Thursday, March 28, 2013

സ്ത്രീ പുരുഷ സമത്വം -- പ്രശ്‌നങ്ങളും സാധ്യതകളും: ഒരു തുറന്ന അന്വേഷണം

സ്ത്രീ പീഡനങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി മാറിയിട്ടുള്ള കേരളം നേരിടുന്ന സാമൂഹ്യപ്രതിസന്ധി ഏറെ ഗുരുതരമാണ്. ഏറെ യാഥാസ്ഥിതികമായ സ്ത്രീപുരുഷ സദാചാര സങ്കല്പം നിലനില്ക്കുന്ന കേരളത്തില്‍ പ്രണയം, വിവാഹം, ലൈംഗീകത എന്നിങ്ങനെയുള്ള സ്്ത്രീപുരുഷബന്ധ വിഷയങ്ങളില്‍ സങ്കല്പതലത്തിലും പ്രയോഗതലത്തിലും കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. ഈ പൊളിച്ചെഴുത്ത് എങ്ങനെ സാധ്യമാകും, അതിന്റെ പ്രയോഗരൂപങ്ങള്‍ എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭ്യമല്ല.

ഈ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താനുള്ള ഒരു തുറന്ന അന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്ന ഒരു ചര്‍ച്ചയാണ് ഫിഫ്ത്ത് എസ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് ലക്ഷ്യമാക്കുന്നത്. ഈ രംഗത്ത് പ്രായോഗികമായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന അന്വേഷണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സൈദ്ധാന്തികാടിസ്ഥാനമില്ലാതെ പ്രായോഗിക പരിഹാരങ്ങള്‍ സാധ്യമല്ലെന്നതുകൊണ്ടുതന്നെ വിവിധ വിഷയങ്ങള്‍ സൈദ്ധാന്തികമായി അവതരിപ്പിച്ചുകൊണ്ട് പ്രായോഗിക നിര്‍ദ്ദേശങ്ങളിലേയ്‌ക്കെത്താന്‍ കഴിയുന്ന ചര്‍ച്ചകളാണ് ലക്ഷ്യമാക്കുന്നത്. മുന്‍വിധികളൊന്നുമില്ലാതെ തുറന്ന അന്വേഷണം സാധ്യമാക്കുന്ന ഈ ചര്‍ച്ച ഒരു തുടക്കം മാത്രമാണ്. തുടര്‍ന്നും, കേരളത്തിന്റെ വിവിധ മേഖലകളില്‍ ഇത്തരം അന്വേഷണവേദികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. കണ്ടെത്തപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളും ഇതോടെ ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.                                                                                                                                                                                                                           
ഫിഫ്ത് എസ്റ്റേറ്റിനു വേണ്ടി
സാറാ ജോസഫ്‌
തൃശൂര്‍ 
20-3-2013.

ദ്വിദിന ക്യാമ്പ് (ഏപ്രില്‍ 6, 7 ) മജ്‌ലിസ് പാര്‍ക്ക്, പെരിങ്ങന്നൂര്‍, മുണ്ടൂര്‍, തൃശൂര്‍ 
ഏപ്രില്‍ 6, ശനി

രാവിലെ 9.30 : രജിസ്‌ട്രേഷന്‍

സെഷന്‍ 1 (10-12.30)

ലൈംഗികതയും ജനാധിപത്യവും 
ഒരു ജീവശാസ്ത്ര സമീപനം

മോഡറേറ്റര്‍: ഡോ.എം. ഗംഗാധരന്‍
അവതരണം: ഡോ.ജീവന്‍ ജോബ് തോമസ്

സാന്നിദ്ധ്യം: ബി.ആര്‍.പി. ഭാസ്‌ക്കര്‍
 
ചര്‍ച്ചയും സമാഹരണവും

സെഷന്‍ 2 (12.30-3.45)

കടുംബം, അധികാരം, സ്ത്രീ

മോഡറേറ്റര്‍ : ജോതി നാരായണന്‍
അവതരണം: ഡോ.പി. ഗീത
ഭക്ഷണം, ചര്‍ച്ച, സമാഹരണം.

സെഷന്‍ 3 (3.45 - 6.00)

സ്ത്രീ പുരുഷ സമത്വം
സമരാനുഭവങ്ങളും പ്രായോഗികപാഠങ്ങളും

മോഡറേറ്റര്‍: പ്രൊഫ.കുസുമം ജോസഫ്
അവതരണം: സാറാ ജോസഫ്
ചര്‍ച്ചയും സമാഹരണവും

(7.00-10)
ഡോക്യുമെന്ററി പ്രദര്‍ശനം, 
അനൗപചാരിക ചര്‍ച്ചകള്‍, ഭക്ഷണം

ഏപ്രില്‍ - 7 ഞായര്‍

8.00: പ്രാതല്‍
9.00-10.00 :1, 2, 3 സെഷനുകളെക്കുറിച്ചുള്ള 
അനൗപചാരിക ചര്‍ച്ചകള്‍

സെഷന്‍ 4 (10.30- 1.00)

ബലാല്‍സംഗം, ഇര, സമൂഹം

മോഡറേറ്റര്‍: അഡ്വ.ആശ
അവതരണം: ഡോ.എ.കെ. ജയശ്രീ
ചര്‍ച്ച, സമാഹരണം, ഭക്ഷണം

സെഷന്‍ 5 (2.00- 4.30)

സ്ത്രീപുരുഷ ബന്ധം
ചരിത്രപരമായ പരിണാമവും 
സമകാലിനാവസ്ഥയും

മോഡറേറ്റര്‍: എന്‍.എം. പിയേഴ്‌സണ്‍
അവതരണം: കെ.വേണു
ചര്‍ച്ചയും സമാഹരണവും

4.30 - 5.00 : മൊത്തം ചര്‍ച്ചയുടെ സമാഹരണം 
(ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ നിന്നുള്ള പാനല്‍)

ബന്ധപ്പെടേണ്ട നമ്പര്‍ - 9539736048, 9745504196കുറിപ്പ്:  പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 6 ന് 9.30 മുതല്‍ 7- നു വൈകീട്ട് 5 മണിവരെ തുടരാന്‍ തയ്യാറാകണം. ഭക്ഷണത്തിനും താമസത്തിനുമായി 300 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. തൃശൂരില്‍ നിന്ന് തൃശൂര്‍-കുന്നംകുളം ബസ്സില്‍ വരുമ്പോള്‍ മുണ്ടൂര്‍ എത്തുന്നതിന് അല്പം മുമ്പായി ഇടതുവശത്തു കാണുന്ന പെട്രോള്‍ പമ്പിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ, (അവിടെ മജ്‌ലിസ് പാര്‍ക്ക് എന്ന ബോര്‍ഡ് കാണാം) 1.5 കി.മീറ്റര്‍ പോയാല്‍ മജ്‌ലിസ് പാര്‍ക്കിലെത്താം. മുണ്ടൂര്‍ സെന്ററില്‍ നിന്ന് ഓട്ടോറിക്ഷയിലും ഇവിടെ എത്താം. 

Tuesday, March 26, 2013

വധശിക്ഷക്ക് യോഗ്യരായവർ?

വധശിക്ഷക്ക് യോഗ്യമായ കുറ്റങ്ങൾ ചെയ്തവരെ എന്തുചെയ്യണമെന്ന് ഫാ. ഡാർലി എടപ്പങ്ങാട്ടിൽ (എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ്, 2013 മാർച്ച് 18) ചോദിക്കുന്നു. മതമേലധികാരികളും രാഷ്ട്രീയ ഭരണാധികാരികളും ഈ വിഭാഗത്തിൽ പെടുന്ന കുറ്റങ്ങൾ കണ്ടെത്തുകയും സോക്രട്ടിസിനെയും ആർക്കിലെ ജോനിനെയും പോലെ പലരെയും ഇല്ലാതാക്കുകയും ചെയ്ത ചരിത്രം നമുക്ക് അറിവുള്ളതാണ്. ആരെയൊക്കെയാണ് ഫാ. ഡാർലി വധശിക്ഷക്ക് യോഗ്യരായി കാണുന്നതെന്ന് എനിക്കറിയില്ല. അങ്ങനെ ആരെയെങ്കിലും കണ്ടെത്തുമ്പോൾ അവരെ എന്തുചെയ്യണമെന്നറിയാൻ അദ്ദേഹത്തിന് വേദപുസ്തകം മറിച്ചുനോക്കാവുന്നതാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന് ഉദ്ഘോഷിച്ച ആദ്യ പ്രവാചകന്റെ നിയമങ്ങളിൽ കുടുങ്ങിക്കിടക്കാതെ മറുകരണം കാണിക്കാൻ ഉപദേശിച്ച ദൈവപുത്രന്റെ കാലത്തേക്ക് അദ്ദേഹം നീങ്ങണം.
ബി.ആർ.പി. ഭാസ്കർ, തിരുവനന്തപുരം

(മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2013 മാർച്ച് 25ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച കത്ത്)

Sunday, March 24, 2013

എൻഡോസൾഫാൻവിരുദ്ധ സമിതി തിങ്കളാഴ്ച കാസർഗോഡ് കയ്യടക്കുന്നു

എൻഡോസൾഫാൻ പീഡിതരുടെ പുനരവധിവാസം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജനകീയ സമിതി മാർച്ച് 21 തിങ്കളാഴ്ച കാസർഗോഡ് കയ്യടക്കലിന് (Occupy Kasergode) ആഹ്വാനം ചെയ്തിരിക്കുന്നു.

ഇത് സംബന്ധിച്ച് സമിതി പുറപ്പെടുവിച്ച അഭ്യർത്ഥന ചുവടെ ചേർക്കുന്നു:

എന്‍ഡോസള്‍ഫാന്‍ ജനകീയ സമിതിയുമായി മാര്‍ച്ച് 21ന് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട കാര്യം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ? മാര്‍ച്ച് 25ന് സര്‍ക്കാര്‍തലത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്. ഈ ചര്‍ച്ചയില്‍ സമര സമിതി പ്രവര്‍ത്തകരെ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

മോഹന്‍ കുമാര്‍ നടത്തുന്ന ഉപവാസ സമരം ആശുപത്രിയിലും തുടുരുകയാണ്. എ.വാസു, മോയിന്‍ ബാപ്പു എന്നിവര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം മൂന്നു ദിവസം പിന്നിട്ടുകഴിഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കേണ്ട അടിയന്തിര സന്ദര്‍ഭമാണിത്.

മാര്‍ച്ച് 25ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുമ്പോള്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് നഗരം പിടിച്ചെടുക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയം കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും കാസര്‍ഗോഡ് എത്തിച്ചേരണമെന്ന് സമിതി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു. മാര്‍ച്ച് 25ന് വൈകീട്ട് 3 മണിക്ക് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പരുകൾ:
8547654654, 9946722979

Thursday, March 21, 2013

ഭരണത്തിന്റെ അളവുകോൽ ജനോപകാരമാണ്


ബി.ആർ.പി. ഭാസ്കർ

ആദ്യതവണയിലെന്നപോലെ ഇത്തവണയും ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായത്. എല്ലാ ജില്ലകളിലും ഓടിയെത്തി പൊതുജനസമ്പർക്ക പരിപാടികൾ നടത്തി പരാതിക്കാരായ വ്യക്തികൾക്ക് ആശ്വാസം നൽകിക്കൊണ്ട് അദ്ദേഹം വേഗത്തെ കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി. തനിച്ചും മറ്റു മന്ത്രിമാരെക്കൂട്ടിയും അടിയ്ക്കടി ഡൽഹി യാത്ര നടത്തി ബഹുദൂരം പോകാനുള്ള കഴിവും അദ്ദേഹം പ്രകടമാക്കി. പക്ഷെ ഭരണമെന്നത് പൊതുജനസമ്പർക്കമല്ല. ഭരണത്തിന്റെ മേന്മ നിശ്ചയിക്കുന്നത് ഭരണാധികാരിയുടെ വേഗത്തെ അടിസ്ഥാനമാക്കിയല്ല, എടുക്കുന്ന നടപടികൾ എത്രമാത്രം ജനോപകാരപ്രദമാണെന്നതിനെ അടിസ്ഥാനമാക്കിയാണ്.

കേരളം കണ്ട ഏറ്റവും വലിയ മാനുഷികദുരന്തമാണ് എൻഡോസൾഫാൻ ഉപയോഗത്തിലൂടെ കാസർകോട്ട് ഉണ്ടായത്. രാജ്യത്ത് പലയിടങ്ങളിലും ആ കീടനാശിനി വ്യാപകമായി ഉപയോഗിക്കപ്പെട്ടെങ്കിലും അവിടെ സംഭവിച്ച തരത്തിലുള്ള ദുരന്തം മറ്റെങ്ങുമുണ്ടായില്ല. അതിന്റെ കാരണം വ്യക്തമാണ്. ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കാനായി ചെടികളുടെമേൽ നേരിട്ട് പ്രയോഗിക്കേണ്ട വിഷവസ്തു കാസർകോട്ട് പ്രദേശത്തെ കശുവണ്ടി തോട്ടങ്ങളിൽ ആകാശത്തുനിന്ന് വിതറുകയായിരുന്നു. കാൽ നൂറ്റാണ്ടുകാലം അത് തുടർന്നു. അങ്ങനെ ആ പ്രദേശത്തെ വായുവും വെള്ളവും മലിനമായി. മനുഷ്യ ശരീരങ്ങളിൽ കടന്നുകൂടിയ വിഷാംശങ്ങൾ അർബുദം ഉൾപ്പെടെ പല മാരകരോഗങ്ങൾക്കും കാരണമായി. നിരവധി കുഞ്ഞുങ്ങൾ ശാരീരികവും മാനസികവുമായ വൈകല്യങ്ങളോടെ ജനിച്ചു. ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് പല സ്ത്രീകളും ഗർഭഛിദ്രം തേടി.

നിരുത്തരവാദപരമായ രീതിയിൽ കീടനാശിനി ഉപയോഗിച്ചത് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള എന്ന പൊതുമേഖലാ സ്ഥാപനമാണ്. അത് 1976 മുതൽ 2000 വരെ ഓരോ കൊല്ലവും മൂന്ന് തവണയാണ് ആകാശത്തു നിന്ന് എൻഡോസൾഫാൻ വിതറിയത്. എൻഡോസൾഫാന്റെ ഉത്പാദനത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പങ്കുണ്ട്. ഇതെല്ലാം ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. എന്നാൽ വളരെക്കാലം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സ്ഥലവാസികളും പരിസ്ഥിതി-ആരോഗ്യ പ്രവർത്തകരും വിവിധ സംഘടനകളും നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളുടെയും മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ നടത്തിയ നിയമയുദ്ധങ്ങളുടെയും ഫലമായി അധികൃതർ ഒടുവിൽ എൻഡോസൾഫാന്റെ ഉപയോഗം നിർത്തി.

കാസർകോട്ടേക്ക് ഒരു പഠനസംഘത്തെ അയച്ച ദേശീയ മനുഷ്യാവകാശ കമ്മിഷൻ അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 2010 ഡിസംബർ 31ന് ദുരിതാശ്വാസം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വ്യക്തമായ ചില നിർദ്ദേശങ്ങൾ നൽകി. കാലാവധി തീരാറായ എൽ.ഡി.എഫ്. സർക്കാർ ചില നടപടികൾ എടുത്തു. യു.ഡി.എഫ്. സർക്കാർ നിർദ്ദേശങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ചെങ്കിലും അവ ഇനിയും പൂർണ്ണമായി നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട്ട് ഫെബ്രുവരി 18ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം രണ്ടാം മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഈ സമരത്തോടുള്ള സർക്കാരിന്റെ സമീപനം അതിവേഗ ബഹദൂര മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു. ബന്ധപ്പെട്ടവരുമായി ചർച്ചക്ക് അദ്ദേഹം നിശ്ചയിച്ച തീയതി മാർച്ച് 25 ആണ്. അതിനിടയിൽ ആരോഗ്യം വഷളായതിനെ തുടർന്ന് ആദ്യ സത്യഗ്രഹികളെ പൊലീസ് ആശുപതിയിലേക്ക് നീക്കി. തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ എ. മോഹൻ‌കുമാർ 16 ദിവസം മുമ്പ് നിരാഹാര സത്യഗ്രഹം തുടങ്ങി. ഇന്നലെ (ചൊവ്വാഴ്ച) അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. ആശുപത്രിയിലും നിരാഹാരസമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഡൽഹി ഉൾപ്പെടെ പല സ്ഥലങ്ങളിലും ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പരിപാടികൾ നടക്കുകയുണ്ടായി. കാസർകോട്ട് മനുഷ്യമതിൽ തീർക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി മുഖ്യമന്ത്രി വേഗത അല്പം കൂട്ടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള സംഭാഷണം മുന്നു ദിവസം നേരത്തെ -- മാർച്ച് 22ന് – ആകാമെന്ന് സർക്കാർ ഇന്നലെ ജനകീയ മുന്നണി പ്രവർത്തകരെ അറിയിച്ചു.

കേരളം അഭിമുഖീകരിക്കുന്ന മറ്റ് പല പ്രശ്നങ്ങളിലുമെന്ന പോലെ, എൻഡോസൽഫാൻ വിഷയത്തിലും ഭരണകൂടത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പ്രകടമായ അന്തരമുണ്ട്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് യു.ഡി.എഫ്. സർക്കാർ ഈ പ്രശ്നം പരിഹരിച്ചു കഴിഞ്ഞെന്ന ധാരണ പരത്താൻ ശ്രമിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശങ്ങൾ  പൂർണ്ണമായും അടിയന്തിരമായും നടപ്പാക്കണമെന്നതാണ് ജനകീയ മുന്നണി ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യം. സർക്കാർ തയ്യാറാക്കിയിട്ടുള്ള രോഗികളുടെ പട്ടികയിൽ ദുരിതമനുഭവിക്കുന്ന എല്ലാവരും പെടുന്നില്ല. അർഹരായ മുഴുവൻ ആളുകളെയും അതിൽ ഉൾപ്പെടുത്തി ചികിത്സയും സഹായവും നൽകണമെന്നതാണ് മറ്റൊരാവശ്യം. പല രോഗികളും ചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ ചികിത്സാ സൌകര്യങ്ങൾ കാസർകോട് ജില്ലയിൽ തന്നെ സർക്കാർ ഏർപ്പെടുത്തണം.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സാ സൌകര്യങ്ങൾ മാത്രം പോരാ. അവരുടെ തകർക്കപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. പുനരധിവാസ പദ്ധതികൾ അഞ്ചു വർഷത്തിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന വാർത്തകൾ അവരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പുനരധിവാസത്തിന് വ്യക്തമായ പരിപാടികൾ ഇനിയും തയ്യാറാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് ഈ തീരുമാനത്തെ ചുമതലയിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമായെ കാണാനാകൂ. നിത്യരോഗികളായവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നിരിക്കെ പുനരധിവാസ പരിപാടിക്ക് സമയപരിധി നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ല. പ്ലാന്റേഷൻ കോർപ്പറേഷൻ ആകാശത്തുനിന്ന് എൻഡോസൾഫാൻ വിതറുന്നത് നിർത്തിയിട്ട് 13 കൊല്ലമായെങ്കിലും ജന്മവൈകല്യമുള്ള കുട്ടികൾ ഇപ്പോഴും ജനിക്കുന്നുണ്ട്. അവരെ സഹായിക്കാനുള്ള ബാധ്യതയും ഭരണകൂടത്തിനുണ്ട്.

ഈ സർക്കാർ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ മുഖ്യമന്ത്രി അതിനെ വിശേഷിപ്പിച്ചത് ‘കാരുണ്യ വർഷം’ എന്നാണ്. കാരുണ്യം നിഷേധിക്കപ്പെട്ട ഒരുകൂട്ടം ജനങ്ങളുടെ രോദനമാണ് കാസർകോട്ടു കേൾക്കുന്നത്. ധനമന്ത്രി കഴിഞ്ഞയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ‘ക്ഷേമ ബജറ്റി‘ൽ അവർക്കായി നീക്കി വെച്ചിട്ടുള്ളത് 20 കോടി രൂപ മാത്രമാണ്. ഈ ദുരിതത്തിനു കാരണക്കാരായ പ്ലാന്റേഷൻ കോർപ്പറേഷന് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാനുള്ള കടമയുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ പണം നൽകാൻ തയ്യാറാണെന്ന് അതിന്റെ ചുമതലക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും സർക്കാർ അലംഭാവം തുടരുകയാണ്. (ജനയുഗം, മാർച്ച് 20, 2013)

Thursday, March 7, 2013

തീവ്രവാദ ഭീഷണികളുടെ പേരിൽ

ബി.ആർ.പി. ഭാസ്കർ

കേരളത്തിലെയും കർണ്ണാടകത്തിലെയും പൊലീസ് സേനകളും തീവ്രവാദിവിരുദ്ധ പ്രവർത്തനത്തിൽ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗങ്ങളും ചേർന്ന് മാവോയിസ്റ്റുകളെ പിടിക്കാൻ കാട്ടിലേക്ക് പോയിട്ട് ദിവസങ്ങളായി. ഇതുവരെ അവർക്ക് ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കേരളത്തിൽ തീവ്രവാദികൾ സജീവമാണെന്ന ധാരണ പരത്തുന്ന വാർത്തകൾ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അഞ്ചു കൊല്ലം മുമ്പത്തെ ഒരു വാർത്തയിൽ തുടങ്ങാം. എൽ.ഡി.എഫ്. ഭരണകാലമാണ്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി. രമൺ ശ്രീവാസ്തവ പൊലീസ് മേധാവി. കർണ്ണാടകത്തിലെ ഒരു ടിവി റിപ്പോർട്ടർക്ക്  കേരളത്തിൽ സ്ഫോടനം നടക്കുമെന്ന് മുജാഹിദിന്റെ പേരിൽ ഫോൺ സന്ദേശം വരുന്നു: “ബാംഗ്ലൂർ കഴിഞ്ഞു, ഗുജറാത്ത് കഴിഞ്ഞു, ഇന്ന് രാത്രി ഏഴിന് കേരളത്തിൽ സ്ഫോടനം.” ദുബായ് നമ്പറിൽ നിന്നാണ് വിളി. റിപ്പോർട്ടർ വിവരം കർണ്ണാടക പൊലീസിനെ അറിയിക്കുന്നു, കർണ്ണാടക ഡി.ജി.പി. കേരള ഡി.ജി.പിയെ അറിയിക്കുന്നു. അദ്ദേഹം ഉന്നതതല യോഗം വിളിക്കുന്നു. “പൊതു ഇടങ്ങളെല്ലാം സൂക്ഷ്മനിരീക്ഷണത്തിൽ,” ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പത്ര വാർത്തയിലെ അവസാന വാചകം ഇങ്ങനെ: പരിഭ്രാന്തി വേണ്ടെന്നും കിംവദന്തി പരത്തരുതെന്നും ആഭ്യന്ത്രമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ മാവോയിസ്റ്റ് വേട്ടയുടെ വാർത്ത അവസാനിച്ചതും സമാനമായ വാചകത്തോടെ: പരിഭ്രാന്തി വേണ്ടെന്നും സ്ഥിതിഗതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് തീവ്രവാദി സംഘങ്ങൾ ഉയർത്തുന്ന ഭീഷണിയെ ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ല. സ്രോതസ് എത്ര തന്നെ സംശയാസ്പദമായാലും, സന്ദേശങ്ങളെ ഗൌരവപൂർവ്വം പരിഗണിച്ച് ഉചിതമായ നടപടികളെടുക്കാനുള്ള ചുമതല അധികൃതർക്കുണ്ട്. അതേസമയം ജനങ്ങളുടെ പൂർണ്ണമായ പിന്തുണ കൂടാതെ ഭീകരപ്രവർത്തനം തടയാനാവില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരിൽ അനാവശ്യമായ ഭയാശങ്കകൾ ജനിപ്പിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിൽ തീവ്രവാദം വളരുകയാണെന്ന ധാരണ പരത്താൻ ശ്രമങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങയിൽ സമരം നടക്കുമ്പോൾ ആദിവാസികളെ തീവ്രവാദികളാക്കാനും വർക്കലയിൽ ഒരു കൊലപാതകം നടന്നപ്പോൾ ദലിതരെ തീവ്രവാദികളാക്കാനും ഔദ്യോഗികതലത്തിൽ ശ്രമങ്ങളുണ്ടായി. സംസ്ഥാന പൊലീസിന്റെ നിലപാട് പക്ഷപാതപരമായതുകൊണ്ട് മുത്തങ്ങാ അന്വേഷണം സി.ബി.ഐയെ ഏല്പിച്ചെങ്കിലും ആ ഏജൻസി സ്വതന്ത്രമായ അന്വേഷണം നടത്താതെ സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീങ്ങുകയാണ് ചെയ്തത്. പൊലീസ് അതിക്രമത്തെക്കുറിച്ച് അവർ അന്വേഷിച്ചതേയില്ല. വർക്കല സംഭവത്തെ തുടർന്ന് പൊലിസ് സംസ്ഥാനവ്യാപകമായി ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രവർത്തകരെ വേട്ടയാടി. അവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നു.

അബ്ദുൾ നാസർ മ്‌അദനി കോയമ്പത്തൂർ സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെത്തിയശേഷം കേരളത്തെ മുസ്ലിം തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാൻ ചില  ബാഹ്യശക്തികൾ നടത്തിയ ശ്രമമാണ് ബംഗ്ലൂരിലെ ഒരു സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ അറസ്റ്റിൽ കലാശിച്ചത്. തീവ്രവാദ സ്വഭാവമുള്ള ചില സംഭവങ്ങളുടെ അന്വേഷണം കേരളം നാഷനൽ ഇൻ‌വെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറുകയുണ്ടായി. കശ്മീർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കേരളത്തിൽ നിന്നുള്ളവരും കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന ഒരു തീവ്രവാദ പാതയുണ്ടായി. എൻ.ഐ.എ എറണാകുളം കോടതിയിൽ നിന്ന് സമ്പാദിച്ച വാറന്റിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് ഝാർഖണ്ടിലെ ഒരു മുസ്ലിം യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടു. കൈവെട്ടു കേസ് പോലുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്ലിം തീവ്രവാദം ശക്തമാണെന്ന ധാരണ വിശ്വസനീയമായ അന്വേഷണത്തിലൂടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. കശ്മീരിൽ കൊല്ലപ്പെട്ട മലയാളികൾ അവിടെയെത്തിയ സാഹചര്യം വ്യക്തമാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊ സംസ്ഥാന പൊലീസിനൊ ആയിട്ടില്ല.

ഇപ്പോൾ മാവോയിസ്റ്റ് തീവ്രവാദത്തിന് മുസ്ലിം തീവ്രവാദത്തേക്കാൾ കേരളത്തിൽ സ്വീകാര്യത ലഭിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതർ നീങ്ങുന്നതെന്ന് തോന്നുന്നു. അഞ്ചു കൊല്ലം മുമ്പും ഇത്തരത്തിലുള്ള സമീപനമുണ്ടായിരുന്നു. പീപ്പിൾസ് മാർച്ച് എന്ന പേരിൽ ഒരു മാവോയിസ്റ്റ് അനുകൂല മാസികയും വെബ്‌സൈറ്റും നടത്തിയിരുന്ന പി. ഗോവിന്ദൻ‌കുട്ടിയെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും മാസിക നിരോധിക്കുകയും വെബ്‌സൈറ്റ് അടക്കുകയും ചെയ്യുകയുണ്ടായി. മാസിക നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അപ്പീലിൽ റദ്ദു ചെയ്യപ്പെട്ടു. ഒരു കേസും കൂടാതെ ഗോവിന്ദൻ‌കുട്ടി പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ മാവോയിസ്റ്റ്‌വേട്ടക്കൊപ്പവും പൊലീസിന്റെ ഭാഗത്തുനിന്ന് അടിച്ചമർത്തൽ നടപടികൾ ഉണ്ടാകുന്നുണ്ട്. നാല്പതിൽ‌പരം പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയിൽ നിന്ന് ഒരു യോഗത്തിൽ പങ്കെടുക്കാൻ മാവേലിക്കര എത്തിയ മനുഷ്യാവകാശ പ്രവർത്തകനും മുൻ ആണവശാസ്ത്രജ്ഞനുമായ എസ്. ഗോപാൽ ആണ് അതിലൊരാൾ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരോധിക്കുന്ന, യു.എ.പി.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അൺലാഫുൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അനുസരിച്ചാണ് അറസ്റ്റുകൾ. പ്രതികൾക്ക് എളുപ്പം ജാമ്യം കിട്ടാതിരിക്കുന്നതിനാണ് പൊലീസ് പലപ്പോഴും ഈ നിയമത്തെ ആശ്രയിക്കുന്നത്. എന്തെങ്കിലും തീവ്രവാദ പ്രവർത്തനത്തിന്റെ പേരിലല്ല അറസ്റ്റുകൾ. യോഗം ചേർന്നു, ലഘുലേഖ വിതരണം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് അറ്സ്റ്റ് ചെയ്യപ്പെട്ടവരിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം ഭരണഘടന  വാഗ്ദാനം ചെയ്യുന്ന മൌലികാവകാശങ്ങളിൽ പെടുന്നവയാണ്. ഇത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് അറിയാത്തതല്ല. അതുകൊണ്ട് കുറ്റം ചെയ്തെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തി ശിക്ഷ വാങ്ങി കൊടുക്കാമെന്ന ഉദ്ദേശത്തോടെയല്ല അറസ്റ്റുകളെന്നു വേണം കരുതാൻ. ഗോവിന്ദൻ‌കുട്ടിയുടെ കാര്യത്തിലെന്ന പോലെ കുറച്ചു കാലം ജയിലിലടയ്ക്കുന്നതിനപ്പുറമൊന്നും അവർ പ്രതീക്ഷിക്കുന്നുണ്ടാകില്ല. 

തീവ്രവാദിഭീഷണിയുടെ പേരിൽ ഭരണകൂടം നടത്തുന്ന ഇത്തരം പ്രവൃത്തികൾ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ദൌർബല്യത്തിന് തെളിവാണ്.(ജനയുഗം, മാർച്ച് 6, 2013)

Tuesday, March 5, 2013

ചാരക്കേസിനെപ്പറ്റിത്തന്നെ

ബി.ആർ.പി. ഭാസ്കർ

രണ്ട് വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് ചാരക്കേസ് കൊഴുപ്പിച്ച മാദ്ധ്യമങ്ങളുടെ പ്രവൃത്തി ശ്രീ. എൻ. ബാലകൃഷ്ണൻ ന്യായീകരിക്കുന്നത്. (പ്രതികരണം, മീഡിയ, ജനുവരി 2013). ഒന്ന്, വിമർശനങ്ങളെല്ലാം നമ്പി നാരായണൻ കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. എ. രാജയെ 2-ജി കേസിൽ കോടതി വെറുതെ വിട്ടാൽ നമ്പി നാരായണനെപ്പോലെ അദ്ദേഹത്തെയും വാഴ്ത്തുമോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. രണ്ട്, ചാരക്കേസ് കാലത്തേതുപോലുള്ള റിപ്പോർട്ടുകൾ ഇപ്പോഴും മാദ്ധ്യമങ്ങളിൽ വരുന്നുണ്ട്. ഈ രണ്ട് വാദങ്ങളും തീർത്തും അപ്രസക്തമാണ്.

വസ്തുതകൾ കൃത്യതയോടെയല്ല ശ്രീ. ബാലകൃഷ്ണൻ അവതരിപ്പിക്കുന്നത്. “ശാസ്ത്രജ്ഞൻ നിരപരാധിയാണെന്ന് കോടതിയുടെ അന്തിമവിധി വന്നതോടെയാണല്ലൊ മലയാളി സമൂഹത്തിന് കുറ്റബോധം കൊണ്ട് ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നത്” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ന്യായീകരണം തുടങ്ങുന്നത്. കോടതി നമ്പി നാരായണനെ വിചാരണ ചെയ്ത് കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നില്ല. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത സി.ബി.ഐ. സംസ്ഥാന പൊലീസ് ആരോപിച്ചതരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കോടതിയെ അറിയിക്കുകയും കോടതി അത് അംഗീകരിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാത്തതുകൊണ്ട് ഒരാൾ കുറ്റവിമുക്തനാകുന്നതും കള്ളക്കേസ് ആണെന്ന് കണ്ട് കോടതി അത് തള്ളുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ചാരക്കേസിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് മാലിക്കാരിയായ മറിയം റഷീദയാണ്. മറ്റ് പ്രതികൾ വരുന്നത് പിന്നീടാണ്. ഒരു ചാനൽ ആഴ്ചതോറും സം‌പ്രേഷണം ചെയ്തിരുന്ന മാദ്ധ്യമവിമർശന പരിപാടിയുടെ അവതാരകരെന്ന നിലയിൽ സക്കറിയയും ഞാനും അക്കാലത്തുതന്നെ ഈ കേസ് സംബന്ധിച്ച് പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ നിരന്തരം പരിശോധിക്കുകയും അവയിലെ അപാകതകൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പ്രതികൾ നിരപരാധികളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലല്ല, പത്രങ്ങൾ പത്രപ്രവർത്തനമൂല്യങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വിമർശനം ഉന്നയിച്ചത്. പത്രപ്രവർത്തകരെ ഉപയോഗിച്ച് പൊലീസുദ്യോഗസ്ഥന്മാർ നടത്തിയ പ്രചാരണത്തിന്റെ ഫലമായി ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞന്മാർക്കെതിരെ ശക്തമായ ജനവികാരം ഉയർന്നിരുന്നു. ഐ.എസ്.ആർ.ഒ ബസുകൾക്കെതിരെ ഉണ്ടായ കല്ലേറുകളും കോടതി പരിസരത്ത് ശാസ്ത്രജ്ഞന്മാർക്കെതിരെ ഉയർന്ന മുദ്രാവാക്യങ്ങളും അതിന് തെളിവാണ്. ഈ വികാരം കോടതികളിലേക്ക് കൂടി വ്യാപിക്കുകയും അതിന്റെ ഫലമായി പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ഞങ്ങളുടെ വിമർശനങ്ങൾ അപ്രസക്തമാകുമായിരുന്നില്ല.

വാർത്തകളുടെ ഉറവിടം എന്താണ്, വിവരത്തിന് ലേഖകന്മാർ ആശ്രയിക്കുന്ന സ്രോതസുകൾ വിശ്വസനീയമാണോ, പറയുന്ന കാര്യങ്ങൾ സാമാന്യബുദ്ധിക്കു നിരക്കുന്നതാണോ  തുടങ്ങിയ ചോദ്യങ്ങൾ ഞങ്ങൾ ഉന്നയിച്ചിരുന്നു. അന്വേഷണത്തിലിരിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾക്ക് മാദ്ധ്യമങ്ങൾക്ക് ആശ്രയിക്കാവുന്നത് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ്. മറ്റ് സ്രോതസുകളെ ആശ്രയിച്ചതാണ് ചാരക്കേസിന്റെ കാര്യത്തിൽ ലേഖകന്മാർ ചെയ്ത ഗുരുതരമായ തെറ്റ്. കേന്ദ്രത്തിന്റെ കീഴിലുള്ള വിദേശ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥന്മാരും കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളും അക്കൂട്ടത്തിൽ പെടുന്നു. കേസ് അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന് കുറ്റകൃത്യം സംബന്ധിച്ച തെളിവുകൾ  ശേഖരിച്ച് വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനുള്ള ചുമതലയുണ്ട്. രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും അത്തരത്തിലുള്ള ചുമതലയില്ല. ഈ കേസ് സംബന്ധിച്ച് പത്രങ്ങൾക്ക് അവർ നൽകിയ വിവരങ്ങൾക്ക് കെട്ടുകഥയുടെ സ്വഭാവമുണ്ടായിരുന്നു. മേലാളന്മാർക്ക് അയച്ച രഹസ്യ റിപ്പോർട്ടുകൾ ബലപ്പെടുത്താനുള്ള വിവരങ്ങളാണ് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥന്മാർ പത്രപ്രതിനിധികൾക്ക് നൽകിയത്. ഗ്രൂപ്പ് താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന വിവരങ്ങളാണ് കോൺഗ്രസ് നേതാക്കൾ നൽകിയത്. സംഭ്രമജനകമായ വസ്തുതകൾക്കു ഉഴറുന്ന മനസുകളുമായി നിന്ന ലേഖകന്മാർ വിവേചനബുദ്ധി ഉപയോഗിക്കാതെ അതെല്ലാം കേട്ടെഴുതി പ്രസിദ്ധീകരിച്ചു.

ആ മാനസികാവസ്ഥയിൽ കഴിയുന്ന മാദ്ധ്യമപ്രവർത്തകർ ഇന്നും ഉള്ളതുകൊണ്ടാണ് ശ്രീ. ബാലകൃഷ്ണന് ഇങ്ങനെയൊരു ചോദ്യം ചോദിക്കാനാവുന്നത്: “തിരുവനന്തപുരത്ത് ചാരവൃത്തി സംശയിച്ച് കേസെടുക്കുക, മാലിക്കാരായ രണ്ട് വനിതകൾ അറസ്റ്റിലാവുക, ഐ.എസ്.ആർ. ഒ.വിലെ ചില ശാസ്ത്രജ്ഞന്മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക തുടങ്ങി സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാവുമ്പോൾ അക്കാലത്തു മാത്രമല്ല ഇക്കാലത്തായാലും വാർത്തകളല്ലേ?” അതിനുള്ള ഹൃസ്വമായ ഉത്തരം അക്കാലത്തു മാത്രമല്ല ഇക്കാലത്തായാലും മാദ്ധ്യമപ്രവർത്തകർ കേവലം രാഷ്ട്രീയ നേതാക്കളുടെയും പൊലീസുദ്യോഗസ്ഥന്മാരുടെയും മറ്റ് സ്രോതസുകളുടെയും കേട്ടെഴുത്തുകാരായി തരംതാഴരുതെന്നാണ്.  (മീഡിയ, ഫെബ്രുവരി 2013)