Tuesday, March 23, 2010

പഴയ പാത വെളുത്ത മേഘങ്ങൾ

ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്പദമാക്കി വിയറ്റ്നാമില്‍ നിന്നുള്ള ബുദ്ധ സംന്യാസിയായ തിക് നാത് ഹാന്‍ എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പഴയ പാത വെളുത്ത മേഘങ്ങള്‍.

വിവര്‍ത്തകന്‍ കെ. അരവിന്ദാക്ഷന്‍. വിവര്‍ത്തനത്തില്‍ നിന്നുള്ള പ്രതിഫലം അര്‍ബുദ രോഗത്താല്‍ വേദനയനുഭവിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന തൃശ്ശൂരിലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിന് നല്‍കുന്നതാണെന്ന് അദ്ദേഹം ആമുഖക്കുറിപ്പില്‍ പറയുന്നു.

ദ് ഹിന്ദു ഇന്നത്തെ ലക്കത്തിൽ പ്രസിദ്ധീകരിച്ച, പുസ്തകത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ ഉദ്ധരിക്കുന്നു:

The Buddha's life and mission

B.R.P. BHASKAR

PAZHAYA PATHA VELUTHA MEGHANGAL: by Thich Nhat Hanh, Translated by K. Aravindakshan, Current Books, Round West, Thrissur 686001. Rs 110.

The well-known story of Prince Siddhartha’s renunciation and his subsequent enlightenment is charmingly retold by Thich Nhat Hanh in this biography. A Buddhist monk whose peace efforts during the Vietnam war earned for him earned the wrath of the regimes in both the north and the south, Thich has been living in exile since 1966. As a student at Princeton and a teacher at Columbia University, he had the opportunity to familiarise himself with Western thought. A prolific writer on Buddhist ideals, he is an exponent of the concept of “mindful living”.

A scholar in Pali, Sanskrit and Chinese, and he has drawn material from ancient texts in these languages. The book covers the Buddha’s life from his birth to the period immediately after enlightenment. While the material has been arranged skillfully, the narrative has a lyrical touch. The story is told from two different standpoints: that of Svasti, a boy who had met Siddhartha while tending buffaloes, and the Buddha himself.

It was to Svasti and Sujatha (the village chieftain’s daughter) that the Buddha first talked about his experience under the Bodhi tree. The author provides many sidelights which enhance the reader’s understanding of the Buddha’s life and mission.– The Hindu, March 23, 2010.

Monday, March 22, 2010

ജല സൌഹൃദ സായാഹ്നത്തിൽ ലഭിച്ച പുതിയ അറിവുകൾ

ലോക വന ദിനം (മാർച്ച് 21) ലോക ജല ദിനത്തെ (മാർച്ച് 22) സന്ധിക്കുന്ന സന്ധ്യാവേളയിൽ തിരുവനന്തപുരത്തെ മ്യൂസീയം കോമ്പൌണ്ടിൽ സംഘടിപ്പിക്കപ്പെട്ട ജല സൌഹൃദ സായാഹ്ന പരിപാടി വേറിട്ടുള്ള അനുഭവമായി.

സദസ് ചെറുതായിരുന്നു. പക്ഷെ എല്ലാവരും ചെറുപ്പക്കാർ. മുൻഗാമികളിൽ നിന്ന് നമുക്ക് കിട്ടിയ ഈ ഭൂമി വലിയ കേടുപാട് കൂടാതെ നാം ഏൽപ്പിക്കേണ്ടത് ഈ ചെറുപ്പക്കാരടങ്ങുന്ന തലമുറയെയാണ്. ഇന്നത്തെ തലമുറ പരിസ്ഥിതി നശിപ്പിച്ചിട്ടു കടന്നുപോയാൽ അതിന്റെ ദുരന്തം അനുഭവിക്കേണ്ടത് അവരാണ്. മിക്ക ലോക രാജ്യങ്ങളിലും പരിസ്ഥിതി പ്രസ്ഥാനങ്ങൾ യുവജനപ്രസ്ഥാനങ്ങൾ കൂടിയാണ്. നമ്മുടെ യുവജന സംഘടനകൾ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലാകയാൽ പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ യുവജനസാന്നിധ്യം കുറവാണ്. അതുകൊണ്ട് ചടങ്ങിലെ ചെറുപ്പക്കാരുടെ സാന്നിധ്യം സന്തോഷപ്രദമാണെന്ന് ഞാൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അവരെക്കൂടാതെ നിരവധി പേർ ദൂരെ നിന്ന് ഉച്ചഭാഷിണിയിലൂടെ പ്രസംഗങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് മ്യൂസീയം കോമ്പൌണ്ടിൽ പതിവായി നടക്കാൻ വരുന്ന, പ്രായമുള്ള കുറെ ആളുകളും പ്രസംഗങ്ങൾ കേൾക്കാനെത്തി.

പ്രശസ്ത നിരൂപകനായ ഡോ കെ. എസ്. രവികുമാർ അധ്യക്ഷനായിരുന്നു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഡി. വിനയചന്ദ്രൻ, ജലവിഭവ വകുപ്പ് മുൻഡയറക്ടർ വി. സുഭാഷ് ചന്ദ്ര ബോസ്, ജല വകുപ്പിൽ സൂപ്രണ്ടിങ് ജിയോഹൈഡ്രോളജിസ്റ്റായ എം. ആർ. രമേശ്, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹീം എന്നിവരും സംസാരിച്ചു.

ഒരു പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. അത് മേയർ സി. ജയൻ ബാബു ഉത്ഘാടനം ചെയ്തു.

പ്രകൃതിസംരക്ഷണത്തിൽ താല്പര്യം കാട്ടുന്ന നെയ്യാറ്റിങ്കരയിലെ നിംസ് ഹാർട്ട് ഫൌണ്ടേഷനും റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

അവിടെ കേട്ട പ്രസംഗങ്ങളിൽ ഒരു മാധ്യമത്തിലും ഇതുവരെ വായിക്കാൻ കഴിയാഞ്ഞ രണ്ട് വിവരങ്ങളുണ്ടായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ കൂട്ടാക്കാത്തതുകൊണ്ട് അവയിലൂടെ ആ വിവരങ്ങൾ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. വിവരങ്ങൾ ഇതാണ്:

ഒന്ന്. ബഹുഭൂരിപക്ഷം പേരും പതിവായി കുടിക്കുന്ന വെള്ളത്തിൽ ഇ-കോളി എന്ന അണുവുള്ളതായി ഔദ്യോഗിക പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. അധികൃതർ ഇക്കാര്യം രഹസ്യമായി വെച്ചിരിക്കുകയാണ്.

രണ്ട്. കുടിവെള്ള പദ്ധതിക്ക് വിദേശ സഹായം നേടാൻ അധികൃതർ ഒപ്പ് വെച്ചിട്ടുള്ള കരാറിലെ ഒരു വ്യവസ്ഥ പ്രതിശീർഷ ജല ഉപഭോഗം പരിമിതപ്പെടുത്താൻ നടപടി എടുക്കണമെന്നതാണ്.

Wednesday, March 17, 2010

പത്മ ക്യൂവിൽ എട്ടു വർഷം

പ്രധാനമന്ത്രിയുടെ ആപ്പീസ് ശിപാർശ ചെയ്ത ചിലർക്കും ഇത്തവണ പത്മ പുരസ്കാരങ്ങൾ കിട്ടാതെപോയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദ് ഹിന്ദു ലേഖിക വിദ്യാ സുബ്രഹ്മണ്യം എഴുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശിപാർശകൾ ഏറെയാകുമ്പോൾ സ്വാഭാവികമായും അവയുടെ വിലയിടിയും. അതാവണം സംഭവിച്ചത്.

കേരള സർക്കാർ ഉൾപ്പെടെ നിരവധി പേരുടെ ശിപാർശയുണ്ടായിരുന്നിട്ടും നാടക പ്രവർത്തകനായ സൂര്യാ കൃഷ്ണമൂർത്തി തഴയപ്പെട്ടതായി ലേഖിക വെളിപ്പെടുത്തുന്നു. സർക്കാരിനു പുറമെ അദ്ദേഹത്തിന്റെ പേർ ശിപാർശ ചെയ്തവർ ഐ.എസ്.ആർ.ഓ. മുൻ ചെയർമാൻ ജി. മാധവൻ നായർ, സരോദ് വിദ്വാൻ അംജദ് അലി ഖാൻ, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ (മൂവരും പത്മവിഭൂഷൻ ബഹുമതി ലഭിച്ചിട്ടുള്ളവരാണ്), ഗായകൻ യേശുദാസ്, നർത്തകി പത്മാ സുബ്രഹ്മണ്യം, കേന്ദ്ര സഹ മന്ത്രി ശശി തരൂർ എന്നിവരാണ്.

എന്റെ അറിവിൽ സൂര്യാ കൃഷ്ണമൂർത്തി കുറഞ്ഞത് എട്ടു വർഷമായി പത്മ ക്യൂവിലാണ്. കേരള സർക്കാർ 2002ൽ ഡൽഹിക്കയച്ച ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അന്തിമ ലിസ്റ്റിലും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. പക്ഷെ രാഷ്ട്രപതി ഒപ്പിട്ട് അയച്ച ലിസ്റ്റിൽ അതില്ലായിരുന്നു.അതിന്റെ സ്ഥാനത്ത് വി. കെ. മാധവൻകുട്ടിയുടെ പേർ ചേർക്കപ്പെട്ടു. ദീർഘകാലം ന്യൂ ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന മാധവൻകുട്ടിക്ക് പത്മശ്രീ നൽകണമെന്ന രാഷ്ട്രപതി കെ. ആർ. നാരായണന്റെ ആഗ്രഹം മാനിച്ച് ലിസ്റ്റിൽ മാറ്റം വരുത്തിയെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അന്നറിഞ്ഞത്.

മാധവൻകുട്ടിക്ക് പുരസ്കാരം നൽകാൻ കൃഷ്ണമൂർത്തിയെ എന്തിന് ഒഴിവാക്കണം? ഈ ചോദ്യത്തിന് ലഭിച്ച മറുപടി ‘കേരളീയരുടെ എണ്ണം കൂടാതിരിക്കാൻ‘ എന്നായിരുന്നു.

കേരള സർക്കാർ 2003ൽ കൃഷ്ണമൂർത്തിയുടെ പേർ വീണ്ടും നിർദ്ദേശിച്ചു. അദ്ദേഹം അന്നും തഴയപ്പെട്ടു. അത് പ്രധാന മന്ത്രിയുടെ ആപ്പീസ് നിർദ്ദേശിച്ച കേരളീയനെ ഉൾപ്പെടുത്താനായിരുന്നു. മാധവൻകുട്ടി മാതൃഭൂമിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മലയാള മനോരമയുടെ ന്യൂ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന ടി.വി.ആർ. ഷേണായി ആയിരുന്നു ആ കേരളീയൻ. ബി.ജെ.പി.യുടെ രാഷ്ട്രീയ ഉപദേഷ്ടാവായി അറിയപ്പെടുന്ന അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതിക്കാണ് വാജ്പേയി സർക്കാർ ശിപാർശ ചെയ്തത്.

അടുത്ത കൊല്ലമെങ്കിലും പത്മാ ദാതക്കൾ കനിയുമോ?

സൂര്യാ കൃഷ്ണമൂർത്തിയുടെ ജീവചരിത്രരേഖ ഇവിടെ.

Tuesday, March 16, 2010

വഴിയോര കച്ചവടക്കാരുടെ ആവശ്യങ്ങൾ

കേരളത്തിൽ രണ്ട് ലക്ഷം വഴിയോര കച്ചവടക്കാരുണ്ടെന്ന് അവരുടെ സംഘടന അവകാശപ്പെടുന്നു. അവർ സ്വയം തൊഴിൽ കണ്ടെത്തിയവരാണ്. അവരുടെ പ്രവർത്തനം നിയമവിഢേയമല്ലെന്ന് പറഞ്ഞുകൊണ്ട് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും അവരെ നിരന്തരം പീഡിപ്പിക്കുന്നു. നാട് സമ്പന്നമായ സാഹചര്യത്തിൽ അധികൃതർക്കും സമൂഹത്തിലെ ഉയർന്ന വർഗ്ഗങ്ങൾക്കും അവരുടെ സാന്നിധ്യം അരോചകമായിരിക്കുന്നു. നഗരം മോടിപിടിപ്പിക്കുന്നത്തിന്റെയും റോഡ് വികസിപ്പിക്കുന്നതിന്റെയും പേരിൽ അവരെ തുരത്താൻ ശ്രമങ്ങൾ നടക്കുന്നു.

എല്ലാ ജനവിഭാഗങ്ങങ്ങളെയും ഉൾക്കൊള്ളുന്ന വികസന സമീപനത്തിന്റെ ഭാഗമായി ആറു കൊല്ലം മുമ്പ് കേന്ദ്രം ഒരു വഴിയോര കച്ചവട നയം രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാനും നടപടികളെടുക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇരുപത് സംസ്ഥാന സർക്കാരുകൾ അതിൻപ്രകാരം നടപടിയെടുത്തുകഴിഞ്ഞു. ഇനിയും നടപടിയെടുത്തിട്ടില്ലാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

കഴിഞ്ഞ കൊല്ലം കേന്ദ്രം വഴിയോര കച്ചവട നയം പുതുക്കി. എന്നാൽ കേരള സർക്കാർ ഇപ്പോഴും അനങ്ങാപ്പാറ നയം തുടരുകയാണ്.

വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വഴിയോര കച്ചവടക്കാരുടെ സംഘടനകൾ ചേർന്ന് രൂപീകരിച്ച വഴിയോര കച്ചവട മേഖലയിലെ സംസ്ഥാന കോ-ഓർഡിനേഷൻ സമിതി സർക്കാരിനു മുന്നിൽ അവരുടെ പ്രധാന ആവശ്യങ്ങൾ വെച്ചിട്ടുണ്ട്. അവ ഇങ്ങനെ:

1.വഴിയോര കച്ചവടം നിയമവിധേയമാക്കുക

2. നഗര കച്ചവട കമ്മിറ്റികൾ രൂപീകരിക്കുക, അവർക്ക് ലൈസൻസ് നൽകുക

3. വഴിയോര കച്ചവടക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക

4. വഴിയോര കച്ചവടത്തെ നഗരാസൂത്രണ പരിപാടികളിൽ ഉൾക്കൊള്ളിച്ച് അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുക.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോ-ഓർഡിനേഷൻ സമിതി ഇന്ന് നിയമസഭാ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. സി.ടി. അഹമ്മദ് അലി മാർച്ച് ഉത്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാരുടെ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ട് ഞാനുൾപ്പെടെ പലരും സംസാരിച്ചു.

കോ-ഓർഡിനേഷൻ സമിതിയുടെ മേൽവിലാസം:
സേവ, കെ.ആർ.എ. ഡി-51, കുതിരവട്ടം ലെയ്ൻ, കുന്നുമ്പുറം, തിരുവനന്തപുരം 1
ഫോൺ: 0471-2465007

Sunday, March 14, 2010

സി.പി.എമ്മിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ രാജ്യ സഭാംഗം

രാജ്യ സഭയിൽ ഒഴിവ് വരുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് മൂന്ന് സ്ഥാനാർത്ഥികളായി: സി.പി.എമ്മിന്റെ ടി.എൻ.സീമ, കെ.എൻ. ബാലഗോപാൽ; കോൺഗ്രസിന്റെ എ.കെ.ആന്റണി. ഈ രണ്ട് കക്ഷികൾക്കും നിയമസഭയിൽ അവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാവശ്യമായ അംഗബലമുള്ളതുകൊണ്ട് മറ്റാരും മത്സരരംഗത്തുണ്ടാവില്ലെന്നും അവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും കരുതാവുന്നതാണ്.

എൽ.ഡി.എഫിന് ജയിക്കാവുന്ന രണ്ട് സീറ്റുകളും പിടിച്ചെടുത്ത സി.പി.എം. അവകാശമുന്നയിച്ച ഏത് ഘടക കക്ഷിക്കും കണ്ടെത്താനാവുന്നതിനേക്കാൾ നല്ല സ്ഥാനാർത്ഥികളെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

അടുത്ത കാലത്ത് കോളെജ് അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായ സീമ കേരളത്തിൽ നിന്നുള്ള നാലാമത്തെ വനിതാ രാജ്യ സഭാംഗമാണ്. സി.പി.എമ്മിന്റെ ആദ്യത്തെയും

സംസ്ഥാനത്തുനിന്ന് നേരത്തെ രാജ്യ സഭയിലെത്തിയ മൂന്നു പേരും കോൺഗ്രസുകാരായിരുന്നു -- 1950കളിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരതി ഉദയഭാനു, 1960കളിൽ തെരഞ്ഞെടുക്കപ്പെട്ട ദേവകി ഗോപിദാസ്, 1970കളിൽ തെരഞ്ഞെടുക്കപ്പെട്ട ലീലാ ദാമോദര മേനോൻ. പാർട്ടിയുടെ കേന്ദ്ര നേതൃത്വം താല്പര്യമെടുത്തതുമൂലമാണ് മൂവരും രാജ്യ സഭയിലെത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്ത് കേന്ദ്ര നേതൃത്വം താല്പര്യമെടുക്കാഞ്ഞതുകൊണ്ട് കെ.പി.സി.സി. ഒരു സ്ത്രീയെയും നാമനിർദ്ദേശം ചെയ്തില്ല.

ഉദ്യോഗം രാജി വെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ “അമ്മ രാഷ്ട്രീയക്കാരിയാകേണ്ട്” എന്ന് തന്റെ മകൾ പറഞ്ഞതതായി സീമ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.

Saturday, March 13, 2010

പള്ളി മുതൽ പാർട്ടി വരെ

ആദ്യ ഇ.എം.എസ്. സർക്കാരിനെ അധികാരത്തിലേറ്റിയത് അധ്വാനവർഗമോ ജാതിമത സംഘടനകളോ?

കമ്യൂണിസ്റ്റ് കുത്തകഭരണത്തിൽ നിന്ന് വിമോചനസമരം കേരളത്തെ രക്ഷിക്കുകയായിരുന്നോ?

വിമോചനസമരനായകനായിരുന്ന മന്നം സഭകളുടെ കരുനീക്കത്തിൽപെട്ടുപോയ വെറും കളിപ്പാവ മാത്രമായിരുന്നോ?

കാർഷികബന്ധബില്ലിലൂടെ യഥാർഥ കർഷകനെ മണ്ണിൽനിന്ന് പറിച്ചെറിയുകയായിരുന്നോ കമ്യൂണിസ്റ്റ് സർക്കാർ?

അരനൂറ്റാണ്ടിനുള്ളിൽ വിമോചനസമരംപോലെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു പ്രതിഭാസം ഐക്യകേരളത്തിലുണ്ടായിട്ടില്ല. ഒരു യുദ്ധമോ കലാപമോ അല്ലാതിരുന്നിട്ടുപോലും ഒരു സമരം വീണ്ടും വീണ്ടും ചരിത്രത്തിൽ പഠനവിഷയമാകുന്നു. പള്ളി മുതൽ പാർട്ടി വരെയും അമേരിക്കൻ സാമ്രാജ്യത്വം മുതൽ അവർണ-സവർണ ദ്വന്ദംവരെയുള്ള അനേകമനേകം മാനങ്ങൾ ചർച്ചചെയ്യപ്പെടുന്നു.

കേരളത്തിന്റെ ജനാധിപത്യഭാവിക്ക് ഒരു പാഠപുസ്തകം.


‘പള്ളി മുതൽ പാർട്ടി വരെ’ എന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ പ്രസാധകർ നൽകുന്ന വിവരമാണ് മുകളിൽ ചേർത്തിട്ടുള്ളത്.

വിമോചനസമരത്തെക്കുറിച്ച് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ ‘ഗ്രാമിക‘ ഒരുക്കിയ സംവാദത്തിൽ പങ്കെടുത്ത രാജൻ ഗുരുക്കൾ, എം.എ. ജോൺ, കെ. വേണു, എ. ജയശങ്കർ, പി.പി. ജയിംസ് എന്നിവർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ, പങ്കെടുക്കാൻ കഴിയാഞ്ഞ എം.ജി.എസ്. നാരായണൻ, ജോൺ കച്ചിറമറ്റം, ജെ. രഘു എന്നിവർ എഴുതി നൽകിയ അഭിപ്രായങ്ങൾ എന്നിവ കൂടാതെ സിവിക് ചന്ദ്രൻ, ജി.കെ. സുരേഷ്ബാബു, കെ.കെ. കൊച്ച്, വടക്കേടത്ത് പത്മനാഭൻ എന്നിവരും ഞാനും ലേഖനങ്ങളിൽ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും ഈ പുസ്തകത്തിലുണ്ട്.

വില 65 രൂപ

പ്രസാധകർ:
നിർമല ബുക്സ്,
ചാലക്കുടി 680 307
ഫോൺ 0480-3000003
e-mail: nirmalabooks@gmail.com

ഗ്രാമികയുടെ വെബ്സൈറ്റ്: www.gramika.com

Sunday, March 7, 2010

ഡി.എച്ച്.ആർ.എം. പ്രവർത്തകർ കസ്റ്റഡി പീഢനത്തെക്കുറിച്ച് സംസാരിക്കുന്നു

വർക്കല ശിവപ്രസാദ് കൊലക്കേസിലെ പ്രതികളായ ദാസ്, ചന്ദ്രശേഖരൻ എന്നീ ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ജീവൻ ന്യൂസ് ഇന്റർവ്യൂ ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപതിയിൽ ചികിത്സയിലാണ്.

അഭിമുഖത്തിൽ അവർ പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച പീഢനത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി.

ജീവൻ ടിവി ദൃശ്യങ്ങൾ യുട്യൂബിൽ ലഭ്യമാണ്:
http://www.youtube.com/watch?v=nw6czeChYXI.

Friday, March 5, 2010

മനോരമ വർക്കല കൊലക്കേസിൽ തീർപ്പു കല്പിക്കുന്നു

വർക്കല ശിവപ്രസാദ് കൊലക്കേസിൽ പ്രതികളായ എട്ട് ഡി.എച്ച്.ആർ.എം പ്രവർത്തകർക്ക് കേരള ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം നൽകി.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളു. ആ പ്രക്രിയയുടെ അവസാനമാണ് പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് കോടതി തീരുമാനിക്കുക. പക്ഷെ മലയാള മനോരമ അതിനെ കേവലം ഒരു സാങ്കേതികതയായി മാത്രമാണ് കാണുന്നതെന്ന് തോന്നുന്നു. പ്രതികളാണ് കൊലപാതകം നടത്തിയതെന്ന് ജാമ്യം അനുവദിച്ചതു സംബന്ധിച്ച റിപ്പോർട്ടിൽ പത്രം പറയുന്നു.

റിപ്പോർട്ടിലെ പ്രസക്ത വാചകം ഇങ്ങനെ: “കഴിഞ്ഞ സെപ്റ്റംബർ 23നാണ് ശിവപ്രസാദിനെ പ്രതികൾ സംഘം ചേർന്ന് വെട്ടിക്കൊന്നത്.”

Tuesday, March 2, 2010

ഡി. എച്ച്. ലോറൻസ് മലയാളത്തിൽ

തൃശ്ശൂരിലെ ഗ്രീൻ ബുക്സ് ഡി. എച്ച്. ലോറൻസ് എഴുതിയ “ലേഡി ചാറ്റർലീസ് ലവർ” എന്ന നോവലിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെക്കാലം അശ്ലീലമെന്ന് പറഞ്ഞ് നിരോധിക്കപ്പെട്ടിരുന്ന പുസ്തകമാണിത്. ചിലർ ഇതിനെ ഒരു ക്ലാസിക്ക് ആയി കാണുന്നു.

ഈ പുസ്തകത്തെക്കുറിച്ച് ഞാൻ എഴുതിയ ലഘു നിരൂപണം ദ് ഹിന്ദുവിന്റെ ഇന്നത്തെ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അത് ഇവിടെ വായിക്കാം: The Hindu Book Review OR Google Group Babu Bhaskar