Friday, December 18, 2009

എ.സി.വി.യുടെ രാഷ്ട്രീയ റീയാലിറ്റി ഷോ: നായനാർ ഏറ്റവും ജനപ്രിയ നേതാവ്

ഏഷ്യാനെറ്റ് കേബിൾ വിഷൻ നടത്തിയ രാഷ്ട്രീയ റീയാലിറ്റി ഷോയിൽ ഇ.കെ. നായനാർ കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

തപാൽ വഴിയും എസ്.എം.എസിലൂടെയും ഓൾ‌ലൈനായും പ്രേക്ഷകർ നൽകിയ വോട്ടിലൂടെയാണ് പത്ത് ഫൈനലിസ്റ്റുകളിൽ നിന്ന് നായനാർ തെരഞ്ഞെടുക്കപ്പെട്ടത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 30 നേതാക്കളുടെ പട്ടിക എ.സി.വി. തയ്യാറാക്കി പ്രേക്ഷകരുടെ അഭിപ്രായം തേടുകയായിരുന്നു.

ഫൈനലിസ്റ്റുകൾ ഇവരായിരുന്നു: ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ, എ.കെ. ഗോപാലൻ, സി.അച്യുതമേനോൻ, കെ.ആർ.ഗൌരിയമ്മ, വി.എസ്. അച്യുതാനന്ദൻ, കെ. കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, പാണക്കാട് ശിഹാബ് തങ്ങൾ.

ഇന്ന് രാത്രി തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഫലപ്രഖ്യാപനം ഗൌരിയമ്മ ചടങ്ങിൽ സംബന്ധിച്ച് നേരിട്ട് ആദരം ഏറ്റുവാങ്ങി. മറ്റുള്ളവരെ ബന്ധുക്കളൊ സഹപ്രവർത്തകരൊ പ്രതിനിധീകരിച്ചു.

കേരളത്തിൽ ധാരാളം രാഷ്ട്രീയ കക്ഷികളുണ്ടെങ്കിലും ആദരിക്കപ്പെട്ട പത്തു പേരിൽ ഒമ്പതു പേരും കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാരമ്പര്യങ്ങളിൽനിന്ന് വന്നവരാണെന്നത് ശ്രദ്ധേയമാണ്. പാണക്കട് തങ്ങൾ മാത്രമാണ് ആ ധാരകൾക്ക് പുറത്തു നിന്നു വന്ന നേതാവ്. ജീവിച്ചിരിക്കുന്ന ഒരു സി.പി.എം നേതാവേ പട്ടികയിലുള്ളു:വി.എസ്. അച്യുതാനന്ദൻ.

ചടങ്ങിന്റെ വിഡിയോ റിപ്പോർട്ട് എ.സി.വി. നാളെ (ശനി) രാത്രി 8 മണിക്ക് സമ്പ്രേഷണം ചെയ്യും.

Thursday, December 17, 2009

തേജസ്: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം കേരള സർക്കാരിന് കത്തയച്ചതായി ഇന്ന് ഇൻഡ്യാവിഷൻ റിപ്പോർട്ട് ചെയ്തു.

തേജസ് പത്രം ഈ വാർത്തയോടുള്ള പ്രതികരണം ആരാഞ്ഞു. എന്റെ പ്രതികരണം ചുവടെ ചേർക്കുന്നു:

തേജസ് പത്രത്തെയും ദ്വൈവാരികയെയും നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാരിനു് അയച്ച കത്ത് കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നടപടിയെടുക്കേണ്ടവരുടെ ലിസ്റ്റ് അയച്ചുകൊടുത്തിരുന്നു. അച്ചടി മാധ്യമങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് സ്ഥിരം സംവിധാനമുണ്ടെന്നിരിക്കെ ഏതൊ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ഇടപെടൽ ദുരുപദിഷ്ടമാണ്. ഭീകരതക്കെതിരായ നടപടികൾ ഭരണകൂട ഭീകരതയുടെ സ്വഭാവം ആർജ്ജിക്കുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച വാർത്തകൾ തടയാനുള്ള ഔദ്യോഗികശ്രമത്തെ സംശയത്തോടെ മാത്രമെ വീക്ഷിക്കാനാവൂ.

Monday, December 14, 2009

സാമൂഹിക ബഹിഷ്കരണത്തിന്റെ ആധുനികഘട്ടം

കേരള സർക്കാർ കുറേക്കാലമായി നവംബറിൽ ക്ഷേത്രപ്രവേശന വിളംബരദിനം ആചരിച്ചുവരുന്നുണ്ട്. പട്ടികജാതി പട്ടികവകുപ്പാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. വകുപ്പുദ്യോഗസ്ഥർ പട്ടികജാതി പട്ടികവർഗ്ഗങ്ങളിൽ പെട്ടവരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി ദർശനത്തിനു കൊണ്ടുപോകുന്നു. ഇക്കൊല്ലം വി.ജെ.ടി. ഹാളിൽ പൊതുയോഗവുമുണ്ടായിരുന്നു. അവിടെ താരം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. സർക്കാർ എന്നാണ്, എന്തിനാണ് ഈ ആഘോഷം തുടങ്ങിയതെന്നറിയില്ല.

ശ്രീചിത്തിരതിരുനാൾ ബാലവർമ്മ മഹാരാജാവാണ് 1936ൽ ഒരു വിളംബരത്തിലൂടെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുങ്ങൾക്കും തുറന്നു കൊടുത്തത്. രാജ ഭരണകാലത്തും തുടർന്നുള്ള ഏതാനും വർഷങ്ങളിലും തിരുവനന്തപുരത്ത് വിദ്യാർത്ഥിയായി കഴിഞ്ഞ എനിക്ക് അന്ന് ഇത്തരത്തിലുള്ള പരിപാടികളെക്കുറിച്ച് കേട്ട ഓർമ്മയില്ല. പരിപാടികളുണ്ടായിരുന്നെങ്കിൽതന്നെ അവ ശ്രദ്ധ ആകർഷിച്ചില്ല എന്നർത്ഥം. ശ്രീചിത്തിരതിരുനാൾ രാജാവും രാജപ്രമുഖനുമായിരുന്ന തിരുവിതാംകൂർ, തിരു-കൊച്ചി സർക്കരുകളേക്കാൾ ഒച്ചപ്പാടോടെ കേരളഭരണകൂടം തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ആഘോഷിക്കാൻ കാരണമുണ്ടെങ്കിൽതന്നെ അത് ചെയ്യേണ്ടത് ദേവസ്വം വകുപ്പല്ലേ? പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിനെ ആ ചുമതല ഏൽ‌പ്പിച്ചതിന്റെ പിന്നിലുള്ള ചേതോവികാരത്തെ സംശയത്തൊടെയെ വീക്ഷിക്കാനാവൂ. ദലിതർ അതിനെതിരെ ശബ്ദമുയർത്തുന്നത് സ്വാഭാവികമാണ്.

ഇക്കൊല്ലം എൽ.ഡി.എഫിന്റെ മതനിർപേക്ഷ സർക്കാർ ദലിതരെ അമ്പലത്തിലേക്ക് കൊണ്ടുപോയ സമയത്ത് ദലിത് നേതൃത്വത്തിൽ ദേശീയതലത്തിൽ രൂപപ്പെട്ടിട്ടുള്ള ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാനഘടകം ‘ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിലെ ഗൂഢാലോചന‘ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഒരു ചർച്ച സംഘടിപ്പിച്ചു. അതിൽ പങ്കെടുത്തവർ രണ്ട് കാര്യങ്ങൾ ഊന്നിപ്പറഞ്ഞു. ഒന്ന്, തിരുവിതാംകൂറിലെ ദലിത് സമൂഹം ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടിരുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ ദലിത് പ്രസ്ഥാനത്തെ നയിച്ചിരുന്ന അയ്യൻ‌കാളി ഉന്നയിച്ച ആവശ്യം സകൂൾ പ്രവേശനമായിരുന്നു. രണ്ട്, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആത്യന്തികലക്ഷ്യം അധ:സ്ഥിത വിഭാഗങ്ങളുടെ മതപരിവർത്തനം തടയുകയെന്നതായിരുന്നു. ഈഴവർ അക്കാലത്ത് മതം‌മാറ്റം ഗൌരവപൂർവം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. പലരും വ്യക്തിപരമായി തീരുമാനമെടുത്ത് അതിനകം ക്രിസ്തു മതത്തിലേക്ക് പരിവർത്തനംചെയ്തിരുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് തീരുമാനമെടുക്കു ന്നതിനു പകരം സമുദായാംഗങ്ങൾ ഒന്നിച്ച് ഒരു മതം സ്വീകരിക്കണമെന്ന ആശയം ചിലർ മുന്നോട്ടു വെച്ചു. അതിന്റെ അടിസ്ഥാനത്തിൽ അതിനു പറ്റിയ മതം ഏതാണെന്ന് തീരുമാനിക്കാൻ വ്യാപകമായ തോതിൽ അവർ ആശയവിനിമയവും നടത്തി. ഈഴവരുടെ കൂട്ടപലായനത്തിന്റെ ഫലമായി ഹിന്ദുക്കൾ ന്യൂനപക്ഷമാകുന്ന അവസ്ഥ ഒഴിവാക്കാനാണ് രാജഭരണകൂടം ക്ഷേത്രപ്രവേശനം അനുവദിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

സർക്കാർതല ആഘോഷത്തിൽ പ്രതിഫലിക്കുന്നത് ക്ഷേത്രപ്രവേശന വിളംബരത്തെ ഭരണകൂട നേട്ടമായി അവതരിപ്പിക്കാനുള്ള ഉപരിവർഗ്ഗ താല്പര്യമാണ്. നവോത്ഥാന പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യാൻ അവർ ശ്രമിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സാമൂഹ്യമാറ്റത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ട്.

വ്യത്യസ്ത സാമൂഹങ്ങളുടെ രാഷ്ട്രീയ ഏകീകരണത്തിനുള്ള സാഹചര്യം ഒരുക്കിയ വൈക്കം സത്യഗ്രഹം, പലരും ധരിച്ചിരിക്കുന്നതുപോലെ, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നില്ല. ക്ഷേത്രത്തിനടുത്തുള്ള പൊതുവീഥിയിലൂടെ നടക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെതായിരുന്നു സത്യഗ്രഹികളൂടെ നിലപാട്. ആദ്യമായി ആ അവകാശം സ്ഥാപിക്കാൻ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത് ദലിതരായിരുന്നു. ദേശാഭിമാനി ടി.കെ.മാധവന്റെ ശ്രമഫലമായി കോൺഗ്രസ് ആ പരിപാടി ഏറ്റെടുത്തു. ഒരു ഈഴവനും ഒരു ദലിതനും ഉൾപ്പെടെ മൂന്നു പേരാണ് ഓരോ ദിവസവും അതു വഴി നടന്ന് അറസ്റ്റ് വരിച്ചത്. കോൺഗ്രസിന്റെ മുൻ‌നിര നേതാവായിരുന്ന ജോർജ് ജോസഫ് അറസ്റ്റ് വരിച്ചപ്പോൾ മഹാത്മാ ഗാന്ധി ഇടപെട്ട് സത്യഗ്രഹത്തിൽ നിന്ന് അഹിന്ദുക്കളെ മാറ്റി. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ വികസിച്ചുവന്ന സമരം അങ്ങനെ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിലൊതുക്കപ്പെട്ടു. ജാതീയമായ അവശതകളനുഭവിക്കുന്നവരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിച്ചു ഹിന്ദുമതത്തെ ഉറപ്പിച്ചു നിർത്താൻ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ഇത് സത്യഗ്രഹകാലത്ത് ശ്രീനാരായണഗുരുവായി അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണരൂപം വായിക്കുന്ന ആർക്കും മനസ്സിലാക്കാനാകും.

കാലക്രമത്തിൽ കേരളനവോത്ഥാനമായി വികസിച്ച വ്യത്യസ്ത പരിഷ്കരണ പ്രസ്ഥാനങ്ങളെ നയിച്ചത് ഒരേ വികാരമായിരുന്നില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ജാതിശ്രേണിയുടെ കീഴ്ത്തട്ടുകളിലായിരുന്നവരുടെ ലക്ഷ്യം തുല്യതയും തുല്യാവസരങ്ങളും നേടുകയെന്നതായിരുന്നു. മേൽത്തട്ടുകാരുടെ ലക്ഷ്യം പുതിയ കാലഘട്ടത്തിൽ മേൽക്കോയ്മ നിലനിർത്തുകയെന്നതായിരുന്നു. അതിന് ഉതകുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾക്കാണ് അവർ ശ്രമിച്ചത്. വൈക്കം സത്യഗ്രഹകാലത്ത് യോഗക്ഷേമസഭ നിലവിലുണ്ടായിരുന്നെങ്കിലും മാറ്റങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമായിരുന്നില്ല അത്. ഏതാനും വർഷങ്ങൾക്കുശേഷമാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നമ്പൂതിരി സമുദായത്തിലെ യുവാക്കൾ സാമൂഹ്യപരിഷ്കാരം ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നത്. സമുദായത്തിനുള്ളിൽ അവകാശനിഷേധം അനുഭവിച്ചിരുന്ന ഇളമുറക്കാരും സ്ത്രീകളുമാണ് മാറ്റങ്ങൾക്കായി മുറവിളികൂട്ടിയത്. വൈക്കം സത്യഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി വലിയ പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ നമ്പൂതിരി നവീകരണ പ്രസ്ഥാനത്തെപ്പോലെ നായർ പ്രസ്ഥാനവും അടിസ്ഥാനപരമായി മുതിർന്ന തലമുറക്കെതിരെ യുവാക്കൾ സംഘടിപ്പിച്ച ഒന്നായിരുന്നു. അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നവരിലേറെയും ബ്രാഹ്മണ സംബന്ധങ്ങളിലെ സന്തതികളായിരുന്നെന്നത് യാദൃശ്ചികമല്ല.

സ്വജാതിവിവാഹവും വിധവാവിവാഹവും അംഗീകരിക്കപ്പെട്ടതോടെ നമ്പൂതിരി സമുദായത്തിലേയും മക്കത്തായവും ആളോഹരിവിഹിതവും അംഗീകരിക്കപ്പെട്ടതോടെ നായർ സമുദായത്തിലേയും ഇളമുറക്കാരുടെ ലക്ഷ്യങ്ങൾ ഏറെക്കുറെ പൂർത്തിയായി.
എല്ലാവരും തുല്യരും തുല്യാവകാശമുള്ളവരുമെന്ന ആശയം ഉൾക്കൊള്ളാനാവുന്ന തലത്തിലേക്ക് അവരുടെ പരിഷ്കരണപ്രസ്ഥാനങ്ങൾ വളർന്നിരുന്നില്ല. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനം എന്ന സങ്കല്പം പതിറ്റാണ്ടുകൾക്കുമുമ്പെ ശ്രീനാരായണൻ കേരളസമൂഹത്തിനു മുന്നിൽ വെച്ചിരുന്നു. എന്നാൽ ഗുരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ അനുയായികൾക്കിടയിൽനിന്നു തന്നെ എതിർപ്പ് ഉയർന്നു വന്നിരുന്നു. വി.ടി. ജാതിരഹിതസമൂഹം എന്ന ലക്ഷ്യം പ്രഖ്യാപിച്ചപ്പോൾ അനുയായികൾ അദ്ദേഹത്തെ വിട്ടു. കമ്മ്യൂണിസ്റ്റ് നേതാവായി മാറിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായപ്പോൾ വ്യവസായ രംഗത്തിറങ്ങി സമൂഹത്തിൽ മേൽക്കോയ്മ നിലനിർത്താനാണ് സമുദായാംഗങ്ങളെ ഉപദേശിച്ചത്.

സാമൂഹ്യപുരോഗതിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ജാതിമേധാവിത്വശക്തികൾ ഓരോ ഘട്ടത്തിലും മാറ്റങ്ങളുടെ വ്യാപ്തി പരിമിതപ്പെടുത്താൻ ശ്രമിച്ചതായി കാണാം. ഉദാത്തമായ ആശയങ്ങളല്ല സ്വാർത്ഥതാല്പര്യങ്ങളാണ് പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും പലപ്പോഴും നയിച്ചത്. മുന്നോക്ക സമുദായ പ്രസ്ഥാനങ്ങളുടെ കാര്യത്തിൽ മാത്രമല്ല പിന്നാക്ക സമുദായ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും ഇതുണ്ടായി.

കഴിഞ്ഞ നൂറ്റാണ്ടിലെ സംഭവങ്ങൾ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുമ്പോൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആവിർഭാവം നവോത്ഥാനം പിന്നിലേക്കോടിച്ച ജാതി മേധാവിത്വത്തിന് രാഷ്ട്രീയ കൊടിയുമായി തിരിച്ചുവരാൻ അവസരം ഒരുക്കിയതായി കാണാം. സാമുദായിക സംഘടനകളെ ഒപ്പം നിറുത്തിക്കൊണ്ടാണ് തിരുവിതാം‌കൂർ ഭരണകൂടം കോൺഗ്രസ്സിനെ പ്രതിരോധിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയോടെ അവ കോൺഗ്രസ് ഭാഗത്തേക്ക് നീങ്ങി. സംഖ്യാബലമുള്ള സമുദായങ്ങളെ ഭാഗികമായി ഉൾക്കൊള്ളുന്ന ഒരു വ്യവസ്ഥ അംഗീകരിക്കാൻ ജാതിമേധാവിത്വം തയ്യാറായി. ഇന്നും നിലനിൽക്കുന്ന ആ സംവിധാനം തുല്യതയിൽ അധിഷ്ഠിതമല്ല. ഫ്യൂഡൽ കാലത്ത് ആവിഷ്കരിക്കപ്പെട്ട സാമൂഹ്യ ബഹിഷ്കരണ പദ്ധതിയുടെ അംശങ്ങൾ അതിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പണ്ടത്തെയത്ര രൂക്ഷമല്ലെന്ന് മാത്രം.

പഴയ ബഹിഷ്കൃത സമൂഹത്തിൽ പെട്ടവരിൽ നിന്ന് ആളുകളെ വ്യത്യസ്ത തോതുകളിൽ മുഖ്യധാരയിലേക്ക് സംക്രമിപ്പിക്കുന്ന സമീപനമാണ് ജാതിമേധാവിത്വം സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫ്. കാലത്തും എൽ.ഡി.എഫ്. കാലത്തും നടക്കുന്ന സർക്കാർ നിയമനങ്ങളിൽ ഈ സമീപനത്തിന്റെ പ്രതിഫലനം കാണാം. അതിന്റെ ഫലമായാണ് പല പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും, പ്രത്യേകിച്ചും സംഖ്യാബലവും സാമ്പത്തികശേഷിയും കുറഞ്ഞ വിഭാഗങ്ങളിൽ പെട്ടവർക്ക്, അർഹമായ പ്രാതിനിധ്യം കിട്ടാതെ പോകുന്നത്. ഈ സംവിധാനം നിലനിർത്താൻ രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികളും സന്നദ്ധമാണ്. അതുകൊണ്ടാൺ ഏത് മുന്നണി ഭരിച്ചാലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകാത്തത്.

ദലിത് സമൂഹത്തിന്റെ സമകാലികാവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ജാതിമേധാവിത്വസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും രണ്ട് പതിറ്റാണ്ടു പയറ്റിയശേഷമാണ് ഭൂപരിഷ്കരണ നിയമത്തിന് അന്ത്യരൂപം കൈവന്നത്. ജന്മിയിൽ നിന്നെടുക്കുന്ന ഭൂമി, ഭൂരഹിതരായ ദലിത് കർഷകത്തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, കുടിയാന്മാർക്ക് നൽകുമ്പോൾ സാമൂഹ്യ വ്യവസ്ഥയിൽ കാര്യമായ മാറ്റം വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് പ്രമുഖ പാർട്ടികൾക്കെല്ലാം സ്വീകാര്യമായ ഭൂപരിഷ്കരണം സാധ്യമാക്കിയത്.

സാമൂഹ്യ ബഹിഷ്കരണത്തിന്റെ ഈ ആധുനികരൂപവും കാലഹരണപ്പെട്ടിരിക്കുന്നു. തുല്യതയിൽ കുറഞ്ഞ ഒന്നും ദലിത് സമൂഹത്തെ തൃപ്തിപ്പെടുത്തില്ലെന്നതാണ് മുത്തങ്ങയും ആറളവും ചെങ്ങറയും വർക്കലയും നൽകുന്ന സന്ദേശം. (യോഗനാദം, ഡിസംബർ 1-15, 2009)

Thursday, December 10, 2009

മറുനാടൻ മലയാളികൾക്കായി ഒരു ഇന്റർനെറ്റ് പത്രം

പ്രവാസി മലയാളികൾക്കു വേണ്ടി മാത്രമുള്ള ലോകത്തെ ആദ്യത്തെ സമ്പൂർണ ദിനപത്രം.

പ്രവാസി മലയാളികൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. വാർത്തകൾ, വിശേഷങ്ങൾ, അനുഭവങ്ങൾ, എല്ലാം.


നാളെ (ഡിസംബർ 11ന്) ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെടുന്ന “മറുനാടൻ മലയാളി“ വെബ്സൈറ്റിന്റെ അവകാശവാദങ്ങളാണിവ.

“മറുനാടൻ മലയാളി“യുടെ ബ്രോഷ്യുറിൽ നിന്ന് കൂടുതൽ വിവരങ്ങൾ:

കേരളത്തിലെ പ്രമുഖ മലയാള പത്രങ്ങളിൽ ജോലി ചെയ്തിരുന്നവരും ഇപ്പോൾ പ്രവാസികളായി മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവരുമായ പത്രപ്രവർത്തകരുടെ ഗൃഹാതുരത്വം നിറഞ്ഞ കൂട്ടായ്മയാണ് “മറുനാടൻ മലയാളി“. പ്രവാസി മലയാളികൾക്ക് എന്നും നേരം വെളുക്കുമ്പോൾ ഒരു ദിനപത്രം എന്നതാണ് “മറുനാടൻ മലയാളി“യുടെ ലക്ഷ്യം.

24 മണിക്കൂർ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് “മറുനാടൻ മലയാളി“യുടെ ഒരു ഭാഗം മാത്രമാണ്. എന്തിഷ്ടപ്പെടുന്നവർക്കും ഇവിടെ ഒരിടം ഉണ്ട്. സാഹിത്യമോ, സിനിമയോ, രാഷ്ട്രീയമോ, സ്‌പോർട്‌സോ, ബിസിനസോ എന്തുമാവട്ടെ.

ഇവിടെ അവസാനിക്കുന്നില്ല “മറുനാടൻ മലയാളി“യുടെ സ്വഭാവം. പ്രവാസി മലയാളിയുടെ ജീവിതത്തെ ബാധിക്കുന്നതും പ്രവാസി ജീവിക്കുന്ന രാജ്യത്തും ചുറ്റുപാടും സംഭവിക്കുന്നതുമായ വാർത്തകൾ തിരിച്ചറിഞ്ഞു നൽകുന്ന മിനി സൈറ്റുകൾ “മറുനാടൻ മലയാളി“ക്കകത്ത് ഒളിഞ്ഞിരിക്കുന്നു. അമേരിക്കൻ മലയാളിയും യൂറോപ്യൻ മലയാളിയും ഗൾഫ് മലയാളിയുമൊക്കെ ഇവയിൽ ചിലതു മാത്രമാണ്.


അഞ്ചു പംക്തികൾ. എഴുതുന്നത് സക്കറിയ, ചന്ദ്രമതി, എൻ.ആർ.എസ്. ബാബു, എൻ.പി.ഹാഫിസ് മുഹമ്മദ് എന്നിവരും ഞാനും.

“മറുനാടൻ മലയാളി”യുടെ നേതൃനിരയിൽ ഇവരാണ്:

ചീഫ് എഡിറ്റർ: ഷാജൻ സ്കറിയ
എഡിറ്റോറിയൽ ഡയറക്ടർ: എൽ.ആർ.ഷാജി
എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ: എൻ.കെ.ഭുപേഷ്
അസോസിയേറ്റ് എഡിറ്റർ: വിൻസി സെജു
ഫീച്ചർ എഡിറ്റർ: മേരി ലില്ലി
അസിസ്റ്റന്റ് എഡിറ്റർ: കണ്ണൻ

ചിലർ പുറത്തുനിന്ന് സഹായിക്കുന്നു. അക്കൂട്ടത്തിൽ കൺസൾട്ടന്റ് എഡിറ്റർ ആയി ഞാനും എഡിറ്റോറിയൽ അഡ്വൈസേഴ്സായി സെബാസ്റ്റ്യൻ പോൾ, കെ.എം.റോയ്, ലാൽ ജോസ്, ലീലാ മേനോൻ എന്നിവരുമുണ്ട്.

ബ്രിട്ടീഷ് മലയാളി
വെബ്‌സൈറ്റിലൂടെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഉറച്ച സ്ഥാനം നേടിയ അനുഭവസമ്പത്തുമായാണ് ഷാജൻ സ്കറിയയും കൂട്ടരും കൂടുതൽ വിശാലമായ “മറുനാടൻ മലയാളി”യുമായി രംഗപ്രവേശം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് തത്സമയം ആശയവിനിമയം നടത്താനുള്ള സൌകര്യമാണ് അവർ ഒരുക്കുന്നത്.

തിരുവനന്തപുരത്ത് മാസ്കട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സഹമന്ത്രി ശശി തരൂർ നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് “മറുനാടൻ മലയാളി“ ഉത്ഘാടനം ചെയ്യും. സംസ്ഥാന ധനമന്ത്രി ടി. എം.തോമസ് ഐസക് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

“മറുനാടൻ മലയാളി”യുടെ URL: www.marunadanmalayalee.com

മേൽ‌വിലാസം:
Marunadan Malayalee,
Marunadan Malayalee Bhavan,
MRF Road,
Vadavathoor PO,
Kottayam 686 010
e-mail: editor@marunadanmalayalee.com
Telephone: 0481-257 8911

Overseas Office:
51 Sultan Road,
Shrewsbury,
England SY 12SS
Telephone: 00442031372233

Wednesday, December 9, 2009

വൈകുണ്ഠ സ്വാമി -- ‘ ആദ്യ സ്വാതന്ത്ര്യ സമര സേനാനി’

ക്രൂരമായ ഫ്യൂഡൽ-കൊളോണിയൽ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഒരു പുതിയ സമൂഹത്തിനു വേണ്ടിയുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് “തിരുവിതാംകൂർ മഹാരാജാവിനെ അനന്തപുരി നീചൻ എന്നും ബ്രിട്ടീഷ് റീജന്റിനെ വെൺനീചൻ എന്നും അഭിസംബോധന ചെയ്ത അതുല്യപ്രതിഭാസ”മായ ശ്രീ വൈകുണ്ഠ സ്വാമികൾ. ദലിത്ബന്ധു രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം “വൈകുണ്ഠ സ്വാമികൾ --കേരള സാമൂഹ്യനവോത്ഥാനത്തിന്റെ മാർഗ്ഗദർശി” എന്ന പേരിൽ ബഹുജൻവാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു.

ദലിത്, നസ്രാണി വിഷയങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ് ദലിത്ബന്ധു എന്ന പേരിലറിയപ്പെടുന്ന എൻ.കെ. ജോസ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളത്തിലെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി കൊട്ടാരക്കര മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ ഇന്നും തികച്ചും അജ്ഞാതനായ വൈകുണ്ഠ സ്വാമികളാണ്.

വൈകുണ്ഠ സ്വാമികളെയും സ്വാമികളുടെ നവോത്ഥാനത്തെയും പറ്റി ദലിത്ബന്ധു അന്വേഷിക്കുന്നത് കേവലം ജിജ്ഞാസയുടെ പേരിലല്ല, മറ്റൊരു നവോത്ഥാനത്തിന് ശ്രമിക്കാനാണ്. മറ്റൊരു നവോത്ഥാനം ആവശ്യമാണെന്ന് കരുതുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്..

വില 125 രൂപ

പ്രസാധകർ:
Bahujan Vartha,
Gandhinagar,
Kudavoor P.O.,
Thiruvananthapuram 659 313

Tuesday, December 8, 2009

മലയാള പത്രങ്ങൾ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു

ഉപഗ്രഹ ടേലിവിഷന്റെ വരവ് മലയാള പത്രങ്ങളുടെ വളർച്ചയെ ബാധിച്ചിട്ടില്ലെന്ന് ഇൻഡ്യൻ റീഡർഷിപ്പ് സർവ്വേ 2009ലെ രണ്ടാം റൌണ്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള ചില വാർത്തകൾ നമ്മുടെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാർക്ക് പുതിയ വിവരം നൽകുകയെന്നതിനേക്കാൾ സ്വന്തം നേട്ടം അറിയിക്കുകയെന്നതായിരുന്നു അവയുടെ ലക്ഷ്യം.

രാജ്യത്ത് ഏറ്റവുമധികം വായനക്കാരുള്ള (വരിക്കാരല്ല) പത്ത് പത്രങ്ങളുടെ പട്ടികയിൽ മലയാള മനോരമയും മാതൃഭൂമിയും ഇപ്പോഴുമുണ്ട്. മനോരമ നാലാം സ്ഥാനത്തും മാതൃഭൂമി ഒമ്പതാം സ്ഥനത്തുമാണ്.

ഒന്നാം റൌണ്ട് സർവ്വേയ്ക്കുശേഷം മനോരമയുടെ വായനക്കാരുടെ എണ്ണം 88.83 ലക്ഷത്തിൽ നിന്ന് 91.83 ലക്ഷമായും മാതൃഭൂമിയുടേത് 64.13 ലക്ഷത്തിൽ നിന്ന് 66.78 ലക്ഷമായും ഉയർന്നതായി റിപ്പോർട്ട് കണക്കാക്കുന്നു. മനോരമ മൂന്നു ലക്ഷം വായനക്കരെ കൂടുതലായി നേടിയപ്പോൾ മാതൃഭൂമിക്ക് പുതുതായി കിട്ടിയത് 265,000 വായനക്കാരെയാണ്. മനോരമയുടെ അടിത്തറ കൂടുതൽ വിപുലമായതുകൊണ്ട് അതിന്റെ വളർച്ചാ നിരക്ക് (3.38 ശതമാനം) മാതൃഭൂമിയുടേതിനേക്കാൾ (4.13 ശതമാനം) കുറഞ്ഞതായി.

ഏറ്റവുമധികം ആളുകൾ വായിക്കുന്ന 20 പത്രങ്ങളുടെ പട്ടികയിൽ മറ്റൊരു മലയാള പത്രവുമില്ല. എന്നാൽ രാജ്യത്ത് ഏറ്റവും വലിയ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത് ദേശാഭിമാനി ആണ്. അതിന്റെ വായനക്കാരുടെ എണ്ണം 16.62 ലക്ഷത്തിൽ നിന്ന് 20.27 ലക്ഷമായി വർദ്ധിച്ചതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 22 ശതമാനം വളർച്ച.

വലിയ 20 പത്രങ്ങളുടെ പട്ടികയിൽ രണ്ട് ഇംഗ്ലീഷ് പത്രങ്ങളേയുള്ളൂ: ടൈംസ് ഓഫ് ഇൻഡ്യയും (ഏഴാം സ്ഥാനം) ഹിന്ദുസ്ഥാൻ ടൈംസും (പത്തൊമ്പതാം സ്ഥാനം). ടൈംസ് ഓഫ് ഇൻഡ്യാ വായനക്കാരുടെ എണ്ണം 68.66 ലക്ഷത്തിൽ നിന്ന് 71.42 ലക്ഷമായി ഉയർന്നപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന്റേത് 34.94 ലക്ഷത്തിൽ നിന്ന് 33.47 ലക്ഷമായി കുറയുകയാണുണ്ടായത്.

പട്ടികയിലെ 20 പത്രങ്ങളിൽ ഒൻപതെണ്ണത്തിനു മാത്രമാണ് വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞത്. പത്തൊമ്പത് പത്രങ്ങൾക്ക് വായനക്കാർ കുറഞ്ഞു. വലിയ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി പത്രങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ഇത് ഹിന്ദി, മലയാളം പത്രങ്ങൾ വളരുകയാണെങ്കിലും മറ്റ് ചില ഭാഷകളിൽ പത്രങ്ങളുടെ വളർച്ച നിലയ്ക്കുകയാണോ എന്ന സശയം ജനിപ്പിക്കുന്നു.

ആനുകാലികങ്ങൾക്ക് രാജ്യമൊട്ടുക്ക് വായനക്കാർ നഷ്ടപ്പെടുന്നതായി സർവ്വേ കാണിക്കുന്നു. ഇത് ടെലിവിഷന്റെ സ്വാധീനമാണെന്ന് കരുതാൻ ന്യായമുണ്ട്. എന്നാൽ മലയാള പ്രസിദ്ധീകരണങ്ങൾ അവിടെയും അപവാദമായി നിലകൊള്ളുന്നു.

വനിതയുടെ (ഒന്നാം സ്ഥാനം) വായനക്കാരുടെ എണ്ണം 26.19 ലക്ഷത്തിൽ നിന്ന് 29.00 ലക്ഷമായും, മലയാള മനോരമ ആഴ്ചപ്പതിപ്പിന്റേത് (അഞ്ചാം സ്ഥാനം) 14.00 ലക്ഷത്തിൽ നിന്ന് 16.09 ലക്ഷമായും ബാലരമയുടേത് (ആറാം സ്ഥാനം)14.35 ലക്ഷത്തിൽ നിന്ന് 15.7 ലക്ഷമായും ഉയർന്നു. കൂടുതൽ വായനക്കാരെ നേടിയ മറ്റ് പ്രധാന മലയാള പ്രസിദ്ധീകരണങ്ങൾ മാതൃഭൂമി ആരോഗ്യ മാസിക, മാതൃഭൂമി തൊഴിൽവാർത്ത, മംഗളം വാരിക, ഗൃഹലക്ഷ്മി എന്നിവയാണ്.

റീഡർഷിപ്പ് സർവ്വേയുടെ ആധികാരികത ചിലർ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ കോടിക്കണക്കിന് രൂപയ്ക്കുള്ള പരസ്യങ്ങളുടെ ഒഴുക്ക് തീരുമാനിക്കുന്നതിൽ ഈ സർവ്വേയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്.

Saturday, December 5, 2009

മലയാളികളും മാധ്യമങ്ങളും

പത്രം വാങ്ങാൻ മലയാളികൾ പ്രതിവർഷം 441 കോടി രൂപ ചെലവാക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഇത് ശരിയാണെങ്കിൽ മൊത്തം മലയാളികളുറെ ഒറ്റ ദിവസത്തെ പത്രച്ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപ. കേബിൾ ടിവിക്ക് വരിസംഖ്യയായി ഒരു വർഷം ചെലവിടുന്നത് 500 കോടി രൂപ. പ്രതിദിനം ഒരു കോടി മുപ്പത്തേഴ് ലക്ഷം. ഓരോ ദിവസവും ഇരുപതോളം പത്രങ്ങളുടെ 40 ലക്ഷത്തോളം കോപ്പികൾ 60 ലക്ഷം കുടുംബങ്ങളിലെത്തുന്നു. അരക്കോടി വീടുകളിൽ ടിവി ഉണ്ട്. ഇതിൽ 32 ലക്ഷം വീടുകളിലെങ്കിലും കേബിൾ കണക്ഷനുമുണ്ട്. പതിനേഴ് എഫ്.എം. നിലയങ്ങൾ. മൊബൈൽ ഫോൺ (ഒരു വർഷത്തെ വിളിച്ചെലവ് രണ്ടായിരം കോടി രൂപ), എസ്.എം.എസ്, ബ്ലോഗുകൾ, ട്വിറ്റർ, സോഷ്യൽ നെറ്റ്വർക്കുകൾ. എല്ലാം കൊണ്ടും വിവരവിനിമയം നമ്മുടെ വലിയ വ്യവസായമായിരിക്കുന്നു. ഇങ്ങനെ വ്യാപകമായി വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും സാംസ്കാരിക ഉല്പന്നങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കുന്നതെങ്ങനെ? മലയാളി മാത്രമല്ല് ലോകം മുഴുവൻ ഒരു മാധ്യമ ശൃംഖലയിൽ ഭാഗഭാക്കായിരിക്കുന്നു.

ഡോ. യാസീൻ അശ്റഫ് (yaseenashraf@gmail.com) പ്രബോധനം അറുപതാം വാർഷികപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ നിന്ന് ഏടുത്ത വിവraമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

Wednesday, December 2, 2009

'ലോക ബാങ്ക് അതിക്രമങ്ങള്‍ക്കെതിരെ ജനകീയ കൺവൻഷൻ'

ലോക ബാങ്കിനും അതിന്റെ ദല്ലാളന്മാർക്കുമെതിരെ ജനങ്ങളുടെ കുറ്റപത്രം സമർപ്പിക്കുന്നതിനായി ഡിസംബര് 5 ശനിയാഴ്ച്ച കോഴിക്കോട് ജനകീയ കൺവൻഷൻ ചേരുന്നു.

കൺ‌വൻഷൻ വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യം സംഘാടകർ ഇങ്ങനെ വിശദീകരിക്കുന്നു:

കേരളം അമേരിക്കൻ ധനകാര്യ ഏജൻസികളുടെ പൂർണ്ണ നിയന്ത്രണത്തിലേക്കു നീങ്ങുകയാണ്. ഭരണാധികാരികൾ വൻ‌തോതിലുള്ള വായ്പയെടുത്ത് ആരംഭിച്ച കീഴ്പ്പെടൽ ലജ്ജാകരമായ ദാസ്യമാകുകയാണ്. ലോക ബാങ്ക് അടിച്ചേൽ‌പ്പിക്കുന്ന നിയന്ത്രണങ്ങൾക്ക് ജനങ്ങളെ ബലിമൃഗങ്ങളാക്കുന്നതിൽ ഇടതുപക്ഷസർക്കാറിന്റെ മുൻകൈ നമ്മെ അമ്പരപ്പിക്കുന്നു.

ലോക ബാങ്കിന്റെ ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് കുടിവെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും യാത്രാസൗകര്യവുമെല്ലാം കനത്ത വില അഥവാ യൂസർഫീ കൊടുത്തു വാങ്ങേണ്ടതായിത്തീർന്നത്, ഭൂമിക്കച്ചവടത്തിന്റെ അതിരുകൾ ലംഘിച്ചത്, എല്ലാറ്റിനും നികുതി പുതുക്കി വർദ്ധിപ്പിച്ചത്, വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാതെ പോയത്.

ഘടനാപരമായ പരിഷ്ക്കാരങ്ങൾക്ക് വഴങ്ങില്ലെന്ന് ശഠിച്ചിരുന്ന മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഴിമാറിയിരിക്കുന്നു. ലോക ബാങ്കിന്റെയും ഐ.എം.എഫിന്റെയും ജനവിരുദ്ധ നടപടികൾക്കെതിരെ കമ്യൂണിസ്റ്റു പാർട്ടികളുടെ സാർവദേശീയ സമ്മേളനം ഉയർത്തിയ കാതലായ വിമർശനം കേരളത്തിലെ പാർട്ടിയും ഭരണവും അവഗണിക്കുകയാണ്. ലോക ബാങ്കിന്റെയും സാമ്രാജ്യത്വത്തിന്റെയും കൂട്ടിക്കൊടുപ്പുകാരായി അവർ മാറുകയാണ്. വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നെന്ന പോലെ കേരളത്തിലെ വലിയ കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഇനി നീതി പ്രതീക്ഷിക്കേണ്ടതില്ല.

വിഴിഞ്ഞം പദ്ധതി കുപ്രസിദ്ധ ലോക ബാങ്ക് സംരംഭമായ ഐ.എഫ്.സി യെ ഏൽ‌പ്പിച്ചതും ജനകീയാസൂത്രണത്തിന് ആയിരം കോടി വായ്പ വാങ്ങുന്നതും പൊതുനിരത്തുകൾക്ക് വേറെയും വായ്പകൾക്ക് ഇരക്കുന്നതും പൊതുനിരത്തുകൾ ബി.ഒ.ടി എന്ന ഓമനപ്പേരിട്ട് സ്വകാര്യ മൂലധന ശക്തികൾക്ക് നല്കുന്നതും ആസിയാൻ കരാറിനെക്കാൾ ആയിരം മടങ്ങ് ദോഷകരമായ ലോക ബാങ്ക് ഇടപെടലുകളാണ്.

ഈ സാഹചര്യത്തിലാണ് ലോകബാങ്കിനും അതിന്റെ ദല്ലാളന്മാർക്കുമെതിരെ ജനങ്ങളുടെ കുറ്റപത്രം സമർപ്പിക്കേണ്ടി വരുന്നത്. ഇതിനായി 2009 ഡിസംബർ 5 ശനിയാഴ്ച്ച 3 മണിക്ക് കോഴിക്കോട് മാനാഞ്ചിറയിലുള്ള സ്പോർട്സ് കൗൺസിൽ ഹാളിൽ ലോക ബാങ്ക് അതിക്രമങ്ങൾക്കെതിരായ ജനകീയ കൺവൻഷൻ ചേരുന്നു.

സാമ്രാജ്യത്വവിരുദ്ധ ആക്റ്റിവിസ്റ്റായ അശോക് റാവു (ദില്ലി ), കെ.ആർ .ഉണ്ണിത്താൻ, കെ. വിജയചന്ദ്രൻ , ജോസഫ് സി. മാത്യു, എം.രാജൻ , പ്രൊഫ.കെ. അരവിന്ദാക്ഷൻ, എം.ആർ .മുരളി, എൻ. .പ്രഭാകരൻ , എം.എം.സോമശേഖരൻ , ടി.പി.ചന്ദ്രശേഖരൻ , പി.സുരേന്ദ്രൻ, എൻ.ശശിധരൻ, ഡോ. പി.ഗീത , ബാബു ഭരദ്വാജ്, ഡോ.കെ.എൻ. അജോയ്കുമാര് , സിദ്ധാർത്ഥൻ പരുത്തിക്കാട്, എൻ .പി.ചന്ദ്രശേഖരൻ( ചൻസ്), കെ.എം.നന്ദകുമാർ, ഡോ.ആസാദ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുക്കുന്നു.

അഡ്വ.പി.കുമാരൻ‌കുട്ടി, ചെയർമാൻ, സ്വാഗതസംഘം.
കെ.പി.പ്രകാശൻ, ജന.കൺ‌വീനർ, സ്വാഗതസംഘം.
പ്രൊഫ. എൻ. സുഗതൻ, പ്രസിഡണ്ട്, അധിനിവേശ പ്രതിരോധ സമിതി
വി.പി.വാസുദേവൻ, ജന.സെക്രട്ടറി, അധിനിവേശ പ്രതിരോധ സമിതി