Wednesday, September 4, 2013

വാർത്തകളുടെ വർത്തമാനം: ശ്രദ്ധിച്ചാൽ മതിയോ, വിശ്വസിക്കേണ്ടേ?

ബി.ആർ.പി. ഭാസ്കർ

ഒന്നര നൂറ്റാണ്ടുകാലം അച്ചടിമാദ്ധ്യമങ്ങളുടെ സ്വാധീനത്തിലായിരുന്ന മലയാളികളെ രണ്ട് പതിറ്റാണ്ടിൽ ദൃശ്യമാദ്ധ്യമങ്ങൾ കീഴ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ മണ്ണിൽ നിന്ന് ഉപഗ്രഹത്തിലേക്ക് സിഗ്നൽ അയക്കാൻ അനുവാദമില്ലാതിരുന്ന കാലത്താണ് ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ഏതാനും നിശ്ചിതസമയ ബുള്ളറ്റിനുകളോടെ വാർത്താസം‌പ്രേഷണം ആരംഭിച്ചത്. ഔദ്യോഗിക നയത്തിൽ അയവുണ്ടാവുകയും പുതിയ സാങ്കേതികവിദ്യ ലഭ്യമാവുകയും ചെയ്തതിനെ തുടർന്ന് ടെലിവിഷൻ വാർത്തയുടെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് വാർത്തകൾക്ക് മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ വാർത്താ ചാനലുകളെയാണ്. ടെലിവിഷൻ മേൽകൈ നേടിയെങ്കിലും പത്രങ്ങളുടെ പ്രചാരത്തിലും വായനയിലും ഇടിവുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിലും ആദ്യകാലത്ത് ടെലിവിഷൻ പത്രവായനയെ പ്രതികൂലമായി ബാധിച്ചിരുന്നില്ല.    

ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സ്വകാര്യ ചാനലുകൾ ആദ്യകാലത്ത് വാർത്താ ബുള്ളറ്റിനുകൾ റിക്കോർഡ് ചെയ്ത് വിദേശത്തുള്ള അപ്‌ലിങ്ക് കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്തത്. ഏഷ്യാനെറ്റ് മേധാവിയായിരുന്ന ശശി കുമാറിന് വാർത്ത ‘ലൈവ്’ ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് വാർത്താവായനക്കാരെ ഫിലിപ്പീൻസിലെ സുബിക് ബേയിലുള്ള അപ്‌ലിങ്ക് കേന്ദ്രത്തിലേക്ക് അയച്ചു. തിരുവനന്തപുരത്തെ ന്യൂസ് ഡസ്ക് ബുള്ളറ്റിനുകൾ തയ്യാറാക്കി ഫാക്സ് വഴി അവർക്ക് എത്തിച്ചു കൊടുത്തു. ദൂർദർശൻ ദേശീയതലത്തിലും പ്രാദേശികതലത്തിലും പിന്തുടർന്നിരുന്ന വാർത്ത ‘വായിക്കുന്ന’ രീതിയും ശശി കുമാറിന് സ്വീകാര്യമായിരുന്നില്ല. മാധ്യമപ്രവർത്തകർ വാർത്ത ‘അവതരിപ്പിക്കുക’യാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ പത്രപ്രവർത്തന പരിചയമുള്ളവരും സുബിക് ബേയിലേക്ക് നിയോഗിക്കപ്പെട്ടു. ദൃശ്യങ്ങൾക്ക് ചാനൽ ആശ്രയിച്ച ഏജൻസി വിദേശത്തുനിന്നുള്ള ധാരാളം ദൃശ്യങ്ങൾ നൽകി. എന്നാൽ ഇന്ത്യയിൽ നിന്ന് ദിവസം രണ്ട് ദൃശ്യവാർത്തകൾ മാത്രമാണ് അവർക്ക് നൽകാനായത്. ഏഷ്യാനെറ്റ് തന്നെ സംഘടിപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അന്നത്തെ സാഹചര്യങ്ങളിൽ അതാത് ദിവസം കാണിക്കാൻ കഴിയുമായിരുന്നില്ല. തിരുവനന്തപുരം കൂടാതെ കൊച്ചിയിലും കോഴിക്കോട്ടും ഏഷ്യാനെറ്റിന് ക്യാമറാ യൂണിറ്റുകൾ ഉണ്ടായിരുന്നെങ്കിലും അവിടങ്ങളിൽ എഡിറ്റിങ് സംവിധാനമുണ്ടായിരുന്നില്ല. എല്ലാ ദൃശ്യങ്ങളും തിരുവനന്തപുരത്തെ സ്റ്റുഡിയോവിൽ എഡിറ്റ് ചെയ്തശേഷം ചെന്നൈയും സിംഗപ്പൂരും വഴി വിമാനമാർഗ്ഗം സുബിക്ക് ബേയിലേക്ക് എത്തിക്കുകയായിരുന്നു.

ആ പ്രാകൃതാവസ്ഥയിൽ നിന്നാണ് മലയാള ടെലിവിഷൻ ഒരു ചെറിയ കാലയളവിൽ തത്സമയ സം‌പ്രേഷണ സംവിധാനത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ടത്തിൽ ടെലിവിഷൻ വാർത്താവിഭാഗത്തെ നയിച്ചിരുന്നതും വാർത്തയുടെ സ്വഭാവം നിർണ്ണയിച്ചതും അച്ചടിമാദ്ധ്യമ സ്വാധീനത്തിൽ വളർന്നവരായിരുന്നു. അവർ ടെലിവിഷൻ വാർത്തയെ മലയാളികൾക്ക് പരിചിതവും സ്വീകാര്യവുമായിരുന്ന ദിനപത്ര ശൈലിയോട് അടുപ്പിച്ച് നിർത്തി. പിന്നീട് വലിയ തോതിൽ അച്ചടിമാദ്ധ്യമ സ്വാധീനം ഉൾക്കൊണ്ടിട്ടില്ലാത്ത പുതിയ തലമുറ രംഗത്തെത്തി ഒരു പുതിയ ടെലിവിഷൻ വാർത്താശൈലി വികസിപ്പിച്ചു. എങ്കിലും ശരിയായ അർത്ഥത്തിൽ ഒരു ദൃശ്യഭാഷ ഇനിയും രൂപപ്പെട്ടിട്ടില്ല. ചാനൽ ദൃശ്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ പലപ്പോഴും അവ വാർത്തയെ ചിത്രീകരിക്കുക മാത്രമാണെന്ന് കാണാം. അച്ചടിമാദ്ധ്യമ പ്രവർത്തകരുടെ വിധേയത്വ സ്വഭാവമില്ലാത്ത യുവ ദൃശ്യമാദ്ധ്യമ പ്രവർത്തകർ രാഷ്ട്രീയ നേതാക്കളെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്തു. അവർ ഒളിക്യാമറ ഉപയോഗിച്ച് മുടിവെക്കപ്പെടുന്ന പലതും പുറത്തു കൊണ്ടുവന്നു.

പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ഉത്സാഹത്തോടെയാണ് ചാനൽ പ്രവർത്തകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചത്. വിവേചനം കൂടാതെയുള്ള തത്സമയ സം‌പ്രേഷണത്തിലൂടെ അവർ പ്രകൃതിദുരന്തങ്ങളെയും അതീവഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ സംഭവങ്ങളെയും ക്രീഡാകാഴ്ചകളാക്കി മാറ്റി. അടുത്തിടെ എൽ.ഡി.എഫ് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തിന് പതിനായിരങ്ങളെ തിരുവനന്തപുരത്തെത്തിക്കുകയും അതിനെ പ്രതിരോധിക്കാൻ സർക്കാർ വമ്പിച്ച തയ്യാറെടുപ്പ് നടത്തുകയും ചെയ്തപ്പോൾ ചാനലുകൾ നിരവധി ക്യാമറകളുപയോഗിച്ച് രംഗങ്ങൾ ഒപ്പിയെടുക്കുകയും പ്രേക്ഷകർ അഞ്ചു ദിവസം വരെ നീളാവുന്ന ടെസ്റ്റ് ക്രിക്കറ്റ് കാണുന്ന താല്പര്യത്തോടെ ടെലിവിഷൻ സെറ്റുകൾക്കു മുന്നിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. സമരക്കാഴ്ചകൾ പെട്ടെന്ന് അവസാനിച്ചത് പലരെയും നിരാശപ്പെടുത്തിയിട്ടുണ്ടാകണം.

ചാനലുകൾ മത്സരിച്ച് വാർത്ത പൊട്ടിക്കുമ്പോൾ (‘ബ്രേക്കിങ് ന്യൂസ്’) പ്രസക്തമായ വസ്തുതകൾ ശേഖരിച്ച് ആവശ്യമായ പശ്ചാത്തല വിവരങ്ങളോടെ നൽകുന്നതിനു പകരം റിപ്പോർട്ടർമാർക്ക് ഊഹാപോഹങ്ങൾ നൽകേണ്ടി വരുന്നു. സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അഭിഭാഷകനുമൊത്ത് കോടതിയിലെത്തി മജിസ്ട്രേട്ടിനോട് തനിക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞെന്ന വിവരം നൽകിയ റിപ്പോർട്ടറോട് ഒരവതാരകൻ ചോദിച്ചു: സരിതയും അഭിഭാഷകനും എന്താണുദ്ദേശിക്കുന്നത്? സരിത ഉന്നതരുടെ പേരുകൾ പറയുമോ? ഊഹാപോഹത്തിനുള്ള ക്ഷണമായിരുന്നു ഈ ചോദ്യങ്ങൾ. ആരിൽനിന്നും എന്തും എപ്പോഴും സ്വീകരിക്കാൻ ചാനലുകൾ സന്നദ്ധരാണ്. ഒരു മണി ബുള്ളറ്റിനും ഉച്ചയൂണും ഉപേക്ഷിച്ചാണ് ചാനൽ പ്രവർത്തകർ ഒരു ദിവസം ഐസ്ക്രീം കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചയാളെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കെ.എ. റൌഫിന്റെ പത്രസമ്മേളനം ‘ലൈവ്’ ആയി സം‌പ്രേഷണം ചെയ്തത്. ഒരു ‘എക്സ്ക്ലൂസീവ്’ വാഗ്ദാനം ചെയ്താൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന ഏത് ക്രിമിനലിനും ജനങ്ങളുടെ മുന്നിൽ നിരപരാധി ചമയാനുള്ള അവസരം നൽകാൻ ചാനലുകൾ തയ്യാറാണ്. ഈയിടെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളെ വിളിച്ച് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ തന്നോടു ചില കാര്യങ്ങൾ പറഞ്ഞതായി അറിയിച്ചു. ചാനലുകൾ ഉടനെ ആ കേട്ടുകേൾവി സം‌പ്രേഷണം ചെയ്തു. ചാനലുകളുമായി അതിനുമുമ്പു തന്നെ ബന്ധപ്പെട്ടിരുന്നയാളാണ് ഫെനി ബാലകൃഷ്ണൻ. അദ്ദേഹത്തിന് മാദ്ധ്യമങ്ങളോട് എന്തെങ്കിലും പറയാനൊ അവർക്ക് അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും അറിയാനൊ ഉണ്ടെങ്കിൽ ഒരിടനിലക്കാരന്റെ സഹായം ആവശ്യമില്ലെന്നിരിക്കെ വെള്ളാപ്പള്ളി നടേശനെപ്പോലെ സ്വന്തം അജണ്ടയുള്ള ഒരാളെ ആശ്രയിക്കുന്നതിന്റെ അനൌചിത്യം ചാനൽ പ്രവർത്തകർ മനസിലാക്കിയില്ല.    

വസ്തുതകളും അഭിപ്രായങ്ങളും വേർതിരിച്ചു നൽകുന്ന, ഉയർന്ന തൊഴിൽ മൂല്യങ്ങളിൽ അധിഷ്ടിതമായ സമീപനം മലയാള ചാനലുകൾ സ്വീകരിച്ചിട്ടില്ല. ചിലപ്പോൾ പ്രേക്ഷകരിൽ സ്തോഭവും സംഭ്രമവും ജനിപ്പിക്കാൻ അവർ ബോധപൂർവ്വം ശ്രമിക്കുന്നു. വികാരം കത്തി ജ്വലിപ്പിക്കാൻ പോരുന്ന വിശേഷണങ്ങൾ അവർ ഉപയോഗിക്കുന്നു. പീഡന വാർത്തകൾക്കു ചാനലുകൾ നൽകുന്ന ‘മകളെ മാപ്പ്‘, ‘മക്കളാണ് മറക്കരുത്’ തുടങ്ങിയ ശീർഷകങ്ങൾക്ക് മുദ്രാവാക്യങ്ങളുടെ സ്വഭാവമുണ്ട്. വിശേഷണങ്ങളുടെ അമിത ഉപയോഗം പ്രേക്ഷകരെ ഗുണപരമായി സ്വാധീനിക്കാനുള്ള ചാനലുകളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിയുന്നില്ല. ചില സാഹചര്യങ്ങളിൽ മുദ്രാവാക്യങ്ങൾക്ക് ന്യായീകണമുണ്ടാകാം. അമേരിക്കയിലെ ആഭ്യന്തരയുദ്ധം (1861-65) അവസാനിച്ചപ്പോൾ ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽ വാർത്തക്കു മുകളിലായി ‘വിജയം! വിജയം!’, ‘പതാകകൾ ഉയർത്തുവിൻ!’ എന്നിങ്ങനെ കുറെ മുദ്രാവാക്യങ്ങൾ നൽകിയിരുന്നു. നിർണ്ണായകമായ യുദ്ധം ആഗ്രഹിച്ച രീതിയിൽ അവസാനിച്ചതിൽ പത്രം ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റിയ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയം ന്യൂയോർക്ക് ടൈംസ് അത്തരം മുദ്രാവാക്യങ്ങളോടെയല്ല അവതരിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോൾ പത്രം ആർജ്ജിച്ച പക്വതയാണ് മാറിയ സമീപനത്തിൽ പ്രതിഫലിക്കുന്നത്. 

അച്ചടിമാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന കാലത്തു തന്നെ ജനകീയ വിഷയങ്ങളിൽ താല്പര്യം എടുത്തിരുന്ന പരേതനായ കെ. ജയചന്ദ്രനെപ്പോലുള്ള പത്രപ്രവർത്തകരുടെ സാന്നിധ്യം മൂലം ആദ്യം മുതൽക്കെ ടെലിഷൻ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ താല്പര്യമെടുത്തിരുന്നു. രാഷ്ട്രീയമാണ് ഇഷ്ടവിഷയമെങ്കിലും മിക്ക ചാനലുകളൂം ആ പാരമ്പര്യം തുടരുന്നുണ്ട്. വാർത്തകളിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങളിലേക്ക് അവർ നേരിട്ട് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയും തുടർന്ന് അവരെടുക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ റിപ്പോർട്ട് ‘ഇംപാക്ട്’ ഉണ്ടാക്കിയതായി അവകാശപ്പെടുകയും ചെയ്യുന്നുമുണ്ട്. എന്നാൽ കൊച്ചു വിജയങ്ങളല്ലാതെ ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ ഇടപെടലിന്റെ ഫലമായി വലിയ മാറ്റമുണ്ടായതായി ഒരു ചാനലിനും അവകാശപ്പെടാനാകുമെന്ന് തോന്നുന്നില്ല. സിനിമയുടെ ചരിത്രത്തിൽനിന്ന് ചാനലുകൾക്ക് പാഠം ഉൾക്കൊള്ളാവുന്നതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയാ കൂട്ടുകെട്ടു പോലുള്ള വിഷയങ്ങൾ ഏത് പത്രത്തേക്കാളും ശക്തമായി സിനിമകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം തുറന്നു കാട്ടാനല്ലാതെ പരിഹാരം കാണുന്നതിൽ സഹായിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ വിവേകത്തോടെയും ക്രിയാത്മകമായും കൈകാര്യം ചെയ്താൽ മാത്രമെ മാദ്ധ്യമങ്ങൾക്ക് ഈ ദുർഗതി ഒഴിവാക്കാനാകൂ.

നിലനിൽ‌പ്പിന് പരസ്യങ്ങളെ ആശ്രയിക്കേണ്ടതുകൊണ്ട് വിനോദ ചാനലുകളെപ്പോലെ വാർത്താ ചാനലുകൾക്കും പ്രേക്ഷകരുടെ എണ്ണം സംബന്ധിച്ച വിവരം നൽകുന്ന ‘ടാം’ റേറ്റിങിനായി മത്സരിക്കേണ്ടിവരുന്നു. ആത്യന്തികമായി, വിനോദ ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, വാർത്താ ചാനലുകളുടെ സ്ഥാനം നിർണ്ണയിക്കേണ്ടത് വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ മലയാള പത്രങ്ങളെപ്പോലെ പല വാർത്താ ചാനലുകളും ജനങ്ങൾ വിശ്വസിച്ചില്ലെങ്കിലും വേണ്ടില്ല അവരുടെ ശ്രദ്ധ ലഭിച്ചാൽ മതിയെന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റ് ഉപരോധം സംബന്ധിച്ച് അവർ നൽകിയ പല വിവരങ്ങളും തെറ്റായിരുന്നു. ഉദാഹരണത്തിന് കേന്ദ്ര സേന എത്തിയപ്പോൾ ഉപരോധക്കാരെ നേരിടുന്നതും കന്റോൺ‌മെന്റ് ഗേറ്റ് തുറന്നിരിക്കുന്നെന്ന് ഉറപ്പാക്കുന്നതും അവരാകുമെന്ന് ചാനലുകൾ റിപ്പോർട്ടു ചെയ്തു. എന്നാൽ സംസ്ഥാന പൊലീസാണ് ആ ചുമതലകൾ നിർവഹിച്ചത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും കണ്ടാലറിയാവുന്ന 15,000 പേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അവർ റിപ്പോർട്ടു ചെയ്തു. എന്നാൽ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ചാനലുകൾ നൽകിയ തെറ്റായ വിവരങ്ങളിൽ ചിലത് അധികൃതർ ബോധപൂർവ്വം പ്രചരിപ്പിച്ചതാകാം.  വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കാതെ സം‌പ്രേഷണം ചെയ്യാൻ തയ്യാറുള്ള ചാനലുകളെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനാകും.

ചാനലിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ അവതാരകരും റിപ്പോർട്ടർമാരും വ്യക്തിപരമായും വിശ്വാസം നേടേണ്ടതുണ്ട്. പാശ്ചാത്യചാനലുകൾ വാർത്തയുടെ ആധികാരിത ഉറപ്പാക്കാൻ  അവതാരകർ ഔപചാരികമായ വേഷം ധരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ രീതി പിന്തുടർന്ന് നമ്മുടെ ചില അവതാരകരും ഔപചാരിക പാശ്ചാത്യവേഷത്തിലാണ് ക്യാമറയെ അഭിമുഖീകരിക്കുന്നത്. നമുക്ക് പൊതുവെ അംഗീകരിപ്പെട്ടിട്ടുള്ള ഒരു ഡ്രസ് കോഡ് ഇല്ല. ഷർട്ടിടാത്ത ഗാന്ധിയും ശ്രീനാരായണനും ജനങ്ങളുടെ ആദരവ് നേടിയ ഇവിടെ വിശ്വാസ്യതക്ക് വേഷവിധാനത്തെ ആശ്രയിക്കേണ്ടതില്ല. എന്നാൽ പാശ്ചാത്യവേഷം അണിയുന്നവർ ഔപചാരികത പാലിക്കുന്നതാകും നല്ലത്. അവതാരകരുടെയും റിപ്പോർട്ടർമാരുടെയും ശരീരഭാഷയും സംഭാഷണരീതിയും വേഷത്തേക്കാൾ പ്രാധാന്യമർഹിക്കുന്നു. സ്ക്രിപ്റ്റ് നോക്കി വായിക്കുമ്പോഴും പ്രേക്ഷകനോട് സംസാരിക്കുന്ന രീതിയിലുള്ള അവതരണമാണ് അഭികാമ്യമെന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രേഷകരുടെ അംഗീകാരം നേടിയ നിരവധി അവതാരകർ നമുക്ക് ഇപ്പോൾ തന്നെയുണ്ട്. അവരിൽ ചിലർ നാർസിസ്സത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

‘ലൈവ്‘ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ചാനലുകൾ നമ്മുടെ സാഹചര്യങ്ങളിലടങ്ങിയിട്ടുള്ള പരിമിതികൾ കണക്കിലെടുത്തില്ല. വാർത്താചാനലുകളുടെ മുഖ്യ ആകർഷണമായി മാറിയിട്ടുള്ള ഒരു മണിക്കൂർ നീളുന്ന രാത്രി ചർച്ചയുടെ കാര്യത്തിൽ ഇത് പ്രകടമാണ്. കേരള സംഭവങ്ങളാണ് പതിവായി ചർച്ച ചെയ്യുന്നത്. അപൂർവമായി മാത്രമെ ദേശീയ അന്താദ്ദേശീയ വിഷയങ്ങൾ ചർച്ചക്ക് വരാറുള്ളു. ഒരു മണിക്കൂർ നേരത്തെ ചർച്ച അർഹിക്കുന്ന സംഭവങ്ങൾ നിത്യവും ഉണ്ടാകാത്തതുകൊണ്ട് പലപ്പോഴും ചാനലുകൾ അപ്രധാന വിഷയങ്ങൾ ചർച്ചക്കെടുക്കാൻ നിർബന്ധിതരാകുന്നു. മുൻ‌കൂട്ടി സമയം നിശ്ചയിച്ചിട്ടുള്ള പരിപാടിയാകയാൽ തെരഞ്ഞെടുത്ത വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യരായവരെ കിട്ടിയില്ലെന്നു വരും. അപ്പോൾ കിട്ടുന്നവരെ വെച്ച് ചർച്ച നടത്തേണ്ടി വരുന്നു. എല്ലാ വിഷയങ്ങളെയും യു.ഡി.എഫ്-എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽ ചർച്ച ചെയ്യുന്ന രീതിയാണ് ചാനലുകൾ സ്വീകരിച്ചിട്ടുള്ളത്. മേമ്പൊടിയായി ബി.ജെ.പിയും ഉണ്ടാകും. ബഹുഭൂരിപക്ഷം മലയാളികളും രണ്ട് മുന്നണികളിലൊന്നിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏതു സാഹചര്യത്തിലും സ്വന്തം മുന്നണിക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്ന് കരുതുന്നവരാണവർ. ചർച്ചയിൽ പങ്കെടുക്കുന്ന യു.ഡി.എഫ് വക്താവിന് എൽ.ഡി.എഫ് വക്താവിന്റെ വാദങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. പ്രതിയോഗി എൽ.ഡി.എഫുകാരനാണെന്ന് ഓർമ്മിപ്പിച്ചാൽ മതി. പണ്ടെന്നൊ എൽ.ഡി.എഫ് ചെയ്ത ഏതെങ്കിലും പാതകം ചൂണ്ടിക്കാണിക്കുക കൂടി ചെയ്താൽ യു.ഡി.എഫ് പ്രേക്ഷകൻ സന്തുഷ്ടനായി. സോളാർ തട്ടിപ്പ് ചർച്ചകളിൽ യു.ഡി.എഫ്.നേതാക്കൾ ലാവ്‌ലിൻ അഴിമതി ആരോപണം നിരന്തരം ഉയർത്തിയത് ഇക്കാരണത്താലാണ്. അതുപോലെ തന്നെ എൽ.ഡി.എഫ് വക്താവിന് യു.ഡി.എഫ് വക്താവിന്റെ വാദങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യവുമില്ല. ഇടയ്ക്ക് പാമൊലീൻ കേസ് പോലെ എന്തെങ്കിലും യു.ഡി.എഫിന്റെ നേർക്ക് എറിഞ്ഞാൽ എൽ.ഡി.എഫ് പ്രേക്ഷകന് സന്തോഷമാവും.

വാർത്താ പരിപാടികൾ പുതിയ വസ്തുതകൾ പുറത്തുകൊണ്ടുവരികയൊ അറിയപ്പെടുന്ന വസ്തുതകളെ പുതിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുകയൊ ചെയ്യണം. ചാനൽ ചർച്ചകൾ അതിനുപകരിക്കുന്നില്ല. അടുത്തകാലത്ത് ഒരു ചർച്ചയിൽ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഷാഫി മേത്തറും ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രനും അന്യോന്യം വെല്ലുവിളിക്കുന്നത് കേട്ടു. ആരോപണങ്ങൾ തെളിയിച്ചാൽ തന്റെ സ്വത്ത് മുഴുവൻ സുരേന്ദ്രന് കൊടുക്കാമെന്ന് മേത്തർ. തനിക്ക് സ്വത്തില്ലെന്നും എന്നാൽ കേസ് പറയാൻ തയ്യാറാണെന്നും സുരേന്ദ്രൻ. ഇത്തരം വാഗ്വാദങ്ങൾ ആർക്കും ഒരു ഗുണവും ചെയ്യില്ല. പക്ഷെ പരദൂഷണതല്പരർക്ക് കേട്ടിരിക്കാനാകും. ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ചർച്ചക്കു വരുകയുണ്ടായി. അദ്ദേഹം ഇന്ത്യൻ സംഘത്തെ നയിക്കാൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന സ്വരൺ സിങ്ങിനെ നിയോഗിച്ചു. ആ തീരുമാനത്തിന്റെ ഔചിത്യം ചോദ്യം ചെയ്ത ഒരു സഹപ്രവർത്തകനോട് ശാസ്ത്രി ഇങ്ങനെ പറഞ്ഞത്രെ: “നെഹ്രു കൃഷ്ണമേനോനെ അയച്ചു. അദ്ദേഹം എട്ടു മണിക്കൂർ നീണ്ട പ്രസംഗം നടത്തി കശ്മീർ പ്രശ്നത്തെ കുറിച്ച് എല്ലാവരെയും പഠിപ്പിക്കാൻ ശ്രമിച്ചു. ഫലമുണ്ടായില്ല. ഞാൻ സ്വരൺ സിങ്ങിനെ അയക്കുന്നു. അദ്ദേഹം എല്ലാവരുടെയും മനസ്സിൽ കുഴപ്പമുണ്ടാക്കും”. ഏതാണ്ട് ഇതേ മനോഭാവത്തോടെയാണ് ചില രാഷ്ട്രീയ കക്ഷികൾ ചർച്ചകളിൽ പങ്കെടുക്കാൻ നേതാക്കളെ നിയോഗിക്കുന്നത്. ചാനലുകളുടെ എണ്ണത്തിനൊത്ത് പാർട്ടി വക്താക്കളുടെ എണ്ണം വർദ്ധിക്കുന്നില്ല. ഒരേ ആളുകൾ ഒരേ സമയം ഒന്നിലധികം ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കുന്നത് ഇന്നൊരു സാധാരണ കാഴ്ചയാണ്. ‘ലൈവ്’ എന്നവകാശപ്പെടുന്ന ചില ചർച്ചകൾ നേരത്തെ റിക്കാർഡ് ചെയ്തതാണെന്ന് ഇത് വ്യക്തമാക്കുന്നു. 

തുടക്കത്തിൽ ചർച്ചകൾക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നുണ്ടോയെന്ന് സംശയമാണ്. ഒമ്പത് മണിക്ക് റിമോട്ട് ഉപയോഗിച്ച് ഒരോട്ടപ്രദക്ഷിണം നടത്തിയാൽ ഓരോ ചാനലിലും ചർച്ചക്ക് ആരൊക്കെ വന്നിട്ടുണ്ടെന്ന് മനസിലാക്കാം. മിക്കവരും പതിവായി വരുന്നവരാകയാൽ അവർ എന്ത് പറയുമെന്ന് ഏറെക്കുറെ അനുമാനിക്കുകയും ചെയ്യാം. ചർച്ച പിന്നീട് സമയംകൊല്ലി മാത്രമാണ്. ഇതിന്റെ അർത്ഥം ആരും ഇപ്പോൾ ചർച്ചകൾ കാണാനും കേൾക്കാനും കൂട്ടാക്കുന്നില്ലെന്നല്ല. അവ തീർച്ചയായും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.  ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ചാനൽ ചർച്ചകൾ ശീലമായിരിക്കുന്നെന്നു മാത്രമാണ്. എല്ലാ മാദ്ധ്യമങ്ങളും ശീലങ്ങളാണ്. ദൃശ്യമാധ്യമങ്ങൾ അച്ചടിമാധ്യമങ്ങളേക്കാൾ വേഗത്തിൽ ശീലങ്ങളായി മാറുന്നു. പത്രം വായിക്കാനെടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ഒരാൾ ടെലിവിഷന്റെ മുന്നിൽ ചെലവാക്കുന്നെന്നതും ടെലിവിഷൻ കാണുന്നത് പത്രം വായിക്കുന്നതു പോലെ തലച്ചോറിന്റെ പ്രവർത്തനം ആവശ്യപ്പെടുന്നില്ലെന്നതും ശീലം ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. 
 
മലയാള ചാനലുകളേക്കാൾ എത്രയോ മടങ്ങ് വിഭവശേഷിയുള്ള വിദേശ ചാനലുകൾ നിത്യവും ഒരു മണിക്കൂർ നീളുന്ന വാർത്താ ചർച്ചകൾ സംഘടിപ്പിക്കുന്നില്ല. പ്രശസ്ത അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ വാൾട്ടർ ക്രോങ്കൈറ്റ് 1962ൽ സി.ബി.എസ് ഈവിനിങ് ന്യൂസിന്റെ അവതാരകനായെത്തിയപ്പോൾ അതൊരു 15 മിനിട്ട് പരിപാടി മാത്രമായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം പരിപാടിയുടെ ദൈർഘ്യം 30 മിനിട്ടായി വർദ്ധിപ്പിക്കപ്പെട്ടു. ഏതാണ്ട് അതേകാലത്തുതന്നെ മറ്റ് അമേരിക്കൻ ചാനലുകളും അര മണിക്കൂർ ബുള്ളറ്റിനുകൾ തുടങ്ങി. വിഭവശേഷി കുറവായതുകൊണ്ടാകണം മലയാള സ്വകാര്യ ചാനലുകൾ ഒരു മണിക്കൂർ ചർച്ച ഉപേക്ഷിക്കാത്തത്. ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്ന പതിവില്ലാത്തതു കൊണ്ട് ചെലവില്ലാതെ ചർച്ചകൾ സംഘടിപ്പിക്കാനാകുന്നു. ചർച്ച കേൾക്കാതെ ആ സമയത്ത് പുസ്തകം വായിക്കാൻ ഡോ. ബി. ഇക്ബാൽ ഈയിടെ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉപദേശിക്കുകയുണ്ടായി. ഒരു പ്രബുദ്ധ പ്രേക്ഷകന്റെ ഈ നിരീക്ഷണം ചാനൽ മേധാവികൾ ശ്രദ്ധിക്കണം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപതംബർ 1-7, 2013)

Thursday, August 29, 2013

ജനവിധി കാലഹരണപ്പെട്ടിരിക്കുന്നു

ബി.ആർ.പി. ഭാസ്കർ
 
കേരളരാഷ്ട്രീയം സരിതമയമായിട്ട് രണ്ട് മാസത്തിലധികമായി. പുതിയ വിഷയം കിട്ടുമ്പോൾ പഴയത് ഉപേക്ഷിച്ചു അതിന്റെ പിന്നാലെ പോകുന്ന മാധ്യമങ്ങൾ ആഴ്ചകളായി സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ശാലു മേനോനും കേന്ദ്രപാത്രങ്ങളായ സോളാർ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രിസഭാ പുന:സംഘടനപോലെ ഒരു വലിയ രാഷ്ട്രീയ പ്രമേയം എറിഞ്ഞു കൊടുത്തിട്ടും മാധ്യമങ്ങൾ അത് പൂർണ്ണമായും വിട്ടില്ല.

തട്ടിപ്പുകളും പെണ്ണുകേസുകളും കേരളത്തിന് പുത്തരിയല്ല. അത്തരം കേസുകളിൽ പെട്ടവരുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചുള്ള കഥകൾ നാം ഏറെ കേട്ടിട്ടുണ്ട്. അവയൊന്നും രണ്ടു മാസം തുടർച്ചയായി വാർത്താ ചാനലുകളിൽ ഓടിയിട്ടില്ല. ദൃശ്യമാധ്യമ സ്വാധീനത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകാലത്ത് മലയാളി മനസിൽ വികസിച്ചിട്ടുള്ള സംഭ്രമകൌതുകം മാത്രമല്ല സരിത-ബിജു-ശാലു വ്യവഹാരങ്ങളിലെ താല്പര്യത്തിനു പിന്നിലുള്ളത്. വിശാലമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാനങ്ങളുള്ള ഒരു പ്രശ്നത്തിന്റെ ചുരുളുകളാണ് ഈ തട്ടിപ്പു കേസ് അന്വേഷണങ്ങളിലൂടെ അഴിഞ്ഞിട്ടുള്ളത്.

ഒരു നൂറ്റാണ്ടു മുമ്പ് നടന്ന കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരം ഫ്യൂഡൽ ജീർണ്ണത തുറന്നുകാട്ടിയ സംഭവമായിരുന്നു. ജീർണ്ണാവസ്ഥയിലും കുറഞ്ഞ തോതിലുള്ള സത്യസന്ധത അന്നത്തെ കൊച്ചി രാജ്യത്ത് നിലനിന്നിരുന്നതുകൊണ്ട് താത്രി തന്നെ പ്രാപിച്ചവരെ സംബന്ധിച്ച വിവരങ്ങൾ തെളിവു സഹിതം നിരത്തിയപ്പോൾ വ്യവസ്ഥയുടെ സംരക്ഷകർക്ക് അവയ്ക്ക് നേരെ കണ്ണടയ്ക്കാനായില്ല. അങ്ങനെ അത് ഫ്യൂഡൽ സമൂഹത്തിന്റെ ശുദ്ധീകരണത്തിന് വഴിതെളിച്ചു. നവോത്ഥാനാനന്തര കാലത്ത് കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും കുമിഞ്ഞുകൂടിയിട്ടുള്ള ജീർണ്ണതയാണ് സോളാർ തട്ടിപ്പു കേസുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. ഒരാധുനിക സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിനാവശ്യമായ കുറഞ്ഞ തോതിലുള്ള സത്യസന്ധത ഇന്നത്തെ കേരളത്തിലില്ലാത്തതുകൊണ്ട് വ്യവസ്ഥയുടെ സംരക്ഷകർക്ക് അതിനു നേരെ കണ്ണടക്കാൻ കഴിയുന്നു. പുറത്തു വരുന്ന വസ്തുതകൾ അവർ അതിവേഗം തമസ്കരിക്കുകയൊ വികലമാക്കുകയൊ ചെയ്യുന്നു. 

ജൂൺ ആദ്യം സരിത നായർ ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒരു സാധാരണ തട്ടിപ്പു കേസായി മാത്രമെ മാധ്യമങ്ങളും പൊതുജനങ്ങളും അതിനെ കണ്ടുള്ളു. പക്ഷെ തട്ടിപ്പു നടത്തിയവർ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഏതാനും പേരുമായി നിരന്തരം ടെലിഫോൺ ബന്ധം പുലർത്തിയിരുന്നെന്ന വസ്തുത കേസിന്റെ സ്വഭാവം മാറ്റിമറിച്ചു. മൊബൈൽ ഫോൺ കൊണ്ടുനടക്കാത്ത ഉമ്മൻ ചാണ്ടി ബാഹ്യലോകവുമായി ബന്ധം പുലർത്തിയിരുന്നത് അവരുടെ ഫോണുകളിലൂടെയായിരുന്നത് തട്ടിപ്പു കേസ് പ്രതികൾ അവരിലൂടെ മുഖ്യമന്ത്രിയുമായും ബന്ധം പുലർത്തിയിരുന്നെന്ന് അനുമാനിക്കാൻ കാരണമായി. പ്രതിപക്ഷവും മാധ്യമങ്ങളും ഇത് സംബന്ധിച്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്കായില്ല. ഒരൌദ്യോഗിക യാത്രക്കിടയിൽ മുഖ്യമന്ത്രി ബിജു രാധാകൃഷ്ണനുമായി ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം സംസാരിച്ചെന്ന വാർത്ത അദ്ദേഹത്തിന് നിഷേധിക്കാനായില്ല. ബിജു കുടുംബപ്രശ്നങ്ങളാണ് സംസാരിച്ചതെന്ന ഉമ്മൻ ചാണ്ടിയുടെ വിശദീകരണം സംഗതി കൂടുതൽ വഷളാക്കി. കാരണം ബിജു ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്നയാളാണ്.

സരിത അറസ്റ്റിലായതിനു പിന്നാലെ അവരുടെ ഫോൺകാൾ ലിസ്റ്റിൽ പേരുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ് എന്നിവരെയും ഗൺ‌മാൻ സലിം രാജിനെയും ഉമ്മൻ ചാ‍ണ്ടി പുറത്താക്കി. അതേസമയം അവർ എന്തെങ്കിലും തെറ്റു ചെയ്തതായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഫോൺ ചെയ്യുന്നത് കുറ്റമാണോ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. കേരളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഭരണരംഗത്തെ ഒരു വിശിഷ്ടവിഭാഗമാണ്. മന്ത്രിമാർ നേരിട്ടോ അവർക്കുവേണ്ടി പാർട്ടിയൊ തെരഞ്ഞെടുക്കുന്ന വിശ്വസ്തരാണവർ. മന്ത്രിയോടൊ പാർട്ടിയോടോ വ്യക്തിപരമായി കൂറു പുലർത്താൻ ബാധ്യസ്ഥരായവരും. വെറും പതിമൂന്ന് മാസത്തെ സേവനത്തിലൂടെ അവർ ആജീവനാന്ത പെൻഷന് അർഹത നേടുന്നു. ഭരണമാറ്റം നടക്കുമ്പോൾ അവർ മന്ത്രിക്കൊപ്പം പുറത്തുപോവുകയും തിരിച്ചുവരികയും ചെയ്യുന്നു. ഇത് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സവിശേഷവും സുദൃഢവുമായ വ്യക്തിബന്ധത്തിന് തെളിവാണ്. ഈ സാഹചര്യങ്ങളിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ചെയ്തികളെക്കുറിച്ച് മന്ത്രിക്ക് നേരിട്ട് അറിവില്ലെങ്കിൽ തന്നെയും അതിന്റെ ഉത്തര വാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

പുറത്തായ പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ ചിലരുടെ പ്രവർത്തനം സംശയാസ്പദമാണെന്ന് താൻ മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നെന്ന യു.ഡി.എഫ്. ചീഫ് വിപ്പ് പി.സി. ജോർജ്ജിന്റെ വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടിയുടെ നിഷ്കളങ്കതാനാട്യം പൊളിച്ചടുക്കുന്നു. സരിതയെക്കുറിച്ച് സംശയമുയർന്നതിനാൽ അന്വേഷണം നടത്തുകയും ലഭിച്ച വിവരങ്ങൾ ഫെബ്രുവരി 18നൊ 20നൊ നേരിട്ടു മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തെന്നാണ് ജോർജ് പറഞ്ഞത്. അതായത് സരിതയും ജോപ്പനും അറസ്റ്റിലാകുന്നതിനു മുന്നൊ നാലൊ മാസം മുമ്പു തന്നെ അവരുടെ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രിക്കു വിവരം ലഭിച്ചിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുറഞ്ഞത് അത്രയും കാലം ഉമ്മൻ ചാണ്ടി അവരെ അറിഞ്ഞുകൊണ്ട് സംരക്ഷിച്ചു. സരിതക്ക് മുഖ്യമന്ത്രിയുടെ ആപ്പീസുമായുള്ള അടുപ്പമാണ് സോളാർ പദ്ധതിയുടെ പേരിൽ പണം നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് തട്ടിപ്പിനിരയായ ചിലർ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, കേസന്വേഷണം സത്യസന്ധമായാണ് നീങ്ങുന്നതെങ്കിൽ ജോപ്പനെയും കൂട്ടരെയും ചോദ്യം ചെയ്തശേഷം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതായിരുന്നു.  മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോയെന്ന് അന്വേഷണ സംഘത്തിനു തീരുമാനിക്കാമെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിനെ ഭംഗിവാക്കായെ കാണാനാകൂ. മുഖ്യമന്ത്രിയെ ഒരു പൊലീസുദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നത് അഭിലഷണീയമല്ല.  ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടാൻ മുഖ്യമന്ത്രി തയ്യാറാകണം. അതിനുള്ള ധാർമ്മിക ധൈര്യം ഉമ്മൻ ചാണ്ടിക്ക് ഇല്ലാതെപോയി.

ബംഗ്ലൂരുവിലെ ഡക്കാൺ ഹെറാൾഡ് പത്രത്തിൽ ജോലി ചെയത കാലത്തെ ഒരനുഭവം കുറിക്കട്ടെ. കർണ്ണാടകത്തിലെ സ്വകാര്യ പ്രൊഫഷണൽ കോളെജുകളിലേക്ക് കേരളത്തിൽ നിന്ന് കുട്ടികളെ കയറ്റി അയച്ചിരുന്ന സംഘത്തിൽ പെട്ട ഒരു മലയാളി അഭിഭാഷകൻ കൊല്ലപ്പെട്ടു. സംശയത്തിന്റെ മുന ചില കോളെജ് മാനേജ്മെന്റുകളിലേക്കാണ് നീണ്ടത്. സ്വന്തമായി സ്വകാര്യ കോളെജുള്ള ആർ. എൽ. ജാലപ്പ ആയിരുന്നു സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി. കേസ് അന്വേഷണം സി.ബി.ഐ.ക്കു വിട്ടു. ജാലപ്പയുമായി അടുപ്പമുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത സി.ബി.ഐ. ഉദ്യോഗസ്ഥൻ മന്ത്രിയോടും ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ജാലപ്പ മന്ത്രിപദം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡക്കാൺ ഹെറാൾഡും കന്നഡ ദിനപത്രമായ പ്രജാവാണിയും മുഖപ്രസംഗങ്ങളെഴുതി. ജാലപ്പ ഉടൻ സ്ഥാനമൊഴിഞ്ഞു. സി.ബി.ഐ അദ്ദേഹത്തെ ചോദ്യംചെയ്യുകയും കേസിൽ പ്രതി ചേർക്കുകയും ചെയ്തു. എന്നാൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. സംശയത്തിന്റെ നിഴൽ നീങ്ങിയശേഷം അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായി തുടരുകയും പല ഉന്നതസ്ഥാനങ്ങളും വഹിക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ട് മുമ്പ് ജാലപ്പ പ്രകടിപ്പിച്ച ധാർമ്മികബോധം ഇന്നത്തെ കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. കാരണം കേരളം ധാർമ്മികതയെ രാഷ്ട്രീയത്തിൽ തീർത്തും അപ്രസകതമായിരിക്കുന്നു. ഒരു പാർട്ടിയൊ നേതാവൊ ഏതെങ്കിലും തരത്തിലുള്ള അധാർമ്മിക പ്രവർത്തനത്തിൽ -- അഴിമതിയൊ സ്ത്രീപീഡനമൊ കൊലപാതകമൊ മറ്റെന്തെങ്കിലുമൊ ആകട്ടെ -- ഏർപ്പെട്ടതായി ആരോപമണമുയർന്നാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനം ഉടനുണ്ടാകും. ധാർമ്മികതയുടെ പൂർണ്ണമായ നിരാസമാണ് അതിൽ അടങ്ങിയിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടപ്പോൾ ഒരു ഭാഗത്തുനിന്ന് കേട്ട തരത്തിലുള്ള വാക്കുകൾ തന്നെയാണ് സോളാർ തട്ടിപ്പു പുറത്തു വന്നപ്പോൾ മറുഭാഗത്തു നിന്നുമുയർന്നതെന്നത് യാദൃശ്ചികമല്ല.

സോളാർ തട്ടിപ്പു കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുമായുള്ള ബന്ധം പുറത്തുവന്നയുടൻ എൽ.ഡി. എഫ്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രിയുടെ രാജിയും ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. എൽ.ഡി.എഫ്. ഭരണകാലത്താണ് തട്ടിപ്പു സംഘം പ്രവർത്തനം തുടങ്ങിയതെന്നും അന്ന് രജിസ്റ്റർ ചെയ്ത കേസുകളിൽ ഫലപ്രദമായ അന്വേഷണമുണ്ടായില്ലെന്നും ഭരണപക്ഷം തിരിച്ചടിച്ചു. കെ.പി.സി.സി. വക്താവ് എം. എം. ഹസൻ ഗവേഷണം നടത്തി എൽ.ഡി.എഫ്. സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സരിത നായർക്ക് ‘കോടിയേരി അങ്കിൾ’ ആയിരുന്നെന്ന് കണ്ടെത്തി. എൽ.ഡി.എഫ്. കാലത്ത് സരിത അറസ്റ്റുചെയ്യപ്പെട്ടിരുന്നെന്നും ജയിലിൽ കിടന്നാണ് പ്രസവിച്ചതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതിപക്ഷം പ്രതിരോധം തീർത്തു. അധികാരകേന്ദ്രങ്ങളുമായി കക്ഷിരാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം സ്ഥാപിച്ചു കൊണ്ടാണ് സംഘം പ്രവർത്തിച്ചതെന്ന് ഈ ആരോപണപ്രത്യാരോപണങ്ങൾ വ്യക്തമാക്കി. അവരെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം ഒരു വ്യത്യാസമെ ഉണ്ടാക്കിയുള്ളു: കോടിയേരി അങ്കിളും ബിനീഷ് ചേട്ടനും പോയി, കുഞ്ഞൂഞ്ഞ് അങ്കിളും ജോപ്പൻ ചേട്ടനും വന്നു. 

മുപ്പത്തിമൂന്ന് കേസുകളാണ് ഈ സംഘം നടത്തിയ തട്ടിപ്പുകളുടെ പേരിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതികളുടെ പേരിൽ എടുത്തിട്ടുള്ള കേസുകളാണിവ. പുറത്തുവന്നിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കള്ളപ്പണക്കാരെയാണ് തട്ടിപ്പുസംഘം പ്രധാനമായും ലക്ഷ്യമിട്ടതെന്ന് കാണാം. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താനാവാത്തതുകൊണ്ട് കബളിപ്പിക്കപ്പെട്ട പലരും പരാതി കൊടുക്കാൻ കൂട്ടാ‍ക്കിയിട്ടില്ല. ഒരു എ.ഡി.ജി.പി.യുടെ മേൽ‌നോട്ടത്തിലുള്ള ആറ് സംഘങ്ങളാണ് കേസുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടത്. ഒരു കേസിൽ മാത്രമാണ് ഇതെഴുതുന്ന സമയം വരെ കുറ്റപത്രം സമർപ്പിച്ചിട്ടിട്ടുള്ളത്. നാലെണ്ണത്തിൽ അന്വേഷണം പൂർത്തിയായെന്നും ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും മറ്റ് കേസുകളുടെ അന്വേഷണം തകൃതിയായി നടക്കുകയാണെന്നും സർക്കാർ ജൂലൈ 30ന് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.
അന്വേഷണോദ്യോഗസ്ഥർ അവരുടെ കഴിവ് വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കാൻ കാരണമുണ്ട്. മുഖ്യമന്ത്രി വിദേശയാത്രയിലായിരുന്നപ്പോഴാണ് പൊലീസ് ജോപ്പനെ ചോദ്യം ചെയ്തതും കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നു കണ്ട് അറസ്റ്റ് ചെയ്തതും. സസ്പെൻഡ് ചെയ്യപ്പെട്ട ഗൺ‌മാൻ സലിം രാജിനെയും പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച ജിക്കുമോൻ ജേക്കബിനെയും ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല. അതേസമയം അവർ നിരപരാധികളാണെന്ന് പറഞ്ഞ് ജോലിയിൽ തിരിച്ചെടുത്തിട്ടുമില്ല. സരിതയെയും ബിജു രാധാകൃഷ്ണനെയും പല തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷവും പൊലീസ് ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് പി.സി. ജോർജ് പരസ്യമായി കുറ്റപ്പെടുത്തിയ ശേഷമാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടറായിരുന്ന എ. ഫിറോസ് ഒരു കേസിൽ സരിതയുടെയും ബിജുവിന്റെയും കൂട്ടുപ്രതി ആണ്. കേസിൽ പ്രതിയായിരിക്കുമ്പോഴാണ് അദ്ദേഹം ഡയറക്ടറായി നിയമിക്കപ്പെട്ടത്. കൃത്യമായ അന്വേഷണം കൂടാതെ ലാഘവബുദ്ധിയോടെയാണ് സർക്കാർ വകുപ്പു മേധാവിയെ നിശ്ചയിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു. അറസ്റ്റ് ഒഴിവാക്കാൻ ഫിറോസ് ഏതാനും ആഴ്ചക്കാലം ഒളിവിൽ കഴിഞ്ഞു. ആ സമയത്ത് അദ്ദേഹത്തെ കണ്ടെത്താൻ പൊലീസ് ആത്മാർത്ഥമായി ശ്രമിച്ചില്ല. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു പരാതി പറഞ്ഞ വ്യവസായിക്കെതിരെ  പൊലീ‍സ് നടപടിയെടുത്തത് പണം നഷ്ടപ്പെട്ട മറ്റുള്ളവരെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരിക്കണം.

പ്രധാന പ്രതികളെന്നു പറയപ്പെടുന്നവരെ പല തവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് വ്യക്തമായ വിവരം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല്ല. തട്ടിയെടുത്തെന്നു പറയപ്പെടുന്ന പണം കണ്ടെത്തിയിട്ടുമില്ല. ഇതെല്ലാം അന്വേഷണത്തെ സംബന്യായമായും സംശയങ്ങളുണർത്തുന്നു. ചില കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും പ്രതികൾക്ക് അവരുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല. ഇതെല്ലാം കേസുകൾ ഇപ്പോൾ കസ്റ്റഡിയിലുള്ളവരിൽ ഒതുക്കിനിർത്താൻ ഏതൊ തലത്തിൽ തീരുമാനമെടുത്തതായി സൂചിപ്പിക്കുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന്റെ മുഖം മിനുക്കാനും ഒരു സാമുദായിക വിഭാഗത്തെ തൃപ്തിപ്പെടുത്താനും ഉമ്മൻ ചാണ്ടി  നടത്തിയ ശ്രമം പരാജയപ്പെട്ടത് അദ്ദേഹത്തിന് കോൺഗ്രസിന്റെ കയ്യിൽ തന്നെയുള്ള ആഭ്യന്തര വകുപ്പ് നൽകാനുള്ള വൈമുഖ്യമായിരുന്നെന്നത് ഒരു രഹസ്യമല്ല. തന്റെ പേർ വലിച്ചിഴക്കപ്പെട്ട കേസിന്റെ അന്വേഷണം നടക്കുമ്പോൾ പൊലീസ് സ്വന്തം ഗ്രൂപ്പിന്റെ കയ്യിൽ തന്നെയുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിർബന്ധം അന്വേഷണത്തെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്താൻ പോരുന്നതാണ്.   
സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജിയും ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് എൽ.ഡി.എഫ്. പ്രഖ്യാപിച്ച സമരം രണ്ട് മാസം പിന്നിട്ടിരിക്കുന്നു. പ്രതിപക്ഷം നിയമസഭ തുടർച്ചയായി സ്തംഭിപ്പിച്ചതിനെ തുടർന്ന് സ്പീക്കർ നിശ്ചിത പരിപാടികൾ ചർച്ചകൾ കൂടാതെ പൂർത്തിയാക്കി. ഇക്കാലമത്രയും സഭക്ക് പുറത്തും സമര പരിപാടികൾ നടന്നു. ഒരവസരത്തിൽ വലിയ തോതിൽ അക്രമമുണ്ടാവുകയും അടുത്ത ദിവസം പൊലീസ് അതിക്രമത്തിനെതിരെ എൽ.ഡി.എഫ് ഹർത്താൽ നടത്തുകയും ചെയ്തു. എൽ.ഡി.എഫ് നേതൃത്വം ഇടയ്ക്കിടയ്ക്ക് യോഗം ചേർന്ന് സമരം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും അതിന്റെ ഫലമായി രാപ്പകൽ സമരം ഉൾപ്പെടെയുള്ള ചില പരിപാടികൾ അരങ്ങേറുകയും ചെയ്തു.  അവ ഫലം കാണാഞ്ഞ സാഹചര്യത്തിൽ എൽ.ഡി.എഫ്. ഓഗസ്റ്റ് 12 മുതൽ അനിശ്ചിതകാല രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച് അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സെക്രട്ടേറിയറ്റ് കവാടങ്ങൾ തുറക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ മാനുഷികശേഷി പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് അതിനെ നയിക്കുന്ന സി.പി.എമ്മിന്, തീർച്ചയായുമുണ്ട്. എന്നാ‍ൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സ്തംഭിച്ചതുകൊണ്ട് മുഖ്യമന്ത്രി രാജി വെക്കുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷവും സർക്കാരും സമാധാനപരമായ സമീപനം സ്വീകരിച്ചാൽ പുതിയ സമരമുറ വലിയ തോതിലുള്ള അറസ്റ്റ് ചെയ്ത് നീക്കലിലേക്ക് നയിക്കും. അക്രമത്തിന്റെ പാതയിലേക്ക് നീങ്ങിയാൽ രക്തച്ചൊരിച്ചിലുണ്ടാകും. രണ്ടായാലും രാജി ഒരു സാധ്യതയല്ല. സമരം ഫലം കാണാതെ നീണ്ടു പോയാലും ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അത് ഗുണം ചെയ്യും. ആ നിലയ്ക്ക്, എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ രാജി എന്ന ലക്ഷ്യം നേടിയില്ലെങ്കിലും പ്രക്ഷോഭം വിജയം തന്നെയാകും. സോളാർ തട്ടിപ്പ് വിഷയത്തിൽ നിയമനടപടികളെടുക്കാൻ സി.പി.എം. സംസ്ഥാന നേതൃത്വം വി.എസ്. അച്യുതാനന്ദന് അനുവാദം നൽകിയതോടെ ഒരു പുതിയ പോർമുഖം തുറക്കുകയാണ്. കേസുകളുടെ അന്വേഷണത്തിലെ അപാകതകളെ കുറിച്ച് ബോധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞാൽ കോടതി ഇടപെടൽ പ്രതീക്ഷിക്കാവുന്നതാണ്.

തട്ടിപ്പു കേസുകൾക്ക് എന്തു സംഭവിക്കുന്നുവെന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം നമ്മുടെ മുന്നിലുണ്ട്. അത് കേരള രാഷ്ട്രീയത്തിന് എന്തു സംഭവിക്കുന്നുവെന്നതാണ്. അഞ്ചു കൊല്ല കാലാവധി പൂർത്തിയാക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ യു.ഡി.എഫിനും ഉമ്മൻ ചാണ്ടിക്കും അധികാരത്തിൽ തുടരാനുള്ള ധാർമ്മികമായ അവകാശം അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. നിയമസഭയുടെ കാലാവധി അഞ്ചു കൊല്ലമാണെങ്കിലും പലപ്പോഴും അതിനു മുമ്പുതന്നെ ജനവിധി കാലഹരണപ്പെടാറുണ്ട്. ആദ്യ കേരള നിയമസഭയിൽ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 1960ൽ മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയെങ്കിലും പുതിയ സഭയിൽ ഭൂരിപക്ഷം നേടാനായില്ല. നിലവിലുള്ള ഇരുമുന്നണി സമ്പ്രദായം രൂപപ്പെട്ടശേഷം ഒരു മുന്നണി സർക്കാരിനും കാലാവധി പൂർത്തിയാക്കാതെ പുറത്തു പോകേണ്ടി വന്നിട്ടില്ല. യു.ഡി.എഫ്. മുഖ്യമന്ത്രിമാർക്ക് ഇടയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നത് പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം മൂലമായിരുന്നില്ല, കോൺഗ്രസിലെ തമ്മിലടി മൂലമായിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വൻവിജയം നൽകിയ ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്. ഒരിക്കൽ കലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുകയുണ്ടായി. ജനങ്ങൾ അന്ന് യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. ഓരോ തെരഞ്ഞെടുപ്പിലും അധികാരമാറ്റം നടക്കുന്നതിൽ നിന്ന് വിജയിച്ച മുന്നണിക്ക് അഞ്ചു കൊല്ലത്തിനിടയ്ക്ക് എപ്പൊഴൊ ജനവിധി നഷ്ടമാകുന്ന്ന്നാണ് മനസിലാക്കേണ്ടത്.

എൽ.ഡി.എഫിനും യു.ഡി.എഫിനും സ്ഥിരമായി വോട്ടു ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. ഭരണപക്ഷത്തിന്റെ ചെയ്തികളൊ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങളൊ ഈ സ്ഥിരംകൂറുകാരുടെ നിലപാടുകളെ സ്വാധീനിക്കാറില്ല. ഏതെങ്കിലും ഒരു മുന്നണിയോടൊപ്പം സ്ഥിരമായി നിൽക്കാതെ ഓരോ ഘട്ടത്തിലും സാഹചര്യങ്ങൾ വിലയിരുത്തി മാറിമാറി വോട്ട് ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്. അവരാണ് ഭരണമാറ്റം അനിവാര്യമാക്കുന്നത്. ഒരു നേരിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് 2011ൽ അധികാരത്തിലെത്തിയത്. നിയമസഭയിലെ 140 സീറ്റുകളിൽ 72 എണ്ണം മാത്രമാണ് അതിനു ലഭിച്ചത്. എൽ.ഡി.എഫിന് 68 സീറ്റുകൾ കിട്ടി. ഒന്നര കോടിയിലധികം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. അതിൽ 80,02,874 പേർ (45.83 ശതമാനം) യു.ഡി. എഫിനെ പിന്തുണച്ചപ്പോൾ, 78,46,703 പേർ (44.94 ശതമാനം) എൽ.ഡി.എഫിനെ പിന്തുണച്ചു. ഇരുമുന്നണികളെയും വേർതിരിച്ചത് ഒന്നര ലക്ഷം വോട്ടുകൾ മാത്രം. പിറവത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥി ഉയർന്ന ഭൂരിപക്ഷം നേടിയതും നെയ്യാറ്റിൻ‌കരയിൽ നിന്ന് സി.പി.എം. ടിക്കറ്റിൽ ജയിച്ച ആർ.ശെൽ‌വരാജ് കോൺഗ്രസിലേക്ക് കൂറുമാറി അതിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതും യു.ഡി. എഫിന്റെ ജനപിന്തുണയിൽ പിന്നീട് ചെറിയ വർദ്ധന ഉണ്ടായെന്ന് വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളിലെ സംഭവവികാസങ്ങൾ യു.ഡി.എഫിന്റെ ജനപിന്തുണ ഇടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് യു.ഡി.എഫ്. നേതാക്കൾ തന്നെ പ്രതിച്ഛായ നന്നാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം സംസാരിക്കുന്നത്. ഡൽഹിയിൽ പോയി സോണിയാ ഗാന്ധിയെ കണ്ട് ഇവിടെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നെന്ന് ധരിപ്പിക്കാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയോട് അവർ പറഞ്ഞതും പ്രതിച്ഛായ നന്നാക്കാനാണ്.

യു.ഡി.എഫിന് 2011ൽ ലഭിച്ച ജനവിധി കാലഹരണപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ പുതിയ തെരഞ്ഞെടുപ്പിനെ നേരിടണം. ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബോധ്യമാകുമ്പോൾ ഭരണകക്ഷി രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുക്കുന്ന രീതി പല ജനാധിപത്യ രാജ്യങ്ങളിലും കാണാവുന്നതാണ്. അത്തരത്തിൽ ചിന്തിക്കാനാവശ്യമായ ഉയർന്ന ജനാധിപത്യബോധത്തിന്റെ അഭാവത്തിൽ യു.ഡി.എഫ്. ഇക്കാര്യത്തിൽ മുൻ‌കൈ എടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാൽ പ്രതിപക്ഷവും പൌരസമൂഹവും യു.ഡി.എഫിനെ അതിന് നിർബന്ധിക്കണം. ഇപ്പോൾ നിയമസഭയിലെ കക്ഷിനില യു.ഡി.എഫ് 72 (സ്പീക്കറെ കൂടാതെ), എൽ.ഡി. എഫ് 67 എന്നിങ്ങനെയാണ്. രണ്ടു കൊല്ലം മുമ്പത്തെ ജനവിധി കാലഹരണപ്പെട്ടുകഴിഞ്ഞെന്ന വിശ്വാസം എൽ.ഡി. എഫിനുണ്ടെങ്കിൽ അത് നിലവിലുള്ള നിയമസഭയിൽ നിന്ന് പൂർണ്ണമായും പിൻ‌വാങ്ങണം. എൽ.ഡി.എഫ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചാൽ യു.ഡി.എഫിനു പ്രതിപക്ഷമില്ലാതെ സഭ നടത്തിക്കൊണ്ടു പോകേണ്ടിവരും. സഭ കൂടുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന പ്രതിപക്ഷ സീറ്റുകൾ സർക്കാരിന്റെ വിശ്വാസ്യതയെ നിശ്ശബ്ദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കും. അംഗങ്ങൾ രാജിവെക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തി ഒഴിവു നികത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ചില സീറ്റുകൾ നഷ്ടപ്പെടുന്ന സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ ബഹുഭൂരിപക്ഷം സീറ്റുകളും വർദ്ധിച്ച ഭൂരിപക്ഷത്തോടെ തിരിച്ചു പിടിക്കാനും അങ്ങനെ സർക്കാരിന് ജനപിന്തുണ നഷ്ടമായെന്ന്  തെളിയിക്കാനും പ്രതിപക്ഷത്തിന് കഴിയേണ്ടതാണ്. അടിയന്തിരാവസ്ഥക്കാലത്തെ സർക്കാരിനെ വോട്ടർമാർ പിന്തുണച്ച ചരിത്രം മറക്കുന്നില്ല. ആ തെറ്റ് ആവർത്തിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 19, 2013)

Friday, August 16, 2013

പ്ലാച്ചിമടയിൽ വീണ്ടും സമരം


പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നടപ്പിലാക്കുന്നതിൽ കേന്ദ്ര-കേരള സർക്കാ‍രുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചുകൊണ്ടും പ്ലാച്ചിമടയിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കെതിരെ മുഖംതിരി്ച്ചുകൊണ്ട് കോളക്കമ്പനിക്കനുകൂലമായ നിലപാടുകൾ
സ്വീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇടതു -വലതു-ബി.ജെ.പി മുന്നണികളെ തുറന്നു കാണിക്കുന്നതിനും വേണ്ടി ആഗസ്ത് 15ന് പ്ലാച്ചിമട സമര സമിതി രാഷ്ട്രീയ പാർട്ടികളെ ജനകീയ വിചാരണ ചെയ്യുകയുണ്ടായി.

പ്ലാച്ചിമടയിലെ നൂറുകണക്കിന് വരുന്ന പ്രദേശവാസികളോടൊപ്പം സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവര്‍ത്തകരും ജനകീയ വിചാരണയിൽ
പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം ചേർന്ന സമരസമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്ത യോഗത്തിൽവെച്ച് ഒക്ടോബര്‍ മാസം തൊട്ട് ആരംഭിക്കുന്ന നിരവധി
പരിപാടികൾ ആസൂത്രണം ചെയ്തു.

തീരുമാനങ്ങൾ:
1. ഒക്ടോബര്‍ 5 മുതൽ പ്ലാച്ചിമടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
പ്രാദേശിക ഉത്പാദന വ്യവസ്ഥകളിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കടന്നു കയറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിൽ നിന്നും പ്രാദേശിക ഉത്പന്നങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. ജൈവകൃഷി, ജൈവ ഉത്പന്നങ്ങൾ, പരിശീലന പരിപാടികൾ, സർഗ്ഗ സംവാദങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും മറ്റുമായി 'പ്ലാച്ചിമട മക്കൾ ഇയ്യക്കം' (പ്ലാച്ചിമട ജന മുന്നേറ്റം) ഒക്ടോബർ 5 തൊട്ട് പ്രവർത്തനം ആരംഭിക്കുന്നു.
(ബന്ധങ്ങൾക്ക് : അഗസ്റ്റിൻ വട്ടോലി, കെ.സഹദേവൻ)

2. ജനാധികാര യാത്ര
പ്ലാച്ചിമടയുടെ സന്ദേശം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി ഒക്ടോബർ 15 മുതൽ നവമ്പർ 15 വരെ കാസർഗോഡ് മുതൾ തിരുവനന്തപുരം വരെ ജനാധികാര യാത്ര സംഘടിപ്പിക്കുന്നു.
(ബന്ധങ്ങൾക്ക് : ജോൺസൺ എൻ.പി)

3. മന്ത്രിമാരെ തെരുവിൽ തടയൽ
കേരള നിയമസഭ ഏകകണ്‌ഠേന പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന കേരളത്തിലെ മന്ത്രിമാരെ നവമ്പർ 15 മുതൽ വഴിയിൽ തടയുന്നു.

വിളയോടി വേണുഗോപാൽ, മുതലാംതോട് മണി, അറുമുഖൻ പത്തിച്ചിറ, ഈസാ ബിൻ
അബ്ദുൾ കരീം, ജോർജ്ജ് ജേക്കബ്ബ്, ശ്രീനിവാസൻ ഇ.കെ, ജോൺസൺ എൻ.പി,
ഡോ.പി.ജി.ഹരി, ശാന്തി, ശക്തിവേൽ, മുരുകേശൻ, ഗുരുസ്വാമി, മുത്തുലക്ഷ്മി
അജ്‌ലാൽ, തേജസ്,
പ്ലാച്ചിമട സമര സമിതി,
പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി

Friday, July 19, 2013

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുണാമയനാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ശൈലിയുടെ കാതലായ അംശം ഭൂതദയയാണ്. നാടൊട്ടുക്കോടി നടന്ന് പത്തും പതിനഞ്ചും കൊല്ലമായി നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകൾക്ക് ഖജനാവ് തുറന്ന് ആശ്വാസം നൽകിയ ജനസമ്പർക്ക പരിപാടിയോടെയാണ്  അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. ആർ. ബാലകൃഷ്ണപിള്ള, ബിജു രാധാകൃഷ്ണൻ, സരിതാ നായർ തുടങ്ങി അദ്ദേഹ്തതിന്റെ ദയാവായ്പക്ക്  പാത്രമായ നിരവധി പേർ വേറെയും. നീതിനിഷേധം തുടർക്കഥയായതുകൊണ്ട് ഭൂതദയ അർഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അതാകട്ടെ പലപ്പോഴും വഴിതെറ്റി ഒഴുകുന്നു.

കോഴിക്കോട്ടെ സാമൂതിരി കുടുംബത്തിലെ 826 അംഗങ്ങൾക്ക് പ്രതിമാസം 2,500 രൂപ പെൻഷൻ നൽകാൻ സർക്കാർ ഈയിടെ തീരുമാനിക്കുകയുണ്ടായി. പ്രതിവർഷം രണ്ടര കോടി രൂപയുടെ ഭാരമാണ് ഇതിലൂടെ നികുതിദായകന്റെ തലയിൽ വീണിരിക്കുന്നത്. ഏതെങ്കിലും ഭരണകൂടം ഇതിനു മുമ്പ് ഇത്ര ലാഘവബുദ്ധിയോടെ നികുതിപ്പണം ദാനം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
സാമൂതിരി കുടുംബം കേരളത്തിന് നൽകിയ സംഭാവന മാനിച്ചാണ് തീരുമാനമെന്നത്രെ സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്. മൊട്ടയായ ഒരു പരാമർശമല്ലാതെ സാമൂതിരി കുടുംബത്തിന്റെ സംഭാവനയെ കുറിച്ച് ഒരു വിവരവും അത് നൽകിയില്ല. ഇത്തരത്തിലുള്ള ആനുകൂല്യത്തിന് അർഹമാക്കുന്ന സംഭാവനയൊന്നും ആ കുടുംബം നൽകിയിട്ടില്ലെന്നാണ് ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ പറയുന്നത്.

സദാ കണ്ണുതുറന്നിരിക്കുന്ന (എന്നാൽ പിന്നീട് പരിശോധിക്കാൻ അവസരം നൽകുന്ന റിക്കോർഡിംഗ് സംവിധാനമില്ലാത്ത) വെബ് ക്യാമറയുടെ മുന്നിൽ സുതാര്യമായി പ്രവർത്തിക്കുന്ന സർക്കാർ പൂഴ്ത്തിവെച്ച വിവരങ്ങൾ സാമൂതിരി കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. പെൻഷൻ ആവശ്യപ്പെട്ടുകൊണ്ട് കുടുംബം നിവേദനങ്ങൾ നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ധാരാളം ഭൂമി വിട്ടുകൊടുത്തെന്നും അനുവദിച്ചിട്ടുള്ള പെൻഷൻ അതിന്റെ വാടകപോലുമാകുന്നില്ലെന്നും അവർ പറയുന്നു.

വിട്ടുകൊടുത്ത ഭൂസ്വത്ത് ഫ്യൂഡൽകാല ഭരണാധികാരികളെന്ന നിലയിൽ സാമൂതിരിമാർ സമ്പാദിച്ചവയാണെന്ന് വ്യക്തം. സ്വന്തം രാജ്യമുണ്ടായിരുന്നവരും അല്ലാത്തവരുമായ എല്ലാ രാജകുടുംബങ്ങളെയും കയ്യടക്കിവെച്ചിരുന്ന ഭൂമി തുടർന്നും കൈവശം വെക്കാൻ സ്വതന്ത്ര ഭാരത സർക്കാർ അനുവദിച്ച സ്ഥിതിക്ക് സാമൂതിരിയുടെ ഭൂഉടമസ്ഥാവകാശം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. എന്നാൽ ഭൂമി വിട്ടുകൊടുത്ത സാഹചര്യം പരിശോധനയർഹിക്കുന്നു. ഭൂമി കൈമാറ്റം നടത്തുമ്പോൾ എന്ത് വ്യവസ്ഥകളിലാണ് ദാതാവ് വിട്ടുകൊടുക്കുന്നതെന്നും എന്ത് വ്യവസ്ഥകളിലാണ് സ്വീകർത്താവ് ഏറ്റെടുക്കുന്നതെന്നും രേഖപ്പെടുത്താറുണ്ട്. ഇടപാട് നടന്നത് 1956നു മുമ്പാണെങ്കിൽ ഇത് സംബന്ധിച്ച രേഖകൾ ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിലുണ്ടാകും. അതിനുശേഷമാണെങ്കിൽ തിരുവനന്തപുരത്ത് കാണേണ്ടതാണ്. അവ എന്തു പറയുന്നെന്ന് സർക്കാരൊ സാമൂതിരി കുടുംബമൊ പറയുന്നില്ല. കുടുംബത്തിന്റെ പേരിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും നടത്താനാണ് ഭൂമി കൊടുത്തതെന്നാണ് ഈ ലേഖകൻ മനസിലാക്കുന്നത്. പൂർവ്വികർ നൽകിയ ഭൂമിക്ക് തങ്ങൾക്ക് വാടക കിട്ടണമെന്ന കുടുംബാംഗങ്ങളുടെ ദുരുപദിഷ്ടമായ ആവശ്യം നിരസിക്കാൻ മുഖ്യമന്ത്രിക്ക് കഴിയാഞ്ഞത് 826 വോട്ടുകൾ മനക്കണ്ണിൽ കണ്ടതു കൊണ്ടാവണം.

ജീവനോടെ പിടികൂടിയ വർഗീസ് എന്ന നക്സലൈറ്റ് നേതാവിനെ കൊലപ്പെടുത്തിയിട്ട് ഏറ്റുമുട്ടലിൽ മരിച്ചെന്ന് പ്രചരിപ്പിച്ചതിന് സി.ബി.ഐ. കോടതി ജീവപര്യന്തം ശിക്ഷ നൽകിയ മുൻ ഐ.ജി. കെ. ലക്ഷ്മണയാണ് മുഖ്യമന്ത്രിയുടെ കാരുണ്യപ്രവാഹത്തിന്റെ മറ്റൊരു ഗുണഭോക്താവ്. മറ്റ് മൂന്ന് ജീവപര്യന്ത തടവുകാർക്കൊപ്പം കഴിഞ്ഞ ദിവസം അദ്ദേഹം മോചിപ്പിക്കപ്പെട്ടു. ഇത് സംബന്ധിച്ച സർക്കാർ പത്രക്കുറിപ്പും ഉമ്മൻ ചാണ്ടി മോഡൽ സുതാര്യതയുടെ മകുടോദാഹരണമാണ്. പ്രായവും അനാരോഗ്യവും പരിഗണിച്ച് ലക്ഷ്മണയെ മോചിപ്പിക്കണെമെന്ന് വിവിധ ദലിത് സംഘടനകളുടെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് മറച്ചുപിടിച്ചുകൊണ്ട് 75 വയസിനുമേൽ പ്രായമുള്ള തടവുകാരുടെ കാര്യം പരിശോധിച്ച് എടുത്ത തീരുമാനമാണെന്ന് വരുത്തിത്തീർക്കാനാണ് പത്രക്കുറിപ്പ് ശ്രമിച്ചത്.

സുപ്രീം കോടതി ശിക്ഷിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ കാരാഗൃഹവാസം കുറച്ചു കൊടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ദലിത് നേതാക്കൾ തങ്ങളുടെ കൂട്ടത്തിൽ പെട്ടയാൾക്കും സമാന പരിഗണന ലഭിക്കണമെന്ന് ആഗ്രഹിച്ചെങ്കിൽ അതിനെ കുറ്റപ്പെടുത്താനാവില്ല. ലക്ഷ്മണയെ മോചിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോൾ സി.പി.ഐ.(എം.എൽ) നേതാവ് ഉണ്ണിച്ചെക്കൻ 75 വയസിനു മുകളിൽ പ്രായമുള്ള ജീവപര്യന്ത തടവുകാരെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരം തേടിയിരുന്നു. തിരുവനന്തപുരം, കണ്ണൂർ ജയിലുകളിൽ ആറു പേർ വീതമുണ്ടെന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ മറുപടി. ഈ കണക്ക് ശരിയാണെങ്കിൽ സർക്കാരിന്റെ കാരുണ്യം ലഭിക്കാത്തവർ ഇപ്പോഴും ജയിലുകളിലുണ്ടാവണം. ശിക്ഷയിൽ ഇളവുകൾ നൽകുന്നതു സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങൾ 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ തയ്യാറാക്കിയവയാണ്. അതിൻപ്രകാരം ലക്ഷ്മണ ഇളവിന് അർഹത നേടിയിരുന്നില്ലെന്ന് ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു.

സി.ബി.ഐ. കോടതി വിധി വന്നത് 2010 ഒക്ടോബറിലാണ്. അതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയപ്പോൾ ലക്ഷ്മണ സുപ്രീം കോടതിയെ സമീപിച്ചു. ആ കോടതി അതിൽ തീരുമാനമെടുക്കുന്നതിനു മുമ്പാണ് മന്ത്രിസഭ പ്രിവി കൌൺസിൽ ചമഞ്ഞ് ലക്ഷ്മണയെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ഒരാളെ കസ്റ്റഡിയിലെടുക്കുന്ന പൊലീസുദ്യോഗസ്ഥന് അയാളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയുണ്ട്. ആ ചുമതല മറന്നുകൊണ്ട് വർഗീസിനെ കൊന്നവർ ചെയ്തത് അതിഹീനമായ കുറ്റമാണ്. വർഗീസിനെ കോടതിയിലെത്തിക്കുകയാണ് തങ്ങളുടെ കടമയെന്ന് ഒരു സദാ പൊലീസുകാരനായ രാമചന്ദ്രൻ നായർക്ക് തിരിച്ചറിയാനായി. അതിനു കഴിയാഞ്ഞ ഉയർന്ന ഉദ്യോഗസ്ഥനാണ് ലക്ഷ്മണ. കക്കയം ക്യാമ്പിൽ രാജൻ കൊല്ലപ്പെട്ട സമയത്ത് ലക്ഷ്മണ അവിടെയുമുണ്ടായിരുന്നു. രാജന്റെ മൃതദേഹം എന്തു ചെയ്തെന്ന് ചോദിച്ചപ്പോൾ ആ രഹസ്യം തന്നോടൊപ്പം മണ്ണടിയുമെന്ന് അദ്ദേഹം പറഞ്ഞതായി ഒരു പത്രം കുറച്ചു കാലം മുമ്പ് റിപ്പോർട്ടു ചെയ്തിരുന്നു. ആ രഹസ്യം വെളിപ്പെടുത്താൻ സർക്കാരിന്റെ കാരുണ്യ സ്പർശം അദ്ദേഹത്തെ പ്രേരിപ്പിച്ചാൽ ഒരുപക്ഷെ അതിനെ അർഹിക്കാതെ നേടിയ ഇളവിനുള്ള ന്യായീകരണമായി കാണാനാകും. അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങിയ ദലിത് നേതാക്കൾ അതിന് ശ്രമിക്കണം.

ലക്ഷ്മണയുടെ ശാപമോക്ഷത്തിന്റെ ഉപകാരസ്മരണയിൽ ഉമ്മൻ ചാണ്ടി കുറെ ദലിത് വോട്ടുകൾ പ്രതീക്ഷിക്കുന്നുണ്ടാവണം. എന്നാൽ സർക്കാർ അനുകൂല തീരുമാനമെടുത്തത് ലക്ഷ്മണ ദലിതനായതുകൊണ്ടല്ല, ഐ.ജി. പദവി വരെ ഉയർന്ന പൊലീസുദ്യോഗസ്ഥനായതു കൊണ്ടാണെന്ന് കരുതാൻ ന്യായമുണ്ട്.  ഐ.പി.എസുകാരെ ഒഴിവാക്കി താണതലങ്ങളിൽ‌പെട്ട പൊലീസുകാരെ കസ്റ്റഡി മരണക്കേസുകളിൽ‌ പ്രതികളാക്കുന്ന രീതിയാണല്ലൊ ഭരണകൂടം പതിവായി പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ മുൻ‌ഗണനാ പട്ടികയിൽ ദലിതർക്കും ആദിവാസികൾക്കും ഉയർന്ന സ്ഥാനമുണ്ടെങ്കിൽ ഭൂതദയ ഒഴുകുന്നത് അട്ടപ്പാടിയിലേക്കും വയനാട്ടിലേക്കും ചെങ്ങറയിലേക്കും അരിപ്പയിലേക്കുമൊക്കെ ആകുമായിരുന്നല്ലൊ.

Thursday, June 27, 2013

ഉമ്മൻ ചാണ്ടി എന്തുകൊണ്ട് രാജിവെക്കണം

ബി.ആർ.പി. ഭാസ്കർ

സോളാർ തട്ടിപ്പ് കേരള രാഷ്ട്രീയത്തെ കലുഷിതവും മലീമസവുമാക്കുക മാത്രമല്ല നിയമസഭാ പ്രവർത്തനം അസാദ്ധ്യമാക്കുകയും ചെയ്തിരിക്കുന്നു. തെരുവു പ്രകടനങ്ങളെപ്പോലെ സഭക്കുള്ളിലെ പ്രകടനങ്ങളും നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായിത്തീർന്നിട്ടുണ്ട്. രണ്ടുതരത്തിലുള്ള പ്രകടനങ്ങളും മുമ്പത്തേക്കാൾ വ്യാപകമായതിന്റെ ഒരു പ്രധാന കാരണം ഭരണകൂടങ്ങൾ ജനവികാരം മനസിലാക്കുന്നില്ലെന്നതാണ്. മനസിലാക്കിയാൽ തന്നെയും അത് മാനിക്കേണ്ടതില്ലെന്നും അധികാരികൾ വിശ്വസിക്കുന്നു. പ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരള സമൂഹത്തിൽ ജനവികാരത്തിന് പുല്ലുവില കല്പിക്കാതെ മുന്നോട്ടു പോകാൻ ഭരണകൂടത്തിനു കഴിയുന്നുവെന്നത് നമ്മുടെ ജനാധിപത്യബോധം ദുർബലമായതുകൊണ്ടാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രസ്താവനായുദ്ധങ്ങൾ ശ്രദ്ധിച്ചാൽ എങ്ങനെയാണ് ഭരണകൂടം ജനവികാരത്തെ പരാജയപ്പെടുത്തുന്നതെന്ന് മനസിലാക്കാൻ കഴിയും. നിരവധി തട്ടിപ്പുകേസുകളിൽ പ്രധാന പ്രതികളായ ദമ്പതികൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒന്നിലധികം പേരുമായി നിരന്തരം ടെലിഫോൺ ബന്ധം പുലർത്തിപ്പോരുന്നുവെന്ന വിവരം പ്രചരിച്ചതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാർ പ്രതിരോധത്തിലായത്. സ്വന്തം ഫോണില്ലാത്ത മുഖ്യമന്ത്രി ഇവരുടെ മൊബൈലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. തുരുതുരെയുള്ള ഫോൺ‌വിളികൾ സ്വാഭാവികമായും സുതാര്യമായി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രിയെ കുറിച്ചുതന്നെ സംശയങ്ങളുണർത്താൻ പോരുന്നവയായിരുന്നു.

ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ വിശദീകരണങ്ങളിലെ പല വിവരങ്ങളും പൂർണ്ണമായും ശരിയല്ലെന്ന് പിന്നീട് പുറത്തുവന്നവ വ്യക്തമാക്കി. ചില സ്റ്റാഫ് അംഗങ്ങളുടെ പ്രവൃത്തികൾ സംശയാസ്പദമാണെന്ന് കരുതാൻ  പോരുന്ന ധാരാളം വിവരങ്ങൾ വെളിച്ചത്തുവന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ആരെയെങ്കിലും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ലെന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. ഏത് നല്ല നേതാവും ആശ്രിതരെ സംരക്ഷിക്കും. എന്നാൽ ആശ്രിതസംരക്ഷണം ആത്യന്തികലക്ഷ്യമാകാൻ പാടില്ല. ആശ്രിതരുടെ പ്രവർത്തനം തന്റെ ഭരണപരപായ ചുമതലകൾ സത്യസന്ധമായി നിറവേറ്റുന്നതിനു തടസമാണെന്ന് കണ്ടാൽ അവരെ പുറത്താക്കണം. അതിനു ഭരണാധികാരി മടിക്കുമ്പോൾ അവർ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ അറിവോടെയായിരുന്നില്ലെങ്കിൽ തന്നെയും അവരുടെ പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ പിൽക്കാല സമ്മതമുണ്ടായിരുന്നെന്ന് വരുന്നു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹവും ആഭ്യന്തരമന്ത്രിയും പ്രതിരോധിക്കുന്നത് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം കഴിയുമ്പോൾ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ്. ഇതൊരു മുടന്തൻ ന്യായമാണ്. പൊലീസ് നടത്തുന്നത് ക്രിമിനൽ നിയമപ്രകാരമുള്ള അന്വേഷണങ്ങളാണ്. മുഖ്യമന്ത്രിയുടെ രാജി എന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. അദ്ദേഹം സ്റ്റാഫംഗങ്ങളായി തെരഞ്ഞെടുത്ത ഏതാനും പേർ ഇതിനകം പൊലീസ് അന്വേഷണങ്ങളുടെ പരിധിയിൽ വന്നിട്ടുണ്ട്. അവർ കുറ്റകൃത്യങ്ങൾ ചെയ്തൊ ഇല്ലയൊ എന്നത് ഈ അന്വേഷണങ്ങൾ പൂർത്തിയായശേഷം വിചാരണകളിലൂടെ ബന്ധപ്പെട്ട കോടതികൾ തീരുമാനിക്കേണ്ട കാര്യമാണ്. നമ്മുടെ നീതിന്യായ സമ്പ്രദായത്തിന്റെ പാരമ്പര്യം വെച്ചു നോക്കുമ്പോൾ ആ തീരുമാനത്തിന് പതിറ്റാണ്ടുകാലമെങ്കിലും കാത്തിരിക്കേണ്ടിവരും. നിയമവ്യവസ്ഥ അവരെ ഒടുവിൽ കുറ്റവിമുക്തരാക്കിയാലും അനഭിലഷണീയരായ വ്യക്തികളുമായി അനുചിതമായ ബന്ധം പുലർത്തിയെന്ന വസ്തുത അവശേഷിക്കും. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും പരോക്ഷമായെങ്കിലുമുണ്ട്.

സ്വ്വതന്ത്ര്യത്തിന്റെ ആദ്യകാലത്ത് എൽ.ഐ.സി. കുംഭകോണം അന്വേഷിച്ച ജസ്റ്റിസ് എം.സി. ഛഗ്ല മന്ത്രിമാരുടെ ഉത്തരവാദിത്വം സംബന്ധിച്ച് ഉന്നത ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെ തീരുമാനങ്ങൾക്ക്  മന്ത്രിക്ക് സൃഷ്ടിപരമായ ഉത്തരവാദിത്വമുണ്ടന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. (‘കൺസ്ട്രക്ടീവ് റസ്പോൺസിബിലിറ്റി’ എന്ന ഇംഗ്ലീഷ് പദങ്ങളാണ് അദ്ദേഹം ഉപയോഗിച്ചത്). ഛഗ്ലയുടെ നിരീക്ഷണം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ധനമന്ത്രിയായിരുന്ന ടി.ടി.കൃഷ്ണമാചാരിയുടെ രാജി ആവശ്യപ്പെട്ടു. അങ്ങനെ ഒരു മഹത്തായ ജനാധിപത്യ പാരമ്പര്യം സ്ഥാപിക്കപ്പെട്ടു. അതു കളഞ്ഞുകുളിച്ച കോൺഗ്രസുകാരെ അതെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ലെന്നു വരാം. എന്നാൽ അവർ മറന്നുകൂടാത്ത ഒരു വസ്തുതയുണ്ട്. അത് ജോപ്പനെയും ജിക്കിമോനെയും സലിം രാജുവിനെയുമൊക്കെ അളക്കുന്ന അളവുകോൽ കൊണ്ടല്ല ഉമ്മൻ ചാണ്ടിയെ അളക്കുന്നതെന്നതാണ്. കോൺഗ്രസുകാരുടെ ഓർമ്മക്കുവേണ്ടി രണ്ട് കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കട്ടെ. അന്നത്തെ രാജി കൃഷ്ണമാചാരിക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനു തടസമായില്ല. തീവണ്ടി അപകടത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് റയിൽമന്ത്രി സ്ഥാനം ഉപേക്ഷിച്ച ലാൽ ബഹദൂർ ശാസ്ത്രി പിന്നീട് പ്രധാനമന്ത്രിയായി.

തട്ടിപ്പു കേസ് പ്രതികളെ സംരക്ഷിക്കുന്നെന്ന ആരോപണം മറികടക്കാൻ മുഖ്യമന്ത്രിപറഞ്ഞ ചില കാര്യങ്ങൾ പരിശോധനയർഹിക്കുന്നു. ബിജു രാധാകൃഷ്ണനും സരിതാ നായർക്കുമെതിരായ 14 വഞ്ചനക്കേസുകൾ എൽ.ഡി.എഫ് ഭരണകാലത്താണ് ഉത്ഭവിച്ചതെന്നും അവയിൽ ഒരു നടപടിയും എടുക്കാതിരുന്നിട്ടാണ് യു.ഡി.എഫ് സർക്കാരിനെതിരെ തിരിയുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ തട്ടിപ്പുകൾ സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരസ്കരിച്ചതിനെ ന്യായീകരിക്കാൻ ടോട്ടൽ ഫോർ യൂ തട്ടിപ്പിനെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് തങ്ങൾ പ്രതിപക്ഷത്തു നിന്ന് ഉന്നയിച്ച ആവശ്യം എൽ.ഡി.എഫ് സർക്കാർ തള്ളിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വാദങ്ങൾക്കടിയിൽ മുന്നണി രാഷ്ട്രീയത്തിന്റെ കീഴിൽ വളർന്നുകൊണ്ടിരിക്കുന്നതും പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന ധാർമ്മികതത്വത്തിന്റെ വികലമായ അനുകരണവുമായ ഒരാശയമുണ്ട്. അത് ഒരു മുന്നണി ചെയതിട്ടുള്ള പാതകങ്ങൾ ആവർത്തിക്കാനുള്ള അവകാശം മറ്റേ മുന്നണിക്കുണ്ടെന്നതാണ്. ഇത് അംഗീകരിക്കാനാവുന്ന ഒന്നല്ല. (ജനയുഗം, ജൂൺ 26, 2013)

Thursday, June 13, 2013

പൊലീസിന്റെ നിയമബാഹ്യ അജണ്ടകൾ

ബി.ആർ.പി. ഭാസ്കർ

ഐ.പി.എൽ. വാതുവെയ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കേരള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് നാലാഴ്ചക്കുശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. ഡൽഹി പൊലീസ് മുംബായിൽ പോയാണ് അറസ്റ്റ് നടത്തിയത്. ശ്രീശാന്ത് പൊലീസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്തെന്നതിന് പ്രഥമദൃഷ്ട്യാ തെളിവൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല. വിദേശത്തു കഴിയുന്ന അധോലോക നായകന്മാരുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നു പറഞ്ഞുകൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കാനായി മഹാരാഷ്ട്രാ സർക്കാരുണ്ടാക്കിയ ‘മകോക്ക’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കരിനിയമവും പ്രയോഗിക്കപ്പെട്ടു. ജാമ്യം അനുവദിച്ച ജഡ്ജി ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിറ്ട്ടുണ്ട്.  ഇതെല്ലാം പൊലീസിന് നിയമബാഹ്യമായ അജണ്ടയുണ്ടോ എന്ന സംശയം ഉയർത്തുന്നു.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ ഡൽഹി പൊലീസ് പലതും വിളിച്ചുപറയുകയും മാദ്ധ്യമങ്ങൾ അവ ആവേശത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. മലയാള മാദ്ധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്ത രീതി പരിശോധിക്കുമ്പോൾ ചാരക്കേസ് അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. പഠിച്ചെങ്കിൽ തന്നെ അത് വിസ്മരിച്ചിരിക്കുന്നു. കേസ് ദുർബലമാണെന്ന അറിവാകണം മകോക്ക പ്രയോഗിക്കാൻ കാരണമായത്. ഇത്തരം കരിനിയമങ്ങൾ പൊലീസിന് പ്രിയങ്കരമാകുന്നത് ജാമ്യം തടയാൻ സഹായിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല. അവ പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് പൊലീസിനെ ഒഴിവാക്കുന്നു. പകരം കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാകുന്നു.

ടാഡാ, പോട്ടാ എന്നീ ഭീകരവിരുദ്ധ നിയമങ്ങളിലും ഇത്തരം വ്യവസ്ഥകളുണ്ടായിരുന്നു. രണ്ടും ദുരുപയോഗപ്പെടുത്തപ്പെട്ടു. അതിനാൽ ശക്തമായ എതിർപ്പുണ്ടാവുകയും അവ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമാവുകയും ചെയ്തു. അത്തരത്തിലുള്ള നിയമം കൂടാതെ അധോലോക സംഘങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് മഹാരാഷ്ട്രാ സർക്കാർ 1999ൽ മകോക്ക ഉണ്ടാക്കിയത്. അത് 2002ൽ ഡൽഹിയിലേക്ക് നീട്ടപ്പെട്ടു. ഇത്തരം നിയമങ്ങൾ കുറുക്കുവഴികൾ നൽകിയിട്ടും പൊലീസിന് അവ ഉപയോഗിച്ചു കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാറില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് 76,000 പേർക്കെതിരെയാണ് ടാഡാ പ്രകാരം കേസെടുത്തത്. എന്നാൽ ശിക്ഷിക്കപ്പെട്ടത് 1.3 ശതമാനം പേർ മാത്രം. പോട്ട പ്രകാരം 1,031 പേർക്കെതിരെ കേസെടുക്കപ്പെട്ടു. അവിടെയും ശിക്ഷാനിരക്ക് ഏതാണ്ട് ഇതു തന്നെ. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, സംശയിക്കുന്നവരെ ശിക്ഷ കൂടാതെ ദീർഘകാലം തുറുങ്കിലടക്കാനാണ് പൊലീസ് ഇത്തരം നിയമങ്ങളെ ആശ്രയിക്കുന്നതെന്ന് ഇതിൽനിന്നും മനസിലാക്കാവുന്നതാണ്.

ഡൽഹി പൊലീസ് മുംബായിൽ ചെന്ന് ശ്രീശാന്തിനെ പിടിച്ചുകൊണ്ടു പോയതിന്റെ പിന്നാലെ അവിടത്തെ പൊലീസും ഒരു വാതുവെയ്പ് കേസെടുത്തു. അന്വേഷണം സംബന്ധിച്ചു രണ്ടു കൂട്ടരും നൽകുന്ന വിവരങ്ങൾ അവർ ഒരു മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നെന്ന പ്രതീതി ജനിപ്പിക്കുന്നു. അടുത്ത കാലത്തുണ്ടായ തീവ്രവാദ സ്ത്രീപീഡന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുടെ പേരിൽ പഴി കേൾക്കേണ്ടി വന്ന പൊലീസ് സേനകളും അവയെ നയിക്കുന്ന ഉദ്യോഗസ്ഥന്മാരും ഈ കേസുകളെ പ്രതിച്ഛായ നന്നാക്കാനുള്ള മാർഗ്ഗങ്ങളായി കാണുന്നുണ്ടാകാം.

വാതുവെയ്പ് ഒരു പുതിയ കാര്യമല്ല. ദാവൂദ് ഇബ്രാഹം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പു തന്നെ മുംബായ് ഒരു വലിയ വാതുവെയ്പ് കേന്ദ്രമായിരുന്നു. ഒരു കാലത്ത് പത്രങ്ങളിൽ ദിവസേന വന്നിരുന്ന ന്യൂ യോർക്ക് കോട്ടൺ മാർക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കി വാതുവെയ്പ് സംഘടിപ്പിക്കുന്ന ദേശവ്യാപകമായ ഒരു സിണ്ടിക്കേറ്റ് ആ നഗരത്തിൽ പ്രവർത്തിച്ചിരുന്നു. അതിനെ തകർത്തത് മുംബായ് പൊലീസ് അല്ല, അമേരിക്കയിലെ പൊലീസ് ആണ്. ആ സിൻഡിക്കേറ്റിനുവേണ്ടി ഒരു ഇടനിലക്കാരൻ ന്യൂ യോർക്ക് മാർക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതായി അവർ കണ്ടെത്തുകയും അയാളെ പിടികൂടി, വിചാരണ നടത്തി ശിക്ഷിക്കുകയും ചെയ്തു. ഐ.പി.എൽ പോലുള്ള പരിപാടികൾ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം രൂപകല്പന ചെയ്തിട്ടുള്ളതാണ്. വലിയ തോതിൽ കാശു മുടക്കാൻ കഴിവുള്ളവർക്ക് മാത്രമെ ടീം ഉണ്ടാക്കാനാകൂ. ടീമുകൾ കളിക്കാരെ ലേലത്തിൽ പിടിക്കുന്നു. സർക്കാർ നികുതി ഇളവ് നൽകി പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊക്കെ വാതുവെയ്പ് പോലുള്ള വഷളത്തങ്ങൾ വളർത്തുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള ചുമതല പൊലീസ് സേനക്കുണ്ട്. ചുമതല നിർവഹിക്കുന്നതിൽ അത് തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫലമായി ചില തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സേനകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വലിയ കുറ്റകൃത്യം നടക്കുമ്പോൾ ആരാണ് അന്വേഷണം നടത്തേണ്ടതതെന്ന് തീരുമാനിക്കാൻ തന്നെ എളുപ്പമല്ല. രണ്ട് ഇറ്റാലിയൻ പട്ടാളക്കാർ പ്രതികളായ കടൽക്കൊല കേസിന്റെ കാര്യത്തിൽ നാം ഇത് കണ്ടു. കേരള പൊലിസിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്കും പിന്നെ സി.ബി.ഐയിലേക്കും ഒടുവിൽ എൻ.ഐ.എയിലേക്കും അത് കൈമാറ്റം ചെയ്യപ്പെട്ടു. അതിനിടെ ഏത് നിയമപ്രകാരം കേസ് എടുണമെന്ന കാര്യത്തിൽ ചിന്താക്കുഴപ്പമുണ്ടായി. ഇനിയും അക്കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. നിയമബാഹുല്യവും അന്വേഷണ സംവിധാനങ്ങളുടെ ബാഹുല്യവും നീതിന്യായ പ്രക്രിയ അതീവ സങ്കീർണ്ണമാക്കിയിരിക്കുന്നു.   

കരിനിയമങ്ങൾ കൂടാതെ കഴിയില്ലെന്ന അവസ്ഥയിലാണ് ഭരണാധികാരികളും പൊലീസും. പൊതുജനാഭിപ്രായം മാനിച്ച് ഒരു കരിനിയമം പിൻ‌വലിക്കുമ്പോൾ സർക്കാർ സമാന വ്യവസ്ഥകളുള്ള മറ്റൊന്ന് കൊണ്ടുവരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ ഉണ്ടായതാണ് അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ യുഎപിഎ. വേണ്ടത്ര തെളിവില്ലാതെയൊ കൃത്രിമമായി തെളിവുകളുണ്ടാക്കിയൊ, നിയമബാഹ്യമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ, ഏതെങ്കിലും വ്യക്തികൾക്കൊ വിഭാഗങ്ങൾക്കൊ എതിരായി കേസെടുക്കുന്ന രീതി രാജ്യമൊട്ടുക്ക് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി. ഭരണകാലത്ത് കർണ്ണാടക പൊലീസ് അബ്ദുൾ നാസർ മ്‌അദനിക്കും തദ്ദേശീയരായ ചില മുസ്ലിം യുവാക്കൾക്കുമെതിരെ എടുത്ത കേസുകൾ പ്രത്യക്ഷത്തിൽ ഈ ഗണത്തിൽ പെടുന്നു. ഹിന്ദുത്വപക്ഷക്കാരായ പത്രപ്രവർത്തകരെ കൊല്ലാൻ പദ്ധതിയിട്ടെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡക്കാൺ ഹെറാൾഡ് റിപ്പോർട്ടറും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡി.ആർ.ഡി.ഓയിലെ യുവ ഗവേഷകനും നിരപരാധികളാണെന്ന് എൻ.ഐ.എ. കണ്ടെത്തിയതിനെ തുടർന്ന് കോടതി അവരെ കുറ്റവിമുക്തരാക്കി. യുഎപിഎ ചുമത്തിയിരുന്നതുകൊണ്ട്  ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങൾ ജയിലിൽ കഴിഞ്ഞശേഷം പുറത്തു വന്ന് റിപ്പോർട്ടറെ പത്രം തിരിച്ചെടുത്തു. എന്നാൽ ഡി.ആർ.ഡി.ഓ ഗവേഷകൻ ഇപ്പോഴും പുറത്താണ്.

കേരളത്തിലും യുഎപി‌എ പ്രകാരം 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിൽ 92 പേർ മുസ്ലിങ്ങളാണ്. പ്രവാചകനിന്ദയുടെ പേരിൽ മൂവാറ്റുപുഴയിലെ കോളെജ് അദ്ധ്യാപകന്റെ കൈ വെട്ടിയതു സംബന്ധിച്ചും നാറാത്ത് സായുധ പരിശീലനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും ചാർജു ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളാണവർ. ഇന്ത്യൻ പീനൽ കോഡ് വകുപ്പുകളനുസരിച്ച് നടപടിയെടുക്കാനും കുറ്റക്കാരെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ ശിക്ഷിക്കാനും കഴിയുമെന്നിരിക്കെ യുഎപിഎ കൂടി ഉൾപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. ഈ നിയമപ്രകാരം നടപടി നേരിടുന്ന മറ്റുള്ളവർ നക്സലൈറ്റുകൾ ആണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യോഗം ചേരാനായി മാവേലിക്കരയിലെത്തിയെന്നല്ലാതെ അവർ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് ഭാഷ്യത്തിൽ പോലുമില്ല. നൂറു കോടി രൂപായുടെ ആകർഷണത്തിൽ നാം ഈയിടെ പാടുപെട്ട് മലയാളത്തിന് ശ്രേഷ്ഠപദവി നേടുകയുണ്ടായി. പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിന് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന കോടികളുടെ പ്രലോഭനത്തിൽ യുഎപി‌എ പ്രയോഗം വ്യാപകമായെന്നിരിക്കും. (ജനയുഗം, ജൂൺ 12, 2013)

Wednesday, June 5, 2013

ജനസൌഹൃദ പൊലീസ് സേനയും പൊലീസ്‌സൌഹൃദ ജനങ്ങളും

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂറിൽ പൊലീസ് സംവിധാനം നിലവിൽ വന്ന കാലത്തെ ഒരു തമാശക്കഥയുണ്ട്. പിൽക്കാലത്ത് ‘തീപ്പെട്ടിക്കോൽ’ എന്ന ദുഷ്പേരു നേടിക്കൊടുത്ത തൊപ്പിയും ധരിച്ച്  പൊലീസുകാരൻ രാത്രിയിൽ റോന്തു ചുറ്റുകയായിരുന്നു. മുമ്പിൽ ഒരാൾ നടക്കുന്നു. എവിടെയൊ കവടി നിരത്താൻ പോയിട്ട് മടങ്ങുന്ന കണിയാനാണ്. പൊലീസുകാരൻ ആൾ കള്ളനാണോ എന്ന് സംശയിക്കുന്നു. കാൽ‌പെരുമാറ്റം കേട്ടു കണിയാൻ തിരിഞ്ഞുനോക്കുമ്പോൾ നിലാവെളിച്ചത്തിൽ തൊപ്പിയുടെ മുകളിലെ ചുവപ്പ് ജ്വലിക്കുന്നു. തലയിൽ നെരിപ്പോടുള്ള അറുകൊല രക്തം ഊറ്റിക്കുടിക്കാനായി പിന്തുടരുകയാണെന്ന് കരുതി അയാൾ നടപ്പിന്റെ വേഗത കൂട്ടുന്നു. അത് പൊലീസുകാരന്റെ സംശയം ബലപ്പെടുത്തുന്നു. അയാളും വേഗത കൂട്ടുന്നു. അപ്പോൾ കണിയാൻ ഓടുന്നു. അതോടെ ആൾ കള്ളൻ തന്നെയെന്ന് ഉറപ്പിച്ച പൊലീസുകാരനും ഓടുന്നു.. പിടികൂടപ്പെടുമെന്നായപ്പോൾ കണിയാൻ നിലത്തു വീണുകൊണ്ട് പറയുന്നു: ‘ദാ കിടക്കുന്നു, കീന്തിക്കുടിച്ചോളൂ.’

കഥയിൽനിന്ന് അന്ധവിശ്വാസത്തിന്റെ അംശം മാറ്റിയാൽ അവശേഷിക്കുന്നത് പരസ്പര സംശയമാണ്. ഒരു നൂറ്റാണ്ടിലധികം കടന്നുപോയെങ്കിലും ആ സംശയത്തിന്റെ അംശം ഇപ്പോഴും നിലനിൽക്കുന്നു. പൊലീസുകാരെ കണ്ട്, പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞ്, പേടിച്ചോടുന്നവർ ആറ്റിലൊ കിണറ്റിലൊ വീഴുന്ന കഥകൾ ഇക്കാലത്ത് കേൾക്കാനുണ്ട്.

മനുഷ്യാവകാശ സംവാദങ്ങളിൽ പൊലീസും ജനങ്ങളും എതിർചേരികളിലാണ്. ഒരളവു വരെ അത് സ്വാഭാവികമാണ്. കാരണം പൊലീസ് അധികാരം പ്രയോഗിക്കുന്നവരും ജനങ്ങൾ അധികാരപ്രയോഗത്തിന് വിധേയരാകുന്നവരുമാണ്. ഇത് ജനാധിപത്യവ്യവസ്ഥയിൽ ഉണ്ടായിക്കൂടാത്ത വൈജാത്യമാണ്. എന്തെന്നാൽ, അടിസ്ഥാനപരമായി, ജനാധിപത്യ സമൂഹത്തിൽ മനുഷ്യാവകാശ സംരക്ഷകരുടെ ഒന്നാം നിര പൊലീസ് സേനയാണ്. പക്ഷെ അതിനെ ജനം സംശയത്തോടെ വീക്ഷിക്കുന്നു.

ഭരണകൂടം ഏതുതരത്തിലുള്ളതായാലും ക്രമസമാധാനപാലനത്തിന് പൊലീസ് സേന കൂടിയേ തീരൂ. കൊളോണിയൽ ഭരണകൂടം ഒന്നര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൊലീസ് സംവിധാനത്തിന്റെ തുടർച്ചയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. അതിനെ ജനാധിപത്യ വ്യവസ്ഥ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കുന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഭരണകൂടങ്ങൾ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളു.

ആന്ധ്ര പ്രദേശിലെ ഒരു മുൻ ഡി.ജി.പി. ഐ.പി.എസിലെ ഒരാദ്യകാല അനുഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരു ഗ്രാമീണൻ അവിടെ വന്ന് തനിക്കൊരു പരാതിയുണ്ടെന്ന് പറഞ്ഞു. ഉടൻ തന്നെ ഇൻസ്പെക്ടർ അയാളെ തലങ്ങും വിലങ്ങും മർദ്ദിച്ചു. എന്നിട്ട് ചോദിച്ചു: “എന്താ തന്റെ പരാതി?” പരാതിക്കാരൻ പോയശേഷം യുവ ഐ.പി.എസ് ആഫീസർ ഇൻസ്പെക്ടറോട് അയാളെ എന്തിനാണ് തല്ലിയതെന്ന് ചോദിച്ചു. “സർ, ഇവിടെ വരുന്നവരാരും സത്യം പറയാനല്ല വരുന്നത്. ഒന്ന് പൂശിക്കഴിയുമ്പോൾ സത്യം പുറത്തുവരും” എന്നായിരുന്നു ഇൻസ്പെക്ടറുടെ മറുപടി. പൊലീസിന്റെ കൊളോണിയൽ-ഫ്യൂഡൽ പാരമ്പര്യത്തിൽ അധിഷ്ടിതമായ സമീപനമാണ് ആ വാക്കുകളിലുള്ളത്. ജനങ്ങളെ വിശ്വസിക്കാത്ത പൊലീസും പൊലീസിനെ വിശ്വസിക്കാത്ത ജനങ്ങളും ആ പാരമ്പര്യത്തിന്റെ ഭാഗമാണ്.

തെറ്റോ ശരിയോ ആകട്ടെ, ആ ഇൻസ്പെകടർക്ക് തന്റെ ചെയ്തിക്ക് ന്യായീകരണമായി പറയാൻ ഒരു കാരണമുണ്ടായിരുന്നു. ചില പ്രവൃത്തികൾക്ക് അതുണ്ടായില്ലെന്നിരിക്കും. എനിക്ക് നല്ല പരിചയമുള്ളയാളായിരുന്നു പ്രശസ്ത സിനിമാനടൻ സത്യൻ. തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിലെ നടനെന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം തൈക്കാട് പൊലീസ് ട്രെയിനിങ് സ്കൂളിൽ പ്രവർത്തിക്കുന്ന കാലത്ത് സിനിമയിൽ പ്രവർത്തിക്കുന്നതിനുള്ള അവസരത്തെക്കുറിച്ച് അറിയിക്കാൻ അവിടെപോയി അദ്ദേഹത്തെ കാണുകയുണ്ടായി. ഞാൻ മദ്രാസിൽ പണിയെടുക്കുന്ന കാലത്ത് ഷൂട്ടിങ്ങിനായി വരുമ്പോൾ അദ്ദേഹത്തെ കാണുമായിരുന്നു. സത്യൻ ആലപ്പുഴയിൽ സബ്‌ഇൻസ്പെക്ടറായിരിക്കെ കസ്റ്റഡിയിലെടുത്ത ഒരാളെ വഴിനീളെ മർദ്ദിക്കുന്നതു കണ്ടതായി പ്രശസ്ത നിരൂപകൻ കെ.പി.അപ്പന്റെ ഒരു ലേഖനത്തിൽ വായിച്ചപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ അറിഞ്ഞത് നാടക-സിനിമാ നടനായ സത്യനെയാണ്, പൊലീസ് ഇൻസ്പെക്ടറായ സത്യനെയായിരുന്നില്ല എന്ന് അപ്പോൾ ബോധ്യപ്പെട്ടു.  

ഇടിവണ്ടി, നടയടി തുടങ്ങിയ പദപ്രയോഗങ്ങൾക്ക് കാരണമായ മുറകൾ യുക്തിസഹമായ വിശദീകരണം നൽകാനാവാത്ത കേവല ബലപ്രയോഗങ്ങളാണ്. ഇത് പൊലീസിന്റെയും മറ്റ് സായുധസേനകളുടെയും മാത്രം പ്രശ്നമല്ല. രാഷ്ട്രീയ-തൊഴിലാളി-യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുൾപ്പെടെ എല്ലാ സംഘടിത സംവിധാനങ്ങളും ബലപ്രയോഗം നടത്താറുണ്ട്. ഗാന്ധിജി നിയമനിഷേധ സമരം ആരംഭിച്ച കാലത്തു തന്നെ പല നേതാക്കളും അത് അപകടകരമായ നീക്കമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം സമാധാനപരമായ സമരങ്ങളിലാണ് വിശ്വാസം അർപ്പിച്ചത്. സമാധാനപരമായി നടത്തുന്ന സമരങ്ങൾ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന ധാരണയാണ് പലപ്പോഴും അക്രമത്തിന് കാരണമാകുന്നത്. ഭരണകൂടം സമരത്തിലേർപ്പെട്ടിരിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് കൂടുതൽ ക്രിയാത്മകമായി പ്രതികരിച്ചാൽ ഈ പ്രവണത തടയാനാകും.

ഏതാനും കൊല്ലം മുമ്പ് കേരളത്തിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും മൂന്നാം മുറ പ്രയോഗം ന്യായീകരിച്ചതായി പ്രശസ്ത ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംചേരി എഴുതുകയുണ്ടായി. ആ അവസ്ഥ തന്നെയാകും ഒരുപക്ഷെ ഇപ്പോഴും മദ്ധ്യവർഗ്ഗത്തിനിടയിൽ നിലനിൽക്കുന്നത്. തങ്ങളിൽ ഒരാൾ ഇരയാകുമ്പോൾ മാത്രമാണ് അവർ സാധാരണയായി പ്രതിഷേധശബ്ദമുയർത്തുന്നത്. അവരാക്കട്ടെ അപൂർവ്വമായി മാത്രമെ  ഇരകളാകാറുള്ളു. എത്ര ജനപിന്തുണയുണ്ടായാലും തെറ്റ് തെറ്റു തന്നെയാണ്.

രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് എന്ന ഖ്യാതി കേരളത്തിലെ സേനയ്ക്കുണ്ട്. കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന മനുഷ്യാവകാശ സംഘടന തിരുവനന്തപുരത്തു നടത്തിയ പരിപാടിയിൽ ഒരുയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഇത് അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടിയപ്പോൾ സി.ബി.ഐ അഡിഷനൽ ഡയറക്ടറായിരുന്ന സി.എം. രാധാകൃഷ്ണൻ നായർ സമയോചിതമായ ഒരോർമ്മപ്പെടുത്തൽ നടത്തി: യു.പി.യേക്കാളും ബീഹാറിനേക്കാളുമൊക്കെ മെച്ചമാണെന്നേ അതിനർത്ഥമുള്ളു!

പൊലീസിന്റെ പ്രധാന പ്രവർത്തനങ്ങളായ കുറ്റാന്വേഷണവും കുറ്റം തടയലും ഫലപ്രദമായി നടത്തുന്നതിനു ജനങ്ങളുടെ സഹകരണം അനുപേക്ഷണീയമാണ്.  അതുറപ്പാക്കുന്നതിന് പൊലീസിനെ ജനസൌഹൃദമാക്കുന്നതിനോടൊപ്പം ജനങ്ങളെ പൊലീസ്‌സൌഹൃദമാക്കുകയും വേണം. (കേരള പൊലീസ് അസോസിയേഷൻ സ്മരണിക 2013)