Wednesday, January 20, 2016

മലയാളം നിലനിൽക്കണമെങ്കിൽ

ബി ആർ പി ഭാസ്കർ

എന്റെ തലമുറ ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ വിഷയങ്ങളും പഠിച്ചത്‌ ഇംഗ്ലീഷിലാണ്‌. അതിനിടെ അധ്യയനം പൂർണമായും മാതൃഭാഷയിലാക്കാൻ തിരുവിതാംകൂറിലെ രാജഭരണകൂടം തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ തമിഴ്‌ ബ്രാഹ്മണനായ കെമിസ്ട്രി അധ്യാപകൻ ഒരു ദിവസം ക്ലാസെടുക്കുമ്പോൾ ‘ഇനി മലയാളത്തിൽ പഠിപ്പിക്കാനുള്ളതാണ്‌, അതിനുള്ള പരിശീലനം തുടങ്ങട്ടെ’ എന്നു പറഞ്ഞുകൊണ്ട്‌ ഇംഗ്ലീഷിൽ നിന്ന്‌ മലയാളത്തിലേക്ക്‌ തിരിഞ്ഞതോർക്കുന്നു. ചില അധ്യാപകർ മലയാളത്തിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ തുടങ്ങി. എഴുപതു കൊല്ലം മുമ്പായിരുന്നു അത്‌. കാലമേറെ കഴിഞ്ഞിട്ടും മലയാളത്തിന്‌ ഹൈസ്കൂൾ തലത്തിനു മുകളിൽ അധ്യയന ഭാഷയാകാൻ കഴിഞ്ഞിട്ടില്ല.

സർവകലാശാലാ തലത്തിൽ എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിക്കാനാകുമെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല. വൈജ്ഞാനിക മേഖലയിൽ മലയാളം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പ്രധാന തടസം അടിസ്ഥാന ഗ്രന്ഥങ്ങൾ പലതും മലയാളത്തിൽ ലഭ്യമല്ലാത്തതാണ്‌, പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളിലും സാമൂഹ്യശാസ്ത്രങ്ങളിലും. ഈ കുറവ്‌ പരിഹരിക്കാൻ ഓരോ വിജ്ഞാന ശാഖയിലെയും പ്രമുഖ കൃതികൾ മികച്ച രീതിയിൽ പരിഭാഷപ്പെടുത്താൻ മലയാള സർവകലാശാല പദ്ധതി തയ്യാറാക്കിയിരിക്കുന്നു. സ്വാഗതാർഹമായ നീക്കമാണിത്‌. ഇതിന്‌ നേതൃത്വം നൽകുന്ന വൈസ്‌ ചാൻസലർ കെ ജയകുമാർ അഭിനന്ദനം അർഹിക്കുന്നു.

അധ്യയനഭാഷ സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ സർക്കാരാണ്‌. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 68 കൊല്ലക്കാലത്ത്‌ സർക്കാർ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്ന്‌ തീരുമാനിച്ചിരുന്നെങ്കിൽ ആവശ്യമായ മലയാള പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക അക്കാദമിക തലങ്ങളിൽ ഇതിനകം തുടങ്ങിയിരുന്നേനെ. സർവകലാശാലയിലെ അധ്യയനം മലയാളത്തിലാക്കാൻ സർക്കാർ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിച്ചാൽ ഭാഷ അതിനു സജ്ജമാണെന്നുറപ്പാക്കാനാണ്‌ മലയാള സർവകലാശാല ശ്രമിക്കുന്നത്‌.

ഇവിടെ തൊഴിലവസരങ്ങൾ കുറവായതിനാൽ മലയാളികൾ ജോലി തേടി മറ്റ്‌ സംസ്ഥാനങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും പോകുന്നു. ആ നിലയ്ക്ക്‌ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കാനാകുമോ എന്ന ചോദ്യം പ്രസക്തമാണ്‌. ഇപ്പോൾ തന്നെ സ്കൂൾതലത്തിൽ കുട്ടികൾ വലിയ തോതിൽ ഇംഗ്ലീഷിലേക്ക്‌ ചുവടുമാറ്റം നടത്തുന്നുണ്ട്‌. ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠിച്ചാൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നതുകൊണ്ട്‌ അച്ഛനമ്മമാർ വൻ ത്യാഗം സഹിച്ച്‌ മക്കളെ അത്തരം സ്കൂളുകളിൽ അയക്കുന്നു. ഈ സാഹചര്യത്തിൽ മലയാളത്തിലുള്ള സർവകലാശാലാ പഠനം പലർക്കും സ്വീകാര്യമാകില്ല. എങ്കിലും ആവശ്യമുള്ളവർക്ക്‌ സർവകലാശാലാ തലത്തിൽ മലയാളത്തിൽ പഠിക്കാൻ കഴിയേണ്ടതാണ്‌. ഇന്ന്‌ സിവിൽ സർവീസ്‌ പരീക്ഷ മലയാളത്തിലും എഴുതാനാകും. ആ നിലയ്ക്ക്‌ ഇക്കാര്യം അധികൃതർ പരിശോധിക്കേണ്ടതാണ്‌.

സർവകലാശാലാ വിദ്യാഭ്യാസം മലയാളത്തിലാക്കിയില്ലെങ്കിൽ തന്നെയും വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ ഭാഷയിലുണ്ടാകേണ്ടത്‌ ഭാഷയുടെ നിലനിൽപിന്‌ ആവശ്യമാണ്‌. കേരളത്തെ കുറിച്ച്‌ പറയുമ്പോൾ ‘കൊച്ചു’ എന്ന വിശേഷണം നാം പതിവായി ഉപയോഗിക്കാറുണ്ട്‌. ധാരാളം വലിയ സംസ്ഥാനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭാഗമായതുകൊണ്ടാണ്‌ ഇതൊരു കൊച്ചുസ്ഥലമാണെന്ന ചിന്ത നമ്മുടെ മനസിൽ കടന്നുകൂടിയിട്ടുള്ളത്‌. വാസ്തവത്തിൽ കേരളം അത്ര ചെറുതല്ല. കമ്യൂണിസ്റ്റ്‌ സർക്കാരുകൾ നിലംപതിക്കുന്ന കാലത്ത്‌ കിഴക്കേ യൂറോപ്പ്‌ സന്ദർശിച്ചപ്പോൾ പോളണ്ട്‌ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും കേരളത്തേക്കാൾ ചെറുതാണെന്ന്‌ തെല്ല്‌ അത്ഭുതത്തോടെയാണ്‌ ഞാൻ മനസ്സിലാക്കിയത്‌.

ഇന്ത്യയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഏതാനും ഭാഷകളുണ്ടെങ്കിലും മലയാളം തീരെ ചെറിയ ഭാഷയല്ല. സംസാരിക്കുന്നയാളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകഭാഷകളുടെയിടയിൽ അത്‌ 34-ാ‍ം സ്ഥാനത്താണ്‌. ആ സ്ഥാനം നിലനിർത്താൻ നമുക്കാകുമോ എന്നത്‌ എളുപ്പം ഉത്തരം നൽകാവുന്ന ചോദ്യമല്ല.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തച്ഛനാണ്‌ ഭാഷയുടെ പിതാവ്‌ എന്നാണ്‌ നാം സ്കൂളിൽ പഠിച്ചത്‌. അങ്ങനെയെങ്കിൽ മലയാളത്തിന്‌ 600 കൊല്ലത്തെ പഴക്കമേയുള്ളു. എന്നാൽ അടുത്ത കാലത്ത്‌ നാം അതിന്റെ ചരിത്രം പിന്നോട്ട്‌ നീട്ടി ശ്രേഷ്ഠഭാഷാ പദവി നേടുകയുണ്ടായി. യഥാർത്ഥത്തിൽ പൂർവരൂപമായ പ്രാചീന തമിഴിൽ നിന്ന്‌ ഇന്നത്തെ തമിഴും മലയാളവുമൊക്കെ എന്നാണു വേർപെട്ടതെന്ന്‌ കൃത്യമായി പറയാനാവില്ല. ഭാഷ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്‌. മാറ്റങ്ങൾക്ക്‌ പല കാരണങ്ങളുമുണ്ടാകാം. ആ പ്രക്രിയക്കിടയിൽ ഭാഷകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.

ഭാഷ നിലനിൽക്കണമെങ്കിൽ അത്‌ ജനങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഉപകരിക്കണം. അല്ലാത്തപക്ഷം മരണം സംഭവിക്കും. പത്രങ്ങൾ സംസ്കൃതത്തിൽ നിന്ന്‌ കടമെടുത്തുകൊണ്ട്‌ ഭാഷയെ വികസിപ്പിച്ചതിന്റെ ഫലമായി ഇന്ന്‌ മലയാളിയുടെ സംസാരഭാഷയിൽ ധാരാളം സംസ്കൃത പദങ്ങളുണ്ട്‌. ഇപ്പോൾ ചാനലുകൾ ഇംഗ്ലീഷ്‌ നമ്മുടെ ഭാഷയിലേക്ക്‌ കടത്തിവിടുകയാണ്‌. ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ്‌ എല്ലാ പരിപാടികൾക്കും മലയാള പേരുകളാണ്‌ നൽകിയത്‌. പിന്നീട്‌ വന്നവ പേരുകൾക്ക്‌ ഇംഗ്ലീഷിനെ ആശ്രയിച്ചു. ഇത്‌ മലയാളഭാഷയുടെ പരിമിതിയേക്കാൾ ചാനൽ പ്രവർത്തകരുടെ പരിമിതിയെയാണ്‌ വിളംബരം ചെയ്യുന്നത്‌.

ലോകം അറിവിന്റെ കാലത്ത്‌ പ്രവേശിച്ചിരിക്കുകയാണ്‌. അറിവ്‌ നൽകാൻ പര്യാപ്തമല്ലാത്ത ഭാഷയ്ക്ക്‌ പുതിയ കാലത്ത്‌ നിലനിൽക്കാനാകില്ല. മലയാള സർവകലാശാല അതിന്റേതായ രീതിയിൽ ഭാഷയെ അറിവിന്റെ ലോകത്തിന്‌ അനുയോജ്യമാക്കാൻ ശ്രമിക്കുകയാണ്‌. ഏതു വിഷയത്തിലും പഴയതും പുതിയതുമായ അറിവ്‌ ഇന്ന്‌ ഇന്റർനെറ്റിലൂടെ ഇംഗ്ലീഷിൽ ഉടനടി ലഭ്യമാണ്‌. തത്സമയ കമ്പ്യൂട്ടർ പരിഭാഷയിലൂടെ മറ്റ്‌ പല ഭാഷകളിലേക്ക്‌ ആ അറിവ്‌ സംക്രമിപ്പിക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്‌. ആ സംവിധാനം മലയാളിക്ക്‌ ഫലപ്രദമായി ഉപയോഗിക്കാനായാൽ നമ്മുടെ ഭാഷയുടെ വിജ്ഞാനദാരിദ്ര്യം മറികടക്കാനാകും. സർക്കാരും സാങ്കേതിക വിദഗ്ധരും സർവകലാശാലകളും ഈ വിഷയത്തിൽ താൽപര്യമെടുക്കണം.(ജനയുഗം, , ജനുവരി 20, 2016)

No comments: