Friday, May 27, 2016

തെരഞ്ഞെടുപ്പു ഫലത്തിന്റെ അർത്ഥതലങ്ങൾ
ബി.ആർ.പി. ഭാസ്കർ
ജനശക്തി

മുദ്രാവാക്യങ്ങളെല്ലാം കേട്ട ശേഷം കേരള ജനത അഴിമതിയുടെ വികസനം വേണ്ടെന്നു തീരുമാനിച്ചു. പുതിയ വഴികാട്ടികൾ വേണ്ടെന്നും വെച്ചു. കഴിഞ്ഞ 36 വർഷമായി ഓരോ തെരഞ്ഞെടുപ്പിലും ചെയ്തതു പോലെ അവർ ഭരണ മുന്നണിയെ തഴഞ്ഞ് എതിർ മുന്നണിയെ അധികാരത്തിലേറ്റി. അങ്ങനെ എൽ.ഡി. എഫ് വന്നു  ഇനി എല്ലാം ശരിയാകാനുള്ള കാത്തിരിപ്പ്.

ഇത്തവണ എല്ലാം പഴയ പോലെയല്ല നടന്നത്. ഒരിടത്ത് ബി.ജെ.പിയുടെ താമര വിരിഞ്ഞു. അങ്ങനെ നിയമസഭയിൽ ആ കഷിക്ക് ആദ്യമായി പ്രാതിനിധ്യം ലഭിച്ചു. ഏഴിടങ്ങളിൽ അതിന്റെ സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തി. ഒരിടത്ത് വെറും 89 വോട്ടിനാണ് അതിന് സീറ്റ് നഷ്ടപ്പെട്ടത്.  യു.ഡി.എഫിന്റെയൊ എൽ.ഡി.എഫിന്റെയൊ ഭാഗമായി നേരത്തെ നിയമസഭകളിലെത്തിയ പി.സി. ജോർജ് എന്ന ഒറ്റയാൻ ഉത്തവണ ഒരു മുന്നണിയുടെയും  പിന്തുണ ഇല്ലാതെ ജയിച്ചു. എൽ.ഡി.എഫിന് അവിടെ ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നെങ്കിലും താനാണ് യഥാർത്ഥ എൽ.ഡി. എഫ് സ്ഥാനാർത്ഥിയെന്ന അവകാശവാദം നാട്ടുകാർ വിശ്വസിച്ചിരിക്കാം. ഏതായാലും ഈ രണ്ടുപേരുടെയും വിജയത്തെ ഇരുമുന്നണി സമ്പ്രദായം തകരുന്നതിന്റെെ തെളിവായി കാണാനാകില്ല. എന്നാൽ അതിനെ തകർക്കാനാകുമെന്ന് അവ സൂചിപ്പിക്കുന്നു.

യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസ്  തകർച്ചയുടെ പാതയിലാണ്. യഥാർത്ഥത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ അത് പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് അതിന്റെ 81 സ്ഥാനാർത്ഥികളിൽ പകുതിയിലധികവും തോറ്റു. യു.ഡി.എഫ് 72 സീറ്റോടെ ജയിക്കുകയും കോൺഗ്രസിന് 38 സീറ്റോടെ ആ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം നിലനിർത്താൻ കഴിയുകയും ചെയ്തതുകൊണ്ട് അന്നത്തെ പരാജയം വലിയ ശ്രദ്ധ നേടിയില്ല. കൂടുതൽ കനത്ത പരാജയമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. മത്സരരംഗത്തുണ്ടായിരുന്ന 87 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 22 പേർ മാത്രമാണ് ജയിച്ചത്. മുന്നണിയിലെ അടുത്ത വലിയ കക്ഷിയായ മുസ്ലിം ലീഗിനേക്കാൽ നാലു സീറ്റ് മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ കൂടുതലായുള്ളത്. ഇനിയും താഴോട്ടു പോയാൽ കോൺഗ്രന്റെയും ഒപ്പം യു.ഡി.എഫിന്റെയും കഥ കഴിയും. എ. കെ. ആന്റണിയിൽ നിന്ന് ‘എ’ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയും കെ.കരുണാകരന്റെ തകർന്ന ‘ഐ’ ഗ്രുപ്പ് പുന:സംഘടിപ്പിച്ച് പാർട്ടിക്കുള്ളിലെ തന്റെ സ്ഥാനം ഭദ്രമാക്കിയ രമേശ് ചെന്നിത്തലയും കൂടി പാർട്ടിയെ ഈ പതവത്തിലാക്കിയെന്ന വസ്തുത അണികളും കേന്ദ്ര സംസ്ഥാന നേതാക്കളും മനസിലാക്കിയ ലക്ഷണമില്ല.

ഇത്രകാലവും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി. ഇത്തവണ എൻ.ഡി.എ സഖ്യവുമായാണ് രംഗപ്രവേശം ചെയ്തത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻ‌കൈയെടുത്ത് അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ രൂപീകരിച്ച ഭാരത് ധർമ്മ ജന സേന എന്ന കക്ഷിയായിരുന്നു കേരളത്തിലെ എൻ.ഡി.എയിൽ ബി.ജെ.പിയുടെ മുഖ്യ കൂട്ടാളി. യോഗം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പു രംഗത്തിറങ്ങുമെന്ന് ഏറെ നാളായി ഭീഷണി മുഴക്കിയിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ വെള്ളാപ്പള്ളി ധൈര്യപ്പെട്ടത് മോദിയുടെ അനുഗ്രഹം ലഭിച്ച ശേഷമാണ്. നമ്പൂതിരീ മുതൽ നായാടി വരെയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഹിന്ദു പാർട്ടിയായാണ് ബി.ഡി.ജെ.എസ്. രൂപകല്പന ചെയ്യപ്പെട്ടത്. പേരിലെ ഭാരത, സേന പരാമർശങ്ങൾ സംഘടനയുടെ ഹിന്ദുത്വ സ്വഭാവം വെളിപ്പെടുത്തുന്നു. ബി.ജെ.പി. 36 സീറ്റുകൾ അതിന് വിട്ടുകൊടുത്തു. യോഗക്ഷേമ സഭയുടെയും പുലയ മഹാസഭയുടെയും നേതാക്കളും ബി.ഡി.ജെ.എസ് പട്ടികയിലുണ്ടായിരുന്നെങ്കിലും അതിന്റെ സ്ഥാനാർത്ഥികളിലേറെയും വെള്ളാപ്പള്ളി ഭക്തരായ എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളായിരുന്നു. ഒരു സ്ഥാനാർത്ഥി പോലും ജയിച്ചില്ലെന്നു മാത്രമല്ല ഒരു മണ്ഡലത്തിലും അതിന് രണ്ടാം സ്ഥാനത്ത് എത്താനുമായില്ല. ബി.ഡി.ജെ.എസ് എട്ടുമിലയിൽ പൊട്ടിയതോടെ യോഗത്തിന്റെ മേലുള്ള വെള്ളാപ്പള്ളിയുടെ ആധിപത്യമുപയോഗിച്ച് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു ജാതി സമൂഹമായ ഈഴവരുടെ പിന്തുണ നേടാമെന്ന മോദിയുടെയും ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷായുടെയും പദ്ധതി പൊളിഞ്ഞിരിക്കുകയാണ്.

ജനസംഘത്തിന്റെ കാലത്തു തന്നെ ഹിന്ദൂത്വചേരി ഈഴവ സമൂഹത്തിൽ കണ്ണു നട്ടിരുന്നു. ജനസംഘത്തിന്റെ ദേശീയ സമിതി 1970കളിൽ കോഴിക്കോട്ട് ചേർന്നപ്പോൾ വേദിയിൽ ഒരു പടമേ ഉണ്ടായിരുന്നുള്ളു. അത് ശ്രീനാരായണ ഗുരുവിന്റേതായിരുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന ഗുരുവിന്റെ നവോത്ഥാന സങ്കല്പമാണ്  ഇവിടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ ഇത്രകാലവും തടഞ്ഞു നിർത്തിയത്. ആ സാഹചര്യം തിരുത്തിക്കുറിക്കുവാൻ വെള്ളാപ്പള്ളിയുടെ സ്വാർത്ഥതാല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഗുരുവിന്റെ ഉദാത്തമായ ആശയങ്ങളിലൂടെ പുരോഗമന സ്വഭാവം ആർജിച്ച സമുദായം രാഷ്ട്രീയരംഗം ചടുലമായപ്പോൾ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ആദ്യം കോൺഗ്രസിന്റെയും പിന്നീട് കൂടുതൽ പുരോഗമന സ്വഭാവമുള്ളതായി അവർ കണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിന്നിൽ അണിനിരന്നു. ദീർഘകാലം യോഗത്തിന്റെ സാരഥിയായും കോൺഗ്രസിന്റെ മുൻ‌നിര നേതാവുമായിരുന്ന ആർ.ശങ്കറെ  തെക്കൻ കേരളത്തിലെ ഈഴവർക്ക് സംഖ്യാബലമുള്ള മണ്ഡലങ്ങലിൽ ഇടതു പക്ഷത്തെ യുവ സ്ഥാനാർത്ഥികൾക്ക് പരാജയപ്പെടുത്താനായത് അതുകൊണ്ടാണ്. പ്രഗത്ഭനായ ശങ്കർ പരാജയപ്പെട്ടിടത്ത് വെള്ളാപ്പള്ളി നടേശൻ എങ്ങനെ വിജയിക്കും? സമീപ കാലത്ത് യോഗേന്ദ്ര യാദവ് നടത്തിയ തെരഞ്ഞെടുപ്പു പഠനങ്ങളനുസരിച്ച് 65 ശതമാനം ഈഴവ വോട്ടുകൾ എൽ.ഡി.എഫിനാണ് ലഭിക്കുന്നത്. യു.ഡി.എഫിനെപ്പോലെ എൽ.ഡി.എഫും സംഘടിത സ്ഥാപിത താല്പര്യങ്ങളെ പ്രീണിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇടതു അനുഭാവികളിൽ പ്രകടമായിട്ടുള്ള അതൃപ്തി മുതലെടുക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. താഴേത്തട്ടുകളിൽ അതൃപ്തിയുണ്ടെന്നത് യാഥാർത്ഥ്യമാണ്. ബി.ഡി.ജെ.എസിന്റെ പ്രകടനം വെള്ളാപ്പള്ളിയെ പരിഹാരമാർഗ്ഗമായി സമൂദായം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നു.

ഓരോ കക്ഷിക്കും ലഭിച്ച വോട്ടിന്റെ കൃത്യമായ കണക്ക് കിട്ടാൻ സമയമെടുക്കും. എന്നാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള പ്രാഥമിക വിവരത്തിൽ നിന്നു തന്നെ എൽ.ഡി.എഫിന്റെ വിജയവും യു.ഡി.എഫിന്റെ പരാജയവും സംഭവിച്ചതെങ്ങനെയെന്ന് മനസിലാക്കാനാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 45.83 ശതമാനം വോട്ടോടെയാണ് യു.ഡി.എഫ് 72 സീറ്റ് നേടിയത്. എൽ.ഡി.എഫ് 45.19 ശതമാനം വോട്ടും 68 സീറ്റുമായി തൊട്ടു പിന്നിലുണ്ടായിരുന്നു. ബി.ജെ.പിക്ക് കിട്ടിയത് 6.06 ശതമാനം. ഇത്തവണ എൽ.ഡി.എഫിന് 43.31 ശതമാനം വോട്ട് കിട്ടി. അതായത് അതിന്റെ വോട്ടു വിഹിതം കൂടുകയല്ല 1.88 ശതമാന പോയിന്റ് കുറയുകയാണുണ്ടായത്. എന്നിട്ടും എൽ.ഡി.എഫിന് അധികാരം കിട്ടിയത് യു.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ അതിലും വലിയ കുറവുണ്ടായതുകൊണ്ടാണ്. അതിന് കിട്ടിയത് 38.86 ശതമാനം മാത്രം. അതിന്റെ നഷ്ടം 6.97 ശതമാന പോയിന്റ്.

രണ്ട് മുന്നണികൾക്കും കൂടി നഷ്ടമായത് 8.85 ശതമാനം വോട്ടാണ്. അത് മൊത്തത്തിൽ എൻ.ഡി.എക്ക് പോയി. അതിന്റെ വോട്ട് വിഹിതം 6.06 ശതമാനത്തിൽ നിന്ന് 15.01 ശതമാനമായി ഉയർന്നു – 8.95 ശതമാന പോയിന്റിന്റെ വർദ്ധനവ്. വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിയുടെ വോട്ടു വിഹിതത്തിലുണ്ടായ വർദ്ധനവിൽ ചെറിയ പങ്കെ അവകാശപ്പെട്ടിട്ടുള്ളു. വിനയത്തോടെയുള്ള ആ അവകാശവാദം നിഷേധിക്കേണ്ടതില്ല. പക്ഷെ വെള്ളാപ്പള്ളി എൻ.ഡി.എയിലേക്ക് തിരിച്ചുവിട്ടത് ആരുടെ വോട്ടാണ്? അത് ഇടതു അനുഭാവികളായ ഈഴവരുടേതാകില്ല. ഏതായാലും എൽ.ഡി.എഫിന്റെ നഷ്ടം ചെറുതായതുകൊണ്ട് ആ വിഭാഗത്തെ സ്വാധീനിച്ചെങ്കിൽ തന്നെ തീരെ ചെറിയ തോതിൽ മാത്രമാകണം. അതായത് വെള്ളാപ്പള്ളി ഈഴവ വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ തന്നെ കൂടുതൽ നഷ്ടം സംഭവിച്ചത് യു.ഡി.എഫിനാകാനാണിട.

ബി.ഡി.ജെ.എസിന്റെ പിന്തുണ സഹായകമായെന്നാണ്  ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. എൻ.ഡി.എയിലേക്ക് വെള്ളാപ്പള്ളി ഈഴവ വോട്ടുകൾ തിരിച്ചുവിട്ടതുമൂലമുണ്ടായ നഷ്ടം സി.പി.എം മറ്റ് വിഭാഗങ്ങളിൽ നിന്ന്  പിന്തുണ നേടി നികത്തിയെന്നാണ് അവരുടെ പക്ഷം. ഈ വാദം പൂർണ്ണമായും തള്ളിക്കളയാനാവില്ല. ന്യൂനപക്ഷ പിന്തുണ ലക്ഷ്യമിട്ട് മലപ്പുറത്തും ഇടുക്കിയിലും മറ്റും എൽ.ഡി.എഫ്  നടത്തിയ പരീക്ഷണങ്ങൾ  വിജയിച്ചെങ്കിൽ തീർച്ചയായും അതിന്റെ പരമ്പരാഗത വോട്ടിൽ സമാനമായ അളവിൽ നഷ്ടവും ഉണ്ടായിരിക്കണം.

ഈ തെരഞ്ഞെടുപ്പു ഫലത്തിൽ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷക്കു വക നൽകുന്ന ചിലതുമുണ്ട്. അത് മുന്നണികൾ ചിറകിനടിയിൽ നിർത്തി സംരക്ഷിക്കാൻ ശ്രമിച്ച ചെറിയ  കക്ഷികളുടെ ഭാഗങ്ങളുടെ  അന്തർദ്ധാനമാണ്. എൽ.ഡി.എഫ് എട്ടു സീറ്റു നൽകിയ  കേരളാ കോൺഗ്രസ് (ഡി), കേ.കോ (സ്കറിയ) എന്നിവയ്ക്കും യു.ഡി.എഫ് 13 സീറ്റ് നൽകിയ ജനതാ ദൾ (യു), ആർ.എസ്.പി., സി.എം.പി. (ജോൺ) എന്നിവയ്ക്കും ഒരു സീറ്റും നേടാനായില്ല. ഈ അനുഭവത്തിൽ നിന്ന് ഈർക്കിൽ പാർട്ടികളെ ഒഴിവാക്കി മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം മുന്നണികളെ നയിക്കുന്നവർ സംഭരിക്കണം. അധികാരം നേടാൻ അവർ കാലാകാലങ്ങളിൽ സ്വീകരിച്ച സമീപനങ്ങളാണ് കേരളത്തിൽ വർഗീയതകളെ വളർത്തിയതെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ തിരുത്തൽ നടപടികളെടുകാനും അവർ തയ്യാറാകണം.(മേയ് 20, 2016) (ഹനശക്തി, മേയ് 16-31,2016)

Wednesday, May 25, 2016

പുതിയ തുടക്കത്തിന്റെ സൂചനകൾ

ബി ആർ പി ഭാസ്കർ
ജനയുഗം

കേവലം 31 ശതമാനം വോട്ടുകൊണ്ട്‌ അധികാരത്തിലെത്താൻ കഴിയുന്ന ഒരു ജനാധിപത്യ സംവിധാനമാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. അതുകൊണ്ട്‌ തെരഞ്ഞെടുപ്പു വിജയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജനഹിതം നിർണയിക്കാനാവില്ല. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിൽ നിന്ന്‌ ഒരു കാര്യം വ്യക്തമാകുന്നു. കേരളത്തിലെ ജനങ്ങൾ യുഡിഎഫ്‌ ഭരണം തുടരാൻ ആഗ്രഹിച്ചില്ല. അഞ്ചു കൊല്ലം മുമ്പ്‌ 45.8 ശതമാനം വോട്ടോടെ അധികാരത്തിലേറിയ മുന്നണി ഒരവസരം കൂടി ആവശ്യപ്പെട്ടപ്പോൾ 37.8 ശതമാനം വോട്ടർമാരെ പിന്തുണച്ചുള്ളു. എന്നാൽ യുഡിഎഫിനെ കൈവിട്ടവരെല്ലാം എൽഡിഎഫിനെ പിന്തുണച്ചില്ല. എൽഡിഎഫ്‌ വോട്ടു വിഹിതം കൂടുകയല്ല, 45.19 ശതമാനത്തിൽ നിന്ന്‌ 43.31 ശതമാനമായി കുറയുകയാണുണ്ടായത്‌. ബിജെപിയുടെ വോട്ടു വിഹിതം മാത്രമാണ്‌ കൂടിയത്‌. കഴിഞ്ഞ തവണ 6.06 ശതമാനം വോട്ടാണ്‌ അത്‌ നേടിയത്‌. ഇത്തവണ അതിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക്‌ 15.01 ശതമാനം വോട്ട്‌ ലഭിച്ചു. നവോത്ഥാന സ്വാധീനത്തിൽ കേരളത്തിൽ വികസിച്ച മതനിരപേക്ഷ അന്തരീക്ഷം തടഞ്ഞു നിർത്തിയിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ വളരാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നത്‌ എൽഡിഎഫും യുഡിഎഫും മനസിലാക്കണം. വർഗീയതയുടെ വളർച്ച തടയാൻ നവോത്ഥാന മൂല്യങ്ങൾ തിരിച്ചു പിടിക്കേണ്ടതുണ്ട്‌.

ജനങ്ങൾ യുഡിഎഫിന്‌ ഭരണത്തുടർച്ച നിഷേധിച്ചുകൊണ്ട്‌ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയ സ്ഥിതിക്ക്‌ ഇനി എല്ലാം ശരിയാകണം. കേരളം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങൾ തനിയെ ഉണ്ടായവയല്ല. ഭരണകൂടങ്ങൾ തെറ്റായ നടപടികൾ സ്വീകരിച്ചതു കൊണ്ടാണ്‌ അവയുണ്ടായത്‌. അവ പോകണമെങ്കിൽ തെറ്റായ സമീപനം ഇല്ലാതാവുകയും ശരിയായ സമീപനം ഉണ്ടാവുകയും വേണം.

പുതിയ തുടക്കത്തിനുള്ള അവസരമാണ്‌ ജനങ്ങൾ എൽഡിഎഫിന്‌ നൽകിയിരിക്കുന്നത്‌. അത്‌ പ്രയോജനപ്പെടുത്താനുള്ള കഴിവ്‌ മുന്നണിക്കുണ്ടെന്ന്‌ തെരഞ്ഞെടുപ്പിനുശേഷമുള്ള സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു. എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട്‌, തെരഞ്ഞെടുപ്പു ഫലം വന്ന്‌ 24 മണിക്കൂറിനുള്ളിൽ സിപിഐഎം മുഖ്യമന്ത്രിയെ തീരുമാനിച്ചു. വി എസ്‌ അച്യുതാനന്ദനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പു ജയിച്ചശേഷം പ്രായത്തിന്റെ പേരിൽ അദ്ദേഹത്തെ മാറ്റി നിർത്തിയതിനെ ചിലർ അനീതിയായി കാണുന്നുണ്ട്‌. എന്നാൽ അച്ചടക്കമുള്ള കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ അദ്ദേഹം പാർട്ടി തീരുമാനത്തിനൊത്തു പോവുകയും നേരത്തെ അദ്ദേഹത്തെ തഴഞ്ഞപ്പോൾ സംഭവിച്ചതിൽ നിന്ന്‌ വ്യത്യസ്തമായി അണികളും അത്‌ സ്വീകരിക്കുകയും ചെയ്തു. മറ്റുള്ളവർ ഇനി അത്‌ ചർച്ചാവിഷയമാക്കേണ്ട കാര്യമില്ല. പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള അച്യുതാനന്ദന്റെ ഭിന്നതകൾ കഴിഞ്ഞ എൽഡിഎഫ്‌ മന്ത്രിസഭയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി വരുന്നതോടെ ഭരണസംവിധാനത്തിനും സംഘടനാസംവിധാനത്തിനും ഒറ്റമനസോടെ നീങ്ങാനാകും.

പിണറായി കർക്കശക്കാരനായ സംഘടനാ നേതാവായിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സിപിഐഎം ദുർബലമായപ്പോൾ അകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളെ മറികടന്നുകൊണ്ട്‌ കേരളത്തിലെ പാർട്ടിക്ക്‌ തുടർന്നും വളരാനായത്‌ അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിക്കുന്നു. പുതിയ പദവിയിൽ പാർട്ടി താൽപര്യങ്ങൾക്കപ്പുറം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാനുള്ള കടമ അദ്ദേഹത്തിനുണ്ട്‌. ആ കടമയെ കുറിച്ച്‌ പൂർണമായും ബോധവാനാണെന്ന സൂചനയാണ്‌ സ്ഥാനമേൽക്കുന്നതിനു മുമ്പ്‌, വി എസിനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കൂടാതെ, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സന്ദർശിച്ച്‌ ആശയവിനിമയം നടത്തുക വഴി അദ്ദേഹം നൽകിയത്‌. ആർക്കെങ്കിലും അക്കാര്യത്തിൽ സന്ദേഹമുണ്ടെങ്കിൽ തന്റെ സർക്കാർ എല്ലാവരെയും ഉൾക്കൊള്ളുന്ന ജനകീയ സർക്കാരായിരിക്കുമെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ അദ്ദേഹം തന്നെ അത്‌ നീക്കാൻ ശ്രമിച്ചിട്ടുണ്ട്‌.

മുൻകാല സമീപനങ്ങളുടെ ഫലമായി ഉയർന്നിട്ടുള്ളതും തിരുത്തപ്പെടേണ്ടതുമായ പല ദുഷ്പ്രവണതകളും നമ്മുടെ സമൂഹത്തിലുണ്ട്‌. അവയെ സത്യസന്ധമായി അഭിമുഖീകരിക്കാൻ കഴിയുന്ന നേതാവാണ്‌ പിണറായി വിജയൻ. നോക്കുകൂലി തെറ്റാണെന്ന്‌ പരസ്യമായി പറയാനുള്ള ആർജവം കാട്ടിയ നേതാവാണല്ലൊ അദ്ദേഹം. നാമമാത്ര പ്രാതിനിധ്യ പാരമ്പര്യം ഉപേക്ഷിച്ച്‌ പരിചയ സമ്പന്നരായ രണ്ട്‌ സ്ത്രീകളെ മന്ത്രിസഭയിലുൾപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം ഒരു നല്ല തുടക്കം കുറിച്ചിരിക്കുന്നു.

സാമൂഹികമായി വികസിത രാജ്യങ്ങൾക്കൊപ്പം എത്തിയിട്ടുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാൽ ഒരു ആധുനിക സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിന്‌ പര്യാപ്തമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമുക്കായിട്ടില്ല. അതിവേഗം നഗരവൽകരിക്കപ്പെടുന്ന നാടാണിത്‌. തീരദേശ മേഖലയിൽ വൻപാതകളുടെ ഇരുവശത്തുമായി പുതിയ നഗരങ്ങൾ ഉയരുന്നു, പഴയ നഗരങ്ങൾ വളർന്ന്‌ വൻനഗരങ്ങളാകുന്നു. ഗതാഗതം, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ നാം കുറച്ചു കാലമായി നേരിടുന്ന പ്രശ്നങ്ങൾ ഈ വസ്തുത തിരിച്ചറിഞ്ഞ്‌ നാഗരിക വികസനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായുണ്ടായവയാണ്‌ . ഇവിടെ നടക്കുന്ന തരത്തിലുള്ള, 500 കിലോമീറ്റർ നീളത്തിലുള്ള നഗരവത്കരണം ലോകത്ത്‌ മറ്റെങ്ങും നടന്നിട്ടില്ല. അതുകൊണ്ട്‌ അനുകരിക്കാവുന്ന മാതൃകകളില്ല.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിനെ ആസൂത്രണ കാര്യങ്ങളിൽ ഉപദേശിച്ച പ്രശസ്ത മാർക്സിസ്റ്റ്‌ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത്‌ പട്നായിക്‌ ഇന്ത്യയിലെ ഇടതുപക്ഷം ഒരു ബദൽ വികസന തന്ത്രം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടതായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. രാജ്യത്തിന്റെയോ ലോകത്തിന്റെയോ ഇതരഭാഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്‌ കേരളത്തിലെ സാഹചര്യങ്ങൾ. അതിനാൽ യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തിൽ പഠനങ്ങൾ നടത്തി നാം തന്നെ പദ്ധതികൾ ആവിഷ്കരിക്കണം. ആ ചുമതല നിർവഹിക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‌ കഴിയേണ്ടതാണ്‌.

‘ജിഷയ്ക്ക്‌ നീതി’ എന്നത്‌ സമീപകാലത്ത്‌ ഉച്ചത്തിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ്‌. അതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ ജിഷയുടെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നിലെത്തിച്ച്‌ ഉചിതമായ ശിക്ഷ നൽകുക എന്നതാണ്‌. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം ഒട്ടും തൃപ്തികരമല്ല. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടം സംബന്ധിച്ച പൊലീസ്‌ അന്വേഷണത്തിലും അപാകതകളുണ്ട്‌. പൊലീസ്‌ സംവിധാനത്തിൽ ജനങ്ങൾക്ക്‌ വിശാസമുണ്ടാകണമെങ്കിൽ ഇവ രണ്ടിലും വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകണം.

ജിഷ പ്രശ്നം ഒരേ സമയം സ്ത്രീപ്രശ്നവും ദളിത്‌ പ്രശ്നവുമാണ്‌. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതൊടൊപ്പം ദളിത്‌ വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളുമുണ്ടാകണം. പുറമ്പോക്കുകളിലും കോളനികളിലും കഴിയുന്ന ദളിത്‌ കുടുംബങ്ങളുടെ മാന്യമായ പുനരധിവാസത്തെ മുൻഗണനയർഹിക്കുന്ന വിഷയമായി സർക്കാർ കാണണം.

Wednesday, May 18, 2016

‘‘ശില്പ’ത്തോട് വിട പറയുമ്പോൾ


ഇത് ശില്പം. തിരുവനന്തപുരത്ത് 22 കൊല്ലം താമസിച്ച വീട്. ഇത്ര നീണ്ട കാലം ഞാൻ മറ്റൊരു വീട്ടിലും താമസിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിലേക്ക് താമസം മാറ്റിയശേഷം ശില്പം പൂട്ടിക്കിടക്കുകയാണ്. നവംബറിൽ ഒരു ചെറു സന്ദർശനത്തിനായി ഞാനും ഭാര്യയും തിരുവനന്തപുരത്ത് വന്നപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായി. നഗരം ദുരിതത്തിൽ നിന്ന് മോചിതമായ ശേഷം തിരിച്ചു പോയാൽ മതിയെന്നു ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ശില്പത്തിൽ വീണ്ടും മൂന്നു മാസം താമസിച്ചു. സാഹചര്യങ്ങൾ താമസം ചെന്നൈയിലേക്ക് മാറ്റാൻ നിർബന്ധിച്ചതിന്റെ ഫലമായി ഉപേക്ഷിക്കേണ്ടി വന്ന സൌഭാഗ്യത്തെ കുറിച്ച് അത് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.

ഉപജീവനമാർഗ്ഗമായി ഇംഗ്ലീഷ് പത്രപ്രവർത്തനം തെരഞ്ഞെടുത്തതിനെ തുടർന്ന് 1952ൽ കൊല്ലം നഗരം വിടുമ്പോൾ തന്നെ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കേരളത്തിലേക്ക് തിരിച്ചു വരണമെന്ന് മനസിലുറപ്പിച്ചിരുന്നു. വൻ‌നഗരങ്ങളിൽ ദീർഘകാലം കഴിഞ്ഞെങ്കിലും മാനസികമായി ഞാൻ ഒരു ‘ചെറുപട്ടണവാസി’ ആയി തുടർന്നു. ഡൽഹിയേക്കാളും മുംബായിയേക്കാളും ബംഗ്ലൂരിനേക്കാളും ശ്രീനഗർ എനിക്ക് പ്രിയങ്കരമായി. കൊല്ലം വിട്ട് ഒരു വർഷം കഴിഞ്ഞ് അവധിയിലെത്തിയപ്പോൾ വഴിയിൽ കണ്ടുമുട്ടിയവർ “എപ്പോൾ വന്നു?” എന്ന് അന്വേഷിക്കുകയുണ്ടായി. ശ്രീനഗരിലായിരുന്ന കാലത്തും നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അതേ അനുഭവമുണ്ടായി. അക്കാലത്ത് രണ്ടും എല്ലാവർക്കും എല്ലാവരെയും അറിയാവുന്ന കൊച്ചു പട്ടണങ്ങളായിരുന്നു. 

നാല്പതു കൊല്ലങ്ങൾക്കുശേഷം കേരളത്തിൽ തിരിച്ചെത്തിയത് ജീവിതത്തിന്റെ ഏറിയ പങ്കും സംസ്ഥാനത്തിന് പുറത്തു ജീവിച്ചയാളായാണ്. ആ കാലയളവിൽ ദരിദ്ര കേരളം സമ്പന്ന കേരളമായി മാറാൻ തുടങ്ങിയിരുന്നു. താമസം കൊല്ലത്തിന് പകരം തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള  ചെറുപട്ടണ സ്വഭാവമുള്ള ചെറുവയ്ക്കലിലാക്കി. അന്ന് അത് ഉള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. അവിടെ വീടു വെക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിച്ചു തന്നത് ഭാര്യയുടെ സഹോദരീഭർത്താവ് വി..എൻ.പി. പണിക്കർ ആണ്  സി.പി.എംകാരും ആർ.എസ്. എസുകാരും സ്ഥിരമായി വാൾപ്പയറ്റും കത്തിക്കുത്തും നടത്തുന്ന സ്ഥലമെന്ന ദുഷ്പേരുണ്ടായിരുന്നതു കൊണ്ട് ചെറുവയ്ക്കലിൽ ഭൂമി വില കുറവായിരുന്നു. എന്റെ ചെറിയ സമ്പാദ്യം കൊണ്ട് തിരുവനന്തപുരം നഗരത്തിനടുത്ത് മറ്റെങ്ങും സ്ഥലം വാങ്ങാൻ കഴിയുമായിരുന്നില്ല്ല. അതുകൊണ്ട് ചെറുവയ്ക്കലിന് ചീത്തപ്പേര് സമ്പാദിച്ചു കൊടുത്ത പ്രസ്ഥാനങ്ങളോട് എനിക്ക് വലിയ കടപ്പാടുണ്ട്.


ജോലിയിൽ നിന്ന് വിരമിച്ച എനിക്ക് ഭവന വായ്പ കിട്ടാൻ പ്രയാസമാകുമെന്നതുകൊണ്ട് മകൾ ബിന്ദു ഭാസ്കറിന്റെ പേരിലാണ് സ്ഥലം വാങ്ങിയത്.  ചെലവു കുറഞ്ഞ നിർമ്മാണ രീതി പ്രചരിപ്പിച്ച ലാറി ബേക്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് വലിയ തോതിൽ കെട്ടിട നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ നിർമ്മാണ ചുമതല ഏൽപിച്ചു. വർഷങ്ങൾക്കുശേഷം കേന്ദ്രം പത്മശ്രീ നൽകി അദേഹത്തെ ആദരിച്ചു.

ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ശങ്കർ പ്ലാൻ തയ്യാറാക്കി..പറമ്പിലെ എട്ടു തെങ്ങുകളിലൊന്നുപോലും  മുറിക്കാതിരിക്കാൻ അദ്ദേഹം ചില ചുവരുകൾ വളച്ചു. ഒരു തെങ്ങ് അല്പം മാറ്റി വെച്ചു. ബിന്ദു അന്ന് ഫ്രണ്ട്‌ലൈനിന്റെ കേരളത്തിലെ പ്രതിനിധിയായിരുന്നു.  ശങ്കർ പ്ലാനിൽ എനിക്കും മകൾക്കും പ്രത്യേക പഠനമുറികൾക്ക് വ്യവസ്ഥ ചെയ്തു. പ്ലാൻ ഞങ്ങൾക്ക് ഇഷ്ടമായി. പണി തുടങ്ങുന്നതിനു മുമ്പ് തന്നെ എന്റെ ഭാര്യ വീടിന് ശില്പം എന്ന പേരു നിർദ്ദേശിച്ചു. മകൾക്ക്ം എന്നിക്കും അത് ഇഷ്ടപ്പെട്ടു. .

“നമുക്ക് പണി തുടങ്ങണ്ടേ?” ഒരു ദിവസം ശങ്കർ ചോദിച്ചു. പണം സ്വരൂപിക്കാൻ കൂടുതൽ സമയം വേണമെന്ന് ഞാൻ പറഞ്ഞു. “ഇപ്പോൾ കയ്യിൽ എന്തുണ്ട്?” എന്നായിരുന്നു അടുത്ത ചോദ്യം. എന്റെ ഉത്തരം കേട്ടപ്പോൾ അദേഹം പറഞ്ഞു: “ഫൌണ്ടേഷൻ കെട്ടാൻ അത് മതി. നമുക്ക് തുടങ്ങാം.“ അങ്ങനെ 1992 അവസാനം പണി തുടങ്ങി. എന്റെ മനസിൽ അപ്പോൾ പണി ഇടയ്ക്ക് മുടങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഭാഗ്യവശാൽ അതുണ്ടായില്ല. ഒക്ടോബർ 1993ന് ഞങ്ങൾ ശില്പത്തിൽ  താമസം തുടങ്ങി. അവിടാത്തെ താമസം അതീവ സന്തോഷകരമായിരുന്നു. 

ചെറുവയ്ക്കലിലെ താമസത്തിനിടയിൽ പൊതുവിൽ കേരളത്തിലെയും പ്രത്യേകിച്ച് ആ പ്രദേശത്തെയും മാറുന്ന സാഹചര്യങ്ങൾ പഠിക്കുവാനും ചെറിയ തോതിൽ മാറ്റത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. ചെറുവയ്ക്കലിലെ സി.പി.എം-ആർ.എസ്.എസ് സംഘട്ടനങ്ങൾ നിലച്ചു. ഉള്ളൂർ പഞ്ചായത്ത് തിരുവനന്തപുരം മഹാനഗരത്തിൽ ലയിച്ചു. ഭൂമി വില കൂടിയപ്പോൾ ചിലർ അവിടത്തെ സ്ഥലം വിറ്റിട്ട് കുറഞ്ഞ വിലയ്ക്ക് ഭൂമി കിട്ടുന്ന ദൂരസ്ഥലങ്ങളിലേക്ക് നീങ്ങി. അവരുടെ സ്ഥലം വാങ്ങിയവർ വലിയ വീടുകൾ പണിതു. അങ്ങനെ അത് തലമുറകളായി താമസിക്കുന്നവരും പുതുതായി വന്ന മദ്ധ്യവർഗ്ഗത്തിൽ പെട്ടവരുമുള്ള ഒരു പ്രദേശമായി മാറി. ഇരുവിഭാഗങ്ങളുമുൾപ്പെടുന്ന റസിഡന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. അസോസിയേഷന്റെ ആദ്യ അദ്ധ്യക്ഷനെന്ന നിലയിൽ അതിന്റെ പ്രഥമ ചുമതലയായി ഞാൻ കണ്ടത് രണ്ട് വിഭാഗങ്ങളുടെയും വ്യത്യസ്ത താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ്. 


കുടുംബസാഹചര്യങ്ങളിലും മാറ്റങ്ങളുണ്ടായി. വിവാഹശേഷം മകൾ ചെന്നൈയിലേക്ക് പോയി. ഞാനൊ ഭാര്യയൊ അസുഖം ബാധിച്ച് ആശുപത്രിയിലായാൽ മകൾ ഓടി വരികയും ഞങ്ങൾ ആശുപത്രിയിൽ നിന്നിറങ്ങിയാലുടൻ തിരിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു.  തിരുവനന്തപുരത്തോട് വിട പറഞ്ഞ സ്ഥിതിക്ക് ശില്പത്തോടും വിട പറഞ്ഞേ മതിയാകൂ. കൈവിടും മുമ്പ് കുറച്ചു ദിവസം കൂടി ആ ശീതളഛായയിൽ ചിലവിടണമെന്നുണ്ട്.

ഓരോ ധാന്യത്തിലും അത് തിന്നാൻ പോകുന്നയാളിന്റെ പേര് എഴുതിയിട്ടുണ്ടെന്ന് ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്:. അതുപോലെ ഓരോ വീട്ടിന്റെ  ചുമരിലും അത് വാങ്ങാൻ പോകുന്നയാളിന്റെയൊ അവിടെ താമസിക്കാൻ പോകുന്നയാളിന്റെയൊ പേര് എഴുതിയിട്ടുണ്ടാകുമോ ആവോ!