മലയാളി നവമാധ്യമങ്ങളുടെ വര്‍ത്തമാനം
ബി.ആര്.പി. ഭാസ്കര്‍
അച്ചടിമാധ്യമ സ്വാധീനം ഏറ്റവുമധികം ഏറ്റുവാങ്ങിയ ഇന്ത്യാക്കാര്‍ മലയാളികളാകണം. സാക്ഷരതാനിരക്ക് ഉയര്‍ന്നതും വായനാശീലം വളര്‍ന്നതും പത്രങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമായി. നവോത്ഥാന സ്വഭാവം കൈവരിച്ച സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആ സാഹചര്യം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടാക്കി. അവയെ നയിച്ചവര്‍ ആശയ പ്രചാരണത്തിന് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി. പൊതു മാധ്യമങ്ങളും സാമൂഹിക മാറ്റങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്തു. അങ്ങനെ അച്ചടിമാധ്യമങ്ങള്‍ നല്ല മാറ്റങ്ങളുടെ ഭാഗമായി.
സര്‍ക്കാര്‍ മാധ്യമങ്ങളെന്ന പരിമിതിമൂലം റേഡിയോക്കും ടെലിവിഷനും അച്ചടിമാധ്യമങ്ങളുടേതിനു സമാനമായ സ്വാധീനം നേടാന്‍ കഴിഞ്ഞില്ല. സ്വകാര്യ ചാനലുകള്‍ വന്നപ്പോള്‍ ആ സ്ഥിതി മാറി. ടെലിവിഷന്‍ ചുറ്റുവട്ടത്തും ദൂരപ്രദേശങ്ങളിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ആദ്യ വിവരം നല്കുന്ന മാധ്യമമായി. ദൃശ്യങ്ങള്‍ക്ക് വാക്കുകളേക്കാള്‍ സ്വാധീനശക്തിയുള്ളതുകൊണ്ട് ടെലിവിഷന്‍ വളരെ വേഗം മേല്‍കൈ നേടിയെങ്കിലും അച്ചടിമാധ്യമങ്ങള്‍ അരങ്ങുവാണകാലത്ത് അവയ്ക്കുണ്ടായിരുന്ന തരത്തിലുള്ള സ്വാധീനം നേടാന്‍ ദൃശ്യമാധ്യമങ്ങള്ക്കായില്ല. ഇതിനു രണ്ട് കാരണങ്ങളുണ്ടെന്നു തോന്നുന്നു. ഒന്ന്, ദൃശ്യമാധ്യമങ്ങള്‍ അച്ചടിമാധ്യമങ്ങളെപ്പോലെ മസ്തിഷ്ക പ്രവര്‍ത്തനം ആവശ്യപ്പെടുന്നില്ല. രണ്ട്, വളര്‍ച്ചയുടെ ഘട്ടത്തില്‍ വായനക്കാര്‍ പത്രങ്ങളെ നല്ല മാറ്റങ്ങളുടെ ഭാഗമായി കണ്ടു. എന്നാല്‍ പ്രേക്ഷകര്‍ക്ക് ചാനലുകളെ അങ്ങനെ കാണാന്‍ കഴിയുന്നില്ല. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടെ ഭാഗമായാണ് പലരും ഇന്ന് മാധ്യമങ്ങളെ പൊതുവിലും, ടെലിവിഷനെ പ്രത്യേകിച്ചും, കാണുന്നത്. ലോകത്തെവിടെയും മുന്നില്‍ ക്യാമറ കണ്ടാല്‍ ഒരാള്‍ കഴിവതും നല്ല പെരുമാറ്റം കാഴ്ചവെക്കാന്‍ ശ്രദ്ധിക്കും. മലയാളികള്‍ ഇതിനൊരപവാദമാണ്. ടെലിവിഷന്‍ ക് യാമറയുടെ മുന്നില്‍ വഷളത്തം കാട്ടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.
വികസിത സമൂഹങ്ങളൊക്കെയും അച്ചടിയുടെയും ടെലിവിഷന്റെയും കാലം പിന്നിട്ട് നവമാധ്യമ കാലത്തേക്ക് കടന്നിരിക്കുകയാണ്. ലോകത്ത് എന്ത് നടക്കുന്നുവെന്ന് അവര്‍ ആദ്യം അറിയുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. കുറച്ചു കാലം മുമ്പ് ഒരു മലയാള ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചെറുപ്പക്കാരെല്ലാം തങ്ങള്‍ വാര്‍ത്തകള്‍ക്ക് ആശ്രയിക്കുന്നത് പത്രങ്ങളെയല്ല, വെബ്സൈറ്റുകളെയാണ്, എന്ന് പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ മലയാളികളും സാമൂഹ്യ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം സൂക്ഷ്മ പഠനമര്‍ഹിക്കുന്നു.
ഒരു സ്വതന്ത്രവേദിയായാണ് ഇന്റര്‍നെറ്റ് ജന്മമെടുത്തത്. അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നവരുടെ ശ്രമഫലമായി ഇന്നു അത് അറിവിന്റെ ഭണ്ഡരമാണ്. സര്‍ക്കാരുകളും സേവനദാതാക്കളും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അവിടെ ആര്‍ക്കും ദ്വാരപാലകരാല്‍ തടയപ്പെടാതെ പ്രവേശിച്ച് അറിവ് തേടാനും ബാഹ്യ ഇടപെടലുകള്‍ കൂടാതെ അഭിപ്രായ പ്രകടനം നടത്താനും കഴിയുന്നു. നിയന്ത്രണങ്ങളുടെ അഭാവം പ്രദാനം ചെയ്യുന്ന ഗുണത്തോടൊപ്പം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തില്‍ നിന്നുയരുന്ന ദോഷവും അനുഭവവേദ്യമാകുന്നു.
ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കു മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും വലിയ തോതില്‍ തൊഴില്‍ തേടി പോകുന്ന മലയാളികള്‍ നവമാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും കഴിയുമെന്ന് വളരെ വേഗം മനസിലാക്കി. ഓര്‍ക്കുട്ടായിരുന്നു ആദ്യം അവരുടെ പ്രിയപ്പെട്ട വേദി. അതിനുശേഷം അവര്‍ കൂട്ടത്തോടെ ഫേസ്ബുക്കിലേക്ക് ചേക്കേറി. കേരളത്തില്‍ 48ലക്ഷത്തിലധികം പേര് ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണത്രെ. ഗൂഗിളില്‍ ഇംഗ്ലീഷില്‍ “ഫേസ്ബുക്ക് മലയാളി” എന്നെഴുതി അന്വേഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം ഒന്നര കോടിയിലധികം വെബ് ലിങ്കുകള്‍ ലഭിക്കും. നവമാധ്യമങ്ങളിലെ മലയാളി സാന്നിധ്യത്തിന്റെ വ്യാപ്തി അതില്‍ നിന്ന് ഊഹിക്കാവുന്നതാണ്. ആ സാന്നിധ്യം ഏതു തരത്തിലുള്ളതാണു എന്നറിയാന്‍ കൂടുതല്‍ ആഴത്തിലുള്ള അനേഷണം ആവശ്യമാണ്. അത്തരത്തിലുള്ള അന്വേഷണത്തിനു മലയാളികള്‍ സാമൂഹ്യ മാധ്യമങ്ങളെ എന്താവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, എത്ര ഫലവത്തായി ഉപയോഗിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും നല്‍കാനാകും.
ചില സ്ഥിതിവിവരക്കണക്കുകള്‍ മലയാളിയുടെ നവമാധ്യമ പ്രവര്‍ത്തനം നല്ല രീതിയിലുള്ളതല്ലെന്നു സൂചിപ്പിക്കുന്നു. രാജ്യത്ത് 2011ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 55ശതമാനം മൂന്നര ശതമാനം ജനങ്ങള്‍ മാത്രം താമസിക്കുന്ന കേരളത്തിന്റെ സംഭാവനയായിരുന്നു. അത് സംസ്ഥാനത്തെ ഏറ്റവുമധികം സൈബര്‍ കുറ്റാരോപിതരുള്ള (കുറ്റവാസനയുള്ളവരുള്ള?) നാടാക്കി. മലയാളികള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ പ്രവേശിച്ചതും പോലീസ് അമിതാവേശത്തോടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമാകാം സംസ്ഥാനത്തിന് ആ സ്ഥാനം നേടിക്കൊടുത്തത്. (കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാണിക്കുന്ന ആവേശം തെളിവുകള്‍ നിരത്തി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പലപ്പോഴും പോലീസ് കാട്ടാറില്ല). മറ്റുള്ളവരും ഇന്റര്‍നെറ്റില്‍ വലിയ തോതില്‍ കടന്നു ചെന്നപ്പോള്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം പോയി. ഒടുവിലത്തെ കണക്കുകളനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ ഇപ്പോള്‍ മഹാരാഷ്ട്രയാണ്.
നവമാധ്യമ രംഗത്ത് ഗൌരവപൂര്‍വമായ ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങളുണ്ട്. എന്നാല്‍ മലയാളികള്‍ കൂടുതല്‍ വ്യാപരിക്കുന്നത് അവിടെയല്ല. സ്വന്തം താല്പര്യങ്ങളും അഭിരുചികളും പലരെയും മറ്റിടങ്ങളിലേക്ക് നയിക്കുന്നു. ഇന്റര്‍നെറ്റ് മലയാളികള്‍ ചില ട്രോള്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവയില്‍ ചിലത് നിരവധി അഡ്മിന്മാരും മോഡറേറ്റര്മാരുമുള്ള സംവിധാനങ്ങളാണ്. കൂടുതല്‍ പ്രധാന്യമുള്ള വിഷയങ്ങളും അവര്‍ കൈകാര്യം ചെയ്യാറുണ്ട്. മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്നാണ് സ്വകാര്യ കോളേജ് വിദ്യാര്‍ഥി ജിഷ്ണു മരിച്ചതെന്ന വിവരം ശക്തമായി ആദ്യം അവതരിപ്പിച്ചത് അവരാണു.
ദ്വാരപാലകരുള്ള മാധ്യമ ഇടങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നവമാധ്യമങ്ങള്‍ നല്കുന്നു. പൊതുവേദികളില്‍ അഭിപ്രായപ്രകടനം നടത്തി ശീലമില്ലാത്തതുകൊണ്ട് അവര്‍ അനുയോജ്യമല്ലാത്ത ഭാഷയും രീതികളും സ്വീകരിക്കുന്നെങ്കില്‍ അതിനെ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല. കാലക്രമത്തില്‍ അവര്‍ ശരിയായ പാതയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ അനുയോജ്യമല്ലാത്ത ഭാഷയും രീതികളും ബോധപൂര്‍വം സ്വീകരിക്കുന്നവരുമുണ്ട്. ലിംഗസമത്വം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഇത് വ്യക്തമായി കാണാനാകും. അവിടെ പ്രതിഫലിക്കുന്നത് സമൂഹത്തില്‍ വ്യാപകമായിട്ടുള്ള ജീര്‍ണ്ണതയാണ്. കേരളത്തില്‍ ഏത് രംഗത്താണ് ഇന്ന് അതിന്റെ പ്രതിഫലനമില്ലാത്തത്?
പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളം. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലും പെണ്ണുങ്ങള് ഏറെയുണ്ട്. പക്ഷെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന മലയാളികളില്‍ 29 ശതമാനം മാത്രമാണ് സ്ത്രീകള്‍. ഈ വേദിയുടെ സ്വഭാവം സ്ത്രീകളെ പിന്തിരിപ്പിക്കുകയാണോ? മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 26-മാര്‍ച്ച് 4, 2017)