Wednesday, April 27, 2016

മുഖ്യ ന്യായാധിപന്റെ വിലാപം

ബി ആർ പി ഭാസ്കർ
 ജനയുഗം
ഡൽഹിയിൽ ഞായറാഴ്ച നടന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരുടെയും സമ്മേളന നടപടികളിൽ നിന്നു അതീവ പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം ഉയരുന്നു: നമ്മുടെ നീതിന്യായവ്യവസ്ഥ എവിടെ എത്തിനിൽക്കുന്നു, എങ്ങോട്ടാണ്‌ അത്‌ പോകുന്നത്‌?

ഏതാണ്ട്‌ മൂന്നു കോടി കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്‌. നീതിന്യായ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന്‌ 40,000 ജഡ്ജിമാർ വേണമെന്ന്‌ നിയമ കമ്മിഷൻ 1987ൽ കണക്കാക്കുകയുണ്ടായി. ഏതാണ്ട്‌ 30 കൊല്ലത്തിനുശേഷം ഇന്ന്‌ ആകെയുള്ളത്‌ 15,000 ജഡ്ജിമാരാണ്‌. ഇത്രയും കുറച്ചു ജഡ്ജിമാരെവച്ച്‌ കെട്ടിക്കിടക്കുന്ന കേസുകളിൽ എങ്ങനെ തീർപ്പു കൽപിക്കാനാകുമെന്ന്‌ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസായ ടി എസ്‌ താക്കൂർ വികാരാധീനനായി ചോദിച്ചു. ജനാധിപത്യവ്യവസ്ഥയിൽ സുപ്രധാനമായ പങ്കുള്ള നീതിന്യായ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിൽ താൽപര്യമുള്ളവർ ആ ചോദ്യത്തെ നേരിട്ടേ മതിയാകൂ.

ജസ്റ്റിസ്‌ താക്കൂർ എല്ലാ തലങ്ങളിലുമുള്ള കോടതികളിലെ ജഡ്ജിമാരുടെയും കേസുകളുടെയും കുറിച്ച്‌ പരാമർശിച്ചെങ്കിലും വിലാപത്തിനു കാരണമായത്‌ ഉയർന്ന കോടതികൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്‌. ഉയർന്ന കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിന്‌ ഒരു നാഷണൽ ജുഡിഷ്യൽ കമ്മിഷൻ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം സുപ്രിം കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതിലുള്ള നീരസം പ്രകടിപ്പിക്കുന്നതിന്‌ നരേന്ദ്രമോഡി സർക്കാർ അവലംബിച്ചിട്ടുള്ള മാർഗങ്ങളിലൊന്ന്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ ശുപാർശകളുടെ മേൽ അടയിരിക്കുകയെന്നതാണ്‌. അതിന്റെ ഫലമായി കൊളീജിയം നിർദ്ദേശിച്ച 170 പേരുടെ നിയമനം മുടങ്ങിയിരിക്കുകയാണ്‌. അവരെ സംബന്ധിച്ച ഇന്റലിജൻസ്‌ വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന സർക്കാരിന്റെ വിശദീകരണം ബാലിശമാണ്‌. ഇത്തരം കാര്യങ്ങളിൽ കാലതാമസം ഒഴിവാക്കണമെന്ന്‌ പൊലീസുദ്യോഗസ്ഥർക്കറിയാം. അവർ റിപ്പോർട്ട്‌ വൈകിപ്പിക്കുന്നെങ്കിൽ അത്‌ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യപ്രകാരമാകണം.

എക്സിക്യൂട്ടീവും ജുഡിഷ്യറിയും തമ്മിൽ ദീർഘകാലമായി അധികാരമത്സരം നടക്കുകയാണ്‌. ജവഹർലാൽ നെഹ്രുവിന്റെ കാലശേഷം എക്സിക്യൂട്ടിവ്‌ ദുർബലപ്പെട്ടപ്പോൾ സുപ്രിം കോടതി എക്സിക്യൂട്ടീവിന്റെയും പാർലമെന്റിന്റെയും അധികാരപരിധി ചുരുക്കാൻ ശ്രമം തുടങ്ങി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം നിയന്ത്രണ വിധേയമല്ലെന്ന്‌ പല വിധികളിലും ആവർത്തിച്ചു പറഞ്ഞ സുപ്രിം കോടതി 1967ലെ ഗോലക്‌ നാഥ്‌ കേസ്‌ വിധിയിൽ മൗലികാവകാശങ്ങൾ സംബന്ധിച്ച അധ്യായത്തിൽ മാറ്റം വരുത്താൻ അതിന്‌ അധികാരമില്ലെന്ന്‌ പ്രഖ്യാപിച്ചു. കോൺഗ്രസിന്‌ ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷമായിരുന്നു ഇത്‌.
പിന്നീട്‌ കേശവാനന്ദ ഭാരതി കേസിൽ കോടതി അൽപം പിന്നോട്ടു പോയി. പാർലമെന്റിന്‌ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താമെന്നും എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നും ആ വിധിയിൽ കോടതി പറഞ്ഞു. ഇതിനിടെ 1971ൽ ലോക്സഭയിലേക്കും 1972ൽ നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലൂടെ ഇന്ദിരാഗാന്ധി കൂടുതൽ ശക്തി ആർജ്ജിച്ചിരുന്നു.

സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ്‌ ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതിയാണ്‌. അദ്ദേഹം മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്‌. സുപ്രിം കോടതിയിലേക്ക്‌ നിയമനം നടത്തുമ്പോൾ അദ്ദേഹം ചീഫ്‌ ജസ്റ്റിസിന്റെയും ഉചിതമെന്നു കരുതുന്ന മറ്റ്‌ ജഡ്ജിമാരുടെയും അഭിപ്രായം തേടണമെന്ന്‌ ഭരണഘടന അനുശാസിക്കുന്നു. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുമ്പോൾ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസിനെ കൂടാതെ സംസ്ഥാന ഗവർണർ, മൂഖ്യമന്ത്രി, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുടെയും അഭിപ്രായം തേടേണ്ടതുണ്ട്‌. എക്സിക്യൂട്ടീവിന്‌ മേൽക്കൈ നൽകുന്ന ഈ വ്യവസ്ഥകളെ മുന്നു വിധിന്യായങ്ങളിലൂടെ സുപ്രിം കോടതി മാറ്റി മറിച്ചതിന്റെ ഫലമായി ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോൾ അവസാന വാക്ക്‌ ചീഫ്‌ ജസ്റ്റിസും സുപ്രിം കോടതിയിലെ ഏതാനും മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റേതാണ്‌.

ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതി ലോകത്ത്‌ മറ്റൊരു രാജ്യത്തുമില്ല. അത്‌ അടിസ്ഥാനപരമായി ജനാധിപത്യപരവുമല്ല. വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ കൊളീജിയം നിലവിൽ വന്നശേഷം നിയമിതരായവർ നേരത്തെയുണ്ടായിരുന്നവരേക്കാൾ മികവുള്ളവരാണെന്ന്‌ കരുതാൻ ഒരു കാരണവുമില്ല. അതേസമയം ജഡ്ജിമാരുടെ നിയമനത്തിൽ അവസാന വാക്ക്‌ സർക്കാരിനു നൽകുന്നത്‌ കോടതികളുടെ സ്വതന്ത്ര പ്രവർത്തനം അസാധ്യമാക്കുമെന്നതുകൊണ്ട്‌ ആശാസ്യമല്ലെന്ന്‌ കരുതുന്നവരുമുണ്ട്‌. ഈ സാഹചര്യത്തിൽ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന ചുമതല സർക്കാർ പ്രതിനിധികളും ചീഫ്‌ ജസ്റ്റിസും പ്രഗത്ഭരായ നിയമജ്ഞരുമടങ്ങുന്ന ഒരു കമ്മിഷനിൽ നിക്ഷിപ്തമാക്കണമെന്ന ആശയം രാജ്യത്ത്‌ ശക്തിപ്രാപിച്ചു. ഈ ആശയം പ്രാവർത്തികമാക്കാൻ കൊണ്ടുവന്ന ബിൽ പാസാകും മുമ്പ്‌ യുപിഎ സർക്കാരിന്റെ കാലാവധി അവസാനിച്ചു. മോഡി സർക്കാർ നിയമം പാസാക്കിയെടുത്തെങ്കിലും സുപ്രിം കോടതി അതു ഭരണഘടനാവിരുദ്ധമാണെന്ന്‌ പറഞ്ഞു അസാധുവാക്കി.
ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ഒന്നു ദുർബലമാകുമ്പോൾ മറ്റൊന്ന്‌ അധികാരം വിപുലീകരിക്കുന്നതും ശക്തി വീണ്ടെടുക്കുമ്പോൾ ആദ്യ സ്ഥാപനം നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും പരിചിതമായ രീതികളാണ്‌. എന്നാൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ഓർക്കേണ്ട ചില വസ്തുതകളുണ്ട്‌. എല്ലാ സ്ഥാപനങ്ങളുടെയും അധികാരത്തിന്റെ സ്രോതസ്‌ ഭരണഘടനയാണ്‌. അത്‌ ആമുഖം വ്യക്തമാക്കുന്നതുപോലെ, ഇന്ത്യയിലെ ജനങ്ങൾ നിർമിച്ചതും അവർക്കു തന്നെ സമർപ്പിച്ചിട്ടുള്ളതുമാണ്‌. അതായത്‌, എല്ലാ അധികാരത്തിന്റെയും പ്രഭവകേന്ദ്രം ജനങ്ങളാണ്‌.

രണഘടന വ്യാഖ്യാനിക്കാനല്ലാതെ അത്‌ മാറ്റിയെഴുതാനുള്ള അധികാരമോ അവകാശമോ സുപ്രിം കോടതിക്കില്ല. ആ പരിമിതി മറന്നു കൊണ്ടെടുത്ത തീരുമാനങ്ങളിലൂടെ അത്‌ ചില അധികാരങ്ങൾ നേടിയിട്ടുണ്ട്‌. ചീഫ്‌ ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും നിയമനത്തിലുള്ള മേൽകൈ ഉപയോഗിച്ച്‌ രാഷ്ട്രീയ ഭരണാധികാരികൾ ജുഡിഷ്യറിയുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമിക്കുന്നെന്ന ചിന്തയാണ്‌ സ്വന്തം അധികാരപരിധി വിപുലീകരിക്കാൻ ജഡ്ജിമാരെ പ്രേരിപ്പിച്ചത്‌. ആ ചിന്ത തെറ്റായിരുന്നെന്ന്‌ പറയാനാവില്ല. അതേസമയം അതിന്‌ കണ്ടെത്തിയ പ്രതിവിധിയിലെ ജനാധിപത്യവിരുദ്ധത ജഡ്ജിമാർ തിരിച്ചറിയണം. അതിലൂടെ നേടിയ അധികാരങ്ങൾ കൈവിടാൻ സർവോന്നത കോടതി തയാറാകണം. ഇത്‌ പൊടുന്നനെ ചെയ്യാനാവുന്നതല്ല പ്രത്യേകിച്ചും ഭരണകൂടം ജനാധിപത്യവിരുദ്ധമായ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ മോഡി സർക്കാരിന്റെ ആദ്യ നടപടികളിലൊന്ന്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ പി സദാശിവത്തെ കേരളത്തിലെ ഗവർണറായുള്ള നിയമനമാണ്‌. മോഡി അദ്ദേഹത്തിന്‌ ആ സ്ഥാനം നൽകിയതും അദ്ദേഹം അത്‌ സ്വീകരിച്ചതും പ്രലോഭനങ്ങൾക്ക്‌ വശംവദരാകാനിടയുള്ള ജഡ്ജിമാരുടെ മുന്നിൽ ഒരു സാധ്യത തുറന്നുവെന്ന്‌ പറയാതിരിക്കാൻ വയ്യ.

നാഷണൽ ജുഡിഷ്യൽ കമ്മിഷൻ സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകാനുള്ള അവകാശം സർക്കാരിനുണ്ട്‌. എന്നാൽ സമ്മർദ്ദതന്ത്രമെന്ന നിലയിൽ കൊളീജിയത്തിന്റെ ശുപാർശകൾ തടയുന്നതിനോട്‌ യോജിക്കാനാവില്ല. അത്‌ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുക വഴി ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും.

ചീഫ്‌ ജസ്റ്റിസിന്റെ വിലാപത്തെ തുടർന്ന്‌ പ്രശ്നം നേരിട്ട്‌ സംസാരിച്ച്‌ തീർക്കാമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. ജനാധിപത്യ വ്യവസ്ഥയുടെ ഭാവി നിർണയിക്കുന്ന ഒരു പ്രശ്നമാണിത്‌. മോഡിയും താക്കൂറും വാതിലടച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയമല്ലിത്‌. വ്യാപകമായ ചർച്ചകളിലൂടെ സുതാര്യമായ രീതിയിലാണ്‌ ഇതിന്‌ പരിഹാരം കാണേണ്ടത്‌.

ജസ്റ്റിസ്‌ താക്കൂർ നീതിന്യായ വ്യവസ്ഥ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള മാർഗങ്ങളെ ക്കുറിച്ച്‌ ആലോചിക്കണം. കേസുകൾ കെട്ടിക്കിടക്കുന്നത്‌ ജഡ്ജിമാരുടെ എണ്ണം കുറവായതുകൊണ്ടു മാത്രമല്ല. കോടതി നടപടികളിലെ കാലതാമസവും അതിന്‌ കാരണമാകുന്നുണ്ട്‌. നടപടിക്രമങ്ങൾ പരിഷ്കരിച്ച്‌ വിചാരണ പ്രക്രിയ വേഗത്തിലാക്കാവുന്നതാണ്‌. വിദൂര ബെഞ്ചുകൾ സ്ഥാപിക്കാനുള്ള വൈമുഖ്യം സുപ്രിം കോടതി ഉപേക്ഷിക്കണം. അത്‌ കോടതി കൂടുതൽ ആളുകൾക്ക്‌ പ്രാപ്യമാക്കും.

Monday, April 18, 2016

സംഘകാലത്തെ രാഷ്ട്രീയ-മാധ്യമ പരിസരം

ബി.ആർ.പി. ഭാസ്കർ
സമകാലിക മലയാളം വാരിക

ഒരു പുതിയ സംഘകാലം പിറന്നിരിക്കുന്നു. പഴയ സംഘകാലത്തെ കുറിച്ച് നമുക്കുള്ള പരിമിതമായ അറിവ്  പ്രാചീന തമിഴ് കവിതകളിൽ നിന്ന് ലഭിച്ചിട്ടുള്ളതാണ്. പുതിയ സംഘകാലത്തെ കുറിച്ച് അറിയുവാൻ നാനാഭാഷകളിലുമുള്ള മാധ്യമങ്ങളിലേക്കാണ് തിരിയേണ്ടത്. അവയെല്ലാം പഠിക്കുവാൻ ധാരാളം സമയവും സൌകര്യങ്ങളും ആവശ്യമാണ്. ചെറിയ തോതിലുള്ള ഒരു പഠനമെ ഇവിടെ ലക്ഷ്യമിടുന്നുള്ളു. അതിലേക്ക് കടക്കും മുമ്പ് രണ്ടാം സംഘകാലത്തിനു തൊട്ടു മുമ്പത്തെ സാഹചര്യങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും.

ജനതാ സർക്കാരിൽ വാർത്താവിതരണ-പ്രക്ഷേപണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എൽ.കെ. അദ്വാനി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ സംഘ പരിവാറിന്റെ ആദ്യ രാഷ്ട്രീയ കക്ഷിയായിരുന്ന ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. നിങ്ങൾ കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞവരാണെന്ന് പത്രപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. അടിയന്തിരാവസ്ഥ ക്കാലത്ത് പത്രങ്ങൾ പഞ്ചപുച്ഛമടക്കി പ്രവർത്തിച്ചതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.

പത്രങ്ങളുടെ രീതി മനസിലാക്കാൻ സഹായകമാണെങ്കിലും വലിയ പ്രചാരം ലഭിക്കാതെ പോയ മറ്റൊരു പ്രസ്താവവും അദ്വാനി അക്കാലത്ത് നടത്തുകയുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു മുമ്പ്  ഡൽഹിയിൽ നിന്ന് ജനസംഘം മദർലാൻഡ് എന്ന പേരിൽ ഒരു ഇംഗ്ലീഷു പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപരായ കെ.ആർ. മൽക്കാനി അറസ്റ്റു ചെയ്യപ്പെട്ടു. അതോടെ പ്രസിദ്ധീകരണം നിലയ്ക്കുകയും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. പത്രത്തിന്റെയും പത്രാധിപരുടെയും ആർ.എസ്.എസ്. ബന്ധം മൂലം അതിൽ പ്രവർത്തിച്ചിരുന്നവർക്ക് മറ്റെവിടെയും ജോലി നേടാനും കഴിഞ്ഞില്ല. അടിയന്തിരാവസ്ഥ അവസാനിച്ചപ്പോൾ പത്രം വീണ്ടും പ്രസിദ്ധീകരണം തുടങ്ങുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. മദർലാൻഡ്  തുറക്കണമെന്ന ആവശ്യവുമായി അവർ അദ്വാനിയെ സമീപിച്ചു. “ഇനി മദർലാൻഡിന്റെ ആവശ്യമില്ല,” അദ്ദേഹം അവരോട് പറഞ്ഞു. “ഇപ്പോൾ ടൈംസ് ഓഫ് ഇൻഡ്യ, ഇൻഡ്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങൾ നമുക്കുണ്ട്”.

ഇൻഡ്യൻ എക്സ്പ്രസ് അടിയന്തിരാവസ്ഥക്കാലത്ത് സർക്കാർ നിയന്ത്രണം കഴിയുന്നിടത്തോളം ചെറുത്തിരുന്നു. അങ്ങനെയൊരു പാരമ്പര്യമില്ലാത്ത ടൈംസ് ഓഫ് ഇൻഡ്യയെയും അദ്വാനി തങ്ങളെ പിന്തുണയ്ക്കുന്ന പത്രമായി കണ്ടത്  കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവത്തിലുള്ള അടിയുറച്ച വിശ്വാസം കൊണ്ടായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് ലക്നൌവിൽ ടൈംസ് ഓഫ് ഇൻഡ്യാ പ്രതിനിധിയായിരുന്ന വിക്രം റാവു സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാൻഡസിനൊപ്പം ബറോഡാ ഡൈനാമൈറ്റ്  കേസിൽ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. വിക്രം റാവു അന്ന് ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിങ്  ജേർണലിസ്റ്റിന്റെ വൈസ്പ്രസിഡന്റു ആയിരുന്നു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ പത്രത്തിന്റെ മേലും സംഘടനയുടെ മേലും സമ്മർദ്ദം ചെലുത്തി. ടൈംസ് ഓഫ് ഇൻഡ്യ നടപടിയെടുത്തു. ഐ.എഫ്.ഡബ്ലിയു.ജെ ചെറുത്തു. അടിയന്തിരാവസ്ഥ അവസാനിച്ചപ്പോൾ ടൈംസ് വിക്രം റാവുവിനെതിരായ നടപടി പിൻ‌വലിക്കുകയും അദ്ദേഹത്തെ സ്ഥാനക്കയറ്റത്തോടെ തിരിച്ചെടുക്കുകയും ചെയ്തു.

ഡൽഹിയിലെ ഇംഗ്ലീഷു പത്രങ്ങളിലുള്ള വിശ്വാസം വർദ്ധിച്ചതുകൊണ്ട്  സംഘ പരിവാർ പിന്നീട് ഒരു ഇംഗ്ലീഷ് ദിനപത്രം തുടങ്ങാൻ മെനക്കെട്ടിട്ടില്ല. ഡൽഹി ചാനലുകളിലും അതിന് വലിയ വിശ്വാസമുണ്ട്.

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിലിരുന്ന് കേരളത്തിലെ ചാനൽ പ്രവർത്തനം നിരീക്ഷിക്കാൻ ഒരു ശ്രമമുണ്ടായി. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തിയ ദിവസം ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ ആപ്പീസിലേക്ക് ഒരാൾ ഫോൺ ചെയ്തു. പ്രധാനമന്ത്രിയുടെ ആപ്പീസിലെ സ്പെഷ്യൽ അസിസ്റ്റന്റ് എന്നു സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം എന്നോട് ചോദിച്ചു: “രാഷ്ട്രപതിയുടെ പ്രസംഗം നിങ്ങളുടെ ചാനലിൽ മുഖ്യവാർത്തയായിരുന്നില്ലെന്ന് ഞാൻ മനസിലാക്കുന്നു. എന്തുകൊണ്ടാണ് അത് മുഖ്യവാർത്തയാക്കാഞ്ഞത്?” ബുള്ളറ്റിന്റെ സം‌പ്രേഷണം പൂർത്തിയായിട്ട് മിനിട്ടുകളെ ആയിട്ടുള്ളു. അത്ര വേഗം ഡൽഹിയിൽ നിന്ന് അന്വേഷണമുണ്ടാകണമെങ്കിൽ പ്രാദേശിക ചാനലുകൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിന് എന്തു പ്രാധാന്യം കല്പിക്കുന്നെവെന്ന് മനസിലാക്കാൻ മുൻ‌കൂട്ടി തയ്യാറെടുപ്പ് നടത്തിയിരിക്കണം. അതിന്റെ ഭാഗമായി ആരോ മലയാളം ബുള്ളറ്റിൻ ശ്രദ്ധിക്കുകയും രാഷ്ട്രപതിയുടെ പ്രസംഗം മുഖ്യവാർത്തയായിരുന്നില്ല എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.

വാജ്പേയിയുടെ ഒന്നിലധികം ദിവസം നീണ്ടുനിന്ന മൂന്നു പരിപാടികൾ റിപ്പോർട്ടു ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. മാധ്യമ പ്രവർത്തനത്തെ കുറിച്ച് നല്ല ധാരണയുള്ള അദ്ദേഹത്തിന്റെ അറിവോടെയാകില്ല ഈ പരിപാടിയെന്ന് ഞാൻ ഉറപ്പിച്ചു. ആ ഫോൺ വിളി പുതിയ സർക്കാരിലെ ഒരു പുതിയ ഉദ്യോഗസ്ഥന്റെ നടപടിയാകാനേ തരമുള്ളൂ. ഏതായാലും അത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. വിളിച്ചയാളോട് ഞാൻ ചോദിച്ചു: “താങ്കൾ ആരാണെന്നാണ് പറഞ്ഞത്?” അദ്ദേഹം പേരും പദവിയും ആവർത്തിച്ചു. “ഇതൊരു മാധ്യമസ്ഥാപനമാണ്. ഇവിടെ ഞങ്ങൾ എടുക്കുന്ന പ്രൊഫഷനൽ തീരുമാനങ്ങളെ കുറിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ദയവായി ഇത്തരം ചോദ്യങ്ങളുമായി വിളിക്കരുത്” എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ താഴെ വെച്ചു. ഡസ്കിലെ സഹപ്രവർത്തകരിലേറെയും തുടക്കക്കാരാണ്. ഡൽഹിയിലിരുന്ന് വല്യേട്ടൻ എല്ല്ലാം നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞാൽ അത് അവരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അവരറിയാതെ തന്നെ സ്വാധീനിക്കാനിടയുള്ളതുകൊണ്ട് ഫോൺ വിളിയുടെ കാര്യം ഞാൻ ആരോടും പറഞ്ഞില്ല. അതിനുശേഷം ഡൽഹിയിൽ നിന്ന് ആരും വിളിച്ചതുമില്ല.

വാജ്പേയ് സർക്കാരിന്റെ കാലത്ത് ചില ഉദ്യോഗസ്ഥന്മാർ അനുകൂല സമീപനമുള്ള ഡൽഹി മാധ്യമപ്രവർത്തകരെ ഉപയോഗിച്ച്  കുപ്രചരണങ്ങൾ നടത്തിയ സന്ദർഭങ്ങളുണ്ടായി. ഉയർ കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഒരു ഫയൽ മുന്നിൽ വന്നപ്പോൾ അർഹതയുള്ള പിന്നാക്ക സാമൂഹ്യവിഭാഗങ്ങളിൽ പെട്ടവരെയും പരിഗണിക്കണം എന്ന് പ്രസിഡന്റ് കെ.ആർ. നാരായണൻ.അതിൽ കുറിച്ചു. സാമൂഹ്യനീതി പാലിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയെ കുറിച്ച് ഓർമ്മിപ്പിക്കുക മാത്രമാണ് രാഷ്ട്രപതി ചെയ്തത്. എന്നാൽ ദലിതനായ പ്രസിഡന്റ് സ്വന്തം ആളുകൾക്കുവേണ്ടി ഇടപെടുന്നു എന്ന മട്ടിൽ പത്രങ്ങളിൽ വാർത്ത വന്നു. ദലിതനൊ പിന്നാക്ക വിഭാഗക്കാരനൊ സംവരണത്തെ അനുകൂലിച്ചാൽ ചിലർ അത് സ്വജനപക്ഷപാതമായി കാണും. മോഹൻ ഭഗതിന് അത്തരം ആക്ഷേപമൊ സംശയമൊ ഉയർത്താതെ സംവരണത്തിനെതിരെ സംസാരിക്കാൻ കഴിയും.

ഗുജറാത്തിൽ വർഗ്ഗീയകലാപം നടന്നപ്പോൾ അവിടത്തെ പത്രങ്ങൾ നരേന്ദ്ര മോദിക്ക് ഒരു പ്രശ്നവും സൃഷ്ടിച്ചില്ല. ഏറ്റവും വലിയ ഗുജറാത്തി പത്രങ്ങളായ ഗുജറാത്ത് സമാചാറും സന്ദേശും മത്സരിച്ച് ഹിന്ദു വർഗ്ഗീയത ആളിക്കത്തിക്കുകയായിരുന്നു. ഇംഗ്ലീഷു പത്രങ്ങളും അടങ്ങിയൊതുങ്ങിക്കഴിഞ്ഞു. ഡൽഹിയിൽനിന്നെത്തിയ ഏതാനും ചാനൽ പ്രവർത്തകരാണ് കലാപത്തിന്റെ ഭീകരസ്വഭാവം രാജ്യത്തെ അറിയിച്ചത്. ചില സംഭവങ്ങൾ അന്വേഷിക്കുന്നതിന് കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചതും ചില കേസുകളുടെ വിചാരണ  സംസ്ഥാനത്തിന് പുറത്തെ കോടതികളിലേക്ക് മാറ്റിയതും ടീസ്ത സെതൽവാദിനെ പോലെ പ്രതിബദ്ധതയോടെ പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിന്റെ ഫലമായാണ്. അതിനുള്ള പകപ്പോക്കൽ മോദി സർക്കാരിന്റെ ചില നടപടികളിൽ കാണാം.

വാജ്പേയിയും മോദിയും സംഘ പരിവാറിലൂടെ ഉയർന്നു വന്നവരാണ്. എന്നാൽ വാജ്പേയ് പ്രധാനമന്ത്രിയായത് ദീർഘകാലത്തെ ദേശീയതല പൊതുപ്രവർത്തനത്തെ തുടർന്നാണ്. അതിനിടയിൽ അദ്ദേഹം കേവല രാഷ്ട്രീയക്കാരന്റെ തലത്തിൽ നിന്ന് രാജ്യതന്ത്രജ്ഞന്റെ തലത്തിലേക്കുയർന്നിരുന്നു. ഇരുപതിൽ‌പരം ചെറിയ കക്ഷികളെ ഒന്നിപ്പിച്ചുകൊണ്ടാണ് വാജ്പേയ് ലോക് സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. മതനിരപേക്ഷ സ്വഭാവമുള്ള തൃണമൂൽ കോൺഗ്രസ്, അണ്ണാ ഡി.എം.കെ. തുടങ്ങിയ പ്രദേശിക കക്ഷികളും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തമായി ഭൂരിപക്ഷമുള്ളതു കൊണ്ട് ബി.ജെ.പിക്ക് ഇപ്പോൾ ലോക് സഭയിൽ അവരുടെ പിന്തുണ ആവശ്യമില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന മേന്മയുണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുമായി കൂട്ടുകൂടാൻ ഈ കക്ഷികൾ തയ്യാറായിട്ടില്ല. വാജ്പേയിയുടെ സ്വീകാര്യത മോദിക്കില്ലെന്ന്  ഇത്  സൂചിപ്പിക്കുന്നു.  

നിലനില്പിന് വ്യത്യസ്ത സമീപനങ്ങളുള്ള കക്ഷികളെ ആശ്രയിക്കേണ്ടിയിരുന്നതുകൊണ്ട്  വാജ്പേയ് സർക്കാരിന്റെ കാലത്ത് സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയിൽ പെടുന്ന പല വിഷയങ്ങളും ഒഴിവാക്കാൻ ബി.ജെ.പി. നിർബന്ധിതമായി. വാജ്പേയിയിൽ നിന്ന് വ്യത്യസ്തമായി മോദി പ്രധാനമന്ത്രിപദത്തിന് പൂർണ്ണമായും സംഘപരിവാർ നേതൃത്വത്തിന് കടപ്പെട്ടിരിക്കുന്നു. ദേശീയതലത്തിൽ കൂടുതൽ പ്രാമുഖ്യമുണ്ടായിരുന്ന അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വെട്ടിനിരത്തി പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞത് അതിന്റെ ശക്തമായ ഇടപെടൽ മൂലമാണ്. കൂടതെ ഒരു ലക്ഷം സംഘാംഗങ്ങളെ അത് വലിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നിയോഗിക്കുകയും ചെയ്തു. പശുമാംസ നിരോധനം, ദേശീയത തുടങ്ങിയ വിഷയങ്ങൾ കുത്തിപ്പൊക്കി പരിവാർ സംഘടനകൾ നടത്തുന്ന അക്രമസംഭവങ്ങൾ പാർട്ടിക്കും സർക്കാരിനും രാജ്യത്തിനകത്തും പുറത്തും പേരുദോഷമുണ്ടാക്കിയിട്ടും അവയെ തള്ളിപ്പറയാൻ മോദിക്ക് കഴിയാത്തതു അതുകൊണ്ടാണ്.

കേന്ദ്ര സർവകലാശാലകളിലെ സംഘർഷങ്ങൾ പരിശോധിക്കുമ്പോൾ ഒരു പൊതുവായ സ്വഭാവം കാണാം. തുടക്കം സംഘ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ പരാതിയിൽ നിന്നാണ്. ക്യാമ്പസുകളിലെ ദലിത് സംഘടനകൾക്കൊ ജനാധിപത്യമായ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നേതാക്കളുടെ സംഘടനകൾക്കൊ എതിരെയാണ് പരാതികൾ. സർവകലാശാലാ അധികൃതർ നടപടിയെടുക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന് പരാതി നൽകുന്നു. അവർ നടപടിയെടുക്കും വരെ മാനുഷിക വികസന വകുപ്പ്  കത്തുകൾ അയച്ചു കൊണ്ടിരിക്കുന്നു.

ജെ.എൻ.യു. കലാപത്തിനു മുമ്പു പരിവാറിന്റെ വിദ്യാർത്ഥി സംഘടന അനുകൂല നിലപാടെടുക്കുമെന്ന് വിശ്വാസമുള്ള മാധ്യമങ്ങളുടെ സഹായം സംഘടിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ സ്വയം ഉയർത്തിയിട്ട് അതിന്റെ ഉത്തരവാദിത്വം നേരത്തെ ലക്ഷ്യമിട്ട സംഘടനകളുടെയൊ വ്യക്തികളുടെയൊ മേൽ ചാർത്തുക, അതിനായി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടുക തുടങ്ങിയ പല പരിപാടികളും അവർ നടത്തി.

ജെ.എൻ.യു. കലാപത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ പ്രത്യയശാസ്ത്രപരമായ സമരത്തിൽ തങ്ങൾ വിജയിച്ചതായി മന്ത്രി അരുൺ ജെയ്‌ട്‌ലി പ്രഖ്യാപിച്ചു. ആ അവകാശ വാദം പരിവാർ അനുകൂലികൾ പോലും വിശ്വസിച്ചില്ല. അവർ  ജെ.എൻ.യുവിലെ പ്രതിരോധത്തിന് നേതൃത്വം നൽകിയ കന്നയ്യ കുമാറിനെ തല്ലാൻ ക്യാമ്പസിലേക്ക് ആളെ അയച്ചു. കന്നയ്യക്കു നേരെ ചെരുപ്പെറുണ്ടായി. ജെ.എൻ.യുവിൽ പരിവാറിന്റെ പദ്ധതി പൊളിയുകയാണുണ്ടായത്. ഈ സർക്കാരിനെ ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് പരിവാർ വിദ്യാർത്ഥി സംഘടനയുടെ ചില നേതാക്കൾ രാജിവെച്ചു. പിന്നീട് മനുസ്മൃതി കത്തിച്ചുകൊണ്ട് അവർ പരിവാറുമായുള്ള പ്രത്യയശാസ്ത്രപരമായ എതിർപ്പ് വ്യക്തമാക്കി.

പരിവാറും സർക്കാറും അവരുടെ നിയന്ത്രണത്തിലുള്ള പൊലീസും വിദ്യാർത്ഥികളും വക്കീലന്മാരും നടത്തിയ ദുഷ്ചെയ്തികളുടെ ഫലമായി ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായ കന്നയ്യ കുമാർ പെട്ടെന്ന് ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു യുവനേതാവായി. കന്നയ്യയാകട്ടെ ഉയർന്ന നേതൃപാടവം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദിനങ്ങളിൽ എ.ബി.വി.പിയുടെ അധികാരഹുങ്കിനെ നേരിട്ട മറ്റൊരു വിദ്യാർത്ഥി നേതാവാണ് അലഹബാദ് സർവകലാശാലാ യൂണിയൻ അദ്ധ്യക്ഷ റിച്ച സിംഗ്. യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പി. മറ്റെല്ലാ സ്ഥാനങ്ങളും പിടിച്ചെടുത്തപ്പോൾ അതിന്റെ സ്ഥാനാർത്ഥിയെ പതിനൊന്ന് വോട്ടിനു തോല്പിച്ചാണ് സ്വതന്ത്രയായി മത്സരിച്ച റിച്ച പ്രസിഡന്റായത്.  കന്നയ്യയും റിച്ചയും ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദുമൊക്കെ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ശുഭപ്രതിക്ഷക്ക് വക നൽകുന്നു.

ഹൈദരാബാദ് സർവകലാശാലയിലെ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം പഠിക്കുമ്പോൾ  ജെ.എൻ.യു. അനുഭവത്തിന്റെ വെളിച്ചത്തിൽ പരിവാർ ആസൂത്രകർ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണാം. സൈന്യാധിപൻ യുദ്ധത്തിനു മുമ്പ് നടത്തുന്നതു പോലുള്ള തയ്യാറെടുപ്പോടു കൂടിയാണ് രോഹിത് വെമുലയുടെ മരണത്തിനു കാരണക്കാരനെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിട്ടുള്ള വൈസ് ചാൻസലർ അപ്പാ റാവു നിർബന്ധിത അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. അപ്പാ റാവു ഉൾപ്പെടെ ഓരോ ഉദ്യോഗസ്ഥനും എപ്പോൾ എന്തൊക്കെ ചെയ്യണമെന്നു വിശദമായി രേഖപ്പെടുത്തിയ കുറിപ്പുകൾ ഇമെയിൽ വഴി മുൻ‌കൂട്ടി വിതരണം ചെയ്യപ്പെട്ടു. സർവകലാശാലക്കു പുറത്തുള്ള ആരോ ആണ് അത് തയ്യാറാക്കിയതെന്ന് മനസിലാക്കാൻ പ്രയാസമില്ല. ചുരുക്കത്തിൽ അപ്പാ റാവു അല്ല തിരശ്ശീലക്കു പിന്നിൽ നിൽക്കുന്ന ഒരു മാർഷൽ ലാ അഡ്മിനിസ്ട്രേറ്റരാണ് ഇപ്പോൾ ആ സർവകലാശാല ഭരിക്കുന്നത്. ദേശീയ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന ഡൽഹി ചാനലുകൾ ഹൈദരാബാദിലേക്ക് നോക്കുന്നതേയില്ല. അവരോട് സർക്കാർ കുനിയാൻ പറഞ്ഞിരിക്കണം.

ജനാധിപത്യസമൂഹങ്ങളിലെ ഭരണാധികാരികളും മറ്റ് നേതാക്കളും അപൂർവമായെങ്കിലും പത്രസമ്മേളനങ്ങൾ നടത്താറുണ്ട്. ആ സമ്പ്രദായത്തോട് തീരെ പ്രതിപത്തിയില്ലാത്ത നേതാവാണ് നരേന്ദ്ര മോദി. പക്ഷെ അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും പൊതുവേദികളിലൂടെയും ജനങ്ങളുമായി നേരിട്ട് സംവദിച്ചു കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്ന വേദികളിൽ നിന്ന് വ്യത്യസ്തമായി പത്രസമ്മേളനങ്ങൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകും. ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ പ്രധാനമന്ത്രിമാരെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിപ്പിക്കുന്ന പാരമ്പര്യമുള്ളവരല്ല. എന്നിട്ടും അവരെ കാണാൻ മോദി കൂട്ടാക്കുന്നില്ല.

അച്ചടി മാധ്യമമുപയോഗിച്ച് മോദിയുടെ മുഖച്ഛായ മിനുക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം കേരളത്തിൽ സംഘ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘത്തിന്റെയും പാർട്ടിയുടെയും പത്രങ്ങളിലൂടെ അവയുടെ സ്വാധീനത്തിനു പുറത്തുള്ളവരിലെത്താൻ  കഴിയില്ല. അതുകൊണ്ട് പൊതുമാധ്യമങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ചെറിയ കാലയളവിൽ ഈ ലക്ഷ്യം മുൻ‌നിർത്തിയുള്ള രണ്ട് ലേഖനങ്ങൾ മാതൃഭൂമി ദിനപത്രത്തിൽ വരികയുണ്ടായി. തങ്ങളുടെ ആവശ്യത്തിന് പറ്റിയ മാധ്യമം വളർച്ചക്കിടയിലും സവർണ ഹിന്ദു സ്വഭാവം നിലനിർത്തുന്ന മാതൃഭൂമിയാണെന്ന് പരിവാർ പ്രചാരകർ തീരുമാനിച്ചിട്ണ്ടാകണം. 

ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ പി.എസ്. ശ്രീധരൻ പിള്ള വ്യ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളിൽ മോദിയുടെ പേരു വലിച്ചിഴക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് മാതൃഭൂമിയിൽ ലേഖനമെഴുതി. പല സംസ്ഥാങ്ങളിലും വ്യാജ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ഗുജറാത്തിൽ മാത്രം മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ഉയർന്നതെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. “മോദിയെയും രാജ്യത്തെയും ഇങ്ങനെ വേട്ടയാടണോ?” എന്നായിരുന്നു സംഘ പരിവാർ പ്രചാരകനായ കെവി‌യെസ് ഹരിദാസിന്റെ ചോദ്യം.

ശ്രീധരൻപിള്ള തന്റെ ഭാഗം നല്ല അഭിഭാഷകന്റെ പ്രാഗത്ഭ്യത്തോടെ അവതരിപ്പീച്ചപ്പോൾ ഹരിദാസ് സംഘ ശൈലി അവലംബിച്ചു. മോദിയുടെ എതിരാളികൾ സാമാന്യമര്യാദ കാട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. മോദി അനുകൂലികൾ പശുമാംസം തിന്നെന്നും ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയെന്നുമുള്ള വ്യാജ ആരോപണങ്ങളുയർത്തി നിരപരാധികളെ തല്ലുകയും കൊല്ലുകയും ദലിത്-ഇടതുപക്ഷ വിദ്യാർത്ഥികളെ വ്യാപകമായി വേട്ടയാടുകയും വക്കീൽ‌വേഷത്തിലുള്ള ഗൂണ്ടകൾ ഡൽഹി കോടതി വളപ്പിൽ പൊലീസിന്റെ ഒത്താശയോടെ സർവകലാശാലാ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മർദ്ദിക്കുകയും സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക സംഘത്തെ കല്ലെറിയുകയും ചെയ്ത സമയത്താണ് ഹരിദാസ് മോദിയുടെ എതിരാളികൾക്ക് സാമാന്യമരാദയില്ലെന്നെഴുതിയത് ! ഒരു പരോഷ ഭീഷണിയും അദ്ദേഹം മൂഴക്കി: “പ്രതിഷേധങ്ങളെ കർക്കശമായി അതേ നാണയത്തിൽ നേരിടാൻ ഇന്നിപ്പ്പോൾ ബി.ജെ.പിക്കൊ സംഘപരിവാറിനൊ പ്രയാസമുണ്ടാവില്ല.”  ആ “ഇന്നിപ്പോൾ” പ്രയോഗം അധികാരം തങ്ങളൂടെ കൈകളിലാണെന്നുള്ള ഓർമ്മപ്പെടുത്തലാണ്.

അധികാരം പ്രയോഗിക്കാതെ തണുപ്പൻ മട്ടിലാണ്  മോദി സർക്കാർ പ്രതികരീക്കുന്നതെന്ന് ഹരിദാസ് കുറ്റപ്പെടുത്തുകയും ചെയ്തു. ജെ.എൻ.യുവിലും ഹൈദരാബാദ് സർവകലാശാലയീലും കണ്ടത് തണുപ്പൻ സർക്കാരിന്റെ പ്രതികരണമാണെങ്കിൽ ചൂടൻ സർക്കാരിന്റെ പ്രതികരണമെന്തായിരിക്കും? അര നൂറ്റാണ്ടുകാലമായി സംഘ പ്രതികരണങ്ങൾ കാണുന്നവരാണ് കേരളീയരെന്ന് ലേഖകൻ എന്തുകൊണ്ടൊ ഓർത്തില്ല..

എതിരാളികൾ മോദിയെയും രാജ്യത്തെയും വേട്ടയാടുന്നെന്ന് ഹരിദാസ് പരാതിപ്പെടുന്നു. സർവകലാശാലാ വിദ്യാർത്ഥികൾക്കെതിരെ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയെയും പൊലീസിനെയും ഉപയോഗിച്ച് സർക്കാർ ന്നടത്തുന്ന അതിക്രമങ്ങളേക്കാൾ “വേട്ടയാടൽ” എന്ന വിശേഷണമർഹിക്കുന്ന എന്താണ് ഇന്ന് രാജ്യത്ത് നടക്കുന്നത്? മോദിയോടൊപ്പം രാജ്യത്തെയും ഹരിദാസ് തലക്കെട്ടിൽ ചേർത്തതിനു സമാനമായി മറ്റൊന്ന് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലുള്ളത് “ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” എന്ന ഒരു മുൻ കോൺഗ്രസ് പ്രസിഡന്റിന്റെ പ്രഖ്യാപനമാണ്.  (സമകാലിക  മലയാളം വാരിക, ഏപ്രിൽ 11, 2016)

Sunday, April 17, 2016

അനന്യനായ് കെ.എം.റോയ്



സമകാലിക മലയാള പത്രപ്രവർത്തനത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് കെ.എം. റോയ്. ലേഖകൻ, പംക്തികാരൻ, പത്രാധിപർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിക്കുകയും ധാരാളം യുവപത്രപ്രവർത്തകരെ പരിശീലിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. പത്രപ്രവർത്തകരുടെ ട്രെയ്‌ഡ് യൂണിയന്റെ നേതാവുമായിരുന്നു അദ്ദേഹം. “അനന്യനായ് കെ.എം.റോയ്” എന്ന പുസ്തകത്തിൽ ഏതാനും സഹപ്രവർത്തകരും ശിഷ്യരും അവരുടെ റോയ് അനുഭവങ്ങൾ വിവരിക്കുന്നു.

റോയ് പത്രാധിപരായിരിക്കെയാണ് മലയാളപത്രങ്ങൾ ഒതുക്കിക്കളയുമായിരുന്ന സിസ്റ്റർ അഭയയുടെ ദാരുണമായ അന്ത്യം സമ്മർദ്ദങ്ങളെ അവഗണിച്ചുകൊണ്ട് മംഗളം ദിനപത്രം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതും കേരളത്തിൽ ചർച്ചാവിഷയമായതും.

പത്രപ്രവർത്തനത്തോടൊപ്പം റോയ് പൊതുരംഗത്തും സജീവമായിരുന്നു. കുറച്ചു കാലം  അദ്ദേഹം കൊച്ചി കോർപ്പൊറേഷൻ അംഗമായിരുന്നു.

വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാലത്ത് ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സിന്റെ ഒരു സമ്മേളനത്തിൽവെച്ചാണ് ഞാൻ റോയിയെ പരിചയപ്പെട്ടത്.  അവസാന ദിവസം റോയിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വള്ളംകളി പാട്ടു പാടിയപ്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കാളികളായതോർക്കുന്നു.  

ചെന്നൈയിൽ യു.എൻ.ഐയുടെ ദക്ഷിണ മേഖലയുടെ ചുമതല വഹിക്കുന്ന കാലത്ത് റോയ് ദ് ഹിന്ദു വിട്ടതായി ഒരു സുഹൃത്തിൽ നിന്നറിഞ്ഞു. അപ്പോൾ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി മത്സരം യു.എൻ.ഐക്കുവേണ്ടി റിപ്പോർട്ടു ചെയ്യാനാകുമോ എന്നന്വേഷിച്ചു. അദ്ദേഹം അത് ചെയ്യാമെന്നേറ്റു. അതിനുശേഷം അദ്ദേഹം യു.എൻ.ഐയുടെ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായി ചേർന്നു. ഒരു ദിവസം റോയിയുടെ ഒരു കത്തു കിട്ടി. അത് രാജിക്കത്തായിരുന്നു. ഒപ്പം എനിക്കു ഒരു കുറിപ്പും. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതു പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാമെന്ന് ഏറ്റിരുന്നെന്നും ആ വാഗ്ദാനം നിറവേറ്റാനായി രാജി വെക്കുന്നുവെന്നും അതിൽ അദ്ദേഹം എഴുതി.

.രാജിക്കാര്യത്തിൽ തെരഞ്ഞെടുപ്പു കഴിഞ്ഞു തീരുമാനമെടുത്താൽ മതിയെന്ന് ഞാൻ നിശ്ചയിച്ചു. കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടെന്ന വിവരം ലഭിച്ചപ്പോൾ രാജിക്കത്ത് ഹെഡ് ആഫീസിലേക്കയച്ചു. സ്വതന്ത്രനായി മത്സരിച്ച് കൌൺസിലറായ റോയിയെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കാണേണ്ടതില്ലെന്നും അതുകൊണ്ട് രാജി സ്വീകരിക്കേണ്ടെന്നുമുള്ള എന്റെ ശുപാർശ ജനറൽ മാനേജർ സ്വീകരിച്ചു.   

റോയിയെ ഏതാനും പതിറ്റാ‍ണ്ടു മുമ്പ് മലയാളി സ്ത്രീകൾ തലമുടി അലങ്കരിക്കുനതിന് ഉപയോഗിച്ചിരുന്ന ‘ബണ്ണു’മായി ബന്ധിപ്പിക്കുന്ന കഥ രണ്ട് ലേഖകന്മാർ എഴുതിയിട്ടുണ്ട്. രണ്ടു പേരുടെ കഥകളും തമ്മിൽ പൊരുത്തക്കേടുണ്ട്. അത് ഒഴിവാക്കാമായിരുന്നു.

പ്രസാധകൻ:
Dr. V. Sreekumar,
MaAlu Publications,
Kadavanthra,P.O.,
Ernakulam 682 020
e-mail: sreekumar.v@nic.in
Mobile 9895881530  9995802039

Price: Rs 180 

Friday, April 15, 2016

കേരളത്തിലെ പ്രത്യക്ഷ-പ്രച്ഛന്ന വർഗീയതകൾ

ബി.ആർ.പി. ഭാസ്കർ
ജനശക്തി

ആർ.എസ്.എസ്. കേരളത്തിലെ ബി.ജെ.പിയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു എന്നതാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ഇന്ത്യയിൽ ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ളത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ആദ്യം ജനസംഘത്തിലൂടെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയിലൂടെയും ആർ.എസ്.എസ് ഇവിടെ ഏറെക്കാലമായി സജീവമായിരുന്നെങ്കിലും കാര്യമായ മുന്നേറ്റം നടത്താനായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140ൽ 138 മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാർത്ഥികളെ നിർത്തി. ഒരാൾക്കുപോലും ജയിക്കാനായില്ലെന്നു തന്നെയല്ല 138ൽ 133 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. എന്നാൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അതിനു വോട്ടുവിഹിതം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾ‌പ്പെടെ ചില നഗരങ്ങളിൽ അത്  മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇത്തവണ നിയമസഭയിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷ ഹിന്ദുത്വ ചേരിക്കുണ്ട്.

കുറച്ചു കാലം മുമ്പ് ആർ.എസ്.എസിന്റെ മലയാള പ്രസിദ്ധീകരണമായ കേസരി ബി.ജെ.പിക്ക് കേരളത്തിൽ മുന്നേറാൻ കഴിയാത്തതെന്താണെന്ന് ചിലരോട് ചോദിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും നയിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച നവോത്ഥാന പരിസരം ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തിന്റെ വളർച്ചക്ക് അനുകൂലമല്ലെന്ന അഭിപ്രായമാണ് ഞാൻ അന്ന് രേഖപ്പെടുത്തിയത്. അതിനുശേഷം ബി.ജെ.പിക്ക് വളരാൻ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനത്തിൽ പ്രകടമാകുന്ന നവോത്ഥാനമൂല്യശോഷണമാണ്  അതിനു  വളരാനാകുന്ന സാഹചര്യം സൃഷ്ടിച്ചത്. ശ്രീനാരായണൻ 1888ൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ സങ്കല്പം മലയാളിയുടെ മുന്നിൽ വെച്ചു. അന്നു മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1957ലെ തെരഞ്ഞെടുപ്പു വിജയം വരെയുള്ള ചരിത്രം ആ ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ ജാതിമത സംഘടനകളുടെ പിന്തുണയോടെ രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രക്ഷോഭം നവോത്ഥാനം പുറന്തള്ളിയ പ്രതിലോമതകൾക്ക് തിരിച്ചുവരാൻ അവസരം നൽകി.പിന്നത്തെ ചരിത്രം തിരിച്ചു പോക്കിന്റേതാണ്
 
ഒരു ഹിന്ദു വോട്ടുബാങ്കുണ്ടാക്കി അധികാരത്തിലേറുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്ന ആർ.എസ്.എസ്. ഒന്നാം പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ജനസംഘത്തിന്റെ രൂപീകരണത്തിൽ പങ്കാളിയായത്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആ സംഘടന പ്രവർത്തന സ്വാതന്ത്ര്യം വീണ്ടെടുത്തത് രാഷ്ട്രീയത്തിൽ ഇടപെടാതെ സാംസ്കാരിക സംഘടനയായി കഴിഞ്ഞുകൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് മറ്റൊരു സാംഘടന ആവശ്യമായത്. ജനസംഘത്തിന്റേത് ഹിന്ദുത്വത്തിന്റെ ഏക ശബ്ദമായിരുന്നില്ല. നേരത്തെ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭ, സന്യാസിമാരെ മുന്നിൽ ‌നിർത്തി രൂപീകരിക്കപ്പെട്ട രാമ രാജ്യ പരിഷത്ത് എന്നീ സംഘടനകളും ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മതനിരപേക്ഷ കക്ഷികൾ, പ്രത്യേകിച്ച് ജവഹർലാൽ നെഹ്രുവിന്റെ കോൺഗ്രസ്, വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തതുകൊണ്ട് വിഭജനത്തെ തുടർന്ന് ലഹളകൾ നടന്ന ഉത്തരേന്ത്യയിൽ പോലും അവയ്ക്ക് മുന്നേറാനായില്ല. മുസ്ലിങ്ങൾ കൂട്ടത്തോടെ പാകിസ്താനിലേക്ക് പലായനം ചെയ്ത പഞ്ചാബിലെ അംബാലയിൽ (ഇപ്പോൾ ഈ സ്ഥലം ഹരിയാനയിലാണ്) അവശേഷിച്ച ഏക മുസ്ലിം കുടുംബത്തിലെ ഗാഫർ ഖാനെയാണ്  കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. തുടർച്ചയായി മുന്നു തവണ അദ്ദേഹം ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. മതനിരപേക്ഷ കക്ഷികൾ വർഗീയതയോട് മൃദുസമീപനം സ്വീകരിക്കാൻ തുടങ്ങിയതോടെ ഹിന്ദുത്വ ചേരി വളരാൻ തുടങ്ങി. നിയമനിർമ്മാണത്തിലൂടെ ഷാബാനു കേസ് വിധി അട്ടിമറിക്കുകയും അമ്പല മുറ്റത്തുനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്ത രാജീവ് ഗാന്ധിയും ബാബ്രി മസ്‌ജിദ് പൊളിക്കാൻ ആർ.എസ്. എസുകാർ അയോധ്യയിലെത്തിയപ്പോൾ പൂജാമുറിയിൽ കയറി കതകടച്ച പി.വി. നരസിംഹറാവും ഫലത്തിൽ അതിന് സഹായിച്ചവരാണ്.    

കേരള രാഷ്ട്രീയത്തിൽ മതവിഭാഗീയതക്ക് തുടക്കം കുറിച്ചത് ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗാണ്.  അതിന്റെ വേരുകൾ വിഭജനത്തിനു മുമ്പുള്ള  കാലത്തേക്ക് നീളുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തി രിച്ചെത്തിയപ്പോൾ മുസ്ലിങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഗൌരവപൂർവം ചിന്തിച്ചിരുന്നതായി ഗാന്ധി ആത്മകഥയിൽ പറയുന്നുണ്ട്. അവരെ അലട്ടുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ഹിന്ദു-മുസ്ലിം ഐക്യം കെട്ടിപ്പടുക്കാനാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടർന്ന് ഇസ്ലാമിന്റെ പുണ്യസ്ഥലങ്ങൾക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട തുർക്കി സുൽത്താന്റെ ഖാലിഫ് പദവി പുന:സ്ഥാപിക്കണമെന്ന് ഇന്ത്യയിലെ ചില മുസ്ലിം പണ്ഡിതന്മാർ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യത്തെ പിന്തുണച്ചാൽ മുസ്ലിങ്ങൾ കോൺഗ്രസിനോട് അടുക്കുമെന്ന് ഗാന്ധി കരുതി. അന്ന് കോൺഗ്രസുകാരനായിരുന്ന മുഹമ്മദ് അലി ജിന്ന ഉൾപ്പെടെ പല നേതാക്കളും അതിനോട് യോജിച്ചില്ല. എന്നാൽ കോൺഗ്രസിനെക്കൊണ്ട് തന്റെ നിലപാട് അംഗീകരിപ്പിക്കാൻ ഗാന്ധിക്ക് കഴിഞ്ഞു. പ്രക്ഷോഭം അക്രമരഹിതമാകണം എന്ന നിബന്ധന മാത്രമാണ് അദ്ദേഹം ഖിലാഫത്ത് നേതാക്കളുടെ മുന്നിൽ വെച്ചത്. മലബാറിൽ പ്രക്ഷോഭം അക്രമാസക്തമായി. ഹിന്ദു-മുസ്ലീം ചേരിതിരിവുമുണ്ടായി. ബ്രിട്ടീഷു സർക്കാർ മലബാർ സ്പെഷ്യൽ പൊലീസ് എന്ന സേനയുണ്ടാക്കി. മുസ്ലിം മേഖലയിൽ വലിയ തോതിൽ അടിച്ചമർത്തൽ നടന്നു. പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടാൻ ഗാന്ധിക്കൊ കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾക്കൊ കഴിഞ്ഞില്ല.

അന്നത്തെ ചേരിതിരിവ് മതപരമായിരുന്നോ വർഗപരമായിരുന്നോ എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. അടിസ്ഥാനവികാരം എന്തു തന്നെയായിരുന്നാലും ഹിന്ദുക്കളും മുസ്ലിങ്ങളും അന്യോന്യം സംശയത്തൊടെ വീക്ഷിക്കാൻ തുടങ്ങിയെന്നതിൽ സംശയമില്ല. കോൺഗ്രസ് വിട്ട് ആൾ ഇൻഡ്യാ മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത  ജിന്ന പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ മലബാറിൽ അതിന് പിന്തുണ ലഭിച്ചു. വിഭജനത്തോടെ ലീഗിന് ഇന്ത്യയിലും കോൺഗ്രസിന്  പാകിസ്ഥാനിലും നിലനില്പില്ലാതായി. മലബാറിലെ ലീഗിന്റെ നേതാവായിരുന്ന ആറ്റക്കോയ തങ്ങൾ പാകിസ്താനിലേക്ക് കുടിയേറി. ജിന്ന അദ്ദേഹത്തെ ഇൻഡൊനേഷ്യയിലെ പാകിസ്ഥാൻ സ്ഥാനപതിയായി  നിയമിച്ചു.

ഇന്ത്യയിലെ അവശേഷിക്കുന്ന ലീഗു നേതാക്കൾ മദ്രാസിൽ യോഗം ചേർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകി. വിഭജനത്തിനുത്തരവാദികളായവർ എന്ന പഴി ഒഴിവാക്കാനാണ് പുതിയ പേരു സ്വീകരിച്ചത്.  ഐ.യു.എം.എൽ പിളർന്നപ്പോൾ വിമതർ ആൾ ഇൻഡ്യാ മുസ്ലിം ലീഗ് എന്ന പഴയ പേർ സ്വീകരിച്ചു. കുറച്ചുകാലം ഐ.യു.എം.എൽ കോൺഗ്രസിനൊപ്പവും എ.ഐ.എം.എൽ സി.പി.എമ്മിനൊപ്പവും കഴിഞ്ഞശേഷം അവ ഒന്നിച്ചു. പാർട്ടി വീണ്ടൂം പിളർന്നപ്പോൾ വിമതർ മതപരാമർശം ഒഴിവാക്കി ഇൻഡ്യൻ നാഷനൽ ലീഗ് എന്ന് പേരു സ്വീകരിച്ചത്  എൽ.ഡി.എഫ് പ്രവേശത്തിന് അത് സഹായകമാകുമെന്ന് കരുതിയാണ്. ഘടകകക്ഷിയാക്കിയില്ലെങ്കിലും മന്ത്രിസ്ഥാനമൊഴികെ അവകാശപ്പെടാവുന്ന എല്ലാ സ്ഥാനമാനങ്ങളും എൽ.ഡി.എഫ് അതിന് നൽകുന്നുണ്ട്.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ ഒന്നിച്ച ജാതിമത ശക്തികളുടെ കൂട്ടത്തിൽ ലീഗുമുണ്ടായിരുന്നു. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ വീണ്ടും അധികാരത്തിലേറുന്നത് തടയാനായി കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ലീഗും കൈകോർത്തു. സഖ്യം ജയിച്ചെങ്കിലും ലീഗിനെ വർഗീയകക്ഷിയായി കണ്ടതുകൊണ്ട് കോൺഗ്രസ് അതിന് മന്ത്രിസഭയിൽ സ്ഥാനം നൽകിയില്ല. സ്പീക്കർ സ്ഥാനം മാത്രമാണ് നൽകിയത്. അതും സ്ഥാനാർത്ഥി പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന നിബന്ധനയോടെ.  

കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസും സി.പി.ഐയിൽ നിന്ന്  സി.പി.എമ്മും വേർപെട്ടശേഷമായിരുന്നു അടുത്ത തെരഞ്ഞെടുപ്പ്. ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടിയില്ല. ആർക്കും കൂട്ടുമന്ത്രിസഭയുണ്ടാക്കാനുമായില്ല. സർക്കാരിനു ജന്മം നൽകാൻ കഴിയാഞ്ഞ സഭ പിരിച്ചു വിടപ്പെട്ടു. വീണ്ടും തെരഞ്ഞടുപ്പു വന്നപ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏഴു കക്ഷികളടങ്ങുന്ന മുന്നണിയുമായാണ് കോൺഗ്രസിനെ നേരിട്ടത്. ആ മുന്നണിയിൽ സി.പി. എമ്മിനൊപ്പം സി.പി.ഐ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ആർ,എസ്.പി., കെ.എസ്.പി. എന്നീ കക്ഷികളും കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ ‘വിമോചന‘ സമരത്തിൽ പങ്കെടുത്ത ലീഗും അതിൽ സജീവമായിരുന്ന ഫാദർ വടക്കൻ എന്ന വൈദികൻ രൂപീകരിച്ച കർഷക തൊഴിലാളി പാർട്ടിയും ഘടകകക്ഷികളായിരുന്നു. അത് കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവായി. അധികാരം നേടാൻ ആരുമായും കൂട്ടുകൂടാമെന്ന നിലയായി. നമ്പൂതിരിപ്പാട് എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ സ്ഥാനം നൽകി. വർഗീയ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് മന്ത്രി സ്ഥാനം നിഷേധിച്ച മുസ്ലിം ലീഗിന് മാന്യത കൈവന്നു.

മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിൽ പല പതിറ്റാണ്ടുകാലം അധികാരം കയ്യാളിയ കക്ഷിയെന്ന നിലയിൽ പ്രശ്നങ്ങളെ വിശാല കാഴ്ചപ്പാടിലൂടെ കാണാനും പക്വതയോടെ അവയെ കൈകാര്യം ചെയ്യാനും കഴിവുള്ള ഏതാനും നേതാക്കളെ വളർത്തിയെടുക്കാൻ  മുസ്ലിം ലീഗിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരുടെ മനസ്സിൽ കുടികൊള്ളുന്നതിൽ കവിഞ്ഞ വർഗീയ മനോഭാവമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ മതനാമം പേറുന്ന കക്ഷിയുടെ നേതാക്കളെന്ന നിലയിൽ അവരെ മതനിരപേക്ഷരരായി പൊതുസമൂഹത്തിന് കാണാനാവില്ല.

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങൾ ഐ.യു.എം.എൽ ജന്മമെടുത്ത കാലത്തേതിൽ നിന്ന്  ഏറെ വ്യത്യസ്തമാണ്. മുസ്ലിങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹ്യ വിഭാഗമായി വളർന്നിരിക്കുന്നു. അവശതകൾ അനുഭവിക്കുന്നവർ അക്കൂട്ടത്തിലുണ്ട്. ചില അവശതകൾ മതപരമാണെന്ന് പറയാവുന്നവയാണ്  അവയ്ക്ക് പരിഹാരം കാണാൻ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടി ആവശ്യമാണോ എന്ന് മുസ്ലിം സമൂഹം ആലോചിക്കേണ്ടതാണ്. ലീഗിന്റെ സാന്നിധ്യം പൊതുസമൂഹത്തിൽ പ്രകടമായ ദുഷ്ഫലങ്ങൾക്കിടയാക്കുന്നെന്ന വസ്തുത മറച്ചുപിടിയ്ക്കാനാകില്ല. ലീഗ് മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദ പ്രവണത വളരുന്നത് തടയുന്ന  ഘടകമാണെന്നതിൽ സംശയമില്ല. അതേ സമയം അതിന്റെ മൃദുനിലപാട് തീവ്രസ്വഭാവമുള്ള സംഘടനകളുടെ വരവിനു കാരണമാകുന്നുമുണ്ട്.  തീവ്രവാദ സ്വഭാവമുള്ള ഐ.എസ്.എസ് (ആർ.എസ്.എസിന്റെ പേരുമായുള്ള സാമ്യം യാദൃശ്ചികമായിരുന്നോ?) എന്ന സംഘടനയുമായി രംഗപ്രവേശം ചെയ്ത അബ്ദുൾ നാസർ മ്‌അദനി അതിവേഗം അതുപേക്ഷിക്കുകയും മറ്റ് പിന്നാക്ക സമുദായങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പി.ഡി.പി. രൂപീകരിക്കുകയും ചെയ്തു. തുടക്കത്തിൽ മറ്റ് വിഭാഗങ്ങളെ ആകർഷിക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ മതനിരപേക്ഷ വേദിയായി മാറാൻ അതിനു കഴിഞ്ഞില്ല. പി.ഡി.പി. മാതൃകയിലാണ് ജമാത്തെ ഇസ്ലാമി വെൽഫയർ പാർട്ടിയും പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐയും രൂപീകരിച്ചുകൊണ്ട് ദേശീയതലത്തിൽ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി അവരുടെയും മുഖ്യലക്ഷ്യം മുസ്ലിം താല്പര്യ സംരക്ഷണമാണ്.

മുസ്ലിം ലീഗ് ആദ്യത്തെ പ്രത്യക്ഷ വർഗീയ കക്ഷിയാണെങ്കിൽ, കേരളാ കോൺഗ്രസ് ആദ്യത്തെ പ്രച്ഛന്ന വർഗീയ കക്ഷിയാണ്. മുഖ്യമന്ത്രിയായിരുന്ന ആർ.  ശങ്കറിനെതിരെ കോൺഗ്രസ് കക്ഷിക്കുള്ളിൽ ഒരു ഗ്രൂപ്പിനെ നയിച്ചിരുന്ന ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ അനുയായികൾ അദ്ദേഹത്തിന്റെ ആകസ്മികമരണത്തിനുശേഷം രൂപീകരിച്ച പാർട്ടിയാണത്. അത് പ്രതിപക്ഷത്തൊടൊപ്പം വോട്ടു ചെയ്തതിന്റെ ഫലമായി ശങ്കർ മന്ത്രിസഭ നിലം‌പതിച്ചു. കോൺഗ്രസ് പാർട്ടി അന്ന് പിന്തുടർന്നിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു നയപരിപാടിയും ചാക്കോയൊ കേരളാ കോൺഗ്രസിന്റെ ആദ്യ നേതാവായിരുന്ന കെ.എം. ജോർജോ ഉയർത്തിക്കാട്ടിയിരുന്നില്ല. ചാക്കോയും ശങ്കറും തമ്മിലുള്ള പ്രശ്നം തികച്ചും വ്യക്തിപരമായിരുന്നു. ഏതെങ്കിലും നയത്തിന്റെ കാര്യത്തിൽ ഈ രണ്ട് ഗ്രൂപ്പുകളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിൽ അത് വനം കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിലായിരിക്കണം. യുദ്ധകാലത്ത് ഭക്ഷ്യധാന്യങ്ങൾ വിളയിക്കാൻ ഹ്രസ്വകാല അടിസ്ഥാനത്തിൽ പാട്ടത്തിനു നൽകിയ വനഭൂമി തിരിച്ചെടുക്കാൻ യുദ്ധത്തിനുശേഷം സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടെ അനധികൃതമായ ഭൂമികയ്യേറ്റങ്ങളും തുടങ്ങിയിരുന്നു. അവരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തെ  കോൺഗ്രസിലെ ചില ക്രൈസ്തവ നേതാക്കൾ എതിർത്തിരുന്നു. വിമോചന സമരത്തിൽ വലിയ പങ്ക് വഹിച്ച ക്രൈസ്തവ സഭകൾ പുതിയ സംവിധാനത്തെ അവരുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായ ഒന്നായി കണ്ടില്ല. നാല്പതില്പരം കൊല്ലം മുമ്പ് കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസ് രൂപീകരിച്ചവരുടെ നിരയിൽ ഒന്നോ രണ്ടൊ നായർ എം.എൽ.എ മാരൊഴികെ എല്ലാവരും ക്രൈസ്തവരായിരുന്നു. ഇന്നും ആ പേരു വഹിക്കുന്ന കക്ഷികളുടെ നിര അതേ പോലെ തുടരുന്നു..

കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം പിന്നെയും തുടർന്നു. കെ.കരുണാകരനും എ.കെ. ആന്റണിയും നയിച്ച ഗ്രൂപ്പുകളിൽ എല്ലാ ജാതിമതവിഭാഗങ്ങളിൽ പെട്ടവരുമടങ്ങിയിരുന്നു. ഇപ്പോഴും ഗ്രൂപ്പുകൾ ജാതിമതവിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ളവയല്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ എ ഗ്രുപ്പ് ആന്റണിയുടേതിനേക്കാൾ ക്രൈസ്തവവും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കരുണാകരന്റേതിനേക്കാൾ ഹൈന്ദവവുമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാനാകും. രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം കിട്ടിയത് എൻ.എസ്.എസ്. പരസ്യമായി ഇടപെട്ടതിന്റെ ഫലമായാണല്ലൊ.

മുസ്ലിം ലീഗിന്റെ പ്രത്യക്ഷ വർഗീയതയും കേരളാ കോൺഗ്രസിന്റെയും മറ്റും പ്രച്ഛന്ന വർഗീയതയും മതന്യൂനപക്ഷങ്ങൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം നേടിക്കൊടുത്തിരിക്കുന്നെന്ന ചിന്തയാണ് ഒരു ഘട്ടത്തിൽ എൻ.എസ്.എസിനെ എൻ.ഡി.പി. എന്ന പാർട്ടിയും എസ്.എൻ.ഡി.പിയെ എസ്.ആർ.പി. എന്ന പാർട്ടിയും രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. പ്രബല ഹിന്ദു ജാതിവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ സഹായിക്കുമെന്ന ധാരണയിൽ കരുണാകരൻ അവരെ പ്രോത്സാഹിപ്പിച്ചു. പക്ഷെ രണ്ടു കക്ഷികൾക്കും വലിയ ആയുസുണ്ടായില്ല. വർഷങ്ങൾക്കുശേഷം എസ്.എൻ.ഡി.പി. യോഗം മറ്റ് ചില ജാതി സംഘടനകളുമായി ചേർന്നു ബി.ജെ.ഡി.എസ് രൂപീകരിച്ചുകൊണ്ട് ഒരു പുതിയ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. സമുദായതാല്പര്യങ്ങളല്ല, ഒരു കുടുംബത്തിന്റെ മോഹങ്ങളാണ് എസ്.എൻ.ഡി.പിയുടെ നീക്കത്തിന്റെ പിന്നിലെന്ന് തിരിച്ചറിയാത്തവരല്ല സമുദായാംഗങ്ങൾ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അങ്കത്തിനിറങ്ങിയിരിക്കുന്ന എസ്.എൻ.ഡി.പി.ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെടുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 133ൽ നിന്ന് താഴ്ത്തുന്നതിനപ്പുറം വലിയ സഹായം നൽകാൻ കഴിയുമോയെന്ന് സംശയമാണ്.      

ക്രൈസ്തവ സമൂഹം കോൺഗ്രസിലൂടെയും കേരളാ കോൺഗ്രസിലൂടെയും മുസ്ലീം സമൂഹം ലീഗിലൂടെയും യു.ഡി.എഫിനു പിന്നിൽ വലിയ തോതിൽ നിലകൊള്ളുന്നെങ്കിൽ സി.പി.എമ്മിലൂടെയും സി.പി.ഐയിലൂടെയും ഈഴവരും ദലിതരും എൽ.ഡി.എഫിനു പിന്നിൽ വലിയ തോതിൽ നിലകൊള്ളുന്നുണ്ട്. സി.പി.എം കുറച്ചുകാലമായി പരീക്ഷിക്കുന്ന അടവിന്റെ ലക്ഷ്യം കോൺഗ്രസിനു പിന്നിൽ അണിനിരന്നിട്ടുള്ളവരിൽ നിന്ന് കുറെപ്പേരെ അടർത്തിയെടുക്കുകയെന്നതാണ്. ബി.ജെ.പിയുടെ വളർച്ച കേരളത്തിലെ കോൺഗ്രസിനെ തീരെ അലോസരപ്പെടുത്താത്തത് എസ്.എൻ.ഡി.പി. യോഗവും കെ.പി.എം.എസും മറ്റും ഇടതുപക്ഷത്തിന്റെ കുറെ പിന്നാക്കവിഭാഗ വോട്ടുകൾ കൊണ്ടുപോകുന്നത് തങ്ങൾക്കു ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ്. അധികാര രാഷ്ട്രീയം പാർട്ടികളെ മകൻ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന് ചിന്തിക്കുന്ന അമ്മായിയമ്മയുടെ തലത്തിലെത്തിച്ചിരിക്കുന്നു.

മലബാറിലെ മുസ്ലിം മേഖലയിൽ മതനിരപേക്ഷ കക്ഷികൾ വളർന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് താൽക്കാലിക നേട്ടം മുൻ‌നിർത്തി കോൺഗ്രസും സി.പി.എമ്മും അതുമായി ചങ്ങാത്തമുണ്ടാക്കുകയും അതിനെ വളരാൻ സഹായിച്ചതും. രാഷ്ട്രീയഭാവി ഭദ്രമാക്കാൻ ലീഗാണ് നല്ലതെന്ന ചിന്തയിൽ പല കോൺഗ്രസുകാരും ആ കക്ഷിയിൽ ചേർന്നു. മറ്റ് കക്ഷികൾക്ക് മുസ്ലിം യുവാക്കളെ ആകർഷിക്കാനുള്ള കഴിവ് കുറയുകയും ചെയ്തു.  ഇപ്പോൾ മലയോരമേഖലയിൽ സി.പി.എം. നടത്തുന്ന അടവും സമാനമായ ഫലമാവും ഉണ്ടാക്കുക. കേരളത്തിലെ മതനിരപേക്ഷ പരിസരം വീണ്ടെടുത്തു ശക്തിപ്പെടുത്തേണ്ടത് ദേശീയതല മതനിരപേക്ഷ കക്കളാണ്. അതിൽ അവർ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നെന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം. (ജനശക്തി, ഏപ്രിൽ 1--15, 2016)

Wednesday, April 13, 2016

വീണ്ടുമൊരു മനുഷ്യനിർമിത ദുരന്തം

ബി ആർ പി ഭാസ്കർ
ജനയുഗ
വൂർ പുറ്റിങ്ങൽ ക്ഷേത്രപരിസരത്ത്‌ നൂറിലധികം ജീവൻ കവർന്ന വൻസ്ഫോടനം ഒരപകടമായിരുന്നില്ല. അത്‌ ഒഴിവാക്കാനാകുമായിരുന്ന ഒരു മനുഷ്യനിർമിത ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങൾക്കുത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാനുള്ള ആർജ്ജവം ഭരണകൂടത്തിനില്ലാത്തതുകൊണ്ട്‌ അവ തുടർക്കഥയായിരിക്കുന്നു.

ദുരന്തമുണ്ടാകുമ്പോൾ, അത്‌ വലുതായാലും ചെറുതായാലും, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച്‌ വലിയ തോതിൽ പരാതി ഉയരാറുണ്ട്‌. ഇത്തവണ അത്തരം പരാതികൾ കുറവായിരുന്നു. സംസ്ഥാന സർക്കാർ മാത്രമല്ല കേന്ദ്ര സർക്കാരും അതിവേഗം അത്യുന്നത തലത്തിൽ തന്നെ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എല്ലാ പരിപാടികളും റദ്ദു ചെയ്ത്‌ പറവൂരിൽ ഓടിയെത്തുകയും ദുരിതാശ്വാസ നടപടികൾ സംബന്ധിച്ച്‌ തീരുമാനങ്ങളെടുക്കാൻ കൊല്ലത്ത്‌ മന്ത്രിസഭായോഗം വിളിക്കുകയും ചെയ്തു. എത്രയും വേഗം എത്തുന്നതാണെന്ന്‌ വെളുപ്പിനു ട്വീറ്റ്‌ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡോക്ടർമാരുടെ ഒരു സംഘവുമായി വൈകുന്നേരമായപ്പൊഴേക്കും ഡൽഹിയിൽ നിന്ന്‌ പറന്നെത്തി. തെരഞ്ഞെടുപ്പിന്റെ സാമീപ്യമാണ്‌ ഈ അതിവേഗ പ്രവർത്തനങ്ങൾക്ക്‌ പ്രേരകമായതെങ്കിലും മനസു വെച്ചാൽ ഭരണകൂടങ്ങൾക്ക്‌ ഉണർന്നു പ്രവർത്തിക്കാനാകുമെന്നതിനുള്ള തെളിവെന്ന നിലയിൽ അവ സ്വാഗതാർഹമാണ്‌.

ആദ്യ ദിവസം തന്നെ സർക്കാർ രണ്ട്‌ അന്വേഷണങ്ങൾക്ക്‌ ഉത്തരവിട്ടു. ഒന്ന്‌ സാധാരണ നിയമം അനുശാസിക്കുന്ന പൊലീസ്‌ അന്വേഷണമാണ്‌. അന്വേഷണ ചുമതല സർക്കാർ ്ര‍െകെം ബ്രാഞ്ചിന്‌ കൈമാറുകയും മേൽനോട്ടം ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥനു നൽകുകയും ചെയ്തു. മറ്റേത്‌ ജുഡിഷ്യൽ അന്വേഷണമാണ്‌. ഒരു മുൻ ഹൈക്കോടതി ജഡ്ജിയെ അതിനായി ഉടൻ കണ്ടെത്തി. എന്നാൽ പൊലീസ്‌ അന്വേഷണം സത്യസന്ധമാണെന്ന്‌ ഉറപ്പുവരുത്താൻ ആവശ്യമായ ചില നടപടികൾ ഇനിയും എടുത്തിട്ടില്ല.

അമ്പലത്തിനടുത്തു താമസിക്കുന്ന പങ്കജാക്ഷിയമ്മ എന്ന എൺപതുകാരിയുടെ അപേക്ഷ പരിഗണിച്ച ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടർ ഉത്സവത്തോടനുബന്ധിച്ച്‌ പരമ്പരാഗതമായി നടത്താറുള്ള വെടിക്കെട്ടിനു അനുമതി നിഷേധിച്ചിരുന്നു. പൊലീസും മറ്റ്‌ ബന്ധപ്പെട്ട വകുപ്പുകളും വെടിക്കെട്ട്‌ അനുവദിക്കരുതെന്ന്‌ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ ഭരണകൂടം ഈ നിലപാടെടുത്തത്‌. അനുമതി നിഷേധിച്ച വിവരം അഡിഷനൽ ജില്ലാ മജിസ്ട്രേട്ട്‌ ഔപചാരികമായി അമ്പലം ഭരണാധികാരികളെ അറിയിച്ചു. എന്നിട്ടും അവർ അതുമായി മുന്നോട്ടുപോയി. അനുമതി ലഭിച്ചതായി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞുകൊണ്ട്‌ അവർ നാട്ടുകാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും തെറ്റിദ്ധരിപ്പിച്ചതായി വാർത്തകളിൽ നിന്ന്‌ വ്യക്തമാകുന്നു. ഈ വൻ ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അവർക്കാണ്‌.

പൊലീസ്‌ തടയുകയില്ലെന്ന വിശ്വാസമില്ലായിരുന്നില്ലെങ്കിൽ അമ്പലം ഭാരവാഹികൾ അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ്‌ ലംഘിക്കാൻ ധൈര്യപ്പെടുമായിരുന്നില്ല. ആദ്യം വെടിക്കെട്ട്‌ അനുവദിക്കരുതെന്ന്‌ ശുപാർശ ചെയ്ത പൊലീസ്‌ അധികൃതർ പിന്നീട്‌ നിലപാട്‌ മാറ്റിയതായി പുറത്തു വന്നിട്ടുള്ള രേഖകൾ സൂചിപ്പിക്കുന്നു. രണ്ട്‌ സാഹചര്യങ്ങളിലാണ്‌ ഇത്തരം ചുവടുമാറ്റമുണ്ടാവുക. ഒന്ന്‌ അഴിമതിയാണ്‌. മറ്റേത്‌ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദവും. ഇതിൽ ഏതാണ്‌ സംഭവിച്ചതെന്നറിയേണ്ടിയിരിക്കുന്നു.

ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം മാറ്റാൻ അതിനും മുകളിലുള്ള ബ്യൂറോക്രസിയിൽ നിന്നോ രാഷ്ട്രീയ അധികാര കേന്ദ്രത്തിൽ നിന്നോ സമ്മർദ്ദമുണ്ടാകണം. അതുണ്ടായെന്നതിന്‌ വിശ്വസനീയമായ തെളിവുകൾ കണ്ടെത്താനെളുപ്പല്ല. അന്വേഷണം സത്യസന്ധമാകണമെങ്കിൽ സാക്ഷികൾ സ്വാധീനിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കണം. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യം മുൻനിർത്തി എടുക്കേണ്ടിയിരുന്ന ഒരു തീരുമാനം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ജില്ലാ പൊലീസുദ്യോഗസ്ഥരെ ഉടൻ സ്ഥലത്തു നിന്നു മാറ്റുകയെന്നതാണ്‌. ഇക്കാര്യത്തിൽ സർക്കാർ വീഴ്ച വരുത്തിയിരിക്കുന്നു.

സുരക്ഷാ മുൻകരുതലുകൾ പാലിക്കാതിരുന്നതുകൊണ്ടാണ്‌ ഇത്ര വലിയ ദുരന്തമുണ്ടായതെന്ന്‌ ജനീവ ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്തനിവാരണ വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ നിരീക്ഷണത്തിൽ നിന്ന്‌ സ്വാഭാവികമായി ഒരു ചോദ്യമുയരുന്നു: എന്തുകൊണ്ടാണ്‌ അവ പാലിക്കപ്പെടാതെ പോയത്‌? ഒരുപക്ഷെ അതിനും മുമ്പ്‌ മറ്റ്‌ ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്‌: ദുരന്തങ്ങൾ ഒഴിവാക്കാനെടുക്കേണ്ട മുൻകരുതലുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ ലക്ഷ്യംനേടാൻ പര്യാപ്തമാണോ?

കേരളത്തിൽ അടിക്കടി വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയ സംസ്കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ചട്ടങ്ങൾ രൂപപ്പെടുത്തുന്നത്‌ സമൂഹത്തിന്റെ വിശാലതാൽപര്യങ്ങൾ മുൻനിർത്തിയല്ല, ഭരണാധികാരികളുടെമേൽ ദുഃസ്വാധീനം ചെലുത്താൻ കഴിവുള്ള സ്ഥാപിതതാൽപര്യങ്ങളുടെ ആവശ്യം മുൻനിർത്തിയാണ്‌. അവർ സാമ്പത്തികശക്തികളൊ ജാതിമതശക്തികളൊ ആകാം. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ തുടങ്ങിയ വനം കയ്യേറ്റം മുതൽ ഇപ്പോൾ വ്യാപകമായി നടക്കുന്ന മണൽവാരലൂം പാറപൊട്ടിക്കലും വയൽ നികത്തലും പോലുള്ള പലതും അവയിൽ പെടും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ തീപിടുത്തം തടയാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾക്ക്‌ പ്രാബല്യം നൽകാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ കെട്ടുകെട്ടിച്ച സംഭവം മറക്കാനുള്ള കാലമായില്ല. കാശു കൊടുത്ത്‌ ഫ്ലാറ്റുകൾ വാങ്ങി അവിടെ താമസിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങളേക്കാൾ ഭരണാധികാരികൾ കെട്ടിടം കെട്ടി കാശുണ്ടാക്കുന്നവരുടെ താൽപര്യങ്ങൾക്ക്‌ പ്രാധാന്യം കൽപിക്കുന്നതിന്റെ കാരണം ഊഹിക്കാവുന്നതാണ്‌.

പുറ്റിങ്ങൽ ദുരന്തത്തോടെ അമ്പലങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളത്തും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്‌. ചില ക്രൈസ്തവ സഭകൾ ഈ ദുരന്തത്തിൽ നിന്ന്‌ പാഠം ഉൾക്കൊണ്ടുകൊണ്ട്‌ തങ്ങളുടെ ആഘോഷങ്ങളിൽ വെടിക്കെട്ട്‌ ഒഴിവാക്കാൻ തീരുമാനിച്ചത്‌ അഭിനന്ദനാർഹവും അനുകരണീയവുമാണ്‌. വെടിക്കെട്ട്‌ ആചാരത്തിന്റെ ഭാഗമാണെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവം അജ്ഞതയിൽ നിന്നുണ്ടായതാകാം. പല ആത്മീയ നേതാക്കളും ഹൈന്ദവ സംഘടനകളും ഇത്തരം ദുരാചാരങ്ങൾ നിർത്തണമെന്ന്‌ പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സമൂഹത്തിൽ അഭിപ്രായ ഭിന്നതയുള്ളപ്പോൾ പുരോഗമനപരമായ ആശയങ്ങൾക്കൊപ്പം നിൽക്കാനുള്ള ചുമതല സർക്കാരിനുണ്ട്‌.

ജില്ലാ അധികൃതർ ദുരിതനിവാരണത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ട സമയത്ത്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ സന്ദർശനം ഭാഗികമായെങ്കിലും അവരുടെ ശ്രദ്ധ തിരിച്ചുവിട്ടിരിക്കണം. ഡൽഹിയിൽ നിന്ന്‌ തിരിക്കുന്നതിനു മുമ്പ്‌ പ്രധാനമന്ത്രി കേരളത്തിലെ അധികൃതരുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തിന്‌ വിമാനത്തിൽ ഡോക്ടർമാർക്കു പകരം രക്തവും പ്ലാസ്മായും പോലൂള്ള അവശ്യസാമഗ്രികൾ കൊണ്ടുവരാനാകുമായിരുന്നു. (ജനയുഗം, ഏപ്രിൽ 13, 2016).