Sunday, September 11, 2016

പുതിയ കാലം പുതിയ ഇടതുപക്ഷത്തെ ആവശ്യപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ                                                             ജനശക്തി

കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നൊന്നായി നിലം‌പതിക്കുകയും സോവിയറ്റ് യൂണിയൻ അന്ത്യനാളുകളിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ പത്രപ്രതിനിധിയെന്ന നിലയിൽ ആ രാജ്യങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ പഠിക്കാനുള്ള അവസരം എനിക്കുണ്ടായി. ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ്പാർട്ടിയുടെ വക്താവിനോട് പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച് ഞാൻ അന്വേഷിച്ചു. മാർക്സ് വിഭാവനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായദിശയിൽ കാര്യങ്ങൾ പോകുന്നതിന് യുക്തിസഹമായഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല.

പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് വ്യവസ്ഥയെ ആദ്യം ഫലപ്രദമായി വെല്ലുവിളിച്ചത്. അതുടലെടുത്ത കാലത്തു തന്നെ ഞാൻ അവിടെ പോവുകയുണ്ടായി. തലസ്ഥാനനഗരിയായ വാഴ്‌സായിലെ സർക്കാരാപ്പീസുകളിലെല്ലാം സർക്കാർ നോട്ടീസു ബോർഡുകൾ കൂടാതെ സോളിഡാരിറ്റിയുടെ ബോർഡുകളും കണ്ടു. അവയ്ക്കു മുന്നിൽ കൂടിനിന്നാണ് ജീവനക്കാർ ദൈനംദിനസംഭവങ്ങൾ ചർച്ച ചെയ്തത്. സോളിഡാരിറ്റിയുടെ വളർച്ചയെ കുറിച്ച് സർക്കാരിന് എന്തുപറയാനുണ്ടെന്നറിയാൻ എനിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ അതൊരു തൊഴിലാളിസംഘടനയായതുകൊണ്ട് ട്രെയ്‌ഡ് യൂണിയൻ മന്ത്രിയെ കാണുന്നതാവും നല്ലതെന്ന് അധികൃതർ പറഞ്ഞു. “എന്താണ് ഇവിടെ നടക്കുന്നത്?” ഞാൻ മന്ത്രിയെ കണ്ടു ചോദിച്ചു. നേരേചൊവ്വേയുള്ള ചോദ്യത്തിന്അദ്ദേഹം നേരേചൊവ്വേ തന്നെ മറുപടി നൽകി. “ഇതൊരു ബൂർഷ്വാ ജനാധിപത്യരാജ്യമാണെങ്കിൽ അവർഭരിക്കും, ഞങ്ങൾ പ്രതിപക്ഷത്തിരിക്കും. പക്ഷെ ഇതൊരു ബൂർഷ്വാ ജനാധിപത്യ രാജ്യമല്ല,” അദ്ദേഹംപറഞ്ഞു. ജനങ്ങൾ തങ്ങൾക്കൊപ്പമല്ലെന്ന് ഇതിനേക്കാൾ ഭംഗിയായി ഒരു മന്ത്രിക്ക് പറയാനാകുമൊ?

വർക്കേഴ്സ് പാർട്ടിയുടെ (അതായിരുന്നു പോളണ്ടിലെ കമ്മ്യൂണിസ്റ്റ പാർട്ടിയുടെ പേര്) ആസ്ഥാനത്തുചെന്നപ്പോൾ ആളുകൾ ഹർജികളുമായി നേതാക്കന്മാരുടെ മുറികളിലേക്ക് കയറുന്നതും ജിവനക്കാർഹയലുകളുമായി മുറികൾ കയറിയിറങ്ങുന്നതും കണ്ടു. അത്ര തിരക്ക് പ്രധാനമന്ത്രിയുടെ ആപ്പീസിൽ കണ്ടില്ല. പാർട്ടി ആപ്പീസാണ് ഭരണസിരാകേന്ദ്രമെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. ഭരണമാറ്റത്തിനു ശേഷം വാഴ്സായിലെത്തിയപ്പോൾ ആ ആപ്പീസ് തീർത്തും വിജനമായിരുന്നു. കമ്മ്യൂണിസ്റ്റ്ഭരണം എന്തുകൊണ്ട് പരാജയപ്പെട്ടെന്ന എന്റെ ചോദ്യത്തിന് മറുപടിയായി  വർക്കേഴ്സ് പാർട്ടിയുടെഔദ്യോഗിക വക്താവ് പറഞ്ഞു: “കമ്മ്യൂണിസം ഒരു സുന്ദര സ്വപ്നമാണ്. അത് യാഥാർത്ഥ്യമാക്കാമെന്ന്കരുതിയത് ഞങ്ങളുടെ തെറ്റ്”.

മോസ്കോയിൽ ചെന്നത് രണ്ട് റിപ്പബ്ലിക്കുകൾ സോവിയറ്റ് യൂണിയനിൽ നിന്ന് വിട്ടുപോകാൻ അനുവാദംതേടിയശേഷമായിരുന്നു. അഞ്ചു കൊല്ലത്തിനു ശേഷം സോവിയറ്റ് യൂണിയന്റെ അവസ്ഥഎന്തായിരിക്കുമെന്ന് ദേശീയതാ പ്രശ്നത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു പത്രപ്രവർത്തകയോട് ഞാൻ ചോദിച്ചു.ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ നടുങ്ങുന്നു എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് അവർ ഒരു മറുചോദ്യം ചോദിച്ചു: “ഇന്ത്യ എങ്ങനെയാണ് ദേശീയതാപ്രശ്നം പരിഹരിച്ചത്?”  സോവിയറ്റ് യൂണിയൻ ദേശീയതാ പ്രശ്നം കൈകാര്യം ചെയ്ത രീതി ഇന്ത്യക്ക് പിന്തുടരാവുന്ന മാതൃകയായി സ്വാതന്ത്ര്യത്തിന്റെആദ്യനാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചൂണ്ടിക്കാണിച്ചിരുന്നത് ഞാൻ അപ്പോൾ ഓർത്തു. ഭരണംനഷ്ടപ്പെട്ടയിടങ്ങളിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അക്കാലത്ത്ആത്മപരിശോധന നടത്തുകയുണ്ടായി. അതിന്റെ ഫലമായി ചില പാർട്ടികൾ ഡെമോക്രാറ്റിക് സോഷ്യലിസത്തിലേക്ക് ചുവടു മാറ്റം നടത്തി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരുന്നവരും പ്രവർത്തനരീതികളിൽ മാറ്റങ്ങൾ വരുത്തി.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഗോള സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ അന്നോ പിന്നീടോആത്മപരിശോധന നടത്തിയില്ല. യഥാർത്ഥത്തിൽ അത് നേരത്തെ തന്നെ നാശത്തിന്റ പാതയിലായിരുന്നു. സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ തർക്കം ഇന്ത്യയിലെ പാർട്ടിയെ പിളർത്തി. രാജ്യത്തെ ബൂർഷ്വാ ജനാധിപത്യ ഭരണകൂടത്തോടുള്ള സമീപനം തർക്കത്തിൽ ഒരു പ്രധാന വിഷയമായി. ഒരു വിഭാഗം സോവിയറ്റ് യൂണിയന്റെ നിലപാടിനൊപ്പവും മറ്റേത്  ചൈനയുടേതിനൊപ്പവും നിലകൊണ്ടു. ആദ്യ വിഭാഗം കോൺഗ്രസ് ഭരണകൂടത്തിനു അനുകൂലമായപ്പോൾ മറുഭാഗം കോൺഗ്രസ്‌വിരുദ്ധരുടെ ഭാഗം ചേർന്നു. ഈ വ്യത്യസ്ത സമീപനങ്ങൾ സി.പി.ഐയെ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സർക്കാരിനെ പിന്തുണക്കുന്നതിലേക്കും സി.പി.ഐ-എമ്മിനെ വർഗീയ കക്ഷികളുൾപ്പെടെയുള്ള വലതു പക്ഷത്തൊട് സഹകരിക്കുന്നതിലേക്കും നയിച്ചു. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും പാർട്ടികൾ എടുത്ത നിലപാടുകളിൽ പ്രതിഫലിച്ചത് മാർക്സിസ്റ്റ് വീക്ഷണത്തേക്കാൾ സ്വന്തം രാജ്യതാല്പര്യങ്ങളാണെന്ന് ഇരുവരും തിരിച്ചറിഞ്ഞില്ല.  പിളർപ്പിനെ തുടർന്ന് ആദ്യ മൂന്നു പാർലമെന്റുകളിലും മുഖ്യ പ്രതിപക്ഷമാവുകയും ജനങ്ങൾ ദേശീയ  ബദലായി കാണുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങി. വലതുപക്ഷ കക്ഷികൾ വളരാനും തുടങ്ങി.സ്ഥിതിഗതികൾ സത്യസന്ധമായി വിലയിരുത്തി ഉചിതമായ തിരുത്തൽ നടപടികൾ എടുക്കേണ്ട ഘട്ടത്തിൽ സൈദ്ധാന്തിക നേതൃത്വം “ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്” എന്ന മട്ടിൽ മുന്നോട്ടു പോവുകയായിരുന്നു.

വൻനഗരങ്ങളിലെ ഫാക്ടറി തൊഴിലാളികൾക്കിടയിലും ചില സംസ്ഥാനങ്ങളിലെ കർഷകത്തൊഴിലാളികൾക്കിടയിലും ഉയർന്നുകൊണ്ടിരുന്ന നാഗരിക മധ്യവർഗത്തിനിടയിലും ഉണ്ടായിരുന്നസ്വീകാര്യതയാണ് ആദ്യ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മുൻ‌കൈ നേടിക്കൊടുത്തത്. ഇടതു സ്വാധീനം ക്രമേണ പശ്ചിമ ബംഗാൾ, കേരളം, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങി. എന്നിട്ടുംപാർട്ടികൾ ആത്മപരിശോധന നടത്തിയില്ല. അവർ അവിടെ അധികാര രാഷ്ട്രീയത്തിൽ കിട്ടിയ സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പിന്നീട് സൈദ്ധാന്തിക പരിഗണനകൾ പാടെ ഉപേക്ഷിച്ചുകൊണ്ട് ആ മൂന്നിടങ്ങളിൽ അധികാരം നേടുകയും നിലനിർത്തുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാർ അന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഇ.എം.എസ്. നമ്പൂതിരിപ്പാടാണെന്ന് വിലയിരുത്തുകയുണ്ടായി. ബംഗാളിലെയും ത്രിപുരയിലെയും സി.പി.ഐ-എമ്മിന്റെ ഗതിവിഗതികളെ ഇ.എം.എസ് സ്വാധീനിച്ചോയെന്ന് സംശയമാണ്.എന്നാൽ 1957ൽ ആദ്യ മുഖ്യമന്ത്രിയായശേഷം കേരളത്തിലെ പാർട്ടി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അക്കാലത്തെ പാർട്ടി നയരൂപീകരണത്തിൽ സൈദ്ധാന്തിക പെരുമയുടെ തെളിവുകൾ കാണാൻ നന്നെ പ്രയത്നിക്കേണ്ടിവരും. കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കിയശേഷം നടന്ന 1960ലെ തെരഞ്ഞെടുപ്പിൽ പി.എസ്.പിയും മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് മത്സരിച്ചത്. മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടു കിട്ടിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്ആ കൂട്ടുകെട്ടിനെ മറികടന്ന് അധികാരം തിരിച്ചുപിടിക്കാനായില്ല. പാർട്ടി പിളർന്നശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽ പരിമിതമായ കൂട്ടുകെട്ടുമായി മത്സരിച്ച സി.പി.ഐ-എം ഏറ്റവും വലിയ കക്ഷിയായി.എന്നാൽ ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാനാകാഞ്ഞതുകൊണ്ട് നിയമസഭ പിരിച്ചു വിടപ്പെട്ടു. പാർട്ടിയുടെ ജനപിന്തുണ വർദ്ധിക്കുകയായിരുന്നെങ്കിലും എങ്ങനെയും വീണ്ടും അധികാരത്തിലെത്തണമെന്ന ലക്ഷ്യത്തോടെ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ഇ.എം.എസ് ഒരു സപ്തമുന്നണിയുണ്ടാക്കി. മുസ്ലിം താല്പര്യത്തിനപ്പുറം ഒരു നയവും ഇല്ലാതിരുന്ന ലീഗിനെയും വനം കയ്യേറുകയും ആദിവാസികളെ ചൂഷണം ചെയ്യുകയും ചെയ്തവരെ സംരക്ഷിക്കുന്നതിനപ്പുറം ഒരു ലക്ഷ്യവുമില്ലാതിരുന്ന വടക്കനച്ചന്റെ കർഷക തൊഴിലാളി പാർട്ടിയെയും അദ്ദേഹം സഖ്യകക്ഷികളും ഭരണത്തിൽ പങ്കാളികളും ആക്കി. ആ നടപടിക്ക് എന്ത് സാധൂകരണമാണ് മാർക്സിസ്റ്റ് സിദ്ധാന്തത്തിൽ നിന്ന് കണ്ടെത്താനാവുക? ആ മുന്നണി ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു.പ്രത്യക്ഷവും പ്രച്ഛന്നവുമായ വർഗീയതക്ക് അത് രാഷ്ട്രീയ മാന്യത നേടിക്കൊടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടികളെ അത് എന്നെന്നേക്കുമായി ആദിവാസിദ്രോഹികൾക്കൊപ്പമെത്തിച്ചു.

ഇ.എം.എസ് അന്ന് ആവിഷ്കരിച്ച അവസരവാദപരമായ നയമാണ് അര നൂറ്റാണ്ടിനു ശേഷവും അടവ് എന്ന പേരിൽ സി.പി.ഐ-എം പിന്തുടരുന്നത്. ഇടതു കക്ഷികളും ജനാധിപത്യ കക്ഷികളും ഉൾ‌പ്പെടുന്നുവെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് എൽ.ഡി.എഫ് എന്ന പേരു നൽകിയത്. എന്നാൽ അതിലെ പല ഘടക കക്ഷികൾക്കും ജനാധിപത്യ പാർട്ടികൾ  എന്ന് അവകാശപ്പെടാനുള്ള അർഹതയില്ല. സപ്തമുന്നണിയിൽ തുടങ്ങിയ തത്വദീക്ഷയില്ലാത്ത സമീപനം സി.പി.ഐ-എമ്മിനെ ഇടയ്ക്കിടയ്ക്ക് അധികാരത്തിലേറാൻ സഹായിക്കുന്നുണ്ട്. എന്നാൽ അത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുകയാണ് ചെയ്തത്. പാർട്ടിയുടെ കുറഞ്ഞു കൊണ്ടിരിക്കുന്ന വോട്ടുവിഹിതം ഇത് വ്യക്തമാക്കുന്നു. ഏറെ കാലമായി തുടർന്നിരുന്ന വിഭാഗീയത ഒഴിവാക്കിക്കൊണ്ട് പാർട്ടി ഒറ്റക്കെട്ടായി മത്സരിച്ച് അധികാരം പിടിച്ചെടുത്ത ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിലും  വോട്ടുവിഹിതത്തിൽ കുറവുണ്ടായി. മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അടവുകളിലൂടെ മതന്യൂനപക്ഷങ്ങളുടെ വോട്ട് ആകർഷിച്ചിട്ടും വോട്ടു വിഹിതത്തിൽ കുറവുണ്ടായതിൽ നിന്നും പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ് പുതിയ വോട്ടുകൾ നേടുന്നതെന്ന് വരുന്നു.ഇടതുപക്ഷത്തിന്റെ ഇടതു സ്വഭാവം ഇപ്പോഴും ചോർന്നുകൊണ്ടിരിക്കുന്നു എന്നർത്ഥം.

കെ.ആർ. ഗൌരിയമ്മയെ പാർട്ടിയിൽ നിന്നു പുറത്താക്കിയപ്പോൾ ഇ.എം.എസ്. പറഞ്ഞു ഒരു പട്ടിയും അവരുടെ പിന്നാലെ പോകില്ലെന്ന്. പക്ഷെ കോൺഗ്രസ് മുന്നണിയിൽ സ്ഥാനം നേടാൻ വേണ്ടത്ര ആളുകളെ ആകർഷിക്കാൻ ഗൌരിയമ്മക്കായി. പിന്നീട് പുറത്താക്കപ്പെട്ട . എം.വി. രാഘവന്റെ കൂടെ പോയവർക്കും എതിർ മുന്നണിയിൽ സ്ഥാനം നേടാൻ കഴിഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായി കഴിഞ്ഞ കാലത്ത് ഗൌരിയമ്മയുടെ ജെ.എസ്.എസും രാഘവന്റെ സി.എം.പിയും ശോഷിച്ച് ഒരു മണ്ഡലത്തിൽ പോലും ജയിക്കാനാകാത്ത അവസ്ഥയിലെത്തി. ആ ഘട്ടത്തിൽ സി.പി.ഐ-എം നേതൃത്വം ഗൌരിയമ്മയുടെയും രാഘവന്റെ കുടുംബത്തിന്റെയും പിന്നാലെ പോയി അവയെ പിളർത്തി പാതിയെ ഒപ്പം കൂട്ടി. പാർട്ടികൾക്ക് ഒരു മുന്നണിയിൽ നിന്ന് മറ്റേതിലേക്ക് യഥേഷ്ടം പോകാനാകുമ്പോൾ ‘ഇടത്’, ‘വലത്’ എന്ന വിശേഷണങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്?
കഴിഞ്ഞ ഏതാനും പാർട്ടി കോൺഗ്രസുകളിൽ സമർപ്പിച്ച സംഘടനാ റിപ്പോർട്ടുകൾ പാർട്ടി അധികാരത്തിലിരിക്കുമ്പോപ്പോഴും നിരവധി പേർ അംഗത്വം പുതുക്കാതെ വിട്ടുപോകുന്നതായി സാക്ഷ്യപ്പെടുത്തുന്നു. അതേസമയം പുതിയ അംഗങ്ങളെ ചേർത്തു നഷ്ടം നികത്താൻ പാർട്ടിക്ക് കഴിയുന്നുണ്ട്. അധികാരത്തിന്റെ ഭാഗമായ പാർട്ടി വിട്ടു രാഷ്ട്രീയത്തിൽ നിന്ന് നിഷ്ക്രമിക്കൂന്നവർ അധികാരമോഹികളല്ലെന്ന് ഉറപ്പാക്കാം. എന്നാൽ അതിലേക്ക് കടന്നു വരുന്നവർ അധികാരമോഹികളല്ലെന്ന് ഉറപ്പിക്കാനാവില്ല. ഇന്ന് ഏറ്റവുമധികം ചെറുപ്പക്കാരെ ആകർഷിക്കുന്നത് സി.പി.ഐ-എം ആകണം. കമ്മ്യൂ‍ണിസ്റ്റ്  പ്രത്യയശാസ്ത്രമാണ് അവരെ ആകർഷിക്കുന്നതെന്ന് തീർത്തു പായാനാകില്ല. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രധാന ആവശ്യം ജോലിയാണ്. ഇവിടെ ഓരോ കൊല്ലവും ജോലിവാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെടുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം ചെറുതല്ല. അണികൾക്ക് ജോലി സംഘടിപ്പിച്ചു കൊടുക്കുന്നതിൽ സി.പി.ഐ-എമ്മിനോളം താല്പര്യമെടുക്കുന്ന മറ്റൊരു കക്ഷി ഇവിടെയില്ല. മത്സരപ്പരീക്ഷയിലെ ഉത്തരക്കടലാസുകൾ മുക്കിയിട്ടാണെങ്കിൽ പോലും ഉദ്യോഗാർത്ഥികളെ സഹായിക്കാൻ സന്നദ്ധതയുള്ള കക്ഷിയായാണ് അതറിയപ്പെടുന്നത്.  

കേരളത്തിൽ നിന്ന് വ്യത്യസ്തമായി പശ്ചിമ ബംഗാളിൽ ഇടതു മുന്നണി 33 കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്നു. ബന്ദ്, ഘെരാവൊ തുടങ്ങിയ പരിപാടികളിലൂടെ വിപ്ലവ സ്വഭാവം തെളിയിച്ചുകൊണ്ടാണ് പ്രതിപക്ഷത്തായിരുന്ന സി.പി.ഐ-എം പിളർപ്പിനുശേഷം അവിടെ വളർന്നത്. കേരളത്തിലെ പാർട്ടിയും ആ സമരമുറകൾ അനുകരിച്ചിരുന്നു. ജ്യോതി ബാസുവൊ ഇ.എം.എസൊ അവയെ തള്ളിപ്പറഞ്ഞില്ല. അക്രമാസക്തമായ സമരങ്ങൾ പല വലിയ കമ്പനികളെയും ബംഗാൾ വിടാൻ പ്രേരിപ്പിച്ചു. അധികാരത്തിലേറിയ ഉടൻ ജ്യോതി ബസു സർക്കാർ ഭൂപരിഷകരണം നടപ്പിലാക്കിയത് പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തി. വർഷങ്ങൾക്കുശേഷം വ്യവസായങ്ങൾക്ക് സ്ഥലം കണ്ടെത്താനായി കർഷകരിൽ നിന്ന് ഭൂമി തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ ചെറുത്തുനില്പ് ഇടതു ഭരണത്തിന്റെ അന്ത്യം കുറിച്ചു. അധികാരം നേടാനും നിലനിർത്താനും സി.പി.ഐ-എം ആവിഷ്കരിച്ച തന്ത്രങ്ങൾ ഉപയോഗിച്ചാണ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അതിനെ തറപറ്റിച്ചത്. ഏകദേശം 3,000 പൊലീസുകാരും കാക്കി യൂണിഫോം അണിഞ്ഞ പാർട്ടി അംഗങ്ങളും ചേർന്ന് നന്ദിഗ്രാമിൽ കർഷകർക്കെതിരെ 2007 മാർച്ചിൽ നടത്തിയ ആക്രമനത്തിൽ 14 ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ഗ്രാമവാസികൾ പിന്നീട് തൃണമൂൽ കോൺഗ്രസിന്റെയും മവോയിസ്റ്റുകളുടെയും സഹായത്തോടെ സി.പി.ഐ-എം കാരെ ആട്ടിയോടിച്ചു. അതിനുശേഷം ഇതുവരെയും നന്ദിഗ്രാമിലെ വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ലാത്ത പാർട്ടി അംഗങ്ങളുണ്ട്.
കേരളത്തിലെ സാഹചര്യങ്ങൾ ബംഗാളിലേതിന് സമാനമല്ല.  എന്നാൽ ബംഗാളിലെ അനുഭവത്തിൽ നിന്ന് കേരളത്തിലെ പാർട്ടി പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.

ഇടതുപക്ഷൈക്യം പുന:സ്ഥാപിക്കാനായി സി.പി.ഐ കോൺഗ്രസുമായി സഹകരിച്ചതിന്റെ പാപം ഏറ്റുപറഞ്ഞിട്ട് കൊല്ലം 37 ആയി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതിനേക്കാൾ ഒട്ടും  കുറഞ്ഞ ദ്രോഹമല്ല വലതുപക്ഷത്തിനും വർഗീയതയ്ക്കും മാന്യത നൽകിയ സി.പി.ഐ-എമ്മിന്റെ കോൺഗ്രസ്‌വിരുദ്ധ കൂട്ടുകെട്ടുകൾ ചെയ്തതെന്ന് പറയേണ്ടി വരും. വർഗീയതയെ ചെറുക്കാൻ കഴിവുള്ളത് തങ്ങൾക്കാണെന്ന ഇടതു പ്രസ്ഥാനങ്ങളുടെ വാദത്തിൽ വലിയ കഴമ്പില്ല. വലതുപക്ഷവും വർഗീയതയും ശക്തിപ്രാപിച്ചിട്ടുള്ളയിടങ്ങളിൽ തീരെ സ്വാധീനമില്ലാത്ത ഇടതു പാർട്ടികൾക്ക് അവയെ ചെറുക്കാനുള്ള കഴിവ് പരിമിതമാണ്.  സി.പി.ഐ-എം കഴിഞ്ഞ ഏതാനും പാർട്ടി കോൺഗ്രസുകളിൽ ഹിന്ദി സംസ്ഥാനങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയങ്ങൾ പാസാക്കിയിരുന്നു. അവ ഇപ്പോഴും കടലാസിലൊതുങ്ങുന്നു.

സോവിയറ്റ് യൂണിയന്റെ പതനവും “സോഷ്യലിസ്റ്റ് വിപണി” എന്ന പേരിലുള്ള ചൈനയുടെ മുതലാളിത്വ ചുവടുമാറ്റവും 1960കളിലെ പിളർപ്പ് എത്ര അയാഥർത്ഥവും അർത്ഥശൂന്യവും ആയിരുന്നെന്ന് വ്യക്തമാക്കുന്നു. ലോകത്തെയും രാജ്യത്തെയും സാഹചര്യങ്ങൾ മാർക്സിന്റെയും ലെനിനിന്റെയും, എന്തിന് ഇ. എം.എസിന്റെയും ജ്യോതി ബസുവിന്റെയും കാലത്തേതിൽ നിന്നു  പോലും ഏറെ മാറിയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞു പുതിയ കാലത്തിനൊത്ത രീതിയിൽ സംഘടിക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് ഇടതുപക്ഷം തെളിയിക്കേണ്ടിയിരിക്കുന്നു.  (ജനശക്തി)

Saturday, August 20, 2016

ഇടതു ഉയർത്തെഴുനേല്പിനായുള്ള കാത്തിരിപ്പ്

ബി.ആർ.പി. ഭാസ്കർ

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം നിലനിർത്താനുള്ള കഴിവുണ്ടായിരുന്നില്ല. സായുധപരിശീലനം നേടുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ഇരുപതു ലക്ഷം പേർ പിരിച്ചുവിടപ്പെടുമെന്നും കോൺഗ്രസുമായി അവർ കൈകോർത്താൽ പിടിച്ചു നിൽക്കാനാകില്ലെന്നും ഒരു മുൻ സൈന്യാധിപൻ കൂടിയായ വൈസ്രോയി വേവൽ പ്രഭു ബ്രിട്ടീഷു സർക്കാരിനെ ഓർമ്മിപ്പിച്ചു.അങ്ങനെയാണ് രാജ്യം വിഭജിച്ചിട്ടാണെങ്കിലും അതിവേഗം പിൻ‌വാങ്ങാൻ ബ്രിട്ടൻ തീരുമാനിച്ചത്.  വിഭജനാനന്തര ഇന്ത്യയുടെ ഭരണം സ്വാതന്ത്ര്യസമരം നയിച്ച കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികൾ ഏതാനും കൊല്ലം മുമ്പു മാത്രം കോൺഗ്രസിനകത്തു നിന്ന് പുറത്തുവന്ന സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും ആയിരുന്നു. വിഭജനം വലിയ തോതിലുള്ള വർഗീയ കലാപത്തിനും അഭയാർത്ഥി പ്രവാഹത്തിനും ഇടയാക്കിയെങ്കിലും ആ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വളരാൻ ഹിന്ദു കക്ഷികൾക്കായില്ല. അഞ്ചു കൊല്ലത്തിനുള്ളിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് അത് വ്യക്തമാക്കി.

കഷ്ടിച്ച് 45  ശതമാനം വോട്ടോടെ കോൺഗ്രസ് ലോക് സഭയിൽ 364സീറ്റ് നേടിയപ്പോൾ, 16 സീറ്റുമായി സി.പി.ഐ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി. സോഷ്യലിസ്റ്റ് പാർട്ടിക്ക് കിട്ടിയത് 12 സീറ്റ്.ആചാര്യ കൃപലാനിയുടെ നേതൃത്തിൽ കോൺഗ്രസ് വിട്ടവരുണ്ടാക്കിയ കിസാൻ മസ്ദൂർ പ്രജാ പാർട്ടി ഒൻപത് സീറ്റ് നേടി. മൂന്ന് ഹിന്ദു വർഗീയ കക്ഷികളാണ് ആ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്: കാൽ നൂറ്റാണ്ടായി രാഷ്ട്രീയരംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭ, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മുൻ ഹിന്ദു മഹാസഭാ പ്രസിഡന്റും നെഹ്രുവിന്റെ സർക്കാരിൽ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജി രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അനുഗ്രഹത്തോടെ സംഘടിപ്പിച്ച ഭാരതീയ ജനസംഘം,ചില സംന്യാസിമാർ തട്ടിക്കൂട്ടിയ രാം രാജ്യ പരിഷത്ത്. മൂന്നു കക്ഷികൾക്കും കൂടി കിട്ടിയത് പത്ത് സീറ്റുകൾ മാത്രം.

ഏറ്റവുമധികം വോട്ടു നേടിയ പ്രതിപക്ഷ കക്ഷി സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. അതിന് 10.59 ശതമാനം വോട്ട് കിട്ടി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ അധ്യായമാക്കിയ ജയപ്രകാശ് നാരായണന്റെയും സഹപ്രവർത്തകരുടെയും സാന്നിധ്യം മൂലം അതിന് യുവാക്കൾക്കിടയിൽ ധാരാളം ആരാധകരുണ്ടായിരുന്നു എന്നാൽ അതിന്റെ ജനപിന്തുണ രാജ്യമൊട്ടുക്ക് നേർത്തു പരന്നു കിടന്നതുകൊണ്ട് സീറ്റുകളുടെ എണ്ണം കുറഞ്ഞു. കിസാൻ മസ്ദൂർ പ്രജാ പാർട്ടിക്കും അതെ അനുഭവമുണ്ടായി. അതിന് 5.79 ശതമാനം വോട്ട് നേടാനായെങ്കിലും ഒൻപത് സീറ്റേ കിട്ടിയുള്ളു. സി.പി.ഐക്ക് 3.29ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെങ്കിലും അതിന്റെ പിന്തുണ ചിലയിടങ്ങളിലായി കേന്ദ്രീകരിച്ചിരുന്നതുകൊണ്ട് കൂടുതൽ സീറ്റ് നേടാനായി.

സോഷ്യലിസ്റ്റ് പാർട്ടിയും കെ.എം.പി.പിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ പിന്നീട് ഒന്നിച്ചെങ്കിലും 1957ലെ തെരഞ്ഞെടുപ്പിലും സി.പി.ഐക്ക് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം നിലനിർത്താനായി. സി.പി.ഐയുടെ  വോട്ടുവിഹിതം 8.92 ശതമാനമായും സീറ്റുകളുടെ എണ്ണം 27 ആയും വർദ്ധിച്ചു. കേരളത്തിൽ പാർട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അതോടെ സി.പി.ഐയാണ് കോൺഗ്രസിനുള്ള ദേശീയ ബദൽ എന്ന ധാരണ രാജ്യത്തുയർന്നു.കോൺഗ്രസ് ആവടി സമ്മേളനത്തിൽ സോഷ്യലിസ്റ്റ് രീതിയിലുള്ള സമൂഹമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനകം രാഷ്ട്രീയ വർണ്ണ രാജിയിൽ മധ്യത്തിന്റെ ഇടതുഭാഗത്തായി സ്ഥാനമുറപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ദേശീയ തലത്തിൽ അതിനെ വെല്ലുവിളിക്കാൻ കെല്പുള്ള ഒരു വലതുപക്ഷ കക്ഷിയും അന്നുണ്ടായിരുന്നില്ല.

സി.പി.ഐ 1962ൽ തെരഞ്ഞെടുക്കപ്പെട്ട ലോക് സഭയിലും മുഖ്യ പ്രതിപക്ഷ കക്ഷിയായി. എന്നാൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്ര തർക്കം പാർട്ടിയെ ഉലയ്ക്കാൻ തുടങ്ങിയിരുന്നു.വോട്ടുവിഹിതത്തിലും (9.94 ശതമാനം) സീറ്റിന്റെ എണ്ണത്തിലും (29)നേരിയ വർദ്ധനവുണ്ടാക്കാനെ പാർട്ടിക്കു  കഴിഞ്ഞുള്ളൂ.പിളർപ്പുകളിലൂടെയും കൂടിച്ചേരലുകളിലൂടെയും കടന്നു പോയ സോഷ്യലിസ്റ്റുകാർക്കും നില മെച്ചപ്പെടുത്താനായില്ല. നെഹ്രു സർക്കാരിന്റെ ആഭ്യന്തര വിദേശ നയങ്ങളോടുള്ള എതിർപ്പ് ശക്തമാക്കിയ വലതുപക്ഷം കുതിപ്പു നടത്തി. ജനസംഘം  വോട്ടുവിഹിതവും (6.44ശതമാനം) സീറ്റും (14) വർദ്ധിപ്പിച്ചു. വടക്കൻ പ്രദേശങ്ങളിലെ മുൻരാജാക്കന്മാരെ അണിനിരത്തിക്കൊണ്ട്  സി. രാജഗോപാലാചാരി ഉണ്ടാക്കിയ സ്വതന്ത്രാ പാർട്ടി 7.89 ശതമാനം വോട്ടും 18 സീറ്റും നേടി.വളരുന്ന വലതുപക്ഷ ഭീക്ഷണി നേരിടാൻ ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ട ആ സമയത്ത് ലോക പ്രസ്ഥാനത്തിലെ ചേരിതിരിവ് സി.പി.ഐയുടെ പിളർപ്പിൽ കലാശിച്ചു. ഔദ്യോഗിക വിഭാഗം ആഗോളതലത്തിൽ സോവിയറ്റ് യൂണിയനും ദേശീയതലത്തിൽ കോൺഗ്രസിനും ഒപ്പം നിന്നപ്പോൾ എതിർവിഭാഗം ചൈനക്കും കോൺഗ്രസ്‌വിരുദ്ധർക്കുമൊപ്പം നിലകൊണ്ടു.പ്രത്യയശാസ്ത്രവിശാരദന്മാരുടെ കണ്ണിൽ ഇതൊരു അതിലളിതവത്കരണമൊ വികൃതമായ വ്യാഖ്യാനമൊ ആകാം. എന്നാൽ ദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലുണ്ടായ ഭിന്നത സി.പി.ഐയെ അടിയന്തിരാവസ്ഥാ ഭരണകൂടത്തിനൊപ്പവും സി.പി.ഐ-എമ്മിനെ വർഗീയ വലതുപക്ഷത്തിനൊപ്പവും എത്തിച്ചുവെന്നത് അവർക്കും നിഷേധിക്കാനാവില്ല. പിൽക്കാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ കോൺഗ്രസുമായി സഹകരിച്ചതിനേക്കാൾ അധാർമ്മികവും അപകടകരവുമായിരുന്നു കോൺഗ്രസ്‌വിരുദ്ധ വലതുപക്ഷവുമായുള്ള സമരസപ്പെടൽ.എന്ന് പറയേണ്ടി വരും. സോവിയറ്റ് യൂണിയന്റെ പതനവും സോഷ്യലിസ്റ്റ് വിപണി സമ്പദ്‌വ്യവസ്ഥ എന്ന ആശയത്തിന്റെ മറവിൽ ചൈന നടത്തിയ മുതലാളിത്ത ചുവടുമാറ്റവും 1960കളിലെ പ്രത്യയശാസ്ത്ര ചർച്ചകൾ എത്ര ബാലിശവും അയഥാർത്ഥവും ആയിരുന്നെന്ന് നമുക്ക് മനസിലാക്കിത്തരുന്നു. വലിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ നീക്കങ്ങൾ സ്വന്തം ദേശീയ താല്പര്യങ്ങൾ മുൻ‌നിർത്തിയുള്ളവയാണെന്ന് തിരിച്ചറിയാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല.

പിളർപ്പിന്റെ ദുരന്തഫലം 1967ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.സ്വതന്ത്രാ പാർട്ടി 8.67 ശതമാനം വോട്ടോടെ 44 സീറ്റ് നേടി ലോക് സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായി. കൂടുതൽ വോട്ടു ലഭിച്ചിട്ടും (9.31ശതമാനം) 35 സീറ്റ് മാത്രം കിട്ടിയ ജനസംഘം തൊട്ടു പിന്നിൽ. അതിനും പിന്നിലായിരുന്നു സി.പിഐയും (5.11 ശതമാനം വോട്ട്, 23 സീറ്റ്),സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും (4.92 ശതമാനം വോട്ട്, 23 സീറ്റ്),സി.പി.ഐ-എമ്മും (4.28 ശതമാനം വോട്ട്, 19 സീറ്റ്) പി.എസ്.പിയും(3.06 ശതമാനം വോട്ട്, 13 സീറ്റ്).   

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പു ഫലത്തെ കാണേണ്ടത്. ഭാരതീയ ജനതാ പാർട്ടി 31.34 ശതമാനം വോട്ടിന്റെ ബലത്തിൽ 282 സീറ്റോടെ ലോക് സഭയിൽ ആദ്യമായി ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന്റെ വോട്ടുവിഹിതം 20 ശതമാനത്തിന് താഴെ പോവുകയും ലോക് സഭയിലെ അതിന്റെ അംഗബലം 44 ആയി ചുരുങ്ങുകയും ചെയ്തു. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കൂടി കിട്ടിയത് 4.07 ശതമാനം വോട്ടും (സി.പ്.ഐ-എം3.28, സി.പി.ഐ 0.79) പത്തു സീറ്റും (സി.പി.ഐ 9, സി.പി.ഐ 1) ആണ്. 

ദേശീയയതലത്തിലെ വലതുപക്ഷത്തിന്റെ വളർച്ചപോലെ തന്നെ ഗൌരവമായി കാണേണ്ടതാണ് പല സംസ്ഥാനങ്ങളിലും ശക്തിപ്പെട്ടിട്ടുള്ള സ്വത്വരാഷ്ട്രീയം. ഏതെങ്കിലും ജാതിയുടെയൊ മറ്റ് വിഭാഗീയതയുടെയൊ പിന്തുണയോടെ നിലനിൽക്കുന്ന പ്രാദേശിക കക്ഷികൾ ഇടതിനെ പിന്തള്ളി വളർന്നിട്ടുണ്ട്. ഇടതു പ്രസ്ഥാനങ്ങളിലൂടെ തങ്ങൾക്ക് നീതി കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കിൽ അടിസ്ഥാനവർഗം അത്തരം കക്ഷികളിൽ അഭയം തേടുമായിരുന്നില്ല.

ഇടതു സ്വാധീനം മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങുകയും ദേശീയതലത്തിൽ ഏറെക്കുറെ  അപ്രസക്തമാവുകയും ചെയ്തിട്ടും അതിന്റെ കാരണങ്ങൾ സത്യസന്ധമായി വിലയിരുത്തി പ്രതിവിധികൾ നിർദ്ദേശിക്കാൻ ഒരു മാർക്സിസ്റ്റ് താത്വികാചാര്യനും കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കാൻ പരിശ്രമിച്ച വ്യക്തിയാണ് പ്രമുഖ കോളമിസ്റ്റും ഇടതു ചിന്തകനുമായ പ്രഫുൽ ബിദ്വായ്. ചാരത്തിൽ നിന്ന് വീണ്ടും പറന്നുയർന്ന പുരാണകഥയില ഫീനിക്സ് പക്ഷിയെപ്പോലെ ഇടതുപക്ഷം ഇന്ത്യയിലെ രാഷ്ട്രീയ നഭസിൽ വീണ്ടും ചിറകടിക്കുന്നത് വിഭാവനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണ ഗ്രന്ഥത്തിനു “ദ് ഫീനിക്സ് മോമന്റ്: ചലഞ്ചസ് കൺഫ്രണ്ടിങ് ദ് ഇൻഡ്യൻ ലെഫ്റ്റ്“ ( The Phoenix Moment: Challenges Confronting the Indian Left) എന്ന് പേരിട്ടു. യുറോപ്യൻ യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അദ്ദേഹം അകാലചരമം പ്രാപിച്ചശേഷമാണ്  കഴിഞ്ഞ കൊല്ലം പുസ്തകം പുറത്തു വന്നു.പുസ്തകത്തിനായി വിവരശേഖരണം നടത്തുന്ന കാലത്ത് കേരളത്തിലും പശ്ചിമ ബംഗാളിലുമുള്ള ധാരാളം   സുഹൃത്തുക്കളുമായി  നിരന്തരം ബന്ദപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടയിൽ പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രസ്ഥാനമെന്ന നിലയിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന ദൌത്യം അവഗണിച്ചതാണ് ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രധാന കാരണമായി ബിദ്വായ് കാണുന്നത്. പശ്ചിമ ബംഗാളിലും കേരളത്തിലും ദൂരെക്കാഴ്ച കൂടാതെ എടുത്ത നടപടികളിൽ വർഗീയ പ്രീണനവും പരിസ്ഥിതി നശീകരണവും ഉൾപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.മൂന്നു പതിറ്റാണ്ടിലേറെ തുടർച്ചയായി അധികാരം കയ്യാളിയ ബംഗാളിൽ അധ്വാനിക്കുന്ന വർഗത്തിന്റെ മുന്നിൽ ഒരു നല്ല മാതൃക കാഴ്ചവെക്കാനുള്ള അവസരം കളഞ്ഞുകൂളിച്ചു. തുടക്കത്തിൽ ചില നല്ല നടപടികളുണ്ടായെങ്കിലും സി.പി.ഐ-എം പിന്നീട് യാഥാസ്ഥിതികത്വത്തിലേക്ക് നീങ്ങി. ഒടുവിൽ വർഗശത്രുക്കൾക്കൊപ്പം പ്രസ്ഥാനത്തിന്റെ അടിത്തറയായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമെതിരെ ആക്രമണം അഴിച്ചു വിടുന്നതുവരെ കാര്യങ്ങളെത്തി. സാമൂഹ്യ പരിവർത്തനം നടന്നില്ല.

രാജ്യം ഇടതുപക്ഷത്തിന്റെ ഉയർത്തെഴുനേല്പ് കാത്തിരിക്കുകയാണ്. അത് സാധ്യമാകണമെങ്കിൽ ഇടതിനെ ഏറെക്കാലമായി  പിന്നോട്ട് വലിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുകയും അവയെ മറികടക്കാൻ നടപടി എടുക്കുകയും ചെയ്യണമെന്ന് ബിദ്വായ് നിർദ്ദേശിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആന്തരിക ജനാധിപത്യത്തിന്റെ ഭാഗമായി കരുതുന്ന ഡെമോക്രാറ്റിക് സെൻ‌ട്രലിസത്തെയും അതിലൊന്നായി അദ്ദേഹം കാണുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അത്  പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനും ചർച്ച ചെയ്യുന്നതിനും തടസമായി തീരുന്നു. ഇതിന് തെളിവായി അദ്ദേഹം സി.പിഐ-എമ്മിന്റെ രണ്ട് ചരിത്രപരമായ വിഡ്ഡിത്തങ്ങൾ ചൂ‍ണ്ടിക്കാണിക്കുന്നു  -- ജ്യോതി ബാസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതും അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചതും. അടിയന്തിരമായി തിരുത്തേണ്ട കാര്യങ്ങളായി അദ്ദേഹം എടുത്തു പറയുന്നവയിൽ ജാതിപ്രശ്നം  അഭിമുഖീകരിക്കുന്നതിലുള്ള വൈമുഖ്യവും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികൾ, ദലിതർ എന്നിവരുടെ സമരങ്ങളോടും അണവ പദ്ധതികൾക്കും  മറ്റുമെതിരായ ജനകീയ പ്രക്ഷോഭങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനവും ഉൾപ്പെടുന്നു. തന്ത്രങ്ങൾ സംബന്ധിച്ച് ബംഗാളിലെയും കേരളത്തിലെയും ഇടതു മുന്നണികൾക്കുള്ളിലും ഈ രണ്ടു സംസ്ഥാനങ്ങളിലെയും സി.പി.ഐ-എം ഘടകങ്ങൾ തമ്മിലുമുള്ള ഭിന്നതകളിലേക്കും ബിദ്വായ് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. 

ഇടതു  പാർട്ടികളുടെ സമീപകാല പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അവ തന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്ന് പ്രഫുൽ ബിദ്വായിക്ക് അറിയാമായിരുന്നു.അങ്ങനെയെങ്കിൽ അവയ്ക്ക് പുറത്ത് ഒരു പുതു ഇടതു (New Left)ഉയർന്നു വരുമെന്ന ശുഭാപ്തി വിശ്വാസ്വുംം പ്രകടിപ്പിക്കുന്നു. വർത്തമാന കാല സാഹചര്യങ്ങളിൽ ഗൌരവപൂർവമായ ചർച്ച  ആവശ്യപ്പെടുന്ന ഒന്നാണ് ൽ ബിദ്വായിയുടെ പുസ്തകം. (നവയുഗം, ആഗസ്റ്റ് 15, 2016)

Wednesday, August 17, 2016

ഇത്‌ ശുദ്ധീകരണത്തിനുള്ള അവസരം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
യുഡിഎഫുമായുള്ള ദീർഘകാലബന്ധം അവസാനിപ്പിക്കാനുള്ള കേരളാ കോൺഗ്രസ്‌(എം) തീരുമാനം മുന്നണികളെ നയിക്കുന്ന കക്ഷികൾക്ക്‌ ദുഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുള്ള സുവർണ്ണാവസരമാണ്‌ നൽകുന്നത്‌. കക്ഷിനേതാക്കൾക്ക്‌ ഈ അവസരം പ്രയോജനപ്പെടുത്താനുള്ള വിവേകമുണ്ടോ എന്നാണിനി അറിയേണ്ടത്‌. ആദ്യ സൂചനകൾ അത്ര ശുഭകരമല്ല.
കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ സാമാന്യം നല്ല രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം നിലനിന്നിരുന്നതുകൊണ്ടാണ്‌ 1957ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അതിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാരുടെ മാത്രം സഹായത്തോടെ അധികാരത്തിലേറാൻ കഴിഞ്ഞത്‌. ഒരു നൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ നവോത്ഥാന സ്വഭാവമുള്ള സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളാണ്‌ ആ അന്തരീക്ഷമുണ്ടാക്കിയത്‌. ഭൂപരിഷ്കരണ നിയമത്തിനെതിരെ സംഘടിച്ച ക്ഷയോന്മുഖരായ ഫ്യൂഡൽ ശക്തികളും സ്വകാര്യ സ്കൂൾ മാനേജുമെന്റുകളുടെ ദുഷ്ചെയ്തികൾക്ക്‌ അറുതി വരുത്താൻ രൂപകൽപന ചെയ്ത വിദ്യാഭ്യാസ നിയമത്തിനെതിരെ മുറവിളി കൂട്ടിയ ക്രൈസ്തവസഭകളും കോൺഗ്രസുമായി ചേർന്ന്‌ നടത്തിയ ‘വിമോചന’ സമരം കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ വീഴ്ത്തുക മാത്രമല്ല, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാഷ്ട്രീയ രംഗത്തു നിന്ന്‌ നിഷ്ക്രമിച്ച സാമുദായിക ശക്തികളുടെ തിരിച്ചുവരവിന്‌ കളമൊരുക്കുകയും ചെയ്തു.
ആറ്റക്കോയ തങ്ങൾ ഇന്തൊനേഷ്യയിലെ പാകിസ്ഥാൻ അംബാസിഡറായി പോയതോടെ നിർജീവമായ മലബാറിലെ മുസ്ലിം ലീഗ്‌ മൈസൂറിൽ നിന്ന്‌ മദ്രാസിലേക്ക്‌ ചേക്കേറിയ മുഹമ്മദ്‌ ഇസ്മയിൽ മുൻകൈയെടുത്ത്‌ പുനരുജ്ജീവിപ്പിച്ചെങ്കിലും നെഹ്രു അതിനെ ‘ചത്ത കുതിര’ ആയാണ്‌ കണ്ടത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പുറത്താക്കി അധികാരത്തിലേറുന്നതിനു ലീഗിന്റെ പിന്തുണ സഹായിച്ചെങ്കിലും കോൺഗ്രസ്‌ തുടർന്നും അതിനെ വർഗീയ കക്ഷിയായി കണ്ടതുകൊണ്ട്‌ മന്ത്രിസഭയിൽ സ്ഥാനം നൽകിയില്ല. സ്പീക്കർസ്ഥാനം പോലും നൽകിയത്‌ സ്ഥാനാർത്ഥി പാർട്ടിയിൽ നിന്ന്‌ രാജി വെച്ചിട്ട്‌ മത്സരിക്കണമെന്ന നിബന്ധനയിലാണ്‌ .
പട്ടം താണുപിള്ളയെ ഗവർണർസ്ഥാനം നൽകി ഒഴിവാക്കിയശേഷം ആർ ശങ്കർ മുഖ്യമന്ത്രി ആയതോടെ കോൺഗ്രസിനുള്ളിൽ ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ്‌ രൂപപ്പെട്ടു. ശങ്കർ അംഗമല്ലായിരുന്ന ആദ്യ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചാക്കോ മുഖ്യമന്ത്രിപദം കാംക്ഷിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരായ സമരത്തിൽ വലിയ പങ്ക്‌ വഹിച്ച സഭകളും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന്‌ ആഗ്രഹിച്ചിരിക്കാം. ശങ്കറും ചാക്കോയും തമ്മിലുള്ള പ്രശ്നം തികച്ചും വ്യക്തിപരമായിരുന്നു. നയപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ഒരു സൂചനയും ഇരുവരും നൽകിയില്ല. എന്നാൽ കോൺഗ്രസ്‌ പാർട്ടിയിൽ അതിനകം തന്നെ വനം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായഭിന്നത രൂപപ്പെട്ടിരുന്നു. ക്രൈസ്തവ എംഎൽഎ മാരാണ്‌ ഒഴിപ്പിക്കലിനെ എതിർത്തത്‌. ചാക്കോയുടെ അകാലചരമത്തിനു ശേഷം കേരളാ കോൺഗ്രസ്‌ എന്ന പേര്‌ സ്വീകരിച്ച ചാക്കോ ഗ്രൂപ്പിൽ ക്രൈസ്തവ നായർ എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്‌. അൻപതു വർഷങ്ങൾക്കുശേഷം ഒന്നിലധികം കേരളാ കോൺഗ്രസുകളുണ്ട്‌. പക്ഷെ ഇനിഷ്യലുകൾ മാറുന്നതല്ലാതെ സാമൂഹിക അടിത്തറ മാറുന്നില്ല.
രാഷ്ട്രീയരംഗത്ത്‌ പ്രത്യക്ഷ പ്രച്ഛന്ന രൂപങ്ങളിൽ വർഗീയത വളരാൻ തുടങ്ങിയ ആ ഘട്ടത്തിൽ അതിനെ ചെറുക്കാനുള്ള കഴിവും ബാധ്യതയുമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിളർപ്പ്‌ നേരിടുകയായിരുന്നു. പിന്തിരിപ്പൻ ശക്തികളെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവിനെ പിളർപ്പ്‌ പ്രതികൂലമായി ബാധിച്ചു. അതിന്റെ ഫലം അലസിപ്പോയ 1965ലെ നിയമസഭയിൽ പ്രതിഫലിച്ചു. അതിനുശേഷം ഇടതുപക്ഷം വർഗീയതയെ തടയാനുള്ള ബാധ്യത കയ്യൊഴിഞ്ഞു. അതിന്റെ തെളിവാണ്‌ 1967ലെ സപ്തമുന്നണി.
വർഗീയ കക്ഷിയെന്ന നിലയിൽ മന്ത്രിസഭയിൽ നിന്ന്‌ കോൺഗ്രസ്‌ ഒഴിവാക്കിയ മുസ്ലിംലീഗും കുടിയേറ്റ കർഷകരെന്ന പേരിൽ വനം കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ഒരു വൈദികനുണ്ടാക്കിയ കർഷക തൊഴിലാളി പാർട്ടിയും ആ മുന്നണിയിലുണ്ടായിരുന്നു. അതിന്റെ ശിൽപിയായ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ കോൺഗ്രസ്‌ അധികാരം നിഷേധിച്ച ലീഗിന്റെ നോമിനികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഒറ്റയ്ക്ക്‌ മത്സരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒരു സീറ്റു പോലും നേടാനുള്ള കഴിവില്ലാതിരുന്ന കെടിപിക്കും കിട്ടി മന്ത്രിസ്ഥാനം. അങ്ങനെ വർഗീയതയും വനം കയ്യേറ്റവും രാഷ്ട്രീയ മാന്യത നേടി.
സപ്തമുന്നണിക്ക്‌ വലിയ ആയുസുണ്ടായില്ല. അതിലൂടെ മാന്യത ലഭിച്ച വർഗീയ ശക്തികൾ പിന്നീട്‌ കോൺഗ്രസിന്റെ തണലിൽ വളർന്നു. പക്ഷെ തത്വദീക്ഷ കൂടാതെ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ തല്ലിക്കൂട്ടിയ സപ്തമുന്നണിയുടെ രൂപീകരണത്തിലേക്ക്‌ നയിച്ച മാനസികാവസ്ഥ നിലനിന്നു. തന്മൂലം ലീഗിൽ നിന്നും കേരളാ കോൺഗ്രസിൽ നിന്നും മാത്രമല്ല ആർഎസ്‌എസിൽ നിന്നു പോലും പുറത്തു പോകുന്നവർക്ക്‌ ഇടതു മുന്നണിയിലേക്ക്‌ ചേക്കേറാൻ കഴിയുന്നുണ്ട്‌. മാണി യുഡിഎഫ്‌ വിട്ടശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ്‌ കൺവീനറും നടത്തിയ പ്രസ്താവനകളും പാർട്ടി പത്രം എഴുതിയ മുഖപ്രസംഗങ്ങളും കേരളാ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും കൂടെ കൂട്ടാൻ പാർട്ടിക്ക്‌ താൽപര്യമുണ്ടെന്ന്‌ വ്യക്തമാക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിഷയത്തിലുള്ള പാർട്ടിയുടെ വിയോജിപ്പ്‌ പരസ്യമായി രേഖപ്പെടുത്തിയത്‌ സ്വാഗതാർഹമാണ്‌. അതേ സമയം ഇടതു പാർട്ടികൾക്ക്‌ യോജിച്ച നിലപാട്‌ എടുക്കാൻ കഴിയാത്തത്‌ ആശങ്കയ്ക്ക്‌ വക നൽകുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിലെ മുസ്ലിം മേഖലയിലും തിരുവിതാംകൂറിലെ ക്രൈസ്തവ മേഖലയിലും വർഷങ്ങളായി തുടരുന്ന അടവു നയത്തിന്റെ ഭാഗമായി നടത്തിയ നീക്കങ്ങൾ എൽഡിഎഫിന്റെ വിജയത്തിൽ ഒരു പങ്ക്‌ വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ അതിന്‌ മുന്നണി വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്‌. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ ഇടതു മുന്നണിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌ പഴയ വോട്ടുകൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ്‌ പുതിയ വോട്ടുകൾ നേടിയതെന്നാണ്‌. ഇടതുപക്ഷത്തിന്റെ ഇടതു സ്വഭാവം നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ ശുദ്ധീകരണത്തിന്‌ നടപടികളെടുക്കാനുള്ള സമയമാണിത്‌. --നയുഗം, ആഗസ്റ്റ് 17, 2016.