Friday, May 11, 2012

കേരളത്തിലെ ജനാധിപത്യസമൂഹം ഉണരേണ്ടിയിരിക്കുന്നു

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയ കാര്യമല്ല. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിക്കുന്ന പുതിയ അന്തരീക്ഷം, സി.പി.എമ്മില്‍നിന്ന് പുറത്തുപോയി, തങ്ങള്‍ക്ക് രാഷ്ടീയ വെല്ലുവിളി ഉയര്‍ത്താന്‍ ആരെയും അനുവദിക്കുകയില്ലെന്ന താക്കീത് ഉള്‍ക്കൊള്ളുന്നു എന്നതാണ്. ചന്ദ്രശേഖരനും കൂട്ടരും സി.പി.എം. വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയതിന് ശേഷം ആ മേഖലയില്‍ സി.പി.എം, ഈ വിമതര്‍ക്കുനേരെ നടത്തിയ ആക്രമണ പരമ്പരയെക്കുറിച്ച് ചന്ദ്രശേഖരന്‍ തന്നെ എഴുതിയ ലേഖനം വിശദമായ ചിത്രം നല്‍കുന്നുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് ആ മേഖലയിലെ മുഴുവന്‍ പോലീസ് സംവിധാനവും തങ്ങളുടെ വിശ്വസ്തരെ കുത്തിനിറച്ച് ഈ ആക്രമണപരമ്പരകള്‍ക്കെതിരെ പോലീസ് നടപടികളൊന്നും ഉണ്ടാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. ചന്ദ്രശേഖരന്റെ അടുത്ത അനുയായികള്‍ക്കെതിരെ നടന്ന, തലനാരിഴയ്ക്കുമാത്രം അവര്‍ രക്ഷപ്പെടാനിടയായ, ആക്രമണങ്ങളുടെ അതേ ശൈലിയിലുള്ള ആക്രമണം തന്നെയാണ് ചന്ദ്രശേഖരനെതിരായും നടന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പേരും വിലാസവും അറിയുന്നതുകൊണ്ട് ഒരു വിശേഷവുമില്ല.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ രൂപംകൊണ്ടുവരുന്ന അങ്ങേയറ്റം അപകടകരമായ ഫാസിസ്റ്റു പ്രവണതയെക്കുറിച്ചാണ് കേരളീയസമൂഹം ഉല്‍ക്കണ്ഠപ്പെടേണ്ടത്. കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റാലിനിസത്തെവരെ ആരാധിക്കാന്‍ മടിക്കാത്ത രാഷ്ട്രീയ സംസ്‌കാരമാണ് അപകടകരം. 1930-കളിലും 40 കളിലും പാര്‍ട്ടി കമ്മിറ്റികളൊന്നും അറിയാതെ സ്റ്റാലിനും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേര്‍ന്ന് പാര്‍ട്ടി നേതൃത്വനിരയിലുള്ളവരെ വന്‍തോതില്‍ ഇല്ലായ്മ ചെയ്ത ഭീകരമായ അധികാരപ്രയോഗത്തിന്റെ ശൈലിതന്നെയാണ് കേരളത്തില്‍ സി.പി.എം. നേതൃത്വം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ നടന്ന ഷുക്കൂര്‍ വധം ഈ ശൈലിയുടെതന്നെ മറ്റൊരു രൂപത്തിലുള്ള പ്രതിഫലനമായിരുന്നു. ഏകപാര്‍ട്ടി ഭരണസങ്കല്പം സൃഷ്ടിക്കുന്ന ഈ ശൈലിയുടെ പ്രാഥമിക രൂപം പിന്തുടര്‍ന്നിരുന്നവരാണ് ചന്ദ്രശേഖരനും മറ്റുവിതരുമൊക്കെതന്നെ. വിമതത്വം പ്രകടമായപ്പോള്‍ അവര്‍ ഈ ശൈലിയുടെ ഇരകളായി. ഇപ്പോഴും ഈ ശൈലി പിന്തുടരുന്നവര്‍ ഇങ്ങിനെ ഇരകളാകുമ്പോഴേ അവര്‍ക്കിത് മനസ്സിലാകൂ.
കേരളത്തിലെ ജനാധിപത്യസമൂഹം ഈ രാഷ്ട്രീയശൈലി ഒരു തരത്തിലും പൊറുപ്പിച്ചുകൂടാ. ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തനം മുഴുവന്‍ സുതാര്യമാക്കാന്‍ ബാധ്യസ്ഥരാണ്. ഗൂഢാലോചനാപരമായ ശൈലികള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യവ്യവസ്ഥയില്‍ സ്ഥാനമുണ്ടാകരുത്. ജനാധിപത്യപരവും ആശയപരവുമായ സാമൂഹ്യഇടപെടലിലൂടെയാണ് ജനാധിപത്യപരമായ രാഷ്ട്രീയസംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത്. കേരളത്തിന്റെ ജനാധിപത്യഭാവിയില്‍ തല്പരരായവരെല്ലാം ഇത്തരമൊരു രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ പങ്കാളികളാവേണ്ടതുണ്ട്. എല്ലാത്തരം അക്രമരാഷ്ട്രീയത്തിന്റെയും അടിവേരുകള്‍തന്നെ പിഴുതെറിയും വിധത്തിലുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് അടിയന്തിരാവശ്യം.
 
(ആനന്ദ്, എം. ഗംഗാധരന്‍, സക്കറിയ, എം.ജി.എസ്. നാരായണന്‍, കെ. വേണു, സാറാ ജോസഫ് ആറ്റൂർ രവിവര്‍മ്മ, സി.ആർ. പരമേശ്വരന്‍, കല്പറ്റ നാരായണന്‍, സിവിക് ചന്ദ്രന്‍, ടി.പി. രാജീവന്‍, എം.എന്‍. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ, എന്‍.എം. പിയേഴ്‌സൺ, ഇ. കരുണാകരന്‍, എം.ജി. ശശി, അന്‍വർ അലി, സി.ജെ. ജോര്‍ജ്, എം. കമറുദ്ദീൻ, ബി.ആർ.പി. ഭാസ്കർ എന്നിവർ ഒപ്പിട്ട പ്രസ്താവനയുടെ പൂർണ്ണ രൂപം)

Thursday, May 10, 2012

കാലുമാറ്റത്തിനും കൊലക്കുമിടയില്‍

ബി.ആര്‍.പി. ഭാസ്കര്‍
മാധ്യമം

പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ മുഖ്യതെരഞ്ഞെടുപ്പു പ്രചാരകന്‍ കൂടിയായിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പില്‍ മാത്രമേ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നുള്ളൂ. ഉപതെരഞ്ഞെടുപ്പുകളില്‍നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു. കേന്ദ്രത്തിലും കേരളത്തിലും നേരിയ ഭൂരിപക്ഷം മാത്രമുള്ള ഭരണമുന്നണികളെ നയിക്കുന്ന കോണ്‍ഗ്രസിന് ഇന്ന് ഓരോ ഉപതെരഞ്ഞെടുപ്പും ജീവന്മരണ പോരാട്ടമാണ്. അങ്ങ് വടക്ക് നടന്ന ഒരു നിഷ്ഠുര രാഷ്ട്രീയ കൊലപാതകം രണ്ട് കാലുമാറ്റക്കാര്‍ തമ്മില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മത്സരത്തിന് പതിവിലധികം പ്രാമുഖ്യം നേടിക്കൊടുത്തിരിക്കുന്നു.

ഒരു കൊല്ലം മുമ്പ് സി.പി.എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ആര്‍. ശെല്‍വരാജ് പാര്‍ട്ടിയില്‍നിന്നും നിയമസഭയില്‍നിന്നും രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വോട്ടര്‍മാരുടെ മുന്നിലെത്തിയിരിക്കുന്നു. ഈ സാഹചര്യം മത്സരത്തിന് കൂടുതല്‍ വീറുംവാശിയും പകരുന്നു. മറ്റൊരു കക്ഷി വിട്ട് ഈയിടെ മാത്രം പാര്‍ട്ടിയിലെത്തിയ ലോറന്‍സിനെ സ്ഥാനാര്‍ഥിയാക്കിയതു വഴി ശെല്‍വരാജിന്റെ കൂറുമാറ്റത്തെ ഒരു ധാര്‍മികപ്രശ്നമായി ഉയര്‍ത്തിക്കാട്ടാനുള്ള അവസരം സി.പി.എം നഷ്ടപ്പെടുത്തിയിരിക്കുന്നു. ആരു ജയിച്ചാലും കാലുമാറ്റത്തിന്റെ വിജയമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

നിലവിലുള്ള ഇരുമുന്നണി സംവിധാനം രൂപപ്പെട്ടശേഷം പിളര്‍പ്പിനെ തുടര്‍ന്നോ അല്ലാതെയോ ചെറിയ കക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകിയിട്ടുണ്ട്. എന്നാല്‍, വ്യക്തികള്‍ ഒരു ദിശയില്‍ മാത്രമാണ് ഒഴുകിയിരുന്നത്. – യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലേക്ക്. ടി.കെ. ഹംസയും ലോനപ്പന്‍ നമ്പാടനും മുതല്‍ ചെറിയാന്‍ ഫിലിപ്പും കെ.ടി.ജലീലും വരെ നീളുന്നു അങ്ങനെ ഒഴുകിയവരുടെ പട്ടിക. അടുത്തകാലത്ത് ഒഴുക്കിന്റെ ദിശ മാറി. എ.പി. അബ്ദുല്ലക്കുട്ടി, കെ.എസ്. മനോജ്, എസ്. ശിവരാമന്‍, സിന്ധു ജോയ്, മഞ്ഞളാംകുഴി അലി എന്നിവരുടെ പിന്നാലെ ശെല്‍വരാജും എത്തിയതോടെ ഒരു ചെറിയ കാലയളവില്‍ ആ പട്ടികയും നീണ്ടു. വിശ്വാസപ്രമാണമോ നയപരിപാടികളോ ആരുടേയും കാര്യത്തില്‍ നിര്‍ണായകമായിരുന്നില്ല. ഇത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ അരാഷ്ട്രീയത പടരുന്നതിന് തെളിവാണ്. അധികാര രാഷ്ട്രീയം അപ്പക്കഷണ രാഷ്ട്രീയമായി മാറിയിരിക്കുന്നു.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പ്രദേശമാണ് നെയ്യാറ്റിന്‍കര. നവോത്ഥാനത്തിന്റെ ആദ്യ ചലനങ്ങളുണ്ടായത് ഇവിടത്തെ പ്രബല നാടാര്‍ സമുദായത്തിലാണ്. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തി ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചത് ഇവിടെയുള്ള അരുവിപ്പുറത്താണ്. സാമൂഹികമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ പിന്നിലായിരുന്നെങ്കിലും രാഷ്ട്രീയതലത്തില്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, വൈക്കം സത്യഗ്രഹി സി. കുട്ടന്‍ നായര്‍, ഗാന്ധി ആശ്രമവാസികളാകാന്‍ വടക്കോട്ട് വണ്ടികയറിയ സി. കൃഷ്ണന്‍ നായര്‍, ജി. രാമചന്ദ്രന്‍ എന്നിവരുടെ നാടാണിത്. സ്വാതന്ത്രൃസമരത്തിലെ ആദ്യ മലയാളി രക്തസാക്ഷി രാഘവന്‍ വെടിയേറ്റുവീണത് ഈ മണ്ണിലാണ്. എന്നാല്‍, നെയ്യാറ്റിന്‍കരയുടെ ഈ മഹത്തായ പാരമ്പര്യത്തിന് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കേരളത്തില്‍ എന്ത് പ്രസക്തിയാണുള്ളത്? തെരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ അവിടെയെത്തിയ ചെന്നിത്തലയോ കോടിയേരിയോ ശ്രീനാരായണന്‍ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്നെഴുതി സ്ഥാപിച്ച പലക ഇപ്പോഴും കാണാവുന്ന അരുവിപ്പുറത്തേക്ക് പോയില്ല. ജീവിതകാലത്ത് ശ്രീനാരായണന്‍ പരസ്യമായി ഉപേക്ഷിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ ശാഖയും എന്‍.എസ്.എസിന്റെ കരയോഗവുമാണ് ചെന്നിത്തല സന്ദര്‍ശിച്ചത്. രണ്ട് നേതാക്കളും സ്ഥലത്തെ {്രെെസ്തവ സഭാധ്യക്ഷന്മാരെ മുഖം കാണിച്ചു. ഇന്നത്തെ ഇടതുവലതു രാഷ്ട്രീയത്തിന്റെ സമാനസ്വഭാവം ഇതില്‍നിന്ന് വായിച്ചെടുക്കാം.

ഒരു മുന്നണിക്കും കുത്തക അവകാശപ്പെടാനാവാത്ത മണ്ഡലമാണ് നെയ്യാറ്റിന്‍കര. ജാതിയും മതവും വ്യക്തിതലങ്ങളില്‍ ഒതുക്കി നിര്‍ത്തുന്ന പാരമ്പര്യമാണ് ഇവിടത്തെ നാടാര്‍ സമുദായത്തിന്റേത്. ഹിന്ദുനാടാരും ക്രൈസ്തവനാടാരും തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതും രണ്ടു മതങ്ങളില്‍ പെട്ടവരും ഒരു കുടുംബ്ധിലെ അംഗങ്ങളെന്ന നിലയില്‍ ഒരു കൂരക്കു കീഴില്‍ കഴിയുന്നതും ഇവിടെ കാണാനാകും. ഈ മതസൗഹാര്‍ദ പാരമ്പര്യത്തിന് മുന്നണികളുടെ മത്സരിച്ചുള്ള വര്‍ഗീയ പ്രീണനത്തെ അതിജീവിക്കാനാകുമോ? ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഒരു വിഭാഗത്തില്‍പെട്ടവരാണെന്നത് വര്‍ഗീയ ധ്രുവീകരണ സാധ്യത കുറക്കുന്നുണ്ട്. അതേസമയം, മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പലതവണ പൊളിഞ്ഞുവീണ നായരീഴവസഖ്യം ഹിന്ദു ഏകീകരണമെന്ന വ്യാജേന വീണ്ടും പരീക്ഷിക്കാന്‍ എന്‍.എസ്. എസ്, എസ്.എന്‍.ഡി.പി നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി മണ്ഡലത്തിനു പുറത്തുനിന്ന് പാര്‍ട്ടി അനുഭാവികളല്ലാത്തവര്‍ക്കിടയിലും സ്വീകാര്യതയുള്ള ഒ. രാജഗോപാലനെ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ വോട്ടര്‍മാരെ സംബന്ധിച്ചുള്ള സാമാന്യ ധാരണ പുനഃപരിശോധന ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഒരു മുന്നണിക്കും സ്ഥിരമായി അടിമപ്പെടാതെ ഒരു വിഭാഗം വോട്ടര്‍മാര്‍ മാറിമാറി വോട്ട് ചെയ്യുന്നതുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്ത് ഓരോ തെരഞ്ഞെടുപ്പിലും ഇവിടെ ഭരണമാറ്റമുണ്ടായിട്ടുണ്ട്. ലോക്സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് വന്‍പ്രഹരം ഏറ്റുവാങ്ങിയതിനാല്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്ന യു.ഡി.എഫ് എല്ലാ ജാതിമത സംഘടനകളുടെയും പിന്തുണ ഉണ്ടായിരുന്നിട്ടും കഷ്ടിച്ച് കരകയറുകയായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ തുടര്‍ച്ചയായി ഇടഞ്ഞുനിന്നതുകൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നിട്ടും എല്‍.ഡി.എഫിന് ഉജ്ജ്വലപ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത് വി.എസ്. അച്യുതാനന്ദന്റെ വ്യക്തിപ്രഭാവമൊന്നുകൊണ്ട് മാത്രമായിരുന്നു. നമ്മുടെ വോട്ടര്‍മാരുടെ മനസ്സ് എത്ര എളുപ്പത്തിലാണ് അദ്ദേഹത്തിന് മാറ്റാനായത്?

ആ അനുഭവത്തില്‍നിന്ന് നിഷ്പക്ഷമതികള്‍ക്ക് വായിച്ചെടുക്കാവുന്ന പാഠം തെരഞ്ഞെടുപ്പില്‍ ജാതിമത സംഘടനകളുടെ നിലപാട് നിര്‍ണായകമല്ലെന്നാണ്. പക്ഷേ, സി.പി.എം. ഉള്‍ക്കൊണ്ടത് മറ്റൊരു പാഠമാണ്. നാലു മണ്ഡലങ്ങളില്‍ യു.ഡി.എഫ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. ഏതെങ്കിലും ജാതിമതവിഭാഗത്തെ പ്രീണിപ്പിച്ച് ആ നാലിടത്തും 1,500 വോട്ടുകള്‍ വീതം നേടാനായിരുന്നെങ്കില്‍ യു.ഡി.എഫ് 72, എല്‍.ഡി.എഫ് 68 എന്നത് എല്‍.ഡി.എഫ് 72, യു.ഡി.എഫ് 68 എന്നാക്കി അധികാരം നിലനിര്‍ത്താനാകുമായിരുന്നെന്നാണ് സി.പി.എം നേതൃത്വം കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിട്ടുപോയവര്‍ക്ക് തിരിച്ചു വരാനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വാതില്‍ തുറന്നിട്ടിരിക്കുന്നു. എതിര്‍ മുന്നണിയില്‍നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, എല്‍.ഡി.എഫ് അടുത്തുതന്നെ വീണ്ടും അധികാരത്തിലേറുമെന്ന് കോടിയേരി കഴിഞ്ഞദിവസം പറയുകയുണ്ടായി. ഇത് വി.എസ് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കി അദ്ദേഹത്തിന്റെ ആരാധകരെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ്.

രണ്ടു മുന്നണികളും വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും വോട്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. അവക്കിടയിലുണ്ടായിരുന്ന വേര്‍തിരിവുകള്‍ ലോപിച്ച് ഇല്ലാതായ സാഹചര്യത്തില്‍ ഈ മുന്നണികള്‍ നിലനില്‍ക്കുന്നിടത്തോളം തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ ഇനി ഇത്തരത്തിലുള്ളവയായേ മതിയാകൂ. വിഷയ ദാരിദ്യ്രം അനുഭവിച്ചിരുന്ന മുന്നണികള്‍ വിമത മാര്‍ക്സിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് വിഷയമെന്ന നിലയില്‍ അത് ആര്‍ക്ക് എന്ത് ഗുണംചെയ്യുമെന്ന് പറയാനെളുപ്പമല്ല. ചന്ദ്രശേഖരനെ ആക്രമിച്ചത് വാടക കൊലയാളികളാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. കൊലയാളികളെ ഏര്‍പ്പെടുത്തിയത് ആരാണെന്ന കാര്യത്തിലാണ് അന്വേഷണത്തിലൂടെ പൊലീസ് തീര്‍പ്പു കല്‍പിക്കേണ്ടത്. പൊലീസില്‍ ഇരുമുന്നണികള്‍ക്കും വത്സലപുത്രന്മാരുണ്ടെന്നത് രഹസ്യമല്ല. ഈ സാഹചര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വകവുമായ അന്വേഷണത്തിലൂടെ കുറ്റകൃത്യം ചെയ്തവരെയും അവരെ നിയോഗിച്ചവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ പൊലീസിനു കഴിയുമോയെന്ന് സംശയിക്കുന്നവരേറെയാണ്.

ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം സി.പി.എം നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നതും എതിരാളികളെ വകവരുത്തുന്ന പാരമ്പര്യം ആ പാര്‍ട്ടിക്ക് ഉണ്ടെന്നതും എല്‍.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ആ നിലക്ക് ഈ സംഭവത്തെ ഉപയോഗിക്കാനുള്ള ശ്രമം യു.ഡി.എഫ് ഉടന്‍തന്നെ ആരംഭിക്കുകയും ചെയ്തു. സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശത്രുപക്ഷം നടത്തിയ ഗൂഢാലോചനയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. സി.പി.എം ചന്ദ്രശേഖരനെ കൊല്ലാന്‍ തീരുമാനിച്ചാല്‍തന്നെയും തെരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്യുമോ എന്ന ന്യായമെന്ന് തോന്നിപ്പിക്കുന്ന വാദവും പാര്‍ട്ടി മുന്നോട്ടുവെക്കുന്നുണ്ട്. ഇതൊരു ദുര്‍ബല വാദമാണ്. തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യുമെന്നതുകൊണ്ട് സി.പി.എം ഈ സമയത്ത് ഇത്തരത്തിലുള്ള അക്രമത്തിന് മുതിരില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നുറപ്പുണ്ടെങ്കില്‍ കുറ്റം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ലസമയം വേറെയുണ്ടോ?

സി.പി.എം അനുകൂലികള്‍ അവരുടെ പാര്‍ട്ടി പറയുന്നതും കോണ്‍ഗ്രസ് അനുകൂലികള്‍ അവരുടെ പാര്‍ട്ടി പറയുന്നതും വേദവാക്യമായി സ്വീകരിക്കുമെന്ന് കരുതാവുന്നതാണ്. മറ്റുള്ളവര്‍ അവരുടെ വാദങ്ങളെ എങ്ങനെ കാണുന്നുവെന്നാണ് അറിയേണ്ടത്. കാലുമാറ്റങ്ങളും കൊലപാതകവും രാഷ്ട്രീയം ദുഷിച്ചതിന്റെ പ്രത്യക്ഷ തെളിവുകളാണ്. ഈ അവസ്ഥയില്‍ മാറ്റംവരുത്താന്‍ കഴിവുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം തെരഞ്ഞെടുപ്പ് കഴിഞ്ഞും തുടരുമെന്നതാണ് കേരളത്തിന്റെ ദുര്യോഗം.

Tuesday, May 1, 2012

മുന്നണി രാഷ്ട്രീയത്തിൽ വളരുന്ന വർഗ്ഗീയ മാലിന്യങ്ങൾ


ബി.ആർ.പി.ഭാസ്കർ

അപൂർവ്വ അവസരങ്ങളിൽ മാത്രമാണ് അധികാര രാഷ്ട്രീയത്തിന്റെ അശ്ലീലരൂപം ജനങ്ങളുടെ മുന്നിൽ തെളിയുന്നത്. അത്തരത്തിലുള്ള ഒരവസരമാണ് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പ്രവേശനവേളയിലുണ്ടായത്. അണികളുടെ ആഹ്ലാദപ്രകടനത്തിന്റെ ആരവം കേട്ടടങ്ങുംമുമ്പ് ലീഗിന്റെ മന്ത്രിമുഖ്യൻ പി.കെ. കുഞ്ഞാലിക്കുട്ടി ഒരു വിലയിരുത്തൽ നടത്തി: മുഖ്യമന്ത്രി ഒരു സ്ഥാനം കൂടി നേരത്തെ വാഗ്ദാനം ചെയ്തിരുന്നതാണ്, കിട്ടാതെ വന്നപ്പോൾ അത് അഭിമാനപ്രശ്നമായി, കാര്യങ്ങൾ കൈവിട്ടുപോയി! ഇതിനപ്പുറം ഒരു രാഷ്ട്രീയാഭാസ കുറ്റസമ്മതം പ്രതീക്ഷിക്കാനാവില്ല. ലീഗിന്റെ അഭിമാനം കാക്കാൻ മുഖ്യമന്ത്രിക്ക് സ്വന്തം അഭിമാനം പണയം വെക്കേണ്ടിവന്നു. ഈ സംഭവത്തിലൂടെ വെളിപ്പെട്ടത് മുന്നണി രാഷ്ട്രീയത്തിന്റെ അപകടകരമായ വശമാണ്.

മുന്നണി സമ്പ്രദായത്തിന് ജനാധിപത്യ വ്യവസ്ഥയെ വികലമാക്കാനാകുമെന്ന് 1967ലെ തെരഞ്ഞെടുപ്പ് കാട്ടിത്തന്നിരുന്നു. ഏറ്റവുമധികം വോട്ട് നേടിയ (പോൾ ചെയ്ത വോട്ടുകളുടെ 35.43 ശതമാനം) കോൺഗ്രസ് 133 അംഗ സഭയിൽ ഒമ്പത് സീറ്റോടെ പ്രതിപക്ഷത്തായി. കേവലം 6.75 ശതമാനം വോട്ട് മാത്രം നേടിയ മുസ്ലിം ലീഗിന് 14 സീറ്റും രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. ഭൂമി കയ്യേറിയവരെ സംരക്ഷിക്കാനായി  ഉണ്ടാക്കിയ അംഗീകാരമില്ലാത്ത പ്രാദേശിക പാർട്ടിക്കും കിട്ടി ഒരു മന്ത്രിസ്ഥാനം. ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം പോലുള്ള അവസരങ്ങൾ മന്ത്രിമാർ സാമ്പത്തിക നേട്ടമുണ്ടാക്കാനൊ പാർട്ടിയെ വളർത്താനൊ ഉപയോഗിക്കാൻ തുടങ്ങിയത് ആ സർക്കാരിന്റെ കാലത്താണ്. ‘വിമോചന സമര’ത്തെ തുടർന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട ഒറ്റപ്പെടലിനെയും പിളർപ്പിനെ തുടർന്നുണ്ടായ ബലക്ഷയത്തെയും മറികടക്കാനായി,  വിജയത്തിനുവേണ്ടി ഏത് മാർഗ്ഗവും സ്വീകരിക്കാമെന്ന ഉപരിവർഗ്ഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ, ഇ.എം.എസ്. നമ്പൂതിരിപ്പാട് ആവിഷ്കരിച്ചതായിരുന്നു അന്ന് വിജയം കണ്ട സപ്തമുന്നണി. ആ കൂട്ടുകെട്ട് തെറ്റായിരുന്നെന്ന് അദ്ദേഹം പിൽക്കാലത്ത് ഏറ്റുപറയുകയുണ്ടായി..

ഇ.എം.എസിനും ഉമ്മൻ ചാണ്ടിക്കും വഴിതെറ്റിയ സംഭവവികാസങ്ങളിൽ മുസ്ലിം ലീഗ് പൊതു ഘടകമായത് യാദൃശ്ചികമല്ല. കേരളത്തിൽ മതനിരപേക്ഷ രാഷ്ട്രീയം മുരടിപ്പിക്കുന്നതിന് വഴി തുറന്നത് ആ കക്ഷിയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സംയുക്തപ്രക്ഷോഭത്തിലൂടെ ഒന്നിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഗാന്ധി പിന്തുണച്ച ഖിലാഫത്ത് പ്രസ്ഥാനം കൈവിട്ടു പോയതിനെ തുടർന്ന് മലബാറിലുണ്ടായ ചേരിതിരിവ് മുഹമ്മദ് അലി ജിന്നയുടെ ആൾ ഇൻഡ്യാ മുസ്ലിം ലീഗിന് മുസ്ലിങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സഹായകമായി. പാകിസ്ഥാൻ യാഥാർത്ഥ്യമായപ്പോൾ ലീഗ് നേതാവ് അബ്ദുൾ സത്താർ സേട്ട് അവിടേക്ക് കുടിയേറുകയും ജിന്ന അദ്ദേഹത്തെ ഇൻഡൊനേഷ്യയിലെ പാകിസ്ഥാൻ അംബാസഡറായി നിയമിക്കുകയും ചെയ്തു. ഇന്ത്യയുടെ വിഭജനത്തെ തുടർന്ന് മലബാറിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയ ഒരു കുടുംബം അതിർത്തിപ്രദേശത്തു കലാപത്തിൽ കൊല്ലപ്പെടുന്ന കഥ കേശവദേവ് “ഭ്രാന്ത്” എന്ന നോവലിൽ പറയുന്നുണ്ട്. എന്നാൽ സ്ഥാനകയറ്റത്തിന് കൂടുതൽ സാധ്യതയുണ്ടാകുമെന്നതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ചില ഉദ്യോഗസ്ഥന്മാർ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറായതൊഴിച്ചൽ കേരളത്തിൽ നിന്ന് അഭയാർത്ഥി പ്രവാഹമുണ്ടായില്ല. കുടിയേറിയ ഒരു കുടുംബത്തിലെ പെൺകുട്ടി ഏതാനും കൊല്ലങ്ങൾക്കുശേഷം മലയാളം വായിക്കാൻ കഴിയാത്തതിലുള്ള തന്റെ ദു:ഖത്തെ കുറിച്ച് നാട്ടിലുള്ള കൂട്ടുകാരിക്ക് കാവ്യരൂപത്തിൽ എഴുതി. കത്ത് കിട്ടിയ കുട്ടിയുടെ സഹോദരൻ അത് മാതൃഭൂമിക്ക് അയച്ചുകൊടുത്തു. മാതൃഭൂമി അച്ചടിച്ച കവിതയെ ആസ്പദമാക്കി പാകിസ്ഥാനിൽ ഗൃഹാതുരത്വം അനുഭവിക്കുന്ന പെൺകുട്ടിയെ കുറിച്ച് ഇൻഡ്യൻ എക്സ്പ്രസ് എഴുതി. എക്സ്പ്രസ് റിപ്പോർട്ട് കണ്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മൌലാനാ അബുൾ കലാം ആസാദ് ആ കുട്ടിക്ക് വായിക്കാൻ മലയാള പ്രസിദ്ധീകരണങ്ങൾ വാങ്ങി അയച്ചുകൊടുക്കാൻ തന്റെ വകുപ്പിന് നിർദ്ദേശം നൽകി.         

വിഭജനത്തിന് ഉത്തരവാദിയായ കക്ഷിയെന്ന നിലയിൽ മുസ്ലിം ലീഗിന് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യയിൽ നിലനില്പില്ലാതായി. അതിന്റെ ഘടകങ്ങൾ പിരിച്ചുവിടപ്പെടുകയൊ നിശ്ചലമാവുകയൊ ചെയ്തു. ഏതാനും വർഷങ്ങൾക്കുശേഷം മദിരാശിയിൽ ചേർന്ന ഒരു സമ്മേളനം മുസ്ലിം രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനായി ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചു. ജിന്നയുടെ ലീഗിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കാനാണ് പുതിയ പേർ സ്വീകരിച്ചത്. പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്മയിലും ബി.വി. അബ്ദുള്ള കോയയും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കൈപുസ്തകം അവർ 1947ന് മുമ്പെ ലീഗ് പ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുന്നുണ്ട്.
തിരുവിതാംകൂറിൽ സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പുള്ള കാലത്ത് ജാതിമത സംഘടനകൾ രാഷ്ട്രീയത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. രാജഭരണകൂടം നടത്തിയ തെരഞ്ഞെടുപ്പിൽ നായർ സർവീസ് സൊസൈറ്റി, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം എന്നിവക്കൊപ്പം തിരുവിതാംകൂർ മുസ്ലിം ലീഗും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. കോൺഗ്രസിന്റെ മുന്നേറ്റം തടയാനായി ദിവാൻ സി.പി. രാമസ്വാമി അയ്യർ അവരെ ഒന്നിച്ചു നിർത്തി. തെരഞ്ഞെടുപ്പിൽ സഖ്യ കക്ഷികളാകയാൽ അവരുടെ പ്രവർത്തനം വർഗ്ഗീയ ധ്രുവീകരണത്തിലേക്ക് നയിച്ചില്ല. രാജഭരണകൂടം സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ എസ്.എൻ. ഡി.പി. യോഗം നേതാവ് ആർ. ശങ്കർ അതിനെ പിന്തുണച്ചു. എന്നാൽ എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തെന്നിമാറി. പാകിസ്ഥാനിലേക്ക് സ്വതന്ത്ര തിരുവിതാംകൂർ പ്രതിനിധിയായി പോകാൻ ഒരു മലയാളി മുസ്ലിമിനെ കിട്ടാതിരുന്നതുകൊണ്ടാവണം ദിവാൻ മദിരാശിയിൽ നിന്ന് കൊണ്ടുവന്ന പൊലീസ് മേധാവി ജി.എസ്.എ. കരിമിനെ അയക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യപ്രാപ്തിയോടെ ജാതിമത സംഘടനകൾ രാഷ്ട്രീയത്തിൽ നിന്ന് പിൻ‌വാങ്ങുകയും അവയുടെ നേതാക്കൾ കോൺഗ്രസിൽ ചേരുകയും ചെയ്തു. ഒരു നൂറ്റാണ്ടുകാലത്തെ തുടർച്ചയായ സാമൂഹിക‌രാഷ്ട്രീയ പ്രവർത്തനത്തിലൂടെ റാഡിക്കലൈസ് ചെയ്യപ്പെട്ട ഈഴവ ജനത നേരത്തെ തന്നെ കോൺഗ്രസിലെത്തുകയും യോഗത്തെ അതുമായി അടുപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കൾ  കോൺഗ്രസ് വിട്ടു സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവർ അങ്ങോട്ട് പോയി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളർന്നപ്പോൾ അവരിലേറെയും കൂടുതൽ വിപ്ലവസ്വഭാവമുണ്ടെന്ന് തോന്നിയ സി.പി.എമ്മിലേക്ക് നീങ്ങി.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് അതിന്റെ സഹായത്തോടെ വിജയിച്ച സ്വതന്ത്രരുടെ പിന്തുണയോടെ അധികാരം നേടിയ 1957ലെ തെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥികളും സ്വതന്ത്രരായാണ് മത്സരിച്ചത്. എട്ടു പേർ വിജയിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തീരിച്ചുവരവ് തടയാനായി 1960ൽ കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്നുണ്ടാക്കിയ മുന്നണിയിൽ ലീഗും പങ്കാളിയായി. മത്സരിച്ച 12 സീറ്റിൽ 11ലും അത് ജയിച്ചു. കിട്ടിയത് 4.96 ശതമാനം വോട്ട്. ലീഗിനെ വിഭജനത്തിന്റെ പാപക്കറയുള്ള കക്ഷിയായി കണ്ട കോൺഗ്രസും പി.എസ്. പി.യും അതിനെ ഭരണത്തിൽ പങ്കാളിയാക്കാൻ തയ്യാറായില്ല. അതേസമയം ലീഗ് നേതാവായ കെ.എം. സീതിസാഹിബിന് സ്പീക്കർ സ്ഥാനം നൽകിക്കൊണ്ട് അവർ കൂട്ടുകെട്ട് നിലനിർത്തി.

സി.പി.എം, സി.പി.ഐ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ആർ.എസ്.പി, കെ.എസ്.പി., കർഷക തൊഴിലാളി പാർട്ടി എന്നിവ കൂടി അടങ്ങുന്ന സപ്തമുന്നണിയുടെ ഭാഗമായി 1967ൽ മുസ്ലിം ലീഗ് 15 ഇടങ്ങളിൽ മത്സരിക്കുകയും 14 ഇടത്ത് വിജയിക്കുകയും ചെയ്തു. അന്ന് കിട്ടിയത് 6.75 ശതമാനം വോട്ട്. ആ കൂട്ടുകെട്ടിലൂടെ ലീഗിന് മന്ത്രിപദവും മാന്യതയും കൂടാതെ മലപ്പുറത്തിനു പുറത്തേക്ക് വളരാനുള്ള അവസരവും ലഭിച്ചു. കോഴിക്കോട്ടെ ഒരു നഗര മണ്ഡലവും കൊച്ചിയിലെ മട്ടാഞ്ചേരിയും തിരുവിതാംകൂറിലെ കഴക്കൂട്ടവും സി.പി.എം. ലീഗിന് നൽകി. നാലു പതിറ്റാണ്ടായി കോൺഗ്രസിന്റെ സഖ്യ കക്ഷിയായ ലീഗ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 24 ഇടത്ത് മത്സരിച്ച്, 20 സീറ്റ് നേടി. അതിന്റെ വോട്ട് വിഹിതം 8.28 ശതമാനമായി വർദ്ധിച്ചു. ഈ വളർച്ചക്കിടയിൽ യു.ഡി.എഫ് മന്ത്രിസഭകളിലെ അതിന്റെ പ്രാതിനിധ്യം രണ്ടിൽ നിന്ന് മൂന്നായും പിന്നീട് നാലായും ഉയർന്നു. ഇപ്പോൾ അത് അഞ്ചായിരിക്കുന്നു.

മുസ്ലിം ലീഗ് പിളർന്നപ്പോൾ വിമതരുണ്ടാക്കിയ ആൾ ഇൻഡ്യാ മുസ്ലിം ലീഗിനെ സി.പി.എം. സ്വീകരിച്ചു. സർക്കാരുണ്ടാക്കാൻ അവസരം ലഭിച്ചപ്പോൾ അതിന് മന്ത്രിസഭയിൽ പ്രാതിനിധ്യം കൊടുക്കുകയും ചെയ്തു. വർഗ്ഗീയ കൂട്ടുകെട്ട് തെറ്റായിരുന്നെന്ന ഇ.എം.എസിന്റെ വിലയിരുത്തലിനെ തുടർന്ന് സി.പി.എം. അതുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഒരു വിമത വിഭാഗം മതത്തിന്റെ പേര് ഒഴിവാക്കിയിട്ട് ചെന്നിട്ടും അതിനെ എൽ.ഡി.എഫിൽ ഘടക കക്ഷിയാക്കാൻ ഇ.എം.എസ്. തയ്യാറായില്ല. എന്നാൽ പിന്നീട് സി.പി.എം. വീണ്ടും വർഗ്ഗീയ കൂട്ടുകെട്ടുകൾക്ക് തയ്യാറായി. ഒരു ഘട്ടത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ തന്നെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്ത് എൽ.ഡി.എഫിൽ കൊണ്ടുവരാൻ സി.പി. എം. നേതൃത്വം തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ബാബ്രി മസ്ജിദ് പൊളിച്ചത് കേരളത്തിലെ മുസ്ലിങ്ങളെ അസ്വസ്ഥരാക്കിയ സംഭവമാണ്. സംഘ പരിവാർ ശിലാ പൂജ സംഘടിപ്പിച്ച കാലം മുതൽക്കെ അയോദ്ധ്യാ പ്രശ്നത്തിന്റെ  അലകൾ സംസ്ഥാനത്ത് അടിച്ചു തുടങ്ങിയിരുന്നു. അക്കാലത്താണ് അബ്ദുൾ നാസർ മ്‌അദനി ആർ.എസ്.എസിനെതിരെ ഐ.എസ്.എസ്. ഉണ്ടാക്കിയത്. പള്ളി പൊളിച്ചതിനെതിരെ ശക്തമായ വികാരം ഉയർന്നപ്പോൾ ലീഗ് സംസ്ഥാനത്ത് ഭരണത്തിൽ പങ്കാളിയായിരുന്നു. പ്രതിഷേധസൂചകമായി ലീഗ് മന്ത്രിമാർ രാജിവെക്കാഞ്ഞതിന്റെ പേരിൽ എതിരാളികൾ  മുസ്ലിം സമുദായത്തിൽ ലീഗ്‌വിരുദ്ധത വളർത്താൻ ശ്രമിച്ചു. തീവ്രവാദ ചിന്തകൾ പടർന്ന ഘട്ടത്തിൽ പാലിച്ച മിതത്വം പക്വതക്കും മതനിരപേക്ഷ സമീപനത്തിനും തെളിവായി ലീഗ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ അധികാരം കൈവിടാനുള്ള വൈമനസ്യത്തിലധികം അതിലുണ്ടായിരുന്നെന്ന് ശത്രുപക്ഷം കരുതുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിയമസഭയിൽ നേരിയ ഭൂരിപക്ഷമെ ലഭിച്ചുള്ളു. കോൺഗ്രസിന്റെ അംഗബലം കുറയുകയും ലീഗിന്റേത് കൂടുകയും ചെയ്തപ്പോഴാണ് അത് മന്ത്രിസഭയിൽ ഒരു സ്ഥാനം കൂടി ആവശ്യപ്പെട്ടത്. അതിനുള്ള അർഹത ലീഗിനുണ്ടെന്ന അവകാശം പരിശോധനയർഹിക്കുന്നു. യു.ഡി.എഫ്. ജയിച്ച 2001ലെ തെരഞ്ഞെടുപ്പിലെ വിവിധ കക്ഷികളുടെ പ്രകടനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2011ലെ യു.ഡി.എഫിന്റെ വിജയം ദയനീയവും എൽ.ഡി.എഫിന്റെ പരാജയം ഉജ്ജ്വലവും ആയതിന്റെ കാരണം മുന്നണികളെ നയിക്കുന്ന കക്ഷികളുടെ ഭാഗധേയത്തിലുണ്ടായ വ്യത്യാസമാണെന്ന് കാണാം. കോൺഗ്രസിന് 2001ൽ നേടിയത്ര വോട്ട് (31.40 ശതമാനം) 2011ൽ (26.73 ശതമാനം) നേടാനായില്ല. അതിന്റെ ഫലമായി സഭയിലെ അംഗബലം 62ൽ നിന്ന് 38 ആയി ചുരുങ്ങി. സി.പി. എം. 2001ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും (2001ൽ 21.30 ശതമാനം, 2011ൽ 28.18 ശതമാനം) സീറ്റും (2001ൽ 23, 2011ൽ 45) നേടി. സി.പി.ഐക്കും നേട്ടമുണ്ടായി: 2001ൽ 7.25 ശതമാനം വോട്ട്, ഏഴ് സീറ്റ്; 2011ൽ 8.72 ശതമാനം വോട്ട്, 13 സീറ്റ്. മുസ്ലിം ലീഗിന്റെ വോട്ട് വിഹിതത്തിലെ നേരിയ വർദ്ധന (2001ൽ 7.59 ശതമാനം, 2011ൽ 8.28 ശതമാനം) സീറ്റിന്റെ എണ്ണം 16ൽ നിന്ന് 20 ആയി ഉയർത്തി. കേരളാ കോൺഗ്രസിന്റെ വോട്ട് വിഹിതത്തിലും വളർച്ചയുണ്ടായെങ്കിലും (2001ൽ 3.54 ശതമാനം, 2011ൽ 4.94 ശതമാനം) സീറ്റിന്റെ എണ്ണം (9) കൂടിയില്ല. ഒരു കാര്യം വ്യക്തമാണ്. ലീഗിന് നാല് സീറ്റ് കൂടുതൽ കിട്ടിയതു കൊണ്ടാണ് യു.ഡി.എഫിന് അധികാരത്തിലേറാനായത്. ലീഗിന് കൂടുതൽ സീറ്റ് കിട്ടിയതിന്റെ പ്രധാന കാരണം മുസ്ലിം സമൂഹത്തിൽ അതിനനുകൂലമായുണ്ടായ ധ്രുവീകരണമാണ്. 

നിയമസഭയിൽ 38 അംഗങ്ങളുള്ള കോൺഗ്രസിന് പത്ത് മന്ത്രിമാരുള്ളപ്പോൾ 20 അംഗങ്ങളുള്ള ലീഗിന് അഞ്ചു സ്ഥാനത്തിന് അർഹതയുണ്ടെന്ന അടിസ്ഥാനത്തിലാണ് ലീഗ് ആവശ്യം ഉന്നയിച്ചത്. എന്നാൽ ഒരു കക്ഷിയുടെ ജനപിന്തുണ നിർണ്ണയിക്കാൻ സഭയിലെ അംഗബലത്തേക്കാൾ വോട്ട് വിഹിതത്തെയാണ് ആശ്രയിക്കാവുന്നത്. അങ്ങനെ നോക്കുമ്പോൾ 8.28 ശതമാനം വോട്ട് കിട്ടിയ ലീഗിന് 26.73 ശതമാനം വോട്ട് കിട്ടിയ കോൺഗ്രസിന് മന്ത്രിസഭയിലുള്ളതിന്റെ മൂന്നിലൊന്നിനുള്ള അർഹത തന്നെ കഷ്ടിയാണ്. മുന്നണികളിലെ വീതം വെക്കലുകൾ നീതിപൂർവകമാകണമെങ്കിൽ ഓരോ കക്ഷിയുടെയും ശക്തി കൃത്യമായി നിർണ്ണയിക്കാനാകണം. ഒറ്റക്ക് മത്സരിക്കാത്തതുകൊണ്ട് ഇപ്പോൾ ആർക്ക് എത്ര ശക്തിയുണ്ടെന്ന് പറയാനാവില്ല. പ്രമുഖ കക്ഷികൾ അവസാനമായി ഒറ്റക്ക് മത്സരിച്ചത് 1965ലാണ്. അന്നത്തെ വോട്ട് വിഹിത വിവരം ഇങ്ങനെ: കോൺഗ്രസ് 33.55 ശതമാനം, സി.പി.എം. 19.87 ശതമാനം, കേരളാ കോൺഗ്രസ് 12.58 ശതമാനം, എസ്.എസ്.പി. 8.13 ശതമാനം, സി.പി.ഐ 8.30 ശതമാനം, മുസ്ലിം ലീഗ് 3.83 ശതമാനം. അതിനുശേഷം അര നൂറ്റാണ്ടോളം കടന്നു പോയിരിക്കുന്നു. ഈ കാലയളവിൽ ജനസംഖ്യയിൽ വലിയ വർദ്ധനയുണ്ടായി.  സി.പി.എം. കൂടുതൽ ശക്തിയാർജ്ജിക്കുകയും ചെയ്തു. കോൺഗ്രസിനെ വലിയ തോതിൽ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തൊടെ കേരളാ കോൺഗ്രസ് 1965ൽ 54 മണ്ഡലങ്ങളിൽ മത്സരിക്കുകയും 23 ഇടത്ത് ജയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അത് പല തവണ പിളരുകയും അതിന്റെ സ്വാധീനം ഒരു ചെറിയ പ്രദേശത്തായി ചുരുങ്ങുകയും ചെയ്തു. ലീഗ് വളർന്നു. എന്നാൽ  അവസരങ്ങൾ ലഭിച്ചിട്ടും ഈറ്റില്ലമായ മലപ്പുറത്തു നിന്ന് അകലെ അതിന് വേരോട്ടമുണ്ടായില്ല. അതേസമയം മലപ്പുറത്തിന്റെ ഉയർന്ന ജനസംഖ്യാ വളർച്ച അതിന് മത്സരിക്കാൻ കൂടുതൽ മണ്ഡലങ്ങൾ സമ്മാനിച്ചു.

അടിസ്ഥാനപരമായി മുസ്ലിം ലീഗിന്റെ ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ഉന്നമനമാണ്. അത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായശേഷമുള്ള കാലത്ത് കേരളത്തിലെ മുസ്ലിങ്ങളുടെ നില അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അറബി പഠനത്തിനുള്ള സൌകര്യങ്ങൾ വർദ്ധിപ്പിച്ചതുപോലുള്ള ചില നടപടികളിലൂടെ മുസ്ലിങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ലീഗിന് കഴിഞ്ഞെങ്കിലും പത്തു കൊല്ലം മുമ്പ് വന്ന ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടും സമീപകാലത്ത് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നിട്ടുള്ള വസ്തുതകളും മുസ്ലിങ്ങൾക്ക് സർക്കാർ ജോലികളിൽ ഇപ്പോഴും അർഹമായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്നു. വിദ്യാഭ്യാസയോഗ്യതയുള്ളവർ കുറവായതുകൊണ്ടാണ് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്തതെന്ന് ഒരു വാദമുണ്ട്. ഇപ്പോൾ വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമൂഹം മുന്നേറ്റം നടത്തുകയാണ്. കൂടുതൽ മുസ്ലിം സ്കൂളുകളും കോളെജുകളും ഉണ്ടാകുന്നു. മുസ്ലിം വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. അധികാരത്തിന്റെ ഇടനാഴികളിലെ ലീഗ് സാന്നിധ്യം ചില മാറ്റങ്ങളിൽ  സഹായകമായിട്ടുണ്ടാകാം. എന്നാൽ ഇപ്പോഴത്തെ മുന്നേറ്റം പ്രധാനമായും ഗൾഫ് പ്രവാസത്തിലൂടെ സമുദായത്തിനുണ്ടായ സാമ്പത്തിക നേട്ടത്തിന്റെ ഫലമാണ്. പാർട്ടിയുടെ പ്രവർത്തനം സമുദായത്തിന്റെ മുകൾ തട്ടിലുള്ളവർക്കാണ്  ഗുണം ചെയ്യുന്നതെന്ന ആക്ഷേപം അതിന്റെ എതിരാളികൾ ഉന്നയിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ എണ്ണം നാലിൽ നിന്ന് അഞ്ചായത് ലീഗിന് അധികാരത്തിലുള്ള പങ്കാളിത്തം വർദ്ധിപ്പിച്ചിട്ടില്ല. നേരത്തെ ലിഗിന്റെ കയ്യിലുണ്ടായിരുന്ന ഒരു വകുപ്പാണ് പുതിയ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് കൊടുത്തത്. ചുരുക്കത്തിൽ പ്രധാന നേട്ടം പാർട്ടിക്ക് ഒരു സ്ഥാനമോഹിയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞെന്നതാണ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കുറെപ്പേരെ നിയമിച്ച് സർക്കാർ പെൻഷന് അർഹത നേടാനുള്ള അവസരം നൽകാനും കഴിയുമെന്നതിനെയും ഒരു നേട്ടമായി കരുതാം. ഒരു വാരിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നേരത്തെ അധികാരമേറ്റ നാലു മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുള്ള 56 പേരിൽ 52 പേർ മുസ്ലിങ്ങളാണ്. ഇതിനെ ഒരു വലിയ അപരാധമായി കാണേണ്ടതില്ല. എല്ലാ കക്ഷികളും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി അംഗങ്ങളെയും അനുഭാവികളെയും നിയോഗിക്കാറുണ്ട്. ലീഗും അതെ ചെയ്യുന്നുള്ളു. ലീഗിന്റെ അംഗങ്ങളും അനുഭാവികളും മുസ്ലിങ്ങളാകുന്നത് സ്വാഭാവികം. പേഴ്സണൽ സ്റ്റാഫ് അംഗം രണ്ട് കൊല്ലത്തിൽ പെൻഷന് അർഹത നേടുന്നു. രണ്ട് കൊല്ലത്തെ സേവനത്തിനാകട്ടെ 24 മാസം തികച്ചു പണിയെടുക്കണമെന്നില്ല! ഈ ഉദാരമായ വ്യവസ്ഥ പ്രയോജനപ്പെടുത്തി കൂടുതൽ ആശ്രിതർക്ക് പെൻഷൻ വാങ്ങിക്കൊടുക്കാനായി ചില കക്ഷികൾ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഇടയ്ക്ക് മാറ്റാറുണ്ട്.

ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ടെന്ന് നോക്കേണ്ടതുണ്ട്.

അതിന്റെ പാത പിന്തുടർന്ന് കൂടുതൽ മതജാതികക്ഷികൾ പിന്നീട് രംഗത്തു വരികയുണ്ടായി.  നേരത്തെ രാഷ്ട്രീയരംഗത്തു നിന്ന് പിൻ‌വാങ്ങിയ എൻ. എസ്,  എസ്. എൻ.ഡി. പി. യോഗം എന്നിവ ഒരു ഘട്ടത്തിൽ നാഷനൽ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിങ്ങനെയുള്ള സെക്യുലർ പേരുകളിൽ വിഭാഗീയ കക്ഷികളുണ്ടാക്കുകയും ഒരു മുന്നണിയുടെ ഭാഗമായി അധികാരത്തിൽ പങ്കാളിത്തം നേടുകയും ചെയ്തു. എന്നാൽ  മുഖ്യ പ്രവർത്തന മണ്ഡലമായ തിരുവിതാംകൂറിലെ അന്തരീക്ഷത്തിൽ  അവയ്ക്ക് ഏറെ നാൾ പിടിച്ചുനിൽക്കാനായില്ല.  പ്രച്ഛന്നവേഷത്തിലുള്ള മതജാതി കക്ഷികളാണ് കേരളാ കോൺഗ്രസുകൾ. ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ക്രൈസ്തവ-നായർ ഗ്രൂപ്പാണ് കേരളാ കോൺഗ്രസ് ആയി അവതരിച്ചത്. പല തവണ പിളരുകയും വളരുകയും ചെയ്തെങ്കിലും അതിന്റെ മതജാതി അടിത്തറയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മതജാതി പാർട്ടികൾ രാഷ്ട്രീയത്തെ മലീമസമാക്കുകയും സവർണ്ണ മേധാവിത്വത്തിന് വീണ്ടും മേൽക്കൈ നേടാൻ വഴി തുറക്കുകയും ചെയ്തു. ഒന്നര മാസം മാത്രം നിലനിന്ന സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭയുടെ പതനത്തിനുശേഷം നിലവിൽ വന്ന ഇന്നത്തെ ഇരുമുന്നണി സമ്പ്രദായം ഇനിയൊരിക്കലും ഒരു ലീഗ് മുഖ്യമന്ത്രിയുണ്ടാകില്ലെന്ന് ഉറപ്പു വരുത്തി. കേരളാ കോൺഗ്രസ് രൂപീകണവും തുടർന്നുണ്ടായ ധ്രുവീകരണവും കോൺഗ്രസിലൂടെ വീണ്ടും ഒരു പിന്നാക്ക സമുദായ മുഖ്യമന്ത്രിയുണ്ടാവുന്നത് തടഞ്ഞു. 

ലീഗിന്റെ ഉയർച്ച്ക്ക് മതനിരപേക്ഷ കക്ഷികൾ വലിയ വിലയാണ് കൊടുത്തത്. ലീഗ് 1957ൽ ജയിച്ച മണ്ഡലങ്ങളിൽ കോൺഗ്രസ് ആയിരുന്നു മുഖ്യ എതിരാളി. അതിനെ 1960ൽ സഖ്യകക്ഷിയാക്കിയപ്പോൾ കോൺഗ്രസിന് ആ സീറ്റുകൾ മാത്രമല്ല മറ്റ് നാലെണ്ണം കൂടി അതിന് വിട്ടു കൊടുക്കേണ്ടി വന്നു. ഒറ്റക്ക് മത്സരിച്ച 1965ൽ ലീഗിന് ആറ്‌ സീറ്റ് മാത്രമാണ് കിട്ടിയതെങ്കിലും 1967ലെ തെരഞ്ഞെടുപ്പിൽ സി.പി.എം. അതിന് 15 സീറ്റ് കൊടുത്തു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ എല്ലാ സീറ്റുകളും ലീഗിന് ലഭിക്കുകയും അതവിടെ അജയ്യശക്തിയാവുകയും ചെയ്തതോടെ കോൺഗ്രസിനും സി.പി.എമ്മിനും മുസ്ലിം യുവാക്കളെ ആകർഷിക്കാൻ കഴിയാതെ വന്നു. ലീഗിലൂടെ മാത്രമെ രാഷ്ട്രീയ മേൽ‌വിലാസം ഉണ്ടാക്കാനാവൂ എന്നായപ്പോൾ നേരത്തെ മറ്റ് കക്ഷികളിൽ പ്രവർത്തിച്ചിരുന്ന പലരും അങ്ങോട്ട് പോയി. ലീഗിന്റെ സാന്നിധ്യം അങ്ങനെ മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഇടം ചുരുക്കി. യു.ഡി. എഫ്. മന്ത്രിസഭകളിലെ ഉയർന്ന മുസ്ലിം ലീഗ് പ്രാതിനിധ്യം മതനിരപേക്ഷധാരയിൽ പെടുന്ന മുസ്ലിം നേതാക്കളുടെ അവസരം പരിമിതപ്പെടുത്തി  മലബാറിൽ തന്നെയും എല്ലാ മുസ്ലിങ്ങളും ലീഗിനൊപ്പമല്ല്ല്ല. എന്നാൽ അതിനോട് എതിർപ്പുള്ളവർ സാധാരണയായി കൂടുതൽ വർഗ്ഗീയ സ്വഭാവമുള്ള സംവിധാനങ്ങളിലാണെത്തുന്നത്. ലീഗ് യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് അവ എൽ.ഡി.എഫിന്റെ സ്വാഭാവിക മിത്രങ്ങളാകുന്നു. കോടതി വെറുതെ വിട്ടതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിൽ നിന്ന് രക്തസാക്ഷി പരിവേഷത്തോടെ തിരിച്ചുവന്ന അബ്ദുൾ നാസർ മ്‌അദനി ആദ്യം ഏറ്റെടുത്ത ഒരു വിഷയം മലബാറിന്റെ അവഗണനയായിരുന്നു. പ്രദേശത്തെ മുസ്ലിം പിന്നാക്കാവസ്ഥയാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഭരണകൂടത്തെ മാത്രമല്ല ലീഗിന്റെ നേതൃത്വത്തെയും കൂടിയാണ് അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തിയത്. ലീഗിനെ മറികടക്കാൻ അദ്ദേഹത്തിന്റെ പിന്തുണ സഹായിക്കുമെന്ന വിശ്വാസത്തിൽ സി.പി.എം. നേതൃത്വം സി.പി.ഐയുടെ പതിവ് ലോക് സഭാ മണ്ഡലം അദ്ദേഹം നിർദ്ദേശിച്ചയാൾക്ക് കൊടുത്തു. പക്ഷെ കണക്ക് പിഴച്ചു. അതിന്റെ കാരണം സത്യസന്ധമായി വിലയിരുത്താൻ സി.പി.എം. ശ്രമിച്ചില്ല. ആ അനുഭവത്തിൽ നിന്ന് ശരിയായ പാഠം ഉൾക്കൊണ്ടിരുന്നെങ്കിൽ പാർട്ടി നേതാക്കൾ തിരുകേശ പള്ളി നിർമ്മാണ പദ്ധതിയുമായി കേരള പര്യടനം നടത്തുന്ന കാന്തപുരം മുസലിയാരുടെ വേദികളിൽ പ്രത്യക്ഷപ്പെടാൻ ഉത്സാഹം കാട്ടുമായിരുന്നില്ല.    

മുന്നണി സംവിധാനം കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും പ്രവർത്തനം നീട്ടാനുള്ള അവസരം നൽകിയിട്ടും ലീഗിന് മലബാറിന് പുറത്ത് ഉറച്ച സ്ഥാനം നേടാനാകാഞ്ഞതിന്റെ കാരണം സ്വാതന്ത്ര്യത്തിനു മുമ്പ് ആ പ്രദേശങ്ങളിലുണ്ടായ നവീകരണ പ്രസ്ഥാനങ്ങളും അവയുടെ സ്വാധീനത്തിൽ രൂപപ്പെട്ട മതനിരപേക്ഷ അന്തരീക്ഷവുമാണ്. ജാതിമത മതിൽക്കെട്ടുകൾക്കുള്ളിലാണ് രൂപം കൊണ്ടതെങ്കിലും അവയ്ക്ക് വർഗ്ഗീയ സ്വഭാവമുണ്ടായിരുന്നില്ല. പലപ്പോഴും അവ പരസ്പരം കൈകോർത്തു. വൈക്കം അമ്പലത്തിനു പുറത്തുള്ള പാത അവർണ്ണ ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സത്യഗ്രഹ സമരത്തെ എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ പിന്തുണച്ചു. മുസ്ലിം നവീകരണത്തിന് നേതൃത്വം നൽകിയ വക്കം അബ്ദുൾ ഖാദർ മൌലവിയായിരുന്നു കെ. രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ പുരോഗമനപരമായ രാഷ്ട്രീയ സമീപനം കൈക്കൊണ്ട സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ. തിരുവിതാംകൂറിലെ മുസ്ലിങ്ങളുടെ സമീപനം രൂപപ്പെടുത്തിയ മൌലവിയുടെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളെ മലബാറിലെ ചില നേതാക്കൾ വിമർശിച്ചിട്ടുണ്ട്. രണ്ടിടത്തെയും സമുദായ നേതൃത്വങ്ങളുടെ വ്യത്യസ്ത സമീപനങ്ങളാണ് ഇവിടെ പ്രകടമാകുന്നത്.

ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം ലീഗ് അഞ്ചാം മന്ത്രിക്കായി സമ്മർദ്ദം ചെലുത്തിയപ്പോൾ ഏതാനും കോൺഗ്രസുകാരും ബി.ജെ.പി, എൻ.എസ്.എസ്., എസ്.എൻ.ഡി.പി. യോഗം എന്നിവയുടെ നേതാക്കളും സാമുദായിക സന്തുലിത തകരുമെന്ന് വാദിക്കുകയുണ്ടായി. ആ നിലപാടിന്റെ അടിസ്ഥാനം ഉമ്മൻ ചാണ്ടി 20 അംഗ  മന്ത്രിസഭയുണ്ടാക്കുമ്പോൾതന്നെ അതിൽ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട 11 പേരുണ്ടായിരുന്നെന്നതാണ്. സാമുദായിക സന്തുലിത എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് വിവിധ സമൂഹങ്ങൾക്ക് ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ഉണ്ടാകണമെന്നാണെങ്കിൽ കേരളത്തിൽ അത് ഒരുപക്ഷെ ഒരിക്കലും ഉണ്ടായിട്ടില്ല. മത വിഭാഗങ്ങൾ തമ്മിൽ മാത്രമല്ല മുന്നോക്ക പിന്നാക്കാ വിഭാഗങ്ങൾ തമ്മിലും കടുത്ത അസന്തുലിത പലപ്പോഴും നിലനിന്നിട്ടുണ്ട്. കഴിഞ്ഞ എൽ. ഡി.എഫ്. മന്ത്രിസഭയിൽ മൂന്ന് ക്രിസ്ത്യാനികളും രണ്ട് മുസ്ലിങ്ങളുമെ ഉണ്ടായിരുന്നുള്ളു. എന്നാൽ ന്യൂനപക്ഷങ്ങളുടെ കുറഞ്ഞ പ്രാതിനിധ്യത്തെ കുറിച്ച് ഭരണ പ്രതിപക്ഷ മുന്നണികളിലെയൊ സാമുദായിക സംഘടനകളിലെയൊ ഒരു നേതാവും ആവലാതിപ്പെട്ടില്ല. ഈ പശ്ചാത്തലത്തിൽ ഭൂരിപക്ഷ സമൂഹത്തിന്റെ അധികപ്രാതിനിധ്യത്തിലില്ലാത്ത അപകടം ന്യൂനപക്ഷങ്ങളുടെ  അധികപ്രാതിനിധ്യത്തിലുണ്ടോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. 

മന്ത്രിസഭകളിലെ അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം ഭരണ കക്ഷികളിലെ അസന്തുലിതാവസ്ഥയാണ്. കഷ്ടിച്ച് 20 ശതമാനം ന്യൂനപക്ഷ സമുദായാംഗങ്ങളുള്ള സി.പി.എമ്മിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ എളുപ്പമല്ല. അതിനോടൊപ്പമുള്ള ജാതിമത കക്ഷികൾ തീരെ ചെറുതാകയാൽ അവയുടെ സഹായത്തോടെ കുറവ് നികത്താനുമാകില്ല. യു.ഡി.എഫിന്റെ പ്രശ്നം ജാതിമത കക്ഷികളുടെ ആധിക്യമാണ്. അവ പ്രമുഖ ന്യൂനപക്ഷ സമുദായങ്ങളെയും ഹിന്ദു സവർണ വിഭാഗത്തെയും മാത്രം ഉൾക്കൊള്ളുന്നു. അവരെ തൃപ്തിപ്പെടുത്തിക്കഴിയുമ്പോൾ മറ്റ് വിഭാഗങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം നൽകാൻ കഴിയാതെ വരുന്നു. കോൺഗ്രസിന്റെ നേതൃനിരയിലേക്ക് നോക്കുമ്പോഴും ഏറെക്കുറെ അതേ വിഭാഗങ്ങൾ തന്നെയാണ് കണ്ണിൽ പെടുന്നത്. മുസ്ലിം ലീഗ്, കേരളാ കേൺഗ്രസ് എന്നീ കക്ഷികളുടെയും അവയുടെ അവശിഷ്ടങ്ങളുടെയും സാന്നിധ്യം ജാതിമത അസന്തുലിത മാത്രമല്ല സൃഷ്ടിക്കുന്നത്. ഭൂമിശാസ്ത്രപരമായ പരിമിതി അനുഭവിക്കുന്ന ഈ കക്ഷികളുടെ സ്വാധീനം പ്രാദേശിക അസന്തുലിതയും സൃഷ്ടിക്കുന്നു. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാത്ത കക്ഷികളാകയാൽ അവ നിലവിലുള്ള ലിംഗ അസന്തുലിത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അവയുടെ ആധിപത്യം നിയമസഭയിലും മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും അസന്തുലിതയ്ക്ക് കാരണമാകുന്നു. അസമത്വം നീക്കണമെന്ന ചിന്ത മുന്നണികളെ നയിക്കുന്ന കക്ഷികൾക്കും ഇല്ല. അതുകൊണ്ടാണ് നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം ക്രമേണ കുറഞ്ഞുവരുന്നത്. അധികാരം നേടാനും നിലനിർത്താനും സാമ്പത്തികശേഷിയും അംഗബലവുമുള്ള സമുദായങ്ങളെ പ്രീണിപ്പിക്കണമെന്ന വിശ്വാസം അവരിൽ ഉറച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും എം. വിജയകുമാറും പെരുന്നയിലേക്ക് തീർത്ഥയാത്ര നടത്തുന്നതും കോടിയേരി ബാലകൃഷണനും എം.എ.ബേബിയും അരമനകൾ കേറിയിറങ്ങുന്നതും. മുന്നണിയെ നയിക്കുന്ന കക്ഷികളുടെ ഈ സമീപനത്തിന്റെ ഫലമായി നായരൊ ക്രിസ്ത്യാനിയൊ മുസ്ലിമൊ ഈഴവനൊ അല്ലാത്ത ആർക്കും അർഹതപ്പെട്ട സ്ഥാനം പ്രതീക്ഷിക്കാനാവാത്ത സാഹചര്യമാണ്  ഇന്നുള്ളത്. മന്ത്രിസ്ഥാനങ്ങൾ 20 ആയി ഉയർന്നിട്ടും രണ്ട് മുന്നണികളും ദലിതർക്കും സ്ത്രീകൾക്കും നാമമാത്ര പ്രാതിനിധ്യം നൽകുന്ന രീതി തുടരുകയാണ്. യു.ഡി. എഫ് നിയമസഭാ കക്ഷിയിലെ ഏക വനിതയെന്ന നിലയിലാണ് പി.കെ. ജയലക്ഷി ഇത്തവണ മന്ത്രിയായതും സംസ്ഥാനത്ത് ആദ്യമായി ഒരു ആദിവാസി മന്ത്രിയുണ്ടായതും. തുടക്കക്കാരിയാണെന്ന വാദമുയർത്തി ജയലക്ഷ്മിയെ തഴയാൻ ശ്രമമുണ്ടായിരുന്നു. എന്നാൽ തുടക്കക്കാരനായ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് വോട്ടെടുപ്പിന് മുമ്പു തന്നെ യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചു.

ഇപ്പോഴും പല വിധ അവശതകളും നേരിടുന്ന ഒരു ജനവിഭാഗമെന്ന നിലയിൽ മുസ്ലിം സമൂഹം മതത്തിന്റെ അടിസ്ഥാനത്തിൽ സംഘടിച്ച് അവയ്ക്ക് പരിഹാരം തേടുന്നതിൽ അപാകതയില്ല. എന്നാൽ പൊതുതാല്പര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും മാനിച്ചുകൊണ്ടുമാണ് അത് ചെയ്യേണ്ടത്. ഇക്കാര്യത്തിലുള്ള ലീഗ് നേതൃത്വത്തിന്റെ പരാജയമാണ് അഞ്ചാം മന്ത്രി പ്രശ്നത്തിൽ കണ്ടത്. ഇന്നത്തെ ഇരുമുന്നണി സമ്പ്രദായം വളരെക്കാലം നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സഹായിച്ചുവെന്ന് സമ്മതിച്ചേ മതിയാകൂ. അതേസമയം ഈ വ്യവസ്ഥയിൽ വർഗ്ഗീയത എന്ന രാഷ്ട്രീയ മാലിന്യം വളരുകയാണെന്ന് മുന്നണികളെ നയിക്കുന്ന കക്ഷികൾ മനസ്സിലാക്കണം. മതനിരപേക്ഷ കക്ഷികളെന്ന നിലയിൽ ഈ മാലിന്യൻ നിർമ്മാർജ്ജനം ചെയ്യാനുള്ള ചുമതല അവർക്കുണ്ട്. 

(“മതം, ജാതി, മുന്നണി: തെറ്റിയത് ഇ.എം.എസ്സിന്” എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് 2001 ഏപ്രിൽ 29ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)

Monday, April 23, 2012

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു



സമകാലിക മലയാളം വാരിക 1997ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതൽ ഏതാനും വർഷം അതിന്റെ അവസാന പേജിൽ ‘ജീവിതം എന്നെ എന്ത് പഠിപ്പിച്ച്?” എന്നൊരു പംക്തിയുണ്ടായിരുന്നു. ടി.എൻ. ജയചന്ദ്രൻ ആയിരുന്നു സമ്പാദകൻ. വിവിധ തുറകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തികളോട് അദ്ദേഹം ജീവിതം അവരെ എന്തു പഠിപ്പിച്ചുവെന്ന് ചോദിക്കുകയും അവരുടെ ഉത്തരങ്ങൾ ക്രോഡീകരിക്കുകയുമാണ് ചെയ്തത്.   

ആ പംക്തിയിൽ പ്രസിദ്ധീകരിച്ച എന്റെ ഉത്തരങ്ങൾ ഇവിടെ പകർത്തുന്നു.

ആത്മാഭിമാനത്തോടെ, മന:സാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക.

എല്ലാവർക്കും എല്ലാക്കാലവും എടുത്ത് പ്രയോഗിക്കാവുന്ന ജീവിത നിയമങ്ങളില്ല. സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയും അനുയോജ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നു.

വിഷമഘട്ടങ്ങളിൽ എടുക്കാനുദ്ദേശിക്കുന്ന തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയെ നേരിടാൻ മാനസികമായി തയ്യാറെടുക്കുകയും ചെയ്യുക.

മന:സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർവബ്ധമുള്ള ഒരാൾക്ക് അതിന് വില കൊടുക്കേണ്ടി വന്നേക്കാം. അത് സന്തോഷത്തോടെ കൊടുക്കുക. അത് പലപ്പോഴും നാം ഭയപ്പെടുന്നത്ര വലുതല്ല.

ഒരു ശിശു വളരുന്തോറും ബന്ധങ്ങളും വലുതാകുന്നു. അമ്മ, കുടുംബം, ജാതി/മതം, വർഗ്ഗം, ഗ്രാമം/പട്ടണം, രാജ്യം എന്നിങ്ങനെ കൂടുതൽ കൂടുതൽ വലയങ്ങളുണ്ടാകുന്നു. ഒരു വലയം കടന്നു കൂടുതൽ വലുതായ ഒന്നിലേക്ക് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള കഴിവ് ഇല്ലാതാകുമ്പോൾ വ്യക്തിയുടെ വളർച്ച നിന്നു എന്നർത്ഥം.

Thursday, April 19, 2012

നാണപ്പന്റെ ഓർമ്മയിൽ...


എം.പി. നാരായണപിള്ള എന്ന നാണപ്പൻ വിട്ടുപിരിഞ്ഞിട്ട് 14 വർഷമാകുന്നു. മേയ് 19നാണ് പതിന്നാലാം ചരമവാർഷികം.

നാണപ്പന്റെ അന്തിക്കൂട്ട് എന്ന ചെറുകഥാ സമാഹാരം മേയ് 1969ൽ കറന്റ് ബുക്സ്, തൃശ്ശൂർ, പ്രസിദ്ധീകരിച്ചു. എട്ട് കഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അതിൽ കുറിച്ചിട്ടുള്ള വില: Rs. 1-75!

ഒരു ഉപക്രമത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. അതിൽ ആ സുഹൃത്ത് ഇങ്ങനെ കുറിച്ചു:

   ഇതെന്റെ രണ്ടാമത്തെ* പുസ്തകമാണ്.
   പക്ഷെ, ആദ്യകാലങ്ങളിൽ എഴുതിയ രണ്ട് കഥകൾ ഇതിലാണ് പ്രസിദ്ധീകരിക്കുന്നത്: കള്ളൻ, അന്തിക്കൂട്ട് എന്നീ കഥകൾ. ഇതിൽ ‘കള്ളൻ’ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂർത്തിയായതിനുശേഷം ആദ്യം എഴുതിയതും.

    അതുകൊണ്ടീ കഥയോട് എനിക്കല്പം കൂടുതൽ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്തവ്യവുമാണ്. എഴുതിത്തീർക്കാൻ രണ്ട് മാസം വേണ്ടിവന്നു. തിരിച്ചയക്കുമോയെന്ന ഭയംകൊണ്ട് ഞാനിത് പോക്കറ്റിലിട്ടുകൊണ്ട് നടക്കുകയായിരുന്നു. അന്നിത് പ്രസിദ്ധീകരണത്തിനയക്കാൻ എന്നെ നിർബന്ധിച്ചതും എനിക്കതിനുവേണ്ട ധൈര്യം ഉണ്ടാക്കിത്തന്നതുമായ ഒരാളുണ്ട്: ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ. ആ ചെറിയ സഹായം –പ്രചോദനം അല്ലെങ്കിൽ പുഷ് – വളരെ വിലയേറിയതായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം അന്നാ പുഷ് കിട്ടിയില്ലെങ്കിൽ ഈ കഥ പ്രസിദ്ധീകരണത്തിനയക്കില്ലായിരുന്നു. അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തേടത്തി യമുനയിൽ ഇഅതടിച്ചു നനച്ചേനേ. എന്റെ രോഗം സാഹിത്യത്തിൽനിന്നു മറ്റു വല്ല ഉന്മാദത്തിലേയ്ക്കും തിരിഞ്ഞേക്കാമായിരുന്നു.
   എം.പി.നാരായണപിള്ള  
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
*ആദ്യത്തെ പുസ്തകം ‘മുരുകൻ എന്ന പാമ്പാട്ടി’, കറന്റ് ബുക്സ്, തൃശ്ശൂർ

Sunday, April 15, 2012

അധികാരികളുടെ ആണവപ്രേമം

ബി.ആർ.പി.ഭാസ്കർ

ആണവോർജ്ജ പ്രശ്നത്തിൽ തുറന്ന ചർച്ച വേണമെന്ന ഒരു സംഘം ലേഖകരുടെ അഭിപ്രായം തികച്ചും ന്യായയുക്തമാണ്. എന്നാൽ കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ അവിടത്തെ സാങ്കേതികവിദഗ്ദ്ധരുടെ നിലപാടുകൾക്ക് എൻഡോസൾഫാൻ വിഷയത്തിൽ കാസർകോട്ട് ആകാശത്തുനിന്ന് കീടനാശിനി വിതറിയ പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതരുടെയും ജീവനക്കാരുടെയും നിലപാടിനേക്കാൾ പ്രാധാന്യം കല്പിക്കേണ്ടതുണ്ടോ?

ശാസ്ത്രവും സാങ്കേതികവിദ്യയും പഴയ അന്ധവിശ്വാസങ്ങളെ തൂത്തെറിയുന്നതോടൊപ്പം ചിലപ്പോൾ കപടശാസ്ത്രീയസമീപനം സ്വീകരിച്ചുകൊണ്ട് പുതിയ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാറുണ്ട്. ലേഖകസംഘത്തിന്റെ വാദഗതികളിൽ ഈ പ്രവണത കാണാവുന്നതാണ്. നിത്യേന ജനങ്ങൾ പ്രകൃതിയിൽ നിന്ന് അണുവികരണം നേരിടുന്നതുകൊണ്ട് സർക്കാരിന്റെ വകയായി കുറച്ചു കൊടുക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന അവരുടെ വാദത്തിൽ അത് ശക്തിയായി പ്രതിഫലിക്കുന്നുണ്ട്. പലതരം വിഷവസ്തുക്കളും വാതകങ്ങളും ഭൂമിയിൽ നേരത്തെ തന്നെയുള്ളപ്പോൾ എന്തുകൊണ്ട് എൻഡോസൾഫാനും കീടനാശിനി കലർന്ന കോളകളും ആയിക്കൂടാ എന്നും ചോദിക്കാവുന്നതാണ്. കൽ‌പാക്കം ആണവനിലയത്തിനു സമീപത്തുള്ള സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസർ കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ വിശ്വാസ്യതയെ അവർ ചോദ്യം ചെയ്യുന്നത് ശ്രദ്ധിക്കുക. “ആണവവികരണം എന്തേ സ്ത്രീകളിൽ മാത്രം തൈറോയ്ഡ് ക്യാൻസർ ഉണ്ടാക്കുന്നു?“ അവർ ചോദിക്കുന്നു. തൈറോയ്ഡ് ക്യാൻസർ എല്ലായിടത്തും പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് ഒരു ഗൂഗിൾ അന്വേഷണം നടത്തിയാൽതന്നെ മനസിലാക്കാവുന്നതേയുള്ളു. എന്തു സംഭവിച്ചാലും കൂടംകുളം റിയാക്ടർ തകരില്ലെന്ന് എ.പി.ജെ. അബ്ദുൽ കലാം തൊട്ട് ഇങ്ങോട്ടുള്ള ശാസ്ത്രസാങ്കേതിക ഉദ്യോഗസ്ഥവൃന്ദം വാദിക്കുന്നു. എന്തു സംഭവിച്ചാലും ടൈറ്റാനിക് മുങ്ങില്ലെന്നായിരുന്നു ആ കപ്പൽ നിർമ്മിച്ചവരുടെ അവകാശവാദം. ആദ്യയാത്രയിൽ തന്നെ അത് മുങ്ങി.

വികസനപ്രക്രിയയിൽ ആണവോർജ്ജത്തിന് സ്ഥാനം നൽകണമൊ, നൽകുന്നെങ്കിൽ അത് ഏത് തരത്തിലുള്ളതാവണം? ഇതാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം. ചർച്ച നടക്കേണ്ടത് ആണവോർജ്ജത്തിലൂടെയല്ലാതെ രക്ഷയില്ലെന്ന് വിശ്വസിക്കുന്ന സാങ്കേതിക പെന്തക്കോസ്തുകാരും അത് തങ്ങളുടെ ജീവിതം അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്ന സാധാരണക്കാരായ ജനങ്ങളും തമ്മിലല്ല, രാജ്യത്തെ നയപരിപാടികൾ രൂപീകരിക്കുന്നവരും ബന്ധപ്പെട്ട വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവരും തമ്മിലാണ്.  ചർച്ചകൾ നടക്കേണ്ടത് നയപരിപാടികൾ രൂപകല്പന ചെയ്യുന്ന ഘട്ടത്തിലാണ്. ആ ഘട്ടത്തിൽ ഭരണാധികാരികളും ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ 14,000 കോടി രൂപ ചെലവാക്കിയ ശേഷം കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത സാഹചര്യം ഒഴിവാക്കാമായിരുന്നു. ഈ വൈകിയ വേളയിലും വിവേകത്തിന്റെ പാത സ്വീകരിക്കാതെ സമാധാനപരമായി എതിർപ്പ് പ്രകടിപ്പിക്കുന്ന ജനങ്ങളെയും സന്നദ്ധ സംഘടനകളെയും ജനാധിപത്യത്തിന് നിരക്കാത്ത മാർഗ്ഗങ്ങളുപയോഗിച്ച് അമർച്ച ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ആണവ വിഷയത്തിൽ തുറന്ന, സത്യസന്ധമായ ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളല്ല നിലവിലുള്ളത്. ആണവോർജ്ജം സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നതായതുകൊണ്ട് സർക്കാർ അതീവ രഹസ്യമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ആണവോർജ്ജ വകുപ്പ് സ്ഥാപിതമായ കാലം മുതൽക്കെ പ്രധാനമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകളുടെ പ്രവർത്തനം പരിശോധിക്കുന്നതുപോലെ ഈ വകുപ്പിന്റെ കാര്യങ്ങൾ പാർലമെന്റിന് പരിശോധിക്കാനാവില്ല. ആണവ സുരക്ഷാ സംവിധാനം ആണവ വകുപ്പിന്റെ കീഴിൽ തന്നെയാണ്. ഇതൊരു നല്ല കീഴ്വഴക്കമല്ല. ഇക്കാര്യത്തിൽ റയിൽ‌വേ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഒരുദ്യോഗസ്ഥൻ റയിൽ സുരക്ഷാ കമ്മിഷണറായി നിയമിക്കപ്പെടുമ്പോൾ അയാൾ ഭരണപരമായി മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റപ്പെടുന്നു. ആണവോർജ്ജവ വകുപ്പിന് പുറത്ത് സുതാര്യവും സ്വതന്ത്രവുമായ സുരക്ഷാ സം‌വിധാനമുണ്ടാക്കാൻ സർക്കാർ തയ്യാറാകാത്തിടത്തോളം സുരക്ഷിതത്വത്തെ കുറിച്ചുള്ള അതിന്റെ അവകാശവാദങ്ങൾ മുഖവിലക്കെടുക്കാനാവില്ല.

ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാവർക്കും അവരവരുടേതായ സ്ഥാപിത താല്പര്യങ്ങളുണ്ട്. തങ്ങൾക്ക് അറിവുള്ളതും പരിചിതവുമായ സാങ്കേതികവിദ്യയിൽ അവർ അമിതവിശ്വാസമർപ്പിക്കും. കേരളത്തിന്റെ ഊർജ്ജമേഖലയിൽ നിന്നു തന്നെ ഇതിന് തെളിവ് കണ്ടെത്താനാവുന്നതാണ്. ജലവൈദ്യുതിയിൽ പരിജ്ഞാനവും പരിചയവുമുള്ളവരാണ് നമ്മുടെ ഇലക്ട്രിസിറ്റി ബോർഡുദ്യോഗസ്ഥർ. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇനിയും വൻ ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായിട്ടും അവർ അവയ്ക്കായി മുറവിളികൂട്ടുകയും മറ്റ് പദ്ധതികൾക്ക്  തടസം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സമീപനം തന്നെയാണ് ആണവ വകുപ്പുദ്യോഗസ്ഥരുടെ നിലപാടിലും പ്രകടമാകുന്നത്.

ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ഹോമി ജെ. ഭാഭ ഈ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പു തന്നെ രാജ്യത്ത് അത് സംബന്ധിച്ച പഠനങ്ങൾക്ക് തുടക്കം കുറിച്ചയാളാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സർക്കാരിനെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനായി. ജലവൈദ്യുതിയേക്കാൾ കുറഞ്ഞ ചിലവിൽ ആണവോർജ്ജം ഉത്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ആണവോർജ്ജവത്തിൽ അർപ്പിച്ച വിശ്വാസത്തെ അന്നത്തെ ശാസ്ത്രീയമായ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലാണ് കാണേണ്ടത്. താരതമ്യേന ചെറിയ രണ്ട് ബോംബുകൾ നിർമ്മിച്ച് ജപ്പാനിലിട്ട് ആ രാജ്യത്തെ കീഴ്പ്പെടുത്തി ആണവയുഗത്തിന്റെ പിറവി പ്രഖ്യാപിച്ച അമേരിക്ക കൂടുതൽ ശേഷിയുള്ള ബോംബുകളുണ്ടാക്കാൻ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. സോവിയറ്റ് യൂണിയനും അമേരിക്കയുടെ സുഹൃത്തുക്കളായ   ബ്രിട്ടനും ഫ്രാൻസും സ്വന്തം ബോംബുകളുണ്ടാക്കി വൻ‌ശക്തിപദവി നിലനിർത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നു. വ്യാവസായിക യുഗത്തിൽ പിന്തള്ളപ്പെട്ടതുപോലെ ആണവ യുഗത്തിലും ഇന്ത്യ പിന്തള്ളപ്പെടരുതെന്ന ചിന്തയാണ് നെഹ്രുവിനെയും ഭാഭയെയും നയിച്ചത്. ഇന്ത്യ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമെ അണുശക്തി ഉപയോഗിക്കുകയുള്ളുവെന്ന് നെഹ്രു ആവർത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ആദ്യം മുതൽ തന്നെ ആണവായുധ പദ്ധതി ലക്ഷ്യമിട്ടിരുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല.

ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ 1955ൽ ജനീവയിൽ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജാ‍വശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ ഈ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കേണ്ടതാണെന്ന് ഹോമി ഭാഭ പറയുകയുണ്ടായി. അറ്റോമിക് എനർജി കമ്മിഷൻ ചെയർമാനായിരുന്ന എം.ആർ. ശ്രീനിവാസൻ 2005ൽ ഭാഭായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് 50 കൊല്ലങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ വാദങ്ങൾ നിലനിൽക്കുന്നതായി അവകാശപ്പെട്ടു. അമേരിക്കയുടെ 1979ലെ ത്രീ മൈൽ ഐലൻഡ് ദുരന്തത്തിന്റെയും സോവിയറ്റ് യൂണിയന്റെ 1986ലെ ചെർണോബിൽ ദുരന്തത്തിന്റെയും വെളിച്ചത്തിൽ പല രാജ്യങ്ങളും അതിനകം അവരുടെ ആണവ പദ്ധതികൾ പുന:പരിശോധനക്ക് വിധേയമാക്കിയിരുന്നു. പക്ഷെ ഭാഭയെ ആണവ മതത്തിന്റെ അന്തിമ പ്രവാചകനായി ഉയർത്തിയ ഇന്ത്യൻ ശാസ്ത്രലോകത്തിന് അദ്ദേഹത്തിന്റേത് അവസാന വാക്കായി. കഴിഞ്ഞ കൊല്ലം ഒരു സുനാമി ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ കേന്ദ്രം തകർത്തു. ജപ്പാനിലെ 13 കോടി ജനങ്ങളിൽ ഏതാണ്ട് 10 ശതമാനം താമസിക്കുന്നത് തലസ്ഥാനമായ ടോക്യോവിലാണ്. ആ വൻ‌നഗരം പൂർണ്ണമായി ഇല്ലാതാകുമെന്നുപോലും താൻ അന്ന് ഭയപ്പെട്ടതായി ഉയർന്ന സർക്കാർ വക്താവ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. വേണ്ടിവന്നാൽ ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്ന ഏതാനും പേരെ തകർന്ന ആണവകേന്ദ്രത്തിലേക്കയച്ചാണ് ജപ്പാൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

ആണവോർജ്ജവത്തിൽ അമിതവിശ്വാസം അർപ്പിച്ചിരുന്ന കൂടുതൽ രാജ്യങ്ങളെ നയം പുന:പരിശോധിക്കാൻ ഫുക്കുഷിമ അനുഭവം പ്രേരിപ്പിച്ചു. എന്നാൽ പാലം കുലുങ്ങിയാലും തങ്ങൾ കുലുങ്ങില്ലെന്നു പറഞ്ഞു നിൽക്കുന്ന രണ്ട് കേളന്മാർ ഇപ്പോഴുമുണ്ട്: ഇന്ത്യയും ചൈനയും. കൃത്യമായി പറഞ്ഞാൽ, ഈ രാജ്യങ്ങളിലെ ഭരണാധികാരികളാണ് ആ കേളന്മാർ. ലോക സമ്പദ്‌വ്യവസ്ഥയുടെ കൊടുമുടി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. വിദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ച് കുറഞ്ഞ വിലയ്ക്ക് എണ്ണ സംഘടിപ്പിച്ച് മുന്നേറിയ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച വികസന മാതൃകയാണ് ഇരുവരും പിന്തുടരുന്നത്. ഇത് രണ്ട് പ്രശ്നങ്ങൾ ഉയർത്തുന്നു: വൻ‌തോതിലുള്ള ഊർജ്ജ ഉപഭോഗമാണ് ഒന്ന്. വിഷ വാതകങ്ങളുടെ വൻ‌തോതിലുള്ള പുറന്തള്ളലാണ് മറ്റേത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ രണ്ട് രാജ്യങ്ങളിലും നടക്കുന്നില്ല. പകരം പാശ്ചാത്യ രാജ്യങ്ങൾ ചെയ്തതെല്ലാം തങ്ങൾക്കും ചെയ്യാനാവുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് രണ്ടിടത്തെയും ഭരണാധികാരികളും ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരും. (ശാസ്ത്രജ്ഞന്മാർ എന്ന വിശേഷണം ബോധപൂർവ്വം ഒഴിവാക്കുകയാണ്.)

ആണവ-മിസൈൽ സാങ്കേതികവിദ്യകൾ വൻശക്തി പദവി നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഈ മേഖലകളിലെ നേട്ടങ്ങൾ ജനങ്ങളിൽ അഭിമാനബോധം വളർത്താൻ സഹായിക്കുന്നുണ്ട്. ഈ അഭിമാനബോധം ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മൌലികമായ സംഭാവനകൾ നൽകാൻ നമുക്കാകുന്നില്ലെന്ന വസ്തുത മറച്ചുവെക്കാൻ സഹായിക്കുകയും ചെയ്യുന്നു. മർമ്മപ്രധാനമായ ചില ശാസ്ത്ര-സാങ്കേതിക മേഖലകളിൽ അമേരിക്കയെ പിന്തള്ളി മുന്നേറിയ രാജ്യമായിരുന്നു സോവിയറ്റ് യൂണിയൻ. അതിന്റെ പതനത്തിൽനിന്ന് ഇന്ത്യ ഒരു പാഠം പഠിക്കേണ്ടതുണ്ട്. അത് വിശാല ജനതാല്പര്യങ്ങൾ അവഗണിച്ചുകൊണ്ട് കെട്ടി ഉയർത്തുന്ന വൻശക്തി പദവി എപ്പോൾ വേണമെങ്കിലും വീഴാവുന്ന ചീട്ടുകൊട്ടാരമാണെന്നതാണ്. സ്വന്തമായ അണുബോംബില്ലാതിരുന്ന കാലത്താണ് ചൈന അമേരിക്കയുടെ വടക്കോട്ടുള്ള തള്ളിക്കയറ്റം തടയാനായി കൊറിയൻ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്. അമേരിക്ക അണുബോംബിടാനുള്ള സാദ്ധ്യത മാവൊ സെതുങ്ങിനെ പിന്തിരിപ്പിച്ചില്ല. അണുബോംബ് വർഷമുണ്ടായാലും ചൈനയിൽ പിന്നെയും ജനങ്ങൾ ബാക്കിയുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആണവ കേന്ദ്രം തകർന്ന് വലിയ തോതിൽ  നാശനഷ്ടമുണ്ടായാലും പിന്നെയും ജനങ്ങൾ ബാക്കിയുണ്ടാകുമെന്ന വിശ്വാസത്തിൽ നയപരിപാടികൾ രൂപീകരിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശമില്ല.

കൂടം‌കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളെ സമരപാതയിലെത്തിച്ചത് ആണവ കേന്ദ്രം അവരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങൾക്കും ഉയർത്തുന്ന ഭീഷണിയാണ്. സമരത്തിന് പിന്തുണ നൽകിക്കൊണ്ട് ഭരണകൂടത്തിന്റെ ശക്തിയെ നേരിടാനുള്ള മനോബലം അവർക്ക് നൽകുന്ന സർക്കാരിതര സംഘടനകളെ പൊലീസിനെയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളെയും ഉപയോഗിച്ച് ഒതുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയ്ക്കാണ് ചർച്ച എന്ന ആശയവുമായുള്ള ആണവ സാങ്കേതിക വിദഗ്ദ്ധ ബ്രിഗേഡിന്റെ രംഗപ്രവേശം.  ചർച്ച ആവശ്യമാണ് എന്നാൽ ചർച്ച ചെയ്യേണ്ട വിഷയം കൂടം‌കുളം കേന്ദ്രം വേണമോ വേണ്ടയോ എന്നതല്ല, ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകണമോ വേണ്ടയോ എന്നതാണ്. ആണവോർജ്ജോത്പാദനം തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായെങ്കിലും ആണവമാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു രാജ്യവും വിശ്വസനീയമായ ഒരു മാർഗ്ഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല.   

ആണവ വിഷയത്തിൽ രാജ്യം ഇപ്പോൾ രണ്ട് ചേരികളായി തിരിഞ്ഞുനിൽക്കുകയാണ്. സർക്കാരിനൊപ്പം അതിനെ നയിക്കുന്ന കോൺഗ്രസ് കക്ഷി മാത്രമല്ല, പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി.യും സി.പി.എമ്മുമുണ്ട്. അമേരിക്കയുമായി ഒന്നാം യു.പി.എ. സർക്കാർ ഒപ്പിട്ട ആണവ കരാറിൽ പ്രതിഷേധിച്ച് ഇടതു പാർട്ടികൾ അതിനുള്ള പിന്തുണ പിൻ‌വലിച്ചിരുന്നു. റഷ്യയുടെ ഉപരകരണങ്ങൾക്കു പകരം അമേരിക്കയുടേതാണ് കൂടംകുളത്ത് സ്ഥാപിച്ചിരുന്നതെങ്കിൽ സി.പി.എം. നിലപാട് ഇതുതന്നെയാകുമായിരുന്നെന്ന് തോന്നുന്നില്ല. ആണവ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമീപനം ഒരിക്കലും സത്യസന്ധമായിരുന്നില്ല. അമേരിക്ക ഏക ആണവശക്തിയായിരുന്ന കാലത്താണ് അന്താദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോക സമാധാന കൌൺസിൽ രൂപീകരിച്ചുകൊണ്ട് ആണവായുധങ്ങൾക്കെതിരെ ആഗോളാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചത്. സോവിയറ്റ് യൂണിയൻ ആണവശക്തിയായി മാറിയശേഷം അതിന്റെ പ്രവർത്തനം മന്ദഗതിയിലായി. ചൈനയും അണുബോംബുണ്ടാക്കിയതോടെ അത് പൂർണ്ണമായും നിശ്ചലമായി. ഇന്ന് കമ്മ്യൂണിസ്റ്റുകാർ ലോക സമാധാന പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാനാവില്ല.  

ആണവ വിഷയത്തിൽ രാജ്യത്തുണ്ടായിട്ടുള്ള ചേരിതിരിവിന്റെ സ്വഭാവം ശ്രദ്ധയർഹിക്കുന്നു. അധികാരിവർഗ്ഗം കക്ഷിഭേദമന്യെ ഒരു വശത്തും സാധാരണ ജനങ്ങൾ മറുവശത്തുമായി അണിനിരന്നിരിക്കുകയാണ്. അസ്വസ്ഥജനകമായ ഈ യാഥാർത്ഥ്യം മറച്ചു പിടിക്കാനാണ്  ഭരണകൂടം കൂടംകുളത്തെ ജനകീയ സമരത്തെ വിദേശ എൻ.ജി.ഒ. മാരുടെ സമരമായി ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള ചേരിതിരിവ് വിദേശരാജ്യങ്ങളിലും കാണാവുന്നതാണ്. പാശ്ചാത്യരാജ്യങ്ങളിലെ ചില സർക്കാരിതര സംഘടനകൾ ആണവവിരുദ്ധ സമരങ്ങളെ പിന്തുണക്കുമ്പോൾ അവിടത്തെ ഭരണകൂടങ്ങൾ ആഗോള ആണവ വിപണിയെ നിയന്ത്രിക്കുന്നവരും ഇന്ത്യ ആണവോർജ്ജത്തെ കൂടുതലായി ആശ്രയിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അതിന്റെ അർത്ഥം അവർ ഇന്ത്യ ലോക ശക്തിയായി വളർന്നു കാണാൻ ആഗ്രഹിക്കുന്നുവെന്നല്ല. തങ്ങളുടെ നിയന്ത്രണത്തിനു വിധേയമായി മാത്രം ഇന്ത്യ ആണവ പദ്ധതികൾ നടപ്പിലാക്കണമെന്നതാണ് അവരുടെ നിലപാട്. അതിന് അനുയോജ്യമായ കരാറാണ് അമേരിക്ക ഇന്ത്യയുമായി ഒപ്പിട്ടത്. നമ്മുടെ സർക്കർ ആണവോർജ്ജ പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ഏറ്റവും കൂടുതൽ ചേതം അനുഭവിക്കുക നമ്മളല്ല, നമുക്ക് ആണവ സാമഗ്രികൾ വിറ്റ് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാമെന്ന പ്രതീക്ഷയിൽ കഴിയുന്ന വിദേശരാജ്യങ്ങളാണ്.   

സൌരോർജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണ് ലോകം നേരിടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്കുള്ള ശരിയായ പരിഹാരമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സൌരൊർജ്ജത്തിന്റെ ഉത്പാദനം സംബന്ധിച്ച സാങ്കേതികവിദ്യ ഇപ്പോൾ  തന്നെ ലഭ്യമാണ്. എന്നാൽ  ചെലവ് കൂടുതലായതുകൊണ്ടും ഏറെ സ്ഥലസൌകര്യങ്ങൾ ആവശ്യമായതുകൊണ്ടും അത് വലിയ തോതിൽ ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയുന്നില്ല. ചെലവ് കുറഞ്ഞ സൌരോർജ്ജ സാങ്കേതികവിദ്യ വികസിപ്പിക്കാനായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കായിരിക്കും. കാരണം അമേരിക്കക്കൊ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിനൊ ഇന്ത്യയോളം സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നതുതന്നെ. പക്ഷെ നിരവധി ലക്ഷം കോടി രൂപയുടെ ആണവ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള ഇന്ത്യാ ഗവൺ‌മെന്റ് അതിന്റെ ഒരു ശതമാനം പോലും സൌരോർജ്ജ ഗവേഷണത്തിനായി നീക്കിവെക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം ആഗോള അധികാര രാഷ്ട്രീയത്തിൽ ആണവോർജ്ജത്തിനുള്ള സ്ഥാനം സൌരോർജ്ജത്തിനില്ലാത്തതാണ്. സൌരോർജ്ജം ഉപയോഗിച്ച് ലോകത്ത് വമ്പിച്ച നാശം വിതക്കാൻ കഴിയുന്ന കുറെ ആയുധങ്ങൾ അമേരിക്ക വികസിപ്പിച്ചെടുത്താൽ നമ്മുടെ ഭരണാധികാരികൾ അതിലേക്ക് ശ്രദ്ധ തിരിച്ചുവിടാനും അതിനായി വൻ‌തോതിൽ പണം ചെലവാക്കാനും തയ്യാറാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

രാജ്യതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും തമ്മിലുള്ള തരത്തിലുള്ള അന്തരം ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ഉദ്യോഗസ്ഥന്മാരും തമ്മിലുമുണ്ട്. ഒരു ശാസ്ത്രജ്ഞൻ ഈവിധ വിഷയങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് മനസിലാക്കാൻ ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ മതി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനി വിട്ട് അമേരിക്കയിലെത്തുമ്പോൾ ഹിറ്റ്ലർ ഭരണകൂടം ആണവ മിസൈൽ രംഗങ്ങളിൽ വലിയ താല്പര്യമെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അണുബോംബുണ്ടാക്കാനുള്ള ശ്രമത്തിൽ ജർമ്മനി വിജയിച്ചാൽ അത് യുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുമെന്നതിനാൽ അതിനു മുമ്പ് അമേരിക്ക ബോംബുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പ്രസിഡന്റിനെ കണ്ട് അദ്ദേഹം ഈ ആഗ്രഹം അറിയിക്കുകയും അതിനായി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധത്തിനുശേഷം അമേരിക്ക ആണവായുധ പരിപാടികൾ തുടരുകയും മറ്റ് രാജ്യങ്ങളും ആ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ അദ്ദേഹം അതിനെതിരായി ശബ്ദമുയർത്തുകയും മറ്റ് ശാസ്ത്രജ്ഞരെയും സമാധാനത്തിനുവേണ്ടിയുള്ള യജ്ഞത്തിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുകയും ചെയ്തു.  (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 8-14, 2012.

Tuesday, April 10, 2012

കോഴിക്കോട്ടെ സി പി.എം കോൺഗ്രസ് നഗരി എന്തിന്റെ മാതൃകയിൽ തീർത്തതായിരുന്നു?

സി.പി.എം. സമ്മേളന നഗരി
(മലയാളം വെബ്സൈറ്റിൽ റൂബിൻ ഡിക്രൂസിന്റെ ലേഖനത്തോടൊപ്പമുള്ള ചിത്രം )

സി.പി. എം. സമ്മേളന വേദി റോമിലെ കോളോസിയത്തിന്റെ മാതൃകയിലുള്ളതായിരുന്നെന്ന് പല മലയാള മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സിംഹത്തിന്റെ മുന്നിൽ ക്രിസ്ത്യാനികളെ എറിഞ്ഞുകൊടുക്കുന്ന കാഴ്ച കാണാൻ കൊളോസിയത്തിൽ ജനങ്ങളെത്തിയിരുന്നെന്ന് ചിലർ ഓർമ്മിപ്പിക്കുകയും ചെയ്തു.    

മാദ്ധ്യമ റിപ്പോർട്ടുകളെ പരിഹസിച്ചുകൊണ്ട് “കൊളോസിയം കണ്ട പത്രക്കാർ” എന്ന തലക്കെട്ടിൽ റൂബിൻ ഡിക്രൂസ് മലയാളം വെബ്സൈറ്റിൽ ഒരു ലേഖനം എഴുതിയിരിക്കുന്നു.


സമ്മേളന വേദി ഗ്രീക്ക്-റോമൻ വസ്തുശില്പ മാതൃകയിലായത് കോഴിക്കോട്ടെ ആർക്കൊ പറ്റിയ ബുദ്ധിമോശമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡിക്രൂസ് ലേഖനം ആരംഭിക്കുന്നത്. പക്ഷെ അദ്ദേഹത്തെ അതിലേറെ അത്ഭുതപ്പെടുത്തിയത് പത്രങ്ങളുടെയും പത്രാധിപന്മാരുടെയും പൊതുവിജ്ഞാന നിലവരമാണ്. “കൊളോസിയം കണ്ടാൽ എങ്ങനെയിരിക്കും എന്നറിയുന്ന ആളുകൾ പത്രസ്ഥാപനങ്ങളിൽ എവിടെയെങ്കിലും വേണ്ടേ?“ അദ്ദേഹം ചോദിക്കുന്നു.

സമ്മേളനവേദി കൊളോസിയത്തിന്റെ മാതൃകയിലല്ലെന്ന് ബോധ്യപ്പെടുത്താൻ ഡിക്രൂസ് ലേഖനത്തോടൊപ്പം റോമിലെ ആ കെട്ടിടത്തിന്റെ അവശിഷ്ടത്തിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.
(അത് ചുവടെ ചേർക്കുന്നു)



“റോമിലെ ഫോറത്തിലൂടെ നടന്ന് നടന്നു കൊളോസിയം വരെ പോവുക മനോഹരമായ ഒരനുഭവമാണ്,” ഡിക്രൂസ് എഴുതുന്നു. “ഞാന്‍ ആ വഴിയിലൂടെ പലതവണ നടന്ന് കൊളോസിയത്തില്‍ കയറി മനുഷ്യരെ മൃഗങ്ങള്‍ക്ക് തിന്നാനിട്ടു കൊടുത്ത സ്ഥലം നോക്കി നിന്നിട്ടുണ്ട്.”

ഒരു പത്രം കൊളോസിയം ഗ്രീസിലാണെന്ന് പറഞ്ഞതായി ഡിക്രൂസ് ചൂണ്ടിക്കാട്ടുന്നു.

വേദി ഗ്രീക്ക്-റോമൻ മതൃകയിലാണെന്ന് ഡിക്രൂസ് സമ്മതിക്കുന്നുണ്ട്. പക്ഷെ കൊളോസിയത്തെയല്ല മാതൃകയാക്കിയത്. പിന്നെ എന്തിനെയാവാം കോഴിക്കോട്ട് ബുദ്ധിമോശം കാട്ടിയ ആൾ മാതൃകയാക്കിയത്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ തരാൻ ഒരു കോടി രൂപയൊന്നും എന്റെ കയ്യിലില്ല. എങ്കിലും കോടീശ്വരൻ മാതൃകയിൽ ഏതാനും ഓപ്ഷനുകൾ തരാം: ഗ്രീസിനെ കൂടാതെ മൂന്ന് വത്തിക്കാൻ ദൃശ്യങ്ങളും ഇവിടെ അവതരിപ്പിക്കുന്നു.

1.    1. ഗ്രീസ്: അക്രോപോളിസ്  
         






        2. വത്തിക്കാൻ (ദൃശ്യം 1)

            

       3. വത്തിക്കാൻ (ദൃശ്യം 2)

                     
        4. വത്തിക്കാൻ (ദൃശ്യം 3)