യോഗത്തിന്റെ മിനിട്ട്സ്‌ ആരോപണത്തെ ബലപ്പെടുത്തുന്നതായും അതുവരെയുള്ള അന്വേഷണത്തിൽ നിന്ന്‌ മൂന്നു തവണയായാണ്‌ പണം നൽകിയതെന്നും കൂടി അതിലുണ്ട്‌.


അഡ്വക്കേറ്റ്‌ ജനറൽ ഹൈക്കോടതിയിൽ പറഞ്ഞതു മുഖവിലയ്ക്ക്‌ എടുത്താൽ പ്രഥമ വിവര റിപ്പോർട്ട്‌ ഫയൽ ചെയ്യാൻ പോരുന്ന തെളിവ്‌ ലഭിച്ചത്‌ നവംബർ 19നു ശേഷമുള്ള മൂന്നാഴ്ചക്കാലത്താണ്‌. പക്ഷെ മറ്റൊരു സാധ്യതയുമുണ്ട്‌. അത്‌ ഒരന്വേഷണവും കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു എന്നതാണ്‌. ബിജു രമേശും ബാർ ഹോട്ടൽ അസോസിയേഷന്റെ മറ്റ്‌ നേതാക്കളും മാധ്യമങ്ങൾക്ക്‌ നൽകിയ വിവരങ്ങളിൽ പ്രകടമായ ഭിന്നതകളുണ്ടായിരുന്നു. ബിജു രമേശ്‌ തന്നെയും വിവരങ്ങൾ പൂർണമായി വെളിപ്പെടുത്താൻ വൈമുഖ്യം കാട്ടി. സംഘടന പണം നൽകിയ കോൺഗ്രസ്‌ മന്ത്രിമാരുടെ പേരുകൾ ഏറെ വൈകിയാണ്‌ പറഞ്ഞത്‌. ബാറുടമകൾ ഉദ്യ‍ോഗസ്ഥർക്ക്‌ നൽകിയ മൊഴികളിലും പൊരുത്തക്കേടുകളുണ്ടായിരുന്നു. മന്ത്രിമാരെ വിരട്ടണമെന്നല്ലാതെ അവരെയോ സർക്കാരിനെയോ പുറത്താക്കണമെന്ന ഉദ്ദേശ്യം അവർക്കില്ലായിരുന്നെന്ന്‌ വ്യക്തം.


അന്വേഷണം നടത്തിയ എസ്പിയായ ആർ സുകേശൻ വിജിലൻസ്‌ ഡയറക്ടർ വിൻസൺ എം പോളിനു നൽകിയ വസ്തുതാ റിപ്പോർട്ടിൽ മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാവശ്യമായ തെളിവുകളുണ്ടെന്ന്‌ പറഞ്ഞു. അസോസിയേഷൻ പ്രതിനിധികളെ പാലായിലും തിരുവനന്തപുരത്തും വെച്ച്‌ കണ്ടിരുന്നില്ലെന്നാണ്‌ മാണി മൊഴി നൽകിയത്‌. എന്നാൽ അന്വേഷണോദ്യോഗസ്ഥൻ ബാറുടമകളുടെ മൊഴിയുടെയും മൊബെയിൽ ഫോൺ രേഖകളുടെയും മറ്റ്‌ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസനീയമല്ലെന്ന നിഗമനത്തിലെത്തി.
വിജിലൻസ്‌ ഡയറക്ടർ അന്വേഷണോദ്യോഗസ്ഥന്റെ ശുപാർശ തള്ളിക്കൊണ്ട്‌, മാണി കോഴ വാങ്ങിയതിന്‌ തെളിവില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും അന്തിമ റിപ്പോർട്ടിൽ രേഖപ്പെടുത്തി. ചില സുപ്രിം കോടതി വക്കീലന്മാരുടെ ഉപദേശം കണക്കിലെടുത്തുകൊണ്ടു വിജിലൻസ്‌ വകുപ്പ്‌ കേസ്‌ അവസാനിപ്പിക്കാൻ കോടതിയുടെ അനുവാദം തേടുകയും ചെയ്തു. ഇനി ഇക്കാര്യത്തിൽ തീർപ്പ്‌ കൽപിക്കേണ്ടത്‌ കോടതിയാണ്‌.


കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിയമോപദേഷ്ടാവായ അഡ്വക്കേറ്റ്‌ ജനറലിനെ ആശ്രയിക്കാതെ സുപ്രിം കോടതി വക്കീലന്മാരെ സമീപിച്ചത്‌ ആരുടെ നിർദ്ദേശപ്രകാരമാണെന്നു ഹൈക്കോടതി ചോദിക്കുകയുണ്ടായി. ആരോപണ വിധേയൻ നിയമമന്ത്രിയാണ്‌. ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു. ആ നിലയ്ക്ക്‌ മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും നിയന്ത്രണത്തിനു കീഴിലുള്ള അഡ്വക്കേറ്റ്‌ ജനറലിനു പകരം സർക്കാർ നിയന്ത്രണത്തിലല്ലാത്തവരിൽ നിന്ന്‌ ഉപദേശം തേടുന്നതിനു ന്യായീകരണം കാണാവുന്നതാണ്‌. പക്ഷെ അവിടെ മറ്റൊരു പ്രശ്നമുണ്ട്‌. സാധാരണഗതിയിൽ അഭിഭാഷകൻ നിലപാട്‌ എടുക്കുന്നത്‌ ഉപദേശം തേടുന്നവരുടെ താൽപര്യപ്രകാരമാണ്‌.


ഇതുവരെ ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള നടപടികൾ വിശ്വസനീയമാണെന്ന്‌ പറയാനാവില്ല. ശക്തനായ മന്ത്രിയെ തൽസ്ഥാനത്ത്‌ നിലനിർത്തിക്കൊണ്ടാണ്‌ അന്വേഷണം നടത്തിയത്‌. മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ടിരുന്നു. സാധാരണ ജനങ്ങൾ മാത്രമല്ല, ഒരു ്ര‍െകെസ്തവ സഭാ മേലധികാരിപോലും മാണി പണം വാങ്ങിയെന്നാണ്‌ കരുതുന്നതെന്ന്‌ പറയുകയുണ്ടായി. അന്വേഷണങ്ങൾ പ്രഹസനങ്ങളാകുന്നത്‌ ഒഴിവാക്കാനാണ്‌ ആരോപണ വിധേയനായ മന്ത്രി രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ പറയുന്നത്‌.  (ജനയുഗം, ആഗസ്റ്റ് 26, 2015)

Saturday, August 15, 2015

വധശിക്ഷയും വളരുന്ന രക്തദാഹവും

ബി.ആർ.പി. ഭാസ്കർ

യഹൂദരും ക്രിസ്ത്യാനികളും മൂസ്ലിങ്ങളും അംഗീകരിക്കുന്ന ഉല്പത്തിക്കഥയനുസരിച്ച് ആദിമ മനുഷ്യനായ ആദാമിന്റെ മകൻ കായേൻ സ്വന്തം സഹോദരനായ ആബേലിനെ കൊന്ന്  ആദ്യ കൊലയാളിയായി. ദൈവം ആബേൽ നൽകിയത് സ്വീകരിക്കുകയും താൻ നൽകിയത് സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് ആ ഹീനകൃത്യം ചെയ്യാൻ കായേനെ പ്രേരിപ്പിച്ചത്. ദൈവത്തിന്റെ പ്രീതി നേടിയ ആബേലിനോടുള്ള ഈർഷ്യയാണോ ദൈവം തന്നോടു അനീതി കാട്ടിയെന്ന ചിന്തയിൽ നിന്നുദിച്ച അമർഷമാണോ അപ്പോൾ കായേനെ നയിച്ചതെന്ന് വ്യക്തമല്ല. ഏതായാലും ഈർഷ്യയും അമർഷവും എല്ലാക്കാലത്തും കൊലക്കു കാരണമാകുന്ന ഘടകങ്ങളാണ്. ഹിന്ദു പുരാണങ്ങൾ നിറയെ കൊലയുടെ കഥകളാണ്. ദുഷ്ടന്മാരെ കൊന്ന് ശിഷ്ടന്മാരെ രക്ഷിച്ച് ധർമ്മം സ്ഥാപിക്കാൻ താൻ  കാലാകാലങ്ങളിൽ അവതരിക്കുന്നെന്നാണ് ദൈവവചനമെങ്കിലും ഒരു ദുഷ്ടകൃത്യവും ആരോപിക്കപ്പെട്ടിട്ടില്ലാത്ത പലരും ഈർഷ്യയും അമർഷവും മൂലം കൊല്ലപ്പെട്ടതായി അവയിലും കാണാം. മനുഷ്യർ സ്വന്തം രൂപത്തിൽ സൃഷ്ടിച്ച ദൈവങ്ങൾക്ക് അവരുടെ സ്വഭാവം തന്നെയാവുമല്ലോ ഉണ്ടാവുക.

പല്ലിനു പല്ല്, കണ്ണിനു കണ്ണ് എന്ന മോശയുടെ നിയമം ഫറോവാമാരുടെ കീഴിൽ ഈജിപ്തിൽ ജൂതർ അനുഭവിച്ച പീഡനങ്ങളുടെ വെളിച്ചത്തിൽ രൂപപ്പെട്ടതാവണം. ക്രിസ്തുവിന്റെ കാലമായപ്പൊഴേക്കും അയൽക്കാരനെ സ്നേഹിക്കുക എന്നതിൽ നിന്ന് ശത്രുവിനെ സ്നേഹിക്കുക എന്ന രീതിയിൽ ചിന്തിക്കാനാവും വിധം മനുഷ്യ മനസ് വികസിച്ചു. അതിനും മുമ്പെ ബുദ്ധൻ അക്രമത്തിനെതിരെ ശബ്ദിക്കുകയും അതിനു ശേഷം മുഹമ്മദ് നബി സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. പക്ഷെ അവർക്കൊപ്പമെത്താൻ അനുയായികൾക്ക് കഴിഞ്ഞില്ല. അക്രമവും അനീതിയും അസമാധാനവും തുടർന്നും നിലനിന്നു.

പല്ലിനു പല്ല് എന്നു ചിന്തിച്ചിരുന്നവർക്ക് ജീവനു പകരം ജീവൻ തന്നെ വേണമായിരുന്നു. അങ്ങനെ വധശിക്ഷ ലോകമൊട്ടുക്ക് നിയമവ്യവസ്ഥയുടെ  ഭാഗമായി. പക്ഷെ ലോകം ആ കാലം പിന്നിട്ട് ഏറെ മുന്നോട്ടുപോയിരിക്കുന്നു. അതേസമയം പ്രതിലോമശക്തികൾ അതിനെ പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വധശിക്ഷയെ കുറിച്ച് രാജ്യത്ത് നടക്കുന്ന വാദപ്രതിവാദത്തെ കാണേണ്ടത്.

ഇറ്റലിക്കുള്ളിൽ സ്ഥിതിചെയ്യുന്ന 61 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള സാൻ മരിനോ റിപ്പബ്‌ളിക്ക് 1848ൽ അംഗീകരിച്ച ഭരണഘടന വധശിക്ഷയുടെ ഉപയോഗം പരിമിതപ്പെടുത്തി. കേരളത്തിനു മുമ്പെ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയ രാജ്യം കൂടിയാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ 1957ൽ അവിടെ 12 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു.

തെക്കേ അമേരിക്കയിലെ വെനെസ്വേല 1863ലും മദ്ധ്യ അമേരിക്കയിലെ കോസ്റ്റാ റിക്ക 1877ലും വധശിക്ഷ ശിക്ഷാവ്യവസ്ഥയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഇരുപതാം നൂറ്റാണ്ടു പിറക്കുമ്പോൾ ലോകത്ത് വധശിക്ഷയില്ലാത്ത മൂന്നു രാജ്യങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും വധശിക്ഷ എന്ന പ്രാകൃത ശിക്ഷാവിധി നിലവിലില്ല. ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജിയും (ഇവിടത്തെ ജനങ്ങളിൽ പകുതി ബ്രിട്ടീഷുകാർ കരിമ്പുതോട്ടങ്ങളുണ്ടാക്കാൻ കൊണ്ടുപോയ ഇന്ത്യാക്കാരുടെ സന്തതികളാണ്.

ഇപ്പോൾ 102 രാജ്യങ്ങൾ വധശിക്ഷ നിയമവ്യവസ്ഥയിൽ നിന്നു എടുത്തു കളഞ്ഞിട്ടുണ്ട്. ആറു രാജ്യങ്ങൾ അത് യുദ്ധകാല കുറ്റങ്ങൾ പോലെ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. മറ്റ് 51 രാജ്യങ്ങൾ വധശിക്ഷ നിർത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 കൊല്ലക്കാലത്ത് ഔപചാരികമായി പ്രഖ്യാപിച്ചുകൊണ്ടൊ അല്ലാതെയൊ അതിന്റെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. അത് നിലനിർത്തുകയും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നത് 36 രാജ്യങ്ങൾ മാത്രമാണ്. ഇന്ത്യ, അമേരിക്ക, ചൈന, ഇറാൻ, സൌദി അറേബ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവ ഇവയിൽ പെടുന്നു. കഴിഞ്ഞ കൊല്ലം നിർത്തലാക്കിയ ആഫ്രിക്കൻ രാജ്യമായ ഛാഡ് ഇക്കൊല്ലം അത് ഭീകരപ്രവർത്തനത്തിനു മാത്രം നൽകാവുന്ന ശിക്ഷയായി തിരിച്ചുകൊണ്ടു വന്നു  

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തിരുവിതാംകൂറിലെ രാജഭരണകൂടം വധശിക്ഷ നിർത്തലാക്കിയിരുന്നു. ഭരണഘടനക്കൊപ്പം അത് 1950ൽ തിരിച്ചുവന്നെങ്കിലും തിരുവിതാംകൂർ-കൊച്ചിയിലെ കോടതികൾ ഏറെ കാലം അതു പ്രയോജനപ്പെടുത്തിയില്ല. വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് അവിടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചില്ലെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. വധശിക്ഷക്ക് കുറ്റകൃത്യങ്ങൾ തടയാനാവില്ലെങ്കിലും ചില ഭരണകൂടങ്ങൾ അതുപേക്ഷിക്കാൻ തയ്യാറാകാത്തത് ഒരളവു വരെ ഭീതി നിലനിർത്താൻ സഹായിക്കുമെന്നതു കൊണ്ടാണ്. ഭരണനേതൃത്വം അനുയായികളിൽ രക്തദാഹം വളർത്തി അതു നിലനിർത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. (മാധ്യമം ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 17, 215) 

Wednesday, August 12, 2015

തദ്ദേശ തെരഞ്ഞെടുപ്പു കുട്ടിക്കളിയല്ല, ഭരണഘടനാപരമായ ചുമതലയാണ്‌

ബി ആർ പി ഭാസ്കർ
 ജനയുഗം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുട്ടിക്കളിയായി കാണുന്ന പാരമ്പര്യം നമ്മുടെ രാഷ്ട്രീയത്തിലുണ്ട്പ്രത്യേകിച്ചും കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ. ഗ്രാമങ്ങളിൽ ജാതിവ്യവസ്ഥ നിലനിർത്തുന്നതിൽ മധ്യകാലഘട്ടം മുതൽ പഞ്ചായത്ത്‌ സംവിധാനം വലിയ പങ്ക്‌ വഹിച്ചിരുന്നതുകൊണ്ട്‌ ഭരണഘടനാശിൽപിയായ ബി ആർ അംബേദ്കർക്ക്‌ അതിനോട്‌ പ്രതിപത്തിയുണ്ടായിരുന്നില്ല. ഗാന്ധിയുടെ പഞ്ചായത്തുപ്രേമം കണക്കിലെടുത്ത്‌ ഭരണഘടനയിൽ പരാമർശം ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം അതിനെ ഭരണഘടനാസംവിധാനത്തിന്റെ ഭാഗമാക്കിയില്ല. ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പു നടത്തണമെന്ന്‌ അത്‌ വ്യവസ്ഥ ചെയ്തില്ല. കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യകാല സംസ്ഥാന സർക്കാരുകൾ അതിനാൽ ഇഷ്ടമുള്ളപ്പോൾ മാത്രം പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ നടത്തി. കേരളത്തിൽ ഒരിക്കൽ 14 കൊല്ലത്തെ ഇടവേളക്കുശേഷമാണ്‌ ജനങ്ങൾക്ക്‌ പുതിയ പഞ്ചായത്തുകളെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചത്‌.

ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒരു സുപ്രധാന ഭേദഗതിയിലൂടെ അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ടുകൊണ്ട്‌ തദ്ദേശ സ്ഥാപനങ്ങളെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗമാക്കി. അതുകൊണ്ട്‌ ഇപ്പോൾ ലോകസഭയിലേക്കും നിയമസഭകളിലേക്കുമെന്ന പോലെ ഓരോ അഞ്ചു കൊല്ലവും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്‌. ചില സംസ്ഥാനങ്ങൾ ഇപ്പോഴും മുറ തെറ്റിക്കുന്നുണ്ട്‌. ഉറച്ച ശീലങ്ങൾ എളുപ്പം മാറ്റാനാവില്ലല്ലൊ. പുതിയ പഞ്ചായത്ത്‌ സംവിധാനം രാജീവ്‌ ഗാന്ധിയുടെ സംഭാവനയാണെന്ന്‌ മേനി പറയുന്ന കോൺഗ്രസുകാർക്ക്‌ അതിനെ മാനിക്കാനുള്ള കടമയുണ്ട്‌.

തദ്ദേശ സ്ഥാപനങ്ങളുടെ പുനഃസംഘടന, വാർഡ്‌ പുനർവിഭജനം, പ്രവാസി വോട്ട്‌ എന്നിങ്ങനെ ചില വിഷയങ്ങളിൽ എടുത്തിട്ടുള്ളതോ എടുക്കാൻ ആഗ്രഹിക്കുന്നതോ ആയ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്‌ കൂടുതൽ സമയം ആവശ്യമായതിനാൽ നവംബർ ഒന്നിനു മുമ്പ്‌ പൂർത്തിയാക്കേണ്ട തെരഞ്ഞെടുപ്പു പ്രക്രിയ നീട്ടിവെക്കാൻ യുഡിഎഫ്‌ സർക്കാർ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്‌ കൃത്യസമയത്തു തന്നെ നടത്തണമെന്ന പിസിസി യുടെ ശുപാർശ സ്വാഗതാർഹമാണ്‌.

പഞ്ചായത്തു പുനഃസംഘടനയും വാർഡ്‌ വിഭജനവും സംബന്ധിച്ച ചില തർക്കങ്ങൾ ഇപ്പോൾ കോടതികളുടെ മുന്നിലാണ്‌. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. അതിനെതിരെ അപ്പീൽ നൽകണമെന്ന്‌ ചില യുഡിഎഫ്‌ കക്ഷികൾക്ക്‌ അഭിപ്രായമുണ്ട്‌. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ രീതിവച്ചുനോക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനത്തിനു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. അതുവരെ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനാണെങ്കിൽ ജനാധിപത്യപ്രക്രിയ കട്ടപ്പുറത്താകും.

പ്രവാസികൾക്ക്‌ ഇവോട്ട്‌ സൗകര്യം ഏർപ്പെടുത്തണമെന്ന സർക്കാരിന്റെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷൻ തള്ളിയിരുന്നു. കമ്മിഷന്റെ ഈ തീരുമാനത്തെ കുറ്റപ്പെടുത്താനാവില്ല. പല രാജ്യങ്ങളും വിദേശത്ത്‌ കഴിയുന്ന പൗരന്മാർക്ക്‌ വോട്ടു ചെയ്യാൻ അവസരം നൽകുന്നുണ്ട്‌. നയതന്ത്രകാര്യാലയങ്ങളിലാണ്‌ അതിനുള്ള ഏർപ്പാട്‌ ചെയ്യുന്നത്‌. നമ്മുടെ വിദേശകാര്യ മന്ത്രാലയം ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യാതെ ഇവോട്ട്‌ അനുവദിച്ചാൽ വ്യാപകമായ ക്രമക്കേടുകൾ നടക്കാനിടയുണ്ട്‌.

വോട്ടർ പട്ടിക പുതുക്കാൻ കഴിയാത്തതു പോലും ഭരണഘടന അനുശാസിക്കുന്ന സമയത്ത്‌ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതിന്‌ മതിയായ കാരണമല്ല. അത്തരം സന്ദർഭങ്ങളിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ പഴയ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തുകയാണ്‌ പതിവ്‌. ഇതേ സമീപനമാണ്‌ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്‌. സർക്കാരിന്റെ താൽപര്യം പരിഗണിച്ച്‌ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാനാവില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിലപാട്‌ പൂർണ്ണമായും ശരിയാണ്‌.

കേരള പഞ്ചായത്ത്‌ നിയമത്തിലെ 151-ാ‍ം വകുപ്പ്‌ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ സർക്കാരിനു അധികാരം നൽകുന്നെന്ന വാദം ദുരുപദിഷ്ടമാണ്‌. ഭരണഘടനയുടെ സ്ഥാനം കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്കു മുകളിലാണ്‌. ഒരു സാധാരണ നിയമത്തിലെ വ്യവസ്ഥ ഉപയോഗിച്ച്‌ ഭരണഘടനാ വ്യവസ്ഥയെ മറികടക്കാനാവില്ല. അവ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ ഭരണഘടനാ വ്യവസ്ഥയാണ്‌ നിലനിൽക്കുക, സംസ്ഥാന നിയമത്തിലെ വ്യവസ്ഥയല്ല.

ഒരു പഞ്ചായത്തിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ്‌ തെരഞ്ഞെടുപ്പിലൂടെ പുതിയത്‌ നിലവിൽ വരേണ്ടതുണ്ട്‌. ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമാണ്‌ പുതിയ പഞ്ചായത്ത്‌ സംഘടിപ്പിക്കാനാകുന്നത്‌. യഥാസമയം പുതിയ പഞ്ചായത്ത്‌ സംഘടിപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ അതായത്‌ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലോ – ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ പഞ്ചായത്ത്‌ പിരിച്ചുവിടപ്പെടുന്നെങ്കിലോ ഭരണനിർവഹണത്തിന്നായി സ്പെഷ്യൽ ആപ്പീസറേയോ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിയേയോ നിയോഗിക്കുന്നതിനുള്ള അധികാരം മാത്രമാണ്‌ 151-ാ‍ം വകുപ്പ്‌ സർക്കാരിനു നൽകുന്നത്‌. തെരഞ്ഞെടുപ്പ്‌ നടത്താതിരിക്കാനുള്ള അധികാരം അത്‌ നൽകുന്നില്ല. ഈ വകുപ്പിനെ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതിന്‌ ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്‌ നിയമത്തിന്റെ ദുരുപയോഗമാണ്‌. അത്‌ ഭരണഘടനയുടെ അട്ടിമറിയുമാണ്‌.

പ്രതിപക്ഷം പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ നീട്ടിവയ്ക്കുന്നതിനെതിരെ മുന്നോട്ടു വന്നിട്ടുണ്ട്‌. സിപിഎം നേതാക്കൾ അതിശക്തമായ ഭാഷയിലാണ്‌ ഇതു സംബന്ധിച്ച നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുള്ളത്‌. അഞ്ചു കൊല്ലം മുമ്പ്‌ എൽഡിഎഫ്‌ സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പുകൾ പഞ്ചായത്ത്‌ ആക്ടിലെ 151-ാ‍ം വകുപ്പ്‌ ഉപയോഗിച്ചു ഒരു മാസം വൈകിപ്പിച്ചിരുന്നു. ആ തെറ്റായ കീഴ്‌വഴക്കമാണ്‌ യുഡിഎഫിലെ ചില ഘടകകക്ഷികൾ പിന്തുടരാൻ ആഗ്രഹിക്കുന്നത്‌. സർക്കാരുകൾ മുൻഗാമികൾ ചെയ്ത ചീത്ത കാര്യങ്ങളെയല്ല, നല്ല കാര്യങ്ങളെയാണ്‌ മാതൃകയാക്കേണ്ടത്‌. (ജനയുഗം, ആഗസ്റ്റ് 12, 2015)

Wednesday, July 29, 2015

മിണ്ടാതിരുന്നാൽ വർഗീയതയും ജാതീയതയും ഇല്ലാതാകില്ല

ബി ആർ പി ഭാസ്കർ
ജനയുഗം

ജാതീയതയും വർഗീയതയും കേരളത്തിൽ ഭീതിദമായ രീതിയിൽ വളരുകയാണെന്ന്‌ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസിലാക്കാനാകും. ഈ വിഷയം ചർച്ച ചെയ്യാനും ഉചിതമായ പരിഹാരമാർഗങ്ങൾ തേടാനുമുള്ള അവസരമാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൻ ഇ ബാലറാം, പി പി മുകുന്ദൻ അനുസ്മരണ പ്രഭാഷണത്തിലൂടെ നൽകിയത്‌. രാഷ്ട്രീയകേരളം ആ അവസരം പ്രയോജനപ്പെടുത്താൻ മടിക്കുന്നത്‌ നിർഭാഗ്യകരമാണ്‌.

മതനിരപേക്ഷതാ സങ്കൽപം മതന്യൂനപക്ഷ സംരക്ഷണമായി ചുരുങ്ങുന്നുണ്ടോ എന്ന്‌ പരിശോധിക്കണമെന്ന കാനത്തിന്റെ നിരീക്ഷണത്തോട്‌ പരസ്യമായി പ്രതികരിക്കാനില്ല എന്ന സിപിഎമ്മിന്റെ ആദ്യ പ്രതികരണം. ഇടതുപക്ഷത്തിനുള്ളിൽ ആരോഗ്യകരമായ ചർച്ചക്കുള്ള സാധ്യത അടച്ചിരുന്നില്ല. മുന്നണി സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നവർ പരസ്യമായ ആശയസംഘട്ടനം ഒഴിവാക്കിക്കൊണ്ട്‌ അഭിപ്രായ സമന്വയത്തിനു ശ്രമിക്കുന്നതാണല്ലോ ഉചിതം. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ മുൻഗാമി പിണറായി വിജയനും പിന്നീട്‌ കാനത്തിന്റെ നിരീക്ഷണത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. അത്‌ മതഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമെന്ന്‌ അവർ അഭിപ്രായപ്പെടുകയും ചെയ്തു. ഈ നിലപാട്‌ സിപിഎം സാംസ്കാരിക പ്രവർത്തകർ ആവർത്തിച്ചു.

സിപിഎമ്മിന്റെ വാദത്തിൽ ഒരു മറുവാദം ഒളിച്ചിരിപ്പുണ്ട്‌. മതനിര--പേക്ഷത ന്യൂനപക്ഷ സംരക്ഷണമായി മാറുന്നെന്ന ആക്ഷേപം -- യഥാർഥത്തിൽ അങ്ങനെയൊരു ആക്ഷേപം ഉന്നയിക്കുകയല്ല, അത്തരത്തിലുള്ള സംശയം പരിശോധിക്കണമെന്നാണ്‌ കാനം പറഞ്ഞത്‌ -- അത്‌ ഭൂരിപക്ഷപ്രീണനമായി വ്യാഖാനിക്കപ്പെടാമെങ്കിൽ, കോടിയേരിയും പിണറായിയും ഉയർത്തുന്ന പ്രതിവാദം ന്യൂനപക്ഷപ്രീണനമായും വ്യാഖ്യാനിക്കപ്പെടാവുന്നതാണ്‌. ഇടതുപക്ഷ കക്ഷികൾ ഒരു വർഗീയതക്കൊപ്പം അല്ലെങ്കിൽ മറ്റൊന്നിനൊപ്പം നിൽക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം നിലനിൽക്കുന്നെന്ന അപകടകരമായ സൂചന ഇത്‌ നൽകുന്നു. ഈ അവസ്ഥ എങ്ങനെയാണുണ്ടായത്‌?

കേരളത്തിൽ ഇന്ന്‌ ഒരാൾക്ക്‌ ഒരു ഇടതുപക്ഷ കക്ഷിയിൽ നിന്നിറങ്ങി നേരേ ബിജെപി കൂടാരത്തിലേയ്ക്കും അവിടെ നിന്നിറങ്ങി ഇടതുപക്ഷ കക്ഷിയിലേക്കും പോകാനാകുന്നു. ഇത്‌ ബിജെപി ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചതുകൊണ്ടാണെന്ന്‌ ആരും പറയില്ല. ഇടതുപക്ഷത്തിന്‌ ഇടതുസ്വഭാവം ഭാഗികമായെങ്കിലും നഷ്ടപ്പെട്ടതുകൊണ്ടുണ്ടായതാണ്‌. ഉപ്പിനു ഉപ്പുരസം നഷ്ടപ്പെട്ടാൽ അതു പിന്നെ എങ്ങനെ ഉപ്പാകും?

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയസാമൂഹിക കാലാവസ്ഥ പെട്ടെന്നുണ്ടായതല്ല. അത്‌ പതിറ്റാണ്ടുകളായി രാഷ്ട്രീയകക്ഷികളും ജാതിമതശക്തികളും നടത്തിയ ഇടപെടലുകളുടെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ്‌. ജാതി എന്ന യാഥാർഥ്യം അവഗണിച്ചുകൊണ്ട്‌ കൃത്യമായി രൂപപ്പെട്ടിട്ടില്ലാത്ത വർഗം എന്ന മിഥ്യയിൽ ഊന്നിയുള്ള ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട്‌ ഈ ലേഖകൻ 20 കൊല്ലം മുമ്പ്‌ ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയിൽ ഇഎംഎസ്‌ എന്റെ നേർക്ക്‌ ഒരു ചോദ്യം തൊടുത്തുവിട്ടു: ജാതിയാണ്‌ യാഥാർഥ്യമെങ്കിൽ എൻഎസ്‌എസ്‌ ഉണ്ടാക്കിയ എൻഡിപിയുടെയും, എസ്‌എൻഡിപിയുടെയും അതുണ്ടാക്കിയ എസ്‌ആർപിയുടെയും സിപിഎം പുറത്താക്കിയ കെആർ ഗൗരിയമ്മയുടെയും നില എന്തുകൊണ്ട്‌ ദയനീയമായിരിക്കുന്നു? മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്ഥിതി അത്ര ദയനീയമല്ലെന്നും 1957ൽ ഏതാണ്ട്‌ ഒറ്റയ്ക്ക്‌ അധികാരത്തിലേറാൻ കഴിഞ്ഞ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ മുന്നണിയുടെ പൊയ്ക്കാലിൽ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അന്നത്തേക്കാൾ ദയനീയാവസ്ഥയിലെത്തി നിൽക്കുന്ന ഗൗരിയമ്മയെയാണ്‌ സിപിഎം ഇപ്പോൾ തിരിച്ചുകൊണ്ടു വരുന്നത്‌.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ ഒറ്റനോട്ടത്തിൽ ഒരാളുടെ ജാതിയും മതവും തിരിച്ചറിയാൻ കഴിയുമായിരുന്നു. നവോത്ഥാനസ്വഭാവം കൈവന്ന സാമൂഹികനവീകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി ആ അവസ്ഥയിൽ മാറ്റമുണ്ടാവുകയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ വിഭാഗീയ വേർതിരിവുകൾ മറികടക്കാൻ കഴിയുന്ന ഒരു പൊതുസമൂഹം രൂപപ്പെട്ടു തുടങ്ങുകയും ചെയ്തു. ആ പ്രസ്ഥാനങ്ങൾ റാഡിക്കലൈസ്‌ ചെയ്ത ദളിതരും പിന്നാക്ക വിഭാഗങ്ങളും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായപ്പോൾ അതിനെ തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന കക്ഷിയായി കണ്ടതുകൊണ്ടാണ്‌ സ്വാതന്ത്ര്യം നേടി പത്തു കൊല്ലത്തിൽ സംസ്ഥാനത്ത്‌ ചരിത്ര വിജയം നേടി അധികാരത്തിലേറാനായത്‌.

പ്രതിലോമശക്തികൾ നടത്തിയ സമരത്തെ തുടർന്ന്‌ കേന്ദ്രം അന്യായമായി പുറത്താക്കിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനായില്ലെങ്കിലും അതിന്റെ ജനപിന്തുണ വർദ്ധിക്കുകയുണ്ടായി. ഏറെ കഴിയുന്നതിനു മുമ്പ്‌ പാർട്ടി പിളർന്നു. കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ മറവിൽ തിരിച്ചുവന്ന ജാതിമതശക്തികൾക്കെതിരെ യോജിച്ചു പൊരുതുന്നതിനു പകരം രണ്ട്‌ പാർട്ടികളും അവയുമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊന്നിൽ സമരസപ്പെടുന്ന സാഹചര്യം സംജാതമായി. ഇരുപാർട്ടികളും പിന്നീട്‌ ഇടതൈക്യം ലക്ഷ്യമിട്ട്‌ കൈകോർത്തെങ്കിലും ഇടതുസ്വഭാവം നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ തുടർന്നു.

ദേശീയതലത്തിൽ ഭൂരിപക്ഷ വർഗീയത വളർന്ന സാഹചര്യത്തിൽ നിന്ന്‌ ചില പാഠങ്ങൾ കേരളത്തിലെ ഇടതുപക്ഷം ഉൾക്കൊള്ളേണ്ടതുണ്ട്‌. വിഭജനത്തെ തുടർന്ന്‌ വടക്കൻ സംസ്ഥാനങ്ങളിൽ ധാരാളം പേർ വർഗീയ കലാപങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ആർഎസ്‌എസും ഹിന്ദു മഹാസഭയും വർഗീയ വിഷം പരത്തി. എന്നിട്ടും ആർഎസ്‌എസിന്റെ ആശീർവാദത്തോടെ രൂപീകരിക്കപ്പെട്ട ജനസംഘത്തിനോ മഹാസഭക്കോ സന്യാസിമാരുണ്ടാക്കിയ രാമ രാജ്യ പരിഷത്തിനോ 1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഇതിന്റെ പ്രധാന കാരണം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ എടുത്ത ശക്തമായ വർഗീയവിരുദ്ധ നിലപാടാണ്‌. പഞ്ചാബിലെ അംബാലയിൽ നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ സ്ഥാനാർഥി അബ്ദുൾ ഗാഫർ ഖാൻ ആ മണ്ഡലത്തിലെ ഏക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു. രാജീവ്‌ ഗാന്ധിയും പി വി നരസിംഹ റാവുവും ഹിന്ദു വർഗീയതയോട്‌ മൃദുസമീപനം സ്വീകരിച്ചതോടെയാണ്‌ ജനസംഘത്തിന്റെ പിൻഗാമിയായ ബിജെപി വളരാൻ തുടങ്ങിയത്‌. ചില മതനിരപേക്ഷ കക്ഷികളുടെ കോൺഗ്രസ്‌ വിരുദ്ധത എന്ന ഏക ഇന പരിപാടിയും ബിജെപിക്ക്‌ ഗുണം ചെയ്തു.

കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്‌. പക്ഷെ ഇവിടെയും മതനിരപേക്ഷ കക്ഷികൾ മിണ്ടാതിരുന്നാൽ വർഗീയതയും ജാതീയതയും ഇല്ലാതാകുകയില്ല. അവയുടെ വളർച്ച തടയണമെങ്കിൽ അവക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയണം. (ജനയുഗം, ജൂലൈ 29, 2015.)

Wednesday, July 15, 2015

ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റദോഷം

ബി ആർ പി ഭാസ്കർ
ജനയുഗം

നല്ല പെരുമാറ്റമുണ്ടാകുമ്പോഴാണ്‌ ഒരു നല്ല സമൂഹമുണ്ടാകുന്നത്‌. എന്താണ്‌ നല്ല പെരുമാറ്റമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടാകാം. കാരണം പെരുമാറ്റം സംബന്ധിച്ച സങ്കൽപങ്ങൾ മാറിക്കൊണ്ടിരിക്കും. ഫ്യൂഡൽകാല സങ്കൽപങ്ങൾ വ്യാവസായിക സമൂഹത്തിന്‌ അനുയോജ്യമാവില്ല. മതാധിപത്യ സമൂഹത്തിലെ പെരുമാറ്റ വ്യവസ്ഥകൾ മതനിരപേക്ഷ സമൂഹത്തിന്‌ പറ്റിയതാവില്ല. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന കൊളോണിയൽ കാലത്തെ രീതികൾ ജനാധിപത്യസമൂഹത്തിൽ നിലനിർത്താനാവില്ല. കാലം മാറുന്നതിനൊത്ത്‌ മാറാൻ എല്ലാവർക്കും കഴിഞ്ഞെന്നിരിക്കില്ല. അതുകൊണ്ട്‌ ഇടയ്ക്കിടയ്ക്ക്‌ പ്രശ്നങ്ങളുണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല.

ഇപ്പോൾ വിവാദമായിട്ടുള്ള എഡിജിപി ഋഷിരാജ്‌ സിങ്ങിന്റെ ഒരു പൊതുവേദിയിലെ പെരുമാറ്റം ഈ പശ്ചാത്തലത്തിലാണ്‌ പരിശോധിക്കേണ്ടത്‌. ഇരുവരും അതിഥികളായിരുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല എത്തിയപ്പോൾ നേരത്തെ ഇരിപ്പിടത്തിൽ എത്തിയ ഋഷിരാജ്‌ സിങ്ങ്‌ അമർന്നിരിക്കുന്ന ചിത്രമാണ്‌ വിവാദത്തിനിടയാക്കിയത്‌. പൊലീസ്‌ കടുത്ത അച്ചടക്ക സംവിധാനമുള്ള ഒരു സ്ഥാപനമാണ്‌. അതിനാൽ ആദ്യമായി അന്വേഷിക്കേണ്ടത്‌ സേനയുടെ പെരുമാറ്റച്ചട്ടങ്ങൾ എന്തു പറയുന്നു എന്നാണ്‌. താൻ ചട്ടവിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന്‌ ഋഷിരാജ്‌ സിങ്‌ അവകാശപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം ചട്ടത്തിനു നിരക്കാത്തതാണെന്നു ഡിജിപി ടി പി സെൻകുമാർ പറയുന്നു. ഡിജിപിയുടെ നിലപാട്‌ ശരിയാണെങ്കിൽ ഉചിതമായ നടപടി അദ്ദേഹം സ്വീകരിക്കേണ്ടതാണ്‌. ഋഷിരാജ്‌ സിങ്ങിന്‌ പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കാൻ അധികാരപ്പെട്ടവരുണ്ട്‌. ആരുടെ വ്യാഖ്യാനമാണ്‌ ശരിയെന്ന്‌ അവർ തീരുമാനിക്കും.

ആഭ്യന്തരമന്ത്രിക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരുദ്യോഗസ്ഥനാണ്‌ എഡിജിപി. മന്ത്രി വരുമ്പോൾ എഴുന്നേറ്റു നിന്ന്‌ സല്യൂട്ട്‌ ചെയ്യണമോ എന്ന കാര്യത്തിൽ ചട്ടങ്ങൾ പറയുന്നത്‌ എന്തുതന്നെയായാലും കീഴുദ്യോഗസ്ഥന്‌ മേലധികാരിയോട്‌ ബഹുമാനം കാണിക്കാനുള്ള കടമയുണ്ട്‌. ജനാധിപത്യം അത്തരം മര്യാദകൾ ഇല്ലാതാക്കുന്നില്ല. രണ്ടു പേരും അതിഥികളെന്ന നിലയിൽ അവിടെ തുല്യരായിരുന്നുവെന്നും അതുകൊണ്ട്‌ ഋഷിരാജ്‌ സിങ്‌ എഴുന്നേൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ചിലർ വാദിക്കുന്നുണ്ട്‌. ആ തുല്യത മേലധികാരിയെ ബഹുമാനിക്കാനുള്ള കടമയിൽ നിന്ന്‌ ഉദ്യോഗസ്ഥനെ ഒഴിവാക്കുന്നില്ല.

ചില ധീരമായ നടപടികളെടുത്തിട്ടുള്ള ഉദ്യോഗസ്ഥനാണ്‌ ഋഷിരാജ്‌ സിങ്‌. അതിന്റെ ഫലമായി അദ്ദേഹത്തിന്‌ പലപ്പോഴും സ്ഥാനചലനങ്ങളുമുണ്ടായിട്ടുണ്ട്‌. പൊതുവെ ഉദ്യോഗസ്ഥന്മാർ മടിച്ചു നിൽക്കുന്നിടത്ത്‌ നിയമപ്രകാരമുള്ള നടപടികളെടുക്കാൻ തയാറായ വ്യക്തിയെന്ന നിലയിൽ അദ്ദേഹം വലിയ തോതിൽ ജനപ്രീതി സമ്പാദിച്ചിട്ടുണ്ട്‌. ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിന്‌ അനുകൂലമായി ശക്തമായ പ്രചാരണം നടത്തി വരുന്നുണ്ട്‌.

ഈ ആരാധകർ ഒരു കാര്യം മനസിലാക്കണം. സർക്കാരുദ്യോഗസ്ഥർ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുമ്പോൾ അത്‌ അംഗീകരിക്കേണ്ടതു തന്നെ. അതിന്റെ പേരിൽ അദ്ദേഹം നടപടികൾക്കു വിധേയനാകുന്നെങ്കിൽ അതിനെ എതിർക്കുകയും വേണം. പക്ഷെ പെരുമാറ്റദോഷം ആരോപിക്കപ്പെടുമ്പോൾ ഇത്തരം പ്രചാരണം നടത്തുന്നതു ശരിയല്ല.
രാഷ്ട്രീയനേതാക്കന്മാരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആരാധകവൃന്ദങ്ങൾ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ വളർന്നു വന്നിട്ടുണ്ട്‌. സിനിമാതാരങ്ങളുടെ പേരിലുള്ള ഫാൻസ്‌ ക്ലബ്ബുകളെ കുറിച്ചും നമുക്കറിയാം. വ്യക്തിയെ വീരപുരുഷനാക്കാനുള്ള ആരാധകരുടെ ശ്രമം സമൂഹത്തിന്റെ അനാരോഗ്യത്തെയാണ്‌ കുറിക്കുന്നത്‌.

ഇപ്പോൾ കേരളത്തിൽ സർക്കാരുദ്യോഗസ്ഥന്മാർക്കും ആരാധകസംഘങ്ങളുണ്ടാകുന്നുണ്ടെന്നു തോന്നുന്നു. ഇത്‌ അപകടകരമായ അവസ്ഥയാണ്‌. തങ്ങൾ അസാമാന്യ വ്യക്തികളാണെന്ന ചിന്ത അവരിൽ ജനിപ്പിക്കാൻ ഇതിടയാക്കും.
ഉദ്യോഗസ്ഥന്മാർ നല്ല രീതിയിൽ പ്രവർത്തിക്കണമെന്ന്‌ ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. നല്ലതു ചെയ്യുമ്പോൾ തങ്ങളുടെ സംതൃപ്തി അറിയിക്കുന്നതിൽ തെറ്റില്ല. അതേസമയം ഏതെങ്കിലും ഒരു സംഭവത്തിന്റേയൊ ഏതാനും സംഭവങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം ഒരുദ്യോഗസ്ഥനെ വിലയിരുത്താൻ പാടില്ല. തന്റെ പദവി നൽകുന്ന അധികാരം ദുരുപയോഗം ചെയ്ത്‌ സ്വന്തം നിയന്ത്രണത്തിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ചില നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട്‌ ആ തെറ്റ്‌ തെറ്റല്ലാതാകില്ല. നല്ലതിനെ പ്രശംസിക്കുന്നതോടൊപ്പം തെറ്റായ നടപടിയെ അപലപിക്കാനും നമുക്കാവണം.

ഐഎഎസ്‌ ഉദ്യോഗസ്ഥനായ എം ജി രാജമാണിക്യം ഐപിഎസ്‌ ഉദ്യോഗസ്ഥയായ ഭാര്യ നിശാന്തിനിയുടെ യൂണിഫോം ധരിച്ച്‌ ഫോട്ടോ എടുത്തതാണ്‌ അടുത്ത കാലത്ത്‌ പുറത്തു വന്ന മറ്റൊരു പെരുമാറ്റദോഷാരോപണം.

ഉദ്യോഗസ്ഥതലത്തിലുള്ള ഈ പെരുമാറ്റദോഷങ്ങളെ മറ്റ്‌ തലങ്ങളിൽ നടക്കുന്ന സമാന പ്രവൃത്തികളുമായി ചേർത്തു വായിക്കേണ്ടതാണ്‌. നിയമസഭയിലും മറ്റു പല വേദികളിലും സമൂഹത്തിനു മാതൃകയാകേണ്ടവർ അപലപനീയമായ രീതിയിൽ പെരുമാറുന്നത്‌ നാം കാണുന്നുണ്ട്‌.
സാധാരണഗതിയിൽ ക്യാമറയുടെ മുന്നിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കാനാണ്‌ എല്ലാവരും ശ്രമിക്കുക. എന്നാൽ കേരളത്തിൽ ക്യാമറയുടെ മുന്നിൽ അധമമായ രീതിയിൽ പെരുമാറാൻ പലർക്കും മടിയില്ല. പെരുമാറ്റദോഷത്തെ അടിയന്തരശ്രദ്ധ അർഹിക്കുന്ന സാമൂഹ്യപ്രശ്നമായി കാണേണ്ട കാലമായി. (ജനയുഗം, ജൂലൈ 15, 2015)

Wednesday, July 1, 2015

അരുവിക്കര ആത്മപരിശോധന ആവശ്യപ്പെടുന്നു

ബി ആർ പി ഭാസ്കർ
അഭിമാനിക്കാവുന്ന വിജയമാണ്‌ അരുവിക്കരയിൽ യുഡിഎഫ്‌ കൈവരിച്ചിരിക്കുന്നത്‌. ഈ ഉപതെരഞ്ഞെടുപ്പ്‌ സർക്കാരിനെ കുറിച്ചുള്ള വിധിയെഴുത്താകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എതിരാളികൾ, പ്രത്യേകിച്ച്‌ എൽഡിഎഫ്‌, സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ ഊന്നിക്കൊണ്ട്‌ അതിശക്തമായ പ്രചാരണം നടത്തി. എന്നിട്ടും കോൺഗ്രസ്‌ സ്ഥാനാർഥി കെ എസ്‌ ശബരീനാഥിന്‌ സാമാന്യം നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി എന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണ്‌. മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫിനു അനുകൂലമായി വിധി എഴുതിയെന്നതിൽ സംശയമില്ല. പക്ഷെ ഈ വിജയം സർക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണം എന്ന ദുഷ്പേര്‌ അതു കഴുകിക്കളയുന്നുമില്ല.
അസംബ്ലി സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ നിര്യാണം മൂലം ഒഴിവു വന്ന സീറ്റിലേക്ക്‌ കോൺഗ്രസ്‌ അദ്ദേഹത്തിന്റെ മകൻ കെ എസ്‌ ശബരീനാഥനെ സ്ഥാനാർഥിയാക്കിയത്‌ സഹതാപതരംഗം പ്രതീക്ഷിച്ചായിരുന്നു. മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ തന്റെ അച്ഛൻ നടത്തിയ പ്രവർത്തനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ്‌ ശബരീനാഥൻ പ്രചാരണം നടത്തിയത്‌. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയെ നിറുത്താനാണ്‌ കോൺഗ്രസിലെ ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, വി എം സുധീരൻ എന്നീ ത്രിമൂർത്തികൾ ആഗ്രഹിച്ചത്‌. ശബരീനാഥൻ സ്ഥാനാർഥിയാകട്ടെ എന്നു തീരുമാനിച്ചത്‌ കാർത്തികേയന്റെ കുടുംബമാണ്‌. ഒരു നല്ല ഉദ്യോഗം ഉപേക്ഷിച്ച്‌ അങ്കത്തട്ടിലിറങ്ങിയ അദ്ദേഹത്തിന്റെ യുവത്വം മറ്റ്‌ പ്രമുഖ കക്ഷികളുടെ സ്ഥാനാർഥികളേക്കാൾ അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നു തോന്നുന്നു. അദ്ദേഹം കാഴ്ചവെച്ച തരത്തിലുള്ള മികച്ച പ്രകടനം നടത്താൻ സുലേഖയ്ക്ക്‌ ഒരുപക്ഷെ കഴിയുമായിരുന്നില്ല.
അരുവിക്കര പരമ്പരാഗതമായി കോൺഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ്‌. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിക്കു നൽകിയതിനേക്കാൾ കൂടുതൽ വോട്ടുകൾ എൽഡിഎഫ്‌ സ്ഥാനാർഥിക്കു നൽകിക്കൊണ്ട്‌ തങ്ങൾ ആരെയും അന്ധമായി പിന്തുണയ്ക്കുന്നവരല്ലെന്ന്‌ അവിടത്തെ ജനങ്ങൾ വ്യക്തമാക്കിയിരുന്നു. യുഡിഎഫും എൽഡിഎഫും ബിജെപിയും തങ്ങളുടെ മാനുഷികവും ഭൗതികവുമായ ശേഷി പരമാവധി വിനിയോഗിച്ചുകൊണ്ട്‌ ഇതിനുമുമ്പ്‌ കണ്ടിട്ടില്ലാത്ത പ്രചണ്ഡ പ്രചാരണമാണ്‌ ഒരു മാസക്കാലം അവിടെ നടത്തിയത്‌.
യുഡിഎഫ്‌ സ്ഥാനാർഥിക്കുവേണ്ടി ഉമ്മൻചാണ്ടിയും ചെന്നിത്തലയും സുധീരനും എൽഡിഎഫ്‌ സ്ഥാനാർഥിക്കു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും മണ്ഡലത്തിൽ ഏറെ സമയം ചെലവഴിച്ചു. സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള എം വിജയകുമാർ എൽഡിഎഫിനു കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നു. അണിയറയിലിരുന്നു എൽഡിഎഫ്‌ പ്രചാരണത്തിനു ചുക്കാൻ പിടിച്ച പിണറായി പാർട്ടിയുടെ ഏറ്റവും പ്രഗത്ഭനായ സംഘാടകനാണ്‌. ഏറ്റവും വലിയ ജനപ്രിയ നേതാവെന്നു കരുതപ്പെടുന്ന വി എസ്‌ പൊതുവേദികളിൽ നിറഞ്ഞാടി. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും മുന്നണി പ്രവർത്തകർ പ്രചാരണത്തിൽ പങ്കാളികളാകാനെത്തി.
സാഹചര്യങ്ങൾ ഏറെ അനുകൂലമായിരുന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽകൈ നിലനിർത്താനാകാഞ്ഞതെന്തുകൊണ്ടാണെന്ന്‌ എൽഡിഎഫ്‌, പ്രത്യേകിച്ചും അതിനെ നയിക്കുന്ന സിപിഎം, ഗൗരവപൂർവം പരിഗണിക്കണം. ആർഎസ്പിയും സോഷ്യലിസ്റ്റ്‌ ജനതയും വിട്ടുപോയത്‌ എൽഡിഎഫിനെ ദുർബലപ്പെടുത്തിയെന്ന്‌ ഈ ഉപതെരഞ്ഞെടുപ്പു ഫലം ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. അവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി കാണുന്നില്ല. അതേസമയം വി എസ്‌ നിയമയുദ്ധം നടത്തി അഴിമതിക്ക്‌ ജയിലിലാക്കുകയും പിന്നീട്‌ മറ്റു കാരണങ്ങളാൽ യുഡിഎഫ്‌ പുറന്തള്ളുകയും ചെയ്ത ആർ ബാലകൃഷ്ണപിള്ളയെ ഒപ്പം കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. അബ്ദുൾ നാസർ ംഅദനിയെയും ഹിന്ദുത്വ ക്യാമ്പിൽ നിന്നു വന്ന കെ രാമൻ പിള്ളയെയും ഒപ്പം നിറുത്തിക്കൊണ്ട്‌ ഒരു തെരഞ്ഞെടുപ്പു കാലത്ത്‌ പിണറായി നടത്തിയ പരീക്ഷണം ഗുണം ചെയ്തില്ലെന്നു തന്നെയല്ല, ഏറെ ദോഷം ചെയ്തു. കോടിയേരിയുടെ കീഴിൽ നടക്കുന്ന ബാലകൃഷ്ണപിള്ളയുമായുള്ള ബാന്ധവവും അതുപോലെ അവസാനിക്കുകയേ ഉള്ളു. എൻഎസ്‌എസ്‌ കൂടെയില്ലെങ്കിൽ കൊട്ടാരക്കരയ്ക്കു പുറത്ത്‌ ബാലകൃഷ്ണപിള്ളയും ടെലിവിഷൻ ക്യാമറ മുന്നിലില്ലെങ്കിൽ ഈരാറ്റുപേട്ടക്കു പുറത്ത്‌ പി സി ജോർജും ഒന്നുമല്ല.
അരുവിക്കരയിലേക്ക്‌ ഒ രാജഗോപാലിനേക്കാൾ നല്ലൊരു സ്ഥാനാർഥിയെ ബിജെപി.ക്ക്‌ കണ്ടെത്താനാകുമായിരുന്നില്ല. കേന്ദ്ര സഹമന്ത്രിയായിരുന്ന ചെറിയ കാലയളവിൽ കേരളത്തിനു ഗുണകരമായ ചില കാര്യങ്ങൾ അദ്ദേഹം ചെയ്തത്‌ നന്ദിയോടെ ഓർക്കുന്ന ഏറെപ്പേർ ഇവിടെയുണ്ട്‌. പക്ഷെ തന്റെ സാന്നിധ്യം ശക്തമായി അറിയിക്കാനല്ലാതെ പാർട്ടിക്കുവേണ്ടി അക്കൗണ്ട്‌ തുറക്കാൻ അദ്ദേഹത്തിനായില്ല. ഈ ഉപതെരഞ്ഞെടുപ്പിൽ അതു രണ്ട്‌ മുന്നണികളിൽ നിന്നും വോട്ട്‌ പിടിച്ചെടുത്തിട്ടുണ്ട്‌. യുഡിഎഫിനേക്കാൾ എൽഡിഎഫിനെയാണ്‌ അതിന്റെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നതെന്നത്‌ ആശങ്കക്ക്‌ വക നൽകുന്ന ഒരു വസ്തുതയാണ്‌. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന സാഹചര്യത്തിൽ ബിജെപിക്ക്‌ ഇവിടെ സ്വാധീനം വർധിപ്പിക്കാനാകും. ഹിന്ദുത്വം നവോത്ഥാന മൂല്യങ്ങളുമായി പൊരുത്തക്കേടുള്ള ആശയമാണെന്ന പൊതുവീക്ഷണമാണ്‌ കേരളത്തിൽ അതിന്റെ വളർച്ചയ്ക്കുള്ള പ്രധാന പ്രതിബന്ധം. നവോത്ഥാനമൂല്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന്‌ ബിജെപിയുടെ വളർച്ച തടയാനാവില്ല.
അരുവിക്കര അടിയന്തരമായ ആത്മപരിശോധന ആവശ്യപ്പെടുന്നു. യുഡിഎഫിനേക്കാൾ ഉയർന്ന ധാർമിക നിലവാരം തങ്ങൾ നിലനിർത്തുന്നുണ്ടെന്ന്‌ വിശ്വസിക്കുന്ന എൽഡിഎഫ്‌ കക്ഷികൾ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ്‌ പാർട്ടികൾ, ആ വിശ്വാസം സാമാന്യജനങ്ങൾക്കു നഷ്ടമായിരിക്കുന്നെന്ന്‌ തിരിച്ചറിയണം. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാല സാഹചര്യങ്ങളിൽ ഇടതുപക്ഷം പ്രസക്തി നിലനിറുത്തേണ്ടത്‌ ധാർമികമേന്മയിലൂടെയാണ്‌. (ജനയുഗം, ജൂലൈ 1, 2015). 

Thursday, June 25, 2015

അരുവിക്കര നിശ്ചയിക്കുന്നത് ആരുടെ ഭാവി?

ബി.ആർ.പി. ഭാസ്കർ
തെരഞ്ഞെടുപ്പുകാലം മാധ്യമങ്ങൾക്ക് നല്ല കാലമാണ്. പത്രങ്ങളുടെ പ്രചാരം വർദ്ധിക്കുന്ന കാലമാണത്. ജനമനസുകളെ കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ള ടെലിവിഷന്റെ വരവോടെ ഉപതെരഞ്ഞെടുപ്പും ഉത്സവമായിട്ടുണ്ട്. പത്രങ്ങളും ചാനലുകളും കൂടി അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്ന സംഭവമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ 68നെതിരെ 72 സീറ്റ് നേടി നാലു കൊല്ലം മുമ്പ് അധികാരം നേടിയ യു.ഡി.എഫ് ഇതിനു മുമ്പ് ഒരു ഭരണമുന്നണിയും നേരിട്ടിട്ടില്ലാത്തത്ര ആരോപണങ്ങളാണ് നേരിട്ടത്. എൽ.ഡി.എഫ് ആകട്ടെ ഒരു സർക്കാരിനെതിരെയും ഉണ്ടായിട്ടില്ലാത്തത്ര സമരങ്ങൾ സംഘടിപ്പിച്ചു. യു.ഡി.എഫ് പാളയത്തിനുള്ളിലും പടയായിരുന്നു. പക്ഷെ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഉമ്മൻ ചാണ്ടി സർക്കാർ വീണില്ല. അരുവിക്കര അതിനെ വീഴ്ത്തുമോ?
എ-ഐ ദ്വന്ദത്തിൽ നിന്ന് ചാണ്ടി-ചെന്നിത്തല-സുധീരൻ ത്രയത്തിലേക്ക് നീങ്ങിയ കോൺഗ്രസ് ജി. കാർത്തികേയന്റെ ചരമം മൂലം ഒഴിവു വന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നു ഒരാളെ കണ്ടെത്തിയത് സഹതാപതരംഗം പ്രതീക്ഷിച്ചാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ടാറ്റാ കമ്പനിയിലെ ഉദ്യോഗം രാജിവെച്ച് അങ്കത്തട്ടിലിറങ്ങിയ കെ.എസ്. ശബരിനാഥ് കോൺഗ്രസിന്റെ രക്ഷകനാവുകയായിരുന്നു.  ആ കുടുംബത്തിൽ നിന്ന് ഒരാളെ കിട്ടിയതുകൊണ്ട് എ-യും ഐ-യും തമ്മിൽ സീറ്റിനു വേണ്ടി തല്ലു കൂടുന്ന സാഹചര്യം ഒഴിവായി. സർക്കാർ അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണെങ്കിലും എളുപ്പം ജയിച്ചു കയറാമെന്ന പ്രതീക്ഷ എൽ.ഡി.എഫിനില്ല. അതുകൊണ്ട് സി.പി.എം മുൻസ്പീക്കറും മുൻമന്ത്രിയുമായ എം. വിജയകുമാർ എന്ന വലിയ തോക്കിനെ ഇറക്കി. കേരളത്തിൽ അക്കൌണ്ട് തുറക്കാൻ വെമ്പുന്ന ബി.ജെ.പി. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിനെ നിർത്തി. ഉപതെരഞ്ഞെടുപ്പിനെ പ്രമുഖ കക്ഷികൾ ഗൌരവത്തോടെയാണ് സമീപിക്കുന്നതെന്ന് ഇത് കാണിക്കുന്നു. പക്ഷെ ചില വികടവേഷങ്ങളും രംഗത്തുണ്ട്.
അരുവിക്കരയിലെ വോട്ടർമാർ കണ്ണടച്ചു ഒരു മുന്നണിയെ പിന്തുണക്കുന്നവരല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും കാർത്തികേയനുമൊപ്പം ആയിരുന്നെങ്കിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അവർ സി.പി.എമ്മിനും എ.സമ്പത്തിനും ഒപ്പമായിരുന്നു. വോട്ടു പിളർത്താനായി രംഗത്തുള്ളവർ ആർക്കാണ് കൂടുതൽ ദ്രോഹം ചെയ്യുകയെന്ന് പറയാനാവില്ല.
പോളിങ് നടന്നിട്ടില്ലെങ്കിലും പ്രധാന കക്ഷികളെല്ലാം വിജയം അവകാശപ്പെട്ടു കഴിഞ്ഞു. വായനക്കാർക്കും പ്രേക്ഷകർക്കും തെരഞ്ഞെടുപ്പിലുള്ള താല്പര്യം പിടിച്ചു നിർത്തേണ്ട ആവശ്യം മാധ്യമങ്ങൾക്കുണ്ട്. ഏതെങ്കിലും ഒരു കക്ഷി ജയിക്കുമെന്ന ധാരണ പരന്നാൽ പിന്നെ തെരഞ്ഞെടുപ്പു വാർത്തകൾ വായിക്കാനും ചാനൽ ചർച്ചകൾ കേൾക്കാനും ആളെ കിട്ടിയെന്നിരിക്കില്ല. അതുകൊണ്ട് ആ പ്രതീതി നിലനിർത്താൻ അവരും പരിശ്രമിക്കുന്നു. ഏതായാലും മൂന്നു സാധ്യതകളാണുള്ളത്. ഒന്ന്, സി.പി.എം. സ്ഥാനാർത്ഥി ജയിക്കുന്നു, എൽ.ഡി.എഫ് വീണ്ടും സർക്കാരിന്റെ രാജി ആവശ്യപ്പെടുന്നു. രണ്ട്, കോൺഗ്രസ് സീറ്റ് നിലനിർത്തുന്നു, ജാതിമതശക്തികളുടെ പിന്തുണകൊണ്ട് ജയിച്ചെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. മൂന്ന്, ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കുന്നു, മതേതര വോട്ട് ഭിന്നിച്ചതു കൊണ്ട് താമര വിരിഞ്ഞെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരേ സ്വരത്തിൽ പറയുന്നു.
ഇതിൽ ഏതു സംഭവിച്ചാലും ഭരണമാറ്റം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കേരളത്തിൽ ഏതെങ്കിലും ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ ഒരു മന്ത്രിസഭയും രാജിവെച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ എ-യും ഐ-യും തമ്മിൽ തോൽ‌വിയുടെ ഉത്തരവാദിത്വത്തെ ചൊല്ലി തീർച്ചയായും തർക്കമുണ്ടാകും. പക്ഷെ ഭരണമാറ്റത്തിന് അതു മാത്രം പോരാ. എ-ഐ തർക്ക ചരിത്രം പരിശോധിച്ചാൽ ഭരണമാറ്റമുണ്ടാകുന്നത് യു.ഡി.എഫിലെ മറ്റ് കക്ഷികൾ ഗ്രൂപ്പു യുദ്ധത്തിൽ ഇടപെടുമ്പോഴാണെന്ന് കാണാൻ കഴിയും. ഉമ്മൻ ചാണ്ടിയേക്കാൾ ഒരുപക്ഷെ പിണറായി വിജയന്റെ ഭാവിയാകും അരുവിക്കരയിൽ നിശ്ചയിക്കപ്പെടുക. എൽ.ഡി.എഫ് വിജയിച്ചാൽ മുന്നണിയുടെ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പിണറായി നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതലക്കാരനാകും. പ്രതീക്ഷിക്കപ്പെടുന്നതു പോലെ ഇടതു മുന്നണി ജയിച്ചാൽ പിണറായി മുഖ്യമന്ത്രിയാവുകയും ചെയ്യും. രണ്ടു മുന്നണികളെയും കടത്തി വെട്ടി രാജഗോപാൽ നിയമസഭയിലെത്തിയാൽ മുന്നണികൾക്ക്, പ്രത്യേകിച്ച് അവയെ നയിക്കുന്ന കക്ഷികൾക്ക്, കഷ്ടകാലം തുടങ്ങിയെന്ന് ഉറപ്പാക്കാം.

പല കോണുകളിൽ നിന്നും മാധ്യമങ്ങൾ ഉപതെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ധാർമ്മികതയില്ല. ധാർമ്മിക മേന്മ അവകാശപ്പെടാൻ കഴിയുന്ന ഒരു കക്ഷിയൊ മുന്നണിയൊ ഇല്ലെന്നതാണ് വാസ്തവം. നാലു വർഷക്കാലം ഒന്നിനു പിറകെ ഒന്നായി വന്ന അഴിമതിക്കഥകളെ അതിജീവിക്കാൻ യു.ഡി.എഫിന് കഴിഞ്ഞത് അവ ഉയർത്തിക്കൊണ്ടു വന്ന എൽ.ഡി.എഫിന് ഭരണപക്ഷത്തേക്കാൾ ഉയർന്ന ധാർമ്മികത അവകാശപ്പെടാനാകാത്തതുകൊണ്ടാണ്. എങ്ങനെ ധാർമ്മിക ഔന്നത്യം നേടാമെന്നാണ് പാർട്ടികൾ ആലോചിക്കേണ്ടത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു ഉമ്മൻ ചാണ്ടി രാജി വെച്ചിരുന്നെങ്കിൽ കോൺഗ്രസിനു ധാർമ്മിക ഔന്നത്യം അവകാശപ്പെടാനാകുമായിരുന്നു. അഴിമതി ആരോപണം നേരിടുന്ന കെ.എം.മാണിയെയും കെ. ബാബുവിനെയും വി.കെ. ഇബ്രാഹിം കുഞ്ഞിനെയും രാജിവെപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ യു.ഡി.എഫിന് അത്  അവകാശപ്പെടാനാകുമായിരുന്നു. കോടികൾ ചിലവാക്കി ഒരു ലക്ഷം പേരെ തലസ്ഥാനത്തു കൊണ്ടുവന്നു സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം എൽ.ഡി.എഫ് നിയമസഭാംഗങ്ങൾ ഒന്നടങ്കം രാജിവെച്ചിരുന്നെങ്കിൽ ആ ധാർമ്മിക ഔന്നത്യ പ്രകടനത്തിനു മുന്നിൽ ഉമ്മൻ ചാണ്ടി സർക്കാരിനു പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. (പാഠഭേദം, ജൂൺ 2015)