Saturday, October 25, 2014

സർ­ക്കാർ ക­രി­നി­യ­മ­ങ്ങ­ളെ ആ­ശ്ര­യി­ക്കു­മ്പോൾ

ബി ആർ പി ഭാസ്കർ

ക­രി­നി­യ­മ­ങ്ങ­ളു­ടെ ഒ­രു നീ­ണ്ട പ­ര­മ്പ­ര ന­മ്മു­ടെ രാ­ജ്യ­ത്ത്‌ അ­ര­ങ്ങേ­റ­പ്പെ­ട്ടി­ട്ടു­ണ്ട്‌. ഭ­ര­ണ­ഘ­ട­ന നി­ല­വിൽ വ­രു­മ്പോൾ യു­ദ്ധ­കാ­ല­ത്ത്‌ ബ്രി­ട്ടീ­ഷ്‌ കൊ­ളോ­ണി­യൽ ഭ­ര­ണ­കൂ­ടം കൊ­ണ്ടു­വ­ന്ന നി­ര­വ­ധി നി­യ­മ­ങ്ങൾ പ്രാ­ബ­ല്യ­ത്തി­ലു­ണ്ടാ­യി­രു­ന്നു. പു­തി­യ ഭ­ര­ണ­കൂ­ടം അ­വ വ്യാ­പ­ക­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. അ­വ­യിൽ പ­ല­തും 1950ൽ നി­ല­വിൽ വ­ന്ന ഭ­ര­ണ­ഘ­ട­ന വി­ഭാ­വ­ന ചെ­യ്യു­ന്ന മൗ­ലി­കാ­വ­കാ­ശ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ന്ന­വ ആ­യി­രു­ന്നി­ല്ല. ക­ഴി­ഞ്ഞ ആ­റു പ­തി­റ്റാ­ണ്ടു കാ­ല­ത്ത്‌ ഗു­ണ­പ­ര­മാ­യ­ ചി­ല മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യെ­ങ്കി­ലും ക­രി­നി­യ­മ­ങ്ങ­ളിൽ നി­ന്ന്‌ ന­മു­ക്ക്‌ മു­ക്തി നേ­ടാ­നാ­യി­ട്ടി­ല്ല.
പൗ­ര­സ്വാ­ത­ന്ത്ര്യ­ങ്ങ­ളു­ടെ­മേൽ യു­ക്തി­സ­ഹ­മാ­യ നി­യ­ന്ത്ര­ണ­ങ്ങൾ ഏർ­പ്പെ­ടു­ത്താൻ ഭ­ര­ണ­ഘ­ട­ന അ­നു­വ­ദി­ക്കു­ന്നു­ണ്ട്‌. ഈ വ്യ­വ­സ്ഥ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യാ­ണ്‌ കേ­ന്ദ്രം ക­രി­നി­യ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­ത്‌. ഭ­ര­ണ­ഘ­ട­ന നി­ല­വിൽ വ­ന്ന്‌ മാ­സ­ങ്ങൾ­ക്ക­കം ഇ­ത്ത­രം നി­യ­മ­ങ്ങ­ളു­ടെ സാ­ധു­ത സു­പ്രിം കോ­ട­തി­യിൽ ചോ­ദ്യം ചെ­യ്യ­പ്പെ­ട്ടു. ക­രു­തൽ ത­ട­ങ്ക­ലി­ലാ­യി­രു­ന്ന എ­കെ­ജി ആ­ണ്‌ കോ­ട­തി­യെ ആ­ദ്യം സ­മീ­പി­ച്ച­ത്‌. നി­യ­മ­പ­ര­മാ­യ ന­ട­പ­ടി­ക­ളി­ലൂ­ടെ സ്വാ­ത­ന്ത്ര്യ­ങ്ങൾ പ­രി­മി­ത­പ്പെ­ടു­ത്താ­മെ­ന്ന്‌ ഭ­ര­ണ­ഘ­ട­ന പ­റ­യു­ന്ന­തി­നാൽ ഇ­ട­പെ­ടാൻ കോ­ട­തി വി­സ­മ്മ­തി­ച്ചു. കാൽ നൂ­റ്റാ­ണ്ടു­കാ­ലം ആ സ­മീ­പ­നം കോ­ട­തി തു­ടർ­ന്നു. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ല­ത്ത്‌ മൗ­ലി­കാ­വ­കാ­ശ­ങ്ങൾ പ­രി­മി­ത­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള­തു­കൊ­ണ്ട്‌ സർ­ക്കാ­രി­നു ജീ­വി­ക്കാ­നു­ള്ള അ­വ­കാ­ശം പോ­ലും നി­ഷേ­ധി­ക്കാ­നാ­കു­മെ­ന്ന ചീ­ഫ്‌ ജ­സ്റ്റി­സ്‌ വൈ വി ച­ന്ദ്ര­ചൂ­ഡി­ന്റെ വി­ധി അ­തി­ന്റെ ഫ­ല­മാ­യു­ണ്ടാ­യ­താ­ണ്‌. അ­ദ്ദേ­ഹം ത­ന്നെ വൈ­കാ­തെ കോ­ട­തി­യു­ടെ നി­ല­പാ­ട്‌ തി­രു­ത്തി. മേ­ന­കാ ഗാ­ന്ധി ജ­ന­താ സർ­ക്കാർ ത­നി­ക്കെ­തി­രെ എ­ടു­ത്ത ന­ട­പ­ടി കോ­ട­തി­യിൽ ചോ­ദ്യം ചെ­യ്‌­ത­പ്പോൾ ന­ട­പ­ടി­ക്ര­മ­ങ്ങ­ളു­ടെ സാ­ധു­ത പ­രി­ശോ­ധി­ക്കാൻ കോ­ട­തി­ക്ക്‌ അ­ധി­കാ­ര­മു­ണ്ടെ­ന്ന്‌ അ­ദ്ദേ­ഹം പ്ര­സ്‌­താ­വി­ച്ചു.

കോ­ട­തി­വി­ധി­യു­ടെ­യൊ ജ­ന­ങ്ങ­ളു­ടെ ക­ടു­ത്ത എ­തിർ­പ്പി­ന്റെ­യൊ ഫ­ല­മാ­യി ഒ­രു ക­രി­നി­യ­മം പിൻ­വ­ലി­ക്കാൻ നിർ­ബ­ന്ധി­ത­മാ­കു­മ്പോൾ മ­റ്റൊ­രു നി­യ­മം കൊ­ണ്ടു­വ­രി­ക­യാ­ണ്‌ കേ­ന്ദ്രം ചെ­യ്യു­ന്ന­ത്‌. ടാ­ഡ (ടെ­റ­റി­സ്റ്റ്‌ ആൻ­ഡ്‌ ഡി­സ്ര­പ്‌­റ്റീ­വ്‌ ആ­ക്‌­ടി­വി­റ്റീ­സ്‌ ആ­ക്‌­ട്‌), പോ­ട്ട (പ്ര­​‍ി­വൻ­ഷൻ ഓ­ഫ്‌ ടെ­റ­റി­സം ആ­ക്‌­ട്‌), യു­എ­പി­എ (അൺ­ലാ­ഫുൾ ആ­ക്‌­ടി­വി­റ്റീ­സ്‌ പ്രി­വൻ­ഷൻ ആ­ക്‌­ട്‌) എ­ന്നി­വ ഇ­ങ്ങ­നെ കൊ­ണ്ടു­വ­ര­പ്പെ­ട്ട­വ­യാ­ണ്‌. തീ­വ്ര­വാ­ദ­പ്ര­വർ­ത്ത­നം ത­ട­യാൻ അ­ത്ത­രം നി­യ­മ­ങ്ങൾ കൂ­ടി­യേ തീ­രൂ എ­ന്നാ­ണ്‌ സർ­ക്കാർ അ­വ­കാ­ശ­പ്പെ­ടു­ന്ന­ത്‌. കൊ­ല­പാ­ത­കം ഉൾ­പ്പെ­ടെ തീ­വ്ര­വാ­ദി­കൾ ചെ­യ്യു­ന്ന ഏ­തു കു­റ്റ­കൃ­ത്യ­വും കൈ­കാ­ര്യം ചെ­യ്യാ­നാ­വ­ശ്യ­മാ­യ വ­കു­പ്പു­കൾ പീ­നൽ കോ­ഡി­ലു­ണ്ട്‌. എ­ന്നി­ട്ടും സർ­ക്കാർ പു­തി­യ നി­യ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­ത്‌ കു­റ്റ­വാ­ളി­കൾ­ക്ക്‌ നീ­തി­പൂർ­വ­മാ­യ വി­ചാ­ര­ണ ല­ഭി­ക്കു­ന്നെ­ന്ന്‌ ഉ­റ­പ്പു­വ­രു­ത്താ­നു­ള്ള വ്യ­വ­സ്ഥ­ക­ളിൽ നി­ന്ന്‌ ഒ­ഴി­ഞ്ഞു­മാ­റാ­നാ­ണ്‌. പ്രോ­സി­ക്യൂ­ഷൻ സാ­ക്ഷി­ക­ളെ വി­സ്‌­ത­രി­ച്ചും രേ­ഖ­കൾ ഹാ­ജ­രാ­ക്കി­യും ആ­രോ­പ­ണം സം­ശ­യാ­തീ­ത­മാ­യി തെ­ളി­യി­ക്ക­ണ­മെ­ന്ന്‌ സാ­ധാ­ര­ണ നി­യ­മം ആ­വ­ശ്യ­പ്പെ­ടു­ന്നു. ക­രി­നി­യ­മ­ങ്ങൾ കോ­ട­തി­യു­ടെ അ­ധി­കാ­ര­ത്തെ പ­രി­മി­ത­പ്പെ­ടു­ത്തു­ക­യും പ്രോ­സി­ക്യൂ­ഷ­ന്‌ കൂ­ടു­തൽ പ്ര­വർ­ത്ത­ന സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കു­ക­യും ചെ­യ്യു­ന്നു. അ­വ പ്ര­തി­കൾ­ക്ക്‌ ജാ­മ്യം നി­ഷേ­ധി­ക്കു­ന്നു. ചി­ല­പ്പോൾ അ­വ പ്രോ­സി­ക്യൂ­ഷ­നെ കു­റ്റം തെ­ളി­യി­ക്കാ­നു­ള്ള ബാ­ധ്യ­ത­യിൽ നി­ന്ന്‌ പൂർ­ണ­മാ­യി ഒ­ഴി­വാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ താൻ കു­റ്റം ചെ­യ്‌­തി­ട്ടി­ല്ലെ­ന്ന്‌ പ്ര­തി തെ­ളി­യി­ക്കേ­ണ്ട അ­വ­സ്ഥ ഉ­ണ്ടാ­കു­ന്നു. അ­തി­നാ­ലാ­ണ്‌ ഇ­വ­യെ `നി­യ­മ­വി­രു­ദ്ധ നി­യ­മ­ങ്ങൾ` അ­ഥ­വാ ക­രി­നി­യ­മ­ങ്ങൾ എ­ന്ന്‌ വി­ളി­ക്കു­ന്ന­ത്‌.

ഈ നി­യ­മ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം സൂ­ക്ഷ്‌­മ­മാ­യി പ­രി­ശോ­ധി­ക്കു­മ്പോൾ സർ­ക്കാർ പ്ര­തീ­ക്ഷി­ക്കു­ന്ന ഗു­ണം അ­വ പ്ര­ദാ­നം ചെ­യ്യു­ന്നി­ല്ലെ­ന്ന്‌ കാ­ണാം. ടാ­ഡാ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന കാ­ല­ത്ത്‌ അ­തി­ലെ വ­കു­പ്പു­കൾ ഉ­പ­യോ­ഗി­ച്ച്‌ ധാ­രാ­ളം പേർ­ക്കെ­തി­രെ കേ­സ്‌ എ­ടു­ത്തി­രു­ന്നു. എ­ന്നാൽ ഒ­രു ശ­ത­മാ­നം കേ­സു­ക­ളിൽ മാ­ത്ര­മാ­ണ്‌ പ്ര­തി­കൾ ശി­ക്ഷി­ക്ക­പ്പെ­ട്ട­ത്‌. ഏ­റ്റ­വു­മ­ധി­കം ആ­ളു­കൾ അ­റ­സ്റ്റ്‌ ചെ­യ്യ­പ്പെ­ട്ട­ത്‌ വ­ലി­യ തോ­തി­ലു­ള്ള ഭീ­ക­ര­പ്ര­വർ­ത്ത­നം ന­ട­ന്നി­ട്ടി­ല്ലാ­ത്ത ഗു­ജ­റാ­ത്തി­ലാ­ണ്‌. ഇ­ത്‌ നി­യ­മം വ്യാ­പ­ക­മാ­യി ദു­രു­പ­യോ­ഗി­ക്ക­പ്പെ­ട്ടെ­ന്ന്‌ തെ­ളി­യി­ക്കു­ന്നു. ഇ­ത്ത­രം ക­ടു­ത്ത നി­യ­മ­ങ്ങൾ നി­ല­വി­ലി­രു­ന്ന കാ­ല­ത്താ­ണ്‌ പാർ­ല­മെന്റ്‌ ആ­ക്ര­മ­ണ­വും മും­ബൈ­യി­ലെ സ്‌­ഫോ­ട­ന­ങ്ങ­ളും ന­ട­ന്ന­ത്‌. പൊ­ലീ­സി­ന്‌ കൂ­ടു­തൽ അ­ധി­കാ­രം നൽ­കു­ന്ന ക­രി നി­യ­മ­ങ്ങൾ ഭീ­ക­ര­പ്ര­വർ­ത്ത­ക­രെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തു­ന്നി­ല്ലെ­ന്നർ­ഥം.
കോ­യ­മ്പ­ത്തൂർ സ്‌­ഫോ­ട­ന­ക്കേ­സിൽ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി പ­ത്തു കൊ­ല്ല­ത്തോ­ളം ജാ­മ്യ­വും പ­രോ­ളും നി­ഷേ­ധി­ച്ച്‌ ത­ട­ങ്ക­ലിൽ ക­ഴി­ഞ്ഞ അ­ബ്‌­ദുൾ നാ­സർ മ്‌­അ­ദ­നി­യു­ടെ ക­ഥ കേ­ര­ളീ­യർ­ക്ക്‌ സു­പ­രി­ചി­ത­­മാ­ണ്‌. വി­ചാ­ര­ണ ക­ഴി­ഞ്ഞ­പ്പോൾ കോ­ട­തി പ­റ­ഞ്ഞു അ­ദ്ദേ­ഹം നി­ര­പ­രാ­ധി­യാ­ണെ­ന്ന്‌. അ­ദ്ദേ­ഹ­ത്തി­നെ­തി­രെ ആ­രോ­പി­ക്ക­പ്പെ­ട്ട കു­റ്റ­ങ്ങൾ ശ­രി­യാ­യി­രു­ന്നെ­ങ്കിൽ പോ­ലും കൊ­ടു­ക്കാ­വു­ന്ന പ­ര­മാ­വ­ധി ശി­ക്ഷ എ­ട്ടു കൊ­ല്ല­ത്തെ ത­ട­വ്‌ മാ­ത്ര­മാ­യി­രു­ന്നു. ഇ­ത്ത­രം നി­യ­മ­ങ്ങൾ ഭ­ര­ണ­ഘ­ട­ന­യും നി­യ­മ­വ്യ­വ­സ്ഥ­യും ഉ­റ­പ്പു നൽ­കു­ന്ന അ­വ­കാ­ശ­ങ്ങൾ ഇ­ല്ലാ­താ­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ഭ­വം സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ജ­യിൽ­മോ­ചി­ത­നാ­യി നാ­ട്ടിൽ തി­രി­ച്ചെ­ത്തി ഏ­റെ ക­ഴി­യും മു­മ്പ്‌ കർ­ണാ­ട­ക പൊ­ലീ­സ്‌ സ­മാ­ന­മാ­യ ആ­രോ­പ­ണം ചു­മ­ത്തി അ­ദ്ദേ­ഹ­ത്തെ വീ­ണ്ടും അ­റ­സ്റ്റ്‌ ചെ­യ്‌­തു. ആ കേ­സ്‌ ഇ­പ്പോൾ ഇ­ഴ­ഞ്ഞു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌. ക­ഴി­ഞ്ഞ ത­വ­ണ തു­ടർ­ച്ച­യാ­യി ജാ­മ്യം നി­ഷേ­ധി­ച്ച സു­പ്രിം കോ­ട­തി ഇ­ത്ത­വ­ണ അ­നാ­രോ­ഗ്യം പ­രി­ഗ­ണി­ച്ച്‌ അ­ദ്ദേ­ഹ­ത്തി­ന്‌ കാ­രു­ണ്യ­പൂർ­വം താൽ­ക്കാ­ലി­ക ജാ­മ്യം നൽ­കി­യി­ട്ടു­ണ്ടെ­ന്നു മാ­ത്രം.

യു­എ­പി­എ പ്ര­കാ­രം കേ­ര­ള­ത്തിൽ ആ­ദ്യം അ­റ­സ്റ്റ്‌ ചെ­യ്യ­പ്പെ­ട്ട 100 പേ­രിൽ 95 പേർ മു­സ്‌­ലി­ങ്ങ­ളാ­യി­രു­ന്നു. തൊ­ടു­പു­ഴ­യി­ലെ കൈ­വെ­ട്ടു കേ­സ്‌ പ്ര­തി­കൾ അ­ക്കൂ­ട്ട­ത്തിൽ­പ്പെ­ടു­ന്നു. സാ­ധാ­ര­ണ നി­യ­മ­പ്ര­കാ­രം കേ­സെ­ടു­ത്ത്‌ ഉ­ചി­ത­മാ­യ ശി­ക്ഷ വാ­ങ്ങി­ക്കൊ­ടു­ക്കാ­മെ­ന്നി­രി­ക്കെ­യാ­ണ്‌ ക­രി­നി­യ­മം പ്ര­യോ­ഗി­ച്ച­ത്‌. ഇ­ത്ര­യും കാ­ലം മു­സ്‌­ലിം തീ­വ്ര­വാ­ദ­ത്തി­ന്റെ­യും മാ­വോ­യി­സ്റ്റ്‌ തീ­വ്ര­വാ­ദ­ത്തി­ന്റെ­യും പേ­രി­ലാ­ണ്‌ കേ­ര­ളാ പൊ­ലീ­സ്‌ ഈ നി­യ­മം ഉ­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌. നി­യ­മം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യാ­ണെ­ന്ന്‌ ചി­ല മു­സ്‌­ലിം സം­ഘ­ട­ന­ക­ളും മാ­വോ­യി­സ്റ്റ്‌ അ­നു­കൂ­ല സം­ഘ­ട­ന­ക­ളും പ­റ­ഞ്ഞെ­ങ്കി­ലും പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ഭാ­ഗ­ത്തു നി­ന്നും വ­ലി­യ പ്ര­തി­ക­ര­ണ­മു­ണ്ടാ­യി­ല്ല. ഈ­യി­ടെ ഒ­രു ആർ­എ­സ്‌­എ­സു­കാ­ര­നെ ബോം­ബെ­റി­ഞ്ഞു കൊ­ന്ന­തു­സം­ബ­ന്ധി­ച്ച്‌ എ­ടു­ത്തി­ട്ടു­ള്ള കേ­സി­ലെ പ്ര­തി­ക­ളാ­യ സി­പി­എ­മ്മു­കാർ­ക്കെ­തി­രെ ആ­ദ്യ­മാ­യി യു­എ­പി­എ­യി­ലെ വ­കു­പ്പു­ക­ളും ചേർ­ക്ക­പ്പെ­ട്ടു. ഇ­തെ തു­ടർ­ന്ന്‌ നി­യ­മം ദു­രു­പ­യോ­ഗി­ക്ക­പ്പെ­ടു­ക­യാ­ണെ­ന്ന്‌ സി­പി­എം ആ­രോ­പി­ച്ചി­ട്ടു­ണ്ട്‌.

മ­നു­ഷ്യാ­വ­കാ­ശ­ങ്ങൾ അ­വി­ഭാ­ജ്യ­മാ­ണ്‌. ആ­രു ആർ­ക്കെ­തി­രെ മ­നു­ഷ്യാ­വ­കാ­ശ ലം­ഘ­നം ന­ട­ത്തി­യാ­ലും അ­തി­നെ­തി­രെ ശ­ബ്­ദ­മു­യർ­ത്താ­നു­ള്ള ക­ട­മ എ­ല്ലാ­വർ­ക്കു­മു­ണ്ട്‌. ആ ക­ട­മ നിർ­വ­ഹി­ക്കാ­ത്ത­വർ പ­രോ­ക്ഷ­മാ­യെ­ങ്കി­ലും അ­വ­കാ­ശ­ലം­ഘ­ന­ത്തി­നു കൂ­ട്ടു­നിൽ­ക്കു­ക­യാ­ണ്‌. (ജനയുഗം, ഒക്ടോബർ 23, 2014)

Wednesday, October 22, 2014

പ്രസാർ ഭാരതിയുടെ പതനങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയ സ്വയംസേവക് സംഘ് തലവൻ മോഹൻ ഭഗവത് വിജയദശമി നാളിൽ സംഘ് ആസ്ഥാനമായ നാഗപ്പൂരിൽ അതിന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത് പതിറ്റാണ്ടുകളായി നടക്കുന്ന പരിപാടിയാണ്. ഒരു സ്വയംഭരണസ്ഥാപനമാണെന്ന്  പറയപ്പെടുന്ന പ്രസാർ ഭാരതിയുടെ ഭാഗമായ ദൂർദർശൻ ഇക്കൊല്ലം ആദ്യമായി അത് രാജ്യവ്യാപകമായി തത്സമയം സം‌പ്രേഷണം ചെയ്തു. ആ നടപടി വിമർശിക്കപ്പെട്ടപ്പോൾ തീരുമാനം ന്യായീകരിച്ചുകൊണ്ട്  വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകർ പറഞ്ഞത്:“ഞങ്ങൾ ദൂർദർശന്റെ നിരോധനം എടുത്തു മാറ്റി” എന്നാണ്. സർക്കാരുകൾ പ്രസാർ ഭാരതിക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതിന് സ്വയംഭരണാവകാശമുണ്ടെങ്കിൽ ഒരു സർക്കാർ തടയിടുകയും മറ്റൊന്ന് തട നീക്കുകയും ചെയ്യുന്നതെങ്ങനെയാണ്? ജാവദേക്കർ ഇത്രയും കൂടി പറഞ്ഞു: “ദൂർദർശൻ സ്വയംഭരണ സ്ഥാപനമാണ്. അതിൽ പ്രൊഫഷനലിസം ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഈ പ്രഖ്യാപനം അടിയന്തിരാവസ്ഥക്കാലത്തെ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി വിദ്യാ ചരൺ ശുക്ളയുടെ വാക്കുകളെയാണ് ഓർമ്മിപ്പിക്കുന്നത്. പത്രങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപാടി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സെൻസർഷിപ്പിനെ ന്യായീകരിച്ചത്. മന്ത്രിമാരുടെ ഇടപെടലിലൂടെ ഒരു മേഖലയിലും പ്രൊഫഷനലിസം വളരുകയില്ല. രാഷ്ട്രീയക്കാരുടെ ഇടപെടൽ സദുദ്ദേശ്യപരമാണെങ്കിൽ കൂടി അത് പ്രൊഫഷനലിസത്തെ അപകടത്തിലാക്കുകയേയുള്ളു.

ആർ.എസ്.എസിന്റെ വാർഷിക പരിപാടി ദൂർദർശൻ പതിവായി റിപ്പോർട്ട് ചെയ്തിരുന്നു. ജാവദേക്കർ ആരോപിക്കുന്നതുപോലെ, മുൻസർക്കാർ റിപ്പോർട്ടിങ് തടഞ്ഞിരുന്നില്ല എന്നർത്ഥം. ഒരു പാർട്ട് ടൈം ലേഖകനാണ് റിപ്പോർട്ടു നൽകിയിരുന്നത്. ഇത്തവണ ദൂർദർശൻ സ്വന്തം സ്റ്റാഫിനെ നിയോഗിച്ചു. കൂടാതെ ക്യാമറകളും മറ്റ് ഉപകരണങ്ങളുമയച്ച് തത്സമയ സം‌പ്രേഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു. സംഭവത്തിന്റെ വാർത്താപ്രാധാന്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്തതെന്ന് ദൂർദർശൻ അധികൃതർ അവകാശപ്പെടുന്നു. ഈ അവകാശവാദം നാഗപ്പൂരിലെ പരിപാടിക്ക് കഴിഞ്ഞ കൊല്ലം വരെ ഇല്ലാതിരുന്ന വാർത്താമൂല്യം ഇക്കൊല്ലം എങ്ങനെ കൈവന്നെന്ന ചോദ്യം ഉയർത്തുന്നു: അതിനുള്ള ഉത്തരം ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറിയതിന്റെ ഫലമായി അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടമായ ആർ.എസ്.എസിന്റെ പ്രവർത്തനം  കൂടുതൽ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു എന്നാണ്. ഒരു മാദ്ധ്യമ സ്ഥാപനം സ്വതന്ത്രമായി ഇത്തരത്തിലുള്ള വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിങ് സമീപനത്തിൽ മാറ്റം വരുത്തുകയും ചെയ്താൽ അത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരും. എന്നാൽ തത്വത്തിൽ സ്വയംഭരണ സ്ഥാപനമാണെങ്കിലും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന പ്രസാർ ഭാരതിയുടെ കീഴിലുള്ള ദൂർദർശൻ അതു ചെയ്യുമ്പോൾ അതിനെ പുതിയ ഭരണാധികാരികളോടുള്ള വിധേയത്വ പ്രകടനമായേ കാണാനാവൂ.

ചില സ്വകാര്യ ചാനലുകളും മോഹൻ ഭഗവതിന്റെ പ്രസംഗം തത്സമയം സം‌പ്രേഷണം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ദൂർദർശൻ തീരുമാനം പ്രൊഫഷനൽ ആയിരുന്നെന്ന നിഗമനത്തിലെത്താനാവില്ല. ആദ്യം എസ്. മുൾഗോകറുടെയും പിന്നീട് വി.കെ. നരസിംഹന്റെയും പത്രാധിപത്യത്തിൽ ഇൻഡ്യൻ എക്സ്പ്രസ് നടത്തിയ ഒറ്റപ്പെട്ട ശ്രമം ഒഴിവാക്കിയാൽ, പത്രങ്ങൾ അടിയന്തിരാവസ്ഥക്കാല നിയന്ത്രണങ്ങൾ മുറുമുറുപ്പു കൂടാതെ അംഗീകരിക്കുകയാണുണ്ടായത്. തുടർന്നു വന്ന ജനതാ സർക്കാരിൽ മന്ത്രിയായിരുന്ന എൽ. കെ. അദ്വാനി പത്രക്കാരുടെ മുഖത്തു നോക്കി പറഞ്ഞു: “കുനിയാൻ പറഞ്ഞപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞൂ” അടിയന്തിരാവസ്ഥ അവസാനിച്ചശേഷം യുവപത്രാധിപന്മാരുടെ നേതൃത്വത്തിൽ വാരികകൾ മൂടിവെച്ച പലതും പുറത്തുകൊണ്ടുവന്നു. എന്നാൽ അദ്വാനിയുടെ പരിഹാസം മുഖ്യധാരാ മാദ്ധ്യമങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കിയില്ല. അത് മറ്റാരേക്കാളും നന്നായി മനസിലാക്കിയത് അദ്വാനി തന്നെ. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ അടച്ചുപൂട്ടിയ ജന സംഘം മുഖപത്രമായ ദ മദർലൻഡ് തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു അതിലെ ജീവനക്കാർ സമീപിച്ചപ്പോൾ അദ്ദേഹം അവരോട് പറഞ്ഞത് ടൈംസ് ഓഫ് ഇൻഡ്യ, ഇൻഡ്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പിന്തുണ കിട്ടുന്നതുകൊണ്ട് ആ പത്രം ഇനി ആവശ്യമില്ലെന്നാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങൾ വന്നതിനെ തുടർന്ന് ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല വൻ‌കിട പത്രങ്ങളും ഹിന്ദുത്വാനുകൂല സമീപനം സ്വീകരിച്ചു തുടങ്ങിയിരുന്നു. ഉദ്യോഗസ്ഥന്മാരുടെയും ന്യായാധിപന്മാരുടെയും സമീപനങ്ങളിലും സമാനമായ വ്യതിയാനം പ്രകടമായി. ഈ മാറ്റങ്ങൾ എല്ലാ സ്ഥാപനങ്ങളിലും നിർണ്ണായക സ്വാധീനമുള്ള മദ്ധ്യവർഗ്ഗത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതാണ്.

മന്ത്രിമാരും സാമാജികന്മാരും ജഡ്ജിമാരുമെല്ലാം ഭരണഘടനപ്രകാരം പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്ത് ജോലിയിൽ പ്രവേശിക്കുന്നവരാണ്. ആ നിലയ്ക്ക് അവർ ഭരണഘടനയുടെ ആമുഖത്തിൽ ഉല്ലേഖനം ചെയ്തിട്ടുള്ള സമത്വാധിഷ്ഠിത മതനിരപേക്ഷ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. മാദ്ധ്യമപ്രവർത്തകർ അങ്ങനെയൊരു ബാദ്ധ്യതയും ഏറ്റെടുക്കുന്നില്ലെങ്കിലും സമൂഹത്തിൽ പ്രവർത്തിക്കുകയും അതിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെന്ന നിലയിൽ മാദ്ധ്യമങ്ങൾക്കും പൊതുനന്മയെ മുൻനിർത്തി പ്രവർത്തിക്കാനുള്ള ചുമതലയുണ്ട്. അതേസമയം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയിൽ ഉടമയുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ബാദ്ധ്യതയും അവയ്ക്കുണ്ട്. രണ്ടും തമ്മിൽ പൊരുത്തപ്പെടതെ വരുമ്പോൾ മാദ്ധ്യമവും മാദ്ധ്യമപ്രവർത്തകരും ആദ്യത്തേത് കൈവിടാൻ നിർബന്ധിതരാകും. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥ അവർക്ക് നൽകുന്നുണ്ട്. എന്നാൽ അങ്ങനെയൊരു സൌജന്യം പ്രസാർ ഭാരതിക്ക് അവകാശപ്പെടാൻ കഴിയില്ല. അതിന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച രേഖ ഇത് വ്യക്തമാക്കുന്നുണ്ട്. അതിലെ രണ്ട് പ്രധാന ഇനങ്ങൾ ഇവയാണ്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ള മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക; ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുക.

ആർ.എസ്. എസ്. ഒരു ഹൈന്ദവ സംഘടനയാണ്. അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകൾ മുതൽ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത വളർത്തിയിട്ടുണ്ട്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവർക്കരും അദ്ദേഹം നയിച്ചിരുന്ന ഹിന്ദു മഹാസഭയും വിഭജനത്തെ എതിർക്കുകയും അത് നടപ്പിലായശേഷവും അഖണ്ഡ ഭാരതം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. സാഹസികനായ സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്ന സവർക്കറുടെ അനുയായിയായ നാഥുറാം ഗോഡ്സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ഗൂഢാലോചനയിലെ പങ്കാളിയെന്ന നിലയിൽ സവർക്കറും ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ടെങ്കിലും മതിയായ തെളിവിന്റെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ പശ്ചാത്തലം അവഗണിച്ചുകൊണ്ട് കഴിഞ്ഞ തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി. അദ്ദേഹത്തിന്റെ ഛായാപടം പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുകയുണ്ടായി. ദൂർദർശൻ സം‌പ്രേഷണം ചെയ്ത പ്രസംഗത്തിൽ മോഹൻ ഭഗ‌വത് പേരെടുത്തു പറഞ്ഞ് പുതിയ ഭരണകർത്താക്കളുടെ മുന്നിൽ മാർഗ്ഗദർശികളായി അവതരിപ്പിച്ചവരിൽ ഒരാൾ സവർക്കറാണ്.

ഗോഡ്സെ നേരത്തെ ആർ.എസ്.എസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഗാന്ധിയെ കൊല്ലുന്ന സമയത്ത് അയാൾക്ക് അതുമായി ബന്ധമില്ലായിരുന്നെന്ന് സംഘടന ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വല്ലഭ്ഭായ് പട്ടേൽ ആർ.എസ്.എസിന്റെ രാജ്യസ്നേഹത്തെ പൊതുവേദികളിൽ പ്രകീർത്തിച്ചിരുന്നു. അതേസമയം അതിന്റെ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളുടെ ഫലമായി വളർന്ന വർഗ്ഗീയതയാണ് ഗാന്ധിവധത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അതിന്റെ മേൽ നിരോധനം ഏർപ്പെടുത്തി. നിരോധനം പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട സർവസംഘ്ചാലക് എം. എസ്. ഗോൾവാൾക്കരോട് പ്രവർത്തനം സുതാര്യമാക്കാൻ സംഘടനക്ക് ഭരണഘടനയുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആർ.എസ്.എസ്. സാംസ്കാരിക സംഘടനയാണെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും ഉറപ്പു നൽകിയശേഷമാണ് പട്ടേൽ നിരോധനം നീക്കിയത്. ഒരു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ നെഹ്രു പട്ടേലിനയച്ച കത്തിൽ നിരോധനം നീക്കിയ നടപടിയെ കുറിച്ച് ബ്രിട്ടനിൽ ആക്ഷേപങ്ങൾ കേട്ടതായി എഴുതി. രാഷ്ട്രീയം ഉപേക്ഷിച്ച ആർ.എസ്.എസുകാരെ  കോൺഗ്രസിലേക്ക് ആകർഷിക്കാമെന്ന് പട്ടേൽ കരുതിയിരുന്നു. ഏറെ കഴിയും മുമ്പ് അദ്ദേഹം അന്തരിക്കുകയും കോൺഗ്രസ് പൂർണ്ണമായും നെഹ്രുവിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. അതുകൊണ്ട് ആര്‍.എസ്.എസുകാരുടെ കോൺഗ്രസ് പ്രവേശം നടന്നില്ല. പക്ഷെ പട്ടേൽ ആർ.എസ്.എസിന് പ്രിയങ്കരനായ കോൺഗ്രസുകാരനായി. ഹിന്ദുത്വവാദികൾ നെഹ്രുവിനെ എത്രമാത്രം വെറുക്കുന്നുവൊ അത്രത്തോളം പട്ടേലിനെ ആരാധിക്കുന്നു. ഗാന്ധിയും പട്ടേലും ഗുജറാത്തികളാണെങ്കിലും ഗുജറാത്തിൽ അമേരിക്കയിലെ സ്റ്റാച്ച്യു ഓഫ് ലിബർട്ടിയെ വെല്ലുന്ന പ്രതിമയുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ മോഡി ഗാന്ധിയെ തഴഞ്ഞ് പട്ടേലിനെയാണ് തെരഞ്ഞെടുത്തത്.

ഗാന്ധി വധവുമായി ആർ.എസ്.എസ്നിന് ബന്ധമുണ്ടെന്നതിന് ധാരാളം തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും അത് പുറത്തുവിട്ടിരുന്നില്ല. ഇതിന്റെ പ്രധാന കാരണം തെളിവ് പ്രധാനമായും രഹസ്യാന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ടുകളായിരുന്നു എന്നതാണ്. ഉത്തർ പ്രദേശിലെ ചില പ്രദേശങ്ങാളിൽ ആർ.എസ്. എസ് ശാഖകളിൽ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയിരുന്നു. ഗാന്ധിയുടെ  ചിത്രത്തെയായിരുന്നു ഉന്നം വെക്കേണ്ടിയിരുന്നത്. അതു ചെയ്യാൻ വിസമ്മതിച്ച് പലരും ശാഖകളിൽ നിന്ന് പിൻ‌വാങ്ങിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിരുന്നു. ഗാന്ധി കൊല്ലപ്പെട്ടെന്ന വാർത്ത ലഭിച്ചപ്പോൾ ചിലയിടങ്ങളിൽ ആർ. എസ്.എസ്. പ്രവർത്തകർ മിഠായി വിതരണം ചെയ്ത് ആഘോഷിച്ചതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി.

ഒരു സംഘടനയെ പൂർവ്വകാല ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയാവില്ല. കാരണം കാലക്രമത്തിൽ അതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകാം. ബ്രിട്ടീഷു ഭരണാധികാരികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുണ്ടാക്കിയ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സാണല്ലൊ പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ചാലകശക്തിയായതും ഭരണകക്ഷിയെന്ന നിലയിൽ അഴിമതി ആരോപണങ്ങൾ വിളിച്ചു വരുത്തിയതും. അതിനാൽ 65 കൊല്ലം മുമ്പത്തെ പ്രവർത്തനത്തിന്റെ വെളിച്ചത്തിൽ ആർ.എസ്.എസിറ്റെ സ്വഭാവം നിർണ്ണയിച്ചുകൂടാ. എന്നാൽ അതിന്റെ സമീപകാല പ്രവർത്തനങ്ങളിൽ വർഗ്ഗീയ സമീപനം ഉപേക്ഷിച്ചതായ ഒരു സൂചനയുമില്ല. ഇന്ത്യാ-പാകിസ്ഥാൻ സംഝോതാ എക്സ്പ്രസിലും മഹാരാഷ്ട്രയിലെ മലേഗാൺ, ഹൈദരാബാദിലെ മെക്കാ മസ്‌ജിദ് എന്നീ സ്ഥലങ്ങളിലും നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ സംഘ്. ബന്ധമുള്ളവരായിരുന്നെന്ന്   അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഒരു പട്ടാള ഉദ്യോഗസ്ഥന് അവരുമായുണ്ടായിരുന്ന ബന്ധം വർഗ്ഗീയവാദികൾക്ക് സൈന്യത്തിൽ നിന്ന് പരിമിതമായ തോതിൽ സഹായം ലഭിച്ചതായി വെളിപ്പെടുത്തുന്നു. ഈ സംഭവങ്ങൾ സംബന്ധിച്ച കേസുകളിൽ മുസ്ലിം യുവാക്കളെ പിടികൂടിയതും ഹിന്ദുത്വവാദികളുടെ പങ്ക് പുറത്തു വന്നശേഷം നടപടികൾ മെല്ലെയായതും പൊലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയും കളങ്കപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതും അടുത്ത കാലത്ത് ഉത്തർ പ്രദേശിൽ ഇറക്കുമതി ചെയ്തതുമായ ലവ് ജിഹാദ് ആരോപണം വർഗ്ഗീയ ചേരിതിരിവ് വളർത്താനായി ഹിന്ദുത്വചേരി ആസൂത്രണം ചെയ്തതാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം താഴേത്തട്ടിലുള്ളവരുടെ മേൽ ഇറക്കി വെക്കാനാവുന്നതല്ല. മോഹൻ ഭഗ‌വതൊ നരേന്ദ്ര മോഡിയൊ അവരുടെ ചെയ്തികളെ തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാണന്നും എല്ലാ മതവിശ്വാസികളും ആ ചിന്ത ഉൾക്കൊള്ളണമെന്നുമുള്ള മോഹൻ ഭഗ‌വതിന്റെ പ്രസ്താവം ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷത ആർ.എസ്.എസിന് ഇപ്പോഴും അന്യമാണെന്ന് വ്യക്തമാക്കുന്നു.

ഭരണകക്ഷിയെന്ന നിലയിൽ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ – കൃത്യമായി പറഞ്ഞാൽ, നരേന്ദ്ര മോഡിയുടെ – കൈകളിലാണ്. അവ ദുരുപയോഗപ്പെടുത്തുന്നതിന് മുൻ‌ഗാമികൾ ചെയ്തതേ തങ്ങളും ചെയ്യുന്നുള്ളൂ എന്ന് പാർട്ടിക്കും മോഡിക്കും അവകാശപ്പെടാം. അത്തരത്തിലുള്ള ദുരുപയോഗമാണ് കോൺഗ്രസിനെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചതെന്ന വസ്തുതകൂടി അവർ ഓർക്കണം. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വൈകല്യങ്ങൾ മൂലം രാഷ്ട്രീയകക്ഷികൾക്ക് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ തന്നെ ലോക് സഭയിലും നിയമസഭകളിലും ഭൂരിപക്ഷം നേടി അധികാരത്തിലേറാൻ കഴിയുന്നു. സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ അവർ പുറത്തെ ഭൂരിപക്ഷത്തെ അവഗണിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ സദാ സസൂക്ഷ്മം വീക്ഷിക്കുകയും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും നിരക്കാത്ത നടപടികളുണ്ടാകുമ്പോൾ അവയെ ചെറുക്കുകയും വേണം.

നമ്മുടെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ജനപിന്തുണയോടെ ലോക് സഭയിൽ ഭൂരിപക്ഷം നേടിയ കക്ഷിയാണ് ബി.ജെ.പി. ഇക്കൊല്ലത്തെ തരഞ്ഞെടുപ്പിൽ അതിന് കിട്ടിയത് 31.0 ശതമാനം വോട്ട് മാത്രമാണ്. വോട്ടർമാരിൽ 66.4 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതിന്റെ 31.0 ശതമാനമെന്ന് പറയുമ്പോൾ മൊത്തം വോട്ടർമാരുടെ 20.6 ശതമാനമെ ആകുന്നുള്ളു. ആർ.എസ്. എസ്. അതിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ബി.ജെ.പിക്കായി പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ ആർ.എസ്.എസിനോട് തീരെ അനുഭാവമില്ലാത്തവരെയും ആകർഷിക്കാൻ മോഡിക്ക് കഴിഞ്ഞു.. ഇതിന്റെ അർത്ഥം 20 ശതമാനം ആളുകൾ പോലും ആർ.എസ്.എസ് ആശയങ്ങളെ പിന്തുണക്കുന്നില്ല എന്നാണ്. അതിനെ അനുകൂലിക്കാത്ത 80 ശതമാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 19, 2014)

Wednesday, October 8, 2014

വൈകുന്ന കോടതി നടപടികൾ

ബി.ആർ.പി. ഭാസ്കർ

നീ­തി വൈ­കു­മ്പോൾ നീ­തി നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു എ­ന്ന ചൊ­ല്ല്‌ സ­ത്യ­മാ­ണെ­ന്ന­തി­ന്‌ നി­ര­വ­ധി തെ­ളി­വു­കൾ ന­മ്മു­ടെ മു­ന്നി­ലു­ണ്ട്‌. കോ­യ­മ്പ­ത്തൂർ സ്‌­ഫോ­ട­ന­ക്കേ­സ്‌ പ്ര­തി­യാ­യി പ­ത്തു കൊ­ല്ല­ത്തോ­ളം ജാ­മ്യ­വും പ­രോ­ളും നി­ഷേ­ധി­ക്ക­പ്പെ­ട്ട്‌ ജ­യി­ലിൽ ക­ഴി­ഞ്ഞ­ശേ­ഷം കു­റ്റ­വി­മു­ക്ത­നാ­ക്ക­പ്പെ­ട്ട അ­ബ്‌­ദുൾ നാ­സർ മ്‌­അ­ദ­നി­യു­ടെ അ­നു­ഭ­വം അ­തി­ലൊ­ന്നാ­ണ്‌. അ­തി­നു ശേ­ഷം മ­റ്റൊ­രു സ്‌­ഫോ­ട­ന­ക്കേ­സിൽ ബം­ഗ­ളൂ­രു പൊ­ലീ­സ്‌ അ­ദ്ദേ­ഹ­ത്തെ അ­റ­സ്റ്റു ചെ­യ്‌­തു. ആ കേ­സി­ലെ ന­ട­പ­ടി­കൾ പ­രി­ശോ­ധി­ക്കു­മ്പോൾ അ­തി­ലും തീർ­പ്പു­ണ്ടാ­കാൻ ഏ­റെ കാ­ല­മെ­ടു­ക്കു­മെ­ന്ന്‌ ഉ­റ­പ്പി­ച്ച്‌ പ­റ­യാ­നാ­കും. ഇ­ത്ത­വ­ണ മ്‌­അ­ദ­നി­ക്ക്‌ അ­നാ­രോ­ഗ്യം പ­രി­ഗ­ണി­ച്ച്‌ ചി­കി­ത്സ­ക്കാ­യി ചെ­റി­യ കാ­ല­യ­ള­വി­ലേ­ക്ക്‌ ജാ­മ്യം നൽ­കാ­നു­ള്ള സ­ന്മ­ന­സ്‌ സു­പ്രിം കോ­ട­തി കാ­ട്ടി­യി­ട്ടു­ണ്ട്‌.

ഏ­താ­നും കൊ­ല്ല­ങ്ങ­ളാ­യി സു­പ്രീം കോ­ട­തി ചീ­ഫ്‌ ജ­സ്റ്റി­സു­മാർ കെ­ട്ടി­ക്കി­ട­ക്കു­ന്ന കേ­സു­ക­ളു­ടെ എ­ണ്ണം കു­റ­യ്‌­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ്‌. പ­ക്ഷെ സ്ഥി­തി­ഗ­തി­യിൽ കാ­ര്യ­മാ­യ മാ­റ്റം ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. ജൂൺ 2012ൽ കേ­സ്‌ കു­ടി­ശി­ക 61,716 ആ­യി­രു­ന്നു. അ­ക്കൊ­ല്ലം സെ­പ്‌­തം­ബ­റിൽ അ­ത്‌ 63,749 ആ­യും അ­തി­ന­ടു­ത്ത സെ­പ്‌­തം­ബ­റിൽ 67,243 ആ­യും ഉ­യർ­ന്നു. ഇ­ക്കൊ­ല്ലം സെ­പ്‌­തം­ബ­റിൽ കു­ടി­ശി­ക 65,414 ആ­യി ചു­രു­ങ്ങി. ഈ നേ­രി­യ കു­റ­വ്‌ വ­ലി­യ ആ­ശ്വാ­സ­ത്തി­ന്‌ വ­ക നൽ­കു­ന്ന­ത­ല്ല.

പ­ല കേ­സു­ക­ളി­ലും മ­നു­ഷ്യ­രു­ടെ ജീ­വൻ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്നു. കു­പ്ര­സി­ദ്ധ­മാ­യ സൂ­ര്യ­നെ­ല്ലി കേ­സ്‌ ഇ­തി­ന്‌ ഉ­ദാ­ഹ­ര­ണ­മാ­ണ്‌. പെൺ­വാ­ണി­ഭ­ക്കാ­രു­ടെ കൈ­ക­ളിൽ പെ­ടു­മ്പോൾ 16 വ­യ­സു മാ­ത്രം പ്രാ­യ­മു­ണ്ടാ­യി­രു­ന്ന കു­ട്ടി 18 കൊ­ല്ല­ത്തി­നു­ശേ­ഷ­വും നീ­തി­പീഠ­ത്തി­ന്റെ അ­വ­സാ­ന വാ­ക്കി­നാ­യി കാ­ത്തി­രി­ക്കു­ക­യാ­ണ്‌. സർ­ക്കാർ 1999ൽ അ­തി­വേ­ഗ കോ­ട­തി­ക്കു വി­ട്ട കേ­സാ­ണി­ത്‌. ആ കോ­ട­തി 2000ൽ വി­ചാ­ര­ണ പൂർ­ത്തി­യാ­ക്കി ശി­ക്ഷ വി­ധി­ച്ചു. അ­തി­വേ­ഗ­ത അ­വി­ടെ അ­വ­സാ­നി­ച്ചു. ജ­നു­വ­രി 2005ൽ ഹൈ­ക്കോ­ട­തി ഒ­രു പ്ര­തി­യൊ­ഴി­കെ എ­ല്ലാ­വ­രെ­യും വെ­റു­തെ­വി­ട്ടു. അ­തി­നെ­തി­രാ­യ സർ­ക്കാ­രി­ന്റെ അ­പ്പീൽ ഊ­ഴം കാ­ത്തു കി­ട­ക്കു­മ്പോ­ഴാ­ണ്‌ 2012 ഡി­സം­ബ­റിൽ ഡൽ­ഹി ബ­സിൽ കൂ­ട്ട­ബ­ലാ­ത്സം­ഗം ന­ട­ന്ന­തും ജ­നാ­ധി­പ­ത്യ മ­ഹി­ളാ ഫെ­ഡ­റേ­ഷൻ ഈ കേ­സി­ന്റെ കാ­ര്യം സു­പ്രീം കോ­ട­തി­യു­ടെ ശ്ര­ദ്ധ­യിൽ പെ­ടു­ത്തി­യ­തും. കോ­ട­തി ഉ­ടൻ ത­ന്നെ അ­ത്‌ പ­രി­ഗ­ണ­ന­യ്‌­ക്കെ­ടു­ക്കു­ക­യും ഹൈ­ക്കോ­ട­തി വി­ധി അ­സ്ഥി­ര­പ്പെ­ടു­ത്തി­യ­ശേ­ഷം പു­നർ­വി­ചാ­ര­ണ­യ്‌­ക്ക്‌ കേ­സ്‌ തി­രി­ച്ച­യ­ക്കു­ക­യും ചെ­യ്‌­തു. വീ­ണ്ടും കേ­സ്‌ പ­രി­ഗ­ണി­ച്ച ഹൈ­ക്കോ­ട­തി നേ­ര­ത്തെ വെ­റു­തെ വി­ട്ട 24 പേർ കു­റ്റം ചെ­യ്‌­ത­താ­യി ക­ണ്ടെ­ത്തി.

ചി­ല കേ­സു­ക­ളിൽ ഒ­രു വ­ലി­യ സ്ഥാ­പ­ന­ത്തി­ന്റെ ഭാ­വി­യാ­കും കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന­ത്‌. ഇ­പ്പോൾ സു­പ്രീം കോ­ട­തി­യു­ടെ പ­രി­ഗ­ണ­ന­യി­ലി­രി­ക്കു­ന്ന ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്രം സം­ബ­ന്ധി­ച്ച കേ­സ്‌ അ­ത്ത­ര­ത്തി­ലു­ള്ള ഒ­ന്നാ­ണ്‌. തി­രു­വി­താം­കൂ­റി­ലെ അ­വ­സാ­ന മ­ഹാ­രാ­ജാ­വാ­യി­രു­ന്ന ശ്രീ­ചി­ത്തി­ര­തി­രു­നാൾ ബാ­ല­രാ­മ­വർ­മ്മ­യു­ടെ പിൻ­ഗാ­മി­യെ­ന്ന നി­ല­യിൽ 1991ൽ ക്ഷേ­ത്ര­ഭ­ര­ണം ഏ­റ്റെ­ടു­ത്ത ഉ­ത്രാ­ടം തി­രു­നാൾ മാർ­ത്താ­ണ്ഡ­വർ­മ്മ നി­ല­വ­റ­കൾ തു­റ­ന്ന്‌ അ­വി­ടെ­യു­ള്ള വ­സ്‌­തു­ക്ക­ളു­ടെ ഫോ­ട്ടോ എ­ടു­ക്കാൻ തീ­രു­മാ­നി­ച്ച­പ്പോൾ വി­ല­പി­ടി­പ്പു­ള്ള വ­സ്‌­തു­ക്ക­ളു­ടെ ഭ­ദ്ര­ത­യെ കു­റി­ച്ച്‌ ആ­ശ­ങ്ക തോ­ന്നി­യ ടി പി സു­ന്ദ­ര­രാ­ജൻ എ­ന്ന ഭ­ക്തൻ 2007ൽ കോ­ട­തി­യെ സ­മീ­പി­ക്കു­ക­യും സ്‌­റ്റേ സ­മ്പാ­ദി­ക്കു­ക­യും ചെ­യ്‌­തു. ആ വി­ധി­ക്കെ­തി­രെ മാർ­ത്താ­ണ്ഡ­വർ­മ്മ ഹൈ­ക്കോ­ട­തി­യിൽ അ­പ്പീൽ നൽ­കി. മ­ഹാ­രാ­ജാ­വെ­ന്ന നി­ല­യി­ലാ­ണ്‌ ക്ഷേ­ത്ര­ത്തി­ന്റെ ചു­മ­ത­ല ശ്രീ­ചി­ത്തി­ര തി­രു­നാ­ളിൽ നി­ക്ഷി­പ്‌­ത­മാ­യ­തെ­ന്നും മ­ഹാ­രാ­ജാ­വ­ല്ലാ­ത്ത മർ­ത്താ­ണ്ഡ­വർ­മ്മ­യ്‌­ക്ക്‌ ക്ഷേ­ത്ര­ഭ­ര­ണം ഏ­റ്റെ­ടു­ക്കാൻ അ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും ഹൈ­ക്കോ­ട­തി ക­ണ്ടെ­ത്തി. ചി­ത്തി­ര തി­രു­നാ­ളി­നു­ശേ­ഷം മ­ഹാ­രാ­ജാ­വി­ല്ലാ­ത്ത­തി­നാൽ ക്ഷേ­ത്ര­ത്തി­ന്റെ ഉ­ട­മ­സ്ഥാ­വ­കാ­ശം സർ­ക്കാ­രിൽ നി­ക്ഷി­പ്‌­ത­മാ­യെ­ന്നും മ­ത­നി­ര­പേ­ക്ഷ സർ­ക്കാർ നി­യ­മ­നിർ­മാ­ണ­ത്തി­ലൂ­ടെ അ­തി­ന്റെ ന­ട­ത്തി­പ്പി­നാ­യി ട്ര­സ്റ്റോ ഉ­ചി­ത­മാ­യ മ­റ്റെ­ന്തെ­ങ്കി­ലും സം­വി­ധാ­ന­മോ ഉ­ണ്ടാ­ക്ക­ണ­മെ­ന്നും അത് നിർ­ദേ­ശി­ച്ചു. മാർ­ത്താ­ണ്ഡ­വർ­മ്മ അ­തി­നെ­തി­രെ സു­പ്രിം കോ­ട­തി­യെ സ­മീ­പി­ച്ചു.

ഹൈ­ക്കോ­ട­തി വി­ധി വ­ന്ന­ത്‌ 2011ലാ­ണ്‌. ക­ഴി­ഞ്ഞ മൂ­ന്നു വർ­ഷ­ത്തി­നി­ട­യിൽ സു­പ്രീം കോ­ട­തി കേ­സ്‌ പ­ല ത­വ­ണ പ­രി­ഗ­ണ­ന­യ്‌­ക്കെ­ടു­ത്തെ­ങ്കി­ലും അ­ടി­സ്ഥാ­ന വി­ഷ­യ­ത്തി­ലേ­ക്ക്‌ ഇ­നി­യും ക­ട­ന്നി­ട്ടി­ല്ല. ക­ല­വ­റ­കൾ തു­റ­ന്ന്‌ വ­സ്‌­തു­വ­ക­ക­ളു­ടെ പ­ട്ടി­ക ത­യാ­റാ­ക്കാൻ കോ­ട­തി ഉ­ത്ത­ര­വി­ട്ടു. വ­ലി­യ ആ­പ­ത്തു­ണ്ടാ­കു­മെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ട്‌ മാർ­ത്താ­ണ്ഡ­വർ­മ്മ ര­ണ്ട്‌ നി­ല­വ­റ­കൾ തു­റ­ക്കു­ന്ന­തി­നെ എ­തിർ­ത്തു. അ­ക്കാ­ര്യ­ത്തിൽ പി­ന്നീ­ട്‌ തീ­രു­മാ­ന­മെ­ടു­ക്കാ­മെ­ന്ന്‌ കോ­ട­തി തീ­രു­മാ­നി­ച്ചു. തു­റ­ന്നു പ­രി­ശോ­ധി­ച്ച­വ­യി­ലെ വ­സ്‌­തു­ക്ക­ളു­ടെ മൂ­ല്യ­ത്തെ കു­റി­ച്ചു­ള്ള വാർ­ത്ത­കൾ ലോ­ക­ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി. മുൻ സോ­ളി­സി­റ്റർ ജ­ന­റൽ ഗോ­പാൽ സു­ബ്ര­ഹ്മ­ണ്യം അ­മി­ക്ക­സ്‌ ക്യൂ­റി­യെ­ന്ന നി­ല­യിൽ ക്ഷേ­ത്ര­കാ­ര്യ­ങ്ങൾ പഠി­ച്ച്‌ കോ­ട­തി­ക്ക്‌ വി­വ­ര­ങ്ങൾ നൽ­കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. കോ­ട­തി നിർ­ദേ­ശ­പ്ര­കാ­രം മുൻ ഓ­ഡി­റ്റർ ജ­ന­റൽ വി­നോ­ദ്‌ റാ­യ്‌ ക്ഷേ­ത്ര­ക്ക­ണ­ക്കു­കൾ ഓ­ഡി­റ്റ്‌ ചെ­യ്‌­തു­കൊ­ണ്ടി­രി­ക്കു­ന്നു. ഇ­തി­നി­ടെ മാർ­ത്താ­ണ്ഡ­വർ­മ്മ­യു­ടെ മ­ര­ണ­ത്തെ തു­ടർ­ന്ന്‌ മൂ­ലം തി­രു­നാൾ രാ­മ­വർ­മ്മ മുൻ രാ­ജ­കു­ടും­ബ­ത്തി­ലെ ത­ല­വ­നാ­യി. ക്ഷേ­ത്ര­ഭ­ര­ണ­ത്തിൽ ക്ര­മ­ക്കേ­ടു­കൾ ന­ട­ക്കു­ന്ന­താ­യി അ­മി­ക്ക­സ്‌ ക്യൂ­റി റി­പ്പോർ­ട്ടു ചെ­യ്‌­ത­തി­നെ തു­ടർ­ന്ന്‌ കോ­ട­തി മൂ­ലം തി­രു­നാ­ളി­നെ ക്ഷേ­ത്ര­സ്ഥാ­നി­യാ­യി നി­ല­നിർ­ത്തി­ക്കൊ­ണ്ട്‌ ഭ­ര­ണ­ച്ചു­മ­ത­ല ഡി­സ്‌­ട്രി­ക്‌­ട്‌ ജ­ഡ്‌­ജി­യെ ഏൽ­പ്പി­ച്ചു. തു­റ­ന്നാൽ അ­പ­ക­ട­മു­ണ്ടാ­കു­മെ­ന്ന്‌ മുൻ രാ­ജ­കു­ടും­ബം പ­റ­യു­ന്ന നി­ല­വ­റ­കൾ ആ കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങൾ ത­ന്നെ ഒ­ന്നി­ല­ധി­കം ത­വ­ണ തു­റ­ന്നി­ട്ടു­ള്ള­താ­യി വി­നോ­ദ്‌ റാ­യ്‌ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്‌.

ഇ­പ്പോൾ ക്ഷേ­ത്രം സം­ബ­ന്ധി­ച്ച്‌ ഒ­രു വി­വാ­ദം ഉ­യർ­ന്നി­ട്ടു­ണ്ട്‌. മൂ­ലം തി­രു­നാൾ വ­രു­മ്പോൾ മ­റ്റു­ഭ­ക്ത­രെ­യും ക­ട­ത്തി­വി­ടു­ന്നെ­ന്നും ഇ­ത്‌ ആ­ചാ­ര­ത്തി­ന്‌ വി­രു­ദ്ധ­വും അ­ദ്ദേ­ഹ­ത്തി­ന്‌ അ­പ­മാ­ന­ക­ര­വു­മാ­ണെ­ന്നും ത­ന്ത്രി പ­രാ­തി­പ്പെ­ട്ട­ത്രെ. അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ഡി­സ്‌­ട്രി­ക്‌­ട്​‍്‌ ജ­ഡ്‌­ജി അ­ഡ്‌­മി­നി­സ്‌­ട്രേ­റ്റ­റിൽ നി­ന്ന്‌ വി­ശ­ദീ­ക­ര­ണം തേ­ടി­യ­താ­യി മാ­ധ്യ­മ­ങ്ങൾ റി­പ്പോർ­ട്ടു ചെ­യ്യു­ന്നു. ശ്രീ­ചി­ത്തി­ര­തി­രു­നാൾ ക്ഷേ­ത്ര­ത്തിൽ വ­രു­മ്പോൾ മ­റ്റു­ള്ള­വർ­ക്ക്‌ പ്ര­വേ­ശ­നം നി­ഷേ­ധി­ച്ചി­രു­ന്നെ­ങ്കിൽ അ­ത്‌ അ­ദ്ദേ­ഹം സ്ഥാ­നി­യാ­യ­തു­കൊ­ണ്ടാ­വി­ല്ല, മ­ഹാ­രാ­ജാ­വ്‌ ആ­യി­രു­ന്ന­തു­കൊ­ണ്ടാ­ക­ണം. ഉ­ത്രാ­ടം തി­രു­നാ­ളി­ന്റെ കാ­ല­ത്തും ആ രീ­തി തു­ടർ­ന്നെ­ങ്കിൽ അ­ത്‌ തെ­റ്റാ­യി­രു­ന്നു. ഏ­താ­യാ­ലും അ­ങ്ങ­നെ­യൊ­രു കീ­ഴ്‌­ന­ട­പ്പു­ണ്ടെ­ങ്കിൽ ത­ന്നെ­യും അ­തെ­ങ്ങ­നെ ക്ഷേ­ത്രാ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­കും? വി­ശ്വാ­സ­വും ആ­രാ­ധ­നാ­ക്ര­മ­വു­മാ­യി ഒ­രു ബ­ന്ധ­വു­മി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളെ ആ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി കാ­ണാ­നാ­വി­ല്ല. മ­റ്റ്‌ ഭ­ക്ത­രു­ടെ സാ­ന്നി­ധ്യം ത­നി­ക്ക്‌ അ­പ­മാ­ന­ക­ര­മാ­ണെ­ന്ന്‌ മൂ­ലം തി­രു­നാൾ പ­റ­ഞ്ഞി­ട്ടു­ണ്ടോ എ­ന്ന­റി­യി­ല്ല. അ­ങ്ങ­നെ­യൊ­രു ധാ­ര­ണ അ­ദ്ദേ­ഹ­ത്തി­നു­ണ്ടെ­ങ്കിൽ രാ­ജാ­വ­ല്ലാ­ത്ത അ­ദ്ദേ­ഹം അ­ങ്ങ­നെ ക­രു­തു­ന്ന­ത്‌ ശ­രി­യ­ല്ലെ­ന്ന്‌ അ­ദ്ദേ­ഹ­ത്തോ­ട്‌ പ­റ­യ­ണം. കൊ­ട്ടാ­ര­ത്തി­നും അ­മ്പ­ല­ത്തി­നും പു­റ­ത്തു­ള്ള ജീ­വി­ത­ത്തെ­ക്കു­റി­ച്ച്‌ നേ­രി­ട്ട്‌ അ­റി­വു­ള്ള അ­ദ്ദേ­ഹ­ത്തി­ന്‌ അ­ത്‌ മ­ന­സി­ലാ­ക്കാൻ തീർ­ച്ച­യാ­യും ക­ഴി­യും.
സു­പ്രിം കോ­ട­തി ഈ കേ­സ്‌ കൈ­കാ­ര്യം ചെ­യ്യു­ന്ന രീ­തി പ­രി­ശോ­ധി­ക്കു­മ്പോൾ കേ­സു കു­ടി­ശി­ക കൂ­ടു­ന്ന­തി­ന്റെ ഒ­രു കാ­ര­ണം ജ­ഡ്‌­ജി­മാർ അ­വ­രു­ടെ മു­ന്നിൽ കൊ­ണ്ടു­വ­ന്നി­ട്ടി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ട്ട്‌ സ­മ­യം ചെ­ല­വ­ഴി­ക്കു­ന്ന­താ­ണെ­ന്ന്‌ കാ­ണാ­നാ­കും. ക്ഷേ­ത്ര­ത്തി­ന്റെ ഭ­ര­ണാ­ധി­കാ­രം ആർ­ക്കാ­ണെ­ന്ന നി­യ­മ പ്ര­ശ്‌­ന­ത്തിൽ തീർ­പ്പു ക­ൽ­പി­ച്ചാൽ ആ ഭ­ര­ണാ­ധി­കാ­രി ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങ­ളാ­ണ്‌ കോ­ട­തി നേ­രി­ട്ടും നി­ര­വ­ധി ഉ­യർ­ന്ന ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും മുൻ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും ഗോ­പാൽ സു­ബ്ര­ഹ്മ­ണ്യ­ത്തി­ന്റെ­യു­മൊ­ക്കെ സ­ഹാ­യ­ത്തോ­ടെ­യും ചെ­യ്‌­തു കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. (ജനയുഗം, ഒക്ടോബർ 8, 2014)

Monday, September 22, 2014

സൽമാൻ എന്തിനാണ് ജയിലിൽ കിടക്കുന്നത്
ബി.ആർ. പി. ഭാസ്കർ

ആഗസ്റ്റ് 19ന് തിരുവനന്തപുരത്തിരുന്ന്  എം. സൽമാൻ എന്ന 25 വയസുകാരൻ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു: “സഖി, ലളിത സത്യം എന്നത് അതിസങ്കീർണമായ ഒരു നുണയാണെന്ന് സഖാവ് നിഷെ പറഞ്ഞിട്ടുണ്ട്.”  ഒരു തിയേറ്ററിൽവെച്ച്  ദേശീയഗാനത്തെ അവഹേളിച്ചെന്നും ഫേസ്‌ബുക്കിൽ ദേശവിരുദ്ധ പോസ്റ്റുകളിട്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തതുകൊണ്ട് സൽമാന് പിന്നീട് അവിടെ ഒന്നും കുറിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ സൽമാന്റെ ചുവരിൽ കമന്റുകൾ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്നു. പലതും ദേശസ്നേഹത്താൽ വിജ്രംഭിതരായി മനസിലെ വർഗ്ഗീയ ചിന്ത അശ്ലീലഭാഷയിൽ രേഖപ്പെടുത്തുന്നവ. സൽമാനെ പ്രതിരോധിക്കുന്ന ചില അഭിപ്രായപ്രകടനങ്ങളുമുണ്ട്.

തലസ്ഥാന നഗരിയിലെ ജനകീയ സമരവേദികളിൽ നിശ്ശബ്ദ പങ്കാളിയാകാറുള്ള ഫിലോസഫി വിദ്യാർത്ഥിയായ സൽമാൻ 2010 മുതൽ ഫേസ്‌ബുക്കിൽ സജീവമാണ്. യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്രം, കല, സിനിമ, സാഹിത്യം, യാത്ര എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന, 35,000ൽ പരം അംഗങ്ങളുള്ള സ്വതന്ത്രചിന്തകർ/Free Thinkers എന്ന കൂട്ടായ്മയിലെ ഒരംഗവുമാണ്. ഈയിടെ ഒരു സംവാദത്തിൽ nation-state എന്ന ആധുനിക ദേശ-രാഷ്ട്ര സംവിധാനത്തെ കുറിച്ചുള്ള അഭിപ്രായം സൽമാൻ വ്യക്തമാക്കുകയുണ്ടായി. അത് ഇങ്ങനെ: സാമൂഹ്യശാസ്ത്രപരമായി നോക്കുമ്പോൾ ഇന്ത്യ എന്ന ദേശരാഷ്ട്രം, മറ്റെല്ലാ ദേശരാഷ്ട്രങ്ങളെയും പോലെ, ഹിംസയിലൂടെയാണ് ഉണ്ടായതും നിലനിൽക്കുന്നതും. ഭരണകൂട ഭീകരത നിലനിൽക്കുന്ന കശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉദാഹരണങ്ങൾ. Indianness എന്ന dominant സാംസ്കാരിക, സൌന്ദര്യ മൂല്യത്തിന് വെളിയിലുള്ളവർക്ക് അവരുടെ സ്വത്വത്തിന് അനുസരിച്ച് ജീവിക്കാൻ പറ്റുന്നില്ല. അവർ ക്രൂരമായ അടിച്ചമർത്തലുകൾക്ക് വിധേയമാകുന്നു. തത്വചിന്താപരമായി നോക്കുമ്പോൾ അതിന്റെ നിലനില്പ് തന്നെ ഹിംസയിലാണ്. ദേശരാഷ്ട്രത്തിന് അകവും പുറവുമുണ്ട്. അതുകൊണ്ടുതന്നെ otherness അരുകുവത്കരിക്കപ്പെടുകയൊ അടിച്ചമർത്തപ്പെടുകയൊ ചെയ്യുമെന്നാണ് എന്റെ അഭിപ്രായം.  

പഠിച്ചതും കേട്ടതും യാന്ത്രികമായി ഉരുവിടാതെ സ്വതന്ത്രമായി ചിന്തിച്ച് നിലപാടെടുക്കാൻ ശ്രമിക്കുന്ന ഒരു മനസിന്റെ ഉടമയാണ് സൽമാൻ എന്ന് മനസിലാക്കാൻ ഇത്രയും ധാരാളം. ആ സ്വഭാവവിശേഷം അടിമത്വം വരിച്ച മനസുകൾക്ക് ഉൾക്കൊള്ളാനാവുന്നതല്ല. അവരുടെമേൽ തന്റെ അഭിപ്രായം അടിച്ചേല്പിക്കാൻ സൽമാൻ ശ്രമിക്കുന്നില്ല. തികഞ്ഞ ജനാധിപത്യബോധത്തോടെ എതിരഭിപ്രായക്കാരനോട് ആ യുവാവ് പറയുന്നു: “ക്ഷമിക്കണം, ഞാൻ താങ്കളെ പഠിപ്പിക്കാൻ ശ്രമിച്ചെന്ന് ദയവു ചെയ്ത് വിചാരിക്കരുത്. ഞാൻ മനസിലാക്കിയത് പറഞ്ഞെന്നേയുള്ളു.”  

നിളാ തിയേറ്ററിൽ ദേശീയഗാനം കേട്ടപ്പോൾ സൽമാനും കൂട്ടുകാരും എഴുനേറ്റ് നിന്നില്ലെന്നും ഇതിൽ തങ്ങൾ പ്രതിഷേധിച്ചപ്പോൾ കൂവിയെന്നും കാണിച്ച് ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ പൊലീസ് കേസെടുത്തത്. ഇത് ശരിയാണെങ്കിൽ പരാതി നൽകിയവരും അതിനെ ആസ്പദമാക്കി നടപടി എടുത്ത പൊലീസുദ്യോഗസ്ഥന്മാരും ചട്ടങ്ങളെ കുറിച്ച് നല്ല ധരണയില്ലാത്തവരാണെന്നു കരുതണം. സിനിമാ തിയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കാൻ നിലവിലുള്ള ചട്ടങ്ങൾ അനുവദിക്കുന്നില്ല.  ഒരു കാലത്ത് അത് അനുവദിച്ചിരുന്നെങ്കിലും ദേശീയഗാനം അവഹേളിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഉപേക്ഷിക്കുകയായിരുന്നു. സമീപകാലത്ത് ഒരു മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സർക്കാരിന്റെ കീഴിലുള്ള തിയേറ്ററുകൾ ദേശീയഗാനമുൾപ്പെടുന്ന വീഡിയൊ പ്രദർശിപ്പിച്ചു തുടങ്ങുകയായിരുന്നു. മന്ത്രിക്ക് ചട്ടങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നത് ഒരു അപരാധമായി കാണേണ്ടതില്ല. ചട്ടങ്ങൾ പഠിച്ചിട്ടല്ലല്ലൊ ഒരാൾ മന്ത്രിയാകുന്നത്. പക്ഷെ അദ്ദേഹം ആവശ്യപ്പെട്ടത് ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് കഴിയണമായിരുന്നു.

കേസിനാസ്പദമായ സംഭവത്തിനുശേഷം ആ വീഡിയോ പരിപാടി ചട്ടവിരുദ്ധമാണെന്ന് മനസിലാക്കിയതിനെ തുടർന്ന് തിയേറ്ററുകൾ അതുപേക്ഷിച്ചതായി ഞാൻ മനസിലാക്കുന്നു. അവരെപ്പോലെതന്നെ തെറ്റ് തിരുത്താൻ ബാദ്ധ്യതയുള്ള പൊലീസ് അതു ചെയ്യാതെ കേസുമായി മുന്നോട്ടുപോകുന്നത്  വിചിത്രമാണ്. സർക്കാർ ‘ജനസൌഹൃദപര‘മെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പൊലീസ് ഇപ്പോഴും പഴയപോലെ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ കേസിലെ നടപടികൾ വ്യക്തമാക്കുന്നു.  സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് സൽമാനെ അറസ്റ്റ് ചെയ്തത്. കയ്യാമം വെക്കലും കുപ്രസിദ്ധമായ ‘നടയടി‘ ആചാരവും നടന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് മൂന്നു വർഷത്തെ ജയിൽശിക്ഷ മാത്രം നൽകാവുന്ന കുറ്റമാണ്. അതോടൊപ്പം പൊലീസ് കൂട്ടിച്ചേർത്തിട്ടുള്ള രാജ്യദ്രോഹക്കുറ്റം ജീവപര്യന്തം ജയിൽശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.  ജാമ്യം കിട്ടാനുള്ള സാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുന്ന വകുപ്പ് കൂടിയാണത്. തന്മൂലം, അറസ്റ്റ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞ് ഈ വരികൾ എഴുതുമ്പോഴും സൽമാൻ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

ആംനസ്റ്റി ഇന്റെർനാഷനലിന്റെ ഇന്ത്യാ ഘടകമുൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകളും പ്രശസ്ത ഡോക്കുമെന്ററി നിർമ്മാതാവ് ആനന്ദ് പട്‌വർദ്ധനെപ്പോലെയുള്ള നിരവധി മനുഷ്യാവകാശ പ്രവർത്തകരും സൽമാനെതിരായ പൊലീസ് നടപടി ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. പക്ഷെ പാലം കുലുങ്ങിയാലും കുലുങ്ങാത്തവരാണ്  നമ്മുടെ പൊലീസ് ഉദ്യോഗസ്ഥന്മാരും അവരുടെ രാഷ്ട്രീയ മേലധികാരികളും. കൊളോണിയൽ ഭരണകൂടത്തെ പുറത്താക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രയോഗിക്കാൻ ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയതാണ് പീനൽ കോഡിലുള്ള രാജ്യദ്രോഹക്കുറ്റം. ലോകമാന്യ തിലകിനും മോഹൻ‌ദാസ് ഗാന്ധിക്കുമെതിരെ ചുമത്തപ്പെട്ടൈട്ടിള്ള കുറ്റമാണത്. സ്വതന്ത്ര ഇന്ത്യയിലെ ചട്ടവ്യവസ്ഥയിൽ അതിന് സ്ഥാനമില്ലെന്ന് ജവഹർലാൽ നെഹ്രു പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹമൊ അദ്ദേഹത്തിന്റെ പിൻ‌ഗാമികളൊ അത് എടുത്തുകളയാൻ നിയമനിർമ്മാണം നടത്തിയില്ല. അതേസമയം സ്വാതന്ത്ര്യത്തിന്റെ ആദ്യകാലത്ത് കാലഹരണപ്പെട്ട ആ നിയമ വ്യവസ്ഥ സർക്കാരുകൾ ഉപയോഗിച്ചിരുന്നില്ല. സമീപകാലത്ത് പല സർക്കാരുകളും അത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത്  ഇപ്പോഴും അപൂർവ്വമാണ്. എന്നിട്ടും അത് പ്രയോഗിച്ച് ആളുകളെ വേദനിപ്പിക്കുന്നതിൽ അധികൃതർ ആനന്ദം കണ്ടെത്തുന്നു.   

സാഹചര്യങ്ങൾ സൽമാൻ സംഭവത്തെ ഒരു സാധാരണ പൊലീസ് വൈകൃതമായി കാണാൻ അനുവദിക്കുന്നില്ല. ഈ കേസിൽ സൽമാനെ കൂടാതെ ഏതാനും പ്രതികൾ ഉണ്ടെങ്കിലും മറ്റാരെയും പൊലീസ് അറസ്റ്റ്  ചെയ്തിട്ടില്ല. ഹരിഹര ശർമ്മ എന്നൊരു പ്രതി കോടതിയിൽ മുൻ‌കൂർ ജാമ്യം തേടുകയും കോടതി അതനുവദിക്കുകയും ചെയ്തു. ആ യുവാവ് പൊലീസ് സ്റ്റേഷനിൽ പോയി അറസ്റ്റ് വരിച്ച് ഉടൻ തന്നെ ജാമ്യത്തിൽ പോവുകയും ചെയ്തു. ഫേസ്‌ബുക്കിലെ അഭിപ്രായ പ്രകടനവും അതിന്റെ അടിസ്ഥാനത്തിൽ ചുമത്തപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റവും ഐ.ടി നിയമപ്രകാരമുള്ള കുറ്റവും സൽമാനെ കോടതികളുടെ കണ്ണിൽ കൊടുംഭീകരനാക്കുന്നതുപോലെ തോന്നുന്നു. ഇന്ന് ഏറെ ദുരുപയോഗപ്പെടുത്തപ്പെടുന്ന ഒന്നാണ്  ഐ.ടി. ആക്ട്. ഈ നിയമം ഉയർത്തുന്ന പ്രധാന പ്രശ്നം പൂർണ്ണ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്യം അനുവദിക്കുന്ന നവമാദ്ധ്യമങ്ങളുടെ സുഗമമായ പ്രവർത്തനം തടസപ്പെടുത്തുന്നു എന്നതല്ല, പൊലീസിന് അമിതാധികാരം നൽകുന്നു എന്നതാണ്.  പൊലീസാകട്ടെ അത് നൽകുന്ന അധികാരം രാഷ്ട്രീയ കക്ഷികളുടെ താല്പര്യപ്രകാരം വിനിയോഗിക്കുന്നു.

സാധാരണഗതിയിൽ പൊലീസ് തെറ്റായ നടപടികൾ സ്വീകരിക്കുന്നത് ഭരണകക്ഷിയുടെ താല്പര്യപ്രകാരമാണ്. ശിവ സേനയ്ക്ക് ഇഷ്ടപ്പെടാഞ്ഞ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെയും ലൈക്കിന്റെയും പേരിൽ മഹാരാഷ്ട്രയിൽ രണ്ട് യുവതികൾ അറസ്റ്റു ചെയ്യപ്പെട്ട സംഭവം രാഷ്ട്രീയകക്ഷികൾക്ക് പൊലീസിനെ ചലിപ്പിക്കാൻ അധികാരം വേണമെന്നില്ലെന്ന് കാണിക്കുന്നു. ചില രാഷ്ട്രീയ കക്ഷികൾ എതിരാളികളെ നേരിടാൻ സൈബർ പടയാളികളെ രംഗത്തിറക്കിയിട്ടുണ്ട്. അവർക്കിടയിൽ മാന്യമായി സംവാദത്തിലേർപ്പെടുന്നവരുണ്ട്. എന്നാൽ മാന്യമായി സംവദിക്കാനുള്ള കഴിവില്ലാത്തവരാണ് അവരേക്കാൾ കൂടുതൽ. വ്യക്തിഹത്യ നടത്തുകയും വർഗ്ഗീയ വിദ്വേഷം പരത്തുകയും ചെയ്യുന്നവർ സ്വതന്ത്രമായി വിഹരിക്കുമ്പോഴാണ്  സൽമാനെപ്പോലെ ചുമതലാബോധത്തോടെ ആശയവിനിമയം നടത്തുന്ന ഒരാൾ തുറുങ്കിലടക്കപ്പെടുന്നതും ജാമ്യം കിട്ടാതെ ആഴ്ചകൾ അഴികൾക്കുള്ളിൽ കഴിയുന്നതും.

കൂട്ടുപ്രതിയായ ഹരിഹര ശർമ്മ മുൻ‌കൂർ ജാമ്യത്തിൽ പുറത്തു കഴിയുകയും മറ്റുള്ളവരെ പിടിക്കാൻ  പൊലീസ് വലിയ താല്പര്യം കാട്ടാതിരിക്കുകയും ചെയ്യുമ്പോൾ സൽമാന്റെ പേരു ഒരു പ്രശ്നമാണോ എന്ന ചോദ്യം ഉയരുന്നു. അമേരിക്കയിലെന്ന പോലെ കേരളത്തിലും “എന്റെ പേരു ഖാൻ എന്നാണ് , പക്ഷെ ഞാൻ ഭീകരനല്ല”എന്ന് വിളിച്ചു പറയേണ്ട സാഹചര്യം ഉടലെടുക്കുകയാണോ? കഴിഞ്ഞ പാർലമെന്റ്  തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരത്തിലേറിയ ഭാരതീയ ജനതാ പാർട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു അപരനെ ആവശ്യപ്പെടുന്ന അസ്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. അതിൻപ്രകാരം ദേശീയതലത്തിൽ ഹിന്ദുവിന്റെ അപരനാണ് മുസ്ലിം. ചിലയിടങ്ങളിൽ ആ സ്ഥാനത്ത് ക്രിസ്ത്യാനിയുമാകാം. അന്താദ്ദേശീയതലത്തിൽ ഹിന്ദുവിന്റെ സ്ഥാനത്ത് ഇന്ത്യയും മുസ്ലിമിന്റെ സ്ഥാനത്ത് പാകിസ്ഥാനുമാണ്. അതുകൊണ്ടാണ് ഒരു മുസ്ലിം തനിക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുമ്പോൾ ഹിന്ദു വർഗ്ഗീയവാദി അയാളോട് പാകിസ്ഥാനിൽ പോകാൻ പറയുന്നത്. ബി.ജെ.പി  ദേശീയ-അന്താദ്ദേശീയ വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളിൽ ഈ അപരത്വ സമീപനം പ്രതിഫലിക്കുന്നതായി കാണാം. ഹിന്ദു വോട്ട് ബാങ്ക് രൂപീകരണ പദ്ധതിയെന്ന നിലയിൽ ആ കക്ഷി വിജയം കണ്ട സാഹചര്യത്തിൽ അതിന്റെ സ്വാധീനം പല മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി സൽമാന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് അവിടെ കണ്ട രണ്ട് പോസ്റ്ററുകൾ രുചിച്ചിട്ടുണ്ടാകില്ല. അമേരിക്കയിൽ നിന്ന് കിട്ടിയതാണ് രണ്ടും. ആഗസ്റ്റ് മാസം ആദ്യം ഫെർഗൂസൺ പട്ടണത്തിൽ ഒരു വെള്ള പൊലീസുകാരൻ നിരായുധനായ കറുത്ത വർഗ്ഗക്കാരനെ വെടിവെച്ചു കൊന്ന സംഭവം അമേരിക്കയിലും പുറത്തും ഉണ്ടാക്കിയ ഒച്ചപ്പാട് ഇനിയും കെട്ടടങ്ങിയിട്ടില്ല. ആ സംഭവത്തെ തുടർന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത പകുതിയിലധികം അമേരിക്കക്കാരും പൊലീസിനെ വിശ്വാസമില്ലെന്ന് പറയുകയുണ്ടായി. സൽമാൻ പങ്കു വെച്ച പോസ്റ്ററുകൾ അതിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപെട്ടവയാണ്. ഒന്നിലെ വാക്കുകൾ ഇങ്ങനെയാണ്: “നിങ്ങൾ പൊലീസിനെ എത്രമാത്രം വിശ്വസിച്ചാലും, ഓർക്കുക നിങ്ങളെ ഒരിക്കലും വിശ്വസിക്കാതിരിക്കാനാണ്  പൊലീസിനെ പരിശീലിപ്പിച്ചിട്ടുള്ളത്.”  മറ്റേ പോസ്റ്റർ “പൊലീസിനോട് എങ്ങനെ സംസാരിക്കണം“ എന്നു ചോദിച്ചുകൊണ്ട് “അരുത്” എന്ന് ഉത്തരം നൽകുന്നു. ഈ പോസ്റ്ററുകൾ അന്വേഷണോദ്യോഗസ്ഥന്മാരുടെ വർഗ്ഗബോധം ജ്വലിപ്പിച്ചിട്ടുണ്ടാകാം.

സൽമാനെ അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥൻ മുസ്ലിം നാമധാരിയാണ്. സൽമാന് ജാമ്യം നിഷേധിച്ച അവധിക്കാല ജില്ലാ സെഷൻസ് ജഡ്ജി വാദം കേൾക്കുന്നതിനിടയിൽ സന്ദർഭം ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. അദ്ദേഹവും മുസ്ലിം നാമധാരിയാണ്. ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികളിൽ രാജ്യസ്നേഹ വികാരം ആളിക്കത്തിക്കുന്ന സംഭവങ്ങൾ സംബന്ധിച്ച് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ബന്ധപ്പെട്ടവർക്ക് അവരുടെ പേരുകൾ ബാദ്ധ്യതയാകുന്നുണ്ടോ എന്നത് സൂക്ഷ്മപരിശോധന അർഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യാപക ദിന പ്രഭാഷണം എല്ലാ സ്കൂൾകുട്ടികളും കേൾക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക്  എഴുതിയിരുന്നു. ഇത്തരത്തിൽ കുട്ടികളുടെ മേൽ പ്രസംഗം അടിച്ചേല്പിക്കാനുള്ള അധികാരമൊ അവകാശമൊ കേന്ദ്രത്തിനില്ല. ചില ബി.ജെ.പിയിതര സർക്കാരുകൾ അതിനാൽ കേന്ദ്ര നിർദ്ദേശം അവഗണിക്കാൻ തീരുമാനിച്ചു. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്ര നിർദ്ദേശപ്രകാരം വേണ്ട ഏർപ്പാടുകൾ ചെയ്യാൻ എല്ലാ സ്കൂളുകളോടും ആവശ്യപ്പെട്ടു. അതിനുശേഷം സർക്കാർ വിഷയം ഉന്നതതലത്തിൽ പുന:പരിശോധിക്കുകയും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ കുട്ടികളെ നിർബന്ധിക്കേണ്ടെന്ന്  തീരുമാനിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് അറിയാതെയാണ്  വകുപ്പ് മേധാവി ആദ്യ ഉത്തരവ് ഇറക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ അറിവോടെയാണ്  അത് ചെയ്തതെങ്കിൽ മുസ്ലിംനാമം മന്ത്രിയെയും സമ്മർദ്ദത്തിലാക്കിയോ എന്ന ചോദ്യം അസ്ഥാനത്തല്ല.

വടക്കേ ഇന്ത്യയിലെ വിദ്യാവിഹീനരായ ജനങ്ങൾ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പുറത്താക്കാൻ വോട്ടു ചെയ്തപ്പോൾ അതിനെ നിലനിർത്താൻ വോട്ടു ചെയ്തവരാണ് നാം. രാഷ്ട്രീയകക്ഷികളുടെ കീഴിൽ പരിശീലിച്ച, നാവടക്കി പണിയെടുക്കുന്ന അച്ചടക്കബോധം നമ്മെ വിദേശ തൊഴിൽദാതാക്കൾക്ക് പ്രിയങ്കരരാക്കിയിട്ടുണ്ട്. ആറു പതിറ്റാണ്ടുകാലത്തെ ജനാധിപത്യ പരീക്ഷണങ്ങൾക്കുശേഷം സ്വേച്ഛാധിപത്യമാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയ മാർഗ്ഗമെന്ന് വിശ്വസിക്കുന്ന കുറേപ്പേർ ഇവിടെയുണ്ട്. ഇതെല്ലാം കൂടി നമ്മെ മൊത്തത്തിൽ ഫാഷിസം ഇരന്നു വാങ്ങാൻ തയ്യാറുള്ള സമൂഹമായി മാറ്റിക്കൊണ്ടിരിക്കുകയാണോ? കേരളത്തിലെ പ്രധാന രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ സൽമാൻ സംഭവത്തിൽ അവലംബിച്ചിട്ടുള്ള നിസ്സംഗത ഏതൊരു സ്വേച്ഛാധിപതിയെയും കൊതിപ്പിക്കുന്നതാണ്.

അമിതദേശസ്നേഹം ജ്വലിപ്പിച്ചുകൊണ്ടാണ് ഹിറ്റ്ലർ ജർമ്മനിയിൽ ആധിപത്യം സ്ഥാപിച്ചത്. നാസി യുവാക്കൾ റെസ്റ്റോറന്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബാൻഡുമായി ചെന്ന്  ദേശീയഗാനം ആലപിച്ച് ആളുകളെ എഴുനേറ്റു നിൽക്കാൻ നിർബന്ധിക്കുകയായിരുന്നു ദേശസ്നേഹം വളർത്താൻ അവർ കണ്ടുപിടിച്ച ഒരു മാർഗ്ഗം. ആ ചരിത്രം ആവർത്തിക്കുന്നതിന്റെ  സൂചനകൾ കാണുമ്പോൾ ഹിറ്റ്ലറുടെ ജയിലിൽ കഴിയേണ്ടി വന്ന മാർട്ടിൻ ന്യൂമുള്ളറുടെ വരികൾ വീണ്ടും പ്രസക്തമാകുന്നു:

ആദ്യം അവർ സോഷ്യലിസ്റ്റുകൾക്കായി വന്നു—
സോഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.

പിന്നെ അവർ ട്രെയ്‌ഡ് യൂണിയൻ‌കാർക്കായി വന്നു—
ട്രെയ്‌ഡ് യൂണിയൻ‌കാരനല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.

പിന്നെ അവർ ജൂതന്മാർക്കായി വന്നു---
ജൂതനല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.

പിന്നെ അവർ എനിക്കായി വന്നു— അപ്പോൾ
എനിക്കുവേണ്ടി മിണ്ടാൻ ആരും ബാക്കിയുണ്ടായിരുന്നില്ല.

(ഈ കവിതയുടെ മറ്റ് ചില ഭാഷ്യങ്ങളിൽ നാസികൾ തേടി വന്നവരിൽ കമ്മ്യൂണിസ്റ്റുകാരും മാറാരോഗികളുമുണ്ട്.).
സമകാലിക മലയാളം വാരികയ്ക്കുവേണ്ടി എഴുതിയ ലേഖനം.

Thursday, September 11, 2014

ടെലിവിഷൻ കാലത്തെ മലയാളി ജീവിതം

ബി.ആർ.പി. ഭാസ്കർ

രണ്ടു പതിറ്റാണ്ടു കാലമായി ടെലിഷൻ മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ കാലയളവിൽ ഒരു സ്ഥാപനത്തിന് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മാധ്യമ സ്വാധീനം കേവലം ആണ്ടിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കാനാവില്ല. മാധ്യമങ്ങൾ ശീലങ്ങളാണ്. ആവർത്തിച്ചുള്ള കാഴ്ചയിലും ഉപയോഗത്തിലും കൂടിയാണ് ശീലങ്ങൾ രൂപപ്പെടുന്നത്. എല്ലാ ആഴ്ചയും വരുന്ന ആഴ്ചപ്പതിപ്പ് മാസത്തിലൊരിക്കൽ വരുന്ന മാസികയേക്കൾ വേഗത്തിൽ ശീലമാകും. എല്ലാ ദിവസവും വരുന്ന പത്രം ആഴ്ചപ്പതിപ്പിനേക്കാൾ വേഗത്തിൽ ശീലമാകും. സദാ ലഭ്യമാകുന്ന 24x7 ചാനൽ ദിനപ്പത്രത്തേക്കാൾ വേഗത്തിൽ ശീലമാകും. മാധ്യമ ശീലത്തിന്റെ രൂപീകരണത്തിൽ ഉള്ളടക്കത്തിനും വലിയ പങ്കുണ്ട്. നല്ല ശീലങ്ങളേക്കാൾ വേഗത്തിൽ ചീത്ത ശീലങ്ങൾ സ്വീകരിക്കാനാകും. എന്നാൽ നല്ല ശീലങ്ങളോളം വേഗത്തിൽ ചീത്ത ശീലങ്ങൾ ഉപേക്ഷിക്കാനാവില്ല.

മലയാളികൾ ബ്രിട്ടീഷു ഭരണകാലത്തുതന്നെ തൊഴിൽ തേടി കേരളത്തിനു പുറത്തു പോയിത്തുടങ്ങിയിരുന്നു. ഏറെ ദൂരെയല്ലാത്ത മദിരാശിയിലേക്കു നീങ്ങിയവർക്കു പോലും മലയാളം വായിക്കാൻ അവസരമുണ്ടായിരുന്നില്ല. തന്മൂലം നാടുമായുള്ള ബന്ധം ക്രമേണ ദുർബലമായിക്കൊണ്ടിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാള പത്രങ്ങൾ ഇപ്പോൾ നാട്ടിൽ വിതരണം ചെയ്യപ്പെടുന്ന സമയത്തു തന്നെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും കഴിയുന്ന മലയാളികൾക്ക് അച്ചടിച്ച രൂപത്തിലൊ കമ്പ്യൂട്ടറിലൂടെയൊ ലഭിക്കുന്നു. തന്മൂലം അവർക്ക് നാടുമായുള്ള ബന്ധം ദൃഢമായി നിലനിർത്താൻ കഴിയുന്നു. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അത് ജാതിമത ചായ്‌വുകളുൾപ്പെടെ  പല ദുഷ്‌പ്രവണതകളും ദിനപ്പത്രങ്ങളിലൂടെയും ഉപഗ്രഹ ചാനലുകളിലൂടെയും പുറത്തേക്കും വ്യാപിക്കുന്നെന്നതാണ്. പുതിയ സാങ്കേതിക വിദ്യ ലഭ്യമാവുകയും ഔദ്യോഗിക നിയന്ത്രണങ്ങൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയിലെ ഇലക്ട്രോണിക് മാധ്യമരംഗത്ത് സ്വകാര്യ സംരംഭകർക്ക് പ്രവേശിക്കാനായി. ഒരു ചെറിയ കാലയളവിൽ പലയിടങ്ങളിലും നിരവധി ചാനലുകൾ പ്രവർത്തനം തുടങ്ങി. കേരളത്തിൽ ഇപ്പോഴും പുതിയ ചാനലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നു മനസിലാക്കേണ്ടത് വളർച്ചയുടെ കാലഘട്ടം ഇനിയും അവസാനിച്ചിട്ടില്ല എന്നാണ്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പുരോഗതിയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുകയുണ്ടായി. ആ കാലഘട്ടത്തെ രൂപപ്പെടുത്തിയ നവോത്ഥാനമൂല്യങ്ങൾ ഇടയ്ക്കെപ്പൊഴൊ നഷ്ടമാകാൻ തുടങ്ങിയെന്ന് ഇന്ന് നാം തിരിച്ചടിയുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് അച്ചടിമാധ്യമങ്ങളേക്കാൾ സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നതുകൊണ്ട് അവയാകും ഈ നൂറ്റാണ്ടിന്റെ സ്വഭാവം നിർണ്ണയിക്കുക. അതിനാൽ അവയുടെ പ്രവർത്തനം സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നല്ല പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഒരു ശരാശരി പ്രേക്ഷകൻ ദിവസവും രണ്ടു മണിക്കൂറിലധികം ടെലിവിഷന്റെ മുന്നിലിരിക്കുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്രം വായിക്കാൻ എടുക്കുന്നതാകട്ടെ ഏതാണ്ട് 20 മിനിട്ടു മാത്രമാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് എന്തിനായി ചെലവഴിച്ചിരുന്ന സമയമാണ് ടെലിവിഷൻ അപഹരിച്ചതെന്ന ചോദ്യം പ്രസക്തമാണ്. ടെലിവിഷൻ വന്നശേഷം സൌഹൃദസന്ദർശനങ്ങൾ ഇല്ലാതായെന്ന പരാതി വ്യാപകമാണ്. കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാനുള്ള സൌകര്യം ഇപ്പോഴുണ്ട്. ആ നിലയ്ക്ക് സൌഹൃദങ്ങൾ ഇല്ലാതാവുകയല്ല അവ പുതിയ രൂപങ്ങൾ കൈക്കൊള്ളുകയാണ് എന്ന് പറയാവുന്നതാണ്. അതേസമയം പുതിയ സംവിധാനങ്ങൾക്ക് വ്യക്തികളെ ഒന്നിപ്പിക്കുന്നതുപോലെ കുടുംബങ്ങളെ ഒന്നിപ്പിക്കാനാകില്ലെന്ന പോരായ്മയുണ്ട്. 

വായനാശീലമുള്ള മലയാളികൾ വായനക്കായി ചെലവഴിച്ചിരുന്ന സമയത്തിൽ നിന്നാകണം ടെലിവിഷൻ കാണാനുള്ള സമയം കണ്ടെത്തിയത്. എന്നാൽ ടെലിവിഷന്റെ വരവ് വായനയെ ബാധിച്ചിട്ടില്ലെന്ന് പത്ര ഉടമകളും പുസ്തക പ്രസാധകരും അവകാശപ്പെടുന്നു. പത്രങ്ങളുടെ പ്രചാരം കുറഞ്ഞിട്ടില്ലെന്നു തന്നെയല്ല, ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. പുസ്തകങ്ങളുടെ വില്പനയിലും കുറവുണ്ടായിട്ടില്ലത്രെ. എന്നാൽ പുസ്തക വിപണിയുടെ നില പരിഗണിക്കുമ്പോൾ സാമ്പത്തിക നിലവാരവും കണക്കിലെടുക്കേണ്ടതുണ്ട്.  ദരിദ്ര സംസ്ഥാനമായിരുന്ന കാലത്തെന്നപോലെ ഇന്നും മലയാള പുസ്തകത്തിന്റെ ഒരു എഡിഷൻ എന്നു പറയുന്നത് 1000ഓ 2000ഓ കോപ്പികൾ മാത്രമാണ്. പുസ്തക വിപണി  സാമ്പത്തിക നിലവാരത്തിനൊത്ത് വളർന്നിട്ടില്ലെന്നല്ലേ ഇത് കാണിക്കുന്നത്? ആനുകാലികങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോഴാണ് ടെലിവിഷൻ വായനയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ശരിക്കും ബോധ്യമാകുന്നത്. മുഖ്യ ആശയസംവാദവേദിയായി പ്രവർത്തിച്ചുകൊണ്ട് ഏറെക്കാലമായി നമ്മുടെ സാംസ്കാരിക മണ്ഡലത്തെ പരിപോഷിപ്പിച്ചിരുന്നത് ആനുകാലിക പ്രസിദ്ധീകരണങ്ങളാണ്. അവയുടെ പ്രചാരത്തിൽ ടെലിവിഷൻ വന്നശേഷം വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് സാംസ്കാരിക ജീവിതം ദരിദ്രമാക്കിയിട്ടുണ്ട്.

ടെലിവിഷൻ ചാനലുകൾ അവരുടേതായ രീതിയിൽ ആശയ സംവാദം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. നിത്യവും രാത്രി വാർത്താ ചാനലുകൾ നടത്തുന്ന ഒരു മണിക്കൂർ നീളുന്ന ചർച്ചകളിൽ രാഷ്ട്രീയ സംഭവവികാസങ്ങൾ പരിശോധനക്കു വിധേയമാകുന്നു. ഇതിനെ ഒരുകാലത്ത് ചായക്കടകളിൽ നടന്നിരുന്ന രാഷ്ട്രീയ ചർച്ചകളുടെ ടെലിവിഷൻ‌കാല രൂപമായി കാണാവുന്നതാണ്. നിർഭാഗ്യവശാൽ കക്ഷിനേതാക്കളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും സാന്നിധ്യം ടിവി ചർച്ചകളെ ചായക്കടച്ചർച്ചകളുടെ നിലവാരത്തിനു മുകളിൽ കൊണ്ടുപോകുന്നില്ല. സൌമ്യമായ സംവാദത്തേക്കാൾ നാടകീയമായ സംഘട്ടനമാണ് ദൃശ്യമാധ്യമത്തിന് ഇണങ്ങുന്നത്. അതിനാൽ ചോദ്യങ്ങളിലൂടെ പ്രസക്തമായ വസ്തുതകൾ പുറത്തുകൊണ്ടു വന്ന് വിഷയത്തെപ്പറ്റി കൂടുതൽ കൃത്യത വരുത്തുന്നതിനു പകരം അവതാരകർ പലപ്പോഴും രാഷ്ട്രീയ എതിരാളികളെ തമ്മിലടിപ്പിച്ച് ചർച്ചകളെ ശബ്ദമുഖരിതമാക്കുന്നു. കടുത്ത രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന നാടാണ് നമ്മുടേത്. തനിക്കുവേണ്ടി ചിന്തിക്കുന്ന ജോലി ഏതെങ്കിലും പാർട്ടിക്കൊ നേതാവിനൊ വിട്ടുകൊടുത്തിട്ടുള്ള ധാരാളം പേർ ഇവിടെയുണ്ട്. ചർച്ചയിൽ ഇഷ്ടപ്പെട്ട കക്ഷിയുടെ പ്രതിനിധിയുണ്ടെങ്കിൽ അവർ തൃപ്തരാകും. എന്നാൽ തുറന്ന മനസോടെ  പ്രശ്നങ്ങളെ സമീപിക്കുന്ന പ്രേക്ഷകരെ ഇത്തരം ചർച്ചകൾ തൃപ്തിപ്പെടുത്തില്ല.

തുടർച്ചയായി വാർത്തകൾ നൽകാൻ ബാധ്യസ്ഥരായ 24x7 ചാനലുകൾക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും പിടിച്ചുനിർത്താനും പല പൊടിക്കൈകളും പ്രയോഗിക്കേണ്ടതുണ്ട്. ബ്രേക്കിങ് ന്യൂസ് സംവിധാനം അത്തരത്തിലൊന്നാണ്. വലിയ സംഭവവികാസങ്ങളില്ലാത്തപ്പോൾ വാർത്തകൾ പെരുപ്പിച്ചു കാണിക്കാനും നിസ്സാര കാര്യങ്ങൾ ചർച്ചക്കെടുക്കാനും ചാനലുകൾ നിർബന്ധിതരാകുന്നു. നമ്മുടെ  സാഹചര്യങ്ങളിൽ അടങ്ങിയിരിക്കുന്ന പരിമിതികൾ കണക്കിലെടുക്കാതെ സാങ്കേതികവിദ്യ തുറന്നിട്ട സാധ്യതകൾ ഉപയോഗിക്കുന്നതാണ് ഈ അവസ്ഥയുടെ കാരണം.

വിനോദ ചാനലുകൾ നിറയെ വാശി തീർക്കാൻ കൊലപാതകമുൾപ്പെടെ എന്തും ചെയ്യാനും മടിയില്ലാത്ത കഥാപാത്രങ്ങൾ ഓടിനടക്കുന്ന പരമ്പരകളാണ്. പുരാണകഥകളുടെ പുനരവതരണം പുതിയ കാലത്തിനു അനുയോജ്യമായ സന്ദേശങ്ങൾ നൽകുന്നതിനു പകരം കാലഹരണപ്പെട്ടതെന്ന്  തിരിച്ചറിഞ്ഞ് സമൂഹം നേരത്തെ പുറന്തള്ളിയ ഫ്യൂഡൽ മൂല്യങ്ങളെ പുന:പ്രതിഷ്ഠിക്കുന്നു. നൂറിൽ‌പരം കൊല്ലങ്ങൾക്കു മുമ്പ് സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തന ഫലമായി ഇല്ലാതായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങളുടെ നെറ്റിയിലെ രണ്ടും മൂന്നും നിലകളിലുള്ള അലങ്കാരം സ്ത്രീപ്രേക്ഷകരുടെ നെറ്റിയിലേക്ക് സംക്രമിച്ചു തുടങ്ങിയിട്ടുണ്ട്. 

ഏറെക്കാലമായി മലയാളികൾ സംസാരിക്കുന്നത് പത്രങ്ങളിലൂടെ പകർന്നു കിട്ടിയ ഭാഷയാണ്. ജനങ്ങളുടെ സംസാരഭാഷയെ മലയാള പത്രങ്ങൾ സ്വാധീനിച്ചിടത്തോളം മറ്റൊരു ഭാരതീയ ഭാഷയിലെയും പത്രങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വരും തലമുറകൾ സംസാരിക്കുന്നത് ഈ പത്രഭാഷയാകില്ല. ഇന്ന് നാം ടെലിവിഷനിൽ കേൾക്കുന്ന ഭാഷയാകും അവർ സംസാരിക്കുക. ഭാഷ മാറ്റം കൂടാതെ നിന്നിട്ടുള്ള ഒന്നല്ല, അങ്ങനെ നിൽക്കേണ്ടതുമില്ല. എന്നാൽ ചാനലുകൾ ഭാഷയോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. ആദ്യ ചാനലായ ഏഷ്യാനെറ്റിന്റെ പരിപാടികളുടെ പേരുകളെല്ലാം മലയാളത്തിലായിരുന്നു. എന്നാൽ പിൽക്കാലത്ത് ഏഷ്യാനെറ്റ് ഉൾപ്പെടെ എല്ലാ ചാനലുകളും പേരുകൾക്ക് ഇംഗ്ലീഷു ഭാഷയിലേക്ക് തിരിഞ്ഞു. അതിലൂടെ പുതിയ കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ മലയാളത്തിന് കഴിവില്ലെന്ന ധാരണ അവർ പടർത്തിയിരിക്കുന്നു.

അച്ചടിമാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പല രക്ഷിതാക്കളും കുട്ടികൾക്ക് ഇംഗ്ലീഷു ഭാഷയുമായി പരിചയപ്പെടാനുള്ള അവസരം നൽകാനായി ഇംഗ്ലീഷു പത്രങ്ങൾ വാങ്ങിയിരുന്നു. ഇന്ന് കേബിൾ വഴി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ചാനലുകൾ ലഭ്യമാണെങ്കിലും പല കുടുംബങ്ങളും മലയാളം ചാനലുകൾ മാത്രമാണ് കാണുന്നതെന്നാണ് വിതരണക്കാരിൽ നിന്നറിയാൻ കഴിയുന്നത്. മലയാള ചാനലുകളുടെ ബാഹുല്യവും അവ ഉണർത്തിയിട്ടുള്ള താല്പര്യവും പ്രേക്ഷകരെ, പ്രത്യേകിച്ചും സംസ്ഥാനത്തിനു പുറത്ത് ജോലി തേടാൻ വിധിക്കപ്പെട്ടിട്ടുള്ള യുവജനങ്ങളെ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിന്ന് അകറ്റുന്നുണ്ടെങ്കിൽ അത് വലിയ ദോഷം ചെയ്യും.

അച്ചടിമാധ്യമത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള  ദൃശ്യമാധ്യമത്തിന് എത്ര കാലം പ്രാമുഖ്യം നിലനിർത്താനാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ഈ രംഗത്തെ സാങ്കേതികവിദ്യയുടെ വികാസം ഇപ്പോഴും തുടരുകയാണ്. പുതിയ സാഹചര്യങ്ങൾ നവമാധ്യമങ്ങളുടെ വളർച്ചക്ക് ഏറെ സഹായകരമാണ്.  (മംഗളം, ഓണപ്പതിപ്പ്, 2014)

Tuesday, September 9, 2014

നമുക്ക് വഴി തെറ്റിയത് എങ്ങനെ, എവിടെ?
ബി.ആർ.പി. ഭാസ്കർ

ജന്മിവ്യവസ്ഥ ജീർണ്ണിച്ച് നിലം‌പതിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് പിൽക്കാലത്ത് കേരള നവോത്ഥാനമെന്ന് വിവക്ഷിക്കപ്പെട്ട സാമൂഹിക നവീകരണപ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. സമൂഹം വിഭജിച്ചു കിടന്നതുകൊണ്ട് ജാതി മതിൽക്കെട്ടുകൾക്കുള്ളിലാണ് ആ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതും വളർന്നതും. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം സാമൂഹിക വിഭജനം ഉറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ജാതിവ്യവസ്ഥയുടെ മേൽത്തട്ടുകളിലും കീഴ്ത്തട്ടുകളിലും പെട്ടവർ ഒരേ തരത്തിലുള്ള ആധുനിക വിദ്യാഭ്യാസം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും പെട്ടവർ അടങ്ങുന്ന ഒരു മദ്ധ്യവർഗ്ഗം രൂപപ്പെട്ടു. അങ്ങനെ ചില പൊതുസ്വഭാവങ്ങളുള്ള ഒരു സമൂഹമുണ്ടായി. വേഷത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ സ്ഥാനം നിർണ്ണയിക്കാൻ കഴിയുന്ന അവസ്ഥ ഇല്ലാതായി. ജന്മിത്വം ഇല്ലാതായി. പക്ഷെ മുതലാളിത്വം വികസിച്ചില്ല.  ഈ സവിശേഷ സാഹചര്യത്തിൽ സാമ്പത്തിക അസമത്വം കുറഞ്ഞു. നവോത്ഥാനം മുന്നോട്ടുവെച്ച ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന പ്രതീതി ജനിച്ചു. അധികാര മത്സരത്തിൽ ഏർപ്പെട്ടിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ സമത്വസുന്ദര  കേരളം വാഗ്ദാനം ചെയ്തപ്പോള്‍ അത് ശക്തിപ്പെട്ടു.  പക്ഷെ മാതൃകാസ്ഥാന സങ്കല്പം യാഥാർത്ഥ്യമായില്ല. സമത്വസുന്ദര കേരളം ഉണ്ടായതുമില്ല. എവിടെയോ നമുക്ക് വഴി തെറ്റി. അത് എങ്ങനെ, എവിടെയാണ് സംഭവിച്ചത്?

ഒരു നൂറു കൊല്ലം പിന്നോട്ടു പോയി അന്നത്തെ അവസ്ഥ പരിശോധിച്ചുകൊണ്ട് മുന്നോട്ടു പോയാൽ വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് കണ്ടെത്താനാകും. അന്ന്  കേരളം മൂന്ന് രാഷ്ട്രീയ സംവിധാനങ്ങൾക്കു കീഴിലാണ്. രാജഭരണത്തിൻ കീഴിലാലായിരുന്ന തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങൾ സർക്കാരിന്റെയും ക്രൈസ്തവ മിഷനറിമാരുടെയും പ്രവർത്തന ഫലമായി വിദ്യാഭ്യാസരംഗത്ത് ഇതര പ്രദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് മുന്നേറുകയായിരുന്നെന്ന് സെൻസസ് റിപ്പോർട്ടുകളിലെ സാക്ഷരതാ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. മദ്രാസ് പ്രിവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ അവസ്ഥ അത്രതന്നെ മെച്ചപ്പെട്ടതല്ലെങ്കിലും അവിടത്തെ സ്ഥിതിയും ബ്രിട്ടീഷു ഭരണത്തിലുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭേദമാണ്. നായർ പരിഷ്കർത്താക്കളുടെ ആവശ്യം പരിഗണിച്ച് തിരുവിതാംകൂർ മഹാരാജാവ് വിളംബരങ്ങളിലൂടെ മരുമക്കത്തായികളെ മക്കത്തായികളാക്കി. കൂട്ടുകുടുംബങ്ങൾ ആളോഹരി അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. ബ്രാഹ്മണ സംബന്ധം  ഇല്ലാതായി. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടു രേഖപ്പെടുത്തി. വക്കം അബ്ദുൾ ഖാദർ മൌലവിയുടെ ശ്രമഫലമായി മുസ്ലിം സമൂഹത്തിലും മാറ്റത്തിന്റെ കാറ്റ് വീശി. ദലിത് കുട്ടികളുടെ സ്കൂൾപ്രവേശത്തിനു തടസം നിന്ന ജാതിമേധാവികളുടെ കർഷകത്തൊഴിലാളികൾ അയ്യൻകാളിയുടെ ആഹ്വാന പ്രകാരം പണിമുടക്കി. മതപരിവർത്തനം നടത്തിയവർക്ക് സഭയിൽ തുല്യ പരിഗണന ലഭിക്കുന്നില്ലെന്നുകണ്ട് പൊയ്കയിൽ യോഹന്നാൻ പ്രത്യേക സംവിധാനം വിഭാവന ചെയ്തു. തെക്ക് ആരംഭിച്ച പ്രസ്ഥാനങ്ങളുടെ അലകൾ വടക്കോട്ടു നീങ്ങിയെങ്കിലും താരതമ്യേന ദുർബലമായാണ് അനുഭവപ്പെട്ടത്.  കൈവിട്ടുപോയ ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ മതപരമായ ചേരിതിരിവ് സൃഷ്ടിച്ചു. നമ്പൂതിരി സമുദായം വി.ടി. ഭട്ടതിരിപ്പാടിനെ കാത്തു കിടക്കുകയാണ്. 

കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം സത്യഗ്രഹം സാമൂഹിക രാഷ്ട്രീയ ധാരകളെ ഒരേ ദിശയിലാക്കി. നവീകരണ പ്രസ്ഥാനങ്ങൾ വിപ്ലവാവേശം നിറച്ച ജനങ്ങൾ കോണ്‍ഗ്രസിന്റെ കൊടിക്കീഴിൽ അണിനിരന്നു. തുടർന്നു വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൂടുതൽ വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടു വെച്ചപ്പോൾ അവർ അങ്ങോട്ടു നീങ്ങി. സ്വാതന്ത്ര്യത്തിന്റെ പത്താമാണ്ടിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി. കമ്മ്യൂണിസ്റ്റ് സർക്കാർ ജന്മിയുടെ പറമ്പിൽ എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടാവുന്ന അവസ്ഥയിൽ കഴിഞ്ഞിരുന്ന കുടികിടപ്പുകാരെ ആ ഭീഷണിയിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ മോചിപ്പിച്ചു.

സര്‍ക്കാരിന്റെ പദ്ധതിയെ പ്രതിപക്ഷ കക്ഷികളും ജാതിമത സംഘടനകളും എതിർത്തു. കാർഷിക പരിഷ്കാരം നായന്മാർക്ക് ദോഷകരമാണെന്ന് എൻ.എസ്. എസും വിദ്യാഭ്യാസ പരിഷ്കാരം ക്രൈസ്തവർക്ക് ദോഷകരമാണെന്ന് ക്രൈസ്തവ സഭകളും വാദിച്ചു. ഇരുകൂട്ടരുടെയും വാദം തെറ്റായിരുന്നു. ഭൂപരിഷ്കരണം നായർ സമുദായത്തിന്  പൊതുവിൽ ഗുണകരമായിരുന്നു. നായര്‍ സമുദായത്തില്‍ ഭൂമി നഷപ്പെട്ടവരേക്കാളേറെ ഭൂമി കിട്ടിയവരുണ്ടായിരുന്നു സ്വകാര്യ മാനേജ്മെന്റുകളുടെമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുണ്ടാക്കിയ വിദ്യാഭ്യാസ നിയമം ക്രൈസ്തവരുൾപ്പെടെ എല്ലാ സമുദായങ്ങളിലെയും അദ്ധ്യാപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്നതായിരുന്നു. പക്ഷെ സ്കൂളുകൾ നടത്തുന്ന ക്രൈസ്തവ സഭകൾക്ക്  അതിഷ്ടപ്പെട്ടില്ല. യഥാര്‍ത്ഥത്തിൽ പരിഷ്കാര നടപടികൾ ഹനിച്ചത് സമുദായങ്ങളെയല്ല അവയിലെ സ്ഥാപിതതാല്പര്യങ്ങളെയാണ്. രാഷ്ട്രീയ എതിരാളികൾ അവരുമായി കൈകോർത്തപ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാരിന് പിടിച്ചുനിൽക്കാനായില്ല. നവോത്ഥാനം പിന്നോട്ടു തള്ളിയ ജാതിമതചിന്ത തിരിച്ചുവന്നു. ജാതിമത സംഘടനകൾക്ക് അധികാര രാഷ്ട്രീയത്തിൽ ഇടം കിട്ടി.

ഏതാനും കൊല്ലത്തെ വടംവലികൾക്കുശേഷം ഇടതുവലതുഭേദമന്യെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്വീകാര്യമായ ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നു. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം പ്രയോഗപഥത്തിലെത്തിയപ്പോൾ ഭൂമി കിട്ടിയത്  പാടത്തിറങ്ങി പണിയെടുത്തവർക്കല്ല, വരമ്പത്തു നിന്ന് പണിയെടുപ്പിച്ചവർക്കാണ്. വർഗ്ഗം ജാതിക്ക് വഴി മാറി. സുപ്രീം കോടതി കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടു വന്ന വിദ്യാഭ്യാസ നിയമം ശരിവെച്ചു. പക്ഷെ അതിലെ അദ്ധ്യാപകർക്ക് ഗുണപ്രദമായ നിയമവ്യവസ്ഥകൾ നടപ്പിലാക്കാൻ ഒരു സർക്കാരും കൂട്ടാക്കിയില്ല. പൊതുസമ്മതത്തോടെ രാഷ്ട്രീയ കേരളം വർഗ്ഗതാല്പര്യം വീണ്ടും ബലികഴിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം നേടുകയും പുറത്താക്കപ്പെടുകയും ചെയ്ത കാലത്ത് കേരളം ദേശീയ ശരാശരിക്കു താഴെ മാത്രം ആളോഹരി വരുമാനമുള്ള സംസ്ഥാനമായിരുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. വിദേശത്ത് , പ്രത്യേകിച്ച്    ഗൾഫ് രാജ്യങ്ങളിൽ,  പണിയെടുക്കുന്ന ലക്ഷക്കണിക്കിനാളുകൾ അയക്കുന്ന പണമാണ്  ഈ മാറ്റം സാദ്ധ്യമാക്കിയത്. ഗൾഫ് പ്രവാസികളിൽ ഒരു നല്ല വിഭാഗം  സാമൂഹിക കാരണങ്ങളാൽ ഇവിടെ വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്നവരാണ് . അവരുടെ സാമ്പത്തിക വളർച്ച സാമൂഹിക അസന്തുലിതാവസ്ഥ കുറയ്ക്കാൻ സഹായകമായി. എന്നാൽ പിന്നീട് പ്രവാസികളിൽ നിന്ന് ഒരു അതിസമ്പന്നവിഭാഗം ഉയർന്നു വരികയും അതിന്റെ ഫലമായി സാമ്പത്തിക അസമത്വം വീണ്ടും വർദ്ധിക്കുകയും ചെയ്തു. പുറത്തു നിന്നുള്ള പണമൊഴുക്കിനെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം ഇപ്പോൾ സജീവമാണ്. എന്നാൽ ഇവിടെ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളിലേറെയും മണല്‍ വാരലും പാറ പൊട്ടിക്കലും പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും അതുകൊണ്ടുതന്നെ സ്ഥലവാസികളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധവുമാണ്. ഇതരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ-ഔദ്യോഗിക സംവിധാനത്തിന്റെ രക്ഷാധികാരത്തിലും മാഫിയാ സംഘങ്ങളുടെ സംരക്ഷണത്തിലും മാത്രം നടത്തിക്കൊണ്ടുപോകാനാകുന്നവയാണ്.

പഴയ സമ്പന്ന വർഗ്ഗത്തെപ്പോലെ  പുതിയ സമ്പന്ന വർഗ്ഗവും ജാതിമതമേധാവിത്വത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉറ്റ ചങ്ങാതിയാണ്. വർഗ്ഗസമരഭീതി അതിനെ അലട്ടുന്നില്ല. തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. മദ്യമുതലാളിയും മദ്യ തൊഴിലാളിയും ഒന്നിച്ച് സമരം ചെയ്യുന്നു. ബസ് മുതലാളിയും ബസ് തൊഴിലാളികളും ഒന്നിച്ച് സമരം ചെയ്യുന്നു. വര്‍ഗ്ഗസമരം കാലഹരണപ്പെട്ട സാഹചര്യത്തില്‍ മദ്ധ്യവര്‍ഗ്ഗം സമ്പന്നവര്‍ഗ്ഗത്തിലേക്ക് മാറുവാന്‍ സഹായിക്കുന്ന തട്ടിപ്പു പരിപാടികള്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ്.(ഇന്ത്യാ ടുഡേ, ഓണം സ്പെഷ്യൽ, സെപ്തംബർ 10, 2014.)

Saturday, August 9, 2014

ആദിവാസി മേഖലകൾ പട്ടിക പ്രദേശമായി പ്രഖ്യാപിക്കണം

സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നില്പുസമരത്തിൽ


ഇന്ന്, ആഗസ്റ്റ് ഒമ്പത്, ലോക ആദിവാസി ദിനമാണ്. ഐക്യരാഷ്ട്രസഭ ഈ ദിനം പ്രഖ്യാപിച്ചിട്ട് ഏതാനും കൊല്ലമായി. നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ദിനത്തെ തീർത്തും അവഗണിക്കുകയാണ്. ആദിവാസികളിലില്ലാത്ത താല്പര്യമെങ്ങനെ ആദിവാസി ദിനത്തിലുണ്ടാകും?

കേരളത്തിലെ ആദിവാസികളുടെ സമകാല ചരിത്രം ഇതരവിഭാഗങ്ങളുടെ വഞ്ചനയുടെയും നീതികേടിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും ചരിത്രമാണ്. ഇവിടത്തെ മുഖ്യധാര ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ മുഖ്യധാരകളേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ ഇവിടത്തെ ആദിവാസികൾ മറ്റ് പല സംസ്ഥാനങ്ങളിലെയും ആദിവാസികളേക്കാൾ പിന്നിലാണ്. കേരളീയർ അഭിമാനം കൊള്ളുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പുരോഗതിയുടെ പൊള്ളത്തരം – കാപട്യം എന്ന വാക്ക് നമുക്ക് ഒഴിവാക്കാം – ഇത് വെളിവാക്കുന്നു. 

ഒരു തീരുമാനമെടുക്കുമ്പോൾ ദരിദ്രരിൽ ദരിദ്രരായവർക്ക് അത് ഗുണം ചെയ്യുമോ എന്ന് ചിന്തിക്കണമെന്ന് ഗാന്ധി പറഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അധികാരം കയ്യാളിയവർ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ ഇത്ര പരിതാപകരമാകുമായിരുന്നില്ല. ആദിവാസി ഊരുകളിൽ പട്ടിണിമരണങ്ങൾ തുടർക്കഥയാകുമായിരുന്നില്ല. കാലാകാലങ്ങളിൽ ഗോത്രവർഗ്ഗങ്ങൾക്ക് തിരുവനന്തപുരത്തു വന്ന് സമരം ചെയ്യേണ്ടിവരുമായിരുന്നില്ല.

മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ശീതീകരിച്ച മുറികളിലിരുന്നു ഭരിച്ചു തകർക്കുമ്പോൾ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ കുറെ ആദിവാസികൾ സെക്രട്ടേറിയറ്റിനു മുമ്പിൽ ആഴ്ചകളായി നില്പു സമരം നടത്തുകയാണ്. പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും ബിഷപ്പുമാരുടെ അരമനകളിലേക്കും ഓടുന്ന ഭരണാധികാരികൾക്ക് അവരുടെ പടിക്കൽ വെയിലും മഴയും കൊണ്ടു നിൽക്കുന്നവരെ കാണാൻ സമയമില്ല. ആ നില്പു സത്യഗ്രഹികൾ ആവശ്യപ്പെടുന്നത് വർഷങ്ങൾക്കു മുമ്പ് അവർ ഉന്നയിച്ചതും ചെയ്യാമെന്ന് സർക്കാർ ഏറ്റതുമായ കാര്യങ്ങൾ ചെയ്യണമെന്നു മാത്രമാണ്.

ഒരു സർക്കാർ വലിയ ആഘോഷത്തോടെ ജനകീയാസൂത്രണം നടത്തി. മറ്റൊരു സർക്കാർ ജനസമ്പർക്കം നടത്തി. ഇതിനിടയിലാണ് മുത്തങ്ങയും ആറളവും ചെങ്ങറയും അരിപ്പയുമൊക്കെ സംഭവിക്കുന്നത്.

ഭരണപ്രതിതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് തിരികെ നൽകാൻ നിയമമുണ്ടാക്കിയതും പിന്നീട് ഒറ്റക്കെട്ടായി അതു റദ്ദാക്കി പകരം ഭൂമി നൽകാൻ വേറെ നിയമമുണ്ടാക്കിയതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്. വനം കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സമീപനമാണ് ഒരു ചെറിയ വിഭാഗം മാത്രമായ ആദിവാസികളുടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനു തടസം നിൽക്കുന്നത്. 

ആദിവാസിതാല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല, കേരളത്തിലെ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. കാരണം കേരളം നിലനിൽക്കണെമെങ്കിൽ അവശേഷിക്കുന്ന കാടുകൾ നിൽനിൽക്കണം. ആ കാടുകൾ നിലനിൽക്കണമെങ്കിൽ ആദിവാസികൾ നിലനിൽക്കണം.

ആദിവാസികൾക്ക് ഉപജീവനത്തിനാവശ്യമായ ഭൂമി നൽകിയാലും പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് കരുതുന്നവരുണ്ട്. ആ ഭൂമിയും കയ്യേറ്റക്കാർ തട്ടിയെടുക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആ സാധ്യത തീർച്ചയായും തള്ളിക്കളയാനാകില്ല. രാഷ്ട്രീയക്കാരുടെ പിന്തുണയോടും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടുമാണ് കയ്യേറ്റക്കാർ ഭൂമി തട്ടിയെടുത്തത്. ഇനിയും അവർ അത് ചെയ്തെന്നു വരും. 

ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് ഭരണഘടന പട്ടികവർഗ്ഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങൾ പട്ടിക പ്രദേശങ്ങളായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കയ്യേറ്റക്കാർ പൂർണ്ണമായും കയ്യടക്കിയിട്ടില്ലാത്ത പ്രദേശങ്ങളെ പട്ടികപ്രദേശങ്ങളായി പ്രഖ്യാപിച്ചാലെ കേരളത്തിലെ ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്താനാകൂ.