Thursday, December 30, 2010

സംശുദ്ധരുടെ കീഴിൽ പെരുകിയ അഴിമതി

ബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രസ്താവം ശരിയാണെന്ന് കാണാൻ പ്രയാസമില്ല. ട്രാൻസ്പാരൻസി ഇന്റർനാഷനൽ (ടിഐ) എന്ന അന്താരാഷ്ട്ര സംഘടന കുറച്ചു കാലമായി ലോകവ്യാപകമായി പഠനം നടത്തി അഴിമതി അഭിവീക്ഷണ സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്പൂർണ്ണ അഴിമതിക്ക് പൂജ്യവും സമ്പൂർണ്ണ സംശുദ്ധിക്ക് പത്തും എന്ന അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത്. ഇക്കൊല്ലത്തെ ടിഐ പഠനത്തിൽ 178 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു. അതിൽ ആർക്കും തന്നെ പത്ത് പോയിന്റുകൾ കിട്ടിയില്ല. അതായത് കുറഞ്ഞ തോതിലെങ്കിലും അഴിമതിയില്ലാത്ത ഒരു രാജ്യവുമില്ല. ഡെൻ‌മാർക്ക്, ന്യൂ സീലണ്ട്, സിം‌ഗപ്പൂർ എന്നിവയാണ് അഴിമതി ഏറ്റവും കുറവായ രാജ്യങ്ങളായി ടിഐ കണ്ടെത്തിയത്. ഓരോന്നിനും കിട്ടിയത് 9.3 പോയ്ന്റുകൾ. അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, സൊമാലിയ എന്നിവയാണ് അഴിമതി ഏറ്റവും കൂടുതലുള്ളവ. അവയിൽ ഓരോന്നിനും കിട്ടിയത് 1.1 പോയ്ന്റ് മാത്രം. അൽബേനിയ, ജമൈക്ക, ലൈബീരിയ എന്നിവയോടൊപ്പം പട്ടികയുടെ ഒത്ത നടുക്കാണ് ഇന്ത്യ -- 86ആം സ്ഥാനത്ത്. ലോകത്തെ പകുതി രാജ്യങ്ങളിലെ അവസ്ഥ ഇവിടത്തേക്കാൾ മോശമാണെന്നതിനെ ആശ്വാസത്തിന് ഇടം നൽകുന്ന വസ്തുതയായി കാണാനാവില്ല.

ടിഐയിടെ ഇന്ത്യാ ഘടകം ഏതാനും കൊല്ലം മുമ്പ് രാജ്യത്തെ സംസ്ഥാനങ്ങളിലെ അഴിമതിയുടെ തോത് അളക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. കേരളമാണ് അഴിമതി ഏറ്റവും കുറവായ സംസ്ഥാനമെന്നാണ് അത് കണ്ടെത്തിയത്. പഠനം നടത്തുന്നതിന് അവലംബിച്ച രീതി ശരിയായിരുന്നില്ലെന്ന് ടിഐ കേരള ശാഖയുടെ സെക്രട്ടറി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയനേതൃത്വം അത് അവഗണിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചു. അതോടെ സംസ്ഥാന ശാഖയുടെ പ്രവർത്തനവും നിലച്ചു. സംസ്ഥാനങ്ങളെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഏതെങ്കിലുമൊന്ന് ഒന്നാം സ്ഥാനത്ത് വരണമല്ലൊ. പഠനത്തിൽ കണ്ടതുപോലെ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെങ്കിൽ തന്നെ പെരുകിക്കൊണ്ടിരിക്കുന്ന അഴിമതിക്ക് അത് ന്യായീകരണമാകുന്നില്ല. നേരത്തെ ടിഐയുടെ കേരള ശാഖ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. മുൻ‌കൂട്ടി നിശ്ചയിക്കാതെ ‘റാൻഡം സാമ്പിൾ’ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആളുകൾക്ക് 25 സർക്കാർ ആപ്പീസുകളുടെ ലിസ്റ്റ് നൽകിയിട്ട്, അഴിമതിരഹിതമെങ്കിൽ പൂജ്യം, സമ്പൂർണ്ണ അഴിമതിയെങ്കിൽ10 എന്ന ക്കണക്കിൽ, അവയ്ക്ക് മാർക്ക് ഇടാൻ ആവശ്യപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപസ്ജം പേരും എക്സൈസ്, പൊലീസ്, റോഡ് ട്രാൻസ്പോർട്ട് വകുപ്പുകൾക്ക് 10 നൽകിയതിന്റെ ഫലമായി ശരാശരി എട്ടിലധികം മാർക്കോടെ അവ അഴിമതി പട്ടികയുടെ മുകളിൽ സ്ഥാനം നേടി. പൊതുമരാമത്ത് വകുപ്പ് അവയുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. സർവേ ഫലമടങ്ങിയ റിപ്പോർട്ട് അന്ന് ഗവർണറായിരുന്ന എസ്.എസ്. കാങ് പ്രകാശനം ചെയ്തു. ടിഐ ഭാരവാഹികൾ റിപ്പോർട്ടിന്റെ ഒരു കോപ്പി മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് നൽകി. അദ്ദേഹം ഒരു കോപ്പി കൂടി ആവശ്യപ്പെട്ടു. അതും കൊടുത്തു. പക്ഷെ അദ്ദേഹമൊ പിൻ‌ഗാമികളൊ അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.

കഴിഞ്ഞ 53 കൊല്ലക്കാലത്ത് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകിയവരിൽ ഏറെയും ആന്റണിയെപ്പോലെ സത്യസന്ധതക്ക് പുകഴ്‌പെറ്റവരായിരുന്നു. പക്ഷെ ഈ കാലയളവിൽ അഴിമതി വർദ്ധിക്കുകയാണുണ്ടായത്. സ്വന്തം സംശുദ്ധി കാത്തു സൂക്ഷിക്കാനല്ലാതെ ഭരണം സംശുദ്ധമാണെന്ന് ഉറപ്പു വരുത്താൻ അവരാരും ശ്രമിച്ചില്ല. ഫലമുണ്ടാവില്ലെന്ന തിരിച്ചറിവായിരിക്കാം കാരണം. നോക്കുകൂലി പിടിച്ചുപറിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ടുമൂന്ന് കൊല്ലമായല്ലൊ. പക്ഷെ അത് ഇപ്പോഴും തുടരുകയാണ്. പോലീസുകാർ പോലും നോക്കുകൂലി കൊടുക്കാൻ നിർബന്ധിതരാകുന്നു. അഴിമതി ഭൂതത്തെയും നോക്കുകൂലി ഭൂതത്തെയുമൊക്കെ എളുപ്പം കുപ്പിയിലാക്കാനാവില്ല. അതിനായി ശ്രമിക്കാൻ ആർജ്ജവമുള്ള ഒരു നേതാവ് ഇനിയും പിറക്കേണ്ടിയിരിക്കുന്നു.

അഴിമതി സാർവത്രികമാണെങ്കിലും ഇവിടെ നിലനിൽക്കുന്ന തരത്തിലുള്ള അഴിമതി ലോകത്ത് അപൂർവ്വമാണ്. മിക്ക രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം നേടാനാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. കരാർ നേടാൻ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നയാൾ അത് ചെയ്യുന്നത് തുല്യയോഗ്യതയുള്ള മറ്റുള്ളവരെ അവഗണിച്ച് തനിക്ക് അത് നൽകാനാണ്. ആ കൈമടക്കിനെ അയാൾ ബിസിനസിനു വേണ്ടിയുള്ള നിക്ഷേപമായാകും കരുതുക. ഇവിടെ ആനുകൂല്യങ്ങൾക്കുവേണ്ടി മാത്രമല്ല കൈക്കൂലി കൊടുക്കേണ്ടത്. ജനനമരണ സർട്ടിഫിക്കറ്റുകൾക്കും ജാതി-വരുമാന സർട്ടിഫിക്കറ്റുകൾക്കുമായി ആപ്പീസുകൾ കേറിയിറങ്ങുന്നവർ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുക്കുന്നത് ജോലിയുടെ ഭാഗമായി ചെയ്യാൻ ബാധ്യതയുള്ള കാര്യം ചെയ്യുന്നതിനാണ്. ഏതെങ്കിലും ആവശ്യത്തിനായാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെന്നും വൈകിയാൽ ആവശ്യം നടക്കില്ലെന്നും അറിഞ്ഞുകൊണ്ട് ജനങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണ് അവർ ചെയ്യുന്നത്. നീച മനസുകൾക്കു മാത്രമെ അങ്ങനെ ചെയ്യാനാകൂ. സർട്ടിഫിക്കറ്റുകളിൽ വ്യാജവിവരം ചേർക്കാനാണെങ്കിൽ കൂടുതൽ പണം കൊടുക്കേണ്ടി വരും. കാരണം അതൊരു ആനുകൂല്യമാണ്.

ചില സർക്കാർ വകുപ്പുകൾക്ക് കോഴയുടെ നീണ്ട പാരമ്പര്യമുണ്ട്. ‘കയറി’ൽ തകഴി നൽകുന്ന വിവരണം ചരിത്രസത്യമാണെങ്കിൽ ഭൂമി സംബന്ധിച്ച ഏർപ്പാടുകളിൽ നൂറ്റാണ്ടുകളായി അഴിമതി നിലനിൽക്കുന്നുണ്ട്. കർണ്ണാടകത്തിൽ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷൻ കമ്പ്യൂട്ടർവത്കരിച്ചശേഷം അഴിമതി കുറഞ്ഞപ്പോൾ കേരളത്തിൽ കമ്പൂട്ടർവത്കരണത്തിനുശേഷം അഴിമതി കൂടി. ഇവിടെ ഇടപാടുകാർ കമ്പൂട്ടറിനും കോഴ കൊടുക്കേണ്ടി വരുന്നു! അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ പലപ്പോഴും ഇടനിലക്കാരുണ്ടാകും. രജിസ്റ്റർ കച്ചേരികളിൽ ആധാരമെഴുത്തുകാരും കീഴ്‌കോടതികളിൽ വക്കീലന്മാരും ഇടനിലക്കാരായി പ്രവർത്തിക്കാറുണ്ട്. ആർ.ടി.ഓ. ആപ്പീസുകളിലും മറ്റും ഫ്രീലാൻസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരെ കാണാം. സംവിധാനത്തിന്റെ തലപ്പത്തുള്ളവർ ഇടനിലക്കാരുടെ പ്രവർത്തനം തടയാൻ ശ്രമിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ചിലർ പങ്ക് പറ്റുന്നവരാകയാൽ ശ്രമിക്കുന്നില്ല. മറ്റുള്ളവർ പങ്ക് പറ്റുന്നവരുടെ ശത്രുത നേടാൻ തയ്യാറല്ലാത്തതുകൊണ്ട് കണ്ണടയ്ക്കുന്നു. രണ്ടാമത്തെ നമുക്ക് സംശുദ്ധരായ മുഖ്യമന്ത്രിമാരോടൊപ്പം നിർത്താം.

അടുത്ത കാലത്ത് ഒരു മന്ത്രി റോഡിലെ കുഴികളുടെ എണ്ണം കണക്കാക്കുകയുണ്ടായി. കുഴികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലെയും പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുടെ തോത് നിർണ്ണയിക്കാൻ കഴിയും. ഭരണകർത്താക്കൾക്ക് ഇപ്പോൽ തന്നെ ഓരോ വകുപ്പിലെയും അഴിമതിയുടെ തോതിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അവർ അതിന്റെ അടിസ്ഥാനത്തിൽ അഴിമതിക്കാർ നൽകേണ്ട സംഭാവന നിശ്ചയിക്കാറുമുണ്ട്. പണത്തിന് അഴിമതിക്കാരെ ആശ്രയിക്കുന്ന ഭരണാധികാരികൾക്ക് എങ്ങനെയാണ് അഴിമതിക്കെതിരെ നടപടിയെടുക്കാനാവുക?

സർക്കാർ ജീവനക്കാർക്ക് ശക്തമായ സംഘടനകളുണ്ട്. അവയുടെ ആദ്യകാല പ്രവർത്തകർ ആദർശധീരരായിരുന്നു. അവയുടെ ഇന്നത്തെ നേതാക്കളിൽ എത്ര പേരെ ആ ഗണത്തിൽ പെടുത്താനാവും? ആദർശങ്ങളാണ് നയിക്കുന്നതെങ്കിൽ അഴിമതിയുടെ വളർച്ച തടയാനെങ്കിലും അവർ ശ്രമിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. വകുപ്പ് മേധാവികളെപ്പോലെ സംഘടനാ നേതാക്കൾക്കും ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് വിവരമുണ്ട്. പക്ഷെ കണ്ടില്ലെന്ന് നടിക്കാൻ അവർ നിർബന്ധിതരാകുന്നു. ഇപ്പോൾ പുറത്തു വന്നിട്ടുള്ള നിയമന കുംഭകോണത്തിന്റെ കാര്യത്തിലെന്നപോലെ, അഴിമതിക്കഥ ചർച്ചാവിഷയമാകുമ്പോൾ അച്ചടക്ക നടപടിയെടുത്ത് അവർ മുഖം രക്ഷിക്കുന്നു. അവരെയെല്ലാം മുഖ്യമന്ത്രിമാർക്കും വകുപ്പു തലവന്മാർക്കുമൊപ്പം സംശുദ്ധരുടെ നിരയിൽ നിർത്താനാകില്ല. കാരണം അഴിമതിക്ക് പേരുകേട്ടവരും ഇപ്പോൾ സംഘടനകളുടെ നേതൃതലങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു.

കേരള സർവകലാശാലയിലും റവന്യു വകുപ്പിലും നടന്ന നിയമനക്രമക്കേടുകളെ സംബന്ധിച്ചു പുറത്തു വന്നിട്ടുള്ള വിവരങ്ങൾ രാഷ്ട്രീയ കക്ഷികളും സംഘടനകളും നിർദ്ദോഷികളല്ലെന്ന സൂചനയാണ് നൽകുന്നത്. ചിലർ കോഴ കൊടുത്തും മറ്റ് ചിലർ കക്ഷി ബന്ധം പ്രയോജനപ്പെടുത്തിയുമാണ് ജോലി തരപ്പെടുത്തിയത്. രണ്ടും അഴിമതി തന്നെ. ഓരോ ക്രമവിരുദ്ധമായ നിയമനവും മറ്റാർക്കോ ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെടുത്തുകയായിരുന്നു. ആ നിലയ്ക്ക് ഈ അഴിമതികൾ മനുഷ്യാവകാശ ലംഘനങ്ങളുമാണ്.

കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥി പാസായശേഷം കോഴ കൊടുത്ത് ജോലി നേടുകയും സ്ത്രീധനരൂപത്തിൽ കോഴ വാങ്ങി ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് അയാൾ മക്കൾക്ക് പ്രവേശനം നേടാനും സ്ത്രീധനം കൊടുക്കാനുമുള്ള പണം സ്വരൂപിക്കാൻ തുടങ്ങുന്നു. അതിനാവശ്യമായ രാഷ്ട്രീയ സാമുദായിക സംഘടനാ ബന്ധങ്ങളും അയാൾ സ്ഥാപിക്കുന്നു. അയാളെ ഈ ചങ്ങലക്കുരുക്കിൽ നിന്ന് പുറത്തുകൊണ്ടു വരാൻ വലിയ മാറ്റങ്ങൾ ആവശ്യമാണ്. അതിന് മുൻ‌കൈയെടുക്കാൻ കെല്പുള്ള നേതൃത്വത്തിന്റെ അഭാവമാണ് നാം നേരിടുന്ന ഒരു പ്രശ്നം. അഴിമതിക്കാർ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള സന്ദേശം നൽകാൻ ഭരണാധികാരികൾക്ക് കഴിഞ്ഞാൽ മാറ്റം പ്രതീക്ഷിക്കാം. വേണമെങ്കിൽ ഫയലുകൾ മുക്കിയും അഴിമതിക്കാരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇന്ന് പ്രചരിക്കുന്നത്.

കേരളത്തിൽ അഴിമതി വ്യാപകമാകാൻ തുടങ്ങിയത് മുന്നണി സമ്പ്രദായം ചില ചെറിയ കക്ഷികൾക്ക് അധികാരത്തിലേറാൻ അവസരമുണ്ടാക്കിയപ്പോഴാണ്. അവ ഉദ്യോഗസ്ഥ സ്ഥലംമാറ്റം പണമുണ്ടാക്കാനുള്ള മാർഗ്ഗമാക്കി മാറ്റി. വലിയ കക്ഷികൾ ചില വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ പിരിവിന് ഉപയോഗിച്ചുകൊണ്ട് അഴിമതി വളർത്തി. ഭാരിച്ച തെരഞ്ഞെടുപ്പ് ചെലവാണ് രാഷ്ട്രീയകക്ഷികളെ അഴിമതിയുടെ പ്രോത്സാഹകരാക്കിയത്. പണം നൽകുന്നവരെ പണമുണ്ടാക്കാൻ സഹായിക്കാനുള്ള ചുമതലയും പാർട്ടികൾക്കുണ്ടാകുന്നു. പാർട്ടിക്കുവേണ്ടി സമയം ചെലവഴിക്കുന്നവർക്ക് ജീവിക്കാനുള്ള പണം പാർട്ടി നൽകണം. അല്ലെങ്കിൽ പണമുണ്ടാക്കാനുള്ള അവസരം നൽകണം. പാർട്ടിയാണ് പണം നൽകുന്നതെങ്കിൽ അതിനാവശ്യമായ പണം അതുണ്ടാക്കണം. ഒരു മദ്യവ്യവസായിയുടെ മാസപ്പടി വിവരം പുറത്തായപ്പോൾ പാർട്ടിക്കുവേണ്ടി പിരിവു നടത്തുന്നവർ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയും പണം വാങ്ങുന്നതായി വെളിപ്പെടുകയുണ്ടായി. അതിന്റെ പേരിൽ ലഘുവായ ശിക്ഷാ നടപടിയേ ഉണ്ടായുള്ളു. അഴിമതിയെ ഗുരുതരമായ കുറ്റമായി കാണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടികൾ എന്നതാണ് വാസ്തവം. (ജനശക്തി വാർഷികപ്പതിപ്പ്)

തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാനായാൽ പാർട്ടികൾക്ക് ഇന്നത്തെ തോതിൽ പണമുണ്ടാക്കേണ്ടി വരില്ല. പക്ഷെ വ്യക്തികളുടെ മോഹം അപ്പോഴും നിലനിൽക്കും. വിപ്ലവത്തിന്റെ ആവേശം കത്തിനിന്ന കാലത്ത് പരിപ്പുവട കൊണ്ട് തൃപ്തിപ്പെടുന്ന സന്നദ്ധഭടന്മാരെ കിട്ടുമായിരുന്നു. അധികാരത്തിന്റെ ഭാഗമായ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്നവർ ബിരിയാണി പ്രതീക്ഷിക്കും. സി.പി. എം. നല്ല വേതനത്തോടെ സ്ഥിരം പ്രവർത്തകരെ നിയമിക്കാൻ പോകുന്നതായി വാർത്തയുണ്ട്. പരക്കെ അറിയപ്പെടുന്ന അഴിമതിവീരന്മാരിൽ നല്ല സേവനവേതന വ്യവസ്ഥകളുള്ള ഉദ്യോസ്ഥന്മാരുമുണ്ടെന്ന് ഓർക്കുമ്പോൾ ഈ നടപടി ഉദ്ദേശിക്കുന്ന ഗുണം ചെയ്യുമോയെന്ന് സംശയിക്കണം.

Wednesday, December 22, 2010

ചുവരെഴുത്തുകൾ മാറ്റുന്ന ലോകം

ബി.ആർ.പി. ഭാസ്കർ

ഇന്റർനെറ്റ് സാമൂഹ്യ ചങ്ങലകൾ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ലോകമൊട്ടാകെയുള്ള 689 കോടിയോളം ജനങ്ങളിൽ 50 കോടിയിലധികം പേർ ഫേസ്ബുക്ക് എന്ന ചങ്ങലയിൽ ഇതിനകം അണിചേർന്നിരിക്കുന്നു. ഏഴു കൊല്ലം മുമ്പ് മാത്രം അത് പ്രവർത്തനം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനമായ കത്തോലിക്കാ സഭ ഇരുപത് നൂറ്റാണ്ടെടുത്താണ് 117 കോടി അംഗങ്ങളുള്ള ഒന്നായി വളർന്നത്. പുതിയ തലമുറ അത്യുത്സാഹത്തോടെ ആധുനിക സാങ്കേതികവിദ്യ തുറന്നുകൊടുത്ത പാതയിലൂടെ നീങ്ങാൻ തയ്യാറായതാണ് ഫേസ്ബുക്കിന്റെ അഭൂതപൂർവമായ വളർച്ച സാധ്യമാക്കിയത്. ധാരാളം മുതിർന്നവരും അവരോടൊപ്പം കൂടി.

സാങ്കേതികവിദ്യ മാറ്റത്തിന്റെ വേഗത കൂട്ടുന്നതായി സമൂഹ്യശാസ്ത്രജ്ഞനായ ആൽ‌വിൻ ടോഫ്ലർ 1971ൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമുള്ള നാലു പതിറ്റാണ്ടു കാലത്ത് കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലുണ്ടായ വളർച്ചയുടെ ഫലമായി വേഗത പിന്നെയും എത്രയോ മടങ്ങ് കൂടി. ടൈപ്‌റൈറ്റർ പോലെ മേശപ്പുറത്ത് വെയ്ക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടർ 1970കളിൽ പ്രത്യക്ഷപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളൽ അത് പെട്ടെന്ന് പ്രചരിച്ചു. ഇന്ത്യയിൽ കടുത്ത ഇറക്കുമതി നിയന്ത്രണവും ഉയർന്ന ഇറക്കുമതി ചുങ്കവും തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെട്ട യൂണിയനുകളുടെ എതിർപ്പും അതിന്റെ വഴി തടഞ്ഞു. നരസിംഹറാവു സർക്കാർ തൊണ്ണൂറുകളുടെ ആദ്യം സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ചശേഷമാണ് തടസങ്ങൾ നീങ്ങിയത്.

അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 2004 ഫെബ്രുവരി നാലിന് ഫേസ്ബുക്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്റെ സ്ഥാപകനായ മാർക്ക് എലിയട്ട് സക്കർബർഗിന് 20 വയസ് പോലുമുണ്ടായിരുന്നില്ല. ഹാർവാർഡിലെ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയെന്ന നിലയിലാണ് ആ വിദ്യാർത്ഥി അതിനെ വിഭാവന ചെയ്തത്. തന്നോടൊപ്പം ഹോസ്റ്റൽ‌മുറി പങ്കിട്ടിരുന്ന ഡസ്റ്റിൻ മോസ്‌കോവിറ്റ്സിന്റെ സഹായത്തോടെ പിന്നീട് സ്റ്റാൻഫോർഡ്, കൊളംബിയ, യേൽ, കോർണൽ തുടങ്ങിയ മറ്റ് പ്രമുഖ സർവ്വകലാശാലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കപ്പെട്ടു. അപ്പോഴും അത് വിദ്യാർത്ഥികളുടെ സൌഹൃദവേദി മാത്രമായിരുന്നു. സംരംഭം അതിവേഗം വളരുന്നത് കണ്ടപ്പോൾ ആ യുവാക്കൾ കാലിഫോർണിയയിൽ ചെറിയ കെട്ടിടം വാടകയ്‌ക്കെടുത്ത് പ്രവർത്തനം അങ്ങോട്ട് മാറ്റി. ചില വലിയ കമ്പനികൾ ഫേസ്‌ബുക്കിന്റെ സാധ്യതകൾ മനസിലാക്കി അത് വാങ്ങാൻ താല്പര്യം കാട്ടി. എന്നാൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാക്കുന്ന വിശാലമായ തുറന്നവേദി എന്ന ആശയം സക്കർബർഗിന്റെ മനസിൽ അതിനകം ഉറച്ചുകഴിഞ്ഞിരുന്നു. വാങ്ങാൻ വരുന്നവരുടെ സമീപനം അതാകില്ലെന്നതുകൊണ്ട് വിൽക്കാൻ അവർ വിസമ്മതിച്ചു. പീറ്റർ തീയെൽ എന്നൊരാൾ മുതൽമുടക്കാൻ തയ്യാറായി മുന്നോട്ടു വന്നപ്പോൾ അദ്ദേഹത്തെ പങ്കാളിയാക്കികൊണ്ട് പ്രവർത്തനം വികസിപ്പിച്ചു. ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം കൂടിയതിനൊത്ത് പരസ്യക്കാരുടെ താല്പര്യവും കൂടി. സക്കർബർഗ് ചെറുപ്രായത്തിൽ കോടീശ്വരനായി.

പഴയ സുഹൃത്തുക്കളുമായി ബന്ധം പുന:സ്ഥാപിക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടാനും ഫേസ്ബുക്ക് അവസരം നൽകുന്നതുകൊണ്ടാണ് അത് എല്ലാ പ്രായക്കാരുടെയും വേദിയായത്. എന്നാൽ യുവത്വതിന്റെ ആഘോഷവേദിയെന്ന സ്വഭാവം ഇന്നും അത് ഏറെക്കുറെ നിലനിർത്തുന്നു. തത്വത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളിൽ ആരുമായും ഒരാൾക്ക് സുഹൃദ്ബന്ധം സ്ഥാപിക്കാവുന്നതാണ്. എന്നാൽ ഒരാൾക്ക് 5,000ൽ കൂടുതൽ സുഹൃത്തുക്കളെ അതനുവദിക്കുന്നില്ല. ഫേസ്‌ബുക്കിലൂടെ ഓരോരുത്തർക്കും അവരെ സംബന്ധിക്കുന്ന വിവരങ്ങൾ സുഹൃത്തുക്കളെ അറിയിക്കുന്നു. ഫേസ്ബുക്ക് ചുവരിൽ ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താവുന്നതാണ്. സുഹൃത്തുക്കൾക്ക് അതിനോട് പ്രതികരിക്കാവുന്നതുമാണ്. സ്വന്തം ചുവരിൽ മാത്രമല്ല സുഹൃത്തുക്കളുടെ ചുവരിലും എഴുതാനാവും. അഭിപ്രായം പറയാൻ അവസരം നൽകുന്നുവെന്നത് ഫേസ്ബുക്കിന് വൻപ്രചാരം നേടിക്കൊടുത്തിട്ടുണ്ട്. ഒരുപക്ഷെ ബഹുഭൂരിപക്ഷം പേർക്കും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്നത് ഇതുപോലുള്ള ഇന്റർനെറ്റ് വേദികളിൽ മാത്രമാണ്. വ്യവസ്ഥാപിത മാധ്യമങ്ങളിലെപ്പോലെ അവിടെ പടിപ്പുര കാവൽക്കാരില്ല്. വിഷയമൊ ഭാഷയൊ അനുചിതമാണെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ മാത്രമെ അതിന്റെ നടത്തിപ്പുകാർ ഇടപെട്ടു തടസം സൃഷ്ടിക്കുകയുള്ളു. സ്ഥാപിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ബന്ധം വിച്ഛേദിക്കാനാവും. രണ്ടാൾക്കും സമ്മതമാണെങ്കിലെ ഫേസ്ബുക്കിൽ സുഹൃദ്ബന്ധം സ്ഥാപിക്കാനാവൂ. ബന്ധം വേർപെടുത്താൻ അതിലൊരാൾ വിചാരിച്ചാൽ മതി. ഈയിടെ ഒരു മലയാളി സുഹൃത്ത് സ്ത്രീകളെ കുറിച്ച് ഒരു ചീത്ത പരാമർശം നടത്തി. ഒരു യുവതി പ്രതിഷേധസൂചകമായി ആ ആളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും അങ്ങനെ ചെയ്യാൻ മറ്റ് സ്ത്രീകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആ പരാമർശം പ്രതിഷേധാർഹമാണെന്ന് കണ്ട് ചില പുരുഷന്മാരും ആ സുഹൃത്തിനെ ഒഴിവാക്കാൻ തയ്യാറായി.

ഗൂഗിളിന്റെ ഓർക്കുട്ട് കൂട്ടായ്മയുമായി മത്സരിച്ചാണ് ഫേസ്ബുക്ക് വളർന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഏറ്റവും അധികമുള്ള അമേരിക്കക്കാർക്ക് ആറ് കൊല്ലം മുമ്പ് ഓർക്കുട്ടിനോടായിരുന്നു കൂടുതൽ പ്രിയം അന്ന് അതിലെ പകുതിയിലേറെ അംഗങ്ങൾ അമേരിക്കക്കാരായിരുന്നു. ഇന്ന് ഓർക്കുട്ടിൽ കൂടുതലും ബ്രസീൽകാരും (48 ശതമാനം) ഇന്ത്യാക്കാരും (39 ശതമാനം) ആണ്. അമേരിക്കക്കാർ രണ്ട് ശതമാനം മാത്രമാണ്. ഫേസ്ബുക്കിൽ അടിയ്ക്കടിയുണ്ടാകുന്ന പരിഷ്കാരങ്ങൾ പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും പ്രയോഗികമാക്കാനുമുള്ള സക്കർബർഗിന്റെയും കൂട്ടാളികളുടെയും കഴിവിന് തെളിവാണ്. സമൂഹിക തലത്തിൽ ഉപയോഗിക്കാവുന്ന പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമർമാർക്ക് 2007ൽ നൽകിയ അവസരം വൻ‌കുതിപ്പിന് വഴി തെളിച്ചു. ലക്ഷോപലക്ഷം പേർ ഉപയോഗിക്കുന്ന നിരവധി പ്രോഗ്രാമുകൾ ഇപ്പോൾ ഫേസ്ബുക്ക് ആപ്ലിക്കേഷൻസിന്റെ ഭാഗമായുണ്ട്. പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കമ്പനി പുരോഗമിക്കുന്നത്.

നൂറു കോടതിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ ഏഴു ശതമാനം പേർക്കു മാത്രമാണ് ഇന്റർനെറ്റ് സംവിധാനമുള്ളത്. അടുത്ത അഞ്ചു വർഷത്തിൽ ഇത് 19 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു കോടിയിലധികം ഇന്ത്യാക്കാർ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കഴിഞ്ഞ ജൂലൈയിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത മുൻ‌കൂട്ടി കണ്ടുകൊണ്ട് അത് ഇന്ത്യയിൽ ആപ്പീസ് തുടങ്ങിയിട്ടുമുണ്ട്. ഫേസ്ബുക്ക് ഇപ്പോൾ വ്യക്തിതലബന്ധം വിട്ട് കൂട്ടായ്മകൾക്ക് ജന്മം നൽകിക്കൊണ്ടിരിക്കുകയാണ്. നിരവധി മലയാളി ഗ്രൂപ്പുകൽ ഇതിനകം ഉണ്ടായിട്ടുണ്ട്. മലയാള നാട് എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് ലോകമെമ്പാടുമുള്ള മലയാളികളുടെ പൊതുവേദിയായി വികസിച്ചിട്ടുണ്ട്. ഇപ്പോൾ ഫേസ്ബുക്ക് ഇന്റർനെറ്റിനു പുറത്തും വളരുകയാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചെന്നൈ നിവാസികൾ അടുത്ത കാലത്ത് ഒന്നിച്ചുകൂടുകയുണ്ടായി. ഏതാനും ദിവസം മുമ്പ് ദുബായിലെ മലയാളികൾ മുൻ‌കൈ എടുത്ത് ഒരു ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ ലണ്ടനിൽ നിന്ന് ഒരു മലയാളി അതിൽ പങ്കെടുക്കാനെത്തി.

സാമൂഹ്യ മേഖലയിലെ മറ്റൊരു വിജയകഥയായ ട്വിറ്റർ 2006ലാണ് പിറന്നത്. ഒരു പൊതു ഇടത്തിൽ 140 അക്ഷരങ്ങളിൽ കൂടാതെ എഴുതാൻ അത് അവസരം നൽകുന്നു. ഒരാൾ എഴുതുന്നത് വായിക്കാ‍ൻ മറ്റൊരാൾക്ക് താല്പര്യമുണ്ടെങ്കിൽ ആ വ്യക്തിയെ ‘പിന്തുടരാ’വുന്നതാണ്. ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രീയത്തിൽ ഏറെക്കുറെ പുതുമുഖമായിരുന്ന ബാരക്ക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാവശ്യമായ പണം സ്വരൂപിച്ചതും വിജയിക്കാനാവശ്യമായ പിന്തുണ നേടിയതും. ട്വിട്ടറിൽ 60 ലക്ഷത്തിലധികം പേർ ഇപ്പോൾ അദ്ദേഹത്തെ പിന്തുടരുന്നു. ഏഴ് ലക്ഷത്തിലധികം പേരെ അദ്ദേഹവും പിന്തുടരുന്നു. തിരുവനന്തപുരത്തെ ശശി തരൂറിന്റെ ഉജ്ജ്വലവിജയത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണയും ഒരു ഘടകമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പിന്നീട് ട്വിറ്റർ വിനയായി മാറി. ആ വേദിയിൽ അദ്ദേഹം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ ഈ ആധുനിക സംവിധാനത്തിന്റെ സ്വഭാത്തെ കുറിച്ച് ഗ്രാഹ്യമില്ലാത്ത കോൺഗ്രസ് നേതാക്കളുടെ അപ്രീതിക്ക് കാരണമായി. ഒമ്പതു ലക്ഷത്തോളം ആളുകൾ തരൂറിനെ പിന്തുടരുന്നുണ്ട്. എന്നാൽ അവരിൽ സ്വന്തം മക്കളുൾപ്പെടെ 63 പേരെയെ അദ്ദേഹം പിന്തുടരാൻ യോഗ്യതയുള്ളവരായി കണ്ടിട്ടുള്ളു.

കമ്പ്യൂട്ടർപൂർവ തലമുറയിൽ‌പെടുന്ന എന്നെ ഫേസ്ബുക്കിലും ട്വിട്ടറിലും കണ്ടുമുട്ടുന്ന യുവസുഹൃത്തുക്കൾ പലപ്പോഴും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. ഞാൻ സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിക്കുന്ന കാലത്ത് ഇന്ത്യയിലെ മാധ്യമ രംഗത്ത് കമ്പ്യൂട്ടർവത്കരണം ആരംഭിച്ചിട്ടേയുള്ളു. അതുകൊണ്ട് സമപ്രായക്കാരായ പലർക്കും ഈ യന്ത്രവുമായി പരിചയപ്പെടാതെ തൊഴിൽജീവിതം പൂർത്തിയാക്കാനായി. എന്നൽ എനിക്ക് 30 കൊല്ലം മുമ്പെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അവസരമുണ്ടായി. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ പ്രസ് സർവീസിന്റെ (ഐ.പി.എസ്) ഇംഗ്ലീഷ് വിഭാഗത്തിൽ 1981ൽ ഏതാനും മാസം ചെലവഴിച്ചപ്പോഴായിരുന്നു അത്. അവിടെ ഞാൻ കണ്ടത് ലോകമൊട്ടാകെയായുള്ള നാല്പതില്പരം ബ്യൂറോകളുമായി ടെലിപ്രിന്റർ ബന്ധമുള്ള കമ്പ്യൂട്ടർവത്കൃത ന്യൂസ് റൂം ആണ്. റിപ്പോർട്ടുകൾ കമ്പൂട്ടറിൽ വന്നു വീഴുന്നു, അവ കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് എത്തേണ്ടിടത്ത് എത്തിക്കണം. ഒരു അമേരിക്കക്കാരൻ, ഒരു ഇംഗ്ലീഷുകാരൻ, ഒരു വെസ്റ്റ് ഇൻഡ്യൻ എന്നിങ്ങനെ മൂന്ന് ചെറുപ്പക്കാരാണ് അവിടെ പണിയെടുത്തിരുന്നത്. കാൾ മേയർ എന്ന 21 വയസുള്ള അമേരിക്കക്കാരനെ ഞാൻ എന്റെ പരിശീലകനാക്കി. ഒരു ദിവസത്തിൽ എനിക്ക് ആവശ്യമുള്ള അറിവ് പകർന്നുകിട്ടി. മൂന്ന് മാസം കഴിഞ്ഞ് ചെന്നൈയിലെ യു.എൻ. ഐ. ആപ്പീസിൽ തിരിച്ചെത്തിയപ്പോൾ എന്റെ കമ്പ്യൂട്ടർ പരിജ്ഞാനം വൃഥാവിലായി. ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങൾ അന്ന് കമ്പ്യൂട്ടർയുഗത്തിലേക്ക് പ്രവേശിച്ചിരുന്നില്ല. ബംഗ്ലൂരിലെ ഡെക്കാൺ ഹെറാൾഡിലേക്ക് മാറിയപ്പോൾ എഡിറ്റോറിയൽ ഹാളിൽ ഒരു ആപ്പിൾ മാക്കിന്റോഷ് കമ്പ്യൂട്ടർ ഇരിക്കുന്നതു കണ്ടു. ഗ്രാഫിക്സ് ചെയ്യാൻ കഴിയുന്ന ആ യന്ത്രത്തിന് അന്ന് ഒന്നര ലക്ഷം രൂപ വിലയുണ്ട്. പുതിയ സാങ്കേതികവിദ്യയിൽ താല്പര്യമെടുക്കുന്ന യുവ മുതലാളി വാങ്ങി വെച്ചതാണ്. ആർക്കും ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് വെറുതെ കിടക്കുകയായിരുന്നു. കിഴക്കെ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ രണ്ട് ഘട്ടങ്ങളിലായി ഒരു മാസത്തെ യാത്ര കഴിഞ്ഞു വന്നപ്പോൾ ലേഖനങ്ങൾ എഴുതാൻ ഞാൻ അതുപയോഗിച്ചു. ദൈനംദിന എഡിറ്റോറിയൽ പണിക്കിടയിൽ തുടർച്ചയായി എഴുതാനാവുമായിരുന്നില്ല. ടൈപ്പ്‌റൈറ്ററിൽ എഴുതിയാൽ കടലാസുകൾ ഭദ്രമായി സൂക്ഷിച്ചുവെക്കണം. കമ്പ്യൂട്ടറിലായാൽ എഴുതുന്നത് ലേഖനം പൂർത്തിയാകുന്നതുവരെ അതിൽ തന്നെ ഇട്ടേക്കാവുന്നതുകൊണ്ട്ണ്ടാണ് ഞാൻ അതുപയോഗിച്ചത്. പിന്നീട് ഗ്രാഫിക്സ് ചെയ്യാൻ അറിയാവുന്ന ഓപ്പറേറ്ററെ നിയമിക്കാൻ മുതലാളിയെ പ്രേരിപ്പിച്ചു. എഡിറ്റോറിയൽ വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായി കമ്പ്യൂട്ടർവത്കരിക്കാൻ പത്രം തീരുമാനിച്ചപ്പോൾ, മുതിർന്നവരെ ഒഴിവാക്കിക്കൊണ്ട്, ചെറുപ്പക്കാർക്ക് ആദ്യം പരിശീലനം നൽകാൻ ഞാൻ ഉപദേശിച്ചു.

ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയ അനുജൻ സുഭാഷ് ചന്ദ്ര ഭാസ്കർ കുടുംബത്തിലുള്ളവർക്ക് പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടാൻ അവസരം നൽകുകയെന്ന ഉദ്ദേശ്യത്തൊടെ ഒരു കമ്പ്യൂട്ടർ കൊണ്ടു വന്ന് എന്റെ വീട്ടിൽ സ്ഥാപിച്ചു. അതോടെ ഇംഗ്ലീഷിലുള്ള എഴുത്ത് ഞാൻ കമ്പ്യൂട്ടറിലായി. പിന്നീട് മലയാളം ഫോണ്ട് ഇടുകയും അത് ഉപയോഗിക്കാൻ പഠിക്കുകയും ചെയ്തു. യൂണിക്കോഡ് വരുന്നതിനു മുമ്പ് മലയാളം എഴുതുന്നത് ശ്രമകരമായിരുന്നു. മൂന്ന് പതിട്ടാണ്ടിന്റെ കമ്പ്യൂട്ടർ അനുഭവമുണ്ടെങ്കിലും ഓരോ ഘട്ടത്തിലും ആവശ്യമെന്ന് തോന്നിയ കാര്യങ്ങൾ പഠിച്ചതല്ലാതെ ശരിയായ ശിക്ഷണത്തിലൂടെ കമ്പ്യൂട്ടറിന്റെ സാധ്യതകൾ പൂർണ്ണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള ബന്ധുക്കളും സ്നേഹിതരും ഞാൻ എന്ത് ചെയ്യുന്നുവെന്ന് അറിയാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് വരുന്നതിനു മിമ്പെ ഞാൻ എം.എസ്.എൻ. ഗ്രൂപ്പും ഗൂഗിൾ ഗ്രൂപ്പും ഉണ്ടാക്കി വിവരം നൽയിരുന്നു. . ഓർക്കുട്ട് സംവിധാനത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ അതിൽ പ്രവേശിച്ചെങ്കിലും അവിടെ സജീവമായില്ല. അഞ്ചു കൊല്ലം മുമ്പ് ബ്ലോഗ് ചെയ്തു തുടങ്ങി. ഇതുവരെ ഇംഗ്ലീഷിലും മലയാളത്തിലുമായി 1700ഓളം പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ടൈംസ് ഓഫ് ഇൻഡ്യയും ഹിന്ദുസ്ഥാൻ ടൈംസും മുതിർന്ന ബ്ലോഗർമാരെ കുറിച്ച് ഫീച്ചറുകൾ ചെയ്തപ്പോൾ എന്നെ ബന്ധപ്പെട്ടിരുന്നു. ബ്ലോഗുകളിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശപ്രശ്നങ്ങളും കേരള സംഭവ വികാസങ്ങളുമാണ്. പത്രമാസികകളിൽ എഴുതുന്ന ലേഖനങ്ങളാണ് സാധാരണയായി പോസ്റ്റ് ചെയ്യുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രവേശിച്ചശേഷം ബ്ലോഗുകൾക്ക് വേണ്ടത്ര സമയം നൽകാനാകുന്നില്ല. ഫേസ്ബുക്കിൽ 5,000 സുഹൃത്തുക്കളായി. ആരെങ്കിലും പുറത്തു പോവുകയൊ ഞാൻ ആരെയെങ്കിലും ഒഴിവാക്കുകയൊ ചെയ്താലെ പുതിയ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനാകൂ. ട്വിറ്ററിൽ ഞാൻ 400ഓളം പേരെ പിന്തുടരുന്നു; 900ൽ പരം പേർ എന്നെയും.

ജീവിതസാഹചര്യങ്ങൾ സാമൂഹികസാഹചര്യങ്ങളെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്. മനുഷ്യർ വേട്ടയാടി ആഹാരം കണ്ടെത്തിയിരുന്ന കാലത്ത് ഗോത്രങ്ങളും കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയ കാലത്ത് കൂട്ടുകുടുംബങ്ങളും നിർമ്മാണ വ്യവസായങ്ങളുടെ കാലത്ത് അണുകുടുംബങ്ങളും രൂപപ്പെട്ടത് കാലഘട്ടത്തിന്റെ ആവശ്യപ്രകാരമാണ്. വ്യാവസായികോത്തര കാലഘട്ടത്തിൽ വ്യക്തിയുടെ ബന്ധം കമ്പ്യൂട്ടർ പോലുള്ള യന്ത്രങ്ങളിലേക്ക് ചുരുങ്ങുന്നു. ഇതുമൂലമുണ്ടാകുന്ന ഒറ്റപ്പെടലിനെ കം‌പ്യൂട്ടറിലൂടെ പുതിയ ബന്ധങ്ങൾ സ്ഥാപിച്ച് മറികടക്കാൻ സഹായിക്കുന്ന സാമൂഹ്യ ശൃംഖലകൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നെവെന്നത് നാം അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ട്വിറ്റർ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ കണ്ടത് ഒൻപത് ശതമാനം പേർ മാത്രമാണ് പ്രയോജനകരമായ വിവരം നൽകുന്നതിന് അതുപയോഗിക്കുന്നതെന്നാണ്. നാല്പത് ശതമാനം അർത്ഥമില്ലാതെ ശബ്ദമുണ്ടാക്കുന്നു, 38 ശതമാനം വെറുതെ സംഭാഷണം നടത്തുന്നു, ആറ് ശതമാനം പേർ തങ്ങളെക്കുറിച്ചു തന്നെ സംസാരിക്കുന്നു. ഒരു മാർക്കറ്റ് റിസർച്ച് സ്ഥാപനം കേവലം 2,000 ട്വീറ്റുകൾ അപഗ്രഥിച്ചശേഷം പുറത്തു വിട്ട ഈ കണക്കുകൾക്ക് സാർവത്രിക പ്രസക്തിയില്ല. എന്നാൽ ഒരു വലിയ വിഭാഗം ജനങ്ങൾ പുതിയ സങ്കേതങ്ങൾ ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കുന്നുവോ എന്ന് സംശയിക്കണം

പല തരത്തിലുള്ളവരെ ഈ കൂട്ടായ്മകളിൽ കാണാം. ചിലർ ഗൌരവപൂർണ്ണമായ ചർച്ചക്കായി വിഷയങ്ങൾ അവതരിപ്പിക്കുകയും ഗൌരവത്തോടെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്നു. ചിലർ താന്താങ്ങളുടെ ജാതിമതവിഭാഗത്തിന്റെയൊ സംഘടനയുടെയൊ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊ മറ്റുള്ളവരുടെ താല്പര്യങ്ങൾ ഹനിക്കുന്നതിനൊ വേദി ഉപയോഗിക്കുന്നു. ചിലർ വിനോദം തേടുന്നു, അല്ലെങ്കിൽ പ്രദാനം ചെയ്യുന്നു. ചിലർ കുട്ടികൾ തെരുവിൽ കാണുന്ന നായുടെ നേർക്ക് കല്ല് വലിച്ചെറിയുന്നതുപോലുള്ള ഒരു പ്രയോഗം നടത്തിയിട്ട് കടന്നു പോകുന്നു. ഇത്തരം വൈവിധ്യം നിയന്ത്രണങ്ങളില്ലാത്ത തുറന്ന മേഖലയിൽ പ്രതീക്ഷിക്കേണ്ടതുതന്നെ.

സാമൂഹ്യ കൂട്ടായ്മകളെ വാണിജ്യവ്യവസായ താല്പര്യങ്ങൾക്കായി ഉപയോഗിക്കാൻ തീവ്ര ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അവയുടെ ഭാവി രൂപം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ശ്രമിക്കുന്നത് സാഹസമാകും. അലക്സാണ്ടർ ഗ്രഹാം ബെൽ 1878ലാണ് ടെലിഫോൺ സംഭാഷണം സാധ്യമാണെന്ന് കാണിച്ചത്. പക്ഷെ 1940കളിൽ പോലും അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല. ജീവനക്കാർ ദുരുപയോഗം ചെയ്യുമെന്നു ഭയപ്പെട്ട് ആപ്പീസിൽ ഫോൺ വെയ്ക്കാൻ ആദ്യകാലത്ത് പല മുതലാളികളും മടിച്ചത്രെ. ഇന്ന് അത് വ്യക്തിയുടെ ഭാഗമായിത്തന്നെ രൂപാന്തരപ്പെട്ടിരിക്കുന്നു. പല സാങ്കേതിക വിദ്യകൾ ഒന്നിക്കുന്ന പുതിയ കാലഘട്ടത്തിൽ പത്തൊ ഇരുപതൊ കൊല്ലത്തിൽ ഇന്ന് നമുക്ക് വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായെന്നിരിക്കും. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസംബർ 19, 2010 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)