Friday, April 24, 2015

കാവിവത്കരിക്കപ്പെടുന്ന സാംസ്കാരിക രംഗം

ബി.ആർ.പി. ഭാസ്കർ

സംഘ പരിവാർ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യവർഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ സാംസ്കാരിക മണ്ഡലത്തിലെ കാവിവത്കരണത്തിനാകും ഒന്നാം സ്ഥാനം നൽകുക.  ഈ രംഗത്ത് നടത്തിയ തരത്തിൽ ഏകാഗ്രതയോടെയുള്ള പ്രവർത്തനം മോദിയും കൂട്ടാളികളും മറ്റൊരു രംഗത്തും നടത്തിയിട്ടില്ല. കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സർക്കാർ മലയാളി എഴുത്തുകാരനായ സേതുവിനോട് നാഷനൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടത്. സർക്കാരിന്റെ കീഴിലുള്ള പ്രസിദ്ധീകരണ സംവിധാനത്തിന്റെ കാവിവത്കരണം അത്രയും കാലം വൈകരുതെന്ന നിർബന്ധബുദ്ധി അതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

സാംസ്കാരിക മേഖലയിൽ സമ്പൂർണ്ണ ഹിന്ദുത്വ ആധിപത്യം സ്ഥാപിക്കുകയെന്നത് ഈ സർക്കാരിന്റെ ലക്ഷ്യമാണെന്ന് വ്യക്തമാക്കുന്ന വേറെ പല നീക്കങ്ങളും ഇതിനകം നടന്നിട്ടുണ്ട്. അതിലൊന്നാണ് സിനിമാ രംഗത്തെ ഇടപെടൽ. വിശ്വാസ്യയോഗ്യരായ സിനിമാപ്രവർത്തകർ ഹിന്ദുത്വ ചേരിയിൽ ഇല്ലാത്തതുകൊണ്ട് സെൻ‌ട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്ന പേരിൽ അറിയപ്പെടുന്ന സെൻസർ ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ അത് പുന:സംഘടിപ്പിച്ചിരുന്നില്ല. ബി.ജെ.പിക്ക് താല്പര്യമുള്ള ഒരു സിനിമക്കു ബോർഡ് പ്രദർശനാനുമതി നിഷേധിച്ചപ്പോൾ പെട്ടെന്ന് ഒരു അപ്പീൽ കമ്മിറ്റി തല്ലിക്കൂട്ടി അനുമതി നൽകി. ബോർഡ്  അദ്ധ്യക്ഷയും പ്രശസ്ത നർത്തകിയുമായ ലീലാ സാംസണും അംഗങ്ങളും ഇതിൽ പ്രതിഷേധിച്ച് രാജി വെച്ചത് പുതിയ ബോർഡ് രൂപീകരിക്കാൻ സർക്കാരിനെ നിർബന്ധിച്ചു. ബോർഡ് അദ്ധ്യക്ഷപദം വഹിക്കാൻ അത് കണ്ടെത്തിയത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി “ഹർ ഹർ മോദി, ഘർ, ഘർ മോദി” എന്നൊരു ചിത്രം നിർമ്മിച്ച പഹ്ലജ് നിഹലാനി എന്ന പ്രൊഡ്യൂസറെയാണ്. അദ്ദേഹത്തിന്റെ ‘സദാചാര‘ സമീപനം സിനിമാ പ്രവർത്തകരെ അസ്വസ്ഥരാക്കി തുടങ്ങിയിട്ടുണ്ട്.

കാവിവത്കരണത്തിന് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്. എസ്) ആണ്. കോൺഗ്രസ് ഭരണകാലത്തു തന്നെ സാംസ്കാരിക സംഘടനയെന്ന നിലയിൽ അത് അംഗീകാരം നേടിയിരുന്നു. ഗാന്ധി വധത്തെ തുടർന്ന് കേന്ദ്രം നിരോധിച്ച സംഘടനായാണത്. സാംസ്കാരിക സംഘടനയാണെന്നും രാഷ്ട്രീയ രംഗത്തു നിന്നും വിട്ടു നിൽക്കുമെന്നും ഉറപ്പു നൽകിയശേഷമാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ നിരോധനം നീക്കിയത്. ജനസംഘത്തിന്റെ കാലത്ത് പിന്നിൽ നിന്ന് ചരടു വലിച്ചതല്ലാതെ ആർ.എസ്.എസ്. രാഷ്ട്രീയത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. എന്നാൽ അടിയന്തിരാരാവസ്ഥക്കാലത്ത് അത് രഹസ്യ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. ഭാരതീയ ജനതാ പാർട്ടിയുടെ രൂപീകരണത്തിനുശേഷവും ആർ.എസ്.എസ്. നേതൃത്വം പിന്നിൽ നിന്നതേയുള്ളു. എന്നാൽ അതിന്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണ് നരേന്ദ്ര മോദിക്ക് ലാൽ കിഷൻ അദ്വാനിയുടെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും എതിർപ്പ് മറികടന്നു ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെയും ബൂത്തുതല പ്രവർത്തനത്തിന്റെയും ചുമതല ആർ.എസ്.എസ്. നേരിട്ട് ഏറ്റെടുത്തു. തെരഞ്ഞെടുപ്പു വിജയത്തിനുശേഷം മോദി നാമനിർദ്ദേശം ചെയ്ത അമിത് ഷാ ബി.ജെ.പിയുടെ അദ്ധ്യക്ഷനായി. അതോടൊപ്പം പാർട്ടിയിൽ പല നിർണ്ണായക സ്ഥാനങ്ങളിലേക്കും ആർ.എസ്.എസ് അതിന്റെ ഭാരവാഹികളെ നിയോഗിച്ചു. ഹരിയാനാ നിയമസഭയിൽ ഭൂരിപക്ഷം നേടിയപ്പോൾ ആജീവനാന്ത സംഘ് പ്രവർത്തകനെയാണ്  മുഖ്യമന്ത്രിയാക്കിയത്. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായപ്പോൾ ബി.ജെ.പിക്ക് ലോക് സഭയിൽ ഭൂരിപക്ഷം നേടുന്നതിന് മറ്റ് കക്ഷികളുടെ സഹായം ആവശ്യമായിരുന്നു. അതുകൊണ്ടു സംഘ് പരിവാർ താല്പര്യപ്രകാരം പർട്ടിയുടെ പ്രകടനപത്രികയിൽ ചേർത്ത പല പരിപാടികളും മരവിപ്പിക്കപ്പെട്ടു. പക്ഷെ അധികാരം ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്തും മറ്റും ഹിന്ദുത്വ ആശയങ്ങൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ ശ്രമം നടന്നു. ലോക് സഭയിൽ സ്വന്ത നിലയിൽ ഭൂരിപക്ഷവും രാജ്യത്തെ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും നേടിയതോടെ ശിവസേന ഉൾപ്പെടെ ഒരു കക്ഷിയെയും പ്രീണിപ്പിക്കേണ്ട ആവശ്യം ബി.ജെ.പിക്കില്ല. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ആർ.എസ്.എസ്.

ഹിന്ദുത്വ ആശയങ്ങൾക്കൊത്ത രീതിയിൽ ഇന്ത്യാ ചരിത്രം പുനരാഖ്യാനം ചെയ്യാൻ വാജ്പേയിയുടെ കാലത്തു തുടങ്ങിയ ശ്രമം മുന്നോട്ടുകൊണ്ടു പോവുകയെന്നത് മോദി സർക്കാർ മുൻ‌ഗണന നൽകുന്ന വിഷയമാണ്. ആ ദൌത്യം നിർവഹിക്കാൻ കെല്പുള്ള വ്യക്തിയല്ല തന്റെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച്  കൃത്യമായ ധാരണ പോലുമില്ലാത്ത മാനുഷികവിഭവ വകുപ്പു മന്ത്രി സ്മൃതി ഇറാനി. ഡൽഹിയിലെ ചാന്ദ്നി ചൌക്കിൽ നിന്ന് 2004ൽ മത്സരിക്കുമ്പോൾ സമർപ്പിച്ച നാമനിർദ്ദേശപത്രികയിൽ ബി.എ. പഠനം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ കൊല്ലം അമേത്തിയിൽ നൽകിയ പത്രികയിൽ ബി.കോം. പാർട്ട് 1 പാസായെന്നാണ് പറയുന്നത്. ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുള്ളതായി അവർ അവകാശപ്പെട്ടു. മറ്റ് പത്ത് എം.പി.മാരുമൊത്ത് യേൽ സംഘടിപ്പിച്ച ഒരു ആറു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തപ്പോൾ കൊടുത്ത സർട്ടിഫിക്കറ്റിനെയാണ് അവർ ഡിഗ്രിയായി ചിത്രീകരിച്ചത്. വിദ്യാഭ്യാസമന്ത്രിയാകാൻ ഉയർന്ന വിദ്യാഭ്യാസം വേണമെന്നില്ല. എന്നാൽ വസ്തുതകൾ ഗ്രഹിക്കാനുള്ള ശേഷി വേണം. തന്റെ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ അതിന്റെ അഭാവം പ്രകടമാണ്. അങ്ങനെയൊരാളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തുമ്പോൾ പിൻസീറ്റ് ഡ്രൈവിങ് പ്രതീക്ഷിക്കാവുന്നതാണ്.

പിൻസീറ്റിൽ ഒരാളല്ല, സംഘ പരിവാർ നിയോഗിച്ചിട്ടുള്ള പലരുണ്ട്. അതിലൊരാൾ ദീനാ നാഥ് ബത്ര ആണ്. ശിക്ഷാ ബച്ചാഒ ആന്ദോളൻ സമിതി എന്ന സംഘടനയുടെ പേരിൽ കേസ് ഫയൽ ചെയ്തു ഭീഷണിപ്പെടുത്തി പെൻ‌ഗ്വിൻ ഇൻഡ്യ എന്ന പ്രസാധകരെ അമേരിക്കൻ പ്രൊഫസർ വെൻഡി ഡോണിഗർ എഴുതിയ “ദ് ഹിൻഡൂസ്: ആൻ ആൾട്ടെർനേറ്റീവ് ഹിസ്റ്ററി” എന്ന പ്രാമാണിക ഗ്രന്ഥത്തിന്റെ എല്ലാ കോപ്പികളും പിൻ‌വലിച്ച് നശിപ്പിക്കാനും പുതിയ എഡിഷനുകൾ ഉപേക്ഷിക്കാനും നിർബന്ധിച്ചയാളാണ് സ്കൂൾ അദ്ധ്യാപകനായിരുന്ന ബത്ര. ശിക്ഷാ സംസ്കൃതി ഉഥാൻ ന്യാസ് എന്നൊരു പോക്കറ്റ് സംഘടനയുമുണ്ട് അദ്ദേഹത്തിന്. അത് മോദി സർക്കാർ അധികാരമേറ്റ സമയത്ത് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനം രാജ്യസ്നേഹം വളർത്തുന്നതിനും ഭാരതീയ പാരമ്പര്യവും സാമൂഹ്യ അവബോധവും ആത്മീയതയും പ്രതിഫലിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ വിദ്യാഭ്യാസം ഉടച്ചുവാർക്കണമെന്നും പാഠപുസ്തകങ്ങൾ മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ശക്തിപ്പെടുത്താൻ അതാവശ്യമാണെന്നാണ് ബത്ര പറയുന്നത്. ഹിന്ദുത്വത്തെ ശക്തിപ്പെടുത്താൻ എന്ന് പറയുന്നതാണ് ശരി. ബത്രയുടെ ഇടപെടലിനെ തുടർന്ന് സ്മൃതി ഇറാനി നാഷനൽ കൌൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് ഡയറക്ടർ പർവീൻ സിങ്ക്ലയറിനുമേൽ കരിക്കുലം ചട്ടക്കൂട്ടിൽ മാറ്റങ്ങൾ വരുത്താൻ സമ്മർദ്ദം ചെലുത്തി. അവർ വഴങ്ങിയില്ല. തുടർന്ന് സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി സർക്കാർ ആരോപിച്ചു. ആരോപണത്തിനു മറുപടി നൽകാൻ അവസരം നൽകാതെ രാജി വെക്കാൻ മന്ത്രി അവരെ നിർബന്ധിച്ചു. കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെ അവർ പടിയിറങ്ങി. പുരാണകഥകൾ ചരിത്രവസ്തുതകളാണെന്നു വാദിക്കുന്ന യെല്ലപ്രഗഡ സുദർശൻ റാവുവിനെ ഇൻഡ്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ അദ്ധ്യക്ഷനായി നിയമിച്ചു കൊണ്ടാണ് സ്മൃതി ഇറാനി ചരിത്രപുനർനിർമ്മിതിക്ക് കളമൊരുക്കിയിരിക്കുന്നത്. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന സ്ഥലങ്ങളിൽ പുരാവസ്തു വകുപ്പ് ഗവേഷണം നടത്തണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തെ പുച്ഛിച്ചു തള്ളേണ്ട കാര്യമില്ല. എന്നാൽ അദ്ദേഹത്തിന്റെ ചരിത്രഗവേഷണ പരിപാടിയുടെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കണം. ജാതിവ്യവസ്ഥയെ കുറിച്ച് ഏതാനും കൊല്ലം മുമ്പ് എഴുതിയ ബ്ലോഗ് സുദർശൻ റാവു അതിനെ സാമൂഹ്യതിന്മയായി കാണുന്നില്ലെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം അതിൽ കണ്ട ഒരേ ഒരു കുഴപ്പം മുസ്ലിം ആക്രമണങ്ങളുടെയും ഭരണത്തിന്റെയും ഹലമായി അത് ദൃഢീകരിക്കപ്പെട്ടു എന്നതാണ്. മുസ്ലിം ആക്രമണങ്ങൾക്ക് ആയിരം കൊല്ലം മുമ്പ് --- ഇസ്മാമിന്റെ ആവിർഭാവത്തിനും മുമ്പ് – രചിക്കപ്പെട്ട ഭാരതീയ കൃതികളിൽ സമത്വം എന്ന ആശയത്തെ പാടെ തിരസ്കരിക്കുന്ന ജാതിവ്യവസ്ഥയെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. ജാ‍ാതിവ്യവസ്ഥയുടെ ചരിത്ര പശ്ചാതലം എന്തുതന്നെയായാലും അത് നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്ന സമത്വം എന്ന ആശയത്തിനു കടകവിരുദ്ധമാണ്. ഈ വസ്തുത ഹിന്ദുത്വവാദികൾ ഇനിയും പരസ്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു. 

റോമിനെപ്പോലെ ഡൽഹിയെ ഒരു പൈതൃക നഗരമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ഇപ്പോൾ യുണൈറ്റഡ് നേഷൻസ് എജുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്കൊ) മുന്നിലുണ്ട്. ഷാജഹാനബാദ് എന്ന പഴയ നഗരവും ലുട്ട്യൻസ് നിർമ്മിച്ച പുതു ദില്ലിയുമാണ് പദ്ധതിയിൽ കേന്ദ്ര ബിന്ദുക്കളായി അടയാളപ്പെടുത്തിയിട്ടുള്ളത്. ഒന്ന് മുസ്ലിം കാലഘട്ടത്തിലും മറ്റേത് ബ്രിട്ടീഷു കാലഘട്ടത്തിലും ഉണ്ടായതായതുകൊണ്ട് പരിവാർ പക്ഷപാതികൾക്ക് ഈ പദ്ധതിയിൽ താല്പര്യമില്ല. പുരാണങ്ങളിലെ ഹസ്തിനപുരവും ഇന്ദ്രപ്രസ്ഥവും ഡൽഹി പ്രദേശത്താണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ ശേഷിപ്പുകളൊന്നും ലഭ്യമല്ല. ചരിത്ര വസ്തുതകളെ സത്യസന്ധതയോടെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യമാണ് പൈതൃക പദ്ധതിയോടുള്ള മോദി സർക്കാരിന്റെ നിഷേധാത്മക സമീപനം വെളിവാക്കുന്നത്.                                                                                                                                                                                           സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സംഗീത് നാടക അക്കാദമി, നാഷനൽ ലൈബ്രറികൾ, ആന്ത്രപോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ സാംസ്കാരിക വകുപ്പിന്റെ കീഴിലാണ്. അവയിൽ ഏതാനും പരിവാർ അനുഭാവികളെ നിയോഗിച്ചു കഴിഞ്ഞു. മുൻസർക്കാർ നിയമിച്ചവരുടെ കാലാവധി തീരുന്നതിനനുസരിച്ച് കൂടുതൽ പേരെ കുത്തിനിറയ്ക്കുമെന്ന് തീർച്ചയാണ്. ഓരോ സർക്കാരും തങ്ങൾക്ക് താല്പര്യമുള്ളവരെ നിയമിക്കുന്നത് സ്വാഭാവികമാണ്. പരിവാറിന്റെ വർഗ്ഗീയ അജണ്ടയാണ്  ഈ സർക്കാരിന്റെ നിയമനങ്ങളെ സംശയാസ്പദമാക്കുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് ബാബ്രി മസ്ജിദ് നിന്ന സ്ഥലത്ത് നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നെന്ന പരിവാർ നിലപാടിന് തെളിവുകൾ കണ്ടെത്താൻ വിവാദപരമായ ഗവേഷണം നടത്തുകയുണ്ടായി. അത്തരത്തിലൂള്ള കൂടുതൽ പരിപാടികൾ ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാവുന്നതാണ്.  
                                                                                                                            വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭഗവദ് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയെ കുറിച്ച് പഠനം നടത്താൻ മുഹമ്മദ് ഗസ്നവി നിയോഗിച്ച അൽ ബറൂണിയാണ് ഗീതയെ കുറിച്ച് ആദ്യം പുറം‌ലോകത്തിനു വിവരം നൽകിയ പണ്ഡിതൻ. ബ്രിട്ടീഷുകാർ ബംഗാളിൽ  കോടതികൾ സ്ഥാപിച്ചപ്പോൾ സത്യപ്രതിജ്ഞ എടുക്കുന്നതിന് ഒരു ‘ഹിന്ദു ബൈബിൾ‘ ആവശ്യമായി വന്നു. അതിനായി ഭരണത്തിൽ സഹായികളായി കൂടിയ വൈദിക ബ്രാഹ്മണർ നിർദ്ദേശിച്ച ഭഗവദ് ഗീത തെരഞ്ഞെടുത്തതോടെ അതിനു പ്രാഥമികത്വം ലഭിച്ചു. പിന്നീട് തിലക്, ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഭാഷ്യം ചമച്ചുകൊണ്ട് അതിന് രാഷ്ട്രീയ പ്രാധാന്യവും നേടിക്കൊടുത്തു. അതിലെ ചാതുർവർണ്യം താൻ സൃഷ്ടിച്ചതാണെന്ന ശ്രീകൃഷ്ണന്റെ പ്രഖ്യാപനം ജാതിവ്യവസ്ഥക്ക് ദൈവീകാനുമതിയുണ്ടെന്നു വരുത്തി തീർക്കാനായി ബ്രാഹ്മണ പക്ഷപാതികൾ എഴുതിച്ചേർത്തതാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കാനാകും. ചാതുർവർണ്യം നിരാകരിക്കുന്ന ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നശേഷം അത് ദൈവം കല്പിച്ചതാണെന്ന വരികൾ നിലനിർത്തിക്കൊണ്ട് അതിനെ എങ്ങനെയാണ് ദേശീയ ഗ്രന്ഥമാക്കുന്നത്?
                                                                                                                            വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഡ്യൻ കൌൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് എന്ന സ്ഥാപനത്തിന്റെ പുതിയ ഡയറക്ടർ ഭാഷാപണ്ഡിതനെന്ന നിലയിലും ചരിത്രകാരനെന്ന നിലയിലും അറിയപ്പെട്ടിരുന്ന ലോകേശ് ചന്ദ്ര ആണ്. അദ്ദേഹം 87ആം വയസിൽ പുതിയ സ്ഥാനത്തിന് അർഹത നേടിയത് അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളുടെ അടിസ്ഥാനത്തിലല്ല, നരേന്ദ്ര മോദി ഗാന്ധിയേക്കാൾ വലിയ നേതാവും ദൈവത്തിന്റെ അവതാരവുമാണെന്ന കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. ആ സ്ഥാപനം ഇപ്പോൾ വിവേകാനന്ദന്റെയൊ ജനസംഘം നേതാവായിരുന്ന ദീനദയാൽ ഉപാധ്യായയുടെയൊ പേരിൽ ചെയറുകൾ സ്ഥാപിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പരിവാർ അവയെ ഹിന്ദുത്വ സെല്ലുകളായാണ് വിഭാവന ചെയ്യുന്നത്.
                                                                                                                                പതിനാറ് ഐ.ഐ.ടികളുൾപ്പെടെ 18 പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഉന്നത ഭാരത അഭ്യാൻ എന്ന പേർ നൽകിയിട്ടുള്ള ഒരു സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരാൻ മോദി സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ പരിവാർ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് അതിന്റെ ലക്ഷ്യം. മുൻ സർക്കാർ നിയമിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാൻ വേദ് പ്രകാശിനെ പോലെ ചിലർ സംഘ് പരിവാറിനോട് കൂറു പ്രഖ്യാപിച്ചുകൊണ്ട് സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ്. വിജിലൻസ് അന്വേഷണം നേരിടുന്ന വേദ് പ്രകാശ് ആർ.എസ്.എസ്. മേധാവി മോഹൻ ഭഗത് വിളിച്ചു ചേർത്ത വിദ്യാഭ്യാസ വിചക്ഷണരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
                                                                                                                                 മുൻ‌കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സംഘ് പരിവാർ വിദ്യാഭ്യാസ- സാംസ്കാരിക സംവിധാനങ്ങളുടെ മേൽ പിടിമുറുക്കുന്നത്. ഒന്നൊന്നായി അവ കീഴടങ്ങുകയുമാണ്. ഇൻഡ്യൻ കൌൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് മാത്രമാണ് പരിവാർ സ്വാധീനം ചെറുക്കാൻ ശ്രമിക്കുന്നത്. ഈയിടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഗവണ്മെന്റിന് അംഗങ്ങളെ നേരിട്ട് നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം അത് എടുത്തു കളയുകയുണ്ടായി. പക്ഷെ സാമ്പത്തിക നിലനില്പിന് സർക്കാരിനെ ആശ്രയിക്കേണ്ട ഒരു സംഘടനക്ക് ഏറെക്കാലം പിടിച്ചു നിൽക്കാനാകില്ല. ദ്രുതഗതിയിലുള്ള കാവിവത്കരണം ചോദ്യം ചെയ്യാനും ചെറുക്കാനും മതേതരശക്തികൾക്ക് കഴിയുന്നില്ലെന്നത് ഭാവിയെ കുറിച്ച് ആശങ്കക്ക് വക നൽകുന്നു. (കൈരളിയുടെ കാക്ക, ഏപ്രിൽ-ജൂൺ 2015).

Wednesday, April 22, 2015

കൃഷിഭൂമിയും കർഷകരും സംരക്ഷിക്കപ്പെടണം

ബി.ആർ.പി. ഭാസ്കർ                                                                                                ജനയുഗം  
നമ്മുടെ രാജ്യത്ത്‌ കർഷക ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുകയാണ്‌. സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകളനുസരിച്ച്‌ കൃഷിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കഴിഞ്ഞ കൊല്ലം 1,109 പേർ ജീവനൊടുക്കുകയുണ്ടായി. ഇത്‌ മുൻവർഷത്തേക്കാൾ 26 ശതമാനം കൂടുതലാണ്‌. മഹാരാഷ്ട്രയിൽ മാത്രം 986 പേർ ആത്മഹത്യ ചെയ്തു. കൃഷിനാശം, കടബാധ്യത, വരൾച്ച, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ്‌ ആത്മഹത്യക്കുള്ള കാരണങ്ങളിൽ പ്രധാനമെന്ന്‌ കൃഷി സഹമന്ത്രി മോഹൻഭായ്‌ കുണ്ടേരിയ പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കൃഷി ആദായകരമല്ലാതായിട്ടുണ്ട്‌. കർഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകം ഇതാണ്‌. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച്‌ ഉചിതമായ പരിഹാരം കാണുന്നതിനു പകരം വ്യവസായികളുടെ താൽപര്യങ്ങൾ മുൻനിർത്തി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്‌ സർക്കാർ ചെയ്യുന്നത്‌. ബ്രിട്ടീഷുകാർ 1894ൽ നടപ്പിലാക്കിയ ഭൂനിയമം ആഗോളീകൃത കാലത്ത്‌ പുതിയ വ്യവസായങ്ങൾക്ക്‌ ഭൂമി കണ്ടെത്തുന്നതിന്‌ തടസമാണെന്ന വാദം അംഗീകരിച്ചുകൊണ്ട്‌ മൻമോഹൻ സിങ്ങിന്റെ സർക്കാർ 2013ൽ അത്‌ ഭേദഗതി ചെയ്യുകയുണ്ടായി. അതേസമയം ബഹുജനതാൽപര്യങ്ങൾ സംരക്ഷിക്കാനായി അത്‌ പുതിയ നിയമത്തിൽ ചില വ്യവസ്ഥകൾ എഴുതിച്ചേർത്തു. ഉദാഹരണത്തിന്‌ ഒരു പ്രദേശത്തെ ഭൂവുടമകളിൽ 80 ശതമാനത്തിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമെ ഭൂമി ഏറ്റെടുക്കാനാകൂ എന്ന്‌ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ടു. വ്യവസായത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ്‌ സാമൂഹിക പ്രത്യാഘാതം വിലയിരുത്തുകയും വേണം.
ഈ വ്യവസ്ഥകൾ വ്യവസായികൾക്ക്‌ സ്വീകാര്യമായിരുന്നില്ല. അധികാരമേറ്റ്‌ ഏറെ താമസിയാതെ നരേന്ദ്ര മോഡി അവർക്ക്‌ അനുകൂലമായ രീതിയിൽ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. സർക്കാരോ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ അഞ്ചു മേഖലകളിൽ തുടങ്ങുന്ന വ്യവസായങ്ങൾക്ക്‌ 80 ശതമാനം ഉടമകളുടെ സമ്മതം കൂടതെ തന്നെ ഭൂമി ഏറ്റെടുക്കാമെന്ന്‌ ഭേദഗതി നിയമത്തിൽ അത്‌ വ്യവസ്ഥ ചെയ്തു. ദേശീയ സുരക്ഷ, പ്രതിരോധം, വൈദ്യുതിവൽക്കരണം, വ്യാവസായിക ഇടനാഴികൾ എന്നിവയുൾപ്പെടെയുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യം, നിർദ്ധനർക്കായുള്ള ഭവന പദ്ധതികൾ തുടങ്ങിയ ചില ആവശ്യങ്ങൾക്ക്‌ സാമൂഹികാഘാത പഠനം കൂടാതെ ഭൂമി ഏറ്റെടുക്കാമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.
ബിജെപിക്ക്‌ ഭൂരിപക്ഷമുള്ള ലോക്‌ സഭയിൽ സർക്കാർ ഭേദഗതി ബിൽ അവതരിപ്പിച്ചു പാസാക്കി. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട്‌ ബില്ലുമായി മുന്നോട്ടു പോകാനായില്ല. പകരം പാർലമെന്റു സമ്മേളനം കഴിഞ്ഞപ്പോൾ ഓർഡിനൻസിന്റെ രൂപത്തിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഭരണഘടന അനുസരിച്ച്‌ പാർലമെന്റ്‌ വീണ്ടും കൂടുമ്പോൾ ആറാഴ്ചക്കുള്ളിൽ ബില്ലായി അവതരിപ്പിച്ച്‌ പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ്‌ ലാപ്സാകും. മോഡി ഈ സാഹചര്യം മറികടക്കാനുള്ള മാർഗങ്ങൾ ആരായുകയാണ്‌. ഓരോ പാർലമെന്റ്‌ സമ്മേളനത്തിനുശേഷവും ലാപ്സായ ഓർഡിനൻസ്‌ മുൻകാല പ്രാബല്യത്തോടെ വീണ്ടും ഇറക്കുവാനാണ്‌ ആലോചന. ഇങ്ങനെ തുടർച്ചയായി ഓർഡിനൻസ്‌ പുതുക്കുന്നതിനെ വിലക്കുന്ന ഒരു വകുപ്പും ഭരണഘടനയിലില്ലെന്ന്‌ നിയമജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ. പ്രത്യക്ഷത്തിൽ വിലക്കില്ലെങ്കിൽ കൂടി അത്‌ പാർലമെന്ററി വ്യവസ്ഥക്ക്‌ നിരക്കാത്തതാണ്‌. അതുകൊണ്ടുതന്നെ അത്‌ ഭരണഘടനാവിരുദ്ധവുമാണ്‌. പാർലമെന്റും നിയമസഭയും സമ്മേളിക്കാത്തപ്പോൾ അടിയന്തരമായി നിയമം പാസാക്കാനുള്ള മാർഗമെന്ന നിലയിലാണ്‌ ഭരണഘടന പ്രസിഡന്റിനും ഗവർണർക്കും മന്ത്രിസഭയുടെ ശുപാർശപ്രകാരം ഓർഡിനൻസ്‌ പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ളത്‌. പാർലമെന്റിലൂടെയും നിയമസഭയിലൂടെയും പാസാക്കിയെടുക്കാൻ കഴിയാത്ത നിയമം ഓർഡിനൻസിന്റെ രൂപത്തിൽ നിലനിർത്തുന്നത്‌ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌.
വൻകിട വ്യവസായങ്ങൾക്ക്‌ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ യു.പി.എ. സർക്കാരിന്റെ കാലത്തുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. ദക്ഷിണ കൊറിയയിലെ പോസ്കോ കമ്പനിക്ക്‌ ലോകത്തെ ഏറ്റവും വലിയ ഉരുക്കു വ്യവസായശാല സ്ഥാപിക്കാനായി ഒഡിഷയിലെ ആദിവാസികളെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്ന്‌ ആട്ടിയോടിക്കുന്നതിനെതിരെ കമ്മ്യൂണിസ്റ്റ്‌ നേതാവായ അഭയ്‌ സാഹുവിന്റെ നേതൃത്വത്തിൽ പത്തു കൊല്ലമായി നടക്കുന്ന ഐതിഹാസികമായ സമരം പൊളിക്കാൻ അതിഹീനമായ നടപടികളാണ്‌ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്‌. മൂന്നു കൊല്ലം മുമ്പ്‌ സാഹുവിനെ പൊലീസ്‌ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ്‌ ചെയ്യുകയുണ്ടായി. മദ്ധ്യപ്രദേശിലെ മഹൻ പ്രദേശത്ത്‌ ഒരു ബ്രിട്ടീഷ്‌ കമ്പനി നടത്തുന്ന ഖാനനം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച്‌ ബ്രിട്ടീഷ്‌ പാർലമെന്റംഗങ്ങൾക്ക്‌ വിവരം നൽകാൻ ഗ്രീൻപീസ്‌ പ്രവർത്തക പ്രിയ പിള്ള ലണ്ടനിലേക്ക്‌ പോകുന്നത്‌ മോഡ സർക്കാർ തടഞ്ഞിരുന്നു. ആ നടപടി നിയമവിരുദ്ധമായിരുന്നെന്ന്‌ ഹൈക്കോടതി വിധിച്ചു. കോടതി വിധി മാനിക്കുന്നതിനു പകരം ഗ്രീൻപീസിന്റെ പ്രവർത്തനം മൊത്തത്തിൽ തടയാനായി സർക്കാർ അതിന്റെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. വിദേശത്തുനിന്ന്‌ ലഭിക്കുന്ന പണം ദുരുപയോഗം ചെയ്യുന്നെന്നു പറഞ്ഞായിരുന്നു നടപടി. എന്നാൽ സംഘടന രാജ്യത്തിനകത്തു സമാഹരിച്ച പണം മാത്രം അടങ്ങുന്ന അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടു വൻകിട മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകാൻ ഭരണകൂടങ്ങൾ തയ്യാറാണെന്ന്‌ ഈ സംഭവങ്ങൾ തെളിയിക്കുന്നു.
കർഷകർക്കെതിരായ സർക്കാരിന്റെ നടപടികൾ കൃഷി കോർപ്പറേറ്റ്‌ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്‌. പരമ്പരാഗത കാർഷികവൃത്തി അസാദ്ധ്യമാക്കുകയും കർഷകരുടെ ഭൂമി അന്യാധീനപ്പെടുത്തുകയും ചെയ്തുകൊണ്ട്‌ വിദേശ കമ്പനികൾക്ക്‌ കാർഷികരംഗം കയ്യടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്‌ സർക്കാർ ചെയ്യുന്നത്‌.
സമ്പദ്‌ വ്യവസ്ഥയിൽ കൃഷിയുടെ പങ്ക്‌ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട്‌ ഇപ്പോഴും കൃഷിയെ ആശ്രയിക്കുന്നവരാണ്‌.
ആ നിലയ്ക്ക്‌ കൃഷിഭൂമി സംരക്ഷിക്കാൻ കർഷകർ നടത്തുന്ന സമരങ്ങളെ പിന്തുണക്കാനുള്ള കടമ എല്ലാ ജനാധിപത്യവിശ്വാസികൾക്കുമുണ്ട്‌. അതിനായി കൈകോർക്കാൻ അവർക്ക്‌ കഴിയുന്നില്ലെങ്കിൽ രാജ്യത്തിന്റെയും അവരുടെ തന്നെയും ഭാവി അപകടത്തിലാകുമെന്ന്‌ അവർ തിരിച്ചറിയണം. --ജനയുഗം, ഏപ്രിൽ 22, 2015

Sunday, April 12, 2015

കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം സൃഷ്ടിച്ച തലമുറ



ബി.ആർ.പി. ഭാസ്കർ

മൂന്നു കോളേജുകളിലായാണ് ഞാൻ നാലു കൊല്ലത്തെ ബിരുദ പഠനം പൂർത്തിയാക്കിയത്. രണ്ടു കൊല്ലത്തെ ഇന്റർമീഡിയേറ്റ് പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ. ബി.എസ് സി ഒന്നാം വർഷം കൊല്ലം ശ്രീ നാരായണ കോളേജിൽ, അവസാന വർഷം തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിൽ. മൂന്നു സ്ഥാപനങ്ങളും ധാരാളം പുതിയ അറിവും കാഴ്ചപ്പാടുകളും നേടാൻ ഏറെ സഹായിച്ചു. വിദ്യാഭ്യാസകാലത്തു നാം അറിവ് നേടുന്നത് ക്ലാസു മുറികൾക്കുള്ളിൽ നിന്നു മാത്രമല്ല.

തിരുവിതാംകൂറിൽ ഞാൻ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ആറു കോളേജുകളെ ഉണ്ടായിരുന്നുള്ളു: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി, വിമൻസ്, ആലുവായിലെ യൂണിയൻ ക്രിസ്റ്റ്യൻ, ചങ്ങനാശ്ശേരിയിലെ സെന്റ് ബർക്മൻസ്, കോട്ടയത്തെ സി.എം.എസ്, നാഗർകോവിലിലെ സ്കോട്ട് ക്രിസ്റ്റ്യൻ. ഡിഗ്രി പഠനകാലമായപ്പൊഴേക്കും  എസ്.എന്നും എം.ജിയും സ്ഥാപിതമായി. രണ്ടിടത്തും ഞാൻ ഗണിതശാസ്ത്ര ബിരുദ വിഭാഗത്തിലെ ആദ്യ ബാച്ചുകളുടെ ഭാഗമായി. ഞാൻ ഇഞ്ചിനീയറിങ്ങിന് പോകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്. എന്നാൽ അച്ഛൻ നടത്തിയിരുന്ന ദിനപത്രത്തിലെ പത്രപ്രവർത്തകരുമായി ഇടപഴകിയതിന്റെ ഫലമായി പത്രപ്രവർത്തനത്തിലേക്ക് തിരിയാൻ ഞാൻ തീരുമാനിച്ചു. ഗണിതശാസ്ത്രത്തിലെ ബിരുദപഠനം ഒരു ഒത്തുതീർപ്പായിരുന്നു. ഗണിതം വിടാതിരുന്നാൽ വേണ്ടിവന്നാൽ പിന്നീടും ഇഞ്ചിനീയറിങ്ങിനെ കുറിച്ച് ചിന്തിക്കാനാകുമെന്ന് അച്ഛനും ഞാനും കണക്കുകൂട്ടി.

എസ്. എൻ. കോളേജ് വളരെ വേഗം ഒരു രാഷ്ട്രീയ പഠനശാലയായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒന്നൊഴികെ എല്ലാ സ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒ. മാധവൻ ആയിരുന്നു ചെയർമാൻ. കോന്നിയൂർ പ്രഭാകരൻ നായർ സെക്രട്ടറി. പുതുശ്ശേരി രാമചന്ദ്രൻ ഇന്റർമീഡിയേറ്റ് വിഭാഗത്തിന്റെ പ്രതിനിധി. ഒ. എൻ.വി.കുറുപ്പായിരുന്നു ഒ. മാധവൻ തോല്പിച്ച സ്റ്റുഡന്റ്സ് കോൺഗ്രസ് സ്ഥാനാർത്ഥി. അദ്ദേഹം പിന്നീട് എസ. എഫിലേക്ക് വരികയും ഉറച്ച ഇടതുപക്ഷക്കാരനാവുകയും ചെയ്തു. ബി.എ.-ബി.എസ് സി. ക്ലാസ് പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച ഞാനായിരുന്നു തോറ്റ ഏക എസ്.എഫ് സ്ഥാനാർത്ഥി. ബി.എ. ക്ലാസിലെ അബ്ദുൾ അഹദ് ആണ് എന്നെ തോല്പിച്ചത്. ബി.എ. ക്ലാസിൽ അമ്പതോളം വിദ്യാർത്ഥികളുണ്ടായിരുന്നു. അവരിൽ ഭൂരിപക്ഷവും അഹദിനെ പിന്തുണച്ചു. ബി.എസ് സി ക്ലാസിൽ പതിനഞ്ചു പേരേ ഉണ്ടായിരുന്നുള്ളു. അഹദ് കായിക താരമെന്ന നിലയിൽ പിന്നീട് കോളേജിന് പ്രശസ്തി നേടിത്തരികയും ഞങ്ങളുടെ അഭിമാനഭാജനമാവുകയും ചെയ്തു.

വിദ്യാർത്ഥി കോൺഗ്രസിന്റെ നേതാക്കൾ അവർക്ക് കൂടുതൽ അംഗബലമുള്ള ഇക്കണോമിക്സ് വിഭാഗത്തിന്റെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “കമ്മ്യൂണിസം ഇന്ത്യക്ക് യോജിച്ചതല്ല” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച എസ്.എഫ് ഒരു വെല്ലുവിളിയായി കണ്ടു. ഞങ്ങൾ പ്രമേയത്തെ കൂകി തോൽ‌പ്പിക്കാൻ തയ്യാറായി ഹാളിൽ സ്ഥലം പിടിച്ചു. സംഘർഷഭരിതമായ അന്തരീഷത്തിൽ ഇക്കണോമിക്സ് വിഭാഗം തലവൻ ഡോ. പി.സി. അലക്സാണ്ടർ ആമുഖപ്രഭാഷണം ആരംഭിച്ചു. ഗഹനമായ വിഷയങ്ങൾ ഗൌരവപൂർവ്വം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടുള്ള പ്രഭാഷണം ഏതാണ്ട് ഇങ്ങനെയാണ് അവസാനിച്ചത്: “പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ഈ ഹാളിന്റെ നാലു ചുവരുകൾക്കുള്ളിൽ അന്താദ്ദേശീയ കമ്മ്യൂണിസത്തിന്റെ ഭാവി തീരുമാനിക്കപ്പെടാൻ പോകുന്നില്ലെന്ന്  ദയവായി മനസിലാക്കുക.” ചർച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളുടെ മനസുകളിലുണ്ടായിരുന്ന (‘ബാലിശമായ‘ എന്ന പദം ബോധപൂർവ്വം ഒഴിവാക്കുന്നു) ധാരണ അതോടെ ഇല്ലാതായി. വിഷയാവതാരകന് തടസം കൂടാതെ തനിക്ക് പറയാനുള്ളത് പറയാനായി. പ്രമേയം വോട്ടിനിട്ടപ്പോൾ തള്ളപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

പിന്നിട് ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ പ്രധാനമന്ത്രിയുടെ സെക്രട്ടറി പദവിവരെ ഉയരുകയും അനന്തരം ഗവർണറായും രാജ്യസഭാംഗമായും പ്രവർത്തിക്കുകയും ചെയ്തു.

കോളേജ് അധികൃതകർ യൂണിയൻ ചെയർമാനും സെക്രട്ടറിയും ഉൾപ്പെടെ ഏതാനും എസ്.എഫ് നേതാക്കളെ പുറത്താക്കിയത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കി. പുറത്താക്കൽ തിരുമാനം അറിയിച്ചുകൊണ്ടു പ്രിൻസിപ്പൽ നോട്ടിസ് ബോർഡിലിട്ട അറിയിപ്പിൽ അതിനെ തുടർന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.  അങ്ങനെ നടപടി എടുക്കാനുദ്ദേശിക്കുന്നവരുടെ പട്ടികയിലെ ആദ്യ പേര് എന്റേതായിരുന്നു. 

അന്വേഷണം നടത്താതെയും കാരണം കാണിക്കൽ നോട്ടിസു പോലും നൽകാതെയും നേതാക്കൾക്കെതിരെ എടുത്ത നടപടി എസ്.എഫിനെ അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു. അറിയിപ്പ് വന്നയുടൻ എസ്. എഫ് സമരം പ്രഖ്യാപിച്ചു. ഓരോ ദിവസവും രണ്ടു പേർ വീതം -- പുറത്താക്കപ്പെട്ട ഒരാളും മറ്റൊരാളും – കോളേജ് പടിക്കൽ സത്യഗ്രഹം നടത്തി അറസ്റ്റ് വരിച്ചു. ഒരു ദിവസം ഞങ്ങൾ പ്രിൻസിപ്പലിന്റെ മുറിക്ക് പുറത്തു തടിച്ചുകൂടി മുദ്രാവാക്യങ്ങളുയർത്തി. പ്രിൻസിപ്പൽ പൊലീസിനെ അകത്തേക്കു വിളിച്ചു. രോഷാകുലരായ ചില വിദ്യാർത്ഥികൾ ചെടികൾ വലിച്ചു പിഴുതു. പൊലീസുകാർ ലാത്തിയും വീശി ഓടിനടന്ന് കയ്യിൽ കിട്ടിയവരെ തൂക്കിയെടുത്തു ഇടിവണ്ടിയിലിട്ടു. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. വണ്ടിയിൽ തുടങ്ങിയ മർദ്ദനം പൊലീസ് സ്റ്റേഷനിലും തുടർന്നു. രണ്ടിടത്തും ഓരോ അടി മേലിൽ വീണശേഷം എന്നെ (അച്ഛനെ എന്നു പറയുന്നതാകും കൂടുതൽ ശരി) അറിയുന്ന ഒരു പൊലിസുകാരൻ ഓടിവന്നു തടഞ്ഞതുമൂലം വലിയ ക്ഷതമുണ്ടായില്ല. സന്ധ്യക്ക് എന്നെ ജാമ്യത്തിലിറക്കാൻ ചിറ്റപ്പനെത്തി. ഒപ്പം പൊലീസ് പിടിച്ചവർ ലോക്കപ്പിൽ കിടക്കുമ്പോൾ ഞാൻ ജാമ്യത്തിലിറങ്ങുന്നത് ശരിയാണോ എന്ന ചോദ്യം എന്റെ മനസിൽ ഉയർന്നു. ഞാൻ അന്ന് ലോക്കപ്പിലുണ്ടായിരുന്ന എൻ. ഗോപിനാഥൻ നായർ (ജനയുഗം ഗോപി)  എന്ന യുവ കമ്മ്യൂണിസ്റ്റിന്റെ ഉപദേശം തേടി. എസ്.എഫ് അറസ്റ്റ് വരിക്കാൻ നിയോഗിച്ചിട്ടില്ലായിരുന്നതുകൊണ്ട് എനിക്ക് ജാമ്യത്തിലിറങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ലോക്കപ്പിലെ രാത്രി താമസം ഒഴിവായി.

ഒരു എസ്.എഫ്. നേതാവിനെതിരായ സ്ത്രീപീഡനാരോപണം അന്വേഷിക്കാ‍ൻ സംഘടന നിയോഗിച്ച സമിതിയിൽ ഞാനും അംഗമായിരുന്നു. അന്വേഷണം പൂർത്തിയായപ്പോഴാണ് സമരം തുടങ്ങിയത്. അതോടെ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടെന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചു.

ഞാൻ കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്കു പാത്രമായത് എസ്.എഫ് പ്രവർത്തനത്തേക്കാൾ ഗണിതശാസ്ത്രം പ്രൊഫസർ ബാലകൃഷ്ണ ശർമ്മയുമായുള്ള അടുപ്പം മൂലമാകണം. അദ്ദേഹമായിരുന്നു വകുപ്പിലെ പരിചയ സമ്പന്നനായ ഏക അദ്ധ്യാപകൻ. ആന്ധ്രാ സ്വദേശിയായ അദ്ദേഹം രാജ്യം വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രിവിശ്യയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഒരു കോളേജിൽ പ്രൊഫസറായിരുന്നു. സിന്ധിൽ വർഗ്ഗീയ ലഹള വ്യാപിച്ചപ്പോൾ അദ്ദേഹവും കുടുംബവും അഭയാർത്ഥികളായി കറാച്ചിയിൽ നിന്ന് കപ്പൽ മാർഗ്ഗം ഗുജറാത്തിലെ സൂറത്തിലെത്തി. അഭയാർത്ഥി ക്യാമ്പിൽ കഴിയുമ്പോൾ പ്രൊഫസർമാരെ ആവശ്യമുണ്ടെന്ന എസ്.എൻ. കോളേജിന്റെ പരസ്യം അദ്ദേഹം കണ്ടു. കുടുംബാംഗങ്ങളെ ക്യാമ്പിൽ നിർത്തിയിട്ട് അദ്ദേഹം കൊല്ലത്തെത്തി ജോലിയിൽ പ്രവേശിച്ചു. കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിലായിരുന്നു താമസം. 

ഹൈദരാബാദിലായിരുന്ന കാലത്ത് പി.ടി.ഐയുടെ മുൻ‌ഗാമിയായ അസോഷ്യേറ്റഡ് പ്രസ് ഓഫ് ഇൻഡ്യ എന്ന വാർത്താ ഏജൻസിയുടെ പാർട്ട്ടൈം പ്രതിനിധിയുമായിരുന്നു അദ്ദേഹം.  “ഗണിതശാസ്ത്രവും പത്രപ്രവർത്തനവും ഒത്തുപോകുമോ?” ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “ഗണിതശാസ്ത്രം കൃത്യത ആവശ്യപ്പെടുന്നു. പത്രപ്രവർത്തനവും കൃത്യത ആവശ്യപ്പെടുന്നു. അതുകൊണ്ട് ഗണിതശാസ്ത്ര പരിജ്ഞാനം പത്രപ്രവർത്തകന് ഗുണകരമാകും,“ എന്ന് അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ പത്രപ്രവർത്തനമോഹം ശക്തപ്പെടുത്തി.

ഒന്നാം ടേമിന്റെ അവസാന ദിവസം പ്രൊഫസർ ബാലകൃഷ്ണ ശർമ്മ ക്ലാസിൽ വന്ന് ഞങ്ങളോട് വിട പറഞ്ഞു. ഇവിടെ വന്നു ജോലി ഏറ്റെടുത്ത ശേഷം മറ്റ് പ്രൊഫസർമാർക്ക്  നൽകുന്ന ശമ്പളം തനിക്ക് നൽകുന്നില്ലെന്ന് മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് അഭയാർത്ഥിയായ തൻറെ നിസ്സഹായാവസ്ഥ മുതലെടുക്കുകയായിരുന്നു. മറ്റ് പ്രൊഫസർമാർക്ക് നൽകുന്ന ശമ്പളം തനിക്കും നൽകണമെന്ന ആവശ്യം മാനേജ്മെന്റ് നിരസിച്ചതുകൊണ്ട് രാജിവെച്ചു സൂറത്തിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു ഉപഹാരം വാങ്ങാനും ചെറിയ തോതിൽ ചായ സൽക്കാരം നടത്താനുമാവശ്യമായ പണം ഞങ്ങളുടെ കൈകളിലുണ്ടായിരുന്നില്ല. കമ്മി നികത്താൻ ഞാൻ പരിചയമുള്ള ഒരു ഇഞ്ചിനീയറെ ചെന്നു കണ്ട് 50 രൂപ കടം വാങ്ങി. പിണങ്ങിപ്പോയ പ്രൊഫസറോടുള്ള ഞങ്ങളുടെ സ്നേഹാദര പ്രകടനം മനേജ്മെന്റിന് ഇഷ്ടെപ്പ്ട്ടില്ല.      

കോളേജിൽ രണ്ടു ദിവസത്തെ വാർഷികദിന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ യൂണിയൻ അതു സംബന്ധിച്ച ചില ചുമതലകൾ ഞാൻ കൺ‌വീനറായുള്ള സമിതിയെ ഏല്പിച്ചു. മാനേജ്മെന്റ് സാമ്പത്തിക സഹായം നിഷേധിച്ചതുകൊണ്ട് പുറത്തുള്ളവർക്ക് ടിക്കറ്റ് വെച്ച് പ്രവേശനം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. നഗരത്തിലെ പ്രമാണിമാരുടെ വീടുകൾ കയറിയിറങ്ങി കുറെ ടിക്കറ്റ് വിറ്റ് ആവശ്യമായ പണം സമാഹരിച്ചു. ഒരു നാടകത്തിനായുള്ള തെരയലിനിടയിൽ ഒരു സഹപാഠി പുതിയ കൃതിയുമായി നടക്കുന്ന കെ.പി. കൊട്ടാരക്കരയെ പരിചയപ്പെടുത്തി. നാടകത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന വിപ്ലവാംശം കണ്ടതുകൊണ്ട്  അത് അവതരിപ്പിക്കാൻ തീരുമാനിച്ചു. നാടകകൃത്തിന്റെ നേതൃത്വത്തിൽ റിഹേഴ്സൽ തുടങ്ങി. വാർഷിക ദിനത്തിനു രണ്ടു ദിവസം മുമ്പ് വ്യക്തിപരമായ കാരണങ്ങളാൽ നായകൻ പിൻ‌വാങ്ങി. ചുരുങ്ങിയ സമയത്തിൽ മറ്റൊരാളെ ഡയലോഗ് മുഴുവനും പഠിപ്പിച്ചെടുക്കാൻ പ്രയാസമാകുമെന്നും അതുകൊണ്ട് പ്രധാന കഥാപാത്രത്തെ താൻ തന്നെ അവതരിപ്പിക്കാമെന്നുമുള്ള കൊട്ടാരക്കരയുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു. ആഘോഷപരിപാടികൾ തുടങ്ങുന്ന ദിവസം രാവിലെ ഒരു വിദ്യാർത്ഥി കോൺഗ്രസുകാരൻ എന്നെ സമീപിച്ച് യൂണിയൻ സമിതിയിൽ അംഗമല്ലാത്ത എന്നെ പരിപാടികളുടെ ചുമതല ഏല്പിച്ചതും ടിക്കറ്റ് അച്ചടിച്ചു വിറ്റതും മുതൽ വിദ്യാർത്ഥിയല്ലാത്തയാളെ നാടകത്തിൽ ഹീറൊ ആക്കിയതു വരെ ഞങ്ങൾ ചെയ്തതെല്ലാം തെറ്റാണെന്നും അതിനാൽ പരിപാടി തടയുമെന്നും പറഞ്ഞു. ആളെ നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ട് അത് അയാളുടെ മാത്രം തീരുമാനമാണെന്നും സംഘടന എടുത്തതല്ലെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. പരസ്യപ്പെടുത്തിയ പരിപാടികൾ നടത്തുമെന്നും അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ നേരിടാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്നും ഞാൻ മറുപടി നൽകി. പരിപാടികൾ ഒരു തടസവും കൂടാതെ നടന്നു.

കെ.പി.കൊട്ടാരക്കര പിൽക്കാലത്ത് സിനിമാലോകത്ത് സ്ഥാനം നേടി. ഭാവി നാടകാചാര്യനായ ഒ. മാധവൻ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് നായകനാകാൻ പുറത്തുനിന്ന് ഒരാളെ കണ്ടെത്തിയതെന്ന് ആലോചിക്കുമ്പോൾ ഇപ്പോൾ അത്ഭുതം തോന്നുന്നു!

ഒരു കൂട്ടം വിദ്യാർത്ഥിനികൾ ആദ്യദിവസം അവതരിപ്പിച്ച സംഘഗാനം ചില വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. അവർ മറുപടി കൊടുക്കാൻ അവസരം ആവശ്യപ്പെട്ടു. ഗാനം ഒരു സ്ത്രീപക്ഷ രചനയായിരുന്നെങ്കിലും നിനച്ചിരിക്കാത്ത നേരത്ത് അതിഥികൾ വന്നാൽ പെട്ടെന്ന് ആഹാരമുണ്ടാക്കാൻ മാനിനിമാർ വേണം തുടങ്ങി ലാഘവത്തോടെ കാണേണ്ടവയായിരുന്നു അതിലെ പല പരാമർശങ്ങളും. അതുപോലെ ലാഘവത്തോടെയുള്ള സമീപനമാണെങ്കിൽ മറുപടി ആകാമെന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസം പുരുഷ സംഘഗാനം അവതരിപ്പിക്കപ്പെട്ടു. തുടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു: മാനിനിമാരുടെ ആദിമമാതാ ഹവ്വാ തൻ ജന്മം മാന്യൻ ആദാം നൽകിയൊരെല്ലാണെന്ന് ധരിക്കേണം, ആണെന്ന് ധരിക്കേണം!

ഞങ്ങളുടെ ക്യാമ്പസ് കവികളുടെ കേളീരംഗമായിരുന്നു. ഒ.എൻ.വിയും പുതുശ്ശേരിയും തിരുനെല്ലൂർ കരുണാകരനും കോളേജിലെത്തുന്നതിനു മുമ്പെ കവികളെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. കിഷൻ ചന്ദർ, ക്വാജാ അഹമ്മദ് അബ്ബാസ് എന്നീ പുരോഗമന സാഹിത്യകാരന്മാർ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കോളേജിൽ വരികയുണ്ടായി. കിഷൻ ചന്ദറിനെ സ്വാഗതം ചെയ്യാൻ രചിക്കപ്പെട്ട കവിത അദ്ദേഹത്തെ അഭിസംബോധന ചെയ്തത്  “പടവാളും തൂലികയുമായി പൊരുതുന്ന കലാകാരാ!” എന്നാണ്. ഒരു അജ്ഞാത കവിക്കൂട്ടം രചിച്ചതും കോളേജ് സുന്ദരിമാരെ കുറിച്ച് സൂചനകളുള്ളതുമായ ഒരു കവിത വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നതോർക്കുന്നു. നടക്കുമ്പോൾ പിന്നിൽ നിന്നു നോക്കിയാൽ ഹിമാലയം മുഴുവനും കറങ്ങി തിരിയുന്നതായി തോന്നും എന്നായിരുന്നു അതിൽ ഒരാളെക്കുറിച്ചുള്ള പരാമർശം.

കൽക്കത്താ തീസീസിന്റെ സ്വാധീനം പ്രകടമായിരുന്ന കാലമായിരുന്നു അത്. പുതുശ്ശേരി രാമചന്ദ്രൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സന്തം നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നെന്നാണറിവ്. വെളിയം ഭാർഗ്ഗവൻ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയ ഭാവി നേതാക്കളും അന്ന് അവിടെയുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം രൂപപ്പെടുത്തിയത് ഇവരൊക്കെയടങ്ങുന്ന തലമുറയാണ്. അതിനായി ഞങ്ങൾ ആരെയും കൊന്നില്ല. ഞങ്ങളിൽ ആരും കൊല്ലപ്പെട്ടുമില്ല.

സംഭവബഹുലമായ ആ വർഷം അവസാനിച്ചപ്പോൾ മറ്റൊരു കോളേജിനെ കുറിച്ച് ചിന്തിക്കാൻ അച്ഛൻ നിർദ്ദേശിച്ചു. മഹാത്മാ ഗാന്ധി കോളേജ് പ്രിൻസിപ്പൽ എനിക്ക് പ്രവേശനം നൽകാൻ തയ്യാറായി. കോഴ്സിനിടയിൽ കോളേജ് മാറുന്നതിന് സർക്കാരും സർവകാലാശാലയും അനുവദിക്കണം. വിദ്യാഭ്യാസമന്ത്രി പനമ്പള്ളി ഗോവിന്ദ മേനോൻ സർക്കാർ അനുമതിയും.വൈസ് ചാൻസലർ വി.കെ. നന്ദൻ മേനോൻ സർവകലാശാലാ അനുമതിയും നൽകി. തുടർന്ന് എസ്.എൻ. കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ട് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. അടുത്ത ദിവസം അദ്ദേഹത്തിന്റെ ആപ്പീസിൽ നിന്ന് പ്രിൻസിപ്പൽ ഒപ്പിട്ട ട്രാൻസ്ഫർ സർട്ടിഫിക്കറ്റും കോണ്ടക്ട് സർട്ടിഫിക്കറ്റും ലഭിച്ചു. ആപ്പീസ് മുറിക്കു പുറത്തു കടന്നപ്പോൾ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച കോളത്തിൽ Unsatisfactory (അതൃപ്തികരം) എന്ന് രേഖപ്പെടുത്തിയിരുന്നത് കണ്ടു.  തിരികെ ചെന്ന് കോണ്ടക്ട് സർട്ടിഫിക്കറ്റ് ഉപേക്ഷിച്ചിട്ട് പടിയിറങ്ങി. 
അസുഖകരമായ  അനുഭവങ്ങൾ ഉണ്ടായെങ്കിലും, പുതിയ അറിവും കാഴ്ചപ്പാടുകളും നൽകിയ ഒന്നായാണ്എസ്.എൻ. കോളെജ് കാലം  ഞാൻ ഓർക്കുന്നത്. {കാലം സാക്ഷി..., ഓർമ്മകളുടെ നോട്ട്ബുക്ക്, എന്ന പുസ്തകത്തിനുവേണ്ടി എഴുതിയ ഓർമ്മകുറിപ്പ്).

Wednesday, April 8, 2015

തുന്നിക്കെട്ടിയ എസ്. എൻ. കോളേജ് ഓർമ്മപുസ്തകം

കൊല്ലം ശ്രീനാരായണാ കോളെജ് ആറു പതിറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ പല തലമുറകൾ ഈ കലാലയത്തിന്റെ ഇടനാഴികളിലൂടെ കടന്നുപോയി. “കാലം സാക്ഷി” എന്ന ഓർമ്മകളുടെ നോട്ട്ബുക്കിൽ എൻ. നൌഫൽ ഓരോ തലമുറയിലും പെട്ട പലരുടെയും ഓർമ്മകൾ ശേഖരിച്ചു തുന്നിക്കെട്ടിയിരിക്കുന്നു

ശ്രീനാരായണ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ നൌഫൽ 2013-14ൽ കോളേജ് മാഗസിൻ എഡിറ്ററായിരുന്നു. മാഗസിൻ മികവുറ്റതാക്കാൻ ജി. സുധാകരൻ, എം.എ. ബേബി, മുകേഷ് എന്നീ മൂന്നു പൂർവ വിദ്യാർത്ഥികളുടെ എസ്. എൻ. സ്മരണകൾ ഉൾപ്പെടുത്താമെന്ന ചിന്തയിൽ തുടങ്ങിയ യജ്ഞമാണ് ഇപ്പോൾ പുസ്തകരൂപത്തിൽ പുറത്തുവന്നിരിക്കുന്നത്. മൂന്നു പേർ മുപ്പതുപേരിലേക്കും മുപ്പതുപേർ അറുപതുപേരിലേക്കും പതിയെ വളർന്നു.                                    
അവതാരികയിൽ എം.കെ. സാനു എഴുതുന്നു: “കലാലയ സ്മരണകൾ എപ്പോഴും രസപ്രദമായിട്ടാണ് അനുഭവപ്പെടാറുള്ളത്....എഴുതുന്നവരുടെ വ്യക്തിപരമായ വാസനാവിശേഷങ്ങൾ സ്മരണകൾക്ക് വൈചിത്ര്യത്തിന്റെ ഭംഗിയും സുഗന്ധവും പ്രദാനം ചെയ്യുന്നു.”
ഇത് വെറും ഓർമ്മക്കുറിപ്പുകളല്ല, കാലത്തിന്റെയും കലാലയത്തിന്റെയും ചരിത്രവും അടയാളങ്ങളുമാണെന്ന് പ്രസാധകൻ ബി. ജയകുമാർ വിലയിരുത്തുന്നു.
ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കോളേജിലെ ഒന്നാം തലമുറക്കാരിൽ ഒ.എൻ.വി. കുറുപ്പ് (“എന്റെ ഹൃദയത്തിന്റെ ഒരംശം“), പുതുശ്ശേരി രാമചന്ദ്രൻ (“ഞങ്ങളുടെ സർവകലാശാല”) എന്നിവർക്കൊപ്പം ഞാനുമുണ്ട് (“കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം സൃഷ്ടിച്ച തലമുറ”).
ഓർമ്മകളുടെ ഘോഷയാത്ര തുടരുമ്പോൾ പ്രത്യക്ഷപ്പെടുന്ന മറ്റ് പൂർവ വിദ്യാർത്ഥികളിൽ ചിലർ: പി.കെ.ഗുരുദാസൻ (“പതിനഞ്ചുകാരന്റെ ഏ.കെ.ജി. ദർശനം”), പഴവിള രമേശൻ (“എസ്.എൻ. കോളേജ് എന്ന നനവിന്റെ നക്ഷത്രം”), പാരീസ് വിശ്വനാഥൻ (“ശ്രീനാരായണ കോളേജ് ഒരു വഴിത്തിരിവ്”), പൊന്നറ സരസ്വതി (“ഓർമ്മയിൽ ഒരു വസന്തം”), സുഗുണൻ ഞെക്കാട് (“ഒരു പ്രവാസി പൂർവ വിദ്യാർത്ഥിയുടെ ഓർമ്മകൾ”), ഭാർഗ്ഗവി തങ്കപ്പൻ (“ഓർമ്മയുടെ ചെരാതുകൾ”), കെ.ജി.ശങ്കരപ്പിള്ള (“കൊല്ലത്ത് അറുപതുകളിൽ ഒരു വിദ്യാർത്ഥി എഡിറ്റർ“), ബി. രാജീവൻ (“എനിക്ക് ലോകത്തേക്ക് വാതിൽ തുറന്ന കൊല്ലം ശ്രീനാരായണ കോളേജ്”), ജി. കാർത്തികേയൻ (“പിൻ‌നിലാവിലെ കൌമാരകുസൃതികൾ”), എസ്. സുധീഷ് (“വിദ്യകൊണ്ട് സ്വതന്ത്രരാവുന്നോ?”), സി.ആർ. ഓമനക്കുട്ടൻ (“ഒരു കൊല്ലം കാറ്റ്”), പി.രാജേന്ദ്രൻ (“ഓർമ്മയിലെ പൂവുകൾ), എം.ആർ. തമ്പാൻ (“കലാലയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം”), ജി.സുധാകരൻ (“ചോരകൾ ചെരിയുവാൻ കൂടിയാണല്ലൊ സഖേ!“), എം.എ. ബേബി (“ഓർമ്മ ചുവക്കുന്ന കലാലയം“), ജസ്റ്റിസ് സിരിജഗൻ (“പരിഭവമില്ലാതെ”), കെ. രാജ്മോഹൻ ഉണ്ണിത്താൻ (“ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ?”), ചാത്തനൂർ മോഹൻ (“പാട്ടുജീവിതത്തിന്റെ ചിത്രങ്ങൾ”), കുരീപ്പുഴ ശ്രീകുമാർ (“വിദ്യാർത്ഥികളുടെ സ്വന്തം പ്രിൻസിപ്പൽ”), എ. റസ്സലുദ്ദീൻ (“ഓർമ്മകളുടെ വസന്തം”), പ്രതാപവർമ്മ തമ്പാൻ (“ഓർമ്മയിൽ ഒരു ക്യാമ്പസ് കാലം”), മുകേഷ് (“മുകേഷ്@എസ്.എൻ.കോളേജ്.കോം”), വസന്തകുമാർ സാംബശിവൻ (“രാഷ്ട്രീയ സുബോധത്തിന്റെയും നർമ്മലാവണ്യത്തിന്റെയും ക്യാമ്പസ്“), പി.കെ.രാധാകൃഷ്ണൻ (“ഏഴ് ജന്മത്തെ നിറയ്ക്കുന്ന ഏഴ് വർഷങ്ങൾ”), എസ്. ഡി. ഷിബുലാൽ (“സ്മൃതിപഥത്തിലൂടെ”), ആർ. ശ്രീകണ്ഠൻ നായർ (“എനിക്ക് പിറന്ന കോളേജ്!!!“), ജെ.മേഴ്സിക്കുട്ടിയമ്മ (“ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീകുമാർ”), ബി.അശോക് (“പോരാടാൻ പഠിപ്പിച്ച എന്റെ കറുത്ത അമ്മ”), ജി.ആർ. ഇന്ദുഗോപൻ (“പഠിച്ചകാലത്തെ പെരുമ്പാമ്പിന്റെ കഥ”), ഭഗത് ചന്ദ്രശേഖർ (“ക്യാമ്പസ് എന്ന ലഹരിയും ഉത്തരവാദിത്വവും”).
എഡിറ്റർ: എൻ. നൌഫൽ                                                                                                 പ്രസാധകർ: Printout, Kappalandimukku, Kollam 691001 printoutkerala@gmail.com              വില 200 രൂപ

വി­വ­ര­മു­ള്ള­വ­രെ ഭ­യ­ക്കു­ന്ന ജ­ന­പ്ര­തി­നി­ധി­കൾ

ബി.ആർ.പി. ഭാസ്കർ                                                                                                                 ജനയുഗം                                                                                                                                               തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ പ­ള്ളി­ച്ചൽ പ­ഞ്ചാ­യ­ത്ത്‌ വി­വ­രാ­വ­കാ­ശ നി­യ­മ­പ്ര­കാ­രം പ­ഞ്ചാ­യ­ത്ത്‌ പ്ര­വർ­ത്ത­നം സം­ബ­ന്ധി­ച്ച്‌ വി­വ­രം തേ­ടു­ന്ന വി വി വി­ജി­ത­യെ പൊ­തു­ശ­ല്യ­ക്കാ­രി­യാ­യി പ്ര­ഖ്യാ­പി­ക്ക­ണ­മെ­ന്ന്‌ ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട്‌ പ്ര­മേ­യം പാ­സാ­ക്കു­ക വ­ഴി വി­വ­ര­മു­ള്ള ജ­ന­ങ്ങ­ളെ ജ­ന­പ്ര­തി­നി­ധി­കൾ­ക്ക്‌ ഭ­യ­മാ­ണെ­ന്ന്‌ വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. സ്ഥ­ല­വാ­സി­കൾ ക­ഴി­ഞ്ഞ­യാ­ഴ്‌­ച പ­ഞ്ചാ­യ­ത്ത്‌ ഓ­ഫീ­സി­നു മു­ന്നിൽ യോ­ഗം ചേർ­ന്ന്‌ പ­ഞ്ചാ­യ­ത്ത്‌ പ്ര­സി­ഡന്റി­നെ­യും മു­ഴു­വൻ അം­ഗ­ങ്ങ­ളെ­യും ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­രും ശ­ല്യ­ക്കാ­രു­മാ­യി പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ട്‌ തി­രി­ച്ച­ടി­ച്ചു.
വി­വ­രാ­വ­കാ­ശ നി­യ­മം നി­ല­വിൽ വ­ന്നി­ട്ട്‌ പ­ത്തു വർ­ഷ­മാ­കു­ന്നു. ക­ഴി­ഞ്ഞ ര­ണ്ടു­മൂ­ന്നു പ­തി­റ്റാ­ണ്ടു കാ­ല­ത്ത്‌ ലോ­ക­ത്തെ പ­ല രാ­ജ്യ­ങ്ങ­ളി­ലും അം­ഗീ­കാ­രം ല­ഭി­ച്ചി­ട്ടു­ള്ള ഒ­രു പു­തു­ത­ല­മു­റ അ­വ­കാ­ശ­മാ­ണ്‌ വി­വ­രാ­വ­കാ­ശം. ഭ­ര­ണാ­ധി­കാ­രി­കൾ എ­ന്താ­ണു ചെ­യ്യു­ന്ന­തെ­ന്ന്‌ ജ­ന­ങ്ങൾ­ക്ക്‌ അ­റി­യാൻ ക­ഴി­യു­മ്പോൾ മാ­ത്ര­മാ­ണ്‌ ജ­നാ­ധി­പ­ത്യം അർ­ത്ഥ­വ­ത്താ­കു­ന്ന­തെ­ന്ന തി­രി­ച്ച­റി­വിൽ നി­ന്നാ­ണ്‌ ഈ പു­തി­യ അ­വ­കാ­ശം ഉ­ട­ലെ­ടു­ത്ത­ത്‌. അ­ടി­സ്ഥാ­ന­പ­ര­മാ­യി അ­ത്‌ ചെ­യ്യു­ന്ന­ത്‌ സു­താ­ര്യ­ത ഉ­റ­പ്പു­വ­രു­ത്തു­ക­യാ­ണ്‌. അ­ത്‌ ഇ­ഷ്ട­പ്പെ­ടാ­ത്ത അ­ധി­കാ­രി­കൾ നി­യ­മ­ത്തെ പ­രാ­ജ­യ­പ്പെ­ടു­ത്താൻ പ­ല ത­ന്ത്ര­ങ്ങ­ളും പ്ര­യോ­ഗി­ക്കു­ന്നു­ണ്ട്‌. പ­ല കാ­ര­ണ­ങ്ങൾ പ­റ­ഞ്ഞ്‌ വി­വ­രം വൈ­കി­പ്പി­ക്കു­ക­യൊ നി­ഷേ­ധി­ക്കു­ക­യൊ ചെ­യ്യു­ന്ന­താ­ണ്‌ അ­തി­ലൊ­ന്ന്‌. തെ­റ്റാ­യ വി­വ­ര­ങ്ങൾ നൽ­കി­യ സം­ഭ­വ­ങ്ങ­ളും പു­റ­ത്തു വ­ന്നി­ട്ടു­ണ്ട്‌. അ­പ്രി­യ സ­ത്യ­ങ്ങൾ പു­റ­ത്തു കൊ­ണ്ടു­വ­രാൻ കി­ണ­ഞ്ഞു പ­രി­ശ്ര­മി­ച്ച ചി­ലർ കൊ­ല ചെ­യ്യ­പ്പെ­ട്ടി­ട്ടു­മു­ണ്ട്‌. എ­ന്നാൽ വി­വ­രം ചോ­ദി­ക്കു­ന്ന­യാ­ളെ ശ­ല്യ­ക്കാ­രി­യാ­യി പ്ര­ഖ്യാ­പി­ച്ച ഏ­ക പ­ഞ്ചാ­യ­ത്ത്‌ പ­ള്ളി­ച്ച­ലി­ലേ­താ­ണ്‌.
പ­ള്ളി­ച്ചൽ പ­ഞ്ചാ­യ­ത്ത്‌ കോൺ­ഗ്ര­സ്‌ നി­യ­ന്ത്ര­ണ­ത്തി­ലാ­ണ്‌. നി­ല­വി­ലു­ള്ള ഭ­ര­ണ­ഘ­ട­ന­യു­ടെ പിൻ­ബ­ല­മു­ള്ള പ­ഞ്ചാ­യ­ത്ത്‌ സം­വി­ധാ­നം രാ­ജീ­വ്‌ ഗാ­ന്ധി പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കെ നി­ല­വിൽ വ­ന്ന­താ­ണ്‌. അ­തി­ന്റെ പേ­രിൽ ഊ­റ്റം കൊ­ള്ളു­ന്ന­വ­രാ­ണ്‌ കോൺ­ഗ്ര­സു­കാർ. ആ പ­ഞ്ചാ­യ­ത്ത്‌ സം­വി­ധാ­നം രൂ­പ­കൽ­പ്പ­ന ചെ­യ്‌­ത­പ്പോൾ ത­ന്നെ വി­വ­രം തേ­ടാ­നു­ള്ള പൗ­ര­ന്റെ അ­വ­കാ­ശം അം­ഗീ­ക­രി­ച്ചി­രു­ന്നു. അ­താ­യ­ത്‌ പാർ­ല­മെന്റ്‌ പൗ­രാ­വ­കാ­ശ നി­യ­മം പാ­സാ­ക്കു­ന്ന­തി­നു മു­മ്പു ത­ന്നെ പ­ഞ്ചാ­യ­ത്തു­കൾ­ക്ക്‌ പൗ­ര­ന്മാർ ആ­വ­ശ്യ­പ്പെ­ടു­ന്ന വി­വ­രം നൽ­കാ­നു­ള്ള ബാ­ധ്യ­ത ഉ­ണ്ടാ­യി­രു­ന്നു. പ­ഞ്ചാ­യ­ത്ത്‌ നി­യ­മം എ­ല്ലാ പൗ­ര­ന്മാ­രു­മ­ട­ങ്ങു­ന്ന ഗ്രാ­മ­സ­ഭ­കൾ­ക്ക്‌ വി­പു­ല­മാ­യ അ­ധി­കാ­രം നൽ­കി. എ­ന്നാൽ ജ­ന­ങ്ങ­ളു­ടെ ഉ­ദാ­സീ­ന­ത­യും അ­നൈ­ക്യ­വും മു­ത­ലെ­ടു­ത്ത്‌ അ­വ ഇ­ല്ലാ­താ­ക്കാൻ പ­ഞ്ചാ­യ­ത്ത്‌ ഭ­രി­ക്കു­ന്ന­വർ­ക്ക്‌ ക­ഴി­ഞ്ഞി­ട്ടു­ണ്ട്‌. ഈ അ­നു­ഭ­വ­ങ്ങൾ ജ­ന­ങ്ങൾ കൂ­ടു­തൽ ജാ­ഗ്ര­ത പു­ലർ­ത്തേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യി­ലേ­ക്ക്‌ വി­രൽ ചൂ­ണ്ടു­ന്നു.
പ­ള്ളി­ച്ചൽ സം­ഭ­വ­ത്തി­ന്‌ മ­റ്റൊ­രു മാ­നം കൂ­ടി­യു­ണ്ട്‌. അ­വി­ടെ­യു­ള്ള മൂ­ക്കു­ന്നി­മ­ല പ്ര­ദേ­ശ­ത്ത്‌ പാ­റ­ഖ­ന­നം വ്യാ­പ­ക­മാ­ണ്‌. അ­തി­നെ­തി­രെ ഒ­രു കൊ­ല്ല­മാ­യി മൂ­ക്കു­ന്നി­മ­ല സം­ര­ക്ഷ­ണ സ­മി­തി­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ ശ­ക്ത­മാ­യ ജ­ന­കീ­യ പ്ര­തി­രോ­ധ­വും ന­ട­ക്കു­ന്നു­ണ്ട്‌. പ­ഞ്ചാ­യ­ത്ത്‌ അം­ഗ­ങ്ങ­ളെ ചൊ­ടി­പ്പി­ച്ച വി­ജി­ത ആ പ്ര­തി­രോ­ധ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ­ജീ­വ പ­ങ്കാ­ളി­ക­ളാ­യ വീ­ട്ട­മ്മ­മാ­രിൽ ഒ­രാ­ളാ­ണ്‌. വി­ജി­ത തേ­ടു­ന്ന വി­വ­ര­ങ്ങൾ പാ­റ­ഖ­ന­നം സം­ബ­ന്ധി­ച്ച തീ­രു­മാ­ന­ങ്ങ­ളി­ലെ അ­പാ­ക­ത­ക­ളും മ­റ്റ്‌ അ­ഴി­മ­തി­ക­ളും വെ­ളി­ച്ച­ത്തു കൊ­ണ്ടു­വ­രി­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യു­ള്ള വി­വ­ര­ശേ­ഖ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­ണ്‌. ഔ­ദ്യോ­ഗി­ക പഠ­ന­ങ്ങൾ പ­ല ക്ര­മ­ക്കേ­ടു­ക­ളും ന­ട­ന്നി­ട്ടു­ണ്ടെ­ന്ന്‌ സ്ഥി­രീ­ക­രി­ച്ചി­ട്ടു­ണ്ട്‌. പ­ക്ഷെ രാ­ഷ്ട്രീ­യ സ്വാ­ധീ­ന­ത്തിൽ അ­ന­ധി­കൃ­ത പ്ര­വർ­ത്ത­നം തു­ട­രാൻ മാ­ഫി­യ­കൾ­ക്ക്‌ ക­ഴി­യു­ന്നു. ഇ­വി­ടെ ക­ക്ഷി രാ­ഷ്ട്രീ­യ­ത്തി­ന­തീ­ത­മാ­യ ഒ­രു അ­വി­ശു­ദ്ധ കൂ­ട്ടു­കെ­ട്ടി­ന്റെ ഇ­രു­ണ്ട രൂ­പം തെ­ളി­യു­ന്നു.
ക­ഴി­ഞ്ഞ ന­വം­ബ­റി­ലാ­ണ്‌ പ­ഞ്ചാ­യ­ത്ത്‌ വി­ജി­ത­ക്കെ­തി­രാ­യ പ്ര­മേ­യം പാ­സാ­ക്കി­യ­ത്‌. പ്ര­മേ­യം ഐ­ക­ക­ണ്‌­ഠ്യേ­ന­യാ­ണ്‌ പാ­സാ­ക്കി­യ­തെ­ന്ന്‌ പ­റ­യ­പ്പെ­ടു­ന്നു. എ­ന്നാൽ പ്ര­മേ­യം സ­മി­തി­യിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ടി­ല്ലെ­ന്നും അ­വ­ത­രി­പ്പി­ച്ചു പാ­സാ­ക്കി­യ­താ­യി രേ­ഖ­ക­ളിൽ എ­ഴു­തി­ച്ചേർ­ക്കു­ക­യാ­യി­രു­ന്നെ­ന്നും പ്ര­തി­പ­ക്ഷം അ­വ­കാ­ശ­പ്പെ­ടു­ന്നു. ഈ വാ­ദം മു­ഖ­വി­ല­യ്‌­ക്ക്‌ എ­ടു­ക്കാ­നാ­വി­ല്ല. ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു മു­മ്പ്‌ ഒ­രു ചാ­നൽ റി­പ്പോർ­ട്ടു ചെ­യ്‌­ത­പ്പോ­ഴാ­ണ്‌ ഇ­ങ്ങ­നെ­യൊ­രു പ്ര­മേ­യം പാ­സാ­യ­താ­യി പൊ­തു­സ­മൂ­ഹം അ­റി­ഞ്ഞ­ത്‌. നാ­ല­ഞ്ചു മാ­സം മു­മ്പ്‌ രേ­ഖ­യിൽ പ്ര­മേ­യം വ്യാ­ജ­മാ­യി എ­ഴു­തി­ച്ചേർ­ത്ത വി­വ­രം ചാ­ന­ലിൽ കൂ­ടി­യാ­ണ്‌ പ­ഞ്ചാ­യ­ത്തി­ലെ പ്ര­തി­പ­ക്ഷാം­ഗ­ങ്ങ­ളും അ­റി­ഞ്ഞ­തെ­ന്ന്‌ വി­ശ്വ­സി­ക്കാൻ പ്ര­യാ­സ­മു­ണ്ട്‌. പ്ര­മേ­യം വി­വാ­ദ­മാ­കു­ന്ന­തു വ­രെ അ­തി­നൊ­പ്പം സ­ഞ്ച­രി­ക്കാൻ പ്ര­തി­പ­ക്ഷ­വും ത­യ്യാ­റാ­യി­രു­ന്നു എ­ന്നാ­ണ്‌ സാ­ഹ­ച­ര്യ­ങ്ങ­ളിൽ നി­ന്ന്‌ മ­ന­സി­ലാ­ക്കാ­നാ­കു­ന്ന­ത്‌. അ­തി­നു­ശേ­ഷം പ്ര­തി­പ­ക്ഷം പ്ര­മേ­യ­ത്തി­നെ­തി­രെ സർ­ക്കാ­രി­നെ സ­മീ­പി­ക്കു­ക­യും സർ­ക്കാർ അ­ത്‌ മ­ര­വി­പ്പി­ച്ചു­കൊ­ണ്ട്‌ ഉ­ത്ത­ര­വി­റ­ക്കു­ക­യും ചെ­യ്‌­തു.
വി­ജി­ത­യെ ശ­ല്യ­ക്കാ­രി­യാ­യി പ്ര­ഖ്യാ­പി­ക്കാ­നു­ള്ള അ­ധി­കാ­രം പ­ഞ്ചാ­യ­ത്തി­നി­ല്ല. ആ കൃ­ത്യം വി­വ­രാ­വ­കാ­ശ ക­മ്മി­ഷൻ ചെ­യ്യ­ണ­മെ­ന്നാ­ണ്‌ പ്ര­മേ­യ­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ള്ള­ത്‌. ആ ക­മ്മി­ഷ­നും അ­തി­നു­ള്ള അ­ധി­കാ­ര­മി­ല്ലെ­ന്ന­താ­ണ്‌ വാ­സ്‌­ത­വം. നി­ര­ന്ത­രം അ­നാ­വ­ശ്യ­മാ­യി വ്യ­വ­ഹാ­ര­ത്തിൽ ഏർ­പ്പെ­ടു­ന്ന­യാ­ളെ `ശ­ല്യ­ക്കാ­ര­നാ­യ വ്യ­വ­ഹാ­രി` ആ­യി കോ­ട­തി­കൾ അ­പൂർ­വ­മാ­യാ­ണെ­ങ്കി­ലും പ്ര­ഖ്യാ­പി­ക്കാ­റു­ണ്ട്‌. ആ അ­റി­വി­ന്റെ വെ­ളി­ച്ച­ത്തിൽ അ­ൽ­പ്പ­മാ­ത്ര­മാ­യ നി­യ­മ­പ­രി­ജ്ഞാ­ന­മു­ള്ള ആ­രു­ടെ­യൊ കു­രു­ട്ടു മ­ന­സിൽ ഉ­ദി­ച്ച ആ­ശ­യ­മാ­ണ്‌ പ്ര­മേ­യ­ത്തി­ലു­ള്ള­ത്‌. പ­ഞ്ചാ­യ­ത്ത്‌ പ്ര­മേ­യം വി­വ­രാ­വ­കാ­ശ ക­മ്മി­ഷ­ന്‌ അ­യ­ച്ചു കൊ­ടു­ത്തോ എ­ന്ന്‌ വ്യ­ക്ത­മ­ല്ല. ചാ­നൽ വാർ­ത്ത­യെ തു­ടർ­ന്ന്‌ മാ­ധ്യ­മ­ങ്ങൾ ബ­ന്ധ­പ്പെ­ട്ട­പ്പോൾ വി­ജി­ത പ­രാ­തി­പ്പെ­ട്ടാൽ വി­ഷ­യം പ­രി­ശോ­ധി­ക്കു­മെ­ന്ന്‌ മു­ഖ്യ വി­വ­രാ­വ­കാ­ശ ക­മ്മി­ഷ­ണർ സി­ബി മാ­ത്യൂ­സ്‌ പ­റ­യു­ക­യു­ണ്ടാ­യി. പ­ഞ്ചാ­യ­ത്തിൽ നി­ന്ന്‌ പ്ര­മേ­യം ല­ഭി­ച്ചി­രു­ന്നെ­ങ്കിൽ അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ അ­ദ്ദേ­ഹം ഉ­ചി­ത­മാ­യ ന­ട­പ­ടി­യെ­ടു­ക്കേ­ണ്ട­താ­യി­രു­ന്നു.
പ­ഞ്ചാ­യ­ത്ത്‌ പ്ര­മേ­യം പാ­സാ­ക്കു­ക­യും അ­ത്‌ വി­വ­രാ­വ­കാ­ശ ക­മ്മി­ഷ­ന്‌ അ­യ­ക്കാ­തി­രി­ക്കു­ക­യും ചെ­യ്‌­തെ­ങ്കിൽ പ്ര­സി­ഡന്റി­ന്റെ സ­മീ­പ­നം സ­ത്യ­സ­ന്ധ­മാ­യി­രു­ന്നി­ല്ലെ­ന്ന നി­ഗ­മ­ന­ത്തിൽ എ­ത്തേ­ണ്ടി വ­രും. വി ടി ബ­ല­റാം എം­എൽ­എ പ­ഞ്ചാ­യ­ത്ത്‌ ന­ട­പ­ടി­യെ പ­ര­സ്യ­മാ­യി വി­മർ­ശി­ച്ചി­ട്ടു­ണ്ട്‌. എ­ന്നാൽ ഇ­ക്കാ­ര്യ­ത്തിൽ പ്ര­തി­ക­രി­ക്കാൻ ചു­മ­ത­ല­യു­ള്ള കെ­പി­സി­സി അ­ധ്യ­ക്ഷൻ വി എം സു­ധീ­രൻ ഒ­ന്നും പ­റ­ഞ്ഞ­താ­യി അ­റി­വി­ല്ല. പാർ­ട്ടി­യു­ടെ മ­ദ്യ­ന­യം ന­ട­പ്പാ­ക്കാ­നു­ള്ള ചു­മ­ത­ല­യെ കു­റി­ച്ച്‌ പാർ­ട്ടി നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള പ­ഞ്ചാ­യ­ത്തു­ക­ളെ അ­ടു­ത്ത കാ­ല­ത്ത്‌ അ­ദ്ദേ­ഹം ഓർ­മ്മി­പ്പി­ക്കു­ക­യു­ണ്ടാ­യി. പാ­റ­ഖ­ന­നം, വി­വ­രാ­വ­കാ­ശ നി­യ­മം തു­ട­ങ്ങി­യ വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന കാ­ര്യ­ത്തി­ലും മാർ­ഗ­നിർ­ദ്ദേ­ശം നൽ­കു­ന്ന­തി­നെ കു­റി­ച്ച്‌ അ­ദ്ദേ­ഹം ചി­ന്തി­ക്ക­ണം. -- ജനയുഗം, ഏപ്രിൽ 8, 2015