Thursday, October 18, 2012

ആണവോത്തരയുഗം കാത്തിരിക്കുന്നു

ബി.ആർ.പി.ഭാസ്കർ

തമിഴ്നാടിന്റെ തെക്കൻ തീരത്ത് മത്സ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്ന ജനങ്ങൾ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ സമരം തുടങ്ങിയത് അത് അവരുടെ ജീവനും ഉപജീവനമാർഗ്ഗത്തിനും ഭീഷണിയാകുമെന്ന ഭയം മൂലമാണ്. ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിനുമേൽ ആഞ്ഞടിച്ച രാക്ഷസത്തിരകൾ അവരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് വ്യക്തമാക്കി. ഇന്ത്യയിൽ ആണവസുരക്ഷയെ ഒരു പ്രധാനപ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. ഒരുപടി കൂടി മുന്നോട്ടു പോയി നമുക്ക് ആണവ പദ്ധതികൾ ആവശ്യമുണ്ടോ എന്ന ചോദ്യം ഉന്നയിക്കേണ്ട കാലമായി.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിൽ അണുബോംബുകളിട്ടതോടെയാണ് ആണവയുഗം പിറന്നത്. ബർമ്മവരെ പിടിച്ചെടുത്ത ജപ്പാൻ പിൻ‌വാങ്ങാൻ നിർബന്ധിതമായ സാഹചര്യത്തിൽ അണുബോംബുകളില്ലാതെ തന്നെ അതിന്റെ തോൽ‌വി ഉറപ്പാക്കാമായിരുന്നു. എന്നാൽ ജപ്പാന്റെ നിയന്ത്രണത്തിലുള്ള മഞ്ചൂറിയയിൽ പരിശീലനം കഴിഞ്ഞ ഒരു വലിയ സൈന്യമുണ്ടായിരുന്നു. അവരെ പോർമുഖത്തെത്തിച്ചാൽ ജപ്പാന് ഒരു കൊല്ലം കൂടി പിടിച്ചു നിൽക്കാനാകും. അപ്പോൾ കൂടുതൽ അമേരിക്കക്കാർ കൊല്ലപ്പെടും. ഉണ്ടാക്കിയ രണ്ട് അണുബോംബുകളും ഉപയോഗിച്ച് കുറെയേറെ ജപ്പാൻ‌കാരെ കൊന്നാൽ അവർ ഉടൻ അടിയറവ് പറയുമെന്നും കൂടുതൽ അമേരിക്കക്കാരുടെ മരണം ഒഴിവാക്കാൻ കഴിയുമെന്നും അമേരിക്കൻ ഭരണകൂടം കണക്കുകൂട്ടി. യുദ്ധകാല സാഹചര്യങ്ങളിൽ സ്വന്തം ഭാഗത്തെ ജീവനാശം കുറക്കാൻ ശ്രമിച്ചതിനെ ഒരു അപരാധമായി കാണേണ്ടതില്ല. “നിങ്ങൾ ചെയ്തത് മോശമായിപ്പോയി, പക്ഷെ ഞങ്ങളുടെ കൈയിൽ ഈ ബോംബുകൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളും അതു തന്നെ ചെയ്യുമായിരുന്നു“ എന്നാണ്  അമേരിക്കൻ ജനറൽ ഡഗ്ലസ് മക്കാർതർക്ക് മുന്നിൽ കീഴടങ്ങിയ ജപ്പാൻ സേനാനായകൻ അദ്ദേഹത്തോട് പറഞ്ഞത്.

പരമാണുവിൽ കുടിയിരിക്കുന്ന ഊർജ്ജത്തെ യുദ്ധാവശ്യങ്ങൾക്കു മാത്രമല്ല സമാധാനപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുമെന്നും ഈ സാങ്കേതികവിദ്യയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രമുഖ ആണവശാസ്ത്രജ്ഞന്മാർക്കൊപ്പം കേംബ്രിഡ്ജിൽ  പ്രവർത്തിച്ച ഹോമി ജെ. ഭാഭ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആശയം അംഗീകരിച്ച ടാറ്റാ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിച്ചു. സ്വാതന്ത്ര്യം നേടിയ ഉടൻ ജവഹർലാൽ നെഹ്രു ഭാഭയുടെ നേതൃത്വത്തിൽ അറ്റോമിക് എനർജി കമ്മിഷൻ രൂപീകരിച്ചു. ആണവോർജ്ജവമാണ് ഏറ്റവും ചെലവ് കുറഞ്ഞതെന്നും അതിന്റെ സഹായത്തോടെ വലിയ കുതിപ്പുണ്ടാക്കാനാകുമെന്നും ഭാഭാ വിശ്വസിച്ചു. അമേരിക്ക ആണവപരിപാടികളിൽ ഉപയോഗിക്കുന്നത് യുറേനിയമാണ്.അതിനു പകരം ഇന്ത്യയിൽ കൂടുതലായുള്ള തോറിയം ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ആശയങ്ങൾ ഉയർത്തിയ വൻപ്രതീക്ഷകൾ  നിറവേറ്റപ്പെട്ടില്ല. ആണവോർജ്ജം ഇന്ന് വില കൂടിയ സ്രോതസുകളിലൊന്നാണ്. തോറിയം ഉപയോഗിച്ചു പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യ ഇനിയും വികസിപ്പിക്കാനായിട്ടില്ല. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തുണ്ടാക്കിയ 21 ആണവ റിയാക്ടറുകളിൽ നിന്നും കിട്ടുന്നത് രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം പോലുമില്ല. ആദ്യം മുതൽക്കെ രഹസ്യമായി പിന്തുടർന്നിരുന്ന ബോംബ് നിർമ്മാണ പരിപാടി വിജയിച്ചു. പക്ഷെ ഇന്ദിരാ ഗാന്ധിയുടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും കാലത്ത് നടത്തിയ ബോംബു പരീക്ഷണങ്ങളെ തുടർന്ന് വിദേശരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം റിയാക്ടറുകളുടെ സുഗമമായ പ്രവർത്തനം അസാധ്യമാക്കി. അമേരിക്കയുമായി സിവിൽ ആണവ സഹകരണ ഉടമ്പടി ഒപ്പിട്ടശേഷം നിയന്ത്രണങ്ങളിൽ ഇളവുണ്ടായെങ്കിലും ഭാഭ കരുതിയതുപോലെ ആണവോർജ്ജം ഉപയോഗിച്ച് ഭാവി ശോഭനമാക്കാമെന്നത് കേവലം വ്യാമോഹമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
എണ്ണ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളുടെമേൽ ആധിപത്യം ഉണ്ടായിരുന്നതുകൊണ്ട് ശാസ്ത്രരംഗത്തെ മുൻ‌നിര രാജ്യങ്ങൾ അടുത്തകാലം വരെ പുതിയ ഊർജ്ജസ്രോതസുകൾ തേടുന്നതിൽ താല്പര്യം കാട്ടിയിരുന്നില്ല. സൂര്യതാപത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കപ്പെട്ടെങ്കിലും കുറച്ചു സൂര്യപ്രകാശം മാത്രം കിട്ടുന്ന യൂറോപ്യൻ രാജ്യങ്ങൾ അതിനു പ്രാധാന്യം കല്പിച്ചില്ല. ഏറെ സ്ഥലം ആവശ്യമായതുകൊണ്ടും ചെലവ്  കൂടുതലായതുകൊണ്ടും സൌരൊർജ്ജത്തിന്റെ ഉപയോഗം പരിമിതമായി തുടർന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ജലവൈദ്യുതി പദ്ധതികൾക്ക് തടസമാവുകയും ചെർണോബിലിലെ അപകടം ആണവ പദ്ധതികൾ പുന:പരിശോധിക്കാൻ നിർബന്ധിക്കുകയും ചെയ്തപ്പോഴാണ് കാറ്റിനെയും സൂര്യതാപത്തെയും കൂടുതലായി ആശ്രയിക്കാൻ പല രാജ്യങ്ങളും തയ്യാറായത്. സൌരോർജ്ജം കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനുള്ള ഗവേഷണങ്ങൾ പലയിടങ്ങളിലും ഇപ്പോൾ നടക്കുകയാണ്. 

ഇന്ത്യയിൽ 20 ആണവാലയങ്ങളുണ്ട്. ആദ്യ റിയാക്ടറുകൾ സ്വാഭാവിക കാലാവധി പിന്നിട്ടതിനാൽ അടച്ചുപൂട്ടേണ്ട കാലമടുത്തു . ഈ സാഹചര്യത്തിലാണ് പുതിയ പഞ്ചവത്സര പദ്ധതിയിൽ 20 പുതിയ ആണവ പദ്ധതികൾക്ക്  തുടക്കം കുറിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മൊത്തം ഊർജ്ജാവശ്യത്തിന്റെ 25 ശതമാനത്തിന് ആണവാലയങ്ങളെ ആശ്രയിച്ചിരുന്ന ജർമ്മനി 2000ൽ സൂര്യനെയും കാറ്റിനെയും കൂടുതലായി ആശ്രയിക്കാൻ തീരുമാനിച്ചു. അന്ന് സൌരോർജ്ജം ആറ് ശതമാനം മാത്രമായിരുന്നു. പന്ത്രണ്ടു കൊല്ലത്തിൽ അത് 25  ശതമാനമായി അവർ ഉയർത്തിക്കഴിഞ്ഞു. അത് 2020ഓടെ 35 ശതമാനമായും, 2030ഓടെ 50 ശതമാനമായും 2040ഓടെ 65 ശതമാനമായും 2050ഓടെ 80 ശതമാനമായും ഉയർത്താൻ ജർമ്മനി നിയമം വഴി വ്യവസ്ഥചെയ്തിട്ടുമുണ്ട്. ഇന്ത്യയോളം സൂര്യപ്രകാശം ലഭിക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. നമ്മുടെ സർക്കാരും സർക്കാർ ശാസ്ത്രജ്ഞന്മാരും ആണവ പരിപാടികൾ ഉപേക്ഷിച്ച് അതിനെ ആശ്രയിക്കാൻ മടിക്കുന്നത് അണുബോംബിലുള്ള അമിത താല്പര്യം കൊണ്ടാണ്. ആണവ റിയാക്ടറിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനു ശേഷം കിട്ടുന്ന പ്ലൂട്ടോണിയം ബോംബുണ്ടാക്കാൻ ആവശ്യമാണ്.

ആണവോർജ്ജം വേണമോ എന്നതു കൂടാതെ ആണവായുധങ്ങൾ വേണമോ എന്ന ചോദ്യം കൂടി ഇവിടെ ഉയർത്തേണ്ടതുണ്ട്. . പ്രധാനമായും പാകിസ്ഥാനും ചൈനയുമായുള്ള ബന്ധത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ ഭരണാധികാരികൾ ൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഒരു ‘ഹിന്ദു ബോംബ്’ സംഘപരിവാറിന്റെ മോഹമായിരുന്നു.  അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ബോംബ് പൊട്ടിച്ച് വാജ്പേയ് അത് സാക്ഷാത്കരിച്ചു.  വൈകാതെ തന്നെ പാകിസ്ഥാനും പൊട്ടിച്ചു. അതോടെ ഹിന്ദു ബോംബിൽ നിന്ന് വാജ്പേയ് സർക്കാർ പ്രതീക്ഷിച്ച രാഷ്ട്രീയ മേൽകൈ ഇല്ലാതായി. സാമ്പത്തികമായി ഏറെ മുന്നിൽ സ്ഥാനമുറപ്പിച്ച ചൈനയുമായി ഇന്ത്യ ഈഘട്ടത്തിൽ ആണവായുധ രംഗത്ത് മത്സരത്തിനു മുതിരുന്നത് മൌഢ്യമായിരിക്കും. അണുബോംബിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഉണ്ടായിരുന്ന ആകർഷകത്വം ഇന്നില്ലെന്നതാണ് വാസ്തവം. വിയറ്റ്നാമിൽ നിന്നുള്ള അമേരിക്കയുടെ പലായനവും അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ നേരിട്ടതും അണുവായുധങ്ങളുള്ള മൂന്ന് പാശ്ചാത്യരാജ്യങ്ങൾ ഇപ്പോൾ നേരിടുന്നതുമായ പ്രശ്നങ്ങളും അതിന്റെ പരിമിതി വെളിപ്പെടുത്തുന്നു.
ഭൂമദ്ധ്യരേഖക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെന്ന നിലയിൽ സൌരൊർജ്ജ രംഗത്ത് തമിഴ് നാടിനും കേരളത്തിനും മറ്റ് സംസ്ഥാനങ്ങളേക്കാൾ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു കമ്പനി കേരളത്തിൽ ഒരു വലിയ സൌരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചെറുതും ഇടത്തരവുമായ പ്ലാന്റുകളാണ് വലിയവയേക്കാൾ ഗുണപ്രദമെന്നാണ് ജർമ്മനിയുടെ അനുഭവം കാണിക്കുന്നത്. അവ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നു.

കൂടംകുളം ആണവ പദ്ധതിക്കായി 15,000 കോടി രൂപ ചെലവാക്കിക്കഴിഞ്ഞതുകൊണ്ട് അതുപേക്ഷിക്കാനാവില്ലെന്ന സർക്കാർ വാദം  ശരിയല്ല. അമേരിക്ക ചെയ്തതുപോലെ ആ ആണവാലയത്തെ വാതകം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒന്നാക്കി മാറ്റാവുന്നതാണ്. 
നമ്മുടെ ശാസ്ത്രജ്ഞൻ ഐൻസ്റ്റൈന്റെ ജീവചരിത്രം മനസ്സിരുത്തി പഠിക്കണം. ആണവ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു. ജർമ്മനിയിൽനിന്ന് അമേരിക്കയിലെത്തുമ്പോൾ നാസി ഭരണകൂടം അണുബോംബ്  ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ ശ്രമം വിജയിച്ചാൽ യുദ്ധഗതി ജർമ്മനിക്ക് അനുകൂലമാകുമെന്നതുകൊണ്ട് പ്രസിഡന്റ് റൂസ്‌വെൽറ്റിനെ കണ്ട് അമേരിക്ക അണുബോംബ് ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധത്തിനുശേഷം പുതിയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ അദ്ദേഹം പഴയ നിലപാട്  ഭേദഗതി ചെയ്തുകൊണ്ട്  ആണവായുധവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യബോധത്തോടെയാണ് രണ്ട് അവസരങ്ങളിലും അദ്ദേഹം നിലപാട് എടുത്തത്. നമ്മുടെ ശാസ്ത്രജ്ഞന്മാരാകട്ടെ ആണവോത്തരയുഗം നമ്മെ കാത്തിരിക്കുകയാണെന്ന് മനസിലാക്കാതെ പഴയ സാങ്കേതികവിദ്യയുടെ ഉപാസകരായി തുടരുകയാണ്.




Friday, October 5, 2012

വിളപ്പിൽശാല പറയുന്നത്

ബി.ആർ.പി.ഭാസ്കർ

ഒരു വ്യവസായി ഒരു ഭരണകക്ഷിയുമായുണ്ടാക്കിയ ഇടപാടാണ് വിളപ്പിൽശാലയിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയത്. കരാർ ഇങ്ങനെ: വ്യവസായി ചവർ വളമാക്കാൻ ഫാക്ടറി സ്ഥാപിക്കും. തിരുവനന്തപുരം കോർപ്പറേഷൻ നിശ്ചിത അളവ് ചവർ എത്തിക്കും. അതു സംസ്കരിച്ചുണ്ടാക്കുന്ന വളം സർക്കാർ വാങ്ങും. വളമെന്ന് പറഞ്ഞു നൽകിയ വസ്തു ഉപയോഗയോഗ്യമല്ലെന്ന് കണ്ട് സർക്കാർ നിരസിച്ചു. അതോടെ ഫാക്ടറി പ്രവർത്തനം അവതാളത്തിലായി. കോർപ്പറേഷൻ കൊണ്ടു തട്ടിയ മാലിന്യങ്ങൾ കുന്നുകൂടി. നാടാകെ ദുർഗന്ധം പരന്നു. മഴ പെയ്തപ്പോൾ മാലിന്യങ്ങൾ ഒലിച്ചിറങ്ങി. ദ്രോഹിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ ഫാക്ടറിക്കെതിരെ സമരം തുടങ്ങി. ജനവികാരം മനസിലാക്കി പഞ്ചായത്ത് ഫാക്ടറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി. വ്യവസായി അപ്രത്യക്ഷനായി. കോർപ്പറേഷൻ ഫാക്ടറി നേരിട്ട് നടത്താൻ തയ്യാറായി. ആധുകിക സാങ്കേതിക വിദ്യ, പുതിയ യന്ത്രങ്ങൾ എന്നിങ്ങനെ അത് നൽകിയ വാഗ്ദാനങ്ങളൊന്നും ജനങ്ങൾക്ക് സ്വീകാര്യമായില്ല. ഫാക്ടറി നീക്കാമെന്ന് സർക്കാർ സമ്മതിച്ചു. കോർപ്പറേഷൻ കോടതിയെ സമീപിച്ചു. പുതിയ യന്ത്രങ്ങളും ചവറും ഫാക്ടറിയിലെത്തിക്കാൻ പൊലീസ് സഹായം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജനങ്ങൾ ചവറും യന്ത്രങ്ങളും വഹിച്ചുകൊണ്ടുള്ള ട്രക്കുകൾ പ്രവേശിക്കാൻ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളും അടക്കം തെരുവിലിറങ്ങി കോടതിവിധി നടപ്പാക്കുന്നത് തടഞ്ഞു.

പൊലീസിനെക്കൊണ്ടാവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കുമെന്ന കോടതി പറഞ്ഞിട്ടും ജനങ്ങൾ സമീപനം മാറ്റിയില്ല. കോടതിക്കും ജനങ്ങൾക്കുമിടയിൽ സ്തംഭിച്ചു നിൽക്കുകയാണ് സർക്കാർ ഇപ്പോൾ. പൊലീസ് സമര നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്നതുപോലുള്ള കലാപരിപാടികൾ നടത്തുന്നുണ്ട്. തങ്ങളുടെ സഹായം കൂടാതെ നടക്കുന്ന സമരം പൊളിക്കാൻ രാഷ്ട്രീയകക്ഷികൾ തരികിട പണികൾ ചെയ്യുന്നുമുണ്ട്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും സമരനേതാക്കളെ ഭീകരവാദികളായി ചിത്രീകരിക്കാനുമുള്ള കുത്സിതശ്രമങ്ങളും നടക്കുന്നു.  

കോടതി ഉത്തരവ് ന്യായീകരിക്കാവുന്ന ഒന്നല്ല. ബന്ധപ്പെട്ടവർ വസ്തുതകൾ പൂർണ്ണമായും സത്യസന്ധമായും അവതരിപ്പിച്ചിരുന്നെങ്കിൽ കോടതി അങ്ങനെയൊരു ഉരത്തരവ് നൽകുമായിരുന്നില്ല. വ്യവസായി അടച്ചിട്ട ഫാക്ടറി എങ്ങനെ കോർപ്പറേഷന്റെ കൈകളിൽ എത്തി, പഞ്ചായത്ത് ലൈസൻസ് റദ്ദ് ചെയ്ത ഫാക്ടറി കോർപ്പറേഷന് എങ്ങനെ നടത്താനാകും, സർക്കാർ മാറ്റാൻ തീരുമാനിച്ച ഫാക്ടറി നിലനിർത്താൻ കോർപ്പറേഷന് എന്ത് അധികാരമാണുള്ളത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആ ഉത്തരവ് ഉയർത്തുന്നുണ്ട്.
അടിസ്ഥാനപരമായി വിളപ്പിൽശാലയിലേത് നിയമപ്രശ്നമല്ല. സർക്കാരും നഗരസഭയും പഞ്ചായത്തും ചർച്ച ചെയ്ത് പരിഹരിക്കേണ്ട ജനകീയ പ്രശ്നമാണത്. കൂടുതൽ ജനങ്ങളുള്ള നഗരത്തിന്റെ താല്പര്യങ്ങൾക്ക് ഗ്രാമത്തിന്റെ താല്പര്യങ്ങളേക്കാൾ പ്രാധാന്യം കല്പിക്കണമെന്ന സാമാന്യയുക്തിക്ക് ഇവിടെ പ്രസക്തിയില്ല. കാരണം ഇന്ന് കേരളം, പ്രത്യേകിച്ച് തീരപ്രദേശം, ഒരു നഗരത്തുടർച്ചയാണ്. ഭരണപരമായ സൌകര്യം മുൻ‌നിർത്തി മാത്രമാണ് പ്രദേശത്തെ നഗരം, ഗ്രാമം എന്നിങ്ങനെ വിഭജിക്കുന്നത്. വീട്ടിലെ മാലിന്യങ്ങൾ വീട്ടുവളപ്പിനുള്ളിൽ സംസ്കരിക്കുന്ന പരമ്പരാഗത രീതി സ്ഥലപരിമിതി മൂലം പലയിടങ്ങളിലും അസാദ്ധ്യമാണ്. പട്ടിക്കും പൂച്ചക്കും വേണ്ടാത്തതും ചീയാത്തതുമായ വസ്തുക്കൾ മാലിന്യനിർമ്മാർജ്ജനം ശ്രമകരമാക്കുന്നു. നഗരമാലിന്യങ്ങൾ നഗരാതിർത്തിക്കു പുറത്തു തള്ളുന്ന പരമ്പരാഗത രീതിയും കേരളത്തിലെ തീരദേശമേഖലയിൽ അസാദ്ധ്യമായിരിക്കുന്നു. കാരണം നഗരങ്ങൾക്കു പുറത്ത് ജനവാസം കുറഞ്ഞ പ്രദേശങ്ങളില്ലാതായിരിക്കുന്നു. ഈ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞുവന്ന ഘട്ടത്തിൽ മാറ്റങ്ങളുടെ സ്വഭാവം മനസിലാക്കി പ്രവർത്തിക്കാൻ സർക്കാരിനും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങൾക്കും കഴിയാഞ്ഞതുകൊണ്ടാണ് മാലിന്യപ്രശ്നം രൂക്ഷമായത്. ഇന്ന് ഒരു പ്രാദേശിക സ്വയംഭരണസ്ഥാപനത്തിനും മാലിന്യപ്രശ്നത്തിന് സ്വന്ത നിലയിൽ പരിഹാരം കാണാനാവില്ല. പ്രശ്നം പഠിച്ച് പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായ പഠനം നടത്തിയാൽ പ്രാദേശിക-മേഖലാ അടിസ്ഥാനങ്ങളിലുള്ള ഒരു സംവിധാനമാണ് വേണ്ടതെന്ന് വ്യക്തമാകും.  ഇക്കാര്യത്തിൽ സർക്കാരാണ് മുൻ‌കൈ എടുക്കേണ്ടത്.

കോടതിയുടെയും സർക്കാരിന്റെയും മുന്നിൽ വിളപ്പിൽശാല ഒരു ചോദ്യം ഉയർത്തുന്നുണ്ട്. അത് തികച്ചും സമാധാനപരമായി നടക്കുന്ന സമരത്തെ രക്തച്ചൊരിച്ചിലിലൂടെ അടിച്ചമർത്തണോ എന്നതാണ്. ( ഇൻഡ്യാ ടുഡേ) 

Thursday, October 4, 2012

പുനർനിർമ്മിക്കപ്പെടുന്ന ഗാന്ധി


ബി.ആർ.പി. ഭാസ്കർ

മറ്റൊരു ഗാന്ധിജയന്തി കൂടി പതിവ് ചടങ്ങുകളോടെ കടന്നുപോയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതിവിഗതികൾ കാൽ നൂറ്റാണ്ടിലധികം നിയന്ത്രിച്ച ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 64 വർഷം കഴിഞ്ഞിരിക്കുന്നു.

ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നത് പ്രധാനമായും സിനിമകളിലൂടെയും ചരിത്രപുസ്തകങ്ങളിലൂടെയുമാണ്. ചരിത്രം വ്യക്തികളെ ആവശ്യാനുസരണം പുകഴ്ത്തുകയൊ ഇകഴ്ത്തുകയൊ ചെയ്തെന്നിരിക്കും. ഗാന്ധിജിയുടെ കാര്യത്തിൽ രണ്ടും സംഭവിക്കുന്നുണ്ട്. ഗാന്ധിജി നയിച്ച അഹിംസയിൽ അധിഷ്ഠിതമായ ഐതിഹാസികമായ സമരത്തിലൂടെ രാജ്യം സ്വാതന്ത്ര്യം നേടിയെന്നാണ് ഔദ്യോഗിക ചരിത്രം പറയുന്നത്. എന്നാൽ ബ്രിട്ടീഷുകാരുടെ ചരിത്രമനുസരിച്ച് 1947ൽ ഇവിടെ നടന്നത് അധികാരകൈമാറ്റമായിരുന്നു. ഒരേ സംഭവത്തെ രണ്ട് കൂട്ടർ അവരവരുടെ താല്പര്യത്തിനു യോജിച്ച് രീതിയിൽ അവതരിപ്പിക്കുന്നു.

ജീവിതകാലത്ത് രാജ്യത്തിനകത്ത് ഗാന്ധി ശക്തമായ എതിർപ്പുകൾ നേരിടുകയുണ്ടായി. അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് വിട്ടുപോയ മുഹമ്മദ് അലി ജിന്നയും സുഭാസ് ചന്ദ്ര ബോസും കോൺഗ്രസിന്റെ ഭാഗമാകാതിരുന്ന ബി.ആർ.അംബേദ്കറും ആണ് എതിരാളികളുടെ പട്ടികയിലെ പ്രമുഖർ. ജിന്ന പിന്നീട് ഉപഭൂഖണ്ഡത്തിൽ പ്രത്യേക മുസ്ലിം രാഷ്ട്രത്തിനുവേണ്ടി വാദിക്കുകയും അത് നേടി അതിന്റെ പിതാവാകുകയും ചെയ്തു. രാജ്യത്തിനു പുറത്തുപോയി ബ്രിട്ടന്റെ ശത്രുക്കളുമായി കൈകോർത്ത നേതാജി ബോസാണ് ഗാന്ധിയെ ആദ്യമായി “രാഷ്ട്രപിതാവ്” എന്ന് വിശേഷിപ്പിച്ചത്. ഐ.എൻ.എ. ഇന്ത്യയിലേക്ക് മാർച്ച് ചെയ്യുന്നതിനുമുമ്പ് സിംഗപ്പൂരിൽനിന്ന് പ്രക്ഷേപണം ചെയ്ത പ്രസംഗത്തിലായിരുന്നു അത്. ഗാന്ധിയുടെ കൂടി താല്പര്യപ്രകാരമാണ് സ്വാതന്ത്ര്യം നേടിയ ശേഷം പുതിയ ഭരണഘടന ഉണ്ടാക്കുന്ന യജ്ഞത്തിൽ അംബേദ്കർക്ക് പ്രധാന പങ്ക് നൽകപ്പെട്ടത്.

ഗാന്ധിയെ ശത്രുവായി കണ്ടിരുന്ന കടുത്ത ഹിന്ദു വർഗ്ഗീയവാദികൾ നടത്തിയ ഗൂഢാലോചനയാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ ഹിന്ദുത്വവാദികളും അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിച്ചു. ഇന്ന് ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവർക്കറുടെ ചിത്രവും പാർലമെന്റ് മന്ദിരത്തിൽ തൂങ്ങുന്നതിനെ ചരിത്രത്തിന്റെ ഇരുണ്ട ഫലിതമായി കാണാം.    

മരണാനന്തരവും വളർന്നുകൊണ്ടിരിക്കുന്ന അപൂർവ വ്യക്തിത്വമാണ് ഗാന്ധിയുടേത്. നീണ്ട  ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് അദ്ദേഹം ഇന്ത്യാക്കാർക്കുവേണ്ടി മാത്രമാണ് സമരം ചെയ്തത്. കറുത്തവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടതേയില്ല. സുളു ഗോത്രവർഗ്ഗക്കാർ വെള്ളക്കാർക്കെതിരെ ആയുധമെടുത്തപ്പോൾ അദ്ദേഹം വെള്ളക്കാരെ സഹായിക്കാൻ ഇന്ത്യൻ ആംബുലൻസ് കോർ ഉണ്ടാക്കി. വൈദ്യസഹായത്തിന് സംവിധാനമില്ലാത്ത സുളു പോരാളികളെ സഹായിക്കാൻ വെള്ളക്കാർ അദ്ദേഹത്തെ ഉപദേശിച്ചു. സുളുകൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ വെള്ളക്കാർ ഭരിക്കുന്നത് സൌഭാഗ്യമായി കരുതണമെന്നാണ് അദ്ദേഹം അവരോട് പറഞ്ഞത്. പക്ഷെ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരനേതാവ് നെൽ‌സൺ മണ്ടേലയും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ നേതാവ് മാർട്ടിൻ ലൂഥർ കിങ്ങും ഗാന്ധിയെ ഗുരുവും മാർഗ്ഗദർശിയുമായി കണക്കാക്കി. ഗാന്ധിയുടെ കാലത്ത് പരിസ്ഥിതിപ്രശ്നം ഉദിച്ചിരുന്നില്ല. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർ ഏറെ ഉദ്ധരിക്കുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകളാണ്: “എല്ലാവരുടേയും ആവശ്യങ്ങൾക്കുള്ളത് ഇവിടെയുണ്ട്. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല.” 

ഗാന്ധിയുടെ പല പരിപാടികളും ദോഷഫലമുളവാക്കുമെന്ന ഭയം എതിരാളികൾക്കു മാത്രമല്ല പ്രമുഖ അനുയായികൾക്കുമുണ്ടായിരുന്നു. സമാധാനപരമായ സമരമുറയായി അദ്ദേഹം വിഭാവനം ചെയ്ത സത്യഗ്രഹം നിയമവാഴ്ച തകർക്കുമെന്ന് ചിലർ വാദിച്ചു. മുസ്ലിങ്ങളെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം തുർക്കി സുൽത്താനെ ഖാലിഫായി നിലനിർത്തണമെന്ന ഒരു വിഭാഗം മുസ്ലിങ്ങളുടെ ആവശ്യത്തെ പിന്തുണച്ചതും അതിനായി സമരപരിപാടി സംഘടിപ്പിച്ചതും പരക്കെ വിമർശിക്കപ്പെട്ടു. വിവാദപരമായ ഈ നടപടികളെ സംബന്ധിച്ച ആശങ്കകൾ അസ്ഥാനത്തായിരുന്നൊ? ഇത്തരം ചോദ്യങ്ങൾ ഉയർത്താനും സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്താനും അക്കാദമിക പണ്ഡിതന്മാർക്ക് വലിയ താല്പര്യമുള്ളതായി കാണുന്നില്ല. രാഷ്ട്രപിതാവിനെ വിമർശനങ്ങൾക്കതീതനാക്കി നിർത്താനുള്ള വ്യവസ്ഥയുടെ സംരക്ഷകരുടെ താല്പര്യമാണ് ഇവിടെ വ്യക്തമാകുന്നത്.

ദലിത് പ്രസ്ഥാനങ്ങൾ മാത്രമാണ് ഇതിന് ഒരപവാദമായുള്ളത്. അവർക്കിടയിൽ വ്യവസ്ഥയുമായി സമരസപ്പെട്ടിട്ടില്ലാത്തവർ ഉള്ളതുകൊണ്ടാണ് അവർക്ക് അതിനു കഴിയുന്നത്. ഭരണഘടന നിലവിൽ വന്ന് ആറു പതിറ്റാണ്ടിനുശേഷവും അത് വാഗ്ദാനം ചെയ്യുന്ന സമത്വവും സാഹോദര്യവും സാമൂഹികനീതിയും യാഥാർത്ഥ്യമായിട്ടില്ലെന്ന തിരിച്ചറിവാണ് അവരെ നയിക്കുന്നത്. ഭരണകൂടം നൽകിയ പട്ടികജാതി പട്ടവും ഗാന്ധി നൽകിയ ഹരിജന പദവിയും തിരസ്കരിച്ച് ശിഥിലീകരിക്കപ്പെട്ടവർ എന്നർത്ഥമുള്ള ദലിതർ എന്ന പേർ സ്വീകരിച്ചുകൊണ്ട് അവർ പുതിയ ആസ്തിത്വം സ്ഥാപിച്ചിരിക്കുന്നു. അവർ കാണുന്ന ഗാന്ധി വ്യവസ്ഥ പുനർനിർമ്മിച്ച ഗാന്ധിയിൽ നിന്ന് വ്യത്യസ്തനാണ്. വ്യവസ്ഥ കാണാൻ കൂട്ടാക്കാത്ത വസ്തുതകൾ അവർ കാണുന്നെന്ന് പറയുന്നതാവും കൂടുതൽ ശരി. ബാബാസാഹിബ് അംബേദ്കർ വട്ടമേശ സമ്മേളനത്തിൽ വാദിച്ചു ബ്രിട്ടീഷുകാരിൽ നിന്ന് ദലിതർക്കായി നേടിയ ആനുകൂല്യം ഉപേക്ഷിക്കാൻ ഉപവാസത്തിലൂടെ ഗാന്ധി സമ്മർദ്ദം ചെലുത്തിയത് അവരുടെ ചരിത്രവീക്ഷണത്തിൽ മാപ്പുനൽകാനാവാത്ത കുറ്റമാണ്.

രാഷ്ട്രപിതാവെന്ന പദവി ഗാന്ധിജിയെ വിമർശനാതീതനാക്കുന്നില്ല. തങ്ങൾ ഇടപെട്ട് വിമർശനം തടഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർന്നുപോകുമെന്ന ചിന്ത വ്യവസ്ഥയുടെ സംരക്ഷകർക്കുണ്ട്. ദലിതപക്ഷത്തു നിന്ന് ഗാന്ധിയെ വിലയിരുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കിയാലെ “പാപ്പിലിയൊ ബുദ്ധ” എന്ന സിനിമക്ക് പ്രദർശനാനുമതി നൽകാനാകൂ എന്ന സെൻസർ ബോർഡിന്റെ നിലപാടിൽ അത് പ്രതിഫലിക്കുന്നു. നാഥുറാം ഗോദ്സെ ഗാന്ധി വധക്കേസ് വിചാരണക്കിടയിൽ കോടതിയിൽ ചെയ്ത പ്രസ്താവം “ഞാൻ എന്തിന് ഗാന്ധിയെ കൊന്നു” എന്ന തലക്കെട്ടിൽ പുസ്തകരൂപത്തിൽ ഈ രാജ്യത്ത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. അതും ആ കേസിൽ ശിക്ഷിക്കപ്പെട്ട അയാളുടെ സഹോദരൻ ഗോപാൽ ഗോദ്സെയുടെ ജല്പനങ്ങളും ഇന്റർനെറ്റിലും ലഭ്യമാണ്. ഗാന്ധിഘാതകന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്ന വ്യവസ്ഥയെ ദലിത് വിമർശനം എന്തുകൊണ്ടാണ് അസ്വസ്ഥമാക്കുന്നത്? സാമൂഹികബഹിഷ്കരണം ഇപ്പോഴും വ്യവസ്ഥയുടെ സ്വാഭാവമാണെന്ന് മനസിലാക്കുമ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും.