Wednesday, April 27, 2011

ഫിഫ്‌ത് എസ്റ്റേറ്റ്: ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ഒരു ശ്രമം

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് (ഏപ്രിൽ 27, 2011) നടത്തിയ പത്രസമ്മേളനത്തിൽ വിതരണം ചെയ്ത പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

ഫിഫ്‌ത് എസ്റ്റേറ്റ് എന്ന പേരിൽ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കമിടുകയാണ്. ഇന്ത്യൻ മതനിരപേക്ഷ ജനാധിപത്യം ഇന്ന് ഏറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. രക്ഷപ്പെടുത്താനാവാത്ത വിധം അത് അധ:പതനത്തിന്റെ പാതയിലാണോ എന്ന ന്യായമായ സംശയം ഉയർന്നിരിക്കുന്നു. പാർലമെന്ററി ജനാധിപത്യത്ത താങ്ങിനിർത്തുന്ന നിയമനിർമ്മാണസഭകൾ, നിർവ്വഹണവിഭാഗം,നീതിന്യായവ്യവസ്ഥ, മാധ്യമലോകം എന്നീ നാലു നെടും‌തൂണുകളും പരസ്പരം പ്രതിപ്രവർത്തിക്കുകയും തിരുത്തുകയും അങ്ങനെ വ്യവസ്ഥ മൊത്തത്തിൽ സം‌രക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഏറെ ദൌർബല്യങ്ങളോടെയാണെങ്കിലും കാര്യങ്ങൾ ആ ദിശയിൽ പുരോഗമിക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഈ നാലു നെടും‌തൂണുകളും അഴിമതി, നിക്ഷിപ്തതാല്പര്യ സം‌രക്ഷണം, കെടുകാര്യസ്ഥത തുടങ്ങിയ അനവധി ദുഷ്പ്രവണതകളിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്നു എന്ന ഭീകര യാഥാർത്ഥ്യമാണ് സമീപകാല സംഭവവികാസങ്ങളിലൂടെ മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട തിരുത്തൽ ശക്തിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന നീതിന്യായവ്യവസ്ഥയുടെ പതനമാണ് ഇപ്പോൾ ഏവരെയും ഏറ്റവുമധികം ആശങ്കാകുലരാക്കിയിരിക്കുന്നത്.

പാർലമെന്ററി ജനാധിപത്യമല്ലാതെ ഇന്ന് ആഗോളതലത്തിൽ തന്നെ മറ്റൊരു രാഷ്ട്രീയ സമ്പ്രദായം സ്വീകാര്യമായി നിലവിലില്ല. ഇന്ത്യൻ ജനാധിപത്യം ശൈശവാവസ്ഥയിലാണെങ്കിലും അതിന്റെ സങ്കീർണ്ണതയും ബൃഹത്‌സ്വഭാവവും നിമിത്തം ലോകശ്രദ്ധയിൽ നിൽക്കുന്ന ഒന്നാണ്. അതിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന് തടയിടാനും സ്തംഭനാവസ്ഥയെ മറികടന്നുകൊണ്ട് മുന്നോട്ടുള്ള പാതയിലേക്ക് തിരിച്ചുവിടാനും അടിയന്തിരമായ ഇടപെടൽ ആവശ്യമുണ്ട്.

ജനാധിപത്യവ്യവസ്ഥയുടെ നാലു നെടും‌തൂണുകൾക്കും സംഭവിച്ചിട്ടുള്ള അപചയത്തെ മറികടക്കാനും അതിനെ മുന്നോട്ടു കൊണ്ടു പോകാനും ഒരു അഞ്ചാം തൂണ് -- ഫിഫ്‌ത് എസ്റ്റേറ്റ് -- അതാണിവിടെ വിഭാവന ചെയ്യപ്പെടുന്നത്. അധികാര രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ, രാഷ്ട്രീയ പാർട്ടിയാവാതെ, ഒരു തിരുത്തൽ ശക്തിയും മാർഗ്ഗദർശക ശക്തിയുമായി നിൽക്കുന്ന ഒരു രാഷ്ട്രീട്രീയവേദി -- സിവിൽ സമൂഹത്തിന്റെ തലത്തിൽ നിന്നു പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം. പ്രതിഫലം പറ്റുന്ന പ്രവർത്തകരില്ലാതെ, സന്നദ്ധപ്രവർത്തനംകൊണ്ടു നിലനിൽക്കുന്ന ഒരു പ്രസ്ഥാനമായിരിക്കും ഇത്. തികച്ചും സുതാര്യവും നിയമവിധേയവുമായിരിക്കും ഇതിന്റെ പ്രവർത്തനശൈലി. എല്ലാ തരത്തിലുള്ള പ്രവർത്തന റിപ്പോർട്ടുകളും ചർച്ചകളും അപ്പപ്പോൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ തലത്തിലുള്ള കമ്മിറ്റികളിലും പത്രക്കാർ ഉൾപ്പെടെ താല്പര്യമുള്ള ആർക്കും പങ്കെടുക്കാൻ അവസരം ലഭിക്കും.

വില്ലേജ് ആഫീസ് മുതൽ മുകളിലേക്ക് അധികാരഘടനയുടെ എല്ലാതലത്തിലും സുതാര്യത ഉറപ്പു വരുത്തുക, അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാട്ടുക, സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള നടപടികൾക്കായി സമ്മർദ്ദം ചെലുത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പ്രസ്ഥാനം ഏറ്റെടുക്കുക. ഇപ്പോൾ പ്രാബല്യത്തിലുള്ള അറിയാനുള്ള അവകാശ നിയമവും പ്രാബല്യത്തിൽ വന്നേക്കാവുന്ന ജനലോക്‌പാൽ ബില്ലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നതിന് ഇതുപോലുള്ള പ്രസ്ഥാനങ്ങളുടെ വിപുലമായ ശൃംഖലകൾ ആവശ്യമാണ്. ഈ പ്രസ്ഥാനം ആ തലത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജനാധിപത്യമതനിരപേക്ഷ വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമൂഹ്യനീതിക്കു വേണ്ടി യത്നിക്കാനും ആവശ്യമായി വരുന്ന എല്ലാത്തരം പ്രവർത്തനങ്ങളും പ്രസ്ഥാനം ഏറ്റെടുക്കും. പ്രസ്ഥാനത്തിന്റെ അടിസ്ഥാന നിലപാടുകൾ, പ്രവർത്തനപദ്ധതി, സംഘടനാ രീതി എന്നിവ പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റ് അഡ്രസ് ഇതാണ്:

www.fifth-estate.org

താഴെ ഒപ്പിട്ടിട്ടുള്ളവരുടെ കൂട്ടായ്മയാണ് ഇങ്ങിനെയൊരു പ്രസ്ഥാനത്തിന് മുൻ‌കയ്യെടുക്കുന്നത്. ഇത്തരം ഒരു പ്രസ്ഥാനത്തിൽ താത്‌പര്യമുള്ളവരിൽ ചെറിയൊരു വിഭാഗത്തെ മാത്രമേ ഞങ്ങൾക്ക് ബന്ധപ്പെടാനായിട്ടുള്ളു. ഈ പ്രസ്ഥാനവുമായി സഹകരിക്കാൻ താത്‌പര്യമുള്ള എല്ലാവരും എത്രയും വേഗം വെബ്‌സൈറ്റ് അഡ്രസിൽ ബന്ധപ്പെടണമെന്ന് താത്‌പര്യപ്പെടുന്നു.

ആനന്ദ്, ബി.ആർ.പി. ഭാസ്കർ, സാറാ ജോസഫ്, സക്കറിയ, സി.ആർ. പരമേശ്വരൻ, എം.ജി.എസ്.നാരായണൻ, കെ.എം.സലിം‌കുമാർ, കെ.എം.റോയ്, ഡോ.ജെ.ദേവിക, ഡോ.എം.ഗംഗാധരൻ, ഹമീദ് ചേന്ദമംഗലൂർ, വി.സി.ശ്രീജൻ, ടി.പി.രാജീവൻ, എം.എൻ.കാരശ്ശേരി, കെ.ആർ.മീര, എൻ.എം.പിയേഴ്‌സൺ, കെ.അരവിന്ദാക്ഷൻ, ഡോ.വി.കെ.വിജയകുമാർ, ജീവൻ ജോബ് തോമസ്, കവിത ബാലകൃഷ്ണൻ, പി.കേശവൻ നായർ, കെ.വേണു, കെ.ജി.ജഗദീശൻ, ഡോ.സെബാസ്റ്റ്യൻ ചിറ്റിലപ്പിള്ളി, ഇ.കരുണാകരൻ, പി.എം.മാനുവൽ

കുറിപ്പ്: പ്രസ്താവനയിൽ പരാമർശിച്ചിട്ടുള്ള വെബ്‌സൈറ്റ് പ്രവർത്തനക്ഷമമാകാൻ മൂന്നൊ നാലൊ ദിവസങ്ങൾ കൂടി എടുക്കും.

Sunday, April 24, 2011

വേദപാരമ്പര്യവും വ്യാജനിർമ്മിതിയും

ബി.ആർ.പി. ഭാസ്കർ

വേദസംസ്കാരത്തിന്റെ പിന്തുടർച്ചക്കാരായ കുടുംബത്തിന്റെ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രാഹുൽ ഈശ്വറിനും ആ സംസ്കാരം കേരളത്തിനു പ്രദാനം ചെയ്ത എന്തെങ്കിലും നന്മ എടുത്തു പറയാൻ കഴിയാത്ത സ്ഥിതിക്ക് അത് പറയത്തക്ക ഒരു നന്മയും സമ്മാനിച്ചില്ലെന്ന നിഗമനത്തിലെത്തേണ്ടിയിരിക്കുന്നു. ഇപ്പോഴും അവശേഷിക്കുന്ന ജാതിവ്യവസ്ഥ അത് സമ്മാനിച്ച തിന്മകളിലൊന്നാണ്. താൻ ജാതിവ്യവസ്ഥക്ക് എതിരാണെന്ന ധാരണ പരത്താൻ രാഹുൽ ശ്രമിയ്ക്കുന്നുണ്ട്. കെ.പി. നിർമ്മൽ കുമാർ ചൂണ്ടിക്കാട്ടുന്ന, രാഹുലിന്റെ വെബ്‌സൈറ്റിലെ ‘നമ്പൂതിരി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചെ‘ന്ന പരാമർശം അത് എത്രമാത്രം വിശ്വസനീയമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ആ പരാമർശം എടുത്തുകളയണമെന്ന നിർമ്മൽ കുമാറിന്റെ ഉപദേശം ക്രൂരമാണ്. കാരണം രാഹുൽ ഈശ്വറിന്റെ അസ്തിത്വവും പൊതുജീവിതവും നിലനിൽക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.

എടുത്തുപറയാവുന്ന ഒരു നന്മയും സമ്മാനിക്കാഞ്ഞ, ഇപ്പോഴും തെളിഞ്ഞു കാണാവുന്ന ഒരു വലിയ തിന്മ അവശേഷിപ്പിച്ച സംസ്കാരം പുനരുദ്ധരിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ലോക നന്മക്കു വേണ്ടിയാണ് യജ്ഞം നടത്തുന്നതെന്ന വാദം പൊള്ളയാണ്. വേദസമൂഹം യാഗങ്ങളിലൂടെ ഇന്ദ്രനെ പ്രീതിപ്പെടുത്തിയത് ലോകത്ത് ശാന്തി പുലരാനായിരുന്നില്ല, സ്വന്തം അഭിവൃദ്ധിക്കുവേണ്ടിയായിരുന്നു. പണിയർ തുടങ്ങിയ മറ്റ് ജനവിഭാഗങ്ങളുടെ പട്ടണങ്ങളെ നശിപ്പിക്കുക, അവരുടെ കാലികളെ തങ്ങൾക്ക് തരിക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ദൈവങ്ങളുടെ മുന്നിൽ വെച്ചത്. വൈദിക സമൂഹത്തിന്റെ പ്രസക്ത കാലത്തെ അവസ്ഥ പരിഗണിക്കുമ്പോൾ -- അവർ സിന്ധുനദീ സംസ്കാരം കെട്ടിപ്പടുത്തവർക്കിടയിൽ വന്നുപെട്ട അത്ര തന്നെ വളർച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു ജനവിഭാഗമായിരുന്നു – ആ പ്രാർത്ഥന മനസിലാക്കാവുന്നതേയുള്ളു. ആ പുരാതന സമൂഹത്തിന്റെ ലളിതമായ പ്രാർത്ഥനകൾക്ക് പണ്ഡിതന്മാർ നൽകുന്ന ഗഹനമായ അർത്ഥം, പിൽക്കാലത്ത് വികസിച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 14ആം നൂറ്റാണ്ടിൽ -- അതായത് 700 കൊല്ലം മുമ്പ് മാത്രം – ജീവിച്ചിരുന്ന സായണൻ നൽകിയ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ്. (വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഒ.എം.സി.നമ്പൂതിരിപ്പാട് താൻ സായണനെ ആശ്രയിക്കുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്).

ഇല്ലാത്ത തിരുവിതാംകൂർ രാജ്യത്തെ ഇല്ലാത്ത രാജാവിനെ മുൻപിൽ നിർത്തിക്കൊണ്ട് പ്രാതിനിധ്യ സ്വഭാവമില്ലാത്ത ഒരു വ്യാജ ഹിന്ദു പാർലമെന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന്റെ നേതാവാണ് രാഹുൽ ഈശ്വർ. വൈദിക പാരമ്പര്യത്തിന്റെ തണലിൽ ശബരിമല അമ്പലത്തിൽനിന്നു മാത്രം പ്രതിവർഷം രണ്ട് കോടിയിലധികം രൂപയുടെ വരുമാനം രാഹുൽ വക്താവായ താഴമൺ കുടുംബത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഫ്യൂഡൽ കാലത്ത് മതത്തിന്റെ തണലിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം കുടുംബങ്ങൾ വളരുകയുണ്ടായി. അവയിൽ ചിലത് പുറത്താക്കപ്പെട്ടു. ചിലത് ഇപ്പോഴും നിലനിൽക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മഹാത്മാ ഗാന്ധിയുടെ ആശീർവാദത്തോടെ പഞ്ചാബിലെ അകാലി പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ അക്രമരഹിത സമരം സിക്കുകാരുടെ ഗുരുദ്വാരകളിൽ നിന്നുള്ള വമ്പിച്ച വരുമാനം കൊണ്ട് സുഖലോലുപന്മാരായി കഴിഞ്ഞിരുന്ന പുരോഹിത വർഗ്ഗത്തെ പുറത്താക്കി. സ്വന്തം നാട്ടിൽ മാത്രമല്ല, ദൂരെ, ബോംബേ നഗരത്തിലും, വെപ്പാട്ടികളുണ്ടായിരുന്ന രാജസ്ഥാനിലെ നാഥ്ദ്വാര ക്ഷേത്രത്തിലെ മഹന്തിനും കഴിഞ്ഞ നൂറ്റാണ്ടിൽ ഭക്തജനങ്ങൾ കടിഞ്ഞാണിട്ടു. താഴമൺ കുടുംബത്തിലെ ഒരംഗത്തെ കുറിച്ച് കുറച്ചു കാലം മുമ്പ് പുറത്തു വന്ന വിവരം അനഭിലഷണീയമായ പ്രവണതകൾ ഇവിടെയും നിലനിൽക്കുന്നെന്ന സൂചന നൽകുന്നു. അതിനെതിരെ ഒരു പ്രസ്ഥാനം ഉണ്ടാകാത്തത് 200 കൊല്ലം മുമ്പു വരെ അടിമത്വം നിലനിന്ന കേരളത്തിൽ ഒരു വലിയ വിഭാഗം ജനങ്ങളിൽ ഇപ്പോഴും അടിമത്വ മനോഭാവം നിലനിൽക്കുന്നതുകൊണ്ടാണ്. അറബികളും യൂറോപ്യന്മാരും കേരളത്തിൽ നിന്ന് അടിമകളെ വാങ്ങിയിരുന്നു. മലബാറിൽ 1792ൽ ബ്രിട്ടീഷ് ഭരണകൂടം അടിമ കച്ചവടം നിർത്തലാക്കി. അടിമത്വം അവസാനിപ്പിച്ചുകൊണ്ട് തിരുവിതാംകൂർ രാജാവ് 1812ൽ പുറപ്പെടുവിച്ച വിളംബരത്തിന്റെ പരിധിയിൽ പുലയർ, പറയർ, കുറവർ, വേടർ തുടങ്ങി പല വിഭാഗങ്ങളും ഉൾപ്പെട്ടിരുന്നില്ല. കൊച്ചി രാജാവിന്റെ1821ലെ വിളംബരം അടിമത്വം അവസാനിപ്പിച്ചില്ല, അടിമകളെ ശാരീരികമായി പീഡിപ്പിക്കുന്നത് നിരോധിക്കുക മാത്രമെ ചെയ്തുള്ളു. എന്നാൽ 1854ൽ അടിമത്വം നിർത്തലാക്കിക്കൊണ്ട് പുതിയ വിളംബരം വന്നു. തിരുവിതാംകൂർ 1855ൽ അടിമത്വം പൂർണ്ണമായും നിർത്തലാക്കാൻ വിളംബരം പുറപ്പെടുവിച്ചു. ആ വിളംബരവും ഉടമക്ക് അടിമയെ അയാളുടെ സമ്മതത്തോടെ നിലനിർത്താൻ അനുവാദം നൽകി! വൈദിക സമൂഹം ആധിപത്യം പുലർത്തിയ കാലത്ത് ഒരു സമുദായത്തിലെ സ്ത്രീകൾ അതിന്റെ ലൈംഗിക കോളനിയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ആ സമുദായത്തിൽ ഉയർന്ന പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം ബ്രാഹ്മണ സന്തതികളായിരുന്നു. പഴയ വ്യവസ്ഥയുടെ ഗുണഭോക്താക്കളുടെ പുനരുദ്ധാരണ പദ്ധതികൾ ലക്ഷ്യമിടുന്നത് സ്വാഭാവികമാണ്. ആ പദ്ധതി അടിമത്വത്തിൽ നിന്നും ഇനിയും മാനസികമായി പൂർണ്ണ മോചനം നേടിയിട്ടില്ലാത്ത ജനതയുടെ പ പുനരടിമവത്കരണത്തിലേക്ക് നയിക്കാൻ പാടില്ല.

വേദപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായ ന്യൂനപക്ഷം ബഹുഭൂരിപക്ഷത്തെ കീഴടക്കിയത് വ്യാജനിർമ്മിതികളിലൂടെയാണ്. ആ രീതി തന്നെയാണ് രാഹുൽ ഈശ്വർ പിന്തുടരുന്നത്. ഈ വാക്കുകൾ ശ്രദ്ധിക്കുക: “I am grateful to God that Sri Narayana Guru was born in this land who has set Lakshmana Rekha and unified our Ezhava Brothers with in the wide umbrella on Indian Heritage.”

ശ്രീനാരായണ ഗുരു തന്റെ ആശയങ്ങൾ വളരെ ലളിതമായ ഭാഷയിലാണ് അവതരിപ്പിച്ചത്. അവ വ്യാഖാനിക്കാൻ ഒരു വ്യാജ സായണന്റെ ആവശ്യമില്ല. ഗുരുവിന്റെ വാക്കുകൾ കാണുക:

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (മനുഷ്യന് എന്നാണ് ഗുരു പറഞ്ഞത്, ഈഴവന് എന്നൊ, ഹിന്ദുവിന് എന്നൊ ഇന്ത്യാക്കാരന് എന്നൊ അല്ല).

മതമേതായാലും മനുഷ്യൻ നന്നായാൽ മതി. (ഇവിടെയും അദ്ദേഹം പറഞ്ഞത് മനുഷ്യൻ എന്നാണ്, മലയാളി എന്നൊ ഇന്ത്യാക്കാരൻ എന്നൊ അല്ല)

ജാതി, മതം, വേഷം, ഭാഷ ഇവ മനുഷ്യനെന്യും മനുഷ്യനെയും തമ്മിൽ അകറ്റരുത് (ഇവിടെയും മനുഷ്യൻ തന്നെ, ഈഴവനൊ, ഹിന്ദുവൊ, ഇന്ത്യാക്കരനൊ അല്ല.)

ഗാന്ധി ഗുരുവുമായി നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണ രൂപം രേഖപ്പെടുത്തിയത് ശിവഗിരിയിൽ സൂക്ഷിച്ചിട്ടുണ്ട്. അത് ചില പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഗാന്ധി ഗുരുവിനോട് മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം പര്യാപ്തമല്ലേ എന്ന് ചോദിച്ചു. എല്ലാ മതങ്ങളും പര്യാപ്തമാണെന്ന് ഗുരു മറുപടി നൽകി. വീണ്ടും അതേ ചോദ്യം. വീണ്ടും അതേ മറുപടി. മുന്നാമതും ഗാന്ധി ചോദ്യം ആവർത്തിച്ചപ്പോൾ ഗുരു പറഞ്ഞു: ഹിന്ദു മതവും പര്യാപ്തമാണ്.
തന്റെ ജീവിതകാലത്ത് ജാതിവ്യവസ്ഥ ഇല്ലാതാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച ഗാന്ധിയോട് അതിന് വീണ്ടും വരേണ്ടി വരുമെന്നാണ് ഗുരു പറഞ്ഞത്.

(Facebook Note dated April 20, 2011)

Saturday, April 9, 2011

അക്രമത്തിൽ കുരുത്തതുണ്ടോ ജനാധിപത്യത്തിൽ വാടുന്നു?

ബി.ആർ.പി. ഭാസ്കർ

കാലാവധി പൂർത്തിയാക്കുന്ന കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 69 പേർ -- അതായത് പകുതിയോളം -- തെരഞ്ഞെടുക്കപ്പെട്ട സമയത്ത് വിവിധ കോടതികളിൽ ക്രിമിനൽ നടപടികൾ നേരിടുകയായിരുന്നു. അവർക്കെതിരെ 234 കേസുകളാണ് ഉണ്ടായിരുന്നത്. അവയിൽ 18 എണ്ണം കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മാരകമായ ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിപ്പെടുത്തൽ, മോഷണശ്രമം എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങൾ അടങ്ങുന്നവയായിരുന്നു.

ഇന്ത്യാ മഹാരാജ്യത്തെ, ഒരുപക്ഷെ ലോകത്തിലെ തന്നെ, ഏറ്റവും വലിയ ജനാധിപത്യവിശ്വാസികൾ നാം കേരളീയരാണെന്ന് നാം നേരത്തെ തീരുമാനിച്ചിട്ടുള്ള സ്ഥിതിക്ക് ഇത് വിശ്വസിക്കാൻ പലർക്കും പ്രയാസമായിരിക്കും. ഇലക്ഷൻ വാച്ച് എന്ന ദേശീയ സംഘടനയുടെ റിപ്പോർട്ടിലുള്ള വിവരമാണിത്. കേരളീയരെ അപകീർത്തിപ്പെടുത്താനായി അത് ചമച്ചതല്ല ഈ കണക്കുകൾ. സുപ്രീം കോടതി വിധിപ്രകാരം സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ക്രോഡീകരിക്കുക മാത്രമാണ് ആ സർക്കാരിതര സംഘടന ചെയ്തത്.

കുറ്റാരോപിതരുടെ രാഷ്ട്രീയ ബന്ധം ഇങ്ങനെ: എൽ. ഡി. എഫ് 65 (സി.പി.എം. 44, സി.പി.ഐ. 13, ജെ.ഡി -എസ്. 4, ആർ.എസ്.പി. 2, കേരള കോൺഗ്രസ്-ജോസഫ്, കേരള കോൺഗ്രസ്-സെക്യുലർ 1 വീതം), യു.ഡി.എഫ്. 4 (കോൺഗ്രസ് 2. കേരള കോൺഗ്രസ്-മാണി, ജെ.എസ്.എസ്. 1 വീതം).

ഈ കണക്കിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫുകാരാണ് കുഴപ്പക്കാരെന്നും യു.ഡി.എഫുകാർ മര്യാദരാമന്മാരാണെന്നും തീർപ്പുകല്പിക്കാൻ വരട്ടെ. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഞ്ചുകൊല്ലക്കാലം യു.ഡി.എഫ്. അധികാരത്തിലായിരുന്നു. എൽ.ഡി. എഫിനു അത് സമരകാലമായിരുന്നു. എല്ലാം പിടിച്ചു നിർത്തുന്ന ബന്ദ്, അത് കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ശേഷം ഉപരോധം, പിന്നെ സമരം വിജയിപ്പിക്കാൻ ചില തരികിടകൾ -- ഇതൊക്കെയാണ് ഇന്ത്യൻ പീനൽ കോഡിന്റെ പ്രയോഗത്തിലേക്ക് നയിച്ചത്.

രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ നടത്തുന്ന അക്രമങ്ങൾ രാഷ്ട്രീയ പ്രവത്തനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് അതിന് വിചാരണ നേരിടുന്നവർ ശിക്ഷിക്കപ്പെട്ടാൽ തന്നെയും ക്രിമിനലുകളല്ലെന്നുമുള്ള നിലപാടാണ് രാഷ്ട്രീയ കക്ഷികൾക്കുമുള്ളത്. കൃത്യം കൊലപാതകമാണെങ്കിൽ പോലും കുറ്റവാളികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് കക്ഷിനേതാക്കൾ വിശ്വസിക്കുന്നു. നീണ്ട രാഷ്ട്രീയ കൊലപാതക ചരിത്രമുള്ള കണ്ണൂർ ജില്ലയിൽ സി.പി.എമ്മും ആർ.എസ്.എസും പിടിയിലാകുന്ന പ്രവർത്തകരുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല പൂർണ്ണമായി ഏറ്റെടുക്കാറുണ്ട്. ഉറച്ച കൂറൂം അച്ചടക്കബോധവുമുള്ള സംഘടനകളെന്ന നിലയിൽ സംഘടന ഏല്പിക്കുന്ന ഏത് ചുമതലയും നിറവേറ്റാൻ സന്നദ്ധരായ അണികൾ ഇരുവർക്കുമുണ്ട്. പൊലീസിൽ സംഘടനാതല സ്വാധീനമുള്ള സി.പി.എമ്മിന് ആവശ്യമെങ്കിൽ യഥാർത്ഥ കുറ്റവാളികളെ പുറത്തു സംരക്ഷിച്ചുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങാനായി വാടക പ്രതികളെ നിയോഗികാനുള്ള കഴിവുമുണ്ട്. മൂന്ന് പതിറ്റാണ്ടായി ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരം ലഭിക്കുന്ന കക്ഷിയെന്ന നിലയിൽ ശിക്ഷയിൽ ഇളവും പരോളും നൽകി കാരാഗൃഹ ജീവിതത്തിന്റെ കാലയളവ് കുറയ്കാനുള്ള അവസരം സി.പി.എമ്മിന് കിട്ടാറുണ്ട്. ഇതും പ്രത്യയശാസ്ത്രപ്രതിബദ്ധതയും ചേരുമ്പോൾ ചാവേറുകളെ ആകർഷിക്കാനും കൂലിപ്രതികളെ കണ്ടെത്താനുമുള്ള കഴിഹ് വർദ്ധിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിക്കുന്ന വിവരം മാത്രമാണ് ഇലക്ഷൻ വാച്ച് ക്രോഡീകരിച്ചത്. അതിൽ എൽ.ഡി.എഫുകാർ, പ്രത്യേകിച്ചും സി.പി.എമ്മുകാർ, കൂടുതലായതുകൊണ്ട് അവർ പൊതുവെ അക്രമികളും കോൺഗ്രസുകാരും മറ്റ് യു.ഡി. ഫുകാരും കൂടുതൽ മാന്യന്മാരുമാണെന്ന് കരുതാനാവില്ല. തോറ്റ സ്ഥാനാർത്ഥികൾ നൽകിയ സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ കൂടി കണക്കിലെടുത്താൽ ഓരോ പാർട്ടിയിലെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെ സംബന്ധിച്ച് കുറച്ചുകൂടി കൃത്യമായ വിവരം കിട്ടുമായിരുന്നു. പക്ഷെ അതും പൂർണ്ണമായും ആശ്രയിക്കാവുന്ന കണക്കാവില്ല. കാരണം തെരഞ്ഞെടുപ്പിനുമുമ്പുള്ള അഞ്ചു കൊല്ലക്കാലം അധികാരം യു.ഡി.എഫിന്റെ കൈകളിലായിരുന്നതുകൊണ്ട് കോൺഗ്രസും സഖ്യകക്ഷികളും സമരങ്ങൾക്ക് അവധി നൽകിയിരിക്കുകയായിരുന്നു. തന്മൂലം പൊലീസുമായി വഴക്കിനും വക്കാണത്തിനുമുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും യു.ഡി.എഫിൽ ക്രിമിനൽ കേസുകൾ നേരിടുന്ന നാലു പേർ ഉണ്ടായി. ആ കേസുകൾ മുൻ എൽ.ഡി.എഫ്. ഭരണകാലത്തെ സമരങ്ങളെ തുടർന്നുണ്ടായവയാകാനാണ് സാധ്യത.

യുവജന-വിദ്യാർത്ഥി സംഘടനകളിലെ അംഗങ്ങളെ അക്രമസമരങ്ങളിലേക്ക് തള്ളിവിട്ടിട്ട് നേതാക്കന്മാർ പിന്നിൽ നിൽക്കുകയാണ് പതിവെന്ന് പലരും പറയാറുണ്ട്. ധാരാളം ജനപ്രതിനിധികൾ കേസുകളിൽ ഉൾ‌പ്പെട്ട സാഹചര്യത്തിൽ ഈ ആക്ഷേപം തള്ളിക്കളയേണ്ടിയിരിക്കുന്നു.

സത്യവാങ്മൂലങ്ങളിൽ രേഖപ്പെടുത്തിയ കേസുകളുടെ സ്വഭാവം പരിശോധന അർഹിക്കുന്നു. പതിന്നാല് കേസുകളുമായി പട്ടികയിൽ സ്ഥാനം നേടിയ സി.പി.എം. ജനപ്രതിനിധിക്കെതിരെ ഗുരുതരമെന്ന് പറയാവുന്ന ഒരു കുറ്റമേയുള്ളു. അത് മാരകമായ ആയുധം കൊണ്ട് മുറിവേല്പിച്ചു എന്നതാണ്. കേസിന്റെ എണ്ണത്തിൽ പിന്നിലാണെങ്കിലും (13 മാത്രം) ഗുരുതരമായ കുറ്റങ്ങൾ അടങ്ങുന്ന അഞ്ചു കേസുകളാണ് മറ്റൊരു നേതാവിനെതിരെയുള്ളത്. ഇതിൽ രണ്ട് കൊലപാതക ശ്രമങ്ങൾ (IPC 307, attempt at murder), ഒരു കവർച്ചാശ്രമം, ചെറുപ്രായക്കാർക്ക് അശ്ലീല വസ്തുക്കൾ വിറ്റത് എന്നിവയുൾപ്പെടുന്നു. മറ്റ് ചിലർ നൽകിയ വിവരങ്ങൾ ഇങ്ങനെ: ഏഴു കേസുകൾ, ഗുരുതരമായ കുറ്റം ഒന്നു മാത്രം (വധശ്രമം-- IPC 308 attempt to commit culpable homicide); ആറ്‌ കേസുകൾ, ഗുരുതരമായ കുറ്റം ഒന്നു മാത്രം, വധശ്രമം); നാല് കേസുകൾ, ഗുരുതരമായ കുറ്റങ്ങൾ രണ്ട്, കൊലപാതക ശ്രമവും വധശ്രമവും).

ഗുരുതരമായ കുറ്റങ്ങൾ ചെയ്തെന്ന പൊലീസിന്റെ ആരോപണം നിലനിൽക്കെ തെരഞ്ഞെടുപ്പ് നേരിട്ട് വിജയിച്ച സി.പി.എമ്മുകാർ ആരൊക്കെയാണെന്ന് അറിയാൻ വായനക്കാർക്ക് ജിജ്ഞാസയുണ്ടാകും. അതുകൊണ്ട് മുകളിൽ പരാമർശിച്ച കേസുകളിൽ ഉൾപ്പെട്ടവരുടെ പേരുകൾ (യഥാക്രമം) നൽകാം: പാലോളി മുഹമ്മദ്കുട്ടി, എം. വിജയകുമാർ, എം.എ. ബേബി, ജി. സുധാകരൻ, എളമരം കരിം, എല്ലാവരും മന്ത്രിമാർ.

സി.പി.ഐ. മന്ത്രിമാരും പട്ടികയിലുണ്ട്: സി. ദിവാകരൻ -- നാല് കേസുകൾ, രണ്ട് കൊലപാതകശ്രമങ്ങൾ ഉൾപ്പെടെ അഞ്ച് ഗുരുതരമായ കുറ്റങ്ങൾ; കെ.പി. രാജേന്ദ്രൻ -- രണ്ട് കേസുകൾ, ഒരു കൊലപാതകശ്രമം.

ഒറ്റനോട്ടത്തിൽ, ഈ വസ്തുതകൾ അക്രമത്തിൽ പങ്കെടുത്ത് കേസുകളിൽ പ്രതിയാകുന്നത് മന്ത്രിയാകാനുള്ള യോഗ്യതയായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ കരുതെന്ന ധാരണ നൽകുന്നു. ഇത് അക്രമസംഭവങ്ങളിൽ പങ്കാളികളാകുന്ന യുവാക്കളെ പ്രചോദിപ്പിക്കാൻ പര്യാപ്തമാണ്. മന്ത്രിയല്ലാത്ത എ. പ്രദീപ് കുമാറിന്റെ കഥ ആ ധാരണ ശരിയല്ലെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം 15 കേസുകളിലാണ് പ്രതിയായത്. രണ്ട് കേസുകളിൽ കുറ്റം വധശ്രമം, ഒന്നിൽ കൊലപാതകശ്രമം. കെ.കെ. ശൈലജയുടെ സാന്നിധ്യം അക്രമകേസുകളുടെ പട്ടികയിൽ സ്ത്രീകൾക്ക് നാമമാത്രമായ പ്രാതിനിധ്യം നൽകുന്നു. രണ്ട് കേസുകളാണ് അവർക്കെതിരെയുള്ളത്. അതിലൊന്ന് കൊലപാതകശ്രമ കേസാണ്.

പ്രക്ഷോഭപ്രകടനങ്ങൾക്കിടയിൽ അക്രമം നടക്കുന്നത് അസാധാരണമല്ല. എന്നാൽ സമരവീര്യം മൂത്ത് ശൈലജ ആരെയെങ്കിലും കൊല്ലാൻ ശ്രമിച്ചിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറ്റ് നേതാക്കളും പൊലീസ് ആരോപിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ ചെയ്തുവോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. എന്തെന്നാൽ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചമക്കുന്നത് പൊലീസിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തിരുവിതാംകൂറിൽ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് പൊലീസുകാർ അക്രമരഹിത സമരം നടത്തിയിരുന്ന കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ കയറി ചട്ടിയും കലവും തല്ലിപ്പൊട്ടിച്ചശേഷം കോഴിയെയൊ ആടിനെയൊ മോഷ്ടിച്ചെന്ന് ആരോപിച്ച് അവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മാറിമാറി വരുന്ന രാഷ്ട്രീയ യജമാനന്മാർക്ക് കീഴിൽ പൊലീസ് പാരമ്പര്യം നിലനിർത്തുന്നതുകൊണ്ടാവാം വിജയകുമാറും ദിവാകരനും പ്രദീപ് കുമാറും ശൈലജയും മറ്റും രേഖകളിൽ കൊലപാതകം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടവരായിത്തീർന്നത്. പക്ഷെ ഇവർക്കെതിരായ ആരോപണങ്ങൾ, കോഴിമോഷണം പോലെ, പൂർണ്ണമായും പൊലീസ് ഭാവനയിൽ പൊട്ടിമുളച്ചതാണെന്ന് കരുതാനും വയ്യ. എഴുത്തുകാർ ചെറിയ സംഭവങ്ങളിൽ നിന്ന് വലിയ കഥകൾ മെനഞ്ഞെടുക്കുന്നതുപോലെ ചെറിയ തോതിലുള്ള അക്രമത്തെ പൊലീസ് കൊലപാതശ്രമമായി വികസിപ്പിച്ചതാകാനാണ് സാധ്യത.

കേരള രാഷ്ട്രീയത്തിലെ അക്രമ പ്രവണത യാദൃശ്ചികമായി രൂപപ്പെട്ടതല്ല. വാഴുന്നോർ അക്രമം ഉപയോഗിച്ച് അടിമത്വവും ജാതിമേധാവിത്വവും നിലനിർത്തിയിരുന്ന നാടാണിത്. ചാന്നാർ ലഹള, നായരീഴവ ലഹള, പുലയ ലഹള, മാപ്പിള ലഹള എന്നിങ്ങനെ അറിയപ്പെടുന്ന സമരങ്ങളെല്ലാം ഇരകൾ അക്രമത്തെ അക്രമം കൊണ്ട് നേരിട്ട് കഥ പറയുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവം അക്രമത്തിന് സൈദ്ധാന്തിക അടിത്തറ നൽകി. കൽക്കത്താ തീസിസിനെ അടിസ്ഥാനമാക്കി വിപ്ലവത്തിന്റെപേരിൽ പല അക്രമസംഭവങ്ങളുമുണ്ടായി. ആയുധങ്ങളൊ കുറഞ്ഞ തോതിലെങ്കിലുമുള്ള പരിശീലനമൊ കൂടതെയാണ് പുന്നപ്രയിലും വയലാറിലും പാവങ്ങൾ തോക്കിനു മുമ്പിലേക്ക് തള്ളിവിടപ്പെട്ടത്. ഒറ്റയ്ക്ക് കിട്ടിയ പൊലീസുകാരനെ കുത്തിക്കൊന്നതാണ് വടക്ക് ഏറ്റവും വലിയ വിപ്ലവപ്രവർത്തനമായി ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. വിപ്ലവത്തെ സംബന്ധിച്ച് ബാലിശവും കാല്പനികവുമായ സങ്കല്പങ്ങൾ അങ്ങനെ രാഷ്ട്രീയമനസുകളിൽ സ്ഥലം പിടിച്ചു.

ഭൂരിപക്ഷം വിപ്ലവചിന്ത ഉപേക്ഷിച്ചെന്ന് ആക്ഷേപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുപോയ ന്യൂനപക്ഷം ഒറ്റപ്പെട്ട അക്രമസംഭവങ്ങളിലൂടെയാണ് തങ്ങൾ വിപ്ലവപാതയിൽ തുടരുകയാണെന്ന ധാരണ നിലനിർത്തിയത്. ബംഗാളിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് പടർന്ന ബന്ദ്, ഘെരാവൊ എന്നീ സമരമുറകൾ അതിന് സഹായകമായി. അതിന് ബംഗാൾ വലിയ വിലയാണ് കൊടുത്തത്. പല വലിയ കമ്പനികളും ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് ബാംഗ്ലൂരിലേക്കും മറ്റും മാറ്റി. കൊളോണിയൽ കാലത്തു തന്നെ വ്യാവസായികകേന്ദ്രമായി വളർന്നിരുന്ന വൻ‌നഗരം ക്ഷയിച്ചു. തൊഴിലാളികൾക്ക് പണി നഷ്ടപ്പെട്ടു. സമ്പദ് വ്യവസ്ഥ ദുർബലമായി. വ്യവസായങ്ങൾ വളരെയൊന്നു ഇല്ലാതിരുന്ന കേരളത്തെ അത് മറ്റൊരു തരത്തിൽ ബാധിച്ചു. നിക്ഷേപകർ സംസ്ഥാനത്ത് മുതൽ മുടക്കാൻ മടിച്ചു. അങ്ങനെയുണ്ടായ കെടുതികൾ മറികടക്കാൻ രണ്ട് സംസ്ഥാനങ്ങളിലെയും പാർട്ടികൾ മുതൽ മുടക്കാൻ തയ്യാറായി വരുന്നവരെയെല്ലാം രണ്ടു കൈകളും നീട്ടി സ്വീകരിക്കുന്ന മാർഗ്ഗമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ബുദ്ധിശൂന്യമായ ‘വിപ്ലവ’ത്തിൽ നിന്ന് ബുദ്ധിശൂന്യമായ ‘വികസന‘ത്തിലേക്കുള്ള കുടമാറ്റം.

സി.പി.എം പോഷകസംഘടനകളെ ഉപയോഗിച്ച് വെട്ടിത്തെളിച്ച പാതയിലൂടെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പല കക്ഷികളുടെയും വിദ്യാർത്ഥി-യുവജന സംഘടനകൾ പിന്നീട് സഞ്ചരിച്ചത്. ക്രിമിനൽ കേസുകളുകളുള്ള രണ്ട് കോൺഗ്രസ് എം.എൽ.എ. മാരിൽ ഒരാൾ പി.സി.വിഷ്ണൂനാഥ് എന്ന യുവനേതാവാണ്.

പുന്നപ്ര-വയലാർ സമരകാലം വരെ നീളുന്ന വിപ്ലവരാഷ്ട്രീയ പാരമ്പര്യമുള്ള വി.എസ്. അച്യുതാനന്ദന്റെ പേരിൽ ഒരു ക്രിമിനൽ കേസുമില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രായം അദ്ദേഹത്തിന്റെ വിപ്ലവാവേശത്തെ ശമിപ്പിച്ചതാണോ കാരണം? അല്ല. കുട്ടനാട്ടിലെ കൃഷിഭൂമിയിൽ അദ്ദേഹം അനുയായികളുമായി ചെന്ന് വെട്ടിനിരത്തിയ പ്രായമെത്താൻ വിജയകുമാറിനും ബേബിക്കും കരീമിനും ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അവർ അക്രമസമര മുഖത്തായിരുന്നപ്പോൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രായം മറന്നുകൊണ്ട് സംസ്ഥാനമൊട്ടുക്ക് ഓടിനടന്ന്, കാടും മലയും കയറി, അദ്ദേഹം സ്വന്തം പ്രതിച്ഛായ ഉടച്ചുവാർത്ത് ജനകീയ നേതാവായി രൂപാന്തരപ്പെടുകയായിരുന്നു. അദ്ദേഹം കോടതി കയറി. അത് പ്രതിയായല്ല -- വാദിയും പരാതിക്കാരനുമായി. പോളിറ്റ്ബ്യൂറോയിൽ തുടരാനുള്ള യോഗ്യതയില്ലെന്ന് തീരുമാനിച്ചിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയായും തെരഞ്ഞെടുപ്പു നായകനായും അംഗീകരിക്കാൻ പാർട്ടി നേതൃത്വത്തെ നിർബന്ധിക്കുന്നത് ഈ പ്രതിച്ചായയാണ്.

അക്രമരാഷ്ട്രീയം പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന സത്യസന്ധതയില്ലായ്മയുടെ ഒരു മുഖം മാത്രമാണ്. അത് പല തലങ്ങളിലും പല തരത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വത്ത് വിവരത്തോടൊപ്പം, ഇൻ‌കം ടാക്സ് ഡിപ്പാർട്ടുമെന്റ് നൽകുന്ന പെർമനന്റ് അക്കൌണ്ട് നമ്പർ (പാൻ) സംബന്ധിച്ച വിവരം നൽകണമെന്ന വ്യവസ്ഥ പല സ്ഥാനാർത്ഥികളും പാലിക്കാത്തതിനെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. കഴിഞ്ഞ തവണ വിവരം നൽകാതിരുന്നവരുടെ പട്ടികയിൽ ഈ പേരുകളുണ്ട്: എം.എ.വാഹിദ്, വർക്കല കഹാർ, എം.ജെ.ജേക്കബ്, കുട്ടി അഹമ്മദ് കുട്ടി, സാജു പോൾ, പി.ജെ. ജോസഫ്, കെ.പി.രാജേന്ദ്രൻ. രണ്ട് മുന്നണികളിൽ പെട്ടവരും ഈ പട്ടികയിലുണ്ട്.

കേരളം പഞ്ചാബിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ മറ്റ് ചിലയിടങ്ങളിലെപ്പോലെ ഇവിടെ.സമ്പന്നർ നിയമസഭയിലേക്ക് ധാരാളമായി കടന്നു വരുന്നില്ല. കൊല്ലത്തെ ഒരു കശുവണ്ടി മുതലാളി 1952ൽ സി.കേശവനെതിരെ മത്സരിച്ചു തോറ്റശേഷം പണമൊഴുക്കി ജയിക്കാമെന്ന വിശ്വാസത്തിന്റെ ബലത്തിൽ മാത്രം ആരും തെരഞ്ഞെടുപ്പ് രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു കോടി രൂപയിലധികം സ്വത്ത് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ നാലു പേർ മാത്രമാണ് ജയിച്ചത്: തോമസ് ചാണ്ടി (16 കോടി). കെ.പി. രാജേന്ദ്രൻ (1.2 കോടി), എം.കെ. പ്രേംനാഥ് (1.12 കോടി), പി. ജെ. ജോസഫ് (1.06 കോടി). സി.പി.എമ്മിന്റെയൊ കോൺഗ്രസിന്റെയൊ എം.എൽ.എ. മാർ ഈ പട്ടികയിലില്ല. സ്ഥാനാർത്ഥികൾ സത്യവാങ്മൂലങ്ങളിൽ നൽകുന്ന സ്വത്ത് വിവരം ശരിയാണോ എന്ന് പരിശോധിക്കാൻ ഔദ്യോഗിക സംവിധാനങ്ങളൊ സർക്കാരിതര സംഘടനകളൊ മെനക്കെടാറില്ല. പൊതുമണ്ഡലത്തിൽ സത്യസന്ധതക്ക് കുറഞ്ഞ വില മാത്രം കല്പിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾ നൽകുന്ന സ്വത്ത് വിവരം മുഖവിലയ്ക്ക് എടുക്കാനാവില്ല.

സത്യസന്ധതക്ക് വലിയ വില കല്പിക്കാത്തവർ അധികാരത്തിലേറുമ്പോൾ സ്വാഭാവികമായും ഭരണത്തിൽ സത്യസന്ധത കുറയും. അതിന് തെളിവ് നിത്യേന പത്രവാർത്തകളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വരാറുണ്ട്. അധ്യാപകരും സ്കൂൾ മാനേജ്‌മെന്റുകളും ഉദ്യോഗസ്ഥന്മാരും ചേർന്ന് വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു. ആരോഗ്യ വകുപ്പും ഡോക്ടർമാരും ചേർന്ന് സ്ഥലം മാറ്റ നാടകം കളിച്ച് ഇല്ലാത്ത അധ്യാപകർ ഉണ്ടെന്ന് വരുത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് മെഡിക്കൽ കോളെജുകൾക്ക് അംഗീകാരം നേടുന്നു. റേഷൻ വാങ്ങാത്തവരുടെ പേരിൽ അരി അനുവദിച്ചുകൊണ്ട് മില്ലുകൾക്ക് അരിയെത്തിക്കുന്നു. ഉത്തരക്കടലാസുകൾ മുക്കിക്കൊണ്ട് റാങ്ക് ലിസ്റ്റുകളിൽ പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവെച്ചവരുടെ മുകളിൽ സ്വന്തക്കാരെ കടത്തിവിടുന്നു. അക്രമത്തിൽ കുരുത്തവരുണ്ടോ ജനാധിപത്യത്തിൽ വാടുന്നു?

(മാധ്യമം ആഴ്ചപ്പതിപ്പ് 2011 ഏപ്രിൽ 11ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)

Friday, April 8, 2011

പ്രാകൃത ആശങ്ങൾ കേരളത്തെ വീണ്ടും കീഴ്‌പ്പെടുത്തുന്നു

രജിസ്ട്രേഷൻ വകുപ്പ് ആപ്പീസിൽ ശുദ്ധീകരണം നടത്തിയെന്ന വാർത്തയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമം ദിനപത്രത്തിൻ നൽകിയ കുറിപ്പ്:

ചട്ടമ്പി സ്വാമി, നാരായണഗുരു, അയ്യൻ‌കാളി തുടങ്ങിയ നവോത്ഥാന നായകർ മോചിപ്പിച്ച കേരള സമൂഹത്തെ പ്രാകൃതമായ ആശയങ്ങളും ആചാരങ്ങളും വീണ്ടും കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അതിരാത്രവും ഗരുഢൻ‌തൂക്കവും അതിന്റെ നേർ തെളിവുകളാണ്. മതത്തിന്റെ മേഖലയിൽ പെടുന്നവയെന്ന നിലയിൽ പ്രധാനമായും വിശ്വാസികൾ കൈകാര്യം ചെയ്യേണ്ട വിഷയമാണത്.

എന്നാൽ ദലിതനായ വകുപ്പ് മേധാവി വിരമിച്ചപ്പോൾ ചിലർ പടക്കം പൊട്ടിച്ച് ആഘോഷിച്ചതും അദ്ദേഹം ഉപയോഗിച്ച മുറി മാത്രമല്ല ആപ്പീസ് മുഴുവനും ചാണകം തളിച്ച് ശുദ്ധീകരിച്ചതും മതത്തിന്റെ മേഖലയ്ക്കു പുറത്തും പ്രതിലോമശക്തികൾ തലപൊക്കുന്നുവെന്ന് തെളിയിക്കുന്നു. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ സജീവമായ സർക്കാരാപ്പീസിലാണ് ഇത് നടന്നത്. സർക്കാരും ജീവനക്കാരുടെ സംഘടനകളും ഈ നീചകൃത്യങ്ങൾ ചെയ്തവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണം.

സുസ്ഥിര വികസനം സാധ്യമാക്കണം

ബി.ആർ.പി. ഭാസ്കർ

മൂന്ന് പതിറ്റാണ്ടായി ജനങ്ങൾ സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന മുന്നണികളെ മാറിമാറി അധികാരത്തിലേറ്റുന്നു. ഓരോ മുന്നണിയും ഭരണം തുടങ്ങുന്നത് എതിർ മുന്നണി ഖജനാവ് കാലിയാക്കിയിട്ട് പോയി എന്ന് പറഞ്ഞുകൊണ്ടാണ്. അഞ്ചു കൊല്ലത്തിനുശേഷം സംസ്ഥാനത്തെ പൊതുകടത്തിൽ ഏതാണ്ട് 15,000 കോടി രൂപയുടെ വർദ്ധനവുണ്ടാക്കിയിട്ട് അത് പുറത്തു പോകുന്നു. മുന്നണികൾ രൂപപ്പെട്ട കാലത്ത് രണ്ടിനുമിടയിൽ പ്രത്യയശാസ്ത്രപരമായ വേർതിരിവിന്റെ അടയാളങ്ങൾ കാണാമായിരുന്നു. വ്യത്യാസങ്ങൾ കുറഞ്ഞുകുറഞ്ഞു ഒന്നിനെ മറ്റേതിൽനിന്ന് വേർതിരിച്ചു കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഈ സാഹചര്യത്തിൽ പ്രസക്തമായ ചോദ്യം ആരു ജയിക്കുമെന്നതല്ല, ജയിക്കുന്നവർ എന്തു ചെയ്യുമെന്നതാണ്. പുതിയ പാത വെട്ടിത്തുറക്കാനുള്ള ആർജ്ജവം സംഭരിക്കാൻ അവർക്കാകുമോ?

ഈ മുന്നണികളുടെ കാലത്ത് കാര്യമായ വ്യവസായവത്കരണം നടക്കാതിരുന്നിട്ടും കേരളം കൃഷിയിലൂടെയും ചെറുകിട വ്യവസായങ്ങളിലൂടെയും വൻ പുരോഗതി നേടിയ പഞ്ചാബിനെ പിന്തള്ളി രാജ്യത്തെ സമ്പന്നമായ സംസ്ഥാനമായി മാറുകയുണ്ടായി. ഇത് സാധ്യമാക്കിയത് മുന്നണി സർക്കാരുകളുടെ പദ്ധതികളല്ല, പ്രവാസികൾ അയച്ച പണമാണ്. കൃഷിയും വ്യവസായവും വലിയ സംഭാവന നൽകാതിരുന്നിട്ടും സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഇത് സാധ്യമാക്കിയതും മുന്നണി സർക്കാരുകളല്ല, സേവന മേഖലയിൽ വൻ കുതിപ്പ് നടത്തുന്ന സംരംഭകരാണ്. രണ്ട് മുന്നണികളും പ്രകടനപത്രികകളിൽ വികസനത്തെക്കുറിച്ച് ധാരാളം പറയുന്നുണ്ട്. എന്നാൽ വികസനത്തെ കുറിച്ചുള്ള അവരുടെ സങ്കല്പം വികലമാണ്. അവർ പിന്തുടർന്ന വികസന നയത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾ ഇവിടെയുണ്ട് -- കാസർകോട്ട്, പെരുമാട്ടിയിൽ, മൂലമ്പള്ളിയിൽ, വിളപ്പിൽശാലയിൽ അങ്ങനെ പലയിടങ്ങളിലും. അധികാരത്തിൽ വരുന്നത് ആരായാലും അവർ ഈ പാവപ്പെട്ട മനുഷ്യരുടെ ദുരിതം പരിഹരിക്കുന്നതിന് മുൻ‌ഗണൻ നൽകണം. സത്യസന്ധവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ വികസനമാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന സന്ദേശം അതിലൂടെ നൽകാനാവും.

ഭരണാധികാരികൾ ഏതെങ്കിലും മുതലാളിയൊ കരാറുകാരനൊ ധനകാര്യസ്ഥാപനമൊ സ്വന്തം താല്പര്യം മുൻ‌നിർത്തി തയ്യാറാക്കുന്ന പദ്ധതികളുടെ പിന്നാലെ പോകുന്ന രീതി ഇവിടെയുണ്ട്. തിരുവനന്തപുരത്തെ ചവർ സംസ്കരിക്കാൻ വിളപ്പിൽശാലയിൽ ഫാക്ടറി സ്ഥാപിച്ചത് ഒരു സ്വകാര്യ സംരഭകന്റെ പദ്ധതി പ്രകാരമായിരുന്നു. ഒരു തെക്ക്-വടക്ക് എക്സ്പ്രസ്‌വേ എന്ന ആശയം മുന്നോട്ടുവെച്ചത് റോഡ് നിർമ്മാണ കരാർ തേടുന്ന മലേഷ്യൻ കമ്പനിയുടെ പ്രതിനിധിയാണ്. ഉപജ്ഞാതാക്കൾക്ക് അവരുടേതായ താല്പര്യങ്ങൾ ഉള്ളതുകൊണ്ട് പദ്ധതികൾ നിഷിദ്ധമാകുന്നില്ല. എന്നാൽ അവ നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതവും സാഹചര്യങ്ങൾക്ക് അനുയോജ്യവും ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളമൊട്ടുക്ക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന സ്ഥിതിക്ക് ചവർ സംസ്കരണം അടിയന്തിരശ്രദ്ധ അർഹിക്കുന്നു. വാഹനങ്ങളുടെ എണ്ണം ദിനപ്രതി പെരുകുകയും റോഡ് അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് പാത വികസനം വൈകിക്കൂടാ. അതേസമയം യാഥാർത്ഥ്യബോധത്തോടെ വേണം ഇതിനൊക്കെ പദ്ധതികൾ തയ്യാറാക്കാൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല ലോകത്തെ മറ്റ് പ്രദേശങ്ങളിൽ നിന്നു തന്നെയും തികച്ചു വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. നഗരഗ്രാമത്തുടർച്ചയായ കേരളത്തിൽ നഗരങ്ങൾക്കു പുറത്ത് ചവർ നിക്ഷേപിക്കാൻ വിജനപ്രദേശങ്ങൾ കണ്ടെത്താൻ കഴിയില്ല – നഗരത്തുടർച്ചയായി രൂപാന്തരപ്പെട്ടിരിക്കുന്ന തീരദേശമേഖലയിൽ പ്രത്യേകിച്ചും. കേരളത്തെ ഒരേകീകൃത ആവാസ വ്യവസ്ഥയായികണ്ടുകൊണ്ട് ഉചിതമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് വേണ്ടത്. ഇത് ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്.

പെൻഷൻ പദ്ധതികളുണ്ടായാൽ ക്ഷേമസമൂഹമായെന്ന ധാരണ നമ്മുടെ ഭരണാധികാരികൾക്കുണ്ട്. ഇടതുപക്ഷത്ത് ഈ ധാരണ കൂടുതൽ ശക്തമാണ്. ക്ഷേമസമൂഹത്തെ നിലനിർത്തുന്നതിൽ ഉത്പാദന പ്രക്രിയയ്കുള്ള പങ്കിനെ കുറിച്ച് അവർ ബോധവാന്മാരല്ല. ഫലത്തിൽ കേരളം ഒരു പരാന്നഭോജി സമൂഹമായി വികസിച്ചുകൊണ്ടൊരൊക്കുകയാണ്. ജനസാന്ദ്രതയും ഭൂമിയുടെ ദൌർലഭ്യവും ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു. ശാസ്ത്രീയമായ ഭൂവിനിമയ നയം രൂപീകരിച്ചുകൊണ്ടാണ് ഇതിന് പരിഹാരം കാണേണ്ടത്. കൃഷിക്കും നിർമ്മാണ സേവന വ്യവസായങ്ങൾക്കും ആവശ്യമായ സ്ഥലം നീക്കിവെക്കുന്നതോടൊപ്പം സാഹചര്യങ്ങൾക്ക് അനുസൃതമായ കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. അതേക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതൃത്വം ബോധവാന്മാരല്ല, വെള്ളക്കോളർ ജോലി തേടുന്ന 40 ലക്ഷത്തിൽ‌പരം യുവാക്കൾ ഇവിടെയുണ്ട്. അവരിലേറെയും പത്തൊ പന്ത്രണ്ടൊ ക്ലാസു വരെ മാത്രം പഠിച്ചവരാണ്. അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലിക്ക് ആ യോഗ്യത പോരാ. ലഭിക്കാവുന്ന തൊഴിലുകളിൽ അവർക്ക് താല്പര്യവുമില്ല. അങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പുറത്തുനിന്ന് തൊഴിൽ‌രഹിതർ എത്തുന്നു. തൊഴിലുകൾ അപ്‌ഗ്രേഡ് ചെയ്തും ആക്സിലിയറി ഡിഗ്രി സമ്പ്രദായത്തിലൂടെ തൊഴിലന്വേഷകരുടെ യോഗ്യതാ നിലവാരം ഉയർത്തിയും ഈ പ്രശ്നം പരിഹരിക്കാനാവും. രാഷ്ട്രീയ ഉപജാപക സംഘങ്ങളുടെ നിയന്ത്രണത്തിൽ കൂപ്പുകുത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും അടിയന്തിര നടപടികൾ ആവശ്യമാണ്.


വിദ്യാഭ്യാസരംഗത്തെന്നപോലെ ആരോഗ്യരംഗത്തും ആദ്യകാലത്തെ നേട്ടങ്ങൾ നിലനിർത്തുവാനും കാലാനുസൃതമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമായി നിർമ്മാർജ്ജനം ചെയ്യപ്പെട്ട ചില രോഗങ്ങൾ തിരിച്ചു വരുന്നു. ചില പുതിയ രോഗങ്ങളും ഉണ്ടാകുന്നു. പാവങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപതികൾ ക്ഷയിക്കുമ്പോൾ സാമ്പത്തികശേഷിയുള്ളവർക്കു മാത്രം പ്രാപ്യമായ സ്വകാര്യ ആശുപതികൾ വളരുന്നു. ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ നമ്മുടെ ആരോഗ്യസംവിധാനത്തിൽ വയോജന പരിപാലനം ഇനിയും ഇടം കണ്ടെത്തിയിട്ടില്ല.

ജനങ്ങളെ, പ്രത്യേകിച്ച് ആദിവാസികളെയും ദലിതരെയും മറ്റ് ദുർബല വിഭാഗങ്ങളെയും, ഇരകളാക്കുന്ന രാഷ്ട്രീയ-മുതലാളിത്ത കൂട്ടുകെട്ടിന്റെ സമീപനം ഉപേക്ഷിച്ച് അവരെ ഗുണഭോക്താക്കളാക്കുന്ന സമീപനം സ്വീകരിച്ച് സുസ്ഥിര വികസനം സാധ്യമാക്കുകയെന്ന ചരിത്രദൌത്യം നിർവഹിക്കാൻ കഴിവുള്ള ഒരു ഭരണകൂടമാണ് കാലത്തിന്റെ ആവശ്യം.

മാതൃഭൂമി ദിനപത്രത്തിന്റെ ‘ആരു ജയിച്ചാലും…” പരമ്പരയിൽ 2011 ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം