Friday, January 30, 2009

ഞാഞ്ഞൂലിനെ വെറുതെ വിടാം

ഗ്രഹണകാലം എന്ന പോസ്റ്റിനോടുള്ള രാമചന്ദ്രന്റെ പ്രതികരണം കണ്ടപ്പോൾ ഒരു പഴയ കാര്യം ഓർമ്മ വന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന കാലം. രാമനാഥ് ഗോയങ്കയുടെ ഇൻഡ്യൻ എക്സ്പ്രസ് ഇന്ദിരയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. പത്രത്തിന്റെ പ്രഗത്ഭനായ പത്രാധിപർ ഫ്രാങ്ക് മൊറേയ്സ് Myth and Reality എന്ന തലക്കെട്ടിൽ ഇന്ദിരാ സർക്കാർ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു നീണ്ട പരമ്പരയെഴുതി. പരമ്പര തീർന്നപ്പോൾ നെഹ്രു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഹെറാൾഡിന്റെ പത്രാധിപർ എം. ചലപതി റാവു രണ്ടു വരിയിൽ മറുപടി നൽകി. അതിങ്ങനെ:

Myth: Frank Moraes
Reality: Ramnath Goenka

രാമചന്ദ്രൻ എന്നോട് ചോദിക്കുന്നത് Mythന്റെ പേരു പറയാമോയെന്നാണ്. Realityയുടെ പേരു പറയാമോയെന്ന് ധൈര്യമായി ചോദിക്കൂ, സുഹൃത്തെ.


ഞാഞ്ഞൂലുകൾ പലവിധം. ഇത് ഇന്റർനെറ്റിൽനിന്ന് എടുത്ത ചിത്രം


ഞാഞ്ഞൂലിനെ നമുക്ക് വെറുതെ വിടാം. ഗ്രഹണത്തിന് കാരണമാകുന്നത് ആ സാധു ജീവിയല്ല. ഏതൊ പ്രപഞ്ചനിയമം അർപ്പിച്ചിരിക്കുന്ന കർത്തവ്യം നിർവഹിക്കുക മാത്രമാണ് അത് ചെയ്യുന്നത്.

എന്റെ കുട്ടിക്കാലത്ത് ഗ്രഹണ സമയത്ത് കുട്ടികൾ മടലുവെട്ടി ഭൂമിയിൽ ശക്തിയായി അടിക്കുമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തൊന്നുമുള്ള കാലമായിരുന്നില്ലല്ലൊ. രാഹു ചന്ദ്രനെ വിഴുങ്ങുന്നതാണ് ഗ്രഹണ കാരണമെന്നാണ് ഞങ്ങൾ കരുതിയത്. രാഹുവിനെക്കൊണ്ട് പിടി വിടുവിപ്പിക്കാനായിരുന്നു ഞങ്ങൾ ഓടിനടന്ന് മടലുകൊണ്ട് അടിച്ചത്. അടി കൊള്ളുന്നത് ഭൂമിയ്ക്കാണ്, രാഹുവിനല്ല എന്നതൊന്നും ഞങ്ങൾ ഓർത്തില്ല.

ഇപ്പോൾ സംസ്ഥാനത്തു നടക്കുന്നതും അത്തരത്തിലുള്ള മടലുകൊണ്ടുള്ള അടി തന്നെ. സംസ്ഥാന കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും സി. ബി. ഐ. പാർട്ടിയെ ഗ്രസിച്ചിരിക്കുന്നതായി വിളിച്ചുപറഞ്ഞു. ഉടൻ തന്നെ പിള്ളേര് മടലും വെട്ടി ഓടി നടന്ന് അടിയും തുടങ്ങി. വളരുമ്പോൾ അവർ ഗ്രഹണ കാരണം കൃത്യമായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴേയ്ക്കും നാട് അടി കുറേ പിടിച്ചിരിക്കുമെന്ന് മാത്രം.

Thursday, January 29, 2009

ഗ്രഹണകാലം

സി.പി.എമ്മില്‍ ഇത് ഗ്രഹണകാലം.

അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?

ഞാഞ്ഞൂല്‍ തലപൊക്കുന്നതില്‍നിന്നറിയാം. രണ്ട് ദിവസമായി ഒരു ഞാഞ്ഞൂല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പൊങ്ങിവന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയെ ഭള്ള് പറയുന്നു.

Wednesday, January 28, 2009

'എന്തിനാണ് ഞങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നത്? '

ജനുവരി 27ന് പറവൂരിൽ എൻ.എഛ്.17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൽ അവിടെ ഉയർന്നു കേട്ട ചോദ്യം ഇതാണ്: എന്തിനാണ് ഞങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കുന്നത്?

ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങളുടെ താല്പര്യം സം‌രക്ഷിക്കാൻ രൂപീകരിക്കപ്പെട്ട നിരവധി സംഘടനകൾ ചേർന്ന് ഉണ്ടാക്കിയതാണ് ഈ സമരസമിതി.

അവരെ സമരപാതയിൽ കൊണ്ടെത്തിച്ച സാഹചര്യം ഇതാണ്. കേന്ദ്ര സർക്കാർ 1972ൽ കൊച്ചി ഇടപ്പള്ളി മുതൽ മഹാരാഷ്ട്രയിലെ പനവേൽ വരെ നീളുന്ന എൻ.എഛ്.17 വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രണ്ടു മൂന്ന് പതിറ്റാണ്ടുകാലം ഒന്നും നടന്നില്ല. പിന്നീട് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ മുപ്പത് മീറ്റർ വീതിയിൽ നാലുവരി പാത നിർമ്മിക്കാൻ ആയിരക്കണക്കിന് ഗ്രാമീണരുടെ സ്ഥലം ഏറ്റെടുത്തു. നാടിന്റെ വികസനത്തിനായി അവർ തുച്ഛമായ വിലയ്ക്ക് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ഏതാനും കൊല്ലം മുമ്പ് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായെങ്കിലും റോഡ് പണി തുടങ്ങിയില്ല.

ഇപ്പോൾ സർക്കാർ പുതിയ പദ്ധതി ഉണ്ടാക്കിയിരിക്കുന്നു. മുപ്പത് മീറ്റർ വീതിയിലുള്ള പാതയ്ക്ക് പകരം 45 മീറ്റർ വീതിയിൽ ബി.ഓ.ടി. അടിസ്ഥാനത്തിലുള്ള റോഡ് എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്ത് സ്ഥലം വിട്ടൂകൊടുത്തശേഷം പുതിയ വീടുകൾ വെച്ചവർ വീണ്ടും ഒഴിഞ്ഞുകൊടുക്കണം. അത് സാധ്യമല്ലെന്ന് അവർ പറയുന്നു. നാലു വരി പാത ഉണ്ടാക്കാൻ മുപ്പത് മീറ്റർ മതിയെന്ന് അവർ വിദഗ്ദ്ധാഭിപ്രായം നിരത്തി വാദിക്കുന്നു. ടോൾ ഈടാക്കുമെന്നതുകൊണ്ട് ബി.ഓ.ടി. പരിപാടിയും അവർക്ക് സ്വീകാര്യമല്ല.

സമരസമിതിയുടെ ചെയർമാൻ ഹാഷിം ചേന്ദമ്പിള്ളി ആണ്. ഫോൺ 9495559055

സി.ആർ.നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, ടി. കെ. സുധീർ കുമാർ, എൻ.എം.പിയേഴ്സൺ, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ അടങ്ങുന്ന ഉപദേശകസമിതിയുമുണ്ട്.

Sunday, January 25, 2009

ആറ്റിങ്ങൽ കൂട്ടക്കൊല

ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂർ തീരത്തെ അഞ്ചുതെങ്ങ്, തങ്കശ്ശേരി പ്രദേശങ്ങൾ അവരുടെ അധീനതയിലായിരുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അഞ്ചുതെങ്ങിൽ പണ്ടികശാല സ്ഥാപിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി പിന്നീട് ആ പ്രദേശം സ്വന്തമാക്കുകയായിരുന്നു.

ആറ്റിങ്ങൽ റാണിയും കമ്പനിയുമായുള്ള ബന്ധം എപ്പോഴും സുഖകരമായിരുന്നില്ല. നിരവധി വെള്ളക്കാർ 1712ൽ ആറ്റിങ്ങലിൽ കൊല്ലപ്പെട്ട കഥ പ്രസിദ്ധമാണ്. ആ കൂട്ടക്കൊലയെക്കുറിച്ച് ഏതാനും കൊല്ലം മുമ്പ് പുറത്തു വന്ന ലീനാ മോറെയുടെ ‘English East India Company and the Local Rulers in Kerala’ എന്ന പുസ്തകം നൽകുന്ന വിവരം Calicut Heritage ബ്ലോഗിൽ കാണാവുന്നതാണ്.

ഈ കൂട്ടക്കൊലയ്ക്ക് പ്രതികാരമായി വെള്ള പട്ടാളം പിന്നീട് അതിക്രൂരമായ ആക്രമണം അഴിച്ചുവിടുകയുണ്ടായി. അതെക്കുറിച്ച് ബ്ലോഗിൽ പരാമർശമില്ല. ലീനാ മോറെയുടെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. അതുകൊണ്ട് അതിൽ ഇത് സംബന്ധിച്ച വിവരമുണ്ടോയെന്നറിയില്ല.

Saturday, January 24, 2009

സമഗ്ര വാർത്താപത്രിക

ശാന്തിഗ്രാം ആസ്ഥനമായി പ്രവർത്തിക്കുന്ന സമഗ്ര ഹോളിസ്റ്റിക് ഹെൽത്ത് പ്രമോഷൻ കൌൻസിലിന്റെ സമഗ്രാരോഗ്യം എന്ന വാർത്താപത്രികയുടെ ജനുവരി ലക്കത്തിലെ മുഖ്യലേഖനത്തിന്റെ വിഷയം മ്യൂസിക് തെറാപ്പി അഥവാ സംഗീതത്തിലൂടെ ചികിത്സ ആണ്. ലേഖിക കർപ്പഗവല്ലി, ആർ.

അക്യുപങ്ചർ, അക്യുപ്രഷർ, സുജോക് തെറാപ്പി, റെയ്കി, പ്രാണിക് ഹീലിങ്, ശ്വസന ക്രിയകൾ, റിഫ്ലക്സോളജി, കാന്ത ചികിത്സ, മുദ്രകൾ, സൂര്യയോഗ്, ധ്യാനം എന്നീ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് സംക്ഷിപ്തവിവരവും ഇതിലുണ്ട്.

ഇംഗ്ലീഷിലുള്ള രണ്ട് ലേഖനങ്ങളും. ഒന്നിൽ കാഴ്ച മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ്. മറ്റേത് ‘ഓയിൽ പുള്ളിങ്ങ് തെറാപ്പി’യെക്കുറിച്ച്.

സ്വകാര്യമായി വിതരണം ചെയ്യപ്പെടുന്ന വാർത്താപത്രികയിൽ ‘സംഭാവന 5 രൂപ’ എന്ന് പറയുന്നുണ്ട്.

പ്രസാധകർ:
Samagra,
Holistic Health Promotion Council,
Santhigram,
Chappath,
Kozhuvur PU,
Pulluvila,
Thiruvananthapuram 695 526.
E-mail: samagra@rediffmail.com

City Centre:
Holistic Medicine and Stress Research Institute of India,
Madathuvila Lane,
Medical College PO,
Thiruvananthapuram 695 011.
Phone: 0471-3217317, 9895714006, 944644440

Thursday, January 22, 2009

'ഇതാണ് നമ്മുടെ പൊലീസ്'

കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സി.എഛ്.ആർ.ഐ) എന്ന സംഘടനയുടെ ഇന്ത്യാ ചാപ്റ്റർ ഏറെ നാളായി പൊലീസ് സംവിധാനം പരിഷ്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

അതിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (വ്യാഴാഴ്ച) തിരുവനന്തപുരത്ത് നടന്ന ശില്പശാലയിൽ നിരവധി പൌര സമൂഹ സംഘടനാ പ്രവർത്തകർ പങ്കെടുക്കുകയും പൊലീസ് പ്രവർത്തനം മെച്ചപ്പെടുത്തൌന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകക്യും ചെയ്ത്.

പൊലീസ് പരിഷ്കരണം സംബന്ധിച്ച് പ്രകാശ് സിങ്ങ് കേസിന്റെ വിധിയിൽ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥനത്തിലായിരുന്നു ചർച്ച.

കോടതി വിധിയും പൊലീസ് പരിഷ്കരണം സംബന്ധിച്ച മറ്റ് വിവരങ്ങളും അടങ്ങുന്ന ഒരു പുസ്തകം സി.എഛ്.ആർ.ഐ. പ്രവർത്തകനും പൊലീസ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന മാസ് ഇനിഷ്യേറ്റീവ് ഫൊർ നോൺ‌വയലൻസ് ആൻഡ് ഡെമോക്രസി (എം.ഐ.എൻ.ഡി) ഡയറക്റ്ററുമായ പി.ഷർഫുദ്ദീൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇതാണ് നമ്മുടെ പൊലീസ്” എന്നാണ് പുസ്തകത്തിന്റെ പേര്.

അദ്ദേഹത്തിന്റെ മേൽ‌വിലാസം:
പി. ഷർഫുദ്ദീൻ,
‘സെറിൻ’,
ചിറക്കൽതാഴെ,
പി.ഓ. പാറാൽ
തലശ്ശേരി 670 671

Wednesday, January 21, 2009

മുന്നണിപ്പോരാളി

‘പോരാട്ടം’ നേതാവ് എം.എന്‍.രാവുണ്ണിയുടെ പത്രാധിപത്യത്തില്‍ പ്രസിഷ്ഹീകരിക്കപ്പെടുന്ന ‘മുന്നണിപ്പോരാളി’യുടെ ജനുവരി ലക്കം മാസികയുടെ രൂപത്തിലാണ്. ബഹുവര്‍ണ്ണ കവര്‍. പിന്‍ കവര്‍ പേജില്‍ വാന്‍ ഗോഗിന്റെ ഒരു പശം.

മുഖപ്രസംഗം: വികസനവും സ്വകാര്യനിക്ഷേപകവും

പ്രധാന ലേഖനങ്ങള്‍:

സാമ്രാജ്യത്വ വ്യവസ്ഥാ പ്രതിസന്ധിയും മാവോയിസ്റ്റ് ബദലും -- അജിത്ത്
ശ്രീലങ്കയിലെ യുദ്ധം
സുരേഷ്കുമാറിന്റെ വെളിപ്പെടുത്തലും ഇടതു-വലതു യോജിപ്പും
ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം -- വിനോദ്
നേപ്പാള്‍: പ്രതീക്ഷ ഉണര്‍ത്തുന്ന ആശയസമരം
ശരീ‌അത്തിന്റെ ഉപയോഗം മാധ്യമത്തില്‍
എന്താണ് ശാസ്ത്രത്തിന്റെ രാഷ്ട്രീയം -- ഗോവര്‍ദ്ധന്‍
ജാതിയും കമ്മ്യൂണിസ്റ്റുകാരും: ദുഷ്പ്രചരണത്തെ തിരിച്ചറിയുക --അജ്മല്‍

മേല്‍‌വിലാസം:
Munnaniporali,
Door No. 365/A,
P.O.PONNORE,
Thrissur
munnaniporalia@yahoo.co.in