Friday, January 2, 2015

തിരുത്തൽശക്തിയാകണം

ബി.ആർ.പി. ഭാസ്കർ

ഒരു തട്ടിപ്പു കേസിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും കോഴ ആരോപണത്തിന്റെ പേരിൽ ധനകാര്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്കകത്തും പുറത്തും വലിയ കോലാഹലങ്ങൾ നടന്ന കൊല്ലമാണ് കടന്നുപോയിരിക്കുന്നത്. മറ്റ് ചില മന്ത്രിമാർക്കെതിരെയും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. സമരത്തിലേക്ക് നയിച്ചിട്ടില്ലാത്ത ആരോപണങ്ങളുമുണ്ടെന്നർത്ഥം. കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടുന്നത് ധാർമ്മികയുടെ പേരിലാണ്. അതാകട്ടെ കേരള രാഷ്ട്രീയത്തിൽ ചെലവാകാത്ത നാണയമായി മാറിയിരിക്കുന്നു. ഇത് ആശാസ്യകരമായ അവസ്ഥയല്ല; എളുപ്പത്തിൽ പരിഹരിക്കാവുന്നതുമല്ല. ധാരമ്മികമായി അല്പമെങ്കിലും ഉയരത്തിൽ നിൽക്കുന്ന ഒരു വ്യക്തിക്കൊ കക്ഷിക്കൊ മാത്രമെ എതിരാളിയെ ധാർമ്മികതയുടെ പേരിൽ ഫലപ്രദമായി ചോദ്യം ചെയ്യാനാകൂ. നിലവിലുള്ള സാഹചര്യങ്ങൾ ആരെയും അതിനനുവദിക്കുന്നില്ല. പാർട്ടികളുടെ ധാർമ്മികച്യുതിയുടെ ഉത്തരവാദിത്വം നേതാക്കളിലായി പരിമിതപ്പെടുത്താനാവില്ല. ഇവിടെ തിരുത്തൽശക്തിയാകേണ്ടത് ഓരോ പാർട്ടിയിലും പെട്ടവരാണ്. തന്റെ പാർട്ടി തന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നല്ലാതെ നല്ല പാർട്ടിയായിരിക്കണമെന്ന ചിന്ത അവർക്കുണ്ടാകുമ്പോഴെ  ഈ സ്ഥിതിയിൽ മാറ്റമുണ്ടാകൂ. 
നിയമവിരുദ്ധമായി പാറപൊട്ടിക്കൽ, പാടം നികത്തൽ, ഭൂമി കയ്യേറ്റം തുടങ്ങിയ പ്രവർത്തനങ്ങൾ പലയിടങ്ങളിലും നടക്കുന്നതായി കോടതികളും ലോകായുക്തയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  നിയമവാഴ്ചയുടെ ദുർബലാവസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്. രാഷ്ട്രീയ ഔദ്യോഗിക സംവിധാനങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന അവസ്ഥയാണിത്. ഇതും എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നല്ല. അടിസ്ഥാനപ്രശ്നം അവശ്യ സാമഗ്രികളുടെ ദൌർലഭ്യമാണ്.   ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തുകയും ഉചിതമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യാതെ അഡ് ഹോക്ക് അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത്. ഈ സമീപനം മൂലമാണ് മാലിന്യസംസ്കരണം ഏറെക്കാലമായി കീറാമുട്ടിയായി തുടരുന്നത്. മദ്യനിരോധനത്തിന്റെ കാര്യത്തിലും ഇതേ സമീപനമാണ് നാം കണ്ടത്. വസ്തുതകൾ പഠിച്ച്, എല്ലാ സാധ്യതകളും പരിഗണിച്ച്, ഏറ്റവും ഗുണപ്രദമായ തീരുമാനം ഏടുക്കുന്ന തരത്തിലേക്ക് നീങ്ങാൻ സർക്കാരിനാകണം.

നില്പുസമരത്തെ തുടർന്ന് ഈയിടെ പരിഹരിക്കപ്പെട്ട ആദിവാസി ഭൂമി പ്രശ്നവും പരിഹരിക്കപ്പെടാതെ തുടരുന്ന അരീപ്പ സമരവും പരിഹരിച്ചിട്ടും അവശേഷിക്കുന്ന ചെങ്ങറ സമരവും കൃഷിയിൽ താല്പര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. 

സദാചാര ഗൂണ്ടായിസവും അതിനെതിരായ സമരങ്ങളും കേരളത്തിൽ സമൂഹത്തെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്നവരും മുന്നോട്ടു കൊണ്ടു പോകാനാഗ്രഹിക്കുന്നവരും തമ്മിൽ  സംഘട്ടനം നടക്കുന്നതായി വ്യക്തമാക്കുന്നു. ഇത്തരം സംഘട്ടനങ്ങൾ സ്വാഭാവികമാണ്. സർക്കാർ ഇവരിൽ ആരോടൊപ്പമാണ്?  പുരോഗമനോന്മുഖമായ ഭരണകൂടത്തിന് നവീകരണ ശക്തികൾക്കൊപ്പം നിൽക്കാനുള്ള കടമയുണ്ട്. (മലയാള മനോരമ, ജനുവരി 1, 2015)

Wednesday, December 17, 2014

ഒരു മന്ത്രിയുടെ രാജികൊണ്ട് പ്രശ്നം അവസാനിക്കില്ല

ബി.ആർ.പി. ഭാസ്കർ
ജനയുഗം

ബാർ ഉടമകളിൽ നിന്ന്‌ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്യുകയാണ്‌. എന്നാൽ ഒരു മന്ത്രിയുടെ രാജികൊണ്ട്‌ അവസാനിക്കുന്നതല്ല കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നം. സംസ്ഥാന രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്യൂഡലിസത്തിന്റെ അവസ്ഥയിൽ എത്തിനിൽക്കുകയാണ്‌, ജീർണിച്ച്‌ നിലംപൊത്താറായ അവസ്ഥയിൽ. പ്രശ്നത്തെ ആ നിലയിൽ കണ്ടുകൊണ്ടു വേണം പരിഹാരം തേടാൻ.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അഞ്ചു മന്ത്രിമാർക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ്‌ വകുപ്പ്‌ അതിവേഗ പരിശോധന നടത്തുകയാണെന്നും മാണിക്കും മറ്റ്‌ മൂന്നു മന്ത്രിമാർക്കുമെതിരെ കേസ്‌ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമാണ്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കഴിഞ്ഞയാഴ്ച നിയമസഭയിൽ ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞത്‌. അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും ആരും കുറ്റക്കാരാണെന്ന്‌ പറയാവുന്ന ഘട്ടമെത്തിയിട്ടില്ലെന്നും സർക്കാർ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്കെതിരെ ഉദ്യോഗസ്ഥർക്ക്‌ നീങ്ങാനാകുമോ എന്ന സംശയം ജനങ്ങൾക്കുണ്ട്‌. നമ്മുടെ പ്രതിപക്ഷ കക്ഷികൾ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറുന്നവരാണ്‌. ഔദ്യോഗിക സംവിധാനത്തിന്റെ പരിമിതികളെ കുറിച്ച്‌ അറിവുള്ളതുകൊണ്ടാണ്‌ അവരും രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന്‌ ആവശ്യപ്പെടുന്നത്‌.

ആരോപണം നേരിടുന്നവർ രാജി വെക്കണമെന്ന്‌ വന്നാൽ സർക്കാരിന്‌ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ആവശ്യമായ ഗൃഹപാഠം കൂടാതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവ്‌ രാഷ്ട്രീയ കക്ഷികൾക്കുള്ളതുകൊണ്ട്‌ ഈ നിലപാട്‌ പാടെ തള്ളിക്കളയാനാവില്ല. അതേസമയം നിരവധി കളങ്കിതരടങ്ങുന്ന ഒരു സർക്കാർ അധികാരത്തിൽ തുടരുന്നത്‌ ജനാധിപത്യ വ്യവസ്ഥയ്ക്ക്‌ ഭൂഷണമല്ലെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം.

ഇത്രയേറെ മന്ത്രിമാർ അഴിമതി ആരോപണം നേരിട്ട ഒരു കാലഘട്ടം സംസ്ഥാനത്തിന്റെ ആറു പതിറ്റാണ്ടിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. ഒരു വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്ത ചിലർക്ക്‌ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുടെ സഹായം ലഭിച്ചിരുന്നതായി അന്വേഷണത്തിനിടയിൽ വെളിപ്പെട്ടിരുന്നു. അന്ന്‌ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. അതിനുശേഷം പ്രതികൾ പരാതിപ്പെട്ടവർക്ക്‌ പണം തിരികെ നൽകി മിക്ക കേസുകളും ഒത്തുതീർപ്പാക്കി. കേസുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌ ചൂണ്ടിക്കാട്ടി അന്ന്‌ രാജിവെക്കാതിരുന്നതിനെ മുഖ്യമന്ത്രി ഈയിടെ ന്യായീകരിക്കുകയുണ്ടായി. ക്രിമിനൽ കുറ്റവും ധാർമ്മിക ഉത്തരവാദിത്വവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം മന:പൂർവം അവഗണിക്കുകയാണ്‌. കേസ്‌ നിലനിന്നാലും ഇല്ലെങ്കിലും സ്വന്തം സ്റ്റാഫംഗങ്ങളുടെ ദുഷ്ചെയ്തികൾക്ക്‌ അദ്ദേഹത്തിന്‌ ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്‌.

കെ എം മാണി പണം ചോദിച്ചു വാങ്ങിയെന്ന്‌ ടെലിവിഷൻ ക്യാമറയുടെ മുന്നിലിരുന്നു വിളിച്ചു പറഞ്ഞത്‌ രാഷ്ട്രീയ എതിരാളികളല്ല, ഒരു വ്യവസായിയാണ്‌. മന്ത്രിക്ക്‌ കൊടുത്തെന്ന്‌ പറയപ്പെടുന്നതിനേക്കാളേറെ പണം ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അംഗങ്ങളിൽ നിന്ന്‌ പിരിച്ചതായി ഭാരവാഹികൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. മദ്യനയം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെയും കോടതിയുടെയും മുന്നിലിരുന്ന ഘട്ടത്തിലാണ്‌ പിരിവ്‌ നടത്തിയത്‌. പണം എങ്ങനെയാണ്‌ വിനിയോഗിച്ചതെന്നും അത്‌ ആർക്കെല്ലാം വീതിച്ചു കൊടുത്തെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വെളിപ്പെടാനിടയില്ല. ആരോപണം ഉന്നയിച്ച വ്യവസായി വിജിലൻസിന്‌ വിശ്വസനീയമായ വിവരങ്ങൾ നൽകിയ ലക്ഷണമില്ല. പ്രഥമ വിവര റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മൊഴിയേക്കാൾ പ്രാധാന്യം അദ്ദേഹത്തിന്റെ ്ര‍െഡെവറുടെ മൊഴിക്ക്‌ കൽപിച്ചിട്ടുള്ളത്‌ അതിനാലാകണം. അതിനിടെ പണം കൊടുത്തത്‌ മദ്യനയം സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കാനായിരുന്നില്ല, ലോക്സഭയിലേക്ക്‌ മത്സരിച്ച ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ ചെലവിലേക്കായിരുന്നെന്നുള്ള ഭാഷ്യവും ചില ബാർ ഉടമകൾ നൽകിയിട്ടുണ്ട്‌.
മാണിയെ പ്രതിസന്ധിയിലാക്കുന്നതിനപ്പുറം അദ്ദേഹത്തെ കോടതി കയറ്റി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉദ്ദേശ്യം അവർക്കില്ലെന്നാണ്‌ ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌.
ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ്‌ മാണി അഴിമതി ആരോപണം നേരിടുന്നത്‌. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്‌ സംശയിക്കുന്നതായി അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും പറയുന്നു. കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിന്ന്‌ അടർത്തിയെടുത്ത്‌ മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎം തയാറാണെന്ന ധാരണ പടർന്ന സമയത്താണ്‌ ആരോപണം ഉയർന്നത്‌. ആ നിലയ്ക്ക്‌ മാണിയുടെ സംശയം അസ്ഥാനത്തല്ല. പക്ഷെ അതിന്‌ വിജിലൻസ്‌ അന്വേഷണത്തിൽ പ്രസക്തിയില്ല. അഴിമതി നടന്നോ ഇല്ലയോ എന്നാണ്‌ വിജിലൻസ്‌ അന്വേഷിക്കേണ്ടത്‌. അന്വേഷണോദ്യോഗസ്ഥർ മാണിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു മുമ്പ്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും അദ്ദേഹത്തിന്‌ ക്ലീൻ ചിറ്റ്‌ നൽകാൻ കാട്ടിയ വ്യഗ്രത ജനമനസുകളിൽ അന്വേഷണം സത്യസന്ധമാകുമോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

മുസ്ലിം ലീഗുകാരനായ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങൾക്കെതിരായ അഴിമതി ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമല്ല, യുഡിഎഫിൽ പെടുന്ന കേരളാ കോൺഗ്രസ്‌ (ബി)യുടെ നിയമസഭാംഗമായ കെ ബി ഗണേശ്‌ കുമാർ ആണ്‌. നഷ്ടപ്പെട്ട മന്ത്രിപദം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതിന്റെ നിരാശയിൽ കഴിയുന്നയാളാണ്‌ അദ്ദേഹം. എന്നാൽ അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ആരോപണം തള്ളിക്കളയാനാകില്ല. ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം മനസിൽ കൊണ്ടുനടക്കുന്നവരാണ്‌ സാധാരണഗതിയിൽ ഇത്തരം വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത്‌. മുഖ്യമന്ത്രിക്ക്‌ എഴുതി കൊടുത്തിട്ട്‌ നടപടി ഉണ്ടാകാതിരുന്നതുകൊണ്ടാണ്‌ വിഷയം നിയമസഭയിൽ ഉന്നയിച്ചതെന്ന്‌ ഗണേശ്‌ കുമാർ വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു മന്ത്രിക്കെതിരെ കൂടി ആരോപണങ്ങളുന്നയിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയും യുഡിഎഫും ആരോപണം സഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ ഗണേശ്‌ കുമാറിനു ഇനി ചെയ്യാവുന്നത്‌ രണ്ട്‌ മന്ത്രിമാർക്കുമെതിരായ ആരോപണങ്ങൾ മറ്റേതെങ്കിലും ഔദ്യോഗിക സംവിധാനത്തിനു മുന്നിൽ വെക്കുകയാണ്‌. വിജിലൻസ്‌ വകുപ്പിന്‌ മന്ത്രിമാർക്കെതിരെ നീങ്ങാനാകുമോയെന്ന്‌ സാധാരണ ജനങ്ങളെയും പ്രതിപക്ഷത്തെയും പോലെ അദ്ദേഹവും സംശയിക്കുന്നുണ്ടെങ്കിൽ കോടതിയെയോ ലോകായുക്തയെയോ സമീപിക്കാവുന്നതാണ്‌.

കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌ മാസത്തിൽ, സോളാർ തട്ടിപ്പു കേസ്‌ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്ന ഘട്ടത്തിൽ, എഴുതിയ ഒരു ലേഖനത്തിൽ 2011 ലെ ജനവിധി കാലഹരണപ്പെട്ടിരിക്കുന്നെന്നും ഉമ്മൻചാണ്ടി രാജിവെച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിടണമെന്നും ഈ ലേഖകൻ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ്‌ തെരഞ്ഞെടുപ്പിന്‌ തയാറായില്ലെങ്കിൽ പ്രതിപക്ഷ എംഎൽഎമാർക്ക്‌ ഒന്നടങ്കം രാജിവെച്ച്‌ സർക്കാരിനെ അതിനു നിർബന്ധിക്കാനാകുമെന്ന്‌ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആ നിർദ്ദേശങ്ങൾ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്വീകാര്യമായില്ല. ഇപ്പോഴും അവർക്ക്‌ അവ സ്വീകാര്യമാകുമെന്ന്‌ തോന്നുന്നില്ല. എന്നാൽ അടിസ്ഥാനപരമായി അന്നത്തെ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ ആ നിർദേശങ്ങൾ ആവർത്തിക്കേണ്ടിയിരിക്കുന്നു. ഈ സർക്കാർ ജനാധിപത്യ വ്യവസ്ഥക്ക്‌ കളങ്കമായിരിക്കുകയാണ്‌. ഒരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഈ അവസ്ഥയിൽ നിന്ന്‌ മോചനം നേടാനാവില്ല. (ജനയുഗം, ഡിസംബർ 17, 2014)

Wednesday, December 3, 2014

രാഷ്ട്രീയ കാപട്യം തുറന്നുകാട്ടപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ

ജൂലൈ ഒൻപതിന്‌ സി കെ ജാനു നയിക്കുന്ന ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച നിൽപ്പുസമരം ഈ വാരാന്ത്യത്തിൽ അഞ്ചു മാസം പിന്നിടും. തുടക്കത്തിൽ അത്‌ വലിയ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നില്ല. എന്നാൽ ക്രമേണ നീതി തേടി നിൽക്കുന്ന ആദിവാസി മലയാളിമനഃസാക്ഷിയെ തൊട്ടുണർത്താൻ തുടങ്ങി. ഇപ്പോൾ ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ധാരാളം പേർ സമരപ്പന്തലിലെത്തി ആദിവാസികളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലും ചില വിദേശ നഗരങ്ങളിലും മലയാളികൾ ചിലപ്പോൾ നിന്നു കൊണ്ടു തന്നെ തങ്ങൾ അവരോടൊപ്പമാണെന്ന്‌ പ്രഖ്യാപിക്കുന്നു. യുവാക്കളുടെ നവമാധ്യമ കൂട്ടായ്മകളും സ്കൂൾ കുട്ടികളും ഈ വിഷയത്തിലെടുക്കുന്ന താൽപ്പര്യം കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നു.

ഗോത്രമഹാസഭ ഒരു പുതിയ ആവശ്യവും ഉന്നയിച്ചിട്ടില്ല. സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നടപടിയെടുക്കണമെന്നു മാത്രമാണ്‌ അവർ ആവശ്യപ്പെടുന്നത്‌. ‘വാക്കു പാലിക്കുന്നത്‌ ജനാധിപത്യമര്യാദയാണ്‌-’ അവർ ഭരണാധികാരികളെ ഓർമിപ്പിക്കുന്നു. ആദിവാസികൾക്ക്‌ ഇത്തരം ഒരോർമ്മപ്പെടുത്തൽ നടത്തേണ്ടി വരുന്നുവെന്നത്‌ കേരള രാഷ്ട്രീയം ഏറെ ജീർണിച്ചിരിക്കുന്നുവെന്നതിന്‌ തെളിവാണ്‌. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത്‌ ഓടിനടന്ന്‌ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക്‌ സഹായധനം നൽകി അന്താരാഷ്ട്ര ഖ്യാതി അവകാശപ്പെടുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദിവാസിയുടെ മുന്നിൽ ഓരോ ദിവസവും ചെറുതായിക്കൊണ്ടിരിക്കുകയാണ്‌. രണ്ടു മാസത്തോളം അദ്ദേഹം നിൽപ്പുസമരം കണ്ടില്ലെന്നു നടിച്ചു. പിന്നീട്‌ ഗോത്രമഹാസഭാ നേതാക്കളോട്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്നും അതുകൊണ്ട്‌ സമരം നിർത്തി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുമ്പ്‌ നൽകിയ വാഗ്ദാനം പാലിക്കാൻ ഇനിയും മൂന്നു മാസം നൽകണമെന്ന ആവശ്യം നിരസിച്ചുകൊണ്ട്‌ അവർ നിൽപ്പു തുടർന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ട മൂന്നു മാസവും അവർ നിന്നു തീർത്തു. എന്നിട്ടും സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആവശ്യമായ ഉത്തരവിറക്കിയിട്ടില്ല. മൂന്നു മാസത്തെ സമയം വേണമെന്ന അദ്ദേഹത്തിന്റെ നിലപാട്‌ ആത്മാർഥമായിരുന്നില്ലെന്ന്‌ അങ്ങനെ വ്യക്തമായിരിക്കുന്നു. ആദിവാസികളെ സെക്രട്ടേറിയറ്റ്‌ പടിക്കൽ നിന്ന്‌ ഒഴിവാക്കാൻ അദ്ദേഹം ഒരു അടവ്‌ പ്രയോഗിക്കുകയായിരുന്നു. നിൽപ്പുസമരം തുടരുന്ന ഒാ‍രോ ദിവസവും ആദിവാസികൾ നാം കൊണ്ടാടുന്ന ജനാധിപത്യ വ്യവസ്ഥയുടെ പൊള്ളത്തരവും തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണ്‌. ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു മാത്രം ഒരു രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കുന്നെന്ന്‌ പറയാനാവില്ല. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നവർ ജനങ്ങളുടെ, പ്രത്യേകിച്ചും ദുർബലവിഭാഗങ്ങളുടെ, താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങളെടുക്കുകയും അവ സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ്‌ വ്യവസ്ഥ ജനാധിപത്യപരമാണെന്ന്‌ പറയാനാവുക.

പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ്‌ ഗാഡ്ഗിൽ അധ്യക്ഷനായ സമിതി നൽകിയ ശുപാർശകൾ അട്ടിമറിക്കാൻ കേരള സർക്കാർ നടത്തിയ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ ഹീനമെന്നേ വിശേഷിപ്പിക്കാനാവൂ. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തിൽ കേരളത്തിലെയും ഗോവയിലെയും സർക്കാരുകൾ പലതരം വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകളുടെ ഫലമായി കേന്ദ്രം കെ കസ്തൂരിരംഗൻ അധ്യക്ഷനായി മറ്റൊരു കമ്മിറ്റിയെ നിയമിച്ചു. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടിൽ വേണ്ടുവോളം വെള്ളം ചേർത്തിട്ടും കേരള സർക്കാരിനു തൃപ്തിയായില്ല. അത്‌ സ്വന്തം കമ്മിറ്റിയുണ്ടാക്കി അതിൽ കൂടുതൽ വെള്ളം ചേർത്തു.

അവശേഷിക്കുന്ന വനങ്ങളുടെ സംരക്ഷണമാണ്‌ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകളുടെ ലക്ഷ്യം. ഒരു കുടിയേറ്റ കർഷകനെയും പുറത്താക്കണമെന്ന്‌ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട ഉത്തരവാദിത്തം ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും വിട്ടുകൊടുക്കുകയാണ്‌ അത്‌ ചെയ്തത്‌. തികച്ചും ജനാധിപത്യപരമായ ആ സമീപനം കേരള സർക്കാരിന്‌ സ്വീകാര്യമാകാഞ്ഞതിന്റെ കാരണം രഹസ്യമല്ല. അവർ സംരക്ഷിക്കാനാഗ്രഹിക്കുന്നത്‌ ബഹുജനങ്ങളുടെ താൽപ്പര്യങ്ങളല്ല, ക്വാറി നടത്തിപ്പുകാരുടെയും റിസോർട്ട്‌ ഉടമകളുടെയുമൊക്കെ താൽപ്പര്യങ്ങളാണ്‌. തീരുമാനങ്ങൾ ജനങ്ങൾക്കു വിട്ടുകൊടുത്താൽ ഈ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകില്ല.

പശ്ചിമഘട്ട മേഖലയിൽ ആറ്‌ സംസ്ഥാനങ്ങളുണ്ട്‌. എല്ലാ സംസ്ഥാനങ്ങളിലും മാഫിയാ സംഘങ്ങൾ പരിസ്ഥിതി അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുമുണ്ട്‌. എന്നാൽ ഗാഡ്ഗിൽ ശുപാർശകൾക്കെതിരെ കേരളത്തിലെയും ഗോവയിലെയും സർക്കാരുകൾ മാത്രമാണ്‌ ശക്തമായ നിലപാടെടുത്തത്‌. അവയ്ക്കുമേൽ മാഫിയാ സംഘങ്ങൾക്കുള്ള അമിതസ്വാധീനത്തിന്‌ ഇതിനപ്പുറം എന്ത്‌ തെളിവു വേണം? ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ സമരം മലയോര കർഷകരുടെ പേരിലാണ്‌ നടത്തപ്പെട്ടത്‌. ആദിവാസികൾക്കോ മലയോര കർഷകർക്കോ ദോഷകരമായ ഒന്നും ആ റിപ്പോർട്ടിലില്ല. വനം കയ്യേറ്റക്കാരെയാണ്‌ അത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

ആദിവാസികളുടെ നിൽപ്പുസമരം അടിസ്ഥാനപരമായി അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണ്‌. അതേസമയം കേരളത്തിലെ പൊതുസമൂഹത്തിന്റെ താൽപ്പര്യവും അതിൽ അടങ്ങിയിരിക്കുന്നു. കേരളം നിലനിൽക്കണമെങ്കിൽ പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന വനങ്ങൾ നിലനിൽക്കണം. വനം നിലനിൽക്കണമെങ്കിൽ വനംകയ്യേറ്റങ്ങൾ അവസാനിക്കണം. അതുറപ്പാക്കാൻ ഒരു ഉത്തമ മാർഗമുണ്ട്‌. അത്‌ ആദിവാസികളുടെ അധീനതയിലുള്ള മുഴുവൻ ഭൂമിയും പട്ടികപ്രദേശമായി പ്രഖ്യാപിക്കുകയെന്നതാണ്‌. അത്‌ ചെയ്യാനുള്ള വൈമുഖ്യമാണ്‌ സർക്കാരിന്റെ കപട നിലപാടിനു പിന്നിൽ.

ആദിവാസികൾക്ക്‌ നൽകാൻ ഭൂമിയില്ലെന്ന സർക്കാർ വാദം കള്ളമാണ്‌. അവർക്കായി കണ്ടെത്തിയ ഒന്നാണ്‌ ആറളം ഫാം. അത്‌ മറ്റാവശ്യങ്ങൾക്ക്‌ മാറ്റിവയ്ക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. ആ ഭൂമിയും ഹാരിസൺസ്‌ അനധികൃതമായി കൈവശം വെച്ചിരുന്നതും ഇപ്പോൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളതുമുൾപ്പെടെയുള്ള പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഭൂരഹിതരായ ആദിവാസികൾക്ക്‌ നൽകാൻ സർക്കാർ മടിക്കുന്നത്‌ അത്‌ മറ്റാർക്കെങ്കിലും നൽകി രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടമുണ്ടാക്കാനാണ്‌. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടും കുറ്റമറ്റതല്ല. ആദിവാസി താൽപ്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറാകുന്ന ഒരു കക്ഷിക്കും പുരോഗമനചേരിയുടെയോ ഇടതുപക്ഷത്തിന്റെയോ ഭാഗമാണെന്ന്‌ അവകാശപ്പെടാനുള്ള അർഹതയില്ല. (ജനയുഗം, ഡിസംബർ 3, 2014)

Wednesday, November 19, 2014

അധികാരം നവമാദ്ധ്യമ സന്ദർഭത്തിൽ




ബി.ആർ.പി. ഭാസ്കർ

പത്രങ്ങളെ ‘ഫോർത്ത് എസ്റ്റേറ്റ്’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് എഡ്മണ്ട് ബർക്ക് ആണെന്ന് പറയപ്പെടുന്നു. ഹൌസ് ഓഫ് കോമൺസിലെ നടപടികൾ റിപ്പോർട്ടു ചെയ്യാൻ പത്രപ്രതിനിധികളെ 1787ൽ സഭയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസം പ്രസ് ഗ്യാലറിയിലേക്ക് നോക്കിക്കൊണ്ട് ബർക്ക് പറഞ്ഞത്രെ: “അതാ അവിടെയിരിക്കുന്നു ഒരു നാലാം എസ്റ്റേറ്റ്, മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാളും ശക്തിയുള്ള നാലാം എസ്റ്റേറ്റ്”. അധികാരം പങ്കിടുന്ന സ്ഥാപനങ്ങളെയാണ് രാജ്യത്തെ എസ്റ്റേറ്റുകൾ  എന്ന് വിശേഷിച്ചിരുന്നത്. ഒരു കാലത്ത് രാജാവും പ്രഭുക്കളും ക്രൈസ്തവസഭയുമായിരുന്നു മൂന്ന് എസ്റ്റേറ്റുകൾ. പിന്നീട് രാജാവും പ്രഭുസഭയും ജനസഭയുമായി ബ്രിട്ടനിലെ മൂന്ന് അധികാര കേന്ദ്രങ്ങൾ. ഇന്ന് ഇന്ത്യയിൽ ഭരണഘടനപ്രകാരം നിലവിൽ വന്ന എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡിഷ്യറി എന്നിവയെ മൂന്ന് അധികാരകേന്ദ്രങ്ങളായും മാദ്ധ്യമങ്ങളെ നാലാം എസ്റ്റേറ്റായും കരുതപ്പെടുന്നു.

ബർക്ക് പത്രങ്ങളെ അധികാരകേന്ദ്രമായി വിശേഷിപ്പിക്കുമ്പോൾ ബ്രിട്ടനിൽ പത്രങ്ങൾക്ക് അര നൂറ്റാണ്ടിന്റെ പാരമ്പര്യമെ ഉണ്ടായിരുന്നുള്ളു. അച്ചടി മാദ്ധ്യമങ്ങൾ കൊടികുത്തി വാണിരുന്ന കാലത്ത് ബ്രിട്ടനിൽ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന ദ് ടൈംസ് പത്രം അന്ന് ജനിച്ചിട്ടുപോലുമില്ല. (ദ് ഡെയ്ലി യൂണിവേഴ്സൽ രജിസ്റ്റർ എന്ന പേരിൽ 1785ൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് 1788ൽ ദ് ടൈംസ് ആയി മാറിയത്.) പത്രങ്ങൾക്ക് മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാളും ശക്തിയുണ്ടെന്ന ബർക്കിന്റെ നിരീക്ഷണം അത്യുക്തി കലർന്നതായിരുന്നിരിക്കണം. എന്നാൽ കാലക്രമത്തിൽ അച്ചടി മാദ്ധ്യമങ്ങൾ ശക്തിയാർജ്ജിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമാവുകയും ചെയ്തു. ബ്രിട്ടൻ വ്യാവസായികയുഗത്തിലേക്ക് പ്രവേശിച്ചപ്പോൾ പത്രങ്ങൾ വ്യവസായങ്ങളുടെ വളർച്ചയെ സഹായിച്ചു; വ്യവസായങ്ങൾ പത്രങ്ങളുടെ വളർച്ചയെയും. പത്രങ്ങളുടെ സ്വാധീനം രാഷ്ട്രീയരംഗത്ത് ജനാധിപത്യത്തിന്റെ വളർച്ചക്കും സഹായകമായി. പത്രങ്ങളെ കർശനമായി നിയന്ത്രിച്ച കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് സാമ്പത്തിക പുരോഗതി നേടാനായെങ്കിലും അവിടെ ജനാധിപത്യം പുലർന്നില്ല. ഇന്ത്യയിൽ ഫ്യൂഡലിസവും കൊളോണിയലിസവും നിലനിന്ന കാലത്താണ് പത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ പത്രങ്ങൾ പങ്കാളികളായി. അവയുടെ പ്രവർത്തനം ഗുണപരമായ മാറ്റങ്ങളുണ്ടാക്കി.

പിന്നീട് റേഡിയോയും ടെലിവിഷനും വന്നു. റേഡിയോ അച്ചടി മാദ്ധ്യമങ്ങൾക്കു ഭീഷണിയായില്ല. ആദ്യ ഘട്ടത്തിൽ ടെലിവിഷന്റെ വരവും പത്രങ്ങളെ പ്രതികൂലമായി ബാധിച്ചില്ല. വലിയ സംഭവികാസങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് ടിവിയിലൂടെയായപ്പോഴും വിശദാംശങ്ങൾക്ക് ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു. അച്ചടിമാദ്ധ്യമത്തെപ്പോലെ വ്യാഖ്യാനവും വിശകലനവും നടത്താനുള്ള കഴിവ് ദൃശ്യമാദ്ധ്യമത്തിനില്ലെന്ന് തിരിച്ചറിഞ്ഞ പത്രങ്ങൾ ആ മേഖലകളൊൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ആഴ്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകൾ വാർത്തകളറിയാൻ ഒരു നിശ്ചിത സമയം വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാക്കി.

ഇന്റർനെറ്റ് വന്നപ്പോൾ അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന നവ മാദ്ധ്യമങ്ങൾ രംഗപ്രവേശം ചെയ്തു. ദിനപത്രങ്ങൾ വെബ്സൈറ്റുകൾ വഴി  വാർത്ത നൽകാൻ തുടങ്ങി. പിന്നീട് ടെലിവിഷൻ ചാനലുകളും ഇന്റർനെറ്റ് വഴി ലഭ്യമായി. ആദ്യം കമ്പ്യൂട്ടറിൽ കൂടി മാത്രം പ്രാപ്യമായിരുന്ന ഇന്റർനെറ്റ് ഇപ്പോൾ കൈയിൽ കൊണ്ടു നടക്കുന്ന മൊബൈൽ ഫോണിൽ കിട്ടുന്നു. ഈ മാറ്റങ്ങൾ സാദ്ധ്യമാക്കിയത് സാങ്കേതികവിദ്യയുടെ വികാസമാണ്. ഇത്തരത്തിലുള്ള ഒരു മാദ്ധ്യമരംഗമാണ് രൂപപ്പെടുന്നതെന്ന് 25 കൊല്ലം മുമ്പ് ആർക്കും പറയാൻ കഴിയുമായിരുന്നില്ല. ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസിക്കുകയാണ്. അതിനാൽ 25 കൊല്ലത്തിനുശേഷമുള്ള മാദ്ധ്യമരംഗത്തെക്കുറിച്ച് പ്രവചിക്കാൻ എളുപ്പമല്ല.

പുതിയ സാങ്കേതികവിദ്യ ഒരു വലിയ പുതിയ ലോകത്തിലേക്കുള്ള കവാടമാണ് തുറന്നു തന്നിരിക്കുന്നത്. അതിന്റെ വമ്പിച്ച സാദ്ധ്യതകൾ ആരും പൂർണ്ണമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. നവമാദ്ധ്യമ കാലത്ത് ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് എങ്ങനെ പിടിച്ചു നിൽക്കാമെന്നുള്ള അന്വേഷണത്തിലാണ് പത്രങ്ങളും ടെലിവിഷനും. അവർ പഴയ രീതികൾ തന്നെയാണ് പിന്തുടരുന്നത്. പുതിയ രീതികൾ സ്വീകരിച്ച് സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നില്ല. പത്രങ്ങൾ കാലാകാലങ്ങളായി ചെയ്തു വരുന്നതെല്ലാം നവമാദ്ധ്യമങ്ങൾക്ക് ചെയ്യാനാകും. അതേപോലെ തന്നെ ടെലിവിഷൻ ചെയ്യുന്നതെല്ലാമും അവയ്ക്ക് ചെയ്യാനാകും. പത്രങ്ങൾക്കും ടിവി ചാനലുകൾക്കും ചെയ്യാനാകാത്തതും അവയ്ക്ക് ചെയ്യാനാകും. പത്രങ്ങളുടെയും ചാനലുകളുടെയും ശൈലികളിൽ കുടുങ്ങാതെ, വ്യത്യസ്തമായി ചിന്തിക്കാൻ കഴിയുന്ന സംരംഭകർക്ക്  പുതിയ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗിക്കുന്ന  പുതിയ ശൈലി രൂപപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും കഴിഞ്ഞേക്കും.

അച്ചടിയുടെ കാലത്തെന്ന പോലെ ദൃശ്യത്തിന്റെ കാലത്തും മാദ്ധ്യമങ്ങൾ നാലാം എസ്റ്റേറ്റ് എന്ന നിലയിൽ അധികാരത്തിന്റെ ഭാഗമായി പൊതുവെ അംഗീകരിക്കപ്പെട്ടു. മാദ്ധ്യമ ഉടമകളിലും മാദ്ധ്യമ പ്രവർത്തകരിലും ഒരു വിഭാഗം തങ്ങൾ അധികാരത്തിന്റെ ഭാഗമാണെന്നു വിശ്വസിച്ചുകൊണ്ട് അവരുടേതായ രീതിയിൽ അധികാരം ഉപയോഗിക്കാനും സന്നദ്ധരായി. ചിലപ്പോൾ വിശാല സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി അതുപയോഗിച്ചെങ്കിൽ മറ്റ് ചിലപ്പോൾ അതിനു വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നത്.

ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാം ബെൽ പെൻസിൽവേനിയയിലെ ഒരു കൊച്ചു നഗരത്തിൽ നിന്ന് അടുത്തുള്ള മറ്റൊരു കൊച്ചു നഗരത്തിലേക്ക് കമ്പി വലിച്ചു കെട്ടി, ഒരിടത്തിരുന്ന് മറ്റേ സ്ഥലത്തിരിക്കുന്ന സുഹൃത്തുമായി സംസാരിച്ചുകൊണ്ടാണ് സംവിധാനത്തിന്റെ പ്രായോഗികത തെളിയിച്ചത്. അന്ന് അതിന്റെ സാദ്ധ്യതകൾ പൂർണ്ണമായി മനസിലാക്കാൻ മാർക് ട്വൈൻ എന്ന എഴുത്തുകാരനായില്ല. ഈ രണ്ട് കൊച്ചു നഗരങ്ങളിലെ ആളുകൾക്ക് തമ്മിൽ പറയാൻ അതിനും മാത്രം കാര്യങ്ങളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വ്യക്തികളെ മാത്രമല്ല സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ടെലിഫോൺ സാദ്ധ്യമാക്കിയ പുരോഗതി വിഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നാം നോക്കിനിൽക്കെ വേൾഡ് വൈഡ് വെബ് അത് വികസിപ്പിച്ചവരുടെ കണക്കുകൂട്ടലുകൾ മറികടന്നു ഏറെ മുന്നോട്ടു പോയിരിക്കുന്നു. കോളെജ് വിടുന്ന യുവതീയുവാക്കൾക്ക് പരസ്പരം ബന്ധപ്പെടാനായി സുക്കർബർഗ് രൂപകല്പന ചെയ്ത ഫേസ്‌ബുക്ക് അദ്ദേഹം വിചാരിക്കാഞ്ഞ തരത്തിൽ വളർന്നിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആഗോളതലത്തിൽ വളർന്ന ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സംരംഭങ്ങളുടെ വളർച്ച അവയുടെ ഉടമകളെ അതിസമ്പന്നരാക്കിയിരിക്കുന്നു. ഭരണാധികാരികൾ അവരുടെ സഹായം തേടുന്നു. ഇവരാകുമോ ഇനി ഭരണകൂടങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമ ഭീകരന്മാർ?

പത്രങ്ങളിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിൽ ആദ്യം എത്തിയത് ഉടമകളാണ്. കാലക്രമത്തിൽ സെലിബ്രിറ്റി പത്രപ്രവർത്തകർ ഉയർന്നു വരികയും അവരും അധികാരവ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തു. സെലിബ്രിറ്റികളെ സൃഷ്ടിക്കാൻ പത്രത്തേക്കാൾ കഴിവ് ടെലിവിഷനുണ്ട്. അതുകൊണ്ടു അധികാരവ്യവസ്ഥയിൽ ടിവി അവതാരകർ വളരെ വേഗം സ്ഥാനം നേടി. അമേരിക്കയിലെ വില്യം റാൻഡോൾഫ് ഹേഴ്സ്റ്റ്, ബ്രിട്ടനിലെ ലോർഡ് ബീവർബ്രൂക്, ഇറ്റലിയിലെ സിൽ‌വിയൊ ബർലുസ്കോണി തുടങ്ങിയവർ അധികാര വ്യവസ്ഥയിൽ സ്ഥാനം നേടിയ മാദ്ധ്യമ ഉടമകളാണ്. നമ്മുടെ രാജ്യത്തും മാദ്ധ്യമശക്തി യുടെ ബലത്തിൽ അധികാര രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയ നിരവധിയാളുകളുണ്ട്. ആദ്യം മദ്രാസിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലും പിന്നീട് മദ്ധ്യ പ്രദേശിൽ നിന്ന് ജനസംഘം ടിക്കറ്റിലും  ലോക് സഭയിലെത്തിയ റാം നാഥ് ഗോയങ്ക, ആന്ധ്ര പ്രദേശിൽ എൻ.ടി. രാമ റാവുവിന്റെ തെലുങ്ക് ദേശത്തെ ഒരു കൊല്ലത്തിൽ അധികാരത്തിലേറ്റിയ ഈനാട് പത്ര ഉടമ രാമോജി റാവു എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. പലരും ഉടമകളും തിരശ്ശീലക്കു പിന്നിൽ നിന്നതേയുള്ളു. എന്നാൽ അവരുടെ കൂട്ടത്തിൽ മന്ത്രിപദം കരസ്ഥമാക്കിയവരുമുണ്ട്. അമേരിക്ക മുതൽ കേരളം വരെ നീളുന്ന മാദ്ധ്യമ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന റൂപർട്ട് മർഡോക്കിന്റെ സ്വാധീനം പല രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഒരു മർഡോക്ക് പത്രം ബ്രിട്ടനിൽ നിയമം കയ്യിലെടുത്തു ചെയ്ത പ്രവൃത്തികൾ ഈയിടെ ഒരു അന്വേഷണത്തിലൂടെ പുറത്തു വരികയുണ്ടായി. നമ്മുടെ രാജ്യത്തെ ചില മാദ്ധ്യമപ്രവർത്തകർക്ക് അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം കുപ്രസിദ്ധമായ റാഡിയാ ടേപ്പുകളിലൂടെ വെളിപ്പെട്ടിരുന്നു.

പുതിയ സാങ്കേതികവിദ്യ ഗർഭാവസ്ഥയിലിരിക്കുമ്പോഴാണ് മാർഷൽ മൿലൂഹൻ ആഗോള ഗ്രാമത്തിന്റെ പിറവി പ്രവചിച്ചത്. മാദ്ധ്യമപ്രവർത്തകർ “ഞങ്ങൾ കേവലം സന്ദേശവാഹകരാണ്, ഞങ്ങളെ കൊല്ലരുതേ” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ മാദ്ധ്യമം തന്നെയാണ് സന്ദേശം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വാക്കുകളെ വേദവാക്യങ്ങളായി കരുതിക്കൊണ്ട് മാദ്ധ്യമപ്രവർത്തകർ അവ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ വചനങ്ങൾ ഉയർത്തിയ പ്രതീക്ഷയും ഭയാശങ്കകളും പുന:പരിശോധിക്കേണ്ട സമയമായി. അതിനായി ചില ചോദ്യങ്ങൾ നമുക്ക് ഉന്നയിക്കാം. മാദ്ധ്യമം സന്ദേശമാണോ? അതോ വിനോദമാണോ? പുതിയ സാങ്കേതികവിദ്യ ലോകത്തെ മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ അത് വൈവിധ്യങ്ങളെ ഇല്ലാതാക്കി ലോകത്തെ ഒരു ഗ്രാമമാക്കി ചുരുക്കിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണ്. എന്നാൽ, ഏറ്റക്കുറച്ചിലോടെ ആണെങ്കിലും, എല്ലാ രാജ്യങ്ങൾക്കും എല്ലാ വിഭാഗം ജനങ്ങൾക്കും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ട് ലോകം ഒരു ആഗോള ഗ്രാമത്തലവന്റെ കീഴിൽ അമരാനുള്ള സാദ്ധ്യത കുറവാണെന്നു തോന്നുന്നു.

നവമാദ്ധ്യമങ്ങളുടെ സ്വഭാവം, പ്രത്യക്ഷത്തിൽ തന്നെ, പത്രങ്ങളുടെയും ടെലിവിഷന്റെയും സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമാണ്. അച്ചടി-ദൃശ്യ മാദ്ധ്യമങ്ങൾ ഉയർന്ന തലങ്ങളിൽ നിന്നുകൊണ്ട് കീഴ്‌തലങ്ങളിൽ നിൽക്കുന്ന വായനക്കാരോടും പ്രേക്ഷകരോടും സംസാരിക്കുന്നു. തങ്ങൾക്ക് തിരിച്ചു സംസാരിക്കാനാവില്ലെന്ന് വായനക്കാരും പ്രേക്ഷകരും മനസിലാക്കുകയും ചെയ്യുന്നു. ഈ സാഹചര്യം മാദ്ധ്യമ ഉടമകൾക്ക് അവരെ രാഷ്ട്രീയ സാമ്പത്തിക വിപണികളിൽ വിറ്റ് കാശാക്കാൻ അവസരം നൽകുന്നു. നവമാദ്ധ്യമങ്ങളിൽ ഉടമ ജനങ്ങളോട് സംസാരിക്കുകയല്ല, ജങ്ങൾ തമ്മിൽ സംസാരിക്കുകയാണ് ചെയ്യുന്നത്. ആ ഇടപെടലിൽ ഒരാൾ മുകളിലും മറ്റുള്ളവർ താഴെയുമല്ല. എല്ലാവരും ഒരേ തലത്തിൽ നിൽക്കുകയാണ്.

നവമാദ്ധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇടപെടലുകൾ അടുത്ത കാലത്ത് ചില രാജ്യങ്ങളിൽ രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി. അധികാരത്തിന്റെ ഭാഗമല്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് അവയുടെ സഹായത്തോടെ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് ആ സംഭവങ്ങൾ തെളിയിച്ചു. എന്നാൽ സാമ്പ്രദായിക അധികാരകേന്ദ്രങ്ങൾക്ക് വളരെ വേഗം തിരിച്ചുവരാനായി. ഇത് നവമാദ്ധ്യമ ഇടപെടലിന്റെ പരിമിതി വെളിപ്പെടുത്തുന്നു..
നവമാദ്ധ്യമങ്ങളുടെ ശക്തി നിലനിൽക്കുന്നത് അവയുടെ സ്വാതന്ത്ര്യത്തിലാണ്. അവിടെ സാധാരണ ജനങ്ങൾക്ക് നേരിട്ടു ചെന്ന് അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്നു. ഇതിനൊരു മറുവശമുണ്ട്. അത് ആർക്കും കയറി ചെന്ന് എന്തും പറയാമെന്നതാണ്. ഈ സാഹചര്യത്തിൽ ആശയസംവാദം മാന്യവും ആരോഗ്യകരവുമായ രീതിയിൽ മുന്നോട്ടു പോകുന്നു എന്നുറപ്പാക്കാനാവില്ല. ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പൊലീസിന് നവമാദ്ധ്യമ പ്രവർത്തനത്തിൽ ഇടപെടാൻ വിപുലമായ അധികാരം നൽകുന്നു. 

ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ ആ അധികാരം ദുർവിനിയോഗം ചെയ്ത നിരവധി സംഭവങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ഇനിയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു അപകടവും ഈ മേഖലയിൽ ഒളിച്ചിരിപ്പുണ്ട്. അത് നവമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ പ്രവർത്തനം അവരുടെ അറിവൊ സമ്മതമൊ കൂടാതെ നിരീക്ഷിക്കുവാനും അവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുവാനും ഉടമകൾക്കു മാത്രമല്ല മറ്റുള്ളവർക്കും അവസരം ലഭിക്കുന്നു എന്നതാണ്. സേവനദാതാക്കൾ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് പരസ്യക്കാർക്ക് നൽകുന്നു. ഭരണാധികാരികൾക്കും ആ വിവരങ്ങൾ ലഭ്യമാകുന്നു. ശത്രുക്കൾക്ക് അവ ചോർത്തിയെടുക്കാനും കഴിയുന്നു. ചുരുക്കത്തിൽ, നമുക്ക് സ്വാതന്ത്ര്യം നൽകുന്നുവെന്ന് നാം കരുതുന്ന സംവിധാനം നമ്മെ ചൂഷണം ചെയ്യാനും അടിമകളാക്കി മാറ്റാനും കൂടി കഴിയുന്ന ഒന്നാണ്.

(തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളെജ് മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം “നവമാദ്ധ്യമങ്ങൾ: ജനകീയതയും വിശ്വാസ്യതയും” എന്ന വിഷയത്തിൽ 2014 ഒക്ടോബർ 9, 10 തീയതികളിൽ സംഘടിപ്പിച്ച യു.ജി.സി. ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചത്)  
 മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 10, 2014

Tuesday, November 11, 2014

വിഡ്ഢിപ്പെട്ടി അന്വർത്ഥം

ബി.ആർ.പി. ഭാസ്കർ

മാദ്ധ്യമങ്ങൾ താരതമ്യേന പുതിയ സ്ഥാപനങ്ങളാണ്. എന്നാൽ അവ ഏർപ്പെട്ടിരിക്കുന്ന വാർത്താവിനിമയ കർമ്മത്തിന് മനുഷ്യ സമൂഹത്തോളം തന്നെ പ്രായമുണ്ട്. ആദ്യകാലത്ത് വായ്മൊഴിയായാണ് വിവരം കൈമാറിയിരുന്നത്. എഴുത്തിന്റെ ആവിർഭാവം മറ്റ് രീതിയിലുള്ള ആശയവിനിമയം സാദ്ധ്യമാക്കി. തടിയിലും കല്ലിലും ലോഹത്തിലുമുള്ള അച്ചുകൾ വന്നതോടെ അച്ചടി വികസിക്കുകയും വലിയ തോതിലും വേഗത്തിലും വിവരങ്ങൾ കൈമാറാൻ കഴിയുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. ചെറിയ അക്ഷരമാലകളുള്ള ഭാഷകൾക്ക് പുതിയ സാങ്കേതികവിദ്യ എളുപ്പത്തിൽ വഴങ്ങിയതുമൂലം അവ പെട്ടെന്ന് വളർന്നു. വലിയ തോതിൽ പുസ്തകങ്ങളും പത്രമാസികകളും പ്രചരിച്ചു. അവ വ്യാവസായിക സമൂഹത്തിന്റെ വളർച്ചയെ സഹായിച്ചു. ധാരാളം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളുമുള്ള പൌരസ്ത്യഭാഷകൾക്ക് സമാനമായ പുരോഗതി കൈവരിക്കാനായില്ല. കഴിഞ്ഞ ഏതാനും നൂറ്റാണ്ടു കാലം അവയ്ക്കുണ്ടായിരുന്ന പരാധീനതകൾ ഇലക്ട്രോണിക് യുഗത്തിന്റെ വരവോടെ ഇല്ലാതായിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ നാം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ സാധ്യതകൾ ഇപ്പോഴും പൂർണ്ണമായി ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നതാകട്ടെ വിവേകപൂർവ്വമായുമല്ല.

പത്രങ്ങളുടെ വളർച്ചയ്ക്കിടയിൽ ചില മൂല്യ സങ്കല്പങ്ങൾ ഉയർന്നുവന്നു. അവയുടെ ആത്യന്തികലക്ഷ്യം സമൂഹനന്മയായിരുന്നു. അച്ചടി മാദ്ധ്യമങ്ങൾക്കെന്നപോലെ ടെലിവിഷനും നവമാദ്ധ്യമങ്ങൾക്കും സമൂഹത്തോട് നീതി പുലർത്താനുള്ള ബാദ്ധ്യതയുണ്ട്. അതുകൊണ്ട് സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ ആ മൂല്യ സങ്കല്പങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. നേരേമറിച്ച് ജനങ്ങളുമായി കൂടുതൽ വേഗത്തിലും കൂടുതൽ ഫലപ്രദമായും സംവദിക്കുന്ന മാദ്ധ്യമങ്ങളെന്ന നിലയിൽ അവരെ സ്വാധീനിക്കാൻ അച്ചടിയേക്കാൾ കൂടുതൽ കഴിവുള്ളതിനാൽ ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവരോളമൊ അതിലധികമൊ ബാദ്ധ്യത ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കുണ്ട്. എന്നാൽ അവരിൽ പലർക്കും ഇതേക്കുറിച്ച് ശരിയായ ധാരണയുണ്ടോയെന്ന് സംശയമാണ്.

മാദ്ധ്യമരംഗത്ത് കടുത്ത മത്സരം നടക്കുകയാണ്. മത്സരം ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും വില കുറയ്ക്കാനും ഇടയാക്കുമെന്നും അങ്ങനെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നാണ് സിദ്ധാന്തം. മാദ്ധ്യമങ്ങളുടെ കാര്യത്തിൽ ഇത് ശരിയല്ല. നിലനില്പിനു അവക്ക് ആശ്രയിക്കുന്ന പരസ്യദാതാക്കൾക്ക് വേണ്ടത് കൂടുതൽ ആളുകൾ കാണുന്ന ചാനലുകളും വായിക്കുന്ന പത്രങ്ങളുമാണ്. ഗുണമേന്മ കുറഞ്ഞവയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നതുകൊണ്ട് ഉയർന്ന നിലവാരം നിലനിർത്താൻ അവ ശ്രമിക്കുന്നില്ല.
ചാനലുകൾക്ക് ജനങ്ങളുടെ അജണ്ട നിശ്ചയിക്കാൻ കഴിയും.  തമിഴ് നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അഴിമതിക്കേസ് വിധി വന്ന ദിവസത്തെ പ്രവർത്തനം സാങ്കേതികവിദ്യ നൽകുന്ന സാദ്ധ്യതകളുടെ വിവേകശൂന്യമായ ഉപയോഗത്തിന് തെളിവാണ്. പതിനൊന്ന് മണിക്ക് വിധി വരുമെന്ന കണക്കുകൂട്ടലിൽ പത്ത് മണിമുതൽ ചാനലുകൾ തത്സമയ ചർച്ച തുടങ്ങി. വിധി ഒരു മണിക്കേ വരൂ എന്ന് പിന്നീട് വിവരം കിട്ടി. ഒടുവിൽ വന്നതാകട്ടെ നാലു മണി കഴിഞ്ഞ്. ചില ഇംഗ്ലീഷു ചാനലുകൾ ഇതിനിടയിൽ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ മലയാള ചാനലുകൾ ജയലളിതക്കേസ് വൈകിട്ടു വരെ ചർച്ച ചെയ്തു കൊണ്ട് ‘വിഡ്ഡിപ്പെട്ടി’ എന്ന വിശേഷണം അന്വർത്ഥമാക്കി. രാഷ്ട്രീയ നേതാക്കൾക്കു മാത്രമല്ല ക്രിമിനലുകൾക്കും ചാനലുകളുടെ അജണ്ട നിർണ്ണയിക്കാനും കഴിയുന്നുണ്ട്.

മാദ്ധ്യമങ്ങൾ പല ജനകീയപ്രശ്നങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ചിലതിൽ നിന്ന് ബോധപൂർവ്വം വിട്ടു നിന്നിട്ടുമുണ്ട്. അവ ഏത് ഏറ്റെടുക്കണം, ഏറ്റ് ഒഴിവാക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സാമ്പത്തിക സാമൂഹിക രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാകാം. തങ്ങളുടെ റിപ്പോർട്ടുകളെ തുടർന്ന് സർക്കാർ നടപടിയെടുത്ത കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിൽ ജനഹിതത്തിനനുസരിച്ച് സർക്കാരിനെക്കൊണ്ട് നയപരമായ തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോറ്റെന്ന് സംശയമാണ്.   

ഇലക്ട്രോണിക് സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇന്നത്തെ അവസ്ഥ ഏറെക്കാലം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അതേസമയം മാദ്ധ്യമ സ്ഥാപനങ്ങളുടെ നേതാക്കൾ കൂടുതൽ വിവേചനബുദ്ധി ആർജ്ജിച്ചില്ലെങ്കിൽ അവയുടെ പ്രവർത്തനം സമൂഹത്തിന് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് ഉറപ്പാക്കാനാവില്ല.(സിറാജ്, വാർഷികപ്പതിപ്പ് 2014)

Wednesday, November 5, 2014

ന­വോ­ത്ഥാ­ന­പാ­ത­യി­ലേ­ക്ക്‌

ബി.ആർ.പി. ഭാസ്കർ
യു­വ­മോർ­ച്ച പ്ര­വർ­ത്ത­കർ സ­ദാ­ചാ­ര­ത്തി­ന്റെ പേ­രിൽ ന­ട­ത്തി­യ ഗൂ­ണ്ടാ­യി­സ­ത്തി­നെ­തി­രാ­യ പ്ര­തി­ഷേ­ധ­മെ­ന്ന നി­ല­യിൽ ഒ­രു ഫേ­സ്‌­ബു­ക്ക്‌ കൂ­ട്ടാ­യ്‌­മ ന­വം­ബർ 2ന്‌ കൊ­ച്ചി­യിൽ ചും­ബ­ന­സ­മ­ര­ത്തി­ന്‌ ആ­ഹ്വാ­നം ചെ­യ്‌­ത­പ്പോൾ കു­റെ ചെ­റു­പ്പ­ക്കാ­രു­ടെ ഒ­രു അ­രാ­ഷ്ട്രീ­യ പ­രി­പാ­ടി­യാ­യി മാ­ത്ര­മെ പ­ല­രും അ­തി­നെ ക­ണ്ടു­ള്ളു. എ­ന്നാൽ സം­ഘാ­ട­ക­രു­ടെ­യും എ­തി­രാ­ളി­ക­ളു­ടെ­യും ക­ണ­ക്കു­കൂ­ട്ട­ലു­ക­ളെ മ­റി­ക­ട­ന്നു­കൊ­ണ്ട്‌ അ­ത്‌ കേ­ര­ള സ­മൂ­ഹ­ത്തി­ന്റെ ഗ­തി നിർ­ണ­യി­ക്കാൻ പ­ര്യാ­പ്‌­ത­മാ­യ ഒ­രു സം­ഭ­വ­മാ­യി മാ­റി.
രാ­ഷ്‌­ട്രീ­യ കൊ­ടി­ക്കീ­ഴി­ല­ല്ലാ­തെ­യു­ള്ള സ­മ­ര­ങ്ങ­ളെ അ­വ­ഗ­ണി­ക്കു­ക­യാ­ണ്‌ രാ­ഷ്‌­ട്രീ­യ­ക­ക്ഷി­കൾ സാ­ധാ­ര­ണ ചെ­യ്യു­ന്ന­ത്‌. ചും­ബ­ന­സ­മ­ര­ത്തി­നു യു­വാ­ക്കൾ­ക്കി­ട­യിൽ വ­ലി­യ പി­ന്തു­ണ ല­ഭി­ച്ച­ത്‌ വി­വി­ധ ക­ക്ഷി­ക­ളിൽ­പെ­ട്ട യു­വ­നേ­താ­ക്ക­ളെ അ­നു­കൂ­ല നി­ല­പാ­ടെ­ടു­ക്കാൻ പ്രേ­രി­പ്പി­ച്ചു. ചി­ല ക­ക്ഷി­ക­ളു­ടെ യു­വ­നി­ര­ക­ളിൽ അ­ത്‌ പി­ളർ­പ്പു­മു­ണ്ടാ­ക്കി. അ­തേ­സ­മ­യം സ­മ­ര­ത്തെ എ­തിർ­ക്കു­ന്നി­ല്ലെ­ന്ന്‌ പ­റ­യാൻ ബി­ജെ­പി നേ­തൃ­ത്വം നിർ­ബ­ന്ധി­ത­മാ­വു­ക­യും ചെ­യ്‌­തു. പ­ക്ഷെ അ­വർ കു­ട്ടി­പ്പ­ട്ടാ­ള­ത്തെ നി­യ­ന്ത്രി­ക്കാൻ കൂ­ട്ടാ­ക്കി­യി­ല്ല.
ചും­ബ­ന­സ­മ­രം നി­രോ­ധി­ക്ക­ണ­മെ­ന്ന്‌ ചി­ലർ ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും സർ­ക്കാ­രോ കോ­ട­തി­യോ അ­തി­നു ത­യ്യാ­റാ­യി­ല്ല. സ­മ­രം ന­ട­ത്താ­നു­ള്ള പൗ­ര­ന്റെ അ­വ­കാ­ശം നി­ഷേ­ധി­ക്കി­ല്ലെ­ന്നും സം­ഘർ­ഷ­മു­ണ്ടാ­യാൽ മാ­ത്രം ഇ­ട­പെ­ടു­മെ­ന്നും പൊ­ലീ­സ്‌ കോ­ട­തി­യെ അ­റി­യി­ച്ചു. എ­ന്നാൽ ആ ഉ­റ­പ്പു പാ­ലി­ക്കാ­തെ അ­ക്ര­മി­കൾ­ക്ക്‌ സ­മ­ര­ഭൂ­മി­ലെ­ത്തി അ­ഴി­ഞ്ഞാ­ടാൻ അ­വ­സ­രം നൽ­കു­ക­യും സ­മ­ര­ക്കാ­രെ അ­വി­ടെ­യെ­ത്തും മു­മ്പ്‌ ക­സ്റ്റ­ഡി­യി­ലെ­ടു­ക്കു­ക­യു­മാ­ണ്‌ പൊ­ലീ­സ്‌ ചെ­യ്‌­ത­ത്‌.
കേ­ര­ളം ചും­ബ­ന­സ­മ­ര­ത്തി­ന്റെ പേ­രിൽ ര­ണ്ടു ചേ­രി­ക­ളാ­യി തി­രി­ഞ്ഞ­പ്പോൾ ലോ­ക­ത്തി­ന്റെ ശ്ര­ദ്ധ സം­സ്ഥാ­ന­ത്ത്‌ പ­തി­ഞ്ഞു. ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി 1957ൽ അ­ധി­കാ­ര­ത്തി­ലേ­റി­യ­പ്പോ­ഴാ­ണ്‌ സം­സ്ഥാ­നം മു­മ്പ്‌ ഇ­തു­പോ­ലെ ശ്ര­ദ്ധാ­കേ­ന്ദ്ര­മാ­യ­ത്‌. തെ­ക്കൻ തി­രു­വി­താം­കൂ­റിൽ ഒ­രു നൂ­റ്റാ­ണ്ടു മു­മ്പ്‌ ആ­രം­ഭി­ച്ച്‌ വ­ട­ക്കോ­ട്ട്‌ വ്യാ­പി­ച്ച സാ­മൂ­ഹ്യ­വി­പ്ള­വ­മാ­ണ്‌ കേ­ര­ള­ത്തെ ഇ­ത­ര­പ്ര­ദേ­ശ­ങ്ങ­ളെ പി­ന്ത­ള്ളാ­നും കാ­ല­ക്ര­മ­ത്തിൽ വി­ക­സി­ത രാ­ജ്യ­ങ്ങൾ­ക്ക്‌ സ­മാ­ന­മാ­യ സാ­മൂ­ഹി­ക നി­ല­വാ­രം നേ­ടാ­നും പ്രാ­പ്‌­ത­മാ­ക്കി­യ­ത്‌. അ­തു ത­ന്നെ­യാ­ണ്‌ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യെ വ­ളർ­ത്തി­യ­തും. ശ്രീ­നാ­രാ­യ­ണൻ ഉ­ഴു­തു മ­റി­ച്ച മ­ണ്ണിൽ വി­ത്തു പാ­കി­യാ­ണ്‌ ത­ങ്ങൾ വി­ജ­യം കൊ­യ്‌­ത­തെ­ന്ന്‌ ഇ­ട­തു നേ­താ­ക്കൾ ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ട്‌. പ­ക്ഷെ കേ­ര­ള­ത്തെ ശ്രീ­നാ­രാ­യ­ണൻ വി­ഭാ­വ­ന ചെ­യ്‌­ത ത­ര­ത്തി­ലു­ള്ള മാ­തൃ­കാ­സ്ഥാ­ന­മാ­ക്കാൻ രാ­ഷ്ട്രീ­യ അ­ന­ന്ത­രാ­വ­കാ­ശി­കൾ­ക്കാ­യി­ല്ല.
പാ­ട­ത്തു പ­ണി­യെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ട്‌ ഭൂ­മി­യു­ടെ ഉ­ട­മ­സ്ഥാ­വ­കാ­ശം ഇ­ട­നി­ല­ക്കാർ­ക്ക്‌ കൈ­മാ­റു­ക വ­ഴി ആ­ദ്യ ക­മ്മ്യൂ­ണി­സ്റ്റ്‌ സർ­ക്കാർ സാ­മൂ­ഹ്യ­വി­പ്ള­വ­ത്തെ പൂർ­ണ്ണ ഫ­ല­പ്രാ­പ്‌­തി­യി­ലെ­ത്തി­ക്കാ­നു­ള്ള അ­വ­സ­രം ന­ഷ്ട­പ്പെ­ടു­ത്തി. രാ­ഷ്‌­ട്രീ­യ എ­തി­രാ­ളി­ക­ളും ജാ­തി­മ­ത സം­ഘ­ട­ന­ക­ളും ചേർ­ന്നു ന­ട­ത്തി­യ `വി­മോ­ച­ന` സ­മ­രം ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ പി­ന്നോ­ട്ടു ത­ള്ളി­യ പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളു­ടെ തി­രി­ച്ചു­വ­ര­വി­നു ക­ള­മൊ­രു­ക്കി. അ­ധി­കാ­രം നേ­ടാ­നും നി­ല­നിർ­ത്താ­നും രാ­ഷ്ട്രീ­യ ക­ക്ഷി­കൾ അ­വ­യു­മാ­യി സ­ന്ധി ചെ­യ്‌­ത ച­രി­ത്ര­മാ­ണ്‌ പി­ന്നീ­ടു­ള്ള അ­ഞ്ച­ര പ­തി­റ്റാ­ണ്ടു കാ­ല­ത്തി­നു പ­റ­യാ­നു­ള്ള­ത്‌.
തു­ടർ­ച്ച­യാ­യി വ­ഞ്ചി­ക്ക­പ്പെ­ട്ട­തി­നെ തു­ടർ­ന്ന്‌ നാ­ലു മാ­സ­മാ­യി നീ­തി ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട്‌ സെ­ക്ര­ട്ടേ­റി­യ­റ്റി­നു മു­മ്പിൽ നിൽ­ക്കു­ന്ന ആ­ദി­വാ­സി­ക­ളാ­ണ്‌ സ­ന്ധി­രാ­ഷ്ട്രീ­യ­ത്തി­ന്റെ ദു­രി­തം ഏ­റ്റ­വു­മ­ധി­കം ഏ­റ്റു­വാ­ങ്ങി­യ­ത്‌. ഉ­പ­ജീ­വ­ന­ത്തി­നാ­വ­ശ്യ­മാ­യ ഭൂ­മി­ക്കാ­യി അ­രി­പ്പ­യി­ലും ചെ­ങ്ങ­റ­യി­ലും ആ­റ­ള­ത്തും സ­മ­രം ചെ­യ്യു­ന്ന ദ­ലി­ത­രും മ­റ്റ്‌ ഭൂ­ര­ഹി­ത­രും അ­തി­ന്റെ ഇ­ര­ക­ളിൽ പെ­ടു­ന്നു.
രാ­ഷ്‌­ട്രീ­യ ക­ക്ഷി­കൾ അ­വ­ഗ­ണി­ച്ച­തി­ന്റെ ഫ­ല­മാ­യി ന­വോ­ത്ഥാ­ന­മാ­യി വി­ക­സി­ച്ച സാ­മൂ­ഹ്യ ന­വീ­ക­ര­ണ പ­രി­പാ­ടി­കൾ നി­ല­ച്ചു. അ­തോ­ടെ തു­ട­ച്ചു നീ­ക്ക­പ്പെ­ട്ട അ­നാ­ചാ­ര­ങ്ങൾ ഒ­ന്നൊ­ന്നാ­യി തി­രി­ച്ചു വ­ന്നു. കേ­ര­ളം പി­ന്തി­രി­ഞ്ഞോ­ടു­ക­യാ­ണെ­ന്ന്‌ സാ­മൂ­ഹ്യ­ഗ­തി­കൾ നി­രീ­ക്ഷി­ക്കു­ന്ന­വർ മ­ന­സി­ലാ­ക്കി­യി­ട്ടു കു­റ­ച്ചു കാ­ല­മാ­യി. ഇ­പ്പോൾ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളും അ­ത്‌ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ട്‌. ഈ പ­ശ്ചാ­ത്ത­ല­ത്തിൽ നോ­ക്കു­മ്പോൾ ചും­ബ­ന­സ­മ­രം ജീർ­ണി­ച്ച കേ­ര­ള­ത്തി­ന്റെ ഭാ­വി­യെ കു­റി­ച്ച്‌ പ്ര­തീ­ക്ഷ­ക്ക്‌ വ­ക നൽ­കു­ന്ന ഒ­ന്നാ­ണ്‌. പു­തി­യ ത­ല­മു­റ­യ്‌­ക്കു സ­മൂ­ഹ­ത്തെ ന­വോ­ത്ഥാ­ന പാ­ത­യി­ലേ­ക്ക്‌ തി­രി­ച്ചു­കൊ­ണ്ടു­പോ­കാ­നു­ള്ള ക­ഴി­വു­ണ്ടെ­ന്ന്‌ അ­ത്‌ തെ­ളി­യി­ച്ചി­രി­ക്കു­ന്നു.
ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ ഉ­ട­ലെ­ടു­ത്ത­ത്‌ വി­ഭ­ജി­ച്ചു നി­ന്ന സ­മൂ­ഹ­ത്തി­ലാ­ണ്‌. ഓ­രോ വി­ഭാ­ഗ­ത്തിൽ നി­ന്നും യു­വ­നേ­താ­ക്കൾ ഉ­യർ­ന്നു വ­ന്നു. ജാ­തീ­യ­മാ­യ വി­വേ­ച­ന­ത്തെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ട്‌ അ­ന്ത­സോ­ടും ആ­ത്മാ­ഭി­മാ­ന­ത്തോ­ടും ജീ­വി­ക്കാൻ ആ­ഹ്വാ­നം ചെ­യ്‌­ത വൈ­കു­ണ്ഠ­സ്വാ­മി­യെ അ­റ­സ്റ്റു ചെ­യ്‌­തു തി­രു­വ­ന­ന്ത­പു­ര­ത്തു കൊ­ണ്ടു­വ­രു­മ്പോൾ പ്രാ­യം 30 വ­യ­സ്‌. സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­രു­ടെ അ­പേ­ക്ഷ­യെ തു­ടർ­ന്നാ­ണ്‌ മ­ഹാ­രാ­ജാ­വ്‌ അ­റ­സ്റ്റി­നു ഉ­ത്ത­ര­വ്‌ നൽ­കി­യ­ത്‌.
ശ്രീ­നാ­രാ­യ­ണ­ഗു­രു 1888 ൽ അ­രു­വി­പ്പു­റ­ത്ത്‌ ശി­വ­പ്ര­തി­ഷ്ഠ ന­ട­ത്തു­മ്പോൾ വ­യ­സ്‌ 33. സ­വർ­ണ മേ­ധാ­വി­ത്വം ആ ന­ട­പ­ടി­യെ ചോ­ദ്യം ചെ­യ്‌­തു. സ­ഹോ­ദ­രൻ അ­യ്യ­പ്പൻ മി­ശ്ര­ഭോ­ജ­നം സം­ഘ­ടി­പ്പി­ച്ച­ത്‌ 28-​‍ാം വ­യ­സിൽ. സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാർ അ­ദ്ദേ­ഹ­ത്തി­ന്‌ പു­ല­യൻ എ­ന്ന സ്ഥാ­ന­പ്പേർ നൽ­കി. അ­യ്യൻ­കാ­ളി വി­ല്ലു­വ­ണ്ടി യാ­ത്ര­യും വി­ജ­യ­ക­ര­മാ­യ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി സ­മ­ര­വും ന­ട­ത്തി­യ­ത്‌ 45 വ­യ­സി­നു മു­മ്പ്‌. ഇ­തൊ­ക്കെ ന­ട­ക്കു­മ്പോൾ ആർ­എ­സ്‌­എ­സ്‌ ഉ­ണ്ടാ­യി­രു­ന്നി­ല്ല. പ­ക്ഷെ മാ­റ്റം ആ­വ­ശ്യ­പ്പെ­ടു­ന്ന­വ­രെ അ­ടി­ച്ച­മർ­ത്താൻ പാ­ര­മ്പ­ര്യ­വാ­ദി­കൾ ക­ച്ച­മു­റു­ക്കി­യി­റ­ങ്ങി. ചാ­ന­ലു­ക­ളി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ട്‌ ദൃ­ശ്യ­ങ്ങൾ ല­ഭ്യ­മ­ല്ലെ­ങ്കി­ലും അ­ന്ന­ത്തെ സം­ഭ­വ­ങ്ങൾ ചാ­ന്നാർ ല­ഹ­ള, നാ­യ­രീ­ഴ­വ ല­ഹ­ള, പു­ല­യ­ല­ഹ­ള എ­ന്നി­ങ്ങ­നെ­യു­ള്ള പേ­രു­ക­ളിൽ ഔ­ദ്യോ­ഗി­ക­രേ­ഖ­ക­ളി­ലു­ണ്ട്‌.
ഫ്യൂ­ഡൽ ജീർ­ണ­ത­യി­ലാ­ണ്ടി­രു­ന്ന ന­മ്പൂ­തി­രി സ­മു­ദാ­യ­ത്തെ ഉ­ദ്ധ­രി­ക്കാൻ `അ­ടു­ക്ക­ള­യിൽ നി­ന്ന്‌ അ­ര­ങ്ങ­ത്തേ­യ്‌­ക്ക്‌` എ­ന്ന നാ­ട­ക­വു­മാ­യി വി ടി ഭ­ട്ട­തി­രി­പ്പാ­ടും കു­ടും­ബ വ്യ­വ­സ്ഥ ഉ­ട­ച്ചു­വാർ­ക്കാൻ മ­ന്ന­ത്ത്‌ പ­ത്മ­നാ­ഭ­പി­ള്ള­യും എ­ത്തി­യ­തും യൗ­വ­ന­ത്തിൽ ത­ന്നെ. അ­വർ­ക്കും സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­രു­ടെ എ­തിർ­പ്പു നേ­രി­ടേ­ണ്ടി വ­ന്നു.
ആ­ദ്യ ഘ­ട്ട­ത്തിൽ ഭ­ര­ണ­കൂ­ടം എ­ല്ലാ പ­രി­ഷ്‌­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ­ക്കും എ­തി­രെ പാ­ര­മ്പ­ര്യ­വാ­ദി­കൾ­ക്കൊ­പ്പ­മാ­ണ്‌ നി­ല­കൊ­ണ്ട­ത്‌. എ­ന്നാൽ പി­ന്നീ­ട്‌ അ­വർ­ക്ക്‌ നി­ല­പാ­ട്‌ മാ­റ്റേ­ണ്ടി വ­ന്നു. വൈ­ക്കം സ­ത്യ­ഗ്ര­ഹ­കാ­ല­ത്ത്‌ ഇ­ണ്ടം­തു­രു­ത്തി ന­മ്പൂ­തി­രി­യു­ടെ ഗൂ­ണ്ട­കൾ (ഗാ­ന്ധി­ജി തി­രു­വി­താം­കൂർ പൊ­ലീ­സ്‌ മേ­ധാ­വി­ക്കെ­ഴു­തി­യ ക­ത്തിൽ ഉ­പ­യോ­ഗി­ച്ച­ത്‌ `ഗൂ­ണ്ട­കൾ` എ­ന്ന വാ­ക്കു ത­ന്നെ) പൊ­ലീ­സു­കാർ നോ­ക്കി­നിൽ­ക്കെ­യാ­ണ്‌ സ­ത്യ­ഗ്ര­ഹി­ക­ളെ ത­ട­ഞ്ഞു­നിർ­ത്തി ചു­ണ്ണാ­മ്പു കൊ­ണ്ട്‌ ക­ണ്ണെ­ഴു­തി­യ­ത്‌. ആ പാ­ര­മ്പ­ര്യം ഞാ­യ­റാ­ഴ്‌­ച കൊ­ച്ചി­യി­ലും പ്ര­ക­ട­മാ­യി.
കോ­ഴി­ക്കോ­ട്ട്‌ സ­ദാ­ചാ­ര പൊ­ലീ­സ്‌ ച­മ­ഞ്ഞ­ത്‌ ഹൈ­ന്ദ­വ സം­ഘ­ട­നാ പ്ര­വർ­ത്ത­ക­രാ­യി­രു­ന്നു. എ­ന്നാൽ ചും­ബ­ന­സ­മ­രം മു­സ്‌­ലിം സ­മൂ­ഹ­ത്തി­ലെ സ­ദാ­ചാ­ര പൊ­ലീ­സി­നെ­യും വി­റ­ളി­പി­ടി­പ്പി­ച്ചു. മ­ത­സ്‌­പർ­ദ്ധ തൽ­ക്കാ­ല­ത്തേ­ക്കു മ­റ­ന്നു­കൊ­ണ്ട്‌ അ­വർ സ­മ­രം ആ­ഹ്വാ­നം ചെ­യ്‌­ത മ­തേ­ത­ര കൂ­ട്ടാ­യ്‌­മ­ക്കെ­തി­രെ ഒ­ന്നി­ച്ചു. സോ­ഷ്യൽ മീ­ഡി­യ­യിൽ ന­ട­ന്ന സം­വാ­ദ­ങ്ങ­ളിൽ ഇ­രു­കൂ­ട്ട­രും നി­ര­ന്ത­രം ചോ­ദി­ച്ച ഒ­രു ചോ­ദ്യം നി­ങ്ങൾ നി­ങ്ങ­ളു­ടെ മ­ക­ളെ­യും സ­ഹോ­ദ­രി­യെ­യും മ­റൈൻ ​‍്രെഡെ­വിൽ കൊ­ണ്ടു­വ­രു­മോ എ­ന്നാ­യി­രു­ന്നു. മ­ക­നെ­യും സ­ഹോ­ദ­ര­നെ­യും കൊ­ണ്ടു­വ­രു­മോ എ­ന്ന്‌ അ­വർ ചോ­ദി­ച്ചി­ല്ല. സ­മ­ര­ത്തെ പു­രു­ഷാ­ധി­പ­ത്യ­ത്തി­നെ­തി­രാ­യ വെ­ല്ലു­വി­ളി­യാ­യാ­ണ്‌ അ­വർ ക­ണ്ട­തെ­ന്ന്‌ ആ ചോ­ദ്യം വ്യ­ക്ത­മാ­ക്കി. ശ്രീ­നാ­രാ­യ­ണ­ന്റെ­യും വി ടി­യു­ടെ­യും മു­സ്‌­ലിം ന­വോ­ത്ഥാ­ന നാ­യ­ക­നാ­യ വ­ക്കം മൗ­ല­വി­യു­ടെ­യും പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ്‌­ത്രീ­മു­ന്നേ­റ്റ­ത്തി­ന്‌ വ­ലി­യ സ്ഥാ­ന­മു­ണ്ടാ­യി­രു­ന്നു. അ­വ ല­ക്ഷ്യ­പ്രാ­പ്‌­തി­യി­ലെ­ത്തി­യി­രു­ന്നെ­ങ്കിൽ കേ­ര­ള­ത്തി­ലെ സ്‌­ത്രീ­കൾ­ക്ക്‌ തു­ല്യ­ത നേ­ടാ­നാ­കു­മാ­യി­രു­ന്നു.
ഇ­ട­തു­പ­ക്ഷം സ­മ­ര­ത്തോ­ട്‌ സ്വീ­ക­രി­ച്ച സ­മീ­പ­നം ക്രി­യാ­ത്മ­ക­മാ­യി­രു­ന്നു. എ­ന്നാൽ അ­തു കേ­വ­ലം അ­ട­വു ന­യ­മാ­യി­രു­ന്നോ എ­ന്ന ചോ­ദ്യം അ­പ്ര­സ­ക്ത­മ­ല്ല. ഈ സ­മ­രം സൃ­ഷ്ടി­ച്ച ഉ­ണർ­വ്‌ നി­ല­നിർ­ത്താ­നും അ­തി­ന്റെ ഊർ­ജ്ജം ഉ­പ­യോ­ഗി­ച്ച്‌ സ­മൂ­ഹ­ത്തെ ആ­രോ­ഗ്യ­ക­ര­മാ­യ രീ­തി­യിൽ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാ­നു­മു­ള്ള ഭാ­രി­ച്ച ഉ­ത്ത­ര­വാ­ദി­ത്വം ഇ­ത്‌ സം­ഘ­ടി­പ്പി­ച്ച­വർ­ക്കും അ­തി­നു പി­ന്തു­ണ നൽ­കി­യ­വർ­ക്കു­മു­ണ്ട്‌.അ­വർ ജ­ന­ങ്ങ­ളു­ടെ പ്ര­തീ­ക്ഷ­ക്കൊ­ത്തു­യ­ര­ണം. (ജനയുഗം, നവംബർ 5, 2014)

Saturday, November 1, 2014

നിന്ന് തളർന്ന് കാടിന്റെ മക്കൾ

ബി.ആർ.പി. ഭാസ്കർ

ഒരു ദരിദ്ര സംസ്ഥാനമായി പിറന്ന കേരളം ഇന്ന് പ്രതിശീർഷ വരവിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. മെച്ചപ്പെട്ട ഭരണമല്ല ഈ മാറ്റം സാദ്ധ്യമാക്കിയത്. സർക്കാരുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കാഞ്ഞതുകൊണ്ട് ഉപജീവനമാർഗ്ഗം തേടി വെളിയിൽ പോയവർ എണ്ണവില കുതിച്ചതിന്റെ ഫലമായി സമ്പന്നമായ ഗൾഫ് നാടുകളിൽ അവസരങ്ങൾ കണ്ടെത്തുകയും മിച്ചം പിടിച്ച് നാട്ടിലേക്ക് പണമയക്കുകയും ചെയ്തു. വിദേശപണം ഒഴുകിയ ചാലുകൾക്കരുകിൽ കഴിഞ്ഞിരുന്നവർക്ക് അതിന്റെ ഗുണം കുറേയൊക്കെ കിട്ടി. ആദിവാസികൾക്ക് അതിന്റെ ഗുണം തീരെകിട്ടിയില്ല.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ തുടങ്ങിയ സമതലവാസികളുടെ കുടിയേറ്റമാണ് ആദിവാസി ജീവിതം ദുരിതപൂർണ്ണമാക്കിയത്. അവരുടെ അധീനതയിലായിരുന്ന വനഭൂമി കുടിയേറ്റക്കാർ ചതിയിലൂടെ കൈക്കലാക്കി. ആദിവാസികൾക്ക് വനഭൂമിയിൽ താമസിക്കാനും ഉപജീവനം നടത്താനും പരമ്പരാഗതമായി അവകാശമുണ്ടായിരുന്നു. എന്നാൽ ആ ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. അതിനാൽ അത് നിയമപരമായി കൈമാറ്റം ചെയ്യാനാകുമായിരുന്നില്ല. മതസ്ഥാപനത്തിന്റെ രക്ഷാധികാരത്തിലും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടും കുടിയേറ്റക്കാർ ആ ഭൂമി തട്ടിയെടുത്ത് ആദിവാസികളെ വഴിയാധാരമാക്കി. ഭരണഘടന തയ്യാറാക്കിയപ്പോൾ ആദിവാസി താല്പര്യങ്ങൾ സംരക്ഷിക്കാനായി ചില വ്യവസ്ഥകൾ എഴുതിച്ചേർത്തിരുന്നു. സർക്കാർ അവ  നടപ്പിലാക്കിയിരുന്നെങ്കിൽ ആദിവാസികൾ ഈ അവസ്ഥയിലാകുമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വവും ജാതിമത സ്ഥാപനങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വഞ്ചനാപരമായ സമീപനം ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഈ സമ്പന്ന സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ അവസ്ഥ അതിദയനീയമായി തുടരുന്നത്. 

സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയിൽ നടത്തിയ സമരം അതിക്രൂരമായ പൊലീസ് നടപടിയിലൂടെ അടിച്ചമർത്തിയ എ.കെ.ആന്റണി പിന്നീട് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. അന്നത്തെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഗോത്രമഹാസഭ, ഒരു വ്യാഴവട്ടക്കാലത്തിനുശേഷം, ഇക്കൊല്ലം ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റിനു മുന്നിൽ നിൽ‌പ്പു സമരം തുടങ്ങിയത്. ഗോത്രമഹാസഭയുമായി നടത്തിയ ചർച്ചയിൽ സർക്കാർ വ്യക്തമായ ഒരു തീരുമാനവും അറിയിക്കാതെ വാഗ്ദാനം പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതേസമയം ഗോത്രമഹാസഭയെ ഒഴിവാക്കിക്കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ കീഴിലുള്ള ആദിവാസി സംഘടനകളുടെ പ്രതിനിധികളെ വിളിച്ചു കൂട്ടി ഭൂരഹിതർക്ക് ഒരേക്കർ വീതം നൽകുന്നതാണെന്ന് പ്രഖ്യാപിച്ചു. കയ്യേറ്റക്കാരെ സഹായിക്കുന്നതോടൊപ്പം രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലല്ലാത്ത ആദിവാസി സംഘടനയെ തകർക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മലയാളി മന:സാക്ഷി ഇത് തിരിച്ചറിഞ്ഞ് ആദിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണം.(മാധ്യമം, കേരളപ്പിറവി സപ്ലിമെന്റ്, നവംബർ 1, 2014)