Thursday, June 25, 2015

അരുവിക്കര നിശ്ചയിക്കുന്നത് ആരുടെ ഭാവി?

ബി.ആർ.പി. ഭാസ്കർ
തെരഞ്ഞെടുപ്പുകാലം മാധ്യമങ്ങൾക്ക് നല്ല കാലമാണ്. പത്രങ്ങളുടെ പ്രചാരം വർദ്ധിക്കുന്ന കാലമാണത്. ജനമനസുകളെ കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ള ടെലിവിഷന്റെ വരവോടെ ഉപതെരഞ്ഞെടുപ്പും ഉത്സവമായിട്ടുണ്ട്. പത്രങ്ങളും ചാനലുകളും കൂടി അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്ന സംഭവമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ 68നെതിരെ 72 സീറ്റ് നേടി നാലു കൊല്ലം മുമ്പ് അധികാരം നേടിയ യു.ഡി.എഫ് ഇതിനു മുമ്പ് ഒരു ഭരണമുന്നണിയും നേരിട്ടിട്ടില്ലാത്തത്ര ആരോപണങ്ങളാണ് നേരിട്ടത്. എൽ.ഡി.എഫ് ആകട്ടെ ഒരു സർക്കാരിനെതിരെയും ഉണ്ടായിട്ടില്ലാത്തത്ര സമരങ്ങൾ സംഘടിപ്പിച്ചു. യു.ഡി.എഫ് പാളയത്തിനുള്ളിലും പടയായിരുന്നു. പക്ഷെ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഉമ്മൻ ചാണ്ടി സർക്കാർ വീണില്ല. അരുവിക്കര അതിനെ വീഴ്ത്തുമോ?
എ-ഐ ദ്വന്ദത്തിൽ നിന്ന് ചാണ്ടി-ചെന്നിത്തല-സുധീരൻ ത്രയത്തിലേക്ക് നീങ്ങിയ കോൺഗ്രസ് ജി. കാർത്തികേയന്റെ ചരമം മൂലം ഒഴിവു വന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നു ഒരാളെ കണ്ടെത്തിയത് സഹതാപതരംഗം പ്രതീക്ഷിച്ചാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ടാറ്റാ കമ്പനിയിലെ ഉദ്യോഗം രാജിവെച്ച് അങ്കത്തട്ടിലിറങ്ങിയ കെ.എസ്. ശബരിനാഥ് കോൺഗ്രസിന്റെ രക്ഷകനാവുകയായിരുന്നു.  ആ കുടുംബത്തിൽ നിന്ന് ഒരാളെ കിട്ടിയതുകൊണ്ട് എ-യും ഐ-യും തമ്മിൽ സീറ്റിനു വേണ്ടി തല്ലു കൂടുന്ന സാഹചര്യം ഒഴിവായി. സർക്കാർ അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണെങ്കിലും എളുപ്പം ജയിച്ചു കയറാമെന്ന പ്രതീക്ഷ എൽ.ഡി.എഫിനില്ല. അതുകൊണ്ട് സി.പി.എം മുൻസ്പീക്കറും മുൻമന്ത്രിയുമായ എം. വിജയകുമാർ എന്ന വലിയ തോക്കിനെ ഇറക്കി. കേരളത്തിൽ അക്കൌണ്ട് തുറക്കാൻ വെമ്പുന്ന ബി.ജെ.പി. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിനെ നിർത്തി. ഉപതെരഞ്ഞെടുപ്പിനെ പ്രമുഖ കക്ഷികൾ ഗൌരവത്തോടെയാണ് സമീപിക്കുന്നതെന്ന് ഇത് കാണിക്കുന്നു. പക്ഷെ ചില വികടവേഷങ്ങളും രംഗത്തുണ്ട്.
അരുവിക്കരയിലെ വോട്ടർമാർ കണ്ണടച്ചു ഒരു മുന്നണിയെ പിന്തുണക്കുന്നവരല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും കാർത്തികേയനുമൊപ്പം ആയിരുന്നെങ്കിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അവർ സി.പി.എമ്മിനും എ.സമ്പത്തിനും ഒപ്പമായിരുന്നു. വോട്ടു പിളർത്താനായി രംഗത്തുള്ളവർ ആർക്കാണ് കൂടുതൽ ദ്രോഹം ചെയ്യുകയെന്ന് പറയാനാവില്ല.
പോളിങ് നടന്നിട്ടില്ലെങ്കിലും പ്രധാന കക്ഷികളെല്ലാം വിജയം അവകാശപ്പെട്ടു കഴിഞ്ഞു. വായനക്കാർക്കും പ്രേക്ഷകർക്കും തെരഞ്ഞെടുപ്പിലുള്ള താല്പര്യം പിടിച്ചു നിർത്തേണ്ട ആവശ്യം മാധ്യമങ്ങൾക്കുണ്ട്. ഏതെങ്കിലും ഒരു കക്ഷി ജയിക്കുമെന്ന ധാരണ പരന്നാൽ പിന്നെ തെരഞ്ഞെടുപ്പു വാർത്തകൾ വായിക്കാനും ചാനൽ ചർച്ചകൾ കേൾക്കാനും ആളെ കിട്ടിയെന്നിരിക്കില്ല. അതുകൊണ്ട് ആ പ്രതീതി നിലനിർത്താൻ അവരും പരിശ്രമിക്കുന്നു. ഏതായാലും മൂന്നു സാധ്യതകളാണുള്ളത്. ഒന്ന്, സി.പി.എം. സ്ഥാനാർത്ഥി ജയിക്കുന്നു, എൽ.ഡി.എഫ് വീണ്ടും സർക്കാരിന്റെ രാജി ആവശ്യപ്പെടുന്നു. രണ്ട്, കോൺഗ്രസ് സീറ്റ് നിലനിർത്തുന്നു, ജാതിമതശക്തികളുടെ പിന്തുണകൊണ്ട് ജയിച്ചെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. മൂന്ന്, ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കുന്നു, മതേതര വോട്ട് ഭിന്നിച്ചതു കൊണ്ട് താമര വിരിഞ്ഞെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരേ സ്വരത്തിൽ പറയുന്നു.
ഇതിൽ ഏതു സംഭവിച്ചാലും ഭരണമാറ്റം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കേരളത്തിൽ ഏതെങ്കിലും ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ ഒരു മന്ത്രിസഭയും രാജിവെച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ എ-യും ഐ-യും തമ്മിൽ തോൽ‌വിയുടെ ഉത്തരവാദിത്വത്തെ ചൊല്ലി തീർച്ചയായും തർക്കമുണ്ടാകും. പക്ഷെ ഭരണമാറ്റത്തിന് അതു മാത്രം പോരാ. എ-ഐ തർക്ക ചരിത്രം പരിശോധിച്ചാൽ ഭരണമാറ്റമുണ്ടാകുന്നത് യു.ഡി.എഫിലെ മറ്റ് കക്ഷികൾ ഗ്രൂപ്പു യുദ്ധത്തിൽ ഇടപെടുമ്പോഴാണെന്ന് കാണാൻ കഴിയും. ഉമ്മൻ ചാണ്ടിയേക്കാൾ ഒരുപക്ഷെ പിണറായി വിജയന്റെ ഭാവിയാകും അരുവിക്കരയിൽ നിശ്ചയിക്കപ്പെടുക. എൽ.ഡി.എഫ് വിജയിച്ചാൽ മുന്നണിയുടെ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പിണറായി നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതലക്കാരനാകും. പ്രതീക്ഷിക്കപ്പെടുന്നതു പോലെ ഇടതു മുന്നണി ജയിച്ചാൽ പിണറായി മുഖ്യമന്ത്രിയാവുകയും ചെയ്യും. രണ്ടു മുന്നണികളെയും കടത്തി വെട്ടി രാജഗോപാൽ നിയമസഭയിലെത്തിയാൽ മുന്നണികൾക്ക്, പ്രത്യേകിച്ച് അവയെ നയിക്കുന്ന കക്ഷികൾക്ക്, കഷ്ടകാലം തുടങ്ങിയെന്ന് ഉറപ്പാക്കാം.

പല കോണുകളിൽ നിന്നും മാധ്യമങ്ങൾ ഉപതെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ധാർമ്മികതയില്ല. ധാർമ്മിക മേന്മ അവകാശപ്പെടാൻ കഴിയുന്ന ഒരു കക്ഷിയൊ മുന്നണിയൊ ഇല്ലെന്നതാണ് വാസ്തവം. നാലു വർഷക്കാലം ഒന്നിനു പിറകെ ഒന്നായി വന്ന അഴിമതിക്കഥകളെ അതിജീവിക്കാൻ യു.ഡി.എഫിന് കഴിഞ്ഞത് അവ ഉയർത്തിക്കൊണ്ടു വന്ന എൽ.ഡി.എഫിന് ഭരണപക്ഷത്തേക്കാൾ ഉയർന്ന ധാർമ്മികത അവകാശപ്പെടാനാകാത്തതുകൊണ്ടാണ്. എങ്ങനെ ധാർമ്മിക ഔന്നത്യം നേടാമെന്നാണ് പാർട്ടികൾ ആലോചിക്കേണ്ടത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു ഉമ്മൻ ചാണ്ടി രാജി വെച്ചിരുന്നെങ്കിൽ കോൺഗ്രസിനു ധാർമ്മിക ഔന്നത്യം അവകാശപ്പെടാനാകുമായിരുന്നു. അഴിമതി ആരോപണം നേരിടുന്ന കെ.എം.മാണിയെയും കെ. ബാബുവിനെയും വി.കെ. ഇബ്രാഹിം കുഞ്ഞിനെയും രാജിവെപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ യു.ഡി.എഫിന് അത്  അവകാശപ്പെടാനാകുമായിരുന്നു. കോടികൾ ചിലവാക്കി ഒരു ലക്ഷം പേരെ തലസ്ഥാനത്തു കൊണ്ടുവന്നു സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം എൽ.ഡി.എഫ് നിയമസഭാംഗങ്ങൾ ഒന്നടങ്കം രാജിവെച്ചിരുന്നെങ്കിൽ ആ ധാർമ്മിക ഔന്നത്യ പ്രകടനത്തിനു മുന്നിൽ ഉമ്മൻ ചാണ്ടി സർക്കാരിനു പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. (പാഠഭേദം, ജൂൺ 2015)

Friday, June 19, 2015

അഹമ്മദാബാദിലെ പൊലീസുകാരനും അരുവിക്കരയിലെ പത്രപ്രവർത്തകരും

ആദിവാസി ദലിത് മുന്നേറ്റ സമിതി സംഘടിപ്പിച്ച ‘ക്വിറ്റ്, ഹാരിസൺ’ സമ്മേളനത്തിനായി കഴിഞ്ഞ ദിവസം ആര്യനാട്ടു പോയപ്പോൾ പ്രധാന കക്ഷികൾ എത്രമാത്രം വീറോടെയാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് മനസിലാക്കാനായി. മുക്കിനു മുക്കിനു പ്രചാരണ കമ്മിറ്റി ആപ്പീസുകൾ, സ്ഥാനാർത്ഥികളുടെ കൂറ്റൻ ചിത്രങ്ങൾ, പോസ്റ്ററുകൾ, അവരെ പ്രകീർത്തിക്കുന്ന പാട്ടുകളും മുദ്രാവാക്യങ്ങളുമായി പായുന്ന വാഹനങ്ങൾ. സ്ഥാനാർത്ഥികളും അവരുടെ കക്ഷികളുടെ സമുന്നത നേതാക്കളും മണ്ഡലത്തിൽ ഓടിനടക്കുന്നു. ഇത്ര വിപുലവും ശബ്ദായമാനവും ചെലവേറിയതുമായ അസംബ്ലി ഉപതെരഞ്ഞെടുപ്പു മത്സരം രാജ്യത്തെങ്ങും ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. 
                               അരുവിക്കര മണ്ഡലത്തിലെ ഓരോ ചലനവും ഒപ്പിയെടുത്ത് “ലോകമെമ്പാടുമുള്ള മലയാളികളി”ലെത്തിക്കാൻ ഒ.ബി. വാനുകളും മറ്റ് സജ്ജീകരണങ്ങളുമായി ഒരു വലിയ മാധ്യമ സംഘവും അവിടെയുണ്ട്.                                                                                                        

കൊല്ലം ജില്ലയിലെ അരിപ്പയിലെ ഒരു പഴയ തോട്ടത്തിൽ 1500ഓളം ഭൂരഹിത കുടുംബങ്ങൾ രണ്ടര കൊല്ലമായി കൃഷി ചെയ്തു ഉപജീവനം നടത്തിക്കൊണ്ട് സമരം നടത്തുകയാണ്. ആ സമരം നയിക്കുന്ന സംഘടനയാണ് ആദിവാസി ദലിത് മുന്നേറ്റ സമിതി. അരുവിക്കര മണ്ഡലത്തിൽപെടുന്ന ആര്യനാട്ട് ഒരു ഹാളിൽ സമിതി വിളിച്ചുകൂട്ടിയ സമ്മേളനമൊ തുടർന്ന് അതിൽ പങ്കെടുത്തവർ നടത്തിയ ഘോഷയാത്രയും പൊതുയോഗവുമോ ആ മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചില്ല. അവർ അവിടെ നിയോഗിക്കപ്പെട്ടത് അത് റിപ്പോർട്ടു ചെയ്യാനായിരുന്നില്ലല്ലൊ.            
അരുവിക്കരയിലെ മാധ്യമ പ്രവർത്തകർ അര നൂറ്റാണ്ടു മുമ്പ് ഗുജറാത്തിൽ കേട്ട കഥയിലെ നായകനെ ഓർമ്മപ്പെടുത്തി. അഹമ്മദാബാദിൽ കാങ്കരിയാ എന്നു പേരുള്ള ഒരു തടാകമുണ്ട്. സ്കൂൾ ഫൈനൽ പരീക്ഷയിൽ തോൽക്കുന്ന കുട്ടികൾ ജീവനൊടുക്കാനെത്തുന്ന സ്ഥലമെന്ന ദുഷ്പേര് അത് നേടിയിരുന്നു. ഒരിക്കൽ പരീക്ഷാഫലം വരുന്ന ദിവസം ആത്മഹത്യകൾ തടയാനായി പൊലീസ് മേധാവി ധാരാളം പൊലീസുകാരെ തടാകത്തിനു ചുറ്റും നിയോഗിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരു പൊലീസുകാരൻ ഇരുട്ടിൽ ഒരാൾ രൂപം കണ്ടു. ആൾ അരമതിലിന്മേൽ കയറി വെള്ളത്തിലേക്ക് ചാടാൻ തുടങ്ങിയപ്പോൾ പൊലീസുകാരൻ പിടികൂടി. 
                                                                                                                                                                                                                                                                                                                             “ആത്മഹത്യ ചെയ്യാൻ പോവുകയാ, അല്ലേ?” പൊലീസുകാരൻ ചോദിച്ചു.


“അതെ” എന്ന് മറുപടി.

“പരീക്ഷയിൽ തോറ്റു, അല്ലേ?”

“ഇല്ല.”

“പിന്നെ..?”

“ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു.”

“അതാണോ പ്രശ്നം? എന്നാൽ ആയിക്കൊ. എന്നെ ഇവിടെ ഡ്യൂട്ടിയിലിട്ടിരിക്കുന്നത് പരീക്ഷയിൽ തൊറ്റവർ ആത്മഹത്യ ചെയ്യുന്നത് തടയാനാ.”

ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു ആര്യനാട്ടെ സമ്മേളനം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പരിപാടികൾ എല്ലാ ജില്ലകളിലും നടത്താനുദ്ദേശിക്കുന്നതായി സമിതി അദ്ധ്യക്ഷൻ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. തിരുവനന്തപുരം സമ്മേളനം അരുവിക്കര മണ്ഡലത്തിൽ വെച്ചു നടത്തിയത് അതിനെ ഉപതെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അരിപ്പയിലെ സമരഭൂമിയിലുള്ളവർ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. “ആദ്യം ഭൂമി, പിന്നെ വോട്ട്” എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ആ നയം ഉപേക്ഷിച്ചുകൊണ്ട് ഉപതെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാണ് സമിതിയുടെ തീരുമാനം. അരുവിക്കരയിൽ വോട്ടുള്ള ഏതാണ്ട് 800 ഭൂരഹിതർ അരിപ്പയിലെ സമരഭൂമിയിലുണ്ട്.                                                       (ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്)

Wednesday, June 17, 2015

നിയമത്തെ നിയമത്തിന്റെ വഴിക്കു വിടൂ

ബി ആർ പി ഭാസ്കർ
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പതിവായി പറയുന്ന ഒരു വാചകമുണ്ട്‌: നിയമം നിയമത്തിന്റെ വഴിക്കു പോകും. ധനമന്ത്രി കെ എം മാണിക്കും എക്സൈസ്‌ മന്ത്രി കെ ബാബുവിനും എതിരായ ആരോപണങ്ങൾ വിജിലൻസ്‌ അന്വേഷണത്തിനു വിട്ടപ്പോഴും അദ്ദേഹം അതു പറഞ്ഞു. നിയമത്തിന്റെ വഴി തടയാനുള്ള ശ്രമങ്ങളും ഒപ്പം നടന്നു. തങ്ങളുടെ കീഴിലുള്ള വിജിലൻസ്‌ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും മാണിക്കും ബാബുവിനുമെതിരെ ഒരു തെളിവുമില്ലെന്ന്‌ ഉരുവിട്ടുകൊണ്ടിരുന്നു. ഇതു നിയമത്തിന്റെ വഴിമുടക്കലല്ലെങ്കിൽ പിന്നെ എന്താണ്‌?
വഴി മുടക്കാൻ വേറെയും മാർഗങ്ങളുണ്ട്‌. മുൻ ചീഫ്‌ സെക്രട്ടറി സി പി നായർക്കെതിരായ വധശ്രമക്കേസിലെ സംഭവ വികാസങ്ങൾ അതിനുദാഹരണമാണ്‌. അദ്ദേഹം ദേവസ്വം കമ്മിഷണറായി പ്രവർത്തിക്കവെ 2002ൽ മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ വച്ചുണ്ടായ അക്രമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ എടുത്ത കേസാണത്‌.
അമ്പലത്തിൽ ശതകോടി അർച്ചന നടത്തുന്നതിന്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറും ഉപദേശക സമിതി അംഗങ്ങളും ചേർന്ന്‌ എട്ടര കോടി രൂപ ചെലവുള്ള ഒരു പദ്ധതി തയാറാക്കി ദേവസ്വം ബോർഡിന്‌ സമർപ്പിച്ചിരുന്നു. സി പി നായർ അതിന്‌ അംഗീകാരം നൽകിയില്ല. ചെലവ്‌ കുറഞ്ഞ എന്തെങ്കിലും പരിപാടി നടത്താൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതരായ ചിലർ ഉപദേശക സമിതി വൈസ്‌ പ്രസിഡന്റും പ്രാദേശിക കോൺഗ്രസ്‌ നേതാവുമായ വെട്ടൂർ ജ്യോതിപ്രസാദിന്റെ നേതൃത്വത്തിൽ സംഘടിച്ച്‌ സി പി നായരെയും മറ്റേതാനും ഉദ്യോഗസ്ഥന്മാരെയും ഒരു ഹാളിൽ പൂട്ടിയിടുകയും പദ്ധതി അംഗീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പൊലീസ്‌ ഇടപെട്ടാണ്‌ മൂന്നര മണിക്കൂറിനു ശേഷം അവരെ മോചിപ്പിച്ചത്‌. പൊലീസുകാർക്ക്‌ ഒരു വലിയ ആൾക്കൂട്ടത്തിന്റെ എതിർപ്പ്‌ നേരിടേണ്ടി വന്നു. ഇത്‌ ഉപദേശക സമിതിയുടെ ധൂർത്തിന്‌ ജനപിന്തുണ ഉണ്ടായിരുന്നെന്ന്‌ കാണിക്കുന്നു. ആരാധനാലയങ്ങളിലെ പരിപാടികൾ ആർഭാടപൂർവം നടത്തുന്നതിൽ എല്ലാ മതസ്ഥരും മത്സരിക്കുകയാണല്ലൊ.
കണ്ടാലറിയാവുന്ന ആയിരം പേരെ പ്രതിയാക്കിയാണ്‌ പൊലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്‌. കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതികളുടെ എണ്ണം 146 ആയി ചുരുക്കി. വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ടവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു മാധ്യമ റിപ്പോർട്ട്‌ അനുസരിച്ച്‌ എഴുപതോളം പ്രതികൾ സിപിഎംകാരും മുപ്പതോളം പേർ ബിജെപിക്കാരുമാണ്‌ ധൂർത്തിന്റെ കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ട്‌!
കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ഒരു ദശാബ്ദത്തിലധികം കേസ്‌ എങ്ങും എത്താതെ കിടന്നു. അതിനിടെ ആറു പ്രതികൾ മരിച്ചു, മൂന്നു പേർ ആത്മഹത്യ ചെയ്തു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സി പി നായർ നിവേദനം നൽകിയതിനെ തുടർന്ന്‌ അധികൃതർ സക്രിയരായി. കഴിഞ്ഞ കൊല്ലം മാർച്ചിൽ ആരംഭിച്ച വിചാരണ ഇപ്പോൾ അവസാനഘട്ടത്തിലാണ്‌. ഈ സന്ദർഭത്തിൽ കേസ്‌ പിൻവലിക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തെ നിയമത്തിന്റെ വഴി തടയാനുള്ള ശ്രമമായേ കാണാനാകൂ.
പിൻവലിക്കൽ പ്രക്രിയയുടെ നാൾവഴികൾ ഇങ്ങനെയാണ്‌: പ്രതി ജ്യോതിപ്രസാദ്‌ കേസ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ റവന്യു മന്ത്രി അടൂർ പ്രകാശിന്‌ കത്തു നൽകുന്നു. ഇത്‌ റവന്യു വകുപ്പിന്റെ അധികാര പരിധിയിൽ പെടുന്ന വിഷയമല്ലെന്ന്‌ ഹർജിക്കാരനും മന്ത്രിക്കും അറിയാം. അതു ചൂണ്ടിക്കാട്ടി മടക്കി നൽകുന്നതിനു പകരം റവന്യു മന്ത്രി ഹർജി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക്‌ കൈമാറുന്നു. ആഭ്യന്തരമന്ത്രി അത്‌ മുഖ്യമന്ത്രിക്ക്‌ അയയ്ക്കുന്നു. അദ്ദേഹം ആവശ്യം അംഗീകരിക്കുന്നു. ഇടപെട്ടത്‌ കോൺഗ്രസ്‌ മന്ത്രിമാരാണ്‌. എന്നാൽ രാഷ്ട്രീയ പരിഗണനയുണ്ടായിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി പറയുന്നു. നേരത്തെ ഒരു ബിജെപിക്കാരന്‌ പൊലീസിൽ കിട്ടിയ നിയമനം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം ഒരു ക്രിമിനൽ കേസ്‌ പിൻവലിച്ചിരുന്നു. അതുപോലെ ഇതും രാഷ്ട്രീയ പരിഗണന കൂടാതെ എടുത്ത തീരുമാനമാകാം. ഏതായാലും ആ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ കോൺഗ്രസുകാർ മാത്രമല്ല.
കേസിന്റെ ഫലമായുണ്ടായ മാനുഷികപ്രശ്നങ്ങൾ ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കേസിൽ പെട്ടതുകൊണ്ട്‌ പ്രതികൾക്ക്‌ ജോലിക്ക്‌ പോകാനും പാസ്പോർട്ട്‌ എടുക്കാനും കഴിയുന്നുണ്ടായിരുന്നില്ലത്രെ. മാനുഷികപരിഗണന കാട്ടാൻ ഇത്രയും മതിയെങ്കിൽ, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ എത്രയെണ്ണം അവശേഷിക്കും? സർക്കാർ കേസ്‌ പിൻവലിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ കോടതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. കോടതിയിലെത്തിയ കേസ്‌ പിൻവലിക്കാൻ കോടതിയുടെ അനുവാദം കൂടിയേ തീരൂ. പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു. കേസ്‌ പിൻവലിക്കാൻ തീരുമാനിച്ച സർക്കാരും തീരുമാനം ശരിവെച്ച ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷനും ആലോചിച്ചു തീരുമാനം എടുക്കുകയായിരുന്നോ അതോ അവർ ശിപായിമാരെപ്പോലെ കടലാസ്‌ കൈമാറുക മാത്രമായിരുന്നോ ചെയ്തത്‌?
അധികാരത്തിലിരിക്കുന്ന കക്ഷികൾ തങ്ങളുടെ നേതാക്കളും അണികളും പ്രതികളായ കേസുകൾ പിൻവലിക്കുന്നത്‌ അസാധാരണമല്ല. രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിൽ നടക്കുന്ന ചില്ലറ അക്രമപ്രവർത്തനങ്ങളുടെ പേരിലെടുക്കുന്ന കേസുകളാണ്‌ ഇത്തരത്തിൽ പിൻവലിക്കപ്പെടുന്നത്‌. മലയാലപ്പുഴയിൽ നടന്നത്‌ രാഷ്ട്രീയ പ്രക്ഷോഭമായിരുന്നില്ല. ഒരുദ്യോഗസ്ഥനെ തടഞ്ഞുവെച്ചു ബലം പ്രയോഗിച്ചു അനുകൂലമായ തീരുമാനമെടുപ്പിക്കാനുള്ള ശ്രമമാണ്‌ അവിടെ നടന്നത്‌. ഇത്‌ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്‌.
പൊലീസിന്റെ രീതികളും ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ഇതുപോലുള്ള സംഭവങ്ങളിൽ നീതി ഉറപ്പാക്കുന്നതിന്‌ കണ്ടാലറിയാവുന്നവരെയെല്ലാം കോടതി കയറ്റേണ്ട ആവശ്യമുണ്ടോ? പ്രതിപ്പട്ടികയും സാക്ഷിപ്പട്ടികയും നീളുമ്പോൾ അന്വേഷണവും വിചാരണയും സ്വാഭാവികമായും നീളും. നീതി വൈകിപ്പിക്കൽ നീതി നിഷേധമാണ്‌.
മലയാലപ്പുഴയിൽ നടന്നത്‌ വധശ്രമമായിരുന്നെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ തന്റെ ജീവനു ഭീഷണിയുണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാണ്‌ രക്ഷപ്പെട്ടതെന്നും സി പി നായർ പറയുന്നുണ്ട്‌. എന്നാൽ ബലം പ്രയോഗിച്ച്‌ അനുകൂല തീരുമാനമെടുപ്പിക്കണമെന്നല്ലാതെ അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശം അക്രമത്തിൽ പങ്കെടുത്തവർക്കുണ്ടായിരുന്നെന്നു വിശ്വസിക്കാൻ പ്രയാസമാണ്‌. കേസ്‌ ബലപ്പെടുത്താനായി തെളിയിക്കാൻ എളുപ്പമല്ലാത്ത ഇത്തരം വകുപ്പുകൾ ചേർക്കുമ്പോൾ പൊലീസ്‌ അത്‌ ദുർബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. മാനുഷിക പരിഗണന നീതിനിർവഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുണ്ടാകണം. കോടതി വിധി പറയുന്നതിനു തൊട്ടു മുമ്പ്‌ സർക്കാർ ഇടപെട്ട്‌ കേസ്‌ ഇല്ലാതാക്കുന്നത്‌ ആരോഗ്യകരമായ നീതിവ്യവസ്ഥയ്ക്ക്‌ ചേർന്ന നടപടിയല്ല. -- ജനയുഗം, ജൂൺ 17, 2015.

Wednesday, June 3, 2015

ആദിവാസികൾ വീണ്ടും വഞ്ചിക്കപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ                                                                                                               ജനയുഗം
സെക്രട്ടേറിയറ്റ്‌ പടിക്കൽ ആദിവാസികൾ 162 ദിവസം ഒരേ നിൽപു നിന്ന ശേഷമാണ്‌ സംസ്ഥാനമൊട്ടുക്ക്‌ ഓടിനടന്ന്‌ ജനസമ്പർക്കം നടത്തി ആശ്വാസനടപടികളെടുക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്‌. ചില തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ നേരത്തെ മുന്നു മാസത്തെ സമയം ചോദിച്ചിരുന്നെങ്കിലും സർക്കാരുകളുടെ വഞ്ചനയുടെ ചരിത്രം അറിയാവുന്ന ആദിവാസി ഗോത്ര മഹാസഭാ നേതൃത്വം വഴങ്ങിയില്ല. മന്ത്രിസഭ തീരുമാനമെടുത്ത്‌ മിനിട്ട്സിൽ രേഖപ്പെടുത്തിയെന്ന്‌ ബോധ്യപ്പെട്ടശേഷമാണ്‌ സി കെ ജാനുവും സഹപ്രവർത്തകരും സമരം പിൻവലിക്കാൻ തയ്യാറായത്‌. സമരം തീർന്നിട്ട്‌ 162 ദിവസം കഴിഞ്ഞെങ്കിലും സർക്കാർ ഒത്തുതീർപ്പുവ്യവസ്ഥകൾ സത്യസന്ധമായി നടപ്പാക്കുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല.                                                            
രേഖപ്പെടുത്തപ്പെട്ട മന്ത്രിസഭാ തീരുമാനമനുസരിച്ച്‌ സർക്കാർ ആദിവാസികൾക്ക്‌ 7,693 ഹെക്ടർ വനഭൂമി പതിച്ചു നൽകേണ്ടതാണ്‌. കേന്ദ്ര സർക്കാരും സുപ്രിം കോടതിയും അതിനു നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. എന്നിട്ടും തീരുമാനം ഇനിയും നടപ്പായിട്ടില്ല.
പട്ടിക പ്രദേശങ്ങളിലേക്ക്‌ പഞ്ചായത്ത്‌ നിയമവ്യവസ്ഥകൾ നീട്ടുന്നതു സംബന്ധിച്ച്‌ പാർലമെന്റ്‌ 1996ൽ പാസാക്കിയ പെസ നിയമം ആദിവാസി ഊരുകളിൽ പ്രാബല്യത്തിൽ കൊണ്ടു വരാനും സർക്കാർ തീരുമാനിച്ചിരുന്നു. അതു ചെയ്തു കഴിഞ്ഞാൽ ആദിവാസി മേഖലയിലെ ഭൂമി ഇടപാടുകൾ ആദിവാസികളുടെ നിയന്ത്രണത്തിലുള്ള ഭരണ സമിതികളുടെ നിരീക്ഷണത്തിനു വിധേയമാകും. ആദിവാസി ഊരുകളെ ഉൾപ്പെടുത്തി ആദിവാസി പഞ്ചായത്തുകൾ രൂപീകരിക്കുമെന്നും ആ പഞ്ചായത്തുകളുടെ അംഗീകാരത്തോടെ മാത്രമെ ഭൂമി കൈമാറാനാകൂ എന്നും ഒത്തുതീർപ്പു വ്യവസ്ഥകൾ വിശദീകരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുടിയേറ്റക്കാരുടെ ചൂഷണത്തിൽ നിന്ന്‌ ആദിവാസികളെ സംരക്ഷിക്കുന്നതിനുതകുന്ന ഈ സുപ്രധാന തീരുമാനവും നടപ്പിലായിട്ടില്ല.
മുത്തങ്ങ സമരത്തെ തുടർന്ന്‌ തയ്യാറാക്കപ്പെട്ട പദ്ധതിപ്രകാരം സർക്കാർ വയനാട്‌ ജില്ലയിലെ പുറത്താക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങളിൽ ഓരോന്നിനും ഒരേക്കർ ഭൂമിയും വീടുവയ്ക്കാൻ രണ്ടര ലക്ഷം രൂപയും നൽകേണ്ടതായിരുന്നു. കൂടാതെ സർക്കാർ ആ സമരത്തെ തുടർന്ന്‌ തുറുങ്കിലടയ്ക്കപ്പെട്ട 44 കുട്ടികൾക്ക്‌ നിയമസഹായം വാഗ്ദാനം ചെയ്യുകയും നഷ്ടപരിഹാരമായി ഓരോ ലക്ഷം രൂപ വീതം നൽകാമെന്ന്‌ ഏൽക്കുകയും ചെയ്തിരുന്നു. കൂടുതൽ കുട്ടികൾ ഈ സഹായത്തിനു അർഹരാണെന്നു ഗോത്ര മഹാസഭ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന്‌ അതിനു നടപടിയെടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നൽകി. ഈ വാഗ്ദാനവും ഇനിയും പാലിക്കേണ്ടതായിരിക്കുന്നു. മുത്തങ്ങ സമരം നടന്നിട്ട്‌ പന്ത്രണ്ട്‌ കൊല്ലമായി. അന്നത്തെ കുട്ടികളെല്ലാം വളർന്നു വലുതായിരിക്കുന്നു. വാഗ്ദാനം ചെയ്ത സഹായത്തിനായി ഇനിയും എത്രകാലം അവർ കാത്തിരിക്കണം?
ആദിവാസി പുനരധിവാസ വികസനമിഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു നടപടിയെടുക്കാമെന്നതായിരുന്നു സർക്കാരിന്റെ മറ്റൊരു വാഗ്ദാനം. ഒരു സംയോജിത ആദിവാസി വികസന പദ്ധതിയിലൂടെ അട്ടപ്പാടിയിൽ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.
ഇന്ന്‌ കേരളം രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമാണ്‌. രാജ്യത്തെ മെച്ചപ്പെട്ട സർക്കാരുകളിൽ ഒന്നാണ്‌ കേരളത്തിലേത്‌ എന്നാണ്‌ വയ്പ്പ്‌. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ പൊതുവിലും അട്ടപ്പാടിയിലെ സ്ഥിതി പ്രത്യേകിച്ചും ഈ മേന്മകളെ അപ്രസക്തമാക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ജനങ്ങൾ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ അതിനെയൊക്കെ ഓർത്ത്‌ അഭിമാനിക്കാൻ മന:സാക്ഷിയുള്ളവർക്കാകുമോ?
പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയാണ്‌ കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമാണെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ വിലയിരുത്തിയത്‌ 45 കൊല്ലം മുമ്പാണ്‌. അവിടത്തെ 200ൽ താഴെയുള്ള ആദിവാസി ഗ്രാമങ്ങളിലെ ജനസംഖ്യ ഏതാണ്ട്‌ 30,000 മാത്രമാണ്‌. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി വികസന പരിപാടികൾ നടപ്പിലാക്കിയിട്ടും അവിടെ നിന്ന്‌ ഇപ്പോഴും ശിശുമരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു. കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടി 2013 ജൂണിൽ അട്ടപ്പാടിയുടെ വികസനത്തിനായി 500 കോടി രുപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. പതിനെട്ടു മാസത്തിൽ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ 125 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആയിരുന്നു അതിലൊന്ന്‌. സ്ത്രീമുന്നേറ്റം, ശുദ്ധജലം, റോഡ്‌ നിർമ്മാണം, തൊഴിലുറപ്പ്‌ തുടങ്ങിയവ സംബന്ധിച്ച പരിപാടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. കൊല്ലം രണ്ട്‌ കഴിഞ്ഞു. പക്ഷെ ഈ പദ്ധതികളുടെ ഫലമായി സ്ഥിതിഗതി മെച്ചപ്പെട്ടതിന്റെ സൂചനകളൊന്നുമില്ല.
പോഷകക്കുറവുമൂലം ഉണ്ടാകുന്ന ഉയർന്ന ശിശുമരണ നിരക്കാണ്‌ അട്ടപ്പാടിയിലെ ഒരു പ്രധാന പ്രശ്നം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം എസ്‌ സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷനും കേരള കാർഷികശാലാ മുൻ വൈസ്ചാൻസലർ ടി. മാധവ മേനോൻ, പട്ടികജാതി പട്ടികവർഗ കമ്മിഷൻ മുൻ ചെയർമാൻ ഡോ. പി കെ ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റിയൂട്ട്‌ ഫൊർ സൊസൈറ്റൽ അഡ്‌വാൻസ്മെന്റ്‌ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി വിഷയം പഠിച്ചശേഷം കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയെ കണ്ട്‌ അട്ടപ്പാടിയിലെ ആദിവാസികളെ വിശപ്പിൽ നിന്ന്‌ മുക്തമാക്കാൻ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ അവർ അവ പിന്നീട്‌ ആസൂത്രണ ബോർഡിനു മുന്നിൽ വച്ചു. അവ പഠിച്ച്‌ ഫെബ്രുവരി അവസാനത്തിനു മുമ്പായി കർമ്മ പദ്ധതി തയ്യാറാക്കാൻ ഒരു ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും അത്‌ ഇനിയും നടന്നിട്ടില്ല.
ആദിവാസിപ്രശ്നങ്ങൾ പരിഹരിക്കുന്നതിലുണ്ടാകുന്ന വലിയ കാലതാമസത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥന്മാരുടെ തലയിൽ വയ്ക്കാനാകില്ല. രാഷ്ട്രീയനേതൃത്വം ഇക്കാര്യത്തിൽ കൂടുതൽ ആത്മാർത്ഥത കാട്ടണം. (ജനയുഗം, ജൂൺ 3, 2015)