Thursday, June 26, 2014

നവോത്ഥാനമൂല്യങ്ങൾ സ്വാംശീകരിച്ച പത്രപ്രവർത്തകൻ

                                                                  എൻ. രാമചന്ദ്രൻ

ബി.ആർ.പി. ഭാസ്കർ

കേരളത്തിലെ ഇടതു പരിസരം രൂപപ്പെടുത്തിയ തലമുറയുടെ ഭാഗമായിരുന്നു അന്തരിച്ച കേരള കൌമുദി എഡിറ്റോറിയൽ അഡ്വൈസർ എൻ. രാമചന്ദ്രൻ. നന്നെ ചെറുപ്പത്തിൽ അദ്ദേഹം രാഷ്ട്രീയപ്രവർത്തനവും പത്രപ്രവർത്തനവും ആരംഭിച്ചു. രാഷ്ട്രീയരംഗത്ത് ഉയരാനുള്ള സാദ്ധ്യതയുണ്ടായിരുന്നിട്ടും അദ്ദേഹം അതു വേണ്ടെന്നുവെച്ച് പത്രപ്രവർത്തനത്തിൽ ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ ജീവിതം “പഴയ യോദ്ധാക്കൾ മരിക്കുന്നില്ല, അവർ മങ്ങിമറയുന്നു” എന്ന ഇംഗ്ലീഷ് ചൊല്ല് അന്വർത്ഥമാക്കുന്നു.
 
രാമചന്ദ്രനുമായുള്ള എന്റെ ബന്ധം വിദ്യാർത്ഥികാലത്ത് തുടങ്ങിയതാണ്. നിയമവിദ്യാർത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ ഞാൻ  ഇന്റർമീഡിയേറ്റ് വിദ്യാർത്ഥിയാണ്.  കുറച്ചു കാലം ഞങ്ങൾ ഒരേ ലോഡ്ജിലായിരുന്നു താമസം. ലോ കോളെജിലെ സഹപാഠിയും ഉറ്റമിത്രവുമായിരുന്ന പട്ടത്തുവിള കരുണാകരൻ ചന്ദ്രനെ – അങ്ങനെയാണ് സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് – കാണാൻ എന്നും അവിടെ എത്തിയിരുന്നു. മിക്ക ദിവസവും ഞാനും അവരുടെ സംഭാഷണങ്ങളിൽ പങ്ക് ചേരും. അത് എന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഒരു ദിവസം ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അടുത്തുള്ള ട്രെയ്‌ഡ് യൂണിയൻ ആപ്പീസിൽ നിന്ന് ഒരാൾ വന്ന് അടുത്ത ദിവസം തെരഞ്ഞെടുപ്പു നടക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ പോളിങ് ഏജന്റുമാരായി പ്രവർത്തിക്കാൻ ആളെ വേണമെന്ന് പറഞ്ഞു. ഞങ്ങൾ ഉടൻ തന്നെ സമ്മതം അറിയിച്ചു.

സംഭവം 1948ലാണ്. തിരുവിതാംകൂറിൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നു. പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. തിരുവിതാംകൂറിന് ഭരണഘടന ഉണ്ടാക്കുന്നതിനായി കോൺസ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിക്കുകയാണ് ലക്ഷ്യം.(പ്രത്യേക ഭരണഘടന എന്ന ആശയം പിന്നീട് ഉപേക്ഷിക്കപ്പെട്ടു.) സ്വാതന്ത്ര്യ സമരം നയിച്ച കക്ഷിയെന്ന നിലയിൽ കോൺഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എങ്കിലും ബൂർഷ്വാ കക്ഷിയായ കോൺഗ്രസിനെ എതിർക്കണമെന്ന് ഇടതുപക്ഷം തീരുമാനിച്ചു. ഇടതുപക്ഷമെന്നാൽ കേരളാ സോഷ്യലിസ്റ്റ് പാർട്ടിയും നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും. തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി ആകേണ്ട പട്ടം താണുപിള്ളക്കെതിരെ തിരുവനന്തപുരത്ത് മത്സരിച്ചത് കെ.എസ്.പി. നേതാവ് എൻ. ശ്രീകണ്ഠൻ നായർ. കൊല്ലത്ത് ആർ. ശങ്കറിനെതിരെ ടി.കെ. ദിവാകരൻ. കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.ആർ. ഇലങ്കത്തിന്റെ എതിരാളി കരുതൽ തടങ്കൽ നിയമപ്രകാരം ജയിലിൽ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരനായ കാട്ടായിക്കോണം ശ്രീധർ. കഴക്കൂട്ടത്തെ പോളിങ്ങിനു ശേഷം ദിവാകരനുവേണ്ടി പ്രവർത്തിക്കാൻ കൊല്ലത്തെക്കു പോയതോടെ ചന്ദ്രന്റെ നിയമപഠനം അവസാനിച്ചു.

എന്റെ അച്ഛൻ, എ.കെ. ഭാസ്കർ, കൊല്ലത്തുനിന്ന് നവഭാരതം എന്ന പേരിൽ ആരംഭിച്ച ദിനപത്രത്തിലാണ് രാമചന്ദ്രൻ പത്രപ്രവർത്തനം തുടങ്ങിയത്. ദീർഘകാലം മലയാളരാജ്യം പത്രത്തിൽ പ്രവർത്തിച്ചിരുന്ന എൻ. ബാപ്പുറാവുവും കേരള കൌമുദിയിൽ നിന്നു വന്ന കെ. കാർത്തികേയനുമായിരുന്നു മുഖ്യപത്രാധിപന്മാർ. ചന്ദ്രൻ ബാപ്പുറാവുവിന്റെ നേതൃത്വത്തിലുള്ള  ടീമിലായിരുന്നു. ആദ്യകാലപത്രപ്രവർത്തകർ സമൂഹികമൊ രാഷ്ട്രീയപരമൊ ആയ ദൌത്യത്തിന്റെ ഭാഗമായി ആ തൊഴിൽ മേഖല തെരഞ്ഞെടുത്തവരായിരുന്നു. അത്തരം പരിഗണനകൾ കൂടാതെ പത്രപ്രവർത്തകമായ വ്യക്തിയായിരുന്നു ബാപ്പുറാവു. ആ നിലയ്ക്ക് മലയാളത്തിലെ ആദ്യ പ്രൊഫഷനൽ പത്രാധിപർ എന്ന ബഹുമതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒഴിവു സമയങ്ങളിൽ നവഭാരതത്തിലെ പത്രപ്രവർത്തകർക്കൊപ്പം ധാരാളം സമയം ചെലവഴിച്ചിരുന്ന ഞാൻ ആദ്യഗുരുവായി കരുതുന്നത് അദ്ദേഹത്തെയാണ്.

ഇടതുപക്ഷ കക്ഷികളെ സംബന്ധിക്കുന്ന വാർത്തകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് നവഭാരതത്തിന്റെ താളുകളിലാണ്. അതിന്റെ പിന്നിൽ ഡസ്കിൽ പ്രവർത്തിച്ചിരുന്ന ചന്ദ്രൻ, റിപ്പോർട്ടർമാരായിരുന്ന ആർ. ലക്ഷ്മണൻ, എ.ആർ. കുട്ടി എന്നിവരുടെ  താല്പര്യം പ്രകടമായിരുന്നു.    

ആദ്യം കെ.എസ്.പി.യോടും പിന്നീട് അതു വിട്ട് ബംഗാളിലെ ആർ.എസ്.പി.യുമായി കൈകോർത്ത ശ്രീകണ്ഠൻ നായർ വിഭാഗത്തോടും ആഭിമുഖ്യം പുലർത്തിയിരുന്ന രാമചന്ദ്രൻ രാഷ്ട്രീയരംഗത്തും ട്രെയ്‌ഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. കെ.എസ്.പി. നേതാക്കൾ പതിവായി പ്രസംഗം ആരംഭിച്ചിരുന്നത് “ഞങ്ങൾ മാർക്സിന്റെ തത്വസംഹിതയിലും ലെനിന്റെ വിശദീകരണത്തിലും വിശ്വസിക്കുന്നു” എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. സ്റ്റാലിനിസത്തെ അംഗീകരിക്കാനാകാത്തതു കൊണ്ടാണ് തങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകാത്തതെന്ന് ആ പ്രസ്താവം വ്യക്തമാക്കി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആശയസമരത്തിൽ സ്റ്റാലിനെതിരെ ട്രോട്സ്കിക്കൊപ്പമായിരുന്നു അവർ. സ്റ്റാലിൻ ട്രോട്സ്കിയെ വർഗ്ഗവഞ്ചകനും കുലംകുത്തിയും പരനാറിയുമായൊക്കെ ചിത്രീകരിക്കുകയും അദ്ദേഹത്തിനെതിരെ കടുത്ത അവമതിപ്പ്  ഉണ്ടാക്കുകയും ചെയ്തതുകൊണ്ട് ട്രോട്സ്കിയൈറ്റുകളാണെന്ന് തുറന്നു പറയാൻ അവർ മടിച്ചു.

എ.ഡി. കോട്ടൺ മില്ലിലെ തൊഴിലാളി സമരത്തെ തുടർന്ന് ശ്രീകണ്ഠൻ നായർ ജയിലിലായപ്പോൾ അത് മുന്നോട്ടു കൊണ്ടുപോകുന്ന ചുമതല യൂണിയന്റെ ആക്ടിങ് പ്രസിഡന്റെന്ന നിലയിൽ രാമചന്ദ്രനിലായി. ചില അക്രമസംഭവങ്ങളെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതോടെ അദ്ദേഹം ഒളിവിൽ പോയി. തന്മൂലം നവഭാരതത്തിന്റെ പ്രസിദ്ധീകരണം കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ ചന്ദ്രൻ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം  പി.കെ.ബാലകൃഷ്ണൻ, സി.എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ അച്ഛൻ പത്രാധിപസമിതിയിൽ ഉൾപ്പെടുത്തി. അവരുടെ സാന്നിദ്ധ്യം സമാനചിന്താഗതിക്കാരായ ചിലരെ നവഭാരതം ആപ്പീസിലെ പതിവ് സന്ദർശകരാക്കി. തകഴി ശിവശങ്കരപ്പിള്ളയും അടൂർ ഭാസിയും അക്കൂട്ടത്തിൽ പെടുന്നു.

സി. കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായതോടെ രാഷ്ട്രീയ സാഹചര്യം മാറി. കോട്ടൺ മിൽ സമരം സംബന്ധിച്ച് അറസ്റ്റു ചെയ്തവരെ വെച്ചു പൊലീസ് അതിനകം കേസിലെ നടപടികൾ പൂർത്തിയാക്കിയിരുന്നു. രാമചന്ദ്രനെ പിടികൂടിയാൽ വീണ്ടും സാക്ഷികളെ ഹാജരാക്കി കേസ് നടത്തേണ്ടി വരുമെന്നതുകൊണ്ട് പൊലീസിന് അറസ്റ്റിൽ താല്പര്യമില്ലാതായി. ഈ സാഹചര്യത്തിൽ ഒളിവു ജീവിതം അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കാൻ അച്ചൻ നിർദ്ദേശിച്ചു.
നവഭാരതത്തിന്റെ പ്രസിദ്ധീകരണം നിലച്ചശേഷം കേരളകൌമുദിയിലെത്തിയ രാമചന്ദ്രൻ 62 കൊല്ലത്തെ സേവനത്തിനിടയിൽ അവിടെ മുഖപ്രസംഗം എഴുത്തുകാരനും റസിഡന്റ് എഡിറ്ററും എഡിറ്റോറിയൽ അഡ്വൈസറുമായി. പത്രത്തിന്റെ  ദീർഘകാല വായനക്കാരുടെ മനസുകളിൽ സ്ഥാപക പത്രാധിപർ കെ.  സുകുമാരനും എം.എസ്. മണിക്കുമൊപ്പം രാമചന്ദ്രൻ സ്ഥാനം പിടിച്ചു. രാഷ്ട്രീയ നിയോഗങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം രണ്ട് തവണ -- ആർ.എസ്.പിയിൽ സഹപ്രവർത്തകനായിരുന്ന ടി.കെ. ദിവാകരൻ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കാനും പി. എസ്.സി. അംഗമായി സേവനമനുഷ്ടിക്കാനും -- താൽക്കാലികമായി പത്രപ്രവർത്തനം വിടുകയുണ്ടായി. രണ്ട് തവണയും പത്രപ്രവർത്തനമാണ് തന്റെ മണ്ഡലമെന്ന തിരിച്ചറിവ് അദ്ദേഹത്തെ തിരിച്ചെത്തിച്ചു. കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള കൌമുദി വാരികയിൽ എഴുതിയിരുന്ന പംക്തിയിലൂടെ നേരത്തെ തന്നെ അദ്ദേഹം പക്വമതിയും സൂക്ഷ്മദൃക്കുമായ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് കൊല്ലത്തു നിന്നുള്ള കേരളശബ്ദം വാരികയിലും അദ്ദേഹം പംക്തികാരനായി. ആശയങ്ങളുടെ ലോകത്ത് വ്യാപരിച്ച  പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. ചിന്തയിലെ കൃത്യതയും സരളതയും അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളിലും പംക്തികളിലും പ്രതിഫലിച്ചു. ആരെയും മുറിവേല്പിക്കാതെ തന്നെ നിശിതമായി വിമർശിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

വ്യക്തിയെന്ന നിലയിലും പത്രപ്രവർത്തകനെന്ന നിലയിലും എൻ. രാമചന്ദ്രനിൽ നിറഞ്ഞു നിന്ന നന്മകളുടെ ഉറവിടം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നവോത്ഥാന മൂല്യങ്ങളാണ്. അദ്ദേഹത്തിന്റെ അച്ഛൻ പി.ആർ. നാരായണനും അമ്മ പി.ആർ. മന്ദാകിനിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരായിരുന്നു. പി.ആർ. നാരായണൻ ടി.കെ. മാധവനോടൊപ്പം ദേശാഭിമാനിയിലും സി.വി. കുഞ്ഞുരാമനോടൊപ്പം കൌമുദിയിലും പ്രവർത്തിച്ചിരുന്നു. പി.ആർ. മന്ദാകിനി സ്ത്രീകൾക്കുവേണ്ടിയുള്ള സഹോദരി എന്ന മാസികയുടെ പത്രാധിപയായിരുന്നു. നവോത്ഥാനമൂല്യങ്ങൾ സ്വാംശീകരിക്കുകയും അവയെ രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലേക്ക് സംക്രമിപ്പിക്കാൻ യത്നിക്കുകയും ചെയ്ത നിരവധി പേർ ആ ഘട്ടത്തിൽ വിവിധ മണ്ഡലങ്ങളിൽ ഉയർന്നു വന്നിരുന്നു. ആ ജനുസിൽ പെട്ട അവസാന കണ്ണികളിലെന്നാണ് രാമചന്ദ്രന്റെ ചരമത്തോടെ ഇല്ലാതായിരിക്കുന്നത്. (കലാകൌമുദി, ജൂൺ 22, 2014)

Tuesday, June 10, 2014

ഏകകക്ഷിഭരണവും ഇന്ത്യയുടെ ഭാവിയും

ബി.ആർ.പി. ഭാസ്കർ
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. നരേന്ദ്ര മോഡുയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരം നേടിയിരിക്കിന്നു. പത്തു കൊല്ലമായി കേന്ദ്രം ഭരിക്കുന്ന, കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ്  പ്രോഗ്രസീവ് അലയൻസ് (യു.പി.എ) സർക്കാരിനെ അഴിമതിയും കെടുകാര്യസ്ഥതയും വീഴ്ത്തുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രേരണയിൽ ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ മോഡിയുടെ വൻ വിജയം ആ പാർട്ടിയും അദ്ദേഹവും പ്രതീക്ഷിച്ചതിനേക്കാൾ വലുതായി.

കോൺഗ്രസ് ക്ഷയിക്കുകയും രാജ്യമൊട്ടുക്ക് വേരോട്ടമുള്ള മറ്റൊരു കക്ഷി ഉയർന്നു വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒറ്റക്കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന ധാരണയിലായിരുന്നു എല്ലാവരും. ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയും എൻ.ഡി.എ ഏറ്റവും വലിയ മുന്നണിയും ആകുന്ന സാഹചര്യം പലരും മുന്നിൽ കണ്ടു.  തൂക്കു സഭയാകും ഉണ്ടാവുകയെന്നും അധികാരം നേടാൻ ബി.ജെ.പിക്ക് കൂടുതൽ കക്ഷികളുടെ പിന്തുണ തേടേണ്ടി വരുമെന്നാണ് അവർ കരുതിയത്. അങ്ങനെ വരുമ്പോൾ സഖ്യകക്ഷികളുടെ നിർബന്ധത്തിനു വഴങ്ങി മോഡിയെ തഴഞ്ഞ് സർക്കാരിനെ നയിക്കാൻ മറ്റൊരു നേതാവിനെ കണ്ടെത്താൻ ബി.ജെ.പി. നിർബന്ധിതമാകുമെന്ന് ആ പാർട്ടിയുടെ ചില നേതാക്കൾ പോലും വിശ്വസിച്ചു.

കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നെങ്കിലും അതിന്റെ നേതാക്കളും പ്രതീക്ഷ കൈവിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകൾക്കു ശേഷവും സംഭവിച്ചതുപോലെ ബി.ജെ.പി. അധികാരത്തിൽ വരുന്നത് തടയാൻ മതനിരപേക്ഷ നിലപാടുള്ള ചെറു ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും വീണ്ടും തങ്ങളെ പിന്തുണക്കുമെന്ന് അവർ വിശ്വസിച്ചു. ആ കക്ഷികളിൽ പലതിന്റെയും നേതാക്കളാകട്ടെ തങ്ങളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി സർക്കാരുണ്ടാക്കുന്നത് സ്വപ്നം കാണുകയായിരുന്നു. സ്വന്തം സംസ്ഥാനങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയാൽ മൂന്നാം മുന്നണി സർക്കാരിന്റെ നേതൃത്വം അവകാശപ്പെടാൻ കഴിയുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമിഴ് നാട് മുഖ്യമന്ത്രി ജെ. ജയലളിതയും ഒഡിഷാ മുഖ്യമന്തി നവീൻ പട്നായിക്കുമൊക്കെ കണക്കു കൂട്ടി. അവരുടെ കക്ഷികളായ തൃണമൂൽ കോൺഗ്രസും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും ബിജു ജനതാ ദളും നേരത്തെ ബി.ജെ.പി.യുമായി സഖ്യത്തിലേർപ്പെട്ടിടുള്ളവരാണ്. ഇത്തവണ അതിനോടൊപ്പം പോകാൻ അവർ കൂട്ടാക്കിയില്ല. പകരം ഒറ്റക്ക് മത്സരിച്ച് പരമാവധി സീറ്റുകൾ നേടാൻ അവർ ശ്രമിച്ചു, അതിൽ അവർ വിജയിക്കുകയും ചെയ്തു. ബി.ജെ.പിക്ക്  ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നൽകിക്കൊണ്ട് വോട്ടർമാർ എല്ലാ‍വരുടെയും കണക്കുകൂട്ടൽ തെറ്റിച്ചു.

നിരവധി കോടി വോട്ടർമാരുള്ള രാജ്യമാണിത്. മറ്റൊരു ജനാധിപത്യ രാജ്യത്തിലുമില്ലാത്ത വൈവിധ്യവുമുണ്ടിവിടെ. ഈ വൈവിധ്യങ്ങളുടെ പ്രതിഫലനം തെരഞ്ഞെടുപ്പു ഫലങ്ങളിൽ സ്വാഭാവികമായും പ്രതീക്ഷിക്കാം. എന്നാൽ ഓരോ പാർലമെന്റ് തെരഞ്ഞെടുപ്പു ഫലവും സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഒരു പൊതുമനസ് കൃത്യമായി കണക്കുകൂട്ടി തീരുമാനമെടുത്തതുപോലെ തോന്നും. എന്നു മാത്രമല്ല നിലവിലുള്ള സാഹചര്യത്തിൽ വിവേകശാലിയായ ഒരു പൌരൻ എടുക്കാവുന്ന തീരുമാനമാണ് അതിൽ പ്രതിഫലിക്കുന്നതെന്നും കാണാം. അടിയന്തിരാവസ്ഥാ ഭരണകൂടത്തിന് ജനങ്ങളുടെ അംഗീകാരം നേടാൻ ഇന്ദിരാ ഗാന്ധി 1977ൽ തെരഞ്ഞെടുപ്പു നടത്തിയപ്പോൾ വ്യത്യസ്ത കക്ഷികൾ പെട്ടെന്ന് തല്ലിക്കൂട്ടിയ ജനതാ പാർട്ടിയായിരുന്നു പ്രധാന എതിർകക്ഷി. അതിനെ ജനങ്ങൾ മടികൂടാതെ അധികാരത്തിലേറ്റി. അടിയന്തിരാവസ്ഥ അവസാനിക്കുമെന്ന് ഉറപ്പു വരുത്താൻ ഉത്തർ പ്രദേശിലെ രണ്ട് ഗ്രാമീണ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും തോല്പിച്ചു. ജനതാ പാർട്ടി നേതാക്കൾ അടിച്ചു പിരിഞ്ഞതിനെ തുടർന്ന് മൂന്നു കൊല്ലത്തിൽ വീണ്ടും ഒരു സർക്കാരിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വോട്ടർമാർ ഇന്ദിരാ ഗാന്ധിയെ തിരിച്ചു വിളിച്ചു. .

ഇത്തരത്തിൽ മുൻ‌കൂട്ടി നിശ്ചയിച്ചതെന്ന പ്രതീതി നൽകുന്നതായിരുന്നു 1998ലെയും 1999ലെയും തെരഞ്ഞെടുപ്പുഫലങ്ങളും. കോൺഗ്രസിന് 25.82 ശതമാനം വോട്ടും ബി.ജെ.പിക്ക് 25.59 ശതമാനം വോട്ടുമാണ് 1998ൽ ലഭിച്ചത്. വോട്ടുവിഹിതം കാൽ ശതമാനം കുറവായിരുന്നിട്ടും ബി.ജെ.പി. 182 സീറ്റോടെ ആദ്യമായി ലോക് സഭയിലെ ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസിന് കിട്ടിയത് 141 സീറ്റ് മാത്രം. ബി.ജെ.പി. ഉണ്ടാക്കിയ കൂട്ടുമന്ത്രിസഭ വേഗം നിലം‌പതിച്ചു. അടുത്ത കൊല്ലം വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. പുതിയ സഖ്യകക്ഷികൾക്ക് മത്സരിക്കാനായി ബി.ജെ.പി. കുറെ സീറ്റുകൾ വിട്ടുകൊടുത്തു. മത്സരിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞതുകൊണ്ട്  ബി.ജെ.പിയുടെ വോട്ടുവിഹിതം 23.79 ശതമാനമായി കുറഞ്ഞു. പക്ഷെ സീറ്റിന്റെ എണ്ണം പഴയതുപോലെ 182. കോൺഗ്രസിന്റെ വോട്ടുവിഹിതം കൂടിയെങ്കിലും സീറ്റുകൾ 114 ആയി കുറഞ്ഞു.. ബി.ജെ.പിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട പുതിയ എൻ.ഡി.എ സർക്കാരിന്  അഞ്ചു കൊല്ലത്തെ കാലാവധി പൂർത്തിയാക്കാനായി.

ആ രണ്ട് തെരഞ്ഞെടുപ്പുഫലങ്ങളും ബി.ജെ.പിക്കല്ലാതെ മറ്റൊരു കക്ഷിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകുന്നതായിരുന്നില്ല. അതിനുശേഷം സാഹചര്യം മാറി. കോൺഗ്രസ് 2004ലെ തെരഞ്ഞെടുപ്പിൽ 145 സീറ്റോടെ വീണ്ടും ഏറ്റവും വലിയ കക്ഷിയായി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സീറ്റുകൾ 37ൽ നിന്ന് 53 ആയി ഉയർന്നു. ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാൻ ഇടതുപക്ഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിനെ പുറത്തു നിന്ന് പിന്തുണക്കാൻ തയ്യാറായി. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് അമേരിക്കയുമായുണ്ടാക്കിയ ആണവ കരാരിൽ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിൻ‌വലിച്ചു. വീണ്ടും തെരഞ്ഞെടുപ്പു നടന്നപ്പോൾ ഇടതു കക്ഷികളുടെ പിന്തുണ കൂടാതെ തന്നെ യു.പി.എക്ക് അധികാരത്തിൽ തുടരാൻ കഴിയുന്ന തരത്തിലുള്ള ജനവിധിയുണ്ടായി.

മുൻ തെരഞ്ഞെടുപ്പുകളിൽ പ്രകടമായ തരത്തിലുള്ള അനിവാര്യത ഇത്തവണത്തെ തെരഞ്ഞെടുപ്പുഫലത്തിലുമുണ്ട്. ബി.ജെ.പി. അല്ലാതെ മറ്റൊരു കക്ഷിയെ സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കാൻ ഈ ജനവിധി അനുവദിക്കുന്നില്ല. മോഡിക്ക് പ്രധാനമന്ത്രിയാകാൻ പുതിയ സഖ്യകക്ഷികൾ ആവശ്യമില്ലെന്നു തന്നെയല്ല ഇപ്പോൾ കൂടെയുള്ളവരുടെ സമ്മർദ്ദത്തിനു വഴങ്ങേണ്ടതുമില്ല. ഇത് സ്ഥിരതയുള്ള ഭരണം കാഴ്ച വെക്കാനുള്ള അവസരം സൃഷ്ടിച്ചിരിക്കുന്നു.

എൻ.ഡി.എ. സർക്കാരിനെ 1998-2004 കാലത്ത് നയിച്ച അടൽ ബിഹാരി വാജ്പേയിയിൽ നിന്നും വ്യത്യസതനാണ് നരേന്ദ്ര മോഡി എന്ന വിലയിരുത്തലാണ് മോഡിയുടെ വരവിനെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുള്ളത്. ഗുജറാത്ത് കലാപം അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയ മോഡി ‘രാജധർമ്മം‘ പാലിച്ചില്ലെന്ന അഭിപ്രായം വാജ്പേയിക്കുണ്ടായിരുന്നു. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാരിൽ വിദേശകാര്യ മന്ത്രിയായപ്പോൾ മന്ത്രി അല്ലാതെ മറ്റൊന്നും മാറിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഭരണത്തുടർച്ച നിലനിർത്തുമെന്ന സന്ദേശം വാജ്പേയി നൽകിയിരുന്നു. അതേസമയം ഒരു വലിയ മാറ്റം അദ്ദേഹം വരുത്തി. അത് ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതാണ്. ഇന്ത്യ ഇസ്രായേലിന് നേരത്തെ അംഗീകാരം നൽകിയിരുന്നെങ്കിലും പശ്ചിമ ഏഷ്യൻ രാജ്യങ്ങളുടെ വികാരം മാനിച്ച് നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നില്ല. പ്രമുഖ മുസ്ലിം രാജ്യമായ ഈജിപ്ത് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചശേഷവും ഇന്ത്യ വിട്ടു നിന്നു. അവിടെ വാജ്പേയി ഒരു തിരുത്തൽ നടത്തിയെന്ന് കരുതിയാൽ മതി. പ്രധാനമന്ത്രിയെന്ന നിലയിൽ വാജ്പേയി എടുത്ത ഒരു സുപ്രധാന തീരുമാനം ആണവ ബോംബ് പരീക്ഷണമാണ്. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നതുകൊണ്ടാണ്  അധികാരമേറ്റ് ദിവ്സങ്ങൾക്കുള്ളിൽ പരീക്ഷണം നടത്താൻ അദ്ദേഹത്തിന്റെ സർക്കാരിനായത്. ഈ നടപടികളേക്കാളൊക്കെ പ്രാധാന്യമർഹിക്കുന്നതാണ്  വലിയ ഒച്ചപ്പാടുണ്ടാക്കാതെ സർക്കാർ അക്കാലത്ത് എടുത്ത ചില നടപടികൾ. ഹിന്ദുത്വ താല്പര്യങ്ങൾക്കനുസൃതമായി സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കപ്പെട്ടു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ നുഴഞ്ഞു കയറ്റമുണ്ടായി.

തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോഡി വികസനത്തെ കുറിച്ച് നിരന്തരം സംസാരിച്ചെങ്കിലും ബി.ജെ.പി.യുടെ പ്രചാരണത്തിൽ സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയിൽ പെടുന്ന വിഷയങ്ങളും ഉയർന്നു വന്നിരുന്നു. വികസനം ന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാനുള്ള മോഡി പദ്ധതി സമവായത്തിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ബി.ജെ.പി. പ്രകടന പത്രികയിൽ എഴുതിച്ചേർത്തിട്ടുള്ള ഹിന്ദുത്വ അജണ്ട, പ്രത്യേകിച്ചും ബാബ്രി മസ്‌ജിദ് നിന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമ്മിക്കാനുള്ള പരിപാടി, വർഗ്ഗീയ വിഭജനം ശക്തിപ്പെടുത്തുന്നതാണ്. ഈ വൈപരീത്യം മോഡി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

ബി.ജെ.പീയെക്കൊണ്ട് മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിപ്പിക്കാൻ ആർ. എസ്.എസിന് കുറച്ചു പാടുപെടേണ്ടി വന്നിരുന്നു. ഗോവയിൽ ചേർന്ന പാർട്ടി യോഗത്തിൽ വെച്ച് തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുമെന്ന അറിയിപ്പു മാത്രമെ അന്നുണ്ടായുള്ളു. ഇപ്പോൾ സജീവമായി രംഗത്തുള്ള ഏറ്റവും മുതിർന്ന നേതാവായ ലാൽ കിഷൻ അദ്വാനിയുടെയും ലോക് സഭയിലെ പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജിന്റെയും അസംതൃപ്തി അവഗണിച്ചുകൊണ്ടാണ് ഒടുവിൽ പാർട്ടി സംഘ പരിവാർ നിർദ്ദേശം അംഗീകരിച്ചത്. മോഡി കടന്നു വന്നില്ലെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാവുന്നവരെന്ന നിലയിലാണ് അവരുടെ എതിർപ്പിനെ കാണേണ്ടത്. അതിനെ ഗുജറാത്ത് കലാപം സംബന്ധിച്ച് മോഡി കേട്ട പഴിയുമായി ബന്ധിപ്പിക്കേണ്ടതില്ല.

മോഡിയുടെ പ്രധാനമന്ത്രിപദ സ്ഥാനാർത്ഥിത്വത്തോടുള്ള മതനിരപേക്ഷ സമൂഹത്തിന്റെ പ്രതികരണം ആദ്യമായി വാക്കുകളിൽ പ്രകടിപ്പിച്ചത് പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു.ആർ. അനന്തമൂർത്തി ആണ്. മോദി ഭരിക്കുന്ന രാജ്യത്ത് ജീവിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.  അത് അക്ഷരാർത്ഥത്തിൽ എടുക്കേണ്ട പ്രസ്താവമായിരുന്നില്ല. അദ്ദേഹം മോഡിയുടെ വരവിനോടുള്ള എതിർപ്പ് ശക്തമായി പ്രകടിപ്പിച്ചുവെന്നു മാത്രം. പിന്നീട് ബംഗ്ലൂരുവിൽ പ്രമുഖ ബി.ജെ.പി. നേതാവായ അനന്ത കുമാറിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച നന്ദൻ നിലക്കെനിക്കു വേണ്ടി അനന്തമൂർത്തി വീടുകൾ കയറിയിറങ്ങി. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം അങ്ങനെ തന്റെ എതിർപ്പ് പ്രായോഗികതലത്തിലും പ്രകടിപ്പിച്ചു.  മോഡിയുടെ വരവ് ആപത്കരമാണെന്ന് കരുതുന്ന സാംസ്കാരിക നായകന്മാർ രാജ്യത്ത് വേറെയുമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെപ്പോലെ അത് തടയുവാൻ അവശതകൾ മറന്നുകൊണ്ട് പ്രവർത്തിച്ചവർ ഏറെയുണ്ടാകില്ല. 

തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സംഘ പരിവാർ അനുകൂലികൾ ബംഗ്ലൂരുവിൽ നിന്ന് കൊളൊംബൊ വഴി പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് അനന്തമൂർത്തിക്ക് അയച്ചു കൊടുത്തു. അദ്ദേഹത്തിനു പോകാൻ അവർ തെരഞ്ഞെടുത്ത സ്ഥലം അവരുടെ മനസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

മോഡിയുടെ സ്ഥാനാർത്ഥിത്വം ഉയർത്തുന്ന എതിർപ്പുകളെ മറികടക്കാനാകുമെന്ന സംഘ പരിവാർ കണക്കുകൂട്ടൽ ശരിയായിരുന്നെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. ഗുജറാത്ത് കലാപത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്ന്  അനുയായികൾ അവകാശപ്പെടുന്നുണ്ട്. ഇത് പൂർണ്ണമായും ശരിയല്ല. അയോദ്ധ്യയിൽ നിന്ന് മടങ്ങുന്ന കർസേവകർ യാത്ര ചെയ്തിരുന്ന റയിൽ കോച്ച്  ഗോധ്ര സ്റ്റേഷനിൽ വെച്ചു തീയിടപ്പെട്ടതിനെ തുടർന്ന് പലയിടത്തും മുസ്ലിങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ സമയം നൽകണമെന്ന് മോദി പറഞ്ഞെന്ന് ഡി.ജി.പി. തലം വരെയെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥനായ ആർ.ബി. ശ്രീകുമാർ ഒരു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ നിന്ന് ആരോപണങ്ങൾ ഉയർന്നെങ്കിലും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല അന്വേഷണ സംഘം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്ന നിഗമനത്തിലാണെത്തിയത്.  എന്നാൽ ആ സംഘത്തിന്റെ റിപ്പോർട്ടിനെ ആധാരമാക്കിത്തന്നെ പ്രോസിക്യൂട്ടു ചെയ്യാനുള്ള തെളിവുണ്ടെന്ന് കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ അഭിപ്രായപ്പെട്ടിരുന്നു.  

മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽ‌വാദ് മുതലായവർ വർഷങ്ങളായി നടത്തിയ ഇടപെടലിന്റെ ഫലമായി ഗുജറാത്ത് പൊലീസ് ഫലപ്രദമായി അന്വേഷിക്കാതിരുന്ന പല സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിക്കുകയും ഏതാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി ശിക്ഷിക്കപ്പെട്ടവരിൽ മോഡിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കൊഡ്‌നാനി എന്ന സ്ത്രീയും ബജ്രങ് ദൾ പോലുള്ള സംഘ പരിവാർ സംഘടനകളിലെ ചില പ്രമുഖരും ഉൾപ്പെടുന്നു. ടെഹൽക, കോബ്രാ പോസ്റ്റ് എന്നീ അന്വേഷണാത്മക മാധ്യമങ്ങൾ കലാപത്തിൽ സംഘ പരിവാർ വഹിച്ച പങ്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുമുണ്ട്. ഇതൊന്നും ഗുജറാത്തിലെ ജനങ്ങളെ ബി.ജെ.പിയെയും മോദിയെയും കുറിച്ച് പുനർചിന്തനത്തിന് പ്രേരിപ്പിച്ചിട്ടില്ല. രാജ്യമൊട്ടുക്കുള്ള ഒരു വലിയ വിഭാഗം ജനങ്ങളും ഇതെല്ലാം അവഗണിക്കാൻ തയ്യാറാണെന്ന് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.

കുറ്റാരോപണമുണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും ജനങ്ങളുടെ കോടതിയെ സമീപിക്കുമെന്നുമൊക്കെ രാഷ്ട്രീയ നേതാക്കൾ പതിവായി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരു കുറ്റകൃത്യവും കഴുകിക്കളയാനാവില്ല. അതേസമയം വിചാരണയിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരിൽ  തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാനുമാകില്ല.

തെരഞ്ഞെടുപ്പിനു മുമ്പു തന്നെ നരേന്ദ്ര മോഡിയുടെ വിജയസാദ്ധ്യത കണക്കിലെടുത്ത് അദ്ദേഹത്തോടുള്ള എതിർപ്പിന്റെ തീവ്രത കുറയ്ക്കാൻ പലരും തയ്യാറായി. കാൽ നൂറ്റാണ്ടു മുമ്പ് രാജീവ് ഗാന്ധി നൽകിയ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ലോക് സഭാംഗമായ പ്രമുഖ പത്രാധിപർ എം.ജെ. അൿബർ ബി.ജെ.പിയിൽ ചേർന്നുകൊണ്ട് വീണ്ടും രാഷ്ട്രീയത്തിലിറങ്ങി. പാർട്ടി അദ്ദേഹത്തെ അതിന്റെ വക്താവായി നിയമിക്കുകയും ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ മോഡി വലിയ ചേരിതിരിവ് ഉണ്ടാക്കിയിരുന്നു. ഗുജറാത്തികളടങ്ങുന്ന ഒരു സംഘം മോഡിയെ പ്രഭാഷണം നടത്താൻ ക്ഷണിച്ചപ്പോൾ മറ്റൊരു വിഭാഗം ഇന്ത്യാക്കാർ വംശഹത്യയുടെ പേരിൽ എതിർത്തതിനെ തുടർന്ന് അമേരിക്കൻ സർക്കാർ അദ്ദേഹത്തിന് സന്ദർശന വിസ നിഷേധിക്കുകയുണ്ടായി. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനെന്ന നിലയിൽ അമേരിക്ക അദ്ദേഹത്തോടുള്ള സമീപനം മാറ്റാൻ ഇപ്പോൾ നിർബന്ധിതമായിരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സർവകലാശാല പ്രൊഫസറുമായ ജഗദീശ് ഭഗവതി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിൿസ് മുൻഡയറക്ടറും ബ്രിട്ടീഷ് ലേബർ പാർട്ടി മുൻ ചെയർമാനുമായ മേഘ്നാഥ് ദേശായ് പ്രഭു എന്നിവർ മോദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വിദേശീയ ഇന്ത്യാക്കാരിൽ പെടുന്നു . ഇരുവരും ഗുജറാത്തികളാണ്.

മോഡി പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് എന്തെല്ലാം ഭയാശങ്കകളുണ്ടെങ്കിലും ലോക് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ അധികാര പ്രവേശം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ള ഭൂരിപക്ഷത്തിന് പരിമിതികളുണ്ട്. പ്രകടനപത്രികയിൽ പാർട്ടി ആവർത്തിച്ചിട്ടുള്ള പൊതു സിവിൽ നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ പരിപാടികൾ നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനാകട്ടെ പാർലമെന്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ പാസാക്കണം. അതിനുള്ള അംഗബലം ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമില്ല. ലോക് സഭയിൽ വലിയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യ സഭയിൽ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ സാധാരണ നിയമനിർമ്മാണത്തിനു പോലും ബി.ജെ.പിക്ക് എൻ.ഡി.എക്കു പുറത്തുള്ള കക്ഷികളുടെ സഹായം ആവശ്യമാണ്. കേവലം 31 ശതമാനം ജനങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി. ലോക് സഭയിൽ ഭൂരിപക്ഷം നേടിയിട്ടുള്ളത്. ഇത്ര കുറഞ്ഞ വോട്ടുവിഹിതത്തോടെ ഒരു കക്ഷിക്ക് ഇതിനുമുമ്പ് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. രാജ്യത്തെ വോട്ടർമാരിൽ മൂന്നിൽ രണ്ടോളം വോട്ടു ചെയ്തത് എൻ.ഡി.എ സഖ്യത്തിനു പുറത്തുള്ള കക്ഷികൾക്കാണെന്ന വസ്തുത മോദിക്ക് കണക്കിലെടുക്കേണ്ടി വരും.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിയമാനുസൃതമല്ലാത്ത നടപടികളുണ്ടാകുന്ന സാഹചര്യങ്ങൾ മറ്റ് കക്ഷികളുടെ ഭരണത്തിലും നാം നേരിട്ടിട്ടുള്ളതാണ്. ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള സംഘടനകൾ നിയമം കയ്യിലെടുക്കുകയാണെങ്കിൽ  അതിനേക്കാൾ ഭയാനകമായ അവസ്ഥ സംജാതമാകും. കർണ്ണാടകത്തിൽ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്നതിനിടയിൽ ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടെന്ന വാർത്തയെ ആപത്‌സൂചനയായി കാണേണ്ടതാണ്.  നമ്മുടെ ഭരണഘടനാ സംവിധാനം പരസ്പരം നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡിഷ്യറി എന്നിവ വിഭാവന ചെയ്യുന്ന ഒന്നാണ്. .അത് ഫലപ്രമായി പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായെന്നുമിരിക്കും. അപ്പോൾ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ അതിനെ ചെറുക്കുകയാണ് നമുക്ക് ചെയ്യാനാകുന്നത്. സന്ദർഭം ആവശ്യപ്പെടുമ്പോൾ സ്വാതന്ത്ര്യത്തിന്റെ വില കൊടുക്കാൻ തയ്യാറാണെങ്കിൽ മാത്രമെ സ്വാതന്ത്ര്യം നിലനിർത്താനാകൂ.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 1, 2014)

Sunday, June 8, 2014

മന്ത്രി മഞ്ഞളാംകുഴി അലിക്ക് ഒരു തുറന്ന കത്ത്



ജൂൺ 8, 2014

ബഹു. മഞ്ഞളാംകുഴി അലി,
നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി

പ്രിയപ്പെട്ട മന്ത്രി അലി,

ഇന്നത്തെ മാധ്യമം ദിനപത്രത്തിൽ “അനാഥരുടെ കഞ്ഞിയിൽ മണ്ണിടരുത്“ എന്ന ശീർഷകത്തിൽ താങ്കൾ എഴുതിയിട്ടുള്ള ലേഖനം എന്നെ അത്ഭുതപ്പെടുത്തി. ജനങ്ങളുടെ കണ്ണിൽ മണ്ണിടരുത് എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത്.

മതിയായ രേഖകളില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതിൽ ശരികേടുണ്ടെന്ന് സമ്മതിക്കാൻ താങ്കൾ തയ്യാറായതിൽ സന്തോഷമുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ താല്പര്യമുള്ളതുകൊണ്ടാകണം ആ ശരികേടുകൾ കുറ്റകൃത്യങ്ങളാണെന്ന വസ്തുത അംഗീകരിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടുള്ളത്.

രേഖകൾ കൈവശപ്പെടുത്താനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ മനസിലാക്കണമെന്ന് താങ്കൾ ആവശ്യപ്പെടുന്നു. ആ പ്രായോഗികബുദ്ധിമുട്ടുകൾ പരിഹരിച്ച രീതി മനസിലാക്കാൻ താങ്കളും ശ്രമിക്കണം. വ്യാജ സർട്ടിഫിക്കറ്റുകളിലൂടെയാണ് അവ പരിഹരിക്കപ്പെട്ടത്. അതിന്റെ ഉത്തരവാദിത്വം കുട്ടികൾക്കൊ രക്ഷിതാക്കൾക്കൊ അല്ല. അത്തരം  രേഖകൾ ചമയ്ക്കാനുള്ള അറിവും കുബുദ്ധിയുമുള്ളവരല്ല അവർ. അത് ചെയ്തത് ഇടനിലക്കാരാകണം. ഒറ്റനോട്ടത്തിൽ തന്നെ വ്യാജമെന്ന് മനസിലാക്കാനാകുന്ന രേഖകളായിരുന്നു പലതുമെന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ള വിവരത്തിൽ നിന്ന് വ്യക്തമാണ്. അക്ഷരാഭ്യാസവും സാമൂഹികമായ അറിവുകളുമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും അച്ഛനമ്മമാരും വ്യാജരേഖ എന്തെന്നും അതെങ്ങനെ തിരിച്ചറിയാമെന്നും അറിവുള്ളവരാകില്ല. പക്ഷെ ഇടനിലക്കാർ ആ അറിവുള്ളവരാണ്. 

രേഖകൾ സ്വീകരിച്ച അനാഥാലയ നടത്തിപ്പുകാർ അക്ഷരാഭ്യാസവും സാമൂഹികമായ അറിവുകളും ഉള്ളവരാണല്ലൊ. അവർക്ക് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിയാനായില്ലെന്ന് വിശ്വസിക്കുവാൻ മാത്രം സാധുവും ബുദ്ധിഹീനനുമാണ് താങ്കളെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ ചില അനാഥാലായങ്ങൾക്ക് പണം നൽകിയത്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ഒരു അനാഥാലായ പ്രതിനിധി തങ്ങൾ അപേക്ഷ നൽകിയിട്ടല്ല സർക്കാർ ഗ്രാന്റ് നൽകിയതെന്ന് പറയുകയുണ്ടായി. അപേക്ഷ കൂടതെ അനാഥാലയ നടത്തിപ്പുകാരെ വിളിച്ചു വരുത്തി കാശു കൊടുക്കുന്ന പതിവും സർക്കാരിനുണ്ടോ? അതൊ ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ ആ മനുഷ്യൻ കള്ളം പറയുകയായിരുന്നോ? അങ്ങനെയാണെങ്കിൽ അത് അനാഥാലയ നടത്തിപ്പുകാരുടെ സത്യസന്ധതെയെക്കുറിച്ച് സംശയങ്ങളുയർത്തുന്നു.

കേരളത്തിലെപ്പോലെ കാര്യക്ഷമമായി രാജ്യത്തെങ്ങും യത്തീംഖാനകൾ പ്രവർത്തിക്കുന്നില്ല എന്ന് താങ്കൾ പറയുന്നു. ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രശ്നം അവയുടെ കാര്യക്ഷമതയല്ല, സത്യസന്ധതയാണ്. അവ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നാണറിയേണ്ടത്. അക്കാര്യത്തിൽ മൌനം പാലിച്ചുകൊണ്ട് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് താങ്കൾ ശ്രമിക്കുന്നത്. അതിനായി താങ്കൾ മുസ്ലീം സ്ഥാപനങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിന്റെ അടിസ്ഥാനം വർഗ്ഗീയതയാണെന്ന ദു:സൂചനയും നൽകുന്നു. മന്ത്രിയായ താങ്കൾ മതപരമായ പുകമറ സൃഷ്ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലനീയമാണ്.

യത്തീംഖാനകൾ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ ഒരു നല്ല കാര്യവും നല്ലതല്ലാത്ത കാര്യങ്ങൾ ചെയ്യാനുള്ള അവകാശം നൽകുന്നില്ലെന്ന് താങ്കൾ മനസിലാക്കണം. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരികതന്നെവേണം. ന്യൂനപക്ഷക്ഷേമത്തിനായുള്ള താങ്കളുടെ ശ്രമങ്ങൾ നേരായ വഴികളിലൂടെയാകട്ടെ.

ബി.ആർ.പി. ഭാസ്കർ

മന്ത്രി മഞ്ഞളാംകുഴി അലിയുടെ ലേഖനം ഇവിടെ വായിക്കാം

Tuesday, May 27, 2014

കശ്മീർ: അവകാശനിഷേധങ്ങളുടെ നീണ്ട ചരിത്രം

ബി.ആർ.പി. ഭാസ്കർ

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രദേശമാണ് കശ്മീർ. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ് എന്ന് കശ്മീർ കണ്ടപ്പോൾ ഒരു മുഗൾ ചക്രവർത്തി പറഞ്ഞത്രെ. കശ്മീരികളും അങ്ങനെ വിശ്വസിക്കുന്നവരാണ്. എന്നാൽ ചരിത്രവും ഭൂമിശാസ്ത്രവും അവരോട് കരുണ കാട്ടിയിട്ടില്ല. പല രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങൾ അപ്പുറത്തൊ ഇപ്പുറത്തൊ ആകാവുന്നവയാണ്. അവിടെ അപ്പുറത്താകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. അവരിൽ ചിലർ അതിനായി പരിശ്രമിക്കുന്നുമുണ്ടാകാം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അവരുടെ ആഗ്രഹം സഫലമായെന്നിരിക്കും. സോവിയറ്റ് യൂണിയനിലായിരുന്നപ്പോൾ യൂക്രെയിന്റെ ഭാഗമായിരുന്ന ക്രിമിയയിലെ സമീപകാല സംഭവങ്ങൾ ഇതിനുദാഹരണമാണ്. റഷ്യയുടെ സഹായമാണ് യൂക്രെയിനിൽ നിന്നു വേർപെടാൻ ക്രിമിയയെ സഹായിച്ചത്.

കശ്മീരിന്റെ ചരിത്ര പശ്ചാത്തലം മനസിലാക്കാതെ അതിന്റെ ഇന്നത്തെ അവസ്ഥ പൂർണ്ണമായി ഗ്രഹിക്കാനാവില്ല. രണ്ടാം നൂറ്റാണ്ടിൽ മഹാപണ്ഡിതന്മാർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കുന്ന പ്രശസ്ത ബുദ്ധമത കേന്ദ്രമായിരുന്നു അത്. ബുദ്ധമതം ക്ഷയിച്ച ശേഷം വൈദികാധിപത്യം സ്ഥാപിച്ച ശങ്കരാചാര്യർ ഭാരതപര്യടനത്തിനിടയിൽ കശ്മീരിലുമെത്തിയെന്നും അവിടത്തെ പണ്ഡിതന്മാരെ വാദത്തിൽ തോല്പിച്ച് ജ്ഞാനപീഠം കയറിയെന്നും പറയപ്പെടുന്നു. ശ്രീനഗർ നഗരത്തിൽ ശങ്കരാചാര്യരുടെ പേരിൽ അറിയപ്പെടുന്ന ഒരു കുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകൾ എന്ന ബ്രാഹ്മണവിഭാഗത്തിന്റെ ഐതിഹ്യത്തിൽ ശങ്കരാചാര്യരെ അവർ തോൽപ്പിക്കുകയായിരുന്നു. എല്ലാ കഥകളും അവയുടെ സ്രഷ്ടാക്കളുടെ മഹിമ വിളംബരം ചെയ്യുന്നവയാകുമല്ലൊ. പിൽക്കാലത്ത് അഫ്‌ഗാനിസ്ഥാനിൽ നിന്നു വന്നവർ കശ്മീർ കൈയടക്കി. അടിച്ചമർത്തലിന്റെ കാലമായിരുന്നു അത്. കശ്മീരികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ നടത്തുന്ന കുശലാന്വേഷണങ്ങളിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഒന്നൊന്നായെടുത്തു പറഞ്ഞ് ഓരോരുത്തർക്കും സുഖം തന്നെയല്ലേയെന്ന് ചോദിക്കാറുണ്ട്. ധാരാളം പേർ അപ്രത്യക്ഷമായ വിദേശാധിപത്യ കാലത്ത് ആരംഭിച്ച അന്വേഷണരീതിയുടെ തുടർച്ചയാണിതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് വലിയതോതിൽ മതപരിവർത്തനവും നടന്നു. ധാരാളം പണ്ഡിറ്റുകൾ പലായനം ചെയ്തു. ഇരുപതിൽ‌പരം പണ്ഡിറ്റ്  കുടുംബങ്ങൾ മാത്രമാണത്രെ അന്നവശേഷിച്ചത്. ഒരു പിൽക്കാല ഭരണാധികാരി പണ്ഡിറ്റുകൾക്ക്  സുരക്ഷ വാഗ്ദാനം ചെയ്യുകയും മഹാരാഷ്ട്ര വരെ ആളെ അയച്ചു ഓടിപ്പോയ പണ്ഡിറ്റുകളെ മടക്കിക്കൊണ്ടു വരുകയും ചെയ്തെന്ന് ചരിത്രം..

പഞ്ചാബിലെ മഹാരാജ രഞ്ജിത്ത് സിങിനു അഫ്‌ഗാനികളെ തോല്പിക്കാനാകുമെന്ന് കണക്കു കൂട്ടിയ പണ്ഡിറ്റ് പ്രമാണികൾ അദ്ദേഹത്തെ സമീപിക്കുകയും കശ്മീർ പിടിച്ചടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.  അങ്ങനെ കശ്മീർ സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായി.  സിഖ് സേനയെ തോല്പിച്ച ബ്രിട്ടീഷുകാർ അവരുടെ സാമ്രാജ്യം ഏറ്റെടുക്കാൻ ആഗ്രഹിച്ചില്ല. യുദ്ധനഷ്ടപരിഹാരമായി 75 ലക്ഷം രൂപ നൽകിയാൽ മുഴുവൻ സ്ഥലവും വിട്ടുകൊടുക്കാമെന്ന് അവർ പറഞ്ഞു. ഖജനാവ് കാലിയായതുകൊണ്ട് പഞ്ചാബിനു പണം നൽകാനായില്ല. ആ ഘട്ടത്തിൽ പഞ്ചാബ് സേനയുടെ ജമ്മു, കശ്മീർ പ്രദേശത്തെ ചുമതലക്കാരനായിരുന്ന ഗുലാബ് സിങ് എന്ന ദോഗ്രാ സൈന്യാധിപൻ ബ്രിട്ടീഷുകാരെ സമീപിച്ച് തന്നെ അവിടത്തെ  രാജാവായി അംഗീകരിച്ചാൽ ആവശ്യപ്പെട്ട പണം നൽകാമെന്ന് അറിയിച്ചു. അവർ പണം വാങ്ങി ഗുലാബ് സിങ്ങിനെ  മഹാരാജാവാക്കി. ഇന്ത്യ സ്വതന്ത്ര രാജ്യമാകുമ്പോൾ ജമ്മു കശ്മീർ എന്ന നാട്ടുരാജ്യം നിലവിൽ വന്നിട്ട് 100 കൊല്ലം തികഞ്ഞിരുന്നില്ല. ദോഗ്രാ ഭരണത്തിൽ പണ്ഡിറ്റുകൾ നിർണ്ണായകശക്തിയായിരുന്നു. മഹാരാജാവ് ഏക ട്രസ്റ്റിയായുള്ള ധർമ്മാർത്ഥ് ട്രസ്റ്റ് അമ്പലങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചു. ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് ഭരണസംവിധാനത്തിൽ കാര്യമായ പങ്കുണ്ടായിരുന്നില്ല. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് എം.എസ്‌സി ബിരുദം നേടി തിരിച്ചെത്തിയ ഷേഖ് മുഹമ്മദ് അബ്ദുള്ള ഈ അനീതിക്കെതിരെ ശബ്ദമുയർത്തി. അദ്ദേഹം 1931ൽ രൂപീകരിച്ച ജമ്മു കശ്മീർ മുസ്ലിം കോൺഫറൻസ്  മുസ്ലിം യുവാക്കളെ ആകർഷിച്ചു. അദ്ദേഹം ‘കശ്മീർ സിംഹം‘ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഷേഖ് അബ്ദുള്ള 1934ൽ സംഘടനയുടെ പേർ ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് എന്ന് മാറ്റാനും എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും അതിൽ അംഗത്വം നൽകാനും തീരുമാനിച്ചു.  “കശ്മീർ സിംഹത്തിന്റെ ലക്ഷ്യം എന്ത്? ഹിന്ദു മുസ്ലിം സിഖ് ഐക്യം” എന്ന മുദ്രാവാക്യം സംസ്ഥാനത്താകെ അലയടിച്ചു. കശ്മീരിൽ പത്രപ്രവർത്തകനായിരുന്ന കാലത്ത് ഷേഖിനോട് ഈ ലേഖകൻ മതനിരപേക്ഷ പാത സ്വീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഒരിക്കൽ ചോദിച്ചു. പ്രശസ്ത ഉർദു കവി ഇൿബാലാണു അതിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു തലമുറ മുമ്പു മാത്രം ഇസ്ലാം മതം സ്വീകരിച്ച ഒരു പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ഇൿബാൽ ‘സാരെ ജഹാൻ സെ അച്ചാ ഹിന്ദുസ്താൻ ഹമാരാ‘ എന്ന് പാടി. പാകിസ്ഥാൻ രൂപീകരണം ആവശ്യപ്പെടുന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതും അദ്ദേഹമാണ്. അന്ന് ലീഗ് വിഭാവന ചെയ്തത് ഫെഡറൽ ഇന്ത്യയുടെ ഭാഗമായ, സ്വയംഭരണമുള്ള പാകിസ്ഥാൻ ആയിരുന്നു. എന്നാൽ ഏഴു കൊല്ലത്തിനുശേഷം പാകിസ്ഥാൻ പിറന്നത് പൂർണ്ണ സ്വതന്ത്ര രാജ്യമായാണ്. ഇൿബാൽ അന്ന് ജീവിച്ചിരുന്നെങ്കിൽ, ഷേഖ് അബ്ദുള്ളയെയും വടക്കു പടിഞ്ഞാറൻ അതിർത്തി പ്രിവിശ്യയിലെ ഖാൻ അബ്ദുൾ ഗാഫർ ഖാനെയും പോലെ തീർത്തും അസന്തുഷ്ടനാകുമായിരുന്നു. പാകിസ്ഥാൻ വരുമെന്ന് വ്യക്തമാവുകയും ലീഗിൽ നിന്നു വിട്ടുനിന്ന മറ്റ് മുസ്ലിം നേതാക്കൾ അങ്ങോട്ടു ചേക്കേറുകയും ചെയ്തപ്പോഴും മതനിരപേക്ഷ പാതയിൽ ഉറച്ചുനിന്നവരാണ് ഗാഫർ ഖാനും ഷേഖ് അബ്ദുള്ളയും. ജിന്ന കശ്മീരിലെത്തി ഷേഖിനെ പാകിസ്ഥാനിൽ ചേരാൻ ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചപ്പോൾ ജിന്ന  പറഞ്ഞു: “ഇന്ത്യയിലെ ജയിലിൽ നരകിക്കാനാണ് അദ്ദേഹത്തിന്റെ വിധി.”  ആ ശാപവാക്കുകൾ ഫലിച്ചു. ഷേഖ് ഇന്ത്യയിലെ ജയിലിലും ഗാഫർ ഖാൻ പാകിസ്ഥാനിലെ ജയിലിലും നരകിച്ചു. വിഭജനം അവർക്കു നൽകിയത് ഏത് ജയിലിൽ നരകിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം മാത്രമാണ്.  

‘രാജഭരണകൂടം ജയിലിലടച്ച ഷേഖ് അബ്ദുള്ള പുറത്തു വരുമ്പോൾ ബ്രിട്ടീഷുകാർ വിഭജന തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. രണ്ട് പുതിയ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന നാട്ടുരാജ്യമെന്ന നിലയിൽ ജമ്മു കശ്മീരിന് ഏതിൽ വേണമെങ്കിലും ചേരാനാകും. ഷേഖ് കോൺഗ്രസിനൊപ്പം പിടിച്ചു നിർത്തിയിരുന്ന കശ്മീരി മുസ്ലിങ്ങളിൽ പലരും പാകിസ്ഥാൻ അനുകൂലികളായി മാറി. പണ്ഡിറ്റുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന പ്രേം നാഥ് ബജാജ് പോലും മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീർ പാകിസ്ഥാന്റെ ഭാഗമാവുകയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഷേഖ് കശ്മീരിന്റെ ഭാവി സംബന്ധിച്ച് ഇന്ത്യയുമായും പാകിസ്ഥാനുമായും ചർച്ച നടത്തി. പ്രതിരോധം, വിദേശകാര്യം,  വാർത്താവിനിമയം എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തിന് സ്വയംഭരണാവകാശം നൽകാമെന്ന് പാകിസ്ഥാൻ ഉറപ്പു നൽകി. ഇക്കാര്യം നെഹ്രുവിനെ അറിയിച്ച്പ്പോൾ അദ്ദേഹം ചോദിച്ചു: “താങ്കൾക്ക് അവരെ വിശ്വസിക്കാനാകുമോ?”  അതോടെ ഷേഖ് പിൻ‌വാങ്ങി. പാകിസ്ഥാൻ പട്ടാളം ഗോത്രവർഗ്ഗക്കാരെ സംഘടിപ്പിച്ച് ബലപ്രയോഗത്തിലൂടെ കശ്മീർ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങുകയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുകയും ചെയ്തപ്പോൾ കശ്മീരിന്റെ രക്ഷക്കായി മുന്നോട്ടു വരാൻ ഷേഖ് ജനങ്ങളോടാവശ്യപ്പെട്ടു. മഹാരാജാവ് ഇന്ത്യയിൽ ലയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഷേഖ് അബ്ദുള്ളയുടെ സമ്മതം കൂടി വേണമെന്ന് നെഹ്രു നിർദ്ദേശിച്ചു. നാടിന്റെ രക്ഷക്കായി സംഘടിക്കാൻ ഷേഖ് കശ്മീരികളോട് ആവശ്യപ്പെട്ടു. ഇന്ത്യൻ സേന അക്രമികളെ കശ്മീർ താഴ്വരയിൽ നിന്ന് തുരത്തി. എന്നാൽ അവരെ പൂർണ്ണമായും പുറത്താക്കുന്നതിനു മുമ്പ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വെടിനിർത്തലിന് ഉത്തരവിട്ടു. അങ്ങനെ ജമ്മു കശ്മീരിന്റെ ഏതാണ്ട് മൂന്നിലൊന്ന് പാകിസ്ഥന്റെ അധീനതയിലായി.

തിരുവിതാംകൂർ ഉൾപ്പെടെ പല നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിക്കുമ്പോൾ പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, നാണയം എന്നിങ്ങനെ ഏതാനും വിഷയങ്ങളിൽ മാത്രമാണ് അധികാരം കേന്ദ്രത്തിന് കൈമാറിയത്. മറ്റ് വിഷയങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഉണ്ടാക്കാനുള്ള അവകാശവും അവയ്ക്ക് ഉണ്ടായിരുന്നു. മറ്റ് നാട്ടുരാജ്യങ്ങൾ ആ അവകാശം കയ്യൊഴിഞ്ഞെങ്കിലും ജമ്മു കശ്മീർ അത് തുടർന്നും നിലനിർത്തി. ഇന്ത്യയുടെ ഭരണഘടന തയ്യാറായപ്പോൾ ജമ്മു കശ്മീരിൽ ഭരണഘടനാ നിർമ്മാണം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താത്കാലിക സംവിധാനമെന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടനയിൽ കശ്മീരിനെ സംബന്ധിക്കുന്ന 370ആം വകുപ്പ് ചേർക്കപ്പെട്ടത്. അതനുസരിച്ച് പാർലമെന്റ് പാസാ‍ക്കുന്ന നിയമം ജമ്മു കശ്മീരിലേക്ക് നീട്ടുന്നതിന് പ്രസിഡന്റ് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. നെഹ്രുവും ഷേഖ് അബ്ദുള്ളയും 1952ൽ ഒപ്പിട്ട കരാർ ചില വിഷയങ്ങളിൽ സംസ്ഥാനത്തിനുള്ള സ്വയംഭരണാവകാശം അംഗീകരിച്ചു. ഭാരതീയ ജനസംഘവും അതിന്റെ പിൻ‌ഗാമിയായ ഭാരതീയ ജനതാ പാർട്ടിയും 370ആം വകുപ്പിനെ കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റി നിർത്തുന്ന ഒന്നായാണ് കാണുന്നത്. അത് റദ്ദാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നു. കശ്മീരിലെ വിഘടനവാദികളും ഈ വകുപ്പിനെ എതിർക്കുന്നു. അവരുടെ കണ്ണിൽ അത് ഇന്ത്യയിലെ നിയമങ്ങൾ കശ്മീരിലേക്ക് കടത്തിക്കൊണ്ടുവരാനുള്ള തുരങ്കമാണ്.

അമേരിക്കയുടെ സഹായത്തോടെ കശ്മീരിനെ  സ്വതന്ത്രരാജ്യമാക്കാൻ ശ്രമിക്കുന്നെന്ന സംശയത്തെ തുടർന്ന് ഇന്ത്യാ ഗവണ്മെന്റ് 1953ൽ ഷേഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ബക്ഷി ഗുലാം മുഹമ്മദ്  നാഷനൽ കോൺഫറൻസിന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. ഇന്ത്യയിൽ ലയിച്ചപ്പോൾ നെഹ്രു വാഗ്ദാനം ചെയ്യുകയും ഐക്യരാഷ്ട്ര സഭ പിന്നീട് നിർദ്ദേശിക്കുകയും ചെയ്തതുപോലെ കശ്മീരിന്റെ ഭാവി നിശ്ചയിക്കാൻ ഹിതപരിശോധന നടത്തണമെന്ന ആവശ്യം ഷേഖ് അബ്ദുള്ളയുടെ അനുയായികൾ ഉന്നയിച്ചു. തുടർന്നുള്ള 22 കൊല്ലക്കാലം ഷേഖ് പ്ലെബിസൈറ്റ് ഫ്രന്റ് (Plebiscite Front) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ്  പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ഓരോരോ കാരണങ്ങൾ പറഞ്ഞു അദ്ദേഹത്തെ അറസ്റ്റു ചെയ്തും അദ്ദേഹത്തിന്റെ അനുയായികളുടെ നാമനിർദ്ദേശപത്രികകൾ തള്ളിക്കൊണ്ടുമാണ് കോൺഗ്രസ് ഭരണം നിലനിർത്തിയത്. ബഹുഭൂരിപക്ഷം ഭരണകകഷി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വിശ്വാസ്യതയുണ്ടാക്കാൻ സർക്കാർ ജമാത്തെ ഇസ്ലാമിയെ മത്സരിക്കാൻ അനുവദിച്ചു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഏതാനും സ്വതന്ത്രരെ നിർത്തുകയും ചെയ്തു. 

ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ൽ പാകിസ്ഥാൻ  കശ്മീരിൽ കലാപം നടത്താൻ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. അവരെ ജനങ്ങൾ പിന്തുണക്കുമെന്ന് പാകിസ്ഥാൻ ഭരണാധികാരികൾ കരുതി. എന്നാൽ അതുണ്ടായില്ല. യുദ്ധം കശ്മീരിൽ ഒതുങ്ങുമെന്ന പാകിസ്താന്റെ കണക്കുകൂട്ടലും തെറ്റി. ഇന്ത്യൻ സേന അന്താദ്ദേശിയ അതിർത്തി കടന്ന് ലാഹോറിന്റെ പടിവാതിൽക്കലിലെത്തി. ഇന്ത്യയും പാകിസ്ഥാനും 1971ൽ വീണ്ടും ഏറ്റുമുട്ടിയപ്പോഴും കശ്മീർ ജനത കലാപത്തിനു മുതിർന്നില്ല. ബംഗ്ലാദേശ് വേർപെട്ടതൊടെ പാകിസ്ഥാൻ ദുർബലമാവുകയും അതിന് കശ്മീർ പ്രശ്നം കുത്തിപ്പൊക്കാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. ഇന്ദിരാ ഗാന്ധി ഷേഖ് അബ്ദുള്ളയെ 1975ൽ വീണ്ടും അധികാരത്തിലേറ്റി. അതിന്റെ ഫലമായി രാജ്യമൊട്ടുക്ക് അടിച്ചമർത്തൽ നടന്ന അടിയന്തിരാവസ്ഥക്കാലത്ത് ജമ്മു കശ്മീർ ഏറെക്കുറെ ശാന്തമായിരുന്നു. അര നൂറ്റാണ്ടുകാലം കശ്മീരി യുവാക്കളുടെ ഹരമായിരുന്ന ഷേഖിന്റെ ചരമത്തിനുശേഷം കശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന അഫ്‌ഗാനിസ്ഥാനിൽ ഒളിപ്പോരിന് അമേരിക്ക നൽകിയ സഹായം ഉപയോഗിച്ച് പാകിസ്ഥാൻ കശ്മീരിൽ ഭീകരപ്രവർത്തനം സംഘടിപ്പിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ജഗ്‌മോഹൻ ഗവർണർ എന്ന നിലയിലെടുത്ത ചില നടപടികൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ കൂടുതൽ മോശമാക്കി. ഭീകരവാദികൾ താഴ്വരയിലെ പണ്ഡിറ്റുകൾക്കെതിരെ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് അവർ കൂട്ടത്തോടെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും പലായനം ചെയ്തു.

പാകിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചിരുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്റ് വിമാനം റാഞ്ചൽ പോലുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അഫ്‌ഗാൻ യുദ്ധത്തെ തുടർന്ന് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തായിബ, ഹർക്കത്തുൾ മുജാഹിദീൻ, ജൈഷെ മുഹമ്മദ്, ഹർക്കത്തുൾ ഇസ്ലാം തുടങ്ങിയവ കശ്മീരിൽ സജീവമായി. അവ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സർക്കാർ സഹായത്തോടെ കശ്മീരി യുവാക്കൾക്ക് ഭീകരപ്രവർത്തനത്തിൽ പരിശീലനം നൽകുന്നുണ്ട്. പല  രാജ്യങ്ങളിൽ നിന്നുള്ള സാഹസികരും ഭീകരപ്രവർത്തകരുടെ കൂട്ടത്തിലുണ്ടെങ്കിലും പാകിസ്ഥാനിലാണ് റിക്രൂട്ടുമെന്റും പരിശീലനവും പ്രധാനമായും നടക്കുന്നത്. മതവികാരം ഉണർത്തിയാണ്  ഭീകരർ ചാവേറുകളെ സംഘടിപ്പിക്കുന്നത്. വിഭജനത്തെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗ്ഗീയ കലാപമുണ്ടായപ്പോൾ കശ്മീർ ശാന്തമായിരുന്നുവെന്നത് ഈ ഘട്ടത്തിൽ അവശ്യം ഓർക്കേണ്ട വസ്തുതയാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധം നടന്ന 1947ലും 1965ലും 1971ലും കശ്മീരിൽ പ്രകടമാകാഞ്ഞ ഇന്ത്യാവിരുദ്ധ വികാരം പിൽക്കാലത്ത് പടരാനുണ്ടായ സാഹചര്യം സത്യസന്ധമായി വിലയിരുത്തപ്പെടണം.  കശ്മീരിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം വളരെയേറെ പണം അനുവദിക്കുകയുണ്ടായി. അതിലേറെയും ഇടനിലക്കാരുടെ കീശയിലാണ്  പോയത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ കശ്മീരിലും തൊഴിലില്ലായ്മ ഗുരുതരമായ പ്രശ്നമാണ്. കശ്മീരിൽ, പ്രത്യേകിച്ചും അവിടത്തെ യുവാക്കളിൽ, നിലനിൽക്കുന്ന അസംതൃപ്തി മറ്റ് സംസ്ഥാനങ്ങളിലുള്ളതിൽ നിന്ന് വ്യത്യസ്തമല്ല.  കശ്മീരിലെ സവിശേഷ സാഹചര്യങ്ങളിൽ അസംതൃപ്തി മതകേന്ദ്രീകൃതമായി പ്രകടിപ്പിക്കപ്പെടുന്നു എന്നതാണ് വ്യത്യാസം. അടിസ്ഥാനപരമായി ഇതിനെ ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും പ്രത്യേകം സംഘടിച്ച് പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതുപോലെ തന്നെയാണ്.

ജനങ്ങളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന ഭീകരപ്രവർത്തനത്തെ സർക്കാരിനു തീർച്ചയായും ലാഘവബുദ്ധിയോടെ സമീപിക്കാനാവില്ല. അതേസമയം അതിനെ നേരിടാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റുന്നില്ലെന്ന്  ഉറപ്പു വരുത്തേണ്ടതുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ വ്യാജ ഏറ്റുമുട്ടൽ കൊലകളും ബലാത്സംഗങ്ങളും നടന്നതായി ഔദ്യോഗിക അന്വേഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്. സൈന്യത്തിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം ഏതാനും കൊല്ലം മുമ്പ് ആദ്യമായി ജമ്മു കശ്മീരിലേക്ക് നീട്ടപ്പെട്ടു.  ഭീകരപ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഈ നിയമം പിൻ‌വലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രം അതിനു തയാറായിട്ടില്ല. പട്ടാളക്കാർക്ക് കൈകൾ പിറകിൽ കൂട്ടിക്കെട്ടിക്കൊണ്ട് പ്രവർത്തിക്കാനാവില്ല എന്നതാണ് കേന്ദ്രം ഇതിനു നൽകുന്ന ന്യായീകരണം. അതേസമയം അതിക്രമങ്ങൾ സഹിച്ചുകൊണ്ട് ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കില്ലെന്ന് മനസിലാക്കാൻ സർക്കാരിനു കഴിയണം. കശ്മീർ പ്രശ്നം ആത്യന്തികമായി ഒരു രാഷ്ട്രീയ സമസ്യയാണ്. അതുകൊണ്ട് അതിന് രാഷ്ട്രീയമായിത്തന്നെ പരിഹാരവും കാണേണ്ടതുണ്ട്. നിർഭാഗ്യവശാൽ അതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ല.   
പുറത്തു നിന്നുള്ളവർ ഭൂമിയും മറ്റ് വിഭവങ്ങളും കയ്യടക്കുന്നത് തടയുവാനായി രാജഭരണ കാലത്തുണ്ടാക്കിയ നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹിന്ദുത്വവാദികൾ ഇതിനെ എതിർക്കുന്നു. അവർ കരുതുന്നതുപോലെ ഈ നിയമങ്ങൾക്ക് മതവുമായി ബന്ധമില്ല. ജമ്മു കശ്മീർ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാവർക്കും, അവർ ഏതു മതത്തിൽ പെട്ടവരാണെങ്കിലും, അവ ഒരുപോലെ ബാധകമാണ്. ഇത്തരത്തിലുള്ള നിയമങ്ങൾ ഗോത്രവർഗ്ഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയൊട്ടുക്ക് നിലവിലുണ്ട്. 

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുണ്ടായിരുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളിൽ ജമ്മു കശ്മീർ മാത്രമാണ് ഇന്നും അതേ പടി നിലനിൽക്കുന്നത്. ഇത്രമാത്രം വൈവിദ്ധ്യമുള്ള മറ്റൊരു സംസ്ഥാനം രാജ്യത്തില്ലെന്നുതന്നെ പറയാം. കശ്മീർ താഴ്വരയിലെ 90 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. എന്നാൽ ജമ്മു പ്രിവിശ്യയിൽ ഹിന്ദുക്കളാണ് കൂടുതൽ. ലഡാക്കിൽ ബുദ്ധമതസ്ഥരും. അതേസമയം ജമ്മു പ്രിവിശ്യയുടെ ഭാഗമായ പുഞ്ച്, രജൌരി, ഡോഡ എന്നീ ജില്ലകൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ലഡാക്കിന്റെ ഭാഗമായ കാർഗിൽ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. ജമ്മുവിലെയും കാർഗിലിലെയും മുസ്ലിങ്ങൾ താഴ്‌വരയിലെ മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്തരാണ്. അവർക്കിടയിൽ വിഘടനചിന്ത കടന്നിട്ടില്ല. കാർഗിലിൽ കൂടുതലും ഷിയ മുസ്ലിങ്ങളാണ്. കശ്മീർ താഴ്വരയിലെ ഹിന്ദുക്കളെല്ലാം ബ്രാഹ്മണരാണെന്നത് അബ്രാഹ്മണർ ജാതീയമായ അവശതകളിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടത്തോടെ മതപരിവർത്തനം ചെയ്തുവെന്ന് സൂചിപ്പിക്കുന്നു. മറ്റൊരു വിഭാഗങ്ങൾക്കുമിടയിലില്ലാത്ത സാംസ്കാരികമായ ഐക്യമാണ് കശ്മീരി മുസ്ലിങ്ങൾക്കും കശ്മീരി പണ്ഡിറ്റുകൾക്കുമിടയിലുണ്ട്. അവരെ വേർതിരിക്കുന്ന ഏക ഘടകം മതമാണ്. മതസ്പർദ്ധ ഇല്ലാതായാൽ  -- ഇല്ലാതാകുമ്പോൾ എന്നു പറയുന്നതാവും നല്ലത് – നൂറ്റാണ്ടുകൾക്കു മുമ്പ് ചെയ്തതുപോലെ നാടുവിട്ട പണ്ഡിറ്റുകളെ തിരിച്ചുവിളിക്കാൻ കശ്മീരി മുസ്ലിങ്ങൾ തീർച്ചയായും മുൻ‌കൈയെടുക്കും. അത്ര ശക്തമാണ് ‘കശ്മീരിയത്ത്‘ എന്ന് വിവക്ഷിക്കപ്പെടുന്ന അവരുടെ സാംസ്കാരികത്തനിമ. (മുംബൈ കാക്ക)

Monday, March 24, 2014

ഒരു രക്തസാക്ഷിയുടെ രാസപരിണാമങ്ങൾ



ബി.ആർ.പി. ഭാസ്കർ

ടി.പി. ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടപ്പോൾ അതൊരു രാഷ്ടീയ കൊലപാതകമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. സി.പി.എമ്മിന് ഓഞ്ചിയം പ്രദേശത്ത് ചന്ദ്രശേഖരൻ ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നതിനാൽ കൊലയ്ക്കു പിന്നിൽ ആ പാർട്ടിയാണെന്ന നിഗമനം തികച്ചും സ്വാഭാവികമായിരുന്നു. സി.പി.എം. നേതാക്കൾ ആവർത്തിച്ചു പറഞ്ഞതുപോലെ, ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമനെന്ന തരത്തിലുള്ള നിഗമനം തന്നെയായിരുന്നു അത്. സംശയത്തിന് എന്തെങ്കിലും ഇടമുണ്ടായിരുന്നെങ്കിൽ അത് കൊലപാതകം ഏതെങ്കിലും പാർട്ടി ഘടകം എടുത്ത തീരുമാനത്തിന്റെ ഫലമായിരുന്നൊ അതൊ ഏതെങ്കിലും പാർട്ടി പ്രവർത്തകനൊ പ്രവർത്തകരൊ സ്വന്തനിലയിൽ നടത്തിയതായിരുന്നൊ എന്ന കാര്യത്തിൽ മാത്രമാണ്.

സി.പി.എമ്മിനെ പോലെ കർശനമായ അച്ചടക്കപാലന പാരമ്പര്യമുള്ള കക്ഷി അതിന്റെ അറിവൊ സമ്മതമൊ കൂടാതെ ഒരംഗം കുറ്റകൃത്യം നടത്തിയാൽ അയാൾക്കെതിരെ നടപടി എടുക്കുമെന്ന് ഉറപ്പാണ്. അങ്ങനെയൊന്നും ഉണ്ടായില്ലെന്നു തന്നെയല്ല കൊല നടന്നയുടൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വം സംശയം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാൻ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്തു. കൊലയാളി സംഘം ഉപയോഗിച്ച വാഹനത്തിൽ ‘മാഷെ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ചിരുന്നതു ചൂണ്ടിക്കാട്ടി തീവ്രവാദി ബന്ധം അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. കാറിന്റെ ഉടമ ഒരുയർന്ന കോൺഗ്രസ് നേതാവിന്റെ ബന്ധുവാണെന്ന് പറഞ്ഞതും ഒരു പാർട്ടി നേതാവു തന്നെ. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു മുമ്പ് പിണറായി വിജയൻ അദ്ദേഹത്തെ കുലംകുത്തി എന്ന് വിളിച്ചിരുന്നു. പാർട്ടി ഔപചാരികമായി കൊലപാതകത്തെ  അപലപിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി അതിനുശേഷവും കുലംകുത്തി പ്രയോഗം നടത്തി അതിന്റെ ഗൌരവം കുറച്ചു.

മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളിൽ ബന്ധപ്പെട്ട പാർട്ടികൾ നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കുകയാണ് പൊലീസ് കുറച്ചുകാലമായി ചെയ്തുകൊണ്ടിരുന്നതെന്നത് പരസ്യമായ രഹസ്യമാണ്.  ചന്ദ്രശേഖരന്റെ കൊലപാതകം സംസ്ഥാനത്തുയർത്തിയ അത്യപൂർവ്വമായ പൊതുവികാരം ആ രീതി അവലംബിക്കുന്നതിന് തടസമായി. പാർട്ടി നൽകുന്നവരെ പ്രതിചേർക്കുന്നതിനു പകരം അന്വേഷണ സംഘം പാർട്ടി ആപ്പീസുകളിലും പാർട്ടിഗ്രാമങ്ങളിലും കൊലയാളികളെ തിരക്കിച്ചെന്നു. കൊല ചെയ്തവരെന്ന് കരുതപ്പെട്ടവരെ പിടികൂടിയശേഷം അന്വേഷണം അവരെ ഒളിപ്പിച്ചവരിലേക്ക് നീങ്ങി. ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകരെ സർക്കാർ ബോധപൂർവ്വം കേസിൽ കുടുക്കുകയാണെന്ന് സി.പി.എം. ആരോപിച്ചു. അന്വേഷണം കൊന്നവരിൽ നിന്ന് കൊല്ലിച്ചവരിലേക്ക് നീങ്ങുമെന്ന് ഔദ്യോഗിക വക്താക്കൾ പ്രഖ്യാപിച്ചപ്പോൾ പാർട്ടി പ്രതിരോധം കൂടുതൽ ശക്തമാക്കി. അപ്പോൾ ഉന്നത നേതാക്കന്മാരെയും കുടുക്കാൻ ശ്രമിക്കുന്നെന്നായി ആരോപണം. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം താഴ്ന്ന തലങ്ങളിലെ പ്രവർത്തകർക്ക് സ്വന്ത നിലയിൽ കൊലപാതകം പോലെയുള്ള ഒരു കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കാൻ അനുവദിക്കുന്നതല്ല.  രണ്ടു ജില്ലകളിലെ പാർട്ടി ഘടകങ്ങളിൽ പെട്ടവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തൽ ഉയർന്ന തലത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന നിഗമനം അനിവാര്യമാക്കി. അതേസമയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് ചില കോൺഗ്രസ് നേതാക്കളും നടത്തിയ നിരുത്തരവാദപമായ പ്രസ്താവനകൾ സി.പി.എം നേതാക്കളെ കുടുക്കാൻ ശ്രമം നടക്കുന്നെന്ന പാർട്ടിയുടെ ആരോപണം ശക്തിപ്പെടുത്താൻ പോരുന്നതായി.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ നടത്തിയ പ്രസ്താവനകൾ പരിശോധിക്കുമ്പോൾ ആ സമയത്ത് പൊതുമണ്ഡലത്തിലുള്ള വിവരങ്ങൾക്ക് പാർട്ടി അണികൾക്കും അണിയായികൾക്കും സ്വീകരിക്കാൻ കഴിയുന്ന വിശദീകരണം നൽകാനായിരുന്നു ഓരോ ഘട്ടത്തിലും ശ്രമിച്ചതെന്ന് കാണാനാകും. സി.പി.എമ്മിനെ കൊലയാളി പാർട്ടിയായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത്. കണ്ണൂർ മേഖലയിലെ കൊലപാതക പരമ്പരകളെ കുറിച്ച് അറിവുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. കൊലപാതകങ്ങളുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് അവരെ വിശ്വസിപ്പിക്കാനാവില്ല. അതിനാൽ രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചാവിഷയമാകുമ്പോൾ തങ്ങൾ ഇരകളാണ്, വേട്ടക്കാരല്ല എന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രവർത്തകരെ നഷ്ടപ്പെട്ടിട്ടുള്ളത് സി.പി.എമ്മിനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മുകാർ സമാധാനപ്രിയരും എതിരാളികൾ കൊലയാളികളുമാണെന്ന ധാരണ പരത്താനാണ് പാർട്ടിയുടെ ശ്രമം. പാർട്ടി ഭാഷ്യത്തിൽ കൊലപാതകങ്ങൾ മറ്റുള്ളവർ ചെയ്യുന്നതാണ്. പാർട്ടി ചെയ്യുന്നത് പ്രതിരോധവും. സി.പി.എമ്മിന് മറ്റു പാർട്ടികളേക്കാൾ കൂടുതൽ ആൾനഷ്ടം സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്താൻ വലിയ പ്രയാസമില്ല. കൊലയിൽ കലാശിക്കുന്ന മിക്കവാറും എല്ലാ സംഘട്ടനങ്ങളിലും ഒരു വശത്ത് സി.പി.എമ്മാണ്. മറുവശത്താകട്ടെ ഒരു കക്ഷിയല്ല, പല കക്ഷികളാണ്. അതായത് ഒരു വശത്ത് കൊല്ലപ്പെടുന്നത് സി.പി.എമ്മുകാരാണെങ്കിൽ മറുവശത്ത് കൊല്ലപ്പെടുന്നത് വിവിധ പാർട്ടികളിൽ പെടുന്നവരാണ്. എല്ലാവരും ഒരു ജീവന് പകരം മറ്റൊന്ന് എന്ന അടിസ്ഥനത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് കൂട്ടിനോക്കുമ്പോൾ കൊല്ലപ്പെട്ട സി.പി.എമ്മുകാരുടേയും സി.പി.എമ്മിതരരുടേയും എണ്ണം ഏറെക്കുറെ സമമായിരിക്കും.

ചന്ദ്രശേഖരന്റെ കൊലപാതകം ആർ.എം.പി. ഒരു വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടു വരികയും അപ്പുക്കുട്ടൻ വള്ളിക്കുന്നിനെപ്പോലെയുള്ള മുൻ‌പാർട്ടി അംഗങ്ങൾ അത് ഏറ്റുപിടിക്കുകയും ചെയ്തപ്പോൾ സോഷ്യൽ മീഡിയയിലെ പാർട്ടി പ്രചാരകർ ഉയർത്തിയ പ്രധാന എതിർവാദം അവരൊക്കെ പാർട്ടിയിലുണ്ടായിരുന്ന കാലത്തും എതിരാളികൾ കൊല്ലപ്പെട്ടിരുന്നെന്നും അതിനെതിരെ അവർ ശബ്ദമുയർത്തിയിരുന്നില്ലെന്നതുമാണ്. ചന്ദ്രശേഖരന്റെ കൊലയിൽ പാർട്ടിക്കു പങ്കുണ്ടെന്ന നിലപാടെടുത്തിട്ടുള്ള വി.എസ്. അച്യുതാനന്ദൻ സെക്രട്ടറിയായിരുന്ന കാലത്തും കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും അവർ അത്യുത്സാഹത്തോടെ ചൂണ്ടിക്കാണിക്കുന്നു. മറ്റ് കൊലപാതകങ്ങളുടെ കാര്യത്തിൽ മൌനം പാലിച്ചവർക്ക് ചന്ദ്രശേഖരൻവധത്തെ കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നു വാദിക്കുന്നവരുടെ ആത്യന്തികലക്ഷ്യം സ്വന്തം നിലപാടിന്റെ സാധൂകരണമാണ്. പാർട്ടി പറയുന്നത് കളവാണെന്നറിഞ്ഞുകൊണ്ടു തന്നെ അതിനോടൊപ്പം നിൽക്കാൻ സ്വയമേവ തീരുമാനിക്കുകയൊ അതിന് നിർബന്ധിതരാവുകയൊ ചെയ്യുന്നവരാണവർ. അതിനു സഹായകമായ തിരക്കഥകൾ രചിക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്ന പാർട്ടി നേതാക്കളുടെ വൈഭവത്തെ കുറിച്ചു അവർക്ക് മതിപ്പുണ്ടാകാം. എന്നാൽ പുറത്തു നിന്നു നോക്കുന്നവരുടെ കണ്ണിൽ അവർ പാർട്ടി പട്ടേലരുടെ തൊമ്മിമാർ മാത്രമാണ്.

അച്യുതാനന്ദൻ സംഘടനക്കുള്ളിൽ വിഷയം ഉയർത്തിയതാണ് ചന്ദ്രശേഖരന്റെ കൊലപാതകവുമായി പാർട്ടിക്കു ബന്ധമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അംഗീകരിച്ച കേന്ദ്ര നേതൃത്വത്തെ പാർട്ടിതല അന്വേഷണം നടത്തുമെന്നും ആർക്കെങ്കിലും കൊലയുമായി ബന്ധമുണ്ടെന്നു കണ്ടാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും പ്രഖ്യാപിക്കാൻ നിർബന്ധിതമാക്കിയത്. ആരാണ് അന്വേഷണം നടത്തുന്നത്, എന്തു പുരോഗതിയാണുള്ളത് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തപ്പെട്ടെങ്കിലും പ്രകാശ കാരാട്ട് അവയ്ക്ക് ഉത്തരം നൽകാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ ചന്ദ്രശേഖരൻ ചില കരാർ പണികൾ മുടക്കിയതിലുള്ള വൈരാഗ്യം മൂലം കെ.സി. രാമചന്ദ്രൻ എന്ന ലോക്കൽ കമ്മിറ്റി അംഗം കൊലയാളിസംഘത്തെ ഏർപ്പെടുത്തി അദ്ദേഹത്തെ വകവരുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടർന്ന് രാമചന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നുമുള്ള അറിയിപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. സംസ്ഥാന പാർട്ടി പത്രക്കുറിപ്പിലൂടെയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. സുപ്രധാനമായ പാർട്ടി കണ്ടെത്തൽ അറിയിക്കാൻ ജനറൽ സെക്രട്ടറിയൊ സംസ്ഥാന സെക്രട്ടറിയൊ മാധ്യമ പ്രവർത്തകരെ നേരിട്ട് കാണാതിരുന്നത് ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നെന്ന്  അനുമാനിക്കാവുന്നതാണ്.

വിചാരണക്കു മുൻപു തന്നെ കോടതി കേസിലെ നിരവധി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷൻ വിഭാഗത്തിന്റെയും പ്രവർത്തനം കുറ്റമറ്റതല്ലായിരുന്നെന്ന് സൂചിപ്പിക്കുന്നു. വിചാരണക്കിടയിൽ  നിരവധി സാക്ഷികൾ കൂറുമാറുകയും ചെയ്തു. അന്വേഷണസംഘം സമ്മർദ്ദം ചെലുത്തി സാക്ഷികളാക്കിയവർ കോടതിയിലെത്തിയപ്പോൾ പിൻ‌വാങ്ങിയെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അത് ശരിയാകാം. അതേസമയം ആ പിന്മാറ്റത്തിന്റെ പിന്നിൽ പാർട്ടിയുടെ സമ്മർദ്ദവുമുണ്ടായിരുന്നിരിക്കണം. വിചാരണക്കൊടുവിൽ  ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. കൊല നടത്തിയ എട്ടുപേരെ കൂടാതെ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ഉൾപ്പെടെ മുന്ന് സി.പി.എമ്മുകാരെയും കൊല ആസൂത്രണം ചെയ്തതിൽ പങ്ക് വഹിച്ചവരെന്ന നിലയിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ചു. അതിനു ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ കൊലയാളിസംഘത്തിൽ നിന്ന് ദൂരം പാലിക്കാൻ ഔപചാരികമായി ശ്രമിച്ചു. ശിക്ഷിക്കപ്പെട്ട പാർട്ടി അംഗങ്ങൾ നിരപരാധികളാണെന്നും അപ്പീൽ കോടതിയിൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യതെയെ പാർട്ടി ഏറ്റെടുത്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊലയാളി സംഘത്തിൽ പെട്ടവരെ മറ്റൊരു ജയിലിലേക്ക് മാറ്റുകയും അവിടെ അവർക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ  പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മറ്റ് പാർട്ടി എം.എൽ.എമാരും നടത്തിയ ഇടപെടൽ അവരെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി.
വിചാരണക്കോടതി വിധി വന്നശേഷം കൊല്യ്ക്ക് പ്രേരിപ്പിച്ച മുഴുവൻ പേരേയും കണ്ടെത്താൻ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ. കെ. രമ ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പിണറായി വിജയൻ അപ്പോൾ കേരള രക്ഷായാത്രയിലായിരുന്നു. അദ്ദേഹത്തിന്റെ യോഗങ്ങളിൽ ചന്ദ്രശേഖരൻ സ്ഥിരം വിഷയമായി. ഇ.പി. ജയരാജൻ, എളമരം കരിം, സി. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗങ്ങളിൽ ചന്ദ്രശേഖരനെതിരെ അധിക്ഷേപം ചൊരിഞ്ഞു. കരിമിന്റെ വാഗ്‌വിലാസത്തിൽ ആ രക്തസാക്ഷി മണ്ണാങ്കട്ട ആയി. അധിക്ഷേപങ്ങൾ പ്രതിഷേധം വിളിച്ചുവരുത്തിയപ്പോൾ പിണറായി വിജയൻ സഹപ്രവർത്തകരെ ന്യായീകരിച്ചു. ചന്ദ്രശേഖരൻ മഹത്വവത്കരിക്കപ്പെടുന്നെന്നും ആ പ്രദേശത്തുകാർക്ക് ചന്ദ്രശേഖരനെ കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ സംസാരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിചിത്രമെന്നു പറയട്ടെ ചന്ദ്രശേഖരനെ കുറിച്ച് എല്ലാമറിയാമായിരുന്ന സി.പി.എം. നേതാക്കൾക്ക് ആ ഘട്ടത്തിൽ രാമചന്ദ്രനെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നു. വ്യക്തിവിരോധം മൂലം രാമചന്ദ്രൻ കൊലയാളികളെ ഏർപ്പാടു ചെയ്ത് ചന്ദ്രശേഖരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അവർക്കൊ പിണറായി വിജയനുപോലുമൊ അപ്പോൾ അറിയില്ലായിരുന്നു!

വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ചന്ദ്രശേഖരന്റെ കൊലപാതകം കരാർ പണികൾ മുടക്കിയതിലുള്ള വിരോധം തീർക്കാൻ രാമചന്ദ്രൻ തനിച്ച് ആസൂത്രണം ചെയ്ത് ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടേ നടപ്പിലാക്കിയതാണെന്ന പോളിറ്റ്ബ്യൂറോയുടെ കണ്ടുപിടിത്തം ആ ഹീനകൃത്യത്തിന്റെ ഉത്തരവാദിത്തം ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ചുമലിൽ ഇറക്കിവെച്ചിട്ട് മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു മനസിലാക്കാനാകും. ഇതിലൂടെ വിചാരണക്കോടതി ശിക്ഷിച്ച ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തനെ സംരക്ഷിക്കാനും സി.ബി.ഐ.യുടെ ഗൂഢാലോചനാ‍ന്വേഷണം മുകളിലേക്ക് വ്യാപിക്കുന്നത് തടയാനും കഴിയുമെന്ന് പാർട്ടി കരുതുന്നുണ്ടാകണം. അജ്ഞാതവഴിയിലൂടെയുള്ള പാർട്ടി അന്വേഷണത്തിനിടയിൽ കുലംകുത്തിയും മണ്ണാങ്കട്ടയും കരാർമുടക്കിയുമായി രൂപാന്തരപ്പെട്ട ചന്ദ്രശേഖരൻ ജനങ്ങളുടെ കണ്ണിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയാണ്. അദ്ദേഹത്തെ ഉത്തമ കമ്മ്യൂണിസ്റ്റായി വിശേഷിപ്പിച്ച അച്യുതാനന്ദന്റെ അന്വേഷണ റിപ്പോർട്ട് പൂർണ്ണമല്ലെന്ന പരസ്യ പ്രസ്താവം പാർട്ടി നിലപാട് അന്തിമ തീരുമാനമായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് കാണിക്കുന്നത്. സി.ബി.ഐ. ഊർജ്ജിതമായ അന്വേഷണം നടത്തുകയും അച്യുതാനന്ദൻ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്താൽ ഇനിയും പിന്നോട്ടുപോകാൻ പാർട്ടി നിർബന്ധിതമാകം. (മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 17, 2014)