Thursday, December 30, 2010

സംശുദ്ധരുടെ കീഴിൽ പെരുകിയ അഴിമതി

ബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രസ്താവം ശരിയാണെന്ന് കാണാൻ പ്രയാസമില്ല. ട്രാൻസ്പാരൻസി ഇന്റർനാഷനൽ (ടിഐ) എന്ന അന്താരാഷ്ട്ര സംഘടന കുറച്ചു കാലമായി ലോകവ്യാപകമായി പഠനം നടത്തി അഴിമതി അഭിവീക്ഷണ സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്പൂർണ്ണ അഴിമതിക്ക് പൂജ്യവും സമ്പൂർണ്ണ സംശുദ്ധിക്ക് പത്തും എന്ന അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത്. ഇക്കൊല്ലത്തെ ടിഐ പഠനത്തിൽ 178 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു. അതിൽ ആർക്കും തന്നെ പത്ത് പോയിന്റുകൾ കിട്ടിയില്ല. അതായത് കുറഞ്ഞ തോതിലെങ്കിലും അഴിമതിയില്ലാത്ത ഒരു രാജ്യവുമില്ല. ഡെൻ‌മാർക്ക്, ന്യൂ സീലണ്ട്, സിം‌ഗപ്പൂർ എന്നിവയാണ് അഴിമതി ഏറ്റവും കുറവായ രാജ്യങ്ങളായി ടിഐ കണ്ടെത്തിയത്. ഓരോന്നിനും കിട്ടിയത് 9.3 പോയ്ന്റുകൾ. അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, സൊമാലിയ എന്നിവയാണ് അഴിമതി ഏറ്റവും കൂടുതലുള്ളവ. അവയിൽ ഓരോന്നിനും കിട്ടിയത് 1.1 പോയ്ന്റ് മാത്രം. അൽബേനിയ, ജമൈക്ക, ലൈബീരിയ എന്നിവയോടൊപ്പം പട്ടികയുടെ ഒത്ത നടുക്കാണ് ഇന്ത്യ -- 86ആം സ്ഥാനത്ത്. ലോകത്തെ പകുതി രാജ്യങ്ങളിലെ അവസ്ഥ ഇവിടത്തേക്കാൾ മോശമാണെന്നതിനെ ആശ്വാസത്തിന് ഇടം നൽകുന്ന വസ്തുതയായി കാണാനാവില്ല.

ടിഐയിടെ ഇന്ത്യാ ഘടകം ഏതാനും കൊല്ലം മുമ്പ് രാജ്യത്തെ സംസ്ഥാനങ്ങളിലെ അഴിമതിയുടെ തോത് അളക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. കേരളമാണ് അഴിമതി ഏറ്റവും കുറവായ സംസ്ഥാനമെന്നാണ് അത് കണ്ടെത്തിയത്. പഠനം നടത്തുന്നതിന് അവലംബിച്ച രീതി ശരിയായിരുന്നില്ലെന്ന് ടിഐ കേരള ശാഖയുടെ സെക്രട്ടറി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയനേതൃത്വം അത് അവഗണിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചു. അതോടെ സംസ്ഥാന ശാഖയുടെ പ്രവർത്തനവും നിലച്ചു. സംസ്ഥാനങ്ങളെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഏതെങ്കിലുമൊന്ന് ഒന്നാം സ്ഥാനത്ത് വരണമല്ലൊ. പഠനത്തിൽ കണ്ടതുപോലെ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെങ്കിൽ തന്നെ പെരുകിക്കൊണ്ടിരിക്കുന്ന അഴിമതിക്ക് അത് ന്യായീകരണമാകുന്നില്ല. നേരത്തെ ടിഐയുടെ കേരള ശാഖ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. മുൻ‌കൂട്ടി നിശ്ചയിക്കാതെ ‘റാൻഡം സാമ്പിൾ’ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആളുകൾക്ക് 25 സർക്കാർ ആപ്പീസുകളുടെ ലിസ്റ്റ് നൽകിയിട്ട്, അഴിമതിരഹിതമെങ്കിൽ പൂജ്യം, സമ്പൂർണ്ണ അഴിമതിയെങ്കിൽ10 എന്ന ക്കണക്കിൽ, അവയ്ക്ക് മാർക്ക് ഇടാൻ ആവശ്യപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപസ്ജം പേരും എക്സൈസ്, പൊലീസ്, റോഡ് ട്രാൻസ്പോർട്ട് വകുപ്പുകൾക്ക് 10 നൽകിയതിന്റെ ഫലമായി ശരാശരി എട്ടിലധികം മാർക്കോടെ അവ അഴിമതി പട്ടികയുടെ മുകളിൽ സ്ഥാനം നേടി. പൊതുമരാമത്ത് വകുപ്പ് അവയുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. സർവേ ഫലമടങ്ങിയ റിപ്പോർട്ട് അന്ന് ഗവർണറായിരുന്ന എസ്.എസ്. കാങ് പ്രകാശനം ചെയ്തു. ടിഐ ഭാരവാഹികൾ റിപ്പോർട്ടിന്റെ ഒരു കോപ്പി മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് നൽകി. അദ്ദേഹം ഒരു കോപ്പി കൂടി ആവശ്യപ്പെട്ടു. അതും കൊടുത്തു. പക്ഷെ അദ്ദേഹമൊ പിൻ‌ഗാമികളൊ അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.

കഴിഞ്ഞ 53 കൊല്ലക്കാലത്ത് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകിയവരിൽ ഏറെയും ആന്റണിയെപ്പോലെ സത്യസന്ധതക്ക് പുകഴ്‌പെറ്റവരായിരുന്നു. പക്ഷെ ഈ കാലയളവിൽ അഴിമതി വർദ്ധിക്കുകയാണുണ്ടായത്. സ്വന്തം സംശുദ്ധി കാത്തു സൂക്ഷിക്കാനല്ലാതെ ഭരണം സംശുദ്ധമാണെന്ന് ഉറപ്പു വരുത്താൻ അവരാരും ശ്രമിച്ചില്ല. ഫലമുണ്ടാവില്ലെന്ന തിരിച്ചറിവായിരിക്കാം കാരണം. നോക്കുകൂലി പിടിച്ചുപറിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ടുമൂന്ന് കൊല്ലമായല്ലൊ. പക്ഷെ അത് ഇപ്പോഴും തുടരുകയാണ്. പോലീസുകാർ പോലും നോക്കുകൂലി കൊടുക്കാൻ നിർബന്ധിതരാകുന്നു. അഴിമതി ഭൂതത്തെയും നോക്കുകൂലി ഭൂതത്തെയുമൊക്കെ എളുപ്പം കുപ്പിയിലാക്കാനാവില്ല. അതിനായി ശ്രമിക്കാൻ ആർജ്ജവമുള്ള ഒരു നേതാവ് ഇനിയും പിറക്കേണ്ടിയിരിക്കുന്നു.

അഴിമതി സാർവത്രികമാണെങ്കിലും ഇവിടെ നിലനിൽക്കുന്ന തരത്തിലുള്ള അഴിമതി ലോകത്ത് അപൂർവ്വമാണ്. മിക്ക രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം നേടാനാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. കരാർ നേടാൻ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നയാൾ അത് ചെയ്യുന്നത് തുല്യയോഗ്യതയുള്ള മറ്റുള്ളവരെ അവഗണിച്ച് തനിക്ക് അത് നൽകാനാണ്. ആ കൈമടക്കിനെ അയാൾ ബിസിനസിനു വേണ്ടിയുള്ള നിക്ഷേപമായാകും കരുതുക. ഇവിടെ ആനുകൂല്യങ്ങൾക്കുവേണ്ടി മാത്രമല്ല കൈക്കൂലി കൊടുക്കേണ്ടത്. ജനനമരണ സർട്ടിഫിക്കറ്റുകൾക്കും ജാതി-വരുമാന സർട്ടിഫിക്കറ്റുകൾക്കുമായി ആപ്പീസുകൾ കേറിയിറങ്ങുന്നവർ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുക്കുന്നത് ജോലിയുടെ ഭാഗമായി ചെയ്യാൻ ബാധ്യതയുള്ള കാര്യം ചെയ്യുന്നതിനാണ്. ഏതെങ്കിലും ആവശ്യത്തിനായാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെന്നും വൈകിയാൽ ആവശ്യം നടക്കില്ലെന്നും അറിഞ്ഞുകൊണ്ട് ജനങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണ് അവർ ചെയ്യുന്നത്. നീച മനസുകൾക്കു മാത്രമെ അങ്ങനെ ചെയ്യാനാകൂ. സർട്ടിഫിക്കറ്റുകളിൽ വ്യാജവിവരം ചേർക്കാനാണെങ്കിൽ കൂടുതൽ പണം കൊടുക്കേണ്ടി വരും. കാരണം അതൊരു ആനുകൂല്യമാണ്.

ചില സർക്കാർ വകുപ്പുകൾക്ക് കോഴയുടെ നീണ്ട പാരമ്പര്യമുണ്ട്. ‘കയറി’ൽ തകഴി നൽകുന്ന വിവരണം ചരിത്രസത്യമാണെങ്കിൽ ഭൂമി സംബന്ധിച്ച ഏർപ്പാടുകളിൽ നൂറ്റാണ്ടുകളായി അഴിമതി നിലനിൽക്കുന്നുണ്ട്. കർണ്ണാടകത്തിൽ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷൻ കമ്പ്യൂട്ടർവത്കരിച്ചശേഷം അഴിമതി കുറഞ്ഞപ്പോൾ കേരളത്തിൽ കമ്പൂട്ടർവത്കരണത്തിനുശേഷം അഴിമതി കൂടി. ഇവിടെ ഇടപാടുകാർ കമ്പൂട്ടറിനും കോഴ കൊടുക്കേണ്ടി വരുന്നു! അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ പലപ്പോഴും ഇടനിലക്കാരുണ്ടാകും. രജിസ്റ്റർ കച്ചേരികളിൽ ആധാരമെഴുത്തുകാരും കീഴ്‌കോടതികളിൽ വക്കീലന്മാരും ഇടനിലക്കാരായി പ്രവർത്തിക്കാറുണ്ട്. ആർ.ടി.ഓ. ആപ്പീസുകളിലും മറ്റും ഫ്രീലാൻസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരെ കാണാം. സംവിധാനത്തിന്റെ തലപ്പത്തുള്ളവർ ഇടനിലക്കാരുടെ പ്രവർത്തനം തടയാൻ ശ്രമിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ചിലർ പങ്ക് പറ്റുന്നവരാകയാൽ ശ്രമിക്കുന്നില്ല. മറ്റുള്ളവർ പങ്ക് പറ്റുന്നവരുടെ ശത്രുത നേടാൻ തയ്യാറല്ലാത്തതുകൊണ്ട് കണ്ണടയ്ക്കുന്നു. രണ്ടാമത്തെ നമുക്ക് സംശുദ്ധരായ മുഖ്യമന്ത്രിമാരോടൊപ്പം നിർത്താം.

അടുത്ത കാലത്ത് ഒരു മന്ത്രി റോഡിലെ കുഴികളുടെ എണ്ണം കണക്കാക്കുകയുണ്ടായി. കുഴികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലെയും പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുടെ തോത് നിർണ്ണയിക്കാൻ കഴിയും. ഭരണകർത്താക്കൾക്ക് ഇപ്പോൽ തന്നെ ഓരോ വകുപ്പിലെയും അഴിമതിയുടെ തോതിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അവർ അതിന്റെ അടിസ്ഥാനത്തിൽ അഴിമതിക്കാർ നൽകേണ്ട സംഭാവന നിശ്ചയിക്കാറുമുണ്ട്. പണത്തിന് അഴിമതിക്കാരെ ആശ്രയിക്കുന്ന ഭരണാധികാരികൾക്ക് എങ്ങനെയാണ് അഴിമതിക്കെതിരെ നടപടിയെടുക്കാനാവുക?

സർക്കാർ ജീവനക്കാർക്ക് ശക്തമായ സംഘടനകളുണ്ട്. അവയുടെ ആദ്യകാല പ്രവർത്തകർ ആദർശധീരരായിരുന്നു. അവയുടെ ഇന്നത്തെ നേതാക്കളിൽ എത്ര പേരെ ആ ഗണത്തിൽ പെടുത്താനാവും? ആദർശങ്ങളാണ് നയിക്കുന്നതെങ്കിൽ അഴിമതിയുടെ വളർച്ച തടയാനെങ്കിലും അവർ ശ്രമിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. വകുപ്പ് മേധാവികളെപ്പോലെ സംഘടനാ നേതാക്കൾക്കും ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് വിവരമുണ്ട്. പക്ഷെ കണ്ടില്ലെന്ന് നടിക്കാൻ അവർ നിർബന്ധിതരാകുന്നു. ഇപ്പോൾ പുറത്തു വന്നിട്ടുള്ള നിയമന കുംഭകോണത്തിന്റെ കാര്യത്തിലെന്നപോലെ, അഴിമതിക്കഥ ചർച്ചാവിഷയമാകുമ്പോൾ അച്ചടക്ക നടപടിയെടുത്ത് അവർ മുഖം രക്ഷിക്കുന്നു. അവരെയെല്ലാം മുഖ്യമന്ത്രിമാർക്കും വകുപ്പു തലവന്മാർക്കുമൊപ്പം സംശുദ്ധരുടെ നിരയിൽ നിർത്താനാകില്ല. കാരണം അഴിമതിക്ക് പേരുകേട്ടവരും ഇപ്പോൾ സംഘടനകളുടെ നേതൃതലങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു.

കേരള സർവകലാശാലയിലും റവന്യു വകുപ്പിലും നടന്ന നിയമനക്രമക്കേടുകളെ സംബന്ധിച്ചു പുറത്തു വന്നിട്ടുള്ള വിവരങ്ങൾ രാഷ്ട്രീയ കക്ഷികളും സംഘടനകളും നിർദ്ദോഷികളല്ലെന്ന സൂചനയാണ് നൽകുന്നത്. ചിലർ കോഴ കൊടുത്തും മറ്റ് ചിലർ കക്ഷി ബന്ധം പ്രയോജനപ്പെടുത്തിയുമാണ് ജോലി തരപ്പെടുത്തിയത്. രണ്ടും അഴിമതി തന്നെ. ഓരോ ക്രമവിരുദ്ധമായ നിയമനവും മറ്റാർക്കോ ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെടുത്തുകയായിരുന്നു. ആ നിലയ്ക്ക് ഈ അഴിമതികൾ മനുഷ്യാവകാശ ലംഘനങ്ങളുമാണ്.

കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥി പാസായശേഷം കോഴ കൊടുത്ത് ജോലി നേടുകയും സ്ത്രീധനരൂപത്തിൽ കോഴ വാങ്ങി ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് അയാൾ മക്കൾക്ക് പ്രവേശനം നേടാനും സ്ത്രീധനം കൊടുക്കാനുമുള്ള പണം സ്വരൂപിക്കാൻ തുടങ്ങുന്നു. അതിനാവശ്യമായ രാഷ്ട്രീയ സാമുദായിക സംഘടനാ ബന്ധങ്ങളും അയാൾ സ്ഥാപിക്കുന്നു. അയാളെ ഈ ചങ്ങലക്കുരുക്കിൽ നിന്ന് പുറത്തുകൊണ്ടു വരാൻ വലിയ മാറ്റങ്ങൾ ആവശ്യമാണ്. അതിന് മുൻ‌കൈയെടുക്കാൻ കെല്പുള്ള നേതൃത്വത്തിന്റെ അഭാവമാണ് നാം നേരിടുന്ന ഒരു പ്രശ്നം. അഴിമതിക്കാർ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള സന്ദേശം നൽകാൻ ഭരണാധികാരികൾക്ക് കഴിഞ്ഞാൽ മാറ്റം പ്രതീക്ഷിക്കാം. വേണമെങ്കിൽ ഫയലുകൾ മുക്കിയും അഴിമതിക്കാരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇന്ന് പ്രചരിക്കുന്നത്.

കേരളത്തിൽ അഴിമതി വ്യാപകമാകാൻ തുടങ്ങിയത് മുന്നണി സമ്പ്രദായം ചില ചെറിയ കക്ഷികൾക്ക് അധികാരത്തിലേറാൻ അവസരമുണ്ടാക്കിയപ്പോഴാണ്. അവ ഉദ്യോഗസ്ഥ സ്ഥലംമാറ്റം പണമുണ്ടാക്കാനുള്ള മാർഗ്ഗമാക്കി മാറ്റി. വലിയ കക്ഷികൾ ചില വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ പിരിവിന് ഉപയോഗിച്ചുകൊണ്ട് അഴിമതി വളർത്തി. ഭാരിച്ച തെരഞ്ഞെടുപ്പ് ചെലവാണ് രാഷ്ട്രീയകക്ഷികളെ അഴിമതിയുടെ പ്രോത്സാഹകരാക്കിയത്. പണം നൽകുന്നവരെ പണമുണ്ടാക്കാൻ സഹായിക്കാനുള്ള ചുമതലയും പാർട്ടികൾക്കുണ്ടാകുന്നു. പാർട്ടിക്കുവേണ്ടി സമയം ചെലവഴിക്കുന്നവർക്ക് ജീവിക്കാനുള്ള പണം പാർട്ടി നൽകണം. അല്ലെങ്കിൽ പണമുണ്ടാക്കാനുള്ള അവസരം നൽകണം. പാർട്ടിയാണ് പണം നൽകുന്നതെങ്കിൽ അതിനാവശ്യമായ പണം അതുണ്ടാക്കണം. ഒരു മദ്യവ്യവസായിയുടെ മാസപ്പടി വിവരം പുറത്തായപ്പോൾ പാർട്ടിക്കുവേണ്ടി പിരിവു നടത്തുന്നവർ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയും പണം വാങ്ങുന്നതായി വെളിപ്പെടുകയുണ്ടായി. അതിന്റെ പേരിൽ ലഘുവായ ശിക്ഷാ നടപടിയേ ഉണ്ടായുള്ളു. അഴിമതിയെ ഗുരുതരമായ കുറ്റമായി കാണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടികൾ എന്നതാണ് വാസ്തവം. (ജനശക്തി വാർഷികപ്പതിപ്പ്)

തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാനായാൽ പാർട്ടികൾക്ക് ഇന്നത്തെ തോതിൽ പണമുണ്ടാക്കേണ്ടി വരില്ല. പക്ഷെ വ്യക്തികളുടെ മോഹം അപ്പോഴും നിലനിൽക്കും. വിപ്ലവത്തിന്റെ ആവേശം കത്തിനിന്ന കാലത്ത് പരിപ്പുവട കൊണ്ട് തൃപ്തിപ്പെടുന്ന സന്നദ്ധഭടന്മാരെ കിട്ടുമായിരുന്നു. അധികാരത്തിന്റെ ഭാഗമായ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്നവർ ബിരിയാണി പ്രതീക്ഷിക്കും. സി.പി. എം. നല്ല വേതനത്തോടെ സ്ഥിരം പ്രവർത്തകരെ നിയമിക്കാൻ പോകുന്നതായി വാർത്തയുണ്ട്. പരക്കെ അറിയപ്പെടുന്ന അഴിമതിവീരന്മാരിൽ നല്ല സേവനവേതന വ്യവസ്ഥകളുള്ള ഉദ്യോസ്ഥന്മാരുമുണ്ടെന്ന് ഓർക്കുമ്പോൾ ഈ നടപടി ഉദ്ദേശിക്കുന്ന ഗുണം ചെയ്യുമോയെന്ന് സംശയിക്കണം.

Wednesday, December 22, 2010

ചുവരെഴുത്തുകൾ മാറ്റുന്ന ലോകം

ബി.ആർ.പി. ഭാസ്കർ

ഇന്റർനെറ്റ് സാമൂഹ്യ ചങ്ങലകൾ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ലോകമൊട്ടാകെയുള്ള 689 കോടിയോളം ജനങ്ങളിൽ 50 കോടിയിലധികം പേർ ഫേസ്ബുക്ക് എന്ന ചങ്ങലയിൽ ഇതിനകം അണിചേർന്നിരിക്കുന്നു. ഏഴു കൊല്ലം മുമ്പ് മാത്രം അത് പ്രവർത്തനം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനമായ കത്തോലിക്കാ സഭ ഇരുപത് നൂറ്റാണ്ടെടുത്താണ് 117 കോടി അംഗങ്ങളുള്ള ഒന്നായി വളർന്നത്. പുതിയ തലമുറ അത്യുത്സാഹത്തോടെ ആധുനിക സാങ്കേതികവിദ്യ തുറന്നുകൊടുത്ത പാതയിലൂടെ നീങ്ങാൻ തയ്യാറായതാണ് ഫേസ്ബുക്കിന്റെ അഭൂതപൂർവമായ വളർച്ച സാധ്യമാക്കിയത്. ധാരാളം മുതിർന്നവരും അവരോടൊപ്പം കൂടി.

സാങ്കേതികവിദ്യ മാറ്റത്തിന്റെ വേഗത കൂട്ടുന്നതായി സമൂഹ്യശാസ്ത്രജ്ഞനായ ആൽ‌വിൻ ടോഫ്ലർ 1971ൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമുള്ള നാലു പതിറ്റാണ്ടു കാലത്ത് കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലുണ്ടായ വളർച്ചയുടെ ഫലമായി വേഗത പിന്നെയും എത്രയോ മടങ്ങ് കൂടി. ടൈപ്‌റൈറ്റർ പോലെ മേശപ്പുറത്ത് വെയ്ക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടർ 1970കളിൽ പ്രത്യക്ഷപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളൽ അത് പെട്ടെന്ന് പ്രചരിച്ചു. ഇന്ത്യയിൽ കടുത്ത ഇറക്കുമതി നിയന്ത്രണവും ഉയർന്ന ഇറക്കുമതി ചുങ്കവും തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെട്ട യൂണിയനുകളുടെ എതിർപ്പും അതിന്റെ വഴി തടഞ്ഞു. നരസിംഹറാവു സർക്കാർ തൊണ്ണൂറുകളുടെ ആദ്യം സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ചശേഷമാണ് തടസങ്ങൾ നീങ്ങിയത്.

അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 2004 ഫെബ്രുവരി നാലിന് ഫേസ്ബുക്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്റെ സ്ഥാപകനായ മാർക്ക് എലിയട്ട് സക്കർബർഗിന് 20 വയസ് പോലുമുണ്ടായിരുന്നില്ല. ഹാർവാർഡിലെ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയെന്ന നിലയിലാണ് ആ വിദ്യാർത്ഥി അതിനെ വിഭാവന ചെയ്തത്. തന്നോടൊപ്പം ഹോസ്റ്റൽ‌മുറി പങ്കിട്ടിരുന്ന ഡസ്റ്റിൻ മോസ്‌കോവിറ്റ്സിന്റെ സഹായത്തോടെ പിന്നീട് സ്റ്റാൻഫോർഡ്, കൊളംബിയ, യേൽ, കോർണൽ തുടങ്ങിയ മറ്റ് പ്രമുഖ സർവ്വകലാശാലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കപ്പെട്ടു. അപ്പോഴും അത് വിദ്യാർത്ഥികളുടെ സൌഹൃദവേദി മാത്രമായിരുന്നു. സംരംഭം അതിവേഗം വളരുന്നത് കണ്ടപ്പോൾ ആ യുവാക്കൾ കാലിഫോർണിയയിൽ ചെറിയ കെട്ടിടം വാടകയ്‌ക്കെടുത്ത് പ്രവർത്തനം അങ്ങോട്ട് മാറ്റി. ചില വലിയ കമ്പനികൾ ഫേസ്‌ബുക്കിന്റെ സാധ്യതകൾ മനസിലാക്കി അത് വാങ്ങാൻ താല്പര്യം കാട്ടി. എന്നാൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാക്കുന്ന വിശാലമായ തുറന്നവേദി എന്ന ആശയം സക്കർബർഗിന്റെ മനസിൽ അതിനകം ഉറച്ചുകഴിഞ്ഞിരുന്നു. വാങ്ങാൻ വരുന്നവരുടെ സമീപനം അതാകില്ലെന്നതുകൊണ്ട് വിൽക്കാൻ അവർ വിസമ്മതിച്ചു. പീറ്റർ തീയെൽ എന്നൊരാൾ മുതൽമുടക്കാൻ തയ്യാറായി മുന്നോട്ടു വന്നപ്പോൾ അദ്ദേഹത്തെ പങ്കാളിയാക്കികൊണ്ട് പ്രവർത്തനം വികസിപ്പിച്ചു. ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം കൂടിയതിനൊത്ത് പരസ്യക്കാരുടെ താല്പര്യവും കൂടി. സക്കർബർഗ് ചെറുപ്രായത്തിൽ കോടീശ്വരനായി.

പഴയ സുഹൃത്തുക്കളുമായി ബന്ധം പുന:സ്ഥാപിക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടാനും ഫേസ്ബുക്ക് അവസരം നൽകുന്നതുകൊണ്ടാണ് അത് എല്ലാ പ്രായക്കാരുടെയും വേദിയായത്. എന്നാൽ യുവത്വതിന്റെ ആഘോഷവേദിയെന്ന സ്വഭാവം ഇന്നും അത് ഏറെക്കുറെ നിലനിർത്തുന്നു. തത്വത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളിൽ ആരുമായും ഒരാൾക്ക് സുഹൃദ്ബന്ധം സ്ഥാപിക്കാവുന്നതാണ്. എന്നാൽ ഒരാൾക്ക് 5,000ൽ കൂടുതൽ സുഹൃത്തുക്കളെ അതനുവദിക്കുന്നില്ല. ഫേസ്‌ബുക്കിലൂടെ ഓരോരുത്തർക്കും അവരെ സംബന്ധിക്കുന്ന വിവരങ്ങൾ സുഹൃത്തുക്കളെ അറിയിക്കുന്നു. ഫേസ്ബുക്ക് ചുവരിൽ ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താവുന്നതാണ്. സുഹൃത്തുക്കൾക്ക് അതിനോട് പ്രതികരിക്കാവുന്നതുമാണ്. സ്വന്തം ചുവരിൽ മാത്രമല്ല സുഹൃത്തുക്കളുടെ ചുവരിലും എഴുതാനാവും. അഭിപ്രായം പറയാൻ അവസരം നൽകുന്നുവെന്നത് ഫേസ്ബുക്കിന് വൻപ്രചാരം നേടിക്കൊടുത്തിട്ടുണ്ട്. ഒരുപക്ഷെ ബഹുഭൂരിപക്ഷം പേർക്കും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്നത് ഇതുപോലുള്ള ഇന്റർനെറ്റ് വേദികളിൽ മാത്രമാണ്. വ്യവസ്ഥാപിത മാധ്യമങ്ങളിലെപ്പോലെ അവിടെ പടിപ്പുര കാവൽക്കാരില്ല്. വിഷയമൊ ഭാഷയൊ അനുചിതമാണെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ മാത്രമെ അതിന്റെ നടത്തിപ്പുകാർ ഇടപെട്ടു തടസം സൃഷ്ടിക്കുകയുള്ളു. സ്ഥാപിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ബന്ധം വിച്ഛേദിക്കാനാവും. രണ്ടാൾക്കും സമ്മതമാണെങ്കിലെ ഫേസ്ബുക്കിൽ സുഹൃദ്ബന്ധം സ്ഥാപിക്കാനാവൂ. ബന്ധം വേർപെടുത്താൻ അതിലൊരാൾ വിചാരിച്ചാൽ മതി. ഈയിടെ ഒരു മലയാളി സുഹൃത്ത് സ്ത്രീകളെ കുറിച്ച് ഒരു ചീത്ത പരാമർശം നടത്തി. ഒരു യുവതി പ്രതിഷേധസൂചകമായി ആ ആളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും അങ്ങനെ ചെയ്യാൻ മറ്റ് സ്ത്രീകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആ പരാമർശം പ്രതിഷേധാർഹമാണെന്ന് കണ്ട് ചില പുരുഷന്മാരും ആ സുഹൃത്തിനെ ഒഴിവാക്കാൻ തയ്യാറായി.

ഗൂഗിളിന്റെ ഓർക്കുട്ട് കൂട്ടായ്മയുമായി മത്സരിച്ചാണ് ഫേസ്ബുക്ക് വളർന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഏറ്റവും അധികമുള്ള അമേരിക്കക്കാർക്ക് ആറ് കൊല്ലം മുമ്പ് ഓർക്കുട്ടിനോടായിരുന്നു കൂടുതൽ പ്രിയം അന്ന് അതിലെ പകുതിയിലേറെ അംഗങ്ങൾ അമേരിക്കക്കാരായിരുന്നു. ഇന്ന് ഓർക്കുട്ടിൽ കൂടുതലും ബ്രസീൽകാരും (48 ശതമാനം) ഇന്ത്യാക്കാരും (39 ശതമാനം) ആണ്. അമേരിക്കക്കാർ രണ്ട് ശതമാനം മാത്രമാണ്. ഫേസ്ബുക്കിൽ അടിയ്ക്കടിയുണ്ടാകുന്ന പരിഷ്കാരങ്ങൾ പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും പ്രയോഗികമാക്കാനുമുള്ള സക്കർബർഗിന്റെയും കൂട്ടാളികളുടെയും കഴിവിന് തെളിവാണ്. സമൂഹിക തലത്തിൽ ഉപയോഗിക്കാവുന്ന പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമർമാർക്ക് 2007ൽ നൽകിയ അവസരം വൻ‌കുതിപ്പിന് വഴി തെളിച്ചു. ലക്ഷോപലക്ഷം പേർ ഉപയോഗിക്കുന്ന നിരവധി പ്രോഗ്രാമുകൾ ഇപ്പോൾ ഫേസ്ബുക്ക് ആപ്ലിക്കേഷൻസിന്റെ ഭാഗമായുണ്ട്. പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കമ്പനി പുരോഗമിക്കുന്നത്.

നൂറു കോടതിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ ഏഴു ശതമാനം പേർക്കു മാത്രമാണ് ഇന്റർനെറ്റ് സംവിധാനമുള്ളത്. അടുത്ത അഞ്ചു വർഷത്തിൽ ഇത് 19 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു കോടിയിലധികം ഇന്ത്യാക്കാർ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കഴിഞ്ഞ ജൂലൈയിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത മുൻ‌കൂട്ടി കണ്ടുകൊണ്ട് അത് ഇന്ത്യയിൽ ആപ്പീസ് തുടങ്ങിയിട്ടുമുണ്ട്. ഫേസ്ബുക്ക് ഇപ്പോൾ വ്യക്തിതലബന്ധം വിട്ട് കൂട്ടായ്മകൾക്ക് ജന്മം നൽകിക്കൊണ്ടിരിക്കുകയാണ്. നിരവധി മലയാളി ഗ്രൂപ്പുകൽ ഇതിനകം ഉണ്ടായിട്ടുണ്ട്. മലയാള നാട് എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് ലോകമെമ്പാടുമുള്ള മലയാളികളുടെ പൊതുവേദിയായി വികസിച്ചിട്ടുണ്ട്. ഇപ്പോൾ ഫേസ്ബുക്ക് ഇന്റർനെറ്റിനു പുറത്തും വളരുകയാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചെന്നൈ നിവാസികൾ അടുത്ത കാലത്ത് ഒന്നിച്ചുകൂടുകയുണ്ടായി. ഏതാനും ദിവസം മുമ്പ് ദുബായിലെ മലയാളികൾ മുൻ‌കൈ എടുത്ത് ഒരു ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ ലണ്ടനിൽ നിന്ന് ഒരു മലയാളി അതിൽ പങ്കെടുക്കാനെത്തി.

സാമൂഹ്യ മേഖലയിലെ മറ്റൊരു വിജയകഥയായ ട്വിറ്റർ 2006ലാണ് പിറന്നത്. ഒരു പൊതു ഇടത്തിൽ 140 അക്ഷരങ്ങളിൽ കൂടാതെ എഴുതാൻ അത് അവസരം നൽകുന്നു. ഒരാൾ എഴുതുന്നത് വായിക്കാ‍ൻ മറ്റൊരാൾക്ക് താല്പര്യമുണ്ടെങ്കിൽ ആ വ്യക്തിയെ ‘പിന്തുടരാ’വുന്നതാണ്. ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രീയത്തിൽ ഏറെക്കുറെ പുതുമുഖമായിരുന്ന ബാരക്ക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാവശ്യമായ പണം സ്വരൂപിച്ചതും വിജയിക്കാനാവശ്യമായ പിന്തുണ നേടിയതും. ട്വിട്ടറിൽ 60 ലക്ഷത്തിലധികം പേർ ഇപ്പോൾ അദ്ദേഹത്തെ പിന്തുടരുന്നു. ഏഴ് ലക്ഷത്തിലധികം പേരെ അദ്ദേഹവും പിന്തുടരുന്നു. തിരുവനന്തപുരത്തെ ശശി തരൂറിന്റെ ഉജ്ജ്വലവിജയത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണയും ഒരു ഘടകമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പിന്നീട് ട്വിറ്റർ വിനയായി മാറി. ആ വേദിയിൽ അദ്ദേഹം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ ഈ ആധുനിക സംവിധാനത്തിന്റെ സ്വഭാത്തെ കുറിച്ച് ഗ്രാഹ്യമില്ലാത്ത കോൺഗ്രസ് നേതാക്കളുടെ അപ്രീതിക്ക് കാരണമായി. ഒമ്പതു ലക്ഷത്തോളം ആളുകൾ തരൂറിനെ പിന്തുടരുന്നുണ്ട്. എന്നാൽ അവരിൽ സ്വന്തം മക്കളുൾപ്പെടെ 63 പേരെയെ അദ്ദേഹം പിന്തുടരാൻ യോഗ്യതയുള്ളവരായി കണ്ടിട്ടുള്ളു.

കമ്പ്യൂട്ടർപൂർവ തലമുറയിൽ‌പെടുന്ന എന്നെ ഫേസ്ബുക്കിലും ട്വിട്ടറിലും കണ്ടുമുട്ടുന്ന യുവസുഹൃത്തുക്കൾ പലപ്പോഴും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. ഞാൻ സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിക്കുന്ന കാലത്ത് ഇന്ത്യയിലെ മാധ്യമ രംഗത്ത് കമ്പ്യൂട്ടർവത്കരണം ആരംഭിച്ചിട്ടേയുള്ളു. അതുകൊണ്ട് സമപ്രായക്കാരായ പലർക്കും ഈ യന്ത്രവുമായി പരിചയപ്പെടാതെ തൊഴിൽജീവിതം പൂർത്തിയാക്കാനായി. എന്നൽ എനിക്ക് 30 കൊല്ലം മുമ്പെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അവസരമുണ്ടായി. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ പ്രസ് സർവീസിന്റെ (ഐ.പി.എസ്) ഇംഗ്ലീഷ് വിഭാഗത്തിൽ 1981ൽ ഏതാനും മാസം ചെലവഴിച്ചപ്പോഴായിരുന്നു അത്. അവിടെ ഞാൻ കണ്ടത് ലോകമൊട്ടാകെയായുള്ള നാല്പതില്പരം ബ്യൂറോകളുമായി ടെലിപ്രിന്റർ ബന്ധമുള്ള കമ്പ്യൂട്ടർവത്കൃത ന്യൂസ് റൂം ആണ്. റിപ്പോർട്ടുകൾ കമ്പൂട്ടറിൽ വന്നു വീഴുന്നു, അവ കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് എത്തേണ്ടിടത്ത് എത്തിക്കണം. ഒരു അമേരിക്കക്കാരൻ, ഒരു ഇംഗ്ലീഷുകാരൻ, ഒരു വെസ്റ്റ് ഇൻഡ്യൻ എന്നിങ്ങനെ മൂന്ന് ചെറുപ്പക്കാരാണ് അവിടെ പണിയെടുത്തിരുന്നത്. കാൾ മേയർ എന്ന 21 വയസുള്ള അമേരിക്കക്കാരനെ ഞാൻ എന്റെ പരിശീലകനാക്കി. ഒരു ദിവസത്തിൽ എനിക്ക് ആവശ്യമുള്ള അറിവ് പകർന്നുകിട്ടി. മൂന്ന് മാസം കഴിഞ്ഞ് ചെന്നൈയിലെ യു.എൻ. ഐ. ആപ്പീസിൽ തിരിച്ചെത്തിയപ്പോൾ എന്റെ കമ്പ്യൂട്ടർ പരിജ്ഞാനം വൃഥാവിലായി. ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങൾ അന്ന് കമ്പ്യൂട്ടർയുഗത്തിലേക്ക് പ്രവേശിച്ചിരുന്നില്ല. ബംഗ്ലൂരിലെ ഡെക്കാൺ ഹെറാൾഡിലേക്ക് മാറിയപ്പോൾ എഡിറ്റോറിയൽ ഹാളിൽ ഒരു ആപ്പിൾ മാക്കിന്റോഷ് കമ്പ്യൂട്ടർ ഇരിക്കുന്നതു കണ്ടു. ഗ്രാഫിക്സ് ചെയ്യാൻ കഴിയുന്ന ആ യന്ത്രത്തിന് അന്ന് ഒന്നര ലക്ഷം രൂപ വിലയുണ്ട്. പുതിയ സാങ്കേതികവിദ്യയിൽ താല്പര്യമെടുക്കുന്ന യുവ മുതലാളി വാങ്ങി വെച്ചതാണ്. ആർക്കും ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് വെറുതെ കിടക്കുകയായിരുന്നു. കിഴക്കെ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ രണ്ട് ഘട്ടങ്ങളിലായി ഒരു മാസത്തെ യാത്ര കഴിഞ്ഞു വന്നപ്പോൾ ലേഖനങ്ങൾ എഴുതാൻ ഞാൻ അതുപയോഗിച്ചു. ദൈനംദിന എഡിറ്റോറിയൽ പണിക്കിടയിൽ തുടർച്ചയായി എഴുതാനാവുമായിരുന്നില്ല. ടൈപ്പ്‌റൈറ്ററിൽ എഴുതിയാൽ കടലാസുകൾ ഭദ്രമായി സൂക്ഷിച്ചുവെക്കണം. കമ്പ്യൂട്ടറിലായാൽ എഴുതുന്നത് ലേഖനം പൂർത്തിയാകുന്നതുവരെ അതിൽ തന്നെ ഇട്ടേക്കാവുന്നതുകൊണ്ട്ണ്ടാണ് ഞാൻ അതുപയോഗിച്ചത്. പിന്നീട് ഗ്രാഫിക്സ് ചെയ്യാൻ അറിയാവുന്ന ഓപ്പറേറ്ററെ നിയമിക്കാൻ മുതലാളിയെ പ്രേരിപ്പിച്ചു. എഡിറ്റോറിയൽ വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായി കമ്പ്യൂട്ടർവത്കരിക്കാൻ പത്രം തീരുമാനിച്ചപ്പോൾ, മുതിർന്നവരെ ഒഴിവാക്കിക്കൊണ്ട്, ചെറുപ്പക്കാർക്ക് ആദ്യം പരിശീലനം നൽകാൻ ഞാൻ ഉപദേശിച്ചു.

ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയ അനുജൻ സുഭാഷ് ചന്ദ്ര ഭാസ്കർ കുടുംബത്തിലുള്ളവർക്ക് പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടാൻ അവസരം നൽകുകയെന്ന ഉദ്ദേശ്യത്തൊടെ ഒരു കമ്പ്യൂട്ടർ കൊണ്ടു വന്ന് എന്റെ വീട്ടിൽ സ്ഥാപിച്ചു. അതോടെ ഇംഗ്ലീഷിലുള്ള എഴുത്ത് ഞാൻ കമ്പ്യൂട്ടറിലായി. പിന്നീട് മലയാളം ഫോണ്ട് ഇടുകയും അത് ഉപയോഗിക്കാൻ പഠിക്കുകയും ചെയ്തു. യൂണിക്കോഡ് വരുന്നതിനു മുമ്പ് മലയാളം എഴുതുന്നത് ശ്രമകരമായിരുന്നു. മൂന്ന് പതിട്ടാണ്ടിന്റെ കമ്പ്യൂട്ടർ അനുഭവമുണ്ടെങ്കിലും ഓരോ ഘട്ടത്തിലും ആവശ്യമെന്ന് തോന്നിയ കാര്യങ്ങൾ പഠിച്ചതല്ലാതെ ശരിയായ ശിക്ഷണത്തിലൂടെ കമ്പ്യൂട്ടറിന്റെ സാധ്യതകൾ പൂർണ്ണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള ബന്ധുക്കളും സ്നേഹിതരും ഞാൻ എന്ത് ചെയ്യുന്നുവെന്ന് അറിയാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് വരുന്നതിനു മിമ്പെ ഞാൻ എം.എസ്.എൻ. ഗ്രൂപ്പും ഗൂഗിൾ ഗ്രൂപ്പും ഉണ്ടാക്കി വിവരം നൽയിരുന്നു. . ഓർക്കുട്ട് സംവിധാനത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ അതിൽ പ്രവേശിച്ചെങ്കിലും അവിടെ സജീവമായില്ല. അഞ്ചു കൊല്ലം മുമ്പ് ബ്ലോഗ് ചെയ്തു തുടങ്ങി. ഇതുവരെ ഇംഗ്ലീഷിലും മലയാളത്തിലുമായി 1700ഓളം പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ടൈംസ് ഓഫ് ഇൻഡ്യയും ഹിന്ദുസ്ഥാൻ ടൈംസും മുതിർന്ന ബ്ലോഗർമാരെ കുറിച്ച് ഫീച്ചറുകൾ ചെയ്തപ്പോൾ എന്നെ ബന്ധപ്പെട്ടിരുന്നു. ബ്ലോഗുകളിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശപ്രശ്നങ്ങളും കേരള സംഭവ വികാസങ്ങളുമാണ്. പത്രമാസികകളിൽ എഴുതുന്ന ലേഖനങ്ങളാണ് സാധാരണയായി പോസ്റ്റ് ചെയ്യുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രവേശിച്ചശേഷം ബ്ലോഗുകൾക്ക് വേണ്ടത്ര സമയം നൽകാനാകുന്നില്ല. ഫേസ്ബുക്കിൽ 5,000 സുഹൃത്തുക്കളായി. ആരെങ്കിലും പുറത്തു പോവുകയൊ ഞാൻ ആരെയെങ്കിലും ഒഴിവാക്കുകയൊ ചെയ്താലെ പുതിയ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനാകൂ. ട്വിറ്ററിൽ ഞാൻ 400ഓളം പേരെ പിന്തുടരുന്നു; 900ൽ പരം പേർ എന്നെയും.

ജീവിതസാഹചര്യങ്ങൾ സാമൂഹികസാഹചര്യങ്ങളെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്. മനുഷ്യർ വേട്ടയാടി ആഹാരം കണ്ടെത്തിയിരുന്ന കാലത്ത് ഗോത്രങ്ങളും കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയ കാലത്ത് കൂട്ടുകുടുംബങ്ങളും നിർമ്മാണ വ്യവസായങ്ങളുടെ കാലത്ത് അണുകുടുംബങ്ങളും രൂപപ്പെട്ടത് കാലഘട്ടത്തിന്റെ ആവശ്യപ്രകാരമാണ്. വ്യാവസായികോത്തര കാലഘട്ടത്തിൽ വ്യക്തിയുടെ ബന്ധം കമ്പ്യൂട്ടർ പോലുള്ള യന്ത്രങ്ങളിലേക്ക് ചുരുങ്ങുന്നു. ഇതുമൂലമുണ്ടാകുന്ന ഒറ്റപ്പെടലിനെ കം‌പ്യൂട്ടറിലൂടെ പുതിയ ബന്ധങ്ങൾ സ്ഥാപിച്ച് മറികടക്കാൻ സഹായിക്കുന്ന സാമൂഹ്യ ശൃംഖലകൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നെവെന്നത് നാം അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ട്വിറ്റർ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ കണ്ടത് ഒൻപത് ശതമാനം പേർ മാത്രമാണ് പ്രയോജനകരമായ വിവരം നൽകുന്നതിന് അതുപയോഗിക്കുന്നതെന്നാണ്. നാല്പത് ശതമാനം അർത്ഥമില്ലാതെ ശബ്ദമുണ്ടാക്കുന്നു, 38 ശതമാനം വെറുതെ സംഭാഷണം നടത്തുന്നു, ആറ് ശതമാനം പേർ തങ്ങളെക്കുറിച്ചു തന്നെ സംസാരിക്കുന്നു. ഒരു മാർക്കറ്റ് റിസർച്ച് സ്ഥാപനം കേവലം 2,000 ട്വീറ്റുകൾ അപഗ്രഥിച്ചശേഷം പുറത്തു വിട്ട ഈ കണക്കുകൾക്ക് സാർവത്രിക പ്രസക്തിയില്ല. എന്നാൽ ഒരു വലിയ വിഭാഗം ജനങ്ങൾ പുതിയ സങ്കേതങ്ങൾ ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കുന്നുവോ എന്ന് സംശയിക്കണം

പല തരത്തിലുള്ളവരെ ഈ കൂട്ടായ്മകളിൽ കാണാം. ചിലർ ഗൌരവപൂർണ്ണമായ ചർച്ചക്കായി വിഷയങ്ങൾ അവതരിപ്പിക്കുകയും ഗൌരവത്തോടെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്നു. ചിലർ താന്താങ്ങളുടെ ജാതിമതവിഭാഗത്തിന്റെയൊ സംഘടനയുടെയൊ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊ മറ്റുള്ളവരുടെ താല്പര്യങ്ങൾ ഹനിക്കുന്നതിനൊ വേദി ഉപയോഗിക്കുന്നു. ചിലർ വിനോദം തേടുന്നു, അല്ലെങ്കിൽ പ്രദാനം ചെയ്യുന്നു. ചിലർ കുട്ടികൾ തെരുവിൽ കാണുന്ന നായുടെ നേർക്ക് കല്ല് വലിച്ചെറിയുന്നതുപോലുള്ള ഒരു പ്രയോഗം നടത്തിയിട്ട് കടന്നു പോകുന്നു. ഇത്തരം വൈവിധ്യം നിയന്ത്രണങ്ങളില്ലാത്ത തുറന്ന മേഖലയിൽ പ്രതീക്ഷിക്കേണ്ടതുതന്നെ.

സാമൂഹ്യ കൂട്ടായ്മകളെ വാണിജ്യവ്യവസായ താല്പര്യങ്ങൾക്കായി ഉപയോഗിക്കാൻ തീവ്ര ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അവയുടെ ഭാവി രൂപം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ശ്രമിക്കുന്നത് സാഹസമാകും. അലക്സാണ്ടർ ഗ്രഹാം ബെൽ 1878ലാണ് ടെലിഫോൺ സംഭാഷണം സാധ്യമാണെന്ന് കാണിച്ചത്. പക്ഷെ 1940കളിൽ പോലും അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല. ജീവനക്കാർ ദുരുപയോഗം ചെയ്യുമെന്നു ഭയപ്പെട്ട് ആപ്പീസിൽ ഫോൺ വെയ്ക്കാൻ ആദ്യകാലത്ത് പല മുതലാളികളും മടിച്ചത്രെ. ഇന്ന് അത് വ്യക്തിയുടെ ഭാഗമായിത്തന്നെ രൂപാന്തരപ്പെട്ടിരിക്കുന്നു. പല സാങ്കേതിക വിദ്യകൾ ഒന്നിക്കുന്ന പുതിയ കാലഘട്ടത്തിൽ പത്തൊ ഇരുപതൊ കൊല്ലത്തിൽ ഇന്ന് നമുക്ക് വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായെന്നിരിക്കും. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസംബർ 19, 2010 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)

Monday, November 29, 2010

റാഡിയാ ടേപ്പിൽ കുരുങ്ങിയ മാധ്യമങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയം, വ്യവസായം, മീഡിയ എന്നീ മേഖലകളിലെ ജീർണ്ണതയെ നീരാ റാഡിയാ ടേപ്പുകൾ തുറന്നു കാട്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ വീഐഴുന്നതുകൊണ്ട് രാഷ്ട്രീയരംഗം ചീഞ്ഞതാണെന്ന് ജനം നേരത്തെ മനസ്സിലാക്കിയിരുന്നു. ഭാരിച്ച തെരഞ്ഞെടുപ്പു ചെലവിന്റെയും ഉയരുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ഫലമായി പടരുന്ന അർബുദത്തിന്റെ പിടിയിൽ പെടാത്ത ഒരു രാഷ്ട്രീയ കക്ഷിയും ഇന്നില്ല. രാഷ്ട്രീയരംഗത്തെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വ്യവസായരംഗത്തെ പ്രവർത്തനങ്ങൾ കൺ‌മുന്നിലല്ലാത്തതുകൊണ്ട് അതും ചീഞ്ഞതാണെന്ന വിവരം അത്രതന്നെ പരക്കെ അറിയപ്പെടുന്നില്ല. പോരെങ്കിൽ ഉല്പന്നങ്ങളുടെ മാത്രമല്ല കമ്പനികളുടെയും ബ്രാൻഡ് നിർമ്മിതിക്കായി വിഭവശേഷിയുള്ള സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ ഉടമകളും രക്ഷകരും അവിടെയുള്ളതുകൊണ്ട് മാധ്യങ്ങൾ അതിന്റെ പ്രവർത്തനം സൂക്ഷിച്ചു നോക്കാറുതന്നെയില്ല -- അമ്പതുകളിലെ മുന്ധ്രാ സംഭവവും
തൊണ്ണൂറുകളിലെ ഹർഷദ് മേത്താ ഇടപാടും പോലുള്ള എന്തെങ്കിലും കുംഭകോണം അതിന് നിർബന്ധിക്കുന്നില്ലെങ്കിൽ. കടുത്ത മത്സരത്തിലായിരിക്കുമ്പോഴും മാധ്യമങ്ങൾ പരസ്പരം രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. കണ്ണാടി വീടുകളിൽ ഇരിക്കുന്നവർ കല്ലെറിയരുതല്ലൊ. പൊതുജനങ്ങൾക്ക് താല്പര്യമുള്ള തൊഴിൽപരമായ കാര്യങ്ങൾ പോലും പൊതുചർച്ചക്ക് വിധേയമാക്കാൻ മടിക്കുന്നവർ എങ്ങനെയാണ് അലമാരയിലെ അസ്ഥികൂടങ്ങളിലേക്ക് വെളിച്ചം വിതരുന്നത്?

വൻ‌വ്യവാസായികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നീരാ റാഡിയ മാധ്യമ താരങ്ങളുൾപ്പെടെ പലരുമായി 2008-09 കാലത്ത് നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ടേപ്പുകൾ ഉണ്ടെന്ന വിവരം കുറച്ചുകാലമായി അറിവുള്ളതാണ്. മാധ്യമങ്ങൾ എന്തുകൊണ്ടാണ് അവ അവഗണിക്കുന്നതെന്ന് ഗിരീഷ് നിക്കം എന്ന പത്രപ്രവർത്തകൻ ആറു മാസം മുൻപ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ എഴുതിയിരുന്നു. ചില ചെറിയ പ്രസിദ്ധീകരണങ്ങൾ അവ നോക്കുകയും 2ജി സ്‌പെക്ട്രം അഴിമതി ചൂടു വാർത്തയായപ്പോൾ അവ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയക്കാർ പ്രതീക്ഷിക്കാവുന്ന വിധത്തിൽ പ്രതികരിച്ചു. അവർ 2ജി അഴിമതിയിലെ അവരുടെ നിലപാടുകൾക്ക് ശക്തി പകരുന്ന വിധത്തിൽ പ്രസ്താവനകളിറക്കി. വ്യവസായികൾ മിണ്ടാതിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും മിണ്ടിയില്ല. ബ്ലോഗുകളും സാമൂഹികശൃംഖലകളും പോലെ ലഭ്യമായ ഇടങ്ങളിൽ ആളുകൾ കോപത്തോടെയും സങ്കടത്തോടെയും പ്രതികരിച്ചപ്പോൾ അവർ ഗൂഢ നിശ്ശബ്ദതയെന്ന ആരോപണം ഒഴിവാക്കാൻ ആവശ്യമായിടത്തോളം നാവ് ചലിപ്പിക്കാൻ തയ്യാറായി. വാർത്താ ചാനലുകൾ കരുതലോടെ നടത്തിയ ചർച്ചകളിൽ നാം എങ്ങനെ ഇവിടെ എത്തിപ്പെട്ടു, എങ്ങനെ ഇവിടെ നിന്ന് പുറത്തുചാടും തുടങ്ങിയ സൌകര്യപ്രദമല്ലാത്ത ചോദ്യങ്ങൾ ഉയർന്നതേയില്ല.
പൊതുമണ്ഡലത്തിലെ വിമർശനങ്ങളിലേറെയും കാര്യങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാതെയുള്ളതായിരുന്നു. രാഷ്ട്രീയകാരും മാധ്യമപ്രവർത്തകരും തമ്മിൽ വളരെ അടുപ്പമുണ്ടെന്നതാണ് പ്രശ്നമെന്ന മട്ടിലാണ് ചിലർ പ്രതികരിച്ചത്. പത്രങ്ങളും പത്രപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്. കോമൺസ് സഭയിലെ പ്രസ് ഗാലറിയിലേക്ക് കൈചൂണ്ടിക്കൊണ്ട് മറ്റ് മൂന്ന് മണ്ഡലങ്ങളേക്കാളും ശക്തമായ ഒരു ‘ഫോർത്ത് എസ്റ്റേറ്റ്’ അതാ ഇരിക്കുന്നു എന്ന് ബർക്ക് പറഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഏതാണ്ട് അതേ കാലത്താണ് ഹിക്കി ഇന്ത്യയിലെ ആദ്യ പത്രം സ്ഥാപിച്ചതും ബ്രിട്ടീഷ് ഇന്ത്യൻ അധികാര മണ്ഡലത്തിനുള്ളിൽ ഉയർന്നു കൊണ്ടിരുന്ന എതിർപക്ഷത്തിന്റെ പിന്തുണയോടെ ഗവർണർ ജനറലുമായി കൊമ്പുകോർത്തതും. സ്വാതന്ത്ര്യം നേടുന്നതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്ത് രണ്ട് ധാരകളുണ്ടായിരുന്നു: ഒന്ന്, കൊളോണിയൽ താല്പര്യങ്ങൾ ഏറെക്കുറെ പങ്കിട്ടിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രങ്ങൾ അടങ്ങിയത്, മറ്റേത് ഉയരുന്ന ദേശീയ അധികാരവ്യവസ്ഥയോട് അടുത്തു നിന്നവർ അടങ്ങിയത്. കൊളോണിയൽ ശക്തി പിൻ‌വാങ്ങുകയും അത് സൃഷ്ടിച്ച ഭരണകൂടം സ്വതന്ത്ര ഇന്ത്യയുടെ ഉപകരണമാവുകയും ചെയ്തപ്പോൾ രണ്ട് ധാരകളും ഒന്നുഇച്ച് ഒരു ഇന്ത്യൻ മാധ്യമ വ്യവസ്ഥ രൂപപ്പെട്ടു. അത് വേഗം അസമമായ രണ്ട് ധാരകളായി പിളർന്നു. മുഖ്യധാരയുടേത് ഏറെക്കുറെ ഉയരുന്ന ഇന്ത്യൻ മുതലാളിത്വ വ്യവസ്ഥയുടെ താല്പര്യങ്ങളായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചെറുതും ഇടത്തരവുമായ പത്രങ്ങളായിരുന്നു മറ്റേ ധാരയിൽ. ചെറിയ പത്രങ്ങൾ വളർന്നപ്പോൾ അവരുടെ താല്പര്യങ്ങളും മുഖ്യധാരയുടേതിനോട് അടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ അധികാര മത്സരങ്ങളിൽ രണ്ട് ധാരകളും പങ്ക് വഹിക്കുകയുണ്ടായി – ചിലപ്പോൾ പക്ഷപാതപരമായി, ചിലപ്പോൾ തൊഴിൽമാന്യത ആവശ്യപ്പെടുന്ന നിഷ്പക്ഷത ഒരളവു വരെ പാലിച്ചുകൊണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയവും വ്യവസായവും പത്രപ്രവർത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നീരാ റാഡിയാ ടേപ്പുകൾ നൽകുന്ന തെളിവ് അന്ധാളിപ്പിക്കേണ്ട കാര്യമില്ല.

ടേപ്പുകൾക്ക് വലിയ പ്രാധാന്യമില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. അധികാരം കയ്യാളുന്നവർക്കിടയിലെ അനുവദനീയമല്ലാത്ത ബന്ധങ്ങൾ താക്കോൽദ്വാരത്തിലൂടെ കാണിച്ചു തരുന്നുവെന്നതിലാണ് അവയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഈ ബന്ധങ്ങൾ ബഹുജനതാല്പര്യങ്ങൾക്ക് അനുസൃതമായതല്ല. ഇരുളിൽ പ്രവർത്തിക്കുന്ന ചിലർ ഏതെങ്കിലും വ്യവസായികളുടെ താല്പര്യം മിൻ‌നിർത്തി എ. രാജയെ മന്ത്രിയാക്കുകയും രാജാ കോടാനുകോടി രൂപാ നഷ്ടമുണ്ടാക്കുന്ന തരത്തിൽ 2ജി സ്‌പെക്ട്രം നൽകുകയും ചെയ്‌തെങ്കിൽ ഈ ടേപ്പുകൾ രാജ്യത്തിനെതിരായ ഒരു വലിയ ഗൂഢാലോചനയുടെ തെളിവാണ്. അതിനപ്പുറം അവ രാഷ്ട്രീയം, വ്യവസായം, മാധ്യമ പ്രവർത്തനം എന്നീ രംഗങ്ങളിലുള്ളവർക്കിടയിലെ ബന്ധത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിലേക്ക് വെളിച്ചം വീശുന്നു. നാം എങ്ങനെ ഊരാക്കുടുക്കിൽ പെട്ടെന്നും എങ്ങനെ അതിൽ നിന്ന് പുറത്തു കടക്കാമെന്നും മനസ്സിലാക്കാൻ ഇത് സൂക്ഷ്മതയോടെ പഠിക്കേണ്ടതുണ്ട്.

പത്ര ഉടമകളുമായി മാത്രമല്ല പത്രാധിപന്മാരുമായും പത്രപ്രവർത്തകരുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം രാഷ്രീയനേതൃത്വം നേരത്തെ മനസ്സിലാക്കിയിരുന്നു. പക്ഷെ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു. ടൈംസ് ഓഫ് ഇൻഡ്യായുടെ ഉടമകളായ ഡൽമിയാ-ജെയിൻ ക്കുടുംബത്തിന്റെ ഭരണകൂടവുമായുള്ള ബന്ധം വിഷമം നിറഞ്ഞതായിരുന്നു. അവർക്കെതിരെ നിയമനടപടികൾ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായി. ഒരാൾക്ക് ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടു. മറ്റൊരാൾ അന്വേഷണം നടക്കുന്നതിനിടയിൽ മരിക്കുകയാണുണ്ടായത്. ഹിന്ദുസ്ഥാൻ ടൈസ് ഉടമകളായ ബിർള കുടുംബത്തിന്റെ ബന്ധം സുഖകരമായിരുന്നു. ഒരു ബിർള രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിൽ പോകാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് അതിന്റെ കുറെ വോട്ടുകൾ അദ്ദേഹത്തിനു നൽകി. സ്വതന്ത്ര എം.എൽ.എ.മാരിൽ നിന്ന് ജയിക്കാനാവശ്യമായ ബാക്കി സംഘടിപ്പിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല.

പത്രത്തിന്റെ സ്വാധീനം വ്യവസായ താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ആഗ്രഹിച്ച ഉടമകൾ ആദ്യകാലത്ത് ഭരണാധികാരികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് അവർ പത്രാധിപന്മാരുടെ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങി. ഉടമകളുടെ മാധ്യമ്യേതര പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാഞ്ഞതിനാൽ ടൈംസ് ഓഫ് ഇൻഡ്യയിൽ എൻ.ജെ. നാൻ‌പോരിയായ്ക്കും ഹിന്ദുസ്ഥാൻ ടൈംസിൽ ബി.ജി.വർഗ്ഗീസിനും പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ രാംനാഥ് ഗോയങ്കയുടെ ബന്ധം സങ്കീർണ്ണവും ഏറ്റക്കുറച്ചിലുകൾ ഉള്ളതുമായിരുന്നു. അദ്ദേഹം 1952ൽ തമിഴ് നാട്ടിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈക്കടുത്തുള്ള ആവടിയിൽ കോൺഗ്രസ് സമ്മേളനം നടന്നപ്പോൾ സ്വാഗതസംഘത്തിന് അദ്ദേഹം പത്രത്തിന്റെ ആപ്പീസിൽ സ്ഥലം നൽകി. അദ്ദേഹം 1971ൽ വീണ്ടും ലോക് സഭാംഗമായി. അത് മദ്ധ്യ പ്രദേശിൽ നിന്ന് ജന സംഘം സ്ഥാനാർത്ഥിയായായിരുന്നു. എൺപതുകളിൽ അദ്ദേഹം ബംഗ്ലൂരുവിലെ എക്സ്പ്രസ് ഗസ്റ്റ് ഹൌസിൽ ബോർഡ് തൂക്കാൻ അനുവദിച്ചതുകൊണ്ട് റാം ജെഠ്മലാനിക്ക് കർണ്ണാടക വാസിയെന്ന് അവകാശപ്പെട്ട് ജനതാ ദൾ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുടെ സഹായത്തോടെ അവിടെ നിന്ന് രാജ്യ സഭയിലെത്താനായി. രാഷ്ട്രീയ നേതാക്കളും ബിസിനിനസ് പ്രമുഖരുമായി അദ്ദേഹം നടത്തിയ ചില കത്തിടപാടുകൾ മരണാനന്തരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വന്തം ബിസിനസ് താല്പര്യങ്ങൾക്കും സുഹൃത്തുക്കളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കുമായി പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ച കഥ അതിൽ കാണാം. അടിയന്തിരാവസ്ഥ്ക്കെതിരെ നിലകൊണ്ടയാലെന്ന നിലയിലാണ് ഇന്ന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം പിന്നീട് നറ്റത്തിയ വിഫലശ്രമത്തെ കുറിച്ച് പലർക്കും അറിവില്ല. ഒരവസരത്തിൽ നിയമത്തിന്റെ കൈ അദ്ദേഹത്തിന്റെ അടുത്തെത്തി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും മകനും കൂട്ടുപ്രതിയുമായ ഭഗവൻദാസ് ഗോയങ്കയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. അകാല മരണം അദ്ദേഹത്തെ ജയിൽവാസത്തിൽ നിന്ന് ഒഴിവാക്കി.

കീഴ്തലങ്ങളിലും രാഷ്ട്രീയ വ്യവസായ താല്പര്യങ്ങളും മാധ്യമങ്ങളുമായി സമാനമായ ബന്ധങ്ങൾ വികസ്ച്ചതിന് കശ്മീർ മുതൽ കേരളം വരെയും ഒറീസ മുതൽ മഹാരാഷ്ട്ര വരെയും പലയിടങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ലഭ്യമാണ്. നിലവിലുള്ള പത്രങ്ങളെ ആശ്രയിക്കാതെ പല രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വന്തം പത്രങ്ങൾ തുടങ്ങി. ചിലർ പത്രങ്ങൾ വിലയ്ക്ക് വാങ്ങി. ഇന്ന് രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 80 ശതമാനത്തിലേറെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തുടങ്ങിയവയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയൊ സാമ്പത്തിക ലക്ഷ്യത്തോടെയൊ ഇരു ലക്ഷ്യങ്ങളോടും കൂടിയൊ ആണ് ജന്മമെടുത്തത്. ബിസിനസ് തല വിജയത്തേക്കാൾ എളുപ്പം രാഷ്ട്രീയ തല വിജയമാണെന്ന് പല പത്ര ഉടമകളും കണ്ടെത്തി. അതേസമയം സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ മിക്ക കക്ഷികളും ഏതെങ്കിലും പത്രത്തിന്റെ തോളിലേറിയല്ല അവിടെയെത്തിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നേരേമറിച്ച് മാധ്യങ്ങളുടെ അവഗണനയും ചിലപ്പോൾ എതിർപ്പും മറികടന്നാണ് അവ വിജയിച്ചത്. അമ്പതുകളിൽ ഹിന്ദു പത്രം തങ്ങളുടെ നേതാവിന്റെ പ്രസംഗം “സി.എൻ. അണ്ണാദുരൈയും പ്രസംഗിച്ചു” എന്ന് എഴിതി തള്ളിയിരുന്നെന്നത് ദ്രാവിഡ രാഷ്രീയ കേന്ദ്രങ്ങൾ ഇപ്പോഴും മറന്നിട്ടില്ല. പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉത്തർ പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയും അധികാരത്തിൽ വരുമായിരുന്നില്ല. എൻ. ടി. രാമറാവുവിന്റെ ഒരു കൊല്ലം പോലും തികയാത്ത തെലുങ്ക് ദേശം പാർട്ടിയെ ആന്ധ്ര പ്രദേശിൽ അധികാരത്തിലേറ്റുന്നതിൽ രാമോജി റാവുവിന്റെ ഈനാട് പത്രം വഹിച്ച പങ്ക് അത്തരത്തിലുള്ള ഏക സംഭവമാണ്.

സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൾ പത്രപ്രവർത്തകരെ പത്രാധിപ പദവി ഉൾപ്പെടെ നല്ല സ്ഥാനങ്ങൾ നേടുന്നതിനു ചിലപ്പോൾ ആവശ്യപ്പെടാതെതന്നെ സഹായിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായുള്ള തന്റെ നിയമനത്തിൽ സഞ്ജയ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നെന്ന് ഖുഷ്‌വന്ത് സിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന മാസിക വരിസംഖ്യയായ 1500 രൂപ നിർത്തുമെന്ന ഭീഷണി മതിയായിരുന്നു 1970 കളിൽ യു.എൻ.ഐ. മാനേജ്‌മെന്റിനെക്കൊണ്ട് ബ്യൂറോ ചീഫിനെ സ്ഥലം മാറ്റുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ. ഒരു കാലത്ത് പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർ ടിക്കറ്റിനായി കോൺഗ്രസ് ആപ്പീസുകളിലൊ നേതാക്കളുടെ വീടുകളിലൊ കയറിയിറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ പ്രാദേശിക കക്ഷി നേതാക്കളുടെ വീടുകളിൽ രാജ്യ സഭാ സീറ്റുകൾക്കായി കയറിയിറങ്ങുന്നു.

മാധ്യമപ്രവർത്തകരെ ഇടനിലക്കാരാക്കിക്കൊണ്ട് വ്യവസായികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആശ്രയിക്കാവുന്നവരെ മന്ത്രിമാരാക്കാൻ ശ്രമിക്കുന്നത് പഴയ കാലത്ത് ചിന്തിക്കാനാവുമായിരുന്നില്ല. ആ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്താണ്. ആഗോളീകരണ പ്രക്രിയ ആരംഭിക്കുമ്പോൾ അത് നൽകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ സന്നദ്ധനായി ധീരുഭായ് അംബാനി രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ഇല്ലായ്മയിൽ നിന്ന് സമ്പന്നതയെ കൊടുമുടിയിലെത്തിയ അദ്ദേഹം പുതിയ കാലത്ത് വിജയിക്കാനുള്ള യോഗ്യതകൾ തനിക്കുണ്ടെന്ന് അതിനകം തെളിയിച്ചിരുന്നു. ഒരു വ്യവസായിയും അതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വിപുലമായ പബ്ലിക് റിലേഷൻസ് സംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ആ സമയത്താണ് ടൈംസ് ഒഫ് ഇൻഡ്യയുടെ ഉടമ സമീർ ജെയിൻ പത്രം മറ്റൊരു ഉല്പന്നം മാത്രമാണെന്നും അത് വിറ്റും അതിനു പരസ്യം സംഭരിച്ചും തനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന മാനേജർമാരാണ് ഉല്പാദിപ്പിക്കുന്ന പത്രാധിപന്മാരേക്കാളും വേണ്ടപ്പെട്ടവർ എന്ന് പ്രഖ്യാപിച്ചതും മാധ്യമരംഗത്തെ മത്സരത്തിന്റെ ചട്ടക്കൂട് പുന;സംഘടിപ്പിച്ചതും. രാഷ്ടീയരംഗത്തും കോടീശ്വരന്മാർ തിങ്ങി നിറഞ്ഞു. ചിലർ തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലെ രാഷ്ട്രീയത്തിലൂടെ (അദ്ദേഹത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ സിനിമയിലൂടെയും എന്നു കൂടിച്ചേർക്കാം) കോടീശ്വരന്മാരാവുകയായിരുന്നു. മറ്റ് ചിലർ കോടീശ്വരന്മാരായി രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന അച്ചടി മേഖല പുതിയ മുതലാളിമാർക്ക് ജന്മം നൽകി. അതിനിടെ സ്വകാര്യ ടെലിവിഷൻ വരവായി. അത് ഉയർന്ന താരമൂല്യമുള്ള പത്രപ്രവർത്തകരെ സൃഷ്ടിച്ചു. അവരിൽ പലരും സാദാ മാധ്യമ പ്രവർത്തകരല്ല. അവർ സംരഭകരും മാധ്യമ ഉടമകളും കൂടിയാണ്. ഇങ്ങനെ വികസിച്ചിട്ടുള്ള പുതിയ രാഷ്ട്രീയത്തിന്റെയും പുതിയ വ്യവസായത്തിന്റെയും പുതിയ മാധ്യമത്തിന്റെയും ലോകത്ത് രാസത്വരയായാണ് നീരാ റാഡിയ അവതരിക്കുന്നത്.

എല്ലാ മേഖലകളിലെയും ജീർണ്ണതകൾ തുറന്നു കാട്ടേണ്ട ഒന്നായാണ് ജനങ്ങൾ മാധ്യമങ്ങളെ കാണുന്നത്. ആ മേഖലയിൽ ജീർണ്ണത പടരുമ്പോൾ സ്വാഭാവികമായും മറ്റ് മേഖലകളിലെ ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്താൻ അതിന് കഴിയാതാവും. ഒരു രംഗത്തും ഗുണമേന്മ ഉറപ്പാക്കാൻ ചുമതലപ്പെട്ട സംവിധാനങ്ങൾ രാജ്യത്ത് ഇന്നില്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഭാസങ്ങൾ ഒഴിവാക്കാവില്ല. ദൃശ്യമാധ്യമ രംഗത്തെ സ്വയംനിയന്ത്രണ സംവിധാനം ഉറപ്പുള്ള ഒന്നല്ല. അച്ചടിമാധ്യമരംഗത്തെ ഔദ്യോഗിക സംവിധാനം കാലഹരണപ്പെട്ടിരിക്കുന്നു. ഉചിതമായ ഒരു പുതിയ മാധ്യമ നിയന്ത്രണ സംവിധാനം എത്രവേഗം സ്ഥാപിക്കാനാകുമോ അത്രയും നല്ലത്.

മാധ്യമം ദിനപത്രം നവംബർ 28, 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം

Monday, November 15, 2010

ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക്

ബി.ആർ.പി.ഭാസ്കർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്, സി.പി.എമ്മിനോടൊപ്പം പരമ്പരാഗതമായി നിന്നിരുന്ന ജനവിഭാഗങ്ങൾ വിട്ടുതുടങ്ങിയിക്കുന്നു. രണ്ട്, സി.പി.എമ്മും കോൺഗ്രസ്സും നയിക്കുന്ന മുന്നണികളല്ലാതെയുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനാവുന്ന വിധം കേരളത്തിന്റെ രാഷ്ട്രീയ മനസ് പരുവപ്പെട്ടിട്ടില്ല.

സി.പി.എം.അണികൾ അന്യവൽക്കരിക്കപ്പെടുന്നെവെന്നതിന് തെളിവുകൾ നേരത്തെ തന്നെ ലഭ്യമായിരുന്നു. പാർട്ടിയിൽനിന്നുണ്ടായിക്കൊണ്ടിരുന്ന കൊഴിഞ്ഞുപോക്കാണ് ഇതിൽ പ്രധാനപ്പെട്ടത്. ഓരോ കൊല്ലവും അംഗങ്ങളിൽ 10 ശതമാനവും പൂർണ്ണ അംഗത്വത്തിനായി കാത്തിരിക്കുന്നവരിൽ 25 ശതമാനത്തോളവും വിട്ടുപോകുന്നതായി പാർട്ടിയുടെ കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പറയുന്നുണ്ട്. കൊഴിഞ്ഞുപോക്ക് മറ്റ് ചിലയിടങ്ങളിലും നടക്കുന്നുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ 40 ശതമാനത്തിലേറെ അംഗങ്ങൾ അഞ്ചു കൊല്ലത്തിനിപ്പുറം ചേർന്നവരാണെന്ന് കഴിഞ്ഞ് പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അധികാരത്തിന്റെ ഗുണം അനുഭവിക്കാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ അംഗത്വം ഉപേക്ഷിക്കുന്നത്. പാർട്ടി ബന്ധമുള്ളവർക്ക് കൃത്രിമം കാട്ടി പോലും ജോലിയും സർവകലാശാലാ പ്രവേശനവുമൊക്കെ നേടി കൊടുക്കാൻ മടിയില്ലെന്ന് തെളിയിച്ചിട്ടും വൻ‌തോതിൽ കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന വിശ്വാസമാണ് അംഗങ്ങളെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. കേന്ദ്ര നേതൃത്വം വിഭാഗീയതയുടെ പ്രതിഫലനമായി വിലയിരുത്തിയിട്ടുള്ള പ്രശ്നത്തെ പാർട്ടിക്കകത്തും പുറത്തുമുള്ള വളരെപ്പേർ കാണുന്നത് പല വിഷയങ്ങളിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളുടെ വെളിച്ചത്തിലാണ്. അവരുടെ കണ്ണിൽ ഒരാൾ ലോട്ടറി, ഭൂമി മാഫിയകളെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും തടയാൻ ശ്രമിക്കുന്നയാളും മറ്റേയാൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നയാളുമാണ്.

ഇത്തവണ 2005ലേതിനേക്കാൾ മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വോട്ടെടുപ്പിനു മുമ്പ് പറയുകയുണ്ടായി. അതിനെ പ്രചാരണ ഘട്ടത്തിൽ അണികളെ ആവേശഭരിതരാക്കാൻ നടത്തിയ പ്രസ്താവങ്ങളായി തള്ളിക്കളയാം. വോട്ടെടുപ്പ് കഴിഞ്ഞശേഷവും രണ്ട് നേതാക്കളും അതാവർത്തിക്കുകയുണ്ടായി. ചരിത്ര വിജയമാണ് നേടാൻ പോകുന്നതെന്നാണ് സെക്രട്ടറി പറഞ്ഞത്. സംഭവിച്ചതാകട്ടെ ചരിത്രപരാജയവും. ജനമനസ് മനസ്സിലാക്കാൻ പാർട്ടിക്കായില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. വോട്ടെടുപ്പിനുശേഷം പാർട്ടി കീഴ് ഘടകങ്ങൾ വിവരം ശേഖരിച്ച് മേൽഘടകങ്ങൾക്ക് നൽകാറുണ്ട്. അങ്ങനെ കിട്ടിയ വിവരം അടിസ്ഥാനമാക്കിയാണ് സെക്രട്ടറി ചരിത്രവിജയം പ്രവചിച്ചതെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന കാര്യം അവർ അറിഞ്ഞില്ലെന്ന് കരുതണം. കിങ്കരന്മാർ സത്യം മറച്ചു വെച്ചുകൊണ്ട് നേതാക്കൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊടുത്തതാകാനും മതി.

സി.പി.എം. നേതാക്കൾ പരാജയത്തെ ലഘൂകരിക്കാമുള്ള ശ്രമത്തിലാണ്. ലോക് സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അവർ പറയുന്നു. കഴിഞ്ഞ കൊല്ലം കിട്ടിയതിനേക്കാൾ പത്ത് ലക്ഷം വോട്ടുകൾ കൂടുതൽ കിട്ടിയെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഈ കണക്ക് അണികളുടെ മനോബലം നിലനിർത്താൻ സഹായിച്ചേക്കും. എന്നാൽ പഞ്ചായത്ത്, നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളെ വോട്ടർമാർ ഒരുപോലെയല്ല സമീപിക്കുന്നത്. ഒരവസരത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നല്ല പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി പരാജയം ഏറ്റുവാങ്ങിയ സി.പി.എമ്മിന് അറിയാത്ത കാര്യമല്ലിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും ഇടതു മുന്നണിക്ക് മുൻ‌കൈയുണ്ടായിരുന്നു. അത് മറന്നുകൊണ്ടുള്ള വിലയിരുത്തൽ സത്യസന്ധമല്ല. തെരഞ്ഞെടുപ്പ് പരാജയം താൽക്കാലികമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വലിയ വില കല്പിക്കേണ്ടതില്ല. എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും താത്കാലിക പ്രസക്തിയേ ഉള്ളു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ1957ലെ തെരഞ്ഞെടുപ്പ് വിജയവും താത്കാലികമായിരുന്നല്ലൊ. രണ്ട് കൊല്ലത്തിൽ ആ ജനവിധി ഒലിച്ചുപോയി. വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇക്കാര്യം വ്യക്തമായി.

അഞ്ചു കൊല്ലം മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എല്ലാ കോർപ്പറേഷനുകളുടെയും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളുടെയും നിയന്ത്രണം ലഭിക്കുകയുണ്ടായി. ഇത്തവണ കോർപ്പറേഷൻ ഒഴികെ എല്ലാ തലത്തിലങ്ങളിലും യു.ഡി.എഫ്. മേൽകൈ നേടി. രണ്ട് കോർപ്പറേഷനുകളിൽ സി.പി.എം. കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള പഞ്ചായത്തുകൾ കോർപ്പറേഷൻ അതിർത്തിയിൽ പെടുത്തിയതിന്റെ ഫലമായാണ് രണ്ടിടത്തും വിജയം നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനം മുമ്പൊരിക്കലും ഇത്ര മോശമായിരുന്നില്ല. യു.ഡി. എഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ലഭിച്ചതെന്ന് കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്. എൽ.ഡി.എഫിൽ ഗണ്യമായ ജനപിന്തുണയുള്ള ഒരേയൊരു കക്ഷി സി.പി.എം. ആയതിനാൽ ഈ പരാജയത്തെ ആ പാർട്ടിയുടെ പരാജയമായിത്തന്നെ കാണണം. എന്തുകൊണ്ട് പാർട്ടിക്ക് ഇത്ര വലിയ പരാജയമുണ്ടായെന്ന അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നേരത്തെ അതിന് മുൻ‌കൈ ലഭിച്ചത് എങ്ങനെയായിരുന്നെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അനുകൂലമായ രണ്ട് ഘടകങ്ങൾ എക്കാലത്തുമുണ്ടായിരുന്നു. ഇതിലൊന്ന് കീഴ്തലങ്ങളിൽ സി.പി.എമ്മിന് കോൺഗ്രസ്സിനേക്കാൾ മെച്ചപ്പെട്ട സംഘടനാ സംവിധാനമുണ്ടായിരുന്നെന്നതാണ് മറ്റേത് കീഴ്തല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിച്ഛായ എതിരാളികളുടേതിനേക്കാൾ തിളക്കമുള്ളതായിരുന്നെന്നതാണ്. സി.പി.എമ്മിന്റെ സംഘടനാപരമായ നിലയിൽ വലിയ മാറ്റമുണ്ടായെന്ന് കരുതാൻ ന്യായമില്ല. എന്നാൽ ഇന്ന് അതിന് ഏതെങ്കിലും തലത്തിൽ മറ്റ് കക്ഷികളിൽ പെട്ടവരേക്കാൾ മെച്ചപ്പെട്ട പ്രതിച്ഛായയുള്ള നേതാക്കൾ ഉണ്ടെന്ന് തോന്നുന്നില്ല. തദ്ദേശ ഭരണത്തിൽ അഴിമതി വ്യാപകമാണെന്നും പാർട്ടിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പലയിടങ്ങളിലും കരാറുകാരിൽ നിന്നും മാഫിയ സംഘങ്ങളിൽ നിന്നും ഉദ്യോഗസ്ഥന്മാർക്കൊപ്പം പങ്കു പറ്റുന്നുണ്ടെന്ന ആരോപണം പ്രചരിച്ചിരുന്നു. പല തദ്ദേശ ഭരണസ്ഥാപനങ്ങളും കണക്കുകൾ ആഡിറ്റ് ചെയ്യാൻ യഥാസമയം ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിന് നൽകുന്നില്ലെന്ന് കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ അടുത്ത കാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങനെ അഴിമതിയുടെ ചിത്രം പുറത്തുവരുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ജനങ്ങളെ സമീപിച്ചിട്ടും തിരിച്ചടി നേരിട്ടു. പാമൊലീനും ലാവലിനുമൊക്കെ വിദൂരത്തെവിടെയോ നടന്നവയാണ്. തദ്ദേശ അഴിമതിക്കത്തകളിലെ നായകന്മാർ വിളയാടുന്നത് സ്ഥലവാസികളുടെ മുന്നിലാണ്.

ജനവികാരം സി. പി. എമ്മിനെതിരാക്കിയ തദ്ദേശ ഭരണത്തിലെ അഴിമതിയെ യു.ഡി.എഫ്. നേതാക്കൾ പ്രചാരണ ഘട്ടത്തിലൊ ഫലപ്രഖ്യാപനത്തിനു ശേഷമൊ വലിയ പ്രശ്നമായി ഉയർത്തിക്കാട്ടിയില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള സമവായമാണ് ഇതിനു പിന്നിൽ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപകാല പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പങ്കുവെയ്ക്കലിന്റെ കാര്യത്തിൽ കക്ഷികൾ ഏറെക്കുറെ ഏകാഭിപ്രായക്കാരാണന്ന് കാണാം. എല്ലാം ഭൂരിപക്ഷം കൈയടക്കുന്ന രീതിയല്ല പഞ്ചായത്തുകളിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷകക്ഷികൾക്കും പഞ്ചായത്തിലെ ശക്തിക്കനുസരിച്ച് പണം ചെലവിടുന്ന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കുന്നതുകൊണ്ട് അഴിമതി തെരഞ്ഞെടുപ്പ് പ്രശ്നമല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാരാളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള ഭരണമാറ്റത്തിന്റെ ഫലമായി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു വ്യത്യാസമുണ്ടാകുമെന്ന് മാത്രം. നേരത്തെ പഞ്ചായത്ത് സംവിധനത്തിന്റെ ഗുണഭോക്താക്കളിലേറെയും എൽ.ഡി.എഫ്. അനുകൂലികൾ ആയിരുന്നെങ്കിൽ ഇനി ഏറെയും യു.ഡി.എഫ്.അനുകൂലികളായിരിക്കും.

ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ ബദൽ എന്ന സ്ഥാനം നേടിയശേഷവും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത കക്ഷിയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദു വോട്ടു ബാങ്ക് സൃഷ്ടിച്ചുകൊണ്ടാണ് അത് രാജ്യത്ത് വളർന്നത്. ജാതീയതയെ മറികടന്ന് ഹൈന്ദവ ഏകീകരണം നടത്തുന്നതിന് സാമൂഹിക സാഹചര്യങ്ങൾ തടസം നിൽക്കുന്നതുകൊണ്ട് സംസ്ഥാനത്ത് അതിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ അത് ഈ തെരഞ്ഞെടുപ്പിലും മുസ്ലിം തീവ്രവാദ ഭീഷണി ഉയർത്തിക്കാട്ടി. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിച്ച് നിർത്തുവാൻ സഹായിച്ചിരുന്ന കക്ഷികൾ വിട്ടു പോയതുമൂലമുണ്ടാകുന്ന നഷ്ടം നികത്താൻ സി.പി.എം. ഇത്തവണ സ്വീകരിച്ചത് മൃദു ഹിന്ദുത്വ പാതയാണ്. ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് അബ്ദുൾ നാസർ മ്‌അദനിയെ മുൻ‌നിർത്തി മുസ്ലിം വോട്ട് സമാഹരിക്കാൻ നടത്തിയ ശ്രമം മറക്കുന്നതിനു മുമ്പുണ്ടായ ഈ ഭാവപ്പകർച്ച ഉൾക്കൊള്ളാൻ ജനങ്ങൾക്കായില്ല. പുതിയ സി,പി.എം. നിലപാട് ഒരുപക്ഷെ കൂടുതൽ ഗുണം ചെയ്തത് ആ പാർട്ടിക്കല്ല, ഹിന്ദുതാല്പര്യ സംരക്ഷകരെന്ന നിലയിൽ കൂടുതൽ വിശ്വാസ്യതയുള്ള ബി.ജെ.പി.ക്കാണ്. മുസ്ലിം ഭീകരതയെ കുറിച്ച് അവർ നേരത്തെ സംസാരിച്ചു തുടങ്ങിയിരുന്നല്ലൊ.

ഇരുമുന്നണികൾക്കും പുറത്ത് ഇടം കണ്ടെത്താൻ ബി.ജെ.പി.യെ കൂടാതെ മറ്റ് ചില സംഘടനകളും അങ്കത്തട്ടിലിൽ ഇറങ്ങിയിരുന്നു. ബഹുജൻ സമാജ് പാർട്ടി അക്കൂട്ടത്തിൽ പെടുന്നു. ബി.ജെ.പി.ക്ക് സഖ്യങ്ങളില്ലെങ്കിൽ കാരണം കൂട്ടുകൂടാൻ ആരും ഇല്ലാത്തതാവും. ബി.എസ്.പി.ക്ക് സഖ്യങ്ങളില്ലാത്തത് നയപരമായ കാരണത്താലാണ്. തനിച്ച് മത്സരിച്ച് പാർട്ടിയെ വളർത്തുന്ന സമീപനമാണ് അത് സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പ് കൂട്ടുകെട്ടുണ്ടാക്കാൻ തയ്യാറായിരുന്നെങ്കിൽ അതിന്റെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടതു കക്ഷികൾക്ക് പിന്തുണ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ സ്വാധീനമുള്ള പശ്ചിമ ബംഗാളിലും കേരളത്തിലും അവരുടെ സഹായം ഉറപ്പാക്കാമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യം എന്ന ആശയവുമായി പ്രകാശ് കാരാട്ട് സമീപിച്ചപ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മായാവതി കയ്യോടെ തള്ളുകയാണുണ്ടായത്. ഈ ദലിത്-പിന്നാക്ക സംഘടനയെ കൂടാതെ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ. എം) എന്ന സംഘടനയും രംഗത്തുണ്ടായിരുന്നു. ബി.എസ്.പി.യെ പോലെ ഒറ്റയ്ക്ക് പോകാനാണ് അതും ആഗ്രഹിച്ചത്. രണ്ട് മുന്നണികളും ചേർന്ന് എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന കേരളത്തിൽ ഒറ്റയാന്മാർക്ക് എളുപ്പം മുന്നോട്ടു വരാൻ കഴിയില്ല. ആ നിലയ്ക്ക് ബി.എസ്.പി.ക്ക് ഒരു വാർഡിൽ ജയിക്കാനായതും ഡി.എച്ച്.ആർ.എമ്മിന് എട്ടു ജില്ലകളിലായി 50,000ഓളം വോട്ടുകൾ സംഭരിക്കാനായതും ചെറിയ കാര്യമല്ല. ജയിച്ച ബി.എസ്.പി. സ്ഥാനാർത്ഥി ദലിത് വനിതയാണെന്നും അദ്ധ്യക്ഷ സ്ഥാനം ദലിത് വനിതക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്തായതുകൊണ്ട് അവർക്ക് ആ സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്നണി വല്യേട്ടന്മാർക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന്, പ്രഹരമേൽ‌പിക്കുകയെന്ന പരിമിതമായ ലക്ഷ്യം നേടിയെന്ന സംതൃപ്തിയിലാണ് ഡി.എച്ച്.ആർ.എം. നേതൃത്വം.

ഒറ്റയ്ക്ക് മത്സരിച്ച് ഏഴെട്ട് സീറ്റുകൾ നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യയുടെ കന്നി പ്രകടനം തിളക്കമാർന്നതാണ്. എസ്.ഡി.പി.ഐ. ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരാൾ മതനിന്ദയുടെ പേരിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്. പൊലീസും മാദ്ധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളും കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തിയ കക്ഷിയുടെ പ്രകടനം പൊതുവിലും, പ്രതിയുടെ വിജയം പ്രത്യേകിച്ചും, പലരെയും അന്ധാളിപ്പിച്ചിട്ടുണ്ട്. മുഖ്യധാരയുടെ മുസ്ലിം തീവ്രവാദ ആരോപണം മദ്ധ്യവർഗ്ഗ മലയാളികളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും. സാധാരണ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യാൻ കുറഞ്ഞ പക്ഷം മാദ്ധ്യമങ്ങളെങ്കിലും തയ്യാറാകണം.

ചെറിയ രാഷ്ട്രീയ കക്ഷികളെ കൂടാതെ പരിസ്ഥിതി മലിനീകരണം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയവ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സമരം ചെയ്യുന്ന നിരവധി സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുകയുണ്ടായി. ഈസമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സോളിഡാരിറ്റിയുടെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമി പലയിടങ്ങളിലും വികസന മുന്നണികൾ രൂപീകരിച്ച് മത്സരരംഗത്ത് ഇറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത് തെരഞ്ഞെടുപ്പുകളിൽ പൊതുവെ സി.പി.എം. അനുകൂല നിലപാട് എടുത്തിരുന്ന ജമാത്തെ ഇസ്ലാമിയെയും മൃദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി സി.പി.എം. തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ മുസ്ലിം ലീഗിനെതിരെ സി.പി.എമ്മും ജമാത്തും കൈകോർത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തദ്ദേശ ഭരണത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കണമെന്ന നിലപാട് തത്ത്വത്തിൽ സ്വീകരിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാണ്. ആർക്കെങ്കിലും കോളിളക്കമുണ്ടാക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അത് യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ട് സംഭവിച്ചതാകണം. ഈ ചെറിയ പ്രസ്ഥാനങ്ങളെ തറപറ്റിച്ചെന്ന് മുന്നണികളും അവയെ നയിക്കുന്ന കക്ഷികളും കരുതുന്നെങ്കിൽ അതും യാഥാർത്ഥ്യബോധത്തിന്റെ കുറവു കൊണ്ടാണ്. ഈ കക്ഷികളിൽ മിക്കതും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു. അവരുടെ പ്രകടനത്തെ തട്ടിച്ചുനോക്കേണ്ടത് കോൺഗ്രസും സി.പി.എമ്മും ഇത്തവണ നടത്തിയ പ്രകടനവുമായല്ല, ഏഴെട്ട് പതിറ്റാണ്ട് മുമ്പ് അവ (അഥവാ അവയുടെ മുൻ‌ഗാമികൾ) ആദ്യമായി മത്സരിച്ചപ്പോൾ നടത്തിയ പ്രകടനവുമായാണ്.

എൽ.ഡി.എഫും യു.ഡി.എഫും അല്ലാതെ മറ്റൊരു സാധ്യത തങ്ങളുടെ മുന്നിലില്ലെന്ന ധാരണ ജനങ്ങൾക്കിടയിൽ പരത്തിക്കൊണ്ടാണ് രണ്ട് മുന്നണികളും എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ഒരോ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലം വ്യത്യസ്തമാണെന്ന് വ്യക്തമായി അറിയാമായിട്ടും ലോക് സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രിയും സി.പി.എം. സെക്രട്ടറിയും വിളിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പിനെ പൂർണ്ണമായും എൽ.ഡി.എഫ്-യു.ഡി.എഫ്. ചട്ടക്കൂട്ടിനുള്ളിൽ ഒതുക്കാനാണ്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ പാർട്ടി അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശ് ഈ തലത്തിൽ പാർട്ടി അടിസ്ഥാനത്തിലുള്ള മത്സരം നിയമം മൂലം തടഞ്ഞിട്ടുണ്ട്. നേരിയ തോതിലെങ്കിലും മറ്റ് സാധ്യതകളുണ്ടായിട്ടും, എൽ.ഡി.എഫിനെ പുറത്താക്കാൻ തീരുമാനിച്ച വോട്ടർമാർ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതിനെ എല്ലാം എൽ.ഡി.എഫ്-യു.ഡി.എഫ് കളങ്ങളിൽ ഒതുക്കുന്ന തന്ത്രത്തിന്റെ വിജയമായി കാണാവുന്നതാണ്. ഇത് സാധ്യമാക്കിയത് ഒരു വലിയ വിഭാഗം വോട്ടർമാർ ഈ മുന്നണികളെ, അഥവാ അവയുടെ ഘടക കക്ഷികളെ, കേവലം രാഷ്ട്രീയ കക്ഷികളായല്ല, തങ്ങളുടെ സംരക്ഷകരായാണ് കാണുന്നത് എന്നതുകൊണ്ടാണ്. വോട്ടറും കക്ഷിയുമായി ഇത്തരത്തിലുള്ള ബന്ധം നിലനിൽക്കുമ്പോൾ ഭരണാധികാരിക്ക് എല്ലാവരേയും ഒരേപോലെ കണാനാവില്ല. അതുകൊണ്ട് നീതിപൂർവ്വമായ ഭരണവും ഉണ്ടാകില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളം മന്ത് ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക് മാറ്റിയിരിക്കുന്നു.

തെരഞ്ഞെടുപ്പിനിടയിലാണ് എ. അയ്യപ്പൻ അവസന കവിത എഴുതിയത്. ഏത് നിമിഷവും മുതുകിൽ തറയ്ക്കാവുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രാണനും കൊണ്ട് ഓടുന്ന മാൻ‌പേട ഒരു പാതയുടെ വാതിൽ തുറന്ന്, ഒരു ഗർജ്ജനം സ്വീകരിച്ച്, മറ്റൊന്നിന്റെ വായ്ക്ക് ഇരയാകുന്ന ചിത്രമാണ് അതിലുള്ളത്. കേരളത്തിന്റെ വിധിയാണ്, അറിഞ്ഞോ അറിയാതെയൊ, അയ്യപ്പൻ രേഖപ്പെടുത്തിയത്. (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 15, 2010)


Tuesday, October 19, 2010

ചിലി ഖനി ദുരന്തം കേരളത്തിലായിരുന്നുവെങ്കിൽ?

ഇ-മെയിലിൽ ലഭിച്ച സന്ദേശം

ചില പത്രവാര്‍ത്തകളിലുടെ
• ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മൻ ചാണ്ടി
• രക്ഷാപ്രവർത്തനത്തിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
• ദുരന്തത്തിൽ പോലീസ് അനാസ്ഥ, കോടിയേരി രാജി വെക്കണം: ചെന്നിത്തല
• ദുരന്തം വിഎസിനെതിരെ ആയുധമാക്കാൻ പിണറായി പക്ഷം
• ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊൺഗ്രസ്സും : ബിജെപി
• ദുരന്തം: നാളെ കേരളത്തിൽ ഹര്‍ത്താൽ
• ദുരന്തത്തിൽ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
• ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
• ദുരിതാശ്വാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടൻ
• ദുരന്തം തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ പ്രതിപക്ഷം
• ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മൻ ചാണ്ടി
• അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വൻ
• ദുരന്തത്തിനു പിന്നിൽ അല്‍ഖാഇദ: ആർ.എസ്.എസ്
• ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
• ദുരന്തത്തിന് പോപുലർ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷൻ
•
•
•
•
•
•
•
• ഇതിനിടെ, ഖനിക്കുള്ളിൽ കുടുങ്ങിയവർ 100ാം ദിവസം സ്വയം തുറന്ന് പുറത്തെത്തി!!

Tuesday, September 21, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.

മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.

ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.

പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.

തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.

ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .

പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.

അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.

ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി


1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്‌തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.

Saturday, September 18, 2010

ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു

പ്രവാചകനിന്ദയുടെ പേരിൽ മതഭ്രാന്തന്മാരുടെ ആക്രമണത്തിനു വിധേയനായ പ്രൊ.ടി.ജെ. ജോസഫ് ഇടതു കൈ കൊണ്ട് എഴുതാൻ പരിശീലിക്കുന്നു

ദേശീയ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ഐ.ബി.എൻ. തൊടുപുഴ ന്യൂമാൻ കോളെജ് മാനേജ്‌മെന്റ് പുറത്താക്കിയ പ്രൊഫസർ ടി. ജെ.ജോസഫിനെ പിന്തുണച്ചുകൊണ്ട് ക്യാമ്പെയ്ൻ നടത്തുന്നു.

ചാനൽ മേധാവി രാജ്‌ദീപ് സർദേശായ് ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “join cnn ibn's justice for joseph campaign. the kerala prof should get his job back.”