Saturday, August 9, 2014

ആദിവാസി മേഖലകൾ പട്ടിക പ്രദേശമായി പ്രഖ്യാപിക്കണം

സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നില്പുസമരത്തിൽ


ഇന്ന്, ആഗസ്റ്റ് ഒമ്പത്, ലോക ആദിവാസി ദിനമാണ്. ഐക്യരാഷ്ട്രസഭ ഈ ദിനം പ്രഖ്യാപിച്ചിട്ട് ഏതാനും കൊല്ലമായി. നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ദിനത്തെ തീർത്തും അവഗണിക്കുകയാണ്. ആദിവാസികളിലില്ലാത്ത താല്പര്യമെങ്ങനെ ആദിവാസി ദിനത്തിലുണ്ടാകും?

കേരളത്തിലെ ആദിവാസികളുടെ സമകാല ചരിത്രം ഇതരവിഭാഗങ്ങളുടെ വഞ്ചനയുടെയും നീതികേടിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും ചരിത്രമാണ്. ഇവിടത്തെ മുഖ്യധാര ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ മുഖ്യധാരകളേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ ഇവിടത്തെ ആദിവാസികൾ മറ്റ് പല സംസ്ഥാനങ്ങളിലെയും ആദിവാസികളേക്കാൾ പിന്നിലാണ്. കേരളീയർ അഭിമാനം കൊള്ളുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പുരോഗതിയുടെ പൊള്ളത്തരം – കാപട്യം എന്ന വാക്ക് നമുക്ക് ഒഴിവാക്കാം – ഇത് വെളിവാക്കുന്നു. 

ഒരു തീരുമാനമെടുക്കുമ്പോൾ ദരിദ്രരിൽ ദരിദ്രരായവർക്ക് അത് ഗുണം ചെയ്യുമോ എന്ന് ചിന്തിക്കണമെന്ന് ഗാന്ധി പറഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അധികാരം കയ്യാളിയവർ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ ഇത്ര പരിതാപകരമാകുമായിരുന്നില്ല. ആദിവാസി ഊരുകളിൽ പട്ടിണിമരണങ്ങൾ തുടർക്കഥയാകുമായിരുന്നില്ല. കാലാകാലങ്ങളിൽ ഗോത്രവർഗ്ഗങ്ങൾക്ക് തിരുവനന്തപുരത്തു വന്ന് സമരം ചെയ്യേണ്ടിവരുമായിരുന്നില്ല.

മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ശീതീകരിച്ച മുറികളിലിരുന്നു ഭരിച്ചു തകർക്കുമ്പോൾ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ കുറെ ആദിവാസികൾ സെക്രട്ടേറിയറ്റിനു മുമ്പിൽ ആഴ്ചകളായി നില്പു സമരം നടത്തുകയാണ്. പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും ബിഷപ്പുമാരുടെ അരമനകളിലേക്കും ഓടുന്ന ഭരണാധികാരികൾക്ക് അവരുടെ പടിക്കൽ വെയിലും മഴയും കൊണ്ടു നിൽക്കുന്നവരെ കാണാൻ സമയമില്ല. ആ നില്പു സത്യഗ്രഹികൾ ആവശ്യപ്പെടുന്നത് വർഷങ്ങൾക്കു മുമ്പ് അവർ ഉന്നയിച്ചതും ചെയ്യാമെന്ന് സർക്കാർ ഏറ്റതുമായ കാര്യങ്ങൾ ചെയ്യണമെന്നു മാത്രമാണ്.

ഒരു സർക്കാർ വലിയ ആഘോഷത്തോടെ ജനകീയാസൂത്രണം നടത്തി. മറ്റൊരു സർക്കാർ ജനസമ്പർക്കം നടത്തി. ഇതിനിടയിലാണ് മുത്തങ്ങയും ആറളവും ചെങ്ങറയും അരിപ്പയുമൊക്കെ സംഭവിക്കുന്നത്.

ഭരണപ്രതിതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് തിരികെ നൽകാൻ നിയമമുണ്ടാക്കിയതും പിന്നീട് ഒറ്റക്കെട്ടായി അതു റദ്ദാക്കി പകരം ഭൂമി നൽകാൻ വേറെ നിയമമുണ്ടാക്കിയതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്. വനം കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സമീപനമാണ് ഒരു ചെറിയ വിഭാഗം മാത്രമായ ആദിവാസികളുടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനു തടസം നിൽക്കുന്നത്. 

ആദിവാസിതാല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല, കേരളത്തിലെ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. കാരണം കേരളം നിലനിൽക്കണെമെങ്കിൽ അവശേഷിക്കുന്ന കാടുകൾ നിൽനിൽക്കണം. ആ കാടുകൾ നിലനിൽക്കണമെങ്കിൽ ആദിവാസികൾ നിലനിൽക്കണം.

ആദിവാസികൾക്ക് ഉപജീവനത്തിനാവശ്യമായ ഭൂമി നൽകിയാലും പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് കരുതുന്നവരുണ്ട്. ആ ഭൂമിയും കയ്യേറ്റക്കാർ തട്ടിയെടുക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആ സാധ്യത തീർച്ചയായും തള്ളിക്കളയാനാകില്ല. രാഷ്ട്രീയക്കാരുടെ പിന്തുണയോടും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടുമാണ് കയ്യേറ്റക്കാർ ഭൂമി തട്ടിയെടുത്തത്. ഇനിയും അവർ അത് ചെയ്തെന്നു വരും. 

ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് ഭരണഘടന പട്ടികവർഗ്ഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങൾ പട്ടിക പ്രദേശങ്ങളായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കയ്യേറ്റക്കാർ പൂർണ്ണമായും കയ്യടക്കിയിട്ടില്ലാത്ത പ്രദേശങ്ങളെ പട്ടികപ്രദേശങ്ങളായി പ്രഖ്യാപിച്ചാലെ കേരളത്തിലെ ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്താനാകൂ.