Thursday, September 26, 2013

മുഖ്യമന്ത്രിയെ നിലനിർത്തുന്നത് പ്രതിപക്ഷ സമരം

ബി.ആർ.പി. ഭാസ്കർ

സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ മുഖ്യമന്ത്രിയുടെ ആപ്പീസുമായി നിരന്തരം ഫോൺ ബന്ധം പുലർത്തിയിരുന്നെന്ന വിവരം പുറത്തുവന്നയുടൻ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യൽ അന്വേഷണം നേരിടണമെന്ന ആവശ്യം ഉന്നയിക്കുകയും സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. സമരം ഇതിനകം പല ഘട്ടങ്ങൾ പിന്നിട്ടു കഴിഞ്ഞു. സാമ്പ്രദായിക രീതിയിലായിരുന്നു തുടക്കം. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ധർണ്ണകളും പ്രകടനങ്ങളും നടന്നു. അവ ഫലം കാണാതായപ്പോൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങി. ഒരു ലക്ഷം പേരെ അണിനിരത്തിക്കൊണ്ട് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു. സി.പി.എം മാത്രം 70,000 പേരെ സമരമുഖത്തേക്കയക്കാൻ തീരുമാനിച്ചു. അതിനുള്ള ആളും പണവും പാർട്ടിക്കുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി രാജി വെക്കുംവരെ ഉപരോധം തുടരുമെന്നും ഒരീച്ചയെ പോലും സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നുമാണ് എൽ.ഡി.എഫ്. കൺ‌വീനർ പറഞ്ഞത്.

ഭരണസ്തംഭനം ലക്ഷ്യമിട്ടുള്ള ആ നീക്കത്തെ സർക്കാർ അതീവ ഗൌരവത്തോടെയും അല്പം ഭയപ്പാടോടെയുമാണ് കണ്ടത്. സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗമുള്ള  സംസ്ഥാന പൊലീസിന് ക്രമസമാധാനം നിലനിർത്താനാകുമോയെന്ന് സർക്കാർ സംശയിച്ചിരിക്കണം. അത് കേന്ദ്രസേനകളുടെ സഹായം അഭ്യർത്ഥിച്ചു. സമരഭടന്മാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന  വാഹനങ്ങൾ തടയാനും നഗരത്തിൽ അവർക്ക് താമസ സൌകര്യം നിഷേധിക്കാനും പദ്ധതിയിടുകയും ചെയ്തു. പക്ഷെ പ്രതിബന്ധങ്ങൾ ഫലപ്രദമായില്ല  ഉപരോധത്തിൽ പങ്കെടുക്കാൻ സി.പി.എം.ബ്രാഞ്ചുകൾ നിയോഗിച്ചവരിൽ 9,000 ബഹുഭൂരിപക്ഷം പേരുമെത്തി. സെക്രട്ടേറിയറ്റ് പരിസരം അവരെക്കൊണ്ട് നിറഞ്ഞു.
വളരെ സൂക്ഷ്മമായും വിശദമായുമാണ് സി.പി.എം സമരം ആസൂത്രണം ചെയ്തത്. ഓരോ പാർട്ടി ബ്രാഞ്ചും എത്ര വാളണ്ടിയർമാരെ അയക്കണമെന്നും ഓരോരുത്തർക്കും എത്ര പണം കൊടുക്കണമെന്നും പാർട്ടി നേതൃത്വം തീരുമാനിക്കുകയും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തിരുവനന്തപുരത്തെ ശ്രദ്ധാപൂർവ്വമായ ക്രമീകരണങ്ങളിൽ ഓരോ ജില്ലയിൽ നിന്നുമുള്ളവർ സെക്രട്ടേറിയറ്റിന്റെ ഏത് ഭാഗത്ത് നിലയുറപ്പിക്കണമെന്നും ആഹാരത്തിന് എപ്പോൾ എവിടെ എത്തണമെന്നുമുള്ള തീരുമാനങ്ങൾ അടങ്ങിയിരുന്നു. പതിന്നാലിടങ്ങളിലായി 5,000 പേർക്ക് വീതം ഭക്ഷണം തയ്യാറാക്കാനുള്ള ഏർപ്പാടുകൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയ്തു. സി.പി.എമ്മിന്റെ സംഘടനാപാടവത്തിൽ അത്ഭുതസ്തബ്ധരായ മാദ്ധ്യമങ്ങൾ ഐതിഹാസികമായ ഉപരോധ സമരത്തെ വാഴ്ത്തി.

എന്നാൽ സംഘടനാ പ്രവർത്തനത്തിന്റെ വിജയം സി.പി.എം. നേതൃത്വത്തെ ഭയപ്പെടുത്തി. പ്രമാണികൾ ഹോട്ടൽമുറികൾ തരപ്പെടുത്തി രാത്രിയിൽ സുഖമായി ഉറങ്ങിയശേഷം കുളിയും കഴിഞ്ഞ് വീണ്ടും സമരമുഖത്തെത്തിയപ്പോൾ ബഹുഭൂരിപക്ഷം വാളണ്ടിയർമാരും തെരുവിൽ ഉറങ്ങിയശേഷം പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ സൌകര്യമില്ലാതെ കുഴങ്ങുകയായിരുന്നു. സമരം നീണ്ടുപോയാൽ ആദ്യദിവസത്തെ ആവേശവും അച്ചടക്കവും നിലനിർത്താനാവില്ലെന്ന് നേതൃത്വം മനസിലാക്കി. അതോടെ സമരം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് സർക്കാരിനേക്കാൾ പാർട്ടിയുടെ ആവശ്യമായി.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സർക്കാരും പ്രതിപക്ഷവും ശ്രദ്ധിച്ചു. വിളിച്ചുവരുത്തിയ കേന്ദ്രസേനയെ സർക്കാർ തെരുവിലിറക്കിയില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് സംസ്ഥാന പൊലീസ് മാത്രമെ വിന്യസിച്ചുള്ളു. മന്ത്രിമാർക്കും ജീവനക്കാർക്കും സെക്രട്ടേറിയറ്റിലെത്താൻ ഒരു ഗേറ്റ് തുറന്നുവെക്കുന്നതിനപ്പുറം ഒരു പ്രതിരോധത്തിനും സർക്കാർ മുതിർന്നില്ല. പ്രതിപക്ഷം അവിടെ തടസം സൃഷ്ടിച്ചുമില്ല. സെക്രട്ടേറിയറ്റിലെത്താൻ മന്ത്രിമാർ ഉപയോഗിച്ച റോഡ് ഉപരോധിക്കാൻ ശ്രമിച്ച സി.പി.എം. പ്രവർത്തകരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തന്നെ പാഞ്ഞെത്തി പറഞ്ഞയച്ചു. രണ്ടാം ദിവസം ഉച്ചയോടെ ജുഡിഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം വരികയും ഉടൻതന്നെ എ.കെ.ജി. സെന്ററിൽ അവലോകന യോഗം നടത്തിക്കൊണ്ടിരുന്ന എൽ.ഡി.എഫ്. നേതാക്കൾ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിണറായി വിജയൻ സമരരംഗത്തെത്തി തീരുമാനം പ്രഖ്യാപിച്ചു. ഉപരോധം തുടങ്ങിയതു മുതൽ അതിന്റെ നേതൃത്വം എൽ.ഡി.എഫ്. കൺ‌വീനറിൽ നിന്ന് പാർട്ടി സെക്രട്ടറി ഏറ്റെടുത്തിരുന്നു.     

ഉപരോധം ഒരു വിജയമായിരുന്നെന്നതിൽ സംശയമില്ല. അതേസമയം അത് വലിയ പരിമിതികളുള്ള സമരരീതിയാണെന്നും പെട്ടെന്ന് വെളിപ്പെട്ടു. ചില അറബ് രാജ്യങ്ങളിൽ നടന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലെ വാൾ സ്ട്രീറ്റ് പിടിച്ചടക്കൽ സമരവും പോലെയുള്ള സഹനസമരമാണ് നടക്കാൻ പോകുന്നതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. എന്നാൽ അതൊന്നും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളായിരുന്നില്ല. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് മുല്ലപ്പൂ വിപ്ലവത്തിൽ പങ്കെടുകുകയും അതിന്റെ ഗുണഭോക്താവാകുകയും ചെയ്തെങ്കിലും അതൊരു പൊതുസമൂഹ പ്രസ്ഥാനമായിരുന്നു. അതുകൊണ്ടാണ് ഭരണകൂടം പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടും അത് സമാധാനപരമായി വളരെ ദിവസം തുടർന്നത്. അക്രമസമര പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് ഒരു അനിശ്ചിതകാല സഹന സമരം നടത്താൻ കഴിയില്ലെന്നതാണ് വാസ്തവം. ഇത് തിരിച്ചറിഞ്ഞ് അനിശ്ചിതകാല ഉപരോധം അതിവേഗം അവസാനിപ്പിച്ച ഇടതുനേതൃത്വം ഇനി അത്തരത്തിലുള്ള ഒരു സമരത്തിന് മുതിരുമെന്ന് തോന്നുന്നില്ല.

ബന്ദും ഘെരാവോയും പോലെ മനുഷ്യാവകാശലംഘനങ്ങളടങ്ങുന്ന സമരമാർഗ്ഗങ്ങളിലൂടെ വളർന്ന സി.പി.എം. പുതിയ പ്രക്ഷോഭരീതികൾ തേടാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ആ ശ്രമം തുടരുകയാണെന്ന് പിന്നീടുണ്ടായ മുട്ടയേറുകൾ സൂചിപ്പിക്കുന്നു. രോഷം പ്രകടിപ്പിക്കാൻ യൂറോപ്യന്മാർ ചിലപ്പോൾ അവലംബിക്കാറുള്ള മാർഗ്ഗമാണ് ചീമുട്ടയേറ്. പക്ഷെ ചീമുട്ട കാറിന്റെ പുറത്തൊ ദേഹത്തൊ വീണതു കൊണ്ട് ഒരു ഭരണാധികാരിയും ഇതുവരെ സ്ഥാനമൊഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് മുട്ടയെറിഞ്ഞ് സർക്കാരിനെ വീഴ്ത്താനാവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഉചിതം തന്നെ. മുട്ടയെറിഞ്ഞ് ചീഫ് വിപ്പിനെ പുറത്താക്കാൻ കഴിയില്ലെന്ന് സ്വന്തം പാർട്ടിക്കാരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയണം.

ആനുകാലികങ്ങളിൽ ഉപരോധസമരം വിശകലനം ചെയ്ത നിരീക്ഷകരൊക്കെയും അത് പരാജയമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ രാജി എന്ന പ്രഖ്യാപിത ലക്ഷ്യം നേടാനായില്ലെന്നതു കൊണ്ട് സമരം പരാജയമായിരുന്നെന്ന് പറയുന്നത് ശരിയല്ല. രണ്ടുമൂന്നു മാസമായി പ്രതിപക്ഷം നടത്തിവരുന്ന സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയുടെ രാജിയല്ല. അത് അടുത്ത കൊല്ലത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കലാണ്. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ത്രിപുര രണ്ട് ലോക് സഭാ സീറ്റ് മാത്രമുള്ള ഒരു ചെറിയ സംസ്ഥാനമാണ്. പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെടുകയും പാർട്ടിയുടെ അടിത്തറ തകരുകയും ചെയ്തതിനാൽ അടുത്ത ലോക് സഭയിൽ മാന്യമായ സ്ഥാനം ലഭിക്കാൻ ആശ്രയിക്കാവുന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്രത്തിൽ അധികാരത്തിലേറാൻ സാധ്യതയുള്ള കക്ഷിയെന്ന നിലയിൽ സാധാരണയായി ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിൽ മുൻ‌കൈ ലഭിക്കാറുണ്ട്. എന്നാൽ ഗ്രൂപ്പ് പോര് ശക്തമായിരുന്ന 2004ൽ അതിനെ തറപറ്റിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. അന്ന് യു.ഡി.എഫിന് കിട്ടിയ ഏക സീറ്റ് മുസ്ലിം ലീഗിന്റേതായിരുന്നു. അതിന്റെ ബലത്തിൽ ലീഗിന് യു.പി.എ. മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. അമേരിക്കയുമായുണ്ടാക്കിയ സിവിൽ ആണവ കരാറിനോടുള്ള എതിർപ്പിന്റെ പേരിൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചുകൊണ്ട് സാമ്രാജ്യത്വവിരുദ്ധ പ്രതിച്ഛായ മിനുക്കി മത്സരിച്ചിട്ടും 2009ൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. എന്നാൽ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ എൽ.ഡി.എഫിന് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന 2004ലെ പാഠം ഇന്നും പ്രസക്തമാണ്.

ഉമ്മൻ ചാണ്ടി രാജിവെക്കുകയും കോൺഗ്രസും യു.ഡി.എഫും സോളാർ പാപഭാരത്തിൽ നിന്ന് മോചനം നേടുകയും ചെയ്താൽ സി.പി.എമ്മിനും എൽ.ഡി.എഫിനും 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വെച്ചു പുലർത്താനാകില്ല. ഉമ്മൻ ചാണ്ടി തുടരുകയും സോളാർ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് അവർക്ക് നല്ലത്. തുടർച്ചയായി അഞ്ചു കൊല്ലവും അധികാരത്തിലിരിക്കാൻ സമീപകാലത്തെ ഒരു യു.ഡി.എഫ് മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിലെ എതിരാളികൾ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ഗ്രൂപ്പു പോര് ശക്തമാകുമ്പോൾ പ്രമുഖ ഘടകകക്ഷികൾ അദ്ദേഹത്തെ കൈയൊഴിഞ്ഞുകൊണ്ട് നേതൃമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. പാർട്ടിക്കകത്തു എതിർപ്പു നേരിടുന്ന ഉമ്മൻ ചാണ്ടിയെ അധികാരത്തിൽ തുടരാൻ ഇപ്പോൾ സഹായിക്കുന്നത് എൽ.ഡി.എഫ് സമരമാണ്. പ്രതിപക്ഷം പ്രക്ഷോഭം സജീവമായി നിലനിർത്തുന്നിടത്തോളം എതിർഗ്രൂപ്പും ഘടക കക്ഷികളും അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചു നിൽക്കാൻ ബാധ്യസ്ഥരാണ്.(ജനശക്തി, സെപതംബർ 14-27, 2013.

Monday, September 23, 2013

ജീർണ്ണതയുടെ നാൾവഴികൾ

ബി.ആർ.പി. ഭാസ്കർ

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സമൂഹം ജീർണ്ണത ബാധിച്ചതായിരുന്നു. ഇന്ത്യയൊട്ടുക്ക് തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. ഇവിടെയാകട്ടെ ദൃഷ്ടിയിൽ പെട്ടുകൂടാത്തവരും ഉണ്ടായിരുന്നു. സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലായിരുന്നു. രാജാവിന് മുലക്കരം കൊടുക്കുകയും വേണം. നിരപരാധിത്വം തെളിയിക്കാൻ കുറ്റാരോപിതർ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കണം. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള മാടമ്പിമാർ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊണ്ടു. തെക്കുനിന്നു വീശിയ മാറ്റത്തിന്റെ കാറ്റ് ആ ജീർണ്ണ വ്യവസ്ഥയെ തൂത്തെറിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിൽ കേരളം രാജ്യത്തെ ഏറ്റവും പുരോഗമനോന്മുഖമായ സംസ്ഥാനമായി. ആളോഹരി വരുമാനം ദേശീയ ശരാശരിക്കുതാഴെ ആയിരുന്നിട്ടും ഉയർന്ന സാക്ഷരതയും കുറഞ്ഞ ശിശുമരണ നിരക്കും സംസ്ഥാനത്തെ സാമൂഹികതലത്തിൽ പാശ്ചാത്യരാജ്യങ്ങൾക്കൊപ്പമെത്തിച്ചു കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ചിത്രം പിന്നെയും മാറിയിരിക്കുന്നു. ജീർണ്ണത വീണ്ടും പടരുന്നു. 

ജാതിമത സമൂഹങ്ങളുടെ നവീകരണത്തിന് നേതൃത്വം നൽകി കേരള നവോത്ഥാനത്തിന് വഴിയൊരുക്കിയ സംഘടനകൾ സ്വാർത്ഥതല്പരരുടെ കൈകളിൽ പ്രതിലോമശക്തികളായി മാറിയിരിക്കുന്നു. സേവനമനോഭാവത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിയവർ ലാഭേച്ഛയോടെ തലവരി സ്ഥാപനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച പ്രസ്ഥാനങ്ങൾ അധികാരം നേടാനും നിലനിർത്താനുമുള്ള തത്രപ്പാടിൽ ആദർശങ്ങൾക്ക് അവധി നൽകിയിരിക്കുന്നു. ബഹുജനതാല്പര്യങ്ങളല്ല, പാർട്ടിതാല്പര്യങ്ങളാണ് ഇപ്പോൾ അവയെ നയിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം കൊല്ലം‌തോറും വർദ്ധിക്കുന്നു. മദ്യപാനം ആരംഭിക്കുന്ന പ്രായം ക്രമേണ കുറഞ്ഞു 13 വയസിലെത്തിയിരിക്കുന്നു. സ്ത്രീകൾക്കിടയിലും മദ്യപാനം വർദ്ധിക്കുന്നതായി പ്രശസ്ത ഭിഷഗ്വരൻ ഡോ. വി.പി. ഗംഗാധരൻ ഈയിടെ പറയുകയുണ്ടായി. സ്ത്രീപീഡനം വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. വീട്ടിനുള്ളിലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാതായിരിക്കുന്നു. കയ്യേറ്റക്കാർ വനഭൂമി തട്ടിയെടുത്തതിന്റെ ഫലമായി നിരാലംബരായ ആദിവാസികളുടെ ഊരുകളിൽ കുഞ്ഞുങ്ങൾ പോഷകാഹാരം കിട്ടാതെ മരിക്കുന്നു. ഭൂപരിഷ്കരണം തഴഞ്ഞ ദലിതരിൽ പകുതിയിലേറെ ചേരികളിൽ ഒതുക്കപ്പെട്ടിരിക്കുന്നു. കൃഷിഭൂമിക്കു വേണ്ടിയുള്ള അവരുടെ സമരങ്ങളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ കക്ഷികൾ കൈകോർക്കുന്നു. പാവപ്പെട്ടവർക്കായി രൂപകല്പന ചെയ്തിട്ടുള്ള ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കണമെങ്കിൽ രാഷ്ട്രീയക്കാർ കനിയണം, ഇടനിലക്കാരന് വിഹിതം നൽകുകയും വേണം. സാർവത്രിക പൊതുവിതരണ സംവിധാനത്തിന്റെ പേരിൽ ലഭിക്കുന്ന ധാന്യങ്ങൾ രാഷ്ട്രീയകക്ഷികളുടെ അറിവോടെ അരി മില്ലുകളിലും പൊതുവിപണിയിലുമെത്തുന്നു. സർക്കാരാപ്പീസിൽ പ്രത്യേക പരിഗണന കിട്ടാൻ മാത്രമല്ല, നിയമപ്രകാരം അർഹതപ്പെട്ടത് കിട്ടാനും കൈക്കൂലി നൽകണം. സത്യസന്ധരായ നിരവധി മുഖ്യമന്ത്രിമാർ വന്നുപോയെങ്കിലും ആരും അഴിമതിക്കെതിരെ നടപടിയെടുത്തില്ല.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജന്മികുടുംബങ്ങൾ പോലും ഇല്ലായ്മ നേരിട്ടിരുന്നു. ഇന്ന് കേരളം സമ്പന്ന സംസ്ഥാനമാണ്. ആളോഹരി വരുമാനത്തിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നാലു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഗൾഫ് പ്രവാസമാണ് ഈ വലിയ മാറ്റം സാധ്യമാക്കിയത്. ഇപ്പോൾ 60,000 കോടി രൂപയാണ് ഒരു വർഷം പുറത്തുനിന്ന് ഇവിടെ എത്തുന്നത്. പലപ്പോഴും പണം ചെലവാക്കുന്നത് വിദേശത്ത് കഷ്ടപ്പാടുകൾ സഹിച്ച് അതുണ്ടാക്കുന്നവരല്ല, കഷ്ടപ്പാടെന്തെന്നറിയാതെ നാട്ടിൽ കഴിയുന്നവരാണ്.  ഈ പണം ഒഴുകുന്ന ചാലുകൾക്കരികിലുള്ളവർക്ക് അതിന്റെ ഗുണം ഏറിയൊ കുറഞ്ഞൊ ലഭിക്കുന്നു. അതിന്റെ ഗുണം കിട്ടാത്തവർക്ക് ജിവിതം നരകതുല്യമാണ്. പ്രവാസികളിൽ ഒരു വലിയ വിഭാഗം ഇവിടെ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തവരായിരുന്നതുകൊണ്ട് ആദ്യഘട്ടത്തിൽ ഗൾഫ് പണം അസമത്വങ്ങൾ കുറക്കാൻ സഹായിച്ചു. പിന്നീട് പ്രവാസികളിൽനിന്ന് അതിസമ്പന്നർ ഉയർന്നുവന്നു. അതോടെ അസമത്വം വീണ്ടും വളരാൻ തുടങ്ങി. രാഷ്ട്രീയ രക്ഷാധികാരവും ഉദ്യോഗസ്ഥ സഹകരണവും മാഫിയാ സംരക്ഷണവും ആവശ്യപ്പെടുന്ന ഭൂമികയ്യേറ്റം, മണൽഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമാണ്. അവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രാഷ്ട്രീയ മതിലുകൾ തടസമല്ല. ഇരുമുന്നണികളുടെ സർക്കാരുകളും ആറന്മുള വിമാനത്താവളത്തിന് ഭൂമി സ്വരൂപിക്കാൻ ഒത്താശ ചെയ്തുകൊടുത്തു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പാറപൊട്ടിക്കൽ കരാറുകാരൻ കോൺഗ്രസിന്റെയും എൻ.എസ്.എസിന്റെയും നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരൻ സി.പി.എം. പാർലമെന്റംഗവും. വർക്കലയിൽ ദലിതരുടെ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നവരിലും കോൺഗ്രസ് സി.പി.എം. സഹോദരന്മാരുണ്ട്.

നവോത്ഥാനധാര ദുർബലപ്പെട്ടപ്പോൾ സാമൂഹ്യ പരിഷ്കർത്താക്കൾ ഉച്ഛാടനം ചെയ്ത ചില തിന്മകൾ തിരിച്ചു വന്നു. അവയെ ഫ്യൂഡൽ ജീർണ്ണതയുടെ തുടർച്ചയായി കാണാം. എന്നാൽ ഇന്നത്തെ കേരള സമൂഹത്തിന് ആധുനികവും ഉത്തരാധുനികവുമായ ഭാവങ്ങളുമുണ്ട്. ഒപ്പം അവയുമായി ബന്ധപ്പെട്ട ജീർണ്ണതകളും. അറിയപ്പെടുന്ന വരുമാനമാർഗ്ഗമില്ലാത്തവർ ആർഭാട ജീവിതം നയിക്കുന്ന കാഴ്ച യുവാക്കളെ മോഹിപ്പിക്കുന്നു. അവർ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. രാഷ്ട്രീയം, ആത്മീയം, വ്യവസായം എന്നിങ്ങനെ പല മേഖലകളിലും അവർ സാധ്യതകൾ കണ്ടെത്തുന്നു. അണികൾക്ക് ജോലി തരപ്പെടുത്തുന്നത് തങ്ങളുടെ ചുമതലയാണെന്ന് രാഷ്ട്രീയ കക്ഷികൾ കരുതുന്നു. അതിസാഹസികരായ കക്ഷിനേതാക്കൾ മത്സരപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ മുക്കി ആ ചുമതല നിർവഹിക്കാൻ തയ്യാറാകുന്നു. സീരിയൽ താരങ്ങളാകാൻ അവസരം തേടുന്ന പെൺകുട്ടികൾ സീരിയൽ ബലാത്സംഗത്തിന് വിധേയരാകുന്നു. സാധാരണഗതിയിൽ ഒരാളിന്റെ മുന്നിൽ ടെലിവിഷൻ ക്യാമറ വെച്ചാൽ താൻ ചെയ്യുന്നതും പറയുന്നതും മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുമെന്ന തിരിച്ചറിവ് നല്ല പെരുമാറ്റം കാഴ്ചവെക്കാൻ അയാളെ പ്രേരിപ്പിക്കും. എന്നാൽ മലയാളിയിലെ നല്ല വശത്തെയല്ല ചീത്ത വശത്തെയാണ് ക്യാമറ പുറത്തുകൊണ്ടു വരുന്നത്.

ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽ‌പ്പിന് ഒരു കുറഞ്ഞ തോതിലുള്ള സത്യസന്ധത കൂടിയേ തീരൂ. ആ തോതിലുള്ള സത്യസന്ധത ഇല്ലാത്തതാണ് കേരളത്തിന്റെ ജീർണ്ണാവസ്ഥക്കു കാരണം. പേഴ്സണൽ സ്റ്റാഫിലെ ഒരാൾ സോളാർ തട്ടിപ്പു കേസിൽ ജയിലിലാകുകയും രണ്ടുപേർ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടും തന്നെയൊ തന്റെ ആപ്പീസിനെയൊ ജുഡിഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് ഇമ വെട്ടാതെ പറയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിയുന്നു. ജുഡിഷ്യൽ അന്വേഷണ തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ താനൊ തന്റെ ആപ്പീസൊ അതിന്റെ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ടെലിവിഷനിലൂടെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതാണ്. എന്നിട്ടും താൻ അന്വേഷണ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് എൽ.ഡി.എഫ് ഉപരോധ സമരം പിൻ‌വലിച്ചശേഷമാണെന്ന് പറയാൻ പിണറായി വിജയന് കഴിയുന്നു. ഫ്യൂഡൽ ജീർണ്ണത തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് ഭരണാധികാരികളായിരുന്നില്ല, പൊതുസമൂഹമായിരുന്നു. ഇന്നത്തെ ജീർണ്ണത നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടതും പൊതുസമൂഹം തന്നെ. ഇക്കാര്യത്തിൽ മുൻ‌കൈ  എടുക്കാൻ ഭരണാധികാരികൾക്കാവില്ല. അവർ പ്രശ്നത്തിന്റെ ഭാഗമാണ്. അവർക്ക് പരിഹാരം ആകാനാവില്ല. (ഇന്ത്യാ ടുഡെ) 

Wednesday, September 4, 2013

വാർത്തകളുടെ വർത്തമാനം: ശ്രദ്ധിച്ചാൽ മതിയോ, വിശ്വസിക്കേണ്ടേ?

ബി.ആർ.പി. ഭാസ്കർ

ഒന്നര നൂറ്റാണ്ടുകാലം അച്ചടിമാദ്ധ്യമങ്ങളുടെ സ്വാധീനത്തിലായിരുന്ന മലയാളികളെ രണ്ട് പതിറ്റാണ്ടിൽ ദൃശ്യമാദ്ധ്യമങ്ങൾ കീഴ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ മണ്ണിൽ നിന്ന് ഉപഗ്രഹത്തിലേക്ക് സിഗ്നൽ അയക്കാൻ അനുവാദമില്ലാതിരുന്ന കാലത്താണ് ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ഏതാനും നിശ്ചിതസമയ ബുള്ളറ്റിനുകളോടെ വാർത്താസം‌പ്രേഷണം ആരംഭിച്ചത്. ഔദ്യോഗിക നയത്തിൽ അയവുണ്ടാവുകയും പുതിയ സാങ്കേതികവിദ്യ ലഭ്യമാവുകയും ചെയ്തതിനെ തുടർന്ന് ടെലിവിഷൻ വാർത്തയുടെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് വാർത്തകൾക്ക് മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ വാർത്താ ചാനലുകളെയാണ്. ടെലിവിഷൻ മേൽകൈ നേടിയെങ്കിലും പത്രങ്ങളുടെ പ്രചാരത്തിലും വായനയിലും ഇടിവുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിലും ആദ്യകാലത്ത് ടെലിവിഷൻ പത്രവായനയെ പ്രതികൂലമായി ബാധിച്ചിരുന്നില്ല.    

ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സ്വകാര്യ ചാനലുകൾ ആദ്യകാലത്ത് വാർത്താ ബുള്ളറ്റിനുകൾ റിക്കോർഡ് ചെയ്ത് വിദേശത്തുള്ള അപ്‌ലിങ്ക് കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്തത്. ഏഷ്യാനെറ്റ് മേധാവിയായിരുന്ന ശശി കുമാറിന് വാർത്ത ‘ലൈവ്’ ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് വാർത്താവായനക്കാരെ ഫിലിപ്പീൻസിലെ സുബിക് ബേയിലുള്ള അപ്‌ലിങ്ക് കേന്ദ്രത്തിലേക്ക് അയച്ചു. തിരുവനന്തപുരത്തെ ന്യൂസ് ഡസ്ക് ബുള്ളറ്റിനുകൾ തയ്യാറാക്കി ഫാക്സ് വഴി അവർക്ക് എത്തിച്ചു കൊടുത്തു. ദൂർദർശൻ ദേശീയതലത്തിലും പ്രാദേശികതലത്തിലും പിന്തുടർന്നിരുന്ന വാർത്ത ‘വായിക്കുന്ന’ രീതിയും ശശി കുമാറിന് സ്വീകാര്യമായിരുന്നില്ല. മാധ്യമപ്രവർത്തകർ വാർത്ത ‘അവതരിപ്പിക്കുക’യാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ പത്രപ്രവർത്തന പരിചയമുള്ളവരും സുബിക് ബേയിലേക്ക് നിയോഗിക്കപ്പെട്ടു. ദൃശ്യങ്ങൾക്ക് ചാനൽ ആശ്രയിച്ച ഏജൻസി വിദേശത്തുനിന്നുള്ള ധാരാളം ദൃശ്യങ്ങൾ നൽകി. എന്നാൽ ഇന്ത്യയിൽ നിന്ന് ദിവസം രണ്ട് ദൃശ്യവാർത്തകൾ മാത്രമാണ് അവർക്ക് നൽകാനായത്. ഏഷ്യാനെറ്റ് തന്നെ സംഘടിപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അന്നത്തെ സാഹചര്യങ്ങളിൽ അതാത് ദിവസം കാണിക്കാൻ കഴിയുമായിരുന്നില്ല. തിരുവനന്തപുരം കൂടാതെ കൊച്ചിയിലും കോഴിക്കോട്ടും ഏഷ്യാനെറ്റിന് ക്യാമറാ യൂണിറ്റുകൾ ഉണ്ടായിരുന്നെങ്കിലും അവിടങ്ങളിൽ എഡിറ്റിങ് സംവിധാനമുണ്ടായിരുന്നില്ല. എല്ലാ ദൃശ്യങ്ങളും തിരുവനന്തപുരത്തെ സ്റ്റുഡിയോവിൽ എഡിറ്റ് ചെയ്തശേഷം ചെന്നൈയും സിംഗപ്പൂരും വഴി വിമാനമാർഗ്ഗം സുബിക്ക് ബേയിലേക്ക് എത്തിക്കുകയായിരുന്നു.

ആ പ്രാകൃതാവസ്ഥയിൽ നിന്നാണ് മലയാള ടെലിവിഷൻ ഒരു ചെറിയ കാലയളവിൽ തത്സമയ സം‌പ്രേഷണ സംവിധാനത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ടത്തിൽ ടെലിവിഷൻ വാർത്താവിഭാഗത്തെ നയിച്ചിരുന്നതും വാർത്തയുടെ സ്വഭാവം നിർണ്ണയിച്ചതും അച്ചടിമാദ്ധ്യമ സ്വാധീനത്തിൽ വളർന്നവരായിരുന്നു. അവർ ടെലിവിഷൻ വാർത്തയെ മലയാളികൾക്ക് പരിചിതവും സ്വീകാര്യവുമായിരുന്ന ദിനപത്ര ശൈലിയോട് അടുപ്പിച്ച് നിർത്തി. പിന്നീട് വലിയ തോതിൽ അച്ചടിമാദ്ധ്യമ സ്വാധീനം ഉൾക്കൊണ്ടിട്ടില്ലാത്ത പുതിയ തലമുറ രംഗത്തെത്തി ഒരു പുതിയ ടെലിവിഷൻ വാർത്താശൈലി വികസിപ്പിച്ചു. എങ്കിലും ശരിയായ അർത്ഥത്തിൽ ഒരു ദൃശ്യഭാഷ ഇനിയും രൂപപ്പെട്ടിട്ടില്ല. ചാനൽ ദൃശ്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ പലപ്പോഴും അവ വാർത്തയെ ചിത്രീകരിക്കുക മാത്രമാണെന്ന് കാണാം. അച്ചടിമാദ്ധ്യമ പ്രവർത്തകരുടെ വിധേയത്വ സ്വഭാവമില്ലാത്ത യുവ ദൃശ്യമാദ്ധ്യമ പ്രവർത്തകർ രാഷ്ട്രീയ നേതാക്കളെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്തു. അവർ ഒളിക്യാമറ ഉപയോഗിച്ച് മുടിവെക്കപ്പെടുന്ന പലതും പുറത്തു കൊണ്ടുവന്നു.

പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ഉത്സാഹത്തോടെയാണ് ചാനൽ പ്രവർത്തകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചത്. വിവേചനം കൂടാതെയുള്ള തത്സമയ സം‌പ്രേഷണത്തിലൂടെ അവർ പ്രകൃതിദുരന്തങ്ങളെയും അതീവഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ സംഭവങ്ങളെയും ക്രീഡാകാഴ്ചകളാക്കി മാറ്റി. അടുത്തിടെ എൽ.ഡി.എഫ് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തിന് പതിനായിരങ്ങളെ തിരുവനന്തപുരത്തെത്തിക്കുകയും അതിനെ പ്രതിരോധിക്കാൻ സർക്കാർ വമ്പിച്ച തയ്യാറെടുപ്പ് നടത്തുകയും ചെയ്തപ്പോൾ ചാനലുകൾ നിരവധി ക്യാമറകളുപയോഗിച്ച് രംഗങ്ങൾ ഒപ്പിയെടുക്കുകയും പ്രേക്ഷകർ അഞ്ചു ദിവസം വരെ നീളാവുന്ന ടെസ്റ്റ് ക്രിക്കറ്റ് കാണുന്ന താല്പര്യത്തോടെ ടെലിവിഷൻ സെറ്റുകൾക്കു മുന്നിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. സമരക്കാഴ്ചകൾ പെട്ടെന്ന് അവസാനിച്ചത് പലരെയും നിരാശപ്പെടുത്തിയിട്ടുണ്ടാകണം.

ചാനലുകൾ മത്സരിച്ച് വാർത്ത പൊട്ടിക്കുമ്പോൾ (‘ബ്രേക്കിങ് ന്യൂസ്’) പ്രസക്തമായ വസ്തുതകൾ ശേഖരിച്ച് ആവശ്യമായ പശ്ചാത്തല വിവരങ്ങളോടെ നൽകുന്നതിനു പകരം റിപ്പോർട്ടർമാർക്ക് ഊഹാപോഹങ്ങൾ നൽകേണ്ടി വരുന്നു. സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അഭിഭാഷകനുമൊത്ത് കോടതിയിലെത്തി മജിസ്ട്രേട്ടിനോട് തനിക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞെന്ന വിവരം നൽകിയ റിപ്പോർട്ടറോട് ഒരവതാരകൻ ചോദിച്ചു: സരിതയും അഭിഭാഷകനും എന്താണുദ്ദേശിക്കുന്നത്? സരിത ഉന്നതരുടെ പേരുകൾ പറയുമോ? ഊഹാപോഹത്തിനുള്ള ക്ഷണമായിരുന്നു ഈ ചോദ്യങ്ങൾ. ആരിൽനിന്നും എന്തും എപ്പോഴും സ്വീകരിക്കാൻ ചാനലുകൾ സന്നദ്ധരാണ്. ഒരു മണി ബുള്ളറ്റിനും ഉച്ചയൂണും ഉപേക്ഷിച്ചാണ് ചാനൽ പ്രവർത്തകർ ഒരു ദിവസം ഐസ്ക്രീം കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചയാളെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കെ.എ. റൌഫിന്റെ പത്രസമ്മേളനം ‘ലൈവ്’ ആയി സം‌പ്രേഷണം ചെയ്തത്. ഒരു ‘എക്സ്ക്ലൂസീവ്’ വാഗ്ദാനം ചെയ്താൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന ഏത് ക്രിമിനലിനും ജനങ്ങളുടെ മുന്നിൽ നിരപരാധി ചമയാനുള്ള അവസരം നൽകാൻ ചാനലുകൾ തയ്യാറാണ്. ഈയിടെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളെ വിളിച്ച് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ തന്നോടു ചില കാര്യങ്ങൾ പറഞ്ഞതായി അറിയിച്ചു. ചാനലുകൾ ഉടനെ ആ കേട്ടുകേൾവി സം‌പ്രേഷണം ചെയ്തു. ചാനലുകളുമായി അതിനുമുമ്പു തന്നെ ബന്ധപ്പെട്ടിരുന്നയാളാണ് ഫെനി ബാലകൃഷ്ണൻ. അദ്ദേഹത്തിന് മാദ്ധ്യമങ്ങളോട് എന്തെങ്കിലും പറയാനൊ അവർക്ക് അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും അറിയാനൊ ഉണ്ടെങ്കിൽ ഒരിടനിലക്കാരന്റെ സഹായം ആവശ്യമില്ലെന്നിരിക്കെ വെള്ളാപ്പള്ളി നടേശനെപ്പോലെ സ്വന്തം അജണ്ടയുള്ള ഒരാളെ ആശ്രയിക്കുന്നതിന്റെ അനൌചിത്യം ചാനൽ പ്രവർത്തകർ മനസിലാക്കിയില്ല.    

വസ്തുതകളും അഭിപ്രായങ്ങളും വേർതിരിച്ചു നൽകുന്ന, ഉയർന്ന തൊഴിൽ മൂല്യങ്ങളിൽ അധിഷ്ടിതമായ സമീപനം മലയാള ചാനലുകൾ സ്വീകരിച്ചിട്ടില്ല. ചിലപ്പോൾ പ്രേക്ഷകരിൽ സ്തോഭവും സംഭ്രമവും ജനിപ്പിക്കാൻ അവർ ബോധപൂർവ്വം ശ്രമിക്കുന്നു. വികാരം കത്തി ജ്വലിപ്പിക്കാൻ പോരുന്ന വിശേഷണങ്ങൾ അവർ ഉപയോഗിക്കുന്നു. പീഡന വാർത്തകൾക്കു ചാനലുകൾ നൽകുന്ന ‘മകളെ മാപ്പ്‘, ‘മക്കളാണ് മറക്കരുത്’ തുടങ്ങിയ ശീർഷകങ്ങൾക്ക് മുദ്രാവാക്യങ്ങളുടെ സ്വഭാവമുണ്ട്. വിശേഷണങ്ങളുടെ അമിത ഉപയോഗം പ്രേക്ഷകരെ ഗുണപരമായി സ്വാധീനിക്കാനുള്ള ചാനലുകളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിയുന്നില്ല. ചില സാഹചര്യങ്ങളിൽ മുദ്രാവാക്യങ്ങൾക്ക് ന്യായീകണമുണ്ടാകാം. അമേരിക്കയിലെ ആഭ്യന്തരയുദ്ധം (1861-65) അവസാനിച്ചപ്പോൾ ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽ വാർത്തക്കു മുകളിലായി ‘വിജയം! വിജയം!’, ‘പതാകകൾ ഉയർത്തുവിൻ!’ എന്നിങ്ങനെ കുറെ മുദ്രാവാക്യങ്ങൾ നൽകിയിരുന്നു. നിർണ്ണായകമായ യുദ്ധം ആഗ്രഹിച്ച രീതിയിൽ അവസാനിച്ചതിൽ പത്രം ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റിയ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയം ന്യൂയോർക്ക് ടൈംസ് അത്തരം മുദ്രാവാക്യങ്ങളോടെയല്ല അവതരിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോൾ പത്രം ആർജ്ജിച്ച പക്വതയാണ് മാറിയ സമീപനത്തിൽ പ്രതിഫലിക്കുന്നത്. 

അച്ചടിമാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന കാലത്തു തന്നെ ജനകീയ വിഷയങ്ങളിൽ താല്പര്യം എടുത്തിരുന്ന പരേതനായ കെ. ജയചന്ദ്രനെപ്പോലുള്ള പത്രപ്രവർത്തകരുടെ സാന്നിധ്യം മൂലം ആദ്യം മുതൽക്കെ ടെലിഷൻ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ താല്പര്യമെടുത്തിരുന്നു. രാഷ്ട്രീയമാണ് ഇഷ്ടവിഷയമെങ്കിലും മിക്ക ചാനലുകളൂം ആ പാരമ്പര്യം തുടരുന്നുണ്ട്. വാർത്തകളിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങളിലേക്ക് അവർ നേരിട്ട് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയും തുടർന്ന് അവരെടുക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ റിപ്പോർട്ട് ‘ഇംപാക്ട്’ ഉണ്ടാക്കിയതായി അവകാശപ്പെടുകയും ചെയ്യുന്നുമുണ്ട്. എന്നാൽ കൊച്ചു വിജയങ്ങളല്ലാതെ ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ ഇടപെടലിന്റെ ഫലമായി വലിയ മാറ്റമുണ്ടായതായി ഒരു ചാനലിനും അവകാശപ്പെടാനാകുമെന്ന് തോന്നുന്നില്ല. സിനിമയുടെ ചരിത്രത്തിൽനിന്ന് ചാനലുകൾക്ക് പാഠം ഉൾക്കൊള്ളാവുന്നതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയാ കൂട്ടുകെട്ടു പോലുള്ള വിഷയങ്ങൾ ഏത് പത്രത്തേക്കാളും ശക്തമായി സിനിമകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം തുറന്നു കാട്ടാനല്ലാതെ പരിഹാരം കാണുന്നതിൽ സഹായിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ വിവേകത്തോടെയും ക്രിയാത്മകമായും കൈകാര്യം ചെയ്താൽ മാത്രമെ മാദ്ധ്യമങ്ങൾക്ക് ഈ ദുർഗതി ഒഴിവാക്കാനാകൂ.

നിലനിൽ‌പ്പിന് പരസ്യങ്ങളെ ആശ്രയിക്കേണ്ടതുകൊണ്ട് വിനോദ ചാനലുകളെപ്പോലെ വാർത്താ ചാനലുകൾക്കും പ്രേക്ഷകരുടെ എണ്ണം സംബന്ധിച്ച വിവരം നൽകുന്ന ‘ടാം’ റേറ്റിങിനായി മത്സരിക്കേണ്ടിവരുന്നു. ആത്യന്തികമായി, വിനോദ ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, വാർത്താ ചാനലുകളുടെ സ്ഥാനം നിർണ്ണയിക്കേണ്ടത് വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ മലയാള പത്രങ്ങളെപ്പോലെ പല വാർത്താ ചാനലുകളും ജനങ്ങൾ വിശ്വസിച്ചില്ലെങ്കിലും വേണ്ടില്ല അവരുടെ ശ്രദ്ധ ലഭിച്ചാൽ മതിയെന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റ് ഉപരോധം സംബന്ധിച്ച് അവർ നൽകിയ പല വിവരങ്ങളും തെറ്റായിരുന്നു. ഉദാഹരണത്തിന് കേന്ദ്ര സേന എത്തിയപ്പോൾ ഉപരോധക്കാരെ നേരിടുന്നതും കന്റോൺ‌മെന്റ് ഗേറ്റ് തുറന്നിരിക്കുന്നെന്ന് ഉറപ്പാക്കുന്നതും അവരാകുമെന്ന് ചാനലുകൾ റിപ്പോർട്ടു ചെയ്തു. എന്നാൽ സംസ്ഥാന പൊലീസാണ് ആ ചുമതലകൾ നിർവഹിച്ചത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും കണ്ടാലറിയാവുന്ന 15,000 പേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അവർ റിപ്പോർട്ടു ചെയ്തു. എന്നാൽ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ചാനലുകൾ നൽകിയ തെറ്റായ വിവരങ്ങളിൽ ചിലത് അധികൃതർ ബോധപൂർവ്വം പ്രചരിപ്പിച്ചതാകാം.  വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കാതെ സം‌പ്രേഷണം ചെയ്യാൻ തയ്യാറുള്ള ചാനലുകളെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനാകും.

ചാനലിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ അവതാരകരും റിപ്പോർട്ടർമാരും വ്യക്തിപരമായും വിശ്വാസം നേടേണ്ടതുണ്ട്. പാശ്ചാത്യചാനലുകൾ വാർത്തയുടെ ആധികാരിത ഉറപ്പാക്കാൻ  അവതാരകർ ഔപചാരികമായ വേഷം ധരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ രീതി പിന്തുടർന്ന് നമ്മുടെ ചില അവതാരകരും ഔപചാരിക പാശ്ചാത്യവേഷത്തിലാണ് ക്യാമറയെ അഭിമുഖീകരിക്കുന്നത്. നമുക്ക് പൊതുവെ അംഗീകരിപ്പെട്ടിട്ടുള്ള ഒരു ഡ്രസ് കോഡ് ഇല്ല. ഷർട്ടിടാത്ത ഗാന്ധിയും ശ്രീനാരായണനും ജനങ്ങളുടെ ആദരവ് നേടിയ ഇവിടെ വിശ്വാസ്യതക്ക് വേഷവിധാനത്തെ ആശ്രയിക്കേണ്ടതില്ല. എന്നാൽ പാശ്ചാത്യവേഷം അണിയുന്നവർ ഔപചാരികത പാലിക്കുന്നതാകും നല്ലത്. അവതാരകരുടെയും റിപ്പോർട്ടർമാരുടെയും ശരീരഭാഷയും സംഭാഷണരീതിയും വേഷത്തേക്കാൾ പ്രാധാന്യമർഹിക്കുന്നു. സ്ക്രിപ്റ്റ് നോക്കി വായിക്കുമ്പോഴും പ്രേക്ഷകനോട് സംസാരിക്കുന്ന രീതിയിലുള്ള അവതരണമാണ് അഭികാമ്യമെന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രേഷകരുടെ അംഗീകാരം നേടിയ നിരവധി അവതാരകർ നമുക്ക് ഇപ്പോൾ തന്നെയുണ്ട്. അവരിൽ ചിലർ നാർസിസ്സത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

‘ലൈവ്‘ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ചാനലുകൾ നമ്മുടെ സാഹചര്യങ്ങളിലടങ്ങിയിട്ടുള്ള പരിമിതികൾ കണക്കിലെടുത്തില്ല. വാർത്താചാനലുകളുടെ മുഖ്യ ആകർഷണമായി മാറിയിട്ടുള്ള ഒരു മണിക്കൂർ നീളുന്ന രാത്രി ചർച്ചയുടെ കാര്യത്തിൽ ഇത് പ്രകടമാണ്. കേരള സംഭവങ്ങളാണ് പതിവായി ചർച്ച ചെയ്യുന്നത്. അപൂർവമായി മാത്രമെ ദേശീയ അന്താദ്ദേശീയ വിഷയങ്ങൾ ചർച്ചക്ക് വരാറുള്ളു. ഒരു മണിക്കൂർ നേരത്തെ ചർച്ച അർഹിക്കുന്ന സംഭവങ്ങൾ നിത്യവും ഉണ്ടാകാത്തതുകൊണ്ട് പലപ്പോഴും ചാനലുകൾ അപ്രധാന വിഷയങ്ങൾ ചർച്ചക്കെടുക്കാൻ നിർബന്ധിതരാകുന്നു. മുൻ‌കൂട്ടി സമയം നിശ്ചയിച്ചിട്ടുള്ള പരിപാടിയാകയാൽ തെരഞ്ഞെടുത്ത വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യരായവരെ കിട്ടിയില്ലെന്നു വരും. അപ്പോൾ കിട്ടുന്നവരെ വെച്ച് ചർച്ച നടത്തേണ്ടി വരുന്നു. എല്ലാ വിഷയങ്ങളെയും യു.ഡി.എഫ്-എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽ ചർച്ച ചെയ്യുന്ന രീതിയാണ് ചാനലുകൾ സ്വീകരിച്ചിട്ടുള്ളത്. മേമ്പൊടിയായി ബി.ജെ.പിയും ഉണ്ടാകും. ബഹുഭൂരിപക്ഷം മലയാളികളും രണ്ട് മുന്നണികളിലൊന്നിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏതു സാഹചര്യത്തിലും സ്വന്തം മുന്നണിക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്ന് കരുതുന്നവരാണവർ. ചർച്ചയിൽ പങ്കെടുക്കുന്ന യു.ഡി.എഫ് വക്താവിന് എൽ.ഡി.എഫ് വക്താവിന്റെ വാദങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. പ്രതിയോഗി എൽ.ഡി.എഫുകാരനാണെന്ന് ഓർമ്മിപ്പിച്ചാൽ മതി. പണ്ടെന്നൊ എൽ.ഡി.എഫ് ചെയ്ത ഏതെങ്കിലും പാതകം ചൂണ്ടിക്കാണിക്കുക കൂടി ചെയ്താൽ യു.ഡി.എഫ് പ്രേക്ഷകൻ സന്തുഷ്ടനായി. സോളാർ തട്ടിപ്പ് ചർച്ചകളിൽ യു.ഡി.എഫ്.നേതാക്കൾ ലാവ്‌ലിൻ അഴിമതി ആരോപണം നിരന്തരം ഉയർത്തിയത് ഇക്കാരണത്താലാണ്. അതുപോലെ തന്നെ എൽ.ഡി.എഫ് വക്താവിന് യു.ഡി.എഫ് വക്താവിന്റെ വാദങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യവുമില്ല. ഇടയ്ക്ക് പാമൊലീൻ കേസ് പോലെ എന്തെങ്കിലും യു.ഡി.എഫിന്റെ നേർക്ക് എറിഞ്ഞാൽ എൽ.ഡി.എഫ് പ്രേക്ഷകന് സന്തോഷമാവും.

വാർത്താ പരിപാടികൾ പുതിയ വസ്തുതകൾ പുറത്തുകൊണ്ടുവരികയൊ അറിയപ്പെടുന്ന വസ്തുതകളെ പുതിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുകയൊ ചെയ്യണം. ചാനൽ ചർച്ചകൾ അതിനുപകരിക്കുന്നില്ല. അടുത്തകാലത്ത് ഒരു ചർച്ചയിൽ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഷാഫി മേത്തറും ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രനും അന്യോന്യം വെല്ലുവിളിക്കുന്നത് കേട്ടു. ആരോപണങ്ങൾ തെളിയിച്ചാൽ തന്റെ സ്വത്ത് മുഴുവൻ സുരേന്ദ്രന് കൊടുക്കാമെന്ന് മേത്തർ. തനിക്ക് സ്വത്തില്ലെന്നും എന്നാൽ കേസ് പറയാൻ തയ്യാറാണെന്നും സുരേന്ദ്രൻ. ഇത്തരം വാഗ്വാദങ്ങൾ ആർക്കും ഒരു ഗുണവും ചെയ്യില്ല. പക്ഷെ പരദൂഷണതല്പരർക്ക് കേട്ടിരിക്കാനാകും. ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ചർച്ചക്കു വരുകയുണ്ടായി. അദ്ദേഹം ഇന്ത്യൻ സംഘത്തെ നയിക്കാൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന സ്വരൺ സിങ്ങിനെ നിയോഗിച്ചു. ആ തീരുമാനത്തിന്റെ ഔചിത്യം ചോദ്യം ചെയ്ത ഒരു സഹപ്രവർത്തകനോട് ശാസ്ത്രി ഇങ്ങനെ പറഞ്ഞത്രെ: “നെഹ്രു കൃഷ്ണമേനോനെ അയച്ചു. അദ്ദേഹം എട്ടു മണിക്കൂർ നീണ്ട പ്രസംഗം നടത്തി കശ്മീർ പ്രശ്നത്തെ കുറിച്ച് എല്ലാവരെയും പഠിപ്പിക്കാൻ ശ്രമിച്ചു. ഫലമുണ്ടായില്ല. ഞാൻ സ്വരൺ സിങ്ങിനെ അയക്കുന്നു. അദ്ദേഹം എല്ലാവരുടെയും മനസ്സിൽ കുഴപ്പമുണ്ടാക്കും”. ഏതാണ്ട് ഇതേ മനോഭാവത്തോടെയാണ് ചില രാഷ്ട്രീയ കക്ഷികൾ ചർച്ചകളിൽ പങ്കെടുക്കാൻ നേതാക്കളെ നിയോഗിക്കുന്നത്. ചാനലുകളുടെ എണ്ണത്തിനൊത്ത് പാർട്ടി വക്താക്കളുടെ എണ്ണം വർദ്ധിക്കുന്നില്ല. ഒരേ ആളുകൾ ഒരേ സമയം ഒന്നിലധികം ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കുന്നത് ഇന്നൊരു സാധാരണ കാഴ്ചയാണ്. ‘ലൈവ്’ എന്നവകാശപ്പെടുന്ന ചില ചർച്ചകൾ നേരത്തെ റിക്കാർഡ് ചെയ്തതാണെന്ന് ഇത് വ്യക്തമാക്കുന്നു. 

തുടക്കത്തിൽ ചർച്ചകൾക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നുണ്ടോയെന്ന് സംശയമാണ്. ഒമ്പത് മണിക്ക് റിമോട്ട് ഉപയോഗിച്ച് ഒരോട്ടപ്രദക്ഷിണം നടത്തിയാൽ ഓരോ ചാനലിലും ചർച്ചക്ക് ആരൊക്കെ വന്നിട്ടുണ്ടെന്ന് മനസിലാക്കാം. മിക്കവരും പതിവായി വരുന്നവരാകയാൽ അവർ എന്ത് പറയുമെന്ന് ഏറെക്കുറെ അനുമാനിക്കുകയും ചെയ്യാം. ചർച്ച പിന്നീട് സമയംകൊല്ലി മാത്രമാണ്. ഇതിന്റെ അർത്ഥം ആരും ഇപ്പോൾ ചർച്ചകൾ കാണാനും കേൾക്കാനും കൂട്ടാക്കുന്നില്ലെന്നല്ല. അവ തീർച്ചയായും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.  ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ചാനൽ ചർച്ചകൾ ശീലമായിരിക്കുന്നെന്നു മാത്രമാണ്. എല്ലാ മാദ്ധ്യമങ്ങളും ശീലങ്ങളാണ്. ദൃശ്യമാധ്യമങ്ങൾ അച്ചടിമാധ്യമങ്ങളേക്കാൾ വേഗത്തിൽ ശീലങ്ങളായി മാറുന്നു. പത്രം വായിക്കാനെടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ഒരാൾ ടെലിവിഷന്റെ മുന്നിൽ ചെലവാക്കുന്നെന്നതും ടെലിവിഷൻ കാണുന്നത് പത്രം വായിക്കുന്നതു പോലെ തലച്ചോറിന്റെ പ്രവർത്തനം ആവശ്യപ്പെടുന്നില്ലെന്നതും ശീലം ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. 
 
മലയാള ചാനലുകളേക്കാൾ എത്രയോ മടങ്ങ് വിഭവശേഷിയുള്ള വിദേശ ചാനലുകൾ നിത്യവും ഒരു മണിക്കൂർ നീളുന്ന വാർത്താ ചർച്ചകൾ സംഘടിപ്പിക്കുന്നില്ല. പ്രശസ്ത അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ വാൾട്ടർ ക്രോങ്കൈറ്റ് 1962ൽ സി.ബി.എസ് ഈവിനിങ് ന്യൂസിന്റെ അവതാരകനായെത്തിയപ്പോൾ അതൊരു 15 മിനിട്ട് പരിപാടി മാത്രമായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം പരിപാടിയുടെ ദൈർഘ്യം 30 മിനിട്ടായി വർദ്ധിപ്പിക്കപ്പെട്ടു. ഏതാണ്ട് അതേകാലത്തുതന്നെ മറ്റ് അമേരിക്കൻ ചാനലുകളും അര മണിക്കൂർ ബുള്ളറ്റിനുകൾ തുടങ്ങി. വിഭവശേഷി കുറവായതുകൊണ്ടാകണം മലയാള സ്വകാര്യ ചാനലുകൾ ഒരു മണിക്കൂർ ചർച്ച ഉപേക്ഷിക്കാത്തത്. ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്ന പതിവില്ലാത്തതു കൊണ്ട് ചെലവില്ലാതെ ചർച്ചകൾ സംഘടിപ്പിക്കാനാകുന്നു. ചർച്ച കേൾക്കാതെ ആ സമയത്ത് പുസ്തകം വായിക്കാൻ ഡോ. ബി. ഇക്ബാൽ ഈയിടെ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉപദേശിക്കുകയുണ്ടായി. ഒരു പ്രബുദ്ധ പ്രേക്ഷകന്റെ ഈ നിരീക്ഷണം ചാനൽ മേധാവികൾ ശ്രദ്ധിക്കണം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപതംബർ 1-7, 2013)