Thursday, July 29, 2010

പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്

ബി.ആർ.പി.ഭാസ്കർ

നിരത്തുകളിൽ യോഗങ്ങൾ നടത്തുന്നത് അനുവദിക്കരുതെന്ന നിർദ്ദേശം അടങ്ങുന്ന ഹൈക്കോടതി വിധിക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചിരിക്കുകയാണ്. ആളുകൾ കൂടുന്ന കവലകളിൽ യോഗങ്ങൾ നടത്തുന്ന രീതി സ്വാതന്ത്ര്യസമരകാലത്ത് ആരംഭിച്ചതാണ്. ആളുകളും വാഹനങ്ങൾ നീങ്ങുന്നത് തടഞ്ഞുകൊണ്ട് നിരത്തുകളിൽ യോഗങ്ങളും ഘോഷയാത്രകളും നടത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ധാരണ ഇപ്പോൾ രാഷ്ട്രീയ കക്ഷികൾ വെച്ചുപുലർത്തുന്നു. നേതാക്കൾ ധാർഷ്ട്യത്തോടെ അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നിരത്തുകൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം തടഞ്ഞുകൊണ്ട് അവ കയ്യടക്കുവാൻ ഒരു കക്ഷിക്കും അവകാശമില്ല.

സർക്കാരിന്റെ ഭാഗം കേൾക്കാതെ വിധി പുറപ്പെടുവിച്ചത് സ്വാഭാവികനീതിയുടെ നിഷേധമാണെന്ന് കേരള സർക്കാർ പറയുന്നു. ആലുവാ റയിൽ‌വേ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡിൽ യോഗം നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യമായിരുന്നു കോടതിയുടെ പരിഗണനയ്ക്കു വന്ന ഹർജിയിലുണ്ടായിരുന്നത്. അവിടെ യോഗങ്ങൾ നടത്താൻ അനുവാദം നൽകുന്ന പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് ഇഞ്ചിനീയറും എറണാകുളം റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടുമായിരുന്നു എതിർകക്ഷികൾ. ഹർജിയെ എതിർക്കാൻ അവർ കോടതിയിൽ എത്തിയിരുന്നില്ല. ഹർജിക്കാരൻ നൽകിയ ഫോട്ടോഗ്രാഫുകൾ കണ്ട ജഡ്ജിമാർക്ക് യോഗങ്ങൾ ഗതാഗതം തടസ്സപ്പെടുത്തുന്നെന്ന വാദം ശരിയാണെന്ന് ബോധ്യമായി. അവിടെ യോഗങ്ങൾ നടത്താൻ അനുവാദം നൽകരുതെന്നും ആരെങ്കിലും യോഗം നടത്താൻ ശ്രമിച്ചാൽ മൈക്കും മറ്റു സാധന സാമഗ്രികളും മാത്രമല്ല ആളുകലെയും നീക്കം ചെയ്യണമെന്നും അവർ ഉത്തരവിട്ടു. തുടർന്ന് അവർ വിധിയുടെ ഗുണം സംസ്ഥാനത്തെ റോഡുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും നീട്ടിക്കൊടുത്തു.

വിചാരണവേളയിൽ കോടതിയിലുണ്ടായിരുന്ന ഗവണ്മെന്റ് പ്ലീഡർ സർക്കാരിന്റെ അഭിപ്രായം തേടാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉത്തരവു പ്രകാരം നിരോധിക്കപ്പെടുന്നത് ഗതാഗതം തടസ്സപ്പെടുത്തൽ എന്ന നിയമവിരുദ്ധമായ പ്രവർത്തിയാകയാൽ സർക്കാർ ഉൾപ്പെടെ ആർക്കും എതിർപ്പുണ്ടാകാനിടയില്ലെന്ന് പറഞ്ഞുകൊണ്ട് ജഡ്ജിമാർ അത് വേണ്ടെന്നു തീരുമാനിച്ചു. ഇതാണ് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്ന വാദം ഉന്നയിക്കാൻ സർക്കാരിന് അവസരം നൽകിയത്. യഥാർത്ഥത്തിൽ വിധിയിൽ പുതുതായി ഒന്നുമില്ല. പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിൽ യോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ആ നിർദ്ദേശം പാലിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വിധി ഉണ്ടാകുമായിരുന്നില്ല.

കോടതി വിധി ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംഘടനാ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്ന രാഷ്ട്രീയ കക്ഷികളുടെ വാദം അടിസ്ഥാനരഹിതമാണ്. അവർ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാതെ ഈ സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കണമെന്നു മാത്രമാണ് അതാവശ്യപ്പെടുന്നത്. ഒരു ആധുനിക സമൂഹത്തിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആവശ്യമാണ്. തങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും അപേക്ഷിച്ച് കൂടുതൽ ഉയർന്ന സ്ഥാനമുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ധാരണയിൽ പ്രതിഫലിക്കുന്നത് ഫ്യൂഡൽ മനോഭാവമാണ്. അവർ അത് ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതികൾ സ്വീകരിക്കണം. ഇത് കാലം ആവശ്യപ്പെടുന്ന മാറ്റമാണ്. ഓരോ പട്ടണത്തിലും ഗ്രാമത്തിലും എവിടെയൊക്കെ യോഗങ്ങൾ നടത്താമെന്ന് അധികൃതർക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അവധി ദിവസങ്ങളിൽ സ്കൂൾ ഗ്രൌണ്ടുകളും യോഗങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (മതേതരം മാസിക, ജൂലൈ 2010)

മതേതരം മാസികയുടെ ജൂലൈ ലക്കത്തിൽ ഈ വിഷയത്തിലുള്ള രണ്ട് ലേഖനങ്ങൾ കൂടിയുണ്ട്: 1. കോടതിയ്ക്ക് ആര് മണികെട്ടും -- സിവിക് ചന്ദ്രൻ. 2. പൊതുനിരത്തും കോടതിവിധിയും -- അഡ്വ. പി.എസ്.ശ്രീധരൻപിള്ള.

ഈ മാസിക ഒരു തായാട്ട് പ്രസിദ്ധീകരണമാണ്. എഡിറ്റർ: പ്രതാപൻ തായാട്ട്. എഡിറ്റർ ഇൻ ചാർജ്: ഇ.ആർ. ഉണ്ണി. ഒറ്റപ്രതി വില 15 രൂപ. മേൽ‌വിലാസം: “പ്രൈഡ്”, ഈസ്റ്റ് ഹിൽ റോഡ്, ചക്കോരത്തുകുളം, കോഴിക്കോട്. ഫോൺ 9539064489

Sunday, July 25, 2010

കോടിയേരിയുടെ പൊലീസ് ഹിന്ദുത്വ സംരക്ഷകരോ?

ബി.ആര്‍.പി. ഭാസ്‌കര്‍

കൊല്ലം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ മുഖപത്രമായ 'സ്വതന്ത്ര നാട്ടുവിശേഷം' വിതരണം ചെയ്യാനെത്തിയവരെ പൊലീസ് പിടികൂടിയതായി ഏതാനും ദിവസം മുമ്പ് 'മാധ്യമ'ത്തില്‍ കണ്ടപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കണമെന്ന് തോന്നി. എഡിറ്റര്‍ കെ.ആര്‍. രമ്യയോട് ചോദിച്ചപ്പോള്‍ ദലിത് കോളനികളില്‍ വാരിക വിതരണം സി.പി.എം പ്രാദേശികനേതാക്കള്‍ തടയുന്നതായും പത്രക്കെട്ടുമായി ചെല്ലുന്ന സംഘടനാപ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായും പറഞ്ഞു.
കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ മാസത്തില്‍ വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഡി.എച്ച്.ആര്‍.എം എന്നൊരു ദലിത് തീവ്രവാദസംഘടന ശക്തി പ്രകടിപ്പിക്കാന്‍ ഒരു നിരപരാധിയെ കൊലപ്പെടുത്തിയെന്ന് പൊലീസ് പ്രചരിപ്പിക്കുകയുണ്ടായി. ഭീകരവാര്‍ത്തകളുടെ വിപണന സാധ്യത അറിവുള്ള മാധ്യമങ്ങള്‍ 'ദലിത് തീവ്രവാദം' ആഘോഷിച്ചു. പൊലീസ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ തേടി ദലിത് കോളനികള്‍ റെയ്ഡ് ചെയ്തു.
പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളുമൊത്ത് വര്‍ക്കല ചെന്നപ്പോഴാണ് മാധ്യമങ്ങളെ ഉപയോഗിച്ച് പൊലീസ് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭീകരസ്വഭാവം എനിക്ക് ബോധ്യമായത്. ദലിത്‌വേട്ടയില്‍ ശിവസേന പൊലീസിന്റെ കൂട്ടാളിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി 5,000ല്‍ പരം വോട്ടു നേടിയ ഡി.എച്ച്.ആര്‍.എമ്മിനെ ഒതുക്കേണ്ടത് എല്‍.ഡി.എഫും യു.ഡി.എഫും പൊതുവായ ആവശ്യമായി കണ്ടു. ദലിതരെ ലഹരിപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഡി.എച്ച്.ആര്‍.എമ്മിനെ ഒതുക്കേണ്ടത് മദ്യമയക്കുമരുന്നു ലോബിയുടെയും അവരില്‍നിന്ന് പ്രതിഫലം പറ്റുന്നവരുടെയും ആവശ്യം കൂടിയായിരുന്നു. ഏതാനും ദിവസം മുമ്പ് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരത്തില്‍ നിന്ന് ശിവപ്രസാദിന്റെ കൊലപാതകത്തിനു മുമ്പുതന്നെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ പിടികൂടാന്‍ ശ്രമം തുടങ്ങിയിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ദലിതര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ വര്‍ക്കല ചെന്നപ്പോള്‍ എറണാകുളത്തു നിന്നിറങ്ങുന്ന സ്വതന്ത്ര നാട്ടുവിശേഷത്തിന്റെ രണ്ട് ലക്കങ്ങള്‍ ഞാന്‍ ആദ്യമായി കണ്ടു. അതിന്റെ ഉയര്‍ന്ന നിലവാരം എന്നെ അദ്ഭുതപ്പെടുത്തി. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരെല്ലാം ജയിലിലോ ഒളിവിലോ ആയിരുന്നതുകൊണ്ട് അന്ന് അതിന്റെ പ്രസിദ്ധീകരണം നിലച്ചിരുന്നു. പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യമുണ്ടായപ്പോള്‍ വാരിക വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. വര്‍ക്കല സംഭവത്തെത്തുടര്‍ന്നുണ്ടായ പീഡനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളായിരുന്നു പിന്നീടുള്ള ലക്കങ്ങളില്‍. പത്രവിതരണം തടയുന്നതു സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് എഡിറ്റര്‍ ശേഖരിച്ച് അയച്ചുതന്ന വിവരത്തിന്റെ സംക്ഷിപ്തരൂപം ഇവിടെ ചേര്‍ക്കുന്നു:

തിരുവനന്തപുരം ജില്ല
വര്‍ക്കല സ്വദേശികളായ സുകു, നന്ദു എന്നിവര്‍ ചാവര്‍കോട്ടെ സജീവുമൊത്ത് പാരിപ്പള്ളി നീരോന്തി പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം വില്‍ക്കാനെത്തിയപ്പോള്‍ 'നിങ്ങളുടെ അറിവ് ഇവിടെ കൊടുക്കേണ്ട, അതിനിവിടെ ഞങ്ങളുണ്ട്' എന്നുപറഞ്ഞ് ഡി.വൈ.എഫ്.ഐയുടെയും ശിവസേനയുടെയും പ്രാദേശികനേതാക്കളടങ്ങുന്ന ഒരു സംഘം തടഞ്ഞു. പിന്നീട് പോലീസെത്തി അവരെ അറസ്റ്റു ചെയ്തു. 'സമൂഹത്തെ നശിപ്പിക്കുന്ന പ്രസിദ്ധീകരണവുമായി ഇറങ്ങിയിരിക്കുകയാണോടാ' എന്നായിരുന്നു പൊലീസിന്റെ ചോദ്യം.
മുദാക്കല്‍ പഞ്ചായത്തില്‍ വാരിക വില്‍ക്കാന്‍ പോയ അവനവഞ്ചേരി സ്വദേശികളായ ലളിത, രാജീവ്, വസന്ത എന്നിവരെ വാര്‍ഡ് മെംബറുടെ സഹോദരി വിലക്കി. വീണ്ടും ചെന്നാല്‍ പിടിച്ച് പൊലീസില്‍ ഏല്പിക്കുമെന്ന് താക്കീത് ചെയ്തു. പിന്നീട് സി.പി.എം. പ്രവര്‍ത്തകര്‍ ദലിതരുടെ വീടുകളില്‍ കയറി 'സ്വതന്ത്ര നാട്ടുവിശേഷം' വാങ്ങരുതെന്ന് നിര്‍ദേശിച്ചു.

കൊല്ലം ജില്ല
ജൂലൈ 8ന് വെളിച്ചക്കാലയിലെ സുധി കൊട്ടാരക്കര നീലേശ്വരത്ത് 'സ്വതന്ത്ര നാട്ടുവിശേഷം' വിതരണം ചെയ്തശേഷം ബൈജു എന്ന സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോള്‍ പൊലീസെത്തി അറസ്റ്റ്് ചെയ്തു. തന്മൂലം വര്‍ക്കലയിലും കൊല്ലത്തും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളില്‍ പ്രതിയായ സുധിക്ക് ജാമ്യവ്യവസ്ഥപ്രകാരം ആ സ്ഥലങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം തുടര്‍ന്നാല്‍ പുറംലോകം കാണാനാകാത്ത തരത്തിലുള്ള കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയോടെയാണ് അടുത്ത ദിവസം സുധിയെ പൊലീസ് വിട്ടത്.
വാളത്തുംഗല്‍ സ്വദേശി രാജു വെളുനല്ലൂര്‍ പഞ്ചായത്തിലെ കുളവയല്‍ പനയറക്കോണം കോളനിയില്‍ വാരിക വിതരണം ചെയ്യുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ വാര്‍ഡ് മെംബര്‍ തടഞ്ഞു. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരായ പ്രേമിതയും ശാന്തിപ്രിയയും അവിടെയെത്തി. മൂവരുടെയും കൈയിലുണ്ടായിരുന്ന വാരികയുടെ 250ഓളം പ്രതികള്‍ പിടിച്ചുപറിച്ചശേഷം അയാള്‍ പൂയപ്പള്ളി പൊലീസ്‌സ്‌റ്റേഷനിലെ എസ്.ഐയെ വിളിച്ചുവരുത്തി. തന്റെ സ്‌റ്റേഷന്‍പരിധിയില്‍ തീവ്രവാദ പ്രസിദ്ധീകരണം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്.ഐ. അഭിലാഷ് ഒരു പത്രക്കെട്ടെടുത്ത് രാജുവിന്റെ തലയിലടിച്ചു. പിന്നീട് അയാള്‍ തറയില്‍ ചിതറിയ വാരികകളില്‍ അവരെക്കൊണ്ട് കാര്‍ക്കിച്ചു തുപ്പിച്ചു.
ജൂലൈ 10ന് വാമനപുരം സ്വദേശി അനിലും വെഞ്ഞാറമൂട് സ്വദേശി രാഘവനും അയിരുകുഴി കണ്ണംകോട് അനിയുമായി വാരിക വിതരണത്തിന് ചിതറയിലേക്ക് പോകുമ്പോള്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അവരെ തടഞ്ഞു. ഡി.എച്ച്.ആര്‍.എംകാര്‍ തീവ്രവാദികളായതുകൊണ്ട് അനിയുടെ വീട്ടില്‍ പുറത്തുനിന്ന് വരുന്നവര്‍ പഞ്ചായത്ത്പ്രസിഡന്റിന്റെ അനുമതി വാങ്ങണമെന്ന് അവര്‍ പറഞ്ഞു. അനിലിനെയും രാഘവനെയും മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന വാരികയുടെ 80ഓളം കോപ്പികളും മൊബൈല്‍ഫോണും പിടിച്ചെടുക്കുകയും ചെയ്തശേഷം അവര്‍ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് 'തീവ്രവാദികളെ കിട്ടിയിട്ടുണ്ട്' എന്നറിയിച്ചു. പൊലീസെത്തി അവരെ അറസ്റ്റ് ചെയ്തു. വീടുകളില്‍ അതിക്രമിച്ചു കയറി എന്നതാണ് അവര്‍ക്കെതിരെ ചുമത്തിയ കുറ്റം. രാഷ്ട്രീയപ്രവര്‍ത്തകര്‍ അവരുടെ ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അതുകൊണ്ട് അതിന് ശ്രമിക്കരുതെന്നും പറഞ്ഞാണ് അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയശേഷം അവരെ വിട്ടയച്ചത്.
രനുരാജ്, സിമു, അനിത, അജിത, ഷൈല എന്നിവര്‍ വാരിക വിതരണം ചെയ്യുമ്പോള്‍ 25ഓളം സി.പി.എം പ്രവര്‍ത്തകര്‍ പവിത്രേശ്വരം സൊസൈറ്റി മുക്കില്‍ തടഞ്ഞു നിര്‍ത്തി ആണുങ്ങളെ മടല്‍ വെട്ടി അടിക്കുകയും പെണ്ണുങ്ങളുടെ വസ്ത്രം വലിച്ചു കീറുകയും അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആഴ്ചപ്പതിപ്പിന്റെ 150ഓളം കോപ്പികളും 2,500ഓളം രൂപയും അക്രമികള്‍ പിടിച്ചു പറിച്ചു. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
കിളിമാനൂരിലെ അനില്‍ സ്ഥലവാസികളായ രാജേന്ദ്രന്‍, സുജാതന്‍ എന്നിവരുമൊത്ത് വാളകം തേവന്നൂരില്‍ വാരിക വിതരണം ചെയ്യുമ്പോള്‍ വിനോദ്, വിജയകുമാര്‍ എന്നിവര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും കൊട്ടാരക്കര പൊലീസിന് കൈമാറുകയും ചെയ്തു. അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കി. അതിനടുത്ത ദിവസം മാത്രമാണ് അവര്‍ക്ക് ജാമ്യത്തില്‍ പുറത്തു പോകാനായത്.
ജൂലൈ 17ന് ഭൂതക്കുളത്ത് പ്രകാശിന്റെ വീട്ടില്‍ 95 പേര്‍ പങ്കെടുത്ത വായനക്കാരുടെ കൂട്ടായ്മ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പൊലീസ് സംഘമെത്തി പ്രകാശിനെയും ഡി.എച്ച്.ആര്‍.എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രശാന്തിനെയും അറസ്റ്റു ചെയ്ത് പരവൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റിന്റെ കാരണം ചോദിച്ചിട്ട് പറഞ്ഞില്ല. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് എന്തിന് കൊല്ലം ജില്ലയില്‍ വന്നുവെന്ന് ചോദിച്ചുള്ള ചോദ്യം ചെയ്യലിനിടയില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ 'ആള്‍ക്കാരെ വെട്ടിക്കൊല്ലുന്ന നീയൊക്കെ ആഴ്ചപ്പതിപ്പ് ഇറക്കി രക്ഷപ്പെടാമെന്ന് കരുതേണ്ട, ഒന്നിനെയും വെറുതെ വിടില്ല' എന്നിങ്ങനെ ഭീഷണിപ്പെടുത്തി. അറസ്റ്റു വിവരം അറിഞ്ഞ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ രാത്രി പൊലീസ്‌സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് രണ്ട് മണിയോടെ ഇരുവരെയും വിട്ടയച്ചു.

ആലപ്പുഴ ജില്ല
ചിറക്കര സ്വദേശി മോഹനന്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താമരക്കുളം പ്രദേശങ്ങളില്‍ 'സ്വതന്ത്ര നാട്ടുവിശേഷം' വിറ്റ് തിരികെപോകുമ്പോള്‍ പൊലീസ് തടഞ്ഞു. 'നീയൊക്കെ പരിചയമില്ലാത്ത സ്ഥലത്ത് എന്തിനു വരുന്നു' എന്ന് ചോദിച്ച് മോഹനനെ മാറ്റി നിര്‍ത്തി ഒപ്പമുണ്ടായിരുന്ന ബിനുവിനെ പിടിച്ചുകൊണ്ടുപോയി. ഒരു ദിവസം കസ്റ്റഡിയില്‍ വെച്ചശേഷമാണ് ബിനുവിനെ വിട്ടത്. ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ ഇനിയും ചെന്നാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിപ്പെടുത്തിയിട്ടാണ് ഇരുവരെയും വിട്ടത്.

ഇടുക്കി ജില്ല
മാത്യൂസ്, തങ്കച്ചന്‍, രാജു എന്നിങ്ങനെ പല പേരുകള്‍ നല്‍കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്ത ഒരാള്‍ ഉടുമ്പന്‍ചോല പ്രദേശത്ത് ദലിത്‌വീടുകളിലെത്തി വാരിക വാങ്ങരുതെന്ന് പറഞ്ഞു. കടയില്‍ കിട്ടുന്ന പ്രസിദ്ധീകരണങ്ങള്‍ മാത്രം വാങ്ങി വായിക്കാന്‍ അയാള്‍ ഉപദേശിച്ചു.

തൃശൂര്‍ ജില്ല
വെസ്റ്റ് കൊരട്ടിയിലെ അശ്വതി മാള കുരുവിളശ്ശേരി സെല്‍വരാജിന്റെ വീട്ടില്‍ വാരിക കൊടുക്കാന്‍ ചെന്നപ്പോള്‍ സ്ഥലത്തെ കമ്യൂണിസ്റ്റ് നേതാവായ ലാലു തടയുകയും ബാഗിലും ശരീരത്തിലും ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം പൊലീസില്‍ ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോടോ ഫോണില്‍ സംസാരിച്ച ശേഷം ഇനി ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ വരരുതെന്ന് പറഞ്ഞ് അയാള്‍ അശ്വതിയെ വിട്ടയച്ചു.
ഈയിടെ നടന്ന സംഭവങ്ങള്‍ മാത്രമാണ് മുകളില്‍ കൊടുത്തത്. പൊലീസും സി. പി.എമ്മുകാരും ചേര്‍ന്ന് പല സ്ഥലങ്ങളില്‍ ഒരേസമയം ഒരേ വിധത്തില്‍ പെരുമാറുമ്പോള്‍ അത് യാദൃച്ഛികമാണോ മറ്റെവിടെയോ എടുത്ത തീരുമാനത്തിന്റെ നടപ്പാക്കലാണോ എന്ന ചോദ്യം അപ്രസക്തമല്ല. സി.പി.എമ്മിന്റെ എതിര്‍പ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏറ്റവുമധികം ദലിത് വോട്ടുകള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി സി.പി.എം ആകയാല്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ വളര്‍ച്ച ഏറ്റവുമധികം നഷ്ടമുണ്ടാക്കുക അതിനാകുമല്ലോ. എന്നാല്‍ ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസുകാരും ആര്‍.എസ്.എസുകാരും 'സ്വതന്ത്ര നാട്ടുവിശേഷ'ത്തിന്റെ വിതരണം തടഞ്ഞിട്ടുണ്ട്. വലിയ പത്രമാപ്പീസില്‍ ഒരു കല്ലു വന്നുവീണാല്‍ പത്രസ്വാതന്ത്ര്യം അപകടത്തില്‍ എന്ന് മുറവിളിക്കുന്ന ഉടമകളുടെയും പത്രപ്രവര്‍ത്തകരുടെയും സംഘടനകള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ചെറിയ പത്രത്തിന്റെ മേല്‍ ഭരണകക്ഷി പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന കടന്നാക്രമണം ശ്രദ്ധിക്കുന്നതേയില്ല.
വാളകത്തെ അറസ്റ്റിനെ തുടര്‍ന്ന് സ്വതന്ത്ര നാട്ടുവിശേഷത്തിന്റെ കോപ്പി പരിശോധിച്ച കൊട്ടാരക്കര എസ്.ഐ. മഞ്ജുലാല്‍ മഹസ്സറില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'എട്ടാം പേജു മുതല്‍ 13ാം പേജു വരെയുള്ള ഭാഗങ്ങളില്‍ ആര്‍.എസ്.എസ്സിനെയും ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരെയും കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശിച്ചിട്ടുള്ളതാകുന്നു'. കോടിയേരി ബാലകൃഷ്ണന്റെ പൊലീസ് ഹിന്ദുത്വത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണോ? പൊലീസ് സംരക്ഷിക്കുന്ന 'ഉയര്‍ന്ന ജാതിക്കാര്‍ ആരൊക്കെയാണെന്നും അവരെ എത്ര ഉയരത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ആഭ്യന്തരമന്ത്രി ദയവായി വ്യക്തമാക്കണം. (മാധ്യമം, ജുലൈ 25, 2010)

Tuesday, July 13, 2010

ദലിത് തീവ്രവാദം ആരുടെ സൃഷ്ടി?

കേരളശബ്ദം ലേഖകൻ എം.ആർ.അജയൻ ദലിത് തീവ്രവാദാരോപണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ട് വാരികയുടെ പുതിയ ലക്കത്തിൽ (ജൂലൈ 25) പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വലിപ്പം കൂട്ടാൻ പേജിൽ ക്ലിക്ക് ചെയ്യുക

Friday, July 2, 2010

മതവും രാഷ്ട്രീയവും: ഒരു ചർച്ച

സ്കൂള്‍ ഓഫ് ഭഗവദ് ഗീതയുടെ പ്രസിദ്ധീകരണമായ ‘പിറവി’ ജൂണ്‍ 2ന് ‘മതവും രാഷ്ട്രീയവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി.

തിരുവനന്തപുരത്ത് തിരുമലയിലുള്ള സ്കൂളിന്റെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ മതങ്ങളെ പ്രതിനിധീകരിച്ച് മൂന്നു പേരും രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് മൂന്ന് പേരും പങ്കെടുത്തു.

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍: സ്വാമി സന്ദീപാനന്ദഗിരി (സ്കൂള്‍ ഓഫ് ഭഗവദ് ഗീത ആചാര്യന്‍), ഫാദര്‍ ബോവസ് മാത്യു (കത്തോലിക്ക അതിരൂപതയുടെ മാധ്യമ വിഭാഗം തലവന്‍), ഷഹീദ് മൌലവി (ജമാ അത്തെ ഇസ്ലാമി സെക്രട്ടറി), എ. സമ്പത്ത് എം. പി. (സി.പി.എം), പി.സി.വിഷ്ണുനാഥ് എം.എല്‍.എ. (കോണ്‍ഗ്രസ്), അഡ്വ. എസ്. സുരേഷ് (ബി.ജെ.പി). സ്കൂളിന്റെ ക്ഷണപ്രകാരം ഞാന്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.

ചര്‍ച്ചയുടെ ആദ്യഭാഗം ഇപ്പോള്‍ വിപണിയിലുള്ള പിറവിയുടെ ജൂലൈ ലക്കത്തിലുണ്ട്.

ഉഷ എസ്. നായര്‍ ആണ് പിറവിയുടെ ചീഫ് എഡിറ്റര്‍.

വിലാസം:
പിറവി മാസിക,
സ്കൂള്‍ ഓഫ് ഭഗവദ് ഗീത,
കുണ്ടമണ്‍കടവ്,
തിരുമല പ്.ഇ.
തിരുവനന്തപുരം 695006
ഫോണ്‍: 0471-2367299 / 2736474
ഇ-മെയില്‍: piravionline@gmail.com

Thursday, July 1, 2010

കുടിവെള്ളം ബ്ലോഗ്

രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കുടിവെള്ളം ഗൂഗിള്‍ ഗ്രൂപ്പ് (kudivellam@googlegroups.com) ബ്ലോഗായി മാറിയിരിക്കുന്നു.

വിദ്യാഭ്യാസ-തൊഴില്‍ വിഷയങ്ങളില്‍ കിട്ടുന്ന പുതിയ അറിവുകള്‍ പങ്കുവെക്കുകയായിരുന്നു ആയിരത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം.
അതു കൂടുതല്‍ ഫലപ്രദമായി ബ്ലോഗ് വഴി ചെയ്യാനായേക്കുമെന്ന് സംഘാടകർ പ്രത്യാശിക്കുന്നു

URL http://thelifedrink.blogspot.com/