Wednesday, December 23, 2015

ആഭാസന്മാർ വാഴുന്ന സർവകലാശാല

ബി ആർ പി ഭാസ്കർ
 ജനയുഗ

രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗത്തിന്റെ മൂന്നാം വാർഷികാചരണ വേളയിൽ ആ ബലാത്സംഗക്കേസിലെ ബാലനായ പ്രതി ലഘുശിക്ഷ പൂർത്തിയാക്കി പുറത്തു വരുന്നതു തടയാൻ ചിലർ ശ്രമിക്കുകയുണ്ടായി. അതിനിടെയാണ്‌ കാലിക്കട്ട്‌ സർവകലാശാലയിലെ നാന്നൂറിൽ പരം പെൺകുട്ടികൾ ക്യാമ്പസിൽ തങ്ങൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റി സിന്‌ കത്തയച്ചു എന്ന വാർത്ത പുറത്തു വന്നത്‌. പ്രബുദ്ധ കേരളത്തിന്റെ വികൃതമുഖം അനാവരണം ചെയ്യുന്ന ആ സംഭവം പൊതുമണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിച്ചില്ല.

പോസ്റ്റ്‌ കാർഡിലാണ്‌ എഴുതി അയക്കുന്നതെങ്കിൽപോലും പരാതി ഗൗരവപൂർവമായ  പരിഗണന അർഹിക്കുന്നെങ്കിൽ അതിനെ റിട്ട്‌ ഹർജിയായി ക രുതുന്ന പാരമ്പര്യം നമ്മുടെ ഉയർന്ന നീതിപീഠങ്ങൾക്കുണ്ട്‌. ആ നിലയ്ക്ക്‌ ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്‌. അവധിക്കാല മനോഭാവം മൂലമാകണം ഇത്‌ എപ്പോൾ, എങ്ങനെയുണ്ടാകുമെന്ന ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.

ചീഫ്‌ ജസ്റ്റിസിനയച്ച കത്തിന്റെ കോപ്പി വിദ്യാർഥിനികൾ സർവകലാശാലയുടെ ചാൻസലറായ ഗവർണർക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ചതായി വാർത്തയിലുണ്ടായിരുന്നു. ഗ വർണർ പി സദാശിവം ഇന്ത്യയുടെ മുൻ ചീഫ്‌ ജസ്റ്റിസ്‌ കൂടിയാണ്‌. മുൻഗാമികളിൽ നിന്ന്‌  വ്യത്യസ്തമായി ചാൻസലർ പദവി ഗൗരവത്തോടെ എടുക്കുകയും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സവിശേഷ താൽപര്യമെടുക്കുകയും ചെയ്യുന്ന ആളുമാണദ്ദേഹം.ഇക്കാര്യത്തിൽ അദ്ദേഹം എന്ത്‌ നടപടിയെടുക്കാനുദ്ദേശിക്കുന്നു എന്നറിയില്ല.

വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ പല കാര്യങ്ങളിലും സങ്കുചിതവും പ്രതിലോമപരവുമായ നിലപാടുകൾ എടുത്തിട്ടുള്ള പി കെ അബ്ദുറബ്ബിൽ നിന്ന്‌ ഗുണപരമായ എന്തെങ്കിലും നീക്കം പ്രതീക്ഷിക്കാനാകുമെന്ന്‌ തോന്നുന്നില്ല.


സർവകലാശാലയിലെ വിദ്യാർഥി സംഘടനകൾ വിദ്യാർഥിനികളുടെ പരാതിയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതായി കാണുന്നു. ക്യാമ്പസ്‌ അതിക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ്‌ വിദ്യാർഥിനികൾ കത്തയച്ചതെന്ന്‌ എസ്‌എഫ്‌ഐ സെനറ്റിൽ വാദിച്ചപ്പോൾ ഹോസ്റ്റലിലെ ശോചനീയമായ അവസ്ഥക്കെതിരെ നിവേദനം നൽകാനെന്ന പേരിൽ ഒപ്പുശേഖരിച്ചശേഷം ആദ്യ പേജ്‌ മാറ്റി പീഡനത്തിനെതിരായ പരാതിയാക്കി മാറ്റുകയായിരുന്നെന്ന്‌ എംഎസ്‌എഫ്‌ ആരോപിച്ചു. കത്ത്‌ തയ്യാറാക്കുന്നതിന്‌ നേതൃത്വം നൽകിയ ആറു വിദ്യാർഥിനികൾക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഒരു പ്രമേയം എംഎസ്‌എഫ്‌ അവതരിപ്പിക്കുകയും അത്‌ സെനറ്റ്‌ അംഗീകരിക്കുകയും ചെയ്തു.

കാലിക്കറ്റ്‌ സർവകലാശാലയുടെ കാര്യങ്ങളിൽ തുടക്കം മുതൽ വലിയ താൽപര്യം എടുത്തു വരുന്ന മുസ്ലിം ലീഗിന്റെ പോഷകസംഘടനയാണ്‌ എംഎസ്‌എഫ്‌. അത്‌ സ്ത്രീപീഡകർക്ക്‌ അനുകൂലമായ നിലപാടെടുക്കുകയും ആ നിലപാടിന്‌ സെനറ്റ്‌ അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സർവകലാശാലയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ ക്യാമ്പസിൽ അഴിഞ്ഞാടുന്നവരെ സംരക്ഷിക്കാൻ തയ്യാറുള്ളവരാണെന്ന്‌ വ്യക്തമാകുന്നു.

വിദ്യാർഥിനികളുടെ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട്‌ ഏതാനും വിദ്യാർഥികൾ നൽകിയ പരാതിയിൽ നേരിട്ടു അന്വേഷണമോ മേറ്റ്ന്തെങ്കിലും നടപടിയോ എടുക്കാതെ രജിസ്ട്രാർ പൊലീസിനു കൈമാറിയെന്നും അതിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പൊലീസ്‌ ഒരു കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നു. പീഡകരും അവരുടെ സംരക്ഷകരും പൊലീസ്‌ നടപടികളിലൂടെ വിദ്യാർഥിനികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു എന്നർഥം.

ഇതേ തരത്തിലുള്ള ഒരു പരാതി ഈ സർവകലാശാലയി ൽ നിന്ന്‌ 1997ലും ഹൈക്കോടതിക്ക്‌ ലഭിച്ചിരുന്നു. അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥിതിഗതികൾ പഠിച്ചു റിപ്പോർട്ടു ചെയ്യാൻ പ്രമുഖ അഭിഭാഷകയായ വി പി സീമന്തിനിയുടെ അധ്യക്ഷതയിലുള്ള ഒരു സമിതിയെ നിയോഗിച്ചു. ചുറ്റുമതിലില്ലാത്ത ക്യാമ്പസിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ഹോസ്റ്റൽ കവാടത്തിലും സമീപത്തുള്ള റോഡിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുക, രാത്രികാലങ്ങളിൽ പട്രോളിങ്‌ ഏർപ്പെടുത്തുക തുടങ്ങിയ പല നിർദ്ദേശങ്ങളും ആ സമിതി നൽകി. അവ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോൾ പെൺകുട്ടികൾക്ക്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരില്ലായിരുന്നു.

പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്‌ ക്യാമ്പസിലെ അവസ്ഥ അന്നത്തേക്കാൾ മോശമായിരിക്കുന്നു എന്നാണ്‌. ഒരു വിദ്യാർഥിനി വരച്ചുകാട്ടുന്ന ചിത്രം കാണുക: പ്രഭാത സവാരിക്ക്‌ പോകുമ്പോൾ കേൾക്കുന്ന അസഹ്യമായ കമന്റടി മുതൽ തുടങ്ങുന്നു ഇവിടത്തെ പ്രശ്നങ്ങളുടെ നീണ്ട നിര. ഷാളിടാത്ത പെൺകുട്ടിയെ കാണുമ്പോൾ ‘എനിക്ക്‌ പലതും ചെയ്യാൻ തോന്നുന്നു’ എന്നു പറയുന്നവർ, പാവാട ഇടുന്നവരോട്‌ “നിന്റെയൊക്കെ വീട്ടിലറിഞ്ഞോണ്ടാണോ ഇതൊക്കെ ഇടുന്നതെ’ന്ന്‌’ ചോദിച്ച്‌ കുനിഞ്ഞു നിന്നു നീളമളക്കുന്നവർ, ഹോസ്റ്റലിലെ വിദ്യാർി‍നികൾ ” സെക്സിന്‌ അവൈലബിൾ ആണോ?’ എന്ന്‌ വഴിവക്കിൽ നട്ടുച്ചയ്ക്ക്‌ കാത്തു നിന്ന്‌ ചോദിക്കുന്നവർ, നഗ്നതാ പ്രദർശനം നടത്തുന്നവർ, അതുകണ്ട്‌ പേടിച്ചോടുന്ന കുട്ടികളുടെ പുറകേപോയി സ്വയംഭോഗം ചെയ്ത്‌ കാണിക്കുന്നവർ, ഹോസ്റ്റലിനു വെളിയിലെ റോഡിലൂടെ തെറി പറഞ്ഞു പോകുന്നവർ, പെൺകുട്ടികളുടെ നേരെ സ്ഫോടക വസ്തു എറിയുന്നവർ, ക്യാമ്പസിലെ പരിപാടികൾക്കിടെ വന്ന്‌ കമന്റടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നവർ, ഹോസ്റ്റലിനു വെളിയിൽ വാഹനം നിർത്തി വസ്ത്രമുരിയുന്നവർ തുടങ്ങി ഞങ്ങൾ നേരിടുന്ന മനുഷ്യരും അവരുടെ വൈകൃതങ്ങളും അനവധിയാണ്‌.

ക്യാമ്പസിലെ ലജ്ജാകരമായ അവസ്ഥ മറന്നുകൊണ്ട്‌ മുന്നോട്ടുപോകുന്ന അധികൃതരിൽ യാഥാർഥ്യബോധമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ വിദ്യാർഥിനികൾ അടുത്ത കാലത്ത്‌ ‘സമത്വം, സ്വാതന്ത്ര്യം, സുരക്ഷ’ എന്ന  മുദ്രാവാക്യവുമായി ‘ആകാശം മുട്ടെ പരാതികൾ’ എന്ന്‌ പേരിൽ സമാധാനപരമായ ഒരു സമരം സംഘടിപ്പിക്കുകയുണ്ടായി. ഹൈഡ്രജ ൻ നിറച്ച ബലൂണുകളിൽ പരാതിക്കെട്ടുകൾ കെട്ടി അവർ മുകളിലേക്ക്‌ വിട്ടു. അധികൃതർ അത്‌ കണ്ടില്ലെന്നു നടിച്ചു.

ഇപ്പോഴത്തെ വൈസ്‌ ചാൻസലർ കെ മുഹമ്മദ്‌ ബഷീർ സ്ഥാനമേറ്റിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. പക്ഷെ ക്യാമ്പസിലെ സാഹചര്യങ്ങളെക്കുറിച്ച്‌ അറിവില്ലാത്തയാളല്ല അദ്ദേഹം. കാരണം ആ പദവിയിലെത്തുന്നതിനു മുമ്പ്‌ അദ്ദേഹം അവിടെ രജിസ്ട്രാർ ആയിരുന്നു. അതിനു മുമ്പ്‌ അദ്ദേഹം മലപ്പുറം ജില്ലയിലെ ഒരു കോളജിൽ  പ്രിൻസിപ്പൽ ആയിരുന്നു.

വിദ്യാർഥിനികളുടെ പരാതിയിൽ മൗനമവലംബിക്കുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനുള്ള കുത്സിതശ്രമങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന വൈസ്‌ ചാൻസലർക്കും രജിസ്ട്രാർക്കും ആ പദവികൾ വഹിക്കാനുള്ള യോഗ്യതയില്ല. അവരും അവർക്ക്‌ ആ പദവി നേടിക്കൊടുത്ത അബ്ദു റബ്ബും വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ പ്രശ്നങ്ങളുടെ ഭാഗമാണ്‌.
അവർക്ക്‌ പ്രശ്ന പരിഹാരത്തിനുള്ള മാർഗത്തിന്റെ ഭാഗമാകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സർവകലാശാലയിലെ ആഭാസന്മാരുടെ വിളയാട്ടം അവസാനിപ്പിക്കാൻ ഹൈക്കോടതി അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു. (ജനയുഗം, ഡിസംബർ 23, 2015)

Thursday, December 17, 2015

മോദിയും മാണിയും നമ്മളും

ബി.ആർ.പി. ഭാസ്കർ


നരേന്ദ്ര മോദി ഒരു ചുരുങ്ങിയ കാലയളവിൽ ദേശിയ-അന്താദ്ദേശീയതലങ്ങളിൽ വളർത്തിയെടുത്ത പ്രഭാവവും കെ.എം. മാണി അര നൂറ്റാണ്ടു കാലമെടുത്ത് സംസ്ഥാനത്ത് കെട്ടിപ്പൊക്കിയ പ്രതിച്ഛായയും ഏതാണ്ട് ഒരേസമയത്ത് തകർന്നത് കേവലം യാദൃശ്ചികം. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി രാജ്യത്തിന്റെയും ധനമന്ത്രിയെന്ന നിലയിൽ മാണി സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥകളുടെ ഭാഗ്യവിധാതാക്കളായിരിക്കെ ഉണ്ടായ വിധിവൈപരീത്യം നമ്മെ, ഇന്നാട്ടിലെ ജനങ്ങളെ, ബാധിക്കുമോയെന്നും ബാധിക്കുമെങ്കിൽ എങ്ങനെയെന്നും അന്വേഷിക്കേണ്ടതുണ്ട്.
ബീഹാറിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ തിരിച്ചടി മോദിയുടെ കേന്ദ്ര ഭരണത്തിന്മേലുള്ള പിടിമുറുക്കം ഒട്ടും കുറച്ചിട്ടില്ല. തെരഞ്ഞെടുപ്പു തോൽ‌വിയുടെ ഉത്തരവാദിത്വത്തിൽ എല്ലാവർക്കും പങ്കുണ്ടെന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് അണികൾ നിശ്ശബ്ദം അംഗീകാരം നൽകിക്കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി പ്രവർത്തിച്ച രീതിയിൽ തുടരാനാകുമോ എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ആഗോള സാമ്പത്തിക ശക്തികൾ ആവശ്യപ്പെടുന്ന പല പരിഷ്കാരങ്ങളും ആന്തരിക സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മൻ‌മോഹൻ സിങ് സർക്കാരിന് നടപ്പാക്കാനായില്ല. അവ നടപ്പാക്കുമെന്ന പ്രതീക്ഷ മോദി രാജ്യത്തിനകത്തും പുറത്തും ഉയർത്തിയിരുന്നു. സർക്കാരിനു നേരിട്ടു ചെയ്യാനാകുന്ന പലതും അദ്ദേഹം ചെയ്തു. ലോക് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ എൻ.ഡി.എ. ന്യൂനപക്ഷമാകയാൽ നിയമഭേദഗതി ആവശ്യമുള്ള മാറ്റങ്ങളുമായി മുന്നോട്ടു പോകാൻ മോദിക്കായിട്ടില്ല. പരിഷ്കരണങ്ങളുടെ ഭാഗമായ ജനറൽ  സെയിൽ ടാക്സ് ബിൽ പാസാക്കുന്നതിന് സഹായിക്കണമെന്ന്  കേന്ദ്ര മന്ത്രി അരുൺ ജെയ്ട്ലി കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി കർക്കശമായ നിലപാട് സ്വീകരിക്കാനാണിട. ഭരണത്തിലിരിക്കെ കോൺഗ്രസ് ചെയ്യാനാഗ്രഹിച്ച ചില കാര്യങ്ങളെ പിന്തുണയ്ക്കാൻ പോലും ആ കക്ഷി ഇപ്പോൾ തയ്യാറല്ല. വികസനപ്രവർത്തനങ്ങളുടെ സുഗമമായ പുരോഗതിക്ക് സമാധാനം കൂടിയേ തീരൂ. അയൽ‌രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായാൽ മാത്രം പോരാ, രാജ്യത്തിനകത്തും നല്ല ബന്ധം നിലനിൽക്കണം. നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ ആത്മവിശ്വാസക്കുറവാണ് ജനതാല്പര്യം മുൻ‌നിർത്തി വികസന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ നിന്ന് അവരെ പിന്നോട്ടു വലിക്കുന്നത്.
വികസനപാത സുഗമമാക്കാൻ മോദി സർക്കാർ എടുത്തിട്ടുള്ളതോ എടുക്കാനുദ്ദേശിക്കുന്നതോ ആയ പല തീരുമാനങ്ങളും വലിയ തോതിലുള്ള എതിർപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. പരിസ്ഥിതി  നിയമങ്ങളിൽ വെള്ളം ചേർക്കാനുള്ള നീക്കങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ബീഹാറിലെ തിരിച്ചടിയുടെ വെളിച്ചത്തിൽ ഈ വക തീരുമാനങ്ങൾ പുന:പരിശോധനക്കാൻ മോദി തയ്യാറാണെന്ന ഒരു സൂചനയുമില്ല. അതുകൊണ്ട് കാര്യങ്ങൾ ഏറെക്കുറെ കഴിഞ്ഞ ഒന്നര കൊല്ലക്കാലത്തെപ്പോലെ തന്നെയാകും ഇനിയും മുന്നോട്ടു പോവുക.
മാണിയുടെ തിരിച്ചടി അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ ദുര്യോഗമാണ്. കേരള രാഷ്ട്രീയം അനിശ്ചിതാവസ്ഥയിലായിരുന്ന കാലത്താണ് അദ്ദേഹം കോൺഗ്രസിൽ നിന്ന് കേരളാ കോൺഗ്രസിലെത്തിയത്. ചെറിയ കക്ഷികളുടെ നേതാക്കൾക്കും മുഖ്യമന്ത്രിയാകാൻ കഴിയുന്ന കാലമായിരുന്നു അത്. അന്ന് അദ്ദേഹത്തെ ഒരു ഭാവി മുഖ്യമന്ത്രിയായി ചിലർ കാണുകയും ചെയ്തു. അതുണ്ടായില്ലെന്നു തന്നെയല്ല, അപമാനഭാരത്തൊടെ മന്ത്രിപദം ഒഴിയേണ്ട സാഹചര്യവുമുണ്ടായി. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണം കോടതി വിചാരണയിലൂടെ തെളിയിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രകടമായിട്ടുള്ള അടിയൊഴുക്കുകൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാനാകുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ സഫലമാകുന്നതിന് സഹായകമാണോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. സമയം അദ്ദേഹത്തിന്റെ ഭാഗത്തല്ല.
യു.ഡി.എഫ് സർക്കാരുകളിൽ തുടർച്ചയായി ധനകാര്യം കൈകാര്യ്യം ചെയ്തയാളാണ് മാണി. മുന്നണികൾ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും അവയുടെ സാമ്പത്തിക നയങ്ങളിൽ ഇന്നുള്ള വ്യത്യാസം ഏറെക്കുറെ സാങ്കല്പികമാണ്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ സി.പി.എം നയിക്കുന്ന മുന്നണി അധികാരത്തിൽ വരുമ്പോൾ ഊർദ്ധശ്വാസം വലിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്താൻ എടുക്കുന്ന ചില നുണുക്ക് നടപടികളൊഴിച്ചാൽ, സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ഫലമായി ധനകാര്യ മാനേജുമെന്റിൽ കാര്യമായ മാറ്റങ്ങളുണ്ടാകാറില്ല. രണ്ട് മുന്നണികളും ക്ഷേമ രാജ്യ സങ്കല്പത്തെ ആനുകൂല്യ വിതരണമായി ചുരുക്കിയിട്ടുള്ളതുകൊണ്ട് മാണിയുടെ രാജിയുടെ ഫലമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഒരു പുതിയ ധനമന്ത്രിയെ നിയമിക്കേണ്ട ആവശ്യമുണ്ടെന്ന ചിന്തപോലും ഭരണമുന്നണിയിലില്ല.  (ധനം, ഡിസംബർ 16, 2015)

Thursday, December 10, 2015

കേരളം ഭയക്കണം. ഇരുമുന്നണികളും തളരുകയാണ്!


ബി. ആർ.പി. ഭാസ്കർ

മാധ്യമ വിശകലനങ്ങളനുസരിച്ച് രാഷ്ട്രീയകക്ഷികൾ വീറോടെ മത്സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയി എൽ.ഡി.എഫ് ആണ്. ബി.ജെ.പി. നഗരപ്രദേശങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. സോളാർ തട്ടിപ്പു കേസുകളും ബാർ കോഴ കഥകളുമൊക്കെ അതിജീവിച്ച് കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്ത് തുടർച്ചയായി തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും വിജയിക്കുകയും അതിന്റെ ബലത്തിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച സ്വപ്നം കാണുകയും ചെയ്ത യു.ഡി.എഫ് തോറ്റു.

ഒരഞ്ചുവർഷ ചട്ടക്കൂടിൽ നിന്നുള്ള വീക്ഷണമാണിത്. ചട്ടക്കൂട് കുറേക്കൂടി വിപുലീകരിച്ചാൽ  സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന മുന്നണികൾ നിലവിൽ വന്നശേഷം കമ്പ്യൂട്ടർ ഭാഷയിൽ ഡിഫാൾട്ട് സെറ്റിങ് എന്നു പറയുന്ന തരത്തിലുള്ള ഒരു സ്ഥായീഭാവം ഉള്ളതായി കാണാം. ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം. നയിക്കുന്ന മുന്നണിക്കും മുൻ‌തൂക്കമുള്ള ഒന്നാണത്. ത്രിതല തദ്ദേശ സംവിധാനം വിശദമായി പരിശോധിക്കുമ്പോൾ കോർപ്പൊറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫും മുനിസിപാലിറ്റികളിൽ യു.ഡി.എഫുമാണ് മുന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ഇരുമുന്നണികളും സമാസമമാണ്. ഇത്തവണ എൽ.ഡി.എഫ് ജയിച്ചാൽ അടുത്ത തവണ യു.ഡി.എഫ്.

ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങളിൽ സ്ഥായീഭാവത്തിൽ മാറ്റമുണ്ടാകുന്നു. അങ്ങനെ എൽ.ഡി.എഫ്  2004ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടി. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൈവിട്ടുപോയതാണ് അന്ന് എൽ.ഡി.എഫിന് ഗുണം ചെയ്തത്. അതുപോലെ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പല തലങ്ങളിലും എൽ.ഡി.എഫിനെ കടത്തിവെട്ടി. താഴേത്തട്ടു വരെ എത്തിയ സി.പി.എമ്മിലെ  വിഭാഗീയതയാണ് അന്ന് യു.ഡി.എഫിന് ഗുണം ചെയ്തത്. ഈ വിശാല ചട്ടക്കൂടിൽ നോക്കുമ്പോൾ എൽ.ഡി.എഫിന്റെ ഇത്തവണത്തെ വിജയം സ്ഥായീഭാവത്തിലേക്കുള്ള തിരിച്ചുപോക്കാണ്.  എന്നാൽ നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന ആധിപത്യം പൂർണ്ണമായി പുന:സ്ഥാപിക്കാൻ അതിന്  കഴിഞ്ഞിട്ടില്ല.

എൽ.ഡി.എഫ് 2005ൽ 650 ഗ്രാമ പഞ്ചായത്തുകളിലും 110 ബ്ലോക്ക് പഞ്ചായത്തുകളിലും 12 ജില്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയത് 224 ഗ്രാമ പഞ്ചായത്തുകളിലും 29 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും മാത്രം. മൂന്നു തലങ്ങളിലും 2010ൽ യു.ഡി.എഫ് മുൻ‌കൈ നേടി. ഇരുമുന്നണികളുടെയും നില അന്ന് ഇങ്ങനെയായിരുന്നു: ഗ്രാമ പഞ്ചായത്തുകൾ -- എൽ.ഡി.എഫ്  384, യു.ഡി.എഫ്  582. ബ്ലോക്ക് പഞ്ചായത്തുകൾ -- എൽ.ഡി.എഫ് 60, യു.ഡി.എഫ് 92. ജില്ലാ പഞ്ചായത്തുകൾ -- എൽ.ഡി.എഫ് 6, യു.ഡി.എഫ് 8. ഇത്തവണ എൽ.ഡി..എഫ് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും യു.ഡി.എഫിനെ 2005ലെ നിലയിലേക്ക് താഴ്ത്താൻ അതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ നില ഇങ്ങനെ: ഗ്രാമ പഞ്ചായത്തുകൾ --എൽ.ഡി.എഫ് 550, യു.ഡി.എഫ് 363.  ബ്ലോക്ക് പഞ്ചായത്തുകൾ -- എൽ.ഡി.എഫ്.90, യു.ഡി.എഫ് 61. ജില്ലാ പഞ്ചായത്തുകൾ --- എൽ.ഡി.എഫ് 7, യു.ഡി.എഫ് 7. ചില കോർപ്പറേഷനുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ഒരു പുതിയ ഘടകം കണക്കിലെടുക്കേണ്ടതുണ്ട്. അത് പതിറ്റാണ്ടുകളായി കേരളത്തിൽ ഇടം തേടിക്കൊണ്ടിരുന്ന ബി.ജെ.പിയുടെ മുന്നേറ്റമാണ്. ഇത് സാധ്യമാക്കിയ സാഹചര്യം പരിശോധന അർഹിക്കുന്നു. വിജയിക്കുന്നവരോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം വോട്ടർമാർ എല്ലായിടത്തുമുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഫലമായി ബി.ജെ.പി. കോൺഗ്രസിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായി തീർന്നിട്ടുള്ളതുകൊണ്ട് ആളുകളെ ആകർഷിക്കാനുള്ള അതിന്റെ കഴിവ് വർദ്ധിച്ചിട്ടുണ്ട്. ഹിന്ദു വോട്ടു ബാങ്ക് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി വളരാൻ ശ്രമിക്കുകയാണ്. വിവിധ ജാതി വിഭാഗങ്ങളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണെന്നതാണ് ഹിന്ദു ഏകീകരണത്തിനുള്ള പ്രധാന പ്രതിബന്ധം. പൊതുവിൽ മുന്നോക്ക വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഫലമായി ലഭിച്ച മേൽ‌ക്കോയ്മ നിലനിർത്താൻ ആഗ്രഹിക്കുന്നു. പിന്നാക്ക വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഫലമായി അനുഭവിക്കുന്ന അവശതകൾ അകറ്റാൻ ശ്രമിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മിതി, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങൾ  മുന്നോട്ടു വെക്കുകയാണ് ഈ പ്രതിബന്ധം തരണം ചെയ്യാൻ ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സ്രോതസായ രാഷ്ട്രീയ സ്വയംസേവക് സംഘ് കണ്ടെത്തിയ മാർഗ്ഗം. വടക്കേ ഇന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങളിൽ ഈ തന്ത്രം വേഗം ഫലം കണ്ടു.

മോദിയുടെ വരവിനുശേഷം മെനഞ്ഞ തന്ത്രത്തിന്റെ ഭാഗമായി കേരളത്തിലെ രണ്ട് പിന്നാക്ക സമുദായ സംഘടനകൾ ‌‌‌--- ഈഴവ പ്രാതിനിധ്യം അവകാശപ്പെടുന്ന എസ്.എൻ.ഡി.പി. യോഗവും കേരള പുലയ മഹാസഭയും --- ബി.ജെ.പിയുടെ ആകർഷണ വലയത്തിൽ പെട്ടിട്ടുണ്ട്. ശ്രീനാരായണന്റെയും അയ്യൻ‌കാളിയുടെ നേതൃത്തിൽ നടന്ന സമരങ്ങളുടെ തീച്ചൂളയിൽ വളർന്ന ഈ സമുദായങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആദ്യകാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിനിട്ടുള്ളവരാണ്. കമ്മ്യൂണിസ്റ്റ് നേതൃത്വം അടിസ്ഥാന വർഗതാല്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന ചിന്ത ഈ വിഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ബലപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടിന്റെ 65 ശതമാനവും എൽ.ഡി.എഫിനാണ് കിട്ടിയത്. യു.ഡി.എഫിനു കിട്ടിയത് 26 ശതമാനം മാത്രം. നായർ വോട്ട് മുന്നണികൾക്കിടയിൽ ഏറെക്കുറെ തുല്യമായി വിഭജിക്കപ്പെട്ടു: എൽ.ഡി.എഫിന് 44 ശതമാനം, യു.ഡി.എഫിന് 43 ശതമാനം.നായർ വോട്ടിൽ 11 ശതമാനവും ഈഴവ വോട്ടിൽ ഏഴ് ശതമാനവും മുസ്ലിം, ക്രൈസ്തവ വോട്ടുകളിൽ ഒരു ശതമാനം വീതവും ബി.ജെ.പിക്ക് കിട്ടി.

ബി.ജെ.പിയും അതിന്റെ മുൻ‌ഗാമിയായ ജനസംഘവും അറുപതിൽപരം കൊല്ലങ്ങളായി രംഗത്തുണ്ടെങ്കിലും അവരുടെ സ്വാധീനം ഏതാനും ചെറിയ കീശകളിലൊതുങ്ങുന്നതുകൊണ്ട് നിയമസഭയിൽ ഒരു സീറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല. അതിന്റെ വളർച്ച തടഞ്ഞിരുന്ന ചില ഘടകങ്ങളെ മറികടക്കാനായതുകൊണ്ട് ഇത്തവണ ഒരു ഡസനിലധികം പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്കു കഴിഞ്ഞു. ഏറെ കാലമായി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. അവിടെ ബി.ജെ.പി. 35 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. തങ്ങൾ വലിയ നേട്ടമുണ്ടാക്കുമെന്ന് വോട്ടെടുപ്പിനു മുമ്പ് പറഞ്ഞ ബി.ജെ.പി. നേതാവ് വി.വി. രാജേഷുമായി സി.പി.എം. എം.എൽ.എയും മുൻ‌മേയറുമായ വി. ശിവൻ‌കുട്ടി വാതുവെക്കുകയുണ്ടായി. മുപ്പത് സീറ്റ് പിടിച്ചാൽ രാജേഷിന് ഒരു പവന്റെ മോതിരം കൊടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.  ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ സി.പി.എം നേതാക്കൾക്ക് കഴിയുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കും കഴിയുന്നില്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്മേലുള്ള വിധിയെഴുത്താകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്.

രണ്ട് മുന്നണികളും ദുർബലമാവുകയാണെന്നും അതിന്റെ കാരണം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ശക്തിക്ഷയമാണെന്നും തിരിച്ചറിയാൻ ആ കക്ഷികളുടെ നേതാക്കൾക്കാകുന്നില്ല. ജനങ്ങളുടെ മുന്നിൽ ഈ മുന്നണികളിൽ ഒന്നിനെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന ഹുങ്ക് നിറഞ്ഞ ധാരണയിൽ കഴിയുകയാണവർ. ഇരുമുന്നണി സമ്പ്രദായം മടുത്ത ജനങ്ങൾ മറ്റൊന്ന് പരീക്ഷിക്കാൻ മാനസികമായി തയ്യാറെടുക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകളനുസരിച്ച്, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 74,01,160ഉം യു.ഡി.എഫിന് 73,76,752ഉം ബി.ജെ.പിക്ക് 26,31,271ഉം വോട്ടുകളാണ് കിട്ടിയത്. ഈ കണക്കിനെ ആധാരമാക്കി യു.ഡി.എഫിനേറ്റ തിരിച്ചടിയുടെ ആഘാതം കുറച്ചു കാണിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയുണ്ടായി. ഇരുമുന്നണികളും തമ്മിൽ 24,000 വോട്ടിന്റെ വ്യത്യാസം മാത്രമെയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതു കള്ളക്കണക്കാണെന്നു പറഞ്ഞു തള്ളി. യു.ഡി/എഫിനു കിട്ടിയതിനേക്കാൾ 3,27,217 കൂടുതൽ വോട്ട് എൽ.ഡി.എഫ് നേടിയതായി അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം എൽ.ഡി.എഫ് പ്രകടനത്തെ യു.ഡി.എഫിന് ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ‌കൈ ലഭിച്ച 2010ലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തി സംതൃപ്തിയടഞ്ഞു. എൽ.ഡി.എഫിന് 2005ലെ നിലയിലേക്കെത്താനായില്ലെന്ന വസ്തുത അദ്ദേഹം ശ്രദ്ധിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രധാന പാഠം കേരള രാഷ്ട്രീയം എൽ.ഡി.എഫ്-യു.ഡി.എഫ് അച്ചുതണ്ടിൽ കറങ്ങുന്ന കാലം അവസാനിക്കാറായി എന്നതാണ്.  ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും ഇത് മനസിലാക്കിയ ലക്ഷണമില്ല. ബി.ജെ.പി. മുന്നേറിയതെങ്ങനെയെന്ന് വിശദീകരിക്കാൻ അവർ കൂട്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ്  ബി.ജെ.പി. കേന്ദ്ര നേതൃത്വം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സി.പി.എം അതിനെ ആശങ്കയോടെയാണ് വീക്ഷിച്ചത്. യോഗത്തിന്റെ രാഷ്ട്രീയ നീക്കം ഇടതു മുന്നണിയുടെ ഈഴവ വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. അങ്ങനെയൊരു ഭയം ഏതായാലും ഇടതുപക്ഷത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദനും കോടിയേരിയും പിണറായി വിജയനും ഉമ്മൻ ചാണ്ടി ബി.ജെ.പി-എസ്.എൻ.ഡി.പി. സംബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് കുറ്റപ്പെടുത്തിയത്. .അവരുടെ പ്രതികരണങ്ങൾ വെള്ളാപ്പള്ളിക്ക് അനർഹമായ രാഷ്ട്രീയ പ്രാധാന്യം നേടിക്കൊടുത്തു. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ യോഗത്തിന്റെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്ന് സ്ഥാപിക്കാൻ അവതരിപ്പിച്ച കണക്കുകൾ അനുസരിച്ച് എൽ.ഡി.എഫിനു കിട്ടേണ്ട 11 ലക്ഷം ഈഴവ വോട്ടും യു.ഡി.എഫിന് കിട്ടേണ്ട അഞ്ചു ലക്ഷം ഈഴവ വോട്ടും ബി.ജെ.പിക്കു പോയി. ഇതിനെ ബി.ജെ.പിയുടെ 26 ലക്ഷം വോട്ടിൽ 16 ലക്ഷം യോഗം സംഭാവന ചെയ്തതാണെന്ന് വരുത്തിത്തീർത്ത്  അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി വിലപേശാനുള്ള ശ്രമമായി മാത്രം കണ്ടാൽ മതി. ഈഴവ വോട്ട് ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിക്ക് വലിയ തോതിൽ തിരിച്ചുവിടാനുള്ള കഴിവ് വെള്ളാപ്പള്ളിക്കുണ്ടായിരുന്നെങ്കിൽ എൽ.ഡി.എഫിനു 2010ലെ നില മെച്ചപ്പെടുത്താൻ കഴിയുമായിരുന്നില്ല.

നിലവിലുള്ള എൽ.ഡി.എഫ്-യു.ഡി.എഫ് സംവിധാനം രൂപപ്പെട്ടത് 1980കളിലാണ്. കോൺഗ്രസ് നയിക്കുന്ന മുന്നണി 1982ലെ തെരഞ്ഞെടുപ്പിൽ സി.പി.എം നയിക്കുന്ന മുന്നണിയെ തോല്പിച്ചത് ഒരു ലക്ഷത്തിനു താഴെമാത്രം വോട്ടിന്റെ വ്യത്യാസത്തിലാണ്. സീറ്റുകളുടെ എണ്ണത്തിലുള്ള അന്തരവും ചെറുതായിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലെ വ്യത്യാസം വർദ്ധിച്ചു. അതിന്റെ ഫലമായി ജയിക്കുന്ന മുന്നണിക്ക് 100 സീറ്റും തോൽക്കുന്ന മുന്നണിക്ക് 40 സീറ്റും എന്ന അവസ്ഥയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിലെ വ്യത്യാസം വീണ്ടും കുറഞ്ഞു. യു.ഡി.എഫിനു കൂടുതലായി കിട്ടിയത് 1.68 ലക്ഷം വോട്ടു മാത്രം. അതിനൊത്ത് സീറ്റിന്റെ എണ്ണത്തിലെ വ്യത്യാസവും കുറഞ്ഞു യു.ഡി.എഫ് 72, എൽ.ഡി.എഫ് 68.

ബി.ജെ.പി 26 ലക്ഷം വോട്ട് സംഭരിക്കാൻ കഴിയുന്ന കക്ഷിയായി വളർന്നിരിക്കുന്ന സ്ഥിതിക്ക് അടുത്ത നിയമസഭയിൽ അത് രണ്ടൊ മൂന്നൊ സീറ്റു നേടിയാൽ അത്ഭുതപ്പെടാനില്ല. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുവിഹിതത്തിലെ വ്യത്യാസം നന്നെ ചെറുതായി തുടർന്നാൽ സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ ബി.ജെ.പിക്ക് കഴിയും. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാൻ മടിയില്ലാത്ത മുന്നണി നേതൃത്വങ്ങളെ ഇത് അലട്ടുന്നതേയില്ല.

ബി.ജെ.പിയുടെ വളർച്ച രാഷ്ട്രീയ ബലാബലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണേണ്ട ഒന്നല്ല. അത് ഹിന്ദുവർഗീയതയുടെ വളർച്ചയെ കുറിക്കുന്നു. ഇത് കണക്കിലെടുക്കാതെയുള്ള വിശകലനം യാഥാർത്ഥ്യബോധത്തോടെയുള്ളതാവില്ല. ഇവിടെ വർഗീയത വളരുന്നതായി എ.കെ.ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നീ കോൺഗ്രസ് നേതാക്കളും വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നീ സി.പി.എം നേതാക്കളും അടുത്ത കാലത്ത് പറയുകയുണ്ടായി. ആന്റണി വർഗീയതയെ കുറിയ്ക്കാൻ ജാതിമതഭ്രാന്ത് എന്ന വാക്കാണ് ഉപയോഗിച്ചത്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന പലരും നേരത്തെ തിരിച്ചറിഞ്ഞ വസ്തുതയാണ് നേതാക്കന്മാർ ഇപ്പോൾ വിളിച്ചുപറയുന്നത്. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ സക്കറിയയെപ്പോലെ ചിലർ വർഗീയതയ വളർത്തുന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

വർഗീയതയുടെ വളർച്ചയിൽ എല്ലാ നേതാക്കളുടെയും ആശങ്ക ഒരേ തരത്തിലുള്ളതല്ല. സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ ന്യൂനപക്ഷ വർഗീയതയെയാണ് ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തുകയുണ്ടായി. അവരുടെ ആശങ്ക ഹിന്ദു വർഗീയതയെ കുറിച്ചാണെന്ന് വ്യക്തം. വെള്ളാപ്പള്ളി നടേശൻ ഡൽഹിയിൽ പോയി ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷായെയും വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീൺ തൊഗാഡിയായെയും കണ്ടതിനു ശേഷമാണ് അവർ ആശങ്ക രേഖപ്പെടുത്തിയത്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും ഒരു സമുദായ നേതാവിന്റെയും തിണ്ണ നിരങ്ങാൻ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ലെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ സമസ്ത കേരള ജമയത്തുൽ ഉലെമ (എപി. വിഭാഗം) ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബുബക്കർ മുസലിയാരുമായി അടുക്കാൻ സി.പി.എം. ശ്രമിക്കുന്നതായി വാർത്ത വന്നു.

ന്യൂനപക്ഷ സമുദായങ്ങൾ അനർഹമായ നേട്ടങ്ങളുണ്ടാക്കുന്നതായി ഭൂരിപക്ഷസമുദായങ്ങൾ   കരുതുന്നെന്ന് ഒരു പതിറ്റാണ്ടു മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ആന്റണി പറയുകയുണ്ടായി. ഭരണാധികാരിയെന്ന നിലയിൽ ആ ധാരണ തെറ്റാണെങ്കിൽ തിരുത്താനും ശരിയാണെങ്കിൽ പരിഹരിക്കാനുമുള്ള ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അതിന് അദ്ദേഹം ശ്രമിച്ചതായി അറിവില്ല. വർഗീയതയുടെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച രമേശ് ചെന്നിത്തല ആശങ്കയുടെ അടിസ്ഥാനം വ്യക്തമായിട്ടില്ല. ഒരാശങ്കയും ഇല്ലാത്തതു കൊണ്ടാകാം ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല. കാനത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സി.പി.എം നേതാക്കളെ പോലെ, അദ്ദേഹം ഹിന്ദുവർഗീയതയ്ക്കനുകൂലമായ നിലപാട് എടുക്കുന്നതായി ആരോപിച്ചു. ലീഗ് എന്തു പറഞ്ഞാലും വർഗീയമായി ചിത്രീകരിക്കപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടു.

ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിനുശേഷം രാജ്യത്ത് വർഗീയത നിലനിർത്തുകയും വളർത്തുകയും ചെയ്തത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സ്രോതസായ രാഷ്ട്രീയ സ്വയം സേവക് സംഘ് ആണ്. ഒന്നാം ലോക് സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഹിന്ദുമഹാസഭാ മുൻ അദ്ധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജി രൂപീകരിച്ച ജനസംഘമായിരുന്നു ആർ.എസ്.എസിന്റെ ആദ്യ രാഷ്ട്രീയ ഉപകരണം. ജയപ്രകാശ് നാരായണന്റെ രക്ഷാധികാരത്തിൽ തെരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ നേരിടാൻ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ജനസംഘം അതിൽ ലയിച്ചു. ജനതാ പാർട്ടിക്കുള്ളിലെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ ആർ.എസ്.എസ് ശ്രമം തുടങ്ങിയപ്പോൾ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമെയ് അപകടം മണത്തു. അദ്ദേഹം ഇരട്ട അംഗത്വത്തിനെതിരെ ജനതാ പാർട്ടിക്കുള്ളിൽ അഭിപ്രായം സ്വരൂപിച്ചു. ജനതാ പാർട്ടി അംഗങ്ങൾ ആർ.എസ്.എസ് അംഗത്വം ഉപേക്ഷിക്കാർ നിർബന്ധിതരാകുമെന്നായപ്പോൾ ജന സംഘത്തിൽ നിന്നു വന്നവർ ബി.ജെ.പി രൂപീകരിച്ചു. നേരത്തെ ജനസംഘത്തിന്റെ ഭാഗമല്ലായിരുന്ന സുഷമാ സ്വരാജിനെ പോലെ ചിലരും അവരോടൊപ്പം പോയി.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ കേരളത്തിലും ആർ.എസ്.എസ്. പ്രവർത്തനം തുടങ്ങിയിരുന്നു. ബ്രാഹ്മണ, നായർ യുവാക്കൾ പങ്കെടുക്കുന്ന ശാഖകൾ തിരുവനന്തപുരം നഗരത്തിൽ പതിവു കാഴ്ചയായി. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടന ഒരു ദിവസം ശാഖ നടക്കുമ്പോൾ അതിനെ സംഘടിതമായി നേരിട്ടു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഏറെ കാലം നഗരത്തിൽ ശാഖാപ്രവർത്തനം നടന്നില്ല. ഇടതുപക്ഷം അതിവേഗം വളർന്നിരുന്ന ആ ഘട്ടത്തിൽ ആർ.എസ്.എസിന് പിടിച്ചു നിൽക്കാനായില്ല.

കണ്ണൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുപോകുന്നവർക്ക്  സംരക്ഷണം നൽകിക്കൊണ്ടാണ് പിന്നീട് ആർ.എസ്.എസും അതിന്റെ നീയന്ത്രണത്തിലുള്ള രാഷ്ട്രീയ കക്ഷിയും വളർന്നത്. പതിറ്റാണ്ട്കളായി അവിടെ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ ഇരുകൂട്ടരും നിരവധി കൊലപാതകങ്ങൾ നടത്തി. ആ കൊലപാതക പരമ്പര ഇപ്പോഴും തുടരുകയാണ്.

മുന്നണികൾ തളരുന്നിടത്ത് ബി.ജെ.പി. വളരുന്നത്  ആശങ്കക്ക് വക നൽകുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അതിന്റെ വർഗ്ഗീയ സ്വഭാവവും മറ്റേത് അതിന്റെ അക്രമവാസനയുമാണ്. കേരളത്തിലെ ഏക വർഗീയ കക്ഷിയല്ല അത്. അക്രമവാസന പ്രകടിപ്പിക്കുന്ന ഏക കക്ഷിയുമല്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ശ്രീനാരായണൻ വിഭാവന ചെയ്ത കേരളം പ്രത്യക്ഷവും പ്രച്ഛന്നവുമായ വർഗീയതകളുടെ കേളീരംഗമായിരിക്കുന്നെന്ന വസ്തുത നാം സത്യസന്ധമായി അംഗീകരിക്കേണ്ട കാലമായി.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 6-12, 2015)

Wednesday, December 9, 2015

വിനാശകരമാകുന്ന വികസനം

ബി ആർ പി ഭാസ്കർ
ജനയുഗം

പേമാരിയെ തുടർന്ന്‌ ചെന്നൈ വൻനഗരത്തിലുണ്ടായ ദുരന്തത്തിൽ നിന്ന്‌ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ചില പാഠങ്ങൾ രാജ്യം ഉൾക്കൊള്ളേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിലെ ഭരണാധികാരികൾ ഉപേക്ഷ വരുത്തിയാൽ അതിന്‌ ജനങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.

ഐക്യരാഷ്ട്രസഭ 1972ൽ സ്റ്റോഖോമിൽ സംഘടിപ്പിച്ച പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുൻകൈയെടുത്തതിന്റെ ഫലമായാണ്‌ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതത്തിന്‌ അനുപേക്ഷണീയമായ ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമങ്ങൾ പാർലമെന്റ്‌ പാസാക്കിയത്‌. പല സംസ്ഥാനങ്ങളും ആ നിയമങ്ങൾ സത്യസന്ധമായി നടപ്പാക്കാൻ കൂട്ടാക്കിയില്ല. തിരുവനന്തപുരം ജില്ലയിലെ റിസർവ്വ്‌ വനത്തിനുള്ളിൽ ഏറെ പണം ചെലവാക്കി റോഡ്‌ വെട്ടുകയും കെട്ടിടങ്ങൾ കെട്ടുകയും ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്‌ അതിന്റെ മകുടോദാഹരണമാണ്‌. പദ്ധതി വനം പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന്‌ കേന്ദ്രം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അതുമായി മുന്നോട്ടു പോയി. ഒരു ഹൈക്കോടതി വിധിയാണ്‌ അതിന്റെ അന്ത്യം കുറിച്ചത്‌.

കാൽ നൂറ്റാണ്ടു മുമ്പ്‌ ആരംഭിച്ച ആഗോളീകരണപ്രക്രിയയുടെ മറവിൽ കേന്ദ്ര സർക്കാരും പിന്നീട്‌ പരിസ്ഥിതി സംരക്ഷണത്തിൽ പിന്നോട്ടു പോയി. വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനായി ഗൗരവപുർണമായ പരിസ്ഥിതി ആഘാത പഠനങ്ങൾ കൂടാതെ അനുമതി നൽകുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ഇത്തരത്തിലുള്ള സമീപനം വിനാശകരമാണെന്നതാണ്‌ ചെന്നൈ നൽകുന്ന പ്രധാന പാഠം.

ഐ ടി വ്യവസായകേന്ദ്രമായി വികസിച്ചതോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്ത്‌ ചെന്നൈ അതിവേഗം വളരുകയുണ്ടായി. നീർച്ചാലുകൾ അടച്ചും കുളങ്ങളും കൃഷിയിടങ്ങളും മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും നികത്തിയും ബഹുനിലക്കെട്ടിടങ്ങൾ കെട്ടിയുയർത്തിയതിന്റെ ഫലമായി മഴവെള്ളത്തിന്‌ ഒഴുകിപ്പോകാനാകാതെ വരുമ്പോൾ സ്വാഭാവികമായും വെള്ളം കെട്ടിക്കിടക്കും. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതു കാണാം.
ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സമീപ കാലത്ത്‌ പലയിടങ്ങളിലുമുണ്ടായിട്ടുള്ള അമിത മഴയ്ക്കും വരൾച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്ന്‌ കരുതാൻ ന്യായമുണ്ട്‌.

തമിഴ്‌നാട്ടിലെ ചട്ടങ്ങളനുസരിച്ച്‌ കെട്ടിട നിർമാണത്തിന്‌ അനുമതി നൽകാനുള്ള അധികാരം തഹസിൽദാർക്കായിരുന്നു. ആ തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ എളുപ്പത്തിൽ സ്വാധീനത്തിന്‌ വഴങ്ങുന്നെന്ന പരാതികളെ തുടർന്ന്‌ സർക്കാർ അധികാരം കളക്ടറിൽ നിക്ഷിപ്തമാക്കി. ആ മാറ്റം വലിയ ഗുണം ചെയ്തില്ല. ഏതു തലത്തിലുള്ള ഉദ്യോഗസ്ഥനും സാധാരണഗതിയിൽ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യപ്രകാരമാകുമല്ലോ തീരുമാനമെടുക്കുന്നത്‌.

എല്ലാ കുറ്റവും കെട്ടിട നിർമാതാക്കളുടെയും വ്യവസായികളുടെയും തലയിൽ കെട്ടിവെക്കാനാവില്ല. അവരുടെ സ്വാധീനമില്ലാത്തപ്പോഴും സർക്കാർ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നതിന്‌ തെളിവുണ്ട്‌. ചെന്നൈയിൽ മഴവെള്ളം ഒഴുകിയെത്തിക്കൊണ്ടിരുന്ന ചതുപ്പു പ്രദേശത്ത്‌ സർക്കാർ വിവിധ സ്ഥാപനങ്ങൾക്ക്‌ കെട്ടിടങ്ങൾ കെട്ടാൻ 270 ഹെക്ടറിലധികം സ്ഥലം വിട്ടു കൊടുത്തതായി മദ്രാസ്‌ സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. അവിടെ സ്ഥലം കിട്ടിയവരുടെ കൂട്ടത്തിൽ ഐഐടി, തമിഴ്‌ നാട്‌ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്‌ ബോർഡ്‌, അംബെദ്കർ ലാ യൂണിവേഴ്സിറ്റി, ജുഡിഷ്യൽ അക്കാദമി എന്നീ സ്ഥാപനങ്ങളും രജനീകാന്തിന്റെ കുടുംബത്തിന്റെ ഒരു ട്രസ്റ്റും ഉൾപ്പെടുന്നു. കേരളത്തിലും വെള്ളക്കെട്ടുകൾ നികത്തി സർക്കാരും സ്വകാര്യവ്യക്തികളും കെട്ടിടങ്ങൾ കെട്ടിയിട്ടുണ്ട്‌.

പരിസ്ഥിതിക്ക്‌ പുല്ലുവില കൽപിക്കുന്ന സമീപനമാണ്‌ കേരള സർക്കാർ പിന്തുടരുന്നത്‌. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ തകിടം മറിക്കാൻ മത്സരിക്കുന്ന കാഴ്ചക്ക്‌ സംസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട്‌ കേന്ദ്രം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെ നിബന്ധനകൾ കൂടുതൽ കർക്കശമാക്കാനുള്ള അവകാശം നിയമം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്‌. നിയമത്തിലെ ഈ വകുപ്പ്‌ ദുരുപയോഗം ചെയ്ത്‌ നിബന്ധനകളിൽ ഇളവ്‌ നൽകുകയാണ്‌ കേരളം ചെയ്യുന്നത്‌. അഞ്ചു ഏക്കർ വരെയുള്ള പാറമടകളെ പരിസ്ഥിതി അനുമതി നിബന്ധനയിൽ നിന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ യുഡിഎഫ്‌ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഇത്തരത്തിലുള്ള ഒന്നായിരുന്നു. എത്ര വലിയ പാറമടയ്ക്കും അഞ്ചു ഏക്കർ വീതമായി വെട്ടിമുറിച്ച്‌ നിയമത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപ്പെടാനുള്ള പഴുതാണ്‌ സർക്കാർ അതിലൂടെ തുറന്നു കൊടുത്തത്‌. ആ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിക്കുകയുണ്ടായി. വിനാശകരവും ജനദ്രോഹപരവുമായ ആ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അപ്പീലുമായി സുപ്രിം കോടതിയെ സമീപിക്കാൻ തീരുമാനിച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം അവരെ നയിക്കുന്നത്‌ ബഹുജന താൽപര്യങ്ങളല്ല, പാറമട മുതലാളിമാരുടെ താൽപര്യമാണ്‌.

അടുത്ത കാലത്ത്‌ യുഡിഎഫ്‌ സർക്കാർ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ അത്യന്തം അപകടകരമായ ഒരു തീരുമാനം കൈക്കൊള്ളുകയുണ്ടായി. തീപിടിത്തം തടയാനുള്ള സംവിധാനം സംബന്ധിച്ച്‌ നിലവിലുള്ള ചട്ടങ്ങൾ ദുർബലമാണെന്നു കണ്ടതിനെ തുടർന്ന്‌ അഗ്നിശമന വകുപ്പ്‌ മേധാവിയായിരുന്ന ജേക്കബ്‌ തോമസ്‌ ഐപിഎസ്‌ കൂടുതൽ കർക്കശമായ കേന്ദ്ര ചട്ടങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ആ ഉദ്യോഗസ്ഥന്‌ ഉടൻ സ്ഥാനചലനമുണ്ടായി. പുതിയ വകുപ്പ്‌ മേധാവി സർക്കാരിന്റെ ഇംഗിതം മനസിലാക്കി തീരുമാനം തിരുത്തിയില്ല. തന്റെ മുൻഗാമി എടുത്ത തീരുമാനം ശരിയായിരുന്നെന്ന നിലപാട്‌ അദ്ദേഹം സ്വീകരിച്ചു. തുടർന്ന്‌ മുഖ്യമന്ത്രി വിഷയം മന്ത്രിസഭയുടെ മുന്നിൽ വെക്കുകയും മന്ത്രിസഭ കേന്ദ്ര ചട്ടങ്ങൾ പിൻവലിച്ച്‌ പഴയ സ്ഥിതി പുന:സ്ഥാപിക്കുകയും ചെയ്തു.

ബഹുനില മന്ദിരങ്ങളിലെ താമസക്കാരുടെ സുരക്ഷ അപകടത്തിലാക്കിക്കൊണ്ട്‌ കെട്ടിട നിർമാതാക്കൾക്ക്‌ കൂടുതൽ ലാഭം കൊയ്യാനുള്ള അവസരം നൽകുകയാണ്‌ സർക്കാർ ചെയ്തിരിക്കുന്നത്‌. തീപിടിത്തമുണ്ടായാൽ വില കൊടുക്കേണ്ടി വരിക കെട്ടിട നിർമാതാക്കളോ ചട്ടങ്ങളിൽ ഇളവു നൽകിയ മുഖ്യമന്ത്രിയും മന്ത്രിമാരുമോ അല്ല, ഫ്ലാറ്റുകൾ വാങ്ങിയവരും അവിടത്തെ താമസക്കാരുമാണ്‌.
സർക്കാരുകളുടെ ഇത്തരം നിരുത്തരവാദപരമായ സമീപനമാണ്‌ ‘വികസനം വേണം, വിനാശം വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്താൻ പരിസ്ഥിതിസ്നേഹികളെ പ്രേരിപ്പിക്കുന്നത്‌. --ജനയുഗം, ഡിസംബർ 9, 2015.

Thursday, December 3, 2015

സമാധാനം: സങ്കല്പവും യാഥാർത്ഥ്യവും

ബി.ആർ.പി. ഭാസ്കർ

മനസുകളിലാണ് യുദ്ധം ആരംഭിക്കുന്നതെന്നും അതിനാൽ സമാധാന പ്രതിരോധങ്ങൾ കെട്ടിയുയർത്തേണ്ടത് മനുഷ്യമനസുകളിലാണെന്നും ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-ശാസ്ത- സാംസ്കാരിക സംഘടനയായ യുനെസ്കൊ അതിന്റെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. ലോകം മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ കൊടിയ നാശം വിതച്ച രണ്ട് മഹായുദ്ധങ്ങൾ കണ്ട ശേഷം ഭരണകൂടങ്ങൾക്കുണ്ടായ വിവേകമാണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഫലപ്രദമായ  പ്രതിരോധങ്ങൾ തീർക്കാൻ നമുക്കായിട്ടില്ല. മറ്റൊരു ലോക മഹായുദ്ധം ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും – ചില സന്ദർഭങ്ങളിൽ ലോകം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു – എവിടെയെങ്കിലും ചെറുതോ വലുതോ ആയ യുദ്ധങ്ങളില്ലാതെ ഈ കാലയളവിൽ ഒരു ദിവസവും കടന്നുപോയിട്ടില്ല.

രാഷ്ട്രങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും സംഘർഷങ്ങളും സംഘട്ടനങ്ങളുമില്ലാത്ത ഒരു കാലം മനുഷ്യരാശിയുടെ ചരിത്രത്തിലുണ്ടാവില്ല. അതേസമയം ഉള്ളിലും പുറത്തും സമാധാനം നിലനിൽക്കുന്ന അവസ്ഥ ഒരു സങ്കല്പവും ലക്ഷ്യവുമായി മനുഷ്യനോടൊപ്പം എല്ലാക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. ചരിത്രാതീത കാലം മുതൽ ശാന്തിമന്ത്രം മുഴങ്ങുന്ന നാടാണ് ഇന്ത്യ. ക്രിസ്തുവിന്റെ കാലം ആരംഭിച്ചത് ഭൂമിയിൽ മൻഷ്യർക്കിടയിൽ സമാധാനവും സദ്ഭാവനയും വിളംബരം ചെയ്തുകൊണ്ടാണ്. ഇസ്ലാമിന്റെ പേരു തന്നെ സമാധാനത്തെ കുറിക്കുന്നു. പക്ഷെ ലോകമെമ്പടും ഹിംസ തുടർന്നുകൊണ്ടേയിരിക്കുന്നു.

അറിയപ്പെടുന്ന ചരിത്രമനുസരിച്ച് ലോകത്ത് സമാധാനത്തിന്റെ സന്ദേശം ആദ്യമായി വ്യക്തമായും ശക്തമായും ഉയർന്നത് ഇന്ത്യയിൽ നിന്നാണ് . ഹിംസയെ പൂർണ്ണമായും തള്ളിപ്പറഞ്ഞ ഗൌതമ ബുദ്ധനും മഹാവീരനും യുദ്ധം കുലധർമ്മമായി കരുതിയിരുന്ന രാജവംശത്തിൽ ജനിച്ചവരായിരുന്നു. യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് അവരോളം അറിവ് മറ്റാർക്കാണുണ്ടാവുക? പിൽക്കാലത്ത് പടക്കളത്തിലെ കാഴ്ചകൾ യുദ്ധം പാടെ ഉപേക്ഷിക്കാൻ അശോക ചക്രവർത്തിയെ പ്രേരിപ്പിച്ചു. നമ്മുടെ കാലത്ത് ഗാന്ധി അഹിംസയുടെ സന്ദേശം പുതുക്കി. ഹിന്ദുമതത്തിൽ നിന്നാണ് അദ്ദേഹം അഹിംസ കണ്ടെത്തിയത് . ബുദ്ധന്റെയൊ മഹാവീരന്റെയൊ പേരു അതുമായി ബന്ധപ്പെടുത്തി അദ്ദേഹം ഉച്ചരിച്ചില്ല.

ബുദ്ധനും മഹാവീരനും ജീവിച്ചിരുന്ന കാലത്ത് ഹിന്ദുമതമുണ്ടായിരുന്നില്ല. അവർ കലഹിച്ചത് ഉച്ചനീചത്വത്തിൽ വിശ്വസിച്ചിരുന്ന വൈദിക മതവുമായാണ്. ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും അവരുടെ തത്വചിന്തകളെയുമെല്ലാം കുറിക്കാൻ വിദേശികൾ  ഉപയോഗിച്ച വാക്കാണ് ഹിന്ദു എന്നത്. അതാകട്ടെ ‘സിന്ധു’വിന്റെ പേർഷ്യൻ രൂപമാണ്. വടക്കു നിന്ന് കരമാർഗ്ഗവും പിന്നീട് പടിഞ്ഞാറു നിന്ന് കടൽമാർഗ്ഗവും വന്ന വിദേശികൾക്ക് ബഹുവിശ്വാസ സമൂഹങ്ങൾ പരിചിതമായിരുന്നില്ല. അവർ ഈ ഉപഭൂഖണ്ഡത്തിലെ എല്ലാവരെയും ഹിന്ദു എന്ന കുടയ്ക്കു കീഴിലാക്കി. ജാതിവ്യവസ്ഥയുടെ ഉപജ്ഞാതാക്കളായ വൈദിക സമൂഹത്തിന്റെ ഗ്രന്ഥങ്ങളിലൊ ജാതിവ്യവസ്ഥയെ എതിർത്ത ബൌധരുടെ ഗ്രന്ഥങ്ങളിലൊ ‘ഹിന്ദു’ എന്ന വാക്കില്ല. രണ്ടായിരമൊ അതിലധികമൊ കൊല്ലം മുമ്പ് രചിക്കപ്പെട്ട പുരാണങ്ങളിലൂടെ ഇന്ത്യയിലെ വിവിധ സമൂഹങ്ങളുടെ കഥകൾ ഏകീകരിക്കപ്പെട്ടു. അവയിലും ഹിന്ദു ഇല്ല. വടക്കൻ പ്രദേശങ്ങളിൽ മേൽക്കൈ നേടിയ വൈദിക സമൂഹം ഏകീകരിക്കപ്പെട്ട സംവിധാനത്തിന്റെ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചപ്പോൾ വിദേശികൾ നൽകിയ പേർ സ്വീകരിച്ചു.

ഈ മാറ്റങ്ങളെല്ലാം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയാണോ നടന്നത്? ചരിത്ര വസ്തുതകളുടെ അഭാവത്തിൽ അത് തർക്കവിഷയമായി നിലനിൽക്കുന്നു. വൈകി എത്തിയ ആര്യന്മാർ നേരത്തെ വന്ന ദ്രാവിഡരും മറ്റ് സമൂഹങ്ങളുമായി സംഘട്ടനത്തിൽ ഏർപ്പെട്ടെന്നും ഒടുവിൽ ആര്യന്മാർ ആധിപത്യം സ്ഥാപിച്ചെന്നുമാണ് ഈ വിഷയം പഠിച്ച പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായം. ആര്യ-ദ്രാവിഡ സംഘട്ടനം എന്നത് ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ വിദേശികളായ ചരിത്രകാരന്മാർ കെട്ടിച്ചമച്ച കഥയാണെന്ന് ആര്യപക്ഷപാതികളായ വൈദികസമൂഹ വക്താക്കൾ പറയുന്നു. മഹമുദ് ഗസ്നവിയെയും ജെങ്കിസ് ഖാനെയും പോലെ ആര്യന്മാർ പടയോട്ടം നടത്തിയതിന് ഒരു തെളിവുമില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അധിനിവേശം ഒരുവിധത്തിലേ ആകാവൂ എന്നില്ല. ബ്രിട്ടീഷുകാർ മുഗളരെപ്പോലെ വലിയ സൈന്യവുമായി വന്ന് ഇന്ത്യയെ കീഴ്പ്പെടുത്തുകയായിരുന്നില്ല. കച്ചവടക്കാരായി വന്ന് ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞാണ് അവർ നാട്ടുരാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങളിൽ സൈനികമായി ഇടപെട്ടു കൊണ്ട് ഓരോരോ പ്രദേശത്തായി ആധിപത്യം സ്ഥാപിച്ചത്. അവരുണ്ടാക്കിയ സേനകളിൽ വെള്ളക്കാരേക്കാൾ കൂടുതൽ ഈ നാട്ടുകാരായിരുന്നു. ബ്രിട്ടീഷുകാർ തന്നെ എല്ലാം രേഖപ്പെടുത്തിയതുകൊണ്ട് അവരുടെ അധിനിവേശ ചരിത്രം നമുക്കറിയാം. വൈദിക സമൂഹത്തിന്റെ അധിനിവേശ ചരിത്രം വ്യക്തമല്ല. എങ്കിലും ഒരു കാര്യം തറപ്പിച്ചു പറയാനാകും. ഒരു സമൂഹവും ചെറുത്തു നില്പു കൂടാതെ സ്വാതന്ത്ര്യം അടിയറവു വെക്കില്ല. സമാധാനപരമായ അധിനിവേശവും അടിച്ചമർത്തലും അസംഭവ്യമാണ്.

ഹിന്ദു പുരാണങ്ങളിൽ ചരിത്രസത്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവർ അതിലെ ഹിംസയുടെയും സംഘട്ടനങ്ങളുടെയും കഥകളിൽ സത്യത്തിന്റെ അംശങ്ങളുണ്ടെന്ന് അംഗീകരിക്കാൻ മടിക്കുന്നത് വിചിത്രമാണ്. എല്ലാം കൂട്ടിയിണക്കുന്നതിനിടയിൽ ബുദ്ധനെ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് മഹത്തായ ബൌദ്ധ പാരമ്പര്യത്തെ തമസ്കരിക്കാനും ശ്രമം നടന്നു. പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട എഴുത്തച്ഛന്റെ രാമായണത്തിൽ ബുദ്ധനെ കുറിച്ചുള്ള പരാമർശത്തിൽ അവതാരസങ്കൽപമുണ്ട്. ഇതിൽ നിന്നും ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെടുന്ന ദശാവതാര സങ്കല്പം മലയാളക്കരയിൽ എത്തിയിട്ട് ഏതാണ്ട് 500 കൊല്ലമേ ആയിട്ടുള്ളു എന്ന് മനസിലാക്കാം. ബുദ്ധൻ ആ പട്ടികയിൽ നിന്ന് പുറത്തായത് ആരെയും കൊല്ലാതിരുന്നതുകൊണ്ടാണെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരെയെങ്കിലും കൊല്ലുകയായിരുന്നല്ലൊ എല്ലാ അവതാര പുരുഷന്മാരുടെയും ലക്ഷ്യം.

ഹിംസകൾക്കിടയിലും എല്ലാ മതസമൂഹങ്ങളുടെയും മഹാത്മാക്കൾ ചില മഹാസത്യങ്ങൾ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്തു. ലോകം ഒരു കുടുംബമാണ്, എല്ലാ മനുഷ്യരിലും ദൈവം കുടികൊള്ളുന്നു, ഒരു പിതാവിന്റെ മക്കൾ എന്ന നിലയിൽ എല്ലാ മനുഷ്യരും സഹോദരന്മാരാണ് എന്നിങ്ങനെ പലതുമുണ്ട് അക്കൂട്ടത്തിൽ. ഇതൊക്കെ പരമസത്യമാണെന്ന് വിശ്വസിക്കുന്നവർക്ക് എങ്ങനെ മറ്റുള്ളവർക്കു നേരെ വാളോങ്ങാനും തോക്കു ചൂണ്ടാനും കഴിയും?  ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ഹിന്ദുമതഗ്രന്ഥം ഭഗവദ് ഗീതയായിരുന്നു. അതിൽ ബന്ധുക്കളെ കൊല്ലാൻ മടിച്ച അർജ്ജുനനെ യോദ്ധാവെന്ന നിലയിലുള്ള കടമ നിർവഹിക്കാൻ ശ്രീകൃഷ്ണൻ ആഹ്വാനം ചെയ്യുന്നു. ഗാന്ധി അതിൽനിന്ന് വായിച്ചെടുത്തതല്ല അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ വായിച്ചെടുത്തത്. ഇരുവരും പതിവായി ഗീത വായിച്ചു. ഇരുവരും ഹിന്ദുമതത്തിൽ അഭിമാനിച്ചു. ഒരാളെ അത് രക്തസാക്ഷിയും മറ്റേയാളെ കൊലയാളിയും ആക്കി. ഇത്തരം കടുത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് യുദ്ധവും സമാധാനവും സംബന്ധിച്ച ചർച്ചകൾ.

മതങ്ങളുണ്ടായ കാലം മുതൽ അവയുടെ പേരിൽ അക്രമങ്ങളും നടന്നിട്ടുണ്ട്. അവയുടെ സമാധാന അന്ദേശം അതിനു തടസമായില്ല. ഏറെ പിന്നിലേക്ക് പോകാതെ കഴിഞ്ഞ നൂറ്റാണ്ടിൽ എന്തു സംഭവിച്ചെന്ന് നോക്കാം. യുദ്ധങ്ങളിലും ഭീകരപ്രവർത്തനം പോലുള്ള യുദ്ധസമാന സംഭവങ്ങളിലുമായി ഇരുപതാം നൂറ്റാണ്ടിൽ 10.2 കോടി ജനങ്ങൾ കൊല്ലപ്പെട്ടതായി അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിലെ ചരിത്ര പ്രൊഫസർ ഹുആൻ കോൾ (Juan Cole) കണക്കാക്കുന്നു**. അതിൽ ഒരു ചെറിയ പങ്കു മാത്രമാണ് മുസ്ലിങ്ങൾ നടത്തിയ കൊലപാതകങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളും അമേരിക്കയും കാനഡയുമാണ് ഏറ്റവുമധികം കൊലകൾക്ക് ഉത്തരവാദികൾ. സർക്കാരിതര കളിക്കാരുടെ വലിയ തോതിലുള്ള  അക്രമങ്ങളുടെ ഫലമായി കൊലയാളികളേറെയും ജിഹാദി മുസ്ലിങ്ങളാണെന്ന ധാരണ തിരുത്താനാണ് കോൾ ഈ കണക്ക് അവതരിപ്പിച്ചത്.

ഹിംസയെ പൂർണ്ണമായും നിരാകരിച്ച ബുദ്ധന്റെ അനുയായികളും ധാരാളം അക്രമങ്ങൾ കാട്ടിയിട്ടുണ്ട്. ഇതിന് സമീപകാല ചരിത്രത്തിൽ നിന്നുള്ള രണ്ട് ഉദാഹരണങ്ങളാണ് ശ്രീലങ്കയിൽ ഒരു ബുദ്ധസന്യാസി പ്രധാനമന്ത്രി\ സോളമൻ ബന്ദാരനായകയെ വധിച്ചതും മ്യാൻ‌മാറിൽ ചില ബൌദ്ധർ റൊഹിംഗിയ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നതും. ഇസ്ലാമിന്റെ പേരിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് പശ്ചിമേഷ്യയിലും  ദക്ഷിണേഷ്യയിലും നടക്കുന്ന അക്രമങ്ങൾ പ്രാകൃതാവസ്ഥയിൽ നിന്ന് മനുഷ്യസമൂഹം വളരെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. വ്രണപ്പെട്ട മതവികാരത്തിന് എന്തു ക്രൂരതയും കാട്ടാനാകും.

ഒരു കാലത്ത് ലോകം ഒരു കുരിശുയുദ്ധത്തിനു സാക്ഷ്യം വഹിച്ചു. ഇരുഭാഗത്തുമുണ്ടായിരുന്നവർ തങ്ങളുടെ മതം മറുഭാഗത്തിന്റേതിനെ ഇല്ലാതാക്കുമെന്ന ഉത്തമ വിശ്വാസത്തിൽ ദീർഘകാലം പൊരുതി. ഒടുവിൽ ഒന്ന് മറ്റേതിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിച്ചു. ആ യുദ്ധം തന്നെയല്ലേ പുതിയ രൂപത്തിൽ ചിലയിടങ്ങളിൽ ഇപ്പോഴും നടക്കുന്നത്? അതിനല്ലേ ഒരു പണ്ഡിതൻ സംസ്കാരങ്ങളുടെ സംഘട്ടനം എന്ന പേർ നൽകിയത്?

നിരന്തരയുദ്ധത്തിലൂടെ ബ്രിട്ടൻ ലോകത്തെ ഏറ്റവും വലിയ ശക്തിയാവുകയും ഇതര രാജ്യങ്ങൾ ഫലത്തിൽ അതംഗീകരിക്കുകയും ചെയ്തപ്പോൾ സംഘട്ടനങ്ങൾ കുറഞ്ഞു. ബ്രിട്ടീഷുകാർ ആ അവസ്ഥയെ  ‘പാക്സ് ബ്രിട്ടാനിക്ക’ (ബ്രിട്ടീഷ് സമാധാനം) എന്നു വിശേഷിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ ബ്രിട്ടൻ യുദ്ധം ചെയ്തു മുടിഞ്ഞ രാജ്യമായിരുന്നു. വെട്ടിപ്പിടിച്ച ‘സൂര്യനസ്തമിക്കാത്ത’ സാമ്രാജ്യം നിലനിർത്താനുള്ള കഴിവ് അതിനില്ലാതായി. ചെറിയ സാമ്രാജ്യങ്ങളുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. പിന്മാറ്റം മാത്രമായിരുന്നു പിന്നിട് അവരുടെ മുന്നിലുണ്ടായിരുന്ന മാർഗ്ഗം. അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികളായി. വിയറ്റ്നാം സൈനിക ശക്തിക്ക് പരിമിതിയുണ്ടെന്ന് തെളിയിച്ചു. മാർക്സ് പ്രവചിച്ചതുപോലെ ആന്തരിക വൈരുധ്യങ്ങളുടെ ഭാരത്തിൽ മുതലാളിത്തം നിലം‌പൊത്തുന്നതു കാണാൻ കാത്തിരുന്ന സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും അടിതെറ്റി വീണു. ചില മുതലാളിത്ത രീതികൾ സ്വീകരിച്ചുകൊണ്ട് ചൈന പിടിച്ചു നിന്നു.       

യുദ്ധവും മറ്റെല്ലാത്തരം ഹിംസയും സമാധാനത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സമാധാനത്തിനായി പോരാടുന്നെന്ന് പറയുമ്പോൾ യുദ്ധത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാത്ത വിധം നാം ഹിംസയെ സ്വാംശീകരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ യുദ്ധം മനുഷ്യമനസിൽ തുടങ്ങുന്നു എന്നത് ഭാഗികമായ തിരിച്ചറിവു മാത്രമാണ്. വിജയകരമായ പ്രതിരോധം തീർക്കുവാൻ അത്രയും പോര. യുദ്ധത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുകയും അവയെ മറികടക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ബോധ്യമുണ്ടാവുകയും വേണം. സമാധാനത്തെ കുറിച്ച് പൊതുവെ നിലനിൽക്കുന്ന ധാരണ അത് യുദ്ധമില്ലാത്ത അവസ്ഥ ആണെന്നാണ്. നിഷേധാത്മകമായ (നെഗറ്റീവ്) നിർവചനമാണത്.. ക്രിയാത്മകമായി (പോസിറ്റീവ്) ചിന്തിക്കുമ്പോൾ അതിന്റെ അപര്യാപ്തത വ്യക്തമാകും.*

ക്രിയാത്മകമായ സമീപനം നമ്മെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലങ്ങൾക്കു മുകളിൽ ആദ്ധ്യാത്മികതയുടെയും തത്വചിന്തയുടെയും തലങ്ങളിലേക്ക് നയിക്കും. സംഘടിത മതങ്ങളുടെ സ്വാധീനത്തിൽ ആദ്ധ്യാത്മികതയെന്നത് മതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണെന്നാണ് അഭ്യസ്തവിദ്യർ പോലും കരുതുന്നത്. യഥാർത്ഥത്തിൽ ആദ്ധ്യാത്മികത മതങ്ങളുടെ ആവിർഭാവത്തിനു മുമ്പെ മനുഷ്യൻ തിരിച്ചറിഞ്ഞ് പഠനവിധേയമാക്കിയ ഒന്നാണ്. ബുദ്ധമത സങ്കല്പത്തിൽ സമാധാനത്തിന് മൂന്നു മാനങ്ങളുണ്ടെന്ന് യൊയിച്ചി കവാദ (Yoichi Kawada) എന്ന ജാപ്പനീസ് പണ്ഡിതൻ നിരീക്ഷിച്ചിട്ടുണ്ട്. ആന്തരിക സമാധാനം, മനുഷ്യസമൂഹത്തിലെ സമാധാനം, പാരിസ്ഥിതിക സമാധാനം അഥവാ ഭൂമിയുമായുള്ള സമാധാനം എന്നിവയാണവ.  ബുദ്ധന്റെ ഒരു പ്രഭാഷണം അദ്ദേഹം ഉദ്ധരിക്കുന്നു:“ലോകത്ത് പല തരം തീ കത്തിക്കൊണ്ടിരിക്കുന്നു. അത്യാർത്തിയുടെ തീ, വിദ്വേഷത്തിന്റെ തീ, വിഡ്ഡിത്തത്തിന്റെ തീ, മോഹത്തിന്റെയും അഹംബോധത്തിന്റെയും തീ, നാശത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും തീ, ദു:ഖത്ത്ന്റെയും വിലാപത്തിന്റെയും യാതനയുടെയും വേദനയുടെയും തീ.” വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും രാജ്യങ്ങൾക്കിടയിലും സംഘർഷങ്ങൾക്കും സംഘട്ടനങ്ങൾക്കും കാരണമാകുന്ന നിരവധി ഘടകങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

മതങ്ങൾ തമ്മിലുള്ള സ്പർദ്ധ പോലെ അവയ്കുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിരോധവും കലഹങ്ങൾക്കും വലിയ തോതിലുള്ള ജീവനാശത്തിനും ഇടയാകാറുണ്ട്. ചില വിഭാഗങ്ങൾക്കിടയിൽ ഇതു താരതമ്യേന കുറവാണ്. അവയുടെ ചരിത്രം പരിശോധിക്കുമ്പോൾ കൂടുതൽ സംഘർഷഭരിതമായ ഒരു ഭൂതകാലം കണ്ടെത്താൻ കഴിഞ്ഞേക്കും. സംഘർഷത്തിനു കാരണമായ ഘടകങ്ങൾ നീങ്ങിയതുകൊണ്ടൊ ഒരു പുതിയ സന്തുലിതാവസ്ഥ ഉടലെടുത്തതുകൊണ്ടൊ സ്ഥിതി മെച്ചപ്പെട്ടതാകണം.

മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഘട്ടനങ്ങൾ സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ അവയ്കു കാരണമാകുന്നത് വിശ്വാസപ്രമാണങ്ങളൊ പ്രത്യശാസ്ത്രങ്ങളൊ അല്ലെന്ന് കാണാൻ കഴിയും. യഥാർത്ഥപ്രശ്നം അവയെ നയിക്കുന്നവരുടെയും, ചിലപ്പോൾ നയിക്കപ്പെടുന്നവരുടെയും, സമീപനമാണ്. പലപ്പോഴും അവർ സർവാധിപത്യം ആഗ്രഹിക്കുന്നു. എല്ലാറ്റിനെയും തങ്ങളുടെ മതവിശ്വാസങ്ങൾക്ക്  അല്ലെങ്കിൽ രാഷ്ട്രീയവിശ്വാസങ്ങൾക്ക്  കീഴ്പ്പെടുത്താൻ അവർ ശ്രമിക്കുന്നു. അതിനായി ഏത് മാർഗ്ഗവും സ്വീകരിക്കാമെന്ന് അവർ വിശ്വസിക്കുന്നു. ഈ അധിനിവേശ മനോഭാവം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും നിരക്കാത്തതാണ്.

നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതി കൈവരിക്കാനായാലെ ശാന്തിയും സമാധാനവും പുലരുകയുള്ളു. നിർഭാഗ്യവശാൽ അത്തരത്തിലുള്ള ഒരു വ്യവസ്ഥിതി അകലെയാണ്.  സമാധാനം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഴിവ് മനുഷ്യൻ ഇനിയും കൈവരിച്ചിട്ടില്ല. വ്യക്തികൾ മറ്റ് വ്യക്തികളുടെയും, സമൂഹങ്ങൾ മറ്റ് സമൂഹങ്ങളുടെയും, രാഷ്ട്രങ്ങൾ മറ്റ് രാഷ്ട്രങ്ങളുടെയും അവകാശങ്ങൾ മാനിക്കാൻ തയ്യാറാകുമ്പോൾ  മാത്രമെ സമാധാന സങ്കല്പം യാഥാർത്ഥ്യമാകൂ. --എഴുത്തു, നവംബർ 2015..