Tuesday, January 28, 2014

പാശ്ചാത്യർ ഹൈജാക് ചെയ്ത യേശു

സക്കറിയയുടെ യേശുവാണോ എ. അടപ്പൂരിന്റെ യേശുവാണോ യഥാർത്ഥ യേശു എന്ന പ്രശ്നത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അടപ്പൂർ പരാമർശിക്കുന്ന  യേശുസ്വാധീനത്തിൽ എത്രമാത്രം യാഥാർത്ഥ്യമുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.

മനുഷ്യരാശിയുടെ ചരിത്രംതന്നെ യേശുവിനു മുൻപും യേശുവിനു പിൻപും എന്ന നിലയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ജാതി-മത-ദേശ-ഭാഷാ ഭേദങ്ങൾക്കപ്പുറം എല്ലാ മനുഷ്യർക്കും സ്വന്തമായുള്ള പഞ്ചാംഗം ആ വിഭജനത്തിന്റെ വെളിച്ചത്തിൽ നിർമ്മിച്ചതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. രണ്ടായിരത്തിലേറെ കൊല്ലം മുൻപ് റോമാ സാമ്രാജ്യത്തിലെ ഒരു കുഗ്രാമത്തിൽ ജനിച്ച യേശു ക്രൂരമായ വധശിക്ഷക്ക് വിധേയനായശേഷമുള്ള 15 നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുള്ള ഒരു പഞ്ചാംഗം കണ്ടെത്താനാവില്ല. യേശുവിന്റെ ജനനത്തിനു 750ൽ‌പരം കൊല്ലം മുൻപ് റോമുലസ് രൂപപ്പെടുത്തിയ പഞ്ചാംഗമാണ് റോമാ സാമ്രാജ്യമൊട്ടുക്ക് നിലനിന്നിരുന്നത്. തുടക്കത്തിൽ അത് 10 ചാന്ദ്രമാസങ്ങൾ മാത്രമടങ്ങുന്ന ഒന്നായിരുന്നു. അത് പല തവണ പരിഷ്കരിക്കപ്പെടുകയും അതിനിടയിൽ സൂര്യനുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്തു. ശ്രദ്ധേയമായ പരിഷ്കാരം നടത്തിയ ഒരാൾ ജൂലിയസ് സീസർ ആണ്. അതും യേശുവിന്റെ ജനനത്തിനു മുൻപായിരുന്നു. അദ്ദേഹം രൂപപ്പെടുത്തിയ കലണ്ടർ യൂറോപ്പിലാകെ പ്രചരിച്ചു. ഏഷ്യയിലെയും പിൽക്കാലത്ത് അമേരിക്ക എന്ന പേരു ലഭിച്ച ഭൂഖണ്ഡത്തിലേയും ജനങ്ങളും അക്കാലത്ത് ചന്ദ്രന്റെയും സൂര്യന്റെയും നിരീക്ഷിക്കപ്പെട്ട ഗതിയുടെ അടിസ്ഥാനത്തിൽ പല പഞ്ചാംഗങ്ങൾ തയ്യാറാക്കുകയും അവയുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യൻ‌മാർ ജൂലിയൻ കലണ്ടറുമായാണ് അവിടെയെത്തിയത്.

ഭൂമി സൂര്യനെ വലം‌വെക്കുന്നതിന് എടുക്കുന്ന സമയത്തെ കുറിച്ച് ലഭിച്ച കൂടുതൽ കൃത്യമായ അറിവിന്റെ വെളിച്ചത്തിൽ പോപ്പ് ഗ്രെഗറി 1582ൽ ജൂലിയൻ കലണ്ടർ പരിഷ്കരിച്ചു. സ്പെയിനും പോർച്ചുഗലും പോലുള്ള കത്തോലിക്കാ രാജ്യങ്ങൾ ഉടൻ തന്നെ ഗ്രെഗോറിയൻ കലണ്ടർ സ്വീകരിച്ചു. എന്നാൽ മറ്റ് ക്രൈസ്തവ രാജ്യങ്ങൾ അതിനു തയ്യാറായില്ല. ബ്രിട്ടൻ 1752ൽ മാത്രമാണ് അത് അംഗീകരിക്കാൻ തയ്യാറായത്. റഷ്യ അതിലേക്ക് നിങ്ങിയത് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിനുശേഷം പാശ്ചാത്യ കലണ്ടറിനും യേശുവിനു മുൻപും യേശുവിനു പിൻപും എന്ന കാലഗണനാ സമ്പ്രദായത്തിനും  ലോകമൊട്ടുക്ക് ലഭിച്ച അംഗീകാരം യേശു ക്രിസ്തുവിന്റെ സംഭാവനയല്ല, പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ സംഭാവനയാണ്. മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നുള്ളവരായിരുന്നു ആധുനിക സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിരുന്നതെങ്കിൽ മറ്റൊരു പഞ്ചാംഗം മേൽകൈ നേടുമായിരുന്നെന്ന കാര്യത്തിൽ സംശയം വേണ്ട.

പാശ്ചാത്യജനതയുടെ മതം, സംസ്കാരം, കല എന്നിവയെ രൂപപ്പെടുത്തുന്നതിൽ യേശു നിർണ്ണായകമായ പങ്ക് വഹിച്ചതായി അടപ്പൂർ പറയുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ ഏതേത് അംശങ്ങളിലാണ് യേശുവിന്റെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും സ്വാധീനം അദ്ദേഹം കാണുന്നതെന്ന് വ്യക്തമല്ല. യേശു പാശ്ചാത്യരെ സ്വാധീനിച്ചതിനേക്കാൾ പാശ്ചാത്യർ യേശുവിനെ സ്വാധീനിച്ചില്ലേയെന്ന് സംശയിക്കാൻ വകയുണ്ട്. മദ്ധ്യേഷ്യയിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത യേശുവിനെ പാശ്ചാത്യ കലാകാരന്മാർ യൂറോപ്യനാക്കിയെടുക്കുകയും ക്രിസ്മസ് ആഘോഷങ്ങളെ മഞ്ഞിൽ പൊതിയുകയും ചെയ്തു. അല്പം ചരിത്രബോധമുണ്ടെങ്കിൽ അധിനിവേശങ്ങളിൽ പാശ്ചാത്യർ ഒപ്പം കൂട്ടിയ യേശു അവരുടെ ദു:സ്വാധീനം മറികടന്നാണ് ലോകസമാധാനത്തിന്റെയും മനുഷ്യർക്കിടയിലെ സൌമനസ്യത്തിന്റെയും സന്ദേശവാഹകനായി നിലകൊള്ളുന്നതെന്ന് മനസിലാക്കാനാകും.

ബി.ആർ.പി. ഭാസ്കർ, തിരുവനന്തപുരം
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, “വായനക്കാർ എഴുതുന്നു“, ജനുവരി 26,  2014) 

Sunday, January 26, 2014

ജനങ്ങളെ ഭിക്ഷാടകരാക്കരുത്

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി ആരംഭിച്ചപ്പോൾ അർഹിക്കുന്ന സഹായം യഥാസമയം കിട്ടാത്തതുമൂലം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നെന്ന നിലയിൽ അതിനെ സ്വാഗതം ചെയ്തയാളാണ് ഈ ലേഖകൻ. അതോടൊപ്പം ഔദ്യോഗിക സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടി എടുത്തില്ലെങ്കിൽ സഹായം കിട്ടാത്തവരുടെ എണ്ണം പെരുകുകയും തുടച്ചയായി ജനസമ്പർക്ക പരിപാടി നടത്തേണ്ടി വരികയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ ആ വഴിക്കു നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ആപ്പീസിന് യു.എൻ പുരസ്കാരം നേടിക്കൊടുത്ത പരിപാടി ഉമ്മൻ ചാണ്ടിക്ക് ഹരമായിരിക്കുന്നു. സർക്കാർ “കാരുണ്യത്തിന്റെ കയ്യൊപ്പ്” എന്ന് വിശേഷിപ്പിക്കുന്ന ജനസമ്പർക്കം ടിവി റീയാലിറ്റി ഷോ പോലെ ഓരോ കൊല്ലവും ആവർത്തിക്കേണ്ട ഒന്നായിരിക്കുന്നു.

ഒരു ജനസമ്പർക്ക പരിപാടി റിപ്പോർട്ടു ചെയ്യാൻ പോയ ലേഖകൻ എഴുതി: സമയം രാവിലെ 7.40. ഏകദേശം 20,000 പേർ നഗരത്തിലെ കോളെജിനു സമീപം തടിച്ചുകൂടിയിരിക്കുന്നു. വൃദ്ധരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര കാമ്പസിലേക്ക് ഇഴഞ്ഞുകയറുന്നു. നൂറു കണക്കിന് വീൽചെയറിലിരിക്കുന്ന രോഗികളുണ്ട് അലക്കിത്തേച്ച ഖദർ മുണ്ടും ഷർട്ടും ധരിച്ച കോൺഗ്രസ് നേതാക്കൾ നിറഞ്ഞ പ്രിൻസിപ്പലിന്റെ മുറിയിൽ ഈ ലേഖകൻ മുഖ്യമന്ത്രിയുമായി സംസാരിക്കുമ്പോൾ രോഗബാധിതയായ, ശ്വാസം‌മുട്ട് അനുഭവിക്കുന്ന, 74കാരിയായ കുഞ്ഞമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നു. കഴിഞ്ഞ രാത്രി കോളെജ് കെട്ടിടത്തിൽ തറയിലാണ് ചെലവഴിച്ചതെന്ന് അവർ മുഖ്യമന്ത്രിയെ അറിയിക്കുന്നു. ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞമ്മക്ക് രണ്ട് കണ്ണിലേയും കാഴ്ച തിരിച്ചുകിട്ടും. ഹൃദ്രോഗവുമുണ്ട്. “ഡി.എം.ഓയെ വിളിക്കൂ,“ ഉമ്മൻ ചാണ്ടി ഒരുദ്യോഗസ്ഥനോട് നിർദ്ദേശിക്കുന്നു. എന്നിട്ട് കുഞ്ഞമ്മയുടെ അപേക്ഷയിൽ എഴുതുന്നു: “10,000 രൂപ .. ഡി.എം.ഓ പ്രത്യേകം ശ്രദ്ധിക്കണം.”

ആ ജനസമ്പർക്ക പരിപാടിക്കു വന്നവരിൽ 70 ശതമാനം പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം തേടിവന്നവർ ആയിരുന്നെന്ന് ലേഖകൻ നിരീക്ഷിച്ചു. റേഷൻ കാർഡിനെ കുറിച്ച് പരാതിപ്പെടാൻ വന്നവരും അക്കൂട്ടത്തിലുണ്ട്. സ്കൂൾ കെട്ടിടം പോലുള്ള പൊതു ആവശ്യങ്ങളടങ്ങുന്ന ഹർജികൾ നൽകാൻ വന്ന ചുരുക്കം ചിലരുമുണ്ട്. ജില്ലാ കളക്ടർക്ക് അന്വേഷണം നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10,000 രൂപ നൽകാൻ അധികാരമുള്ളപ്പോഴാണ് രോഗബാധിതയായ 74കാരിക്ക് കോളെജ് കെട്ടിടത്തിൽ തറയിൽ രാത്രി ചെലവഴിച്ചശേഷം മുഖ്യമന്ത്രിയിൽ നിന്ന് ഡോക്ടർ പ്രത്യേകം ശ്രദ്ധിക്കണെമെന്ന നിർദ്ദേശത്തോടെ പണം അനുവദിച്ചു കിട്ടുന്നത്. ഇതിനെ വിശേഷിപ്പിക്കേണ്ടത് കാരുണ്യത്തിന്റെ കയ്യൊപ്പ് എന്നല്ല ഭരണസംവിധാനത്തിന്റെ പരാജയം എന്നാണ്. ഒരു ജനപ്രതിനിധിക്കും തന്റെ മണ്ഡലത്തിലുള്ള, ദുരിതാശ്വാസ സഹായം അർഹിക്കുന്നവരുടെ കാര്യം കളക്ടറുടെയൊ മുഖ്യമന്ത്രിയുടെയൊ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാൻ കഴിയേണ്ടതാണ്. അവിടെയും പരാജയം സംഭവിക്കുന്നു. ഈ പരാജയങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് സർക്കാർ ഒരു നടപടിയും എടുത്തതായി അറിവില്ല.

ഞായറാഴ്ച റിപ്പബ്ലിക് ദിനമാണ്. ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും സാമൂഹികനീതിയും സാമ്പത്തികനീതിയും രാഷ്ട്രീയനീതിയും വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവിൽ വന്നിട്ട് അന്ന് 64 വർഷം തികയുകയാണ്. ആ ദിവസം കാസർകോട്ടെ എൻഡോസൾഫാൻ പീഡിത കുടുംബങ്ങളിൽ നിന്നുള്ള അമ്മമാർ തിരുവനന്തപുരത്ത് വരുകയാണ്. സർക്കാരിന്റെ കാരുണ്യം കാത്തു മടുത്ത് അനിശ്ചിതകാല സമരത്തിന് തയ്യാറായാണ് വരവ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ അവർ കഞ്ഞിവെച്ച് കഴിയുമെന്നാണ് എൻഡോസൽഫാൻ പീഡിത ജനകീയ സമിതി അറിയിച്ചിരിക്കുന്നത്.

എൽ.ഡി.എഫ് അധികാരത്തിലിരിക്കെ ഓരോ കുടുംബത്തിനും 50,000 രൂപയുടെ സഹായം നൽകിയിരുന്നു. യു.ഡി.എഫ് സർക്കാർ അത് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. നേരത്തെ 50,000 രൂപ കിട്ടിയ 176 കുടുംബങ്ങൾക്ക് ബാക്കി പണം നൽകി. കൂടാതെ 486 പേർക്കു കൂടി ഒരു ലക്ഷം രൂപ വീതം നൽകുകയും ചെയ്തു. സഹായം അർഹിക്കുന്ന നിരവധി പേർക്ക് ഇപ്പോഴും ഒന്നും കിട്ടിയിട്ടുമില്ല.  അവരുടെ പ്രശ്നം ഉയർത്തിക്കാട്ടി കാസർകോട്ട് നടന്ന സമരങ്ങൾ ഫലം കാണാഞ്ഞ സാഹചര്യത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റുന്നത്. എൻഡോസൾഫാൻ പീഡിതരുടെ കാര്യത്തിൽ സർക്കാരിന് പ്രത്യേക ഉത്തരവാദിത്വമുണ്ട്. ചെടികളിൽ നേരിട്ട് തളിക്കേണ്ട വിഷമായ കീടനാശിനി ഒരു പൊതുമേഖലാ സ്ഥാപനം തീർത്തും നിരുത്തരവാദപരമായി തുടർച്ചയായി കാൽ നൂറ്റാണ്ടു കാലം ആകാശത്തു നിന്ന് വിതറിയതുമൂലം വായുവിലും വെള്ളത്തിലും വിഷം കലർന്നതിനെ തുടർന്നാണ് അവിടത്തെ ജനങ്ങളുടെ ജീവിതം തകർന്നത്. ആ പാതകം ചെയ്ത സ്ഥാപനത്തെയും പ്രസക്ത കാലത്ത് അതിന്റെ തലപ്പത്തുണ്ടായിരുന്നവരെയും ഭരണകൂടം പൂർണ്ണമായും സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്.

എറണാകുളം ജില്ലയിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച ഏതാനും പേർ തിരുവനന്തപുരത്തു വന്ന് നിയമസഭാ മാർച്ച് നടത്തുകയുണ്ടായി. കേന്ദ്ര സർക്കാർ 2002ൽ പാസാക്കിയ സർഫാസി നിയമം (സെക്യൂറിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂറിറ്റി ഇന്ററസ്റ്റ് ആക്ട്) നൽകുന്ന അമിതാ‍ധികാരം ഉപയോഗിച്ച് ബാങ്കുകൾ നടത്തുന്ന ജപ്തി നടപടികൾ ദുരിതക്കയത്തിൽ തള്ളിയവരാണവർ. ഏറെയും ദലിതരും മറ്റ് പിന്നാക്കവിഭാഗങ്ങളിലും പെടുന്നവർ. പലരും ഇടനിലക്കാരുടെ തട്ടിപ്പിനിരയാകുകയായിരുന്നു. ജപ്തി നടപടികൾ നിർത്തിവെക്കുക, തട്ടിപ്പുകൾ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുക, തട്ടിപ്പു നടത്തിയവർക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് അവർ ഉയർത്തിയിട്ടുള്ളത്.

ഇത് തലസ്ഥാനത്ത് ആവലാതികളുമായി കാര്യമാണ്. അത്ര ദൂരം യാത്ര ചെയ്ത് ആവലാതികൾ അധികാരികളുടെ മുന്നിൽ എത്തിക്കാൻ കഴിയാത്തവർ വേറെയുണ്ട്. അതിനിടെയാണ് ജനസമ്പർക്ക പരിപാടിയിലൂടെ കോടി കണക്കിന് രൂപ ദുരിതാശ്വാസമായി വിതരണം ചെയ്തിട്ടുള്ളത്. ഭരണസംവിധാനം മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടത്താതെയും ജനദ്രോഹപരമായ നടപടികൾക്ക് തടയിടാതെയും നടത്തുന്ന ദുരിതാശ്വാസ വിതരണം ജനങ്ങളെ ഭിക്ഷാടകരാക്കുകയാണ് ചെയ്യുന്നത്. ഒരു അന്താരാഷ്ട്ര പുരസ്കാരത്തിനും അതിനെ ഭരണമികവിന്റെ തെളിവാക്കി മാറ്റാനാകില്ല.(ജനുവരി 21, 2014)

Friday, January 24, 2014

നിയമങ്ങൾ സ്ത്രീകളെ രക്ഷിക്കുമോ?

ബി.ആർ.പി. ഭാസ്കർ

ഡൽഹിയിൽ 2012 ഡിസംബറിൽ നടന്ന കൂട്ടബലാത്സംഗം രാജ്യത്തെ മുഴുവൻ നടുക്കിയ സംഭവമായിരുന്നു. തലസ്ഥാന നഗരിയിലുണ്ടായ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് കേന്ദ്രം ബലാത്സംഗത്തിന് വധശിക്ഷവരെ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമമുണ്ടാക്കി. അതിവേഗ കോടതി പതിവു വിചാരണ നടത്തി പ്രായപൂർത്തിയായ പ്രതികൾക്കെല്ലാം വധശിക്ഷ വിധിച്ചു. ഹൈക്കോടതി വിധി ശരിവെച്ചു. ഇതൊന്നും കുറ്റകൃത്യങ്ങൾ കുറച്ചിട്ടില്ല. ഡൽഹിയിൽ 2012ൽ റിപ്പോർട്ടു ചെയ്യപ്പെട്ടതിന്റെ അഞ്ചിരട്ടി കേസുകളാണ് 2013ൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബലാത്സംഗക്കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇരകൾ തങ്ങളുടെ ദുരനുഭവം രഹസ്യമാക്കി വെക്കാതെ പരാതി നൽകാൻ മുന്നോട്ടു വരുന്നതുകൊണ്ടാണ് കേസുകളുടെ എണ്ണം കൂടിയതെന്ന് ഒരു വാദമുണ്ട്. ഇത് പാടെ തള്ളിക്കളയാനാവില്ലെങ്കിലും ഡൽഹി സംഭവം ഉയർത്തിയ ജനവികാരവും കർക്കശമായ പുതിയ നിയമവും സ്ത്രീസുരക്ഷിതത്വം മെച്ചപ്പെടുത്തിയിട്ടില്ലെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. തെഹൽക പത്രാധിപർ തരുൺ തേജ്പാലിനെതിരെ ആ പത്രത്തിലെ ഒരു ലേഖികയും സുപ്രീം കോടതി മുൻജഡ്ജി എ.കെ. ഗാംഗുലിക്കെതിരെ അദ്ദേഹത്തെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഒരു യുവ അഭിഭാഷകയും നൽകിയ പരാതികളും നിയമങ്ങളുടെ പരിമിതി വ്യക്തമാക്കുന്നു.

സ്ത്രീപീഡനം പോലെയുള്ള കുറ്റകൃത്യങ്ങൾ സാമൂഹത്തിന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കേണ്ടത്. അപ്പോൾ മാത്രമെ ഒരാൾ കുറ്റം ചെയ്യാൻ മടിക്കുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കാനാകൂ. സ്ത്രീപീഡനപർവ്വം എല്ലാ  സമൂഹങ്ങളുടെ ചരിത്രത്തിലുമുണ്ട്. ഗോത്രകാലത്ത് ഗോത്രത്തലവന്മാർക്കും ഫ്യൂഡൽ കാലത്ത് രാജാക്കന്മാർക്കും ജന്മിമാർക്കും സ്ത്രീകളെ യഥേഷ്ടം പ്രാപിക്കാൻ കഴിഞ്ഞിരുന്നു. ഋതുമതിയാകുന്ന പെൺകുട്ടിയ തലവന് കാഴ്വെക്കുന്ന പതിവ് ചില ഗോത്രസമൂഹങ്ങളിൽ നിലനിന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ചില സംന്യാസിമാർ വേഴ്ച നടത്തുന്നെന്ന വാർത്തകൾ ആശ്രമങ്ങൾ ഗോത്രപാരമ്പര്യം തുടരുന്നെന്ന് സൂചിപ്പിക്കുന്നു.  രാജാവിന് ഒരു സ്ത്രീയിൽ താല്പര്യം തോന്നിയാൽ ആഗ്രഹപൂർത്തിക്കായി എടുക്കാവുന്ന നടപടികൾ അർത്ഥശാസ്ത്രത്തിൽ കൌടില്യൻ വിവരിക്കുന്നുട്ടുണ്ട്. ജാതിവ്യവസ്ഥ ഉറപ്പിക്കാൻ രചിക്കപ്പെട്ട മനുസ്മൃതിയിൽ ‘ഉയർന്ന’ ജാതിക്കാരന് ജാതിമേന്മ നഷ്ടപ്പെടാതെ ‘താണ’ ജാതിക്കാരിയെ പ്രാപിക്കാനാവശ്യമായ വ്യവസ്ഥകൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പുരുഷൻ അധികാരത്തിന്റെ ബലത്തിൽ സ്ത്രീശരീരത്തിനുമേൽ ആധിപത്യം സ്ഥാപിച്ച ചരിത്രം വായിച്ചെടുക്കാം.
ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സമൂഹം പഴയ രീതികൾ പൂർണ്ണമായും ഉപേക്ഷിക്കാറില്ല. പുതിയ മേലാളർ പഴയ മേലാളരുടെ പല രീതികളും സ്വീകരിക്കും. പുതിയ കീഴാളർ പഴയ കീഴാളരുടെ രീതികൾ സ്വീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. മാവോ സെതുങിന്റെ ഡോക്ടർ നൽകിയിട്ടുള്ള വിവരം ശരിയാണെങ്കിൽ വിപ്ലവത്തിനുശേഷം പാർട്ടി നേതാവ് ഗോത്ര-ആശ്രമ പാരമ്പര്യം പിന്തുടർന്നെന്ന് പറയേണ്ടി വരും.

ഇന്ന് വിവിധ തൊഴിൽമേഖലകളിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന സ്ത്രീപീഡന സംഭവങ്ങളും അധികാരവുമായി ബന്ധപ്പെട്ടു തന്നെയാണ് പരിശോധിക്കേണ്ടത്. സാധാരണയായി അവയിൽ ഒരു വശത്ത് ഉന്നതസ്ഥാനീയരും മറുവശത്ത് കീഴ്ജീവനക്കാരികളുമാണ്. അധികാരപ്രയോഗത്തിലൂടെയുള്ള കീഴ്പ്പെടുത്തലുകളായേ അവയെ കാണാനാകൂ. എന്നാൽ അപൂർവ്വമായാണെങ്കിലും ഇരുവശത്തുമുള്ളവർ ഒരേ തലത്തിലുള്ളവരായ സംഭവങ്ങളുമുണ്ട്. ഡൽഹി സംഭവത്തിൽ പദവിക്കും സ്ഥാനത്തിനും ഒരു പ്രസക്തിയുമില്ലായിരുന്നു. എന്നാൽ  അവിടെയും നടന്നത് അധികാരപ്രയോഗം തന്നെയാണ്. കീഴ്പ്പെടുത്തൽ ലിംഗപദവിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മാത്രം.

പുരുഷാധിപത്യം നിലനിൽക്കുന്നിടത്തോളം സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ എളുപ്പമല്ലെന്ന് ഈ വസ്തുതകൾ കാണിക്കുന്നു. ആധുനിക സമൂഹങ്ങൾ തത്വത്തിൽ സ്ത്രീക്ക് തുല്യ പദവി നൽകുന്നുണ്ടെങ്കിലും പലയിടത്തും പ്രായോഗികതലത്തിൽ അത് യാഥാർത്ഥ്യമായിട്ടില്ല. മിക്ക യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്ത്രീകൾ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇന്ന് പല രാജ്യങ്ങളിലും അധികാര രാഷ്ട്രീയത്തിൽ അവർ സജീവമാണ്. സോവിയറ്റ് യൂണിയനെ പിന്തുടർന്ന് കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സമത്വം പ്രഖ്യാപിക്കുകയും പുരുഷന്മാരുടെ കുത്തകയായിരുന്ന പല തൊഴിൽ മേഖലകളും സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. എന്നാൽ ഇത് ഉദ്ദേശിച്ച ഗുണം ചെയ്തില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് എല്ലാവരും പണിയെടുക്കണെമെന്ന നിർബന്ധം ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്ക് ജോലി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നില്ല. സർക്കാർ നൽകുന്ന ജോലി ചെയ്യാൻ അവർ നിർബന്ധിതരായി. ഇതിന്റെ ഫലമായി സ്ത്രീകൾക്കു ജോലിയിൽ താല്പര്യമില്ലാത്ത അവസ്ഥയുണ്ടായി.  കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ പല കക്ഷികളും പ്രകടനപത്രികകളിൽ സ്ത്രീകളെ നിർബന്ധപൂർവ്വം പണിയെടുപ്പിക്കില്ലെന്നും അവർ ഇഷ്ടമുണ്ടെങ്കിൽ മാത്രം പണിയെടുത്താൽ മതിയെന്നും പ്രഖ്യാപിച്ചിരുന്നു. അതോടെ പരമ്പരാഗതമായ അസമത്വം തിരിച്ചുവന്നു.

ശ്രീലങ്കയിൽ 1959ൽ പ്രധാനമന്ത്രിയായിരുന്ന സോളമൻ ബന്ദാരനായകെ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സിരിമാവൊ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി. പിന്നീട് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും സ്ത്രീകൾ പ്രധാനമന്ത്രിമാരായി. എന്നാൽ കുടുംബവാഴ്ചയുടെ തുടർച്ചയായല്ലാതെ തുല്യതയുടെ അടിസ്ഥാനത്തിലുള്ള സ്ത്രീമുന്നേറ്റം ഈ രാജ്യങ്ങളിൽ ഉണ്ടായില്ല. സാമുഹികമായ പിന്നാക്കാവസ്ഥമൂലമാണ് സ്ത്രീപുരുഷ സമത്വമെന്ന ആശയം ശക്തിപ്പെടാത്തത്. ജാതിമത സ്ഥാപനങ്ങളുടെ സ്വാധീനം അതിന് വിലങ്ങുതടിയായി നിൽക്കുന്നു. സാമൂഹ്യപരിഷ്കരണത്തിന്റെ ഫലമായി പല രാജ്യങ്ങളിലും സ്ത്രീകളുടെ പദവി ഉയർന്നു. കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും യാത്രചെയ്യുന്നത് എതിർദിശയിലാണ്. സ്ത്രീയിലൂടെ സ്വത്ത് കൈമാറ്റം നടക്കുന്ന മരുമക്കത്തായ വ്യവസ്ഥ നിലനിന്നിരുന്നതുകൊണ്ട് സ്ത്രീക്ക് സ്വന്തം ഉടലിന്റെമേലുള്ള അവകാശം ഒരളവുവരെ അംഗീകരിക്കാൻ ഫ്യൂഡൽകാല കേരളത്തിലെ ഒരു പ്രബല വിഭാഗത്തിലെ പുരുഷന്മാർ നിർബന്ധിതമായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് മക്കത്തായത്തിലേക്ക് നീങ്ങിയശേഷം അ വിഭാഗത്തിൽ പുരുഷാധിപത്യം ശക്തമാവുകയും അതിനൊത്ത് സ്ത്രീയുടെ പദവി ഇടിയുകയും ചെയ്തു. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അടുത്ത കാലത്ത് സ്ത്രീപുരുഷ സമത്വം പ്രഖ്യാപിക്കുന്ന ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് ജാതിപഞ്ചായത്തുകൾ പുരുഷാധിപത്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. യാഥാസ്ഥിതികമൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന ദൃശ്യമാദ്ധ്യമ പരമ്പരകൾ ഈ പ്രവണത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

തേജ്പാൽ ഗാംഗുലി സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ‘പീഡക‘നും ‘പീഡിത‘യും തമ്മിലുള്ള പ്രായവ്യത്യാസം ഒരു വിഷയമായി ഉയർന്നു വന്നിരുന്നു. സ്ത്രീപുരുഷ ആകർഷണത്തിൽ പ്രായം ഒരു വലിയ ഘടകമല്ലെന്നതാണ് വാസ്തവം. അദ്ധ്യാപകനും വിദ്യാർത്ഥിനിയും ബോസ്സും സെക്രട്ടറിയും ഒക്കെ പരസ്പരം ആകർഷിക്കപ്പെടുകയും ജീവിതപങ്കാളികളാവുകയും ചെയ്യാറുണ്ട്. അധികാര പ്രയോഗം നടക്കുമ്പോൾ മാത്രമാണ് അത്തരത്തിലുള്ള ബന്ധങ്ങൾ പീഡനത്തിന്റെ പരിധിയിൽ വരുന്നത്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറ്റകൃത്യമായി ആധുനിക സമൂഹങ്ങൾ കാണുന്നില്ല. സ്ത്രീയുടെ വാക്കൊ പെരുമാറ്റമൊ അവൾ തന്റെ താല്പര്യം പങ്കിടുന്നില്ലെന്ന് വ്യക്തമാക്കുമ്പോൾ അത് മാനിക്കാൻ പുരുഷൻ തയ്യാറാകാത്തതാണ് പീഡനത്തിലേക്ക് നയിക്കുന്നത്. ഇതിനെ പൊതുവിൽ പുരുഷാധിപത്യത്തിന്റെ കണക്കിൽ  എഴുതാവുന്നതാണ്. അതേസമയം വ്യക്തിതലത്തിൽ അതിൽ പ്രതിഫലിക്കുന്നത് സ്ത്രീയെ തുല്യയായി പരിഗണിക്കാനുള്ള പുരുഷന്റെ വൈമുഖ്യമാണ്.(കൈരളിയുടെ കാക്ക, ത്രൈമാസികം, മുംബായ്, ജനുവരി-മാർച്ച് 2014)

Monday, January 6, 2014

സാധുജനപരിപാലിനിയുടെ ദൌത്യം

ബി.ആർ.പി. ഭാസ്കർ
 
മഹാത്മാ അയ്യൻ‌കാളി ആരംഭിച്ച സാധുജനപരിപാലിനി ഒരു നൂറ്റാണ്ടിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. 

സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണവും സാധുജനപരിപാലിനിയുടെ പ്രസിദ്ധീകരണവും കേരള നവോത്ഥാനത്തിലെ പ്രധാനപ്പെട്ട ചുവടുവെയ്പുകളായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ശ്രീനാരായണഗുരുവിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. അടുത്ത കൊല്ലം സംഘം നിലവിൽ വന്നു. ജാതിയുടെ ചട്ടക്കൂടുകൾ മറികടക്കാനുള്ള ആഗ്രഹം ഈ സംഘടനകളുടെ പേരിൽനിന്നു തന്നെ വായിച്ചെടുക്കാവുന്നതാണ്. നായർ സർവീസ് സൊസൈറ്റിയും യോഗക്ഷേമസഭയും പിന്നീട് വന്ന സംഘടനകളാണ്. തുല്യതയും തുല്യാവസരങ്ങളും നിഷേധിപ്പിക്കപ്പെട്ട വിഭാഗങ്ങൾ മുൻ‌കൈയെടുത്താണ് യോഗവും സംഘവും രൂപീകരിച്ചത്. മാറ്റത്തിനുവേണ്ടിയുള്ള അവയുടെ ശ്രമങ്ങൾ ഫ്യൂഡൽ മേധാവികളിൽ പരിഭ്രമം സൃഷ്ടിച്ചു. അവയുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന തെക്കൻ കേരളത്തിൽ പലയിടങ്ങളിലും സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടായി. കാലം മാറുന്നുവെന്നും പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പഴയ വ്യവസ്ഥയിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്ന തങ്ങൾ പിന്തള്ളപ്പെടുമെന്നുമുള്ള തിരിച്ചറിവാണ് നായർ, നമ്പൂതിരി സംഘടനകളുടെ രൂപീകരണത്തിലേക്ക് നയിച്ചത്. എന്നാൽ സാമുദായികസ്പർദ്ധ മറികടന്നുകൊണ്ട് ഒരു പുതിയ സമൂഹമെന്ന ആശയം പൊതുവിൽ സ്വീകരിക്കപ്പെട്ടു.

കാലക്രമത്തിൽ മിക്ക പ്രബല വിഭാഗങ്ങളും സമുദായങ്ങളായി രൂപപ്പെടുകയും അവയുടെ സംഘടനകൾ സാമുദായിക താല്പര്യങ്ങൾ സംരക്ഷിക്കുന്നവയായി മാറുകയും ചെയ്തു അത്തരത്തിലുള്ള മാറ്റം ദലിത് സമൂഹത്തിലുണ്ടായില്ല. അതിന്റെ കാരണം അയ്യൻ‌കാളി കാലത്തിനു മുമ്പെ അവതരിച്ചതാകാം. ഏതായാലും അതിന്റെ ഫലമായി ദലിതർക്ക് നവോത്ഥാനത്തിന്റെ ഗുണഫലങ്ങൾ പുർണ്ണമായി ലഭിച്ചില്ല.

നവോത്ഥാന ചരിത്രം എഴുതിയവർ ശ്രീനാരായണന്റെ മുൻ‌ഗാമിയായിരുന്ന വൈകുണ്ഠസാമികളുടെയും അദ്ദേഹത്തിന്റെ സമകാലികനായിരുന്ന മഹാത്മാ അയ്യൻ‌കാളിയുടെയും സംഭാവനകൾ തമസ്കരിച്ചു. അടുത്ത കാലത്തായി ആ തെറ്റ് തിരുത്തുവാൻ അർദ്ധമനസോടെയുള്ള ചില ശ്രമങ്ങൾ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. എന്നാൽ അയ്യൻ‌കാളിയുടെ നേതൃത്വത്തിൽ നടന്ന ഒരു കൊല്ലം നീണ്ടുനിന്ന കർഷകത്തൊഴിലാളി സമരത്തിന്റെ പ്രാധാന്യം അംഗീകരിക്കാൻ അത് ഇനിയും തയ്യാറായിട്ടില്ല.

ദലിത് ഐക്യത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ രാജ്യമൊട്ടുക്ക് നടക്കുന്ന വേളയിലാണ് സാധുജനപരിപാലിനി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ആ ശ്രമങ്ങളെ വിജയത്തിലെത്തിക്കുകയെന്ന ദൌത്യം ഏറ്റെടുക്കാനുള്ള ചരിത്രപരമായ കടമ അതിനുണ്ട്. ദലിതരുടെ തമസ്കരിക്കപ്പെട്ട സമീപകാല ചരിത്രം മാത്രമല്ല തുടച്ചുമാറ്റപ്പെട്ട പ്രാചീന ചരിത്രവും തിരിച്ചു പിടിക്കേണ്ടതുണ്ട്. ജാതിമേധാവിത്വം സ്ഥാപിതമാകുന്നതിനു മുമ്പ് ദലിത് വിഭാഗങ്ങൾ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നെന്നതിന് തെളിവുകളുണ്ട്. തമിഴ് പുരാണകഥകളനുസരിച്ച് മുരുകന്റെ ഭാര്യയായ വള്ളി ദലിത് സ്ത്രീയായിരുന്നു. രണ്ടായിരം കൊല്ലം മുമ്പ് തെക്കേ ഇന്ത്യയിൽ പൂജാദികർമ്മങ്ങൾ ചെയ്തിരുന്നത് ഇപ്പോൾ ദലിത് വിഭാഗങ്ങളിൽപെടുന്നവരായിരുന്നെന്ന് സംഘ കൃതികൾ വ്യക്തമാക്കുന്നു. തെക്കൻ കേരളത്തിലെ ചില രാജവംശങ്ങളും ഇന്നത്തെ ദലിത് വിഭാഗങ്ങളിൽ പെടുന്നു. മുന്നൊ നാലൊ നൂറ്റാണ്ടു മുമ്പ് രാജകീയ വിളംബരത്തിലൂടെ എടുത്തു മാറ്റപ്പെടുന്നതുവരെ നിലനിന്നിരുന്ന പുലപ്പേടി, മണ്ണാപ്പേടി എന്നീ നാട്ടുനടപ്പനുസരിച്ച് നിർദ്ദിഷ്ട ദിവസങ്ങളിൽ ദലിതന്റെ ദൃഷ്ടിയിൽ പെടുന്ന “ഉന്നത” ജാതി സ്ത്രീ അയാൾക്കൊപ്പം പോകാൻ നിർബന്ധിതയായിരുന്നു. പുതിയ വ്യവസ്ഥ അടിച്ചേല്പിച്ച അസമത്വങ്ങൾക്കെതിരെ നടത്തിയ വിജയകരമായ ചെറുത്തു നിൽ‌പ്പിലൂടെയല്ലാതെ കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന മാടമ്പിമാരിൽ നിന്ന് അങ്ങനെയൊരു സൌജന്യം നേടാനാകുമായിരുന്നില്ല.

അയ്യൻ‌കാളി ആരംഭിച്ചതും ഇപ്പോഴും അപൂർണ്ണമായി നിൽക്കുന്നതുമായ ദലിത്  മോചന സമരം പൂർത്തീകരിക്കാനുള്ള യജ്ഞത്തിൽ സാധുജനപരിപാലിനിക്ക് വിജയം ആശംസിക്കുന്നു. (സാധുജനപരിപാലിനി, ജനുവരി 5, 2014)