Friday, March 23, 2018

ത്രിപുരാനന്തരം ഇടതുപക്ഷത്തിന്‍റെ ഭാവി
ബി.ആര്‍.പി. ഭാസ്കര്‍
ഇരുപത്തിയഞ്ചു വര്ഷം ത്രിപുരയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതു മുന്നണിയെ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കട പുഴക്കിയെറിഞ്ഞത് അഞ്ചുകൊല്ലം മുമ്പ് അവിടെ ഒന്നര ശതമാനം മാത്രം വോട്ടു കിട്ടിയ ബി.ജെ.പി ആണ്. ഈ ദുരന്തം എങ്ങനെയാണ് സംഭവിച്ചതെന്നു സി.പി.എമ്മിന് മനസിലാക്കാനായിട്ടില്ല. ബി.ജെ.പിയാണ് മുന്നിലെന്ന് കാണിക്കുന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഫലം വന്നശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിനൊ ത്രിപുരയിലെ അത്യാഹിതത്തിന്‍റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും ഇത് അടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്നുവെന്നും ഒരു വാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാമൂഹമാധ്യമങ്ങളില്‍ പാര്ട്ടിക്ക് പ്രതിരോധം തീര്‍ക്കുന്ന ചിലര്‍ സി.പ.എമ്മിന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചതായി അവകാശപ്പെട്ടിട്ടുമുണ്ട്. ഇത് അസംഭവ്യമല്ല. കൂടുതല്‍ വോട്ടു കിട്ടിയത് സി.പി.എം (57 സ്ഥാനാര്‍ത്ഥികള്‍) ബിജെപിയേക്കാള്‍ (51 സ്ഥാനാര്‍ത്ഥികള്‍) കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചതുകൊണ്ടാകാം. ഒരു കക്ഷിയിലെ വിജയികളുടെ ഭൂരിപക്ഷം വളരെ വലുതും മറ്റെതിന്റെത് ചെറുതും ആയാലും ഇങ്ങനെ സംഭവിക്കാം. ഏതായാലും കഴിഞ്ഞനിയമസഭയില്‍ സിപിഎമ്മിനുണ്ടായിരുന്ന 49 സീറ്റുകളില്‍ 32 എണ്ണം നഷ്ടപ്പെട്ട ശേഷവുംഅടിത്തറ ഭദ്രമെന്നു പറയുന്നതില്‍ അഭംഗിയുണ്ട്.
കോണ്ഗ്രസിനു പഴയ സഭയിലുണ്ടായിരുന്ന പത്ത് സീറ്റും നഷ്ടപ്പെട്ടു. അതിന്റെ കാരണം വ്യക്തമാണ്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്ഗ്രസ് നേതാക്കള്‍ മൊത്തമായി ബിജെപിയിലേക്ക് മാറിയിരുന്നു. എന്നിട്ടും കോണ്ഗ്രസ് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ത്രിപുരയില്‍ ബിജെപി ജയിച്ചത് സ്ത്രീകളും യുവാക്കളും പിന്തുണച്ചതു കൊണ്ടാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന് വേണ്ടി തെരഞ്ഞെടുപ്പുകള്‍ക്കുശേഷം സര്‍വേ നടത്തുന്ന ലോക് നീതി സെന്റര്‍ നടത്തിയ പഠനം ഈ നിരീക്ഷണം ശരിവെക്കുന്നതാണ്. പതിനെട്ടിനും നാല്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരില്‍ 55 ശതമാനം ബിജെപി സഖ്യത്തിന് വോട്ടു ചെയ്തതായി അത് പറയുന്നു. 
തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ച് ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകനോടു രണ്ട് സ്ത്രീകള്‍ പറഞ്ഞത് ശ്രദ്ധയര്‍ഹിക്കുന്നു. “ഇരുപതു കൊല്ലത്തെ സിപിഎം ഭരണത്തില്‍ ജനങ്ങള്‍ മടുത്തു,”  ഒരു മുന്‍ കോളേജ് അധ്യാപിക പറഞ്ഞു. “സ്ത്രീകള്‍ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. കാഡറുകളിലും ഒരു നല്ല പങ്ക് അവരായിരുന്നു. അവരും മാറ്റം ആഗ്രഹിച്ചു. പാര്‍ട്ടി ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ ഉത്തരവുകളല്ല, പാര്‍ട്ടിയുടെ ഉത്തരവുകളാണ് നടത്തപ്പെട്ടത്.” ഒരു മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു: “പാര്‍ട്ടി ആവശ്യത്തിലേറെ ശക്തിപ്രാപിച്ചു. കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ ആദ്യം പാര്‍ട്ടി ആപ്പീസില്‍ പോയി കൊടി  വാങ്ങിച്ചു മൃതദേഹത്തിലിടണം. അതിനുശേഷമേ കാര്യങ്ങള്‍ നടക്കൂ.”   
തെരഞ്ഞെടുപ്പു പ്രചാരണം കൈകാര്യം ചെയ്യാന്‍ സുനില്‍ ദിയോധര്‍ എന്ന മഹാരാഷ്ട്രക്കാരനായ ആര്‍.എസ്.എസ് പ്രചാരകനെ ബിജെപി ത്രിപുരയിലേക്കയച്ചത് രണ്ടര കൊല്ലം മുമ്പാണ്. മാണിക് സര്‍ക്കാരിന്റെ മൂന്നാം മന്ത്രിസഭയുടെ കാലാവധിയുടെ പകുതി അപ്പോഴും ബാക്കിയുണ്ടായിരുന്നു. വിജയം സാധ്യമാക്കുന്നതിനായി താന്‍ എങ്ങനെയാണ് പണമൊഴുക്കി അസംതൃപ്തരായ ആദിവാസികളെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും സ്ത്രീകളെയും യുവാക്കളെയും സിപിഎമ്മില്‍ നിന്ന്‍ അടര്‍ത്തി എടുത്തതെന്നു ദിയോധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശക്തമായ  കാഡര്‍ സ്വഭാവമുള്ള സിപിഎമ്മിനെ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിഞ്ഞതില്‍ നിന്ന് മനസിലാക്കേണ്ടത് അടിത്തറ നേതാക്കള്‍ കരുതുന്നത്ര ഉറപ്പുള്ളതല്ലെന്നല്ലേ?

ത്രിപുരയിലെന്ന പോലെ കേരളത്തിലും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ അസംതൃപ്തി വ്യാപകമാണ്. അതുകൊണ്ട് ത്രിപുര തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ സി.പി. എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഗൌരവപൂര്‍വ്വം പഠിക്കേണ്ടതുണ്ട്.
ഏതാണ്ട് 34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് സി.പി.എമ്മിന് ബംഗാള്‍ നഷ്ടപ്പെട്ടത്. ആ ഘട്ടത്തില്‍ (2011) പാര്‍ട്ടിക്ക് 41.39 ശതമാനം വോട്ടുണ്ടായിരുന്നു. അന്ന് 213 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. അടുത്ത തെരഞ്ഞെടുപ്പില്‍148 പേരെയെ നിര്ത്താനായുള്ളൂ. വോട്ടു 38.62 ശതമാനമായി കുറഞ്ഞു.  ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള സാധ്യത അവിടെ കാണാനില്ല, എന്നു തന്നെയല്ല സി.പി.എമ്മിനു നഷ്ടപ്പെട്ട ഇടം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം തുടങ്ങിയത് 1964ലെ പിളര്പ്പോടെയാണ്. അതിനുശേഷം ബംഗാളിലും ത്രിപുരയിലും കേരളത്തിലും അധികാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് പ്രസ്ഥാനത്തിന്റെ വ്യാപ്തി ചുരുങ്ങുകയാണെന്ന വസ്തുത മറച്ചുപിടിക്കാനും സിപിഎം ശക്തിപ്പെടുകയാണെന്ന ധാരണ പരത്താനും സഹായിച്ചു. ത്രിപുര കൂടി പിടിവിട്ടു പോയതോടെ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ അധികാരം കിട്ടുന്ന കേരളത്തില്‍ മാത്രമായി പാര്‍ട്ടിയുടെ സ്വാധീനം ചുരുങ്ങിയിരിക്കുന്നു. ഇത് അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ തലത്തിലെ അധികാര മത്സരത്തില്‍ നിന്ന് ഇടതുപക്ഷം അപ്രത്യക്ഷമായിരിക്കുന്നു. ഒരു വിദൂര ബദലായി പോലും അതിനെ കാണാനാവാത്ത അവസ്ഥ.
സോവിയറ്റ് യൂണിയനും ചൈനയ്ക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാക്കിയ വിള്ളലാണ് ഇന്ത്യയിലെ പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായത്. സോവിയറ്റ് യൂണിയന്റെയും കിഴക്കെ യൂറോപ്പിലെ കമ്മ്യുണിസ്റ്റ് ഭരണകൂടങ്ങളുടെയും പതനത്തിനും ചൈനയുടെ വിപണി സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിനും ശേഷം അന്നത്തെ പ്രത്യയശാസ്ത്രപരമായ വാദങ്ങള്‍ തീര്‍ത്തും അപ്രസക്തമായി. സോവിയറ്റ് നിലപാടിനും ചൈനയുടെ നിലപാടിനും അനുസരിച്ച് അന്നത്തെ കോണ്ഗ്രസ് സര്‍ക്കാരിനോടുള്ള സമീപനത്തിന്റെ കാര്യത്തിലും അവിഭക്ത പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ദേശീയരാഷ്ടീയത്തില്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ അതിനെയും അപ്രസക്തമാക്കി. സ്വന്ത നിലയില്‍ കാര്യങ്ങള്‍ വിലയിരുത്തുന്ന പാരമ്പര്യമുള്ള പ്രത്യയശാസ്ത്ര വിശാരദരുടെ അഭാവത്തില്‍ മാറ്റങ്ങള്‍ പരിശോധിച്ച് നിലപാടുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഇടതു പ്രസ്ഥാനം പൊതുവിലും, ഏറ്റവും വലിയ ഇടതു കക്ഷിയായ സിപി.എം പ്രത്യേകിച്ചും, ഇന്നത്തെ പതനത്തിലെത്തിയിട്ടുള്ളത്. 
അധികാരം നേടുന്നതിനും നിലനിര്‍ത്തുന്നതിനും സിപിഎം അവലംബിച്ച അടവുകള്‍ ആ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് അതിന്റെ ഇടതുപക്ഷ സ്വഭാവത്തെ ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കിയിരിക്കുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ഇടതു കക്ഷികള്‍ ഇനിയും അമാന്തിച്ചാല്‍ ഏതാനും തലമുറകളുടെ ത്യാഗത്തിന്റെ മേല്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം ചരിത്ര പുസ്തകത്തിലെ ഒരു അടിക്കുറിപ്പായി മാത്രം അവസാനിച്ചേക്കും. (ജനശക്തി, ഏപ്രില്‍ 1-15, 2018)


Friday, March 9, 2018

ബി.ആര്‍.പി. ഭാസ്കര്‍ / വി.കെ സുരേഷ്

മൂക്കിനപ്പുറം കാണാത്ത അല്പബുദ്ധികള്‍ 

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പൌരാവകാശത്തിന്‍റെയും ഇടം ഇല്ലാതായി വരികയാണ്.  കേരളത്തെ നടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അതാണ്‌ കാണിക്കുന്നത്. ഹിംസ മാത്രം മുഖമുദ്രയാക്കി പുതുതലമുറ വടിവാളുകളേന്തി ജനാധിപത്യത്തിന്റെ ശിരസ വെട്ടിയിടുമ്പോള്‍ നാള്‍ ജാഗ്രതയോടെ നിലയുറപ്പിച്ചേ മതിയാകൂ. 
കേരളത്തിലെ ജനകീയ സമരങ്ങളിലും പൌരാവകാശ ജനാധിപത്യ സംരക്ഷണ പ്പോരാട്ടങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകനായ ബി.ആര്‍.പി. ഭാസ്കര്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു. 

? എന്തുകൊണ്ടാണ് നമ്മുടെ പൊതുസമൂഹത്തില്‍ വിയോജിപ്പിന്റെയും പൌരാവകാഷത്തിന്റെയും ശബ്ദം നേര്ത്തുവരുന്നത്
ജനാധിപത്യ സമൂഹത്തിലാണ് പൌരാവകാശങ്ങളും വിയോജിക്കാനുള്ള അവകാശവും ഉള്ളത്. കേരളത്തില്‍ വിയോജിപ്പിന്റെയും പൌരാവകാശങ്ങളുടെയും ശബ്ദം നേര്ത്തു വരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം സമൂഹത്തിന്റെ ജനാധിപത്യ സ്വഭാവം ക്ഷയിക്കുന്നെന്നാണ്. പല കാരണങ്ങളാല്‍ കേരളത്തിലെ പൊതുസമൂഹം അതീവ ദുര്‍ബലമാണ്.  
? മാര്‍ക്സിസത്തെ അടോസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്ട്ടികളിലെല്ലാം വയലന്‍സിന്റെ അംശമുണ്ടെന്നു പലരും വിമര്‍ശിക്കുന്നുണ്ട്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവണത അവര്‍ക്ക് കൂടുതലാണെന്നും. സാര്‍വദേശീയ പശ്ചാത്തലത്തില്‍ ഇതിനെയൊന്നു വിശദീകരിക്കാമോ   
വിപ്ലവത്തിലൂടെ മാത്രമേ ചൂഷണമില്ലാത്ത സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാനാകൂ എന്നാണു മാര്‍ക്സിസം പഠിപ്പിക്കുന്നത്. ആ വിശ്വാസം തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അക്രമങ്ങള്‍ക്ക് ന്യായീകരണമാകുന്നു. വിപ്ലവത്തില്‍ അക്രമമുണ്ടാകുമെന്നതില് നിന്നു അക്രമം വിപ്ലവമാണെന്നു ചിന്തിക്കുന്ന തലത്തിലേക്ക് മാറിയ കക്ഷിയാണ് സി.പി.എം. ഇത്തരത്തില്‍ പ്രത്യയശാസ്ത്രപരമായ ന്യായീകരണങ്ങള്‍ കൂടാതെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളുമുണ്ട് നമ്മുടെ രാജ്യത്തും വിദേശത്തും. നമ്മുടെ മിക്ക രാഷ്രീയ കക്ഷികളും അടിസ്ഥാനപരമായി ജനാധിപത്യ വിശ്വാസികളല്ല. അതുകൊണ്ട് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് മടിയില്ല. രാഷ്ട്രീയേതര പ്രസ്ഥാനങ്ങളും അക്രമ പ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. 
? കമ്പോള മൂലധനവും അതിന്റെ വഴിവിട്ട താല്പര്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളെ വിഴുങ്ങുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വ്യത്യാസപ്പെടുന്നുണ്ടോ        
തത്വത്തില്‍ കമ്പോള മൂലധന താല്പര്യങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും ഒന്നിച്ചുപോകാനാകില്ല. എന്നാല്‍ ആ തത്വങ്ങളെ മറികടക്കാനുള്ള പ്രായോഗിക തന്ത്രങ്ങള്‍ ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നാല് പതിറ്റാണ്ടുകാലമായി പിന്തുടരുന്ന സോഷ്യലിസ്റ്റ്‌ മാര്‍ക്കറ്റ് സമ്പദ് വ്യവസ്ഥ. മൂലധന താല്‍പര്യങ്ങളുമായുള്ള ബന്ധമാണ് ബംഗാളില്‍ മൂന്നു പതിറ്റാണ്ടിലധികം നിലനിന്ന ഇടതു മുന്നണി ഭരണത്തിന്റെ പൊടുന്നനെയുള്ള തകര്‍ച്ചയ്ക്ക് കാരണമായത്. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത, ഒരു നേതാവിന്റെ മക്കള്‍ ഉള്‍പ്പെട്ട, ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന പ്രശ്നവും കമ്പോള മൂലധനവും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയവും തമ്മിലുള്ള സമരസപ്പെടലാണ്. 
? കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശമനമില്ല. സാമാധാന യോഗങ്ങള്‍ പോലുംപ്രഹസനമായി മാറുന്നു. എന്താണ് ഇതിനു അടിസ്ഥാനമായ കാരണങ്ങള്‍  
4. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനു ഒരു നീണ്ട ചരിത്രമുണ്ട്. കോണ്ഗ്രസുകാരും കമ്മ്യൂണിസ്റ്റ്‌കാരും തമ്മില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ മേല്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലാണ് അതിന്റെ തുടക്കം. അണികളെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ എന്തെങ്കിലും കാരണവശാല്‍ സി.പി.എം. വിടുന്നവര്‍ ആര്‍.എസ്.എസിലേക്ക് തിരിയാന്‍ തുടങ്ങി. നേരത്തെ അവിടെ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ സമാധാന യോഗങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ യോഗം അലങ്കോലപ്പെട്ടത് അതിനു നേതൃത്വം നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയായാണ്‌ ഞാന്‍ കാണുന്നത്. അവര്‍ എല്ലാം ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ക്ക് വിട്ടുകൊടുത്തു. രാഷ്ട്രീയ കൊലപാതങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ബന്ധപ്പെട്ട കക്ഷികളുടെ നേതൃത്വം മനസ് വെക്കണം. ഇപ്പോള്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തങ്ങള്‍ക്ക് ചേതമില്ലാത്ത, അണികക്കുമാത്രം ജീവന്‍ നഷ്ടപ്പെടുന്ന ഒരു കളിയിലാണ്. കൊല്ലുന്നവര്‍ മാത്രമല്ല, കൊല്ലിക്കുന്നവരും വില കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ കളി മാറും.
? അപരന്റെ ശബ്ദം സംഗീതമായി ആസ്വദിക്കണമെന്നു പറയുന്ന മാര്‍ക്സിസം  അപരന്റെ ശബ്ദം തന്നെ ഇല്ലാതാക്കനമെന്ന് തീരുമാനിക്കുന്നു. മാര്‍ക്സിസത്തിലും ഫാഷിസത്തിന്റെ എലിമെന്റുണ്ടെന്നു അങ്ങ് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് വിശദീകരിക്കാമോ
എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും ഫാഷിസ്റ്റ്‌ പാര്ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രണ്ടും ഒരുപോലെയാണ് എന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. ചരിത്രം സൂക്ഷ്മതയോടെ വിലയിരുത്തുമ്പോള്‍ സാധാരണയായി   കമ്മ്യൂണിസ്റ്റ്‌കാര്‍ എതിരാളികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് മേല്കൈ നേടിയ ഇടങ്ങളിലാണെന്നു കാണാം. ഫാഷിസ്റ്റ്കള്‍ മേല്‍കൈ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
? സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ അത് ഹൈലൈറ്റ് ചെയ്യുന്നില്ലെന്നും മറിച്ചാകുമ്പോള്‍ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്യുന്നു എന്നാണല്ലോ സി.പി.ഐ (എം) നേതാക്കള്‍ ആരോപിക്കുന്നത്? അങ്ങനെ ഒരു അജണ്ട മാധ്യമങ്ങള്‍ക്കുണ്ടോ
സി.പി.എം. പ്രവര്‍ത്തകര്‍ നടത്തുന്ന കൊലകള്‍ക്ക് അവര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കാള്‍ പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ട്. മാധ്യമങ്ങളുടെ  സമീപനത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പക്ഷപാതിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. സി.പി.എം അതിനെ ഒരു അജണ്ടയുടെ ഭാഗമായി കാണുന്നെങ്കില്‍ അതിനെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പത്രപ്രവര്‍ത്തനത്തിന്റെ രീതിയുടെ ഭാഗമാണ്. ഇതേ സംഭവങ്ങള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അത് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ക്ക് അവര്‍ നടത്തുന്ന കൊലകളെക്കാള്‍ പ്രാധാന്യം കല്പിക്കുന്നതായി കാണാം. പാര്‍ട്ടി പത്രം ചെയ്യുന്നതുപോലെ പ്രഖ്യാപിത രാഷ്ട്രീയ ബന്ധമില്ലാത്ത “മുഖ്യധാര” പത്രങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും അവര്‍ നിഷ്പക്ഷത പുലര്ത്താന്‍ ബാധ്യസ്ഥരാണെന്നുമുള്ള തെറ്റിദ്ധാരണ വ്യാപകമാണ്. പക്ഷം പിടുത്തം അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ്.
? സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ല. എന്നിട്ടും ഇവിടെ ആളുകളുടെ ജീവനെടുക്കുന്ന സംഘങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, വര്‍ദ്ധിക്കുന്നു. എന്തായിരിക്കും ഇതിന്റെ സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങള്‍ 
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലങ്ങളിലൊന്നാണ് കണ്ണൂര്‍. അവിടെ അക്രമങ്ങളും അനീതിയും പെരുകുന്നതും രാഷ്രീയ ഭിന്നാഭിപ്രായത്തിന്റെ പേരില്‍ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും ആളുകളെ കൊല്ലുന്നതും സമൂഹത്തില്‍ ജീര്‍ണ്ണത ഏറെ പടര്‍ന്നിരിക്കുന്നുവെന്ന്‍ കാണിക്കുന്നു ആ പ്രദേശത്തെ മാത്രമല്ല, സംസ്ഥാത്തൊട്ടാകെയുള്ള, രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത് അടിയന്തിരമായി ശ്രദ്ധിക്കണം,  ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയും വേണം.
? ഇത്രയേറെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടും കേരളത്തില്‍ അതിനെതിരെ സ്വതന്ത്രമായ ജനകീയ ചെറുത്ത് നില്പുകള്‍ വളര്‍ന്നു വരാതിരിക്കുന്നതു എന്തുകൊണ്ടാണ്  
ഇത്രയേറെ  സംഘര്‍ഷങ്ങളും കൊലപാതങ്ങളും ഉണ്ടായിട്ടും അതിനെതിരെ സ്വതന്ത്രമായ ജനകീയ ചെറുത്തുനില്പുകള്‍ വളര്‍ന്നു വരാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരര്‍ത്ഥത്തില്‍ ചോദ്യത്തിനുള്ളില്‍ തന്നെയുണ്ട്. അത്തരം ചെറുത്തു നില്‍പ്കളുണ്ടാകണമെങ്കില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പൊതുസമൂഹമുണ്ടാകണം. എല്ലാം കൊടിക്കീഴിലാക്കാന്‍ രാഷ്ടീയ കക്ഷികള്‍ വ്യഗ്രത കാട്ടുന്ന നാടാണ് കേരളം. രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്ത് നില്‍ക്കുന്നവരെ അവര്‍ അരാഷ്ട്രീയവാദികള്‍ എന്ന് മുദ്രയടിക്കുന്നു. അതാകട്ടെ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലെ മുഴുത്ത അശ്ലീലപദമാണ്.  

ഈ പരാധീനതകളെ മറികടന്നു പല വിഷയങ്ങളിലും പ്രതിരോധം സംഘടിപ്പിക്കാനും വിജയകരമായ ജനകീയ സമരങ്ങള്‍ നടത്താനും  കേരളത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം, ചാലിയാര്‍ മലിനീകരണം, പാലക്കാട്ടെ കോളാ കമ്പനികളുടെ ജലചൂഷണം, തിരുവനന്തപുരം നഗരസഭയുടെ വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യസംസ്കരണം എന്നിങ്ങനെ പലതും അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവയെല്ലാം മാറിമാറി ഭരിക്കുന്ന കക്ഷികളുടെ നേതാക്കളുടെ ബുദ്ധിശൂന്യമായ തീരുമാനങ്ങളുടെ ഫലമായുണ്ടായവയാണ്. അവയ്ക്കെതിരായ സമരങ്ങള്‍ തുടങ്ങിയത് രാഷ്രീയ നേതാക്കളോ സാംസ്കാരിക നായകരോ അല്ല, ദുരിതമനുഭവിക്കേണ്ടി വന്ന തദ്ദേശവാസികളാണ്. രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ട് അവര്‍ നടത്തിയ സമരങ്ങള്‍ക്ക് കേരളത്തിലെ ദുര്‍ബലമായ പൊതുസമൂഹ സംഘടനകള്‍ ആകുന്ന പിന്തുണ നല്കി. അത്ര തന്നെ.
? നമ്മുടെ സാംസ്കാരികനായകന്മാരും ബുദ്ധിജീവികളും സിപിഐ എമ്മിന്റെ കൊലപാതക നിലപാടുകളെ തുറന്നു വിമര്‍ശിക്കുന്നതില്‍ ഇപ്പോഴും വിമുഖരാണ്. എന്തുകൊണ്ടാണീ വിമുഖത
സാംസ്കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കപ്പെടുന്നവരില്‍ ഒരു വലിയ വിഭാഗം ആശയപരമായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്ത്തുന്നവരാണ്. ഭരണത്തിലേറുമ്പോള്‍ സി.പി.എം. അവരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിനെതിരെ പരസ്യമായി നിലപാടെടുക്കാന്‍ അവര്‍ മടിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആ സമീപനം മാറുകയാണെന്ന് കരുതാന്‍ ന്യായമുണ്ട്. ശുഹൈബിന്റെ വധത്തെ അല്പം കരുതലോടെയാണെങ്കിലും അവരില്‍ ചിലര്‍ അപലപിച്ചതിനെ ഒരു നല്ല തുടക്കമായി ഞാന്‍ കാണുന്നു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് സാംസ്കാരിക പ്രവര്ത്തകരുടെ ഐക്യനിര കുറച്ചുകാലത്തേക്കെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ പിന്നീടത് അപ്രത്യക്ഷമായി. കൊലപാതകങ്ങളും അതുയര്‍ത്തുന്ന പശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ധീരതയില്ലാത്തവരാണോ സാംസ്കാരിക പ്രവര്‍ത്തകര്‍.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഒരുപാട് പേരെ ഞെട്ടിച്ചു. അതിന്റെ ഒരു കാരണം ആ 51 വെട്ടുകള്‍ അതിനെ  അതിനിഷ്ടുരമായ രാഷ്ട്രീയ കൊലപാതകമാക്കിയതാണ്. ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ചിന്തയോടെ ധാരാളം പേര്‍ മുന്നോട്ടു വന്നു. കുറച്ചു കാലത്തേക്ക് കൊലപാതക രാഷ്ട്ടീയം ശമിച്ചു. പക്ഷെ അത് തിരിച്ചുവന്നിരിക്കുന്നു. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടാല്‍ ഒരുപക്ഷെ അക്രമത്തിലെര്‍പ്പെടുന്ന കക്ഷികള്‍ വീണ്ടും കുറച്ചു കാലത്തെക്കെങ്കിലും പിന്‍വാങ്ങിയേക്കാം. അതുകൊണ്ട് അതിനായുള്ള ശ്രമങ്ങള്‍ നടക്കണം. പക്ഷെ ഇത് സാംസ്കാരിക നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ല.
? കണ്ണൂരില്‍ ഫാഷിസത്തിനെതിരായ പോരാട്ടമാണ് സി.പി.ഐ-എം നടത്തുന്നതെന്നാണ് അവര്‍ പറയുന്നത്. വസ്തുതയാണോ ഇത്
കണ്ണൂരില്‍ നടക്കുന്നത് ഒരു പോരാട്ടമാണെന്നും അതില്‍ ഒരു ഭാഗത്ത് ഫാഷിസ്റ്റ്കളും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ്‌കാരും ആണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അവിടെ നടക്കുന്നത് മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്ത അല്പബുദ്ധികള്‍ തമ്മില്‍ നടക്കുന്ന മേല്കൊയ്മയ്ക്കായുള്ള മത്സരമാണ്. പാര്ട്ടിബന്ധം അതിനു രാഷ്ട്രീയ നിറം നല്‍കുന്നു. (ചന്ദ്രിക ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 3, 2018)

Sunday, March 4, 2018

പ്രതിരോധം മറന്ന സി.പി.എം.

ബി.ആര്‍.പി. ഭാസ്കര്‍
മാതൃഭൂമി

ഇത്ര നാടകീയമായ ഒരു മാറ്റം ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് തോന്നുന്നു. എങ്ങനെയാണ് ബിജെപി ത്രിപുരയില്‍ ഈ മഹാത്ഭുതം കാഴ്ച വെച്ചത്?  

ആദ്യ കണക്കുകള്‍ കാണിക്കുന്നത് സി.പി.എമ്മിന്റെ വോട്ടുവിഹിതത്തില്‍ നേരിയ കുറവേ ഉണ്ടായിട്ടുള്ളൂ എന്നാണ്. കോണ്ഗ്രസിന്റെ വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ചോര്‍ന്നുപോയി. പക്ഷെ കോണ്ഗ്രസിനു പുറത്തു നിന്നും വോട്ട് സംഭരിക്കാനും ബിജെപിക്കായി. പണം ബി.ജെ.പിയുടെ വിജയത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ അതു കൊണ്ടുമാത്രം ഇത്തരത്തിലുള്ള  ഒരു അട്ടിമറിവിജയമുണ്ടാകില്ല.

രണ്ടര കൊല്ലം മുമ്പ് തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള സുനില്‍ ദിയോധര്‍ എന്ന ആര്‍.എസ്. എസ്. പ്രചാരകനെ ത്രിപുരയിലേക്ക് നിയോഗിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും ഇടതു കോട്ട പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. 

അവിടെ  എത്തിയ ശേഷം ചെയ്ത കാര്യങ്ങള്‍ ദിയോധര്‍ ഈയിടെ ഒരു മാധ്യമ പ്രവര്ത്തകയോട് പറയുകയുണ്ടായി. ആദ്യം അസന്തുഷ്ടരായ കോണ്ഗ്രസുകാരെ കൂട്ടി. പിന്നീട് യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും സംഘടനകളുണ്ടാക്കി. അതിനുശേഷം ജനസംഖ്യയുടെ 35 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ചു. പട്ടിക വര്‍ഗങ്ങള്‍ക്ക് അറുപതംഗ സഭയില്‍ ഇരുപത് സീറ്റുണ്ട്. ഏറെ അസന്തുഷ്ടരായ അവരെ ഒപ്പം കൂട്ടാന്‍ രണ്ടു പേരെ പാര്‍ട്ടി വൈസ് പ്രസിഡന്റുമാരും നാല് പേരെ കോര്‍ കമ്മിറ്റി മെംബര്‍മാരുമാക്കി. പിന്നീട് അസന്തുഷ്ടരായ കുറെ സി.പിഎംകാരെയും കിട്ടിയത്രെ.

60 മണ്ഡലങ്ങള്‍ക്കും ചുമതലക്കാരെ നിയോഗിച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുമ്പോള്‍ ഒന്നര കൊല്ലം മുമ്പ് സിപിഎം അതിലെരാളെ കൊലപ്പെടുത്തിയതായി ദിയോധര്‍ പറഞ്ഞു. ഒരു മാസത്തിനുശേഷം ബിജെപി ഒരു ‘ശാന്തി യജ്ഞം’ നടത്തി. യജ്ഞഭൂമിയില്‍ നിന്ന് ശേഖരിച്ച ചാരം 60 കുടങ്ങളിലാക്കി, അതുമായി രഥങ്ങള്‍ 60 മണ്ഡലങ്ങളിലും യാത്ര നടത്തി. കൂടാതെ 40,000 പേര്‍ അറസ്റ്റ് വരിച്ച ‘ജയില്‍ നിറയ്ക്കല്‍’ സമരം, മോദി ടീഷര്‍ട്ടുകള്‍ ധരിച്ച യുവാക്കളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിവരിക്കുന്ന ബംഗാളിയിലും ഗോത്ര ഭാഷയിലുമുള്ള ലഘുലേഖകളുടെ വിതരണം തുടങ്ങി പലതും ദ്യോധര്‍ ചെയ്തു.

സിപിഎമ്മിനു സാന്നിധ്യമില്ലാതിരുന്ന സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച കാര്യവും ദിയോധര്‍ പറഞ്ഞു. ലളിത ജീവിതം നയിക്കുന്ന മാണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ മറികടക്കാന്‍ ബിജെപിക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. 

ആദിവാസി മേഖലയില്‍ കുറെ കുട്ടികള്‍ മലേറിയ പിടിപെട്ടു മരിക്കുകയുണ്ടായി. മുഖ്യമന്ത്രി 11 മന്ത്രിമാരെയും 80 ഡോക്ടര്‍മാരെയും 150 നേഴ്സുമാരെയും അവിടെ അയച്ചു. അതെല്ലാം അവഗണിച്ചുകൊണ്ട് അദ്ദേഹം ഹെലികോപ്ടറില്‍ പോയതു ചൂണ്ടിക്കാട്ടി ബിജെപി ഒരു മുദ്രാവാക്യം ഉയര്‍ത്തി: “കുട്ടികള്‍ മരിക്കുന്നു, മുഖ്യന്‍ ഹെലികോപ്ടറില്‍ പറക്കുന്നു”. ആ മുദ്രാവാക്യം ജനങ്ങളെ സ്വാധീനിച്ചെങ്കില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മിനു കഴിഞ്ഞില്ലെന്നും കരുതേണ്ടിയിരിക്കുന്നു. (മാതൃഭൂമി, മാര്‍ച്ച്‌ 4, 2018)