Friday, January 30, 2009

ഞാഞ്ഞൂലിനെ വെറുതെ വിടാം

ഗ്രഹണകാലം എന്ന പോസ്റ്റിനോടുള്ള രാമചന്ദ്രന്റെ പ്രതികരണം കണ്ടപ്പോൾ ഒരു പഴയ കാര്യം ഓർമ്മ വന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന കാലം. രാമനാഥ് ഗോയങ്കയുടെ ഇൻഡ്യൻ എക്സ്പ്രസ് ഇന്ദിരയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. പത്രത്തിന്റെ പ്രഗത്ഭനായ പത്രാധിപർ ഫ്രാങ്ക് മൊറേയ്സ് Myth and Reality എന്ന തലക്കെട്ടിൽ ഇന്ദിരാ സർക്കാർ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു നീണ്ട പരമ്പരയെഴുതി. പരമ്പര തീർന്നപ്പോൾ നെഹ്രു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഹെറാൾഡിന്റെ പത്രാധിപർ എം. ചലപതി റാവു രണ്ടു വരിയിൽ മറുപടി നൽകി. അതിങ്ങനെ:

Myth: Frank Moraes
Reality: Ramnath Goenka

രാമചന്ദ്രൻ എന്നോട് ചോദിക്കുന്നത് Mythന്റെ പേരു പറയാമോയെന്നാണ്. Realityയുടെ പേരു പറയാമോയെന്ന് ധൈര്യമായി ചോദിക്കൂ, സുഹൃത്തെ.


ഞാഞ്ഞൂലുകൾ പലവിധം. ഇത് ഇന്റർനെറ്റിൽനിന്ന് എടുത്ത ചിത്രം


ഞാഞ്ഞൂലിനെ നമുക്ക് വെറുതെ വിടാം. ഗ്രഹണത്തിന് കാരണമാകുന്നത് ആ സാധു ജീവിയല്ല. ഏതൊ പ്രപഞ്ചനിയമം അർപ്പിച്ചിരിക്കുന്ന കർത്തവ്യം നിർവഹിക്കുക മാത്രമാണ് അത് ചെയ്യുന്നത്.

എന്റെ കുട്ടിക്കാലത്ത് ഗ്രഹണ സമയത്ത് കുട്ടികൾ മടലുവെട്ടി ഭൂമിയിൽ ശക്തിയായി അടിക്കുമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തൊന്നുമുള്ള കാലമായിരുന്നില്ലല്ലൊ. രാഹു ചന്ദ്രനെ വിഴുങ്ങുന്നതാണ് ഗ്രഹണ കാരണമെന്നാണ് ഞങ്ങൾ കരുതിയത്. രാഹുവിനെക്കൊണ്ട് പിടി വിടുവിപ്പിക്കാനായിരുന്നു ഞങ്ങൾ ഓടിനടന്ന് മടലുകൊണ്ട് അടിച്ചത്. അടി കൊള്ളുന്നത് ഭൂമിയ്ക്കാണ്, രാഹുവിനല്ല എന്നതൊന്നും ഞങ്ങൾ ഓർത്തില്ല.

ഇപ്പോൾ സംസ്ഥാനത്തു നടക്കുന്നതും അത്തരത്തിലുള്ള മടലുകൊണ്ടുള്ള അടി തന്നെ. സംസ്ഥാന കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും സി. ബി. ഐ. പാർട്ടിയെ ഗ്രസിച്ചിരിക്കുന്നതായി വിളിച്ചുപറഞ്ഞു. ഉടൻ തന്നെ പിള്ളേര് മടലും വെട്ടി ഓടി നടന്ന് അടിയും തുടങ്ങി. വളരുമ്പോൾ അവർ ഗ്രഹണ കാരണം കൃത്യമായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴേയ്ക്കും നാട് അടി കുറേ പിടിച്ചിരിക്കുമെന്ന് മാത്രം.

Thursday, January 29, 2009

ഗ്രഹണകാലം

സി.പി.എമ്മില്‍ ഇത് ഗ്രഹണകാലം.

അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?

ഞാഞ്ഞൂല്‍ തലപൊക്കുന്നതില്‍നിന്നറിയാം. രണ്ട് ദിവസമായി ഒരു ഞാഞ്ഞൂല്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പൊങ്ങിവന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയെ ഭള്ള് പറയുന്നു.

Wednesday, January 28, 2009

'എന്തിനാണ് ഞങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നത്? '

ജനുവരി 27ന് പറവൂരിൽ എൻ.എഛ്.17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൽ അവിടെ ഉയർന്നു കേട്ട ചോദ്യം ഇതാണ്: എന്തിനാണ് ഞങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കുന്നത്?

ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങളുടെ താല്പര്യം സം‌രക്ഷിക്കാൻ രൂപീകരിക്കപ്പെട്ട നിരവധി സംഘടനകൾ ചേർന്ന് ഉണ്ടാക്കിയതാണ് ഈ സമരസമിതി.

അവരെ സമരപാതയിൽ കൊണ്ടെത്തിച്ച സാഹചര്യം ഇതാണ്. കേന്ദ്ര സർക്കാർ 1972ൽ കൊച്ചി ഇടപ്പള്ളി മുതൽ മഹാരാഷ്ട്രയിലെ പനവേൽ വരെ നീളുന്ന എൻ.എഛ്.17 വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രണ്ടു മൂന്ന് പതിറ്റാണ്ടുകാലം ഒന്നും നടന്നില്ല. പിന്നീട് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ മുപ്പത് മീറ്റർ വീതിയിൽ നാലുവരി പാത നിർമ്മിക്കാൻ ആയിരക്കണക്കിന് ഗ്രാമീണരുടെ സ്ഥലം ഏറ്റെടുത്തു. നാടിന്റെ വികസനത്തിനായി അവർ തുച്ഛമായ വിലയ്ക്ക് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ഏതാനും കൊല്ലം മുമ്പ് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായെങ്കിലും റോഡ് പണി തുടങ്ങിയില്ല.

ഇപ്പോൾ സർക്കാർ പുതിയ പദ്ധതി ഉണ്ടാക്കിയിരിക്കുന്നു. മുപ്പത് മീറ്റർ വീതിയിലുള്ള പാതയ്ക്ക് പകരം 45 മീറ്റർ വീതിയിൽ ബി.ഓ.ടി. അടിസ്ഥാനത്തിലുള്ള റോഡ് എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്ത് സ്ഥലം വിട്ടൂകൊടുത്തശേഷം പുതിയ വീടുകൾ വെച്ചവർ വീണ്ടും ഒഴിഞ്ഞുകൊടുക്കണം. അത് സാധ്യമല്ലെന്ന് അവർ പറയുന്നു. നാലു വരി പാത ഉണ്ടാക്കാൻ മുപ്പത് മീറ്റർ മതിയെന്ന് അവർ വിദഗ്ദ്ധാഭിപ്രായം നിരത്തി വാദിക്കുന്നു. ടോൾ ഈടാക്കുമെന്നതുകൊണ്ട് ബി.ഓ.ടി. പരിപാടിയും അവർക്ക് സ്വീകാര്യമല്ല.

സമരസമിതിയുടെ ചെയർമാൻ ഹാഷിം ചേന്ദമ്പിള്ളി ആണ്. ഫോൺ 9495559055

സി.ആർ.നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, ടി. കെ. സുധീർ കുമാർ, എൻ.എം.പിയേഴ്സൺ, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ അടങ്ങുന്ന ഉപദേശകസമിതിയുമുണ്ട്.

Sunday, January 25, 2009

ആറ്റിങ്ങൽ കൂട്ടക്കൊല

ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂർ തീരത്തെ അഞ്ചുതെങ്ങ്, തങ്കശ്ശേരി പ്രദേശങ്ങൾ അവരുടെ അധീനതയിലായിരുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അഞ്ചുതെങ്ങിൽ പണ്ടികശാല സ്ഥാപിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി പിന്നീട് ആ പ്രദേശം സ്വന്തമാക്കുകയായിരുന്നു.

ആറ്റിങ്ങൽ റാണിയും കമ്പനിയുമായുള്ള ബന്ധം എപ്പോഴും സുഖകരമായിരുന്നില്ല. നിരവധി വെള്ളക്കാർ 1712ൽ ആറ്റിങ്ങലിൽ കൊല്ലപ്പെട്ട കഥ പ്രസിദ്ധമാണ്. ആ കൂട്ടക്കൊലയെക്കുറിച്ച് ഏതാനും കൊല്ലം മുമ്പ് പുറത്തു വന്ന ലീനാ മോറെയുടെ ‘English East India Company and the Local Rulers in Kerala’ എന്ന പുസ്തകം നൽകുന്ന വിവരം Calicut Heritage ബ്ലോഗിൽ കാണാവുന്നതാണ്.

ഈ കൂട്ടക്കൊലയ്ക്ക് പ്രതികാരമായി വെള്ള പട്ടാളം പിന്നീട് അതിക്രൂരമായ ആക്രമണം അഴിച്ചുവിടുകയുണ്ടായി. അതെക്കുറിച്ച് ബ്ലോഗിൽ പരാമർശമില്ല. ലീനാ മോറെയുടെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. അതുകൊണ്ട് അതിൽ ഇത് സംബന്ധിച്ച വിവരമുണ്ടോയെന്നറിയില്ല.

Saturday, January 24, 2009

സമഗ്ര വാർത്താപത്രിക

ശാന്തിഗ്രാം ആസ്ഥനമായി പ്രവർത്തിക്കുന്ന സമഗ്ര ഹോളിസ്റ്റിക് ഹെൽത്ത് പ്രമോഷൻ കൌൻസിലിന്റെ സമഗ്രാരോഗ്യം എന്ന വാർത്താപത്രികയുടെ ജനുവരി ലക്കത്തിലെ മുഖ്യലേഖനത്തിന്റെ വിഷയം മ്യൂസിക് തെറാപ്പി അഥവാ സംഗീതത്തിലൂടെ ചികിത്സ ആണ്. ലേഖിക കർപ്പഗവല്ലി, ആർ.

അക്യുപങ്ചർ, അക്യുപ്രഷർ, സുജോക് തെറാപ്പി, റെയ്കി, പ്രാണിക് ഹീലിങ്, ശ്വസന ക്രിയകൾ, റിഫ്ലക്സോളജി, കാന്ത ചികിത്സ, മുദ്രകൾ, സൂര്യയോഗ്, ധ്യാനം എന്നീ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് സംക്ഷിപ്തവിവരവും ഇതിലുണ്ട്.

ഇംഗ്ലീഷിലുള്ള രണ്ട് ലേഖനങ്ങളും. ഒന്നിൽ കാഴ്ച മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ്. മറ്റേത് ‘ഓയിൽ പുള്ളിങ്ങ് തെറാപ്പി’യെക്കുറിച്ച്.

സ്വകാര്യമായി വിതരണം ചെയ്യപ്പെടുന്ന വാർത്താപത്രികയിൽ ‘സംഭാവന 5 രൂപ’ എന്ന് പറയുന്നുണ്ട്.

പ്രസാധകർ:
Samagra,
Holistic Health Promotion Council,
Santhigram,
Chappath,
Kozhuvur PU,
Pulluvila,
Thiruvananthapuram 695 526.
E-mail: samagra@rediffmail.com

City Centre:
Holistic Medicine and Stress Research Institute of India,
Madathuvila Lane,
Medical College PO,
Thiruvananthapuram 695 011.
Phone: 0471-3217317, 9895714006, 944644440

Thursday, January 22, 2009

'ഇതാണ് നമ്മുടെ പൊലീസ്'

കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സി.എഛ്.ആർ.ഐ) എന്ന സംഘടനയുടെ ഇന്ത്യാ ചാപ്റ്റർ ഏറെ നാളായി പൊലീസ് സംവിധാനം പരിഷ്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

അതിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (വ്യാഴാഴ്ച) തിരുവനന്തപുരത്ത് നടന്ന ശില്പശാലയിൽ നിരവധി പൌര സമൂഹ സംഘടനാ പ്രവർത്തകർ പങ്കെടുക്കുകയും പൊലീസ് പ്രവർത്തനം മെച്ചപ്പെടുത്തൌന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകക്യും ചെയ്ത്.

പൊലീസ് പരിഷ്കരണം സംബന്ധിച്ച് പ്രകാശ് സിങ്ങ് കേസിന്റെ വിധിയിൽ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥനത്തിലായിരുന്നു ചർച്ച.

കോടതി വിധിയും പൊലീസ് പരിഷ്കരണം സംബന്ധിച്ച മറ്റ് വിവരങ്ങളും അടങ്ങുന്ന ഒരു പുസ്തകം സി.എഛ്.ആർ.ഐ. പ്രവർത്തകനും പൊലീസ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന മാസ് ഇനിഷ്യേറ്റീവ് ഫൊർ നോൺ‌വയലൻസ് ആൻഡ് ഡെമോക്രസി (എം.ഐ.എൻ.ഡി) ഡയറക്റ്ററുമായ പി.ഷർഫുദ്ദീൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇതാണ് നമ്മുടെ പൊലീസ്” എന്നാണ് പുസ്തകത്തിന്റെ പേര്.

അദ്ദേഹത്തിന്റെ മേൽ‌വിലാസം:
പി. ഷർഫുദ്ദീൻ,
‘സെറിൻ’,
ചിറക്കൽതാഴെ,
പി.ഓ. പാറാൽ
തലശ്ശേരി 670 671

Wednesday, January 21, 2009

മുന്നണിപ്പോരാളി

‘പോരാട്ടം’ നേതാവ് എം.എന്‍.രാവുണ്ണിയുടെ പത്രാധിപത്യത്തില്‍ പ്രസിഷ്ഹീകരിക്കപ്പെടുന്ന ‘മുന്നണിപ്പോരാളി’യുടെ ജനുവരി ലക്കം മാസികയുടെ രൂപത്തിലാണ്. ബഹുവര്‍ണ്ണ കവര്‍. പിന്‍ കവര്‍ പേജില്‍ വാന്‍ ഗോഗിന്റെ ഒരു പശം.

മുഖപ്രസംഗം: വികസനവും സ്വകാര്യനിക്ഷേപകവും

പ്രധാന ലേഖനങ്ങള്‍:

സാമ്രാജ്യത്വ വ്യവസ്ഥാ പ്രതിസന്ധിയും മാവോയിസ്റ്റ് ബദലും -- അജിത്ത്
ശ്രീലങ്കയിലെ യുദ്ധം
സുരേഷ്കുമാറിന്റെ വെളിപ്പെടുത്തലും ഇടതു-വലതു യോജിപ്പും
ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം -- വിനോദ്
നേപ്പാള്‍: പ്രതീക്ഷ ഉണര്‍ത്തുന്ന ആശയസമരം
ശരീ‌അത്തിന്റെ ഉപയോഗം മാധ്യമത്തില്‍
എന്താണ് ശാസ്ത്രത്തിന്റെ രാഷ്ട്രീയം -- ഗോവര്‍ദ്ധന്‍
ജാതിയും കമ്മ്യൂണിസ്റ്റുകാരും: ദുഷ്പ്രചരണത്തെ തിരിച്ചറിയുക --അജ്മല്‍

മേല്‍‌വിലാസം:
Munnaniporali,
Door No. 365/A,
P.O.PONNORE,
Thrissur
munnaniporalia@yahoo.co.in

Tuesday, January 20, 2009

‘കേരളത്തെ വഴിതെറ്റിച്ച സമരം: വിമോചന സമരം‘

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പിലെ (ജനുവരി 25-31, 2009) കവർ സ്റ്റോറിയുടെ തലക്കെട്ടാണിത്.
കെ.പി.സേതുനാഥ് (വിമോചന സമരക്കാർക്ക് ‘നല്ല നമസ്കാരം‘ പറയാം), എ. ജയശങ്കർ (‘അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ല...’), ടി. പി. രാജീവൻ (‘ആത്മവഞ്ചകരായ കമ്മ്യൂണിസ്റ്റുകാരേ, ഇത് കേൾപ്പിൻ!‘) എന്നിവരോടൊപ്പം വിമോചന സമരത്തിന്റെ അമ്പതാം വാർഷികത്തിലുള്ള ഈ ചർച്ചയിൽ ഞാനും പങ്കെടുക്കുന്നുണ്ട് (കേരളം വഴിതെറ്റിയത് ഇങ്ങനെയാണ്). എന്റെ ലേഖനം ഗൂഗിൾ ഗ്രൂപ്പിൽ വായിക്കാം.

ഈ ലക്കത്തിലെ മറ്റ് മുഖ്യ ലേഖനങ്ങൾ:
സി.പി.എം. വെറും ‘ഭരണകൂടമാണ്’ - ഡോ. ടി.ടി.ശ്രീകുമാർ (കേരളത്തിൽ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രസക്തി ചർച്ച ചെയ്യുന്നു)
ഇസ്രായേൽ അറബ് അവിശുദ്ധ ബാന്ധവം - കെ. സേതുമാധവൻ (ഗാസാ ആക്രമണത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയ താത്പര്യങ്ങൾ വിശകലനം ചെയ്യുന്നു)

Monday, January 19, 2009

കേരളത്തിൽ എന്താണ് വിശ്വാസ്യതയുള്ള പൌരാവകാശ പ്രസ്ഥാനം ഇല്ലാത്തത്?

എ.പി.കുഞ്ഞാമു, ടോമി മാത്യു, സിവിക് ചന്ദ്രൻ എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന പാഠഭേദം മാസികയുടെ പുതിയ ലക്കം (ജനുവരി 2009) മുഖപ്രസംഗത്തിൽ ഉയർത്തുന്ന ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

കേരളത്തിലെ അവസ്ഥ ചർച്ച ചെയ്തുകൊണ്ട് പാഠഭേദം എഴുതുന്നു: “എൻ.ഡി.എഫിനോടും ജമാ അത്തെ ഇസ്ലാമിയോടും മാവോയിസ്റ്റുകളോടും ബന്ധപ്പെട്ടാണ്, അവരുടേ രക്ഷാകർത്തൃത്വത്തിൽ, പ്രാഥമികമായി ഈ സംഘടനകൾക്കും അവർക്ക് താല്പര്യമുള്ളവർക്കും വേണ്ടിയാണ് കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് പൌരാവകാശ സംഘങ്ങൾ പ്രവർത്തിക്കുന്നത്. “

മുംബായ് ഭീകരാക്രമണത്തത്തെ തുടർന്ന് പാസാക്കിയ കരിനിയമത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസ്യതയുള്ളൊരു മൌരാവകാശ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആലോചന നമ്മെ പ്രകോപിക്കട്ടേയെന്ന നിരീക്ഷണത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ഈ ലക്കത്തിലെ ലേഖനങ്ങളിൽ ചിലത്:
മരിച്ചുപോകുന്നവർക്കുമുണ്ട് അവകാശങ്ങൾ -- സിവിക് ചന്ദ്രൻ
ശേഷനിൽനിന്ന് പഠിക്കേണ്ടിയിരുന്നത്, സുരേഷ് കുമാറിൽനിന്ന് പഠിക്കാവുന്നത് -- പി.എൻ.അശോകൻ
യൂറോപ്പ് പേടിക്കുന്നു – ടോമി മാത്യു (ലണ്ടനിൽ നിന്ന്)
കർത്താവിനെന്തിന് ഇത്രയും മണവാട്ടികൾ? -- ഡോ. എം. ഗംഗാധരൻ
തിരുസഭയെന്ന മണവാട്ടി – സിസ്റ്റർ ഡോ. ജെസ്മി
ക്രിസ്മസ് ചോദിച്ചത് -- എം.ജെ.ജോസഫ്
തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിന്റെ റിപ്പോർട്ട്
സെബാസ്റ്റ്യന്റെ ഇറക്കം എന്ന കവിത
നെറ്റിൽ നിന്നെടുത്ത ‘കുമിളകൾ‘

Friday, January 16, 2009

പലസ്തീൻ ഐക്യദാർഢ്യ സംഗമം

തിരുവനന്തപുരം പാളയം മുസ്ലിം ജമാത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സംഘടിപ്പിക്കപ്പെട്ട പലസ്തീൻ ഐക്യദാർഢ്യ സംഗമം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

ഹാജി എ. ഷേഖ് ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. പാളയം ഇമാം മൌലവി ജമാലുദ്ദിൻ മങ്കട, മലങ്കര ഓർത്തഡോക്സ് സഭാ മെത്രോപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയസ്സ്, മുസ്ലിം ലീഗ് എം.എൽ.എ. കുട്ടി അഹമ്മദ് കുട്ടി, കെ.പി.സി.സി. വൈസ്പ്രസിഡന്റ് തലേക്കുന്നിൽ ബഷീർ എന്നിവരോടൊപ്പം ഞാനും സംസാരിച്ചു.

സംഗമത്തിൽ അവതരിപ്പിച്ചു പാസാക്കിയ പ്രമേയത്തിൽ ഇങ്ങനെ പറയുന്നു: “ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ഇന്ത്യ അപലപിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ പരിശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് സ്വാഗതാർഹമാണെങ്കിലും, ഇന്ത്യ ഇസ്രായേലുമായുള്ള സൈനിക സഹകരണം ഉടനടി നിർത്തലാക്കേണ്ടതാണ്. നമ്മുടെ രാഷ്ട്രശില്പികൾ ഫലസ്തീൻ ജനതയോട് കാണിച്ച സൌഹൃദ സമീപനവും അതുപോലെ ഇസ്രായേലിനോടുള്ള അകൽച്ചയുമാണ് ഇന്ത്യക്ക് മാതൃകയാകേണ്ടത്. ഇത്ര വലിയ അത്യാഹിതത്തിനുശേഷവും ഒന്നിച്ചുകൂടാനും ഈ ക്രൂരതയ്ക്കെതിരെ ശബ്ദിക്കാനും കഴിയാതെ പോകുന്ന ഫലസ്തീന്റെ അയൽ രാഷ്ട്രങ്ങളുടെ നിഷ്ക്രിയത്വത്തെ ഈ യോഗം അപലപിക്കുന്നു. ഗസക്കു നേരെയുള്ള ഘോരയുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിഛേദിക്കാൻ ഇന്ത്യ മടി കാണിക്കരുതെന്നും, ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഈ സംഗമം ആവർത്തിച്ചു ആവശ്യപ്പെടുന്നു.”

Tuesday, January 13, 2009

പത്രാധിപരെ മർദ്ദിച്ച പൊലീസുദ്യോഗസ്ഥർക്ക് രണ്ട് പതിറ്റാണ്ടിനുശേഷം ശിക്ഷ

ഏതാണ്ട് 21 കൊല്ലം മുമ്പ് കണ്ണൂരിലെ സുദിനം സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ മണിയേരി മാധവനെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് പി. ഡി. സോമന്‍ ഇന്നലെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ.ജി. പ്രേംശങ്കറിനും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആറു മാസം വെറും തടവ് ശിക്ഷ വിധിച്ചത്.

അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ഇപ്പോഴും പറയാനാവില്ല. കാരണം നീതിന്യായ ശ്രേണിയുടെ കീഴ്തട്ടിലുള്ള കോടതിയുടെ വിധി മാത്രമാണിത്. ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെ പോകാനുള്ള അവസരം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കുണ്ട്. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ മജിസ്ട്രേട്ട് തന്നെ ശിക്ഷ നിര്‍ത്തിവെച്ചിട്ടുണ്ട്.

താഴ്ന്ന തലത്തിലുള്ള തീരുമാനത്തിനുള്ള നീണ്ട കാത്തിരിക്കുന്നതിനിടയില്‍ പരാതിക്കാരനായ മണിയേരി മാധവന്‍ മരിച്ചു. പ്രേംശങ്കറാകട്ടെ ജില്ലാ പൊലീസ് പദവിയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് അഡിഷണല്‍ ഡി.ജി.പി. ആയി. അന്വേഷണവും വിചാരണയും നേരിടുന്ന അദ്ദേഹത്തിനു സ്ഥാനക്കയറ്റം കൊടുക്കുന്നതില്‍ ഭരണാധികാരികള്‍ ഒരപാകതയും കണ്ടില്ല. അഡിഷണല്‍ ഡി.ജി.പിയെന്ന നിലയില്‍ അവര്‍ അദ്ദേഹത്തിന് നല്‍കിയത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതല!
അതിക്രമം കാട്ടുന്ന പൊലിസുദ്യോഗസ്ഥന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് എത്രമാത്രം ശ്രമകരമാണെന്ന് ഈ കേസിന്റെ ചരിത്രം തെളിയിക്കുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് 1988 ഫെബ്രുവരി 12നാണ്. സി.ബി.ഐ. തയ്യാറാക്കിയ കുറ്റപത്രപ്രകാരം പൊലീസിനെതിരെ സുദിനം പത്രം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതില്‍ ക്ഷുഭിതനാ‍യ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രേംശങ്കര്‍ പത്രാധിപര്‍ മാധവനെതിരെ നടപടിയെടുക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. വയനാട്ടില്‍ ഒരു ആദിവാസി യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് പത്രം അച്ചടിച്ച റിപ്പോര്‍ട്ടില്‍ ആ സ്ത്രീയുടെ പേരു പറഞ്ഞിരുന്നു. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമവും പൌരാവകാശ നിയമവും അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊലീസുദ്യോഗസ്ഥര്‍ നിരക്ഷരയായ ആദിവാസി സ്ത്രീയെക്കൊണ്ട് വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി കൊടുപ്പിച്ചു. തുടര്‍ന്ന് വയനാട് പൊലീസ് പരാതി കണ്ണൂര്‍ പൊലീസിനു കൈമാറി. കണ്ണൂര്‍ പൊലീസ് പത്രാധിപരെയും റിപ്പോര്‍ട്ടറെയും അറസ്റ്റുചെയ്തു. പത്രപ്രവര്‍ത്തകരും മറ്റ് സുഹൃത്തുക്കളും ജാമ്യത്തിനു സമീപിച്ചെങ്കിലും പൊലീസ് അവരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചില്ല. പൊലീസ് പത്രമാപ്പീസ് റെയ്ഡ് ചെയ്യുകയും നാശനഷ്ടം വരുത്തുകയും ചെയ്തു.

അടുത്ത ദിവസം വെളുപ്പിന് നാലര മണിയ്ക്കാണ് പൊലീസ് മാധവനെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയത്. അപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടിലും ഉടുപ്പിലും ചോര ഉണ്ടായിരുന്നു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി അദ്ദേഹം മജിസ്ട്രേട്ടിനോട് പറഞ്ഞു. പരാതി രേഖപ്പെടുത്തിയെങ്കിലും മജിസ്ട്രേട്ട് ഒരു നടപടിയും എടുത്തില്ല.
ജാമ്യം ലഭിച്ച മാധവന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പ്രേംശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ചികിത്സിച്ച ഡോക്ടര്‍ മൊഴി നല്‍കുകയുണ്ടായി.

തനിക്കും പത്രത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മണിയേരി മാധവന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരന്റെ പരാതി വടക്കന്‍ മേഖലാ ഡി.ഐ.ജി. അന്വേഷിക്കാന്‍ കോടതി 1989 ഏപ്രില്‍ 8ന് ഉത്തരവിട്ടു.

ഈ തീരുമാനത്തില്‍ അതൃപ്തനായ മാധവന്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ആ ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ 1989 ഡിസംബര്‍ 22ന് നല്‍കിയ ഉത്തരവില്‍ പരാതി അന്വേഷിക്കുന്ന ചുമതല വടക്കന്‍ മേഖലാ ഡി.ഐ.ജി.യില്‍ നിന്ന് മദ്ധ്യ മേഖലാ ഡി.ഐ.ജി.യിലേക്ക് മാറ്റി.

സംസ്ഥാന പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്ന് കണ്ട സുപ്രീം കോടതി 1993ല്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് അന്വേഷണം സി.ബി.ഐ.യെ ഏല്‍‌പ്പിച്ചു. പിന്നെയും 15 കൊല്ലം കഴിഞ്ഞാണ് കീഴ്‌കോടതി വിചാരണ പൂര്‍ത്തിയാക്കി ഇന്നലെ ശിക്ഷ വിധിച്ചത്.

സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഗഫൂര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജയരാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി.കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് പ്രേംശങ്കറിനോടൊപ്പം ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. പ്രതിചേര്‍ക്കപ്പെട്ടിരുന്ന മറ്റ് എട്ട് പോലീസുകാരെ കോടതി വെറുതെവിട്ടു.

Monday, January 12, 2009

ഡാനി ബോയ്‌ലിന്റെ സ്ലംഡോഗ് മില്ല്യനൈർ



എ.ആര്‍.റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിക്കൊടുത്ത ‘സ്ലംഡോഗ് മില്ല്യനൈര്‍’ (Slumdog Millionaire) എന്ന സിനിമയുടെ ഡയറക്ടര്‍ ഡാനി ബോയ്ല്‍ (Danny Boyle).

ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് റഹ്‌മാന്‍.

ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല ഡയറക്ടര്‍, ഏറ്റവും നല്ല സ്ക്രീന്‍പ്ലേ, ഏറ്റവും നല്ല സൌണ്ട് ട്രാക് എന്നിങ്ങനെ നാലു ഗ്ഗോള്‍ഡം ഗ്ലോബ് അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്.

വികാസ് സ്വരൂപ് എന്ന ഇന്ത്യാക്കാരന്‍ എഴുതിയ “ക്യൂ ആന്‍ഡ് എ” (Q and A) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഇംഗ്ലീഷുകാരനായ ബോയ്ല്‍ ചിത്രം നിര്‍മ്മിച്ചത്. നോവല്‍ മുംബൈയിലെ ചേരിയില്‍ നിന്നുള്ള ഒരു യുവാവ് ‘ക്രോര്‍പതി‘ മത്സരത്തില്‍ വിജയിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കഥ പറയുന്നു.

ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ട്രെയ്ലര്‍ ഇവിടെ കാണാം.

കഴിഞ്ഞ നവംബറില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ ബോയ്ലുമായി ഒരു ചാനല്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ വിഡിയൊ ഇവിടെ.

Sunday, January 11, 2009

തിരികെ പോകുക കാട്ടാളാ നീ…

അൽ ജസീറ വെബ്സൈറ്റിൽ നിന്നെടുത്ത A Child from Gaza എന്ന കവിത വായിച്ച പകൽകിനാവൻ എന്ന ബ്ലോഗർ അദ്ദേഹം രചിച്ചതും പാലസ്തീനിലെ തെരുവുകളിൽ ജീവൻ ബലിയർപ്പിച്ച നിരപരാധികൾക്ക് സമർപ്പിച്ചതുമായ “തിരികെ പോകുക കാട്ടാളാ നീ…“ എന്ന കവിതയിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു.

ആ കവിത ഇവിടെ വായിക്കാം: “തിരികെ പോകുക കാട്ടാളാ നീ…

Saturday, January 10, 2009

ഗാസായിൽ നിന്ന് ഒരു കവിത



അൽ ജസീറ
വെബ്സൈറ്റിൽ
നിന്നെടുത്ത ഒരു
ഗാസാ
കവിത
BHASKAR

ബ്ലോഗിൽ

“ലൈവ് ഫ്രം ഗാസ”

ഇസ്രേൽ ഗാസയില്‍ നടത്തുന്ന ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ഇലക്ട്രോണിക് ഇന്റിഫാഡ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

URL: http://electronicintifada.net/

Thursday, January 8, 2009

ബുക്ക് റിപബ്ലിക്ക്: ബ്ലോഗർമാരുടെ സംരഭം

ഇന്റർനെറ്റ് വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന-വിതരണ സംരംഭമാണ് "ബുക്ക് റിപ്പബ്ലിക്ക്".

അച്ചടിമലയാളത്തിലേയ്ക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പിലാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. അച്ചടിച്ചിലവുകൾ, വിതരണം തുടങ്ങി എഴുത്തുകാരന് നിലവിൽ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളെ ലഘൂകരിക്കുംവിധമാണ് ബുക്ക് റിപ്പബ്ലിക് എന്ന ആശയം രൂപീകരിച്ചിരിക്കുന്നത്. സംരംഭത്തിനാവശ്യമായ മൂലധനം അംഗങ്ങളിൽ നിന്ന് ചെറിയ തുകകളായാണ് സമാഹരിക്കപ്പെടുന്നത്.

വിതരണം പ്രധാനമായും അംഗങ്ങൾ വഴിയാണ് നടക്കുന്നത്. ഇതിനുപരിയായി പരമ്പരാഗത വിതരണ സമ്പ്രദായങ്ങൾ, ഓൺലൈൻ ബുക്കിംഗ് എന്നീ മാർഗങ്ങളും അവലംബിക്കുന്നു. സൃഷ്ടിയുടെ തിരഞ്ഞെടുപ്പ്, അച്ചടിയ്ക്കുന്നതിനു മുന്നെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ, അച്ചടി, പ്രകാശനം, പരസ്യ-വിതരണ ദൌത്യം എന്നിങ്ങനെ ഒരു പുസ്തകം പുറത്തിറങ്ങുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ജനാധിപത്യ മര്യാദകളനുസരിച്ച് ഉത്തരവാദിത്വങ്ങൾ സ്വയമേറ്റെടുക്കുന്ന ഒരു വായനാക്കൂട്ടമായി ബുക്ക് റിപ്പബ്ലിക്കിന്റെ വിശേഷിപ്പിക്കാം.

മേൽപ്പറഞ്ഞ ആശയങ്ങളിന്മേലുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായപ്രകാരം ബുക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യപുസ്തകമായി ടി പി വിനോദിന്റെ (ലാപുട എന്ന പേരില് ബ്ലോഗെഴുതുന്നു) 'നിലവിളിയെക്കുറിച്ചു കടങ്കഥകൾ' എന്ന പേരിൽ അറുപതോളം കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കുകയാണ്. ഇതിനായുള്ള കവർ, ലേ-ഔട്ട് പണികൾ അണിയറയിൽ പുരോഗമിക്കുന്നു. പുതുവർഷാരംഭത്തോടെ പുസ്തകം ലഭ്യമാകുന്നതായിരിക്കും. പുസ്തകം വായനക്കാർക്കു പരിചയപ്പെടുത്തുന്നതിനും, ബുക്കിംഗ് നടത്തുന്നതിനുമായി http://lapudabook.com/ എന്ന ഒരു സൈറ്റ് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ സ്വദേശിയും തെക്കൻ കൊറിയയിൽ രസതന്ത്ര ഗവേഷണ വിദ്യാർത്ഥിയുമായ വിനോദിന്റെ ആദ്യകവിതാ സമാഹാരമാണ് 'നിലവിളിയെക്കുറിച്ചു കടങ്കഥകൾ'.

വിനോദിന്റെ രചനകൾ ആനുകാലികങ്ങളിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കാവ്യഘടനയ്ക്കുമേലുള്ള തനതു വൈദഗ്ദ്ധ്യം വിനോദിന്റെ ശൈലിയുടെ മുഖമുദ്രയാണ്. ഓർമ്മയ്ക്കും ചരിത്രത്തിനുമിടയിൽ കുതറുന്ന അവസ്ഥയിൽ സ്ഥലകാലങ്ങളെ സൂചിപ്പിക്കുന്ന വിധം വാക്കുകളുടെ പളുങ്കുകൾ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ സൃഷ്ടികൾ നടത്തുന്ന കവി കാലിക രാഷ്ട്രീയത്തിന്റെ പ്രതലത്തിലാണ് വായനക്കാരനെ നയിക്കുന്നത്. മുനകൂർപ്പിച്ച വാക്കുകളും വരികളുമാണ് വിനോദിന്റേത്. ചുരുക്കം വാക്കുകൾ കൊണ്ട് വായനക്കാരന്റെ മനസ്സിൽ വലിയ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരനാണ് വിനോദ്. മലയാളം ബ്ലോഗിൽ വിനോദിന്റെ കവിതകൾ പലപ്പൊഴും നിരൂപകശ്രദ്ധയാകര്ഷിച്ചിട്ടുണ്ട്.

വിനോദിന്റെ തിരഞ്ഞെടുത്ത കവിതകൾ http://lapudabook.com/ എന്ന വിലാസത്തിൽ വായിക്കാം."

Saturday, January 3, 2009

മലയാളം ഓൺലൈൻ ന്യൂസ് പേപ്പർ

news@2pm.com എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഓണ്‍ലൈന്‍ പേപ്പര്‍ 2008 നവംബര്‍ ഒന്നു മുതല്‍ പ്രസിദ്ധീകരിച്ചു വരുന്നു.

റോയ് മാത്യു ആണ് മുഖ്യ പത്രാധിപര്‍. എം.എസ്.സനില്‍കുമാര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍.

മുപ്പത്തഞ്ചു ദിവസത്തില് 12,000 വരിക്കാരെ ഉണ്ടാക്കാനായെന്നും അവരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചെന്നും വെബ്സൈറ്റില്‍ കാണുന്നു.

URL: http://www.news@2pm.com/