Monday, May 31, 2010

കമലാ സുരയ്യ ഫൌണ്ടേഷൻ

കമല സുരയ്യ ജീവിത കാലത്ത് ഉയർത്തിപ്പിടിച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി കമലാ സുരയ്യ ഫൌണ്ടേഷൻ രൂപീകരിച്ചു.

കമല സുരയ്യയുടെ ഒന്നാം ചരമവാർഷികദിനത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തനിമ എന്ന സാംസ്കാരിക സംഘടന തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായി.

കമലാ സുരയ്യയുടെ മൂത്ത മകൻ എം.ഡി. നാലപ്പാട് ആണ് ഫൌണ്ടേഷന്റെ ചെയർമാൻ.

മറ്റ് ഭാരവാഹികൾ
വൈസ് ചെയർമാൻമാർ: ശൈഖ് മുഹമ്മദ് കാരകുന്ന്, ബി.ആർ.പി.ഭാസ്കർ
ജനറൽ സെക്രട്ടറി: എൻ.എം.അബ്ദുറഹ്മാൻ
സെക്രട്ടറിമാർ: എം. മെഹബൂബ്, കെ.പി.രാമനുണ്ണി
ട്രഷറർ: ഡോ. കുന്നിൽ ബഷീർ
അംഗങ്ങൾ: ലക്ഷ്മി നാലപ്പാട്, ഡോ. എൻ.എ. കരിം, പെരുമ്പടവം ശ്രീധരൻ, സി.ഗൌരിദാസൻ നായർ, എം. നജീബ്, ഒ.വി.ഉഷ, ആദം അയ്യൂബ്, വയലാർ ഗോപകുമാർ, എൻ.പി.ജിഷാർ.

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഞാൻ ഉത്ഘാടനം ചെയ്തു. പെരുമ്പവം ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ലക്ഷ്മി നാലപ്പാടും യോഗത്തിൽ സംസാരിച്ചു.

Saturday, May 29, 2010

അധികാരവും സ്ത്രീകളും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമായി ഉയർത്തിയശേഷമുള്ള ആദ്യതെരഞ്ഞെടുപ്പ് വരുകയാണ്.

സ്ത്രീകൾക്ക് രാഷ്ട്രീയരംഗത്ത് ശക്തമായി ഇടപെടാനും ഗുണപരമായ മാറ്റങ്ങൾ വരുത്താനുമുള്ള അവസരം ഇത് നൽകുന്നു.

ഈ അവസരം പ്രയോജനപ്പെടുത്താൻ സ്ത്രീസമൂഹം തയ്യാറാണോ?

ഈ വിഷയം ഞാൻ ഒരു ലേഖനത്തിൽ ചർച്ച ചെയ്യുന്നു. ലേഖനം ഗൃഹലക്ഷ്മി മാസികയുടെ ജൂൺ പതിപ്പിൽ, “ഇനി സ്ത്രീകൾ തീരുമാനിക്കട്ടെ” എന്ന തലക്കെട്ടിൽ.

Monday, May 24, 2010

അംബേദ്കർ സിനിമ: സർക്കാർ മുൻ‌കൈ എടുക്കണം


മമ്മൂട്ടി അംബേദ്കറായി

ജബ്ബാര്‍ പട്ടേല്‍ എന്ന പ്രശസ്തനായ മറാത്തി സംവിധായകന്‍ ബാബാസാഹിബ് ബി. ആര്‍. അംബേദ്കറുടെ ജീവിതത്തെ ആസ്പദമാക്കി 12 കൊല്ലം മുമ്പ് ഒരു ബഹുഭാഷാ ചലച്ചിത്രം നിര്‍മ്മിക്കുകയുണ്ടായി. മമ്മൂട്ടിയാണ് അതില്‍ അംബേദ്കറായി പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ക്ക് ഇതുവരെ അത് കാണാന്‍ അവസരമുണ്ടായിട്ടില്ല.

ചിത്രത്തിന്റെ തമിഴ് ഭാഷ്യം ഏറ്റവും വേഗത്തില്‍ റിലീസ് ചെയ്യാന്‍ നാഷനല്‍ ഫിലി, ഡവലപ്മെന്റ് കോര്‍പ്പൊറേഷനോടും അതിന് വിനോദനികുതി ഇളവ് നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ തമിഴ് നാട് സര്‍ക്കാരിനോടും മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടു. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്നത്തെ ഹിന്ദു പത്രത്തിലെ റീഡേഴ്സ് എഡിറ്റര്‍ എസ്. വിശ്വനാഥന്റെ പഒക്തി കാണുക. http://www.hindu.com/2010/05/24/stories/2010052452661100.htm).

കേരളത്തിലും ഈ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിയിട്ടില്ല. പക്ഷെ സൂപ്പര്‍താരത്തിന്റെ ആരാധകവൃന്ദമൊ അദ്ദേഹത്തിന് ഏറെ സ്വാധീനമുള്ള താര സംഘടനയായ അമ്മയൊ സിനിമയെ രക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന നിര്‍മ്മാതാക്കളുടെ സംഘടനയൊ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും സംഘടനയൊ ചെറുവിരല്‍ പോലുമനക്കിയതായി അറിവില്ല.

തമിഴ് നാട്ടില്‍ സംഭവിച്ചതുപോലെ ആരെങ്കിലും കോടതിയില്‍ പോയി ഉത്തരവ് വാങ്ങുന്നതിനു കാത്തിരിക്കാതെ ചിത്രത്തിന്റെ മലയാള പതിപ്പ് ഉടന്‍ റിലീസ് ചെയ്യിപ്പിക്കാനും നികുതി ഇളവു നല്‍കി അതിനെ പ്രോത്സാഹിപ്പിക്കാനും കേരള സര്‍ക്കാര്‍ തയ്യാറാകണം.

Tuesday, May 18, 2010

‘കനിവുതേടുന്ന കിനാലൂരിന് ഐക്യദാർഢ്യം‘

കിനാലൂരിലെ പൊലീസ് തേർവാഴ്ചയുടെ ദൃശ്യങ്ങൾ ചാനലുകളിലൂടെ ജനങ്ങൾ കണ്ടത് മേയ് 6നായിരുന്നു. പന്ത്രണ്ട് ദിവസങ്ങൾക്കുശേഷം തിരുവനന്തപുരത്ത് ഇന്ന്, ആദ്യമായി, അതിനെതിരായ ജനവികാരം ഒരു പൊതുവേദിയിൽ പ്രകടമായി. “കനിവുതേടുന്ന കിനാലൂരിന് ഐക്യദാർഢ്യം” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള സംസ്കാര സാഹിതി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയാണ് അതിനുള്ള വേദിയായത്.

സംസ്കാര സാഹിതി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായിരുന്നു. നാലു വരി പാതയ്ക്കായി സർവേ നടത്തുന്നതിനെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനമാണ് പൊലീസ് അതിക്രമത്തിന് കാരണമായത്. അതിനു മുമ്പും അതിനു ശേഷവും ആ പ്രദേശം സന്ദർശിക്കുകയും അവിടത്തെ പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തിട്ടുള്ള വി.എം.സുധീരൻ കൂട്ടായ്മ ഉത്ഘാടനം ചെയ്തു.

ഗാന്ധിയൻ പ്രസ്ഥാന നേതാവായ പി. ഗോപിനാഥൻ നായർ, സാഹിത്യകാരനായ ജോർജ് ഓണക്കൂർ എന്നിവരോടൊപ്പം ഞാനും കൂട്ടായ്മയിൽ പങ്കെടുത്തു സംസാരിച്ചു.

കിനാലൂരിലെ ഭരണകൂട ഭീകരതക്കെതിരെ തലസ്ഥാന നഗരിയിൽ ശബ്ദം ഉയരാൻ ഇത്രയും ദിവസം എടുത്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഞാൻ പറഞ്ഞു. മലയാളി മദ്ധ്യവർഗ്ഗത്തിന്റെ സ്വഭാവം അതിൽ പ്രതിഫലിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വായ് മൂടി പണിയെടുക്കുകയും തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ വീണ്ടും അധികാരത്തിലേറ്റുകയും ചെയ്ത പാരമ്പര്യമുള്ള വിഭാഗമാണല്ലൊ അത്.

സമാനമായ മറ്റൊരു അനുഭവത്തെക്കുറിച്ചും ഞാൻ പറഞ്ഞു. മറ്റൊരു സർക്കാരിന്റെ കാലം. മറ്റൊരു പൊലീസ് അതിക്രമം. മുത്തങ്ങയിൽ 2003ൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ സമരത്തിലേർപ്പെട്ടിരുന്ന ആദിവാസികളെ തുരത്താൻ പൊലീസ് വെടിവെച്ചു. തിരുവനന്തപുരത്ത് ഒരു പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ അഞ്ചു ദിവസം വേണ്ടി വന്നു. ആദിവാസി ഭൂപ്രശ്നത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് വോട്ടുചെയ്യുന്ന കാലമായിരുന്നു അത്. സി.പി.എം. വെടിവെയ്പ്പിനെ അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതാണ് പൌരാവകാശ പ്രവർത്തകർക്ക്
രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് കവാടം വരെ മാർച്ച് ചെയ്യാനുള്ള ധൈര്യം നൽകിയത്.

പ്രതിപക്ഷ മുന്നണിയുടെ സഹായകരമായ നിലപാട് മൂലമാണ് മുത്തങ്ങയിലും കിനാലൂരിലും നടന്ന പൊലീസ് അതിക്രമം തിരുവനന്തപുരത്തെ മദ്ധ്യവർഗ്ഗ മനസ്സുകളിൽ ഉയർത്തിയ ഭീതി മറികടക്കാനായത്. സ്വാഭാവികമായും രണ്ട് പ്രതിഷേധങ്ങൾക്കും അതുകൊണ്ട് വ്യക്തമായ രാഷ്ട്രീയച്ചുവയുണ്ടായി.

രണ്ട് മുന്നണികളും ഒരേ നിലപാടെടുത്ത ഒരു അനുഭവം കൂടി രേഖപ്പെടുത്തട്ടെ. കഴിഞ്ഞ കൊല്ലം വർക്കലയിൽ ഒരു കൊലപാതകത്തെ തുടർന്ന് ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എന്ന സംഘടനയെ തീവ്രവാദി പ്രസ്ഥാനം എന്ന് മുദ്ര കുത്തിക്കൊണ്ട് പൊലീസ് അതിന്റെ പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ നരവേട്ടക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസൊ യു.ഡി.എഫിലെ മറ്റേതെങ്കിലും ഘടകകക്ഷിയൊ തയ്യാറായില്ല. എൽ.ഡി.എഫിന്റെ തീവ്രവാദിമുദ്ര കോൺഗ്രസുകാരെയും ഭയപ്പെടുത്തി. തന്മൂലം അതിനെതിരായ പ്രതിഷേധങ്ങൾ ദലിതരുടെ പരിപാടികളായി ഒതുങ്ങി. ചില മുസ്ലിം സംഘടനകൾ മാത്രമാണ് അവരെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നത്. കിനാലൂരിലെ ജനകീയ പ്രതിരോധത്തെയും തീവ്രവാദി ആരോപണം ഉയർത്തി അപകീർത്തിപ്പെടുത്താൻ സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും കോൺഗ്രസ് അതിൽ വീണില്ലെന്നത് സന്തോഷകരമാണ്.

ഇവിടം സ്വർഗ്ഗമാണ്!

ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ നാലാം വാർഷികത്തിൽ വിവിധ പത്രങ്ങളോടൊപ്പം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ വിതരണം ചെയ്ത “വികസ്വരകേരളം” സപ്ലിമെന്റിൽ മുഖ്യമന്ത്രി എഴുതുന്നു:

“അഭൂതപൂർവമായ നേട്ടങ്ങളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് നാഌ വർഷം പിന്നിടുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്നീ അടിസ്ഥാന ലക്ഷ്യങ്ങളോടെ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാൻ ഈ കാലയളവിൽ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.“

ബാക്കി കഥ സപ്ലിമെന്റിലെ തലക്കെട്ടുകൾ പറയട്ടെ.

വികസനത്തിന്റെ വസന്തകാലം – വി.എസ്.അച്യുതാനന്ദൻ, മുഖ്യമന്ത്രി
കേരളം ശാന്തം – കോടിയേരി ബാലകൃഷ്ണൻ, ആഭ്യന്ത-ടൂറിസം മന്ത്രി
വിലക്കയറ്റം പിടിച്ചുനിർത്തി – സി. ദിവാകരൻ, ഭക്ഷ്യ-മൃഗസംരക്ഷണ മന്ത്രി
ധനസുഭിക്ഷതയുടെ നാളുകൾ -- ഡോ. ടി.എം. തോമസ് ഐസക്, ധന മന്ത്രി
തീർത്ഥാടകർക്ക് ക്ഷേമം – രാമചന്ദ്രൻ കടന്നപ്പള്ളി, ദേവസ്വം-അച്ചടി വകുപ്പ് മന്ത്രി
കെ.എസ്.ആർ.ടി.സി.ക്ക് പുത്തനുണർവ് – ജോസ് തെറ്റയിൽ, ഗതാഗത മന്ത്രി
മത്സ്യമേഖലയും വികസന നേട്ടങ്ങളും – എസ്. ശർമ, ഫിഷറീസ്, രജിസ്ട്രേഷൻ മന്ത്രി
മറക്കാനാവുമോ ഈ നേട്ടങ്ങൾ -- ബിനോയ് വിശ്വം, വനം-ഭവന മന്ത്രി
ഭാവികേരളത്തിന്റെ ഉറപ്പ് – എം. വിജയകുമാർ, നിയമ, സ്‌പോർട്സ്, യുവജനക്ഷേമ മന്ത്രി
തൊഴിൽ-എക്സൈസ് വകുപ്പുകളുടെ കർമനിരതമായ നാല് വർഷങ്ങൾ -- പി.കെ. ഗുരുദാസൻ, തൊഴിൽ-എക്സൈസ് മന്ത്രി
പഠന നിലവാരം ഉയർന്നു; സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങൾ -- എം.എ. ബേബി, വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി
സാന്ത്വനമായി ആരോഗ്യരംഗം – പി.കെ. ശ്രീമതി ടീച്ചർ
ഇന്ത്യയ്ക്ക് മാതൃകയാവുന്ന തദ്ദേശഭരണം – പാലോളി മുഹമ്മദ്കുട്ടി – തദ്ദേശസ്വയംഭരണ മന്ത്രി
കേരളം സമ്പൂർണ വൈദ്യുതികരണത്തിലേക്ക് – എ.കെ. ബാലൻ, വൈദ്യുതി – പിന്നാക്ക, പട്ടികവിഭാഗക്ഷേമ മന്ത്രി
സഹകരണ നവോത്ഥാനം – ജി. സുധാകരൻ, സഹകരണ-കയർ മന്ത്രി
ഉറച്ച അടിത്തറയിൽ വ്യവസായവികസനം – ഏളമരം കരീം, വ്യവസായ മന്ത്രി
ഭൂവിതരണത്തിൽ റെക്കോർഡ് – കെ.പി. രാജേന്ദ്രൻ, റവന്യു മന്ത്രി
കാർഷികസമൃദ്ധിയുടെ നാളുകൾ -- മുല്ലക്കര രത്നാകരൻ, കൃഷി മന്ത്രി
റോഡ് വികസനത്തിൽ ശരിയായ കാഴ്ചപ്പാടും നടപടികളും (ഇത് പിതൃശൂന്യ ലേഖനം)

Friday, May 14, 2010

കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം

ബി.ആര്‍.പി ഭാസ്കര്‍

കിനാലൂര്‍ സംഭവം രാഷ്ട്രീയ സാമ്പത്തിക സാമൂഹികതലങ്ങളില്‍ മാത്രമല്ല, സാംസ്കാരികതലത്തിലും അടയാളപ്പെടുത്തേണ്ട ഒന്നാണ്. കേരളം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന ഓര്‍മപ്പെടുത്തലും അതിലടങ്ങിയിട്ടുണ്ട്.

കിനാലൂരിലുണ്ടായതുപോലുള്ള തെരുവ് യുദ്ധങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. അവ ആകസ്മികവുമല്ല. പ്രകടനക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടാകുമെങ്കില്‍ കാര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് അക്കാര്യം മുന്‍കൂട്ടി അറിയാനാകും. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികളെ പുറത്താക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ അയച്ച ദിവസം രാവിലെ ഒരു സുഹൃത്ത് എന്നെ വിളിച്ച് വെടിവെപ്പുണ്ടാകുമെന്നും തടയാന്‍ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ഉടന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് തടയാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്കു പോലും ആ ഘട്ടത്തില്‍ അത് തടയാന്‍ കഴിയുമായിരുന്നോയെന്ന് സംശയമാണ്.

കിനാലൂരിലെ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്ന സി.പി.എമ്മിന്റെയും വ്യവസായ മന്ത്രി എളമരം കരീമിന്റെയും പ്രസ്താവം പാടെ തള്ളിക്കളയാവുന്നതല്ല. അവര്‍ പറയുന്നത് അര്‍ധസത്യമാണെന്നു മാത്രം. റോഡ്വികസനത്തിനെതിരെ സമരം ചെയ്യുന്ന, സി.പി.എം ഒഴികെയുള്ള കക്ഷികളുടെ പ്രതിനിധികള്‍ അടങ്ങുന്ന ജനജാഗ്രതാസമിതി നേരത്തെ സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ശ്രമം നേരത്തേ ഒന്നിലധികം തവണ തടഞ്ഞിരുന്നു. വീണ്ടും സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സമിതിനേതാക്കള്‍ ജില്ലാകലക്ടറെ കണ്ട് അതും തടസ്സപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ എതിര്‍പ്പ് മാനിച്ച് മുമ്പ് സര്‍വേ ശ്രമങ്ങള്‍ ഉപേക്ഷിച്ച സര്‍ക്കാര്‍ എന്തു വിലകൊടുത്തും അത് ഇത്തവണ നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് സന്നാഹത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

സര്‍ക്കാര്‍ നാട്ടുകാരുമായി പതിനൊന്നു വട്ടം സംഭാഷണം നടത്തിയിരുന്നെന്നും 46 വീട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന് എഴുതിക്കൊടുത്തിരുന്നെന്നും സി.പി.എം അവകാശപ്പെടുന്നു. വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീര്‍ച്ചയായും സമ്മതനിര്‍മിതിക്കുള്ള കഴിവുണ്ട്. ടെലിവിഷന്‍കാമറയുടെ മുന്നില്‍ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലിയ ഒരാളെക്കൊണ്ട് പ്രതിഷേധക്കാരുടെ കല്ലേറിലാണ് തനിക്ക് പരിക്കേറ്റതെന്ന് പറയിപ്പിക്കാന്‍ അതിന് കഴിഞ്ഞുവെന്നതും നമുക്ക് ഇവിടെ ഓര്‍ക്കാം. പതിനൊന്നു വട്ടം നാട്ടുകാരുമായി ചര്‍ച്ച നടത്തിയ സര്‍ക്കാറിന് പന്ത്രണ്ടാംതവണ അത് ചെയ്യാനുള്ള സന്മനസ്സ് എന്തുകൊണ്ട് ഉണ്ടായില്ല? അടുത്ത കാലത്ത് വികസനത്തിന്റെ പേരില്‍ പല സംസ്ഥാനസര്‍ക്കാറുകളും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തലുകള്‍ നടത്തിയിട്ടുണ്ട്. അതൊക്കെയും പദ്ധതികള്‍ തയാറാക്കുകയും അവ നടത്താന്‍ മുന്നോട്ടുവന്നവരുമായി കരാറുകള്‍ ഒപ്പിട്ടശേഷമായിരുന്നു. കിനാലൂരില്‍ വ്യവസായം തുടങ്ങാന്‍ ആരും ഇതുവരെ തയാറായിട്ടില്ല. ആദ്യം അടിസ്ഥാനസൌകര്യം ഉണ്ടാകണമെന്നും അതിനുശേഷമേ സംരംഭകര്‍ വരികയുള്ളൂ എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വാദം അംഗീകരിച്ചാല്‍തന്നെ ഒരു ചോദ്യം അവശേഷിക്കുന്നു. ജനജാഗ്രതാ സമിതിയുമായി കൂടുതല്‍ ചര്‍ച്ച നടത്തി, അത് മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനു പകരം ജനങ്ങളെ തല്ലിച്ചതച്ചാണെങ്കിലും റോഡ് പണിയാന്‍ കരീമിന് എന്താണിത്ര ധൃതി?

പ്രകടനക്കാര്‍ അക്രമത്തിന് തയാറായി വന്നെന്നതിന് പൊലീസും മന്ത്രിയും നല്‍കുന്ന തെളിവ് അവര്‍ ചാണകവെള്ളം കരുതിവെച്ചിരുന്നു എന്നതാണ്. ചാണകവെള്ളം കൊണ്ടുള്ള അഭിഷേകം സുഖകരമായ അനുഭവമല്ല. അതേസമയം, അധികാരത്തിന്റെ ഇരുമ്പുമുഷ്ടി നേരിടുന്ന നിസ്സഹായരായ ജനങ്ങള്‍ക്ക് പ്രതിരോധമുറയുടെ ഭാഗമായി ഉപയോഗിക്കാനാവുന്ന ഏറ്റവും നിരുപദ്രവകരമായ ആയുധമാണത്. മാരകായുധമായി അതിനെ ചിത്രീകരിക്കാനുള്ള ദുരുപദിഷ്ടശ്രമം ജനകീയ പ്രതിരോധങ്ങളില്‍ അതിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാകാനേ സഹായിക്കൂ.

ചാണകവെള്ള പ്രയോഗവും കല്ലേറും പൊലീസിനെ പ്രകോപിപ്പിച്ചുവെന്നതാണ് ദൃശ്യമാധ്യമങ്ങളിലൂടെ നാം കണ്ട പൊലീസ് തേര്‍വാഴ്ചക്ക് ന്യായീകരണമായി കിനാലൂര്‍വിഷയത്തില്‍ സര്‍ക്കാറിന്റെ ഏകവക്താവായി നിലകൊള്ളുന്ന കരീമും ചാനല്‍ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടിവക്താക്കളും ചൂണ്ടിക്കാണിച്ചത്. ഇത്തരം പ്രകോപനങ്ങള്‍ പൊലീസുകാരെ പ്രതികാരദാഹികളാക്കുന്നെങ്കില്‍ അതിന്റെ അര്‍ഥം അവര്‍ക്ക് നല്ല പരിശീലനം കിട്ടിയിട്ടില്ലെന്നാണ്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി പൊലീസില്‍ സി.പി.എം ഫ്രാക്ഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന അറിവിന്റെ വെളിച്ചത്തില്‍ കിനാലൂരിലെ പൊലീസ്നടപടികളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടായിരുന്നോ എന്നതും പരിശോധനയര്‍ഹിക്കുന്നു.

വ്യക്തമായ നവ ലിബറല്‍ അജണ്ടയുമായാണ് നാലു കൊല്ലം മുമ്പ് എല്‍.ഡി.എഫ് അധികാരത്തിലേറിയത്. സി.പി.എം ദേശീയനേതൃത്വം നേരത്തെ തന്നെ നവലിബറലിസത്തിന് പച്ചക്കൊടി കാട്ടിയിരുന്നു. ആ പരിപാടി പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ലാത്ത വി.എസ് അച്യുതാനന്ദനെ മുഖ്യമന്തിയാക്കേണ്ടി വന്നപ്പോള്‍ സംസ്ഥാനനേതൃത്വം അത് നടപ്പാക്കുന്ന ചുമതല വിശ്വസ്തരായ മന്ത്രിമാരെ ഏല്‍പിക്കുകയും പാര്‍ട്ടി ചട്ടങ്ങളുയര്‍ത്തി മുഖ്യമന്ത്രിക്ക് കൂച്ചുവിലങ്ങിടുകയും ചെയ്തു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് കമ്യൂണിസ്റ്റ് സംഘടനാസംവിധാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. പക്ഷേ, മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും അച്യുതാനന്ദനെപ്പോലെ അതിന്റെ തടവറയിലായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടലുകളും പൊതുജനങ്ങളുടെ എതിര്‍പ്പും മറികടന്ന് അജണ്ടയിലെ ചില ഇനങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് എച്ച്.എം.ടി ഭൂമി ഇടപാട്. ആ വിഷയം സുപ്രീംകോടതിവരെ പോയി. കോടതി ഭൂമികൈമാറ്റം അനുവദിച്ചതുകൊണ്ട് വ്യവസായിക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായി. എന്നാല്‍ ഭൂമി വ്യവസായാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന കോടതിയുടെ നിര്‍ദേശം ഇടനിലക്കാരുടെ മോഹം തകര്‍ത്തു. അവശേഷിക്കുന്ന ഒരു കൊല്ലത്തിനുള്ളില്‍ നവ ലിബറല്‍അജണ്ടയിലെ മറ്റിനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ധിറുതിയിലുള്ള നീക്കങ്ങള്‍ക്കു പിന്നില്‍.

കുറച്ചുകാലമായി ഇടതുപക്ഷത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന സവര്‍ണ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തിന് വേഗത കൂടുന്നുവെന്ന സൂചനയും കിനാലൂര്‍ നല്‍കുന്നുണ്ട്. അതിന്റെ ഏറ്റവും ഭീതിജനകമായ അംശം തീവ്രവാദം ആരോപിച്ച് ഒരു ജനകീയപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.എമ്മിന്റെ ഹീനശ്രമമാണ്. പാര്‍ട്ടിയില്‍നിന്ന് ദലിത് വിഭാഗങ്ങളെ അകറ്റുന്നതില്‍ വിജയിച്ച വര്‍ക്കലയിലെ ദലിത് ഹ്യൂമന്‍റൈറ്റ്സ് മൂവ്മെന്റിനെയും നേരത്തെ ഈ വിധത്തില്‍ മുദ്രകുത്തിയിരുന്നു. ഹിന്ദുത്വത്തിന്റെ കൊടിയുമായി നില്‍ക്കുന്നവരെയും കൂട്ടിയാണ് അവിടെ അത് ചെയ്തത്. ഇപ്പോഴിതാ ഒരു തരി തെളിവും മുന്നോട്ടുവെക്കാതെ ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പേരെടുത്തു പറഞ്ഞ് സി.പി.എം നേതാക്കള്‍ തീവ്രവാദി ആരോപണം ഉന്നയിക്കുന്നു. അധികാരം കൈയാളുന്നവരെന്ന നിലക്ക് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമപ്രകാരം നടപടികളെടുക്കാന്‍ കഴിയുന്നവരാണവര്‍. ബി.ജെ.പി ലോക്സഭാനേതാവ് സുഷമാ സ്വരാജ് വാക്കൌട്ട് നടത്തുന്നു എന്ന് പറയുമ്പോള്‍ സി.പി.എം മെമ്പര്‍മാര്‍ ഒപ്പം ഇറങ്ങിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്. അതേ ലാഘവത്തോടെ മുസ്ലിംസമുദായത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്ന സംഘ്പരിവാര്‍ തന്ത്രം ഇവിടെ പയറ്റാന്‍ നവോത്ഥാനപാരമ്പര്യം ഉള്‍ക്കൊണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം സി.പി.എം നേതൃത്വത്തിനുണ്ടാകണം. (മാധ്യമം, മേയ് 14, 2010)

Tuesday, May 11, 2010

കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ

മലയാള മനോരക്കൊപ്പം ദേശാഭിമാനിയും അൽമായർക്കെതിരെ സഭാ നേതൃത്വത്തോടൊപ്പം നിൽക്കുന്ന കാഴ്ച ഈയിടെ നാം കാണുകയുണ്ടായി. അത് ഒരു അപഭ്രംശം മാത്രമാണെന്ന വിശദീകരണവുമുണ്ടായി. സഭാ നേതൃത്വത്തെപ്പോലെ തന്നെ സി.പി.എമ്മിനെയും മനോരമയെയും ഒന്നിക്കുന്ന മറ്റൊരു അപഭ്രംശമാണ് ഇന്നത്തെ വിഷയം. കഥാനായകൻ ഐ.ജി. ടോമിൻ ജെ. തച്ചങ്കരി ആണ്.

അടിയ്ക്കടി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നയാളാണ് തച്ചങ്കരി. മാധ്യമങ്ങളിലൂടെ നാം അറിയുന്ന തച്ചങ്കരി ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല, ഗാനരചയിതാവ്, ബിസിനസുകാരൻ, ടി.വി. ചാനൽ രംഗത്തെ മധ്യവർത്തി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നയാളാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ വായനക്കാരെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന വാർത്തകൾക്ക് വേണ്ടുവോളം സാധ്യത നൽകുന്ന സർവകലാശാലാവല്ലഭൻ. പ്രകമ്പനം കൊള്ളിക്കുന്ന വാർത്താശൈലി കേരളത്തിൽ അവതരിപ്പിക്കുകയും ഇന്നും മറ്റേതൊരു മാധ്യമത്തേക്കാളും സമർത്ഥമായി പിന്തുടരുകയും ചെയ്യുന്ന പത്രമാണ് മനോരമ. എന്നാൽ തച്ചങ്കരി വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ ഈ സാമർത്ഥ്യം പ്രകടമാകാറില്ല. കോട്ടയത്ത് സേവനം അനുഷ്ഠിച്ച കാലത്തു അദ്ദേഹമുണ്ടാക്കിയ സൌഹൃദങ്ങളാവാം പത്രത്തിന്റെ മൃദുസമീപനത്തിനു പിന്നിൽ എന്നാണ് ഞാൻ കരുതിയിരുന്നത്. കഴിഞ്ഞ ദിവസം പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ബന്ധത്തിന് കൂടുതൽ ആഴമുണ്ടെന്ന സൂചന നൽകുന്നു.

മേയ് 8ലെ (ശനിയാഴ്ച) പത്രത്തിൽ ഒന്നാം പേജിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ട് “തച്ചങ്കരിക്കെതിരെ ഉടൻ കുറ്റപത്രം നൽകാൻ വിഎസിന്റെ അന്ത്യശാസനം” എന്നായിരുന്നു. തുടക്കം ഇങ്ങനെ:

സി.പി.എം. സെക്രട്ടേറിയറ്റ് നിർദ്ദേശം കാറ്റിൽ‌പ്പറത്തിയും ആഭ്യന്ത്രവകുപ്പിനെ ഒഴിവാക്കിയും ഐ.ജി. ടോമിൻ തച്ചങ്കരിക്കെതിരെ വീണ്ടും മുഖ്യമന്ത്രിയുടെ ഒറ്റയാൾ പോരാട്ടം.

ഇക്കുറി വിജിലൻസ് ഡയറക്ടർ ഡിജിപി കെ.പി. സോമരാജനെ ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തിയാണ് തച്ചങ്കരിക്കെതിരായ കേസിൽ ഉടൻ കുറ്റപത്രം നൽകണമെന്നും ഇത് മുഖ്യമന്ത്രിയാണ് പറയുന്നതെന്നും വി.എസ്.അച്യുതാനന്ദൻ അന്ത്യശാസനം നൽകിയത്. മന്ത്രി കോടിയേരി ബാലകൃഷ്ണനെ മറികടന്ന് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൽ കൈകടത്തുന്നുവെന്ന വിമർശനം നിലനിൽക്കെ, വിഎസിന്റെ പുതിയ നീക്കം അതീവഗൌരവത്തോടെയാണ് പാർട്ടിയും ആഭ്യന്തരവകുപ്പും കാണുന്നത്.


മുഖ്യമന്ത്രി ഒരുദ്യോസ്ഥനെ വിളിച്ച് എന്തെങ്കിലും നടപടിയെടുക്കാൻ പറഞ്ഞാൽ അത് സാധാരണഗതിയിൽ ഒരു ‘നിർദ്ദേശം’ ആണ്. സാഹചര്യം കൂടുതൽ കർശനമായ സ്വഭാവം നൽകുന്നെങ്കിൽ അതിനെ ‘ഉത്തരവ്’ എന്ന് വിശേഷിപ്പിക്കാം.

തുടർന്ന് പത്രം എഴുതുന്നു:

ചൊവ്വാഴ്ച ഡൽഹി യാത്രക്കു തൊട്ടുമുൻപാണ് വിജിലൻസ് മേധാവി കെ.പി. സോമരാജനെ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലേക്ക് വിളിപ്പിച്ചത്. ‘അയാൾ എന്നെ നേരിട്ട് വെല്ലുവിളിച്ചിരിക്കുകയാൺ. അയാളെ സർവീസിൽ വയ്ക്കാൻ കൊള്ളില്ല. ഇതിനു മുൻപ് നിങ്ങൾ വിജിലൻസുകാർ അയാളെ പലതവണ സഹായൊച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി അത് പറ്റില്ല. അയാൾക്കെതിരാ‍ായ കേസിൽ ഉടൻ, ഉടൻ കുറ്റപത്രം നൽകണം. ഇത് മുഖ്യമന്ത്രിയാണ് പറയുന്നത്.’ ഇതായിരുന്നു മുഖ്യമന്ത്രി നൽകിയ ഉത്തരവ്.


‘ഇനി അത് പറ്റില്ല” എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാകാം ഉത്തരവിനെ അന്ത്യശാസനമായി ഉയർത്തിയത്.

മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടറോട് പറഞ്ഞ വാക്കുകൾ ഉദ്ധരണികൾക്കുള്ളിലാണ്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അതേപടി എഴുതുന്നു എന്നാണ് അതിന്റെ അർത്ഥം.

സംഭാഷണം നടന്നത് തിരുവനന്തപുരത്തുള്ള ക്ലിഫ് ഹൌസിലും റിപ്പോർട്ട് ഉത്ഭവിച്ചത് കണ്ണൂരിലുമാണെന്നത് ശ്രദ്ധിച്ചപ്പോൾ കുരുക്ഷേത്രത്തിലെ യുദ്ധഭൂമിയിൽ കൃഷ്ണനും അർജ്ജുനനും തമ്മിൽ നടന്ന സംഭാഷണം ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരുന്ന് ‘ലൈവ് ടെലിവിഷനി‘ലെന്നപോലെ കണ്ട് ‘ബ്രേക്കിങ് ന്യൂസാ‘യി ധൃതരാഷ്ട്രർക്ക് നൽകിയ സഞ്ജയന് ഒടുവിൽ ഒരു പിൻ‌ഗാമി ഉണ്ടായിരിക്കുന്നു എന്ന ചിന്തയാണ് ആദ്യം മനസ്സിലുയർന്നത്. പക്ഷെ സംഭവം നടന്നത് ചൊവ്വാഴ്ചയും റിപ്പോർട്ട് വന്നത് ശനിയാഴ്ചയുമായതുകൊണ്ട് ലേഖകന് ലൈവ് ആയല്ല വിവരം ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച ക്ലിഫ് ഹൌസിൽ നടന്ന സംഭാഷണം ശനിയാഴ്ചത്തെ പത്രത്തിൽ ഉദ്ധരണിയോടെ കൊടുക്കത്തക്കവിധത്തിൽ കണ്ണൂരിലെ മണോരമ ലേഖകനെത്തിച്ചുകൊടുത്തത് ആരാണെന്ന് ചോദിച്ചിട്ട് കാര്യമില്ല. കാരണം മാധ്യമങ്ങൾ സ്രോതസ് വെളിപ്പെടുത്താറില്ല. എന്നാൽ സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ ഉയർത്താനുള്ള വിവരം റിപ്പോർട്ടിലുണ്ട്. വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി നൽകിയ അന്ത്യശാസനത്തെ പാർട്ടിയും ആഭ്യന്തരവകുപ്പും കാണുന്നത് അതീവഗൌരവത്തോടെയാണെന്ന പ്രസ്താവമാണത്. പാർട്ടിയുടെയും ആഭ്യന്തര വകുപ്പിന്റെയും മനസ് അറിയാവുന്ന ആ സ്രോതസ് ആരാണ്? കോടിയേരി ബാലകൃഷ്ണനാണോ? അതോ ടൊമിൻ ജെ. തച്ചങ്കരി തന്നെയോ?

Friday, May 7, 2010

കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം




കിനാലൂരിലെ കിരാതമായ പൊലീസ് നടപടിയുടെ രണ്ട് ദൃശ്യങ്ങൾ

ഇന്നലത്തെ തപാലിൽ എനിക്ക് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒരു കത്ത് കിട്ടി. രണ്ട് വർഷമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനമൈത്രി പൊലീസ് പരിപാടിയുടെ അവലോകനം അടങ്ങുന്ന “സ്മരണാർത്ഥപ്പതിപ്പിന്റെ കോപ്പി അയച്ചുകൊണ്ടും അതേക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ടും നിരവധി പേർക്കയച്ച ഒരു കത്തായിരുന്നു എനിക്കും കിട്ടിയത്.

സ്മരണാർത്ഥപ്പതിപ്പ് മറിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ സന്ദേശം കണ്ടു. അതിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു: “ഒരു ജനാധിപത്യ രാജ്യത്ത് പൊലീസിന്റെ പ്രവർത്തനശൈലി പൂർണ്ണമായും ജനാധിപത്യപരമായിരിക്കണം. എന്നാൽ നിർഭാഗ്യവശാൽ പലപ്പോഴും ഭരണകൂടത്തിന്റെ മർദ്ദനോപകരണമായി പ്രവർത്തിക്കുക വഴി പൊലീസ് ജനവിരുദ്ധമായി മാറുന്നു. ഈ പ്രവണത ഇല്ലാതാക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് പൊലീസിന്റെ സമൂഹ്യമായ ഇടപെടൽ വർദ്ധിപ്പിക്കുക എന്നതാണ്. കമ്മ്യൂണിറ്റി പൊലീസിങിന്റെ സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട്, ജസ്റ്റിസ് കെ. ടി. തോമസ് കമ്മിഷന്റെ ചുവട് പിടിച്ച് ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലമിതാണ്.“

ജനമൈത്രി സുരക്ഷാ പദ്ധതി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു എന്നാണ് ഇതു സംബന്ധിച്ച് സമൂഹത്തിന്റെ വിവിധതലങ്ങളിൽ‌പ്പെട്ടവരുടെ പ്രരികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്” എന്ന് അദ്ദേഹം തുടർന്ന് പറയുന്നു.

വാർത്തയുടെ സമയമായതുകൊണ്ട് സ്മരണാർത്ഥപ്പതിപ്പ് മാറ്റിവെച്ചിട്ട് ടെലിവിഷൻ സ്വിച്ച് ഓൺ ചെയ്തു. അപ്പോൾ അവിടെ കിനാലൂരിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടു. ജനഹൃദയങ്ങളിൽ സ്ഥാനം അർഹിക്കുന്ന ഒരു സേനയിലെ അംഗങ്ങളായിരുന്നില്ല അവയിൽ.

മന്ത്രി എം. വിജയകുമാറിന്റെ വാക്കുകൾ വാർത്തയിൽ കേട്ടു. ആഭ്യന്ത്രര വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി എന്നാണ് ന്യൂസ് റീഡർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്ന്, എന്തിന് അദ്ദേഹത്തിന് ആ വകുപ്പിന്റെ ചുമതല നൽകിയെന്ന് റിപ്പോർട്ട് വ്യക്തമാക്കിയില്ല. കിനാലൂർ സംഭവത്തെക്കുറിച്ച് തനിക്ക് ഒരു വിവരവും കിട്ടിയിട്ടില്ല എന്നാണ് വിജയകുമാർ പറഞ്ഞത്.

പക്ഷെ വ്യവസായ മന്ത്രി എളമരം കരിമിന്റെ കയ്യിൽ ഒരുപാട് വിവരമുണ്ടായിരുന്നു. അവിടെ റോഡ് സർവ്വേ പരിപാടി തടസ്സപ്പെടുത്തിയത് പുറത്തുനിന്നു വന്നവരായിരുന്നു എന്ന് കരിം പറഞ്ഞു.
നാട്ടുകാരല്ലാത്തവർ പ്രതിഷേധിച്ചാൽ പൊലീസിന് അവരെ തല്ലിച്ചതക്കാമെന്ന ധാരണ ഈ മന്ത്രിക്കുണ്ടെന്ന് തോന്നുന്നു.

ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ധൃതിയിൽ നാലുവരി പാത ഉണ്ടാക്കാൻ ശ്രമിക്കുന്ന കരിമിന് ഇക്കാര്യത്തിലുള്ള താല്പര്യം വിശദമായ അന്വേഷണം അർഹിക്കുന്നു.

കിനാലൂരിലെ കിരാതമായ പൊലീസ് നടപടിയിൽ പ്രതിഫലിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ ജനമൈത്രിയിൽ പുതപ്പിച്ചു നിർത്തിയിരിക്കുന്ന പൊലീസിന്റെ വിശ്വരൂപമാണ്. പൊലീസ് പരിശീലന സംവിധാനത്തിന്റെ ദൌർബല്യം അവിടെ പ്രകടമായി. പൊലീസുകാർ പ്രകടനക്കാർക്കെതിരെ കല്ലേറ് നടത്തുമ്പോൾ അവർക്ക് ലഭിച്ച പരിശീലനം ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ്സ് തലത്തിനപ്പുറത്തേക്ക് വളരാൻ അവരെ സഹായിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.