പത്രങ്ങളെ ‘ഫോർത്ത് എസ്റ്റേറ്റ്’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് എഡ്മണ്ട്
ബർക്ക് ആണെന്ന് പറയപ്പെടുന്നു. ഹൌസ് ഓഫ് കോമൺസിലെ നടപടികൾ റിപ്പോർട്ടു ചെയ്യാൻ പത്രപ്രതിനിധികളെ
1787ൽ സഭയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസം പ്രസ് ഗ്യാലറിയിലേക്ക് നോക്കിക്കൊണ്ട് ബർക്ക്
പറഞ്ഞത്രെ: “അതാ അവിടെയിരിക്കുന്നു ഒരു നാലാം എസ്റ്റേറ്റ്, മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാളും
ശക്തിയുള്ള നാലാം എസ്റ്റേറ്റ്”. അധികാരം പങ്കിടുന്ന സ്ഥാപനങ്ങളെയാണ് രാജ്യത്തെ എസ്റ്റേറ്റുകൾ എന്ന് വിശേഷിച്ചിരുന്നത്. ഒരു കാലത്ത് രാജാവും പ്രഭുക്കളും
ക്രൈസ്തവസഭയുമായിരുന്നു മൂന്ന് എസ്റ്റേറ്റുകൾ. പിന്നീട് രാജാവും പ്രഭുസഭയും ജനസഭയുമായി
ബ്രിട്ടനിലെ മൂന്ന് അധികാര കേന്ദ്രങ്ങൾ. ഇന്ന് ഇന്ത്യയിൽ ഭരണഘടനപ്രകാരം നിലവിൽ വന്ന
എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡിഷ്യറി എന്നിവയെ മൂന്ന് അധികാരകേന്ദ്രങ്ങളായും മാദ്ധ്യമങ്ങളെ
നാലാം എസ്റ്റേറ്റായും കരുതപ്പെടുന്നു.
ബർക്ക് പത്രങ്ങളെ അധികാരകേന്ദ്രമായി വിശേഷിപ്പിക്കുമ്പോൾ ബ്രിട്ടനിൽ
പത്രങ്ങൾക്ക് അര നൂറ്റാണ്ടിന്റെ പാരമ്പര്യമെ ഉണ്ടായിരുന്നുള്ളു. അച്ചടി മാദ്ധ്യമങ്ങൾ
കൊടികുത്തി വാണിരുന്ന കാലത്ത് ബ്രിട്ടനിൽ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന ദ് ടൈംസ്
പത്രം അന്ന് ജനിച്ചിട്ടുപോലുമില്ല. (ദ് ഡെയ്ലി യൂണിവേഴ്സൽ രജിസ്റ്റർ എന്ന പേരിൽ
1785ൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് 1788ൽ ദ് ടൈംസ് ആയി മാറിയത്.) പത്രങ്ങൾക്ക്
മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാളും ശക്തിയുണ്ടെന്ന ബർക്കിന്റെ നിരീക്ഷണം അത്യുക്തി
കലർന്നതായിരുന്നിരിക്കണം. എന്നാൽ കാലക്രമത്തിൽ അച്ചടി മാദ്ധ്യമങ്ങൾ ശക്തിയാർജ്ജിക്കുകയും
അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമാവുകയും ചെയ്തു. ബ്രിട്ടൻ വ്യാവസായികയുഗത്തിലേക്ക്
പ്രവേശിച്ചപ്പോൾ പത്രങ്ങൾ വ്യവസായങ്ങളുടെ വളർച്ചയെ സഹായിച്ചു; വ്യവസായങ്ങൾ പത്രങ്ങളുടെ
വളർച്ചയെയും. പത്രങ്ങളുടെ സ്വാധീനം രാഷ്ട്രീയരംഗത്ത് ജനാധിപത്യത്തിന്റെ വളർച്ചക്കും
സഹായകമായി. പത്രങ്ങളെ കർശനമായി നിയന്ത്രിച്ച കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് സാമ്പത്തിക
പുരോഗതി നേടാനായെങ്കിലും അവിടെ ജനാധിപത്യം പുലർന്നില്ല. ഇന്ത്യയിൽ ഫ്യൂഡലിസവും കൊളോണിയലിസവും
നിലനിന്ന കാലത്താണ് പത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ
താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ പത്രങ്ങൾ പങ്കാളികളായി. അവയുടെ പ്രവർത്തനം ഗുണപരമായ
മാറ്റങ്ങളുണ്ടാക്കി.
പിന്നീട് റേഡിയോയും ടെലിവിഷനും വന്നു. റേഡിയോ അച്ചടി മാദ്ധ്യമങ്ങൾക്കു
ഭീഷണിയായില്ല. ആദ്യ ഘട്ടത്തിൽ ടെലിവിഷന്റെ വരവും പത്രങ്ങളെ പ്രതികൂലമായി ബാധിച്ചില്ല.
വലിയ സംഭവികാസങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് ടിവിയിലൂടെയായപ്പോഴും വിശദാംശങ്ങൾക്ക്
ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു. അച്ചടിമാദ്ധ്യമത്തെപ്പോലെ വ്യാഖ്യാനവും വിശകലനവും നടത്താനുള്ള
കഴിവ് ദൃശ്യമാദ്ധ്യമത്തിനില്ലെന്ന് തിരിച്ചറിഞ്ഞ പത്രങ്ങൾ ആ മേഖലകളൊൽ കൂടുതൽ ശ്രദ്ധ
പതിപ്പിച്ചു. ആഴ്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകൾ വാർത്തകളറിയാൻ
ഒരു നിശ്ചിത സമയം വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാക്കി.
ഇന്റർനെറ്റ് വന്നപ്പോൾ അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന നവ
മാദ്ധ്യമങ്ങൾ രംഗപ്രവേശം ചെയ്തു. ദിനപത്രങ്ങൾ വെബ്സൈറ്റുകൾ വഴി വാർത്ത നൽകാൻ തുടങ്ങി. പിന്നീട് ടെലിവിഷൻ ചാനലുകളും
ഇന്റർനെറ്റ് വഴി ലഭ്യമായി. ആദ്യം കമ്പ്യൂട്ടറിൽ കൂടി മാത്രം പ്രാപ്യമായിരുന്ന ഇന്റർനെറ്റ്
ഇപ്പോൾ കൈയിൽ കൊണ്ടു നടക്കുന്ന മൊബൈൽ ഫോണിൽ കിട്ടുന്നു. ഈ മാറ്റങ്ങൾ സാദ്ധ്യമാക്കിയത്
സാങ്കേതികവിദ്യയുടെ വികാസമാണ്. ഇത്തരത്തിലുള്ള ഒരു മാദ്ധ്യമരംഗമാണ് രൂപപ്പെടുന്നതെന്ന്
25 കൊല്ലം മുമ്പ് ആർക്കും പറയാൻ കഴിയുമായിരുന്നില്ല. ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസിക്കുകയാണ്.
അതിനാൽ 25 കൊല്ലത്തിനുശേഷമുള്ള മാദ്ധ്യമരംഗത്തെക്കുറിച്ച് പ്രവചിക്കാൻ എളുപ്പമല്ല.
പുതിയ സാങ്കേതികവിദ്യ ഒരു വലിയ പുതിയ ലോകത്തിലേക്കുള്ള കവാടമാണ് തുറന്നു
തന്നിരിക്കുന്നത്. അതിന്റെ വമ്പിച്ച സാദ്ധ്യതകൾ ആരും പൂർണ്ണമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
നവമാദ്ധ്യമ കാലത്ത് ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് എങ്ങനെ പിടിച്ചു നിൽക്കാമെന്നുള്ള
അന്വേഷണത്തിലാണ് പത്രങ്ങളും ടെലിവിഷനും. അവർ പഴയ രീതികൾ തന്നെയാണ് പിന്തുടരുന്നത്.
പുതിയ രീതികൾ സ്വീകരിച്ച് സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ
ശ്രമിക്കുന്നില്ല. പത്രങ്ങൾ കാലാകാലങ്ങളായി ചെയ്തു വരുന്നതെല്ലാം നവമാദ്ധ്യമങ്ങൾക്ക്
ചെയ്യാനാകും. അതേപോലെ തന്നെ ടെലിവിഷൻ ചെയ്യുന്നതെല്ലാമും അവയ്ക്ക് ചെയ്യാനാകും. പത്രങ്ങൾക്കും
ടിവി ചാനലുകൾക്കും ചെയ്യാനാകാത്തതും അവയ്ക്ക് ചെയ്യാനാകും. പത്രങ്ങളുടെയും ചാനലുകളുടെയും
ശൈലികളിൽ കുടുങ്ങാതെ, വ്യത്യസ്തമായി ചിന്തിക്കാൻ കഴിയുന്ന സംരംഭകർക്ക് പുതിയ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സാദ്ധ്യതകൾ
പൂർണ്ണമായി ഉപയോഗിക്കുന്ന പുതിയ ശൈലി രൂപപ്പെടുത്താനും
അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും കഴിഞ്ഞേക്കും.
അച്ചടിയുടെ കാലത്തെന്ന
പോലെ ദൃശ്യത്തിന്റെ കാലത്തും മാദ്ധ്യമങ്ങൾ നാലാം എസ്റ്റേറ്റ് എന്ന നിലയിൽ
അധികാരത്തിന്റെ ഭാഗമായി പൊതുവെ അംഗീകരിക്കപ്പെട്ടു. മാദ്ധ്യമ ഉടമകളിലും മാദ്ധ്യമ
പ്രവർത്തകരിലും ഒരു വിഭാഗം തങ്ങൾ അധികാരത്തിന്റെ ഭാഗമാണെന്നു വിശ്വസിച്ചുകൊണ്ട്
അവരുടേതായ രീതിയിൽ അധികാരം ഉപയോഗിക്കാനും സന്നദ്ധരായി. ചിലപ്പോൾ വിശാല
സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി അതുപയോഗിച്ചെങ്കിൽ മറ്റ് ചിലപ്പോൾ അതിനു വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നത്.
ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാം ബെൽ പെൻസിൽവേനിയയിലെ
ഒരു കൊച്ചു നഗരത്തിൽ നിന്ന് അടുത്തുള്ള മറ്റൊരു കൊച്ചു നഗരത്തിലേക്ക് കമ്പി
വലിച്ചു കെട്ടി, ഒരിടത്തിരുന്ന് മറ്റേ സ്ഥലത്തിരിക്കുന്ന സുഹൃത്തുമായി
സംസാരിച്ചുകൊണ്ടാണ് സംവിധാനത്തിന്റെ പ്രായോഗികത തെളിയിച്ചത്. അന്ന് അതിന്റെ
സാദ്ധ്യതകൾ പൂർണ്ണമായി മനസിലാക്കാൻ മാർക് ട്വൈൻ എന്ന എഴുത്തുകാരനായില്ല. ഈ രണ്ട്
കൊച്ചു നഗരങ്ങളിലെ ആളുകൾക്ക് തമ്മിൽ പറയാൻ അതിനും മാത്രം കാര്യങ്ങളുണ്ടോയെന്ന്
അദ്ദേഹം ചോദിച്ചു. വ്യക്തികളെ മാത്രമല്ല സ്ഥാപനങ്ങളെയും രാജ്യങ്ങളെയും
ബന്ധിപ്പിച്ചുകൊണ്ട് ടെലിഫോൺ സാദ്ധ്യമാക്കിയ പുരോഗതി വിഭാവന ചെയ്യാൻ അദ്ദേഹത്തിന്
കഴിഞ്ഞില്ല. നാം നോക്കിനിൽക്കെ വേൾഡ് വൈഡ് വെബ് അത് വികസിപ്പിച്ചവരുടെ
കണക്കുകൂട്ടലുകൾ മറികടന്നു ഏറെ മുന്നോട്ടു പോയിരിക്കുന്നു. കോളെജ് വിടുന്ന
യുവതീയുവാക്കൾക്ക് പരസ്പരം ബന്ധപ്പെടാനായി സുക്കർബർഗ് രൂപകല്പന ചെയ്ത ഫേസ്‌ബുക്ക്
അദ്ദേഹം വിചാരിക്കാഞ്ഞ തരത്തിൽ വളർന്നിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ
ഉപയോഗിച്ച് ആഗോളതലത്തിൽ വളർന്ന ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ
സംരംഭങ്ങളുടെ വളർച്ച അവയുടെ ഉടമകളെ അതിസമ്പന്നരാക്കിയിരിക്കുന്നു. ഭരണാധികാരികൾ
അവരുടെ സഹായം തേടുന്നു. ഇവരാകുമോ ഇനി ഭരണകൂടങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമ
ഭീകരന്മാർ?
പത്രങ്ങളിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിൽ
ആദ്യം എത്തിയത് ഉടമകളാണ്. കാലക്രമത്തിൽ സെലിബ്രിറ്റി പത്രപ്രവർത്തകർ ഉയർന്നു
വരികയും അവരും അധികാരവ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തു. സെലിബ്രിറ്റികളെ സൃഷ്ടിക്കാൻ
പത്രത്തേക്കാൾ കഴിവ് ടെലിവിഷനുണ്ട്. അതുകൊണ്ടു അധികാരവ്യവസ്ഥയിൽ ടിവി അവതാരകർ വളരെ
വേഗം സ്ഥാനം നേടി. അമേരിക്കയിലെ വില്യം റാൻഡോൾഫ് ഹേഴ്സ്റ്റ്, ബ്രിട്ടനിലെ ലോർഡ്
ബീവർബ്രൂക്, ഇറ്റലിയിലെ സിൽവിയൊ ബർലുസ്കോണി തുടങ്ങിയവർ അധികാര വ്യവസ്ഥയിൽ സ്ഥാനം
നേടിയ മാദ്ധ്യമ ഉടമകളാണ്. നമ്മുടെ രാജ്യത്തും മാദ്ധ്യമശക്തി യുടെ ബലത്തിൽ അധികാര
രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയ നിരവധിയാളുകളുണ്ട്. ആദ്യം മദ്രാസിൽ നിന്ന് കോൺഗ്രസ്
ടിക്കറ്റിലും പിന്നീട് മദ്ധ്യ പ്രദേശിൽ നിന്ന് ജനസംഘം ടിക്കറ്റിലും ലോക്
സഭയിലെത്തിയ റാം നാഥ് ഗോയങ്ക, ആന്ധ്ര പ്രദേശിൽ എൻ.ടി. രാമ റാവുവിന്റെ തെലുങ്ക്
ദേശത്തെ ഒരു കൊല്ലത്തിൽ അധികാരത്തിലേറ്റിയ ഈനാട് പത്ര ഉടമ രാമോജി റാവു എന്നിവർ
അക്കൂട്ടത്തിൽ പെടുന്നു. പലരും ഉടമകളും തിരശ്ശീലക്കു പിന്നിൽ നിന്നതേയുള്ളു. എന്നാൽ
അവരുടെ കൂട്ടത്തിൽ മന്ത്രിപദം കരസ്ഥമാക്കിയവരുമുണ്ട്. അമേരിക്ക മുതൽ കേരളം വരെ
നീളുന്ന മാദ്ധ്യമ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന റൂപർട്ട് മർഡോക്കിന്റെ സ്വാധീനം
പല രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഒരു മർഡോക്ക് പത്രം ബ്രിട്ടനിൽ നിയമം
കയ്യിലെടുത്തു ചെയ്ത പ്രവൃത്തികൾ ഈയിടെ ഒരു അന്വേഷണത്തിലൂടെ പുറത്തു വരികയുണ്ടായി.
നമ്മുടെ രാജ്യത്തെ ചില മാദ്ധ്യമപ്രവർത്തകർക്ക് അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം
കുപ്രസിദ്ധമായ റാഡിയാ ടേപ്പുകളിലൂടെ വെളിപ്പെട്ടിരുന്നു.
പുതിയ സാങ്കേതികവിദ്യ
ഗർഭാവസ്ഥയിലിരിക്കുമ്പോഴാണ് മാർഷൽ മൿലൂഹൻ ആഗോള ഗ്രാമത്തിന്റെ പിറവി പ്രവചിച്ചത്.
മാദ്ധ്യമപ്രവർത്തകർ “ഞങ്ങൾ കേവലം സന്ദേശവാഹകരാണ്, ഞങ്ങളെ കൊല്ലരുതേ” എന്ന്
വിളിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ മാദ്ധ്യമം തന്നെയാണ് സന്ദേശം എന്ന് അദ്ദേഹം
പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വാക്കുകളെ വേദവാക്യങ്ങളായി കരുതിക്കൊണ്ട് മാദ്ധ്യമപ്രവർത്തകർ
അവ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ വചനങ്ങൾ ഉയർത്തിയ
പ്രതീക്ഷയും ഭയാശങ്കകളും പുന:പരിശോധിക്കേണ്ട സമയമായി. അതിനായി ചില ചോദ്യങ്ങൾ നമുക്ക്
ഉന്നയിക്കാം. മാദ്ധ്യമം സന്ദേശമാണോ? അതോ വിനോദമാണോ? പുതിയ സാങ്കേതികവിദ്യ ലോകത്തെ
മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ അത് വൈവിധ്യങ്ങളെ
ഇല്ലാതാക്കി ലോകത്തെ ഒരു ഗ്രാമമാക്കി ചുരുക്കിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം
കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണ്. എന്നാൽ, ഏറ്റക്കുറച്ചിലോടെ ആണെങ്കിലും, എല്ലാ
രാജ്യങ്ങൾക്കും എല്ലാ വിഭാഗം ജനങ്ങൾക്കും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ
കഴിയുന്നതുകൊണ്ട് ലോകം ഒരു ആഗോള ഗ്രാമത്തലവന്റെ കീഴിൽ അമരാനുള്ള സാദ്ധ്യത കുറവാണെന്നു
തോന്നുന്നു.
നവമാദ്ധ്യമങ്ങളുടെ സ്വഭാവം, പ്രത്യക്ഷത്തിൽ
തന്നെ, പത്രങ്ങളുടെയും ടെലിവിഷന്റെയും സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമാണ്. അച്ചടി-ദൃശ്യ
മാദ്ധ്യമങ്ങൾ ഉയർന്ന തലങ്ങളിൽ നിന്നുകൊണ്ട് കീഴ്‌തലങ്ങളിൽ നിൽക്കുന്ന
വായനക്കാരോടും പ്രേക്ഷകരോടും സംസാരിക്കുന്നു. തങ്ങൾക്ക് തിരിച്ചു
സംസാരിക്കാനാവില്ലെന്ന് വായനക്കാരും പ്രേക്ഷകരും മനസിലാക്കുകയും ചെയ്യുന്നു. ഈ
സാഹചര്യം മാദ്ധ്യമ ഉടമകൾക്ക് അവരെ രാഷ്ട്രീയ സാമ്പത്തിക വിപണികളിൽ വിറ്റ്
കാശാക്കാൻ അവസരം നൽകുന്നു. നവമാദ്ധ്യമങ്ങളിൽ ഉടമ ജനങ്ങളോട് സംസാരിക്കുകയല്ല, ജങ്ങൾ
തമ്മിൽ സംസാരിക്കുകയാണ് ചെയ്യുന്നത്. ആ ഇടപെടലിൽ ഒരാൾ മുകളിലും മറ്റുള്ളവർ
താഴെയുമല്ല. എല്ലാവരും ഒരേ തലത്തിൽ നിൽക്കുകയാണ്.
നവമാദ്ധ്യമങ്ങൾ ഉപയോഗിച്ചുള്ള
ഇടപെടലുകൾ അടുത്ത കാലത്ത് ചില രാജ്യങ്ങളിൽ രാഷ്ട്രീയമാറ്റങ്ങൾക്ക്
വഴിതെളിക്കുകയുണ്ടായി. അധികാരത്തിന്റെ ഭാഗമല്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക്
രാഷ്ട്രീയ രംഗത്ത് അവയുടെ സഹായത്തോടെ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് ആ സംഭവങ്ങൾ
തെളിയിച്ചു. എന്നാൽ സാമ്പ്രദായിക അധികാരകേന്ദ്രങ്ങൾക്ക് വളരെ വേഗം
തിരിച്ചുവരാനായി. ഇത് നവമാദ്ധ്യമ ഇടപെടലിന്റെ പരിമിതി വെളിപ്പെടുത്തുന്നു..
നവമാദ്ധ്യമങ്ങളുടെ ശക്തി
നിലനിൽക്കുന്നത് അവയുടെ സ്വാതന്ത്ര്യത്തിലാണ്. അവിടെ സാധാരണ ജനങ്ങൾക്ക് നേരിട്ടു
ചെന്ന് അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്നു. ഇതിനൊരു മറുവശമുണ്ട്. അത് ആർക്കും
കയറി ചെന്ന് എന്തും പറയാമെന്നതാണ്. ഈ സാഹചര്യത്തിൽ ആശയസംവാദം മാന്യവും
ആരോഗ്യകരവുമായ രീതിയിൽ മുന്നോട്ടു പോകുന്നു എന്നുറപ്പാക്കാനാവില്ല. ഇന്ത്യയിലെ
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പൊലീസിന് നവമാദ്ധ്യമ പ്രവർത്തനത്തിൽ ഇടപെടാൻ വിപുലമായ അധികാരം
നൽകുന്നു.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ ആ
അധികാരം ദുർവിനിയോഗം ചെയ്ത നിരവധി സംഭവങ്ങൾ ഇതിനകം റിപ്പോർട്ടു
ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ഇനിയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത
ഒരു അപകടവും ഈ മേഖലയിൽ ഒളിച്ചിരിപ്പുണ്ട്. അത് നവമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ
പ്രവർത്തനം അവരുടെ അറിവൊ സമ്മതമൊ കൂടാതെ നിരീക്ഷിക്കുവാനും അവരെ സംബന്ധിച്ച
വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുവാനും ഉടമകൾക്കു മാത്രമല്ല മറ്റുള്ളവർക്കും അവസരം ലഭിക്കുന്നു
എന്നതാണ്. സേവനദാതാക്കൾ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്
പരസ്യക്കാർക്ക് നൽകുന്നു. ഭരണാധികാരികൾക്കും ആ വിവരങ്ങൾ ലഭ്യമാകുന്നു.
ശത്രുക്കൾക്ക് അവ ചോർത്തിയെടുക്കാനും കഴിയുന്നു. ചുരുക്കത്തിൽ, നമുക്ക്
സ്വാതന്ത്ര്യം നൽകുന്നുവെന്ന് നാം കരുതുന്ന സംവിധാനം നമ്മെ ചൂഷണം ചെയ്യാനും അടിമകളാക്കി
മാറ്റാനും കൂടി കഴിയുന്ന ഒന്നാണ്.
(തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളെജ് മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം “നവമാദ്ധ്യമങ്ങൾ: ജനകീയതയും വിശ്വാസ്യതയും” എന്ന വിഷയത്തിൽ 2014 ഒക്ടോബർ 9, 10 തീയതികളിൽ സംഘടിപ്പിച്ച യു.ജി.സി. ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചത്)
മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 10, 2014