Friday, June 26, 2009

ചെറിയതുറ വെടിവെയ്പ്: എൻ.സി.എച്ച്.ആർ.ഒ. അന്വേഷണ റിപ്പോർട്ട്

ബീമാപ്പള്ളി (ചെറിയതുറ) വെടിവെയ്പിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്, എൻ.സി.എച്ച്.ആർ.ഒ) നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.

പീഢനത്തിനെതിരായ അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി എൻ.സി.എച്ച്.ആർ.ഒ ‘ഭരണകൂട ഭീകരതയും മനുഷ്യാവകാശധ്വംസനങ്ങളും‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വെച്ചായിരുന്നു അതിന്റെ പ്രകാശനം.

വെടിവെയ്പ്പിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര പാനലിനെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണെമെന്നും അതാവശ്യപ്പെടുന്നു.

പ്രസാധകരുടെ മേൽ‌വിലാസം:
എൻ.സി.എച്ച്.ആർ.ഒ,
5/3274-എ ബാങ്ക് റോഡ്,
കോഴിക്കോട് 673001.
e-mail: humanrightskerala@gmail.com
website: www.humanrightskerala.com

Thursday, June 25, 2009

‘കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ‘

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രമാണ് ‘കമ്യൂണിസ്റ്റ് ഭരണം കേരളത്തില്‍‘ എന്ന പുസ്തകം. ഗ്രന്ഥകാരന്‍ കൈനിക്കര പത്മനാഭപിള്ള. പ്രസിദ്ധീകരിച്ചത് കേരള പ്രദേശ കോണ്‍ഗ്രസ്സ് കമ്മിറ്റി. പ്രസിദ്ധീകരണ തീയതി: 1959. ‘വിമോചനസമര‘ത്തിലൂട സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ പുസ്തകം പുറത്തുവന്നു.

പുസ്തകം എഴുതാന്‍ 18 മാസം എടുത്തെന്ന് ഗ്രന്ഥകാരന്‍ കുറിപ്പില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന് ഏറെ കഴിയും മുമ്പെ അദ്ദേഹം രചന തുടങ്ങി എന്നര്‍ത്ഥം. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചെന്ന് വിവിധ അധ്യായങ്ങളുടെ തലക്കെട്ടുകള്‍ വ്യക്തമാക്കുന്നു.

അമ്പത് കൊല്ലത്തിനുശേഷം, വിമോചനസമരത്തിന്റെ വാര്‍ഷികവേളയില്‍, കെ. പി. സി.സി.യുടെ കീഴിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റി പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നു. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍വെച്ച് ആദ്യ പ്രതി മുന്‍ മേഘാലയാ ഗവര്‍ണര്‍ എം. എം. ജേക്കബിനു നല്‍കിക്കൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പുതിയ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു.

സൊസൈറ്റിയും കെ.പി.സി.സി. മീഡിയാ സെല്ലും ചേര്‍ന്ന് ‘വിമോചനസമരം ജനാധിപത്യവിരുദ്ധമൊ?‘ എന്ന വിഷയത്തില്‍ ഒരു സെമിനാറും സംഘടിപ്പിച്ചു. പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷനായിരുന്നു. എം. ജി. എസ്. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ജെ. രഘ്യ്‌വും ഞാനും സംസാരിച്ചു.

പുസ്തകത്തിന്റെ വില: 130 രൂപ
പ്രസാധകരുടെ മേൽ‌വിലാസം:
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റി,
ഇന്ദിരാ ഭവന്‍,
ശാസ്തമംഗലം,
തിരുവനന്തപുരം 695010

Wednesday, June 24, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങാള്‍ - 13

കേരളശബ്ദത്തില്‍ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭങ്ങള്‍‘ പരമ്പരയിലെ പതിമൂന്നാമത് ലേഖനം Babu Bhaskar Google Groupല്‍:

ടെലിവിഷനിലൂടെ അടുത്തറിഞ്ഞ തെരഞ്ഞെടുപ്പ്

ലാവലിൻ: ആരാണ് പണം തട്ടിയത്?

ഈ ചോദ്യത്തിന് എഴുത്തുകാരനും രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനുമായ സക്കറിയ ഉത്തരം തേടുന്നു.

ഇംഗ്ലീഷിലുള്ള ലേഖനം Tehelkaയില്‍.

Thursday, June 18, 2009

ചെങ്ങറ ഐക്യദാർഢ്യ പുസ്തകം

പല രീതിയിൽ ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഒരു ഐക്യദാർഢ്യ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

‘പിറവിക്കുറിപ്പി‘ൽ എഡിറ്റർ ടി. മുഹമ്മദ് വേളം എഴുതുന്നു: “കേരളം നേടി എന്നവകാശപ്പെടുന്ന സമൂഹികവികസന നേട്ടത്തിനെതിരെ ഇവിടത്തെ അടിസ്ഥാന ജനവിഭാഗം സമർപ്പിച്ച കുറ്റപത്രമാണ് ചെങ്ങറ.“

പുസ്തകത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “ഇത് ഒന്നാമതായി സമരഭൂമിയുടെ പുസ്തകമാണ്. രണ്ടാമതായി ഇതിനോട് ഐക്യപ്പെടുന്ന മുഴുവൻ സാംസ്കാരിക പ്രവർത്തകരുടെയും പുസ്തകമാണ്. ഞങ്ങൾ അതിന്റെ സംഘാടകർ മാത്രമാണ്.”

സച്ചിദാനന്ദൻ, എസ്. ജോസഫ്, രാഘവൻ അത്തോളി, എം.ബി.മനോജ്, എസ്.കലേഷ് എന്നിവരുടെ കവിതകളോടെയാണ് തുടക്കം. സച്ചിദാനന്ദന്റെ കവിതയിൽ നിന്ന് നാല് വരികൾ:

ഇന്നുയരുന്നൂ ഞങ്ങളുനെയ്‌തൊരു
സ്വന്തം കൊടിയിബ്ഭൂവിൻ മാറിൽ:
മണ്ണിന്റേതാണിതിനുടെ നിറ, മിതി-
ലുണ്ടേ പച്ചയിലൊരു ഭൂഗോളം


രാഘവൻ അത്തോളിയുടെ രണ്ട് വരികൾ:

ദുഷ്ടബ്രാഹ്മണക്കോയ്മകൾക്കാരാണ്
പ്രിയസഖാവെന്ന് പേരു നൽകുന്നത്


‘സമരഭൂമി’ എന്ന തലക്കെട്ടുള്ള വിഭാഗത്തിൽ ളാഹ ഗോപാലന്റെയും സലീന പ്രക്കാനത്തിന്റെയും വാക്കുകൾ വായിക്കാം.

‘അഭിവാദ്യം’, ‘വിശകലനം’ എന്നീ വിഭാഗങ്ങളിൽ ചെങ്ങറ ഭൂസമരത്തിന് പിന്തുണ നൽകിക്കൊണ്ടും അതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടും നിരവധി പേർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ചിരിക്കുന്നു. ചില ചെങ്ങറ രേഖകളാണ് ‘കത്ത്/റിപ്പോർട്ട്’ എന്ന തലക്കെട്ടിലുള്ള അവസാന വിഭാഗത്തിൽ.

വില 75 രൂപ

പ്രസാധകർ:
Solidarity Youth Movement,
Hira Centre,
Mavoor Road,
Kozhikode,
Kerala, India
e-mail: solidarityym@gmail.com

Wednesday, June 17, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 12

കേരളശബ്ദം വാരികയില്‍ എഴുതി വരുന്ന പരമ്പരയിലെ പന്ത്രണ്ടാം ലേഖനം:

തെരഞ്ഞെടുപ്പിനിടയില്‍ ചാവേറാക്രമണം

Monday, June 15, 2009

ലാവ്‌ലിൻ രേഖകളിലൂടെ

സമൂഹ്യപ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠന്‍ രചിച്ച “ലാവ്‌ലിന്‍ രേഖകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് തിരുവനന്തപുരത്ത് നടന്നു. അഡ്വ. ശിവന്‍ മഠത്തിലിന്റെ അദ്ധ്യക്ഷതയില്‍ പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ആദ്യപ്രതി ഞാന്‍ സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന് നല്‍കി. സി.എം.പി. നേതാവ് സി.പി.ജോണ്‍, ഫാ. അഗസ്റ്റിന്‍ വട്ടോലി, എ.എം.വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പുസ്തകത്തിന്റെ ജാക്കറ്റില്‍ നിന്ന്:

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ലാവ്‌ലിന്‍ ഇടപാട് എന്ന് എല്ലാവരും സമ്മതിക്കുന്നു. ആരാണിതിനുത്തരവാദികള്‍ എന്ന വിഷയത്തില്‍ മാത്രമാണ് തര്‍ക്കം. കോണ്‍ഗ്രസുകാര്‍ ഇതിനെ ന്യായീകരിക്കാന്‍ ഒരുങ്ങുന്നില്ല. അത് ചെയ്യുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഒരു പാര്‍ട്ടി ഇപ്പോല്‍ ലാവ്‌ലിന്‍ ഇടപാടില്‍ ര്‍ഗങ്ങളുടെ സെക്രട്ടറി നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ പെടാപ്പാടു പെടുകയാണ്. സര്‍ക്കാര്‍ സംവിധാനവും പൊതുമുതലും സംഘടനാബലവും ഉപയോഗിച്ചിട്ടും ഇതിനു കഴിയുന്നില്ലായെന്ന് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

ലാവ്‌ലിന്‍ ഇടപാടിന്റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന ആധികാരിക രേഖകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


ഈ പുസ്തകത്തിന്റെ സവിശേഷത അത് ഇക്കാലത്ത് പദ്ധതികള്‍ എങ്ങനെയാണ് രൂപപ്പെടുന്നത്, അവ എങ്ങനെയാണ് അഴിമതിയിലേക്ക് നയിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണെന്നതാണ്.

ഡി.സി. ബുക്സിന്റെ എല്ലാ ശാഖകളിലും പുസ്തകം കിട്ടുമെന്നും താമസിയാതെ മാതൃഭൂമി ബുക്സ് സ്റ്റാളുകളിലൂടെയും വിതരണം ചെയ്യപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു

വില 75 രൂപ

പ്രസാധകര്‍:
ഒലിവ് പബ്ലിക്കേഷന്‍സ് (പ്രൈ) ലിമിറ്റഡ്,
കിഴക്കെ നടക്കാവ്,
കോഴിക്കോട് 673 011

Friday, June 12, 2009

തെറ്റു പ്രചരിക്കുന്ന വഴി

ഇന്നത്തെ മലയാള മനോരമയിലെ ‘വാചകമേള’ പംക്തിയില്‍ കണ്ടത്:

പാളയം പള്ളിയില്‍ (മൃതദേഹത്തിന്റെ) മരണാനന്തര ചടങ്ങുകളില്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പം ഹിന്ദുക്കളായ ലക്ഷ്മിയെയും ചിന്നന്റെ ഭാര്യ ദേവിയെയും പങ്കെടുപ്പിച്ചു. ഹിന്ദുക്കളായ ഞങ്ങള്‍ മക്കളെ പങ്കെടുപ്പിച്ചു.. മുസ്ലിം സമുദായം കാട്ടിയ ഈ തുറന്ന ഹൃദയം ഇസ്ലാം നവോത്ഥാനത്തിന്റെ തുടക്കമായി ഞാന്‍ കാണുന്നു.
എം.ഡി.നാലപ്പാട്


കമലാ സുറയ്യയുടെ മൂത്ത മകന്‍ നാലപ്പാടിന്റേതായി കൊടുത്തിട്ടുള്ള വാക്കുകള്‍ അദ്ദേഹം എഴുതിയവയല്ല. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തെ ആസ്പദമാക്കി ഒരു റിപ്പോര്‍ട്ടര്‍ എഴുതി കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണവ. അദ്ദേഹവുമായി സംസാരിച്ച ലേഖകന്റെ പേരു വാരികയിലുണ്ട്.

ലേഖനത്തിലെ ആ ഭാഗം ഉദ്ധരിക്കുക വഴി മനോരമ അതിലെ ഒരു തെറ്റ് കൂടുതല്‍ ജനങ്ങളില്‍ എത്തിച്ചിരിക്കുന്നു.

അതില്‍ പരാമര്‍ശിക്കപ്പെടുന്ന ചിന്നൻ കമലാ സുറയ്യയുടെ രണ്ടാമത്തെ മകനാണ്. ദേവി ചിന്നന്റെ ഭാര്യയല്ല, കമലാ സുറയ്യയുടെ ഇളയ മകനായ ‘ഷോഡു’ എന്ന വിളിപ്പേരുള്ള ജയസൂര്യയുടെ ഭാര്യയാണ്.

തെറ്റ് പറ്റിയത് നാലപ്പാടിനാവില്ല, അദ്ദേഹം പറഞ്ഞത് കേട്ടെഴുതിയ ലേഖകനാകണം.

പാളയം പള്ളിയിൽ നടന്നത് ‘ഇസ്ലാം നവോത്ഥാനത്തിന്റെ തുടക്കം’ ആണെന്ന പ്രസ്താവത്തിൽ ഉദാരമായ സമീപനം മുസ്ലിം സമുദായത്തിൽ നേരത്തെ ഉണ്ടായിരുന്നില്ലെന്ന ദു:സ്സൂചനയുണ്ട്. അതിന്റെ ഉത്തരവാദിത്തം നാലപ്പാടിനാണോ ലേഖകനാണോ എന്ന് വ്യക്തമല്ല.

Wednesday, June 10, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ - 11

രണ്ട് മൂന്നാം മുന്നണി സര്‍ക്കാരുകള്‍ക്കാണ് 1989ല്‍ തെരഞ്ഞെടുക്കപ്പെട്ട ലോക് സഭ ജന്മം നല്‍കിയത്. ആ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളാണ് കേരളശബ്ദത്തില്‍ എഴുതുന്ന പരമ്പരയിലെ പതിനൊന്നാമത്തെ ലേഖനത്തില്‍: ആദ്യത്തെ മൂന്നാം മുന്നണി സര്‍ക്കാരുകള്‍

പൊലീസിന്റെ രാഷ്ട്രീയ പക്ഷപാതിത്വവും അധികാരദുർവിനിയോഗബും

കേരളാ പൊലീസ് അസോസിയേഷന്റെ മുഖപത്രമായ കാവൽ കൈരളിയുടെ മേയ് ലക്കത്തിലെ മുഖപ്രസംഗം ആ സംഘടനയുടെ രാഷ്ട്രീയ പക്ഷപാതിത്വത്തിന് തെളിവാണ്. അസോസിയേഷന്റെ പ്രാതിനിധ്യസ്വഭാവം പരിഗണിക്കുമ്പോൾ അതിനെ പൊലീസ് സേനയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള രാഷ്ട്രീയ ചായ്‌വിന്റെ സൂചനയായും കാണാം. മറ്റൊരു വസ്തുതയും അതിൽനിന്ന് വായിച്ചെടുക്കാം. ഒന്നുകിൽ പൊലീസിന്റെ അധികാരത്തിന്റെ പരിമിതിയെക്കുറിച്ച് സേനാംഗങ്ങൾക്ക് വേണ്ടത്ര അറിവില്ല. അല്ലെങ്കിൽ പരിമിതികൾ മാനിക്കാൻ അത് തയ്യാറല്ല.

ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷം അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.എൽ.എ. (അദ്ദേഹം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്നു) കണ്ണൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ സത്യാഗ്രഹമാണ് ‘ക്രമസമാധാനം – നേരും നെറിയും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം എഴുതാൻ എഡിറ്റർ കെ. രാജനെ പ്രേരിപ്പിച്ചത്.

ഒരു പൊതു തത്ത്വം അവതരിപ്പിച്ചുകൊണ്ടാണ് പത്രാധിപർ വിഷയത്തിലേക്ക് കടക്കുന്നത്: “കുറ്റം ചെയ്യുന്നവരെയും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാദ്ധ്യതയുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക എന്നത് പോലീസിന്റെ ജോലിയാണ്. എന്നാൽ അതിനെ തടസ്സപ്പെടുത്തുകയും നിയമത്തേയും നിയമവ്യവസ്ഥയേയും അപകടപ്പെടുത്തുംവിധം ജനനേതാക്കന്മാർ പ്രവർത്തിക്കുന്നത് അപകടകരമാണ്.“

കണ്ണൂർ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം നൽകുന്ന വിവരം ഇതാണ്: “പൊതു തെരഞ്ഞെടുപ്പ് അവസാനിച്ചശേഷം കണ്ണൂരിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരാകട്ടെ അന്യജില്ലക്കാരും നിരവധി ക്രിമിനൽ കേസ്സിൽ പ്രതികളുമാണ്. അവരുടെ അവിടത്തെ ആഗമന ഉദ്ദേശ്യത്തെപ്പറ്റി അന്വേഷണം നടത്തേണ്ടത് പോലീസിന്റെ കടമയാണ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് സത്യം കണ്ടെത്തേണ്ടതും നിരപരാധികളാണെകിൽ വിട്ടയക്കേണ്ടതും മറിച്ച് അക്രമത്തിനോ മോഷണത്തിനോ വന്നവരാണെങ്കിൽ അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള ബാദ്ധ്യതയും പോലീസിനുള്ളതാണ്. എന്നാൽ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യാനെ പാടില്ല എന്ന ധാർഷ്ട്യത്തോടെ ഒരു എം.എൽ.എ. കണ്ണൂർ ഠൌൺ സി.ഐ. ഓഫീസിൽ കയറി അറസ്റ്റ് ചെയ്ത പോലീസിന് നേരെ അസഭ്യവർഷം നടത്തുകയും ചോദ്യം ചെയ്യാനൊരുങ്ങിയ സബ് ഇൻസ്‌പെക്ടറെ പിടിച്ചു തള്ളുകയും കൃത്യനിർവ്വഹണത്തിന് തടസം സൃഷ്ടിച്ച് പതിനഞ്ച് മണിക്കൂർ അനുയായികളോടൊപ്പം സത്യാഗ്രഹമിരുന്നതും തൊഴിൽ മര്യാദ ലംഘനവും തനികാടത്തവുമാണ്.“

മൂന്നു പേരുടെ അറസ്റ്റ് സംബന്ധിച്ച് പത്രാധിപർ നൽകുന്ന വിവരം പൊലീസ് നടപടിയെക്കുറിച്ച് സംശയങ്ങൾ ഉണർത്തുന്നു. ഒരാൾ അന്യജില്ലയിൽ നിന്ന് വന്നെന്നതും അയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നതും അയാളെ അറസ്റ്റ് ചെയ്യാൻ മതിയായ കാരണങ്ങളല്ല. ഒരാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് യാത്രോദ്ദേശ്യം കുറ്റകൃത്യം ചെയ്യാനല്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസിന് അധികാരമില്ല. അയാൾ കുറ്റകൃത്യം ചെയ്യാൻ വന്നതാണെന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ടെങ്കിലാണ് പൊലീസിന് ഇടപെടാൻ അവകാശമുള്ളത്. ചോദ്യം ചെയ്യാൻ ഒരാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമുണ്ട്. അതിന് അയാളെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ചോദ്യംചെയ്യലിൽ കുറ്റകൃത്യം ചെയ്തതായൊ ചെയ്യാൻ പദ്ധതിയിട്ടതായൊ ബോധ്യപ്പെട്ടാൽ മാത്രം അറസ്റ്റ് ചെയ്താൽ മതി. പത്രാധിപരുടെ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നത് കണ്ണൂരിൽ ആദ്യം അറസ്റ്റ് പിന്നെ ചോദ്യം ചെയ്യൽ എന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നാണ്. ഈ സാഹചര്യത്തിൽ എവിടെ നിന്ന് ലഭിച്ച എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം അക്രമം കാട്ടാൻ കോൺഗ്രസ് കണ്ണൂരിൽ ക്രിമിനലുകളെ കൊണ്ടുവന്നിരുന്നതായി ജില്ലയിലെ സി.പി.എം. നേതാക്കൾ ആരോപിച്ചിരുന്നു. അവരുടെ വാക്കിന്റെ അടിസ്ഥാനത്തിലാണോ പൊലീസ് അറസ്റ്റ് നടത്തിയത്?

സുധാകരനുമുമ്പും പല രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനുകളിൽൽ കയറിചെന്നിട്ടുണ്ട്. അഏഅസ്റ്റ് ചെയ്തവരെ പിടിച്ചിറക്കിക്കൊണ്ടുപോയ അവസരങ്ങളുമുണ്ട്. മന്ത്രിമാരും ഭരണകക്ഷിയുടെ പോഷക സംഘടനാ നേതാക്കളും അങ്ങനെ ചെയ്തിട്ടുണ്ട്. അവർ പൊലീസ് സേനാംഗങ്ങളെ മർദ്ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊന്നും പരാമർശിക്കാതെ പത്രാധിപർ സുധാകരന്റെ ധർണ്ണയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഓർമ്മശക്തി കുറവായതുകൊണ്ടാണെന്ന് തോന്നുന്നില്ല. പത്രാധിപരുടെ രാഷ്ട്രീയ പക്ഷപാതിത്വമാണ് ഒവിടെ പ്രകടമാകുന്നത്. തടസം സൃഷിക്കുന്നവരെ രാഷ്ട്രീയം നോക്കാതെ വിമർശിക്കാനാകാത്ത പൊലീസിന് ക്രമസമാധാന പരിപാലനത്തിൽ നേരും നേറിയും പാലിക്കാൻ എങ്ങനെയാണ് കഴിയുക?

Monday, June 8, 2009

കരിദിനം

----------------------------------------------------------------------------------------

ഇന്ന് കേരളത്തിൽ കരിദിനം.

കരിദിനാചരണം ആഹ്വാനം ചെയ്തത് സി.പി.എം. സംസ്ഥാന സമിതി. പാർട്ടിയുടെ ചരിത്രത്തിൽ ഇതൊരു കരിദിനം തന്നെ. ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി അഴിമതി കേസിൽ വിചാരണ നേരിടാൻ പോവുകയാണല്ലൊ.

------------------------------------------------------------------------------------------

Saturday, June 6, 2009

അഭിമാനിക്കാനാവാത്ത വിജയവും അഭിമാനിക്കാനാവുന്ന പരാജയവും

ഇൻഡ്യാവിഷൻ വെബ്‌സൈറ്റിൽ കണ്ടത്:

ലോക് സഭാ തെരഞ്ഞെടുപ്പിൽ അഭിമാനിക്കാവുന്ന വിജയമല്ല യു.ഡി.എഫിന്റേതെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പിണറായി വ്വിജയൻ പറഞ്ഞു… ബി.ജെ.പി.യും പോപ്പുലർ ഫ്രണ്ടും സഹായിച്ചിട്ടാണ് യു.ഡി.എഫ്. ജയിച്ചത്.

മുൻ ബി.ജെ.പി.നേതാവ് കെ. രാമൻ പിള്ളയുടെ ജനപക്ഷവും അബ്ദുൾ നാസർ മ്‌അദനിയുടെ പി.ഡി.പി.യും സഹായിച്ചിട്ടും ജയിക്കാഞ്ഞ എൽ.ഡി.എഫിന്റേത് അഭിമാനിക്കാനാവുന്ന പരാജയമാണെന്ന് വിലയിരുത്താം, അല്ലെ?

Wednesday, June 3, 2009

സ്നേഹത്തിന്റെ സന്ദേശം

ബി.ആര്‍.പി. ഭാസ്കര്‍

ജീവിതത്തിലെന്നപോലെ മരണത്തിലും കമലാ സുറയ്യ ഉദാത്തമായ സ്നേഹത്തിന്റെ സന്ദേശവാഹകയായി. ആ സന്ദേശം സഫലമാക്കുന്നതില്‍ ജീവിതകാലത്ത് നേടാനായതിനേക്കാള്‍ വലിയ വിജയമാണ് ഒരുപക്ഷെ മരണാനന്തരം അവര്‍ക്ക് കൈവരിക്കാനായി. പാളയം ജുമാ മസ്ജിദിലെ കബറിസ്ഥാനില്‍ അള്ളാഹുവിന്റെ മഹത്വം വിളംബരം ചെയ്യുന്ന വചനങ്ങള്‍ക്കിടയില്‍ കമലയുടെ ചേതനയറ്റ ശരീരം ഭൂമി ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം അതാണ് സൂചിപ്പിക്കുന്നത്.

പുറം ലോകത്തുനിന്ന് കിട്ടിയ തരത്തിലുള്ള ആദരം കേരളം തനിക്ക് നല്‍കിയില്ലെന്ന് കമലാ ദാസ് എന്ന മാധവിക്കുട്ടി പറയുമായിരുന്നു. സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും നൂറില്‍ നൂറു മാര്‍ക്കിനും അര്‍ഹയായ വ്യക്തിയായിരുന്നു അവര്‍. അത്രമാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്‍ക്കൊള്ളാനുള്ള കഴിവ് കേരളസമൂഹത്തിനില്ലാത്തതുകൊണ്ടാവണം ജീവിച്ചിരിക്കെ അവരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ നമുക്കായില്ല. അന്ത്യ യാത്രയിലുടനീളം അഞ്ജലിയര്‍പ്പിക്കാനെത്തിയ ജനക്കൂട്ടം ഉള്ളിന്റെ ഉള്ളില്‍ നാം പ്രകടിപ്പിക്കാതെ കാത്തുസൂക്ഷിച്ച ആദരത്തിന് തെളിവാണ്.

പൂനെയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ മക്കള്‍ മോനു, ചിന്നന്‍, ജയസൂര്യ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം മതപണ്ഡിതന്‍ ശൈഖ് മുഹമ്മദ് കാരാകുന്ന് ഉള്‍പ്പെടെ ഏതാനും ഇസ്ലാമിക കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മുംബായില്‍ നിന്ന് സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘവും ചേര്‍ന്നു. രാത്രി വൈകി തിരുവനന്തപുരത്തെത്തുമ്പൊഴേക്കും മലയാളികള്‍ കമലാ സുരയ്യയെ നെഞ്ചിലേറ്റിയിരുന്നെന്ന കാര്യത്തില്‍ സംശയത്തിന് ഇടമുണ്ടായിരുന്നില്ല

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രംഗങ്ങളാണ് കബറിസ്ഥാനില്‍ കണ്ടതെന്ന് അവിടത്തെ രീതികള്‍ അറിവുള്ളവര്‍ പറയുന്നു. സന്ദര്‍ഭത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞ് മസ്ജിദ് ഭാരവാഹികള്‍ ഉദാരമായ സമീപനം സ്വീകരിച്ചു. പള്ളിപ്പറമ്പിലെ സ്ഥലപരിമിതി പരിഗണിച്ച് ആചാരവെടിയുള്‍പ്പെടെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായുള്ള ചടങ്ങുകള്‍ സമീപത്തുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ വേണ്ട ഏര്‍പ്പാടുകള്‍ അവിടെത്തന്നെ ചെയ്തുകൊടുത്തു.

കമലാ ദാസിന്റെ മതപരിവര്‍ത്തനം വ്യക്തിപരമായ തീരുമാനമായിരുന്നു. അതെടുത്ത സാഹചര്യം അവര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ സമൂഹത്തില്‍ അത് മനസ്സിലാക്കാനാകാത്തവരും ഉണ്ടായിരുന്നതുകൊണ്ട് ഭീഷണികള്‍ നേരിടേണ്ടിവന്നു. ഇസ്ലാമിക സമൂഹത്തിന് അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാന്‍ കഴിഞ്ഞു.

ജുമാ മസ്ജിദിലെ ഖബറിസ്ഥാനില്‍ നിന്ന് പ്രസരിച്ചത് സ്നേഹത്തിന്റെ സന്ദേശമാണ്. മലയാളി മനസ്സിന്റെ അടിത്തട്ടില്‍ ഒളിഞ്ഞുകിടക്കുന്ന, നവോത്ഥാനമൂല്യങ്ങളുടെ ഭാഗമായ, മതസൌഹാര്‍ദ്ദ ചിന്ത തട്ടിയുണര്‍ത്തിയിട്ടാണ് കമലാ സുറയ്യ കടന്നുപോയിരിക്കുന്നത്. (മാധ്യമം, ജൂൺ 3, 2009)

Tuesday, June 2, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 10

കേരളശബ്ദത്തിൽ എഴുതി വരുന്ന പരമ്പരയിലെ പത്താമത് ലേഖനം:
സഹതാപ തരംഗത്തിൽ ഒരു വൻ വിജയം

Monday, June 1, 2009

‘സ്വാസ്ഥ്യം’ ജനിപ്പിക്കുന്ന അസ്വാസ്ഥ്യം

‘സ്വാസ്ഥ്യം’ ബ്ലോഗ് സംബന്ധിച്ച വിപിന്റെ മെയിൽ കിട്ടിയപ്പോൾ അക്കാര്യം ഇവിടെ പരാമർശിക്കാൻ ഞാൻ തീരുമാനിച്ചു. absolute_void() പറഞ്ഞതുപോലെ, പരിചയപ്പെടുത്തലെന്ന നിലയിൽ. പോസ്റ്റ് ഇടാൻ സമയമെടുത്തു. അതിനിടയിൽ വിവാദം തുടങ്ങി. പ്രതികൂല പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പരിചയപ്പെടുത്തൽ ഒഴിവാക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല..

ഭക്ഷണപ്രിയൻ
ആവശ്യപ്പെട്ടതനുസരിച്ച് നയം വ്യക്തമാക്കുന്നു.

ആദിമ മനുഷ്യൻ തന്റെ പരിമിതമായ അറിവിനു പുറത്തുള്ളതിനെയെല്ലാം ദൈവമൊ ദൈവത്തിന്റെ പ്രവർത്തിയൊ ആക്കി. ഒരു ചെറിയ കുരുവിൽ നിന്ന് വലിയ മരം ഉണ്ടാകുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ട ഗോത്രവർഗ്ഗം മരത്തെ ദൈവമാക്കി. സൂര്യനും കടലും കാറ്റുമെല്ലാം അങ്ങനെ ദൈവങ്ങളായി. അറിവ് വളരുന്നതിനൊത്ത് ദൈവത്തിന്റെ മേഖല ചുരുങ്ങാൽ തുടങ്ങി. ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു, ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

അറിവിന്റെ ലോകം വർദ്ധിപ്പിച്ചതിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവന വളരെ വലുതാണ്. അത് പല അന്ധവിശ്വാസങ്ങളുടെയും നിലനില്പ് അസാധ്യമാക്കി. എന്നാൽ കാലക്രമത്തിൽ അതിന്റേതായ അന്ധവിശ്വാസങ്ങൾക്ക് അത് ജന്മം നൽകി. അതിലൊന്നാണ് ശാസ്ത്രം ഗ്രീസിൽ ഉത്ഭവിച്ചെന്നും അവിടെനിന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചെന്നുമുള്ളത്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചെന്ന അസംബന്ധം‌പോലെ ഒന്നാണ് ആധുനിക വിദ്യാഭ്യാസം നമ്മുടെ മനസുകളിലേക്ക് കടത്തിവിട്ടിട്ടുള്ള ഈ ‘അറിവും’. ഗ്രീസിൽ ശാസ്ത്രം പൊട്ടിമുളക്കുന്നതിനു എത്രയോ മുമ്പാണ് നൈൽ നദീതീരത്ത് മനുഷ്യർ കൃഷി ചെയ്തു തുടങ്ങിയതും മെസൊപൊട്ടാമിയായിലൊ അല്ലെങ്കിൽ മറ്റെവിടെയോ ചിലർ ചക്രം ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയതും. അതിനൊക്കെ നേതൃത്വം നൽകിയ അജ്ഞാതനാമാക്കളായ നമ്മുടെ പൂർവികർ സഞ്ചരിച്ചതും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പാതകളിലൂടെ തന്നെയാണ്. അവരുടെ കാലഘട്ടങ്ങളിൽ മനുഷ്യരാശിയുടെ മുൻ‌നിരയിൽ അവരായിരുന്നു. എന്നാൽ മറ്റ് സമൂഹങ്ങൾ പുതിയ ശാസ്ത്രീയരീതികളും സാങ്കേതികവിദ്യകളും വികസിപ്പിച്ചുകൊണ്ട് മുന്നേറിയപ്പോൾ അവർ പിന്നിലായി.

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും ശാസ്ത്രം നടത്തിയ വമ്പിച്ച മുന്നേറ്റം അനതിവിദൂരമായ ഭാവിയിൽ ശാസ്ത്രം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുമെന്നും അങ്ങനെ ദൈവത്തിന്റെ അവശേഷിക്കുന്ന മണ്ഡലങ്ങളും നഷ്ടമാകുമെന്നും പല ശാസ്ത്രജ്ഞന്മാരും ശാസ്ത്രകുതുകികളും കരുതി. അപ്പോൾ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ മറ്റെന്തെങ്കിലും വേണ്ടിവരുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതിന് പറ്റിയ എന്തുണ്ടെന്ന് അവർ അന്വേഷിക്കുകയും ചെയ്തു. കവിതയെയാണ് ദൈവത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത നിറയ്ക്കാൻ കഴിയുന്ന ഒന്നായി പലരും കണ്ടത്. ശാസ്ത്രവും ദൈവവും കവിതയുമെല്ലാം ഇപ്പോൾ സഹവർത്തിക്കുന്നു.

അര നൂറ്റാണ്ട് മുമ്പ് ഒരു അമേരിക്കൻ വിദഗ്ദ്ധൻ വെള്ളക്കാരുടെ ഭക്ഷണരീതികളും ഏഷ്യാക്കാരുടേതും താരതമ്യംചെയ്തുകൊണ്ട് എഴുതിയ ലേഖനം വായിക്കാനിടയായി. ഏഷ്യാക്കാർ ധാന്യങ്ങൾ കഴിക്കുന്നു. അവയിൽ നിന്ന് ആവശ്യമായ പ്രോട്ടീൻ കിട്ടാൻ ഒരുപാട് കഴിക്കേണ്ടിവരുന്നു. ഇത് തീരെ കാര്യക്ഷമതയില്ലാത്ത ഏർപ്പാടാണ്. വെള്ളക്കാർ ധാന്യങ്ങൾ മൃഗങ്ങൾക്ക് കൊടുക്കുന്നു. അവ അത് പ്രോട്ടീനാക്കി മാറ്റുന്നു. അപ്പോൾ അവയെ കൊന്ന് തിന്നുന്നു. ഇത് കൂടുതൽ കാര്യക്ഷമമായ രീതിയാണ്. അങ്ങനെ പോയി ലേഖകന്റെ വാദം. ഇന്ന് അമേരിക്കക്കാർക്കുപോലും ഈ ‘ശാസ്ത്രീയമായ’ വിലയിരുത്തൽ സ്വീകാര്യമാവില്ല.

പരമ്പരാഗത വൈദ്യരീതികൾ മുറിവൈദ്യമാണെന്നും മുറിവൈദ്യന്മാരെ നിയന്ത്രിക്കാൻ നിയമം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു ഇന്ത്യയിലെ അലോപ്പതി ഡോക്ടർമാരുടെ സംഘടന 1950കളിൽ കേന്ദ്ര സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്തി. എം. ബി. ബി.എസിൽ കുറഞ്ഞ ഒന്നും പാടില്ലെന്നായിരുന്നു അവരുടെ നിലപാട്. ആധുനിക ശാസ്ത്രത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ജവഹർലാൽ നെഹ്രു അവരുടെ വാദം സ്വീകരിച്ചു. എൽ.എം.പി. സമ്പ്രദായം നിർത്തലാക്കപ്പെട്ടു. മദ്രാസിലെ ആയുർവേദ കോളെജ് വിദ്യാർത്ഥികൾ അത് അലോപതി കോളെജ് ആക്കണമെന്നും അവർക്ക് എം.ബി.ബി.എസ്. ബിരുദം നൽകണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. സർക്കാർ വഴങ്ങി. അത് ഇപ്പോൾ കിഴ്പാക്ക് (Kilpauk) മെഡിക്കൽ കോളെജ് എന്ന പേരിൽ അറിയപ്പെടുന്നു.

ഇന്ത്യാ ഗവണ്മെന്റിന്റെ സമീപനത്തിൽ പിന്നീട് മാറ്റമുണ്ടായി. WHO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ ശിപാർശയാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്. ഓരോരോ സമൂഹങ്ങൾ വികസിപ്പിച്ചെടുത്ത പരമ്പരാഗത വൈദ്യം അവയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ആ സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഴിവ് അവയ്ക്ക് ഇപ്പോഴുമുണ്ടെന്നും ആ സംഘടന വിലയിരുത്തി. പരമ്പരാഗത വൈദ്യത്തെ WHO എങ്ങനെ നിർവചിക്കുന്നെന്നറിയാൻ സംഘടനയുടെ വെബ്‌സൈറ്റിലുള്ള TRADITIONAL MEDICINE FACTSHEET കാണുക.

പല തട്ടുകളിൽ നിൽക്കുന്നവർ (വേണമെങ്കിൽ, ഇംഗ്ലീഷിൽ, people on different wavelengths എന്ന് പറയാം) തമ്മിലുള്ള സംവാദത്തിൽ സ്വാഭാവികമായും പ്രശ്നങ്ങളുണ്ടാകും. മിക്ക ബൂലോക സംവാദങ്ങളിലും ഇത് കാണാവുന്നതാണ്. വിപിന്റെ ‘സ്വാസ്ഥ്യം‘ ബൂലോകത്ത് സൃഷ്ടിച്ചിട്ടുള്ള അസ്വ്വസ്ഥ്യത്തിൽ പ്രതിഫലിക്കുന്നതും അതുതന്നെ.